എന്നെക്കുറിച്ച്, എന്റെ സാഹിത്യത്തെക്കുറിച്ച് എനിക്ക് സന്ദേഹങ്ങൾ ഉണ്ടായിക്കൊണ്ടിരുന്ന ഒരു കാലത്ത് അതെല്ലാം തുറന്നുചോദിക്കാൻ കഴിഞ്ഞിരുന്ന ഒരേയൊരു അദ്ധ്യാപകനായിരുന്നു അപ്പൻ സാർ.
2007ലെ ഓണത്തിന് മൂന്നാഴ്ച ഞാൻ അവധിയിൽ നാട്ടിൽ വന്നു.
എം.എ. ബേബി ആ സമയം സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ചുമതല കൂടി നിർവഹിക്കുന്നുണ്ടായിരുന്നു. ബേബിയെ കാണാൻ ഞാൻ ആലപ്പുഴയിൽ വന്ന ദിവസം ആലപ്പുഴയിൽ ഒരു ‘അധിനിവേശ പ്രതിരോധ' സമ്മേളനം നടക്കുന്നുണ്ടായിരുന്നു. ബേബിയുമായി സംസാരിക്കവെ, ആ സമ്മേളനത്തിൽ വന്ന് ഒരു കവിത ചൊല്ലിക്കൂടെ എന്ന ബേബിയുടെ അന്വേഷണം നിരസിക്കാൻ മനസ്സ് വന്നില്ല. അത്തരം പരിപാടികൾ ഓർമയുടെ വിദൂരചക്രവാളങ്ങളിലെവിടെയോ മങ്ങിക്കത്തുന്ന നക്ഷത്രസ്മൃതികളായി മാറിക്കഴിഞ്ഞിരുന്നു. ഇപ്പോഴും എന്നെക്കൊണ്ട് അതിനാവുമോ എന്ന് ഒന്ന് പരീക്ഷിക്കാൻ സമയം നീട്ടിയ ഒരവസരമാണത് എന്ന് തോന്നിയതിനാൽ ഞാൻ പോയി.
ആലപ്പുഴ പട്ടണം എനിക്ക് വീട് പോലെ പരിചിതമാണ്. പട്ടണത്തിന്റെ തിരക്കേറിയ സി.ബി.ഡിയിലുള്ള നരസിംഹപുരം ഹോട്ടലിന്റെ ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. ആലപ്പുഴയിൽ പുതുതായി പണിഞ്ഞിരുന്ന ഡി.സി ഓഫീസിൽ നിന്ന് ബേബിയും അന്നവിടെ താമസിച്ചിരുന്ന സി.പി.എമ്മിന്റെ അഭിവന്ദ്യ നേതാവ് പി. കെ. ചന്ദ്രാനന്ദനും ഒപ്പം നരസിംഹപുരത്ത് എത്തിയപ്പോഴേക്ക് പരിപാടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു.
രണ്ടര ദശകങ്ങൾക്കുശേഷമുണ്ടായ ആ സമാഗമത്തിലുടനീളം കടമ്മനിട്ട പുലർത്തിയ മനപ്പൂർവമായ അകൽച്ച എന്നെ വേദനിപ്പിച്ചു. നല്ല വ്യക്തിബന്ധം ഉണ്ടായിരുന്ന ഒരാളിൽ നിന്ന് തീരെ പ്രതീക്ഷിക്കാത്ത പെരുമാറ്റം ഉണ്ടാവുമ്പോൾ തോന്നുക വേദന തന്നെയാണ്.
കെ.ഇ.എൻ. കുഞ്ഞഹമ്മദ് പ്രസംഗം തുടങ്ങിക്കഴിഞ്ഞിരുന്നു.
അവിടെ ചെന്നുകയറിയപ്പോഴാണ് മറ്റൊരു മഹാത്ഭുതം എന്നെക്കാത്ത് വേദിയിലിരുന്നത്; കടമ്മനിട്ട രാമകൃഷ്ണൻ. സത്യത്തിൽ കടമ്മനിട്ടയെ അവിടെ കണ്ടപ്പോഴും മീറ്റിങ് കഴിഞ്ഞ് ഒപ്പം ചായ കുടിക്കാൻ പോയപ്പോഴും ആ അത്ഭുതം എന്നെ ഏതാണ്ട് ശബ്ദശൂന്യനാക്കി. പണ്ടൊക്കെ കടമ്മനിട്ടയെ കാണുമ്പോൾ സംഭാഷണത്തിന് പ്രത്യേകിച്ച് മുഖവുരയുടെയൊന്നും ആവശ്യം ഉണ്ടാവാറില്ലായിരുന്നു. ഇപ്പോൾ അദ്ദേഹം കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഏതോ വലിയ പദവി അലങ്കരിക്കുന്ന ഒരു ‘സമുന്നത' സി.പി.എം നേതാവാണ്. രണ്ടര ദശകങ്ങൾക്കുശേഷമുണ്ടായ ആ സമാഗമത്തിലുടനീളം കടമ്മനിട്ട പുലർത്തിയ മനപ്പൂർവമായ അകൽച്ച എന്നെ വേദനിപ്പിച്ചു. പടയണിയുടെ ഈണവും താളവും കടമ്മനിട്ടയെപ്പോലെ തന്നെ കണ്ടും കേട്ടും വളർന്നവനാണ് ഞാനും. അത് അദ്ദേഹത്തിനും അറിയാമായിരുന്നു. മാത്രമല്ല, കടമ്മനിട്ടയുമായി എനിക്ക് വളരെ നല്ല വ്യക്തിബന്ധം ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരാളിൽ നിന്ന് നാം തീരെ പ്രതീക്ഷിക്കാത്ത പെരുമാറ്റം ഉണ്ടാവുമ്പോൾ അതിൽ നീരസമല്ല എനിക്ക് തോന്നുക; വേദന തന്നെയാണ്.
കടമ്മനിട്ട എന്ന ലെജൻഡ് മാത്രമേ 2007 ൽ ഞാൻ കാണുന്ന അവസരത്തിൽ ജീവിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന്റെ തലമുറയിൽ കടമ്മനിട്ടയെപ്പോലെ അനുകർത്താക്കളെ സൃഷ്ടിച്ച മറ്റൊരു കവി ഇല്ലായിരുന്നു എന്നുതന്നെ പറയാം. പക്ഷെ, ഞാനവസാനമായി കടമ്മനിട്ടയെ കണ്ട ആലപ്പുഴയിലെ ആ ചടങ്ങു കഴിഞ്ഞ് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ തെളിഞ്ഞുവന്ന ഒരു മുഖം ഡോ. വി. രാജകൃഷ്ണന്റേതായിരുന്നു. 1980 ൽ കുന്നുകുഴിയിലുള്ള തന്റെ വീട്ടിലിരുന്ന് സംസാരിക്കവെ അദ്ദേഹം പ്രവചനമെന്ന പോലെ എന്നോട് പറഞ്ഞതാണ്; ‘‘കടമ്മനിട്ട ഒരു ലെജൻഡ് ആയി മാറിക്കഴിഞ്ഞു. ഇനിയും വലിയ കവിതകൾ അദ്ദേഹത്തിൽ നിന്നുണ്ടാവില്ല. കാലം കാത്തുവെക്കാൻ പോകുന്ന ആ തലമുറയിലെ ഏറ്റവും വലിയ മലയാള കവിയായി; ഒരു പക്ഷെ ഇന്ത്യയിലെ തന്നെ പ്രധാന കവികളിൽ ഒരാളായി തന്റെ കാവ്യജീവിതം രേഖപ്പെടുത്താൻ പോകുന്ന കവി സച്ചിദാനന്ദൻ ആയിരിക്കും.''
രാജകൃഷ്ണൻ നടത്തിയ ആ പ്രവചനം ശരിയാണെന്ന് ഇന്നെനിക്ക് തോന്നുന്നു. അദ്ദേഹത്തിന് അഭിവാദനങ്ങൾ.
ആലപ്പുഴയിൽ ഞാൻ അന്ന് വായിച്ച (വായിച്ചതല്ല, ഓർമയിൽ നിന്ന് ചൊല്ലിയതാണ്) കവിത എനിക്ക് വളരെ പ്രിയപ്പെട്ട എന്റെ കവിതകളിൽ ഒന്നായ ‘സൂര്യന്റെ മാംസം' ആയിരുന്നു. നെൽസൺ മണ്ടേല ഇരുപത്തിയേഴു വർഷത്തെ തടവുജീവിതം കഴിഞ്ഞ് മോചിതനാവുന്നതിന് അഞ്ചു വർഷം മുമ്പ് എഴുതിയ കവിതയാണത്. കലാകൗമുദി അത് അച്ചടിക്കുമ്പോൾ ഞാൻ കെനിയ എന്ന രാജ്യത്തിന്റെ ഒരു കോണിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു. അച്ചടിച്ച ആ കവിത അവിടെയിരുന്ന് ഞാൻ കണ്ടില്ല. വർഷങ്ങൾക്കുശേഷം ഒരു പുതിയ സമാഹാരം തയാറാക്കുമ്പോൾ അതിന് കൊടുക്കാൻ അന്നേ തീരുമാനിച്ച പേരാണ് ആ കവിതയുടേത്- അതിന്റെ അർത്ഥം ‘ആഫ്രിക്ക' എന്നുതന്നെയാണ്.
ആലപ്പുഴയിൽ അന്ന് നിൽക്കുമ്പോൾ ഞാൻ ഓർമിച്ചു; എന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ ഇടമാണിത്. അതെ. ആലപ്പുഴയിൽ വച്ചാണ് ഞാൻ എന്റെ രാഷ്ട്രീയചിന്തകൾക്ക് അർത്ഥവും ലക്ഷ്യവും തേടിയത്. പലയിടത്തേക്കും എന്റെ അന്വേഷണം എന്നെ കൊണ്ടുപോയി. പക്ഷെ അവസാനം അത് ചെങ്കൊടിയുടെ നിഴലിലേക്കുതന്നെ കൊണ്ടുപോയെത്തിച്ചു.
മലയാള മനോരമയിലെ നീണ്ടകഥകൾക്കായി നാട്ടിലെങ്ങും സ്ത്രീകൾ (ഒളിവിൽ പുരുഷന്മാരും) വേപഥു പൂണ്ടപ്പോൾ ഞങ്ങൾ വേണു എന്തായിരിക്കും അടുത്ത അദ്ധ്യായത്തിൽ എഴുതുക, എന്നാലോചിച്ച് ഉദ്വേഗം കൊണ്ടിട്ടുണ്ട്.
ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്ന് കിഴക്കോട്ടുള്ള റോഡ് സാധാരണ വിജനമായിരിക്കും. അൽപദൂരം ചെല്ലുമ്പോൾ അത് അവസാനിക്കും. അതിനുമെല്ലാം വളരെ മുൻപ് ആ റോഡിന്റെ വലതുവശത്തായി ഒരു പഴയ ഓടിട്ട കെട്ടിടം കാണാം. പഴയതെങ്കിലും വൃത്തിയായി സൂക്ഷിക്കപ്പെടുന്നുണ്ടെന്ന് കണ്ടാലറിയാം. അതിനു മുന്നിൽ ഒരു ബോർഡുണ്ട്: ‘ആനന്ദപ്രദായിനി വായനശാല & ഗ്രന്ഥശാല'. അവിടെ എല്ലാ ആഴ്ചയും ഒരു ദിവസം ലോകത്തിലുള്ള ഏതു വിഷയത്തെപ്പറ്റിയും ആർക്കും ചർച്ച നടത്താം. ചർച്ചാവിഷയം ലൈബ്രേറിയനോട് നേരത്തെ പറഞ്ഞിരിക്കണം. അവിടെയുള്ള നോട്ടീസ് ബോർഡിൽ അത് പരസ്യപ്പെടുത്തിയിരിക്കും.
ആലപ്പുഴക്കാർക്കിടയിൽ വായന പ്രചരിപ്പിക്കുന്നതിൽ മറ്റേത് പ്രസ്ഥാനത്തേക്കാൾ കൂടുതൽ പരിശ്രമിച്ചിട്ടുള്ള സ്ഥാപനമാണത്. പുസ്തകങ്ങൾ വീടുകളിൽ വിതരണം ചെയ്യുകയും വായനക്കുശേഷം അവ തിരികെ വാങ്ങുകയും ചെയ്തിരുന്നത് എന്റെ ഓർമയിൽ, അവിടുത്തെ ലൈബ്രേറിയനായിരുന്ന പ്രായമേറെയുള്ള ഒരാളായിരുന്നു. അദ്ദേഹത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും എനിക്കോ എന്റെയൊപ്പം അവിടുത്തെ ചർച്ചകളിൽ ചേർന്നിരുന്ന മറ്റു പലർക്കും തന്നെയുമോ അറിയില്ലായിരുന്നു എന്നാണ് തോന്നുന്നത്. അവിടത്തെ ചർച്ചകളിൽ പങ്കെടുക്കുക വഴിയാണ് ഞാൻ സഭാകമ്പം എന്ന കുരുക്ക് അഴിച്ചു മാറ്റിയത്.
അത് യുക്തിവാദത്തിന്റെ വസന്തകാലമായിരുന്നു.
അനേകം ചെറുപ്പക്കാർ ആ വാദങ്ങളിലേക്ക് ആകർഷിക്കപ്പെട്ടു. ഏതാണ്ട് ’69- '70 കാലഘട്ടത്തിൽ, ആലപ്പുഴ അതിന്റെ ഒരു ശക്തികേന്ദ്രമായി മാറിയിരുന്നു, എന്നാണ് തോന്നുന്നത്. ആലപ്പുഴയിലെ സി.പി.എം. നേതാക്കളിൽ പലരും ഈ പുത്തൻ ചിന്താസരണിയുടെ പ്രോത്സാഹകന്മാരായിരുന്നിരിക്കണം. അന്ന് ആലപ്പുഴയിലെ അറിയപ്പെട്ട യുവ കമ്യൂണിസ്‌റ് നേതാക്കളും ഉജ്ജ്വല പ്രസംഗികരുമായിരുന്ന വി.ബി. സതീശൻ, അഭിഭാഷകൻ കവിരാജ്, അധ്യാപകൻ എന്ന നിലയിൽ ആലപ്പുഴയുടെ പ്രിയപുത്രനായിരുന്ന എൻ. സ്വയംവരൻ നായർ തുടങ്ങി പലരും യുക്തിവാദി സംഘത്തിന്റെ പൊതുയോഗങ്ങളിലും മറ്റും പതിവായി കണ്ടിരുന്നു. എം. എ. ജോൺ എന്ന യുവകോൺഗ്രസ് നേതാവും താനൊരു യുക്തിവാദിയാണെന്ന് പ്രഖ്യാപിച്ച് പല സമ്മേളനങ്ങളിലും മുഖ്യപ്രഭാഷകനായി.
എല്ലാം യുക്തി എന്ന ഒരവസ്ഥ യുക്തിവാദികൾ വാദപ്രതിവാദത്തിലൂടെ സ്ഥാപിക്കുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന സംശയം, മനുഷ്യന്റെ മനസ്സിനെ ഇങ്ങനെ ഇത്ര ലഘുവായി ‘കമ്പാർട്ട്‌മെന്റലൈസ്' ചെയ്ത് ഏതെങ്കിലും വ്യവസ്ഥിതിക്ക് നിലനിൽക്കാനാവുമോ എന്നായിരുന്നു. എന്തുതന്നെയായാലും, കെ. വേണു ഇവരുടെ സമ്മേളനങ്ങളിലൂടെ രംഗപ്രവേശം ചെയ്തത് ഈ പ്രസ്ഥാനത്തെ ജനപ്രിയമാക്കാൻ കുറച്ചൊന്നുമല്ല സഹായിച്ചത്. ഞാൻ ഹൈസ്‌കൂളിൽ പഠിക്കുമ്പോഴാണ് വേണുവിന്റെ ‘ഭഗവദ്ഗീത ഇരുപതാം നൂറ്റാണ്ടിൽ' എന്ന വിപ്ലവകരമായ പരമ്പര ജനയുഗം വാരിക പ്രസിദ്ധീകരിക്കുന്നത്. മലയാള മനോരമയിലെ നീണ്ടകഥകൾക്കായി നാട്ടിലെങ്ങും സ്ത്രീകൾ (ഒളിവിൽ പുരുഷന്മാരും) വേപഥു പൂണ്ടപ്പോൾ ഞങ്ങൾ വേണു എന്തായിരിക്കും അടുത്ത അദ്ധ്യായത്തിൽ എഴുതുക, എന്നാലോചിച്ച് ഉദ്വേഗം കൊണ്ടിട്ടുണ്ട്. അക്കാലത്ത് കാമ്പിശ്ശേരി തന്നെ ആയിരുന്നു കേരളത്തിലെ ഏറ്റവും ക്രാന്തദർശിയായ പത്രാധിപർ. എൻ. വി. കൃഷ്ണവാര്യരോടുള്ള എല്ലാ ബഹുമാനവും ആരാധനയും ഉള്ളിൽ വച്ചുകൊണ്ടുതന്നെയാണ് ഞാൻ ഈ പറയുന്നത്. വേണുവിനെപ്പോലെ ഒരു ‘ഗ്രീൻ ഹോൺ'ന് ഭഗവദ്ഗീത പോലൊരു അപകടകരമായ വിഷയം അപഗ്രഥിക്കാൻ, അതും ഭൗതികവാദത്തിന്റെ പരിവൃത്തങ്ങളിൽ നിന്ന് കൊണ്ട് അപഗ്രഥിക്കാൻ അവസരം കൊടുക്കുക എന്നത് നമ്മുടെ കാലത്ത് ചിന്തിക്കാനാവുമോ?
പ്രഗത്ഭരായ പല പ്രഭാഷകരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അപ്പൻ സാറിന്റെ പ്രഭാഷണം കാണാനും കേൾക്കാനും പ്രത്യേക ഭംഗിയാണ്.
ആലപ്പുഴയിലെ യുക്തിവാദിസംഘത്തിന്റെ സെക്രട്ടറിയാണ് അന്ന് എസ്.ഡി കോളേജിൽ കെമിസ്ട്രി എം. എസ്‌സി വിദ്യാർത്ഥി ആയിരുന്ന മധു. മധു ഒരു കാലത്ത് എന്റെ അടുത്ത സുഹൃത്തായിരുന്നു. അന്നൊന്നും പക്ഷെ മധു കവിത എഴുതുമെന്ന് ഞാൻ അറിഞ്ഞിട്ടില്ല. പിൽക്കാലത്ത് മധു ആലപ്പുഴ എന്ന പേരിൽ ചലച്ചിത്രഗാനരചയിതാവായി ഇദ്ദേഹം പ്രശസ്തനായി. യുക്തിവാദം ഇപ്പോഴും ഉണ്ടോ എന്നറിയില്ല.
എന്നെ ആലപ്പുഴ എസ്.ഡി. കോളേജിൽ ചേർക്കാനായിരുന്നു അമ്മ തീരുമാനിച്ചിരുന്നത്. ഉള്ളുകൊണ്ട് എനിക്ക് അതിനോട് ഒരു ശതമാനം പോലും താല്പര്യമില്ലായിരുന്നെങ്കിലും അമ്മയുടെ ആഗ്രഹത്തിന് വിപരീതം പറയാൻ മടിച്ച് ഞാൻ അതംഗീകരിച്ചു എന്ന് നടിച്ചുകൊണ്ടിരുന്നു. അതിലേക്കുള്ള തയാറെടുപ്പിനായി ആലപ്പുഴയിലുള്ള ഒരു ബന്ധുവിനൊപ്പം ഞാൻ വന്നു താമസിച്ചു. അപ്പോഴാണ് തത്തംപള്ളിയിലെ സംഗീതമത്സരത്തെക്കുറിച്ച് കേൾക്കാനിടവന്നത്. സി.വൈ.എം.എ. എന്ന കത്തോലിക്ക യുവജന സംഘടനയാണ് എല്ലാ കൊല്ലവും ലളിതഗാന മത്സരം സംഘടിപ്പിച്ചിരുന്നത്. എന്റെ പുതിയ ആലപ്പുഴ സ്‌നേഹിതരുടെ പ്രോത്സാഹനത്തിൽ ഞാൻ ആ മത്സരത്തിൽ ചേരുകയും ഒന്നാം സമ്മാനം തന്നെ കിട്ടുകയും ചെയ്തു. സമ്മാനദാനച്ചടങ്ങിൽ വന്ന ഒരു പ്രാസംഗികനാണ് എന്റെ ജീവിതത്തിന്റെ വഴി തിരിച്ചുവിട്ടതിൽ പ്രധാനി. അദ്ദേഹത്തിന്റെ പേര് കെ. പി. അപ്പൻ. അന്നൊന്നും അദ്ദേഹം അത്ര പ്രശസ്തനായിരുന്നില്ല. പക്ഷെ അവിടെ അദ്ദേഹം ചെയ്ത പ്രസംഗം അന്നുവരെ ഞാൻ കേട്ടിട്ടുള്ള എല്ലാ പ്രഭാഷണങ്ങളെയുംകാൾ ഹൃദയത്തെ സ്പർശിച്ചു. ഹെന്റിക് ഇബ്‌സന്റെ പാവക്കൂട് (ഡോൾസ് ഹൗസ്) എന്ന നാടകത്തെക്കുറിച്ചായിരുന്നു അദ്ദേഹം അന്ന് സംസാരിച്ചത്. ‘നോറാ കൊട്ടിയടച്ച വാതിലിന്റെ ശബ്ദം യൂറോപ്പിന്റെ ചക്രവാളങ്ങളിലാണ് മുഴങ്ങിയത്' എന്ന് അപ്പൻ സർ പറഞ്ഞുനിർത്തിയപ്പോൾ എന്റെ ഹൃദയം ഒരു ‘ബീറ്റ്' വിട്ടുപോയതുപോലെയാണ് തോന്നിയത്. പ്രഗത്ഭരായ പല പ്രഭാഷകരെയും കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അപ്പൻ സാറിന്റെ പ്രഭാഷണം കാണാനും കേൾക്കാനും പ്രത്യേക ഭംഗിയാണ്.
ആലപ്പുഴയിൽ നിന്ന് പന്ത്രണ്ടു മൈൽ അകലെയുള്ള കണിച്ചുകുളങ്ങര എന്ന ഒരു ചെറു ഗ്രാമത്തിലെ ഒരു ചെറിയ കോളേജിലാണ് അദ്ദേഹം പഠിപ്പിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കി. മറ്റാരെയും അറിയിക്കാതെ ഞാൻ ഒറ്റയ്ക്ക് ആ സ്ഥലത്തേക്ക് ഒരു ദിവസം യാത്ര നടത്തി. അന്നു മനസ്സിൽ കുറിച്ചിട്ടു, അമ്മയുടെ എസ്.ഡി കോളേജിൽ നിന്ന് രക്ഷപ്പെടണം. അമ്മയുടെ അനുവാദത്തോടെ അപ്പൻ സാറിന്റെ കോളേജിൽ പോകാൻ പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു. ദൂരം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. പക്ഷെ ഒടുവിൽ ഞാൻ തന്നെ വിജയിച്ചു. അപ്പൻ സാറിന്റെ വിദ്യാർത്ഥിയായി സർവകലാശാലാ ജീവിതം തുടങ്ങണം എന്ന അഭിലാഷം സഫലമായി. ആ കോളേജിലെ രണ്ടു വർഷങ്ങൾ എന്റെ വ്യക്തിത്വ രൂപീകരണത്തിൽ, സാഹിത്യ സഞ്ചാരങ്ങളിൽ എല്ലാം, ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമായിരുന്നു.
കോളേജിന്റെ വലിപ്പമോ അവിടെയുള്ള പേരുകേട്ട അദ്ധ്യാപകരുടെ സാന്നിദ്ധ്യമോ അല്ല എന്നെ ചേർത്തല ശ്രീനാരായണ കോളേജിലേക്ക് ആകർഷിച്ചത്. കെ. പി. അപ്പൻ എന്ന ഒരു മാഗ്‌നറ്റ്. അദ്ദേഹം അതറിയുന്നില്ലല്ലോ. പിൽക്കാലത്ത് അപ്പൻ സാറിന്റെ പ്രിയ വിദ്യാർത്ഥികളിൽ ഒരാളായി മാറാൻ എനിക്കുകഴിഞ്ഞു എന്നത് ചെറിയ കാര്യമായി ഞാൻ കരുതുന്നില്ല. ചേർത്തല വിട്ട് കൊല്ലത്ത് താമസമാക്കിയപ്പോഴും അദ്ദേഹത്തിന്റെ സമയവും അദ്ദേഹത്തിന്റെ വീടിന്റെ വാതിലും എനിക്ക് എന്നും പ്രസന്നതയോടെ സ്വാഗതമേകിയിരുന്നു.
എന്നെക്കുറിച്ച്, എന്റെ സാഹിത്യത്തെക്കുറിച്ച് എനിക്ക് സന്ദേഹങ്ങൾ ഉണ്ടായിക്കൊണ്ടിരുന്ന ഒരു കാലത്ത് അതെല്ലാം തുറന്നു ചോദിക്കാൻ കഴിഞ്ഞിരുന്ന ഒരേയൊരു അദ്ധ്യാപകനായിരുന്നു അപ്പൻ സാർ. മറ്റു പ്രഗത്ഭരായ പലരും സാഹിത്യവും ചരിത്രവും മലയാളവുമെല്ലാം പഠിപ്പിച്ചിട്ടുണ്ട്. അവരോടെല്ലാമുള്ള ആദരവ് സൂക്ഷിച്ചുകൊണ്ടു തന്നെ പറയാം, അപ്പൻ സാറിനുശേഷം എനിക്ക് അദ്ദേഹത്തോളം അടുപ്പവും സ്വാതന്ത്ര്യവും തോന്നിയിട്ടുള്ള ഒരേയൊരാൾ ഹൃദയകുമാരി ടീച്ചർ ആയിരുന്നു.
ചേർത്തലയുമായി എസ്.എൻ കോളേജിന് യാതൊരു ബന്ധവുമില്ല. അവിടെ അന്നൊക്കെ ആ കോളേജ് കൂടാതെ ചാരങ്കാട്ട് എന്നൊരു ധനിക കുടുംബത്തിന്റെ കയർ ഫാക്ടറികൾ മാത്രമായിരുന്നു അതിനടുത്തുണ്ടായിരുന്നത്. അമ്മാവൻ എന്ന് എല്ലാവരും വിളിച്ചിരുന്ന ഒരാളായിരുന്നു അവിടുത്തെ പ്രധാന പ്രൈവറ്റ് ലോഡ്ജുടമ. ലോഡ്ജുകൾ കോളേജിനെ ഉപജീവിച്ചാണ് കഴിഞ്ഞിരുന്നത്. അമ്മാവന് ലോഡ്ജ് കൂടാതെ ഒരു ഹോട്ടലും കോളേജിന് എതിർഭാഗത്തായി ഉണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം എസ്.എൽ. പുരം സദാനന്ദൻ എഴുതിയ കാട്ടുകുതിര എന്ന സിനിമ (നാടകം ഞാൻ കണ്ടിട്ടില്ല) കണ്ടപ്പോൾ ഞാൻ ഓർത്തു, തിലകൻ അവതരിപ്പിച്ച അതിലെ കൊച്ചുവാവ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആ ‘അമ്മാവ'നെ മനസ്സിൽ വച്ചുകൊണ്ടായിരിക്കും എന്ന്. അത്ര സാമ്യമുണ്ട് അയാളും ആ കഥാപാത്രവും തമ്മിൽ. എസ്. എൽ. പുരം ആ നാട്ടുകാരനാണല്ലോ.
വിജയരാഘവനെ നായകനാക്കി ഒരാൾ നിർമിച്ച അപരിചിതർ എന്ന സിനിമയുടെ കഥയും തിരക്കഥയും എഴുതാനുള്ള നിയോഗവും എനിക്കുണ്ടായി. ആ ചിത്രം പുറത്തുവന്നില്ല.
അമ്മാവന്റെ ലോഡ്ജിനെയും അവിടത്തെ ഭക്ഷണത്തെയും പറ്റി എന്തെങ്കിലും പറയാൻ എനിക്ക് മറ്റൊരാളുടെ സഹായം വേണ്ടി വരും; മൈക്കൽ ഹോൾഡിംഗിന്റെ. 2001 ലെ ആസ്‌ട്രേലിയ- വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ കമന്ററി പറയുമ്പോൾ പണ്ടുപണ്ട് ഇന്ത്യയിൽ വന്ന ഒരു കഥ പറഞ്ഞു ഹോൾഡിംഗ്: ‘‘ഞങ്ങൾ കട്ടക്ക് എന്നൊരു സ്ഥലത്ത് ഒരു ഹോട്ടലിലായിരുന്നു താമസിച്ചത്. ആ ഹോട്ടലിന്റെ പേര്, ‘മുക്തി' എന്നാണ്.''
പിന്നീട് കമന്റേറ്റർമാരുടെ ‘പെട്ടി'യിൽ ഒരു നിമിഷത്തെ നിശ്ശബ്ദത.
മൈക്കൽ ഹോൾഡിംഗിന്റെ ബാരിറ്റോൺ ശബ്ദം ആ മഹാനിശ്ശബ്ദതയെ വകഞ്ഞ് മുഴങ്ങിയെത്തുന്നു: ‘‘യൂ ഡോണ്ട് വാണ്ട് റ്റു ഗോ ദെയ്ർ എഗെയ്ൻ.''
കമന്റേറ്റർമാരുടെ ‘പെട്ടി' ഒരു പൊട്ടിച്ചിരിയിൽ ഉലയുന്നു.
(കടുത്ത ദേശസ്‌നേഹികൾ ക്ഷമിക്കണം. കേട്ടപ്പോൾ നല്ല തമാശയാണെന്നു തോന്നി. അതുകൊണ്ടാണ് വള്ളി പുള്ളി വിടാതെ ഓർത്തുവച്ചിരുന്നത്.) അതുപോലെയാണ് ‘അമ്മാവന്റെ' കടയിലെ ഊണ്.
ഞങ്ങൾക്ക് പക്ഷെ കോളേജ് കാന്റീനിൽ നല്ല ഭക്ഷണം കിട്ടിയിരുന്നു. ആലപ്പുഴയിൽ നിന്ന് വന്നിരുന്ന ഭൂരിഭാഗം അധ്യാപകരും അവിടെയാണ് കഴിച്ചിരുന്നത്.
ചേർത്തല കോളേജിലാണ് ഞാൻ ചില സൗഹൃദങ്ങൾ നട്ടു വളർത്തിയത്. അതിലൊന്ന് എന്റെ രണ്ടാം വർഷത്തിൽ ഫസ്റ്റ് പി. ഡി. സിക്ക് വന്നുചേർന്ന വർക്കലക്കാരൻ. വർക്കലയിലെ ‘ശശി ടാക്കീസ്' ഉടമസ്ഥന്റെ മകൻ ജോഷി. എന്റെ സീനിയറായ വിജയരാഘവൻ; എൻ. എൻ. പിള്ളയുടെ പുത്രൻ. വിജയനുമായി അത്ര അടുത്ത സൗഹൃദം ഉണ്ടായിരുന്നില്ല; പക്ഷെ ഒന്നുരണ്ടു സമരമുഖങ്ങളിൽ വിജയൻ എന്റെ ഒപ്പമുണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം വിജയനെ നായകനാക്കി ഒരാൾ നിർമിച്ച അപരിചിതർ എന്ന സിനിമയുടെ കഥയും തിരക്കഥയും എഴുതാനുള്ള നിയോഗവും എനിക്കുണ്ടായി. ആ ചിത്രം പുറത്തുവന്നില്ല. പക്ഷെ, അത് കൃത്യമായി ഓർത്തുവെച്ച് എവിടെയോ ഒരിടത്ത് രേഖപ്പെടുത്താൻ വിജയൻ കാണിച്ച ആർജ്ജവം അയാളിലെ മനുഷ്യനെ എന്റെ കണ്ണിൽ ഒരു താരം തന്നെ ആക്കുന്നു. ▮