ആഫ്രിക്കൻ
വസന്തങ്ങൾ - 50
അംടാട്ടയിൽ ഞങ്ങൾ ഞങ്ങൾ താമസമാക്കുന്ന കാലത്ത് അംടാട്ട പട്ടണത്തിന്റെ മിക്ക റസിഡൻഷ്യൽ ഏരിയകളിലും ഒരു ‘ഇന്ത്യൻ ക്ലസ്റ്റർ’ ഉണ്ടായിരുന്നു. അവയിലെ പ്രധാനയിടങ്ങൾ ഇഖ്വേസി, നോർത്ത് ക്രെസ്സ്, സതേൺ വുഡ് തുടങ്ങിയ മദ്ധ്യ- ഉപരിവർഗ്ഗ സെറ്റിൽമെന്റുകളായിരുന്നു.
ഫോർട്ട് ഗെയ്ൽ (Fort Gale) ഫ്ലാറ്റുകളിൽ ആൾ താമസം ആരംഭിച്ചപ്പോൾ അംടാട്ടയിലെ ഇന്ത്യക്കാരുടെ സംഖ്യയിൽ വലിയ വർദ്ധനവുണ്ടായി. ഫോർട്ട് ഗെയ്ൽ ഫ്ലാറ്റുകളിൽ 22 ഇന്ത്യൻ കുടുംബങ്ങൾ വന്നുചേർന്നു. ചുരുക്കത്തിൽ, അംടാട്ട ഏതാണ്ട് 200 ഇന്ത്യൻ (മലയാളി) കുടുംബങ്ങളുള്ള ദക്ഷിണേന്ത്യൻ പട്ടണമായി പരിണമിച്ചു. അതു കാരണം ഞങ്ങൾ സംഘടിപ്പിച്ചിരുന്ന പരിപാടികൾ വൈവിദ്ധ്യം കൊണ്ടും ആളുകളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു.
എന്നിരുന്നാലും ഇത്രയും വലിയ സമൂഹത്തിൽ ചില്ലറ പൊരുത്തക്കേടുകളുണ്ടാവുകയെന്നത് സ്വാഭാവികമാണല്ലോ. ഞങ്ങൾ അംടാട്ടയിൽ സെറ്റിൽ ചെയ്യുമ്പോൾ മലയാളികളുടേതായ രണ്ട് വീഡിയോ ക്ലബ്ബുകളുണ്ടായിരുന്നു. ചിത്ര വീഡിയോസും ഭാവന വീഡിയോ ക്ലബ്ബും. ഈ രണ്ട് സംഘടനകളും വളരെ നന്നായി പ്രവർത്തിച്ചു പോന്നു. പക്ഷേ, പുതിയ ചിത്രങ്ങൾ കിട്ടാൻ ഏറേക്കാലം കാത്തിരിക്കേണ്ടിവരും. അപ്പോഴാണ് ഞങ്ങൾ, അംടാട്ടയിലെ ‘പുത്തൻ കൂറ്റുകാർ’ എന്ന് പറയാവുന്നവർ, മൂന്നാമതൊരു ക്ലബുണ്ടാക്കുന്നതിനെപ്പറ്റി സംസാരിച്ചത്. അല്ലെങ്കിൽത്തന്നെ, അവിടെയുള്ള മലയാളി സീനിയർമാർ ഫോർട്ട് ഗെയ്ൽ ഫ്ലാറ്റ് സമൂഹത്തെ ‘ലുങ്കി കോളനി’ എന്ന് സ്വകാര്യമായി പരിഹസിച്ചു തുടങ്ങിയിരുന്നു. അതിൽ ഞങ്ങളാരും അതിശയിച്ചില്ല. മലയാളിയുടെ പരപുച്ഛത്തിന്റെ മറ്റൊരു ഉദാഹരണമായി കണ്ടതേയുള്ളൂ.
പക്ഷേ, ഞങ്ങളിൽ കുറച്ചുപേർ ചേർന്ന് ഫ്ലാറ്റുകൾ ആസ്ഥാനമാക്കി പുതിയ ഒരു വീഡിയോ ക്ളബ്ബ് ആരംഭിച്ചു, ‘ദൃശ്യ’ എന്ന പേരിൽ. ഞങ്ങൾ വിചാരിച്ചതിലും വേഗത്തിൽ ക്ളബ്ബ് വളർന്നു. പരിഹസിച്ചിരുന്നവർക്കും മനസ്സിലായി, ‘ദൃശ്യ’യിൽ നിന്ന് കാസെറ്റ് എടുക്കുന്നതാണ് നല്ലത് എന്ന്. കാരണം, അതിനായി വരുമ്പോൾ ചില ‘സോഷ്യൽ വിസിറ്റുകൾ’ കൂടി നടക്കുമല്ലോ. അങ്ങനെ ആദ്യത്തെ ഒരു വർഷം കൊണ്ടു തന്നെ ഞങ്ങൾ ‘ബ്രേക്ക് ഇവെൻ’ ചെയ്തു. ക്ലബിന് പ്രസിഡന്റും സെ ക്രട്ടറിയും ഒന്നും ഇല്ലായിരുന്നു. മൂന്നു മാസത്തിലൊരിക്കൽ കാസെറ്റ് കൈവശം വച്ച് വിതരണം ചെയ്യേണ്ടത് ഊഴമിട്ട് എല്ലാ അംഗങ്ങളും ചെയ്യേണ്ടിയിരുന്നു. അങ്ങനെ വഴക്കും വക്കാണവും ഒന്നുമില്ലാതെ ഞങ്ങൾ മുന്നോട്ടുപോയി. ലാഭം നന്നായി വന്നു തുടങ്ങിയപ്പോൾ ആ തുക കൂടി ഇട്ട് ഒരു വാരാന്ത്യം ഏതെങ്കിലും ഒരു കടലോര സങ്കേതത്തിൽ യാത്ര പോയി.
കോഫീ ബേ എന്നയിടം അംടാട്ടയിൽ നിന്ന് വെറും 100 കിലോമീറ്റർ അടുത്തായിരുന്നു (ഏതാണ്ട് ഒരു മണിക്കൂർ ഡ്രൈവിംഗ് സമയം). ട്രാൻസ്കൈയുടെ വിനോദസഞ്ചാര -മുഖമുദ്രയായ ‘ഹോൾ ഇൻ ദ വോൾ’ എന്ന ദൃശ്യവും കോഫീ ബേയിലാണുള്ളത്. അവിടെ ‘ബ്രായ്’ ചെയ്യാനുള്ള സൗകര്യങ്ങളെല്ലാം ഉണ്ട്. മിക്കവാറും മദ്ധ്യാഹ്നം കഴിയുവോളം അവിടെ വേലിയിറക്കമാവും. കടൽ ശാന്തമായിരിക്കെ, നടന്ന് ‘ഹോൾ ഇൻ ദ വോളി’ൽ എത്താം. അവിടെയിരുന്ന് കടൽ കണ്ടു മയങ്ങിയാൽ തിരിച്ചെത്താൻ ലൈഫ് ഗാർഡുകളുടെ സഹായം വേണ്ടിവരും. കടൽ അല്ലാതെ ചുറ്റും മറ്റൊന്നുമില്ല. കോഫീ ബേ ഉൾപ്പെട്ട പ്രദേശങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ ‘വന്യ തീരപ്രദേശം’ (വൈൽഡ് കോസ്റ്റ്). പണ്ടെന്നോ ആ തീരത്തിനടുത്തെവിടെയോ കപ്പൽച്ചേതം ഉണ്ടാവുകയും കപ്പലിൽ ധാരാളമായുണ്ടായിരുന്ന കാപ്പിക്കുരു ചിതറി കരയ്ക്കടിയുക്കയുംചെയ്തു. ആ പ്രദേശത്തെ മണ്ണ് കാപ്പിച്ചെടികൾക്ക് വളരാൻ അനുയോജ്യമായിരുന്നില്ല. പക്ഷേ “കോഫീ ബേ” എന്ന പേര് ആ പ്രദേശത്തിന് വീണു. ഈ കഥ സത്യമോ മിഥ്യയോ എന്ന് തീരുമാനിക്കാൻ തല പുകയ്ക്കേണ്ട ആവശ്യമില്ല. കോഫീ ബേ എന്നെന്നും അതായിത്തന്നെ നിലനിൽക്കും.
ദക്ഷിണാഫ്രിക്കയുടെ വടക്കേ അറ്റത്തേക്ക് ഞങ്ങൾ കുടുംബമായി യാത്ര ചെയ്തു. ആ യാത്രകൾ നാടിന്റെ സമ്പന്നമായ ചരിത്രത്തിലേക്ക് ഒരു ചെറിയ കിളിവാതിൽ തുറന്നുതന്നു.
കോഫീ ബേയും പരിസരങ്ങളും ‘ടിക്കൊലോഷെ’ (ടോക്കോലോഷെ എന്നും പറയും) അഥവാ ‘കൊച്ചു മനുഷ്യരു’ടെ വിഹാരകേന്ദ്രങ്ങളാണെന്ന് ക്ലോസകൾ വിശ്വസിക്കുന്നു. അദൃശ്യരായ ഈ കൊച്ചു മനുഷ്യർ മഹാ വികൃതികളാണ്. കലഹങ്ങളുണ്ടാക്കുക, കുടുംബങ്ങളെ തമ്മിൽ അടിപ്പിക്കുക, കൊലപാതകങ്ങളിലേക്ക് വഴിതെളിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്യിക്കുക ഇത്യാദി ‘വിനോദങ്ങൾ’ ആഘോഷിച്ച് ടിക്കൊലോഷെകൾ മരണമില്ലാതെ ജീവിക്കുന്നു. ഇതിന്റെ അനുബന്ധമായി അനേകം അന്ധവിശ്വാസങ്ങളും ക്ലോസ, സുളു സമൂഹങ്ങളിൽ തലമുറകളായി വേരുറപ്പിച്ചിട്ടുണ്ട്. കട്ടിലിൽ കിടന്നുറങ്ങുമ്പോൾ നാലു കട്ടിൽക്കാലുകളും ഇഷ്ടിക കൊണ്ട് ഉയർത്തി വയ്ക്കുക, സന്ധ്യയായാൽ ‘അൺ സ്ലൈസെഡ്’ ബ്രെഡ് വാങ്ങാതിരിക്കുക. (സ്ലൈസ് ചെയ്യാത്ത ബ്രെഡ് ടിക്കൊലോഷെകൾക്ക് ഒരു ‘ടാക്സി’ ആയി ഉപയോഗിക്കാമത്രെ.) സന്ധ്യ കഴിഞ്ഞ് കുട്ടികളുടെ പേര് ഉറക്കെ വിളിച്ച് അവരെ തിരയാതിരിക്കുക, ഇങ്ങനെയൊക്കെ ചെയ്യുന്നത് ടിക്കൊലോഷെകളെ അകറ്റിനിർത്തും എന്നു തുടങ്ങി അനേകം അന്ധവിശ്വാസങ്ങൾ ടിക്കൊലോഷെയുമായി ബന്ധപ്പെട്ട് കിടക്കുന്നു. നമ്മുടെ നാട്ടിൽ സംഭവിക്കാറുള്ളതു പോലെ, ഇത്തരം വിശ്വാസങ്ങളിലൂടെ മന്ത്രവാദികളുടെ ചതിക്കുഴികളിൽ വീണു പോകുന്നവരിൽ ക്ലോസ, സുളു, സൂറ്റു ഗോത്രങ്ങളിലെ ഉന്നതവിദ്യാഭ്യാസം നേടിയവരും ധാരാളമുണ്ട്.
പക്ഷെ, കോഫീ ബേയിൽ പിക്നിക്കിനു പോകുന്നതിൽനിന്ന് ആരെയും വിലക്കാൻ ഈ വിശ്വാസങ്ങൾക്ക് ശക്തി പോരായിരുന്നു. ഞങ്ങൾ ആദ്യകാലത്ത് (1990-കളിൽ) പോയതിനെ അപേക്ഷിച്ച് കോഫീ ബേ എത്രയൊ തിരക്കുള്ള ഒരു ടൂറിസറ്റ് കേന്ദ്രമാണിന്ന്. നൂറ്റാണ്ടുകളായുള്ള ‘കടലെടുപ്പ്’ (സീ ഇറോഷൻ) കാരണം രൂപം പ്രാപിച്ച സ്തൂപാകൃതിയിലുള്ള പാറകൾ, ‘സാൻഡ് സ്റ്റോൺ, ഷെയ്ൽ സ്റ്റോൺ’ എന്നിവക്ക് തേയ്മാനം സംഭവിച്ചാണത്രെ കാവ്യാത്മകമായ ‘ചുമരിലെ ദ്വാരം’ പോലുള്ള പ്രകൃതിയുടെ കൈപ്പാടുകൾ പതിഞ്ഞ അത്ഭുതസൃഷ്ടികൾ രൂപപ്പെട്ടത്. ടിക്കൊലോഷെ കഥകൾ ഇവയെല്ലാം ചേർന്ന് ആ പ്രദേശത്തിന് വിശദീകരിക്കാനാവാത്ത ഒരു ‘അപരലോക’ പ്രതീതി സൃഷ്ടിക്കുന്നു.
അംടാട്ടയ്ക്കും ഈസ്റ്റ് ലണ്ടനുമിടയ്ക്ക് അനേകം ചെറിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ രൂപപ്പെട്ടിരുന്നു. അവയിൽ ഏറ്റവും മനോഹരമായ ഒരിടമാണ് മോർഗൻ ബേ. വെള്ളക്കാരുടെ മാത്രം വിഹാരകേന്ദ്രങ്ങളായിരുന്ന മോർഗൻ ബേ പോലുള്ള, ലഗൂണുകളുള്ള പ്രദേശങ്ങൾ ഞങ്ങൾ 1997-ൽ പോകുമ്പോൾ മലിനീകരണം തീരെയില്ലാത്ത, ഒരിടമായിരുന്നു. അവിടത്തെ ലഗൂണിനപ്പുറം കടൽ ശാന്തമായിരുന്നില്ല. ഞങ്ങൾ ചെക്ക് ഇൻ ചെയ്യുമ്പോൾ മോർഗൻ ബേ ഹോട്ടലിലെ ജോലിക്കാർ മുന്നറിയിപ്പ് നൽകി; യാതൊരു കാരണവശാലും കടലിലിറങ്ങരുത്, വമ്പൻ സ്രാവുകളുടെ ആക്രമണമുണ്ടാവാറുണ്ട്.
കടലും ചെറിയ ചില കുന്നുകളുമല്ലാതെ മോർഗൻ ബേയിൽ മറ്റ് കാഴ്ചകൾ ഒന്നുമില്ല. ഒരു നീണ്ട വാരാന്ത്യം ശാന്തമായി ചെലവഴിക്കാൻ പറ്റിയ ഒരിടം. ധാരാളം ബിയർ, വൈൻ ഇത്യാദികൾ കരുതിയിരിക്കണം. കൂടെ ‘ബ്രായ്’ ചെയ്യാനുള്ള ഇറച്ചിയും ‘ബുറെവൊഴ്സ്’ (Boerewors) എന്ന ചുറ്റി വളച്ചുവച്ചിട്ടുള്ള ആഫ്രിക്കാനർ സോസേജുകളും. ഇങ്ങനെയുള്ള അലസവും സുഖലോലുപവുമായ ഒന്നുരണ്ട് ദിവസങ്ങൾ വല്ലപ്പോഴും മനുഷ്യന് ആവശ്യമാണെന്നു തോന്നും, അവിടെ നിന്ന് തിരിച്ച് സന്തം ജോലികളിലേക്ക് മടങ്ങിക്കഴിയുമ്പോൾ.
കോക്ക് എടുക്കാൻ തിരിഞ്ഞ സായ്‌വ് തിരിഞ്ഞു നിന്ന് ഞങ്ങൾ മൂവരോടുമായി, ‘യൂ വാണ്ട് റ്റു സീ മൈ പാഷൻ ജ്യൂസ്? കം ദിസ് സൈഡ്…’ ഇതു പറഞ്ഞുകൊണ്ട് തികച്ചും അശ്ലീലം നിറഞ്ഞ ഒരു അംഗവിക്ഷേപം കാണിച്ചു. ‘യു കൂലീസ് വാണ്ട് റ്റു സ്റ്റീൽ അവർ ട്രൌട്ട് ആൻഡ് റൺ എവേ, ഗെറ്റ് ഔട്ട്, നോ സോഡാ ഫോർ യൂ…’
ഈസ്റ്റേൺ കേപ്പിലെ അത്തരം സ്ഥലങ്ങൾ കൂടാതെ ഞങ്ങളുടെ അയൽ സംസ്ഥാനമായ ക്വാ സുളുവിലെ പോർട്ട് എഡ്വെഡ് (Port Edward) എന്നയിടം, പോർട്ട് സെയ്ന്റ് ജോൺസ് എന്ന പഴയ തുറമുഖനഗരം, ഹാഗ ഹാഗ എന്ന കൊച്ചു കർഷകഗ്രാമം (അകലെയുള്ള ഗ്രാമങ്ങളിലെ കന്നുകാലികളുടെ രക്ഷയ്ക്കായി കർഷകർ മഞ്ഞുകാലത്ത് അവയെയെല്ലാം കൂട്ടി ഹാഗ ഹാഗ യിൽ പോയി മൂന്നു നാലു മാസം താമസിക്കും. ‘ഹാഗ’ എന്നാൽ അടച്ചുറപ്പുള്ള സ്ഥലം എന്നാണ് അർത്ഥം), അംടാട്ട റിവർ മൌത്ത് എന്നിങ്ങനെ മിക്കവാറും എല്ലാ കടലോര ടൂറിസം ഗ്രാമങ്ങളിലും ഞങ്ങൾ പോയി, ‘ദൃശ്യ ക്ലബി’ന്റെ പദ്ധതി അനുസരിച്ച്.
ദക്ഷിണാഫ്രിക്കയുടെ വടക്കേ അറ്റത്തേക്ക് ഞങ്ങൾ കുടുംബമായി യാത്ര ചെയ്തു. ആ യാത്രകൾ നാടിന്റെ സമ്പന്നമായ ചരിത്രത്തിലേക്ക് ഒരു ചെറിയ കിളിവാതിൽ തുറന്നുതന്നു. ഈസ്റ്റേൺ കേപ്പിൽ ഫിലിം കൂട്ടായ്മയുമായി ഞങ്ങൾ നടത്തിയ അവസാനയാത്രകളിൽ ഒന്നായിരുന്നു ഈസ്റ്റ് ലണ്ടന് സമീപമുള്ള ‘കിഡ്സ് ബീച്ച്’ (Kidds Beach) എന്ന പ്രൈവറ്റ് റിസോർട്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ കിങ് വില്യംസ് ടൌൺ ന്റെ മേയറായിരുന്ന നിക്കൊളാസ് കിഡ്ഡ് എന്ന സായ്‌വിന്റെ ഓർമയ്ക്കാണ് ആ പേര്. ഈസ്റ്റ് ലണ്ടനിൽ നിന്ന് 23 കിലോമീറ്റർ ദൂരമുണ്ട് അവിടേക്ക്. വളരെ ശാന്തമായ ലോജ്ജ്; ഏതാനും അടി ഏതുവഴി തിരിഞ്ഞാലും അതീവ ശാന്തമായ ലഗൂൺ, കുട്ടികൾക്ക് കളിക്കാൻ ധാരാളം ഇടങ്ങൾ അങ്ങനെ കിഡ്ഡ്സ് ബീച് റിസോർട്ട് ആഹ്ലാദത്തിന്റെ ഒരു അഴിമുഖം തന്നെയായി ഞങ്ങൾക്ക് തോന്നി. വൈകുന്നേരം ബ്രായ് പാർട്ടി. ബ്രായ്ക്ക് ഞങ്ങൾ വെറും ഇറച്ചി മാത്രമല്ല കൊണ്ടുവന്നത്. അതിനോടൊപ്പം ‘ജാക്കറ്റ്’ പൊട്ടേറ്റോയും ചേരും. സാലഡുകൾ വേറെയും.
ബ്രായ് നടന്നുകൊണ്ടിരിക്കെ ആർക്കോ കൊക്ക കോള വേണം. സമയം രാത്രി 9.30 കഴിഞ്ഞു. സോണിയും ലാലുവും ഞാനും കോക്ക് കൊണ്ടുവരാനുള്ള ദൗത്യത്തിനിറങ്ങി. പ്രധാന ബീച്ചിനടുത്ത് ഞങ്ങൾ ഒരു ബാർ കണ്ടിരുന്നു. അവിടെനിന്ന് വാങ്ങാം എന്ന വിചാരത്തിൽ കാർ അതിനിപ്പുറത്ത് നിർത്തി, ഞാനും സോണിയും ഇറങ്ങി. ഞങ്ങൾ ഇറങ്ങി ഡോർ അടയ്ക്കുന്ന ശബ്ദം കേട്ടിട്ടെന്ന പോലെ ആ ബാറിന്റെ മുൻ വാതിൽ അല്പം തുറന്നു. ഞങ്ങൾ ബാറിലേക്ക് നടന്നു. അകത്തുനിന്ന് ആഫ്രിക്കാൻസ് ഭാഷയിൽ ഉറക്കെയുറക്കെ സംസാരം കേൾക്കാം. അടഞ്ഞ വാതിൽ അൽപ്പം തുറന്ന് ആജാനബാഹുവായ ഒരു ആഫ്രിക്കാനർ പ്രത്യക്ഷപ്പെട്ടു.
‘ഞങ്ങൾ രണ്ട് കോക്ക് വാങ്ങാൻ…’, ഇത്രയും പറഞ്ഞപ്പോൾ അയാൾ നിർവികാരമയി പറയുന്നു, ‘നോ, നോ കോക്ക് ഫൊർ യു. സെയ്ൽ ഫിനിഷ്ഡ്. വീ ആർ ക്ലോസ്ഡ് നൗ’, അയാളുടെ പിന്നിൽ ഒരാൾ തന്റെ അരപ്പട്ടയിൽനിന്ന് ഒരു റിവോൾവർ എടുത്ത് ഭംഗി നോക്കുന്നുണ്ടായിരുന്നു.
മടക്കയാത്രയിൽ ഞങ്ങൾ മൂവരും നിശ്ശബ്ദരായിരുന്നു. അപ്പോഴത്തെ വംശവെറിയിൽ അയാൾ നിറയൊഴിച്ചിരുന്നെങ്കിലോ?
ഇത് അപകടമാണ് എന്നു മനസ്സിലാക്കി ഞങ്ങൾ പിൻവാങ്ങി, നേരെ ടൗണിലേക്ക് വിട്ടു. ടൗൺ ഉറങ്ങിക്കഴിഞ്ഞിരുന്നു. അവിടെ ഒരു വലിയ റെസ്റ്റോറന്റ് തുറന്നിരിപ്പുണ്ട്. അവിടെ രണ്ടു പേർ കുടിച്ച് സൗഹൃദഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു. രണ്ടും ആഫ്രിക്കാനർമാർ. റസ്റ്റോറന്റിൽ വേറൊരിടത്ത് ഒന്നു രണ്ട് സ്ത്രീകളും പുരുഷന്മാരും ആഘോഷമായി ഡിന്നർ കഴിക്കുന്നുണ്ട്. ഞങ്ങൾ പക്ഷേ, ആദ്യം കണ്ടത് ബാർ കൗണ്ടറിനടുത്തു നിൽക്കുന്ന രണ്ടു പേരെയാണ്. ഒരാൾ ബാറിന്റെ മാനേജരാണെന്നു തോന്നി. മറ്റേയാൾ കുടിക്കാൻ വന്ന ഒരു ക്ലയന്റും സ്നേഹിതനും. ഞങ്ങളെ കാണാത്ത മട്ടിൽ അവർ സംഭാഷണം തുടർന്നു. പക്ഷേ, ‘കാഫിർ’ എന്നും ‘കൂലി’ എന്നുമുള്ള വാക്കുകൾ സംഭാഷണത്തിൽ ആവശ്യത്തിലധികം ഉപയോഗിക്കുന്നതിൽ നിന്ന് ഞങ്ങളാണ് സംഭാഷണവിഷയമാണെന്ന് മനസ്സിലായി. പെട്ടെന്ന് ആദ്യം കണ്ടതുപോലെ തിരിഞ്ഞ് മാനേജർ സോണിയോട് ചോദിക്കുന്നു, “മി. നായിഡു, ഹാവ് യൂ കം റ്റു സ്റ്റീൽ അവർ ട്രൌട്ട്?’
ജയ് നായിഡു എന്നൊരു ഇന്ത്യൻ വംശജ മന്ത്രി ഉണ്ടായിരുന്നു മണ്ടേലയുടെ ക്യാബിനറ്റിൽ.
സോണി സൗഹൃദഭാവത്തിൽ ചിരിച്ചു. എന്നിട്ട് അയാളോട് യാതൊരു കാരണവശാലും ആ സന്ദർഭത്തിൽ ചോദിക്കാൻ പാടില്ലായിരുന്ന ഒരു കുശലം ചോദിച്ചു, ‘ആർ യൂ ഹാവിംഗ് സം പാഷൻ ഫ്രൂട്ട് ജ്യൂസ് ഹിയർ?’
കോക്ക് എടുക്കാൻ തിരിഞ്ഞ സായ്‌വ് തിരിഞ്ഞു നിന്ന് ഞങ്ങൾ മൂവരോടുമായി, ‘യൂ വാണ്ട് റ്റു സീ മൈ പാഷൻ ജ്യൂസ്? കം ദിസ് സൈഡ്…’ ഇതു പറഞ്ഞുകൊണ്ട് തികച്ചും അശ്ലീലം നിറഞ്ഞ ഒരു അംഗവിക്ഷേപം കാണിച്ചു. ‘യു കൂലീസ് വാണ്ട് റ്റു സ്റ്റീൽ അവർ ട്രൌട്ട് ആൻഡ് റൺ എവേ, ഗെറ്റ് ഔട്ട്, നോ സോഡാ ഫോർ യൂ…’
ഇത്രയുമായപ്പോഴേക്ക് അവിടെ വെയ്റ്ററായി നിന്നിരുന്ന ഒരു കറുത്ത മനുഷ്യൻ തിരക്കിട്ട് ഓടി വന്ന് രണ്ട് കുപ്പിയിൽ, രണ്ടു ലിറ്റർ കോക് എടുത്ത് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു, ‘സർ, പ്ലീസ് ഗോ. ദീസ് ഗൈസ് ആർ ആർമ്ഡ്, ആൻഡ് ഹാവ് നൊ മേഴ്സി. പ്ലീസ് ഗോ’.
ധൃതിയിൽ ഞങ്ങൾ നീട്ടിയ റാൻഡ് നോട്ടുകൾ പോലും അയാൾ വാങ്ങിയില്ല. ഞങ്ങളെ പുറത്താക്കി അയാൾ പ്രധാന വാതിലടച്ചു.
മടക്കയാത്രയിൽ ഞങ്ങൾ മൂവരും നിശ്ശബ്ദരായിരുന്നു. അപ്പോഴത്തെ വംശവെറിയിൽ അയാൾ നിറയൊഴിച്ചിരുന്നെങ്കിലോ? ‘ട്രൌട്ട്’ മത്സ്യത്തെ പിടിക്കുന്നതും വിൽക്കുന്നതും വലിയ കുറ്റമാണ്. അതിന് ലൈസൻസും മറ്റും വേണം. ഞങ്ങളെ ഭീഷണിപ്പെടുത്തിയ ആഫ്രിക്കാനർ വെറുതേ ആ വിഷയം എടുത്ത് ഒന്ന് അപമാനിക്കാൻ ശ്രമിച്ചതാണ്. കാരണം ദർബനിലും മറ്റ് തുറമുഖ നഗരങ്ങളിലുമാണ് ട്രൌട്ട് പിടുത്തവും കച്ചവടവും നടക്കുന്നത്.
ആഫ്രിക്കാനറുടെ വെടിയേൽക്കാതെ ഞങ്ങൾ രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.
(തുടരും)