അങ്ങനെ മായേണ്ട ഒരു വ്യക്തിത്വമല്ലായിരുന്നു അയാളുടേത്. അയാൾക്ക് പിഴവുകളുണ്ടായിരുന്നിരിക്കാം; അത് പക്ഷേ ആർക്കാണില്ലാത്തത്.
പറഞ്ഞുപോയ കഥകൾ ആവർത്തിക്കുകയല്ല ഈ വെയിൽക്കാലങ്ങൾ; ഓരോ വെയിൽക്കാലവും അതിനു മുൻപത്തേതിൽ നിന്നും അതിനുശേഷം വരാൻ പോകുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും. കാരണം, ഇതിൽ നിങ്ങൾ കാണുന്ന മനുഷ്യർ വ്യത്യസ്തരാണ്; അവർ സത്യവുമാണ്.
വെയിൽക്കാലങ്ങൾക്ക് മഴവിൽനിറങ്ങളേകുന്നത് ആ വൈവിദ്ധ്യമാണ്.
പഴയ സംഭവങ്ങളിലേക്ക് ലീനിയർ ആയ ഒരു ക്രമം വച്ച് നിങ്ങളെ കൊണ്ടുപോകുക, ഉദ്വേഗം വളർത്തുന്ന മട്ടിൽ ഓരോ അദ്ധ്യായവും നിർത്തുക അങ്ങനെയുള്ള തറ ഗിമ്മിക്കുകളൊന്നും ഇതിന്റെ രചനാസങ്കേതമല്ല. ഇത് വായിച്ച ഒരാൾ (എന്റെ മകളുടെ പ്രായം പോലുമില്ലാത്ത ഒരാൾ) എന്നോടുചോദിച്ചു, ‘‘അങ്കിൾ ഡയറി എഴുതാറുണ്ടോ?''
‘‘ഇല്ല. എല്ലാം ഓർമയിൽ നിന്ന് എടുത്തെഴുതുന്നതാണ്,'' എന്നു ഞാൻ പറഞ്ഞപ്പോൾ ആ കുട്ടി അൽഭുതപ്പെട്ടു. (ഒറാക്കിൾ എന്ന ഹൈ എൻഡ് കമ്പ്യൂട്ടർ സ്ഥാപനത്തിലെ ഉയർന്ന ഒരു ഉദ്യോഗസ്ഥനാണ് ‘കുട്ടി' എന്ന് ഞാൻ അപക്വമായി വിശേഷിപ്പിക്കുന്ന അയാൾ).
അതാണ് പ്രധാനം. ഓർമയുടെ ശക്തി നഷ്ടപ്പെടാത്തിടത്തോളം കാലം അവിടെ നിന്ന് പ്രവഹിക്കുന്ന സ്മരണയുടെ അരുവികൾ അനുസ്യൂതമായിരിക്കും; സ്വാഭാവികമായിരിക്കും.
ഈ സ്മരണാപ്രവാഹത്തിന് അതിന്റേതായ നിയമങ്ങളില്ല. അതുകൊണ്ടാണ് ഡയറികളിൽ നിന്ന് തീയതികൾ നോക്കി, കുറിപ്പുകൾ പരതി എണ്ണിയെടുക്കുന്ന യാന്ത്രികമായ ഓർമകൾക്ക് ഇവിടെ പ്രവേശനം വിലക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ ചെയ്യുന്നവരെ ഇകഴ്ത്തിക്കാട്ടാനല്ല ഇതെഴുതുന്നത്.
കൃത്യമായി ഓർമിക്കാൻ കഴിയുന്നത് ഒരു ശാപമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ, സ്വന്തം അനുഭവങ്ങളിൽ നിന്ന് എനിക്ക് ഇത്രയും പറയാനാവും; ഓർമകൾ കാത്തുസൂക്ഷിക്കാൻ കഴിയുന്നത് ഒരു വലിയ അനുഗ്രഹമാണ്.ദേശാഭിമാനിയിൽ നിന്ന് പിരിഞ്ഞ് തിരുവനന്തപുരത്തെത്തിയ കാലം. ഞാനും കൂടി ചേർന്ന് പുനരുജ്ജീവിപ്പിച്ച സ്റ്റുഡൻറ് മാസികയുടെ മാനേജിങ്ങ് എഡിറ്ററായി, ഏതാണ്ട് ഒരു ദശാബ്ദത്തിനു ശേഷം എസ്. എഫ്. ഐയിലേക്ക് തിരിച്ചെത്തി ലോ കോളേജിലെ തന്റെ പഠനം തുടരുകയായിരുന്ന എ.പി. പവേഴ്സിനെ തെരഞ്ഞെടുത്തിരുന്നു. 1968 ലെ പ്രസിദ്ധമായ യു.എസ്.ഐ.എസ് ജീപ്പ് കത്തിക്കൽ കേസിൽ ഫിലിപ് എം. പ്രസാദിനോടൊപ്പം രണ്ടാം പ്രതിയായിരുന്നു ധീരനായ പവേഴ്‌സ്. ഈ അദ്ധ്യായം എഴുതും മുൻപ് ഞാൻ പവേഴ്സുമായി ആ കേസിനെക്കുറിച്ച് സംസാരിച്ചു. (പവേഴ്‌സ് ഇപ്പോൾ തിരുവനന്തപുരത്ത് തിരിച്ചെത്തി. തിരിച്ചുവരവിനുശേഷം ഞങ്ങൾ തമ്മിൽ ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളു. യാദൃച്ഛികമായുണ്ടായ ആ കൂടിക്കാഴ്ചയിലാണ് ഇപ്പോൾ ഞങ്ങൾ അടുത്തടുത്ത സ്ട്രീറ്റുകളിലാണ് താമസിക്കുന്നത് എന്നറിഞ്ഞത്.) പതിനേഴു പേരായിരുന്നു ആ കേസിൽ പ്രതികൾ. ശർമ്മാജിയുടെയും ഡോ. പി. കെ. ആർ. വാര്യരുടെയും മക്കൾ ആ കേസിൽ പ്രതി ചേർക്കപ്പെട്ടതാണ് തങ്ങൾക്ക് സഹായമായതെന്ന് പവേഴ്‌സ് പറഞ്ഞു കേട്ടിട്ടുണ്ട്. പ്രൊഫ. എം. എസ്. ദേവദാസിന്റെ മൂത്ത പുത്രൻ മോഹൻദാസും പ്രതി ചേർക്കപ്പെട്ടിരുന്നു; അയാൾ ആ പരിസരത്തെങ്ങും ഇല്ലാതിരുന്നിട്ടുകൂടി. നീണ്ടു നിന്ന ആ കേസിന്റെ സമയത്ത് വൈക്കം വിശ്വനും ഒ.ജെ. ജോസഫും ആണ് തങ്ങളെ സഹായിച്ചതെന്ന് പവേഴ്‌സ് ഓർക്കുന്നു. ആ സംഭവത്തെ തുടർന്നാണ് യു.എസ്.ഐ.എസ് പൂട്ടിയത്.
‘ശവംതീനികൾ' എന്ന നാടകം ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു ‘ഐക്കോണിക്' കലാസൃഷ്ടി ആയിരുന്നു; ആണ്. കോഴിക്കോട് റീജ്യണൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ആയിരുന്ന രാജൻ മുൻകയ്യെടുത്ത് കലോത്സവത്തിന് അവതരിപ്പിച്ച നാടകമായിരുന്നു അത്.
പവേഴ്‌സ് മാനേജറായതിനുശേഷം, ഞാൻ തിരിച്ചുവന്നതറിഞ്ഞ് എന്നെ അനൗദ്യോഗികമായി പത്രാധിപ സമിതിയിൽ ഉൾപ്പെടുത്താൻ ഒരു നീക്കമുണ്ടായി. പക്ഷെ ഒരിക്കൽ വിട്ടുപോയതിൽ വീണ്ടും അജ്ഞാതനായി കടന്നുകൂടാൻ ഞാൻ ആഗ്രഹിക്കാത്തതുകൊണ്ട് (‘ഓളങ്ങളി'ലെ പാതിരിയുടെ ശൈലി കടം കൊണ്ടാൽ) ‘നടക്കാനിരുന്ന ഒരത്ഭുതം' നടന്നില്ല. സ്റ്റുഡൻറ് അപ്പോഴേക്ക് പൂർണമായും ഐസക്കിന്റെ നിയന്ത്രണത്തിലായിത്തീർന്നിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഗുണപരമായ എന്തെങ്കിലും മാറ്റം സ്റ്റുഡൻറ് മാസികയ്ക്കുണ്ടായതായി തോന്നിയില്ല. ചില ‘ഗിമ്മിക്കുകൾ' കാട്ടി ജനപ്രിയത ആർജ്ജിക്കാൻ നന്നായി ശ്രമിക്കുകയും ചെയ്തിരുന്നു. അവ യഥാർത്ഥത്തിൽ ഒരാളുടെ വളരെ മൗലികമായ ഭാവനയിൽ കിളിർത്തതാണ്. ആ ആളുടെ പേര്: ബാലൻ പൂന. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചശേഷം നാട്ടിൽ വന്ന ബാലൻ കുറച്ചുകാലം കലാകൗമുദി ഫിലിം മാഗസിനിലും മാതൃഭൂമി ആഴ്ചപ്പതിപ്പിലും ‘ബാലൻ പൂന' എന്ന പേരിൽ സിനിമാസംബന്ധിയായ ലേഖനങ്ങളും മറ്റു വിശേഷങ്ങളും എഴുതിക്കൊണ്ടിരുന്നു. ബാലൻ ഡിഗ്രിക്ക് പഠിച്ചത് ആലുവ
യു. സി കോളേജിലായിരുന്നു. അവിടെ മാഗസിൻ എഡിറ്ററായ വർഷം ബാലന് തോന്നിയ ഒരു ആശയം ഇതായിരുന്നു: പാർട്ടിഭേദമെന്യേ എല്ലാ വിദ്യാർത്ഥികളെയും മാഗസിന്റെ രൂപകൽപ്പനയിലും അവതരണത്തിലും ഒപ്പം നിർത്തുക. അച്ചടിക്കുന്ന അത്രയും മാഗസിനുകളുടെ കവർ പേജുകൾ വിദ്യാർത്ഥികളുടെ പെയിന്റിംഗുകളാക്കുക. അന്നത്തെ അവസ്ഥയിൽ അത് ഒരു സാഹസികത ആയിരുന്നു. അങ്ങനെ ആ വർഷം ആ കോളേജിൽ പ്രസിദ്ധീകരിച്ച മാഗസിനുകൾ ഓരോന്നിനും വേറിട്ട മുഖപേജുകളായിരുന്നു.
ആ സംഭവം അന്ന് ഒരു വാർത്തയായെന്നാണ് എന്റെ ഓർമ.
ഇങ്ങനെയുള്ള ബാലന്റെ ആശയം കവർന്നാണ് സ്റ്റുഡൻറ് പെയിന്റിംഗുകൾ ചെയ്ത മാസിക ഇറക്കിയത്. പല കോളേജുകളിലായി സ്റ്റുഡൻറ് മുഖപേജ് വരയ്ക്കാൻ കൊടുത്തു. ഒടുവിൽ ഫൈൻ ആർട്‌സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും അങ്ങനെ വിരലിലെണ്ണാവുന്ന ചില സ്ഥാപനങ്ങളിൽ മാത്രം ആ പ്രവർത്തനം നടന്നു. ആ മാസം സ്റ്റുഡൻറ് (1000 കോപ്പി) മാസികയിൽ ഓരോന്നിന്റെയും കവർ ചിത്രം വ്യത്യസ്തമായ പെയിന്റിങ്ങുകൾ തന്നെ ആയിരുന്നു. അങ്ങനെ വർഷം മുന്നോട്ട് പോകുമ്പോൾ എന്റെ ചില സുഹൃത്തുക്കൾക്ക് ഒരു ആശയമുദിച്ചു. ‘ശവംതീനികൾ' എന്ന നാടകം കേരളത്തിലെ ഇടതുപക്ഷത്തിന്റെ, ഇടതുപക്ഷ- പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു ‘ഐക്കോണിക്' കലാസൃഷ്ടി ആയിരുന്നു; ആണ്. കോഴിക്കോട് റീജ്യണൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ആയിരുന്ന രാജൻ മുൻകയ്യെടുത്ത് കലോത്സവത്തിന് അവതരിപ്പിച്ച നാടകമായിരുന്നു അത്. യൂണിവേഴ്‌സിറ്റി കോളേജിൽ പൊളിറ്റിക്‌സ് ബി. എക്ക് പഠിച്ചിരുന്ന ബാബു ജോസ്, പി. ഉദയകുമാർ (ഇപ്പോൾ ജെ. എൻ.യുവിലെ ഇംഗ്ലീഷ് വിഭാഗത്തിൽ പ്രൊഫസർ) എന്നിവരാണ് എന്നോട് ധൈര്യപൂർവം ഈ ‘പ്രൊജക്റ്റി'നെപ്പറ്റി പറഞ്ഞത്. ചില ഓർമപ്പെടുത്തലുകൾക്ക് ഇത് നല്ല ഒരു അവസരം തന്നെയെന്ന് ഞാനും കരുതി.
അങ്ങനെ അവരുടെ സ്‌നേഹപൂർവമുള്ള പ്രേരണക്കുവഴങ്ങി ഞാൻ, അതിൽ രാജൻ ചെയ്തതായി അറിയപ്പെടുന്ന ഭാഗം ചെയ്യാം എന്നേറ്റു. ഞങ്ങൾ നാടകം അവതരിപ്പിക്കുന്നുണ്ടെന്നത് ഒരു രഹസ്യമാക്കിവെക്കാൻ റിഹേഴ്സലുകൾ ഏതാണ്ട് മുഴുവനായും കനകക്കുന്നിലെ ഉയരെയുള്ള മണ്ഡപത്തിലാക്കി. ആരും ശല്യം ചെയ്യാൻ വരില്ല. അവിടത്തെ കാവൽക്കാർ മാത്രം ഇടയ്‌ക്കൊക്കെ വന്നു നോക്കിയിരുന്നു. അവർക്ക് ഇതൊരു പുതുമയും സന്തോഷവുമായിരുന്നു. (ഇന്നാണെങ്കിൽ അത് നടക്കില്ല.)
പാളയത്ത് ഞങ്ങൾക്ക് തെരഞ്ഞെടുപ്പിന് ബാനറുകളും പ്ലക്കാർഡുകളുമെല്ലാം അതി മനോഹരമായി ചെയ്തുതരുന്ന വിജയൻ എന്നൊരു സഖാവുണ്ടായിരുന്നു. അയാളെക്കൊണ്ട് ഞങ്ങൾ പാളയം മാർക്കറ്റിലെ ശവപ്പെട്ടിക്കടയിൽ നിന്ന് ഒരു സൂപ്പർ ശവപ്പെട്ടി സംഘടിപ്പിച്ചു. സ്പെൻസർ ജങ്ക്ഷനുതാഴെ ‘സെനിത് സ്റ്റുഡിയോ'യിൽ നിന്ന് ഫിലോസഫി വകുപ്പിലെ ഡോ. ശരത് ചന്ദ്രൻ സാറിന്റെ ശുപാർശയിൽ മൂന്ന് ഗ്രാജുവേഷൻ ഗൗണുകൾ കിട്ടി. (എല്ലാം നാടകത്തിന് അത്യാവശ്യമായിരുന്നു.) ഇപ്പോൾ അഖിലകേരള മദ്യ ഉപഭോക്തൃസമിതിയുടെ സെക്രട്ടറി ആയിരിക്കുന്ന ഫിലിപ്പോസ് പടിക്കൽ (എലീനാ പടിക്കലിന്റെ പിതാവ്), ആകാശവാണി ഉദ്യോഗസ്ഥനായിരുന്ന പി. കെ. മോഹനൻ (അന്തരിച്ചു), അശോകൻ, ഞാൻ. ഇത്രയും പേരായിരുന്നു അഭിനേതാക്കൾ. സെനറ്റ് ഹാളിൽ നടന്ന നാടകം കാണാൻ എം. എ. ബേബിയും തോമസ് എബ്രഹാമും മറ്റും വന്നിരുന്നു. നാടകം നന്നായിത്തന്നെ എല്ലാവരും സ്വീകരിച്ചു.
ആ സമയത്ത് എസ്.എഫ്.ഐയുടെ ഏറ്റവും പ്രധാന നേതാക്കളിൽ ഒരാളായിരുന്നു തോമസ് എബ്രഹാം. വർഷങ്ങൾക്കുമുൻപ് ആൾ ഇന്ത്യ സ്റ്റുഡന്റസ് കോൺഗ്രസ് (എ.ഐ.എസ്.സി) എന്ന സംഘടനയിലായിരുന്നു തോമസ് എബ്രഹാം. അതിൽനിന്ന് മാറി എസ്. എഫ്.ഐയിൽ ചേർന്ന തോമസ് നല്ല വാഗ്മിയും അതിസമർത്ഥനായ സംഘാടകനുമായിരുന്നു. തിരുവനന്തപുരത്ത് എസ്.എഫ്.ഐയുടെ എഴുപതുകളിലെ സമരമുഖങ്ങളിലെല്ലാം അയാൾ മുൻപന്തിയിൽ നിൽക്കുകയും ധാരാളം മർദ്ദനത്തിനിരയാവുകയും ചെയ്തിരുന്നു. തുടർച്ചയായി രണ്ടാം തവണയും സർവകലാശാല സിൻഡിക്കറ്റ് വിദ്യാർത്ഥി പ്രതിനിധിയായതുകൂടാതെ എസ്. എഫ്.ഐയുടെ സംസ്ഥാന വൈസ് പ്രസിഡൻറ്കൂടി ആയിരുന്നു അയാൾ. ബേബി അഖിലേന്ത്യാതലത്തിലേക്ക് പോയതിനാൽ സംസ്ഥാന പ്രസിഡന്റാവാൻ സാധ്യതയുണ്ടായിരുന്ന ഒന്നുരണ്ടുപേരിൽ ഒരാളായി അയാൾ എണ്ണപ്പെട്ടിരുന്നു. 1978 അവസാനം കോഴിക്കോട് നടന്ന
സമ്മേളനത്തിൽ നേതൃമാറ്റം ഏതാണ്ട് തീർച്ചയായിരുന്നു. കോഴിക്കോട് സമ്മേളനം നടക്കുമ്പോൾ എ.കെ. ബാലൻ പ്രസിഡന്റും കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയും ആയിരുന്നു. ബേബി അപ്പോഴേക്ക് കേന്ദ്രത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു. കോഴിക്കോട് സമ്മേളനത്തിൽ പക്ഷെ ഒരു മാറ്റവും സംഭവിച്ചില്ല. സമ്മേളനം അവസാനിക്കും മുൻപ് സംസ്ഥാനകമ്മിറ്റി കൂടി ഏറെനേരം ചർച്ച നടത്തിയെങ്കിലും ഒരു തീരുമാനവും ആവാതെ 'സ്റ്റാറ്റസ് കോ' തുടരാൻ തീരുമാനിക്കുകയായിരുന്നു. തോമസ് എബ്രഹാമിന്റെ മുന്നോട്ടുള്ള രാഷ്ട്രീയയാത്രയെ ആ സമ്മേളനം എത്രത്തോളം പ്രതികൂലമായി ബാധിച്ചു എന്നത് പറയാനാവില്ല. കാലാന്തരത്തിൽ തോമസ് എബ്രഹാം ഫെയ്ഡ് ഔട്ട് ആകുകയായിരുന്നു. അങ്ങനെ മായേണ്ട ഒരു വ്യക്തിത്വമല്ലായിരുന്നു അയാളുടേത്. അയാൾക്ക് പിഴവുകളുണ്ടായിരുന്നിരിക്കാം; അത് പക്ഷേ ആർക്കാണില്ലാത്തത്.
ഡി. വിനയചന്ദ്രൻ
ഡി. വിനയചന്ദ്രനെ നേരിൽ കാണും മുൻപേ അദ്ദേഹത്തിന്റെ ‘കോലങ്ങൾ' എന്ന കവിത എം. ഗോവിന്ദന്റെ സമീക്ഷയിൽ ഞാൻ വായിച്ചിരുന്നു. വിനയചന്ദ്രനെ കണ്ടെത്തിയത് മറ്റൊരു യാദൃച്ഛികതയായിരുന്നു.
ഇ. എൻ. മുരളീധരൻ നായരുടെ ഓഫീസ് അന്വേഷിച്ച് ‘രാമനിലയം' ലോഡ്ജിന്റെ മുന്നിലെത്തിയ ഞാൻ അങ്ങോട്ട് കയറുമ്പോൾ ഇടനാഴിയിലൂടെ രണ്ട് ചെറുപ്പക്കാർ എനിക്കെതിരെ നടന്നു വരുന്നുണ്ടായിരുന്നു.
വിനയചന്ദ്രനെ മുൻപ് കണ്ടിട്ടില്ലായിരുന്നു.
ഞാൻ അവരോട് യുഗരശ്മി മാസികയുടെ ഓഫീസ് അന്വേഷിച്ചു.
മുറിയുടെ നമ്പർ പറഞ്ഞു തന്നിട്ട് വിനയചന്ദ്രൻ എന്നോട് ചോദിച്ചു, ‘മുരളീധരൻ നായരെ കാണാനാണോ?'
അതെ എന്നുപറഞ്ഞപ്പോൾ അദ്ദേഹം മുറിയിലുണ്ടന്നു പറഞ്ഞു.
പിന്നീട് അദ്ദേഹം സ്വയം പരിചയപ്പെടുത്തി, ‘എന്റെ പേര് ഡി. വിനയചന്ദ്രൻ.' കൂടെയുള്ള ആളെ ചൂണ്ടി, ‘ഇദ്ദേഹം മധുസൂദനക്കുറുപ്പ്. ഗ്രന്ഥാലോകം മാസികയിൽ ജോലി ചെയ്യുന്നു.'
എന്നോട് വിനയചന്ദ്രൻ പേരൊക്കെ ചോദിച്ചു. യൂണിവേഴ്‌സിറ്റി കോളേജിൽ ചേരാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ ‘അപ്പോൾ പിന്നെയും കാണാമല്ലോ.'
എന്നുപറഞ്ഞ് അവർ നടന്നു പോയി. മധുസൂദനക്കുറുപ്പ് അക്കാലത്ത് അയ്യപ്പന്റെ എറ്റവും പ്രിയപ്പെട്ട സ്‌നേഹിതനായാണ് അറിയപ്പെട്ടിരുന്നത്. ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ട് ഏറെക്കഴിയും മുൻപ് അദ്ദേഹം ഏലം ബോർഡിലോ മറ്റോ ജോലിയായി തിരുവനന്തപുരം വിട്ടു. ഏതാനും വർഷങൾക്കു മുൻപ് ഞാൻ യൂണിവേഴ്‌സിറ്റി കോളേജിലെ ‘വൈൽഡ് ബോയ്‌സ്' സംഘത്തെപ്പറ്റി ഒരു ലേഖനം എഴുതിയിരുന്നു. മാതൃഭൂമിയുടെ വാരാന്ത്യ നഗരം പേജിലാണ് അത് വന്നത്. അതു കണ്ടിട്ടാണോ എന്നറിയില്ല, മധുസൂദനക്കുറുപ്പ് എന്നെ ഇ- മെയിലിൽ ബന്ധപ്പെട്ടിരുന്നു. അത് 2012ലായിരുന്നു. അദ്ദേഹം ഇപ്പോഴും കൊച്ചിയിൽ തന്നെ ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.
അന്ന് പരിചയപ്പെട്ട വിനയചന്ദ്രൻ എന്നും നല്ലൊരു സുഹൃത്തായിരുന്നു. ഒരിക്കലും എന്നെ പേട്രനൈസ് ചെയ്യാനോ എന്റെ കവിതകളെ ഡൈസെക്‌ററ് ചെയ്യാനോ അദ്ദേഹം ശ്രമിച്ചില്ല. മാത്രമല്ല, അവസരം കിട്ടുമ്പോഴൊക്കെ പുതുകവിതയുടെ പ്രതിനിധികളിൽ ഒരാളായി എന്നെ ഉയർത്തിക്കാട്ടുവാൻ അദ്ദേഹം ശ്രദ്ധിച്ചു. കവിതയിൽ എന്റെ ശ്രമങ്ങളെ നിസ്സാരവൽക്കരിക്കാൻ വിനയചന്ദ്രൻ തയാറായില്ല. ചില കാര്യങ്ങളിൽ അദ്ദേഹം ഒരു വഴികാട്ടിയും ആയി. ഒരിക്കൽ, ഒരു രാത്രി ഞാൻ ഒറ്റയ്ക്ക് പാളയം ഭാഗത്തേക്ക് നടക്കുമ്പോൾ സ്പെൻസർ ജങ്ക്ഷനടുത്ത് വിനയചന്ദ്രൻ തനിച്ച് കോളേജിന് അതിരിടുന്ന മഹാഗണി മരങ്ങളെ നോക്കി നിൽക്കുന്നു. ഞാൻ അടുത്തെത്തിയിട്ടും അദ്ദേഹം എന്നെ കണ്ടില്ല. ഞാൻ അടുത്തുചെന്ന് അദ്ദേഹത്തിനടുത്ത് നിലയുറപ്പിച്ചു. എന്താണ് ഇദ്ദേഹം ഇത്ര കൂലങ്കഷമായി നോക്കിക്കാണുന്നതെന്ന് ഒന്ന് അറിയണമല്ലോ.
‘എന്തുപറ്റി, വിനയചന്ദ്രൻ?' ഞാൻ അന്വേഷിച്ചു.
ഉറക്കത്തിൽ നിന്ന് ഉണർന്നിട്ടെന്നോണം തിരിഞ്ഞ് എന്നെ നോക്കി,
‘ഇവരെ വെട്ടി മാറ്റുന്നതിനുമുൻപ് ഇങ്ങനെ ഒന്നു കൂടി കാണാം എന്നോർത്തു.' അദ്ദേഹം പറഞ്ഞു.
‘ഇവരെ ആര് വെട്ടി മാറ്റാൻ പോകുന്നു?' ഞാൻ ചോദിച്ചു. സത്യത്തിൽ ഞാൻ അറിഞ്ഞിരുന്നില്ല.
വിനയചന്ദ്രൻ എന്നോട് കാര്യങ്ങൾ വിശദമായി സംസാരിച്ചു. എന്നിട്ട് ഇത്രയും കൂടി പറഞ്ഞു; ‘കലാകൗമുദിയിലോ കേരളകൗമുദിയിലോ എങ്ങാനും ഇത് ഒന്ന് വരുത്തണം. അത് ചെയ്യാമോ?' ഇത്രയും പറഞ്ഞ് വിനയചന്ദ്രൻ നടന്നുപോയി.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ കലാകൗമുദിയുടെ ആഫീസിൽ ചെന്ന് ജയചന്ദ്രൻ നായരെ വിവരം അറിയിച്ചു. അദ്ദേഹം അപ്പോൾത്തന്നെ ഒരു ഫോട്ടോഗ്രാഫറെ വിട്ട് മഹാഗണികളുടെ ചിത്രങ്ങളെടുപ്പിച്ചു. പിറ്റേ ആഴ്ചയിലെ കലാകൗമുദിയിൽ ‘മരവിരോധികൾ' എന്ന തലക്കെട്ടിൽ ഒരു കൊച്ചു ഫീച്ചറും വന്നു. കോളേജിലെ കുട്ടികൾ സമരത്തിന് തയാറായി. പരിസ്ഥിതി സംരക്ഷകരായ എല്ലാവരും ചേർന്ന് ആ മഹാഗണി ‘മാഫിയ'യെ മുട്ടുകുത്തിച്ചു. ആ സംഭവം നടന്നത് ഞാൻ പ്രവാസം ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുൻപാണ്. വിനയചന്ദ്രനെ ഞാൻ അവസാനമായി നേരിൽ കണ്ടതും അന്നാണ്. പിന്നീടെപ്പോഴും നാട്ടിൽ വരുമ്പോൾ വിനയചന്ദ്രന്റെ വിശേഷങ്ങൾ മറ്റുള്ളവർ പറഞ്ഞറിയാറുണ്ടായിരുന്നതൊഴിച്ച് ഞങ്ങൾ തമ്മിൽ നേരിട്ട് ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
ഇത്തരം അബദ്ധങ്ങൾ പറ്റുന്ന ആദ്യത്തെ മലയാളി അല്ല വിനയചന്ദ്രൻ. ഈ സംഭവം ഇത്രയും വിശദമായി പറഞ്ഞത് അയാളെ ഇകഴ്ത്തിക്കാട്ടാൻ വേണ്ടിയല്ല.
എന്നാൽ പെട്ടെന്നൊരു ദിവസം എന്റെ (ദക്ഷിണാഫ്രിക്കയിലെ) ജോലിസ്ഥലത്തേക്ക് ഒരു ഫോൺ കാൾ വരുന്നു: ‘വിനയചന്ദ്രനാണ്... ഞാനിപ്പോൾ നിങ്ങളുടെ നാട്ടിലുണ്ട്..'
ആൾ നല്ല ഉത്സാഹത്തിലാണെന്ന് ശബ്ദം കേട്ടപ്പോൾ മനസ്സിലായി. ഞാനും അല്പം എക്‌സൈറ്റഡ് ആയി.
‘എവിടെയാ ഇപ്പോൾ ഉള്ളത്? സ്ഥലം പറഞ്ഞാൽ ഞാൻ അങ്ങോട്ട് വന്ന് വിനയചന്ദ്രനെ കൂട്ടിക്കൊണ്ടു വരാം', ഞാൻ പറഞ്ഞു.
‘ഞാൻ ഇപ്പോൾ അക്ര എന്ന സ്ഥലത്താണ്. ഇവിടെ നിന്ന് എന്ത് ദൂരമുണ്ട് നിങ്ങളുടെ സ്ഥലത്തേക്ക്?' എന്റെ മനസ്സ് ഇടിഞ്ഞു. പതഞ്ഞു പൊങ്ങിയ പ്രതീക്ഷ ഒരു ഫ്രീസ് ഷോട്ടിൽ നിർന്നിമേഷം നിന്നു.
‘വിനയചന്ദ്രൻ, നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് ഘാനയുടെ തലസ്ഥാനത്ത് നിന്നല്ലേ?' ഞാൻ ദുർബ്ബലമായി അന്വേഷിച്ചു.
‘അതെ അതെ,' അങ്ങേ അറ്റത്ത് കവി ഉത്സാഹഭരിതൻ തന്നെ.
‘വിനയചന്ദ്രൻ, ഞാൻ ഇങ്ങ് തെക്കേയറ്റത്തും നിങ്ങൾ അങ്ങ് പടിഞ്ഞാറേ അറ്റത്തും ആണ് ഇപ്പോൾ നിൽക്കുന്നത്. ഇങ്ങോട്ട് കടക്കണമെങ്കിൽ വിസ വേണം. കുറഞ്ഞത് ഒമ്പതര മണിക്കൂറെങ്കിലും നീണ്ട ഫ്‌ളൈറ്റ് ആണ് അക്ര- ജൊഹാനസ്ബർഗ്. നമ്മളിപ്പോൾ ഒരു ഭൂഖണ്ഡത്തിലാണെന്നേയുള്ളു; അനേകായിരം മൈലുകൾക്കകലെയാണ് നാം.' അത് പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി.
ഒരു നിമിഷത്തെ മൗനത്തിനുശേഷം വിനയചന്ദ്രൻ പറഞ്ഞു, ‘സാരമില്ല; എന്നാൽ നമുക്ക് ഇനി നാട്ടിൽ വരുമ്പോൾ കാണാം, അല്ലേ..' അദ്ദേഹത്തിന് നിരാശയുണ്ടായിരുന്നിരിക്കണം.
പക്ഷെ ഇത്തരം അബദ്ധങ്ങൾ പറ്റുന്ന ആദ്യത്തെ മലയാളി അല്ല വിനയചന്ദ്രൻ.
ഈ സംഭവം ഇത്രയും വിശദമായി പറഞ്ഞത് അയാളെ ഇകഴ്ത്തിക്കാട്ടാൻ വേണ്ടിയല്ല. ആഫ്രിക്കയിൽ വരുന്ന ഭൂരിപക്ഷം പേരും (ഇന്ത്യക്കാർ) അതൊരു ഭൂഖണ്ഡമാണെന്നും മറ്റു ഭൂഖണ്ഡങ്ങൾ പോലെ അവിടെയും രാജ്യങ്ങൾക്ക് അവരവരുടേതായ നിയമങ്ങളും മറ്റും ഉണ്ടെന്നും ഉള്ള കാര്യം ഒരു ‘അദ്ഭുതം' കണ്ടെത്തുന്നത് പോലെയാണ് അറിയാറ്. നാം എല്ലാം അറിയുന്നവരും സർവവും തികഞ്ഞവരും ആണല്ലോ. ▮