വീരാൻകുട്ടി

ഞാനായി ജീവിക്കുന്നതിന്റെ ത്രിൽ

എഴുത്തി​​ന്റെയും വായനയുടെയും കുടുംബവുമൊത്തുള്ള സഹവാസത്തിന്റെയും ക്രിയാത്മകലോകങ്ങൾ ഒരധ്യാപകന്റെ റിട്ടയർമെന്റ് ജീവിതത്തെ മാറ്റിത്തീർത്ത അനുഭവം.

തൊഴിൽക്കാലത്തിൻ്റെ അറുതിയെ ചെറിയൊരു മരണമായി ഞാനറിഞ്ഞു. പഠിപ്പിക്കൽ എനിക്കത്രയും പ്രിയപ്പെട്ട പണിയായിരുന്നു. കുട്ടികളെ പഠിപ്പിക്കുന്ന ഒരാളായിത്തീരണമെന്ന് കുട്ടിക്കാലത്തുതന്നെ ഞാൻ തീരുമാനിച്ചിരുന്നു. ആരായിത്തീരാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് 'മാഷ്' എന്ന ഒരുത്തരമേ ഉണ്ടായിരുന്നുള്ളു. പഠിപ്പിച്ച മികച്ച അധ്യാപകരെ ഞാൻ മാതൃകയായി കണ്ടു. അവരുടെ ശരീരഭാഷയെ രഹസ്യമായി അനുകരിച്ചു. അദ്ധ്യാപകർക്ക് ക്ലാസിൽ കുട്ടികളെ തല്ലാനുളള വടി മിക്കപ്പോഴും എൻ്റെ വകയായിരുന്നു. തല്ലുകൊണ്ട് കരയുന്നത് ഉറ്റ സുഹൃത്തുക്കളാണെങ്കിലും ഞാൻ മാഷിൻ്റെ ഭാഗത്തുനിന്നു. അവർക്കു കിട്ടിയ അടികൾ  എണ്ണിയെണ്ണി എൻ്റെ ഗണിതം കൂടുതൽ കണിശമായി. നന്നായി പഠിച്ചും വികൃതികളിൽ നിന്ന് ആവുന്നത്ര മാറിനിന്നും ഭാവിയിലെ അദ്ധ്യാപകനെ ഞാൻ ഒരുക്കിയെടുത്തു.

ആദ്യം സ്കൂളിലും പിന്നെ കലാലയത്തിലുമായി മൂന്നരപ്പതിറ്റാണ്ട് ഞാൻ കുട്ടികൾക്കൊപ്പമായിരുന്നു. അവരിൽനിന്ന് പകർന്നു കിട്ടിയ വൈദ്യുതിയിൽ നിന്നായിരുന്നു എൻ്റെ പ്രകാശനങ്ങളേറെയും. കോളജിൻ്റെ പടിയിറങ്ങുമ്പോൾ വിഷമം തോന്നുന്നില്ല എന്ന വലിയ നുണയിൽ ഞാനെൻ്റെ സങ്കടം ഒളിപ്പിച്ചുവെക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ യാത്രയയപ്പു സംസാരത്തിലെ ഇടറിയ കണ്ഠം എന്നെ ഒറ്റുകൊടുത്തു.
അദ്ധ്യാപന ജീവിതത്തോട് വിട പറയാൻ മാനസികമായി നേരത്തേതന്നെ തയ്യാറെടുത്തിരുന്നതുകൊണ്ട് കണ്ണു നിറയാതെ കഴിഞ്ഞു എന്നതു ശരിയാണ്. വിടപറയുംവർഷം മടപ്പള്ളി കോളജും മലയാള വിഭാഗവും എനിക്കു സമ്മാനിച്ച സന്തോഷങ്ങൾ സങ്കടം ലഘൂകരിക്കാൻ കാരണമായിട്ടുണ്ടാവണം. സ്വീകരണങ്ങൾ കൊണ്ട് അവരെന്നെ വീർപ്പുമുട്ടിച്ചു.
2019 മാർച്ച് 31ന് മാച്ചിനാരിക്കുന്നിൻ്റെ പടികളിറങ്ങുമ്പോൾ ഒരിക്കലും മറക്കാനാവാത്ത സ്നേഹത്തിൻ്റെ മുദ്രകൾ  ഒപ്പം പോന്നു.
കുട്ടികൾ പറയാറുണ്ട്, മൂന്നു വർഷം മടപ്പള്ളി കോളജിൽ പഠിക്കുന്ന ഒരാൾ മുപ്പതുകൊല്ലം ജീവിച്ചതിൻ്റെ അനുഭവങ്ങളുമായിട്ടാണ് തിരിച്ചു പോവുക എന്ന്. ജീവിതം കൊണ്ട് ഞാനാവാക്യത്തിന് അടിവരയിടട്ടെ.

വീരാന്‍കുട്ടി

മഹാമാരിക്കാലത്തിൻ്റെ ആശയറ്റ കയത്തിലേക്കായിരുന്നു എൻ്റെ തൊഴിലനന്തര ജീവിതം പ്രവേശിച്ചത്. ലോകത്തെ എല്ലാ മനുഷ്യരും എന്നോടനുഭാവം പ്രകടിപ്പിച്ചെന്നപോലെ സ്കൂളും കോളജും ഉപേക്ഷിച്ച് വീട്ടിലേക്കുമടങ്ങിയ കാലം. പിരിഞ്ഞു എന്ന യാഥാർത്ഥ്യത്തെ മയപ്പെടുത്തി സഹനീയമാക്കുന്ന എന്തോ ഒന്ന് അക്കാലം എനിക്കു സമ്മാനിച്ചു. വർക്ക് അറ്റ് ഹോം എന്നത് പെൻഷൻകാലത്തിനു ചേർന്ന പേരാണ് എന്നു പതുക്കെ തിരിച്ചറിയാൻ തുടങ്ങി.
പെൻഷൻ പറ്റിയ ആളെ കാണുമ്പോൾ ഒരു ശരാശരി മലയാളി ആദ്യം ചോദിക്കുക, വേറെ പണിയൊന്നും ആയില്ലേ എന്നായിരിക്കും. മരിക്കുംവരെ പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ട ഒരു മൃഗമായി മനുഷ്യനെ നാം സങ്കല്പിക്കുന്നു. പ്രായമാവുകയല്ലേ എന്ന ദയനീയമായ നോട്ടവുംകൂടി ഒപ്പം ചേർത്താൽ സഹതാപം പൂർത്തിയായി.

സ്വാതന്ത്ര്യത്തെ പുതിയ സാന്ദ്രതയിൽ ഞാൻ അനുഭവിച്ചു തുടങ്ങി. അതെൻ്റെ സർഗ്ഗാത്മകജീവിതത്തെ അല്പംകൂടി അയത്നമാക്കി എന്നു പറയാം. ഈ കാലയളവിലാണ് ഞാൻ ഏറ്റവും കൂടുതൽ എഴുതിയത്.

ജോലിയിൽനിന്ന് വിടുതൽ നേടിയപ്പോൾ എന്നിൽ സംഭവിച്ച പ്രധാന കാര്യം സമയത്തിൻ്റെ ഉടമസ്ഥത തിരികെ കിട്ടിയതാണ്. ‘സ്റ്റേറ്റിൻ്റെ സേവകൻ’ എന്ന നിലയിൽ പണയപ്പെട്ട സമയത്തിൻ്റെ കസ്റ്റോഡിയനായി ഞാൻ വീണ്ടും മാറി. എന്ത്, എപ്പോൾ ചെയ്യണം എന്നു തീരുമാനിക്കാനുള്ള പൂർണസ്വാതന്ത്ര്യം തിരികെക്കിട്ടുന്നു എന്നത് ചെറിയ കാര്യമല്ല. ജോലിയിൽനിന്ന് പിരിഞ്ഞു എന്നു കേട്ടയുടൻ പി.പി. രവീന്ദ്രൻ മാഷ് പറഞ്ഞ ഒരു വാക്യം ഇങ്ങനെയാണ്: ‘ഇനി വേണമെന്നു തോന്നിയാൽ വെറുതെയിരിക്കുകയും ആവാമല്ലോ’. എഴുതുന്ന ഒരാളിൻ്റെ വെറുതെയിരിപ്പിൻ്റെ സൗന്ദര്യശാസ്ത്രമൂല്യം വച്ചല്ല അദ്ദേഹമത് പറഞ്ഞത്. സമയം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള സാധ്യത അത്രത്തോളമാണ് എന്നു പറഞ്ഞുവെക്കുകയായിരുന്നു.

അങ്ങനെ സ്വാതന്ത്ര്യത്തെ പുതിയ സാന്ദ്രതയിൽ ഞാൻ അനുഭവിച്ചു തുടങ്ങി. അതെൻ്റെ സർഗ്ഗാത്മകജീവിതത്തെ അല്പംകൂടി അയത്നമാക്കി എന്നു പറയാം. ഈ കാലയളവിലാണ് ഞാൻ ഏറ്റവും കൂടുതൽ എഴുതിയത്. ഒരു കവിതാസമാഹാരം, വിവർത്തനകൃതി, കുട്ടികൾക്കുള്ള രണ്ടു പുസ്തകങ്ങൾ ഈ കാലയളവിൽ വെളിച്ചം കണ്ടു. ഒട്ടേറെ പുസ്തകങ്ങൾക്ക് ആമുഖമെഴുതിയതും ഇക്കാലത്താണ്.

പി.പി. രവീന്ദ്രൻ

വലിയൊരു വായനക്കാരനല്ല ഞാൻ. വളരെ സെലക്ടീവ് ആണ് വായനയുടെ കാര്യത്തിൽ എന്നു പറയാം. എങ്കിലും ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വായിച്ച കാലവും തൊഴിൽ വിട്ടശേഷമുള്ള വർഷങ്ങളാണ് എന്നു തിരിഞ്ഞു നോക്കുമ്പോൾ വ്യക്തമാകുന്നു. എയ്ഞ്ചൽ ഗോൺസാൽവസിൻ്റെ ദി അസ്റ്റോണിഷിങ് വേൾഡ്, യഹൂദ അമിഹായ് യുടെ തെരഞ്ഞെടുത്ത കവിതകൾ - അങ്ങനെ നീളുന്നു ആ പട്ടിക.

ആൻഡ്രോയിഡ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വലിയ സ്ക്രീനുള്ള ടെലിവിഷനിൽ ഇഷ്ടാനുസരണം സിനിമകൾ കാണുമ്പോൾ, സമയത്തെക്കുറിച്ച് പരിഭ്രാന്തിയില്ലാതെ കൊച്ചു കൊച്ചു യാത്രകൾ ചെയ്യുമ്പോൾ, വായനക്കാരുമായി സംവദിക്കുമ്പോൾ ഞാൻ ഞാനായി ജീവിക്കുന്നതിൻ്റെ ത്രിൽ വലിയൊരളവോളം അനുഭവിക്കാനാകുന്നുണ്ട്. ഇതൊക്കെ വ്യക്തി എന്ന നിലയിൽ ഞാൻ സൗഖ്യപ്പെട്ടതിൻ്റെ സാക്ഷ്യങ്ങൾ.

മക്കളുടെ ശൈശവം ഇമ്പത്തോടെ ആസ്വദിക്കാൻ മിക്ക രക്ഷിതാക്കൾക്കും കഴിയാറില്ല. പിതാവിൻ്റെ പദവിയിൽ കഴിഞ്ഞ എനിക്ക് ദൂരദേശത്തെ ജോലി കാരണം അതിനുള്ള അവസരം കുറഞ്ഞ അളവിലേ കൈവന്നിരുന്നുള്ളു. പേരമകൾ മുത്തു വാവ വന്നതോടെ ആ കടം വീട്ടാനായി.

എന്നാൽ വിരമിച്ചെത്തിയ എന്നെ വീട് മറ്റൊരാളാക്കി മാറ്റിയ കഥകൂടി പറയുമ്പോൾ അതിനൊരു സാമൂഹ്യമാനം കൂടി കൈവരുമെന്നു തോന്നുന്നു. കോവിഡ് കാലത്ത് മെഡിക്കൽ വിദ്യാർത്ഥിയായ മകൾക്കൊപ്പമായിരുന്നു തൃശൂരിലെ ഫ്ലാറ്റിൽ ഞാനും റുഖിയയും താമസിച്ചിരുന്നത്. പാചകസഹായിയായിട്ടുപോലും പുറമേനിന്നൊരാളെ വയ്ക്കാൻ പറ്റാത്ത അവസ്ഥ. കോവിഡ് മരണവാർത്തകൾക്കിടയിൽ രോഗികളെ പരിചരിച്ചെത്തുന്ന മകളുടെ തുടരെ തുടരെയുള്ള ക്വാറന്റയിൻ വാസം. അതിനിടയിൽ മറ്റു വഴിയൊന്നുമില്ലെന്നു കണ്ടാണ് ഞാൻ ചെറുതായി പാചകം ചെയ്തുതുടങ്ങിയത്. യൂട്യൂബ് ഗുരുക്കന്മാർക്ക് ദക്ഷിണ വെച്ച് തുടങ്ങിയ ആ കലാപരിപാടി വീട്ടിനുള്ളിലെ ശ്വാസംമുട്ടലിന് ഒരയവുണ്ടാക്കി. റുഖിയ ബി.എ, എം.എ, ബി.എഡ് ബിരുദങ്ങൾക്കു പഠിക്കുന്ന സമയത്ത് അടുക്കള ഭരണം ഏറ്റെടുത്തതിൻ്റെ മുൻപരിചയം ഉണ്ടായിരുന്നു. പുതിയ പാചകനിയോഗം എന്നിലെ പരീക്ഷണകുതുകിയെ ഉണർത്തി. അന്നു തുടങ്ങിയ അടുക്കളജീവിതം ഇപ്പോഴും ഞാൻ ആസ്വദിച്ചു ചെയ്യുന്നു. ജോലിസംബന്ധമായ തിരക്കുകളിൽ റുഖിയയ്ക്ക് അതു നൽകുന്ന ആശ്വാസം ചെറുതല്ല. വീട്ടുജോലി ഒപ്പം പങ്കിട്ടും യാത്രകളിൽ ഒരുമിച്ച് സഞ്ചരിച്ചും കുടുംബജീവിതത്തിൻ്റെ പിരിമുറുക്കം അയവുള്ളതാക്കാൻ സർവ്വീസ് അനന്തരകാലം കുറച്ചൊന്നുമല്ല സഹായിക്കുന്നത്. വീട്ടകത്തു നടപ്പിലായ ജനാധിപത്യമാകണം വിരമിക്കൽകാലത്തിൻ്റെ വലിയ ഉപലബ്ധി എന്നു ഞാൻ തിരിച്ചറിയുന്നു.

ഇക്കാലത്തെ രമണീയമാക്കിയ ഒരനുഭവം കൂടി പങ്കുവെക്കാം. അത്, മുത്തു വാവയുടെ ഉപ്പാപ്പയായി ഞാൻ ജീവിച്ച നാലാണ്ടുകളെപ്പറ്റിയാണ്. മക്കളുടെ ശൈശവം ഇമ്പത്തോടെ ആസ്വദിക്കാൻ മിക്ക രക്ഷിതാക്കൾക്കും കഴിയാറില്ല. പിതാവിൻ്റെ പദവിയിൽ കഴിഞ്ഞ എനിക്ക് ദൂരദേശത്തെ ജോലി കാരണം അതിനുള്ള അവസരം കുറഞ്ഞ അളവിലേ കൈവന്നിരുന്നുള്ളു. പേരമകൾ മുത്തു വാവ വന്നതോടെ ആ കടം വീട്ടാനായി. കുഞ്ഞുങ്ങളുടെ ലോകം വിസ്മയങ്ങളുടെ ഒരുദ്യാനമാണ്. അവരുടെ ഓരോ വാക്കും കവിതയാണ്. എനിക്കത് കേട്ടെഴുതേണ്ട പണിയേ ഉണ്ടായിരുന്നുള്ളു. വാവേ വാവേ എന്ന അഞ്ചു ഖണ്ഡമുള്ള ദീർഘകവിതയിൽ അവളുണ്ട്. കുഞ്ഞേ കുഞ്ഞേ എന്ന സമാഹാരത്തിലെ മിക്ക കവിതയും അവളുടെ വകയാണ്. ഇപ്പോൾ ചിത്രകാരി യെന്നാണ് അവൾ സ്വയം വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എന്നെ മുന്നിൽ നിർത്തി എൻ്റെ പോർട്രയിറ്റ് വരച്ചുതന്നു.

ഉപ്പാപ്പയായ എന്നെ മുന്നിൽനിർത്തി മുത്തു വാവ വരച്ച പോർട്രയിറ്റ്.

ഒരു മധ്യവർഗ്ഗ മലയാളി ജനിക്കുന്നത് തൊഴിലിൽനിന്നു വിരമിക്കുമ്പോഴാണെന്നു തോന്നിയിട്ടുണ്ട്. അതുവരെ കമ്പനികൾക്കോ സ്റ്റേറ്റിനോ വേണ്ടി അരമുറുക്കി പണിയെടുത്ത് കുടുംബം നോക്കുന്ന അയാൾ / അവൾ
സ്വന്തം ആഗ്രഹങ്ങൾ പലതും നീട്ടിവെച്ചോ ബലികഴിച്ചോ ആണ് ജീവിക്കുന്നത്. ആ ജീവിതത്തിൻ്റെ പിരിമുറുക്കം സമ്മാനിച്ച രോഗങ്ങളുമായാണ് മിക്കവരുടെയും പടിയിറക്കം.
ജോലിയിൽനിന്ന് വിരമിച്ച അന്നു മുതൽ അവരവർക്കുവേണ്ടിയുള്ള ജീവിതം ഒരാൾക്കു തുടങ്ങിവെക്കാനാകും എന്നു ഞാൻ പഠിച്ചു. ഇഷ്ടത്തോടെ വയസ്സാകാൻ അതെനിക്കു കരുത്തു പകരുന്നു. സൈറണോ മണിയടിയോ മെമ്മോ ബുക്കോ നിയന്ത്രിക്കാനില്ലാത്ത ഒരു മിനിയേച്ചർ സ്വർഗമാണതിൻ്റെ വാഗ്ദാനം.


വീരാൻകുട്ടി

കവി. കോഴിക്കോട് മടപ്പള്ളി ഗവ. കോളേജിൽ മലയാളവിഭാഗം മേധാവിയായിരുന്നു. ജലഭൂപടം, ആട്ടോഗ്രാഫ്, മൺവീറ്, വീരാൻകുട്ടിയുടെ കവിതകൾ (സമ്പൂർണം), നിശ്ശബ്ദതയുടെ റിപ്പബ്ലിക് തുടങ്ങിയവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments