സി.വി. ശ്രീരാമൻ

കഥ പറയു​മ്പോൾ കരയും, ചിരിക്കും;
​അത്ര സ്വഭാവികമായിരുന്നു സി.വി. ശ്രീരാമൻ

മലയാളത്തിലെ ആധുനികതാവാദത്തിന്റെ വിശകലനങ്ങളിലൊന്നും പെടാതിരുന്ന സി.വി. ശ്രീരാമൻ കൊട്ടിഘോഷിക്കപ്പെട്ട പല കഥാകാരന്മാരേക്കാളും എത്രയോ മുന്നിൽ ആധുനികനായിരുന്നു- കഥാകൃത്തിന്റെ നവതി വർഷത്തിൽ ആ കഥാപ്രപഞ്ചത്തിലൂടെ ഒരു സഞ്ചാരം

മുത്തശ്ശിയും നാട്ടുകാരും കൂട്ടുകാരും പറഞ്ഞു തന്ന കഥകളും ചെറുകഥ എന്ന സാഹിത്യരൂപവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും ചെറുകഥയെ ആനയിച്ചത് ആധുനികതയാണെന്നും ഒക്കെ സൈദ്ധാന്തികമായി പറയുന്നവരുണ്ട്. അങ്ങനെ പറയുന്നതിൽ തെറ്റുണ്ടെന്നു പറയാൻ കഴിയില്ല. പകർപ്പവകാശമുള്ള എഴുത്തുകാരനെന്ന പോലെ ‘ലക്ഷണമൊത്ത’ കഥാകാരനും പിറന്നത് ആധുനികതയ്ക്കു ശേഷമായിരിക്കാം. എന്നാൽ, തന്റെ അനുഭവത്തിൽ നിന്ന്​ കഥ പറഞ്ഞവരുടെ പാരമ്പര്യത്തിൽ നിന്നുകൊണ്ട് ചെറുകഥ എന്ന സാഹിത്യരൂപത്തിൽ എഴുതുന്ന കഥാകാരന്മാരുണ്ട്.
സി.വി. ശ്രീരാമൻ അങ്ങനെയായിരുന്നു.
അയാൾ കഥയുള്ള കഥകളെഴുതി.
കഥാംശമില്ലാത്ത കഥകൾ ശ്രീരാമൻ എഴുതിയതേയില്ല.
കാര്യമില്ലാത്ത കഥകളും ശ്രീരാമൻ എഴുതിയില്ല.
ജീവിതത്തെ സ്‌നേഹിക്കുന്നവൻ എഴുതുന്ന കഥകളായിരുന്നു അത്.
​ശ്രീരാമന്റെ കഥാഭാവനയിൽ ജീവിതനിരാസത്തിന് സ്ഥാനമുണ്ടായിരുന്നില്ല. ഏറ്റവും നിന്ദിക്കപ്പെടുന്ന ഒരു മനുഷ്യന്റെ ജീവിതം വച്ച തട്ടു പോലും ശ്രീരാമന്റെ ന്യായത്തുലാസിൽ എപ്പോഴും താണു കിടന്നു. തങ്കക്കട്ടികളും ഡോളർ നോട്ടുകളും വിദ്യാധനവുമല്ലാം നിറച്ച മറുതട്ടിന് അതിനെ തുലനം ചെയ്യാൻ കഴിയുമെന്ന് ശ്രീരാമൻ കരുതിയതേയില്ല. ജീവിതത്തോടുള്ള കഥാകാരന്റെ തെളിഞ്ഞ ആഭിമുഖ്യങ്ങളാണ് അയാൾ രചിച്ച കഥകളിൽ പ്രതിഫലിച്ചത്.

കഥാസാഹിത്യ സിദ്ധാന്തത്തിന്റെ വിശകലനങ്ങളിൽ സാഹിത്യ പ്രസ്ഥാനങ്ങളിലൊന്നും പങ്കു പറ്റാതെയിരുന്ന ഇയാൾ അവസാനത്തെ കഥ പറച്ചിലുകാരൻ ആയിത്തീരുന്നു. എന്നാൽ, ഈ കഥ പറച്ചിലിന്നിടയിൽ കോടതിയിലെ വ്യവഹാരങ്ങളും രാഷ്ട്രീയാവബോധവും നൽകിയ യുക്തിവിചാരം കൂടിച്ചേരുന്നുണ്ടായിരുന്നു. കഥയെന്ന സാഹിത്യരൂപത്തോട് ഇണക്കത്തിൽ നിൽക്കാൻ സി.വിക്കു കഴിഞ്ഞത് ഇങ്ങനെയാണ്. ഈ ദ്വൈതം അദ്ദേഹത്തിന്റെ കഥകളെ ആകർഷകമാക്കിയെന്നും പറയണം. മലയാളത്തിലെ ആധുനികതാവാദത്തിന്റെ വിശകലനങ്ങളിലൊന്നും പെടാതിരുന്ന സി.വി. കൊട്ടിഘോഷിക്കപ്പെട്ട പല കഥാകാരന്മാരേക്കാളും എത്രയോ മുന്നിൽ ആധുനികനായിരുന്നു.

സി.വി. ശ്രീരാമന്റെ കഥനകല അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റേയും പുരോഗമന സാഹിത്യപ്രസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളുടേയും അതിർവരമ്പുകളെ അതിലംഘിക്കുന്നതായിരുന്നു

ശ്രീരാമന്റെ കഥയെഴുത്തുരീതിയെ കുറിച്ച് ഭാര്യ യശോദ ഇങ്ങനെ പറയുന്നുണ്ട്: “എഴുതുന്നതിനു മുമ്പ് കഥ എന്നോടു പറയും. അടുപ്പമുള്ള സുഹൃത്തുക്കളോടും പറയും. കഥ പറയുമ്പോൾ കരയുകയും ചിരിക്കുകയുമൊക്കെ ചെയ്യും. അത്രയ്ക്ക് സ്വാഭാവികമാണ് കഥ പറച്ചിൽ രീതി. എഴുതുന്നതിന് ഒന്നോ രണ്ടോ മാസങ്ങൾക്കു മുമ്പ് കഥ മനസ്സിൽ വന്നിട്ടുണ്ടായിരിക്കും. അത് ആലോചിച്ചിരുന്ന് മാറ്റി മാറ്റി കഥയായി മനസ്സിൽ രൂപപ്പെടുത്തിയതിനു ശേഷമേ ആളുകളോടു പറയാൻ തുടങ്ങൂ. അതിനുശേഷമാണ് എഴുതുന്നത്.”

കഥ പറച്ചിലുകാരൻ ചെറുകഥാകൃത്തായി മാറിത്തീരുന്നതെങ്ങനെയെന്ന് സി.വി. ശ്രീരാമനിൽ കണ്ടെത്താൻ കഴിയുമായിരുന്നു. സി.വി. ശ്രീരാമൻ ലൗകിക ജീവിതത്തിന്റെ കഥകൾ എഴുതുന്നു. സാധാരണക്കാരന്റെ ഭാഷയിൽ, ആർക്കും മനസ്സിലാകുന്ന രീതിയിൽ എഴുതുന്നു. കഥയുടെ ക്രാഫ്റ്റിനെ കുറിച്ച് ഈ കഥാകാരൻ ഏറെ ഉൽക്കണ്ഠപ്പെട്ടിട്ടുള്ളതായി തോന്നുന്നില്ല. അവ ഒരിക്കലും സാങ്കേതിക പരീക്ഷണങ്ങളായിരുന്നില്ല. എങ്കിലും, ഏവർക്കും അത് ആകർഷണീയമായി തോന്നുന്നു. നമ്മുടെ അനുഭവപരിധികളിൽ വരുന്ന കാര്യങ്ങളെ കുറിച്ചു തന്നെയാണ് ഇയാൾ എഴുതിയത്. പക്ഷേ, നമ്മുടെ സാമാന്യനോട്ടം കാണാത്തതു കാണാനും അനുഭവിക്കാനും പകരാനും ശ്രീരാമനു കഴിഞ്ഞു.

സി.വി. ശ്രീരാമൻ

യാത്രകൾ, സഞ്ചാരങ്ങൾ, ഓർമകൾ, സന്ദർശനങ്ങൾ, പുനഃസന്ദർശനങ്ങൾ, കോടതി വ്യവഹാരങ്ങൾ, തിരിച്ചുവരവുകൾ... ശ്രീരാമന്റെ കഥകൾ എഴുതപ്പെടുന്ന പ്രധാന വഴികൾ ഇവയെല്ലാമായിരുന്നു. മനുഷ്യൻ ഒരൊറ്റ ജാതിയാണെന്നു കരുതുന്ന ശ്രീനാരായണാദർശം പല പ്രധാന കഥകളിലും തിരി നീട്ടുന്നതു കാണാം. ദേശവും ഭാഷയും സംസ്‌കാരവും വേർതിരിക്കുന്നവരെ ഒന്നിച്ചു ചേർത്തു നിർത്താനുള്ള അദമ്യമായ ഒരു അഭിലാഷം ഈ കഥകളിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇവ മനുഷ്യജീവിതത്തിലെ നിസ്സഹായ പ്രകരണളെ കാണിച്ചു തരുന്നു. അലംഘനീയമെന്നോണം കടന്നുവരുന്ന ജീവിതാവസ്ഥകളെ അനാവരണം ചെയ്യുന്നു. പലേ മനുഷ്യരും നെഞ്ചേറ്റുന്ന ധർമവ്യഥകളേയും ആത്മവഞ്ചനകളേയും കുറിച്ച് പറയുന്നു. അവരിൽ നിന്നുയരുന്ന കുറ്റബോധത്തിന്റേയും വഞ്ചനയുടേയും കാപട്യത്തിന്റേയും സ്വരങ്ങളും ഈ കഥകളിൽ നിന്ന്​ കേൾക്കുന്നു. എന്നിട്ടും നീതി നിറഞ്ഞ, സുന്ദരമായ ലോകത്തെ സ്വപ്നം കാണുന്നു. ഒട്ടുചെടി, മുഖം പത്മദളാകാരം, വസന്തത്തിലെ ചിറകുകൾ, വാസ്തുഹാര, ക്ഷുരസ്യധാര, ഒരന്വേഷകയോടൊപ്പം അൽപനേരം, ഇരിക്കപ്പിണ്ഡം, ചിദംബരം എന്നീ ശീർഷകങ്ങളിലുള്ള ശ്രീരാമൻ കഥകളിലൂടെ നടത്തുന്ന ഒരു സന്ദർശനമാണ് ഈ ലേഖനം.

മലയാളത്തിലെ ഏറ്റവും നല്ല കഥകളുടെ ഗണത്തിൽ പെടുത്തേണ്ടുന്ന കഥയാണ് വാസ്തുഹാര. ഒരൊറ്റ കഥയല്ല, അനവധി കഥകളുണ്ടതിൽ

കലർപ്പിന്റെ രാഷ്​ട്രീയം

ജീവിതസാഫല്യത്തിന്റെ സന്തോഷാശ്രുക്കളെ മനസ്സിൽ കണ്ട് വായനക്കാരനും കണ്ണീർ പൊഴിക്കുന്ന കഥയാണ് ഒട്ടുചെടിയിൽ ശ്രീരാമൻ എഴുതിയിരിക്കുന്നത്. ഒട്ടുചെടി എന്ന വാക്കിൽ അന്യമായവയെ കൂട്ടിച്ചേർക്കുന്നതിന്റെ സൂചനയുണ്ടല്ലോ? ഈ കഥയ്ക്കു യോജിക്കുന്ന രൂപകമാണത്. അഴിക്കപ്പെടേണ്ട രൂപകം. ഒട്ടുചെടി എന്ന വാക്കിന്റെ അടിത്തട്ടിൽ ആധുനിക ശാസ്ത്രത്തിന്റെ ഒരു നൂതന സങ്കൽപനമുണ്ട്. ജീവജാലങ്ങളുടെ പരിണാമത്തെയും മാറ്റത്തെയും നിലനിൽപ്പിനെയും കുറിച്ചുള്ള സങ്കൽപനമാണത്. ഇതിനെ മനുഷ്യന്റെ സാമൂഹിക ജീവിതത്തിലേക്കു വ്യാപിപ്പിച്ചു പറയുകയാണ്, കഥാകാരൻ. അത് കൃത്രിമമായ ഒരു അതിവ്യാപനത്തെയല്ല സൃഷ്ടിക്കുന്നത്. മനുഷ്യന്റെ മൂല്യവ്യവസ്ഥ അന്യമെന്നും അരുതെന്നും വിധിക്കുന്നതിനെ കൂട്ടിച്ചേർക്കുകയും അതു വീറോടെ വളരുകയും ചെയ്തതിന്റെ കഥ തന്നെ ഇത്. ആ കൂട്ടിച്ചേർക്കലിനെതിരെ പറയാൻ ധാരാളം ഒഴികഴിവുകളുണ്ടായിരുന്നു. അവർ വ്യത്യസ്ത കുലങ്ങളിലും സംസ്‌കാരങ്ങളിലും പെട്ടവർ. അയാൾ ആദ്യഭാര്യയെ ചവിട്ടിക്കൊന്ന കുറ്റവാളിയാണെന്നും പ്രചരിക്കുന്നുണ്ടായിരുന്നു. അവയ്‌ക്കൊന്നിനും ആ മദ്രാസി ബാബുവിന്റെ നിശ്ചയത്തെ തടയാൻ കഴിഞ്ഞില്ല. കുലത്തിനും വംശത്തിനും ഒക്കെ ഉപരിയായി മാനവികതയെ പ്രതിഷ്ഠിച്ചു കൊണ്ടാണ് അയാൾ ആ ചേർത്തുവയ്ക്കൽ നടത്തിയത്. തെറ്റുകളും കുറ്റങ്ങളും ആപേക്ഷികമാണെന്നും ഒരാളെ എന്നന്നേക്കുമായി ബഹിഷ്‌ക്കരിക്കാനുള്ള മാർഗ്ഗമായി ഇവ മാറിക്കൂടെന്നും അയാൾ കരുതിയിരിക്കണം. മൈഥിലിയുടെ ആദ്യ ഭർത്താവ് നാളുകൾക്കു ശേഷം അവളെ തേടി വരുന്നുണ്ട്. നല്ല മനുഷ്യൻ. അവൾ അയാളെ കാണാൻ വിസമ്മതിച്ചു. അവൾ പറയുന്നു; “എന്റെ ഏറ്റവും ദുരിതം പിടിച്ച നാളുകളിൽ ദൈവം പോലെയുള്ള ആ മദ്രാസി ബാബുവാണ് നമ്മളെ കൂട്ടിയിണക്കിയത്. ഈ ജീവിതത്തിൽ എനിക്കിനി ഈ ബന്ധം തന്നെ മതി.’’

ഒരു പുനഃസന്ദർശനത്തിന്റെ കഥയുമാണിത്. ജീവിതത്തിലെ അത്യന്തം നാരകീയവും ദുരിതമയവുമായ ഒരു വേളയിൽ കൂട്ടിച്ചേർക്കപ്പെടുകയും സംതൃപ്തമായ ജീവിതത്തിലേക്കു നയിക്കപ്പെടുകയും ചെയ്ത ദമ്പതികളെ കാണാൻ, അവരെ കൂട്ടിച്ചേർത്ത മദ്രാസി ബാബു എത്തിച്ചേരുകയാണ്. ശുദ്ധിയും തനിമകളുമല്ല, കൂടിച്ചേരലുകളും കലർപ്പുകളുമാണ് മനുഷ്യരാശിയെ മുന്നോട്ടു നയിക്കുന്നതെന്ന, അതാണ് സ്ഥിതാവസ്ഥയെയും ദുരിതാവസ്ഥയെയും ഭേദിക്കുന്നതെന്ന, മാറ്റത്തെ കൊണ്ടുവരുന്നതെന്ന പ്രഖ്യാപനം ഈ കഥയിൽ മുഴങ്ങുന്നു. ഇത് ഈ കഥയുടെ മാത്രം പ്രമേയവുമല്ല. നേരത്തെ സൂചിപ്പിച്ചതു പോലെ വിശുദ്ധജനുസ്സിനു വേണ്ടിയുള്ള വാദങ്ങളും പ്രണയം സൃഷ്ടിക്കുന്ന കലർപ്പുകളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ, സി.വി.യുടെ പല കഥകളുടേയും പ്രമേയമാണ്. ജനിതകശാസ്ത്രം അദ്ദേഹത്തിന് ഇഷ്ടവിഷയമായിരുന്നു.

നാടുവിട്ട് ആൻഡമാൻ ദ്വീപസമൂഹങ്ങളിലേക്കും ബംഗാളിലേക്കും ശ്രീലങ്കയിലേക്കും മലേഷ്യയിലേക്കും ഒക്കെ സഞ്ചരിക്കുന്ന കഥാകാരൻ ദേശത്തേയും ഭാഷയേയും വംശത്തേയും അതിവർത്തിക്കുന്ന പ്രണയങ്ങളെ കുറിച്ചെഴുതുന്നു. കലർപ്പുകളിൽ വ്യാപരിക്കുന്ന ആളെയാണ് ഇവിടെ കണ്ടെത്താൻ കഴിയുക.
“ഡിസംബറിൽ ഞങ്ങളുടെ നാട്ടിൽ കൊയ്ത്തുകാലമാണ്. നിന്റെ നാട്ടിൽ നെല്ലു നടാൻ തുടങ്ങുമ്പോൾ എന്റെ നാട്ടിൽ കൊയ്ത്തു കഴിഞ്ഞിരിക്കും. ഈ സംസ്‌കാരവ്യത്യാസം നമ്മൾ തമ്മിൽ എല്ലാത്തിലും കാണും.”
“നിങ്ങൾ ക്രൂരമായ വാക്കുകൾ ഉപയോഗിക്കുന്നു.’’

അഭിഭാഷകവൃത്തിയെ ലൈംഗികത്തൊഴിലിനൊപ്പം നിർത്തി തുല്യതയോടെ പരിചരിക്കുന്ന നിർമ്മലമായ പ്രഭാതം എന്ന കഥ ലൈംഗികത്തൊഴിലിനെ എല്ലാ തൊഴിലിനുമൊപ്പം നിർത്തിക്കൊണ്ട് നവസാമൂഹികപ്രസ്ഥാനങ്ങളുടെ ആദർശത്തെ മുന്നേ തന്നെ പ്രസരിപ്പിക്കുന്നു.

കലർപ്പിനെതിരെ പറയുന്ന വാക്കുകൾ ക്രൂരമാണ്. ആ വാക്കുകൾ പ്രണയത്തിനെതിരാണ്. മനുഷ്യർക്കിടയിലെ പ്രണയം ലോകപ്രണയം തന്നെയാണ്. സംസ്‌കാരഏകതയ്ക്കു വേണ്ടിയല്ല, സംസ്‌കാരനാനാത്വത്തിനു വേണ്ടിയാണ് സംസാരിക്കേണ്ടത്. നാനാത്വങ്ങളെ ബഹുമാനിക്കണം. മുകളിൽ എഴുതിയ വാക്യങ്ങൾ കടന്നുവരുന്ന വസന്തത്തിലെ ചിറകുകൾ എന്ന കഥയിൽ മൂന്നു പ്രണയങ്ങളെ കുറിച്ചു പറയുന്നുണ്ട്. നാളുകൾക്കു മുമ്പ് ആഖ്യാനകാരൻ അനുഭവിച്ച പ്രണയത്തിന്റെ ഓർമയിൽ അയാൾ മറ്റു രണ്ടു പ്രണയങ്ങൾക്കു സാക്ഷ്യം വഹിക്കുകയാണ്. വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ളവർ, വ്യത്യസ്ത ഭാഷകളിലുള്ളവർ, വ്യത്യസ്ത ദേശങ്ങളിലുള്ളവർ പ്രണയിക്കുന്നു. ലോകത്തെ മാറ്റുന്ന പ്രണയങ്ങളാണത്. ബോൾപ്പൂരിൽ നിന്നുള്ള തീവണ്ടിയാത്രക്കിടയിൽ ആഖ്യാനകാരനെ പരിചയപ്പെടുന്ന ഒരു ബംഗാളി യുവാവ് അയാളുടെ കൈവശമിരിക്കുന്ന മലയാളസാഹിത്യപതിപ്പ് വില നൽകി വാങ്ങുകയും റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്ന മലയാളിയായ കാമുകിക്കു സമ്മാനിക്കുകയും ചെയ്യുന്ന കഥാസന്ദർഭം വംശ, ദേശ, ഭാഷ, സംസ്‌കാരങ്ങളെ മറികടക്കുന്ന പ്രണയത്തെയാണ് വരച്ചിടുന്നത്. ഇക്ബാലിനെ പ്രണയിച്ച് അയാളോടൊപ്പം ജീവിക്കാൻ മകൾ ഇറങ്ങിത്തിരിച്ചതിൽ വ്രണിതയായി ഭർത്താവിനൊപ്പം ആത്മഹത്യക്കു ശ്രമിച്ച അഞ്ജലി വെങ്കിടേശൻ എല്ലാ മുറിവുകളും ഉണക്കുന്ന കാലത്തെ കുറിച്ചു പറയുന്നതും മകളോടും ഭർത്താവിനോടുമൊപ്പം കഴിയുന്നതും വിപുലാച പൃഥ്വീ എന്ന കഥയിൽ എഴുതപ്പെടുന്നുണ്ട്. പിറവി കൊണ്ട നാട്ടിൽ പോലും അന്യം നിന്ന വേഷത്തിലും രൂപത്തിലും ശബ്ദത്തിലും പ്രത്യക്ഷപ്പെടുന്ന ഒരു അത്ഭുതസ്ത്രീയെ അവതരിപ്പിക്കുന്ന കലർപ്പില്ലാതെ എന്ന കഥയിലെ ബോട്ട് മാസ്റ്റർ ജെട്ടിയിൽ ഇറങ്ങുന്നതു പോലും ഹിന്ദുസ്ഥാനിയും ഉറുദുവും മലയാളവും കലർന്ന ഒച്ചയിലാണ്.വെളുത്ത പക്ഷിയെ കാത്ത്, കൗസല്യമൂത്തമ്മ എന്നീ കഥകളിൽ ശ്രീരാമനിലെ കലർപ്പിന്റെ രാഷ്ട്രീയത്തിനു വിരുദ്ധമായ ജീവിതസന്ദർഭങ്ങളുടെ ആഖ്യാനങ്ങളുണ്ട്. സവിശേഷജനുസ്സിലുള്ള തന്റെ പൂച്ചയ്ക്ക് ഒസ്യത്തെഴുതാൻ തീരുമാനിച്ചിരുന്ന കൗസല്യമൂത്തമ്മ, അത് കാടൻപൂച്ചയോടൊപ്പം ഇറങ്ങുമ്പോൾ ഇരുമ്പുവടി കൊണ്ട് തച്ചു കൊല്ലുകയാണ്. വിശുദ്ധജനുസ്സിലുള്ള വിശ്വാസം അത്രയ്ക്കുണ്ട്, കൗസല്യമൂത്തമ്മയിൽ.

മലയാളിയെക്കുറിച്ചുള്ള രാഷ്​ട്രീയ വിമർശനം

മലയാളത്തിലെ ഏറ്റവും നല്ല കഥകളുടെ ഗണത്തിൽ പെടുത്തേണ്ടുന്ന കഥയാണ് വാസ്തുഹാര. ഒരൊറ്റ കഥയല്ല, അനവധി കഥകളുണ്ടതിൽ. ദേശ, ഭാഷകളെ അതിവർത്തിക്കുന്ന സ്‌നേഹത്തിന്റെ ആർജ്ജവവും വിശുദ്ധിക്കു വേണ്ടിയുള്ള വാദങ്ങളുടെ സങ്കുചിതത്വവും ഇതിൽ ആവിഷ്‌ക്കരിക്കപ്പെടുന്നു. കഥയിലെ രണ്ടു ബംഗാളി സ്ത്രീകൾ; ആരതി പണിക്കരും അവരുടെ മകൾ ദമയന്തിയും, മലയാളികളെ കുറിച്ചു പറയുന്ന കാര്യങ്ങൾ കേരളീയ നവോത്ഥാനത്തിന്റെ പൊങ്ങച്ചത്തിനു നേരെയുള്ള വലിയ വിമർശനങ്ങളായി മാറുന്നുണ്ട്. ആരതിപ്പണിക്കരുടെ വാക്കുകൾ ഇങ്ങനെ: “നിങ്ങളുടെ നാട്ടിൽ ഞാൻ കണ്ടത് ഒരു പറ്റം ശ്മശാനഭൂതങ്ങളെയാണ്. ഞാനും നിന്റെ അമ്മാമനും ഒരു ടാക്‌സിയിൽ നിന്നിറങ്ങി നട്ടുച്ചയ്ക്ക് ഒരു വലിയ പാടം കടന്ന് വിശന്നു വലഞ്ഞാണ് അവിടെ ചെന്നത്. ചെല്ലുമ്പോൾ ഗെയിറ്റ് പൂട്ടിയിട്ടിരിക്കുന്നു. ശ്മശാനഭൂതങ്ങളെ പോലെ ഒരു പറ്റം വൃദ്ധന്മാരും വൃദ്ധകളും നിന്നു കലിതുള്ളുന്നു. വീടിനകത്തെ ജനാലകളിൽ നിന്ന് കുറേ സ്ത്രീകൾ എത്തിനോക്കുന്നു. അകത്തു കയറ്റില്ലെന്നു പറഞ്ഞു. നിന്റെ അമ്മാവൻ ഗെയിറ്റ് വെട്ടിപ്പൊളിച്ച് അകത്തു കടക്കുമെന്നു പറഞ്ഞു. ഭദ്രകാളിയെ പോലെ ഒരു വൃദ്ധ അലറി, എന്നെ ചാണകം കലക്കിയ ചൂലു കൊണ്ടടിക്കുമെന്ന്. ഞങ്ങൾ മടങ്ങി. തീവണ്ടി കയറുമ്പോൾ ആദ്യം നിന്റെ അമ്മാവനും പിന്നെ ഞാനും പൊട്ടിക്കരഞ്ഞു.”

മോഹൻലാൽ ആണ് വാസ്തുഹാരയുടെ ചലച്ചിത്രാവിഷ്കാരത്തിൽ വേണുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് / Photo: NFAI, Twitter

മലയാളികളുടെ സവർണതയ്ക്കു നേരെയുള്ള തീവ്രമായ ആക്രമണമായി ഈ വാക്കുകൾ മാറിത്തീരുന്നുണ്ട്. ഇത്തരം രംഗങ്ങൾ കേരളത്തിൽ ഇപ്പോഴും നടക്കുന്നില്ലേ? ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച കോടതിവിധിക്കാലത്ത് അരങ്ങേറിയത് സമാനസംഭവങ്ങളല്ലേ? ആരതിയുടെ മകൾ ദമയന്തി ഇതിലും തീവ്രമായ രാഷ്ട്രീയവിമർശനം മലയാളികളുടെ മേൽ വർഷിക്കുന്നുണ്ട്.

“ഐ ഹേറ്റ് കേരള പീപ്പിൾ’’; ദമയന്തി പറഞ്ഞു.
“വൈ?’’
“ദെ ആർ കവേർഡ്‌സ്,... ഓപ്പർച്ചൂണിസ്റ്റ്‌സ്, റീ ആക്ഷണറീസ്.’’
“റീ ആക്ഷണറീസ് എന്നു പറയുന്നതിൽ അർത്ഥമില്ല. ഇന്നത്തെ വിപ്ലവപ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ...’’
“ആ ഒരൊറ്റക്കാരണം കൊണ്ടാണ് ഇന്ത്യയിൽ വിപ്ലവം നടക്കാത്തതും.’’
“ഞാൻ പറയാം. കേരള പീപ്പിൾ കൊൽക്കത്തയിൽ വരുന്നു. നാലു ദിവസം വിപ്ലവപ്രസ്ഥാനങ്ങളുടെ കൂടെ നടക്കുന്നു. പിന്നെ ജോലി കിട്ടും. പിന്നെ ഒന്നിനുമില്ല. തീർന്നു വിപ്ലവം. കരിയറിസ്റ്റുകൾ’’

ബംഗാളിൽ അപ്പോഴും പ്രബലമായിരുന്ന (പിന്നീട് പ്രക്ഷീണമായ) നവേത്ഥാനത്തിന്റേയും (അത് ഒരു ഭദ്രലോക നവോത്ഥാനമായിരുന്നു) വിപ്ലവ പ്രസ്ഥാനങ്ങളുടേയും ഊർജ്ജത്തിലാണ് ദമയന്തിയുടെ പ്രതികരണമെന്നു കാണാം. ദമയന്തിയുടെ പ്രതികരണത്തിൽ തങ്ങളെ തീർത്തും അവഗണിച്ച അച്ഛന്റെ കുടുംബക്കാരോടുള്ള ദ്വേഷവും പകയുമുണ്ടായിരിക്കാമെങ്കിലും മലയാളികളുടെ ഉള്ളിലെ പ്രതിലോമകരമായ ചില മനോഭാവങ്ങളെ അത് വിമർശിക്കുകയും ചെയ്യുന്നു. വേണു നാട്ടിലെത്തി ആരതി അമ്മായിക്കും മക്കൾക്കും അർഹിച്ച സ്വത്ത് വിട്ടു നൽകണമെന്നു പറയുമ്പോൾ അയാളുടെ അമ്മ തന്നെ വലിയ കോലാഹലങ്ങളുണ്ടാക്കുന്നു. ഫ്യൂഡൽ മൂല്യവ്യവസ്ഥയിൽ നിന്ന്​ മാറി നിന്ന് ആധുനികമായ ഒരു കാഴ്ചപ്പാടിൽ നിന്ന്​ വേണുവിനോടു സംസാരിക്കുന്നത് നാട്ടിൽ അമ്മാവന്റെ ഭാര്യയായിരുന്ന ഭവാനി മാത്രമാണ്. ആരതിയെ കുറിച്ച് ഭവാനിയും ഭവാനിയെ കുറിച്ച് ആരതിയും വേണുവിനോടു ചോദിക്കുന്ന ചോദ്യങ്ങൾ സ്ത്രീമനസ്സിലേക്കു ആഴത്തിൽ ചെല്ലുന്ന ചില സന്ദർഭങ്ങളെ ഒരുക്കുന്നുണ്ട്.

മലയാള സാഹിത്യത്തിലെ ആധുനികതാവാദ പ്രസ്ഥാനം ഈ കഥാകാരനോടു കാണിച്ച അവഗണനകളെ ചൂണ്ടി അത് പലപ്പോഴും ആധുനികതയെ മുന്നിൽ നിർത്തിയല്ല വിചാരം കൊണ്ടതെന്നും ചില പ്രത്യയശാസ്ത്രത്തടവറകളിൽ നിന്നു കൊണ്ടാണെന്നും പറയാൻ പ്രേരണയാകുന്നു.

“നീ ആരതിയെക്കണ്ടോ?’’
“ഉവ്വ്’’
“ആരതിക്ക് വല്ലാതെ പ്രായം തോന്നിക്കുന്നുണ്ടോ?’’
“ഏറെക്കുറെ’’
“എന്നേക്കാളും?’’
“ഏറെക്കുറെ’’
“ആരതിക്ക് എന്നേക്കാളും പ്രായം കുറവാണ്.’’
“ഭൊവാനിക്ക് സുഖം തന്നെയല്ലേ?’’
“വളരെ സുഖം’’
“ഭൊവാനിക്ക് പ്രായം തോന്നിക്കുന്നുണ്ടോ?’’
“കുറേയൊക്കെ’’
“എന്നേക്കാളും?’’
“ഏകദേശം’’
“ഭൊവാനിയുടെ പഴയ സൗന്ദര്യമൊക്കെ?’’
“ആരതി അമ്മായി ഭവാനി അമ്മായിയെ കണ്ടിട്ടുണ്ടോ?’’
“ഇല്ല. വളരെ പറഞ്ഞു കേട്ടിട്ടുണ്ട്. ഫോട്ടോയും കണ്ടിട്ടുണ്ട്.’’

യുദ്ധവും അഭയാർത്ഥി പ്രവാഹവും അതിന്നിടയിൽ പകർച്ചവ്യാധിയുടെ വ്യാപനവും ക്ഷാമവും ദുരിതങ്ങളും ഒക്കെ പശ്ചാത്തല പ്രമേയമാക്കുന്ന ഈ കഥ നമ്മുടെ കഥാകാരന്റെ ആധുനികമായ അവബോധത്തിന് നല്ലൊരു തെളിവായിരിക്കുന്നു. മലയാള സാഹിത്യത്തിലെ ആധുനികതാവാദ പ്രസ്ഥാനം ഈ കഥാകാരനോടു കാണിച്ച അവഗണനകളെ ചൂണ്ടി അത് പലപ്പോഴും ആധുനികതയെ മുന്നിൽ നിർത്തിയല്ല വിചാരം കൊണ്ടതെന്നും ചില പ്രത്യയശാസ്ത്രത്തടവറകളിൽ നിന്നു കൊണ്ടാണെന്നും പറയാൻ പ്രേരണയാകുന്നു.

വാസ്തുഹാരയിലെ വേണു പശ്ചിമബംഗാളിലെത്തുകയും തന്റെ ജീനുകളെ അവിടെ കണ്ടെത്തുകയുമാണ് ചെയ്യുന്നതെങ്കിൽ ഒരന്വേഷകയോടൊപ്പം അൽപനേരം എന്ന കഥയിലെ ശ്രീലങ്കൻ ശാസ്ത്രജ്ഞ റൂപ കുറുണാഗലെ തന്റെ ജീനുകളെ തേടി ഒരു കേരള ഗ്രാമത്തിലെത്തുന്നു. ആ ഗ്രാമത്തിലേക്കു പോകുന്നതിന്റെ ശാസ്ത്രം ജനറ്റിക്‌സാണെന്ന് അവരെ അനുഗമിക്കുന്ന ആഖ്യാനകാരനോട് അവൾ പറയുന്നുണ്ട്. തന്റെ രണ്ടാമത്തെ മുത്തശ്ശിയെ, നാട്ടിൽ മുത്തച്ഛന്റെ സഹധർമ്മിണിയായിരുന്നവളെ, റൂപ കാണുന്നു. വൃദ്ധയായ പൊന്നു ഏടത്തി അവളെ കണ്ട് മരിച്ചു പോയ കൊച്ചുമകളുടെ പേരു വിളിച്ച്​ കെട്ടിപ്പിടിച്ചു കരയുന്നു. മടക്കയാത്രയിലുടനീളം റൂപ കുറുണാഗലെ കണ്ണീരൊപ്പിക്കൊണ്ടിരുന്നു. മനുഷ്യർ കൂടിക്കലർന്ന് പരസ്പരം ആദരിക്കുന്ന സമൂഹങ്ങളാകട്ടെയെന്നും അതിജീവിക്കട്ടെയെന്നും അഭിലഷിക്കുന്ന കഥാകാരൻ വേരറ്റു പോയ ജന്മബന്ധങ്ങളെ വാക്കുകൾ കൊണ്ട് ഉണർത്തിയെടുക്കുകയാണ്.

മനുഷ്യമനസ്സിന്റെ അന്വേഷകൻ

യാത്രികനായ കഥാകാരൻ യാത്രയ്ക്കിടയിൽ അറിയുന്നതാണ് മുഖം പത്മദളാകാരം എന്ന കഥ. യാത്രയും സന്ദർശനവും ഓർമകളും കോടതി വ്യവഹാരവും എല്ലാമുള്ള ഒരു സി.വി.ശ്രീരാമൻ കഥ.
മുഖം പത്മദളം. ചന്ദനശീതളമായി സംസാരിക്കുന്നവൾ.
ഹൃദയം വഹ്നി സന്തപ്തമെന്നും പറയാം. ദുഷ്ടലക്ഷണങ്ങൾ.
റോസമ്മ മാത്തൻ എന്ന വെള്ള റോസയുടെ അകം മനസ്സ് തുറന്നു കാണിക്കുകയാണ് കഥാകാരൻ. അവൾ കാമം ചുരത്തുന്നതായി നടിക്കുന്നുണ്ട്. എന്നാൽ, കാലിൽ മുറിവിന്റെ വേദന കൊണ്ടു പുളഞ്ഞ് ബസ്സിൽ ഒറ്റക്കാലിൽ നിന്ന യാത്രികനെ തന്റെ അടുത്തുള്ള സീറ്റിലേക്ക് ക്ഷണിക്കുന്നു. ഇരുന്നിട്ടും കാലിന്റെ വേദനയൊടുങ്ങാതെ ക്ഷീണത്തിൽ പെട്ട് ഉറങ്ങിപ്പോയവന് അവളുടെ തോൾ താങ്ങാകുന്നുണ്ട്. മഴ വന്ന് ഷട്ടറിന്നിടയിലൂടെ ചീറ്റിയ വെള്ളം കൊണ്ടു നനയുമ്പോൾ തുടയ്ക്കാൻ അവൾ തോർത്തു കൊടുക്കുന്നുണ്ട്. റോസമ്മ മാത്തൻ കരുണാമയിയാണ്. ബസ് യാത്രക്കിടയിലും പ്രാർത്ഥിക്കുന്ന ദൈവഭയമുള്ളവൾ. അപകടത്തിൽ പെട്ട് ചോരയൊലിപ്പിക്കുന്ന തരുണന്റെ ശരീരം കാണാൻ തനിക്കു കെൽപ്പില്ലെന്നു പറയുന്ന തരളഹൃദയമുള്ളവൾ. ശുദ്ധമായ പെരുമാറ്റമുള്ള സ്ത്രീയെന്നു യാത്രികനു തോന്നുന്നുണ്ട്. പിന്നെ, ഈ ശുദ്ധമായ പെരുമാറ്റത്തിന്നടിയിൽ ഒളിക്കപ്പെട്ടിരിക്കുന്ന ഭീകരരൂപം പതുക്കെ പുറത്തേക്കു വരുന്നു. കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്നു കുഴിച്ചു മൂടിയവൾ, ഭർത്താവ് ലക്ഷദ്വീപിൽ തൊഴിലിനു പോയിരിക്കുകയാണെന്നു നാട്ടുകാരെ വിശ്വസിപ്പിച്ചവൾ, കാമുകൻ കുറ്റസമ്മതം നടത്തിയിട്ടും രഹസ്യം ഒളിപ്പിച്ചവൾ, കേസിലെ സാക്ഷിയെ കുറിച്ചു പറയുമ്പോൾ തെറിവാക്ക് വായിൽ നിറയുന്നവൾ. ജഡ്ജി ന്യായവിധിയിൽ ഇവളെ കുറിച്ച് ക്ലിയോപാട്രയോടും ലേഡി മാക്ബത്തിനോടും ചേർത്തുനിർത്തി പറയുന്നുണ്ട്. കേസ് വിജയിക്കുമോയെന്ന് വക്കീലായ യാത്രികനോട് അവൾ ചോദിക്കുന്നു, സാറ്​മുറിയെടുക്കുന്നുണ്ടോയെന്നും.

സി.വി. ശ്രീരാമൻ, ചിന്ത രവി

താൻ വാദിക്കുന്ന, ബോംബു കേസിൽ ജയിലിലായ ജ്യോതി എന്ന യുവാവിനെ കുറിച്ച് വിശദമായി പറയാതെയാണ് ആഖ്യാനകാരൻ റോസമ്മ മാത്തന്റെ കഥ പറയുന്നത്. കഥയെ കുറിച്ചറിയാൻ കഥയുടെ വ്യാഖ്യാനവും വിമർശവും ഒരു തരത്തിലും സഹായകമാകാതിരിക്കുകയും കഥ വായിക്കുന്നതു മാത്രം അതിനു സഹായകമാകുകയും ചെയ്യുന്ന സന്ദർഭങ്ങളെ വായനക്കാരൻ അഭിമുഖീകരിക്കുന്നു. സാഹിത്യകൃതിയുടെ വലിയ നേട്ടമാണത്. പുരുഷാധിപത്യത്തിനു കീഴ്‌പ്പെട്ടിരിക്കുന്ന ഒരു ലോകത്ത് ഒരു സ്ത്രീ ഇങ്ങനെ ചിത്രണം ചെയ്യപ്പെടുന്നതിൽ പുരുഷേച്ഛ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിക്കാവുന്നതാണ്. എന്നാൽ, വെളുത്ത പക്ഷിയെ കാത്ത് എന്ന കഥയിലെ ധീരാ ദീദിയെ പോലെ കരുത്തരായ സ്ത്രീകളെ സൃഷ്ടിച്ച കഥാകാരൻ തന്നെ ഇത്. ചില സംസ്‌കൃതശ്ലോകങ്ങൾ കൊണ്ട് കഥയെ നിർവ്വചിക്കുകയോ പൂരിപ്പിക്കുകയോ ചെയ്യുന്ന കഥാകാരന്റെ രീതി മുഖം പത്മദളാകാരം എന്ന കഥയിലുമുണ്ട്. ജഡ്ജിയുടെ ന്യായവിധിയുടെ ഭാഗങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ തന്നെ കഥയിലുൾപ്പെടുത്തിയതിലൂടെ ന്യായവും നീതിയും സാധാരണക്കാരന് അപ്രാപ്യമാകുന്ന മലയാളിയുടെ അവസ്ഥ സൂചിപ്പിക്കപ്പെടുന്നുണ്ട്. ശ്രീരാമനിൽ കുടികൊണ്ടിരുന്ന മനുഷ്യമനസ്സിന്റെ അന്വേഷകനെ നന്നായി പരിചയപ്പെടാൻ കഴിയുന്ന കഥയുമാണിത്.

സന്യാസജീവിതം വരിച്ച കഥാനായകൻ തന്റെ കാവിവസ്ത്രത്തിലേക്ക് അവജ്ഞയോടെ നോക്കുന്ന ഒരു ചിത്രം സി.വി. ശ്രീരാമന്റെ ചിദംബരത്തിൽ, നമുക്കു കാണാം

ഈ കഥയിലെ റോസമ്മ മാത്തനു വിരുദ്ധമായി നിർമ്മലമായ പ്രഭാതം എന്ന കഥയിലെ ലൈംഗികത്തൊഴിലാളിയോട് അഭിഭാഷകനായ ആഖ്യാനകാരന് മമത തോന്നുന്നുണ്ട്. തന്റെ കക്ഷികൾ അവരുടെ ഇഷ്ടപ്രകാരം തനിക്കു കൂട്ടായി രാത്രിയിൽ മുറിയിലേക്കു പറഞ്ഞയച്ച കൗസുവിനു വേണ്ടി ഉറക്കമൊഴിച്ചിരുന്ന് സ്റ്റേറ്റ്‌മെന്റ് എഴുതി കൊടുക്കുന്നു, അയാൾ. രാവിലെ സന്തോഷപൂർവ്വം അവൾ നൽകിയ നൂറുരൂപ വാങ്ങുകയും ചെയ്യുന്നുണ്ട്. അഭിഭാഷകവൃത്തിയെ ലൈംഗികത്തൊഴിലിനൊപ്പം നിർത്തി തുല്യതയോടെ പരിചരിക്കുന്ന ഈ കഥ മാന്യതയെ കുറിച്ചുള്ള യാഥാസ്ഥിതികവിചാരങ്ങളെ തകിടം മറിക്കുകയും ലൈംഗികത്തൊഴിലിനെ എല്ലാ തൊഴിലിനുമൊപ്പം നിർത്തിക്കൊണ്ട് നവസാമൂഹികപ്രസ്ഥാനങ്ങളുടെ ആദർശത്തെ മുന്നേ തന്നെ പ്രസരിപ്പിക്കുകയും ചെയ്തു.

സന്ന്യാസജീവിതം എന്ന ആത്മവഞ്ചന?

ക്ഷുരസ്യധാര എന്ന കഥ മനുഷ്യൻ ചുമക്കുന്ന ധർമവ്യഥകളുടെ ഒരു മഹാഗാഥയാണ്. ഏതോ ഒരു ഉണർച്ചയിൽ, മനസ്സിന്നടിയിലെവിടെയോ അവക്ഷിപ്തീകരിച്ചിരുന്ന ധർമബോധത്താൽ പ്രേരിതനായി, മോക്ഷമാർഗം തേടി ഒരു സന്യാസിയുടെ ആശ്രമത്തിൽ എത്തിച്ചേരുന്ന ദുർമാർഗചാരി അവിടുത്തെ അനുഭവങ്ങളിൽ നിന്ന്​ നേടുന്ന വലിയ തിരിച്ചറിവിനെ കുറിച്ചാണ് ഈ കഥ പറയുന്നത്. ജീവിതനിരാസിയായ ദർശനങ്ങൾ സുവൃത്തികളുടെ ജീവിതത്തിനു നല്കുന്ന ആത്മവഞ്ചനയുടെ ഒഴിയാഭാരങ്ങളെ കൂടി ക്ഷുരസ്യധാരയിൽ കണ്ടെത്താം.

ദുർമാർഗചാരിയെന്നു സ്വയം കരുതുന്ന സഞ്ചാരി ആശ്രമത്തിലെ ബ്രഹ്‌മചാരിയോട് തന്റെ കലി ബാധിച്ച വാസനകളെ കുറിച്ചു പറയുന്നു. ബ്രഹ്‌മചാരി അയാൾക്ക് മുക്തിമാർഗം ഉപദേശിക്കുന്നു. വില്വമംഗലം സ്വാമിയാരുടെ കഥ പറയുന്നു. ചവിട്ടി നടക്കാൻ വിഷമമായ മൂർച്ചയുള്ള കത്തിയുടെ വായ്​ത്തല പോലെ മുക്തിമാർഗവും വിഷമതരമെങ്കിലും അശ്രാന്തം പരിശ്രമിച്ചാൽ മുക്തിയെ പ്രാപിക്കാമെന്ന് ഉപദേശിക്കുന്നു. ലൗകികജീവിതത്തിൽ ആസക്തരായ ജനങ്ങളെ ആദ്ധ്യാത്മിക ജീവിതത്തിലേക്ക് പ്രവേശിക്കാൻ ആഹ്വാനം ചെയ്യുന്ന കഠോപനിഷത്തിലെ ഗീതത്തിലെ അവസാനത്തെ വരികൾ ഉദ്ധരിക്കുന്നു. ദുർമാർഗചാരിയുടെ ഏറ്റുപറച്ചിലുകൾ അയാളുടെ സത്യത്തോടുള്ള ആഭിമുഖ്യത്തിന്റെ തെളിവാണ്. എന്നാൽ, സഞ്ചാരിയെ ഉപദേശിക്കുന്ന ബ്രഹ്‌മചാരി ശരീരത്തിന്റെ വിളികളിൽനിന്നും മോചനം നേടിയിരുന്നില്ലെന്നാണ് കഥ പറയുന്നത്.

ഇന്ത്യക്കാരുടെ പുരാതനമായ അദ്ധ്യാത്മാദർശത്തെ സംവാദത്തിനു വിധേയമാക്കുന്ന ചില സന്ദർഭങ്ങളെ ഈ കഥയിലൂടെ ശ്രീരാമൻ സൃഷ്ടിക്കുന്നുണ്ട്. പുരാതന ഭാരതീയ അദ്ധ്യാത്മാദർശത്തിന്റെ മുഖമുദ്രയായ ലൗകികജീവിതത്തിന്റെ തിരസ്‌ക്കാരം കഥയിൽ പ്രശ്‌നീകരിക്കപ്പെടുന്നു. ബുദ്ധനിലും ശങ്കരനിലുമെല്ലാം വ്യത്യസ്ത രീതികളിലും അളവുകളിലും വെളിപ്പെടുന്ന ആദർശമാണിത്. ലോകത്തിലെ ദുഃഖങ്ങൾക്കെല്ലാം കാരണം കാമമോഹങ്ങളാണെന്ന്, ആശയാണെന്ന് ഈ ആചാര്യന്മാർ ഉദ്‌ബോധിപ്പിക്കുന്നു. ബുദ്ധൻ ദുഃഖത്തിൽ നിന്ന്​മോചനമായി നിർവ്വാണത്തെ കാണുന്നു. കർമമാർഗത്തെ കുറിച്ച് ഉപദേശിക്കുന്നുണ്ടെങ്കിലും പ്രവൃത്തിയെയല്ല, നിവൃത്തിയെയാണ് ഈ ആദ്ധ്യാത്മികാചാര്യന്മാർ പരമപദമായി കണ്ടെത്തുന്നത്. ദുഃഖത്തെ ഒഴിവാക്കാനുളള മാർഗം സുഖത്തെ ഒഴിവാക്കുകയാണെന്ന്, സുഖത്തെ ആശിക്കാതിരിക്കുകയാണെന്നു പറയുന്ന വിചിത്രമായ വഴി ഇന്ത്യൻ ആദ്ധ്യാത്മികചിന്ത സ്വീകരിക്കുന്നു. മനുഷ്യന്റെ സുഖങ്ങളിലേക്ക് ക്ഷണിക്കുന്ന ശരീരത്തെ നിയന്ത്രിക്കാനും ശോഷിപ്പിക്കാനുമുളള മാർഗങ്ങളുടെ അന്വേഷണങ്ങൾ ഇതിന്റെ ഭാഗമാണ്. ശരീരത്തെ അത് മലിനവസ്തുവായി കണ്ടു. ശരീരത്തെ കുറിച്ച് പറയുമ്പോൾ നവദ്വാരങ്ങളിൽ നിന്ന്​ പുറപ്പെടുന്ന അഴുക്കിനെ കുറിച്ചാണ് അത് ആലോചിക്കുന്നത്. ശരീരമെന്നത് അഴുക്കുകൾ സൂക്ഷിച്ചു വെക്കുന്ന പാത്രമാണെന്നു പറയുന്നു. ഈ ചിന്തകൾ പുരുഷകേന്ദ്രിതമായിരുന്നു. പുരുഷന്റെ മോക്ഷത്തെ കുറിച്ചാണ് അത് ഉൽക്കണ്​ഠപ്പെടുന്നത്. സ്ത്രീശരീരത്തോടുളള പുരുഷന്റെ ആകർഷണങ്ങൾ അവന്റെ മോക്ഷത്തിന് പ്രതിബന്ധങ്ങളാണെന്നു കരുതപ്പെട്ടു. ബാഹ്യമായി സ്ത്രീശരീരത്തെ നിന്ദിക്കുകയും ആന്തരികമായി അതിനെ സ്തുതിക്കുകയും ചെയ്യുന്ന ഒരു വൈരുദ്ധ്യത്തിൽ ഇന്ത്യൻ ആദ്ധ്യാത്മികചിന്ത എത്തിപ്പെട്ടു. സൗന്ദര്യലഹരിയിൽ ദേവിയുടെ കേശാദിപാദം വർണിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന ശങ്കരാചാര്യർ തന്നെയാണ് മലിനദേഹത്തെ കുറിച്ച് പറയുന്നതും.

സി.വി. ശ്രീരാമന്റെ കഥാപാത്രങ്ങൾ കാവിവസ്ത്രം ധരിക്കുമ്പോഴും ലൗകികജീവിതത്തിന്റെ വിളികൾ കേൾക്കുന്നവരാണ്. മനുഷ്യൻ അഭയം തേടേണ്ടത് ജീവിതത്തിലാണെന്ന് ഉറച്ചുധരിച്ചവൻ എഴുതിയ കഥകളിൽ ഇങ്ങനെയേ സംഭവിക്കൂ.

ഉടലിന്റെ വിന്യാസങ്ങളെ നിയന്ത്രിക്കുകയും നൈസർഗിക ജൈവചോദനകളെ അടക്കിവയ്ക്കുകയും ചെയ്യുന്നത്​ ശ്രേഷ്ഠമെന്നെണ്ണുന്നവർ എത്തിപ്പെടുന്ന വിരുദ്ധാവസ്ഥകളെയാണ് കഥാകാരൻ ക്ഷുരസ്യധാരയിൽ ആവിഷ്‌ക്കരിക്കുന്നത്. സന്യാസജീവിതം പേറുന്ന നിസ്സഹായാവസ്ഥയുടെ സൂക്ഷ്മചിത്രമായി ശ്രീരാമന്റെ കഥ മാറുന്നു. കഥയിലെ ബ്രഹ്‌മചാരിയുടേയും സ്വാമിജിയുടേയും ചിത്രണങ്ങളിൽ ലൗകികജീവിതത്തിന്റെ ആസക്തികളിൽ നിന്ന്​ വിമുക്തി നേടിയവരെയല്ല വായനക്കാരൻ പരിചയപ്പെടുന്നത്. ലൗകിക ജീവിതത്തിൽ വിജയത്തിനുളള മാനദണ്ഡങ്ങളായി കരുതപ്പെടുന്ന, കാര്യങ്ങളിൽ തനിക്കുളള കരുത്ത് സ്വയം പ്രദർശിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെ ബ്രഹ്‌മചാരിയുടെ സംഭാഷണങ്ങളിൽ നാം കണ്ടുമുട്ടുന്നു.

മോഹൻലാലും നീന ഗുപ്തയും. 'വാസ്തുഹാര'യിൽ നിന്ന് / Photo: NFAI, Twitter

മലയാളത്തിലും സംസ്‌കൃതത്തിലും ആംഗലത്തിലും തനിക്കുളള വ്യുല്പത്തി സ്ഥാപിക്കാൻ അയാൾ ശ്രമിക്കുന്നു. ഭഗവത്ഗീതയുടെ ഇംഗ്‌ളീഷ് പരിഭാഷയ്ക്ക് വാറൻ ഹേസ്റ്റിങ്‌സ് എഴുതിയ ആമുഖത്തെ കുറിച്ചു പറയുകയും അതിൽ നിന്ന് ഉദ്ധരിക്കുകയും സ്വയം ആശ്ചര്യചകിതനാകുകയും ചെയ്യുന്നു: “ഗീതയുടെ ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ആമുഖം എഴുതിയതാരെന്നോ? കേട്ടാൽ നിങ്ങൾക്ക് ആശ്ചര്യം തോന്നും, വാറൻ ഹേസ്റ്റിങ്‌സ്.’’
വാറൻ ഹേസ്റ്റിങ്‌സ് ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരത്തിന്റെ പ്രതിനിധിയായിരുന്നു. കൊളോണിയൽ അധികാരിയിൽ നിന്ന്​ ഭഗവത്ഗീതയ്ക്ക് ലഭിക്കുന്ന നല്ല വാക്കുകൾ അദ്ദേഹത്തിന് കൂടുതൽ പഥ്യമാണ്. അധികാരത്തോടുളള അയാളുടെ മനോഭാവം ഈ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. താനൊരു കരകൗശല വിദഗ്ദ്ധൻ കൂടിയാണെന്നു പ്രദർശിപ്പിക്കാനുള്ള ത്വരയോടു കൂടി സ്വയം കളിമണ്ണിൽ വാർത്തെടുത്ത വരാഹപ്രതിമയെ അദ്ദേഹം സഞ്ചാരിയെ കാണിക്കുന്നു. ലൗകികജീവിതത്തിൽ നിന്ന്​ വിമുക്തി നേടിയ ബ്രഹ്‌മചാരി സഞ്ചാരിയോട് വിവാഹനിയമങ്ങളെ കുറിച്ചു ചോദിക്കുന്നു! ബ്രഹ്‌മചാരിയുടെ മാത്രമല്ല സ്വാമിജിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. സ്വാമിജി സഞ്ചാരിയോട് പറയുന്നത് തന്റെ ശരീരത്തിന്റെ അസ്വാസ്ഥ്യങ്ങളെ കുറിച്ചാണ്. ആത്മസംയമനത്തെ കുറിച്ചും ഇന്ദ്രിയനിഗ്രഹത്തെ കുറിച്ചും പറയുന്നവൻ ഞാൻ മരിച്ചാൽ എന്നെ സ്മരിക്കാൻ ആരെങ്കിലുമുണ്ടോ എന്ന ഖേദത്തിന് പെട്ടെന്ന് അടിപ്പെടുന്നു. സ്വാമിജിയും സഞ്ചാരിയോട് ഒരു നിയമപ്രശ്‌നം ആരായുന്നുണ്ട്. ഒരു സ്ഥലത്തുനിന്നും കുടികിടപ്പുകാരനെ ഒഴിപ്പിച്ചെടുക്കുന്നതിനുളള നിയമനടപടികളെ കുറിച്ച് അയാൾ ചോദിക്കുന്നു. തന്റെ പേരെഴുതിയ ഒരു പ്രാർത്ഥനാഹാൾ പണിയണമെന്ന് സ്വാമിജി ആഗ്രഹിക്കുന്നു.

ഇവയേക്കാളും അപമാനകരമായ ഒരു അനുഭവം സഞ്ചാരിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. ബ്രഹ്‌മചാരിയുടെ മുറിയിൽ ഉറങ്ങാൻ കിടക്കുന്ന അയാളെ ബ്രഹ്‌മചാരിയെന്നു കരുതി പുണരുന്ന സ്ത്രീയിലൂടെ പർണശാലയിലെ ഒളിജീവിതത്തെ കുറിച്ച് അയാൾ മനസ്സിലാക്കുന്നു. ലൗകികജീവിതത്തിന്റെ പിടിയിൽനിന്ന്​ ബ്രഹ്‌മചാരിയും സ്വാമിജിയും വിമുക്തരല്ലെന്നു സൂചിപ്പിക്കുന്ന ഈദൃശചിത്രണങ്ങളിലൂടെയാണ് ശ്രീരാമൻ കഥ പറയുന്നത്. മോഹങ്ങൾ പിഴുതെറിയാൻ യത്‌നിക്കുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥയെ കുറിച്ചറിഞ്ഞ് പൊട്ടിക്കരയുന്ന സഞ്ചാരിയുടെ ചിത്രത്തോടെ കഥ അവസാനിക്കുന്നു. സമൂഹം സൃഷ്ടിച്ച സദാചാരസംഹിതകളെ ലംഘിക്കുന്നവരുടെ ആദർശത്തിന്റെ കഥയല്ല ഇത്. സദാചാരനിയമങ്ങളെ ശരിയെന്നു ഗണിക്കുകയും അതിനു കീഴ്‌പ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുടെ വ്യഥയുടെ കഥയാണ്.

കോടതി എന്ന ആധുനികസ്ഥാപനം സി.വി എന്ന കഥ പറച്ചിലുകാരനെ ആധുനിക കഥാകാരനാക്കി മാറ്റുന്നതിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ടെന്നു പറയണം.

ദുഃഖത്തിനു വിരുദ്ധമായി സുഖത്തെ കണ്ടെത്തുകയും ദുഃഖനിരോധത്തിന് സുഖത്തെ നിരോധിക്കുകയും ചെയ്യുന്നത് ജീവിതത്തിന്റെ വൈരുദ്ധ്യാത്മകതയുടെ നിഷേധമാണ്. ജീവിതത്തെ നയിക്കുന്ന ചലനങ്ങളെ തന്നെ നിഷേധിക്കുന്ന സമീപനമാണിത്. ജീവിതത്തിന് സൗന്ദര്യമേറ്റുന്നത് അതിന്റെ വൈരുദ്ധ്യാത്മകതയാണ്. ആഗ്രഹങ്ങളിൽ നിന്നു കേവലമായി വിമോചിതമാകണമെന്നു നിർദ്ദേശിക്കുന്നതും അമിതാസക്തികളെ വർജ്ജിക്കണമെന്നു പറയുന്നതും രണ്ടു കാര്യങ്ങളാണ്. സമതുലിതമായ ഒരു വീക്ഷണം സന്ന്യാസാദർശത്തിന്റെ തീവ്രവാദത്തിന് അപ്രാപ്യമാണ്. ശരീരത്തിന്റെ വിളികളെ തടയുക, സുഖത്തെ ആഗ്രഹിക്കുന്ന ശരീരത്തെ ശോഷിപ്പിക്കുക... ഇവയെല്ലാം നിവൃത്തിയുടെ മാർഗങ്ങളാണ്. ഇതിന് ലൗകികജീവിതത്തിന്റെ ആദർശമായി മാറാൻ കഴിയില്ല. ഭൂതകാരുണ്യം നമ്മെ മർത്ത്യരാക്കുന്ന ആദർശത്തിന്റെ നിഷേധമാണിത്. ആശകളല്ല, ആശിക്കാനൊന്നുമില്ലാത്ത അവസ്ഥകളാണ് സാധാരണ മനുഷ്യന് അസഹനീയമായി അനുഭവപ്പെടുന്നത്.

ഏറ്റവും എളിയവനെന്നു മറ്റുള്ളവർ കരുതുന്ന മനുഷ്യന്റെ ജീവിതം പോലും നിരർത്ഥകമല്ലെന്ന വിശ്വാസമാണ് ശ്രീരാമനെക്കൊണ്ട് ഈ കഥ എഴുതിപ്പിച്ചത്. സന്ന്യാസജീവിതത്തിന്റെ ആന്തരികവൈരുദ്ധ്യങ്ങളെ തുറന്നുകാണിക്കുമ്പോഴും അതിനെ നിശിതമായി വിമർശിക്കുന്ന സമീപനത്തെ കഥയിൽ വായിച്ചെടുക്കാൻ കഴിയില്ല. മനുഷ്യന്റെ ജീവിതത്തിലെ നിസ്സഹായാവസ്ഥയായി അതിനെ കാണുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. ദുർമാർഗചാരിയെന്ന് സ്വയം തിരിച്ചറിയുന്നവൻ എത്തിപ്പെട്ടിരിക്കുന്ന നിസ്സഹായാവസ്ഥകളേക്കാൾ ഏറിയ ദുരവസ്ഥയിലാണ് സ്വാമിജിയും ബ്രഹ്‌മചാരിയും എത്തിനില്ക്കുന്നത്. തന്റെ ജീവിതത്തിലെ പാതകങ്ങളെ കുറിച്ച് ദുർമാർഗചാരിക്ക് അറിയാം. എന്നാൽ, ലൗകിക ജീവിതമുക്തിക്കായി ദുർമാർഗചാരിക്ക് ഉപദേശങ്ങൾ നല്കുന്ന സ്വാമിജിയും ബ്രഹ്‌മചാരിയും തങ്ങളെ ചൂഴ്​ന്നുനിൽക്കുന്ന മോഹവലയങ്ങളെ കുറിച്ച് സ്വയം തിരിച്ചറിയുന്നില്ലേ? ഇവരുടെ സന്ന്യാസജീവിതം ആത്മവഞ്ചനയായി മാറുന്നില്ലേ? പർണശാലയിൽ നിന്ന്​ ഉപദേശങ്ങൾ കേട്ട് നല്ല മാർഗം സ്വീകരിക്കാൻ വന്നവൻ സ്വാമിജിയുടേയും ബ്രഹമചാരിയുടേയും അവസ്ഥ തിരിച്ചറിഞ്ഞ് പൊട്ടിക്കരയുന്നു.

ആചാരങ്ങൾ എന്ന വഞ്ചന

സി.വി. ശ്രീരാമൻ വളരെ വൈകിയാണ് എഴുതിത്തുടങ്ങിയത്.
ആദ്യമായി എഴുതിയ കഥ ഇരിക്കപ്പിണ്ഡം ആണെന്നു തോന്നുന്നു.(ഡി.എം. പൊറ്റക്കാടിന്റെ നിർബ്ബന്ധത്തിൽ വളരെ വർഷങ്ങൾക്കു മുന്നേ അദ്ദേഹം മറ്റൊരു കഥയെഴുതിയിരുന്നുവത്രേ!) വാസ്തുഹാരയെ പോലെ ക്രാഫ്ടിൽ മികച്ചു നിൽക്കുന്ന കഥാശിൽപ്പമാണ് ഈ കഥയുടേത്. ചലച്ചിത്രകാരന്മാർ ഏറെ പ്രകീർത്തിച്ചിട്ടുള്ള ശ്രീരാമന്റെ കഥകളിലെ ചലച്ചിത്രമാനം ഈ ആദ്യകഥയിൽ തന്നെ വേണ്ടുവോളമുണ്ട്. കെ. ആർ. മോഹനൻ സംവിധാനം ചെയ്ത പുരുഷാർത്ഥം എന്ന ചലച്ചിത്രത്തിന്റെ ആധാരം ഈ കഥയായിരുന്നു. (വാസ്തുഹാരയും ചിദംബരവും അരവിന്ദനും ശീമത്തമ്പുരാനും പൊന്തൻമാടയും ചേർത്ത് ടി.വി.ചന്ദ്രനും പുറംകാഴ്ചകൾ ലാൽ ജോസും ചലച്ചിത്രങ്ങളാക്കി പരിഭാഷപ്പെടുത്തുകയുണ്ടായല്ലോ).

പന്തയം എന്ന കഥയിൽ കോടതി പ്രമേയസ്ഥലമാകുന്നില്ലെങ്കിലും അഭിഭാഷക സാന്നിദ്ധ്യത്തിലൂടെ നീതിന്യായത്തിന്റെ മൂല്യമണ്ഡലം പ്രശ്‌നീകരിക്കപ്പെടുന്നു

സങ്കീർണമായ ഒരു സന്ദർഭത്തിന്റെ വിവരണമാണ് ഇരിക്കപ്പിണ്ഡം. ആചാരങ്ങൾ വഞ്ചനകളാണെന്നു പറയുകയും ആചാരങ്ങളുടെ വഞ്ചനയെ കടന്നുനിൽക്കുന്ന ഒരു വഞ്ചനയെ കുറിച്ചു പറയുകയുമാണ് ഈ കഥ. ഭർത്താവിന്റെ ബലിദാനവേളയിൽ കാമുകനോട് തങ്ങളുടെ പൂർവ്വകാല ലൈംഗികവേഴ്ചകളെ ഓർമിപ്പിക്കുന്ന ഒരു സ്ത്രീ കഥാപാത്രത്തെ ശ്രീരാമൻ സൃഷ്ടിച്ചിരിക്കുന്നു. വഞ്ചനകളിലൂടെ കെട്ടിപ്പടുത്ത ജീവിതങ്ങൾ മാന്യത നടിക്കുന്നതു കാണിക്കുന്നു. മുതിർന്നവർ വഞ്ചനയുടേയും ആത്മവഞ്ചനയുടേയും നടുക്കയങ്ങളിലാണെന്ന് മകന്റെ ബാലഹൃദയത്തിൽ സംഭവിക്കുന്ന ഉരുൾപൊട്ടലുകളിലൂടെ ആവിഷ്‌കരിക്കുന്നു.
കുട്ടി കരയുന്നു. യൂ ഗോ എവേ - കുട്ടി അലറുന്നു.
അമ്മയുടെ കാമുകന്റെ മുഖത്തേക്ക് ആ ബാലൻ ബലിച്ചോറു കൊണ്ട് എറിയുന്നു. മുതിർന്നവരിൽ നിന്ന്​ പകർന്നു കിട്ടിയ ഉത്സാഹത്തോടെ, ബലിതർപ്പണം നടത്തുമ്പോൾ ഒരു സ്‌നാപ്പെടുക്കണമെന്നു പറഞ്ഞു വന്ന ബാലനാണ്. പ്രേതാത്മാവിന്റെ മുഖം ഓർക്കുമ്പോൾ അവന്റെ കവിളിലേക്ക് കണ്ണുനീർ കുത്തിയൊലിക്കുന്നു. വളരെ അസാധാരണമായ ഒരു രീതിയിലാണ് ഈ കഥയിലെ സംഘർഷ സ്ഥലങ്ങൾ രൂപം കൊള്ളുന്നത്. നെഞ്ചം തകർക്കുന്ന ഈ വഞ്ചനയുടെ കഥ എഴുതിയ ശ്രീരാമൻ ഉർളോസ് പോലുള്ള കഥകളിൽ മനുഷ്യജീവിതത്തിൽ സാധാരണമായി ആരും അഭിമുഖീകരിക്കുന്ന വഞ്ചനകളുടെ കഥകൾ സവിശേഷമായ ശൈലിയിൽ എഴുതിയിരിക്കുന്നു.

സി.വി. ശ്രീരാമന്റെ ചെറുകഥ ആസ്പദമാക്കി ജി. അരവിന്ദൻ സംവിധാനം ചെയ്ത ചിദംബരത്തിലെ ഒരു രംഗം / Photo:

സന്യാസജീവിതം വരിച്ച കഥാനായകൻ തന്റെ കാവിവസ്ത്രത്തിലേക്ക് അവജ്ഞയോടെ നോക്കുന്ന ഒരു ചിത്രം സി.വി. ശ്രീരാമന്റെ മറ്റൊരു കഥയിൽ, ചിദംബരത്തിൽ, നമുക്കു കാണാം. ചിദംബര ക്ഷേത്രത്തിന്റെ നട തുറക്കുമ്പോൾ താൻ എന്തു പ്രാർത്ഥിക്കണമെന്ന് ഇയാൾ സ്വയം ചോദിക്കുന്നു. മോക്ഷപ്രാപ്തിക്ക് അനുഗ്രഹിക്കണമെന്നോ? തനിക്കു വേണ്ടി പാപം പങ്കിടാൻ വന്ന ആരുടെയെങ്കിലും മോക്ഷത്തിനു വേണ്ടി താൻ പ്രാർത്ഥിച്ചിട്ടുണ്ടോയെന്ന് ഇയാളുടെ മനസ്സ് ആകുലമാകുന്നു. താൻ ആശകളിൽ നിന്നും അഭിലാഷങ്ങളിൽ നിന്നും വിമുക്തി നേടിയിട്ടില്ലെന്ന് ഇയാൾക്കു തോന്നുന്നു. ഭഗവത്ഗീതയിലെ ചില വരികൾ ഉരുവിടുന്നു. ക്ഷേത്രത്തിനു മുന്നിൽ തന്റെ ചെരുപ്പ് സൂക്ഷിക്കാൻ ഏറ്റുവാങ്ങിയവൾ പണ്ടു തന്റെ പാപം പങ്കിട്ട സ്ത്രീ തന്നെയോ എന്ന് സംശയിക്കുന്നു. അവൾ അയാളോട് ചോദിക്കുന്നു: “ഹേ...സ്വാമിമാരേ... കാവിയും ഉടുത്ത് മോക്ഷം തേടിനടക്കുന്ന നിങ്ങൾക്ക് എന്റെ പേര് അറിഞ്ഞിട്ടെന്തു കിട്ടാനാണ്...’’ സി.വി. ശ്രീരാമന്റെ കഥാപാത്രങ്ങൾ കാവിവസ്ത്രം ധരിക്കുമ്പോഴും ലൗകികജീവിതത്തിന്റെ വിളികൾ കേൾക്കുന്നവരാണ്. മനുഷ്യൻ അഭയം തേടേണ്ടത് ജീവിതത്തിലാണെന്ന് ഉറച്ചുധരിച്ചവൻ എഴുതിയ കഥകളിൽ ഇങ്ങനെയേ സംഭവിക്കൂ.

ആധുനിക കഥാകാരൻ

ശ്രീരാമന് കഥ പറയാൻ പറ്റിയ നല്ല ഒരിടം കോടതിയാണ്. പലപ്പോഴും ആഖ്യാനകാരൻ അഭിഭാഷകനാണ്. നിരവധി മറ്റു വ്യവഹാരങ്ങളോടൊപ്പം അഭിഭാഷകൻ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടി കഥകൾക്കു വിഷയമാകുന്നു. ഭരണകൂടത്തിന്റെ ഉപകരണമെങ്കിലും ആധുനികവ്യവസ്ഥയുടെ സ്ഥലമെന്നു കരുതുന്ന കോടതിയിലും അതിന്റെ നിർവ്വാഹകരെന്നു കരുതാവുന്ന അഭിഭാഷകരുടെ ഉള്ളിലും നടക്കുന്ന വ്യവഹാരങ്ങൾ മൂല്യസംഘർഷങ്ങളിലേക്കു നയിക്കപ്പെടുന്നു. പന്തയം എന്ന കഥയിൽ കോടതി പ്രമേയസ്ഥലമാകുന്നില്ലെങ്കിലും അഭിഭാഷക സാന്നിദ്ധ്യത്തിലൂടെ നീതിന്യായത്തിന്റെ മൂല്യമണ്ഡലം പ്രശ്‌നീകരിക്കപ്പെടുന്നു. രക്ഷകനായി നിന്ന അഭിഭാഷകന്റെ കിടക്കയിൽ നിന്നെണീറ്റ് രണ്ടാം കല്യാണത്തിനു പോകുന്ന ഒരു സ്ത്രീയെ ഈ കഥയിൽ അവതരിപ്പിക്കുന്നു. പുത്തൂരാൻ മാടിലേയ്ക്കു വീണ്ടും എന്ന കഥയിൽ ധർമവ്യഥയിൽപ്പെടുന്ന മദ്ധ്യവർഗ്ഗക്കാരനായ അഭിഭാഷകനെ ചിത്രണം ചെയ്യുന്നു. നേരത്തെ പറഞ്ഞുവച്ചതു പോലെ കോടതി എന്ന ആധുനികസ്ഥാപനം സി.വി എന്ന കഥ പറച്ചിലുകാരനെ ആധുനിക കഥാകാരനാക്കി മാറ്റുന്നതിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ടെന്നു പറയണം.

സി.വി. ശ്രീരാമന്റെ കഥനകല അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്റേയും പുരോഗമന സാഹിത്യപ്രസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളുടേയും അതിർവരമ്പുകളെ അതിലംഘിക്കുന്നതായിരുന്നു. ജീവിതസംഘർഷങ്ങളുടെ ബഹുസ്വരമാർന്ന മേഖലകളിലേക്കു സഞ്ചരിക്കാൻ ഇത് അദ്ദേഹത്തെ പ്രാപ്തനാക്കി. പ്രസ്ഥാന ഗണിതങ്ങളിലൊന്നും പെടാതിരുന്നിട്ടും ഒരു സവിശേഷ കാലത്തിന്റെ നല്ല കഥാകാരന്മാരുടെ പട്ടികയിൽ അദ്ദേഹം സ്ഥാനമുറപ്പിച്ചു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments