യു. ജയചന്ദ്രനും പങ്കാളി ബീനയും

ആഫ്രിക്കയിലെ ദേശാടനപ്പക്ഷികളുടെ മഞ്ഞുകാലം പറഞ്ഞത്…

‘ആഫ്രിക്കൻ വസന്തങ്ങൾ‘ എന്ന് ഇതിനു പേരിട്ടത് എന്റെ വസന്തകാലങ്ങളെ സൂചിപ്പിക്കാനല്ല; ക്ഷാമവും വിശപ്പും എയ്ഡ്സ് മഹാമാരിയും രാഷ്ട്രീയ അരാജകത്വവും കടൽക്കൊള്ളയും കൊലപാതകങ്ങളും ലഹരിമരുന്ന് മാഫിയകളും മാത്രം വാർത്തയാവുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പൂക്കാലങ്ങളെയും വർണ്ണഭംഗിയെയും മറക്കാനാവാത്ത മനുഷ്യബന്ധങ്ങളെയും സാക്ഷ്യപ്പെടുത്താനാണ്. - യു. ജയചന്ദ്രൻെറ ‘ആഫ്രിക്കൻ വസന്തങ്ങൾ’ അവസാനിക്കുന്നു

ആഫ്രിക്കൻ വസന്തങ്ങൾ 61

ഫ്രിക്ക മനുഷ്യവംശത്തിന്റെ കളിത്തൊട്ടിൽ ആണെന്ന പറച്ചിൽ വെറും വാക്കുകളല്ല. എന്നെ സംബന്ധിച്ച്, ആഫ്രിക്ക എന്റെ ഗുരുവും കൂടിയാണ്. ഏതു നിലയിലുള്ള അദ്ധ്യാപകരോടും കിടപിടിക്കാൻ കഴിയുന്ന ഇംഗ്ലീഷ് ഭാഷാ - സാഹിത്യ അദ്ധ്യാപകനായി എന്നെ വളർത്തിയത് ആഫ്രിക്കയാണ്.

ഏതാണ്ട് നാലു ദശകങ്ങൾക്കടുത്ത് ആഫ്രിക്കയിൽ ജീവിച്ചതിന്റെ ഓർമ്മകളിൽ എനിക്ക് ഒട്ടും തന്നെ മറക്കാനാവാത്ത വ്യക്തിപരമായ അനുഭവങ്ങൾ മാത്രമാണ് ഈ പരമ്പരയിൽ ഞാൻ അടയാളപ്പെടുത്തിയിട്ടുള്ളത്. ആഫ്രിക്കയെ സംബന്ധിക്കുന്ന എന്തും ഇന്നും ഞങ്ങൾ അന്വേഷിക്കുകയും അസ്വസ്ഥതയുളവാക്കുന്ന സംഭവങ്ങൾ ഉണ്ടാവുമ്പോൾ അതോർത്ത് വിഷമിക്കുകയും ചെയ്യാറുണ്ട്. ആഫ്രിക്കയിലെ മനുഷ്യരുടെ സ്നേഹം ധാരാളം കൈക്കൊണ്ടവരാണ് ഞങ്ങൾ. ആഫ്രിക്കയോട് എന്നെന്നേക്കുമായി വിട പറഞ്ഞു എന്ന് ഞങ്ങൾ ഇപ്പോഴും കരുതുന്നില്ല. ആഫ്രിക്കയ്ക്ക് ഞങ്ങൾ നൽകിയ ഏറ്റവും വിലപിടിച്ച ഉപഹാരം ഞങ്ങളുടെ മകളാണ്. അവൾ ദക്ഷിണാഫ്രിക്കയുടെ പ്രിയപ്പെട്ട –മരുമകളായി, സന്തോഷവതിയായി ജീവിക്കുന്നു.

അന്തരിച്ച എന്റെ സുഹൃത്ത് വി.കെ ഉണ്ണികൃഷ്ണനുമൊത്ത് (സംക്രമണം മാസിക) ഒരു വൈകുന്നേരം ജി.പി.ഒ ജംഗ്ഷനിലെ ദേശാഭിമാനി ബുക്ക് ഹൗസിലേക്ക് നടക്കുമ്പോൾ സ്റ്റാച്ച്യൂവിൽ ആ ഇടക്കാലത്ത് ആരംഭിച്ച പങ്കജ് ഹോട്ടലിനു മുന്നിൽ അസാധാരണ ഉയരമുള്ള രണ്ട് ആഫ്രിക്കക്കാർ നിൽക്കുന്നത് കണ്ടു. അവരെ ഒന്നു പരിചയപ്പെടാമെന്നു കരുതി വർത്തമാനം പറഞ്ഞു തുടങ്ങി. ലിയോപ്പോൾഡ് സെദർ സെങ്ഗോറും ഡേവിഡ് ഡിയോപ്പും സെംബാനെ ഉസ്മാനും മറ്റും തലയ്ക്കു പിടിച്ച കാലം. ആഫ്രിക്കയോട് വാക്കുകൾക്കതീതമായ ഒരു സ്നേഹം വളർന്ന കാലം.

ഒരു അംടാട്ടാ  പ്രഭാതം
ഒരു അംടാട്ടാ പ്രഭാതം

ഞങ്ങൾ സംസാരിച്ചവർ എത്യോപ്യൻ ഗവർമെന്റിന്റെ വിദ്യാഭ്യാസവകുപ്പിലെ റിക്രൂട്ട്മെന്റ് ആപ്പീസർമാർ ആയിരുന്നു. എത്യോപ്യയ്ക്ക് വരാൻ താൽ‌പ്പര്യമുണ്ടെങ്കിൽ നാളെ രാവിലെ 9 മണിക്ക് ഞങ്ങളുടെ റൂമിലേക്ക് വരൂ എന്ന് അവർ പറഞ്ഞതനുസരിച്ച് പിറ്റേന്ന് ഞാൻ ഒറ്റയ്ക്ക് പോയി. അവർ കപ്പിൾസിനെ ആണ് പ്രിഫർ ചെയ്യുന്നത് എന്ന് അറിഞ്ഞയുടൻ ശാസ്തമംഗലത്തുള്ള സെന്റർ ഫോർ എർത്ത് സയൻസസിൽ ജോലി ചെയ്തിരുന്ന എന്റെ സഖിയെയും കൂട്ടി ഞാൻ തിരികെ ചെന്നു. തിരുവനന്തപുരത്ത് അന്ന് ഒന്നോ രണ്ടോ ഫോട്ടോ കോപ്പിയിംഗ് കടകളേ ഉണ്ടായിരുന്നുള്ളു. അതിൽ ഒരിടത്തു നിന്ന് സർട്ടിഫിക്കറ്റുകളുടെ സാമാന്യം നന്നായിത്തന്നെ കറുപ്പ് പടർന്ന ഫോട്ടോകോപ്പികളുമായി ഞങ്ങൾ പങ്കജിൽ എത്തി. ഉടൻ തന്നെ മൂന്നു വർഷത്തെ “കോൺത്രാക്ത്” (കോണ്ട്രാക്റ്റ്) ഒപ്പിട്ട് ഞങ്ങൾ പുറത്തു വന്നു. രണ്ടു മാസത്തിനുള്ളിൽ ഞങ്ങൾ അഡീസ് അബാബയിൽ എത്തി. അന്ന് രാത്രി ‘നമുക്ക് തിരിച്ച് നാട്ടിൽ പോകാം’ എന്നു പറഞ്ഞ് എന്റെ സഖി അഡീസിലെ ടൂറിസ്റ്റ് ഹോട്ടൽ മുറിയുടെ ജാലകത്തിലൂടെ ആകാശം നോക്കി കണ്ണീർ വാർത്തു. അതു കഴിഞ്ഞ് ഏതാണ്ട് നാലു ദശകങ്ങൾക്ക് ശേഷം അംടാട്ട വിടുമ്പോഴും അവൾ കരഞ്ഞു; ഇത്തവണ ഞാനും ഒപ്പം കരഞ്ഞു.

ആഫ്രിക്ക പൊതുവിലും, ദക്ഷിണാഫ്രിക്ക പ്രത്യേകിച്ചും ഞങ്ങളെ പറഞ്ഞറിയിക്കാനാവാത്ത സ്നേഹത്തിന്റെ ബന്ധനത്തിലാക്കിയിരുന്നു: വിട്ടു പോരാനാവാത്ത വിധം. അംടാട്ടയിലെ ഇന്റെർനാഷണൽ സ്ക്കൂളിന്റെ ഹെഡ് മാസ്റ്റർ ആയിരുന്ന ഹണ്ടർ അവിടം വിട്ടു പോകുമ്പോൾ ഇങ്ങനെ പറഞ്ഞതോർക്കുന്നു: “You cry twice when you are in Mthatha; once when you arrive and then when you leave.” പോരുമ്പോൾ ഒരു സമാധാനം തോന്നിയത് എപ്പോൾ വേണമെങ്കിലും വിസയില്ലാതെ തിരിച്ചു വരാനും എന്നെന്നും അവിടെ കഴിയാനും ആവുമെന്ന സാധ്യത ആയിരുന്നു.

ഓൾ സെയ്ന്റ്സ് കത്തീഡ്രൽ
ഓൾ സെയ്ന്റ്സ് കത്തീഡ്രൽ

വർഷങ്ങളായി ഞങ്ങൾക്ക് ഒരു പൂച്ചയേ ഉണ്ടായിരുന്നുള്ളു. ഒരു കാലത്ത് 22 പൂച്ചകൾ വരെ ഉണ്ടായിരുന്നതാണ്. അവശേഷിച്ച ആ ഒരു പൂച്ചയ്ക്ക് എന്നോട് അസാധാരണമായ “അറ്റാച്ച്മെന്റ്” ആയിരുന്നു. അവൾ കാരണം പതിനഞ്ചു വർഷങ്ങൾ ഞങ്ങൾ ഒന്നിച്ച് നാട്ടിലേക്ക് വന്നിട്ടില്ല. (അത് മറ്റു ചില കഥകളായി കൂട്ടുകാർക്കിടയിൽ പ്രചരിച്ചു).

ഞങ്ങളെ വിട്ടു പോകാതെ നിന്ന ആ പൂച്ചയ്ക്ക് ജന്മനാ ഒന്നു രണ്ട് വൈകല്യങ്ങൾ ഉണ്ടായിരുന്നു. ജന്മനാ അവൾ ഒരു കണ്ണിൽ അന്ധയായിരുന്നു. ഒപ്പം അവളുടെ വാൽ ആർത്രൈറ്റിസ് മൂലം ‘ഡിഫോംഡും’ ആയിരുന്നു. അതുകൊണ്ട് അവളെ ആർക്കും വേണ്ടായിരുന്നു. അങ്ങനെ അവൾ ഞങ്ങളുടെ “ഹോം ക്യാറ്റ്” ആയി. ഞാൻ നാട്ടിലേക്കു പോന്നാൽ, ഇവിടെയെത്തി ഫോണിൽ അവളോട് സംസാരിക്കുന്നതുവരെ അവൾ അവിടെ വീടാകെ പരതി നടക്കും. ഭക്ഷണം കഴിക്കുക പോയിട്ട് വെള്ളം കുടിക്കുക കൂടിയില്ല. അവളെ ഞങ്ങൾ”ബൂഗി” എന്നാണ് വിളിച്ചിരുന്നത്. കുടുംബസമേതം ഹംഫ്രി ബൊഗാർട്ട് ഫാൻസ് ആയിരുന്ന കാലം (ഇപ്പോഴും അതെ) ഞങ്ങളുടെ മകൾ അപർണ്ണയാണ് ബൊഗാർട്ടിന്റെ ചെല്ലപ്പേരായ “ബോഗീ” ഞങ്ങളുടെ ചക്കിപ്പൂച്ചയ്ക്ക് നൽകിയത്. വളരെ കഷ്ടപ്പെട്ട് അവൾ ഒരു ചാപിള്ളയെ പ്രസവിച്ചപ്പോഴാണ് ബൂഗീ ഒരു ചക്കിയാണെന്ന് ഞങ്ങൾ അറിഞ്ഞത്. (ആ പ്രസവത്തോടുകൂടി ബൂഗി ഒരു പുരുഷവിദ്വേഷി ആയെന്നും ഇനി ഈ പണിക്ക് താനില്ല എന്ന് അവൾ അസന്നിഗ്ദമായി പ്രഖ്യാപിച്ചതായും ബീനയും അപർണ്ണയും സാക്ഷ്യപ്പെടുത്തുന്നു). പക്ഷേ ബൂഗീ എന്ന പേര് അവളിൽ പതിഞ്ഞു പോയി.

ഞങ്ങളുടെ പൂച്ച ‘ബൂഗി’
ഞങ്ങളുടെ പൂച്ച ‘ബൂഗി’

നാട്ടിലേക്ക് തിരിച്ചു വരാറായപ്പോൾ ആദ്യം തന്നെ ബൂഗിയുടെ യാത്രയ്ക്ക് അവളെ തയാറെടുപ്പിക്കണമായിരുന്നു. ഏകദേശം ഒരു വർഷത്തെ പേപ്പർ വർക്കിന് (Export Import നൂലാമാലകൾ) ശേഷമാണ് അത് സാധ്യമായത്. അങ്ങനെ ബൂഗിയും ഞങ്ങൾക്കൊപ്പം 2016 ഡിസംബറിൽ കേരളത്തിലേക്ക് കുടിയേറി.

അവസാനത്തെ ക്ലാസ്സിനു ശേഷം ആരെയും കാണാതെയാണ് ഞാൻ പോന്നതെങ്കിലും സ്ക്കൂൾ എന്നെ അതിശയിപ്പിച്ചു കൊണ്ട് സെപ്തംബറിൽ എനിക്ക് ഒരു ഔദ്യോഗിക യാത്രയയപ്പ് സൽക്കാരം നൽകി. വിദ്യഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു സംഘം ആ ചടങ്ങിൽ പങ്കെടുത്തു. സ്ക്കൂളിന് അന്ന് അവധി നൽകി. പക്ഷേ വിദ്യാർത്ഥികൾ ഹാജരായിരുന്നു. കുറെയേറെ സമ്മാനങ്ങളും സ്ക്കൂൾ എനിക്ക് നൽകി. ആഫ്രിക്ക എന്നത് ഞാൻ വായിച്ചു തുടങ്ങുക മാത്രം ചെയ്ത ഒരു പാഠപുസ്തകമാണ്. ഒരിക്കൽ സ്ക്കൂളിലെ അർദ്ധവാർഷികപ്പരീക്ഷ കഴിഞ്ഞ് പേപ്പർ മാർക്കിംഗിന്റെ (വാല്യുവേഷൻ) സമ്മർദ്ദത്തിലിരിക്കുമ്പോൾ എന്റെ സ്ക്കൂളിലെ ആഫ്രിക്കക്കാരിയായ അദ്ധ്യാപിക ഒരു പാട്ടും പാടി സ്റ്റാഫ് റൂമിലേക്ക് നടക്കുന്നത് കണ്ടു. ഞാൻ അവരോട് ചോദിച്ചു, “നിങ്ങൾ പേപ്പറെല്ലാം നോക്കി കഴിഞ്ഞു, അല്ലേ?”

അവർ ചിരിച്ചു,“ആരു പറഞ്ഞു നിന്നോട് ഇത്രയും വലിയ നുണ?” “അല്ല,” ഞാൻ ചിരിച്ചു,“ആരും പറഞ്ഞതല്ല. നിങ്ങൾ സന്തോഷമായി പാടുന്നതു കേട്ടപ്പോൾ എനിക്ക് തോന്നിയതാണ്.” അവർ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു,“ഓ, മി. ജയ്, ഞങ്ങൾ ആഫ്രിക്കക്കാർ സങ്കടം മറക്കാനാണ് സന്തോഷമുള്ള പാട്ടുകൾ പാടുന്നത്!“ അതാണ് ആഫ്രിക്കക്കാരുടെ സംഗീതം. എത്ര വേദനിക്കുന്നുവോ അത്രയും വീറുള്ള, ഉത്സാഹമുള്ള സംഗീതം അവർ സൃഷ്ടിക്കും. ബോബ് മാർളിയുടെ “ഗെറ്റ് അപ്, സ്റ്റാൻഡ് അപ്” പോലെയും തൊണ്ണൂറുകളിൽ സൊവെറ്റോയിലെ ഘെട്ടോകളിൽ നിന്ന് ഉയർന്ന “ക്വായിറ്റോ” സംഗീതം പോലെയും കറുത്തവരുടെ കണ്ണീർ മറച്ച യഥാർത്ഥ കീഴാള സംഗീതം. ഒരു നിമിഷം ആ ചിന്തയിൽ ഞാൻ നമ്രശിരസ്കനായി.

യു. ജയചന്ദ്രൻ
യു. ജയചന്ദ്രൻ

ഇങ്ങനെ ഒരു പരമ്പര എഴുതണം എന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്. പലരും പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ട്രൂകോപ്പി മാത്രമാണ് എഴുതിക്കോളൂ എന്ന് അസന്നിഗ്ദ്ധമായി പറഞ്ഞത്. അതിനുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല. ‘ആഫ്രിക്കൻ വസന്തങ്ങൾ’ എന്ന് ഇതിനു പേരിട്ടത് എന്റെ വസന്തകാലങ്ങളെ സൂചിപ്പിക്കാനല്ല; ക്ഷാമവും വിശപ്പും എയ്ഡ്സ് മഹാമാരിയും രാഷ്ട്രീയ അരാജകത്വവും കടൽക്കൊള്ളയും കൊലപാതകങ്ങളും ലഹരിമരുന്ന് മാഫിയകളും മാത്രം വാർത്തയാവുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പൂക്കാലങ്ങളെയും വർണ്ണഭംഗിയെയും മറക്കാനാവാത്ത മനുഷ്യബന്ധങ്ങളെയും സാക്ഷ്യപ്പെടുത്താനാണ്. ട്രൂകോപ്പിയുടെ മുഴുവൻ എഡിറ്റോറിയൽ ടീമിനോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്.

ഒരു കാര്യം വിട്ടു പോയി- ഞങ്ങൾക്കൊപ്പം പൂർണ്ണ സന്തോഷത്തോടെ ജീവിതത്തിലെ മറ്റൊരു അദ്ധ്യായം ആരംഭിച്ച ബൂഗി 2019 ജനുവരി 11ന്, അവളുടെ പതിനെട്ടാം വയസ്സിൽ മരിച്ചു. ഇന്നും അവളുടെ മരണം ഏൽ‌പ്പിച്ച ആഘാതത്തിൽ നിന്ന് ഞങ്ങൾ ഇരുവരും പൂർണ്ണമായി മുക്തി നേടിയിട്ടില്ല. ജീവൻ നില നിർത്താനുള്ള അവസാനശ്രമം എന്ന നിലയ്ക്ക് ഞങ്ങൾ അവളെ ശാസ്തമംഗലത്തുള്ള ശോഭിതയുടെ അനിമൽ ഷെൽട്ടറിലെ വെറ്റിനെ കാണിക്കാൻ കൊണ്ടു പോയി. എന്റെ സഖിയുടെ കണ്ണീരിൽ നനഞ്ഞ്, അവളുടെ നെഞ്ചോട്ചേർന്ന് ഉറക്കത്തിലെന്ന - പോലെ ബൂഗി കിടന്നു. ഡോക്ടർ വന്ന് നോക്കിയിട്ട് പറഞ്ഞു, “ഷീ ഈസ് ഗോൺ.” അതിനു ശേഷം ഞങ്ങൾ മറ്റൊരു പൂച്ചയെ വളർത്താൻ തുനിഞ്ഞില്ല. ബൂഗി ജീവിച്ച അത്രയും കാലം ഇനി കണ്ടെടുക്കുന്ന പൂച്ച ജീവിച്ചാൽ ഞങ്ങൾ രണ്ടാളും അതിനു മുൻപേ പോകുകയും അവൾ/അവൻ ഒറ്റയായിത്തീരുകയും ചെയ്യും. അത് സഹിക്കാനാവില്ല. അതുകൊണ്ട് ശിഷ്ടകാലം പെറ്റ്സ് ഇല്ലാതെ ജീവിക്കാം എന്ന് തീരുമാനിച്ചു.

ഈ പരമ്പരയുടെ വായനക്കാർക്കും അകമഴിഞ്ഞ നന്ദി…

അവസാനിച്ചു.


Summary: U Jayachandran recalls how he enters Africa in his series African Vasanthangal


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments