ഇരുപതാം നൂറ്റാണ്ടിനു ചേരാത്ത ജോലിവ്യവസ്ഥകളോടു വിട

‘‘അങ്ങനെ നയ്റോബിയിൽ രണ്ട് തൊഴിൽരഹിതർ കൂടി പിറന്നു. തൊഴിലില്ലാത്തതിനാൽ എങ്ങും പോകാനില്ല. ആരെയും കാണാനുമില്ല.’’- യു. ജയചന്ദ്രൻ എഴുതിയ ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 17

റുയിറു ഹൈസ്ക്കൂളിലെ സഹപ്രവർത്തകയായിരുന്ന ജെന്നിഫർ എന്ന വെള്ളക്കാരി ഒരു ദിവസം പറഞ്ഞു, “ഈ അവധി കഴിഞ്ഞ് നിങ്ങൾ ഇവിടെ വരുന്നുണ്ടെങ്കിൽ, എന്നെ ഇവിടെ കാണില്ല. ഞാൻ ഇംഗ്ലണ്ടിലേക്ക് മടങ്ങുകയാണ്”.
അതോടൊപ്പം അവർ മറ്റൊരു കാര്യം കൂടി പറഞ്ഞു, “മി. ഭട്ട് ജോലി തേടി വരുന്നവരെ പൂച്ച എലിയെ ഇട്ടു കളിക്കുംപോലെ കളിക്കും. നിങ്ങളോട് സോട്ടിക്കിൽ പോകാൻ പറഞ്ഞില്ലേ? സത്യത്തിൽ ആ സ്ക്കൂളിൽ നിങ്ങൾക്ക് വേക്കൻസിയുണ്ടാവില്ല. അല്ലെങ്കിൽ വേക്കൻസിയില്ലെന്ന് അവിടത്തെ പ്രിൻസിപ്പൽ നിങ്ങളോട് പറയും. നിങ്ങൾ ഇവിടെ തിരിച്ചെത്തി വിവരമറിയിക്കുമ്പോൾ ഭട്ട് വലിയ ഡ്രാമയൊക്കെ കാണിക്കും. നിങ്ങളെ സംബന്ധിച്ച് ഇനി അയാൾക്ക് വിധേയനായി നിൽക്കുക എന്ന ഓപ്ഷൻ മാത്രമേയുള്ളൂ എന്നയാൾ നിങ്ങളെ അറിയിക്കുന്നു. സൊ, ബി കോഷ്യസ് ഇൻ ഡീലിങ് വിത് ഹിം.”

സ്ക്കൂളടക്കും മുൻപ് നയ്റോബി ഹിൽട്ടണിൽ ഒരു ടേം എൻഡിങ് പാർട്ടി വച്ചിരുന്നു. അത് സ്ക്കൂൾ അദ്ധ്യാപകർക്കു നൽകുന്ന ഒരു ‘ട്രീറ്റ്’ ആണെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ, അതിന്റെ സമയം അടുത്തുവന്നപ്പോൾ അദ്ധ്യാപകരിൽ ഒന്നുരണ്ടു പേർ അതിനുള്ള സംഭാവനയ്ക്കായി സമീപിച്ചപ്പോൾ മാത്രമാണ് മി. ഭട്ടിന്റെ വക്രത എനിക്ക് നന്നായി മനസ്സിലായത്. സ്ക്കൂൾ പാർട്ടി തരുന്നു എന്നു പേര്. സത്യത്തിൽ ഞങ്ങൾ സ്വയം പാർട്ടി നൽകുന്നു എന്നാണ് പറയേണ്ടത്. അദ്ധ്യാപകർ നൽകുന്നതിന്റെ എത്രയോ ചെറിയ ഒരംശമാണ് സ്ക്കൂൾ നൽകുന്നത്. ഞാൻ സ്നേഹപൂർവം ആ പാർട്ടിക്കുള്ള ക്ഷണം നിരസിച്ചു. കൂടുതൽ അദ്ധ്യാപകരും അതിൽനിന്ന് വിട്ടുനിന്നു. അങ്ങനെ പാർട്ടി ശുഷ്കമായ ഒരു പരിപാടിയായി മാറി എന്ന് പിന്നീട് ഞാനറിഞ്ഞു. അതിൽ പ്രത്യേകിച്ച് സന്തോഷമൊന്നും തോന്നിയില്ല എന്നത് സത്യം. സ്ക്കൂളിനുള്ളിലെ ചേരിതിരിവുകളും പടലപ്പിണക്കങ്ങളും പാരവെപ്പുകളും ഒന്നുമായി പരിചയപ്പെടാഞ്ഞതുകൊണ്ടാവാം റുയിറു ഹൈസ്ക്കൂളിന്റെ ആന്തരികപ്രശ്നങ്ങളിൽ നിന്ന് ഞാൻ തീർത്തും വിട്ടുനിന്നു.

സ്ക്കൂൾ തുറക്കും മുൻപ് ഞങ്ങൾക്ക് അപ്രതീക്ഷിതമായി ഒരു സന്ദർശകനുണ്ടായി, എന്റെ സഖിയുടെ ചെറിയച്ഛൻ. അദ്ദേഹവും കുടുംബവും നക്കുറു എന്ന സാമാന്യം നല്ലൊരു പട്ടണത്തിലാണ് താമസിക്കുന്നത്. അവർ 1973 മുതൽ അവിടെയുള്ളവരാണ്. ആ ചെറിയച്ഛൻ ഞങ്ങൾ തിരുവനന്തപുരത്ത് താമസിക്കുമ്പോൾ ഒരിക്കൽ എഴുതിചോദിച്ചിരുന്നു, കെന്യക്ക് വരാൻ താൽ‌പ്പര്യമുണ്ടെങ്കിൽ വരൂ എന്ന്. ഞങ്ങളുടെ ഒന്നിച്ചുചേരലും തുടർന്ന് നാട്ടിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളുമെല്ലാം മനസ്സിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. വിദ്യാർത്ഥിയായിരുന്ന കാലത്തെ അൽ‌പം പുരോഗമനരാഷ്ട്രീയത്തിന്റെ സ്വാധീനം വ്യക്തിത്വത്തിൽനിന്ന് തീരെ ഉരുകിപ്പോയിട്ടില്ലാത്ത ഒരു നല്ല മനുഷ്യൻ. കെന്യയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം എനിക്ക് ഒരു നല്ല സുഹൃത്തു കൂടിയായിരുന്നു അദ്ദേഹം.

നക്കുറു നഗരം

അവർ അപ്പോൾ വന്നത് ഞങ്ങളെ നക്കുറുവിലേക്ക് കൊണ്ടുപോകാനണ്. രണ്ട് ആൺകുട്ടികളായിരുന്നു അവർക്ക്. സുനിലും ഷിഫുവും. ഞങ്ങൾക്ക് ഇങ്ങനെ ഒരു ബന്ധു അവിടെയുണ്ടെന്ന് അറിയാമായിരുന്നിട്ടും ജോലിയൊക്കെയായി സെറ്റിൽ ചെയ്യും വരെ അവരെ അറിയിക്കണ്ട എന്നുതന്നെ വിചാരിച്ചാണ് അവരെ അറിയിക്കാഞ്ഞത്. പക്ഷേ നയ് റോബിയിലെ അവരുടെ സുഹൃത്തുക്കളാരോ ഒരിക്കൽ ഞങ്ങളെ കണ്ടപ്പോൾ നാടും വീടും മറ്റും അന്വേഷിച്ച് അവസാനം അവിടെയുള്ള മി. ജോസഫ് എന്റെ സഖിയുടെ ചെറിയച്ഛനാണെന്ന മഹാദ്ഭുതം കണ്ടുപിടിക്കുകയും അവരെ അറിയിക്കുകയും ചെയ്തതത്രെ. ആ വിവരമറിഞ്ഞ രാത്രി ആ പാവം ചെറിയച്ഛൻ ഉറങ്ങിയില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. എന്റെ സഖിയെ കുട്ടിക്കാലത്ത് ധാരാളം എടുത്തുകൊണ്ടുനടക്കുകയും മറ്റും ചെയ്തിട്ടുള്ള ആളാണ് ആ ചെറിയച്ഛൻ.

വളരെ വികാരനിർഭരമായ കൂടിക്കാഴ്ചയായിരുന്നു, ആ അച്ഛനും മകളും തമ്മിലുള്ളത്. അവരുടെ പിക്ക് അപ് വാനിൽ (പിൻഭാഗത്ത് ഫൈബർഗ്ലാസ് ‘കനോപ്പി’ ഉള്ളത്) ഞങ്ങൾ നക്കുറുവിലേക്ക് തിരിച്ചു. മനോഹരമായ കാഴ്ചയാണ് കെന്യയിലെ ‘റിഫ്റ്റ് വാലി’. അതിലൂടെയാണ് ഞങ്ങളുടെ യാത്ര. വഴിയരികിൽ മാനുകൾ ചെറു കൂട്ടങ്ങളായി മേയുന്നതു കാണാം. അതുപോലെ ജിറാഫുകൾ. കുരങ്ങന്മാരുടെ കാര്യം പറയേണ്ടതില്ല. റിഫ്റ്റ് വാലിയിലൂടെയുള്ള യാത്രക്കിടയിൽ ചിലേടത്തൊക്കെ ‘വ്യൂ പോയിന്റ്’ എന്ന ബോർഡ് എഴുതിവച്ച ഇടങ്ങളുണ്ട്. അവിടെ കാറ് പാർക്ക് ചെയ്യാൻ സ്ഥലമുണ്ട്. എത്ര നേരമെങ്കിലും അവിടെയൊക്കെനിന്ന് അദ്ഭുതാവഹമായ ആ റിഫ്റ്റ് വാലിയുടെ രൂപഭേദങ്ങൾ ക്യാമറയിലാക്കാം. അപൂർവ്വസുന്ദരദൃശ്യമാണ് റിഫ്റ്റ് വാലി. നയ് റോബിയിൽ നിന്ന് 160+ കിലോമീറ്റർ ദൂരമുണ്ട് നക്കുറുവിലേക്ക്. കെന്യൻ വാസത്തിനിടെ ഞങ്ങളുടെ ആദ്യ നക്കുറു യാത്രയായിരുന്നു അത്.

റിഫ്റ്റ് വാലി

നക്കുറുവിലേക്ക് പോകും വഴിയാണ് നയ്‌വാഷ എന്ന കൊച്ചു പട്ടണം. നയ്‌വാഷാ തടാകം ഫ്ലാമിങ്ഗോ പക്ഷികളുടെ വലിയൊരു ആവാസകേന്ദ്രമാണ്. അകലെനിന്ന് നോക്കുമ്പോൾ പിങ്ക് നിറത്തിലുള്ള മേൽക്കട്ടിയാണെന്നു തോന്നും, പതിനായിരക്കണക്കിന് ഫ്ലാമിങ്ഗോകൾ ആഴമില്ലാത്ത ഇടങ്ങളിൽ ഒത്തുകൂടിയിരിക്കുന്നത് കാണുമ്പോൾ. ജോർജ്ജ് ആഡംസൺ, ജോയ് ആഡംസൺ എന്നിവരുടെ ജീവിതങ്ങൾ നിറം പിടിപ്പിച്ച, കെന്യൻ വന്യമൃഗസംരക്ഷണത്തിന്റെ പുരാവൃത്തങ്ങൾ നിറഞ്ഞുനിൽക്കുന്ന പ്രദേശങ്ങളാണ് നയ്‌വാഷയും നക്കുറുവും. ഈ രണ്ടിടങ്ങളുടേയും പേരുള്ള തടാകങ്ങൾ കേന്ദ്രീകരിച്ചാണ് വന്യമൃഗ സംരക്ഷണവും അതിനു സമാന്തരമായി തഴച്ചുവളർന്ന ‘പോച്ചിംഗ്’ (poaching) എന്ന ഭീകരപ്രവർത്തനവും. ‘സിംബാ മാൻ’ എന്നറിയപ്പെട്ടിരുന്ന ജോർജ്ജ് ആഡംസൺ തന്റെ ജീവൻ കൊടുത്ത് സംരക്ഷിച്ച സിംഹങ്ങളുടെ പിൻതലമുറകൾ ഇന്നും സ്വൈരവിഹാരം നടത്തുന്നയിടങ്ങളാണ് അതെല്ലാം. (സിംബ എന്നത് അനിമേഷൻ ചിത്രത്തിലെ സിംഹത്തിന്റെ പേരു മാത്രമല്ല; സിംഹം എന്നതിനുള്ള കിസ്വാഹിലി വാക്കും കൂടിയാണ്). പോച്ചർമാരിൽനിന്ന് താൻ വളർത്തിയ സിംഹങ്ങളെ രക്ഷിക്കുമ്പോഴാണ് ജോർജ്ജ് ആഡംസൺ വെടിയേറ്റ് മരിച്ചത്. ജോർജ്ജ് കൊല്ലപ്പെടും മുൻപേ ജോയ് (ആഡംസണിന്റെ ഭാര്യയും മൃഗസംരക്ഷകയും) നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടിരുന്നു. ഒരു കേസിനും കെന്യൻ പൊലീസിന് തുമ്പുണ്ടാക്കാൻ കഴിഞ്ഞില്ല.

നക്കുറുവിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്ക് സ്ക്കൂൾ തുറക്കാറായിരുന്നു. ആദ്യദിവസം തന്നെ ഞാൻ സ്ക്കൂളിലെത്തി. അവധിക്കാലത്ത് നാട്ടിലേക്കു പോയ ചില യുഗാണ്ടന്മാരൊഴിച്ച് എല്ലാവരും ഉണ്ടായിരുന്നു. അസംബ്ലിക്കുശേഷം അലക്സ് എന്നോട് പറഞ്ഞു, “നീ ക്ലാസിൽ പോകേണ്ട. ആദ്യം പോയി മി. ങ്ഗോബിയെ കാണൂ.”

നയ്വാഷാ തടാകത്തിലെ ഫ്‌ലാമിങ്‌ഗോകള്‍

മി. ങ്ഗോബി എന്ന ഹെഡ്മാസ്റ്റർ എന്നെയും കൂട്ടി ഭട്ടിന്റെആപ്പീസിലേക്ക് ചെന്നു. എന്നെ അവിടെ വിട്ടിട്ട് അയാൾ പോയി. അൽ‌പം കഴിഞ്ഞ് ഭട്ട് എന്നെ അകത്തേക്ക് വിളിക്കുന്നു. വളരെ ഹാർദ്ദമായി ചിരിച്ച് അവധിക്കാലത്തെപ്പറ്റി പൊള്ളയായ കുശലങ്ങളെല്ലാം ചോദിച്ച് അയാൾ കാര്യത്തിലേക്ക് കടന്നു: “സോട്ടിക്കിലെ വേക്കൻസി ഇതുവരെ ഒഴിവായിട്ടില്ല. ഇവിടെ നിങ്ങളെ രണ്ടാളെയും കൂടി നിർത്തണം എന്നാണ് എന്റെ ആഗ്രഹം. പക്ഷേ ഒരു പ്രശ്നമുണ്ട്. രണ്ടു പേർക്കും ‘ഫുൾ ഡ്യൂട്ടി’ തരാനുള്ള പീരിയഡുകൾ ഇല്ല. അതുകൊണ്ട് ഞാനും ങ്ഗോബിയും കൂടി ആലോചിച്ച് ഒരു വഴി കണ്ടു പിടിച്ചു. നിങ്ങൾക്ക് സ്ക്കൂൾ കാമ്പസിനടുത്തു തന്നെ മറ്റ് അദ്ധ്യാപകർ താമസിക്കുന്നതിന്റെ കൂടെ ഒരു ക്വാർട്ടേഴ്സ് തരാം. ഉച്ചകഴിഞ്ഞ് രണ്ടു പേർക്കും പീരിയഡുകൾ ഉണ്ടാവില്ല. പക്ഷെ ഒരു നിബന്ധന കൂടിയുണ്ട്. പഠിപ്പിക്കുന്നത് ഉച്ചവരെ മാത്രമായതിനാൽ സാലറി ഒന്നേ ഉണ്ടാവൂ. അതായത് നിന്റെ സാലറിയിൽ നിന്റെ മിസ്സിസ്സും കൂടി ജോലി ചെയ്യേണ്ടിവരും. ഇനി നാലു മാസം കൂടിയല്ലെയുള്ളൂ, ഈ വർഷം അവസാനിക്കാൻ. പുതുവർഷത്തിൽ വേക്കൻസി ഉള്ളതനുസരിച്ച് നിങ്ങളെ രണ്ടാളെയും ഞാൻ ജോലിക്കെടുക്കാം.”

എത്യോപ്യയിലെ കപട സോഷ്യലിസ്റ്റുകളെയും അവരെ സേവിച്ചിരുന്ന കപട ഭാരതീയ ‘വിപളവകാരി’കളെയും കണ്ട് പലതും പഠിച്ച എനിക്ക് ഈ ശുദ്ധ കാപ്പിറ്റലിസ്റ്റ് പുഴുവിന് നല്ലൊരു ആട്ടും കൊടുത്ത് ഇറങ്ങിപ്പോകാമായിരുന്നു. അതിനു പകരം ഞാൻ അന്വേഷിച്ചു, ‘അപ്പോൾ ഞങ്ങളുടെ വർക്ക് പെർമിറ്റ്?’

ഭട്ട് മേശപ്പുറത്തുനിന്ന് ഒരു കെട്ട് കടലാസുകൾ എടുത്ത് ഉയർത്തിക്കാട്ടി ഒന്നു ചിരിച്ചു, ‘ലീവ് ദാറ്റ് റ്റു മീ ജയ്ചന്ദ്രാ.’

ഞാൻ ആവുന്നത്ര വിനയം നടിച്ച് പറഞ്ഞു, ‘സർ, നിങ്ങളുടെ കണ്ടീഷൻസ് എനിക്ക് ചേരില്ല. യു മേ പ്ലീസ് ലുക് ഫോർ സംവൺ എൽസ്.’

ഇത്രയും പറഞ്ഞ് ഞാൻ എണീറ്റു. പോകും മുൻപൊരു കാര്യം കൂടി പറയാം, “നിങ്ങളിൽ നിന്ന് ഞാൻ നല്ല ഒരു പാഠം പഠിച്ചു. ഇതുപോലുള്ള ജോലിവ്യവസ്ഥകൾ ഇരുപതാം നൂറ്റാണ്ടിനു ചേരുന്നതല്ല മി. ഭട്ട്. സീ യൂ ഇൻ ഹെൽ.”

ഒരു വ്യു പോയന്റ്, കരിബു എന്നാല്‍ കിസ്വാഹിലിയില്‍ സ്വാഗതം എന്നാണ്‌

അയാളുടെ മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ ഇറങ്ങി. ആദ്യം കണ്ട ബസിൽ കയറി വീട്ടിലെത്തി. അങ്ങനെ നയ്റോബിയിൽ രണ്ട് തൊഴിൽരഹിതർ കൂടി പിറന്നു. തൊഴിലില്ലാത്തതിനാൽ എങ്ങും പോകാനില്ല. ആരെയും കാണാനുമില്ല. ഞങ്ങൾക്ക് കെന്യയിൽ അറിയാവുന്ന മലയാളികൾ ഞങ്ങളുടെ അയൽക്കാർ ജയദേവൻ പിള്ളയും ഭാര്യ രാധയും മാത്രമായിരുന്നു. അവരിരുവരും ഒടുക്കത്തെ എക്സ്ട്രോവേർട്ടുകൾ ആയിരുന്നു. അതുകൊണ്ടു തന്നെ അവർ കിയാംബു വരെയുള്ള യാത്രയും കഴിഞ്ഞ് വീട്ടിലെത്തിയാലും കൊച്ചുരഞ്ജുവിനെയുമെടുത്ത് സൗഹൃദസന്ദർശനങ്ങൾക്കിറങ്ങും. വീക്കെൻഡുകൾ അവരെ സംബന്ധിച്ച് ആഘോഷകാലമാണ്. അവരുടെ സുഹൃത്തുക്കൾക്കെല്ലാം അവരെ വളരെ ഇഷ്ടവുമായിരുന്നു. കള്ളമില്ലാത്ത സൗഹൃദമായിരുന്നു അവരുടേത്. ജയന്റെ മരിച്ചിട്ട് 24 വർഷമായി. ഇന്നും രാധയുമായുള്ള സൗഹൃദം അതേപോലെ തന്നെ തുടരുന്നു. ഇന്നും എന്റെ സഖിയുടെ ഉറ്റ സുഹൃത്ത് രാധയാണ്.

ഒരു ദിവസം ഞങ്ങൾക്ക് ഒരു സന്ദേശം കിട്ടുന്നു: പാർക് ലാൻഡ്സ് (നയ്റോബിയിലെ ‘യപ്പീ’ ഇന്ത്യക്കാർ പാർക്കുന്ന സ്ഥലങ്ങളാണ് പാർക് ലാൻഡ്സ് റോഡുകൾ) എന്ന സ്ഥലത്തുള്ള ‘കച്ഛി ഗുജറാത്തി ഗേൾസ് ഹൈസ്ക്കൂൾ’ ഒരു ഭൂമിശാസ്ത്ര ടീച്ചറെ അന്വേഷിക്കുന്നു. നേരിൽ പോയി ഹെഡ്മാസ്റ്ററെ കാണുക. അങ്ങനെ ഞാനും അവളും കൂടി സ്ക്കൂളിലെത്തുന്നു. അവിടെ അപ്പോൾ പുതിയതായി വന്ന ഒരു ഇന്ത്യക്കാരനുണ്ടായിരുന്നു, മെർവിൻ ബാസ്. ദൽഹിക്കാരനാണെന്നു പറഞ്ഞു. ഗോവയിൽ നിന്ന് ദൽഹിയിലേക്ക് കുടിയേറിയതായിരിക്കും. ബാസിനെ അവിടെ എടുത്തതിനെതിരെ ആ സ്ക്കൂളിലുള്ള ഒരാൾ നേരിട്ട് ഹൈകോടതിയിൽ ഒരു പെറ്റീഷൻ ഫയൽ ചെയ്തു. അതിന്റെ അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കെയാണ് എന്റെ സഖിക്ക് അവിടെ ജോലി കിട്ടിയത്. 4500 ഷില്ലിംഗ് ശമ്പളം. അത് അന്നത്തെ നിലയ്ക്ക് ഒരു പ്രൈവറ്റ് സ്ക്കൂളിൽ കിട്ടാവുന്ന അന്തസ്സുള്ള ശമ്പളമായിരുന്നു. ഞങ്ങൾ അങ്ങനെ താൽക്കാലികമായി അൽ‌പം ആഹ്ലാദിച്ചു.

ജോർജ്ജ് ആഡംസൺ, ജോയ് ആഡംസൺ

കെന്യയിലെ സമ്പ്രദായം ഇങ്ങനെയായിരുന്നു: അർദ്ധവാർഷികപ്പരീക്ഷ കഴിഞ്ഞ് ആഗസ്റ്റിൽ സ്ക്കൂൾ തുറക്കുമ്പോൾ പ്രധാന വിഷയങ്ങൾ പഠിപ്പിക്കാൻ ടീച്ചർമാരുണ്ടെങ്കിൽ സാധാരണഗതിയിൽ ഹെഡ്മാസ്റ്റർമാർ പുതിയ ടീച്ചർമാർക്കുവേണ്ടി പരസ്യം ചെയ്യില്ല. മൂന്നു മാസമല്ലേയുള്ളൂ; അതുള്ള ടീച്ചർമാരെ അങ്ങേയറ്റം പിഴിഞ്ഞ് എടുക്കാം. ഡിസംബറിൽ പുതിയ ഒരു പറ്റത്തെ കിട്ടാതിരിക്കില്ല. ഇതായിരുന്നു ആ സമ്പ്രദായം. അതുകൊണ്ട് ഞാൻ ചുറ്റി നടന്ന് ജോലി തേടുന്ന പരിപാടിക്ക് വിശ്രമം നൽകി. എന്റെ സഖി സി.ജി. ജി. എച്ച്. എസിൽ ചേർന്ന് കൃത്യം ഒരു മാസമായപ്പോൾ ഹെഡ്മാസ്റ്റർ അറിയിച്ചു, ‘വർക്ക് പെർമിറ്റ് വരും വരെ ഇനി ജോലിക്ക് റിപ്പോർട്ട് ചെയ്യണ്ട.’
ജോലി ചെയ്ത ഒരു മാസത്തെ ശമ്പളം?
‘പ്ലീസ് വെയ്റ്റ്.’
കാരണം?
ഞങ്ങളുടെ സ്ക്കൂളിൽ നിയമിച്ചിരുന്ന ബാസ് എന്ന ടീച്ചറെ ഇന്നലെ ഡീ പോർട്ട് ചെയ്തു. സ്ക്കൂളിൽ വന്നാണ് കൊണ്ടുപോയത്. രേഖകളില്ലാതെ ജോലി ചെയ്തു എന്നതാണ് കുറ്റം.
അങ്ങനെ ഞങ്ങളുടെ മലർപ്പൊടിക്കാരന്റെ സ്വപ്നം വീണങ്ങ് ഉടഞ്ഞുപോയി.

അക്കാലത്ത് എന്നും ഡെയ്ലി നേഷൻ എന്ന പത്രം വായിച്ചിരുന്നു. അതിന്റെ ക്ലാസ്സിഫൈഡ് കോളത്തിൽ “മാരീഡ് കപ്പിൾസ് വാണ്ടഡ്” എന്ന് നിരന്തരമായി ഒരു കുട്ടിപ്പരസ്യം കണ്ടിരുന്നു. തിക്കയിലുള്ള ഇക്വേറ്റർ ഹൈസ്ക്കൂൾ എന്ന വിദ്യാലയത്തിലേക്കാണ് അദ്ധ്യാപകരെ ആവശ്യം. അതിനെപ്പറ്റി അന്വേഷിച്ചപ്പോൾ മലയാളികളായവരെല്ലാം പറഞ്ഞു തന്നത്, അത് വലിയൊരു തട്ടിപ്പ് പ്രസ്ഥാനമാണ് എന്നാണ്. ജോലിക്കെടുത്തു കഴിഞ്ഞാൽ ഉടൻ വർക്ക് പെർമിറ്റ് സ്റ്റാമ്പ് ചെയ്യാൻ എന്നു പറഞ്ഞ് പാസ്പോർട്ട് വാങ്ങിക്കും. അതു പിന്നീടൊരിക്കലും തിരികെ കിട്ടില്ല. വലിയ തുക ശമ്പളമൊക്കെ പറയും, പക്ഷേ തരുന്നത് മൂന്നിലൊന്നായിരിക്കും. ഇങ്ങനെ ആ പരസ്യദാതാവ് ഒരു രാക്ഷസനാണെന്ന് പലരിൽ നിന്നറിഞ്ഞതിന്റെ പേരിൽ അവിടെ തൊഴിൽ തേടി പോകാൻ എനിക്ക് മടിയായിരുന്നു. പക്ഷേ സ്ഥിരോത്സാഹം പ്രകടിപ്പിക്കുന്ന ആ പരസ്യത്തെ തീർത്തും കൈവിടാനും മനസുവന്നില്ല.

ന്യായോ ഹൗസ്

അപ്പോഴാണ് മറ്റൊരു ഉപദേശകന്റെ ഉപദേശം സ്വീകരിച്ച് ഇമിഗ്രേഷൻ വകുപ്പിൽ പെർമിറ്റുകൾക്ക് അവസാന വാക്ക് പറയേണ്ട ഒരു ഉദ്യോഗസ്ഥനെ കാണാൻ പോയതും ഭാഗ്യം കൊണ്ടു മാത്രം അവിടെ നിന്ന് തടിയും കൊണ്ട് രക്ഷപ്പെട്ടതും. നയ്റോബിയിലെ കെന്യാറ്റാ അവന്യൂവിന്റെ ഒരറ്റത്ത്, ഇപ്പോഴത്തെ ഉഹുറു ഹൈവേയെ നോക്കി നിൽക്കുന്ന ജമൂരി പാർക്ക് (Jamhuri Park). എല്ലാ ‘ഉഹുറു’ (സ്വാതന്ത്ര്യ) ദിനത്തിലും തന്റെ കയ്യിലെ ആനക്കൊമ്പിൽ സ്വർണം കെട്ടിയ ഗോത്രവർഗ്ഗത്തലവന്റെ ‘ചെങ്കോൽ’ ചുഴറ്റിക്കൊണ്ട് നാലു മണിക്കൂർ പോലും നീണ്ടുപോയേക്കാവുന്ന ആത്മപ്രശംസയും ഭീഷണിയും നിറഞ്ഞ പ്രസംഗം പറയാ‍ൻ മോയ് സവീൽ റോയിൽ നിന്ന് ഇറക്കുമതി ചെയ്ത സൂട്ടണിഞ്ഞ് എത്തുന്ന ഇടമാണ് ജമൂരി പാർക്ക്. അങ്ങോട്ട് നോക്കിനിൽക്കുന്ന ഒരു ബഹുനിലക്കെട്ടിടമാണ് ന്യായോ ഹൗസ് എന്ന, മോയ് യുടെ എല്ലാ അന്വേഷണ ഏജൻസികളുടെയും ഒപ്പം ഇമിഗ്രേഷൻ വകുപ്പിന്റെയും ആസ്ഥാനം. നാട്ടിൻപുറത്തുള്ള ചില്ലറ റെബലുകളെ വിരട്ടാനായി കാനു (ദേശീയപാർട്ടി)വിന്റെ ലോക്കൽ നേതാക്കൾ പറഞ്ഞിരുന്നത്രെ,“നിന്നെ ഞാൻ ന്യായോ ഹൗസിൽ കൊണ്ടുപോകും” എന്ന്. ആ ‘ഹൗസി’നുള്ളിൽ “ദണ്ഡനമുറികൾ” (torture chambers) ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്.

ഉപദേശകൻ പറഞ്ഞത്, അവിടെ ഒരു സ്ത്രീയാണ് വർക്ക് പെർമിറ്റുകൾ തീരുമാനിക്കുന്നതിന്റെ മേലധികാരി. നല്ല സ്ത്രീയാണ്. കണ്ടു സംസാരിച്ചു നോക്കു. മിക്കവാറും ശരിയാവും.

ചെയ്യുന്ന അബദ്ധത്തിന്റെ വലിപ്പമറിയാതെ ഞാൻ ന്യായോ ഹൗസിൽ ചെന്ന് കാണേണ്ട സ്ത്രീയുടെ പേർ പറഞ്ഞ് ഒരു അപ്പോയിന്റ്മെന്റ് ചോദിച്ചു. വലിയ അന്വേഷണങ്ങളൊന്നും ഇല്ലാതെ തന്നെ അവർ എനിക്ക് അനുമതി നൽകി. (ഞാൻ കാണാൻ ചെന്ന സ്ത്രീയുടെയോ അതിനുശേഷം കണ്ട ഓഫീസറുടെയോ പേരുകൾ ഇവിടെ ചേർക്കുന്നില്ല, മറന്നതല്ല.)

കെന്യാറ്റ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്റര്‍

എഴാമത്തെ നിലയിലായിരുന്നു ആ ആപ്പീസ്. അവരുടെ സെക്രട്ടറി എന്നെ അകത്തേക്കാനയിച്ചു. ഞാൻ അവരോട് എന്റെ പങ്കാളിയുടെ വർക്ക് പെർമിറ്റിനെക്കുറിച്ച് പറഞ്ഞു. അവർ അൽ‌പ്പം ധൃതിയിലായിരുന്നു. ബെല്ലടിച്ച് ഒരു അറ്റൻഡന്റിനെ വിളിച്ച് എന്നെ മറ്റൊരു ഓഫീസറെ ഏൽ‌പ്പിക്കാൻ അവർ പറഞ്ഞു. “നിങ്ങൾക്ക് പറയാനുള്ളതെല്ലാം അയാളോട് പറഞ്ഞോളു” എന്നു പറഞ്ഞ് അവർ പോയി.

ഞാൻ 11ാം നിലയിലെത്തി. അല്പം കൂടി ആഡംബരം കുറഞ്ഞ ഓഫീസ്. അവിടെ ആജാനബാഹുവായ ഒരു മനുഷ്യൻ. അയാൾ പക്ഷേ എന്നോട് ചിരിച്ചു. കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ ആ നല്ല ഓഫീസർ പറഞ്ഞു, “സർ, നിങ്ങളെ ആരോ നന്നായി തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.”
അയാൾ എന്നെ ഉറ്റുനോക്കി തുടർന്നു, “നിങ്ങളുടെ ഭാര്യ വർക്ക് പെർമിറ്റ് ആവശ്യമുള്ള ഒരു എംപ്ലോയി ആണ്. അവരെ ആവശ്യമുള്ള സ്ക്കൂൾ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാപനമാണ് ഇവിടെ വരേണ്ടത്. അതല്ലാതെ ഇപ്പോഴും ടൂറിസ്റ്റ് വിസയിൽ കഴിയുന്ന നിങ്ങളല്ല ഇവിടെ വരേണ്ടത്. അതുകൊണ്ട്, പോയി സി.ജി.ജി.എച്ച്.എസിന്റെ പ്രിൻസിപ്പലോട് ഇവിടെ വന്ന് പെർമിറ്റ് ‘പുഷ്’ ചെയ്യാൻ പറയൂ. ഇനി നിൽക്കണ്ട. വേഗം പൊയ്ക്കോളു.”

ന്യായോ ഹൗസിലെ കുപ്രസിദ്ധമായ ദണ്ഡനമുറികളിലൊന്ന്‌ / Photo: The Kenya Human Rights Commission

അപ്പോഴാണ് ഞാൻ ചെയ്ത ആന മഠയത്തരത്തെക്കുറിച്ച് എനിക്ക് ബോധമുണ്ടായത്. “ന്യായോ ഹൗസ്” എന്ന ആ രാവണങ്കോട്ടയിൽ നിന്ന് എന്നെ രക്ഷിച്ചത് രണ്ട് നല്ല ഉദ്യോഗസ്ഥരാണ്. എന്റെ സത്യസന്ധതയാവണം അവരെ അതിനു പ്രേരിപ്പിച്ചത് എന്ന് ഞാൻ അന്നും ഇന്നും വിശ്വസിക്കുന്നു. എന്നെ അതിലേക്ക് തള്ളിവിട്ടവർ ഒരുപക്ഷേ എനിക്ക് വന്നു ചേരാനിടയുള്ള ദുര്യോഗങ്ങൾ കണ്ട് ആസ്വദിക്കാം എന്നു കരുതിയിട്ടുണ്ടാവണം. പിന്നീട് അതിലൊരാളെ കണ്ടപ്പോൾ എനിക്കൊന്നും പിണയാഞ്ഞതിന്റെ വിഷമം ആ മുഖത്തുണ്ടായിരുന്നെന്ന് ഞാൻ മനസ്സിലാക്കി.

സർട്ടിഫൈഡ് തൊഴിൽരഹിതരായ ഞങ്ങൾ ഞങ്ങളിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. സെക്കൻഡ് ഹാൻഡ് ബുക്ക് കച്ചവടക്കാരിൽ നിന്ന് കുറെ അഗതാ ക്രിസ്റ്റി നോവലുകൾ വാങ്ങി. മോൾക്ക് വായിച്ചുപഠിക്കാൻ ‘ലേഡി ബേഡ്’ സീരീസിലെ ബുക്കുകളും ടേപ്പും. അത് അവൾക്ക് നല്ല പരിശീലനമായിരുന്നു. ഞങ്ങൾ തോന്നും പടിയങ്ങ് ജീവിച്ചു. നീണ്ട അവധിക്കാലം. ജയനും രാധയും ഞങ്ങളെ പലേടത്തേക്കും കൂടെ കൂട്ടാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ ഒഴിഞ്ഞുനിന്നു. അപ്പോൾ വീണ്ടും ‘ഇക്വേറ്റർ ഹൈസ്ക്കൂൾ’ പരസ്യം മനസ്സിൽ പൊന്തി വന്നു. ഞങ്ങൾ ആലോചിച്ചപ്പോൾ നമ്മുടെ നട്ടുകർ ഇത്രയും ദോഷം പറയുന്നുണ്ടെങ്കിൽ ആ മാനേജ്മെന്റിൽ എന്തെങ്കിലും നന്മയുണ്ടാവും എന്ന നിഗമനത്തിലെത്തി. പിറ്റേന്നു തന്നെ ഞാൻ അവർക്ക് ഒരു കത്തയച്ചു.
ഡിസംബർ രണ്ടാമത്തെ ആഴ്ച കൂടിക്കാഴ്ചക്കു ചെല്ലാൻ പറഞ്ഞ് മടക്കത്തപാലിൽത്തന്നെ ഇന്റർവ്യൂ കാർഡ് വന്നു.
അങ്ങനെ ഞാൻ തിക്കയിലേക്ക് ആദ്യത്തെ യാത്ര നടത്തി.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments