ഒരു പഴയ സൗഹൃദച്ചിത്രം: സുരേഷ് കുറുപ്പ്, തോമസ് ജോർജ്, തോമസ് അബ്രഹാം (യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റിലെ ആദ്യ എസ്.എഫ്.ഐ പ്രതിനിധി), യു. ജയചന്ദ്രൻ.

വെയിൽക്കാലങ്ങൾ

കേരളത്തിന്റെ അരനൂറ്റാണ്ടുമുമ്പത്തെ സാംസ്​കാരിക - രാഷ്​ട്രീയ ചരിത്രത്തിലെ അപൂർവ സന്ദർഭങ്ങളടങ്ങിയ ഓർമക്കുറിപ്പുകൾ ആരംഭിക്കുന്നു

ആമുഖം

ത് അടുക്കും ചിട്ടയുമുള്ള ഒരു ചരിത്രാഖ്യാനമല്ല. ചരിത്രത്തിലൂടെ ജീവിച്ച ഒരാളുടെ ക്ഷണികചിന്തകൾ. അത്രമാത്രം.

എസ്​.എഫ്​.ഐയിൽനിന്ന്​ തുടങ്ങാം.
1960കളുടെ അന്ത്യപാദങ്ങളിൽ തുടങ്ങി എഴുപതുകളുടെ ആരോഹണാവരോഹണങ്ങളിലൂടെ സഞ്ചരിച്ച്, പ്രത്യയശാസ്ത്രങ്ങളുടെ വിശകലനങ്ങൾക്കതീതമായി കേരളത്തിലെ യുവത്വത്തിന്റെ ഭാവുകത്വത്തെ പുൽകിയുണർത്തിയ പ്രസ്ഥാനമാണ് എസ്.എഫ്.ഐ എന്ന് ഞാൻ പറയുമ്പോൾ ‘ഓ, ഒരു പഴയ എസ്.എഫ്.ഐക്കാരന്റെ വയസ്സുകാലത്തെ ഗീർവാണം' എന്നു തോന്നുന്നവരുണ്ടാവാം. അവർക്കും ഇവിടേക്ക് സ്വാഗതം. എസ്.എഫ്.ഐയുടെ ഒരു പോസ്റ്റർ ബോയിയോ ഒരു ബ്രാൻഡ് അംബാസഡറോ ആവാതെ, അതേസമയം ക്രിയാത്മകമായ ഇടപെടലുകളിലൂടെ, ആ സംഘടനയുമായി അമ്പത് വർഷങ്ങളിൽ ദൃഢമായ ഒരു ബന്ധം വളർത്തിയെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഊറ്റം പറച്ചിലല്ല, വിനയപൂർവമുള്ള ഒരു ഉറക്കെപ്പറയലാണെന്ന് കരുതിക്കൊള്ളൂ.

എസ്.എഫ്.ഐയുടെ രൂപീകരണസമ്മേളനം മുതൽ ഇന്നോളമുള്ള ആ സംഘടനയുടെ ഗതി വീക്ഷിക്കുമ്പോൾ, ശക്തമായ കേഡർ സംവിധാനമുള്ള എല്ലാ സംഘടനകളും പല ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ ഇതിനെയും വെറുതേ വിട്ടിട്ടില്ലെന്നു കാണാം.
കെ.എസ്.എഫിന്റെ കാലത്ത് തല്ലുകാരും അരാജകവാദികളുമായി കണക്കാക്കപ്പെട്ടിരുന്നവർ കാലക്രമേണ എങ്ങനെ ‘മര്യാദരാമന്മാ'രായി രൂപാന്തരം പ്രാപിച്ചു എന്നത് അന്വേഷണം ആവശ്യമുള്ള ഒരു കാര്യമാണ്. അതിന്റെ കാര്യകാരണങ്ങൾ നമുക്ക് കണ്ടുപിടിക്കാവുന്നതല്ലെന്ന് തീർത്തും അറിയാമെന്നിരിക്കിലും. ഞാൻ ഒരു മുൻ കാല എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു എന്നതുമാത്രമല്ല ഈ ചിതറിയ ചിത്രങ്ങളുടെ വിഷയം. എസ്.എഫ്.ഐ ആയതിനു കാരണം, മലയാളിയുടെ ചിന്തയെ ഇത്രത്തോളം ധ്രുവീകരിച്ച മറ്റൊരു വിദ്യാർഥി പ്രസ്ഥാനം ഇവിടെ ഇല്ല എന്നതുകൂടിയാണ്.
എസ്.എഫ്.ഐ മുഖപത്രമായ സ്റ്റുഡൻറ്​ അടിയന്തരാവസ്ഥക്കാലത്തു തന്നെ പുനഃപ്രസിദ്ധീകരിക്കാൻ ആലോചനയുണ്ടായപ്പോൾ അതിന്റെ ചുമതല എന്നെ ഏൽപ്പിക്കാൻ സംസ്ഥാനനേതാക്കൾ തീരുമാനിച്ചു. മഹാരാജാസിൽ നിന്ന് തോമസ് ഐസക്ക്, ശിവശങ്കരൻ (അയാൾ പിന്നീട് തൃശൂർ ദേവസ്വം ബോർഡ് കോളേജിൽ മലയാളം പ്രൊഫസറായി), കോഴിക്കോട്ടുനിന്ന് സി. പി. ജോൺ എന്നിവരായിരുന്നു എന്നോടൊപ്പമുണ്ടായിരുന്നത്.

ടി.എം. തോമസ് ഐസക്, നടരാജൻ, യു. ജയചന്ദ്രൻ എന്നിവർ ഇന്ത്യൻ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിലെ ഒരു പരിപാടിയിൽ.

അടിയന്തരാവസ്ഥക്കാലമായതിനാൽ അത്തരമൊരു പ്രസിദ്ധീകരണത്തിന്റെ ‘വാണിജ്യപരമായ സാധ്യതകൾ' പൂജ്യമായിരുന്നു. അന്നത് വേണ്ടെന്നു വച്ചെങ്കിലും പിന്നീട് അത് പുനർജ്ജനിപ്പിക്കാനുള്ള നിയോഗം എനിക്കു തന്നെയാണുണ്ടായത്; ഐസക്കിന്റെ സാരഥ്യത്തിൽ. അതുമാത്രമല്ല, രണ്ടുവർഷം കേരള സർവകലാശാലാ അക്കാദമിക് കൗൺസിലിൽ ആർട്‌സ് ഫാക്കൽട്ടിയിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധിയുമായിരുന്നു ഇയാൾ. പിന്നീടൊരിക്കൽ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയിൽ രണ്ടുചേരികൾ തമ്മിൽ തീരാത്ത പോര് കടുത്തപ്പോൾ രണ്ട് കൂട്ടർക്കും ഒരുപോലെ സ്വീകാര്യനായ ഒരു വ്യക്തിയെന്ന നിലയിൽ എസ്.എഫ്.ഐയുടെ യൂണിറ്റ് പ്രസിഡന്റായി ഇരിക്കേണ്ടി വന്നു. അത് വലിയൊരു ‘പാഠം' തന്നെ ആയിരുന്നു.
അത്തരം പാഠങ്ങളിൽനിന്ന്​ തുടങ്ങ​ട്ടെ.

ഒന്ന്​: വൈൽഡ് ബോയ്‌സ്

1970കൾ കേരളത്തിലെ വിദ്യാർഥി സമൂഹത്തിന്റെ ചരിത്രത്തിൽ എല്ലാം തകിടം മറിച്ച ദശകമായിരുന്നു. ഹൈസ്‌കൂളുകൾ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ നടത്തിവന്നിരുന്ന പ്രവർത്തനം കാലക്രമേണ സർവകലാശാലാതലത്തിൽ ഗുണകരമായി പ്രതിഫലിച്ചു തുടങ്ങിയത് ഈ പതിറ്റാണ്ടിന്റെ മധ്യ- അന്ത്യപാദങ്ങളിലായിരുന്നു. കൊല്ലം ശ്രീനാരായണ കോളേജിനു പുറമേ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിങ്ങനെ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് പുതിയ മുന്നണിത്താവളങ്ങൾ രൂപപ്പെട്ടു. എന്നാൽ, 1960കളുടെ അന്ത്യപാദങ്ങളിൽ മുളപൊട്ടിയ നക്‌സൽബാരി പ്രസ്ഥാനത്തിന്റെ രൂപഭേദങ്ങൾ ഫിലിപ് എം. പ്രസാദിലൂടെ മാത്രമല്ല, അയാളുടെ സമകാലികരായ മറ്റു പലരിലൂടെയും ‘നക്‌സലൈറ്റ്' എന്ന് വിളിപ്പേരു വീണ ചെറിയ സംഘങ്ങളായി രൂപപ്പെട്ടു.

യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം

ഇവയിൽ മിക്കതും താൽക്കാലികമായി ഒരു ‘നിദ്രാവസ്ഥ' (dormant) യിലായിരുന്നെന്നു വേണം കരുതാൻ (ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ എന്നോട് വഴക്കിനു വരല്ലേ, ഇതു വായിക്കാനിടയാവുന്ന റിട്ടയർഡ് വിപ്ലവകാരികളേ). യൂണിവേഴ്‌സിറ്റി കോളേജിന്റെ ചുറ്റുവട്ടത്ത് ഉടലെടുത്ത "വൈൽഡ് ബോയ്‌സ്' ഇവയിൽ മൗലികത കൊണ്ട് വ്യത്യസ്തവും പ്രകടമല്ലാത്ത രാഷ്ട്രീയം കൊണ്ട് സൂക്ഷ്മവും ആയിരുന്നു. ‘വൈൽഡ് ബോയ്‌സ്' ഒരു നക്‌സൽ വിദ്യാർത്ഥി സംഘടനയായിരുന്നില്ല, ചാരു മജുംദാരുമായും മറ്റും അടുത്ത സൗഹൃദം പുലർത്തിയിരുന്ന ചിലർ ആ സംഘത്തിൽ ഉണ്ടായിരുന്നുവെങ്കിൽക്കൂടി.

യൂണിവേഴ്‌സിറ്റി യൂണിയൻ രൂപീകരണകാലം മുതൽ കെ.എസ്.യുവിന് അതിന്റെ മേൽ ചോദ്യം ചെയ്യപ്പെടാനാവാത്ത അധീശത്വം കൽപ്പിച്ചുപോന്നു. എസ്.എഫ്.ഐയുടെ നില പരുങ്ങലിൽ തന്നെ. എങ്കിലും ആ സംഘടനക്ക് നാട്ടുഭാഷയിൽ പറഞ്ഞാൽ ‘ചങ്കൂറ്റ'മുള്ള ചില നേതാക്കളുണ്ടായിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിൽ അക്കാലത്തെ ഏറ്റവും വലിയ സംഘടന കെ.എസ്.യു ആയിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയൻ രൂപീകരണകാലം മുതൽ കെ.എസ്.യുവിന് അതിന്റെമേൽ ചോദ്യം ചെയ്യപ്പെടാനാവാത്ത അധീശത്വം കൽപ്പിച്ചുപോന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ അന്ന്
കെ.എസ്.യുവിന്റെ നേതാക്കന്മാർ ഫിലിപ്പോസ് തോമസ്, ചെറിയാൻ ഫിലിപ്പ്, ജോർജ്ജ് മെർസിയർ തുടങ്ങിയവരായിരുന്നു. എസ്.എഫ്.ഐയുടെ നില പരുങ്ങലിൽ തന്നെ. എങ്കിലും ആ സംഘടനക്ക് നാട്ടുഭാഷയിൽ പറഞ്ഞാൽ ‘ചങ്കൂറ്റ'മുള്ള ചില നേതാക്കളുണ്ടായിരുന്നു. എടുത്തുപറയേണ്ടത് ജി. ശക്തിധരൻ, ശിവാനന്ദൻ, ആദിശങ്കരൻ, പുരുഷോത്തമൻ എന്നിവരെയാണ്. ശക്തി ഇന്ന് വളരെ ശാന്തനും ആദരണീയനുമായ സീനിയർ പത്രപ്രവർത്തകനാണെങ്കിലും അന്നത്തെ ശക്തി ഏത് തല്ലിനെയും നേരിടാൻ തയാറായിരുന്ന ഒരു സഖാവായിരുന്നു. അക്കാലത്ത് ശക്തി എന്നെങ്കിലും ഒരു പത്രപ്രവർത്തകനാവും എന്ന് ആരെങ്കിലും പ്രവചിച്ചിരുന്നെങ്കിൽ ആ പ്രവാചകനെ/യെ അന്നത്തെ സമ്പ്രദായമനുസരിച്ച് ‘കൂവി'ഇരുത്തുമായിരുന്നു! ഇവരെക്കൂടാതെ എസ്.എഫ്.ഐയുടെ മൃദുലമുഖമാവാൻ കഴിയുമായിരുന്ന ഒരാൾ കൂടി ഉണ്ടായിരുന്നു, ആ കൂട്ടത്തിൽ. ഈ അടുത്ത കാലത്ത് അന്തരിച്ച ഷംസുദ്ദീൻ (മലയാള മനോരമ).

യൂണിവേഴ്‌സിറ്റി കോളേജിലെ തെരഞ്ഞെടുപ്പ് നാട്ടിൻപുറത്തെ ഒരു സാധാരണ കോളേജിൽ പഠിച്ചുവന്ന എനിക്ക് ഒരു വലിയ സംഭവമായിരുന്നു. തെരഞ്ഞെടുപ്പ് ദിവസം യൂണിവേഴ്‌സിറ്റി കോളേജ് അങ്കണം പൊലീസുകാരെക്കൊണ്ട് നിറഞ്ഞു. നടപ്പാതകൾക്കിരുപുറവും നട്ടുപിടിപ്പിച്ചിരുന്ന അലങ്കാരപ്പനകൾ ഓരോന്നിന്റെയും ചുവട്ടിൽ ഒരു പൊലീസുകാരൻ വച്ചുണ്ട്.

ജി. ശക്തിധരൻ

1972ൽ കോളേജ് തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് രണ്ട് ജനറൽ സീറ്റുകളിൽ വിജയം നേടാനായി. മാഗസിൻ എഡിറ്ററായി ആർ.പി. സൗഭദ്രൻ എന്ന ഫിസിക്‌സ് വിദ്യാർഥിയും ആർട്‌സ് ക്ലബ് സെക്രട്ടറിയായി നിഷ്പക്ഷനെന്ന് സ്വയം പ്രഖ്യാപിച്ചിരുന്ന എസ്. ബാലചന്ദ്രമേനോൻ എന്ന ജിയോളജി വിദ്യാർത്ഥിയും. എസ്. എഫ്. ഐയുടെ മുന്നണി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിച്ചത് ആൾ ഇൻഡ്യാ സ്റ്റുഡന്റ്‌സ് കോൺഗ്രസ് എന്ന സംഘടനയുടെ എം. ജി. ശശിഭൂഷണെ (അതേ, ചരിത്രഗവേഷകനായ, ഗുപ്തൻ നായർ സാറിന്റെ പുത്രൻ തന്നെ) ആയിരുന്നു. തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ ചില കലഹങ്ങളെത്തുടർന്ന് ആ വർഷം കോളേജ് യൂണിയൻ പ്രവർത്തനങ്ങൾ കാര്യമായി നടന്നില്ല. ചെറിയാൻ ഫിലിപ്പിന്റെ പല സ്വപ്നങ്ങളും പൊലിഞ്ഞുപോയ ഒരു വർഷം. വീണ്ടും വരും ഒരു വർഷം, ഒരു സന്ദർഭം.

സഹപാഠികളുടെ മുന്നിലൂടെയാണ് വെറും സംശയത്തിന്റെ പേരിൽ കോളേജുകളിൽ നിന്ന് കുട്ടികളെ പിടിച്ചു കൊണ്ടുപോയത്. അവരിൽ ചിലർ പിന്നീട് തിരിച്ചുവന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് എന്തും സാധ്യമായിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിൽ ഇല്ലാത്ത വിദ്യാർഥി സംഘടനകൾ ചുരുക്കമായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് തട്ടിക്കൂട്ടുന്ന ചില ലാംപൂൺ സംഘങ്ങളും ആ കോളേജിലെ തെരഞ്ഞെടുപ്പിന് വർണ വൈചിത്ര്യമേറ്റി.
തൊട്ടടുത്ത വർഷം ചിത്രം മാറി. എസ്.എഫ്.ഐ ബാലചന്ദ്രമേനോനെ ചെയർമാനായി മത്സരിപ്പിച്ചു. എം. എസ്. നസീം എന്ന ഗായകൻ ആർട്‌സ് ക്ലബ് സെക്രട്ടറിയായും ആദിശങ്കരൻ ജനറൽ സെക്രട്ടറിയായും ശക്തി യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായും മത്സരിച്ചു. കോളേജിന്റെ ചരിത്രത്തിലാദ്യമായി എസ്.എഫ്.ഐയുടെ യൂണിയൻ വലിയ വിജയം നേടി. ആ വിജയം തൊട്ടടുത്ത വർഷവും തുടർന്നു. എസ്.എഫ്.ഐ തന്നെ ആ കോളേജിൽ സ്വതന്ത്ര സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് യു.സി.എസ്.എഫ് (യൂണിവേഴ്‌സിറ്റി കോളേജ് സ്റ്റുഡന്റ്‌സ് ഫോറം) എന്ന ബാനർ ഉയർത്തി. കർശനമായ പാർട്ടി ചട്ടക്കൂട്ടിൽ നിന്ന് പ്രവർത്തിക്കുന്ന "അനുസരണയുള്ള കുഞ്ഞാടുകൾ' അല്ല, എസ്.എഫ്.ഐയുടെ തോളോടു തോൾ ചേർന്നു നിന്ന ചിന്തിക്കുന്ന വിദ്യാർത്ഥികൾ എന്ന് പ്രഖ്യാപിച്ച്, പുതിയ ഭാവുകത്വത്തെ കലാസാംസ്‌കാരികസംവേദനത്തിൽ നിർഭയമായി ഉൾച്ചേർത്ത്, ആരോഗ്യകരമായ സംവാദങ്ങൾക്ക് വഴിയൊരുക്കുവാൻ അന്ന് ഞങ്ങൾക്ക് കഴിഞ്ഞു.
ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ "അപ്രമാദിത്വ'ത്തെക്കുറിച്ച് അന്തി(ച്ചന്ത) ചർച്ച വരെ നടത്തുന്ന മഹത്തുക്കൾ ആ കോളേജിലെ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ചരിത്രം കൂടി പഠിക്കാൻ ശ്രമിക്കുന്നത് അവർക്ക് ഉപകാരപ്രദമായിരിക്കും.

എം.എസ്. നസീമും (ഇടത്തേ അറ്റത്ത്) ബാലചന്ദ്രമേനോനും (വലത്തേ അറ്റത്ത്) 1970കളിലെ യൂണിവേഴ്‌സിറ്റി കോളജ് കാലത്തെ ചിത്രം / Photo: Balachandra Menon, facebook

ഇതേകാലത്തു തന്നെ എറണാകുളം മഹാരാജാസ് കോളേജിലും ഉണർവിന്റെ അലയൊലി ഉയർന്നു. എസ്. രമേശനും തോമസ് ഐസക്കും എൻ. കെ. വാസുദേവനും അടങ്ങുന്ന ഒരു സംഘം ധിഷണാശാലികൾ അവിടുത്തെ വിദ്യാർഥിയൂണിയന്റെ അമരക്കാരായി. ആ മാറ്റത്തിന്റെ കാറ്റ് തുടക്കം മാത്രമാണെന്നും യഥാർഥത്തിലുള്ള ചക്രവാതം വരാൻ പോകുന്നതേയുള്ളു എന്നും പ്രമാണി മാധ്യമങ്ങളും അവർ താലോലിച്ച് കൊണ്ടു നടന്നിരുന്ന ‘കുമാരീകുമാരന്മാ'രും അറിയാൻ അടിയന്തരാവസ്ഥ കഴിയേണ്ടിവന്നു.
നേരത്തേ കണ്ടതെല്ലാം വെറും ‘ട്രയൽ' അഥവാ "ടീസർ' ആയിരുന്നു എന്ന് പ്രതിലോമശക്തികൾ തിരിച്ചറിഞ്ഞത് അടിയന്തരാവസ്ഥ കഴിഞ്ഞുള്ള കലാലയാന്തരീക്ഷം എത്രത്തോളം ധ്രുവീകരിക്കപ്പെട്ടിരുന്നു എന്ന ഞെട്ടിക്കുന്ന അറിവിലൂടെയാണ്.

തോമസ് ഐസക്കും സുരേഷ് കുറുപ്പും ‌

സഹപാഠികളുടെ മുന്നിലൂടെയാണ് വെറും സംശയത്തിന്റെ പേരിൽ കോളേജുകളിൽ നിന്ന് കുട്ടികളെ പിടിച്ചു കൊണ്ടുപോയത്. അവരിൽ ചിലർ പിന്നീട് തിരിച്ചുവന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് എന്തും സാധ്യമായിരുന്നു. കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ നിന്ന് തപ്പിത്തടഞ്ഞ് മലയാളം പരയുന്ന ജീൻസും ഡെനിം ഷർട്ടുമിട്ട്, സോഡാക്കുപ്പിയുടെ മൂടുപോലുള്ള കണ്ണട വച്ച് നാട്ടുഭാഷയിൽ അൽപം "ജാട'യിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത കഥ പ്രസിദ്ധമാണ്. ആക്കുളം സി.ഡി.എസിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയാണ് താൻ എന്നാണത്രെ അയാൾ പറഞ്ഞൊപ്പിച്ചത്. കൂടുതൽ പ്രാവീണ്യം ഇംഗ്ലീഷിലായത് അയാളുടെ നിർഭാഗ്യം. പൊലീസ് അയാളെ കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ചു. അവിടെയുണ്ടായിരുന്ന ആർക്കോ ആളെ മനസ്സിലായി. അയാൾ ഈ ‘സംഭവ'ത്തെ പിടിച്ചു കൊണ്ടു വന്നവരോട് അന്വേഷിച്ചു.

‘എം.ഡി. നാലപ്പാടാണല്ലോ ഇത്. ഇദ്ദേഹം എന്തു ചെയ്തു?'
സഞ്ജയ് ഗാന്ധിയുടെ ഉറ്റ സുഹൃത്ത്, കമലാദാസിന്റെ മകൻ, ബാലാമണി അമ്മയുടെയും വി. എം. നായരുടെയും പേരമകൻ...ഇങ്ങനെയുള്ള മോനു എന്ന എം.ഡി. നാലപ്പാടിനെയാണ് ബുദ്ധിശൂന്യന്മാർ മഹാസംഭവമെന്നോണം പിടിച്ചുകൊണ്ടുവന്നിരിക്കുന്നത്. "ഇയാളെ ഇറക്കിവിടെടോ, തലയിൽ തൊപ്പി വേണമെങ്കിൽ!' മേലുദ്യോഗസ്ഥൻ ഗർജ്ജിച്ചില്ല...അടക്കിയ ശബ്ദത്തിൽ ഗർജ്ജിച്ചോ എന്ന് എനിക്കറിയില്ല.
ഇറങ്ങി പൊക്കൊള്ളാൻ പറഞ്ഞപ്പോൾ ‘പുള്ളി' ഇറങ്ങില്ല. ‘നിങ്ങൾ എന്തോ കുറ്റം ചെയ്തതിനല്ലേ എന്നെ ഇവിടെ കൊണ്ടു വന്നത്? അത് എന്താണെന്ന് ചാർജ് ചെയ്യൂ.'

പൊലീസുകാർക്ക് ആഭ്യന്തരമന്ത്രിയെ വിളിക്കാൻ പേടി. കരുണാകരനാണ് ആ മന്ത്രി. എം.ഡിയെ കാരണമില്ലാതെ അറസ്റ്റ് ചെയ്തു വച്ചിരിക്കുന്നു എന്നറിഞ്ഞാൽ കരുണാകരൻ ചിലപ്പോൾ സംഹാരരുദ്രനാവും. അങ്ങനെയൊക്കെ ചിന്തിച്ചപ്പോൾ നല്ല ഒരു ഓപ്ഷൻ എ.കെ. ആന്റണിയെ വിളിക്കുകയാണ് എന്ന തീരുമാനത്തിലെത്തി. ആന്റണി ചിലപ്പോൾ ജീവിതത്തിൽ ആദ്യമായും അവസാനമായും ഒരു നിർണായകനിമിഷത്തിൽ ദൃഢമായതീരുമാനമെടുത്തത് അന്നായിരിക്കണം.

ഇരിക്കുന്നവർ ഇടതുനിന്ന്​: സൈമൺ ബ്രിട്ടോ, ഗോപിനാഥൻ, എൻ.കെ. വാസുദേവൻ, കെ.എൻ. ഗണേഷ്. നിൽക്കുന്നവർ ഇടതുനിന്ന്​: സി. പാപ്പച്ചൻ, കെ. സുരേഷ് കുറുപ്പ്, അശോക് എം. ചെറിയാൻ.

അങ്ങനെ ആന്റണിയുടെ പ്രാർത്ഥനയിൽ മനം മാറിയ മോനു സുഖസുന്ദരമായി പൊലീസ് വാഹനത്തിന്റെ മുൻസീറ്റിൽ തന്നെ ഇരുന്ന് തന്റെ ലക്ഷ്യത്തിലേക്ക് കുതിച്ചു എന്നാണ് ഐതിഹ്യം. ഇതിവിടെ പറഞ്ഞത്, അടിയന്തരാവസ്ഥയിൽ ആർക്കും എന്തും സംഭവിക്കാം എന്നതിന് ഒരു ഉദാഹരണം കാണിക്കാൻ വേണ്ടി മാത്രം.

എന്തായാലും 1977- 78ലെ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയുടെ ചെയർമാൻ സ്ഥാനാർത്ഥിയായ സുരേഷ് കുറുപ്പ് ഒരു ലാൻഡ് സ്ലൈഡ് വിജയമാണ് നേടിയത്. അയാളുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് പിൽക്കാലത്ത് ഇന്ത്യൻ ജുഡീഷ്യറിയിലെ മിന്നും താരമായി മാറിയ ലോ കോളേജ് വിദ്യാർഥി കുര്യൻ ജോസഫ്. ഇതിവിടെ പറയാൻ കാരണം, അന്നോളം വിദ്യാർഥി സമൂഹവും മാധ്യമങ്ങളും അധ്യാപകരും ഒന്നും കാണുകയോ പരിചയപ്പെടുയോ ചെയ്തിട്ടില്ലാത്ത ഒരു അനായാസത, സ്വാഗതാർഹമായ പുതുമ, ചിരിക്കുന്ന ഒരു യുവ കമ്യൂണിസ്റ്റ് ... ഇതൊക്കെയായിരുന്നു സുരേഷ് കുറുപ്പിന്റെ ഏറ്റവും വലിയ ശക്തി. അയാൾ കടും നിറത്തിലുള്ള കുപ്പായങ്ങൾ ധരിച്ചു. ഷർട്ടിന്റെ നിറത്തിനു ചേരുന്ന കരയുള്ള മുണ്ട് ധരിച്ചു. ബുദ്ധിജീവിയായി അറിയപ്പെടാത്തതിനാൽ ബുദ്ധിയുള്ള മനുഷ്യരെ അയാൾ ഭയപ്പെട്ടില്ല. കടമ്മനിട്ടക്കും ജി. അരവിന്ദനും അയാൾ ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. അയാൾ ഫിലിം സൊസൈറ്റികളിൽ ക്ലാസിക് ചിത്രങ്ങൾ കാണാൻ പോയി. ഞാൻ ഇവിടെ അവതരിപ്പിക്കുന്നത് ഇടതുപക്ഷ വിദ്യാർത്ഥി- യുവജന പ്രസ്ഥാനങ്ങളിൽ അന്നുവരെ ഉണ്ടായിട്ടില്ലാത്ത ഒരു താരോദയമായിരുന്നു സുരേഷ് കുറുപ്പിന്റേത് എന്ന് അടിവരയിട്ട് പറയാൻ വേണ്ടിത്തന്നെയാണ്.▮

(തുടരും)


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments