ഷാൻ ഷെനെയുടെ പിറന്നാളിന് കറുത്ത നിറമുള്ള ഹാൻഡ് മെയ്ഡ് പേപ്പറിൽ ഷെനെയ്ക്ക് അഭിവാദങ്ങൾ അർപ്പിച്ചു കൊണ്ടുള്ള ഒരു ലഘുലേഖ ആയിരുന്നു അവസാനത്തേത്. അത് കഴിഞ്ഞ് ‘വൈൽഡ് ബോയ്സ്’ മൗനത്തിലാണ്ടു.
ഞാൻ ഇത്രയേറെ അനുഭവങ്ങളിലൂടെ സഞ്ചരിച്ചാണ് ഇന്നിൽ എത്തിയതെന്ന് ഓർക്കുമ്പോൾ അതിശയം തോന്നുന്നു. ഈ കുറിപ്പുകൾ എഴുതാൻ തുടങ്ങുമ്പോൾ ഇവ ഇത്ര ദീർഘിക്കും എന്ന് വിചാരിച്ചതേയില്ല.
വെയിൽക്കാലച്ചൂടും വെളിച്ചവും അസ്തമിക്കാത്ത ഇടമായിരുന്നു എന്റെ പ്രിയ വിദ്യാലയങ്ങളെല്ലാം തന്നെ. അവയിൽ എന്റെ എല്ലാ സ്വകാര്യങ്ങളും അറിയുകയും എന്റെ അഭയമാവുകയും ചെയ്ത, കുട്ടിക്കാലത്ത് കണ്ട് അദ്ഭുതം കൂറുകയും പിന്നീട് ഒരു ഭാഗമാവാൻ ആഗ്രഹിക്കുകയും ചെയ്ത, ചുവപ്പുകല്ലിന്റെ രൗദ്രസൗന്ദര്യം ആവഹിച്ച യൂണിവേഴ്സിറ്റി കോളേജ്!
ചില വൈകുന്നേരങ്ങളിൽ അസ്തമനം കഴിഞ്ഞ് ഏറെ വൈകിയിട്ടും, നൂറു കഴിഞ്ഞ ആ പ്രൗഢഗംഭീരമായ ഗോഥിക്- വിക്ടോറിയൻ ശിൽപകലയുടെ ഉദാത്തമായ മാതൃകക്കുമുന്നിൽ, അലങ്കാരപ്പനകൾ അതിരിടുന്ന നടപ്പാതകൾക്കു നടുവിലുള്ള പുൽത്തകിടിയിൽ (ചങ്ങമ്പുഴയും അയ്യപ്പപ്പണിക്കരും പുൽനാമ്പുകളെ നോവിച്ചുകൊണ്ട് നടന്നു പോയിരിക്കാനിടയുള്ള അതേ പുൽത്തകിടിയിൽ) ഞങ്ങളിരുന്നു. ഞങ്ങളുടെ യാഥാർത്ഥ ‘അൽമാ മേറ്റർ'!
യൂണിവേഴ്സിറ്റി ലൈബ്രറിയിൽ തെക്കു ഭാഗത്തുള്ള പുൽത്തകിടിയിൽ കൂടുന്ന സൗഹൃദ സംഘത്തിൽ ‘വൈൽഡ് ബോയ്സ് ’ ഒരു പ്രത്യേക ഗ്രൂപ്പ് ആയി പങ്കെടുത്തിരുന്നൊന്നുമില്ല. അവർ ആരൊക്കെയാണെന്ന് പോലും ഞങ്ങൾക്കാർക്കും നല്ല അറിവില്ലായിരുന്നു. പക്ഷേ പി. രവികുമാർ ആ സംഘത്തിന്റെ ജീവനും കരുത്തും ആയിരുന്നു എന്ന് ഇന്നെനിക്ക് പറയാനാവും. വില്യം എസ്. ബറോസ് രചിച്ച‘വൈൽഡ് ബോയ്‌സ് : ബുക്ക് ഓഫ് ദി ഡെഡ്' എന്ന ‘കൾട്ട് ' ബുക്കിന്റെ പേരിൽ നിന്നുതന്നെയാണ് ഞങ്ങളുടെ കാലത്തെ ‘വൈൽഡ് ബോയ്സ്’ ആ പേര് സ്വീകരിച്ചത്.
രവികുമാർ ഇന്നും വിലപ്പെട്ട ഒരു നിധി പോലെ സൂക്ഷിക്കുന്ന ഒരു ഗ്രന്ഥമുണ്ട് :
വില്യം എസ്. ബറോസ് ആട്ടോഗ്രാഫ് ചെയ്തയച്ച ‘വൈൽഡ് ബോയ്സി’ന്റെ ഒരു പ്രതി.
‘വൈൽഡ് ബോയ്സ്’ പ്രകടമായി രംഗത്ത് വന്നത് കുമാരനാശാന്റെ ജന്മശതാബ്ദിക്ക് സർവകലാശാലയ്ക്കു മുന്നിൽ സ്ഥാപിച്ച ആശാൻ പ്രതിമയുടെ അനാച്ഛാദന സമയത്ത്, ആശാനെ നിശിതമായി ആക്രമിച്ചുകൊണ്ടെഴുതിയ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചുകൊണ്ടാണ്. ‘വൈൽഡ് ബോയ്സ്’ എന്ന സംഘത്തിൽ ആശാനെ ബഹുമാനിക്കാത്തവരോ ആരാധിക്കാത്തവരോ ആയി ആരും ഉണ്ടായിരുന്നെന്ന് തോന്നുന്നില്ല. പിന്നെ എന്തിന് ആശാനെ അത്രയേറെ ശകാരിച്ചു എന്നത് ഇന്നും എനിക്ക് മനസ്സിലാവാത്ത കാര്യമാണ്. അത്തരമൊരു
പ്രവൃത്തിയുടെ ‘ഷോക്ക്' ഇഫക്റ്റ് ആയിരുന്നിരിക്കണം അവരെ അതിനു പ്രേരിപ്പിച്ചത്. ‘വൈൽഡ് ബോയ്സി’ന്റെ ലഘുലേഖ വിതരണം ചെയ്തിരുന്നവർക്ക് ആരാണ് അതവരെ ഏൽപ്പിച്ചതെന്നു അറിയില്ലായിരുന്നു. ആദ്യത്തെ ആ ലഘുലേഖക്ക് കോളേജിൽ മാത്രമല്ല, അത് വായിക്കാനിടയായ സമൂഹങ്ങളിലെല്ലാം തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ആശാനെപ്പറ്റി അതിൽ കണ്ടതായി ഓർമയുള്ള ചില വിശേഷണങ്ങൾ മാത്രം ഇവിടെ ഓർമയിൽ നിന്ന് എടുത്തെഴുതട്ടെ. ആശാൻ ഇനി പറയുന്നതെല്ലാം ആണ് എന്ന് ലഘുലേഖ പറഞ്ഞു:
പെണ്ണുകെട്ടി നരച്ച ബുദ്ധമത ഉപദേശി, സ്ഥിരം പാഠപുസ്തകക്കവി, മുപ്പതാം വയസ്സിലും മുഴു കാമഭ്രാന്തൻ, തോട്ടിൽ മുങ്ങിച്ചത്തവൻ എന്നീ നിലകളിൽ പുകൾപെറ്റ ആശാന്റെ പേരിൽ ഇനിയുമിനിയും പ്രതിമകളും സ്മാരകങ്ങളും ഉയരട്ടെ!
പൂർണമായും ഓർമ്മയിൽ നിന്ന് എടുത്തെഴുതിയതാണെങ്കിലും ഉദ്ധരണിയിൽ പിശകൊന്നുമില്ല എന്നാണ് എന്റെ വിശ്വാസം. അതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം കൂടി പറഞ്ഞോട്ടെ. സ്ഥാപിച്ചത് ആശാന്റെ പ്രതിമയാണെങ്കിലും ആ ഏർപ്പാട് മൊത്തം ആരുടെയൊക്കെയോ രാഷ്ട്രീയ- സാമൂഹ്യ മുതലെടുപ്പിന്റെ ‘സുവർണാവസരം' കൂടി ആയിരുന്നു. തന്നെയുമല്ല, തിരുവനന്തപുരത്ത്, ആ പ്രതിമാസ്ഥാപനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റികളിലും മറ്റും അനഭിലഷണീയമായ സാമൂഹ്യസാന്നിദ്ധ്യങ്ങളായിരുന്ന ചില പ്രമാണിമാരെ തിരുകിയിരുന്നു. രാഷ്ട്രീയലാഭമുണ്ടാക്കാൻ വേണ്ടിയുള്ള ഒരു പ്രഹസനമായിരുന്നു എല്ലാം. ഇതെല്ലാം തന്നെയായിരുന്നു താണുപിള്ളയെയും മറ്റു സംഘാംഗങ്ങളെയും അസ്വസ്ഥരാക്കിയത്. അതിന്റെ ബഹിർസ്ഫുരണമായിരുന്നു ആദ്യത്തെ ലഘുലേഖ. പ്രതിഷേധങ്ങൾ ധാരാളം പേരിൽ നിന്ന് ഉയർന്നിരുന്നു. സച്ചിദാനന്ദൻ അയ്യപ്പന്റെ ‘അക്ഷരം' മാസികയിലെഴുതിയ കവിത അതിന്റെ ഭാഗമായിരുന്നു. അതിലെ ചില വരികൾ ഇതാ: ‘വിപ്ലവത്തിന്റെ ചുഴലിക്കാറ്റുക- ളിളക്കി വിട്ട ചൂണ്ടാണി വിരലിൽ ഒരു കാക്ക വന്നിരുന്ന് നിർമ്മലയായി തിരിച്ചു പോയി'
‘ചൊൽക്കാഴ്ച' എന്ന പേരിൽ കവിത വിൽക്കുക എന്ന വൃത്തികേട്; കടമ്മനിട്ടയുടെ അപക്വമായ മൊഴിമാറ്റം വിരൂപവും വിവസ്ത്രവുമാക്കിയ ബെക്കറ്റിന്റെ ഉജ്ജ്വലമായ നാടകം; ഇവ രണ്ടിന്റെയും പേരിലായിരുന്നു ‘വൈൽഡ് ബോയ്സ്’ ഹസ്സൻ മരയ്ക്കാർ ഹാളിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
‘വൈൽഡ് ബോയ്‌സ്’ എപ്പോഴും വളരെ ജാഗരൂകരായ ഒരു സംഘമായിരുന്നു.
ആ ഇടക്കാലത്താണ് കവിയരങ്ങുകൾ ജനപ്രിയം (ജനകീയം അല്ല; ശ്രദ്ധിക്കുക) ആയിത്തുടങ്ങിയത്. കടമ്മനിട്ട രാമകൃഷ്ണന്റെ സാഗരഗർജ്ജനം പോലുള്ള കവിതാവതരണത്തിന് ലഭിച്ചുകൊണ്ടിരുന്ന പ്രചാരവും അംഗീകാരവും ആയിരുന്നു അതിന്റെ കാരണങ്ങളിലൊന്ന് എന്നു ഞാൻ വിശ്വസിക്കുന്നു. അതിലേക്ക് കാവാലം നാരായണപ്പണിക്കരുടെ സംഗീതാത്മകതയും ഗ്രാമീണ താളവാദ്യങ്ങളുടെ വീണ്ടെടുപ്പും കൂടി ആയപ്പോൾ നാട്ടിലെ ഗാനമേളക്കാർ പോലും പരുങ്ങലിൽ ആയേക്കുമെന്നു തോന്നി.
കവിത ചൊല്ലലിന്റെ മാർക്കറ്റിങ് സാദ്ധ്യതകൾ മനസ്സിലാക്കിയ ചില
(സദ് ?) ബുദ്ധികൾ ഒരു ചൊൽക്കാഴ്ചയും അതിനോടൊപ്പം കടമ്മനിട്ട ഭാഷാന്തരപ്പെടുത്തിയ സാമുവൽ ബെക്കറ്റിന്റെ ‘ഗോദോയെ കാത്ത് ' നാടകവും (അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്തത്) അവതരിപ്പിക്കാൻ തീരുമാനിച്ചു. ഹസ്സൻ മരയ്ക്കാർ ഹാളിലായിരുന്നു പരിപാടി. ‘വൈൽഡ് ബോയ്സി’ന്റെ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു അതിന്റെ സംഘാടകർക്ക്.
‘ചൊൽക്കാഴ്ച' എന്ന പേരിൽ കവിത വിൽക്കുക എന്ന വൃത്തികേട്; കടമ്മനിട്ടയുടെ അപക്വമായ മൊഴിമാറ്റം വിരൂപവും വിവസ്ത്രവുമാക്കിയ ബെക്കറ്റിന്റെ ഉജ്ജ്വലമായ നാടകം; ഇവ രണ്ടിന്റെയും പേരിലായിരുന്നു ‘വൈൽഡ് ബോയ്സ്’ ഹസ്സൻ മരയ്ക്കാർ ഹാളിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ആ പരിപാടി സംഘടിപ്പിച്ച ‘മഹദ്വ്യ ക്തികൾ' ആരും ‘വൈൽഡ് ബോയ്സു’മായി ഒരു സംഭാഷണത്തിന് മുതിർന്നില്ല. അവർക്കാർക്കും അതിനു ധൈര്യമില്ലാഞ്ഞായിരിക്കില്ല. അവർ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളിൽ അവർക്കു തന്നെ ദൃഢവിശ്വാസം ഇല്ലാത്തതു കൊണ്ടാവാം.
അപ്പോഴും ഈ ചെറുപ്പക്കാരോട് സംസാരിക്കാൻ മഹാന്മാർ കാലുപിടിച്ച് കൊണ്ടുവന്ന ആളുടെ പേര്: ഇ. എൻ. മുരളീധരൻ നായർ.
മുരളി സാർ അല്ലാതെ വേറെ ആരുപോയി പറഞ്ഞിരുന്നെങ്കിലും (ആ പരിപാടിയുടെ ‘സംവിധായക'നായിരുന്ന അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ, ആരായിരുന്നെങ്കിലും) ‘വൈൽഡ് ബോയ്സ്’ അവരോട് ‘പോയി വേറെ ആളെ നോക്ക് സാറേ' എന്നുതന്നെ പറഞ്ഞേനെ.
‘വൈൽഡ് ബോയ്സ്’ പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവും ആയിരുന്ന ആൾ താണുപിള്ള എന്ന അസാമാന്യനായ ഒരു വ്യക്തിയായിരുന്നു. രവികുമാർ അദ്ദേഹത്തിന്റെ ‘നചികേതസ്സ്' എന്ന അപൂർവ്വസുന്ദരമായ കാവ്യം സമർപ്പിച്ചിരിക്കുന്നത് താണുപിള്ളയ്ക്കാണ്. താണുപിള്ളയെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു വാക്കു പോലും സംസാരിച്ചിട്ടില്ല. അദ്ദേഹം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു.
രവിയുടെ‘നചികേതസ്സി'ലെ അർപ്പണത്തിൽ ഇങ്ങനെ പറയുന്നു:
‘‘അനന്തമായ അന്വേഷണങ്ങൾക്കും അശാന്തമായ അലച്ചിലുകൾക്കും ഒടുവിൽ, ‘For spiritual reasons, I am leaving my body,' എന്നൊരു കുറിപ്പെഴുതി വച്ചിട്ട്, ജീവിതം അവസാനിപ്പിച്ച എന്റെ ആത്മ സുഹൃത്തും ഗുരുവുമായ കെ. താണുപിള്ളയ്ക്ക് നചികേതസ്സ് സമർപ്പിക്കുന്നു.''
‘വൈൽഡ് ബോയ്സ്’ എന്ന സംഘം യഥാർത്ഥത്തിൽ ഒരു നാൽവർ സംഘം മാത്രമായിരുന്നു. ഈ ഭാഗം എഴുതുന്നതിനു മുൻപ് ഞാൻ പി. രവികുമാറിനോട് സംസാരിച്ചു. വിദ്യാർത്ഥി ആയിരുന്നപ്പോൾ എന്നെ ഏറ്റവും ആകർഷിച്ചത് അവരുടെ ലഘുലേഖകളിലെ ജ്വലിക്കുന്ന ഭാഷയായിരുന്നു. ആ ജ്വലനത്തിന്നു പിന്നിലെ പ്രതിഭകൾ താണുപിള്ളയും രവിയും ആയിരുന്നു. അവരെ രണ്ട് പേരെക്കൂടാതെ ആ സംഘത്തിലുണ്ടായിരുന്നവർ സാനന്ദരാജ് (അനുഗൃഹീത ചിത്രകാരനും വിവർത്തകനും), ‘കനി' കൃഷ്ണൻ എന്നിവരായിരുന്നു. ഈ നാൽവരിൽ ഇന്ന് രവി മാത്രമാണ് അവശേഷിക്കുന്ന ഒരേയൊരാൾ.
ഒരു ‘വൈൽഡ് ബോയ്സ്’ ലഘുലേഖ വന്നു കഴിഞ്ഞാൽ അതിനെപ്പറ്റി ആയിരുന്നു കുറെ നാൾ ഞങ്ങൾ ചർച്ച ചെയ്തിരുന്നത്. കുമാരനാശാൻ ലഘുലേഖയ്ക്ക് സമ്മിശ്രപ്രതികരണങ്ങൾ ഉണ്ടായപ്പോഴും എന്റെ ഉള്ളിന്റെയുള്ളിൽ അതെഴുതിയവരോട് ബഹുമാനമായിരുന്നു. ആശാന്റെ കടുത്ത ആരാധകനായിരുന്നിട്ടുകൂടി എനിക്ക് ആ ലഘുലേഖയോട് എതിർപ്പില്ലാഞ്ഞത് ‘വൈൽഡ് ബോയ്സി’ന്റെ ചുറുചുറുക്കുള്ള ഭാഷ ഒന്നുകൊണ്ടു മാത്രമാണ്. പിന്നീടാണ് അവർ ആ ലഘുലേഖയിൽ ആശാനെ അത്രത്തോളം വ്യക്തിപരമായി ആക്രമിച്ചതിൽ അന്തർലീനമായിരുന്ന സാമൂഹ്യ- രാഷ്ട്രീയ സമവാക്യങ്ങളുടെ പ്രസക്തി എന്താണെന്നറിഞ്ഞത്. അതറിഞ്ഞപ്പോൾ എനിക്ക് വ്യക്തിപരമായി ‘വൈൽഡ് ബോയ്സ്’ സംഘത്തോടുള്ള ആദരവ് വർദ്ധിച്ചതേയുള്ളൂ. അന്നൊന്നും അവർ ആരാണെന്ന് ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു; ഊഹാപോഹങ്ങൾ ധാരാളമായി പ്രചരിച്ചിരുന്നെങ്കിലും.
അങ്ങനെയിരിക്കെ ‘വൈൽഡ് ബോയ്സ്’ അവരുടെ രണ്ടാമത്തെ പ്രധാന ലഘുലേഖ വിതരണം ചെയ്തു. അത് ഞങ്ങളുടെ കൈകളിൽ എത്തുന്നതിനു തൊട്ടു മുൻപുള്ള ദിവസങ്ങളിലൊന്നിൽ യുക്കിയോ മിഷിമ ഹരാകിരി നടത്തിയിരുന്നു. ഞാൻ കേട്ട കഥയനുസരിച്ച് മിഷിമ അങ്ങാടിയിൽ ഒരു തട്ടിന്മേൽ കയറിനിന്ന് തന്റെ വയർ കീറുകയും തുടർന്ന് അദ്ദേഹത്തിന്റെ അനുയായികളിൽ ഒരാൾ മുന്നോട്ടു വന്ന് അദ്ദേഹത്തെ ശിരച്ഛേദം ചെയ്യുകയും ആയിരുന്നു. ഹരാകിരി നടത്തും മുൻപ്, മിഷിമ നാം ജീവിക്കുന്ന ലോകത്തിന്റെ അപചയത്തെക്കുറിച്ച് സംസാരിച്ചു. ‘വൈൽഡ് ബോയ്സി’ന്റെ ലഘുലേഖയുടെ തലവാചകം മിഷിമയുടെ പ്രസംഗത്തിന്റെ ആശയം തന്നെ ആയിരുന്നു:
‘ചക്രവർത്തിഭരണം പുനഃസ്ഥാപിക്കുക'
ആ ലഘുലേഖ ഇടതുപക്ഷത്തേക്കു ചേർന്ന് നിന്നിരുന്ന എന്നെപ്പോലുള്ളവരെ ആദ്യം ആശങ്കപ്പെടുത്തിയെങ്കിലും തുടർന്നുള്ള ആലോചനയിൽ അതിലെ ‘ചക്രവർത്തി' മാവോ സേ തുങ്ങിനെപ്പോലെ ഒരാൾ ആവാം എന്നാശ്വസിച്ചു. അതും ലഘുലേഖകളുടെ ശേഖരത്തിൽ സൂക്ഷിച്ചു വച്ചു.
‘വൈൽഡ് ബോയ്സ്’ സംഘത്തിന് ബീറ്റ് ജനറേഷൻ കവികളിൽ പലരുമായും നേരിട്ട് ബന്ധമുണ്ടായിരുന്നു. താണുപിള്ള തന്നെ ആയിരുന്നു അതെല്ലാം മുൻകയ്യെടുത്ത് സാധ്യമാക്കിയത്. തിരുവനന്തപുരത്തെ ഒരു സാധാരണ സ്‌കൂൾ ആയ എസ്.എം.വി. സ്‌കൂളിൽ പഠിച്ച താണുപിള്ള ഭാഷാപ്രാവീണ്യം സ്വയം ആർജ്ജിച്ചതാണ്. രവിയുടെ അഭിപ്രായത്തിൽ ഇത്രയും അനായാസമായി ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യുന്നവർ അപൂർവമാണ്. അലൻ ഗിൻസ്ബെർഗും ജാക്ക് കെറുവോക്കും വില്യം ബറോസും എല്ലാം നേരിട്ട് അവരുടെ പുസ്തകങ്ങൾ താണുപിള്ളയ്ക്ക് അയച്ചു കൊടുത്തിരുന്നു.
എം. ഗോവിന്ദനുമായി താണുപിള്ളയ്ക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. സമീക്ഷ ഇടയ്ക്ക് പ്രസിദ്ധീകരണം നിർത്തി പിന്നീട് എറണാകുളത്ത് വച്ച് പുനഃപ്രസിദ്ധീകരിക്കാൻ തുടങ്ങുമ്പോൾ ഗോവിന്ദൻ മാഷ് താണുപിള്ളയെയും രവിയേയും വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘ഞാൻ അൽപ്പം ബ്രോങ്കൈൽ പ്രശ്‌നമായി കിടപ്പിലാണ്. അതുകൊണ്ട് നിങ്ങൾ വേണം ആ ചടങ്ങിൽ എന്നെ റെപ്രെസെൻറ് ചെയ്യാൻ.'
താരപ്രഭയിൽ തരിമ്പും താല്പര്യമില്ലായിരുന്ന താണുപിള്ള കൊച്ചിയിലെ ‘ലൈം ലൈറ്റ്' കണ്ടിട്ടും മോഹിതനായില്ല. അയാൾക്ക് സമയം വിലപ്പെട്ടതാണെന്നു തോന്നിയിരിക്കാം. കാരണം തന്റെ സമയത്തിന്റെ ദൈർഘ്യം കുറയുന്നത് അയാൾ ഗ്രഹിച്ചിരിക്കണം.
‘വൈൽഡ് ബോയ്സ്’ പിന്നീട് പ്രത്യക്ഷപ്പെട്ടത് മലയാളം ഡിപ്പാർട്ട്‌മെൻറിനു മുന്നിൽ ഒരു ഗംഭീരം പുസ്തകപ്രദർശനവും ഒരു ‘പൂജ'യും നടത്തിക്കൊണ്ടാണ്. പിള്ളേർ നോക്കിനിൽക്കുബോൾ കനി കൃഷ്ണൻ ഗംഭീരമായ പോസ്റ്ററുകൾ (സാനന്ദരാജ് സൃഷ്ടികൾ) ഒട്ടിക്കുന്നു, ‘പുണ്യവാൻ ഷെനെയ്ക്ക് അഭിവാദ്യങ്ങൾ!' എന്ന ബാനർ ഉയർത്തുന്നു; പുസ്തകങ്ങൾ (നാട്ടിലെങ്ങും അങ്ങനെ കിട്ടാത്തവ) നിരത്തിവെയ്ക്കുന്നു. അതിൽ അലൻ ഗിൻസ് ബെർഗ്, ജാക്ക് കെറുവോക്ക്, ലോറൻസ് ഫെർലിംഗെറ്റി, തുടങ്ങി ഷാൻ ഷെനെ വരെയുള്ള എഴുത്തുകാർ ഉണ്ടായിരുന്നു.
അദ്ധ്യാപകരുൾപ്പെടെ ധാരാളം പേർ വന്ന് പുസ്തകങ്ങൾ എടുത്ത് മറിച്ചു നോക്കുകയും മറ്റും ചെയ്തു. അയ്യപ്പപ്പണിക്കർ സാർ വന്ന് ഗിൻസ്‌ബെർഗിന്റെ പുസ്തകം മറിച്ചു നോക്കുമ്പോൾ രവി, സാറിനോട് പറഞ്ഞു, ‘സാർ, ഒന്നും അടിച്ചു മാറ്റല്ലേ!'
അത് കേട്ട സാർ തന്റെ സ്വതസ്സിദ്ധമായ ചിരി ചിരിച്ച് കടന്നു പോയി. ഗിൻസ്‌ബെർഗിനെ പണിക്കർ സാർ ‘അടിച്ചു മാറ്റി'യൊന്നുമില്ല. പക്ഷേ പിന്നീടെപ്പോഴോ‘മാൻഹാട്ടനിൽ മട്ടാഞ്ചേരി' എഴുതിയപ്പോൾ ഗിൻസ് ബർഗിന്റെ ‘സൂപ്പർ മാർക്കറ്റ് ഇൻ കാലിഫോർണിയ' അദ്ദേഹത്തിന്റെ മനസ്സിന്റെ ഏതോ കോണിൽ ഉണ്ടായിരുന്നില്ലേ?
ഒരു മദ്ധ്യാഹ്നത്തിൽ കുളിച്ച് ശുഭ്രവസ്ത്രങ്ങൾ ധരിച്ച് തന്റെ എളിയ കുടീരത്തിൽ താണുപിള്ള തൂങ്ങി മരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ‘ആദ്ധ്യാത്മികകാരണങ്ങളാൽ ഞാൻ ഈ ദേഹം വെടിയുന്നു.'
‘വൈൽഡ് ബോയ്സ്’ അവസാനിച്ചില്ല.
അവർ തുടർന്നു. ഷാൻ ഷെനെയുടെ പിറന്നാളിന് കറുത്ത നിറമുള്ള ഹാൻഡ് മെയ്ഡ് പേപ്പറിൽ ഷെനെയ്ക്ക് അഭിവാദങ്ങൾ അർപ്പിച്ചു കൊണ്ടുള്ള ഒരു ലഘുലേഖ ആയിരുന്നു അവസാനത്തേത്.അത് കഴിഞ്ഞ് അവർ മൗനത്തിലാണ്ടു. പക്ഷെ താണുപിള്ളയുടെ ഉത്സാഹത്തിൽ അദ്ദേഹത്തിന്റെ അനുജനും മറ്റും ചേർന്ന് യൂണിവേഴ്സിറ്റി ലൈബ്രറി കാൻറീനിന്റെ നടത്തിപ്പ് ഏറ്റെടുത്തു. ആ അടിയന്തരാവസ്ഥാ വർഷം ലൈബ്രറി കാൻറീനിന്റെ രൂപവും ഭാവവും അവർ മാറ്റി.
സാനന്ദരാജിന്റെ പെയിന്റിംഗുകൾ കാന്റീനിന്റെ ജനാലകൾ അലങ്കരിച്ചു. ഒരു കോണിലുണ്ടായിരുന്ന ചെറിയ സ്‌ക്രീൻ വച്ച് മറച്ച ‘സല്ലാപ'മേഖലയ്ക്ക് പുതിയ പേര് വീണു: ‘കോസ്മിക് കണക്ഷൻസ് '.
അതുപയോഗിച്ച് കുറേ യുവമിഥുനങ്ങൾ അവരുടെ ഗോളാന്തരപര്യവേഷണങ്ങൾ നടത്തി ധന്യരായി!
താണുപിള്ള എന്ന വ്യക്തിയെ എനിക്ക് ഇപ്പോഴും ‘സ്‌ക്രാച്ച്' വീഴാത്ത പുതിയൊരു ചലച്ചിത്രത്തിന്റെ പ്രിന്റിലെന്നോണം കാണാം. ഞാൻ ഇതെഴുതുന്ന ദിവസം രാവിലെ രവി എന്നെ വിളിച്ചു. ഒരു കാര്യം പ്രത്യേകം പറയാനായിരുന്നു ആ വിളി. കോളേജിൽ രവിയും കനി കൃഷ്ണനും അടിയുറച്ച സി.പി.ഐ (എം.എൽ) പ്രവർത്തകരായിരുന്നു. 1970ൽ സൂര്യനാരായണയ്യർ പ്രിൻസിപ്പൽ ആയിരുന്നപ്പോൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ഇവർ രണ്ട് പേരും ക്ലാസുകൾ തോറും കയറി ഇറങ്ങി പ്രസംഗിച്ചു. പിൽക്കാല മലയാള സിനിമാ നടൻ സുകുമാരൻ ആയിരുന്നു എസ്. എഫ്. ഐയുടെ സ്പീക്കർ സ്ഥാനാർത്ഥി. സുകുമാരന് ആ വർഷം തെരഞ്ഞെടുപ്പിന് നിന്ന് തോൽക്കേണ്ടി വന്നില്ല! (എസ്.എഫ്. ഐ അക്കാലത്തെല്ലാം സ്ഥിരമായി തോറ്റിരുന്ന ഇടമായിരുന്നല്ലോ യൂണിവേഴ്സിറ്റി കോളേജ്!) കാരണം, കോളേജിൽ നിന്ന് നേരിട്ട് പ്രിൻസിപ്പൽ തന്നെ ആ വർഷം തെരഞ്ഞെടുപ്പ് വേണ്ട എന്ന് തീരുമാനിച്ചു. (മുൻവർഷങ്ങളിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ ഏറ്റുമുട്ടലുകളും മറ്റുമാവാം കാരണം). സുകുമാരൻ പിറ്റേവർഷമായിരിക്കണം അവിടെ തെരഞ്ഞെടുപ്പിന് നിന്നതും തോറ്റതും.
താണുപിള്ളയെപ്പോലൊരാൾ ഇനി ഉണ്ടാകുമോ? താണുപിള്ള എഴുതിയ രണ്ട് കഥകളെക്കുറിച്ച് പി. രവികുമാർ പറയുന്നത് മലയാളത്തിൽ ആരും എഴുതിയിട്ടില്ലാത്തതുപോലെയുള്ള കഥകൾ എന്നാണ്
എം.എൽ. ബന്ധമുണ്ടായിരുന്ന കാലത്ത് രവിക്കും കൃഷ്ണനും പാർട്ടിയിൽ (സി.പി.എമ്മിൽ) ഉണ്ടായ വലതുപക്ഷവ്യതിയാനങ്ങളെക്കുറിച്ച് വായിച്ചറിയാൻ വേണ്ട പുസ്തകങ്ങൾ അവർക്ക് എത്തിച്ചു കൊടുത്തിരുന്നത് താണുപിള്ള ആയിരുന്നു. എന്നാൽ താണുപിള്ളയ്ക്ക് അവരുടെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു താല്പര്യവും ഇല്ലായിരുന്നു. എന്നിട്ടും റെജീസ് ദീബ്രെയുടെ ‘റെവലൂഷൻ ഇൻ റെവലൂഷൻ', മാവോ സേ തുങ്ങിന്റെ പുസ്തകങ്ങൾ, കവിതകൾ, ഹോ ചി മിൻ ലേഖനങ്ങൾ, ക്യൂബയിൽ നിന്ന് ‘ഗ്രാൻമാ' ( ഗ്രാൻമാ എന്നത് കാസ്‌ട്രോയും 81 സഖാക്കളും 1956 ൽ ക്യൂബൻ തീരത്ത് വിപ്ലവം സമാരംഭിക്കാൻ എത്തിച്ചേർന്ന ചെറുകപ്പലിന്റെ പേരാണ്. പിന്നീടത് ക്യൂബൻ കമ്യൂണിസ്‌റ്റ് പാർട്ടി മുഖപത്രത്തിന്റെ പേരായി.) എന്നിങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളും ഗ്രന്ഥങ്ങളും കമ്യൂണിസ്റ്റുകാരനല്ലാത്ത താണുപിള്ള, രവിക്കും കൃഷ്ണനും കൃത്യമായി എത്തിച്ചു കൊടുത്തു.
ഇങ്ങനെ ബുദ്ധിപരമായ തയാറെടുപ്പിന് അവരെ സജ്ജരാക്കുക എന്ന കർമവും താണുപിള്ള ചെയ്തു. താണുപിള്ള കാലക്രമേണ സമൂഹത്തെ നടുക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഉൾവലിയാൻ തുടങ്ങി. തുടക്കം മുതൽക്ക് താൻ ദത്തശ്രദ്ധനായിരുന്ന ആദ്ധ്യാത്മികതയിൽ ആണ്ടു തുടങ്ങി, അയാളുടെ മനസ്സ്. കൂടുതൽ സമയവും തെക്കേ ഇന്ത്യയിലെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങളിൽ സഞ്ചരിച്ച് ദിവസങ്ങളോളം അവിടങ്ങളിൽ ചെലവഴിക്കാൻ തുടങ്ങി. തഞ്ചാവൂരിൽ ഏറെക്കാലം താമസിച്ചു. തന്റെ കുടുംബത്തിലെ മൂത്ത പുത്രനായിരുന്നതിനാൽ താണുപിള്ളയ്ക്ക് ഇളയവരുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടിയിരുന്നു. ഒരു സഹോദരിയാണ് താണുപിള്ളയ്ക്കുണ്ടായിരുന്നത്. വെള്ളൈക്കടവ് എന്നയിടത്തുള്ള ഒരു കുന്നിൻമീതെ സാധു ഗോപാലസ്വാമി എന്ന യോഗി ഒരു ചെറിയ ആശ്രമം കെട്ടി താമസിച്ചു പോന്നു. തിരുവനന്തപുരത്തുണ്ടായിരുന്ന ഒരേയൊരു ‘യോഗി' ആയിരുന്നു അദ്ദേഹം എന്ന് രവി പറയുന്നു. അദ്ദേഹം ആശ്രമം പണിത അതേ കുന്നിന്റെ മറ്റൊരു ഭാഗത്ത് താണുപിള്ള പത്ത് സെൻറ് സ്ഥലം വാങ്ങി. അവിടെ ചെറിയൊരു ആശ്രമം പണിതു. അതിലായിരുന്നു താമസം.
മരിക്കാൻ തീരുമാനിച്ചപ്പോൾ രണ്ട് കത്തുകൾ; ഒന്ന് രവിക്കും ഒന്ന് തന്റെ അനുജനും എഴുതി വച്ചു.
ഒരു മദ്ധ്യാഹ്നത്തിൽ കുളിച്ച് ശുഭ്രവസ്ത്രങ്ങൾ ധരിച്ച് തന്റെ എളിയ കുടീരത്തിൽ താണുപിള്ള തൂങ്ങി മരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ‘ആദ്ധ്യാത്മികകാരണങ്ങളാൽ ഞാൻ ഈ ദേഹം വെടിയുന്നു.'
കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ലൈബ്രറിയിൽ വെറുതെ ഒന്ന് പോയി. വെളിച്ചം മറച്ചു കൊണ്ട് ചുറ്റുമതിൽ ഉയർത്തിക്കെട്ടിയിരിക്കുന്നു. കാന്റീൻ ഇരുന്നേടത്ത് ഇരുളടഞ്ഞ രണ്ട് കുടുസ്സുമുറികൾ
കറതീർന്ന കോൺവിക്ഷന്റെ സത്യസന്ധമായ മണിനാദമാണ് ആ വാക്കുകളിൽ അലയടിക്കുന്നത്. രവി പറഞ്ഞ ഒരു കാര്യം കൂടി ഇവിടെ ഓർമിക്കാതെ ഇത് അവസാനിപ്പിക്കാനാവില്ല. താണുപിള്ള ഒരു പുസ്തകക്കടയിൽ പുസ്തകങ്ങൾ നോക്കാൻ വന്നു എന്ന് കരുതുക. താണുപിള്ളയ്ക്ക് യാതൊരു പരിചയവുമില്ലാത്ത ഒരാൾ ഒരു പുസ്തകത്തെ ഉൽക്കടമായ ആഗ്രഹത്തോടെ ശ്രദ്ധിക്കുന്നത് താണുപിള്ളയുടെ ശ്രദ്ധയിൽപ്പെട്ടാൽ, ആ നിമിഷം താണുപിള്ള ആ പുസ്തകം വാങ്ങി അയാൾക്ക് നല്കിയിരിക്കും. താണുപിള്ളയെപ്പോലൊരാൾ ഇനി ഉണ്ടാകുമോ? താണുപിള്ള എഴുതിയ രണ്ട് കഥകൾ (രവി പറയുന്നത് മലയാളത്തിൽ ആരും എഴുതിയിട്ടില്ലാത്തതുപോലെയുള്ള കഥകൾ എന്നാണ്), താണുപിള്ളയും രവിയും കൂടി ഭാഷാന്തരപ്പെടുത്തിയ ഷെനെയുടെ ‘മെയ്ഡ്സ്' എന്ന നാടകം . അതും വെളിച്ചം കാണാതെ പോയി. താണുപിള്ള ഒരു ‘പെർഫെക്ഷനിസ്റ്റ്' ആയിരുന്നു. അതിനാൽ മുഴുവൻ ഭാഷാന്തരപ്പെടുത്തിക്കഴിഞ്ഞിട്ട് തൃപ്തി ആവാതെ അത് കീറി കളയുകയായിരുന്നു.
കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ലൈബ്രറിയിൽ വെറുതെ ഒന്ന് പോയി. വെളിച്ചം മറച്ചു കൊണ്ട് ചുറ്റുമതിൽ ഉയർത്തിക്കെട്ടിയിരിക്കുന്നു. കാന്റീൻ ഇരുന്നേടത്ത് ഇരുളടഞ്ഞ രണ്ട് കുടുസ്സുമുറികൾ. ‘പൃഥ്വി' മാസികയുടെ പത്രാധിപന്മാർ ഒത്തുകൂടിയിരുന്ന ഒരു തണൽമരച്ചുവട് ഉണ്ടായിരുന്നു. എന്റെ സഖിയാണ് ആ മരത്തിന് ‘പൃഥ്വി മരം' എന്ന് പേരിട്ടത്. അത് പട്ടു പോയിരിക്കുന്നു. പുൽത്തകിടി മാഞ്ഞു പോയിരിക്കുന്നു.
ഇരുകൈകളിലും തടിയൻ പുസ്തകങ്ങളുമായി ‘ഒരു അഞ്ചടിപ്പാ'ട്ടിലെ നിരൂ‘പക' ച്ചേട്ടൻ അടി വച്ചടിവച്ച് വരുന്നതും കാണാനില്ല. താണുപിള്ളയുടെ സൗഹൃദക്കൂട്ടവും മാഞ്ഞു പോയിരിക്കുന്നു. പക്ഷേ, ആരു മായ്ച്ചാലും മായാത്ത ജീവൽ കഥകളെഴുതാൻ കാലം നിയോഗിച്ച കൈകളും മനസ്സും ഇവിടെയുണ്ടല്ലോ. ▮