പ്രൊഫസർ പി.കെ.ജി. വിജയറാം

എലിയറ്റ് യൂനിവേഴ്സിറ്റിയിലെ പ്രിൻസിപ്പൽ

ആദ്യമായാണ് ഒരാൾ എന്നെ സ്നേഹിച്ച് അതിശയപ്പെടുത്തിയത് എന്നോർത്തു കരഞ്ഞു പോയി.

റക്കച്ചടവിലാണ് മിക്കവാറും പ്രഭാതയാത്ര ആരംഭിക്കുന്നത്.
കോഴിക്കോട് എത്തുമ്പോഴേക്കും ചെറുമയക്കം തീരും. വെസ്റ്റ്ഹിൽ ബസ്സോ മറ്റോ റെഡി ആയിട്ടുണ്ടാവും, ചാടിക്കേറി നാലാംഗേറ്റിനടുത്ത് ഇറങ്ങുമ്പോഴേക്കും സമയം പിന്നെയും ബാക്കി...
മെയ്‌ലിനുശേഷമുള്ള തൃശ്ശൂർ- കണ്ണൂർ പാസഞ്ചറാണ് കുറച്ചുകൂടി ആശ്വാസം, പക്ഷേ അത് അവിടേം ഇവിടേം നിരങ്ങിയും മൂളിയും എത്താൻ നന്നേ വൈകും..

ഗീതാമാം ആണ് ശ്രീനാരായണയിലെ ഹൈലൈറ്റ്.
എന്ത്‌ ഭംഗിയാ ടീച്ചറെ കാണാൻ. ഒരു ഇംഗ്ലീഷുകാരിയെപ്പോലെ അവർ മനോഹരമായി ക്ലാസ്​ എടുക്കും... വില്യം ഷേക്‌സ്പിയർ എന്ന് മറ്റാരും അത്ര സുന്ദരമായി പറയുന്നത് ഞാൻ കേട്ടിട്ടില്ല. ലിൻസി മിസ്സും, ശില്പ മിസ്സും കൂട്ടുകാരെപ്പോലെ ഞങ്ങൾക്കൊപ്പം ചേർന്നു.
ആദ്യത്തെ ദിവസം ചെറുതായി റാഗിംഗ് ഉണ്ടായിരുന്നു. തേങ്ങ പൊട്ടിച്ച് ചിരകുന്നതായും അരയ്ക്കുന്നതായുമൊക്കെ അഭിനയിക്കാനാണ് എനിക്ക് കിട്ടിയത്...
ഞാനെന്തൊക്കെയോ ചെയ്ത് ഓടി.
കുട്ടികൾ കൂക്കി വിളിച്ചു.
അടുത്ത സെക്ഷൻ ചോദ്യോത്തരവേളയായിരുന്നു.

ശ്രീനീലകണ്ഠയിൽ ബി.എ. ഇംഗ്ലീഷ് സാഹിത്യത്തിന് സീറ്റ്‌ കിട്ടി വെറും മൂന്നുനാലു ദിവസം ക്ലാസിനു പോയ പതിനെട്ടുകാരിയെ ഓർത്ത് ഞാൻ നെടുവീർപ്പിട്ടു. ദൂരക്കൂടുതൽ എന്ന് പറഞ്ഞ് വെട്ടിച്ചുരുക്കിയ ഡിഗ്രി പഠനം ഇന്നുമൊരു ദുഃഖം തന്നെ.

"ഈ കോളേജിൽ ബർമയിൽ ജനിച്ച ഒരു അധ്യാപകനുണ്ട് ആരാ അത്?'
എനിക്ക് കിട്ടിയ ചോദ്യമായിരുന്നു... ബർമ പോയിട്ട് കാലിക്കറ്റ്‌ പഠിക്കാൻ തന്നെ കഴിഞ്ഞത് മഹാഭാഗ്യം.
ശ്രീനീലകണ്ഠയിൽ ബി.എ. ഇംഗ്ലീഷ് സാഹിത്യത്തിന് സീറ്റ്‌ കിട്ടി വെറും മൂന്നുനാലു ദിവസം ക്ലാസിനു പോയ പതിനെട്ടുകാരിയെ ഓർത്ത് ഞാൻ നെടുവീർപ്പിട്ടു. ദൂരക്കൂടുതൽ എന്ന് പറഞ്ഞ് വെട്ടിച്ചുരുക്കിയ ഡിഗ്രി പഠനം ഇന്നുമൊരു ദുഃഖം തന്നെ.

""വിജിഷ, പറയ്‌'' ""ഡോണ്ട് നോ, മാം''
ഇംഗ്ലീഷിൽ തന്നെ മൊഴിഞ്ഞു.

""പി.കെ.ജി.''
ആരോ ശരിയുത്തരം വിളിച്ചു പറഞ്ഞു...
പാവയ്ക്കാ ജൂസായിരുന്നു എനിക്ക് സമ്മാനം.
അടുത്തുള്ള വെളുത്തു മെലിഞ്ഞ സെക്കൻറ്​ ഇയറിലെ ചേട്ടനോട് ഞാൻ ചോദിച്ചു, ""ആരാ പി.കെ.ജി.?'' ""പൊന്തക്കാട്ടിൽ ഗന്ധർവൻ'' ""പൊന്തക്കാട്ടിൽ ഗന്ധർവനോ?''""ആ.. അങ്ങനൊരു ഗന്ധർവ്വൻ ഉണ്ടിവിടെ...''

പ്രൊഫസർ പി.കെ.ജി. വിജയറാം

അധികം ചോദിക്കാൻ പോയില്ല... ഡിഗ്രിയ്ക്ക് കിട്ടിയ ട്യൂബ് ലൈറ്റ് വിളിപ്പേര് ജില്ലാതിർത്തി കടത്തി ഇങ്ങോട്ട് എത്തിയ്ക്കുന്നത് അത്ര നല്ലതല്ല എന്ന് സ്വയം തീരുമാനിച്ചു. ആരോടും സംശയം ചോദിച്ചില്ല.
പിന്നെപ്പോഴോ രേഖയാണ് പറഞ്ഞത് അതവിടുത്തെ പ്രിൻസിപ്പാളിന്റെ ഇരട്ടപ്പേരാണെന്ന്.

പാവയ്ക്കാ ജൂസ് കുടിപ്പിച്ച ഗന്ധർവനെ കാണാൻ ശ്രമിച്ചു. അന്ന് കണ്ടില്ല.
ഫീസ് അടച്ചതിന്റെ റസീറ്റ് വാങ്ങാൻ പോയപ്പോഴാണ് ഗന്ധർവനെ കണ്ടത്.
മെലിഞ്ഞുണങ്ങി ശോഷിച്ച ഒരു വൃദ്ധൻ.""നീ പുതിയ അഡ്മിഷൻ ആണോ?'' എന്ന് ചോദിച്ചപ്പോഴേക്കും മൂന്നാലുതവണ നാവുകൊണ്ട് പല്ലിനെപ്പിടിച്ച് ഒരു വശത്തേയ്ക്ക് മുഖം ചുളിച്ച് സംസാരിക്കുന്നു.
ഗന്ധർവ വർദ്ധകം കണ്ട് ഞാൻ ഉള്ളിൽ ചിരിച്ചു.

ആദ്യമായി ഒരു ചെറിയ പുസ്തകവും കൊണ്ട് മാഷ് അടുത്ത പിരീഡ് ഫസ്റ്റ് എം.എ. ഇംഗ്ലീഷ് ക്ലാസ്സിലേക്ക് കയറി വന്നു..
തുരുതുരാ വെയ്സ്റ്റ്‌ ലാൻഡ് പ്രവഹിക്കാൻ തുടങ്ങി...
ആർക്കും ഒന്നും മനസ്സിലായില്ല...
ആരും അറിയാതെ ഞാനന്ന് സ്റ്റാഫ്‌റൂമിൽ ചെന്നു.""വെൽക്കം മൈ ബ്യൂട്ടിഫുൾ ബട്ടർഫ്ലൈ''
കണ്ണിൽ പ്രകാശം പരത്തി ഒരു യുവാവിനെപ്പോലെ മാഷെനിക്ക് സ്വാഗതം പറഞ്ഞു.""സാർ, എനിക്ക് വെയ്സ്റ്റ്‌ ലാൻഡ് മനസ്സിലായില്ല.''
കുഴപ്പമില്ല വിജിഷാ, നീ ഇരിയ്ക്ക്...
പേടിയൊന്നും തോന്നിയില്ല, ഇരുന്നു.
വീണ്ടും എന്തൊക്കെയോ പറഞ്ഞ് കവിത വായിച്ചു തന്നു.. ചങ്കിൽ കൊള്ളാത്ത ഇംഗ്ലീഷ് വാക്കുകൾ ഞാനാദ്യമായി കേട്ടു.""വിജിഷയ്ക്ക് പോയംസ് ഇഷ്ടാണോ?''
തിരിച്ചു പോരാൻ നേരം മാഷ് ചോദിച്ചു.""ഇഷ്ടാണ്, ഞാൻ കുറച്ച് എഴുതും'' ""ആഹാ അപ്പൊ നമുക്കിവിടെ ഒരു കവിയെക്കിട്ടിയല്ലോ'' ""അത്ര വലിയ കവിയൊന്നുമല്ല സാർ, അൽപം എഴുതും.'' ""എങ്കിൽ താൻ നാളെ വരുമ്പോ അന്ധയായ ഒരു പെൺകുട്ടിയെക്കുറിച്ച് ഒരു കവിത എഴുത്.''
ഓകെ പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ചോദിച്ചു... ""ഞാനെന്നും വൈകീട്ട് മൂന്നേ മുക്കാലിന്​ ഇറങ്ങട്ടെ?''
കണ്ണൂർ- എറണാകുളം ഇന്റർസിറ്റി നാല് മണിയ്ക്കാണ്.

""ആയ്ക്കോട്ടെ വിജിഷാ, പക്ഷേ നന്നായി പഠിക്കണം.''
തലയാട്ടി തിരിച്ചു നടന്നു..
അന്ന് രാത്രി അന്ധയായ ഒരു പെണ്ണിന്റെ അകക്കണ്ണിനെക്കുറിച്ച് ഞാൻ കവിതയെഴുതി...

വീണ്ടും പല പ്രധാനപ്പെട്ട പാഠങ്ങളും മാഷ് പഠിപ്പിച്ചു. മാഷിന്റെ അനന്തമായ അറിവിന്‌ മുൻപിൽ ഒരു കൈത്തോടായി മാത്രം ഒഴുകുമ്പോൾ ഞങ്ങളിൽ പലർക്കും ഒന്നും തിരിഞ്ഞില്ല. ചുമ്മാ മാനം നോക്കി ഇരുന്നു പല ദിവസങ്ങളിലും.
എന്നാലും നല്ല അഭിനയത്തോടെ മുന്നിലെ ബെഞ്ചിന്റെയോ, രണ്ടാമത്തെ ബെഞ്ചിന്റെയോ അറ്റത്ത് മാത്രം ഞാനിരുന്നുപോന്നു.

ചെങ്കണ്ണ് ചോപ്പിച്ച് പോയ കണ്ണിലൂടെ വെള്ളമൊഴുകി.
ഇത്രത്തോളം സ്നേഹം അനുഭവിക്കുക വല്ലാത്തൊരു വികാരമായി... ഞാൻ സ്റ്റാഫ്‌ റൂമിലെ നിത്യസഞ്ചാരിണിയായി. എല്ലാ ടീച്ചേർസും നല്ല കമ്പനിയായി.

ഒരു ദിവസം മാഷ് വരുന്നേനു തൊട്ടുമുമ്പ് ഞാൻ ഏറ്റവും പിന്നിലെ ബെഞ്ചിലിരുന്നു.
അന്നെനിക്ക് ആദ്യമായി ചോദ്യവും കിട്ടി.""കോൾറിജ് ഓൺ ദി കോൺട്രവേസി സറൗണ്ടിങ് ദി പ്രിഫെയ്‌സ് ടു ലിറിക്കൽ ബലാഡ്സ്‌? ''
ഞാൻ മിഴിച്ചു നിന്നു..
ആദ്യത്തെ ബെഞ്ചിലേക്ക് എന്നെ മാറ്റി ഇരുത്തി.
പിന്നെപ്പിന്നെ വിജിഷയിൽ നിന്ന്​ വിളി മാറി വിജിയായി. കവിത ഒരുപാട് എഴുതിപ്പിച്ചു. എല്ലാം വായിച്ച് അഭിപ്രായം പറയാനും മറന്നില്ല.
പെട്ടന്നൊരു രാത്രി മാഷെന്നെ വിളിച്ചു.
എന്താവും എന്ന് കരുതി ഫോൺ എടുത്തു.""വിജി നാളെ കോളേജിൽ വരണ്ട.'' ""അതെന്താ സാർ?'' ""ഞാൻ നിന്റെയൊരു കവിത തിഥി കവിത പുരസ്‌കാരത്തിന് അയച്ചിരുന്നു. നിനക്ക് സമ്മാനമുണ്ട്...'' ; ആദ്യമായാണ് ഒരാൾ എന്നെ സ്നേഹിച്ച് അതിശയപ്പെടുത്തിയത്
എന്നോർത്തു കരഞ്ഞു പോയി.""എന്താ മോളേ മിണ്ടാത്തെ?'' ""ഒന്നൂല്ല്യ സാർ നന്ദി.'' ""നന്ദിയൊന്നും വേണ്ട, നീ പോയി നല്ല കുട്ടിയായി സമ്മാനം വാങ്ങി വാ, എനിക്ക് നാളെ വേറൊരു പ്രോഗ്രാം ഉണ്ട്.''

പിറ്റേന്ന് നേരം പുലർന്നപ്പോൾ കണ്ണ് മുഴുവൻ ചുവന്നിരിക്കുന്നു. കലശലായ വേദനയും. ഇത് ചെങ്കണ്ണ് തന്നെ... വീട്ടുകാർ വിധിയെഴുതി.
ഞാൻ വീണ്ടും മാഷെ വിളിച്ചു,""മാഷേ എനിക്ക് ചെങ്കണ്ണാ, പോവാനൊക്കൂല''
ആകെ വിഷമം രണ്ടാൾക്കും.

ഒരാഴ്ച കഴിഞ്ഞാണ് വീണ്ടും കോളേജിൽ എത്തുന്നത്. മാഷെ അഭിമുഖീകരിക്കാൻ വല്ലാത്ത പ്രയാസം.
എനിക്ക് വേണ്ടി അത്രയും കഷ്ടപ്പെട്ടിട്ട് കണ്ണും ചോപ്പിച്ച് എല്ലാം ഞാൻ തന്നെ നശിപ്പിച്ചു. ആദ്യമായി കണ്ണിനോട്‌ ദേഷ്യം തോന്നി.
അന്ന് മുഴുവൻ മാഷെ കാണാതെ നടന്നു. പിറ്റേ ദിവസം ഒരു കുട്ടി വന്നു പറഞ്ഞു വിജിഷയെ പ്രിൻസിപ്പാൾ വിളിക്കുന്നുണ്ട്.
നെഞ്ചിടിപ്പ് കൂടി.. ഞാൻ മെല്ലെ അടുത്തേക്ക് ചെന്നു.""പൂമ്പാറ്റക്കുഞ്ഞെ ഇരിക്ക്.''
മാഷ് ചിരിച്ചു.
എനിക്കാണേൽ ചിരി വന്നില്ല.

വിജിഷ വിജയൻ

മേശവലിപ്പിൽ നിന്ന് ഒരു സർട്ടിഫിക്കറ്റും ട്രോഫിയും എനിക്ക് തന്നിട്ട് പറഞ്ഞു.""ഞാൻ പോയി വാങ്ങി. എന്റെ കുട്ടിയ്ക്ക് കിട്ടിയത് ഒഴിവാക്കാൻ ആകുമോ, ഇന്നലെ ഞാൻ നിന്നെ നോക്കി കണ്ടില്ല.''
ചെങ്കണ്ണ് ചോപ്പിച്ച് പോയ കണ്ണിലൂടെ വെള്ളമൊഴുകി.
ഇത്രത്തോളം സ്നേഹം അനുഭവിക്കുക വല്ലാത്തൊരു വികാരമായി... ഞാൻ സ്റ്റാഫ്‌ റൂമിലെ നിത്യസഞ്ചാരിണിയായി. എല്ലാ ടീച്ചേർസും നല്ല കമ്പനിയായി.

പ്രൊഫസർ പി.കെ.ജി. വിജയറാമിന്റെ ശിഷ്യഗണങ്ങളിൽ പ്രിയപ്പെട്ട ഒരാളാവാൻ അധികം വൈകിയില്ല...
കുറെ നല്ല പുസ്തകങ്ങൾ അദ്ദേഹമെനിക്ക് നിർദേശിച്ചു. ക്ലാസ്സിലെ മൂപ്പരുടെ നോട്ടപ്പുള്ളിയും ഞാനായി.
ബ്യൂട്ടിഫുൾ ബട്ടർഫ്ലൈ,
കവിപ്പെണ്ണ്,
ബ്ലോസ്സം തുടങ്ങി പല പേരുകളും വിളിച്ചു.

പൂക്കളമത്സരത്തിന് ഒന്നാം സമ്മാനം കിട്ടിയതിന്റെ രണ്ടായിരം രൂപകൊണ്ട് ആർ.പി. മാളിൽ സിനിമ കാണാൻ പോവാനും ഞങ്ങൾക്ക് പെർമിഷൻ തന്നു.ഇന്ത്യൻ പ്രണയകഥ കാണാൻ പോയി തിയേറ്റർ മാറി റാംജിറാവു സ്പീക്കിങ്​- 2 കണ്ടതും രസമുള്ള ഓർമ്മയാണ്.

ഒരു ദിവസം ഞാൻ പറഞ്ഞു""മാഷിന് ഇവിടെ നിക്ക് നെയിം ഉണ്ട്'' ""ഉവ്വോ, എന്താ?'' ""ഗന്ധർവ്വൻ''
പൊന്തക്കാട് മനഃപൂർവം പറഞ്ഞില്ല.""എന്താ വിജീ പൊന്തക്കാട് പറയാത്തെ?''
ഞാൻ വെളുക്കെ ചിരിച്ചു.""ഒറ്റപ്ലാക്കൽ നീലകണ്ഠ വേലുക്കുറുപ്പ് എന്നൊക്കെ പറയുംപോലെ ഈ പി.കെ.ജിയുടെ ഫുൾഫോം എന്നതാ മാഷെ? "
അതിൽപ്പിന്നെ ബർമൻ കഥകൾ പറയാൻ തുടങ്ങി.

മാഷിന്റെ ക്ലാസായാൽ അനഘയും, നിളയുമൊക്കെ ചിരിച്ച് പറയും""നല്ലോണം ശ്രദ്ധിച്ചോ, മാഷ് നിന്നോട് ചോദ്യം ചോദിക്കും.''
പക്ഷേ കോഴിക്കോട്ടുകാർക്ക് എന്നും സൗഹൃദത്തേ സൗഹൃദമായി കാണാനുള്ള വലിയ മനസ്സുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഗുരുശിഷ്യ ബന്ധത്തെ ആരും മോശമായി കണ്ടില്ല.

ഇടയ്ക്ക് മാഷും നല്ല ഇംഗ്ലീഷ് കവിതകളെഴുതി. ഇംഗ്ലീഷിൽ ഞാനെഴുതാൻ ശ്രമം തുടങ്ങി. സൗഹൃദവും, പ്രണയവുമൊക്കെ ഞാൻ വിഷയങ്ങളാക്കുമ്പോൾ മാഷിന്റെ വിഷയങ്ങൾ എപ്പോഴും വാർദ്ധക്യത്തിലെ വിരസതകളായിരുന്നു.
ഞാനൊരിക്കൽ അദ്ദേഹത്തോട് ചോദിച്ചു,""വാർദ്ധക്യം സുന്ദരമല്ലേ?''""ആണ്, നിന്നെപ്പോലെ ഒരു കൂട്ടുകാരി ഉണ്ടെങ്കിൽ. പക്ഷേ വിജീ നീയൊരു വൈകി വന്ന വിരുന്നുകാരിയാണ്.''
"വൈകി വന്ന വിരുന്നുകാരി'യെന്ന പ്രയോഗം എന്നെ ചൊടിപ്പിച്ചു.
കുറേ ദിവസം സ്റ്റാഫ്‌ റൂമിൽ പോയതേ ഇല്ല.

ടി.എസ്. എലിയറ്റിനെക്കുറിച്ച് മാഷ് വാ തോരാതെ സംസാരിക്കും..
"അയാൾക്ക് കടുകട്ടി എഴുത്താ' എന്ന് പറഞ്ഞതിന് ഒരു ദിവസം നല്ല വഴക്ക് കേട്ടു.
എലിയറ്റിന്റെ യൂനിവേഴ്സിറ്റിയായി പലപ്പോഴും എനിക്കാ മനുഷ്യനെ തോന്നി.
അതിനിടയ്ക്കാണ് മാഷിന്റെ പിറന്നാൾ വന്നത്. എഫ്.ബിയിൽ കണ്ടപ്പോൾ തന്നെ
ഞാൻ മാഷിന് വേണ്ടിയൊരു കവിത എഴുതി.
പിറ്റേന്ന് നല്ലൊരു ഗ്രീറ്റിംഗ് കാർഡ് വാങ്ങി അതിലേക്ക് മാറ്റി എഴുതി കവറിലാക്കി കൂട്ടുകാരികൾ കാണാതെ മാഷിന് കൊണ്ട് കൊടുത്തു... അത്രയ്ക്കും എന്തോ സ്നേഹബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.
കാർഡ് കൊടുക്കുമ്പോൾ മാഷ് നിറഞ്ഞു ചിരിച്ചു.

എല്ലാവർഷവും മികച്ച കുട്ടിയ്ക്ക് കൊടുക്കുന്ന അയ്യായിരം രൂപ സ്കോളർഷിപ്പിന് ക്ലാസിൽ എന്നെക്കാളും പഠിക്കുന്ന കുറേ കുട്ടികൾ ഉണ്ടായിട്ടും വിജയറാം സാർ എന്റെ പേര് പ്രഖ്യാപിച്ചു. അത് വാങ്ങാൻ പോകുന്ന അന്ന് എനിക്ക് വീണ്ടും ചെങ്കണ്ണ് വന്നു.

ഏതാനും ദിവസങ്ങൾക്കകം എം.എ. തീർന്നു.
അവസാനത്തെ ദിവസം മാഷെന്നോട് പറഞ്ഞു.""കവിതകൾ കൂട്ടിക്കെട്ടി പുസ്തകമാക്കണം.'' ""മാഷെ, അതിന് അവതാരിക എഴുതിയ്ക്കാൻ എനിക്കാരെയും അറിയില്ല.'' ""ലിൻസിയോട് ചോദിച്ചാൽ ആര്യഗോപിയുടെ നമ്പർ കിട്ടും. അവതാരിക എഴുതിക്കണം..''

എല്ലാവർഷവും മികച്ച കുട്ടിയ്ക്ക് കൊടുക്കുന്ന അയ്യായിരം രൂപ സ്കോളർഷിപ്പിന് ക്ലാസിൽ എന്നെക്കാളും പഠിക്കുന്ന കുറേ കുട്ടികൾ ഉണ്ടായിട്ടും വിജയറാം സാർ എന്റെ പേര് പ്രഖ്യാപിച്ചു.
അത് വാങ്ങാൻ പോകുന്ന അന്ന് എനിക്ക് വീണ്ടും ചെങ്കണ്ണ് വന്നു. ചെങ്കണ്ണും മാഷിന്റെ സമ്മാനങ്ങളും തമ്മിൽ എന്തോ ബന്ധമുണ്ടെന്നോർത്ത് തമാശ തോന്നി.
കണ്ണടയൊക്കെ വച്ച് പോയി ക്യാഷ്അവാർഡ് വാങ്ങി.
പിന്നീട് ലിൻസി മിസ്സ് വഴി ആര്യചേച്ചിയെ പരിചയപ്പെട്ടു..
2017 ജൂൺ മുപ്പതിന് രാത്രി അശ്വതി വിളിച്ചു,""വിജയറാം സർ പോയി.''

നെഞ്ച് കലങ്ങി... അന്നൊന്നും മിണ്ടാനെ കഴിഞ്ഞില്ല. ഞാൻ മാഷ് ഉറങ്ങിക്കിടക്കുന്നത് കാണാൻ പോയില്ല...
പല്ല് കടിച്ച് പിടിച്ചുള്ള ആ ചിരി ഉറങ്ങിക്കിടക്കുന്ന മുഖത്ത് നിന്നും എനിക്കെങ്ങനെ കിട്ടും?
ശരിയാണ്, ദിക്കറിയാത്ത ഒരു പെണ്ണിന്റെ നെഞ്ചിലേക്ക് കാലം എത്ര പെട്ടന്നാണ്
ഒരോർമയായ്
പതിക്കുന്നത്..
ഒരുപാട് കരഞ്ഞു.

മാഷ് പോയതിന്റെ അടുത്ത വർഷം സാഹിത്യ അക്കാദമിയിൽ വച്ച് എന്റെ കുഞ്ഞു കവിതകൾ വെളിച്ചം കണ്ടു... വിജയറാം സർ അന്നത്തെ ബർമയിലോ ഇന്നത്തെ മ്യാൻമറിലോ ഇരുന്ന് എന്നെ നോക്കുന്ന പോലെ തോന്നി...
​ഞാനെന്റെ ബുക്കുകളിൽ ഒരെണ്ണമെടുത്തു.
ആദ്യത്തെ പേജിൽ എഴുതി""ഏറെ പ്രിയപ്പെട്ട അധ്യാപകന് സ്നേഹപൂർവ്വം വിജിഷ..''
എനിക്ക് ചുറ്റുമൊരു ചിത്രശലഭം എന്തിനോ പറന്നു.
സാഹിത്യഅക്കാദമിയിലെ അരയാൽമരച്ചോട്ടിൽ ഞാനതിനെ നോക്കി വെറുതെ ഇരുന്നു.
വായിക്കാതെ ബാക്കി വെച്ചു പോയ പുസ്തകത്തെ എന്തിനോ സൂക്ഷിച്ചു വെച്ചു. ​▮


വിജിഷ വിജയൻ

കവി, പരപ്പനങ്ങാടി ശിഹാബുദ്ദീൻ മെമ്മോറിയൽ കോളേജിൽ ഇംഗ്ലീഷ്​ അധ്യാപിക. നിറങ്ങളെ സ്നേഹിച്ചവർ ആദ്യ കവിതാസമാഹാരം.

Comments