വി.ബി. ജ്യോതിരാജ് എന്ന കഥാകൃത്തുമായി ദീർഘകാല ബന്ധമുണ്ടായിരുന്നു എനിക്ക്. അതുകൊണ്ടുതന്നെ ആ വേർപാട് വല്ലാത്തൊരു ശൂന്യതയുണ്ടാക്കുന്നു. ഒരുപാട് കാര്യങ്ങൾ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യുമായിരുന്നു. എന്തുപ്രശ്നമുണ്ടായാലും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കും. മരിക്കുന്നതിന് ഒരുമാസം മുമ്പ് കാണാൻ പോയി. അസുഖബാധിതനായപ്പോൾ രണ്ടുതവണ കണ്ടു. ഇത്രമാത്രം ജീവിതത്തെ സ്നേഹിച്ചിരുന്ന, മറ്റൊരത്ഥത്തിൽ ജീവിതത്തെ ഭയപ്പെട്ടിരുന്ന ഒരാൾ ഉണ്ടോ എന്ന കാര്യം സംശയമാണ്. ജീവിക്കാനുള്ള ആഗ്രഹം അത്രമാത്രം അദ്ദേഹത്തിനുണ്ടായിരുന്നു.
അവസാന ഫേസ്ബുക്ക് പോസ്റ്റിലും വി.ബി. ജ്യോതിരാജ് പറഞ്ഞത്, അസുഖബാധിതനാണ്, എല്ലാവരെയും കാണാൻ തോന്നുന്നു എന്നൊക്കെയായിരുന്നു.
അവസാന സന്ദർശനത്തിലും അത് ബോധ്യമായിരുന്നു. കാൻസർ ബാധിതനായശേഷം അമലയിൽ ഓപറേഷൻ കഴിഞ്ഞ്, അതിജീവിക്കുമെന്നുതന്നെയാണ് അദ്ദേഹം കരുതിയിരുന്നത്.
ശബ്ദം നഷ്ടപ്പെടുന്നൊരു അവസ്ഥയുണ്ടായിരുന്നു. നേർത്ത ശബ്ദത്തിൽ, അക്ഷരങ്ങൾ അത്ര വ്യക്തമല്ലാത്ത രീതിയിൽ ഒരുതരം ശ്വാസം കൊണ്ട് സംസാരിക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. ഞങ്ങളൊക്കെ കാണാൻ ചെല്ലുന്ന സമയത്ത്, അങ്ങോട്ട് പറയുന്ന കാര്യങ്ങൾ കേൾക്കാം. മറുപടി പറയാനാകാതെ വരുമ്പോൾ ഒരു പുസ്തകമെടുത്ത്, അതിൽ എഴുതി കമ്യൂണിക്കേറ്റ് ചെയ്യും. അവസാന സമയംവരെ നവമാധ്യമങ്ങളിൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ വളരെ ലൈവായിരുന്നു. പിന്നീട് ഫേസ്ബുക്കിൽ എഴുതാൻ പറ്റാത്ത, വോയിസ് ഇടാൻ പറ്റാത്ത സമയത്തൊക്കെ മകന്റെ ഒരു കൂട്ടുകാരന്റെ സഹായത്തോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അവസാന പോസ്റ്റിലും അദ്ദേഹം പറഞ്ഞത്, അസുഖബാധിതനാണ്, എല്ലാവരെയും കാണാൻ തോന്നുന്നു എന്നൊക്കെയായിരുന്നു.
ആധുനികതയുടെ ഒരു ഘട്ടം കഴിയുമ്പോൾ, 70 കൾക്കുശേഷമാണ് അദ്ദേഹം കലാരംഗത്തേക്ക് ഇറങ്ങി വരുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അദ്ദേഹത്തിന് മാതൃഭൂമി കഥാമത്സരത്തിൽ സമ്മാനം കിട്ടുന്നു. എം.ടിയെ പോലെ പ്രതിഭാധനരായവരാണ് ആ ജൂറി കമ്മിറ്റിയിലുണ്ടായിരുന്നതെന്നാണ് കേട്ടിട്ടുള്ളത്. ഇളംപ്രായത്തിൽ തന്നെ അദ്ദേഹം സർഗശേഷി പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വീടിന് സാംസ്‌കാരികവും രാഷ്ട്രീയവുമായ ഒരു പശ്ചാത്തലം ഉണ്ടായിരുന്നു. ജ്യോതിരാജിന്റെ അച്ഛൻ സഖാവ് ബാലേട്ടൻ ആ പ്രദേശത്ത് കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഏറെ പങ്കുവഹിച്ചയാളായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലെ അന്തരീക്ഷം ജ്യോതിരാജിന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളുടേതിൽ നിന്ന് ഭിന്നമായിരുന്നു, ഗൗരവകരമായ ഒരു ലോകവീക്ഷണം രൂപപ്പെടുത്താനും സാഹിത്യം, രാഷ്ട്രീയം പോലുള്ള വിഷയങ്ങളിൽ താൽപര്യം ഉണ്ടാക്കാനും അത് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാകണം. അക്കാലത്ത് നല്ല കഥകൾ അദ്ദേഹം എഴുതിയിരുന്നു.
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ അക്കാലത്ത് രചന എന്നൊരു മാസിക നടത്തിയിരുന്നു, അതുമായി ബന്ധപ്പെട്ടൊക്കെ ജ്യോതിരാജും ഞങ്ങളും നിത്യസന്ദർശകനായിരുന്നു. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ക്രൂശ്ശ് എന്ന കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നത്. എസ്.എൻ.
കോളേജ് കാമ്പസിൽ പച്ചത്തുരുത്ത് എന്നുപേരുള്ള ഗ്രൗണ്ടിൽ ഞങ്ങൾ കുറച്ചുപേർ വട്ടത്തിലിരുന്ന് ആ പുസ്തകത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. അന്ന് ആ കഥകളൊക്കെ വിസ്മയത്തോടെയാണ് നമ്മൾ നോക്കികണ്ടിരുന്നത്. എം. മുകുന്ദൻ, ആനന്ദ്, സക്കറിയ തുടങ്ങിയവരൊക്കെ എഴുതിക്കൊണ്ടിരുന്ന സമയത്തു തന്നെ സവിശേഷമായ രീതിയിൽ കഥകളെഴുതാനുള്ള ശ്രമം അദ്ദേഹം നടത്തിയിരുന്നു. പിന്നെ അദ്ദേഹത്തെ കാണുന്നത് കോവളത്ത് വിദേശികളൊക്കെ ധാരാളം വരുന്ന റസ്റ്റോറന്റിൽ റിസപ്ഷനിസ്റ്റ് ആയാണ്. അന്ന് ഞങ്ങളവിടെ പോയി അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു. പിന്നെ സഞ്ചാരങ്ങളുമായി വിദേശത്തൊക്കെ പോകേണ്ടി വന്നു. വ്യക്തിപരമായി അദ്ദേഹം ഒരുപാട് പ്രശ്നങ്ങളനുഭവിച്ചിരുന്നു. വ്യക്തി എന്ന രീതിയിൽ ഏറ്റെടുക്കേണ്ട ഒരുപാട് പ്രശ്നങ്ങൾ, നേരിട്ട അവഗണനകൾ... അത്തരം സങ്കീർണതകളിലൂടെ കടന്നുപോയിട്ടുണ്ട്.
അധികം സംസാരിക്കുന്നയാളല്ല. എന്നാൽ, ഏറ്റവും അടുപ്പമുള്ളവരുമായി നന്നായി സംസാരിക്കും. വ്യക്തിപരമായ പ്രശ്നങ്ങൾ എന്നോട് ചർച്ച ചെയ്തിട്ടുണ്ട്. വെളിപ്പെടുത്താനാവാത്ത കാര്യങ്ങൾ കൂടി അതിലുണ്ട്. എനിക്ക് കൂടുതലായി അദ്ദേഹവുമായി അടുപ്പം വരുന്നത്, നേരറിവ് എന്നൊരു മാസികയുമായി ബന്ധപ്പെട്ടാണ്. അതിന്റെ നടത്തിപ്പിലും എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ് തുടങ്ങിയ കാര്യങ്ങളിലും സഹായിച്ച് ഒരുമിച്ചുണ്ടായിരുന്നു. 80 പേജുള്ളൊരു മാഗസിനായിരുന്നു, വരിക്കാരോ കൃത്യമായി പണമോ ലഭിക്കുന്ന സംഭവമൊന്നുമായിരുന്നില്ല. സാമ്പത്തിക ലാഭം പ്രതീക്ഷിച്ചിരുന്നുമില്ല. സാഹിത്യത്തോടുളള അദ്ദേഹത്തിന്റെ തീക്ഷ്ണമായ അഭിലാഷം തന്നെയാണ് അതുമായി സഹകരിക്കാൻ പ്രേരിപ്പിച്ചത്. ആ കാലത്താണ് ഞങ്ങൾ വളരെ അടുത്ത് ഇടപഴകിയത്. എന്റെ വീട്ടിൽ വരും, മദ്യപാനമൊക്കെ ഉണ്ടാകും. അപ്പോഴാണ് അദ്ദേഹം തുറന്നുസംസാരിക്കുക, അപ്പോഴാണ് അദ്ദേഹത്തിന്റെ ഉള്ള് അറിയാൻ കഴിയുക.
സ്വന്തം ശക്തിയും ദൗർബല്യവും കൃത്യമായി ബോധ്യമുള്ളൊരാളായിരുന്നു എന്നതുകൊണ്ടുതന്നെ അടിമുടി നവീകരിക്കാനുള്ള പരിശ്രമങ്ങൾ അവസാനകാലത്തൊക്കെ അദ്ദേഹം നടത്തിക്കൊണ്ടിരുന്നു
ഗ്രീൻ ബുക്സിൽ കുറച്ചുകാലം അദ്ദേഹം ഉണ്ടായിരുന്നു. വീട്ടിൽ തനിച്ചിരിക്കുക എന്നത് അദ്ദേഹത്തിന് ആലോചിക്കാൻ പറ്റാത്ത കാര്യമായിരുന്നു. ഒരുപാട് പുസ്തകങ്ങൾ പ്രസിദ്ധീകരണയോഗ്യമാക്കുന്ന ഇടപെടലുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. കഥകളുടെ സമാഹാരം ഗ്രീൻ ബുക്സ് തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്. പ്രവാസ ജീവത്തിനിടയ്ക്ക് കഥയെഴുത്തിന്റെ നൈരന്തര്യം ഇടക്കുവെച്ച് മുറിഞ്ഞ് പോയിരുന്നല്ലോ. പക്ഷെ വീണ്ടും സാഹിത്യലോകത്തേക്കിറങ്ങിവന്ന് കഥകളൊക്കെ എഴുതാൻ തുടങ്ങുന്ന അല്ലെങ്കിൽ അതിന് സജ്ജമാകുന്ന ഘട്ടത്തിലാണ് അദ്ദേഹം രോഗബാധിതനായത്.
അദ്ദേഹം തുടക്കത്തിൽ എഴുതിയ കഥകളിലെ ഭാവുകത്വത്തിൽ നിന്ന് വലിയ മാറ്റം പിന്നീട് സംഭവിച്ചിരുന്നു. അത് അദ്ദേഹം തിരിച്ചറിയുന്നുണ്ടായിരുന്നു. സ്വന്തം ശക്തിയും ദൗർബല്യവും കൃത്യമായി ബോധ്യമുള്ളൊരാളായിരുന്നു എന്നതുകൊണ്ടുതന്നെ അടിമുടി നവീകരിക്കാനുള്ള പരിശ്രമങ്ങൾ അവസാനകാലത്തൊക്കെ അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. ദൗർഭാഗ്യവശാൽ രോഗബാതിധനാവുകയും എഴുത്തുമായി മുന്നോട്ടുപോകാൻ കഴിയാതാവുകയും ചെയ്തു. ഇല്ലെങ്കിൽ സമീപകാലത്ത് ധാരാളം നല്ല കഥകൾ അദ്ദേഹത്തിൽ നിന്നുണ്ടാകുമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അദ്ദേഹവുമായുള്ള അടുപ്പത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഈ നിഗമനം ഞാൻ മുന്നോട്ടുവെക്കുന്നത്.
സാമൂഹ്യ ഉൽക്കണ്ഠ അവസാന നിമിഷം വരെ നിലനിർത്തിയിരുന്ന എഴുത്തുകാരനായിരുന്നു. പക്ഷെ പ്രതിബദ്ധത എന്നൊക്കെ പറഞ്ഞ് നെറ്റയിലൊട്ടിച്ച് നടക്കുകയായിരുന്നില്ല, സാഹിത്യത്തിലോ കഥയിലോ പ്രത്യയശാസ്ത്രഭാരമൊന്നും അനുഭവപ്പെട്ടിരുന്നില്ല.
വെറുമൊരു എഴുത്തുകാരൻ എന്ന രീതിയിൽ ദന്തഗോപുരത്തിലിരിക്കുകയായിരുന്നില്ല അദ്ദേഹം. വളരെ ലൈവായിരുന്നു. സമീപകാലത്ത് ഫേസ്ബുക്കിൽ വന്ന അദ്ദേഹത്തിന്റെ പ്രതികരണങ്ങളൊക്കെ ശക്തമായ രാഷ്ട്രീയ നിലപാടുകളായിരുന്നു. സാമൂഹ്യ ഉൽക്കണ്ഠ അവസാന നിമിഷം വരെ നിലനിർത്തിയിരുന്ന എഴുത്തുകാരനായിരുന്നു. പക്ഷെ പ്രതിബദ്ധത എന്നൊക്കെ പറഞ്ഞ് നെറ്റയിലൊട്ടിച്ച് നടക്കുകയായിരുന്നില്ല, സാഹിത്യത്തിലോ കഥയിലോ പ്രത്യയശാസ്ത്രഭാരമൊന്നും അനുഭവപ്പെട്ടിരുന്നില്ല. സി.വി. ശ്രീരാമനുമൊക്കെയായി നല്ല ബന്ധമുണ്ടായിരുന്നു. ശ്രീരാമന്റെ കഥക്ക് ഒരു ലൈനുണ്ടല്ലോ; അദ്ദേഹം പാർട്ടി ആക്ടിവിസ്റ്റായിരിക്കുമ്പോൾ തന്നെ കഥകളിൽ അത് അങ്ങനെയല്ല പ്രതിഫലിക്കുക. കഥ കഥയായിട്ടു തന്നെയാണ്. അത്തരത്തിലുള്ളൊരു രീതിയാണ് ജ്യോതിരാജിനും ഉണ്ടായിരുന്നത്. അടിമുടി പൊളിറ്റിക്കലായിരുന്നു. അദ്ദേഹത്തിന്റെ ഉൽകണ്ഠകൾ പങ്കുവെയ്ക്കുമ്പോൾ അത് നമുക്ക് നന്നായി ഫീൽ ചെയ്യും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദന അനുഭവിക്കുന്ന അനവധിപേരിൽ ഒരാളാണ് ഞാനും. ▮
(2019ൽ വി.ബി. ജ്യോതിരാജ് എഴുതിയ കഥയാണ് ‘മരിച്ചവന്റെ കഥ’)