ഈ വെയിൽക്കാലങ്ങളിൽ മഴ പെയ്തതേയില്ലേ?
പെയ്തു; പല തരം മഴകൾ; വെളുത്ത മഴകൾ, ഓർമത്തെറ്റുകളുടെ കറുത്ത മഴകൾ, പ്രണയങ്ങളുടെയും പ്രണയഭംഗങ്ങളുടെയും നിറമാർന്ന മഴകൾ, വഴിമുടങ്ങിയ വിപ്ലവത്തിന്റെ പോക്കിരിമഴകൾ, അങ്ങനെ എത്രയോ മഴകളുടെ രാഗഭാവങ്ങൾ; അവയുടെ ആലാപന വൈവിദ്ധ്യത്തിന്റെ മന്ദ്ര, താരസ്ഥായികളിലെ സൗമ്യ- ഗംഭീര സ്വരപ്പകർച്ചകൾ...
അങ്ങനെ എന്തെല്ലാം ഈ വെയിൽക്കാലങ്ങൾ ദാനം ചെയ്തു!
എന്നിട്ടും യാത്രയും വഴികളും വെയിലും അവസാനിക്കുന്നില്ല.
ചേർത്തല എസ്.എൻ. കോളേജ്.
അപ്പൻ സാറിന്റെ ലക്ചർ ക്ലാസുകൾക്ക് ഒരു വ്യത്യസ്തത ഉണ്ടായിരുന്നു.
നിറയെ കുട്ടികളുള്ള ഞങ്ങളുടെ ക്ലാസിൽ ഓരോരുത്തരുടെയും പേരുവിളിച്ച് അറ്റൻഡൻസ് മാർക്ക് ചെയ്തിരുന്ന ഒരേ ഒരാൾ അപ്പൻ സാർ ആയിരുന്നു.
റോസ് കെ. എസ്. എന്ന ഒരു പെൺകുട്ടി ആയിരുന്നു അവസാന പേരുകാരി. അതുവരെ കൃത്യമായി വായിച്ച് മറന്നുപോയ മുഖങ്ങൾ മനസ്സിലുറപ്പിക്കാനെന്നോണം തല ഉയർത്തി ചിലരെ നോക്കി സാർ എന്നും ആ പതിവുതുടർന്നു.
കോളേജിൽ ക്ലാസുകൾ അഥവാ ലക്ചറുകൾ "കട്ട്' ചെയ്യുകയെന്നത് പതിവാണല്ലോ. കുറേക്കൂടി ഉയർന്ന ക്ലാസുകളിൽ നമ്മുടെ ഐച്ഛിക വിഷയങ്ങൾക്ക് ഡിഗ്രി ക്ലാസുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറവാകുമല്ലോ. (ഇപ്പോഴത്തെ എണ്ണത്തെക്കുറിച്ച് എനിക്ക് യാതൊരു പിടിപാടുമില്ല, കേട്ടോ. എന്റെ വിദ്യാർത്ഥിജീവിതകാലത്തെ കാര്യമാണ് പറയുന്നത്). അങ്ങനെയുള്ള അവസരങ്ങളിൽ എത്ര വിരസമായ ലക്ചറാണെങ്കിലും കേട്ടിരിക്കാൻ നാം നിർബ്ബന്ധിതരാവും.
പക്ഷേ ഞങ്ങൾ യൂണിവേഴ്‌സിറ്റി കോളേജിൽ ഇംഗ്ലീഷ് ബി.എ. അവസാന വർഷത്തിൽ മാപ്പർഹിക്കാത്ത ഒരു കടുംകൈ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു അധ്യാപകനോട് ചെയ്തു; പ്രൊഫ. കെ. കെ. നീലകണ്ഠൻ എന്ന ഇംഗ്ലീഷ് വിഭാഗം തലവനോട്. ഒരു ദിവസം അദ്ദേഹത്തിന്റെ ക്ലാസ് ഞങ്ങൾ ഒന്നടങ്കം ‘കട്ട്' ചെയ്തു. സാറിന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥികളായിരുന്ന
സി. കെ. മാത്യു (റവന്യൂ സെക്രട്ടറിയായിരുന്ന കൊച്ചുകോശിയുടെ പുത്രൻ),
ഇ.കെ. ഭരത് ഭൂഷൺ എന്നിവരുൾപ്പെടെ എല്ലാവരും (30 പേർ) ആ ബഹിഷ്‌കരണത്തിൽ പങ്കാളികളായി. എല്ലാവരും ചേർന്നുനടത്തിയ ആ ബഹിഷ്‌കരണം നീലകണ്ഠൻ മാസ്റ്ററെ ഇത്തിരിയൊന്നുമല്ല വേദനിപ്പിച്ചത്. പിറ്റേന്ന് കോളേജിലെത്തിയപ്പോൾ മുതൽ ഞങ്ങൾക്കെല്ലാവർക്കും കടുത്ത കുറ്റബോധം തോന്നിയെന്നത് സത്യം തന്നെ. എങ്കിലും സാറിന്റെ മുന്നിൽ ചെന്ന് മാപ്പ് ചോദിക്കാനുള്ള വിവേകമോ ധൈര്യമോ ഞങ്ങൾ പ്രകടിപ്പിച്ചില്ല എന്നത് ഞങ്ങൾ ചെയ്ത തെറ്റിനെ ഒരു അടയാളമാക്കി; അറിവുകേടിന്റെയും ധിക്കാരത്തിന്റെയും.
എല്ലാ ആഴ്ചയും അവസാനത്തെ മണിക്കൂറിൽ അപ്പൻ സാർ പഠിപ്പിച്ചിരുന്നില്ല. അഥവാ അന്നത്തെ പഠിപ്പിക്കൽ വ്യത്യസ്തമായ ഒരു രൂപത്തിലായിരുന്നു. അന്നത്തെ ദിവസം ടാഗോറിന്റെ "ഗീതാഞ്ജലി'യിലെ ഒരു ചെറിയ കവിത ഞങ്ങൾക്ക് തർജ്ജമ ചെയ്യാൻ അദ്ദേഹം ബോർഡിൽ എഴുതിയിട്ടു.
അതിന് ഞങ്ങൾ നൽകിയ വില, വർഷാവസാനത്തെ വിടവാങ്ങൽ സന്ദർഭത്തിൽ പങ്കെടുക്കാൻ നീലകണ്ഠൻ മാസ്റ്റർ വിസമ്മതിച്ചയിടത്ത് തുടങ്ങുന്നു. പല വിധത്തിലുമുള്ള ക്ഷമാപണങ്ങൾക്കും സഹപ്രവർത്തകരുടെ നിർബ്ബന്ധങ്ങൾക്കും അദ്ദേഹം വഴങ്ങിയില്ല. വിഷ്ണുനാരായണൻ നമ്പൂതിരി മാസ്റ്ററാണ് എങ്ങനെയോ അദ്ദേഹത്തെ ആ ചടങ്ങിൽ പങ്കെടുക്കാൻ സ്‌നേഹപൂർവ്വം നിർബ്ബന്ധിച്ച് സമ്മതിപ്പിച്ചത്. അസന്തുഷ്ടിയോടെയാണെങ്കിലും അദ്ദേഹം ചടങ്ങിൽ പങ്കെടുത്തു. ‘പൊതു വേദിയിൽ നിന്ന് വിഴുപ്പലക്കാൻ ആഗ്രഹമില്ലാത്തതു കൊണ്ട് ചില അപ്രിയസത്യങ്ങൾ ഞാൻ പറയാതെ മാറ്റി വയ്ക്കുന്നു' എന്നർത്ഥം വരുന്ന വാക്കുകൾ പറഞ്ഞ് അദ്ദേഹം പിരിഞ്ഞുപോയി. എന്നോട് വളരെ സ്‌നേഹപൂർവം പെരുമാറിയിരുന്ന നീലകണ്ഠൻ മാസ്റ്ററെ കോളേജ് വിട്ടശേഷം ഒറ്റ തവണയേ ഞാൻ കണ്ടിട്ടുള്ളു; 1979ൽ.
ഇപ്പോൾ ഇതിവിടെ പറയാൻ കാരണം അപ്പൻ സാറിന്റെ ക്ലാസുകൾ ആണല്ലോ. വളരെ കുറച്ചു വിദ്യാർത്ഥികൾ മാത്രമേ സാറിന്റെ ക്ലാസുകൾ ബഹിഷ്‌കരിച്ചിരുന്നുള്ളു. അവർ തീർത്തും അരസികന്മാരായിരുന്നിരിക്കണം.
എല്ലാ ആഴ്ചയും അവസാനത്തെ മണിക്കൂറിൽ സാർ പഠിപ്പിച്ചിരുന്നില്ല. അഥവാ അന്നത്തെ പഠിപ്പിക്കൽ വ്യത്യസ്തമായ ഒരു രൂപത്തിലായിരുന്നു. അന്നത്തെ ദിവസം ടാഗോറിന്റെ "ഗീതാഞ്ജലി'യിലെ ഒരു ചെറിയ കവിത ഞങ്ങൾക്ക് തർജ്ജമ ചെയ്യാൻ അദ്ദേഹം ബോർഡിൽ എഴുതിയിട്ടു. ടാഗോറിലേക്കുള്ള വാതിൽ എനിക്കായി അദ്ദേഹം തുറന്നിട്ടത് ആ ഗീതാഞ്ജലിക്കവിതകളിയിലൂടെയാണ്. അത് ചെയ്യിച്ചശേഷം അദ്ദേഹം അവ വാങ്ങി വായിച്ച് നോക്കിയിരുന്നു. ചുവട്ടിൽ ചുവന്ന മഷിയിൽ Appan Real എന്ന അദ്ദേഹത്തിന്റെ അസാധാരണമായ കയ്യൊപ്പോടു കൂടി ആ മൊഴിമാറ്റത്താളുകൾ തിരികെ കിട്ടുമ്പോൾ എനിക്ക് ജ്ഞാനപീഠം നേടിയ ആഹ്ലാദമായിരുന്നു.
കാരണം, എന്റെ മൊഴിമാറ്റങ്ങൾ കണ്ട് എനിക്ക് വാക്കുകളുടെ വിന്യാസത്തിൽ ഭാവിയുണ്ടെന്ന് അദ്ദേഹം പറയുന്നതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ടാവാം കോളേജിൽ നിന്ന് വിട്ടുപോയതിനു ശേഷവും അദ്ദേഹം അമൃതാ പ്രീതത്തിന്റെ ഡോക്ടർ ദേവ് എന്ന നോവൽ എന്നെക്കൊണ്ട് തർജ്ജമ ചെയ്യിച്ച് പ്രശസ്തമായ ഒരു വാരികയ്ക്ക് നൽകിയതും.
കോളേജ് വിടുന്നതിനു മുൻപ് അപ്പൻ സാറിനെ എനിക്ക് വേദനിപ്പിക്കേണ്ടി വന്ന ഒരു സന്ദർഭം കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ഞങ്ങളാരും തീരുമാനിച്ചിരുന്നില്ല. പക്ഷെ അത് അലങ്കോലപ്പെട്ടു. അത് എന്റെ നേതൃത്വത്തിലാണെന്ന് മാനേജ്‌മെൻറ് വിധിക്കുകയും ചെയ്തു. അപ്പൻ സാറും അത് വിശ്വസിച്ചു എന്നാണ് ഞാൻ കരുതിയത്. ഒരിക്കൽ പോലും സാർ എന്നോട് ആ കാലത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. വാസ്തവത്തിൽ ആ സംഭവങ്ങൾക്കു ശേഷമാണ് അപ്പൻ സാറുമായി കുറേക്കൂടി അടുത്ത ബന്ധം സ്ഥാപിക്കാൻ എനിക്ക് കഴിഞ്ഞതെന്ന് പറയാം.
കോളേജ് കേസിൽ എന്നെ പുറത്താക്കിയതിനാൽ എനിക്ക് പരീക്ഷയ്ക്കിരിക്കാനുള്ള ഹാജർ ഇല്ലെന്ന് മാനേജ്‌മെൻറ് വിധിക്കയും എന്റെ ഒരു വർഷം അങ്ങനെ കവരുകയും ചെയ്തു. പിന്നീട് ഞാൻ അതെ കോളേജിൽ തന്നെ ‘കാഷ്വൽ സ്റ്റുഡൻറ്' ആയി ചേരണം; ഹാജർ തികയ്ക്കാൻ മാത്രം. ദിവസവും രാവിലെ കോളേജ് തുടങ്ങുമ്പോൾ പ്രിൻസിപ്പലിന്റെ ഓഫീസിൽ വച്ചിട്ടുള്ള രജിസ്റ്ററിൽ ഒപ്പു വയ്ക്കണം. ക്ലാസുകളിൽ കയറാൻ പാടില്ല. ലൈബ്രറി ഉപയോഗിക്കാൻ പറ്റില്ല. പക്ഷെ ഉച്ചയ്ക്ക് ഒരു മണിക്ക് വീണ്ടും പോയി രജിസ്റ്ററിൽ ഒപ്പുവയ്ക്കണം.
മാനേജ്‌മെന്റുകളുടെ അധികാരം!
അത് കഴിഞ്ഞാൽ പോകാം. ഞാൻ ആലപ്പുഴയിലാണ് താമസിക്കുന്നത്.
ഉച്ചയ്ക്ക് ഒരു മണി വരെ ഞാൻ കോളേജിനടുത്തുള്ള ഒരു ചായക്കടയിൽ (‘അമ്മാവന്റെ' കടയായിരുന്നെങ്കിൽ അയാൾ അതിനും വാടക വാങ്ങിയേനെ!) ഇരുന്ന് വായിച്ചു. ചായക്കടക്കാരൻ പരിചയമുള്ള ആളായതിനാൽ എനിക്ക് ഇരിക്കാൻ ഒരു സ്ഥലമൊരുക്കിത്തന്നിരുന്നു; എന്നും.
ഞാൻ ആലപ്പുഴ വിട്ടുപോകുമ്പോൾ സാർ എന്റെ ഓട്ടോഗ്രാഫിലെഴുതിയ വാക്യം ഇതായിരുന്നു: അപകടകാരിയായി ജീവിക്കുക. അറിഞ്ഞോ അറിയാതെയോ ഒരു പ്രവചനസ്വഭാവമുണ്ടായിരുന്നു ആ ആശംസയ്ക്ക്.
അപ്പോഴേക്ക് പല അദ്ധ്യാപകരും അവിടെ നിന്ന് സ്ഥലം മാറിപ്പോയിരുന്നു. ഞങ്ങൾ ആർക്കു വേണ്ടി മാനേജ്‌മെന്റുമായി സംഘർഷത്തിലേർപ്പെട്ടുവോ അവരെ ആരെയും ഞാൻ കണ്ടില്ല. രാജശേഖരൻ നായരെ വർഷങ്ങൾക്കുശേഷം (കൃത്യമായി പറഞ്ഞാൽ 1981) കരുനാഗപ്പള്ളി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കണ്ടു. ഫോട്ടോഗ്രാഫർ രാമദാസും ജോർജ്ജും ഒന്നിച്ച് പണ്ടത്തെ ശൂരനാട് സംഭവം ഒരു ഓർമക്കുറിപ്പിന്റെ പരിവേഷത്തിൽ കലാകൗമുദിക്കായി ഫീച്ചർ ചെയ്യാൻ പോയിട്ട് വരികയായിരുന്നു (തോപ്പിൽ ഭാസി ഒരു മുഖ്യ പ്രതിയായിരുന്ന ആ കേസ് തിരുവിതാം കൂറിലെ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ചരിത്രത്തിലെ ചോരയിറ്റുന്ന അദ്ധ്യായമായി ഇന്നും ഓർമിക്കപ്പെടുന്നു.) വർഷങ്ങൾക്കുശേഷം കാണുമ്പോഴും രാജശേഖരൻ നായരുടെ സ്വാർത്ഥതക്ക് തരിമ്പും കുറവില്ലായിരുന്നു. എന്നെക്കുറിച്ചോ എന്റെ ജോലിയെയോ ജീവിതത്തെയോ പറ്റിയോ അയാൾ ഒന്നും അന്വേഷിച്ചില്ല. സ്വന്തം നേട്ടങ്ങളെക്കുറിച്ച് വാചാലനാവാൻ തുടക്കമിട്ടപ്പോൾ ഞാൻ നിരുത്സാഹപ്പെടുത്തി. അയാളുമായി കൂടുതൽ സംസാരിക്കാൻ എനിക്ക് താൽപര്യമേ ഇല്ലായിരുന്നു.
‘പിന്നെ കാണാം എന്ന് പറയുന്നില്ല സാർ. കാണേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല,' എന്ന് ഞാൻ ധൈര്യപൂർവം പറഞ്ഞു.
അയാൾ കയ്യിലൊരു പൊതിക്കെട്ടുമായി നടന്നകന്നു.
ഞാൻ അവിടെ ‘കാഷ്വൽ സ്റ്റുഡൻറ്’ ആയി ചേരുമ്പോഴും അപ്പൻ സാർ
അവിടെ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ഏതാണ്ട് ഒരു വർഷം കൂടി കഴിഞ്ഞാണ് സാർ കൊല്ലത്തേക്ക് മാറിയത്.
പിന്നീട് കൊല്ലം ആയല്ലോ സാറിന്റെ പട്ടണം. എന്നാലും കൊമ്മാടിയിലെ വീടിന്റെ ഉമ്മറത്ത് അരമതിലിൽ കാൽ ഉയർത്തി വയ്ക്കാൻ പാകത്തിൽ ഒരു കസേര നീക്കിയിട്ട് അപ്പൻ സാർ ഇരുന്ന് വായിക്കുന്ന ചിത്രമാണ് മനസ്സിൽ നിന്ന് മായാത്തത്. എത്രയോ പ്രാവശ്യം ആ വീട്ടിൽ ചെന്ന് സാറിന്റെ വിലപ്പെട്ട സമയം അപഹരിച്ച് ഞാനിരുന്നു! എപ്പോൾ ചെന്നാലും ധാരാളം പഞ്ചസാരയിട്ട് നാരങ്ങാവെള്ളം തരാതെ സാർ എന്നെ വിട്ടിട്ടില്ല. നവസാഹിത്യം പൂത്തുലഞ്ഞ കാലമായിരുന്നല്ലോ അത്. കാക്കനാടന്റെ മിക്കവാറും എല്ലാ ആദ്യകാലപുസ്തകങ്ങളും ഞാൻ അപ്പൻ സാറിന്റെ കയ്യിൽ നിന്നാണ് വാങ്ങി വായിച്ചിട്ടുള്ളത്. അവസാനമായി ഞാൻ അദ്ദേഹത്തെ കാണുമ്പോൾ എന്റെയൊപ്പം അദ്ദേഹത്തിന്റെ മറ്റു രണ്ട് പൂർവവിദ്യാർത്ഥികളും ഉണ്ടായിരുന്നു.
എസ്. സുധീഷും വി. ശശികുമാറും (കലാകൗമുദി).
വർഷം 1981. സുധീഷ് ‘അപ്പൻ സാറിന്റെ അസ്തിത്വദുഃഖം' എന്ന് തമാശയായി വിളിച്ചിരുന്ന അദ്ദേഹത്തിന്റെ വീട്ടിൽ (ഞാൻ ആദ്യവും അവസാനവുമായി അന്നാണ് അവിടെ പോയിട്ടുള്ളത്) പോയി പല കാര്യങ്ങളും പറഞ്ഞ് വളരെയേറെ സമയം അവിടെയിരുന്നു. അന്ന് സാർ എന്നോട് ചോദിച്ചു; ‘ജയചന്ദ്രൻ ഈ വീട്ടിൽ ആദ്യമാണ് വരുന്നത്, അല്ലേ?'
കവിതയെപ്പറ്റിയും അന്ന് സംസാരമുണ്ടായി. അദ്ദേഹം എന്നോടു പറഞ്ഞു; ‘ഇപ്പോഴും കവിത സംഗീതാത്മകമായിട്ടാണോ ചൊല്ലുന്നത്?'
‘അതെ സാർ. പക്ഷെ ഇടയ്ക്ക് ചില കവിതകൾ രണ്ടും ഇടകലർത്തി എഴുതിയിരുന്നു'; ഞാൻ പറഞ്ഞു.
‘സംഗീതാത്മകമായി കവിത ചൊല്ലുന്നത് നിർത്തിക്കളയരുത്. അത് വേണം'; അദ്ദേഹം പറഞ്ഞു.
എന്നോട് തീർത്തും അപരിചിതത്വം കാണിച്ച ആൾ ഞാനുമായി അത്ര അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ്. അതാണ് എന്നെ ആദ്യം സ്തംഭിപ്പിച്ചതും പിന്നീട് വേദനിപ്പിച്ചതും.
പിന്നീട് ഞങ്ങൾ തമ്മിൽ ഓരോ കത്ത് കൈമാറി; ഞാൻ ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോൾ; 1993 ൽ. ഒരിക്കൽ അവിടെ നിന്ന് ഞാൻ സാറിനെ ഫോൺ ചെയ്തു. അത് അദ്ദേഹത്തിന് ഒരു സർപ്രൈസ് ആയിരുന്നു. സാർ എത്രയോ വർഷം ഏതെല്ലാം ഉയർന്ന ക്ലാസുകളിൽ പഠിപ്പിച്ച എത്രയോ പ്രഗൽഭരായ വിദ്യാർത്ഥികൾ അദ്ദേഹത്തെ ലോകത്തെ ഏതെല്ലാം കോണുകളിൽ നിന്ന് വിളിച്ചിട്ടുണ്ടാവും!
1996 ൽ, പത്ത് വർഷത്തെ ഇടവേളക്കുശേഷമാണ് ഞാൻ നാട്ടിൽ വന്നത്. 1986 ൽ കെനിയയിൽ നിന്ന് വന്നപ്പോൾ എനിക്കുണ്ടായ അവിചാരിതമായ ഷോക്ക് ആണ് എന്നെക്കൊണ്ട് ഈ നാട്ടിലേക്ക് ഇനി വരണ്ടാ എന്ന് തീരുമാനിക്കാൻ പ്രേരിപ്പിച്ചത്. '96ൽ വന്നപ്പോൾ ഞാൻ അപ്പൻ സാറിന് ഫോൺ ചെയ്തു.
‘ഇങ്ങോട്ടു വരുമോ?' സാർ അന്വേഷിച്ചു.
‘തീർച്ചയായും വരും സർ'; ഞാനാത്മാർത്ഥമായിട്ടാണ് പറഞ്ഞത്. പക്ഷേ വിരലിലെണ്ണാവുന്ന ദിവസത്തെ അവധിയും കൊണ്ടുവരുന്ന പ്രവാസിയുടെ ദിവസങ്ങൾക്ക് അവനല്ലല്ലോ അവകാശി. കൊല്ലം വഴി ഒരു യാത്ര പോലും ഞങ്ങൾ നടത്തിയില്ല. പിന്നീടാണ് സാർ രോഗം മൂർച്ഛിച്ച് കിടപ്പിലായതും മറ്റും.
അതെല്ലാം ഞാൻ അറിഞ്ഞപ്പോഴേക്ക് വളരെ വൈകിയിരുന്നു.
എന്റെ വായനയ്ക്ക് ദിശാബോധം നൽകിയത് അപ്പൻ സാർ ആണെന്ന് നിസ്സംശയം പറയാനാവും.
എസ്.എൻ. കോളേജിൽ ഒന്നാം വർഷം പ്രീഡിഗ്രിയിലായിരിക്കുമ്പോൾ ഞാൻ ആ വർഷത്തെ മാഗസിൻ സ്റ്റുഡൻറ് എഡിറ്റർ ആയി. അന്ന് പ്രൂഫ് നോക്കാനൊന്നും എനിക്കറിയില്ലായിരുന്നു. അപ്പൻ സാർ പഠിപ്പിച്ച് തന്നതാണ് അത്. പ്രൂഫ് നോക്കുമ്പോൾ ഉപയോഗിക്കേണ്ട അടയാളങ്ങൾ, വലത്തും ഇടത്തുമായി പേജ് വിഭജിക്കുന്ന വിധം, Stet എന്നതിന്റെ അർത്ഥം. അങ്ങനെയുള്ള സാങ്കേതികത്വങ്ങൾ. ഒന്നാം കൊല്ലം കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ഇതെല്ലാംവലിയ അറിവുതന്നെ ആയിരുന്നു, ആ കാലത്ത്.
ഞാൻ ആലപ്പുഴ വിട്ടുപോകുമ്പോൾ സാർ എന്റെ ഓട്ടോഗ്രാഫിലെഴുതിയ വാക്യം ഇതായിരുന്നു: അപകടകാരിയായി ജീവിക്കുക.
അറിഞ്ഞോ അറിയാതെയോ ഒരു പ്രവചനസ്വഭാവമുണ്ടായിരുന്നു ആ ആശംസയ്ക്ക്. അപകടകരമായ ജീവിതം മാത്രമേ എനിക്ക് ലഭിച്ചിട്ടുള്ളു. വേണ്ടെന്നു വച്ചാലും അപകടം എന്നെ തേടി വരും. അതും ഒരു അനുഗ്രഹമാണ്.
1986ൽ കെനിയയിൽ നിന്ന് വന്ന് പോകുമ്പോഴാണ് ഇനി ഞാൻ തിരികെ വരില്ല എന്ന് വളരെ വേദനയോടെ മനസ്സുകൊണ്ട് തീരുമാനമെടുത്തത്. പത്ത് വർഷങ്ങൾ ആ തീരുമാനം മാറ്റാതെ ഞാൻ നിന്നു. 1996 ൽ വീണ്ടും വരേണ്ടി വന്നു. വരാതെ മാറി നിന്ന പത്ത് വർഷങ്ങൾ നാടിനെ ആകെ മാറ്റിമറിച്ചിരുന്നു. അത്രയും വർഷങ്ങൾ കാണാതിരുന്നപ്പോൾ തിരുവനന്തപുരം മറ്റൊരു നഗരമായതുപോലെ. ‘രാമനിലയം' നിന്നേടത്ത് വാസ്തുശില്പവിദ്യ വൈകൃത ശില്പവിദ്യയായി മാറുന്നതിന്റെ ജീവിക്കുന്ന പ്രതീകമായി ‘സാഫല്യം' എന്ന ആഭാസം. അത് വല്ലാത്തൊരു ആഘാതം തന്നെയായിരുന്നു.
കെനിയയിൽ നിന്ന് വന്നപ്പോഴുണ്ടായ ഏറ്റവും വലിയ തിക്താനുഭവം പഴയ ഒരു സഖാവിൽ നിന്നുതന്നെ ആയിരുന്നു. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ ഞങ്ങൾ എവിടെയോ പോയി തിരികെ വീട്ടിലേക്കുള്ള ബസ് കാത്ത് നിൽക്കുമ്പോഴാണ് പരിചിതമായ മുഖം അൽപമകലെ കാണുന്നത്. അയാൾ തന്റെ ഭാര്യയും ഒന്നുരണ്ട് സുഹൃത്തുക്കളുമൊത്ത് ബസു കാത്ത് തന്നെ നിൽക്കുകയാണ്. ബസ് സ്റ്റാൻഡ് ഏതാണ്ട് ശൂന്യമാണ്. അവസാന ബസുകൾ മാത്രമേ പോകാനുള്ളൂ എന്നുതോന്നുന്നു.
ഞാൻ വേഗം സഖാവിന്റെ അടുത്തേക്കോടിച്ചെന്നു; ‘സഖാവേ...' രണ്ടു തോളിലും പിടിച്ച് ഞാൻ വിളിച്ചു.
അയാൾ എന്നെ നോക്കി. എന്നിലൂടെ അയാളുടെ കണ്ണുകൾ കടന്നുപോയി.
യാതൊരു പ്രതികരണവും; ഒരു ചിരിയോ, പരിചയത്തിന്റെയൊരു കണികയോ
അയാളുടെ മുഖത്ത് കാണാനില്ല.
‘ആരാ? ആരാ? മനസ്സിലായില്ല..'
എന്റെ രക്തം ഐസ് ആയിപ്പോയതുപോലെ...
എന്നെ തിരിച്ചറിയാത്ത ആ സഖാവ് രാഷ്ട്രീയത്തിനു പറ്റിയ ആൾ തന്നെ എന്ന് വേണമെങ്കിൽ പറയാം. ഇതെല്ലാം ഒരുതരം പായ്യാരം പറയലാണ് എന്നു കരുതുന്നവർ ഉണ്ടാവും. അങ്ങനെയും പറയാം.
അയാളുടെ ഭാര്യക്ക് ഞങ്ങളെ രണ്ടാളെയും മനസ്സിലായി.
അവൾ സഖാവിന്റെ ഷർട്ടിന്റെ സ്ലീവ് പിടിച്ചുകൊണ്ട് അയാളോട് പറയുന്നു, എങ്ങനെ മറക്കാനാ ഇവരെ...ജയൻ..ഓർക്കുന്നില്ലേ...'
അവർ നാടകം ശുഭപര്യവസായിയാക്കാൻ വൃഥാ ശ്രമിക്കുകയായിരുന്നു. അപ്പോഴേക്ക് അവരുടെ ബസ് വന്നു. എങ്ങോട്ടുള്ള ബസാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് ആളെ മനസ്സിലാവും. അതുകൊണ്ട് ഞാൻ പറയില്ല.
അതെനിക്ക് എങ്ങനെ ആഘാതമാവും എന്ന് തോന്നുന്നുണ്ടോ?
ഇതൊക്കെ എല്ലാ നേതാക്കന്മാരും ചെയ്യുന്നതാണ്. ഇതിലെന്താ ഇത്ര പുതുമ?
ഇത്ര വികാരം കൊള്ളുന്നതെന്തിനാണ്?
അതെല്ലാം ശരി തന്നെ. പക്ഷെ എന്നോട് തീർത്തും അപരിചിതത്വം കാണിച്ച ആൾ ഞാനുമായി അത്ര അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ്. അതാണ് എന്നെ ആദ്യം സ്തംഭിപ്പിച്ചതും പിന്നീട് വേദനിപ്പിച്ചതും. തിരികെ കെനിയയിൽ ചെന്നയുടനെ ഞാൻ ആ സഖാവിന് വളരെ വിശദമായ ഒരു കത്തയച്ചു. അയാൾ അന്ന് ഏതെങ്കിലും സമ്മർദ്ദത്തിലായിരുന്നതിനാലാണോ അങ്ങനെ ഉണ്ടായതെന്നും ഞാൻ ചോദിച്ചു.
കഴിഞ്ഞ തലമുറയിലെ നേതാക്കളെപ്പോലെ തന്നെ അയാൾ എനിക്ക് ഒരു മറുപടിയും തന്നില്ല.
പതിനൊന്നു വർഷങ്ങൾക്കു ശേഷം എന്റെ പ്രിയ സുഹൃത്തും സഖാവുമായ
എം.എ. ബേബി ഇന്ത്യയുടെ യു.എൻ. പ്രതിനിധിസംഘാംഗമായിരിക്കെ ഒരിക്കൽ ദക്ഷിണാഫ്രിക്കയിൽ എന്റെ അതിഥിയായി കഴിയുകയുണ്ടായി. പല കാര്യങ്ങളും സംസാരിക്കെ, ഞാൻ എനിക്കുണ്ടായ അനുഭവം ബേബിയുമായി പങ്കുവച്ചു. എനിക്ക് ബേബി സഖാവിനോട് അത്ര സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഉള്ളുതുറന്ന് സംസാരിച്ചത്. അദ്ദേഹത്തിനും വിശ്വസിക്കാനായില്ല. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരികെ നാട്ടിലെത്തിയ എം.എ. ബേബി കുറെ നാൾ കഴിഞ്ഞ് എന്നെ ഫോൺ ചെയ്തപ്പോൾ പറഞ്ഞു, ‘ഞാൻ സ......നോട് ജയൻ പറഞ്ഞ കാര്യം സംസാരിച്ചു. അയാൾ പറയുന്നത് അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണ്.'
അതുപറഞ്ഞ് ബേബി ഒന്നുറക്കെ ചിരിച്ചു.
എന്നെ തിരിച്ചറിയാത്ത ആ സഖാവ് രാഷ്ട്രീയത്തിനു പറ്റിയ ആൾ തന്നെ എന്ന് വേണമെങ്കിൽ പറയാം. ഇതെല്ലാം ഒരുതരം പായ്യാരം പറയലാണ് എന്നു കരുതുന്നവർ ഉണ്ടാവും. അങ്ങനെയും പറയാം.
ഈ ‘സഖാവു'മായി മുഖാമുഖം കാണാൻ വർഷങ്ങൾക്കുശേഷം കാലം എനിക്ക് ഒരവസരം നൽകി. അതും വിദേശത്ത് വച്ചുതന്നെ. അത്രമാത്രം ഇപ്പോൾ പറയുന്നു. ▮