സുഗതകുമാരി / Photo: Wikimedia Commons

പിന്നീട് ഞാൻ സുഗതച്ചേച്ചിയെ കണ്ടതേയില്ല

വെയിൽക്കാലങ്ങൾ- 17

എന്റെ സായാഹ്നത്തിലെ വെളിച്ചത്തിൽ ഇരുട്ട് കലങ്ങിച്ചുചേരുന്ന ദിവസങ്ങൾ ശരവേഗത്തിൽ സ്വയമെയ്തു വീഴ്​ത്തുമ്പോൾ സുഗതചേച്ചിയുടെ വാക്കുകൾ ഒരു പ്രവചനമായിരുന്നു എന്ന് ഞാനറിയുന്നു; പരാതിയോ പ്രതിഷേധമോ ഇല്ലാതെ.

വെയിലും നിഴലും വീണ്, മഹാഗണിമരങ്ങളെ തഴുകിയെത്തുന്ന കാറ്റേറ്റ് കറുത്ത നടപ്പാതയിലൂടെ ഞങ്ങൾ നടന്നു.
ഇതുവരെ കണ്ട വെയിൽക്കാലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഞങ്ങളുടെ യൗവനത്തിന്റെ വെയിൽക്കാലങ്ങൾ. ആ വെയിൽക്കാലങ്ങളിൽ നിലാവും വീണിരുന്നു. വെയിലിൽ സൈഗാൾ രാജകുമാരിയെ പാടിയുറക്കാൻ അസുലഭമായൊരു ആർദ്രതയോടെ പാടിയ ‘‘സോ ജാ, രാജകുമാരീ, സോ ജാ..'' എത്ര മാതാപിതാക്കൾ ആ പാട്ട് കേൾപ്പിച്ച് തങ്ങളുടെ പിഞ്ചുകളെ നിദ്രയുടെ നീലത്താഴ്വരയിലേക്ക് നയിച്ചിരിക്കുന്നു...സൈഗാളിന്റെ അഭൗമമായ ശബ്ദവിന്യാസം; താരാട്ട് പാടുമ്പോൾ ശബ്ദത്തിൽ നിന്ന് കിനിയുന്ന സ്‌നേഹവാത്സല്യങ്ങളുടെ സൗമ്യ- വിഷാദ സ്പർശം...
ഇതെല്ലാം അറിഞ്ഞും ആസ്വദിച്ചും എത്രയോ വെയിൽക്കാലങ്ങൾ നാം കടന്നു പോന്നു...
ഈ വെയിൽക്കാലയാത്ര അവസാനിക്കും മുൻപ്, അഥവാ ഈ യാത്രയ്ക്ക് ഒരു ദീർഘവിരാമമിടും മുൻപ് ജീവിതത്തിൽ നിറങ്ങൾ വാരിത്തൂവി കടന്നു പോയ ചിലരെക്കൂടി ഓർമിക്കാതെ വയ്യ.

ശ്രീമതി സുഗതകുമാരിയെ ഞാൻ ആദ്യം കാണുന്നത് സ്റ്റുഡന്റസ് സെന്ററിൽ ഒരു കവിസമ്മേളനത്തിൽ ‘പാവം മാനവഹൃദയം' ചൊല്ലുന്ന നേരത്താണ്. ഒരു വൈകുന്നേരം. അവർക്ക് സംഗീതവാസന ഒട്ടും ഇല്ല. കവിത വായിക്കാൻ അത് ആവശ്യമില്ല എന്നാണല്ലോ നമ്മുടെ പാഠം. അത് എത്രത്തോളം ശരിയാണെന്നതിൽ എനിക്ക് എന്നും സംശയം ഉണ്ടായിരുന്നു. പ്രത്യേകിച്ച് ബോബ് ഡിലന്റെ ലൈവ് പരിപാടികൾ കാണുകയും അയാളുടെ കവിതകൾ വായിക്കുകയും ചെയ്തു കഴിഞ്ഞപ്പോൾ. അയാളുടെ സിയോണിസ്‌റ്റ്​ ബന്ധത്തെക്കുറിച്ചെല്ലാം ഞാൻ വളരെ കാലം കഴിഞ്ഞാണ് അറിയുന്നത്. അപ്പോഴേക്ക് ഭാഗ്യവശാൽ ഞാൻ ഡിലനിൽ നിന്ന് മോചനം നേടി ‘എന്യ'യിൽ പുതിയ സംഗീതത്തിന്റെ ശ്രുതിമധുരമായ പ്രപഞ്ചം കണ്ടെത്തിയിരുന്നു.

എന്യ / Photo: Enya, Fb

എന്തായാലും ശ്രീമതി സുഗതകുമാരിയുടെ കാര്യത്തിൽ,‘‘പാവം മാനവഹൃദയം'' ചൊല്ലുന്നതിൽ അവരുടെ ജീവനും ആത്മാവും എല്ലാം അവർ സന്നിവേശിപ്പിച്ചു. അങ്ങനെ ആ കവിതാപാരായണം ഒരു അവിസ്മരണീയമായ അനുഭവമായി എന്റെ ഉള്ളിൽ നിറം മങ്ങാതെ നിന്നു. അത് 1971 ലെപ്പോഴോ ആയിരുന്നു. അന്നൊക്കെ തിരുവനന്തപുരത്ത് നടന്നിരുന്ന സാഹിത്യസംബന്ധിയായ പരിപാടികളിൽ ഏറിയ കൂറും ഒരു കാണിയായി ഞാൻ പങ്കെടുത്തിട്ടുണ്ട്. രഹസ്യമായി ഒന്നുരണ്ട് കവിതകൾ എഴുതിയിരുന്നുവെങ്കിലും, അതൊന്നും ഞാൻ ആരെയും കാണിച്ചിരുന്നില്ല. വേണമെങ്കിൽ അപ്പൻ സാറിനെ കാണിക്കാമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യം അപ്പൻ സാറിനോട് എനിക്കുണ്ടായിരുന്നു. പക്ഷെ ഞാൻ എഴുതിയ ഒരു കഥയോ കവിതയോ അദ്ദേഹത്തെ ഞാൻ കാണിച്ചിട്ടില്ല.

കാലം മാറിയതുകൊണ്ടായിരിക്കാം, ഇപ്പോൾ ‘പ്രോട്ടോക്കോൾ' അനുസരിച്ചല്ലാതെ പത്ര- മാസികാ സ്ഥാപനങ്ങളിൽ ഒരു എഴുത്തുകാരന് കയറിച്ചെല്ലാൻ പറ്റില്ലല്ലോ.

ആദ്യകാലത്ത് ഒരു കഥ പ്രസിദ്ധീകരിച്ച ആഹ്ലാദത്തിൽ ഞാൻ സാറിനെഴുതി, എന്റെ കഥ പ്രശസ്തമായ ഒരു വാരികയിൽ വന്നു എന്ന്. അപ്പൻ സാർ മറുപടിയിൽ ഇങ്ങനെ എഴുതി: ‘കഥ വായിക്കാൻ കഴിഞ്ഞില്ല. പക്ഷെ ശ്രീ. എം. കൃഷ്ണൻ നായർ ആ കഥയെക്കുറിച്ചെഴുതിയത് വായിച്ചു.'
അടുത്ത ഖണ്ഡികയായി ഒരു വരി: ‘സൃഷ്ടി ചോരയാണ്. മറക്കരുത്.'
അതിനു താഴെ പതിവുപോലെ അദ്ദേഹത്തിന്റെ അസാധാരണമായ കയ്യൊപ്പ്.Appan Real

പിന്നീട് ഗ്രന്ഥശാലാസംഘത്തിന്റെ ഹാളിൽ നടന്ന ചില പരിപാടികളിൽ കണ്ടിട്ടുണ്ട്. (അന്നത്തെ തിരുവനന്തപുരത്ത് ഗ്രന്ഥശാലാസംഘം ഹാൾ, സ്റ്റുഡന്റസ് സെന്റർ, യൂണിവേഴ്‌സിറ്റി കോളേജിലെ പഴയ ഓഡിറ്റോറിയം (മുകൾനില. അത് ഇപ്പോഴും ഉണ്ടോ ആവോ) ഇതൊക്കെയായിരുന്നു ചെറിയ വലിയ സാംസ്‌കാരിക പരിപാടികൾക്ക് ഉപയോഗിച്ചിരുന്ന വേദികൾ.) അവരുമായി നേരിൽ കാണാനും അവരോട് സംസാരിക്കാനും കഴിഞ്ഞത് എ.ഐ.വൈ.എഫിന്റെ സംഘാടനത്തിൽ തിരുവനന്തപുരത്ത് 1974 ൽ നടന്ന വിപുലമായ സംസ്ഥാന കലോത്സവത്തിന്റെ സമയത്താണ്. അക്കാലത്ത് കവിതാപാരായണമത്സരത്തിന് ഔദ്യോഗികനാമം ‘കഥനം' എന്നായിരുന്നു. പക്ഷെ എ.ഐ.വൈ.എഫ് സംഘാടകർ കവിതാപാരായണം എന്നാണ് പറഞ്ഞത്. വൈ. എം. സി. എ. ഹാളിലായിരുന്നു അത് നടന്നത്. പങ്കെടുത്തവർ കൂടുതലും വ്യവസ്ഥാപിതമായ രീതിയിൽ ലബ്ധപ്രതിഷ്ഠരായ കവികളുടെ കവിതകളാണ് ചൊല്ലിയത്. ആശാനും വള്ളത്തോളും മുതൽ വയലാർ, ഒ.എൻ.വി. തുടങ്ങിയവരും ലിസ്റ്റിലുണ്ടായിരുന്നു.

വൈക്കം ചന്ദ്രശേഖരൻ നായർ

ഞാൻ സ്വന്തം കവിതയാണ് ചൊല്ലിയത്. ഏതാനും ആഴ്ചകൾക്കു മുൻപ് വൈക്കം ചന്ദ്രശേഖരൻ നായർ, മോഹനൻ എന്നിവർ നടത്തിയിരുന്ന ചിത്രകാർത്തിക എന്ന ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്ന ഒരു കവിത.
തിരുവനന്തപുരത്ത് ‘പാരീസ് റോഡ്' എന്നറിയപ്പെട്ടിരുന്നിടത്തായിരുന്നു വൈക്കത്തിന്റെ ആഫീസ്. അദ്ദേഹം കുങ്കുമം വാരിക എഡിറ്റ് ചെയ്തിരുന്ന കാലത്ത് എന്റെ കഥകളും ലേഖനങ്ങളും അവർ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് വൈക്കത്തേയും കെ. എസ്. ചന്ദ്രനെയും ഒന്ന് നേരിട്ട് കാണുക എന്ന ആഗ്രഹത്തോടെ ഞാൻ അവിടെ പോയിട്ടുണ്ട്. കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവരെയൊന്നും കാണാൻ ഒരായിരം അനുചരന്മാരുടെ അനുവാദം വാങ്ങേണ്ട കാര്യമില്ലായിരുന്നു. പെരുന്താന്നിയിലെ കുങ്കുമം, കേരളശബ്ദം എന്നീ പ്രസിദ്ധീകരണങ്ങളുടെ ഓഫീസിൽ എഴുത്തുകാർ എപ്പോഴും നന്നായി സ്വീകരിക്കപ്പെട്ടിരുന്നു. കാലം മാറിയതുകൊണ്ടായിരിക്കാം, ഇപ്പോൾ ‘പ്രോട്ടോക്കോൾ' അനുസരിച്ചല്ലാതെ പത്ര- മാസികാ സ്ഥാപനങ്ങളിൽ ഒരു എഴുത്തുകാരന് കയറിച്ചെല്ലാൻ പറ്റില്ലല്ലോ.

ചൊല്ലിയ കവിത തനിക്ക് ഇഷ്ടമായെന്നല്ല അവർ അന്ന് പറഞ്ഞത്; ‘കുട്ടി കവിത ചൊല്ലിയ രീതി എനിക്ക് നന്നായി തോന്നി.' എനിക്ക് ആ അഭിപ്രായമായിരുന്നു ഒന്നാം സമ്മാനത്തെക്കാൾ വിലപ്പെട്ടത്.

അതിരിക്കട്ടെ. അന്നത്തെ കവിതാപാരായണത്തിന് എനിക്കുതന്നെ ഒന്നാം സമ്മാനം കിട്ടി. അന്ന് ശ്രീമതി സുഗതകുമാരിയായിരുന്നു വിധികർത്താവ്. എന്റെ മലയാളം അദ്ധ്യാപകൻ പ്രൊഫ. തിരുനല്ലൂർ കരുണാകരൻ സാറും ഒരു വിധികർത്താവായിരുന്നു. ഫലപ്രഖ്യാപനമെല്ലാം കഴിഞ്ഞ് തിരികെപ്പോകാൻ വാഹനം കാത്ത് നിൽക്കുന്നതിനിടയിൽ കവി എന്നോട് എന്നെപ്പറ്റി അന്വേഷിച്ചു. വായിക്കുന്നുണ്ടോ, മറ്റു യുവകവികളെ വായിക്കുന്നുണ്ടോ ആരുടെയൊക്കെ കവിതകളാണിഷ്ടം, ആ വഴി പല കാര്യങ്ങളും അവർ ചോദിച്ചറിഞ്ഞു. ചൊല്ലിയ കവിത തനിക്ക് ഇഷ്ടമായെന്നല്ല അവർ അന്ന് പറഞ്ഞത്; ‘കുട്ടി കവിത ചൊല്ലിയ രീതി എനിക്ക് നന്നായി തോന്നി.'

തിരുനല്ലൂർ കരുണാകരൻ

എനിക്ക് ആ അഭിപ്രായമായിരുന്നു ഒന്നാം സമ്മാനത്തെക്കാൾ വിലപ്പെട്ടത്. പക്ഷെ അവർ എന്നെക്കുറിച്ച് ചില നല്ല വാക്കുകൾ ജവഹർ ബാലഭവനിലെ ചില കൊച്ചു കൂട്ടുകാരോട് പറഞ്ഞത് പിന്നീട് ഞാനറിഞ്ഞു. പിൽക്കാലത്ത് എന്റെ പ്രിയസുഹൃത്തുക്കളിൽ ഒരാളായ ബി. കൃഷ്ണകുമാർ എന്ന ആത്മാരാമനാണ് ആ കലോത്സവം തീരും മുൻപ് ഒരു ദിവസം ഇങ്ങോട്ടു വന്ന് സ്വയം പരിചയപ്പെടുത്തിയിട്ട് ‘സുഗത ടീച്ചറാണ് ഇങ്ങനെ ഒരാൾ യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടെന്നു പറഞ്ഞത്’ എന്നറിയിച്ചത്​.
കൃഷ്ണകുമാർ അന്ന് മോഡൽ സ്‌കൂളിൽ പത്താം ക്ലാസിലായിരുന്നുവെന്നാണ് എന്റെ ഓർമ. പക്ഷെ പത്താം ക്ലാസ്​ വിദ്യാർത്ഥിയായ ഒരാളുടെ പ്രകൃതമായിരുന്നില്ല കൃഷ്ണകുമാറിന്റേത്. പ്രായത്തിൽ കവിഞ്ഞ വായന; പ്രത്യേകിച്ച് കവിതയിൽ,അനന്യമായ ഓർമശക്തി ഇതെല്ലാം കൂടി കൃഷ്ണകുമാറിനെ ഒരു അസാധാരണനാക്കി. ആ അസാധാരണത്വം പിൽക്കാലത്ത് അദ്ദേഹത്തിന് കൈമോശം വന്നില്ലെന്നത് മലയാളഭാഷയ്ക്കും എന്നെപ്പോലുള്ള അദ്ദേഹത്തിന്റെ സ്‌നേഹിതർക്കും ആഹ്‌ളാദം പകരുന്ന കാര്യമാണ്.

കൃഷ്ണകുമാറുമായുള്ള സൗഹൃദം അന്നത്തെപ്പോലെ ഇന്നും തുടരുന്നു.
സുഗതചേച്ചിയെ പിന്നീട് ഞാൻ കണ്ടത് ‘നിത്യത' എന്നൊരു മാസികയ്ക്കു വേണ്ടി ഒരു കവിത ചോദിക്കാനാണ്. അന്ന് അവർ നല്ലൊരു കവിത ഞങ്ങൾക്ക് നൽകി.. ‘മക്കളോട്' എന്ന തലക്കെട്ടിൽ. അതിനു ശേഷം നഗരത്തിൽ നടന്നിരുന്ന പല കവിയരങ്ങുകളിലും പങ്കെടുക്കാൻ എനിക്ക് സാധിച്ചു എന്നത് ഒരു ഭാഗ്യമായി ഇന്നും കരുതുന്നു. അക്കാലത്തതൊന്നും പ്രകൃതിസംരക്ഷണമോ അൽപം വളഞ്ഞുപുളഞ്ഞ ‘സ്ത്രീ'വാദമോ ഒന്നും അവരുടെ കവിതയിൽ എത്തിയിരുന്നില്ല. ഉജ്ജ്വലമായ ‘രാത്രിമഴ' ഈ കാലത്താണ് അവർ എഴുതിയത്. അത് പ്രസിദ്ധീകരിച്ചതിന് ശേഷം ആദ്യമായി ചൊല്ലിയ കവിസമ്മേളനത്തിൽ അവരോടൊപ്പം പങ്കെടുക്കാൻ എനിക്ക് സാധിച്ചു; അത് ‘ഹസ്സൻ മരയ്ക്കാർ ഹാളി'ൽ ആയിരുന്നു. അവർ ആ കവിത ചൊല്ലി കേൾക്കുന്നത് ഒരു അവിസ്മരണീയമായ അനുഭവം തന്നെയാണ്.

സുഗതകുമാരി / Photo: Prasoon Kiran

ആ വർഷം (1974-'75) യൂണിവേഴ്‌സിറ്റി കോളേജിൽ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച കവിയരങ്ങ് നടത്താൻ തീരുമാനിച്ചു. അതിനായി കവികളെ ക്ഷണിക്കാൻ യൂണിയൻ ഭാരവാഹികളോടൊപ്പം ചെല്ലാൻ ഞാനും നിർബ്ബന്ധിതനായിരുന്നു. വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മുതലുള്ളവരെ ഞങ്ങൾ ക്ഷണിച്ചു. സുഗതചേച്ചിയുടെ വീട്ടിലെത്തിയപ്പോൾ രാവിലെ ഏതാണ്ട് പതിനൊന്ന് മണിയായി. മുൻഭാഗത്തെ വലിയ വീട് കടന്ന് ഒരു ഭാഗത്തുകൂടെ നടന്നു വേണം ചേച്ചി താമസിച്ചിരുന്നയിടത്തേക്ക് കയറുവാൻ. അങ്ങനെ ഞങ്ങൾ അവിടെ ചെന്നു. സുഗതച്ചേച്ചി തലവേദനയോ മറ്റോ ആയി കിടക്കുകയായിരുന്നു. മുന്നിലെ സ്വീകരണമുറിയിൽ എപ്പോൾ വേണമെങ്കിലും സമരമുഖത്തേക്ക് ചാടിവീഴാൻ തയാറെന്നോണം ഒരു ‘പക്കാ' ഗാന്ധിയൻ രൂപം. ഞങ്ങളുടെ കൂട്ടത്തിൽ അല്പം ചരിത്രജ്ഞാനമുള്ളവർക്കെല്ലാം ആളെ മനസ്സിലായി. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരൻ! കേരളത്തിന് സ്വന്തമായ ഒരു ഗാനം സമ്മാനിച്ച മഹാവ്യക്തിത്വം.അദ്ദേഹം രചിച്ച ‘ജയജയ കേരളവസുധേ മഹിതേ' എന്ന ഗാനം കേരളമൊന്നടങ്കം ഏറ്റു പാടിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

ബോധേശ്വരൻ

അദ്ദേഹം ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ ഇരുന്നു. അദ്ദേഹം ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി. പുതിയ തലമുറയുടെ ആദർശനിഷ്ഠയില്ലായ്മ, ദേശസ്‌നേഹമില്ലായ്മ, കമ്യൂണിസ്‌റ്റ്​ പ്രേമം ഇതെല്ലാം അരാജകത്വമാണുണ്ടാക്കുന്നതെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തോട് തർക്കിക്കാൻ പോയിട്ട് കാര്യമില്ലെന്നറിഞ്ഞ് ഞങ്ങളാരും അതിനു മുതിർന്നില്ല. എന്നാൽ ഞങ്ങളുടെ കൂട്ടത്തിലുള്ള ചിലരെങ്കിലും ശ്രീ. ബോധേശ്വരന്റെ വാക്കുകളിൽ അസംതൃപ്തി പ്രകടമാക്കാൻ തുടങ്ങി. ഒരു വാദപ്രതിവാദത്തിലേക്ക് കടക്കുകയാണെന്ന് കണ്ട് ഞാൻ ഓർമിപ്പിച്ചു, സുഗതച്ചേച്ചിയെ ഒന്ന് വിളിക്കാമോ എന്ന്. അതിനിടയ്ക്ക് ഞങ്ങളിൽ ഒരാൾ ചാടിക്കടന്ന് ഒരു ചോദ്യശരം ശ്രീ. ബോധേശ്വരന്റെ നേർക്ക്: ‘അല്ല, സാർ ഇത്രയും ഒക്കെ പറഞ്ഞല്ലോ. സാർ ആരാണെന്ന് പറഞ്ഞില്ല. സാറിന്റെ പേരെന്താ?'

കാലപ്പഴക്കം കൊണ്ട് മഞ്ഞ നിറം പടർന്ന ആ പുസ്തകങ്ങളിലൊന്ന് തുറന്ന്, തന്റെ പേര് ചോദിച്ച സഖാവിന്റെ കയ്യിൽ അല്പം ബലമായിത്തന്നെ വച്ചുകൊടുത്തിട്ട് ബോധേശ്വരൻ പറഞ്ഞു; ‘വീട്ടിൽ കൊണ്ടുപോയി നിങ്ങളുടെ അച്ഛനമ്മമാരോട് ചോദിക്കണം ഈ കേരളഗാനം എഴുതിയതാരാണെന്ന്. അവർ പറഞ്ഞു തരും എന്റെ പേര്.'

എന്റെ സപ്തനാഡികളും തളർന്നു. ഇനി എന്ത് ഭൂകമ്പമാണുണ്ടാവാൻ പോകുന്നത് എന്ന് ആലോചിക്കുന്നതിനിടയിൽ ബോധേശ്വരൻ കുപിതനായി, അത് ചോദിച്ചയാളോട്, ‘എന്താ അറിയേണ്ടത്? ഞാൻ ആരാണെന്ന്, അല്ലേ?' എന്നു ചോദിച്ചു.
അപ്പോൾ ‘പ്രതി'ക്ക് തന്റെ അബദ്ധം മനസ്സിലായി.
അയാൾ പോകാൻ തയാറായിട്ടെന്നോണം എണീറ്റു. ബോധേശ്വരൻ സാറുണ്ടോ വിടുന്നു? അദ്ദേഹം പറഞ്ഞു; ‘എവിടെപ്പോകുന്നു? ഇരിക്കണം അവിടെ!'
എഴുന്നേറ്റ ആ സഖാവ് ആ ആജ്ഞയുടെ ദൃഢതയിൽ ഇരുന്നു പോയി. സുഗതകുമാരി കടന്നു വരും മുൻപ് ബോധേശ്വരൻ സാർ തിരിച്ചു വന്നു. കയ്യിൽ ഒരു കെട്ട് പുസ്തകങ്ങളും ഉണ്ട്. കാലപ്പഴക്കം കൊണ്ട് മഞ്ഞ നിറം പടർന്ന ആ പുസ്തകങ്ങളിലൊന്ന് തുറന്ന് ആ പേര് ചോദിച്ച സഖാവിന്റെ കയ്യിൽ അല്പം ബലമായിത്തന്നെ വച്ചുകൊടുത്തിട്ട് അദ്ദേഹം പറഞ്ഞു; ‘വീട്ടിൽ കൊണ്ടുപോയി നിങ്ങളുടെ അച്ഛനമ്മമാരോട് ചോദിക്കണം ഈ കേരളഗാനം എഴുതിയതാരാണെന്ന്. അവർ പറഞ്ഞു തരും എന്റെ പേര്.'

ബി. ഹൃദയകുമാരി

ഇത്രയും പറഞ്ഞ്​ ക്രോധാവേശം മാറാതെ അദ്ദേഹം അകത്തേക്ക് നടന്നു മറഞ്ഞു. കൂടെയുള്ള ഞങ്ങൾ സ്തംഭിച്ചിരുന്നു. ഇനി എന്തുണ്ടാവുമെന്നു ആർക്കറിയാം. എന്തായാലും സുഗതകുമാരി ക്ഷീണിതമെങ്കിലും പ്രസന്നത വെടിയാത്ത ഒരു ചിരിയുമായി ഇറങ്ങിവന്നു. എന്നെ പേരെടുത്ത് വിളിച്ച് എന്താ വന്നത് എന്നന്വേഷിച്ചു. കാര്യം പറഞ്ഞപ്പോൾ അവർ ഒരു ആലോചനയും കൂടാതെ തീയതിയും സമയവും മാത്രം ചോദിച്ച് ‘ഞാൻ അങ്ങ് എത്തിക്കോളാം' എന്ന് പറഞ്ഞ്​ ഞങ്ങളെ യാത്രയാക്കി. ഞങ്ങൾ മടക്കയാത്രയിൽ ഒന്നും സംസാരിച്ചില്ല. ബോധേശ്വരൻ സാറിനോട് പേര് ചോദിച്ച ആ സഖാവിന് വല്ലാത്ത കുറ്റബോധം ഉണ്ടായിരുന്നു.

തിരിഞ്ഞു നോക്കുമ്പോൾ ആ സഖാവിന്റെ അജ്ഞതയിൽ അനുതപിക്കാമെങ്കിലും ഇത് എല്ലാ തലമുറയിലും ആവർത്തിക്കുന്ന കാര്യമല്ലേ. ‘ചരിത്രം അസംബന്ധമാണ്' എന്ന് ഹെൻറി ഫോഡ് പറഞ്ഞിട്ടുണ്ടാവും. പക്ഷെ ഇന്ന് നമ്മുടെ നാട്ടിൽ ചെയ്തു കൊണ്ടിരിക്കുന്നതെന്താണ്? ഇല്ലാത്ത ചരിത്രം ഉണ്ടെന്ന് പണം കൊടുത്ത് എഴുതിക്കുക; അങ്ങനെ ഹെൻറി ഫോഡ് പറഞ്ഞ മാതിരി അസംബന്ധം എന്ന്​ പിൻതലമുറയിലെ അന്വേഷകർ കണ്ടെത്തിയേക്കാനിടയുള്ള ‘ഇല്ലാചരിത്രം' നിർമിച്ച് ഇനി വരുന്ന തലമുറകളെ എന്നെന്നേക്കുമായി അജ്ഞതയുടെ താഴ്​വരകളിൽ തള്ളുക...

ടീച്ചർ ഇംഗ്ലീഷ് പതിപ്പ് രണ്ടും മറിച്ചു നോക്കി. എന്നിട്ട് എന്നെ നോക്കി ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു, ‘ഇതിനെപ്പറ്റി ഞാൻ എന്റെ സത്യസന്ധമായ അഭിപ്രായം പറഞ്ഞാൽ ജയചന്ദ്രന് വേദനിക്കുമായിരിക്കും.’

പറഞ്ഞതുപോലെ തന്നെ ശ്രീമതി സുഗതകുമാരി കോളേജിൽ വരികയും കവിത വായിക്കുകയും ചെയ്തു. അതിനു ശേഷം അവരുടെ കാവ്യജീവിതത്തിൽ തന്നെ പരിസ്ഥിതിപ്രശ്‌നവും സ്ത്രീപ്രശ്‌നവും മറ്റും കടന്നു വന്ന് അൽപം കാലുഷ്യം കലർന്ന ഒരു സമീപനം ജീവിതത്തോടുതന്നെ ഉണ്ടായോ എന്ന് സംശയമുണ്ടാക്കുന്ന പെരുമാറ്റം അവരിൽ നിന്നുണ്ടായി. (ആ പ്രസ്ഥാനങ്ങളാണ് കാലുഷ്യം ഉണ്ടാവാൻ കാരണം എന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല കേട്ടോ. അങ്ങനെ ധരിക്കാതിരിക്കാൻ അപേക്ഷ).

ഒന്നുമാത്രം ഇവിടെ കുറിക്കാം. ‘പമ്പരം' മാസിക ആരംഭിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ മാനേജിംഗ് എഡിറ്റർ ബാലഗോപാലിന് ഒരു ആശയമുദിച്ചു. കോംപ്ലിമെന്ററി കോപ്പികളുമായി നഗരത്തിലുള്ള പ്രമുഖ സാഹിത്യകാരന്മാരെയും സാഹിത്യകാരികളെയും നേരിൽ കണ്ട് അവരുടെ സൃഷ്ടികളിലൂടെ നമുക്ക് പിന്തുണ അഭ്യർത്ഥിക്കാം. അങ്ങനെ ഞങ്ങൾ (ഞങ്ങളുടെ ഫോട്ടോഗ്രാഫർ സോമരാജൻ, ഞാൻ, ചിലയിടങ്ങളിലെല്ലാം ബാലഗോപാലും) നടത്തിയ ആദ്യത്തെ യാത്രകളിലൊന്ന് ഹൃദയകുമാരി ടീച്ചറിനെയും സുഗതകുമാരിയെയും കാണാനായിരുന്നു. ഹൃദയകുമാരി ടീച്ചറുടെ വീട്ടിലാണ് ഞങ്ങൾ ആദ്യം എത്തിയത്. ആ വരാന്തയിലിരുന്ന് ടീച്ചറുമായി സംസാരിച്ചു. പമ്പരത്തിന്റെ രണ്ടു പതിപ്പും (മലയാളവും ഇംഗ്ലീഷും) ടീച്ചർക്ക് കൊടുത്തു. ടീച്ചർ ഇംഗ്ലീഷ് പതിപ്പ് രണ്ടും മറിച്ചു നോക്കി. എന്നിട്ട് എന്നെ നോക്കി ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു, ‘ഇതിനെപ്പറ്റി ഞാൻ എന്റെ സത്യസന്ധമായ അഭിപ്രായം പറഞ്ഞാൽ ജയചന്ദ്രന് വേദനിക്കുമായിരിക്കും. പക്ഷേ ഞാൻ അത് എന്തുകൊണ്ടാണ് പറഞ്ഞതെന്ന് ജയചന്ദ്രൻ ചിന്തിക്കുമല്ലോ. അതായിരിക്കും നല്ലത്.'
എന്നിട്ട് മൂന്നു വാക്കുകൾ പറഞ്ഞു ടീച്ചർ; ‘This is superficial, over-smart and flippant.'

ആത്മാരാമൻ

അത്രയും ഞാൻ പ്രതീക്ഷിച്ചില്ല. ആ വാക്കുകൾ നൽകിയ ആഘാതത്തിൽ നിന്ന് കുതറി മാറാൻ തന്നെ ഒരാഴ്ചയെങ്കിലും എടുത്തിട്ടുണ്ടാവും. പക്ഷേ,
ആ മൂന്നു വാക്കുകളും ഞങ്ങളുടെ പ്രസിദ്ധീകരണത്തിനെ സംബന്ധിച്ച് നൂറു ശതമാനം സത്യമായിരുന്നു.
ഞങ്ങൾ ഇങ്ങനെ സംസാരിച്ചിരിക്കെ ശ്രീമതി സുഗതകുമാരി അവിടേക്ക് കടന്നു വന്നു. ഞങ്ങളെ എല്ലാം ഒന്നുഴിഞ്ഞു നോക്കിയിട്ട് എന്നോട് ചോദിച്ചു; ‘ജയചന്ദ്രന്റെ വിവാഹം കഴിഞ്ഞു, അല്ലെ?’
‘കഴിഞ്ഞു. രജിസ്റ്റർ വിവാഹമായിരുന്നു..'
‘ഞാനറിഞ്ഞു’, ശബ്ദത്തിൽ ഒരു വാൾത്തലപ്പ് മിന്നി.
‘നിങ്ങൾക്കൊക്കെ കുട്ടികളെ വളർത്തിക്കൊണ്ട് വരുന്ന അച്ഛനമ്മമാരുടെ വേദന അറിയാമോ? അറിയില്ല’, അവർ ഒരു നിമിഷം നിർത്തി. കണ്ണുകൾ ജ്വലിക്കുകയായിരുന്നു. ഞാൻ മറുപടി പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ വാക്കുകൾ കിട്ടുന്നില്ല. അപ്പോൾ ഞാൻ വീണ്ടും കേട്ടു, ആ ശബ്ദം, The young can be cruel!
ഇന്ന് ഈ വരികളെഴുതുമ്പോൾ എന്റെ സായാഹ്നത്തിലെ വെളിച്ചത്തിൽ ഇരുട്ട് കലങ്ങിച്ചുചേരുന്ന ദിവസങ്ങൾ ശരവേഗത്തിൽ സ്വയമെയ്തു വീഴ്​ത്തുമ്പോൾ സുഗതചേച്ചിയുടെ വാക്കുകൾ ഒരു പ്രവചനമായിരുന്നു എന്ന് ഞാനറിയുന്നു; പരാതിയോ പ്രതിഷേധമോ ഇല്ലാതെ.

ആത്മാരാമന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനത്തിന് എന്നെ അദ്ദേഹം ക്ഷണിച്ചു. ഞാൻ പോയി. അന്ന് ഞാൻ കവിതയുടെ വഴിയിൽ ആദ്യകാലത്ത് എനിക്ക് വെളിച്ചം നൽകിയ രണ്ടു പേരെ ഒന്നിച്ച് കണ്ടു. വിഷ്ണുനാരായണൻ നമ്പൂതിരിയേയും സുഗതകുമാരിയെയും. ആ നിറഞ്ഞ സദസ്സിൽ അവരുടെ കാൽ തൊട്ടു വന്ദിക്കാൻ എനിക്ക് ലജ്ജയോ പരിഭ്രമമോ ഒന്നും തോന്നിയില്ല. അന്ന് പോകുമ്പോൾ കാറിൽ കയറിയിരുന്നതിനു ശേഷം ഗ്‌ളാസ് താഴ്​ത്തി, എന്നോട് സുഗതച്ചേച്ചി പറഞ്ഞു; ‘നിങ്ങൾ രണ്ടാളും കൂടി ഒരു ദിവസം വീട്ടിലേക്ക് വരണം.' രണ്ടാളും എന്നുദ്ദേശിച്ചത് എന്റെ സഖിയെയും എന്നെയും ആണ്.

അതുണ്ടായില്ല. പിന്നീട് ഞാൻ സുഗതച്ചേച്ചിയെ കണ്ടതേയില്ല.
പക്ഷേ എന്നും കാണുന്നു, ‘രാജലക്ഷ്മിയോട് '' എന്ന കവിതയിലൂടെ.
ഈ ഓർമകളിലൂടെ. ▮


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments