കേരള സംസ്‌കാരം എന്തെന്ന് തിരയുന്ന പുതിയ തലമുറ ആദ്യം എത്തുന്നത് ഉറപ്പായും വിക്കിപീഡിയയിൽ തന്നെയാവും. അത് നൽകാവുന്ന അറിവിന്റെ പരിമിതിയിൽ നിന്നുകൊണ്ടുതന്നെ, എഴുതപ്പെട്ട രേഖകളുമായി ഒന്ന് ഇടപെട്ടു നോക്കിയാലും സ്ഥിതി അത്രമേൽ വിശ്വസനീയമല്ല. കൃത്യമായി എഴുതപ്പെട്ട അക്കാദമിക പ്രബന്ധങ്ങളുടെ അഭാവം ചരിത്രരചനയിലുള്ള നമ്മുടെ പോരായ്മ തന്നെയാണ്. എന്നാൽ രചിക്കപ്പെട്ടവയാകട്ടെ പലതും ഏകപക്ഷീയവുമാണ്.
നവകേരളം, നവോത്ഥാന കേരളം എന്നിങ്ങനെയുള്ള ചിന്ത ഇപ്പോൾ നമ്മുടെ പൊതുസമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയും നിറഞ്ഞുനിന്ന സാമൂഹിക പരിവർത്തന സാക്ഷ്യങ്ങളാണ് കേരളത്തിന്റെ ആദ്യകാലത്തെ നവോത്ഥാനചിന്തയിൽ നിറയുന്നത്. ഇക്കാലത്തെ സാമൂഹിക നേതാക്കളെ പരിഷ്‌കർത്താക്കളെന്നും നവോത്ഥാന നായകരെന്നും വിളിച്ചു. ഇവരിൽ പലരും അധഃസ്ഥിതരുടെ ദയനീയാവസ്ഥ മനസിലാക്കി സമരത്തിനിറങ്ങിയവരായിരുന്നു. പലരും സ്വന്തം സമുദായത്തിനെതിരെ തന്നെയാണ് കലഹിച്ചിരുന്നതും. അവർ സമൂഹത്തിലെ വിസിബിളായ പ്രധാന കാര്യങ്ങൾക്ക് ആദ്യ പരിഗണന നൽകുകയും ചെയ്തു. അതുകൊണ്ടുതന്നെ പിന്നീടുവന്ന നരേറ്റീവുകളിലും കാഴ്ചകളിലും ചില പിശകുകൾ അവശേഷിക്കുകയും ചെയ്തു.
സാമൂഹികശാസ്ത്ര ഭാഷയിൽ, സാംസ്‌കാരിക സംയോജനത്തിലൂടെ സാംസ്‌ക്കാരിക അടിമത്വത്തിലേക്ക് ഇത്രമാത്രം തള്ളിമാറ്റപ്പെട്ട അടിയാളവർഗം ലോകത്തൊരിടത്തും കാണില്ല എന്നു പറയാം
അതിൽ പ്രധാനം, ഇവിടെ നിലനിന്നിരുന്ന അടിയാള സംസ്‌കാരത്തെ ആ നവോത്ഥാനം തിരസ്‌കരിച്ചു എന്നതാണ്. അതായത് സാമൂഹികശാസ്ത്ര ഭാഷയിൽ, സാംസ്‌കാരിക സംയോജനത്തിലൂടെ സാംസ്‌ക്കാരിക അടിമത്വത്തിലേക്ക് ഇത്രമാത്രം തള്ളിമാറ്റപ്പെട്ട അടിയാളവർഗം ലോകത്തൊരിടത്തും കാണില്ല എന്നു പറയാം. നൈസർഗികമായ കലകളും സംസ്‌കാരവും ജീവിതവുമെല്ലാം നഷ്ടമായവരായി മാറി കേരളത്തിലെ അടിയാളരായ ദലിതുകൾ. കേരളചരിത്ര നിർമിതിയിലും ഭാഷാചരിത്രത്തിലും പുറംവാതിൽ കാഴ്ചയിൽ പോലും ഇവർ ഇല്ലാതാകുന്നു. നവോത്ഥാനമെന്നാൽ ഉന്നതകുല സംസ്‌കാരത്തിലേക്ക് ചില ജൈവികതയെ പറിച്ചുനടുന്ന പ്രക്രിയ മാത്രമായി മാറി. പുതിയ സാംസ്‌കാരികചിഹ്നങ്ങളായി അതുകൊണ്ടുതന്നെ സവർണസമൂഹ കലാരൂപങ്ങൾ മാറപ്പെട്ടു. മാത്രമല്ല, ഡീൻ മാക് കന്നാലിനെപ്പോലുള്ളവർ വിളിച്ച "സ്റ്റേജ്ഡ് കൾച്ചർ' ഇന്ന് ശക്തിപ്രാപിക്കുകയും ചെയ്യുന്നു. പുതിയകാല ടൂറിസം വളർച്ചയിൽ ഇതുതന്നെയാണ് നമ്മുടെ സംസ്‌കാരം എന്ന ആത്യന്തിക നിഗമനത്തിൽ അത് സാവധാനം എത്തിച്ചേരുകയും ചെയ്യും. അതുതന്നെയാണ് വിക്കിപീഡിയയും മറ്റും തരുന്നതും.
ഇവിടെ ഓർമിക്കേണ്ടത് സമാനമായ മറ്റൊന്നാണ്. ആഫ്രോ-അമേരിക്കൻ സംസ്‌കാരത്തിന്റെ ഭാഗമായ ബ്ലൂ സംഗീതം അതിന്റെ പാരമ്പര്യവഴികളിലൂടെ ഇന്നും പുതിയ തലമുറയിലും നിലനിൽക്കുന്നതെന്തുകൊണ്ട്? അടിമത്തത്തിന്റെ ചങ്ങലകൾ അവിടെ പൊട്ടിച്ചെറിഞ്ഞത് അടിമകൾ സ്വമേധയാ ആയിരുന്നു. പതിയെ കാലങ്ങളായി ഉയിർകൊണ്ടുവന്ന ഒരു സമരം, അതിലൂടെ സ്വാതന്ത്ര്യം പ്രാപിക്കുകയായിരുന്നു, അവർ. എന്നാൽ ഇവിടത്തേത് സ്‌പോൺസർഷിപ്പിലുള്ള സമരമായിരുന്നു. അതുകൊണ്ടുതന്നെയാണ് അടിയാള സാംസ്‌കാരിക ചിഹ്നങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമായത്.
ഇവിടെയും ഒരു എതിർവാദമുന്നയിക്കാം, ആഫ്രോ-അമേരിക്കൻ അടിമകളെപ്പോലെ ഒരു സമൂഹമായിരുന്നില്ല കേരളത്തിലെ അടിയാളവർഗം അല്ലെങ്കിൽ ദലിതുകൾ എന്ന്. ഇവിടുത്തെ വർണ, ജാതി, തൊഴിൽ വ്യവസ്ഥ അതിനെ ഏകോപനമുണ്ടാകാത്തവിധം ചിതറിപ്പിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അടിത്തട്ടിൽ നിന്ന് മോചനത്തിനായി ഒരേ ശബ്ദത്തിൽ നിലവിളികളുയർന്നില്ല. അതായത് നടന്ന നവോത്ഥാനപ്രക്രിയ യഥാർഥത്തിൽ അടിത്തട്ടിൽ നിന്ന്അവസ്ഥയുടെ അനിവാര്യത കൊണ്ട് സ്വയം ഉണ്ടായിവന്നതല്ല എന്നുപറയാം (അത്തരത്തിലൊന്ന് പെട്ടെന്ന് സാധ്യമാകുമായിരുന്നില്ല എന്ന സത്യം വിസ്മരിക്കുന്നില്ല). ഇതിനുകാരണം ജാതിശ്രേണികൾ തന്നെയെന്ന് ഒരിക്കൽ കൂടി പറയേണ്ടതായി വരുന്നു. ഏകാത്മകമായ ഒരു മുന്നേറ്റത്തിലൂടെ മാത്രമേ എല്ലാ അർഥത്തിലും പ്രത്യേകിച്ചും സാംസ്‌കാരിക പരിപ്രേക്ഷ്യത്തിലുള്ള നവോത്ഥാനം പ്രാബല്യത്തിലാകൂ. സാംസ്‌കാരിക അധിനിവേശം ഇപ്പോഴും നിലനിൽക്കുന്നതിനുള്ള പ്രധാന കാരണം ഇതുതന്നെ.
അക്കാലത്ത് ജാതിയെപ്പറ്റിയുള്ള പൊതുബോധമായാണ് വെട്ടിയാർ പ്രേംനാഥിനെ തീണ്ടാപ്പാട് അകലെ നിർത്തിയതെങ്കിൽ നവകേരള പരിസരത്ത് അദ്ദേഹത്തെ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല?
വളരെ സമാന്തരമായി നീങ്ങിയ രണ്ടു സംസ്‌കാരങ്ങളായിരുന്നു കേരളത്തിൽ നിലനിന്നിരുന്നത്. ജീവിതാവസ്ഥപോലെ തന്നെ ഇതും രണ്ട് ജനസമൂഹത്തിലൂടെ കടന്നുപോകുകയായിരുന്നു. കാല്പനികതയിലും രതിയിലും നിലനിന്നിരുന്ന ഒരു വരേണ്യവർഗ കലാസംസ്‌കാരവും ജീവിതത്തിന്റെ താളരാഹിത്യത്തെ മറികടക്കാനോ പീഡനങ്ങളെ വിസ്മരിക്കുവാനോ രൂപപ്പെട്ട മറ്റൊരു പാരമ്പര്യവും. ഈ പാരമ്പര്യമാണ് ഇപ്പോൾ നിലവിലില്ലാതാകുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ കാലത്ത് നടത്തിയ ഇത്തരം സാംസ്‌കാരിക അന്വേഷണത്തെക്കുറിച്ചുള്ള ആധികാരിക രേഖയായിരുന്നു വെട്ടിയാർ പ്രേംനാഥിന്റെ അക്കാലത്ത് പ്രസിദ്ധീകരിച്ച പല ലേഖനങ്ങളും. കേരളത്തിന്റെ നാടോടി വിജ്ഞാനീയ ശാഖയിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ പലതും ഇപ്പോഴും പൊതുധാരയിലോ അക്കാദമിക രംഗത്തോ ചർച്ചയായിട്ടില്ല എന്നതും ഓർമിക്കേണ്ടതാണ്.
അക്കാലത്ത് ജാതിയെപ്പറ്റിയുള്ള പൊതുബോധമായാണ് അദ്ദേഹത്തെ തീണ്ടാപ്പാട് അകലെ നിർത്തിയതെങ്കിൽ നവകേരള പരിസരത്ത് അദ്ദേഹത്തെ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല? വരേണ്യതയുടെ സാംസ്‌കാരികബിംബങ്ങൾ അത്രമാത്രം നമ്മളിൽ ആഴ്ന്നിറങ്ങി എന്ന സത്യമാണ് അതിനുകാരണം. കേരളത്തിലെ അടിമകൾ എന്ന പുസ്തകം ഈയിടെയാണ് വായിക്കാൻ സാധിച്ചത്. പ്രേംനാഥിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഇതിലൂടെ, കേരളത്തിലെ ജാതീയതയെപ്പറ്റിയും ജാതിയെപ്പറ്റിയും ശക്തമായ നിരീക്ഷണങ്ങളും പഠനങ്ങളുമാണ് പ്രേംനാഥ് അന്ന് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാകുന്നു.
പുസ്തകത്തിന്റെ പ്രസിദ്ധീകരണകാലം കേരള സംസ്ഥാനം രൂപംകൊണ്ട അതേ കാലമായിരുന്നെന്നതും, അതിനുശേഷം ഇപ്പോഴും, ഈ പറഞ്ഞുപഴകിയ രണ്ടാം നവോത്ഥാന കാലത്തും അടിയാള അവസ്ഥ പലതും അതേപോലെ നിലനിൽക്കുന്നുവെന്നതുമാണ് ഈ പുസ്തകത്തെ ഒരു ചരിത്രരേഖയായി നിലനിർത്തുന്നത്. എന്തുകൊണ്ട് വെട്ടിയാർ പ്രേംനാഥ് മാറ്റിനിർത്തപ്പെട്ടു? അല്ലെങ്കിൽ അദ്ദേഹത്തിന്റെ നാടോടി വിജ്ഞാനീയ പഠനങ്ങൾ മാറ്റിനിർത്തപ്പെട്ടു? എന്നതിനുള്ള ഉത്തരം വ്യക്തമാണെങ്കിലും ചില രേഖകളിലൂടെ ആ അനുമാനത്തിന്റെ സാംഗത്യം ഉറപ്പിക്കാം.
അദ്ദേഹത്തിന്റെ തന്നെ ചെങ്ങന്നൂർ കുഞ്ഞാതിയെന്ന പുസ്തകത്തിന്റെ അവതാരികയിലൂടെ കടന്നുപോകുമ്പോൾ അതേ കാലത്തെ മലയാള പണ്ഡിതന്മാരുടെ ധാരണകൾ എത്രമാത്രം ദലിത് വിരുദ്ധമായിരുന്നുവെന്ന് വ്യക്തമാകും. ശൂരനാട് കുഞ്ഞൻപിള്ള എഴുതിയ അവതാരികയിൽ ഗ്രന്ഥകർത്താവിനെ എത്രമാത്രം ഇകഴ്ത്താമോ അതെല്ലാം കടന്നുകൂടിയിട്ടുണ്ടെന്ന് ആദ്യവായനയിൽ തന്നെ വ്യക്തമാണ്.
സമാനമായ മറ്റൊന്ന്, കേരളത്തിലെ അടിമകൾ എന്ന കൃതിയിൽ പ്രേംനാഥ് തന്നെ സൂചിപ്പിക്കുന്നുണ്ട്: ‘പറയനായ തിരുവള്ളുവരുടെ ‘തിരുക്കുറൾ' തമിഴർക്ക് ഇന്നലെയും ഇന്നും വേദം തന്നെയാണ്. പക്ഷെ, അതേ കാലഘട്ടത്തിൽ താമസിച്ചിരുന്ന പാക്കനാർ തൊള്ളായിരം പദ്യങ്ങൾ (ഓരോ പദ്യത്തിലും എട്ടെട്ടു വരികൾ) നിർമിച്ചിട്ടുണ്ടായിരുന്നെന്ന് എ.ഡി .പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേരളത്തിൽ വന്നു താമസിച്ച് Lviro da Sainta dos Indios orientais എന്ന ഗ്രന്ഥമെഴുതിയ Jacobo Fenicio എന്ന പാശ്ചാത്യ മിഷിനറി രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിൽ മുന്നൂറെണ്ണത്തോളം തേടിപ്പിടിക്കുവാൻ കഴിഞ്ഞിട്ടുള്ളവ അദ്ദേഹത്തിന്റെ പുസ്തകത്തിൽ ചേർത്തിട്ടുമുണ്ട്. കേരള ഭാഷാചരിത്രം രചിച്ച ഉള്ളൂർ എസ്. പരമേശ്വരയ്യർ, രണ്ടാം ഭാഗത്തിൽ ഹിന്ദുമത ഭൂഷണത്തിനുപകരിക്കും വിധത്തിൽ വല്ല മലയാളികളും എഴുതി സായ്പിനെ ഏൽപ്പിച്ചിട്ടുള്ളതാണെന്നും ആധികാരികമായി ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷെ, ഉള്ളൂർ പരമേശ്വരയ്യർ പഠിച്ചിട്ടുള്ള വാക്യവും പരൽപ്പേരും എല്ലാം പറയനായ പാക്കനാരുടേതായിരുന്നു. എന്നിട്ടുപോലും മലയാള സാഹിത്യത്തിന്റെ സാക്ഷാൽ ജനയിതാവിനെപ്പറ്റി ഒരു വാക്കെങ്കിലും പറയാൻ അദ്ദേഹത്തെ ഭയപ്പെടുത്തിയിരുന്ന ചിന്താഗതി എന്തായിരുന്നിരിക്കുമോ? ആർക്കറിയാം? എഴുത്തച്ഛന്റെ കാലത്തിനുമുമ്പുതന്നെ മലയാള സാഹിത്യവും മലയാളത്തിൽ ഒന്നാംതരം കവിതകളും ഉണ്ടായിരുന്നു എന്ന് തെളിയിക്കുവാൻ മാത്രമാണ് ഈ കുറിപ്പെഴുതുന്നത്. ബ്രാഹ്മണ പൗരോഹിത്യത്തിനെതിരായി എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവയെല്ലാം നശിപ്പിക്കണമെന്ന ചിന്താഗതി സ്വാഭാവികമായി അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിലനിന്നിരുന്നതുകൊണ്ടായിരിക്കാം ഇപ്രകാരം ചെയ്തത്.' - പ്രേംനാഥ് വാദിക്കുന്നു.
ഉള്ളൂരിനെപ്പോലുള്ള ഒരു ഭാഷാചരിത്രകാരന്റെ ചരിത്രത്തെബോധത്തെ വെട്ടിയാർ പ്രേംനാഥ് കൃത്യമായാണ് വിചാരണ ചെയ്യുന്നത്. അല്ലെങ്കിൽ തന്നെ ആരാണ് ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന പദവി ഒരാളിൽ മാത്രം വച്ചുകെട്ടുന്ന തരത്തിലുള്ള നിഗമനങ്ങൾ നടത്തുന്നത്. അതിലെ ബുദ്ധിശൂന്യത തന്നെ ആലോചിക്കാവുന്നതാണ്. ഒരാൾ ഒറ്റയ്ക്ക് ഭാഷ പോലുള്ള അതിവിപുലമായ ഒരു സാമൂഹികജാലം എങ്ങനെ സൃഷ്ടിക്കും! ഇവിടെ തിരുത്തൽ വരേണ്ടത് ആധുനിക മലയാള ഭാഷയിൽ കണ്ടെടുക്കപ്പെട്ട ആദ്യ കൃതിയെന്നോ മറ്റോ ആയിരുന്നിരിക്കാം. അതിനെയും നിരാകരിക്കും പാക്കനാരുടെ കൃതികളെപ്പറ്റി പറഞ്ഞുപോയാൽ എന്നതാണ് പ്രേംനാഥിനെപ്പോലുള്ളവർ ഉയർത്തുന്ന സത്യം.
ഇത്തരം നിഗമനങ്ങളും പഠനങ്ങളും ഈ പുസ്തകത്തിലെ ലേഖനങ്ങളിലുടനീളം കാണാം. കൃത്യമായ ദലിത് പക്ഷ വീക്ഷണങ്ങൾ. അതാകട്ടെ അടിച്ചമർത്തപ്പെട്ടവരുടെ എല്ലാ അവസ്ഥകളും ഉൾക്കൊണ്ട് രൂപപ്പെട്ടതുമാണ്.
തികച്ചും വ്യാകുലതകളും ആശങ്കകളും നിറഞ്ഞ ഒരു ദരിദ്രജീവിതത്തിൽ നിന്നുമാണ് എഴുപതു വർഷങ്ങൾക്കുമുൻപ് വെട്ടിയാർ പ്രേംനാഥ് ജാതി കേരളത്തെക്കുറിച്ച് അന്വേഷിക്കാൻ യാത്രതിരിക്കുന്നതും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതും.
കേരളത്തിലെ അംബേദ്കറിസ്റ്റു വായനയിൽ തനതായ ഒരു നിരീക്ഷണം കൂടി കേരള ചരിത്രത്തിൽ ഇരുണ്ട ഏടുകളായി മാറിയ പുലപ്പേടി, മണ്ണാപ്പേടി, പറപ്പേടി ഇവയെ കുറിച്ച് പ്രേംനാഥ് നടത്തിയിട്ടുണ്ട്. ‘‘അടിമത്തത്തിനെതിരായി, അയിത്തത്തിനെതിരായി, ന്യായമായ അവകാശങ്ങൾക്കായി ഏഴജാതികൾ സംഘടിച്ച് സമരം ചെയ്തിട്ടുള്ള ഒരു നീണ്ട ചരിത്രപാരമ്പര്യം ഭാരതത്തിലുണ്ടെന്നും അംബേദ്കറാണ് ഈ സത്യം ചരിത്രകാരന്മാർക്കു മുൻപിൽ കൊണ്ടുവന്നതെന്നും അത്തരം സമരങ്ങളെ കവർച്ചയായും സമരക്കാരെ കൊള്ളക്കാരായും മാറ്റിയെഴുതുകയായിരുന്നു ചരിത്രകാരന്മാർ എന്നും അംബേദ്കർ വാദിച്ചിരുന്നു. അവകാശങ്ങൾക്കുവേണ്ടിയും സ്വാതന്ത്ര്യത്തിനു വേണ്ടിയും നടത്തിയ ഇത്തരം സമരങ്ങൾ ഒളിപ്പോരുകളായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അതുകൊണ്ടുതന്നെ ഇവർ ക്രിമിനലുകളല്ല, സേനാനികളാണെന്നും അവർക്കു അർഹമായ പരിഗണന അതിനാൽ തന്നെ ഭരണഘടനയിൽ ഏർപ്പെടുത്തണമെന്നും അംബേദ്കർ വാദിച്ചു.’’
കേരളത്തിലെ ജന്മിവ്യവസ്ഥയെ ഒരുകാലത്ത് വല്ലാതെ ഭയപ്പെടുത്തുകയും അവരിൽ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്ത പുലപ്പേടിയും പറപ്പേടിയും മണ്ണാപ്പേടിയും ഇത്തരം സമരങ്ങളായിരുന്നെന്നും മൊത്തം ഉല്പാദനത്തിന്റെ ഇരുപതിലൊരു ഭാഗം തൊഴിലാളികളുടെ അവകാശമായി ‘കാവൽ' എന്ന പേരിൽ വിളവിറക്കുമ്പോൾ പുരുഷന് മൂന്നിടങ്ങഴി നെല്ലും വിളവെടുപ്പുകാലത്ത് ചെയ്യുന്ന ജോലിയുടെ ഏഴിലൊരു ഭാഗം കൂലിയായും, കൂടാതെ, കവക്കറ്റ, വേലക്കറ്റ തുടങ്ങിയ ആനുകൂല്യങ്ങളും മറ്റും അംഗീകരിക്കാൻ ജന്മിമാരെ പ്രേരിപ്പിച്ചത് ഇത്തരം പേടികളായിരുന്നെന്നും അതിനാൽ തന്നെ അത് ക്രിമിനൽ സ്വഭാവമുള്ള പ്രക്രിയ അല്ലെന്നും അംബേദ്കറിലൂടെ പ്രേംനാഥ് വീക്ഷിക്കുന്നു. ഇത്തരം ‘സമരങ്ങളുടെ' പ്രത്യാഘാതങ്ങൾ മറ്റൊരുതരത്തിൽ അന്നത്തെ അടിയാളർക്ക്അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും പ്രേംനാഥ് കണ്ടെത്തുന്നു. ഇത്തരം ന്യായമായ അവകാശങ്ങൾ കിട്ടിക്കഴിഞ്ഞാൽ ശാന്തരാകുന്ന അടിയാളർക്കു മീതെ മാടമ്പിമാരും തരകന്മാരും അച്ചന്മാരും കൊച്ചുണ്ണിമാരും ചേകോന്മാരും എല്ലാം അവരുടെ കൊള്ളസംഘങ്ങളെ ഉപയോഗിച്ചുകൊണ്ട് പറയന്റെയും പുലയന്റെയും മറ്റും പേരിൽ പഴിപറഞ്ഞും കൊലചെയ്തും അവരുടെ അധികാരം ബലപ്പെടുത്തിയിരുന്നതായും പറയുന്നു.
തികച്ചും വ്യാകുലതകളും ആശങ്കകളും നിറഞ്ഞ ഒരു ദരിദ്രജീവിതത്തിൽ നിന്നുമാണ് എഴുപതു വർഷങ്ങൾക്കുമുൻപ് വെട്ടിയാർ പ്രേംനാഥ് ജാതി കേരളത്തെക്കുറിച്ച് അന്വേഷിക്കാൻ യാത്രതിരിക്കുന്നതും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതും. കേരളത്തിലെ അടിമകൾ എന്ന പുസ്തകത്തിന്റെ ആമുഖകുറിപ്പിൽ അദ്ദേഹം തന്നെ ഈ ഉദ്വേഗം പങ്കുവയ്ക്കുന്നുണ്ട്.‘‘തെക്കോട്ടു നോക്കീട്ട് തേനാദി കാണുന്നു വടക്കോട്ട് നോക്കീട്ട് മാവേലി കാണുന്നു കിഴക്കുതിപ്പനപടിഞ്ഞാറത്തമനം മേലാകായം ...കിഴുപ്പൂമി നിക്കാനൊരുവായൊമില്ല ന്റപ്പാ ന്റപ്പുപ്പ ന്റുടയതെ ന്റെ നേരില്ലാത്തീച്ചര...''
ആയിരമായിരം തലമുറകളായി യാതനകളനുഭവിക്കുന്ന എന്റെ ജനതതി ഉരുവിടുന്ന ഗായത്രി എന്നാണ് അദ്ദേഹം ഈ പ്രാർഥനയെ അഭിസംബോധന ചെയ്യുന്നത്. അവസാന പദം ശ്രദ്ധിക്കുക; ‘ന്റെ, നേരില്ലാത്തീച്ചര'- ദൈവനീതിയിലുള്ള സംശയം തന്നെയാണ് വിശ്വാസത്തിനുപരി അന്നത്തെ വിദ്യാസമ്പന്നരായ ദലിതരെയും നയിച്ചിരുന്നതെന്ന തെളിവാണ് ഈ വാക്കുകൾ. ഇത് പറയ വിഭാഗത്തിന്റെ പ്രാർഥനയുടെ (ചാറ്റ് എന്ന് വിളിക്കും) ഭാഗമായിരുന്നു. യാത്രകളിലെ സാമ്പത്തിക പരാധീനതകൾ മൂലമുള്ള അനിശ്ചിതത്വവുമെല്ലാം എഴുത്തിൽ തെളിഞ്ഞിരുന്നു. തേക്കടിയുടെ ടൂറിസം വളർച്ചയുടെ ആദ്യഘട്ടവും വനത്തിൽ പേടിച്ചിരുന്ന രാത്രിയും ആദിവാസിക്കുടിലുകളിൽ ലഭിച്ച അഭയവുമെല്ലാം ഒരു സാംസ്‌കാരിക യാത്രയുടെ വിഷമിപ്പിക്കുന്ന ഓർമകളായി മാറുന്നു.
ഇന്നും ഏറെ പ്രസക്തമാകുന്ന ചില നിഗമനങ്ങൾ പ്രേംനാഥ് നടത്തുന്നുണ്ട്. അതിലൊന്ന് ആദിവാസി വനസമ്പത്തിന്റെയും കാട്ടിൽ ജീവിക്കുന്ന മനുഷ്യരെ ചൂഷണം ചെയ്യുന്നതിനെയും പറ്റിയാണ്. കേരളത്തിലെ മൊത്തം ജനതയ്ക്കും സുഭിക്ഷമായി കഴിയാനുള്ള ധനം വനമേഖലയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ കണ്ടെത്താൻ കഴിയുമെന്ന കണ്ടെത്തൽ ഇന്നും പ്രസക്തമാണ്. അതുപോലെ, ആനുകൂല്യങ്ങൾ പറ്റാൻ പട്ടികജാതി ലിസ്റ്റിൽ കയറിപ്പറ്റുന്നവരും ഇതേവരെ ഒരു പ്രയോജനവും ലഭിക്കാത്തവരുമൊക്കെ പ്രേം നാഥിന്റെ പഠനത്തിൽ കടന്നുവരുന്നു. നായാടി എന്ന വിഭാഗത്തെക്കുറിച്ചു പറയുന്ന ഭാഗം ഗൗരവമായി ശ്രദ്ധിക്കേണ്ടതാണ്. ഇന്നും ജാത്യാചാരങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങൾ നവോത്ഥാന കേരളത്തിലുണ്ട്. സമൂഹത്തിന്റെ മൊത്തം പിറന്നാളുകൾ ഓർത്തിരിക്കുകയും അത് അതേ ദിവസത്തിൽ ചെന്ന് വിളിച്ചറിയിക്കുകയും, നൽകുന്ന ഭക്ഷണം ഒളിച്ചിരുന്ന് ഭക്ഷിക്കുകയും പോകും നേരം ഭക്ഷണം നൽകിയവരെ ശപിക്കുകയും ചെയ്യുന്ന നായാടി വർഗത്തെപ്പറ്റിയൊന്നും നാടോടി വിജ്ഞാനീയത്തിൽ അത്ര പഠനം നടന്നിട്ടില്ല.
കേരളത്തിലെ ദലിത് വിഭാഗങ്ങളുടെ ആചാരങ്ങളും കലകളും ഇത്രയേറെ പഠിച്ചിട്ടും വെട്ടിയാർ പ്രേംനാഥ് അസ്പൃശ്യനായി നിൽക്കുന്നു. സത്വബോധത്തെപ്പറ്റിയുള്ള പദങ്ങളും എഴുത്തുകളും ആധികാരികമാകുന്നത്, അതേ അവസ്ഥയിലുള്ള ആളുകൾ എഴുതുമ്പോഴോ അവതരിപ്പിക്കുമ്പോഴോ ആണെന്ന പൊതുബോധം നിലനിൽക്കുമ്പോൾ തന്നെയാണ് മറ്റുള്ളവർ എഴുതുന്ന സെക്കന്ററി അനുഭവങ്ങൾ ആധികാരികമായ രേഖകളായി വായിക്കാൻ നമ്മുടെ അക്കാദമിക വിഭാഗം നിർദേശിക്കുന്നത്.
ഇന്നത്തെ ഇന്ത്യനവസ്ഥയിൽ ശ്രദ്ധേയ വായന ആവശ്യപ്പെടുന്ന പലതും പ്രേംനാഥ് നടത്തിയിട്ടുണ്ട്. അതിലൊന്ന് സംസ്‌കാരത്തെപ്പറ്റിയുള്ള ഒരു വീക്ഷണമാണ്. പുരുഷനും സ്ത്രീയും അധ്വാനത്തിന്റെ പ്രതീകങ്ങളാണെന്നും ഇത് പലപ്പോഴും ദലിത്- ആദിവാസി സമൂഹത്തിൽ മാത്രമാണ് ഉള്ളതെന്നും വരേണ്യതയിൽ സ്ത്രീ ഇപ്പോഴും പുരുഷന്റെ കീഴിൽ, അവന്റെ ആജ്ഞാനുവർത്തിയായി നിൽക്കുന്ന ഒരാൾ മാത്രമാണെന്നും അദ്ദേഹം വാദിക്കുന്നു. സീതയും പാഞ്ചാലിയും ഉയർത്തിത്തന്നെ, സ്‌ത്രൈണ ബിംബങ്ങളിലല്ല ജീവിക്കേണ്ടതെന്ന് ഉന്നതജാതിയിൽപെട്ട സ്ത്രീകളോട് ഉച്ചത്തിൽ പറയാനും പ്രേംനാഥ് മടിക്കുന്നില്ല. പുരുഷനുവേണ്ടി ഭക്ഷണം തയാറാക്കാനും പ്രസവിക്കുവാനും മാത്രം ജീവിക്കുന്ന ദാരുണമായ നിലവാരത്തിൽ നിന്ന് വിമുക്തി നേടുവാൻ പരിശ്രമിക്കുക എന്നാണദ്ദേഹം ആഹ്വാനം ചെയ്യുന്നത്.
ഇത്തരത്തിൽ കേരളത്തിന്റെ നാടോടി വിജ്ഞാനീയത്തിലും ജാതി യാഥാർഥ്യത്തിലും അതിഗഹനവും ഗൗരവസ്വഭാവവുമുള്ള പഠനം നടത്തിയ ഒരാൾ ദലിത് പക്ഷത്തുനിന്ന് ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.