എം. കൃഷ്ണൻ നായർ / Photo: ml.sayahna.org

50 വർഷം കഴിഞ്ഞാൽ എം. കൃഷ്ണൻനായരെ മലയാളം ഓർമിക്കുമോ?

വെയിൽക്കാലങ്ങൾ- 20

വർഷങ്ങൾക്ക് മുൻപേ അന്തരിച്ച ഒരു ഭാഷാദ്ധ്യാപകനെപ്പറ്റി, പ്രശസ്തനായ ഒരു നിരൂപകനെപ്പറ്റി ഇങ്ങനെയൊക്കെ എഴുതാമോ എന്ന് ചോദിച്ചാൽ എനിക്ക് അതിനുത്തരമൊന്നും ഇല്ല. ചിലപ്പോൾ ഞാൻ ചെയ്യുന്നത് വലിയൊരു അപരാധമായി എണ്ണപ്പെട്ടേക്കാം

ണക്കാലത്തെ വെയിലിന് ഒരു പ്രത്യേക മഞ്ജിമയുണ്ട്.
മറ്റു ദേശങ്ങളിൽ ജീവിക്കുമ്പോഴും ഞാൻ അതനുഭവിച്ചിട്ടുണ്ട്.
ആ മഞ്ജിമരഹസ്യം എന്റെ വിദേശി സുഹൃത്തുക്കൾക്കിടയിൽ ഞാൻ ഒരു (‘സ്വകാര്യ' അല്ല) ‘അഭിമാനമായി' (‘അഹങ്കാരമാ'യിട്ടല്ല) കാത്തുസൂക്ഷിച്ചു. അവർക്ക് പക്ഷേ വെയിൽ വെയിൽ മാത്രമായിരുന്നു. മൂന്നര മാസത്തോളം കത്തുന്ന വേനലുള്ള ആ രാജ്യത്ത് വെയിലിന്റെ ‘ചന്ത'ത്തെക്കുറിച്ച് കവികളല്ലാതെ ആരും മിണ്ടിയിട്ടില്ല. ആഫ്രിക്ക എന്ന പേര് സൂചിപ്പിക്കുന്നതുതന്നെ ‘സൂര്യന്റെയും ആകാശങ്ങളുടെയും മാംസം' എന്നായിരിക്കെ അതിലെ കവിത കാണാത്ത ആ സഹപ്രവർത്തകരോട് എനിക്ക് ഈർഷ്യ തോന്നി എന്ന് പറഞ്ഞില്ലെങ്കിൽ അത് സത്യമാവില്ല. (ഓർമയുടെ കുത്തൊഴുക്കിൽ ചിലപ്പോൾ നാം വിചാരിക്കാത്ത ദിശകളിലേക്ക് ഒഴുകിപ്പോകും. അത്തരമൊരു ദിശാഭ്രംശം എന്നു കരുതി ക്ഷമിക്കുക.)

യൂണിവേഴ്സിറ്റി കോളേജിൽ എന്നെ പഠിപ്പിച്ചിട്ടില്ലാത്ത പ്രശസ്തനായ ഒരു അദ്ധ്യാപകനാണ് പ്രൊ. എം. കൃഷ്ണൻ നായർ. ഞങ്ങളുടെ പഠനം തുടങ്ങിയ വർഷം കൃഷ്ണൻ നായർ യൂണിവേഴ്സിറ്റി ഈവനിംഗ് കോളേജിലേക്ക് മാറ്റം വാങ്ങി പോയി. കോളേജിൽ വരുന്നതിനു മുൻപ് അദ്ദേഹം മലയാളനാട് വാരികയിൽ എഴുതിയിരുന്ന ‘സാഹിത്യ വാരഫലം’ പംക്തിയിൽ എന്റെ ആദ്യകാല സാഹിത്യപരിശ്രമങ്ങളെ ‘കൊന്നി'ട്ടുണ്ട്. (അവ കൊല്ലപ്പെടേണ്ടവ തന്നെ ആയിരുന്നു) കോളേജിൽ ചേർന്ന് ഏറെനാൾ കഴിഞ്ഞ് അദ്ദേഹത്തെ ആരാധ്യപുരുഷനായി കണ്ടിരുന്ന ഒരു വിദ്യാർത്ഥി എന്നെ നിർബ്ബന്ധിച്ച് അദ്ദേഹത്തിന്റെ മരുതുങ്കുഴിയിലുള്ള വീട്ടിൽ കൊണ്ടുപോയി. വളരെ നേരം സംസാരിച്ചുവെങ്കിലും കെ. പി. അപ്പനോടും പിന്നീട് യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിൽ നല്ല അടുപ്പം സ്ഥാപിക്കാൻ കഴിഞ്ഞ അധ്യാപകരോടും മറ്റും തോന്നിയ ഒരു സ്വാഭാവികമായ അടുപ്പം എനിക്ക് തോന്നിയില്ല എന്നതാണ് സത്യം. അദ്ദേഹത്തെ ചില ചടങ്ങുകൾക്ക് ക്ഷണിക്കാനായല്ലാതെ വീട്ടിൽ പോയി ഞാൻ കണ്ടിട്ടുമില്ല. എന്നാൽ കാണുമ്പോഴൊക്കെയും അദ്ദേഹം വളരെ പ്രസന്നമായി ചിരിച്ച് വർത്തമാനം പറഞ്ഞിരുന്നു. ലൈബ്രറിയുടെ തെക്കുഭാഗത്തെ പുൽത്തകിടിയിലെ സായാഹ്ന സുഹൃദ് സംഘങ്ങളിൽ കൂടാൻ തുടങ്ങിയ കാലത്താണ് വ്യവസ്ഥാപിത സാഹിത്യ ‘ശിങ്കങ്ങ'ളെ വിമർശനാത്മകമായി സമീപിക്കണം എന്ന ചിന്ത ദൃഢമായത്.

എം. കൃഷ്ണൻ നായർ

കൃഷ്ണൻ നായർ അപ്പോഴേക്ക് തന്റെ ചില വിചിത്രമായ നിലപാടുകളിലൂടെ എന്റെ തലമുറയിലെ സൂക്ഷ്മദൃക്കുകളും പുത്തൻ സാഹിത്യവഴികളെ പിന്തുണച്ചവരുമായ വായനക്കാരുടെ അനിഷ്ടം സമ്പാദിച്ചുകൊണ്ടിരുന്നു. തന്റെ സാഹിത്യവാരഫലം എന്ന കോളം ചില എഴുത്തുകാരെ (പ്രത്യേകിച്ച് ‘അത്യന്താധുനികർ' എന്ന് അദ്ദേഹം തന്നെ പരിഹാസത്തോടെ സംബോധന ചെയ്തിരുന്നവരെ) സൃഷ്ടിപരമായി വിമർശിക്കുകയാണ് എന്ന വ്യാജേന തേജോവധം ചെയ്യാൻ അദ്ദേഹം ഉപയോഗിച്ചു എന്നത് പരക്കെ അറിയപ്പെട്ട കാര്യമാണ്. സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവരെ കാരണമില്ലാതെ അദ്ദേഹം തന്റെ തൂലികത്തുമ്പാൽ കുത്തിനോവിച്ചിട്ടുണ്ട്. ഡി. വിനയചന്ദ്രനെ ‘ലില്ലിപുഷ്യൻ' എന്ന് വരെ അദ്ദേഹം സംബോധന ചെയ്തു. പലപ്പോഴും പാവപ്പെട്ട മലയാളി കഥാകാരന്മാരെയും കഥാകാരികളെയും എമിലി സോളയും ബത്സാക്കും ഒ. ഹെൻറിയും മറ്റുമായി താരതമ്യം ചെയ്ത് അദ്ദേഹം പരിഹസിച്ചു. (കൃഷ്ണൻ നായരുടെ കോളത്തിന്റെ ജനപ്രിയത ഏറി വന്നതോടെ, അദ്ദേഹവുമായി ഇടഞ്ഞു നിന്നിരുന്ന ചില ‘മഹാരഥികൾ' അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തെ നയിക്കുന്ന "തേജോഗോളങ്ങ'ളായി മാറി എന്ന് കേട്ടിട്ടുണ്ട്.)

എന്തിനുവേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ഒരു കഥ ‘വാരഫലം' പോലെ ഒരു പംക്തിയിൽ ചേർത്തതെന്ന് എനിക്ക് മനസ്സിലായില്ല. ഒരു സ്വകാര്യമായ സംതൃപ്തി ലഭിക്കുന്നുണ്ടാവാം തന്റെ അപദാനം ഇങ്ങനെ നിഗൂഢമായി പരസ്യപ്പെടുമ്പോൾ.

എം. കൃഷ്ണൻ നായർക്ക് വലിയൊരു ആരാധകവൃന്ദമുണ്ടായിരുന്നു; ഇന്നും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളിൽ ഒരു ‘പെറ്റിനെസ്' ഉണ്ടായിരുന്നു. (ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.) അതിന്റെ ഉത്തമ നിദർശനമാണ് ഇനി പറയുന്ന സംഭവം. എന്റെ ഒരു സ്‌നേഹിതൻ സാഹിത്യ അക്കാദമിയിൽ ഒരു ജോലിക്ക് ശ്രമിച്ചു. അവിടെ എന്തോ ഒരു വലിയ പോസ്റ്റാണ്. കൃഷ്ണൻ നായരുടെ ‘ഉത്തമ'ശിഷ്യരിൽ ഒരാളാണ് ടിയാൻ. അദ്ദേഹം സുകുമാർ അഴീക്കോടിന് നൽകാൻ ഒരു കത്ത് ഈ ഉദ്യോഗാർഥിയെ ഏൽപ്പിച്ചു.
അയാൾക്ക് തൃശൂർ വരെ പോകാൻ പണമില്ലാത്തതിനാൽ കൃഷ്ണൻനായർ സാർ അയാൾ താമസിച്ചിരുന്ന ലോഡ്ജിൽ (രാമനിലയം) പണവുമായി വന്നു. അദ്ദേഹം വരുന്ന സമയം കോരിച്ചൊരിയുന്ന മഴയായിരുന്നു. സാർ അയാളുടെ മുറി കണ്ടുപിടിച്ച് പണം നൽകി മഴയിൽ കുടയും ചൂടി നടന്നുപോയി. എന്നെ കൂടാതെ ഈ സംഭവം കണ്ട ഒരാൾ കൂടിയുണ്ട്. അയാൾ നിർഭാഗ്യവശാൽ മരിച്ചുപോയി.
കുറച്ചു നാൾ കഴിഞ്ഞ് ആ ജോലിക്കു ശ്രമിച്ച സ്‌നേഹിതൻ (അവന് ആ ജോലിയൊന്നും കിട്ടിയില്ല) തന്നെ ‘സാഹിത്യവാരഫല’ത്തിൽ കൃഷ്ണൻ നായർ ആ സംഭവം വർണശബളമായ ഭാഷയിൽ എഴുതിയിരിക്കുന്നത് എനിക്ക് കാണിച്ചുതന്നു. ആ കഥ അദ്ദേഹം വിവരിക്കുന്നത് മറ്റാരുടെയോ അനുഭവമാണെന്ന മട്ടിലാണ്. പല വിധത്തിലുമുള്ള ആത്മപ്രശംസ നാം കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. ഇത് പക്ഷെ തീർത്തും വ്യത്യസ്തമായ ഒരിനം തന്നെ. ഈ കഥയിൽ അദ്ദേഹം തന്നെപ്പറ്റി പറയുന്നത് ‘ഒരു മഹാനായ മനുഷ്യൻ' എന്നാണ്. അവസാനം അദ്ദേഹം പറയുന്നു; ‘കോരിച്ചൊരിയുന്ന മഴയിൽ ആ മഹാത്മാവ് നടന്നു പോകുന്നത് ഞാൻ നോക്കി നിന്നു.'

സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള, ഡി. വിനയചന്ദ്രൻ

എന്തിനുവേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ഒരു കഥ ‘വാരഫലം' പോലെ ഒരു പംക്തിയിൽ ചേർത്തതെന്ന് എനിക്ക് മനസ്സിലായില്ല. ഒരു സ്വകാര്യമായ സംതൃപ്തി ലഭിക്കുന്നുണ്ടാവാം തന്റെ അപദാനം ഇങ്ങനെ നിഗൂഢമായി പരസ്യപ്പെടുമ്പോൾ. ആഴത്തിലുള്ള അന്വേഷണത്തിന് വിധേയമാക്കേണ്ട ഒരു മാനസികാവസ്ഥയാണത് എന്നാണ് എനിക്കു തോന്നുന്നത്. (വർഷങ്ങൾക്ക് മുൻപേ അന്തരിച്ച ഒരു ഭാഷാദ്ധ്യാപകനെപ്പറ്റി, പ്രശസ്തനായ ഒരു നിരൂപകനെപ്പറ്റി ഇങ്ങനെയൊക്കെ എഴുതാമോ എന്ന് ചോദിച്ചാൽ എനിക്ക് അതിനുത്തരമൊന്നും ഇല്ല. ചിലപ്പോൾ ഞാൻ ചെയ്യുന്നത് വലിയൊരു അപരാധമായി എണ്ണപ്പെട്ടേക്കാം).

പി. കുഞ്ഞിരാമൻ നായർ അനുസ്മരണത്തിന്​ ഞങ്ങൾ നടത്തിയ ‘കാവ്യസംഗീതിക' എന്ന പരിപാടിയിൽ പി. യെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ കൃഷ്ണൻ നായരെയാണ് വിളിച്ചത്. അദ്ദേഹം വരികയും അദ്ദേഹത്തിന്റെ ശൈലിയിൽ ഒരു പ്രഭാഷണം നടത്തുകയും ചെയ്തു. അതിനു മുൻപ്, 1976 ൽ വയലാറിനെ ആദരിച്ചാണ് ഞങ്ങൾ ആദ്യത്തെ ‘കാവ്യസംഗീതിക' നടത്തിയത്. പുറമെ നിന്നുള്ള ഒരു പരിപാടിക്കും തുറന്നുകൊടുക്കാത്ത റഷ്യൻ കൾച്ചറൽ സെന്റർ കെ. എം. കണ്ണമ്പള്ളി ഞങ്ങൾക്കായി ആ പരിപാടി നടത്താൻ തുറന്നുതന്നു. ആ സ്ഥാപനത്തിന്റെ ചരിത്രത്തിലാദ്യമായാണ് അങ്ങനെ ഒരു പരിപാടി അവിടെ അരങ്ങേറിയത്. വയലാർ എന്ന വ്യക്തിക്കുവേണ്ടി ആയതിനാൽ മാത്രമാണ് കണ്ണമ്പള്ളി സന്തോഷത്തോടെ അത് അനുവദിച്ചത്. അന്നും കൃഷ്ണൻ നായരാണ് വയലാർ കവിതകളെപ്പറ്റി സംസാരിച്ചത്. അങ്ങനെയുള്ള എല്ലാ പരിപാടികൾക്കും യാതൊരു വൈമനസ്യവും കാണിക്കാതെ പങ്കുചേരാൻ അദ്ദേഹം എപ്പോഴും തയാറായിരുന്നു.

‘ഡബിൾ റോളു പാടില്ല. ഡബിൾ റോളു പാടില്ല, പാടില്ല'; അദ്ദേഹം തന്റെ അനുനാസികത്തിൽ ആക്രോശിക്കുകയായിരുന്നു; ‘എന്റെ മുന്നിൽ വന്ന്​ വിനയം നടിക്കുകയും ഞാൻ കാണാതെ എന്നെ ദുഷിക്കുകയും ചെയ്യുന്ന നിങ്ങളെന്തിന് എന്നെ വണങ്ങുന്നു?

അക്കാലത്തത്തൊരിക്കൽ അദ്ദേഹം പരസ്യമായി എന്നെ ശകാരിക്കാൻ മുതിർന്നത് അന്നും പിൽക്കാലത്തും എന്നെ അതിശയിപ്പിച്ച ഒരു സംഭവമാണ്.
ആ സംഭവത്തിന് മൂന്ന് സീനുകളും പിന്നെ അൽപ്പം നീണ്ട രണ്ട് ‘വോയ്സ് ഓവറു'കളും ഉണ്ട്. കാര്യങ്ങൾ ആരംഭിക്കുന്നത് എന്റെ മുറിയിലാണ്. ആ ഇടക്കാലത്ത് തിരുവനന്തപുരത്തേക്ക് താൽക്കാലികമായി കടന്നുവന്ന ചില ‘ചിന്ന' സാഹിത്യ യശഃപ്രാർത്ഥികളാണ് എന്റെ മുറിയിൽ വന്ന സന്ദർശകർ. അവരുമായി സംസാരിക്കെ ഒരാൾ പറഞ്ഞു, ‘കൃഷ്ണൻ നായർ സാറിനെ ഒന്ന് കാണണം, പോകുന്നതിനു മുൻപ്.'

അതിനും മൂന്നുനാല് ദിവസം മുൻപ് തോമസ് എബ്രഹാമും ഞാനും ഒന്നിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു; ഞങ്ങൾ നടത്താൻ തീരുമാനിച്ചിരുന്ന ‘വയലാർ കാവ്യസംഗീതിക'യെപ്പറ്റി സംസാരിക്കാൻ. ഞങ്ങൾ ചെന്നത് സന്ധ്യ മയങ്ങിയ സമയത്തായിരുന്നു. കൃഷ്ണൻ നായരുടെ വീട്ടിലേക്ക് റോഡിൽ നിന്ന് ഏതാനും പടവുകൾ കയറണം. പടവുകൾക്കപ്പുറം ഒരു ചെറിയ ലെയിൻ ആണ്. സാറിന്റെ വീട് കഴിഞ്ഞ് മുന്നോട്ട് അൽപദൂരം ചെല്ലുമ്പോഴേക്ക് ആ ചെറിയ ലെയിൻ അവസാനിക്കും. ഞങ്ങൾ ധൈര്യപൂർവം സാറിന്റെ വീടിന്റെ ഗെയ്റ്റു തുറന്ന് അകത്തേക്ക് കാലെടുത്തു വച്ചതും ഒരു കൂറ്റൻ ജർമൻ ഷെപ്പേഡ് മുരണ്ട് ഞങ്ങളുടെ നേർക്ക് പാഞ്ഞടുത്തതും മാത്രമേ ഓർമയുള്ളു. പിന്നെ നോക്കുമ്പോൾ തോമസ് എബ്രഹാമും ഞാനും ഗെയ്റ്റിനു പുറത്ത് നിന്നുകൊണ്ട് ‘സാർ, കൃഷ്ണൻ നായർ സാർ, ഒന്നുവരണേ...' എന്നിങ്ങനെ പിച്ചും പേയും പറയുകയാണ്. ആ സമയമത്രയും ആ ഭീകരജീവി ഞങ്ങളെ നോക്കി മുരണ്ടു മുരണ്ട് നിൽക്കുകയാണ്. വൈകാതെ സാർ പുറത്ത് വന്ന് തന്റെ ഇളയ മകളെക്കൊണ്ട് ആ ജർമൻ ഷെപ്പേഡിനെ കൂട്ടിക്കൊണ്ടു പോയി. പിന്നീടുള്ള സംഭാഷണത്തിൽ നായയുമായുള്ള മുഖാമുഖത്തെക്കുറിച്ച് തമാശ പറഞ്ഞ് ഞങ്ങളും ധാരാളം ചിരിച്ചു.

സാഹിത്യവാരഫലം പംക്തി മുടങ്ങിയത് സംബന്ധിച്ച് 1995 ജൂൺ 25-ന് കലാകൗമുദി പ്രസിദ്ധീകരിച്ച കത്ത് / Photo: ml.sayahna.org

ഈ ‘സംഭ്രമജനകമായ’ അനുഭവം ഞാൻ അന്നവിടെ എന്റെ മുറിയിൽ വന്ന സുഹൃത്തുക്കളോട് വിശദീകരിച്ചു. എന്നിട്ട് തമാശയായി ഇത്രയും കൂടി പറഞ്ഞു, ‘എന്നെ കടിച്ചില്ലല്ലോ.. ചിലപ്പോൾ സാറിനെ തെറി പറയുന്നവരെ കടിക്കാനായിരിക്കും ആ അൾസേഷ്യനെ വളർത്തുന്നത്.'
‘ജയചന്ദ്രനെ കണ്ടപ്പോൾ അവൻ ആലോചിച്ച് കാണും, ഇതിൽ എവിടെയാണ് എനിക്ക് കടിക്കാൻ പറ്റുന്നത്, മുഴുവൻ എല്ലാണല്ലോ എന്ന്’; തോമസ് എബ്രഹാം കൂട്ടിച്ചേർത്തു.
എല്ലാവരും ഉറക്കെ ചിരിച്ചു. ഞങ്ങൾ പിരിയുകയും ചെയ്തു. പക്ഷേ ആ വന്നവരുടെ കൂട്ടത്തിൽ ഒരു ‘ടെൽ ടെയ്ൽ' ഉണ്ടായിരുന്നു. ഒന്നേ ഉണ്ടായിരുന്നുള്ളു എന്ന് ഞാൻ കരുതുന്നു.

ഈ സംഭവം കഴിഞ്ഞ്, ‘വയലാർ കാവ്യസംഗീതിക'യും കഴിഞ്ഞ് കുറെ നാളുകൾക്കു ശേഷം ഒരു വൈകുന്നേരം ഞാൻ പാളയത്ത് നിന്ന് ശ്രീകണ്‌ഠേശ്വരത്തേക്ക് നടക്കുകയാണ്. പണ്ടത്തെ സെൻട്രൽ ടെലഗ്രാഫ് ഓഫീസിനു മുൻപിൽ ( ഇപ്പോൾ ബി.എസ്.എൻ.എൽ) ബസു കാത്ത് നിൽക്കുന്നു, പ്രൊഫ. എം കൃഷ്ണൻ നായർ. ഞാൻ സാധാരണ ചെയ്യാറുള്ളതുപോലെ ‘നമസ്‌കാരം സാർ' എന്ന് പറഞ്ഞു. അതിനുള്ള മറുപടി ഒരു സ്‌ഫോടനമായിരുന്നു. ബസ് സ്റ്റോപ്പിൽ ഒപ്പം നിന്നിരുന്നവർ പോലും പകച്ചു പോയ സ്‌ഫോടനം.
‘ഡബിൾ റോളു പാടില്ല. ഡബിൾ റോളു പാടില്ല, പാടില്ല'; അദ്ദേഹം തന്റെ അനുനാസികത്തിൽ ആക്രോശിക്കുകയായിരുന്നു; ‘എന്റെ മുന്നിൽ വന്ന്​ വിനയം നടിക്കുകയും ഞാൻ കാണാതെ എന്നെ ദുഷിക്കുകയും ചെയ്യുന്ന നിങ്ങളെന്തിന് എന്നെ വണങ്ങുന്നു? നിങ്ങൾക്ക് ഗുരുത്വം ഇല്ല. ഞാൻ എഴുത്തുകാരെ കടിക്കാൻ വീട്ടിൽ നായയെ വളർത്തുന്നു എന്ന് പറഞ്ഞു നടക്കുകയല്ലേ നിങ്ങൾ? നാണമില്ലേ നിങ്ങൾക്ക്?'

ആദ്യം ഞാൻ ഒന്ന് അമ്പരന്നു. വീട്ടിൽ നായയെ വളർത്തുന്ന ഘട്ടമെത്തിയപ്പോൾ എനിക്ക് കാര്യം പിടി കിട്ടി. സാറിന്റെ ക്രോധം മുഴുവൻ തണുക്കാൻ നിൽക്കാതെ ഞാൻ പറഞ്ഞു, ‘സാറിനെ ആരോ നുണ പറഞ്ഞ് പറ്റിച്ചിരിക്കുന്നു. ഇപ്പോൾ ഞാൻ ഇതിൽ കൂടുതലൊന്നും പറയുന്നില്ല. പിന്നീടൊരിക്കൽ ഇതേപ്പറ്റി സംസാരിക്കാം. താങ്ക് യു സാർ.'

തന്റെ ഉയർന്ന അക്കാദമിക് സ്ഥാനത്തെ പോലും മറന്ന് എന്റെ നേരെ ചാടി വീണത് ഒരുപക്ഷേ അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളിൽ ഇടം പിടിച്ചിരുന്ന എന്നോടുള്ള ഒരു ‘നെഗറ്റീവ് എനർജി' മൂലമായിരിക്കാം.

ഇത്രയും പ്രായം ചെന്ന ഒരാൾ ഇങ്ങോട്ട് എത്ര ക്ഷോഭിച്ചാലും തിരികെ അപമര്യാദയായി ഒരു വാക്കു പോലും പറയരുത് എന്ന എനിക്ക് നിർബ്ബന്ധമുണ്ടായിരുന്നു. എങ്കിലും, എന്റെ ഉള്ളിൽ അടക്കാനാവാത്ത രോഷം പുകഞ്ഞു കൊണ്ടിരുന്നു.

1976 എന്ന് പറയുമ്പോൾ സാറിനെ ഞാൻ പല കാര്യങ്ങൾക്കായി കാണാൻ തുടങ്ങിയിട്ട് മൂന്നു വർഷമായി. സാറിന്റെ ഒരു ശിഷ്യനല്ലെങ്കിലും ‘ശിഷ്യനെപ്പോലെ ഞാൻ സ്‌നേഹിക്കുന്ന' എന്നെല്ലാം പിൽക്കാലത്ത് മറ്റു ചില സന്ദർഭങ്ങളിൽ കൃഷ്ണൻ നായർ സാർ ‘സാഹിത്യവാരഫല’ത്തിൽ എഴുതിയിട്ടുണ്ട്. അത്രയും അറിയാമായിരുന്നിട്ടും ആരോ ചെന്ന് പറഞ്ഞ ഒരു കഥയുടെ കാര്യകാരണങ്ങൾ അന്വേഷിക്കുക പോലും ചെയ്യാതെ നടുറോഡിൽ വച്ച് തന്റെ ഉയർന്ന അക്കാദമിക് സ്ഥാനത്തെ പോലും മറന്ന് എന്റെ നേരെ ചാടി വീണത് ഒരുപക്ഷേ അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളിൽ ഇടം പിടിച്ചിരുന്ന എന്നോടുള്ള ഒരു ‘നെഗറ്റീവ് എനർജി' മൂലമായിരിക്കാം.

എം. കൃഷ്ണൻ നായർ / Photo: ml.sayahna.org

ഒന്നുരണ്ട് ദിവസത്തേക്ക് എനിക്ക് മറ്റൊന്നും ചിന്തിക്കാനായില്ല. എത്ര ആലോചിച്ചിട്ടും കൃഷ്ണൻ നായരുടെ വിചിത്രമായ ആ പൊട്ടിത്തെറിക്ക് ലോജിക്ക് കണ്ടെത്താൻ എനിക്കായില്ല. പിന്നീടെനിക്ക് തോന്നി, ഇതിന്റെ അടിസ്ഥാന കാരണം ‘വൈൽഡ് ബോയ്സ്' ആയിരിക്കും എന്ന്. എന്നെ സംഹരിക്കുന്നതിന് അൽപകാലം മുൻപ് ഇദ്ദേഹം ലൈബ്രറിയിൽ നിന്ന് രണ്ടു കയ്യിലും നിറയെ തടിയൻ പുസ്തകങ്ങളുമായി മന്ദം മന്ദം വരുന്ന വാറെ അവർ ചാടി വീഴുന്നു; ഇദ്ദേഹത്തെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നു. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുള്ളവരെ പരിഹസിക്കാനും അവരുടെ കൃതികളെ ഇകഴ്​ത്തി കാണിക്കാനും കൃഷ്ണൻ നായർ ‘സാഹിത്യവാരഫല'ത്തിൽ കാണിച്ചിരുന്ന ഔൽസുക്യം അശ്ലീലമാണെന്ന് അദ്ദേഹത്തോട് ‘വൈൽഡ് ബോയ്‌സ്’ നേരിട്ട് പറഞ്ഞുകേൾപ്പിച്ചു.

സംഭവം തകൃതിയായി നടക്കുമ്പോൾ ആ വഴി നടന്നുപോയ തന്റെ പൂർവകാല ശിഷ്യന്മാരെ സാർ പേരെടുത്ത് വിളിച്ച് രക്ഷിക്കണേ എന്ന് കേണു. ഇതെല്ലാം നടന്നിട്ട് അധികനാൾ ആയിരുന്നില്ല. എനിക്ക് ‘വൈൽഡ് ബോയ്സു’മായി ബന്ധമുണ്ടെന്നോ മറ്റോ ആരെങ്കിലും പറഞ്ഞുകൊടുത്തിരിക്കാം. എനിക്ക് വിഷമം തോന്നിയത് കൃഷ്ണൻ നായർ സാർ എന്നെ ശകാരിച്ചതിലല്ല; അദ്ദേഹം എനിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നുപോലും ചിന്തിച്ചില്ല എന്നതിലാണ്. ഇത്തരം സാഹിത്യവിമർശകന്മാരാണ് കുട്ടികളെ വസ്തുനിഷ്ഠ വിമർശനത്തിന്റെ ആവശ്യകതയെപ്പറ്റി പഠിപ്പിക്കുന്നത്!

ഞാൻ കൃഷ്ണൻ നായർ സാറിന് വളരെ വിശദമായ ഒരു കത്തെഴുതി പിറ്റേന്നുതന്നെ പോസ്റ്റ് ചെയ്തു. നാലോ അഞ്ചോ ദിവസം കഴിഞ്ഞ് എനിക്ക് അദ്ദേഹം പച്ച മഷിയിൽ എഴുതിയ മറുപടി കിട്ടി. മറുപടിയിൽ എന്നെ പിന്നെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള വാചകങ്ങളായിരുന്നു. ഞാൻ ആ കത്തിടപാട് അവസാനിപ്പിച്ചു. മാത്രമല്ല, ഇനി കൃഷ്ണൻ നായരെ കാണുകയോ കണ്ടാൽ വണങ്ങുകയോ ചെയ്യില്ല എന്നും തീരുമാനിച്ചു. അതിനുശേഷം ഒരിക്കൽ അദ്ദേഹവുമൊത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാനിടയായി. അന്നും ഞാൻ കൃഷ്ണൻ നായരെ മുഖാമുഖം കാണാനോ സംസാരിക്കാനോ നിന്നില്ല. ആ കാലത്ത് ഞാൻ മലയാളനാട് വാരികയിൽ പതിവായി എഴുതിയിരുന്നു. അദ്ദേഹം ഒരിക്കൽപ്പോലും എന്റെ ഒരു കവിതയെക്കുറിച്ച് അഭിപ്രായം എഴുതിയിട്ടില്ല. അവഗണിച്ച് അപമാനിക്കുക എന്ന വഴിയാണ് അദ്ദേഹം സ്വീകരിച്ചത്.

പമ്പരം മാസികയെ "അക്ഷരാർത്ഥത്തിൽ കൊന്നു കൊലവിളിക്കുന്ന' ഒരു വാരഫല പ്രഖ്യാപനം! എന്നെയും മോനുവിനെയും ബാലഗോപാലിനെയും സർവോപരി സാക്ഷാൽ കമലാദാസിനെയും പേരെടുത്ത് പറഞ്ഞ്

കൃഷ്ണൻ നായർ സർ പിന്നീട് എന്നോട് സംസാരിച്ചത് 1979 ൽ എന്റെ വിവാഹം കഴിഞ്ഞ കാലത്ത് ഒരിക്കൽ ഞങ്ങൾ (സഖിയും ഞാനും) സ്റ്റാച്യൂവിലെ കറന്റ് ബുക്‌സിൽ നിൽക്കുമ്പോഴാണ്. ഞാൻ എന്റെ വിവാഹം കഴിഞ്ഞ കഥ പറയും മുൻപേ സാർ പറഞ്ഞു, താൻ അറിഞ്ഞു എന്ന്. ഞങ്ങളെ നിർബന്ധപൂർവം ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. ഞങ്ങൾ പോയി. വീട്ടിൽ ഗംഭീരമായ ചായസൽക്കാരമെല്ലാം ഉണ്ടായിരുന്നു. അദ്ദേഹം തന്റെ ഒരു സമയത്തെ പെരുമാറ്റദൂഷ്യത്തിന് പ്രായശ്ചിത്തം ചെയ്യുകയാണോ എന്ന് ഞങ്ങൾക്ക് സംശയം തോന്നി. സാറിന്റെ പ്രിയ സിഗററ്റായ ഡൺഹിൽ പാക്കറ്റിൽ നിന്ന് എനിക്കൊരെണ്ണം നീട്ടിയെങ്കിലും ഞാൻ മാന്യമായി നിരസിച്ചു. അന്നദ്ദേഹം എനിക്ക് രണ്ട് പുസ്തകങ്ങൾ സമ്മാനിച്ചു. അതിലൊരെണ്ണം സാറിന്റെ ലൈബ്രറിയിൽ നിന്നുതന്നെ ആയിരുന്നു. ആ പുസ്തകം കിട്ടിയതോടെ സാറിനോട് എനിക്കുണ്ടായിരുന്ന നീരസം ഒട്ടു കുറഞ്ഞു. കാരണം പുസ്തകം One Hundred Years of Solitude ആയിരുന്നു.

ഏതാനും ആഴ്ചകൾക്കു ശേഷം പമ്പരം മാസികയുടെ മാനേജർ ബാലഗോപാലും ഞാനും അദ്ദേഹത്തെ കാണാൻ ചെന്നു. മാസികയുടെ ‘പ്രൊമോഷ'നു വേണ്ടിയാണ് ബാലഗോപാലും ഞാനും നേരിട്ട് പോയത്. വളരെ സ്‌നേഹത്തോടെ സംസാരിച്ചു. മാസികയെല്ലാം നോക്കി നന്നായിരിക്കുന്നു എന്നുപറഞ്ഞു. കാപ്പിയൊക്കെ തന്നു. പതിവുപോലെ ഡൺഹിൽ പാക്കറ്റെടുത്ത് എനിക്ക് നീട്ടി. ഞാൻ പിന്നെയും നിരസിച്ചു.

പമ്പരം മാസികയെ കുറിച്ച് സാഹിത്യവാരഫലം പംക്തിയിൽ എം. കൃഷ്ണൻ നായർ എഴുതിയ ലേഖനം

പമ്പരം മാസികയെ 'അക്ഷരാർത്ഥത്തിൽ കൊന്നു കൊലവിളിക്കുന്ന' ഒരു വാരഫല പ്രഖ്യാപനം! എന്നെയും മോനുവിനെയും ബാലഗോപാലിനെയും സർവോപരി സാക്ഷാൽ കമലാദാസിനെയും പേരെടുത്ത് പറഞ്ഞ്. അന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന കമലാദാസിനെ കൃഷ്ണൻ നായരുടെ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു. പ്രത്യേകിച്ച് മലയാളനാട് വാരികയിലായതിനാൽ. (അവർ ആഴ്ചയിൽ ഒരിക്കലെങ്കിലും പമ്പരം ആഫീസിൽ വരികയും അവിടെ ഇരുന്നു കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. സ്വന്തം പേരുവച്ചും തൂലികാനാമത്തിലും അവർ ഞങ്ങൾക്ക് എഴുതുന്നുണ്ടായിരുന്നു. ‘ഡോ. കെ.ടി. ഉണ്ണിമായ' എന്ന പേരിൽ ഒന്നാന്തരം ‘ബ്യൂട്ടി ടിപ്‌സ്' ആണ് മോനുവിന്റെ അമ്മ ഞങ്ങൾക്ക് നൽകിയിരുന്നത്. അതിനു വായനക്കാർ ധാരാളമുണ്ടായിരുന്നു.)

‘കലാസങ്കല്പങ്ങൾ' ഡിഗ്രിക്ക് വായിക്കേണ്ടി വന്നിട്ടുണ്ട്. ഗൗരവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൃഷ്ണൻ നായർ എത്രത്തോളം ‘ഔട്ട് ഓഫ് ഡെപ്ത്' ആവും എന്നതിന് ഉദാഹരണമാണ് ആ പുസ്തകം.

പിന്നീട് ഞാൻ കൃഷ്ണൻ നായർ സാറിനെ 1996 ലാണ് കണ്ടത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ആദ്യത്തെ പ്രാവശ്യം അവധിയിൽ വന്നതാണ്. ഞങ്ങൾ കുടുംബസമേതം സ്റ്റാച്യുവിലേക്ക് നടക്കുമ്പോൾ ‘സ്പെൻസർ' ഷോപ്പിനുമുന്നിൽവച്ച്. ക്ഷീണിതനായിരുന്നു. ഞാൻ പ്രവാസത്തിലായതൊന്നും അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. അതിന്റെ നീരസം പെരുമാറ്റത്തിൽ ഉണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിനെ കണ്ടാൽ കൊടുക്കാനായി ‘ലോങ്ങ് വാക്ക് ടു ഫ്രീഡം' എന്ന പുസ്​തകത്തിന്റെ ഒരു ലൈബ്രറി പതിപ്പ് കൊണ്ടുവന്നിരുന്നു. അതിന്റെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘വേണ്ട. എനിക്ക് ഒരാൾ അത് അയച്ചു തന്നു.'

കൃഷ്ണൻ നായർ നടന്നകന്നു. അക്കാലത്ത് കലാകൗമുദിയിൽ അദ്ദേഹം വാരഫലം എഴുതിയിരുന്നു എന്നുതോന്നുന്നു. ഞാൻ വായിച്ചിട്ടില്ല. ഒരു സാഹിത്യവിമർശകനോ നിരൂപകനോ എന്നതിനേക്കാൾ ഒരു കോളമിസ്‌റ് ആയിത്തന്നെയാണ് കൃഷ്ണൻ നായർ ഇന്നും അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഒരു പുസ്തകം ‘കലാസങ്കല്പങ്ങൾ' ഡിഗ്രിക്ക് വായിക്കേണ്ടി വന്നിട്ടുണ്ട്. ഗൗരവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൃഷ്ണൻ നായർ എത്രത്തോളം ‘ഔട്ട് ഓഫ് ഡെപ്ത്' ആവും എന്നതിന് ഉദാഹരണമാണ് ആ പുസ്തകം.
എം. കൃഷ്ണൻ നായരെ അമ്പതു വർഷം കഴിഞ്ഞാൽ മലയാളം എങ്ങനെയാവും ഓർമിക്കുക? ഓർമിക്കുമോ? ▮


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments