ജീവന്റെ ക്ഷണികത ഏറ്റവും രൂക്ഷമായി, പ്രകടമായി കണ്ടറിയാവുന്ന ഒരിടമാണ് ആഫ്രിക്കൻ ഭൂഖണ്ഡം. ആ വൻകര തുറന്നു വയ്ക്കുന്ന ജീവൽ പാഠപുസ്തകം കണ്ടും അറിഞ്ഞും പഠിച്ചും യാത്ര തുടരുന്നു. അപ്പോഴും ജോസ് ജോസഫിന്റെ ജീവിതവും മരണവും ഏതോ ലോകത്തു നിന്ന്, ഓർക്കാപ്പുറത്ത് ആത്മാവിനെ നഗ്‌നമാക്കുന്ന മൂർച്ചയേറിയ വെളിച്ചത്തിന്റെ വാൾത്തല ചുഴറ്റുന്നു.
ഒരു മരണത്തെക്കുറിച്ചോർമിച്ചപ്പോൾ മറ്റു ചില ജീവിതങ്ങളും മരണങ്ങളും കൂടി കടന്നുവന്നു. സ്‌കൂളിലായാലും കോളേജിലായാലും നമുക്ക് അറിയുന്നൊരാൾ മരിക്കുമ്പോൾ; പ്രത്യേകിച്ച് അത് അകാലത്തിലുള്ള ഒരു അപമൃത്യുവാകുമ്പോൾ അതുണ്ടാക്കുന്ന ആഘാതം കാലം ചെന്നാലും ഓർമയിൽ കൊള്ളിയാൻ പോലെ മിന്നും. അത്തരത്തിലൊരു മരണത്തെക്കുറിച്ചാണ് ഇപ്പോൾ ഓർമിക്കുന്നത്.
ആ മരണം ഞാൻ കണ്ടില്ല; പക്ഷേ ആ മരണത്തിലേക്ക് വേഗത്തിൽ നടന്നുപോയ ഒരു പാവം മനുഷ്യനെ കാണുകയും അയാളുടെ ധർമസങ്കടങ്ങൾ നിശ്ശബ്ദമായി അറിയാൻ ശ്രമിക്കുകയും ചെയ്തു. അതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ല. ജി. കുമാരപിള്ളയെപ്പോലെ ഒരാളെ ആ മരണം എത്രത്തോളം മഥിച്ചു എന്നതിനുള്ള ഉത്തരമാണ് അദ്ദേഹം എഴുതിയ അതിമനോഹരമായ, ഹൃദയം നുറുങ്ങുന്ന ഒരു വിലാപകാവ്യം; ‘ജോസ് ജോസഫിന്റെ മരണം'.
1974 ൽ ഞങ്ങളുടെ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിൽ ഒരു വലിയ മാറ്റമുണ്ടായി. ഞങ്ങൾ വിദ്യാർത്ഥികൾക്ക് തരിമ്പും അംഗീകരിക്കാനാവാത്ത മാറ്റം. ഞങ്ങളുടെ പ്രിയപ്പെട്ട ഹൃദയകുമാരി ടീച്ചർ വിമൻസ് കോളേജിലേക്ക് സ്ഥലം മാറ്റമായി പോയി. കുമാരപിള്ള സാറും പോയി. ഒരു വർഷം ഞങ്ങൾക്ക് കിട്ടിയ രണ്ട് ഇരുട്ടടികളായിരുന്നു അവ. ഇവരിൽ ആദ്യം പോയതാരാണെന്ന് ഓർമയില്ല. പക്ഷെ അവരിരുവരുടെയും പകരക്കാരെ ഞങ്ങൾ വെറുത്തു. ജോസ് ജോസഫ് എന്നയാളാണ് ഹൃദയടീച്ചർക്ക് പകരം വന്നത്. അത് വൻ ദുരന്തമായി മാറി. ആ മാസ്റ്റർക്ക് ഇംഗ്ലീഷ് വഴങ്ങുന്നില്ലായിരുന്നു, അദ്ദേഹം കിണഞ്ഞ് ശ്രമിച്ചിട്ടു കൂടി. ഇംഗ്ലീഷ് ഐശ്ചികവിഷയമായെടുത്ത് പഠിച്ചിരുന്ന ഞങ്ങളുടെ കൂട്ടത്തിലെ ‘‘മിടുക്കന്മാർ'' ആയി അറിയപ്പെട്ടിരുന്നവരിൽ ചിലർ ഇദ്ദേഹത്തെപ്പറ്റി പ്രൊഫസറോട് പരാതി പറഞ്ഞു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.
ജോസ് ജോസഫ് ആദ്യം ഞങ്ങളുടെ ക്ലാസിൽ വന്ന് സ്വയം പരിചയപ്പെടുത്തുമ്പോൾ ഞങ്ങളോട് വളരെ വിനയത്തോടെ സംസാരിക്കുകയും ഞങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
‘‘ഞാൻ മടപ്പള്ളി കോളേജിലാണ് ഇവിടെ വരും മുൻപ് പഠിപ്പിച്ചിരുന്നത്. നിങ്ങളെപ്പോലെ വലിയ മിടുക്കന്മാരോ ഇംഗ്ലീഷ് സംസാരിക്കുന്നവരോ ആയിരിക്കയില്ല ആ കുട്ടികൾ. പക്ഷേ അവർക്ക് അവരെ സഹായിക്കാൻ വന്നവരാണ് അദ്ധ്യാപകർ എന്ന ബോധമുണ്ടായിരുന്നു.'' ഞങ്ങളുടെ നിശ്ശബ്ദത അദ്ദേഹത്തിന് അൽപം ധൈര്യം നൽകി എന്ന് തോന്നുന്നു.
""എന്നെ ഈ ജോലിക്ക് ഇന്റർവ്യൂ ചെയ്ത പാനലിന്റെ ചെയർമാൻ
കെ. കെ. നീലകണ്ഠൻ സാർ ആയിരുന്നു.''
അങ്ങനെ ഒരു വെടിനിർത്തലിന് അദ്ദേഹം മുൻകയ്യെടുത്തെങ്കിലും അതിന് അദ്ദേഹം ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇംഗ്ലീഷ് ഐശ്ചികവിഷയമാക്കിയ ഞങ്ങളുടെ ക്ലാസ് കൂടാതെ ‘പാർട്ട് 1 ഇംഗ്ലീഷ്' എന്ന കുറേക്കൂടി വലിയ ഒരു ഗ്രൂപ്പിനെക്കൂടി ജോസ് ജോസഫിനെ ഏൽപ്പിച്ചിരുന്നു. ആ ക്ലാസ് യാഥാർഥത്തിൽ അദ്ദേഹത്തെപ്പോലൊരാൾക്ക് ഒരിക്കലും നിയന്ത്രിക്കാൻ ആവുന്നതല്ലായിരുന്നു. അതുതന്നെയാണ് സംഭവിച്ചത്; പണ്ട് അപ്പൻ സാറിന്റെ ഒരു ഓർമയെഴുത്തിൽ ഒരു അദ്ധ്യാപകനെ കുട്ടികൾ കളിയാക്കി ‘ഗഗാറിൻ' (അതെ; അയ്യപ്പ പണിക്കരുടെ ‘ഹേ ഗഗാറിൻ, ഗഗനചാരിൻ...' ആ കക്ഷി തന്നെ) എന്നുവിളിച്ചുപോന്നതായി വായിച്ചിട്ടുണ്ട്. (കാരണം: കുട്ടികൾ ആ പാവത്തിനെ കൂവിപ്പൊക്കി ബഹിരാകാശത്ത് നിർത്തിയിരിക്കയാണ്!)
ആ ഗഗാറിനേക്കാൾ ദുരിതപൂർണമായിരുന്നു ജോസ് ജോസഫിന്റെ യൂണിവേഴ്‌സിറ്റി കോളേജിലെ ഹ്രസ്വമായ ഔദ്യോഗിക ജീവിതം. ഒരുപാട് കുട്ടികളുള്ള ഇംഗ്ലീഷ് പാർട്ട്-1 ക്ലാസിൽ ജോസ് ജോസഫ് സാറിനെ കാത്തിരുന്നത് നിത്യേനയുള്ള അപമാനത്തിന്റെ ആവർത്തനമായിരുന്നു. ഒരു വ്യക്തിയുടെ വൾനറബിലിറ്റി അറിഞ്ഞ്, ആ മർമത്തിൽ തന്നെ വീണ്ടും വീണ്ടും ആസുരമായ ഒരുതരം ആഹ്ലാദത്തോടെ ആണികൾ തറച്ച് അദ്ദേഹം വേദനിക്കുന്നതുകണ്ട് കൂകിയാർത്ത് നാണം കെടുത്തുക എന്ന കാര്യമാണ് വിദ്യാർത്ഥികളായ ഞങ്ങൾ അദ്ദേഹത്തിന്റെ ചിറകു വിടർത്താൻ തുടങ്ങിയ പ്രൊഫഷണൽ ജീവിതത്തിനു നൽകിയ ഗുരുദക്ഷിണ. അദ്ദേഹത്തിന്റെ ജീവിതം ഞങ്ങൾ അറിഞ്ഞില്ല. നാം കാണുന്ന മനുഷ്യർക്കെല്ലാം കാഴ്ചയ്ക്കപ്പുറം വേറൊരു സ്വകാര്യമായ ലോകമുണ്ടെന്നും, ആ ലോകത്ത് അവരെ സ്‌നേഹിക്കുന്നവരും അവരെ ആശ്രയിക്കുന്നവരുമായ ഒരു കൂട്ടം ആൾക്കാരുണ്ടെന്നും നാം പലപ്പോഴും വിസ്മരിക്കുന്നു.
യുക്കിയോ മിഷിമയുടെ ‘The Sailor Who Fell From Grace With The Sea' എന്ന മനോഹരമായ നോവലിൽ ശൈശവത്തിന്റെ (കൗമാരത്തിന്റെ) ക്രൂരത അനാവരണം ചെയ്യുന്നുണ്ട്. അതുപോലെ യൗവനത്തിന്റെ ഉത്സാഹത്തിളപ്പിലും ക്രൂരതയുടെ ശോണിമയുണ്ട്. ഇതിൽ പറയുന്ന ദുരന്തം സംഭവിച്ച് അഞ്ചു വർഷം കഴിഞ്ഞ് ഒരു വൈകുന്നേരം ഹൃദയകുമാരി ടീച്ചറുടെ വരാന്തയിലിരുന്നു സംസാരിക്കവെ അപ്രതീക്ഷിതമായി കടന്നുവന്ന് എന്നോട് കയർത്ത പ്രിയപ്പെട്ട സുഗതച്ചേച്ചി പറഞ്ഞവസാനിപ്പിച്ച ഒരു വാക്യം ജോസ് ജോസഫ് സാറിന്റെ ജീവിതത്തോട് ഞങ്ങൾ കാണിച്ച ക്രൂരതയുമായി ചേർത്തുവായിക്കാവുന്നതാണ്: The young can be cruel.
എല്ലാ വാരാന്ത്യങ്ങളിലും ജോസ് സാർ അദ്ദേഹത്തിന്റെ നാടായ ആരക്കുഴ- യിലേക്ക് പോകുമായിരുന്നു. അദ്ദേഹത്തിന്റെ സഹധർമിണിയും മൂന്നു കുഞ്ഞുങ്ങളും അവിടെ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. ഒരു പക്ഷെ, അവരെ തിരുവനന്തപുരത്തേക്ക് കാലക്രമേണ കൊണ്ടുവരാനും തന്റെ മക്കളെ നല്ല സ്‌കൂളുകളിൽ ചേർത്ത് പഠിപ്പിക്കാനും മറ്റും ജോസ് ജോസഫ് ആലോചിച്ചിരുന്നിരിക്കാം. ഒരു വാരാന്ത്യത്തിൽ പോകും മുൻപ് അദ്ദേഹം ക്ലാസിനോട് യാത്ര ചോദിച്ചു.
തിങ്കളാഴ്ച കോളേജിൽ വന്ന ഞങ്ങൾ ആ വാർത്ത കേട്ട് സ്തംഭിച്ചു പോയി.
ജോസ് ജോസഫ് അദ്ദേഹത്തിന്റെ നാട്ടിൽ ആരുടെയോ കുത്തേറ്റുമരിച്ചു. സ്തംഭിച്ചുവെന്നു മാത്രമല്ല, അതിന്റെ ട്രോമാ ഞങ്ങളെ പിന്തുടർന്നു...
അന്നൊന്നും ഇത്തരം സന്ദർഭങ്ങളിൽ ‘കൗൺസലിംഗ്' നൽകാനുള്ള സംവിധാനമൊന്നും ഞങ്ങളുടെ കോളേജിൽ പോലും ഉണ്ടായിരുന്നില്ല. ഇന്ന് ഈ ഓർമ ഇവിടെ ഇത് വായിക്കുന്ന ആളുമായി പങ്കിടുമ്പോഴും ജോസ് ജോസഫിന്റെ നിസ്സഹായമായ കണ്ണുകൾ എവിടെ നിന്നോ തടിച്ച കണ്ണടച്ചില്ലിലൂടെ എന്നെ വീക്ഷിക്കുന്നതായി എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ ക്ലാസുകളിൽ ഇരുന്നിട്ടുള്ള പലരും അദ്ദേഹത്തെ മറന്നിട്ടുണ്ടാവും. കുറഞ്ഞൊരു കാലത്തെ പരിചയത്തിലൂടെയാവാം കുമാരപിള്ള സാർ ജോസ് ജോസഫിനെ അറിഞ്ഞത്. ആ മരണം നടന്ന് കുറച്ചുനാൾ കഴിഞ്ഞ് ‘ജോസ് ജോസഫിന്റെ മരണം' എന്ന തലക്കെട്ടിൽ അദ്ദേഹം ഒന്നാന്തരമൊരു വിലാപകാവ്യം എഴുതുകയുണ്ടായി. ഓർമയുടെ ഈ ശകലം ഇവിടെ കുറയ്ക്കുന്നതിനുമുൻപ് അദ്ദേഹം എഴുതിയ ആ കവിത കവി കെ.വി. ബേബി മനോഹരമായി ചൊല്ലി യു ട്യൂബിൽ അപ് ലോഡ് ചെയ്തത് പല ആവർത്തി കേട്ടു.
ജോസ് ജോസഫിന്റെ മൂന്നു മക്കൾ ഇപ്പോൾ 40 കഴിഞ്ഞവരായിരിക്കാം. അദ്ദേഹത്തിന്റെ മരണം നടന്നു എന്നല്ലാതെ അതിന്റെ കാര്യകാരണങ്ങൾ ആരും പറഞ്ഞു കേട്ടിട്ടില്ല. അതേക്കുറിച്ച് ഓർക്കുന്നവർക്ക് ഇന്നും അദ്ദേഹത്തിന്റെ മരണം ഒരു നിഗൂഢതയാണ്. അതിശയകരമായ ഒരു കാര്യം, അതേക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ല എന്നതാണ്. ഞങ്ങളെ ബ്രിട്ടീഷ് ഹിസ്റ്ററി പഠിപ്പിച്ചിരുന്ന (അത്ഭുതപ്പെടേണ്ട. ഇംഗ്ലീഷ് ഐച്ഛിക വിഷയമായി പഠിച്ചിരുന്നവർക്ക് യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായിരുന്ന "മൈനർ' അഥവാ പണ്ടത്തെ ഭാഷയിൽ ‘സബ്‌സിഡിയറി'കളിൽ ഒന്നായിരുന്നു ബ്രിട്ടീഷ് ഹിസ്റ്ററി. അത് വളരെ പ്രയോജനപ്രദമായ ഒരു പേപ്പറായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്) ഇ. ശ്രീധരൻ മാഷ് മാത്രമായിരിക്കണം ക്ലാസിൽ അതേപ്പറ്റി സംസാരിച്ചിട്ടുള്ളത്. അദ്ദേഹം മറ്റുള്ള അദ്ധ്യാപകരിൽ നിന്ന് തീർത്തും വ്യത്യസ്തനായിരുന്നു. അദ്ദേഹം തന്റെ ക്ലാസിൽ ബ്രിട്ടീഷ് ഹിസ്റ്ററി മാത്രമല്ല സംസാരിച്ചിരുന്നത്. പ്രാചീന ഭാരതത്തിന്റെയും മദ്ധ്യേഷ്യയുടെയും യൂറോപ്പിന്റെയും ചരിത്രത്തിലൂടെ അദ്ദേഹം മാർക്സിലും ലെനിനിലും നെഹ്‌റുവിലും ഇന്ത്യൻ കമ്യൂണിസ്‌റ് പ്രസ്ഥാനത്തിലും ഇപ്റ്റയിലും ബിമൽ റോയ്, സലിൽ ചൗധുരി, തുടങ്ങിയവരിലൂടെ സൈഗാളിലും നൂർജഹാനിലും ലതാമങ്കേഷ്‌കറിലും തുടങ്ങി യേശുദാസിൽ വരെ വന്നെത്തുമായിരുന്നു. ചരിത്രപഠനത്തിന്, അതായത് തുടർന്നുള്ള വായനയ്ക്കും പഠനത്തിനും ഉത്തേജനം നൽകുന്നവയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. തൃക്കിടീരി സ്വദേശിയായ ശ്രീധരൻ മാഷ് നല്ലൊരു സംഗീതാസ്വാദകൻ കൂടി ആയിരുന്നു. എന്നെയും നസീമിനെയും ഒരിക്കൽ വീട്ടിലേക്കുക്ഷണിച്ച് ഞങ്ങളെക്കൊണ്ട് ഒന്നൊന്നര മണിക്കൂർ നേരം പാട്ടു പാടിച്ചിട്ടുണ്ട് അദ്ദേഹം. പിൽക്കാലത്ത് നസീം ചില പഴയകാല ഗായകരെ അനുകരിച്ച് പാടിയാണ് പ്രശസ്തി നേടിയതെങ്കിലും, കോളേജിൽ പഠിച്ചിരുന്ന കാലത്ത് നസീം അടിപൊളി ഹിന്ദി ഗാനങ്ങളായിരുന്നു കൂടുതലും പാടിയിരുന്നത്. അതും റാഫിയുടെ ഗാനങ്ങൾ. ‘ഗംഗാ മേരി മാ കാ നാം, ബാപ് കാ നാം ഹിമാലയ്' എന്ന അടിപൊളി ‘ദേശഭക്തിഗാനം' നസീമിന്റെ ഒരു സിഗ്‌നേച്ചർ സോങ് ആയിരുന്നു.
നസീമിന്റെ ആദ്യകാല ‘റെഡ് സ്റ്റാർ' ഓർക്കെസ്ട്രയ്ക്കു വേണ്ടി തട്ടുപൊളിപ്പൻ അല്ലാത്ത പാവം ഗാനങ്ങൾ പാടാൻ നസീം എന്നെ കൂട്ടി. ആദ്യത്തെ പരിപാടി (ചിറയിൻകീഴിലായിരുന്നു അത്) കഴിഞ്ഞു തിരികെ തിരുവനന്തപുരത്തെത്തി എന്നെ കരമന ജങ്ക്ഷനിൽ ഇറക്കിവിടുമ്പോൾ നസീം എന്റെ പോക്കറ്റിൽ എന്തോ തിരുകി വച്ചുതന്നു. കാർ വിട്ടു പോയ ശേഷം വഴിവിളക്കിന്റെ വെളിച്ചത്തിൽ ഞാൻ പോക്കറ്റിൽ നിന്ന് അതെടുത്ത് നോക്കി. രണ്ട് പത്ത് രൂപാ നോട്ടുകൾ! അങ്ങനെ ഞങ്ങൾ കുറെ സ്ഥലത്ത് റെഡ് സ്റ്റാർ ആയും വി വൺ (We One) ആയും പിന്നീട് ആമച്ചൽ ഹരി സാറും ആമച്ചൽ രവി സാറും കൂടി നടത്തിയിരുന്ന ‘ചങ്ങമ്പുഴ തീയറ്റേഴ്‌സ്' ആയിട്ടും പലയിടങ്ങളിൽ ഒന്നിച്ച് പാടി നടന്നു.
ആമച്ചൽ രവി അപാരമായ ജ്ഞാനമുള്ള ഒരു ഗായകനായിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ശബ്ദത്തിന് കെ. എസ്. ജോർജ്ജിന്റെ ശബ്ദവുമായുള്ള സാദൃശ്യം അദ്ദേഹത്തെ അത്തരം ഗാനങ്ങൾ പാടാനുള്ള ഒരു പാട്ടുകാരൻ എന്ന പരിമിതിയിലേക്ക് ചുരുക്കിക്കളഞ്ഞു. പിൽക്കാലത്ത് നസീമിനും ഏതാണ്ട് ആ ദുര്യോഗം തന്നെ സംഭവിച്ചു. എ. എം. രാജയുടെ ഗാനങ്ങളിൽ ‘സ്പെഷലൈസ്' ചെയ്യുന്ന ഒരു പാട്ടുകാരൻ എന്ന നിലയിലാണ് നസീമിനെ പിന്നത്തെ ഒരു തലമുറ അറിഞ്ഞത്. അതിനുമെല്ലാം എത്രയോ മേലെയായിരുന്നു യഥാർത്ഥത്തിൽ ഞങ്ങൾ അറിഞ്ഞിരുന്ന നസീം എന്ന ഗായകൻ. 2016 ഡിസംബറിലാണ് ഞാൻ പ്രവാസം മതിയാക്കി തിരുവനന്തപുരത്തിന്റെ സ്വച്ഛശീതളിമയിലേക്ക് തിരിച്ചുവന്നത്. നസീം പക്ഷാഘാതമേറ്റ് കിടപ്പിലാണെന്ന് അപ്പോഴാണ് ഞാനറിഞ്ഞത്. ഒരു ദിവസം ഞങ്ങൾ നസീമിനെ കാണാൻ പോയി. അദ്ദേഹത്തിന്റെ പത്‌നിയോട് പഴയ സ്‌നേഹിതരാണെന്ന് പറഞ്ഞപ്പോൾ അവർ അകത്തുപോയി നസീമിനെ ഒരുക്കി സ്വീകരണമുറിയിലേക്ക് ആനയിച്ചു. എന്നെ കണ്ടയുടനെ നസീമിന് ഞാൻ ആരാണെന്ന് മനസ്സിലായി.
എന്റെ നെഞ്ചു തകർന്നു പോയി...
‘അള്ളാ, അള്ളാ' എന്നുമാത്രമേ നസീമിന് പറയാൻ കഴിഞ്ഞുള്ളു. പറയുന്നതെല്ലാം കേൾക്കും. കുറെ നേരം ഞാൻ കൂടെയിരുന്നു പഴയ കാര്യങ്ങൾ ഓർമിപ്പിക്കാൻ വെറുതെ സംസാരിച്ചു. മറുപടിയായി ‘അള്ളാ അള്ളാ' എന്നല്ലാതെ ഒന്നും പറയാൻ ആ സാധു മനുഷ്യന് കഴിയില്ലായിരുന്നു. കുറെ കഴിഞ്ഞപ്പോൾ അകത്തെ മുറിയിലേക്ക് പോകണം എന്നു നസീം പത്‌നിയെ പറഞ്ഞു മനസിലാക്കി. ഞാൻ പിടിച്ചെഴുന്നേൽപ്പിച്ച് അദ്ദേഹം എന്റെ തോളിൽ ഞാന്ന് അകത്തേക്ക് നടന്നു. അത് നസീമിന്റെ സംഗീതമുറി ആയിരുന്നു. അവിടെയുള്ള ഒരു ചെസ്റ്റ് ഓഫ് ഡ്രായെഴ്‌സ് തുറക്കാൻ എന്നോട് ആംഗ്യത്തിലൂടെ പറഞ്ഞൊപ്പിച്ചു. അതിൽ നിന്ന് ഒരു കാസറ്റ് എടുപ്പിച്ചു. അത് പ്ലേ ചെയ്യാൻ എന്നോട് പറഞ്ഞു. അതിലെ ആദ്യത്തെ പാട്ട് ‘എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ' എന്ന യേശുദാസ്- ദക്ഷിണാമൂർത്തിമാരുടെ ആർദ്രമായ പ്രണയഗാനമായിരുന്നു. അത് പാടിത്തുടങ്ങിയപ്പോൾ നസീം എന്റെ സഖിയോട് തന്നാലാവും വിധം പറയുന്നുണ്ടായിരുന്നു; ‘ഈ പാട്ട് ഇവൻ പണ്ട് പാടിയിരുന്നതാണ്.'
അതുകഴിഞ്ഞ് ആ ചെസ്റ്റിന്റെ മറ്റൊരു ഡ്രായിൽ നിന്ന് ഒരു മാഗസിൻ എടുപ്പിച്ചു. ബാലചന്ദ്രമേനോൻ സ്പീക്കറും നസീം ആർട്‌സ് ക്ലബ്ബ് സെക്രട്ടറിയും ആയിരുന്ന വർഷത്തെ മാഗസിൻ ആയിരുന്നു അത്. അതിൽ ഞാനും നസീമും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഉണ്ടായിരുന്നു. അതുകൂടാതെ എന്റെ അന്നത്തെ ഒരു കവിതയും. അതെല്ലാം കണ്ട് നസീമിന് ഒരുപാട് പറയാനുണ്ടായിരുന്നു. തിളക്കം മങ്ങാത്ത ആ കണ്ണുകളിൽ ഞങ്ങൾ അയാൾ പറയാതെ പറഞ്ഞ വേദനകളാണ് വായിച്ചത്.
നസീം ഈ അടുത്ത കാലത്ത് മരിച്ചു. കോവിഡ് കാലമായതിനാൽ ഞങ്ങൾ പോയില്ല, ഒന്നുകാണാൻ.
ഒരു മഹത്തായ കലാലയത്തിൽ കണ്ടുമുട്ടിയവരാണ് ഞങ്ങളെല്ലാം. അന്ന് ഞങ്ങളെയെല്ലാം തമ്മിൽ ബന്ധിച്ചിരുന്നത് സ്‌നേഹത്തിന്റെ തത്വശാസ്ത്രമാണ്. വർഷങ്ങൾക്കുശേഷവും ഞാൻ എഴുതിയ ഒരു "ജുവനൈൽ' കവിത അറ്റങ്ങൾ പൊടിഞ്ഞു തുടങ്ങിയ ഒരു മാഗസിൻ താൾ ആയി സൂക്ഷിച്ചു വയ്ക്കാൻ നസീമിന് കഴിഞ്ഞത് ആ തത്വശാസ്ത്രത്തിന്റെ തിളക്കം അയാളുടെ ജീവിതത്തിൽനിന്ന് വാർന്നു പോയിട്ടില്ലാഞ്ഞതുകൊണ്ട് കൂടിയാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
ജോസ് ജോസഫിന്റെ മരണത്തിൽ നിന്നാണ് ഈ ഭാഗം തുടങ്ങിയത്. സമരമുഖങ്ങളിൽ കാണിക്കുന്ന ഉശിരോ സ്ഥൈര്യമോ കൊണ്ട് ഇവിടെ യാതൊന്നും നേടാനാവില്ല. ജോസ് ജോസഫിനെപ്പോലെ അദ്ധ്യാപനത്തിൽ ചേരുകയും അതേസമയം വ്യക്തിപരമായ സംഘർഷങ്ങളാൽ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ വരികയും ചെയ്യുന്ന അദ്ധ്യാപകർ നിരവധിയാണ്. എന്തുകൊണ്ട് അങ്ങനെ ഉണ്ടാവുന്നു? അഥവാ, ജോസ് ജോസഫിന് തന്റെ നാട്ടിൽ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിൽ അയാൾക്ക് എന്തുകൊണ്ടയാളുടെ സംഘനാ നേതാക്കളെ അറിയിക്കാനോ അവരുടെ സഹായം അഭ്യർത്ഥിക്കാനോ ഉള്ള സാവകാശം കിട്ടിയില്ല? ആരെങ്കിലും ചോദിച്ചോ ഈ ചോദ്യങ്ങൾ?
ജോസ് ജോസഫിന്റെ മരണശേഷം, എത്രയോ കാലം കഴിഞ്ഞ് ഞാൻ ഏതാണ്ട് നാല് പതിറ്റാണ്ട് പല രാജ്യങ്ങളിൽ സഞ്ചരിച്ചു; ജീവിച്ചു.
ജീവന്റെ ക്ഷണികത ഏറ്റവും രൂക്ഷമായി, പ്രകടമായി കണ്ടറിയാവുന്ന ഒരിടമാണ് ആഫ്രിക്കൻ ഭൂഖണ്ഡം. ആ വൻകര തുറന്നു വയ്ക്കുന്ന ജീവൽ പാഠപുസ്തകം കണ്ടും അറിഞ്ഞും പഠിച്ചും യാത്ര തുടരുന്നു. അപ്പോഴും ജോസ് ജോസഫിന്റെ ജീവിതവും മരണവും ഏതോ ലോകത്തു നിന്ന്, ഓർക്കാപ്പുറത്ത് ആത്മാവിനെ നഗ്‌നമാക്കുന്ന മൂർച്ചയേറിയ വെളിച്ചത്തിന്റെ വാൾത്തല ചുഴറ്റുന്നു. ▮