വേണ്ടാച്ചെക്കൻ വെട്ടിപ്പിടിച്ച എഴുത്തുസാമ്രാജ്യം

അടിസ്ഥാനപരമായി സ്വത്വം എന്നത് ജന്മവുമായി ചേർത്തുവയ്ക്കേണ്ട ഒന്നാണ് എന്ന ധാരണയെ യു.എ. ഖാദർ ജീവിതം കൊണ്ടും എഴുത്തുകൊണ്ടും തിരുത്തിക്കുറിച്ചു. വേറിട്ടുനിൽക്കുന്ന രചനാവ്യക്തിത്വമെന്ന നിലക്ക് ആ എഴുത്തുകാരനെ വായിക്കുകയാണ് ലേഖിക

ന്മസിദ്ധമായ അനുമാനങ്ങളെ പിന്തുടരാനുള്ള അബോധപൂർവ ശ്രമങ്ങൾ സൃഷ്ടിപരതയുടെ ജനിതകത്തിലുള്ളതാണ്. ചിലർ, എഴുതിവച്ചതിന്റെ അടിയിൽ പാരമ്പര്യത്തിന്റെ ഒരു ഭൂപടം നിവർത്തി വിരിച്ചിടുന്നത് അതുകൊണ്ടാണ്. തലമുറകളിലൂടെ ആവർത്തിക്കുന്ന ഓർമകളും പ്രവർത്തികളും ചേർന്ന് നെയ്തെടുക്കുന്ന ഒരു പുരാവൃത്തം എഴുത്തിന്റെ പശ്ചാത്തലമാകുന്നത് അങ്ങനെയാണ്. ഒരു കുട്ടി സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ മാതൃഭാഷയുടെ വ്യാകരണങ്ങൾ വഴങ്ങുന്നത് ജന്മസിദ്ധമായ അനുമാനങ്ങൾ കൊണ്ടാണെന്ന് നോം ചോംസ്‌കി നിരീക്ഷിച്ചിട്ടുണ്ട്. ആ ഭാഷ സാഹിത്യമാകുമ്പോൾ, അത് എഴുതിയ ആളിന്റെ അതേ ജനിതകം തന്നെയാണ് ആ എഴുത്തിന്റെ പുരാവൃത്തമാകുന്നതും. ഈ സിദ്ധാന്തത്തിന് വ്യതിയാനങ്ങളുമുണ്ട്. പൊതുബോധത്തിന്റെ നിയമങ്ങൾ ചേരാതെ വരുന്ന അപൂർവ്വതകളാണ് അവ. അത്തരത്തിൽ വേറിട്ടുനിൽക്കുന്ന രചനാവ്യക്തിത്വമാണ് യു.എ. ഖാദർ എന്ന എഴുത്തുകാരന്റേത്.

ഖാദർ നാട്ടിലായിരുന്നുവെങ്കിലോ?

ജനിച്ച്, മറ്റൊരു ഭാഷ സംസാരിച്ചു ശീലിച്ച്, ഏഴുവയസുവരെ വളർന്ന രാജ്യത്തുനിന്ന് കേരളത്തിലേക്ക് പറിച്ചുനടപ്പെട്ട കുട്ടിയായിരുന്നു ഖാദർ. കണ്ണുനീർ കലർന്ന പുഞ്ചിരിയിൽ തുടങ്ങി അവസാനമെഴുതിയ അലിമൊട്ട് വരെയുള്ള കഥകൾ ബാക്കിവച്ച്, അദ്ദേഹം മടങ്ങുമ്പോൾ ഒരു ചോദ്യമുയരുന്നു; അമ്മയായ മാമൈദിയുടെ നാട്ടിൽ തന്നെ വളർന്നിരുന്നെങ്കിൽ യു.എ. ഖാദർ ഒരെഴുത്തുകാരൻ ആകുമായിരുന്നോ. ജന്മദേശത്തിന്റെ സംസ്‌കാരവും പൈതൃകങ്ങളും ഉപബോധമനസ്സിൽ രൂപകങ്ങളായി എഴുത്തിനെ സ്വാധീനിക്കും എന്ന തരത്തിലുള്ള നിരീക്ഷണത്തെയാണ് അതിനുള്ള ഉത്തരം നിരാകരിക്കുന്നത്.

പന്ത്രണ്ടാം വയസിലെ യു.എ ഖാദർ

ബാല്യത്തിൽ, അരാക്കാൻ മലനിരകൾ കടന്ന്, ഉപ്പയോടൊപ്പം മ്യാന്മറിൽ നിന്ന് മലബാറിലെത്തിയ ഖാദർ, താനൊരു വേണ്ടാച്ചെക്കൻ ആയാണ് കുടുംബത്തു ചേർക്കപ്പെട്ടത് എന്ന് പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുമായി ആശയ സംവേദനത്തിനുള്ള ഭാഷ പോലും വശമില്ലാതിരുന്ന ഒരു കുട്ടി. വീട്ടിൽ അറബി പഠിപ്പിക്കാൻ വന്ന അധ്യാപകൻ, വരയിലൂടെ ഭാഷാധ്യാപനവും തുടങ്ങി. നിറങ്ങളുടെയും അക്ഷരങ്ങളുടെയും ലോകത്തിന് ഏറ്റവും വേണ്ടപ്പെട്ടവൻ ആകാനുള്ള യാത്രയുടെ തുടക്കമായിരുന്നു അത്. മറ്റൊരു ലോകവുമായുള്ള പൊരുത്തപ്പെടലിന്റെ ഭാഗമായി, പിന്തുടരാനുള്ളതിനെ ഉപേക്ഷിച്ചുകൊണ്ട് പുതിയൊരു സാംസ്‌ക്കാരിക ജനിതകത്തെ അങ്ങനെ ഉൾക്കൊള്ളുന്നത് (circumvent), വേണ്ടാച്ചെക്കൻ എന്ന അരക്ഷിതത്വത്തെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ബാല്യകാലത്ത് അബോധ മനസ് സൃഷ്ടിച്ചെടുത്ത ഈ അനുനയനം (adaptability) ആണ് യു.എ. ഖാദർ എന്ന മലയാള സാഹിത്യകാരന്റെ എഴുത്തിന്റെ അടിസ്ഥാനം.

തൃക്കോട്ടൂരിന്റെ കയർവട്ടത്തു മേയുന്ന മനസ്

മുൻപുണ്ടായിരുന്ന അറിവുകളുടെ തുടർച്ചയെന്നോണമല്ലാതെ, ഭാഷയും നാട്ടറിവുകളും തികച്ചും പുതിയതായി യു.എ. ഖാദർ ആർജ്ജിക്കുകയായിരുന്നു. അങ്ങനെയെങ്കിൽ ജന്മം കൊണ്ട് സാംശീകരിച്ചതെന്നു പറയാവുന്നതല്ല എഴുത്തുകാരൻ എന്ന നിലക്കുള്ള ആ ഉണ്മ. അതേ, ഉണ്മ എന്ന വാക്കു തന്നെയാണ് തന്നെക്കൊണ്ട് എഴുതിച്ചിരുന്ന, അല്ലെങ്കിൽ എഴുത്തിന് പാത്രമാകുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ പറയുമ്പോൾ അദ്ദേഹം ആവർത്തിച്ച് ഉപയോഗിച്ചിരുന്നത്.

യു.എ. ഖാദർ എഴുതിയ കഥകളും നോവലുകളും ഏഴ് വയസ്സിനിപ്പുറം കണ്ട ജീവിതങ്ങളെക്കുറിച്ചും കാഴ്ചകളെക്കുറിച്ചുമാണ്. അതിലൊന്നും തന്നെ ജന്മദേശമോ അവിടത്തെ സംസ്‌കാരമോ പരമ്പരാഗത കലകളോ അനുഷ്ഠാനങ്ങളോ കടന്നുവന്നിട്ടില്ല. സ്വന്തം ബാല്യം വീണ്ടെടുക്കാനാണ് മനസ് ഇപ്പോഴും തൃക്കോട്ടൂരിന്റെ കയർവട്ടത്തു മേയുന്നത് എന്ന് അദ്ദേഹം പറയുന്നതിൽ തന്നെയുണ്ട്, തന്നെ എവിടെയാണ് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിരിക്കുന്നത് എന്നതിന്റെ തെളിവ്. വായനയിലൂടെ തുറന്നു കിട്ടിയ സാഹിത്യലോകത്ത് സ്വയം നടന്നപ്പോൾ വന്നണഞ്ഞ ദേശത്തിന്റെ പരമ്പരാഗത കലകളും വിശ്വാസങ്ങളും ഉണ്ടാക്കിയ സ്വാധീനം കഥാപാത്ര സൃഷ്ടിയിലും ഭാഷയിലും സുവ്യക്തമാണ്.

തൃക്കോട്ടൂരെ കുഞ്ഞിക്കേളക്കുറുപ്പിനെ പരിചയപ്പെടുത്തിക്കൊണ്ടു ഖാദർ പറയുന്നു; ‘ചാത്തുക്കുട്ടി ദൈവം കാവിന്നപ്പുറത്തെ ഗുളികന്തറയ്ക്ക് പടിഞ്ഞാറ് മീത്തലെതൊടിപ്പറമ്പിൽ ചെറ്റയാറുകാണ്ടി തറവാടിന്റെ ഇപ്പോഴത്തെ കൈകാര്യക്കാർത്താവ്.' ഈ ഒരൊറ്റ വാചകത്തിൽ വിശ്വാസങ്ങളും സംസ്‌കാരവും കൃത്യമായി സമന്വയിപ്പിച്ചിരിക്കുന്നു അദ്ദേഹം. പാരമ്പര്യ ശ്രുതിയുണർത്തുന്ന ആഖ്യാനശൈലി എന്ന് അദ്ദേഹത്തിന്റെ എഴുത്തിനെ കെ.പി. അപ്പൻ വിശേഷിപ്പിച്ചിട്ടുണ്ട്. ആ പാരമ്പര്യമാകട്ടെ, ആർജ്ജിച്ചെടുത്തത് ഏഴുവയസ്സിനിപ്പുറം കണ്ട ദേശത്തിന്റെയും.

എങ്ങനെ വ്യത്യസ്തനായി?

ബർമയിൽ നിന്നുള്ള പലായനം തികച്ചും അപരിചിതമായ ഒരു ഭൂഭാഗമോ ഭാഷയോ മാത്രമല്ല ഖാദറിന് മുൻപിൽ തുറന്നത്; വ്യത്യസ്തങ്ങളായ ജാതിമത സംസ്‌കാരങ്ങൾ കൂടിയാണ്. ജന്മം മതത്തേയും പിന്നീടുള്ള ജീവിതത്തേയും നിശ്ചയിക്കുന്ന ഘടകം ആണെന്ന ഒരു പൊതുബോധത്തെ ജീവിതം കൊണ്ട് ഖണ്ഡിച്ച എഴുത്തുകാരൻ കൂടിയാണ് യു.എ. ഖാദർ. ബുദ്ധമതം പ്രചാരത്തിലുള്ള നാട്ടിൽ ജനിച്ച്, ഇവിടെയെത്തി ഇസ്​ലാമായി വളർന്ന് ഹിന്ദു സങ്കൽപങ്ങളെക്കുറിച്ച്, ഏറ്റവും അടുത്തിടപഴകി കിട്ടിയ അവബോധത്തോടെ അദ്ദേഹം എഴുതി. തിക്കോടിയിലെയും പന്തലായനിയിലെയും മുസ്‌ലിം ജീവിതങ്ങളും മിഴിവോടെ വരച്ചുകാട്ടിയിട്ടുണ്ട് അദ്ദേഹം.

യു.എ ഖാദർ പിതാവ് ഉസ്സങ്ങാന്റകത്ത് മൊയ്തീൻ കുട്ടി ഹാജിക്കൊപ്പം

ദേശ, മത സംബന്ധികളായ പാരമ്പര്യ വാദങ്ങൾക്കപ്പുറം നിൽക്കുന്ന ഒരു എഴുത്തുകാരനായിരിക്കുകയും അതേസമയം ജീവിച്ച ദേശത്തെക്കുറിച്ചു മാത്രം എഴുതുകയും ചെയ്ത എഴുത്തുകാരൻ എന്ന നിലയിലാണ് യു.എ. ഖാദർ വ്യത്യസ്തനാവുന്നത്. അതിന് അടിസ്ഥാനമായത് ജന്മസിദ്ധമായ അനുമാനങ്ങളെ പിന്തുടരാനുള്ള അബോധപൂർവ്വമായ ശ്രമങ്ങളെ നിരാകരിച്ചുകൊണ്ട് സ്വീകരിച്ച അനുനയനം അഥവാ ഒരുതരം സാംസ്‌കാരിക പൊരുത്തപ്പെടലാണ്.
തികഞ്ഞ സാമൂഹിക രാഷ്ട്രീയബോധം ഉള്ളയാളും ആയിരുന്നു യു.എ. ഖാദർ.

വായെ പാതാളം പോലുള്ള നോവലിലൊക്കെ ഇത് വളരെ വ്യക്തവുമാണ്. ഫാസിസ്റ്റുഭരണം വിദൂരചിന്തയിൽ പോലും ഇല്ലാതിരുന്ന എൺപതുകളിൽ എഴുതിയ ഈ നോവലിൽ വർഗീയശക്തി ഇന്ത്യ ഭരിക്കുന്നതും മതപരിവർത്തന കഥകൾ വർഗീയ വികാരങ്ങൾ ഉണർത്താൻ ഉപയോഗിക്കുന്നതും മറ്റും കാണാം. ഈ നാടിന്റെ ഭൂതവും ഭാവിയും വർത്തമാനവും എല്ലാം തന്റേതാക്കി മാറ്റിക്കഴിഞ്ഞ ദീർഘദർശനമാണ് അത്. സ്വന്തം തട്ടകത്തിൽ തന്നെ ഒതുങ്ങിനിന്ന് എഴുതുന്നതുകൊണ്ടാണ് തന്റെ കഥകൾ ദുർഗ്രാഹ്യമാവാത്തത് എന്നും തന്റെ സ്വത്വം, ഉണ്മ എന്നിവയുടെ പ്രകാശനമാവുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജന്മം, സ്വതം

അടിസ്ഥാനപരമായി സ്വത്വം എന്നത് ജന്മവുമായി ചേർത്തുവയ്ക്കേണ്ട ഒന്നാണ് എന്ന ധാരണയെ അദ്ദേഹം ജീവിതം കൊണ്ടും എഴുത്തുകൊണ്ടും തിരുത്തിക്കുറിച്ചു. ഭാഷയും അറിവും അതിന്റെ അടിസ്ഥാനത്തിലുണ്ടാകുന്ന സർഗാത്മകതയും ആർജ്ജിതമാണെന്ന ജോൺ ലോക്കിയുടെ സിദ്ധാന്തത്തെ യു.എ. ഖാദറിന്റെ സാഹിത്യ ജീവിതം സാധൂകരിക്കുന്നു. സമൂഹത്തിന്റെ ഒന്നാകെയുള്ള പാരമ്പര്യ അബോധ മണ്ഡലത്തിലെ (Collective Unconscious) അനുഭവങ്ങൾ ഒരാളുടെ ആവിഷ്‌കാരങ്ങൾക്ക് നിദാനമാവും എന്ന് കാൾ യുങ്ങിനെ പോലെയുള്ള മനഃശാസ്ത്രവിദഗ്ധർ പറഞ്ഞു വച്ചിട്ടുള്ളതിനെ മനഃപൂർവമല്ലാതെ, എഴുത്തുകൊണ്ടു ഖണ്ഡിക്കുക കൂടിയാണ് ഖാദർ.

എഴുത്തുകാരൻ മാത്രമല്ല നല്ലൊരുചിത്രകാരൻ കൂടിയായിരുന്നു യു.എ. ഖാദർ. എഴുത്തിലെന്നപോലെ ചിത്രങ്ങളിലും നിറഞ്ഞുനിന്നിരുന്നത് ജീവിച്ച ദേശത്തിന്റെ പാരമ്പര്യ കലാരൂപങ്ങളുടെ നിറച്ചാർത്തുകൾ തന്നെയാണ്. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ കണ്ടറിഞ്ഞതിന്റെയൊക്കെ പൊലിമയോടെയുള്ള ആവിഷ്‌കാരങ്ങൾ ആയിരുന്നു എഴുതിയതും വരച്ചതും. ഒരുതരം ലാവണ്യ ഭ്രാന്തിലേക്ക് സ്വയം പരിത്യജിച്ചു കൊണ്ടു നടത്തിയ അന്വേഷണത്തിലാണ് പാരമ്പര്യ ശ്രുതിയുണർത്തുന്ന ഒരു ആഖ്യാനശൈലി അദ്ദേഹം കണ്ടെത്തിയത് എന്ന് കെ.പി. അപ്പൻ നിരീക്ഷിച്ചിട്ടുണ്ട്.

ജനിച്ചത് മ്യാന്മറിലെങ്കിലും ജീവിച്ച മലബാറും അതിന്റെ പുരാവൃത്തങ്ങളും കൊണ്ട് അദ്ദേഹം ഒരെഴുത്തുകാരനായി എന്നല്ല അതിനർത്ഥം. ലഭ്യമായതിനെ സ്വാംശീകരിക്കാനും അതിനെ സ്വന്തം ഉണ്മയായി കാണാനുമുള്ള കഴിവ് അത്രയേറെ ഉണ്ടായിരുന്ന ഒരാൾക്ക് സ്വന്തമായി ഒരു ഭൂമിക സൃഷ്ടിച്ചെടുക്കാനാകും. വേണ്ടാച്ചെക്കൻ വെട്ടിപ്പിടിച്ചതാണ് ആ എഴുത്തു സാമ്രാജ്യം. അങ്ങനെയാണ് അദ്ദേഹം തൃക്കോട്ടൂരിന്റെ കഥാകാരൻ ആകുന്നത്. പാരമ്പര്യത്തെ മറികടന്ന പദേശിയും, അവസാന കഥയായ അലിമൊട്ടിൽ പറയുന്നത് പോലെ അറിവിന്റെ മറുകര കണ്ട മനുഷ്യനുമാണ് യു.എ. ഖാദർ.


Comments