അച്ഛൻ, മധുമാഷ് ഞങ്ങളിൽനിന്ന് വിട്ടുപോയിട്ട് മൂന്നുമാസം കഴിഞ്ഞു.
അച്ഛാ, നിങ്ങളുടെ അഭാവം ഞങ്ങളെ വല്ലാതെ ഒറ്റപ്പെടുത്തിയിരിക്കുന്നു.
എങ്കിലും നിങ്ങൾ ഞങ്ങൾക്കുതന്ന ഊർജമുണ്ടല്ലോ, അത് ഇപ്പോഴും അങ്ങനെ നിന്ന് കത്തുന്നുണ്ട്.
എന്റെ ജീവിതത്തിലുണ്ടായ എല്ലാ സംഭവങ്ങളിലും അച്ഛന് വല്ലാത്തൊരു പങ്കുണ്ട്. അച്ഛനേക്കാളുപരി നിങ്ങൾ എനിക്ക് മറ്റെന്തൊക്കെയോ ആണ്. സുഹൃത്ത്, വഴികാട്ടി, അങ്ങനെ പലതും. എന്റെ ഫോട്ടോഗ്രഫി ടേസ്റ്റ് കണ്ടെത്തിയതും അത് മിനുക്കിയെടുക്കാൻ പ്രാപ്തനാക്കിയതും മധുമാഷ് തന്നെ. അന്ന് വാങ്ങിത്തന്ന സെനിത് ക്യാമറ ഇന്നും ഹൃദയത്തോടു ചേർക്കുന്നുണ്ട്. ജീവിതത്തിലെ തീരുമാനങ്ങൾ സ്വയം എടുക്കാൻ എന്നെ പ്രാപ്തനാക്കിയ പ്രിയ അച്ഛാ, നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു.
ആദ്യമായി അച്ഛന്റെ ഒരു രൂപം മനസിലേക്കുവരുന്നത് ആറോ ഏഴോ വയസുള്ളപ്പോഴാണ്, അഗ്‌നിക്കണ്ണുകളുമായി, ഞങ്ങളെയൊന്നും ശ്രദ്ധിക്കാതെ മറ്റെന്തോ ആലോചിച്ച് ധൃതിയിൽ നടന്നുനീങ്ങുന്നതാണ്. അന്ന് ചാലപ്പുറത്തെ ശാന്തി ക്ലിനിക്കിൽ ചികിത്സയിലായിരുന്നു എന്നാണ് ഓർമ, ഭ്രാന്തമായ ഒരവസ്ഥയിൽ. അന്നും എനിക്ക് അച്ഛനോട് ചേർന്നിരിക്കാൻ കൊതിയായിരുന്നു. പട്ടച്ചാരായത്തിന്റെയും ചാർമിനാറിന്റെയും രൂക്ഷഗന്ധം അടുത്തെവിടെയോ ഉണ്ട്. അതെനിക്ക് അനുഭവിക്കാനാകുന്നുണ്ട്.
ഇതെഴുതുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട് അച്ഛാ, മനസ് വല്ലാതെ വിങ്ങുന്നുണ്ട്.
മധുമാഷ്, ഞങ്ങളുടെ മാത്രമല്ല, കോഴിക്കോടിന്റെ തന്നെ സ്വന്തമായിരുന്നു. മധുമാഷ്, നിഷേധിയുടെ ആ സ്വരം ഞങ്ങളുടെ ഹൃദയത്തിലേക്ക് തുളച്ചുകയറുന്നുണ്ട്. വേഗത്തിൽ മിടിക്കുന്നുണ്ട്. മകനാവുന്നതിനേക്കാൾ ഞാനേറെ ആഗ്രഹിച്ചിരുന്നത് മധുമാഷിന്റെ കാലഘട്ടത്തിൽ ജനിക്കാനായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടൊപ്പം, നാടകത്തിനോടൊപ്പം സഞ്ചരിക്കാനായിരുന്നു. എങ്കിലും, കുറച്ചുകാലം ആ ജ്വലിക്കുന്ന മധുമാഷിനോടൊപ്പം ജീവിക്കാൻ സാധിച്ചു.
അധികാരിവർഗത്തോട് എന്നും മധുമാഷ് പോരാടിയിരുന്നു. നീതിനിഷേധത്തിനെതിരെ ഉറച്ച സ്വരത്തിൽ സംസാരിച്ചിരുന്നു. സത്യത്തിൽ, നിങ്ങളാണ് ഞങ്ങളെ ഇങ്ങനെ പ്രതിഷേധിക്കാൻ, നിഷേധിക്കാൻ പഠിപ്പിച്ചത്. കോഴിക്കോടിന്റെ ശ്വാസമായിരുന്നു മധുമാഷ്, എല്ലാവർക്കും ഒരു പൊളിറ്റിക്കൽ മാനിഫെസ്റ്റോ.
ഞങ്ങൾ മക്കൾ രണ്ടുപേർ മുതിർന്നപ്പോഴേക്കും അച്ഛൻ സാംസ്‌കാരിക പരിപാടിയിൽനിന്ന് മാറിനിന്നുകഴിഞ്ഞിരുന്നു. പലതും വായിച്ചും പിന്നെ മറ്റുള്ളവർ പറഞ്ഞുമൊക്കെയാണ് അറിയുന്നത്.
ടൗൺഹാളും ആർട്ട്ഗാലറിയും മധുമാഷില്ലാതെ കാണാൻ പറ്റുമോ? അത്രയ്ക്ക് കോഴിക്കോട് നിങ്ങളിൽ അലിഞ്ഞുചേർന്നിരിക്കുന്നു. വർഷങ്ങൾക്കുമുമ്പുള്ളപ്രതിഷേധങ്ങളുടെ ഒരു കോഴിക്കോടൻ കാലം ഓർമ വരുന്നു. മാനാഞ്ചിറ സ്‌ക്വയറിൽ മരങ്ങൾ മുറിക്കുന്നെന്ന് നാലാം ഗേയ്റ്റിലെ അമ്മയുടെ തറവാട്ടിലിരിക്കുന്ന അച്ഛനെ ആരോ അറിയിക്കുന്നു. നിമിഷനേരം കൊണ്ട് മാനാഞ്ചിറയിൽ ഒരു പ്രതിഷേധത്തിന്റെ അരങ്ങുണർന്നു. അരങ്ങിലെ നിഷേധി അവിടെ പ്രതിഷേധജ്വലയായി ഉയർന്നു. അതായിരുന്നു മധുമാഷ്.
ആ സമയത്തൊക്കെ കാമറയുമായി അച്ഛനൊപ്പം ഇങ്ങനെ കൂടുമായിരുന്നു. പക്ഷേ ആ ചിത്രങ്ങളൊക്കെ എവിടെയോ നഷ്ടപ്പെട്ടുപോയി. മധുമാഷെപ്പോലെ ഒന്നും സ്വരൂപിച്ചുവെക്കാൻ എനിക്കറിയില്ലായിരുന്നു. അച്ഛനൊപ്പം അങ്ങനെ നടക്കുമ്പോഴാണ് ഒഡേസയിലെത്തുന്നത്. അവിടെനിന്നാണ് പല ക്ലാസിക് സിനിമകളും കാണുന്നതുതന്നെ. അതൊക്കെയാവാം എന്റെയുള്ളിലെ ഫോട്ടോഗ്രഫിയെ ഉണർത്തിയത്. അന്നാണ് വേണുവേട്ടനും (മുടി വേണു) ഉണ്ടായിരുന്നത്.
പണ്ടത്തെ ജോൺ എബ്രഹാമിനൊപ്പമുള്ള കഥകളൊക്കെ കേൾക്കുന്നത് ആയിടയ്ക്കാണ്. ജോണിനോട് അച്ഛന് വല്ലാത്ത ഒരടുപ്പമുണ്ടായിരുന്നു. പണ്ട് ഇവർ ഒരുമിച്ച് ഭാരതപ്പുഴയിൽ പോയ സംഭവമുണ്ടായിരുന്നു.
ജോൺ നല്ല ഫിറ്റാണ്. എഴുന്നേൽക്കാൻപോലുമാകുന്നില്ല.
മൂപ്പര് തീരത്ത് കിടന്നു. അച്ഛനാണെങ്കിൽ, കുഴിക്കാൻ പുഴയിലിറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛന് നീന്താൻ കഴിയുന്നില്ല. ഒരു ചുഴിയിലകപ്പെട്ടപ്പോലെ. ശക്തിയായി കാലിട്ടടിച്ചു. രക്ഷയില്ല. പ്രാണൻ വിടും എന്നുറപ്പായി. ബോധം വിടുന്നതുപോലെ. ചെറിയ മയക്കത്തിലേക്ക് പോകുന്നു.
പെട്ടെന്നാണ് അച്ഛന്റെ മുടിയിൽ ആരോ പിടിച്ചു വലിക്കുന്നതും രക്ഷപ്പെടുത്തുന്നതും. കണ്ണുതുറന്നു നോക്കുമ്പോൾ സാക്ഷാൽ ജോൺ, അടിച്ച് ഓഫായി കാലുകൾ നിലത്തുറപ്പിക്കാൻ പോലുംകഴിയാത്ത അതേ ജോൺ, ഒരു തോണിയുമായി...
ജോണിനെ മധുമാഷ് വല്ലാതെ സ്‌നേഹിച്ചിരുന്നു. ജോണിന് ക്രാഫ്റ്റുണ്ടെന്ന് എപ്പോഴും പറയുമായിരുന്നു. കാമ്പുള്ളവരെ അച്ഛനെപ്പഴും ഇഷ്ടമായിരുന്നു.
തീപിടിച്ച ക്ഷുഭിത യൗവനങ്ങൾക്ക് നിങ്ങളുടെ ഛായയാണ്, മാഷേ...
പക്ഷേ മരുന്നിനുപോലും ഇന്നൊരാളില്ലല്ലോ കോഴിക്കോട്ട്.
ജീവൻ തിരിച്ചുകിട്ടിയ ഇതേപൊലത്തെ മറ്റൊരു സംഭവവും പറഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കാലത്തുണ്ടായതാണ്. പൊലിസ് കോൺസെൻട്രേഷൻ ക്യാമ്പിൽ നിരന്തര പീഡനം ഏറ്റുവാങ്ങിയ ഇവരിൽനിന്ന് ഒന്നും പൊലീസിന് കിട്ടിയിരുന്നില്ല. അറസ്റ്റ് രേഖപ്പെടുത്താതെ നിരന്തര പീഡനമായിരുന്നല്ലോ. അങ്ങനെ ഇവരെ കുറച്ചുപേരെ ‘ഷൂട്ട് അറ്റ് സൈറ്റ്’ തീരുമാനിച്ചു. അച്ഛനടക്കം നാലോ അഞ്ചോ പേരുണ്ടാകും. പൊലീസ് എത്തി കണ്ണുകൾ കെട്ടി വാഹനത്തിൽ കയറ്റി. എവിടേക്കോ പോകുന്നു.
ഇരുട്ടുമാത്രം. ശബ്ദം മാത്രം കേൾക്കാം, ഉറപ്പായി, എതാനും നിമിഷങ്ങൾക്കുള്ളിൽ അവർ വെടിവച്ചു കൊല്ലും. ധീരമായി മരണത്തെ പുല്കുക. അതിനൊക്കെ ഉറപ്പിച്ചാണല്ലോ നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്കുവന്നത്.
സ്ഥലമെത്തി. എല്ലാവരെയും പിടിച്ചിറക്കി. മതിലിനോടുചേർത്തുനിർത്തി. മതിലിന്റെ ആ പച്ച പിടിച്ചതിന്റെ മണം വല്ലാതെ മൂക്കിലിരച്ചുകയറുന്നു. തോക്ക് ശരിയാക്കുന്ന ശബ്ദം കേട്ടുതുടങ്ങി. മരണം ഉറപ്പ്. മനസ്സിൽ ഇൻക്വിലാബ് ഉയർന്നുതുടങ്ങി. പക്ഷേ, പെട്ടെന്നാണ് അത് സംഭവിച്ചത്. ഇവരെ ബലമായി വീണ്ടും വാഹനത്തിൽ കയറ്റുന്നു. വീണ്ടും യാത്ര... എന്താണെന്ന് ഒരു പിടുത്തവുമില്ല. അവസാനം എവിടെയോ എത്തി കണ്ണുകൾ തുറന്നു. നോക്കുമ്പോൾ പുറപ്പെട്ട സ്ഥലത്തുതന്നെ. നേരെ സെല്ലിലേക്ക് കയറ്റി. ‘ഓപറേഷൻ കാൻഡൽഡ്.’ പിന്നീടാണ് സംഭവം ആരോ പറഞ്ഞത്. മുതിർന്ന ഉദ്യോഗസ്ഥന്റെ മകളുടെ പിറന്നാളാണ്, അന്ന് ഒന്നും ചെയ്യരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചുവത്രേ. പിറ്റേദിവസം തൊട്ട് രാഷ്ട്രീയചിത്രം മാറുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം വരുന്നു. പിന്നെ എല്ലാം സിനിമാ സ്‌റ്റൈലിൽ, ഇവർ മോചിതരാകുന്നു.
അങ്ങനെ എത്രയെത്ര കഥകൾ.
കവി അയ്യപ്പന്റെ ശവസംസ്‌കാരം നീണ്ടപ്പോൾ, അന്ന് മധുമാഷെന്ന ഒറ്റായാനായിരുന്നു പ്രതിഷേധിക്കാൻ. മന്ത്രി എം.എ. ബേബിയുടെ പ്രതീകാത്മക രാജിക്കത്ത് സമർപ്പിച്ചതും മറ്റും...
അങ്ങനെ എന്തൊക്കെ സംഭവങ്ങൾ.
അച്ഛന്റെ നാടകങ്ങളും അത്തരത്തിലായിരുന്നു.
ഞങ്ങൾ മക്കൾ രണ്ടുപേർ മുതിർന്നപ്പോഴേക്കും അച്ഛൻ സാംസ്‌കാരിക പരിപാടിയിൽനിന്ന് മാറിനിന്നുകഴിഞ്ഞിരുന്നു. പലതും വായിച്ചും പിന്നെ മറ്റുള്ളവർ പറഞ്ഞുമൊക്കെയാണ് അറിയുന്നത്. പറഞ്ഞാലും തീരാത്ത, അനുഭവിച്ചാലും മതിവരാത്ത ഒരു മനുഷ്യനാണത്. പച്ചയായ മനുഷ്യൻ. ഞങ്ങളെ പൊളിറ്റിക്കലായി ചിന്തിക്കാൻ പ്രേരിപ്പിച്ച മനുഷ്യൻ.
ബോറൻ നാടകം കണ്ട് ഒരക്ഷരം ഉരിയാടാതെ സഹിച്ചിരിക്കുന്ന പ്രേക്ഷകർക്കിടയിൽനിന്ന് അസാധ്യബോറ് എന്നുറക്കെ വിളിച്ചുപറയാൻ നിങ്ങൾക്കല്ലാതെ മറ്റാർക്കുകഴിയും, മധുമാഷേ.
വല്ലാത്തൊരു ജന്മം...
ആ നിഷേധിയെ ഞാൻ വല്ലാതെ സ്‌നേഹിക്കുന്നു.
തീപിടിച്ച ക്ഷുഭിത യൗവനങ്ങൾക്ക് നിങ്ങളുടെ ഛായയാണ്, മാഷേ...
പക്ഷേ മരുന്നിനുപോലും ഇന്നൊരാളില്ലല്ലോ കോഴിക്കോട്ട്.
മിഠായിത്തെരുവിലെയും ടൗൺഹാളിലെയും ആൾക്കൂട്ടത്തിലെവിടെയോ ആ നിഷേധിയുടെ, അനാർക്കിയുടെ, ഉച്ചത്തിലുള്ള ശബ്ദത്തിനായി കാതോർക്കുന്നു. മധുമാഷേ, നിങ്ങൾ ഇവിടെയെവിടെയോ ഉണ്ട്.
നിങ്ങൾ ആരാണെനിക്ക്? ജന്മം നല്കിയയാൾ മാത്രമോ? അല്ല, അതിലുമപ്പുറം.
നിങ്ങൾ ഞങ്ങൾക്കുള്ളിലിട്ട സ്പാർക്കുണ്ടല്ലോ,
എരിയുന്നുണ്ട് അത് ഉള്ളിലിരുന്ന്, ആളിക്കത്തട്ടെ അത്...
പ്രിയ മധുമാഷേ,
നന്ദി, ഞങ്ങളെ ഇങ്ങനെ പ്രചോദിപ്പിച്ചതിന്, രാഷ്ട്രീയമായി ചിന്തിപ്പിച്ചതിന്, ഉറക്കെപ്പറയാനും പ്രതികരിക്കാനും പഠിപ്പിച്ചതിന്.
If there is a gun hanging on the wall in the first act, it must fire in the last- Anton Chekhov ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.