പണ്ഡിറ്റ്​ രവിശങ്കർ വുഡ്സ്റ്റോക്ക് ഫെസ്റ്റിവലിൽ (1969) / Photo: Wikimedia Commons

ആഹിർ ഭൈരവിയുടെ നെടുവീർപ്പുകൾ

രണ്ട്

ഇന്ന് നമ്മുടെ കാതുകൾ വെറും അരനൂറ്റാണ്ടുമുമ്പ് സങ്കല്പിക്കാനാവാത്തത്ര നാദവൈവിധ്യം അനുഭവിക്കാൻ തക്ക സ്വാതന്ത്ര്യം നേടിയിരിക്കുന്നു. ഈ പരിണാമത്തിന്റെ ഒരുവശത്ത്​ വിശ്വപ്രസിദ്ധമായ ഒരു വിഗ്രഹരൂപം- പണ്ഡിറ്റ്​ രവിശങ്കർ. അദ്ദേഹവുമായി മൂന്നുതവണ നടത്തിയ അഭിമുഖങ്ങളുടെ ഓർമക്കുറിപ്പ്​

വോളം അസ്ഥാനങ്ങളിൽ ആരോപിച്ച് അർത്ഥം ഉലഞ്ഞുപോയ പദമാണ് ജീനിയസ്, എങ്കിലും...
കൊമ്പത്തൊരു തുമ്പി പിടിപ്പിച്ച് മാറോടടുക്കിയ സിത്താർ.
ഇടനെഞ്ചിലെ വൈദ്യുതി അതിലേയ്ക്ക് പകർന്നാടി നിലച്ച വിരലുകൾ.
എല്ലാത്തിനും കളിത്തൊട്ടിലായി ചരണം പിരിച്ചുചേർത്ത മടിത്തലം.
ദാ, ഇപ്പഴങ്ങട്ട് കുശലം പറഞ്ഞുപിരിഞ്ഞ ആഹിർ ഭൈരവിയുടെ നെടുവീർപ്പേറ്റ് വിരിഞ്ഞുപോയ പുഞ്ചിരി.
വിശ്വപ്രസിദ്ധമായ ഈ വിഗ്രഹരൂപത്തിന് ഒറ്റവാക്കുപറയാൻ ഒഴിവുരാശിയില്ല. അതുകൊണ്ട്, ക്ലീഷേ തന്നെ തൽക്കാലം അഭയം: രവിശങ്കർ, ജീനിയസ്.

അതിന്റെ ചലനലീല അടുത്തറിയാൻ നടത്തിയ പരിശ്രമത്തിന് അടരുകൾ പലതുണ്ട്. ഉണ്ടായിപ്പോയതാണ്.
പന്ത്രണ്ടു കൊല്ലത്തിനിടെ മൂന്നു കൂടിക്കാഴ്ചകൾ, ഓരോന്നും പ്രകോപിപ്പിച്ചുണർത്തിയ ഗൃഹപാഠങ്ങൾ.
ശരിക്കുമൊരു പുതിയ വിദ്യാഭ്യാസം.
അതെല്ലാം ചേർത്താലും രവിശങ്കർ പഠനത്തിൽ കഷ്ടിയൊരു പ്രീഡിഗ്രി പോലുമാവില്ല. എന്നിട്ടുമീ പിൻപറ്റൽ?
ജീനിയസ് ഒരുന്മത്ത പ്രലോഭനമാണ്.
അറിയുന്തോറും ശിഷ്ടം പെരുകിവരുന്ന മിശ്രഭിന്നം.

സത്യജിത്ത് റായ്, രവിശങ്കർ. ‘പാഥേർ പാഞ്ചാലി’യുടെ സൗണ്ട് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ (1955) / Photo: Wikimedia Commons

പോയ നൂറ്റാണ്ടിന്റെ അങ്ങേത്തലയ്ക്കൽ, കാശിയിൽ തുടങ്ങി ഈ നൂറ്റാണ്ടിന്റെ പന്ത്രണ്ടാം കൊല്ലം കാലിഫോർണിയയിൽ അവസാനിച്ച ആ ജന്മത്തിന്റെ ഏതുരാശിയിൽ തൊട്ടാലും കിട്ടും, ജീനിയസിന്റെ ഇഷ്ടഭേദങ്ങൾ.
അതിനിപ്പോ, ഹിന്ദുസ്ഥാനിയുടെ രസികോത്തമനൊന്നുമാകണമെന്നില്ല, ആയാൽ രവിരസം ബഹു.
രാജ്യത്തിന്റെ മുഖപല്ലവിയിൽ (സാരാ ജഹാം സേ അഛാ...), ദൂരദർശന്റെ ഉഷമലരിയിൽ, ‘പാഥേർ പാഞ്ചലി’യുടെ അരുണിമയിൽ, അപുവിന്റെയും ദുർഗയുടെയും ഗ്രാമ്യതയിൽ, ഗുൽസാറിന്റെ മീരയിൽ, എന്തിന് ഏഷ്യാഡിനുള്ള "സ്വാഗതി'ൽ ഉയിര് കുതിച്ചുയർത്തുന്ന ആ പ്രാരംഭത്തിൽ പോലും തൊട്ടേക്കാം ജീനിയസിന്റെ തന്മാത്രകൾ.
ജനപ്രിയങ്ങളുടെ പുറംപാടകളിൽ നിന്ന് ഇനി മീതേയ്ക്കു തൊട്ടുതുടങ്ങിയാലോ?

1992. രാഷ്ട്രമനസ് വെട്ടിമുറിക്കാനുള്ള പടയോട്ടകാലം. "സഹ് മത്' ഒരു പ്രതിഷേധജ്വാല കൊളുത്തുന്നു, ബോംബെയിൽ. ജ്വാലയ്ക്ക് നാളം പകരാനെത്തുന്നു, രവിശങ്കർ, സിത്താറൊന്നും വായിക്കാതെ...

ബീറ്റിൽസിന്റെ പഴയ ആരാധകർക്ക് രോമം അഞ്ചും.
മരിജുവാനയും ഋഷഭസ്വരവും വേളികഴിക്കില്ലെന്ന് മുഖമടച്ചുകേട്ടപ്പോൾ സാക്ഷാൽ ബീറ്റിൽക്കുഞ്ഞുങ്ങൾക്കുണ്ടായ ജാള്യം ഒളിക്കും. ഭാരതീയ കലയെ ഏഴാംകടലിനക്കരെ കൊണ്ടു കൊലയ്ക്കുകൊടുത്തെന്നു ഭള്ളുപറഞ്ഞ ആഢ്യകേസരികൾ തലയിലിടാൻ തപ്പും, മുണ്ട്.
മേൽവിലാസത്തിനും മേൽത്തരം പുത്തനും പടിഞ്ഞാറ് കച്ചേരിപ്പടി കിട്ടിയ പുതിയ കേസരങ്ങൾ നന്ദകേശന്മാരാകും.

പണ്ഡിറ്റ് രവിശങ്കർ

അപ്പോഴും പക്ഷേ, അന്ധരുടെ ആനക്കഥ മെഗാസീരിയലായി തുടരും...
എന്താണീ മനുഷ്യൻ, അയാളിലെ താര രഹസ്യം?

1992. രാഷ്ട്രമനസ് വെട്ടിമുറിക്കാനുള്ള പടയോട്ടകാലം.
"സഹ് മത്' ഒരു പ്രതിഷേധജ്വാല കൊളുത്തുന്നു, ബോംബെയിൽ. ജ്വാലയ്ക്ക് നാളം പകരാനെത്തുന്നു, രവിശങ്കർ. സിത്താറൊന്നും വായിച്ചില്ല. പകരം തത്തുല്യ നാദചൈതന്യമുള്ളൊരു ഞാണൊലി ഉയർത്തി, മാധ്യമദ്വാരാ: As a sensitive musician, I am deeply pained by what is happening in our country today. This discordant cacophony has to stop. It is the duty of all of us to try our best in our own way to bring back sanity and harmony amongst our people.
ലാൽകൃഷ്ണ അദ്വാനിയുടെ ടൊയോട്ടാ രഥം അതുകൊണ്ടൊന്നും ബ്രേക്കിട്ടില്ലെന്നതു വേറെ ചരിത്രം.

1990-ൽ ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയണമെന്നാഹ്വാനം ചെയ്ത് അന്നത്തെ ബി.ജെ.പി. പ്രസിഡന്റ് എൽ.കെ. അദ്വാനി നടത്തിയ രാം രഥ യാത്ര. / Photo: Screenshot from 'Ram Ke Naam' ( Anand Patwardhan), Youtube

അങ്ങനെ ഒരു പ്രതിഷേധമൂഡിലാണ് കൂടിക്കാഴ്ചകളുടെ തുടക്കം.
പണ്ഡിറ്റ്ജി ചിരിച്ചുതന്നെ. ഈ ചിരി എങ്ങനെ പ്രതിഷേധോപാധിയാവും? അതായിരുന്നു സംഭാഷണത്തിലേക്കുള്ളള സൂത്രച്ചാവി. വേഗം തുറന്നുകിട്ടി, പടിപ്പുരവാതിൽ: ""വർഷങ്ങൾക്കു മുമ്പാണത് ആദ്യം കണ്ടത്. സംഘർഷസന്ദർശനങ്ങൾക്കു നടുവിൽ ചിരിയോടെ നിൽക്കുന്ന ബാപ്പുജി...''
-അതൊരു ബനിയാ തന്ത്രമായിരിക്കൂടേ?
ചിരി ആളിക്കത്തി: ""നോട്ടീ യൂ.''
ആളിലേയ്ക്കുള്ള ഉമ്മറവാതിലും തുറന്നുകിട്ടിയപോലെ. കുസൃതികളുടെ നിത്യകാമുകനാണ് ആളെന്ന് കേട്ടിരുന്നു. ആ വഴിക്കൊരു പഴുതു നോക്കിയത് അങ്ങേറ്റു. അതുപിന്നെ വരുംകാലത്തേയ്ക്കുള്ള ഭദ്രനിക്ഷേപമായി.
ഇന്ത്യയിലേയ്ക്കുള്ള ഓരോ വരവിലും ചെന്നുകണ്ടു.
കണ്ടുപോകും, അത്രയ്ക്കാണ് ഈ മനുഷ്യന്റെ കാന്തവലയം.

പടിഞ്ഞാറൻ വയലിന്റെ ഉസ്താദ് യെഹൂദി മെനൂഹിൻ ഹിന്ദുസ്ഥാനിയെ അവിടേയ്ക്കു ക്ഷണിക്കുന്നു. രവിശങ്കറിന് ആദ്യയാത്രയിൽ പോകാൻ കഴിഞ്ഞില്ല. പകരം അലി അക്ബർ ഖാൻ പോയി. അതൊരു ഗംഭീര തുടക്കമായി.

ഒരിക്കലും കളിമട്ടുവിടാത്ത ജംഗമന്റെ സാഹസങ്ങളായിരുന്നു ആ ജന്മം നിറയെ. അതിനൊരു സ്ഥാവരമുണ്ടെങ്കിൽ ഒന്നുമാത്രം- മെയ്ഹാർ ഖരാന എന്ന ബ്രാക്കറ്റിട്ട, ഒരു ബ്രാക്കറ്റിലുമൊതുങ്ങാത്ത സംഗീതത്തിന്റെ ശാസ്ത്രീയ ഘടന. ശാസ്ത്രീയത, ഘടന എന്നൊക്കെ കേൾക്കുന്ന മാത്രയിൽ ആളുകൾ ധരിച്ചുപോവും, ഇതെന്തോ ഇരുമ്പുലക്കയാണെന്ന്. മാമൂലുകളുടെ ശാശ്വത ഉടമ്പടിയെന്ന്.
നേരെ മറിച്ചാണ് നേര്. അതറിഞ്ഞുവരുമ്പോഴേയ്ക്കും മൂക്കിൽ പല്ലിറങ്ങിക്കഴിഞ്ഞിരിക്കും. ചിലർക്ക് ചെറുതിലേ ഉറയ്ക്കും, ഈ ദന്തപരിണാമം. പ്രശ്‌നം, ഇപ്പറഞ്ഞ ശാസ്ത്രീയതയെ ഉൾക്കൊള്ളുന്നതിൽത്തന്നെയാണ്, അതെന്തിനു വേണ്ടിയെന്ന വകതിരിവിലാണ്. ഭാഗ്യവശാൽ രവിശങ്കർ അത് നൈസർഗികമായി ഉൾക്കൊണ്ടു വകതിരിഞ്ഞു.

രവിശങ്കർ, അലാവുദ്ദീൻ ഖാൻ

മധ്യപ്രദേശിൽച്ചെന്ന് സാക്ഷാൽ അലാവുദ്ദീൻ ഖാന്റെ കാർക്കശ്യത്തിൻ കീഴിൽ അടിമശിഷ്യനാവുന്നതുതന്നെ ഈ തിരിച്ചറിവിന്റെ ഭാഗമായിരുന്നു. കാരണം, അതിനുമുമ്പ് പത്താംവയസിൽ ലോകത്തേയ്ക്ക് മലർക്കെ തുറന്നുകിട്ടിയ സ്വാതന്ത്ര്യം. പാരീസും ഹാർലെമും ന്യൂയോർക്കുമൊക്കെ ചുമ്മാ കണ്ടുപോരുന്ന ഉല്ലാസയാത്രയായിരുന്നില്ലത്. ഉജ്വല പ്രതിഭകൾക്കിടയിൽ, എണ്ണം പറഞ്ഞ ബൊഹീമിയന്മാർക്കിടയിൽ ബാല്യം കഴിക്കാൻ അവസരം കിട്ടില്ല, ഒരു തരം കെങ്കേമൻ സ്‌കൂളിംഗിലും. ഗുരുകുല സമ്പ്രദായത്തിലടക്കം. ഇവിടെ നോക്കൂ- സൊറ പറയാൻ സെഗോവിയ, ഉച്ചയൂണിന് പിക്കാസോ, അത്താഴത്തിന് ഹെയ്‌ഫെറ്റ്‌സ്... ആലീസായിരുന്നില്ല വണ്ടർലാൻഡിൽ, റോബുവായിരുന്നു- ചിന്ന രവിശങ്കർ. ആ വിസ്മയലോകത്തുനിന്നു തുറന്നുകിട്ടിയ മനസുമായി മെയ്ഹാർ ഖരാനയുടെ കാഠിന്യങ്ങളിലൂടെ കടന്നുപോയ ഒരു കാതൽ എന്താവുമോ അതേ രവിശങ്കറുമായിട്ടുള്ളൂ. സ്വതന്ത്ര മനസും ഉറച്ച അസ്തിവാരവും അന്തമില്ലാത്ത ലീലാരസവും.
ഇതെല്ലാം യഥാവിധി ഒത്തിണങ്ങിയാലും ജീവിതം ഇതുപോലങ്ങ് ഇതിഹാസമാനം നേടണമെന്നില്ല. അതിനുവേണം ചില റാഡിക്കൽ വഴിത്തിരിവുകൾ. നിമിത്തം വന്നത് മറ്റൊരിതിഹാസത്തിന്റെ രൂപത്തിൽ- യെഹൂദി മെനൂഹിൻ. പടിഞ്ഞാറൻ വയലിന്റെ ഉസ്താദ് ഹിന്ദുസ്ഥാനിയെ അവിടേയ്ക്കു ക്ഷണിക്കുന്നു. രവിശങ്കറിന് ആദ്യയാത്രയിൽ പോകാൻ കഴിഞ്ഞില്ല. പകരം അലി അക്ബർ ഖാൻ പോയി. അതൊരു ഗംഭീര തുടക്കമായി. ""... ന്യൂയോർക്കിൽ ഫോർഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കച്ചേരി. എനിക്ക് വ്യക്തിപരമായ ചില പ്രശ്‌നങ്ങൾ മൂലം പോകാൻ കഴിഞ്ഞില്ല. ഞാനാണ് ഉസ്താദ് അലി അക്ബറിന്റെ പേര് നിർദ്ദേശിച്ചത്. ചതുർലാലിന്റെ തബല അമേരിക്കൻ സദസ്യരെയാകെ വീഴ്​ത്തിക്കളഞ്ഞു. ടി.വിയിലൊക്കെ വന്നു. ആൽബം റെക്കോർഡിംഗുണ്ടായി. ഇതെല്ലാം ഇന്ത്യയിലെ സംഗീതജ്ഞരെ സംബന്ധിച്ച് ആദ്യാനുഭവങ്ങളായിരുന്നു.''

- ആ വിജയമാണോ അമേരിക്കയിലേക്കു പോകാൻ പ്രേരിപ്പിച്ചത്? "" അങ്ങനെ പറയാൻ കഴിയില്ല. മെനൂഹിനെ ഞാൻ പരിചയപ്പെടുന്നത് അതിനൊക്കെ മുമ്പ് സോവിയറ്റ് യൂണിയനിൽ വച്ചാണ്. ഇന്ത്യൻ സാംസ്‌കാരിക പ്രതിനിധിസംഘവുമൊത്ത് അവിടെയൊരു പരിപാടിക്കുപോയപ്പോൾ. അടുത്തവർഷം അദ്ദേഹം ദില്ലിക്കുവന്നു. ഞാനന്ന് ഓൾ ഇന്ത്യാ റേഡിയോവിൽ. അപ്പോഴേക്കും ഇന്ത്യൻ സംഗീതത്തിൽ ആകൃഷ്ടനായിക്കഴിഞ്ഞിരുന്ന അദ്ദേഹം ന്യൂയോർക്കിലേയ്ക്കു ക്ഷണിക്കുകയായിരുന്നു.

യഹൂദി മെനൂഹിൻ, രവിശങ്കർ / Photo: ravishankaroperaproject.org

- West meets East എന്നാണ് മെനൂഹിൽ അങ്ങയുടെ പടിഞ്ഞാറൻ പ്രവേശത്തിനു കൊടുത്ത പേര്. അത് പടിഞ്ഞാറന്മാരുടെ കാഴ്ചപ്പാട്. സ്വയം എന്താണ് തോന്നുന്നത്- East meets West? ""അന്നവിടെ പോകുന്നതിനും വളരെ മുമ്പുതന്നെ പടിഞ്ഞാറൻ കലാലോകം എനിക്കു പരിചിതമായിരുന്നു. എന്റെ സഹോദരന്റെ (ഉദയ്ശങ്കർ) നൃത്തസംഘത്തോടൊപ്പം പത്തുവയസുള്ളപ്പോൾ തുടങ്ങിയതാണ് യൂറോപ്പിലും അമേരിക്കയിലുമുള്ള സഞ്ചാരം. പാരീസിൽ ഞങ്ങളുടെ അയൽവാസി ലോകപ്രശസ്ത ഗിത്താറിസ്റ്റ് ആന്ദ്രെ സെഗോവിയ ആയിരുന്നു. ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നു. പിന്നെ ഫ്രിറ്റ്‌സ് ക്രിസ്‌ലെറും ജാഷ് ഹെയ്‌ഫെറ്റ്‌സും- സ്പാനിഷ് ഫ്‌ളമിംഗോ സംഗീതജ്ഞർ. എല്ലാവരും ശാസ്ത്രീയ സംഗീതക്കാർ. അമേരിക്കയിൽ ചെന്നപ്പോൾ ജാസ് കേട്ടു. പ്രഥമദൃഷ്ട്യാ അനുരാഗം എന്നു പറയുമ്പോലെയായി. കോട്ടൻ ക്ലബിൽ പലവട്ടം പോയി. എന്തൊരനുഭവമായിരുന്നു അത്! അന്നെനിക്ക് കഷ്ടിച്ചു 15 വയസ്. നന്നേ ചെറുപ്പത്തിലേ അടുത്തറിയാൻ ഭാഗ്യമുണ്ടായി, അതുകൊണ്ട് പാശ്ചാത്യസംഗീതത്തെ ഞാൻ നേരത്തേ കണ്ടുമുട്ടിക്കഴിഞ്ഞിരുന്നു എന്നുപറയാം. സത്യത്തിൽ, അതുകഴിഞ്ഞാണ് നമ്മുടെ സംഗീതം ഞാൻ കാര്യമായി പഠിക്കുന്നതുതന്നെ. അതുമായി വീണ്ടും പടിഞ്ഞാറു ചെല്ലുമ്പോൾ ഈസ്റ്റ് മീറ്റ്‌സ് വെസ്റ്റല്ല, മെനൂഹിൻ പറഞ്ഞതാണു ശരി.''

പടിഞ്ഞാറൻ ലോകത്തേയ്ക്ക് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് പാലം പണിഞ്ഞയാൾ എന്നതാണ് രവിശങ്കറെപ്പറ്റി ഏറ്റവുമധികം പറയപ്പെടുന്ന സംഗതി. പറയാനെളുപ്പം. പാടേ ഭിന്നമായ ഒരു സാംസ്‌കാരിക ഭൂമിയിൽ അതൊരു ഹിമാലയൻ യത്‌നമല്ലേ. വളരെ റെജിമെന്റഡായ പാശ്ചാത്യസംഗീതം ശീലിച്ച ഒരു സമൂഹത്തോട് രാഗാധിഷ്ഠിത സംഗീതം വിനിമയം ചെയ്യുക?"".... അത് രസമാണ്. ഒന്നാമത് പടിഞ്ഞാറുള്ളവർക്ക് നമ്മുടെ സംഗീതം ആസ്വദിക്കണമെങ്കിൽ ആദ്യം അവർ സ്വന്തം സംഗീതം എന്തെന്നു തിരിച്ചറിയണം. ഗ്രേഷ്യൻ മോഡിലെ ഏഴു സ്‌കെയിലുകൾ. രാഗങ്ങൾ മെലഡി രൂപങ്ങളാണ്. അവയും സ്‌കെയിലുകൾക്ക് മേലുള്ളവ തന്നെ. പക്ഷേ നമുക്കിവിടെ 72 - നോട്ട് സ്‌കെയിലാണ്. ആരോഹണാവരോഹണങ്ങളുള്ള ഏഴുനോട്ടുള്ള രാഗങ്ങളുണ്ട്, ആറുള്ളതും അഞ്ചുള്ളതുമുണ്ട്. പിന്നെ ഷാർപ്പുണ്ട്. അങ്ങനെ ആറായിരത്തിൽപ്പരം രാഗങ്ങൾ. ഇന്നു പ്രയോഗത്തിൽ 100-150 എണ്ണമേയുള്ളൂ. ഇതൊക്കെ ഉൾക്കൊള്ളണമെങ്കിൽ അവർക്ക് സ്വന്തം സംഗീതത്തിൽ അടിസ്ഥാനധാരണ വേണം.''

- ആറായിരത്തിൽ 100-150. അത്രയേ സാധിക്കൂ, ഒരായുസിൽ?""എനിക്ക് 200 വരെ പറ്റും. അതെപ്പറ്റി ചിന്തിച്ചാൽ കൂടുതൽ ചെയ്യാൻ തോന്നും.''

1955ൽ അമേരിക്കയിൽ കച്ചേരി ചെയ്‌തെങ്കിലും രവിശങ്കർ പടിഞ്ഞാറിന്റെ ഹൃദയബന്ധുവാകുന്നതിൽ മറ്റൊരു നിമിത്തമുണ്ട്- ബീറ്റിൽസ്.

അപ്പോഴും കാര്യത്തിന്റെ ഉള്ളുകള്ളിയിലേക്ക് എത്തിയില്ല. കാരണം, പാശ്ചാത്യശാസ്ത്രീയ സംഗീതത്തിന്റെ രൂപവും ലക്ഷ്യവും നമ്മുടേതിൽ നിന്നു വ്യത്യസ്തമാണ്. വ്യക്തിയെ സമഷ്ടിയിലേക്കു കൊണ്ടുപോകുന്ന രീതി. അവിടേക്ക് എങ്ങനെ പാലമിടും? സേതുബന്ധനം നിർവഹിച്ചയാൾക്ക് കാൽക്കഴഞ്ചമില്ല സന്ദേഹം: ""ആദ്യം രാഗരൂപം കിട്ടണം. അതിന് ഗുരുവിനു കീഴിൽ വർഷങ്ങളുടെ പഠിപ്പുവേണം. പടിഞ്ഞാറുപോലെ ഇന്ത്യയിൽ ലിഖിത സമ്പ്രദായമൊന്നുമില്ല. മിക്കതും ഓർമയിൽ സൂക്ഷിക്കുകയാണ്. ആദ്യം രാഗഘടന ശീലിക്കണം. എന്നിട്ട് അതിൽ ചിട്ടപ്പെടുത്തിയ പാട്ട് പ്രയോഗിക്കുന്നു. പടിഞ്ഞാറ് ഈ ആയാസമില്ല. എളുപ്പമാണെന്നല്ല, അവർക്ക് അഭ്യസനത്തിന് ലിഖിതപാഠങ്ങളുണ്ട്. നമ്മുടെ പദ്ധതിയിൽ വ്യക്തി സംഗീതത്തിലൂടെ ആന്തരികശക്തിയോട് ബന്ധപ്പെടുന്ന രീതിയിലാണ്. ആ ശക്തിയെ ദൈവമെന്നോ നാദരൂപമെന്നോ എന്തും വിളിച്ചോളൂ. പടിഞ്ഞാറ് ഇതത്ര ശീലമില്ല. യൂറോപ്പിലാണെങ്കിൽ സാമൂഹികതയ്ക്കും സംഘചേതനയ്ക്കും വേണ്ടിയുള്ള സംഗീതമാണ്. പിന്നെ ജാസ്. അമേരിക്കയിലെ ആഫ്രിക്കൻ ഗോത്രരൂപങ്ങളിൽ നിന്ന് ഉരുത്തിരിച്ചതാണത്. ജാസിൽ മാത്രമാണ് ഞാൻ അവിടെ മെലഡിയുടെ സൗന്ദര്യം കണ്ടത്. ഈ ചുറ്റുവട്ടത്തിൽ ഒരു വ്യക്തി ഇരുന്ന് ദൈവത്തിലേയ്ക്കുള്ള പാലം പണിയുന്നു. അവർ അത്ഭുതപ്പെട്ടു. എനിക്കു മുമ്പ് അവരിത് കേട്ടിട്ടുള്ളത് ഉസ്താദ് അലി അക്ബറിൽ നിന്നുമാത്രമാണ്...''

അലി അക്ബർ ഖാൻ / Photo: Ali Akbar College of Music

സത്യത്തിൽ എന്തായിരുന്നു ആ ദിഗ്വിജയത്തിന്റെ സൂത്രരഹസ്യം? സിത്താറുകൊണ്ട് സംഗീതം വിനിമയം ചെയ്യുന്നതിലെ ആ മാന്ത്രികത ഇവിടെ വിവരിക്കാവതല്ല. അത് കേട്ടിട്ടുള്ളവർക്കൊക്കെ അറിവുള്ളതുമാണ്. അതേവിധം നാവുകൊണ്ടുള്ള വിനിമയത്തിലെയും ഉസ്താദായിരുന്നു കഥാപുരുഷൻ. ഈ രണ്ടാം വെെഭവമാണ് പടിഞ്ഞാറേയ്ക്ക് മുമ്പേ പോയിവന്ന അലി അക്ബറിനും കൂട്ടർക്കുമില്ലാതെ പോയത്. പച്ചയ്ക്കു പറഞ്ഞാൽ പേച്ച്. സായ്പിന്റെ നാട്ടിൽ അവിടുത്തെ ഭാഷ മാത്രം പോരാ, അവരുടെ ചിന്താസ്വരൂപത്തിന് ഇണങ്ങുന്ന ഭാഷവേണം. രാഗം എന്നാലെന്തെന്ന് അത്തരം സാംസ്‌കാരികതയുടെ അക്കരെ നിൽക്കുന്നവരോട് കടത്തുകാരന്റെ പേച്ചിങ്ങനെ: ""A raga is a scientific, precise, subtle and aesthetic melodic form, with its own peculiar ascending and descending movement consisting of either a full 7 note octave or a series of six or five notes, an omission of a dissonant note, an emphasis on a particular note the slide from one note to the other, that demarcate one raga from the other'' -കടത്തുകാരന്റെ പേര് ഏതോ ഒരു രവിശങ്കർ.

"എന്റെ സംഗീതത്തെ മറ്റുള്ളവയുമായി കലർത്തിയിട്ടില്ല. അങ്ങനെ കുറ്റപ്പെടുത്തിയ ധാരാളം പേരുണ്ട്. ഞാൻ ചെയ്തത്, വേദിയിൽ ഒപ്പമിരിക്കുന്നത് ആരായാലും എന്റെ സംഗീതം അവതരിപ്പിക്കുക മാത്രമാണ്''

1955ൽ അമേരിക്കയിൽ കച്ചേരി ചെയ്‌തെങ്കിലും രവിശങ്കർ പടിഞ്ഞാറിന്റെ ഹൃദയബന്ധുവാകുന്നതിൽ മറ്റൊരു നിമിത്തമുണ്ട്- ബീറ്റിൽസ്. ഇപ്പറഞ്ഞ രാഗരഹസ്യമൊക്കെ ആ വിശ്രുത ചങ്ങാതിക്കൂട്ടം ഉൾക്കൊണ്ടെന്ന് അദ്ദേഹം പറയും, ഒരു ചെറുചിരിയുടെ ശ്രുതിയോടെ. ആ ശ്രുതിയിലാണ്​ മർമം. ജോർജ് ഹാരിസൺ തൊട്ട് ബ്രയാൻ ജോൺസ് വരെയുള്ളവരുടെ പാട്ടിൽ രാഗഛായയൊന്ന് അബദ്ധവശാൽ പോലും കയറിപ്പറ്റിയിട്ടില്ല. പടിഞ്ഞാറ് രവിശങ്കറെ തിരിച്ചറിഞ്ഞു എന്നു പറയാവുന്ന അക്കാല സംഗീതജ്ഞരിൽ പ്രമുഖൻ മെനൂഹിൻ തന്നെയാണ്. വിഖ്യാതമായ ആ ആത്മകഥ സാക്ഷി. ""... to be present as I have been at a chamber music recited by Ravi Shankar and Ali Akbar Khan, each goading the other to new heights of invention, is an experience more magical than almost any in the world. One is in the presence of creation. (Unfinished Journey- Yehudi Menuhin).''
സിത്താറും സരോദും ചേർന്നൊരുക്കിയ സമ്മോഹനമഴയിൽ മുങ്ങിപ്പോയ ഒരു സായ്പ്പിന്റെ മുഖസ്തുതിയല്ല ഇതെന്നതിന് തൊട്ടടുത്ത ഖണ്ഡികയിലുണ്ട് സാക്ഷി: "".... participation in Indian music means much to me urging in sequences which will never be repeated, the savouring of each notes, the rhythms and the flexible tensions between them, increasing as some drugs are said to do, awareness of phenomena, safeguarding against the staleness of repetition.''

- എന്നിട്ടും മെനൂഹിനല്ല ബീറ്റിൽസാണ് രവിശങ്കറിനെ റാഞ്ചിപ്പറന്നത്. എങ്ങനെയാണ് ഹാരിസണും കൂട്ടരും ചങ്ങാതിമാരാവുന്നത്? ""റിച്ചഡ് ബോകിന്റെ വേൾഡ് പസഫിക് റെക്കോഡ്‌സാണ് കാരണം. ആദ്യതവണ പോയപ്പോഴും എന്റെ ആൽബങ്ങൾ അവർ റെക്കോർഡു ചെയ്തിരുന്നു. ആ സ്റ്റുഡിയോയിലാണ് ബൈലേഡ്‌സ് റെക്കോഡ് ചെയ്തതും. അവരാണ് ജോർജിനെ പരിചയപ്പെടുത്തുന്നത്. അയാൾക്ക് അന്നേ താൽപര്യമുണ്ട്, ഇന്ത്യയിൽ. നമ്മുടെ സംഗീതത്തിൽ മാത്രമല്ല, തത്വചിന്തയിലും ജീവിതത്തിലുമെല്ലാം. 1966ലാണെന്നു തോന്നുന്നു ആദ്യം കണ്ടുമുട്ടിയത്. അവൻ എനിക്ക് സുഹൃത്തും ശിഷ്യനും മകനുമെല്ലാം ചേർന്ന രൂപമാണ്. ഇത്ര ഗാഢമായ ബന്ധം മറ്റധികം പേരുമായി എനിക്കുണ്ടായിട്ടില്ല.'

ബീറ്റിൽസ് ലീഡ് ഗിറ്റാറിസ്റ്റ് ജോർജ് ഹാരിസൺ, രവിശങ്കർ / Photo: ravishankaroperaproject.org

- എന്താണ് ജോർജ് ഹാരിസണിലേക്ക് അടുപ്പിച്ച ഘടകം? ""അറിയില്ല, മുജ്ജന്മബന്ധം ഒരു പക്ഷെ. ജോർജിന് ഇന്ത്യൻ സംഗീതം പഠിക്കണമെന്നു വാശി. വളരെ ആത്മാർത്ഥതയുള്‌ള മനുഷ്യനാണ്- ഏതു പ്രവൃത്തിയിലും. നമുക്ക് എന്തും പറയാം. തുറന്ന മനസ്. എപ്പോഴും ഊർജസ്വലം.''

- നല്ല ശിഷ്യനായിരുന്നോ?""തീർച്ചയായും. പക്ഷെ ഒരു കുഴപ്പമുണ്ട്. ആൾ വളരെ ബിസി. എന്റെ കീഴിൽ രണ്ടുമാസം അടങ്ങിയിരുന്നു പഠിച്ചു. വളരെപ്പെട്ടെന്ന് പഠിച്ചെടുക്കും. ഒരിടത്തും ഉറച്ചുനിൽക്കില്ല. അതുകൊണ്ട് പലതും പൂർണമായില്ല. എങ്കിലും ജോർജിന് ഇന്ത്യയെ അറിയാൻ കഴിഞ്ഞു. വേദിക് ചിന്തയും രാഗത്തിന്റെ സ്പിരിറ്റും ഉൾക്കൊണ്ടു.''

ഹാരിസൺ വഴി ഫിഫ്ത് ബീറ്റിൽ എന്ന പേരുകിട്ടി. ഇഷ്ടമായിരുന്നോ ആ വിളി?""അതൊക്കെ മറ്റുള്ളവർ വിളിക്കുന്നതല്ലേ? ഞാൻ ബീറ്റിൽസിന്റെ ഭാഗമായിട്ടില്ല.''
- മനസ്സുകൊണ്ടും?""ഇല്ല. എല്ലാത്തരം സംഗീതവും എനിക്കിഷ്ടമാണ്. പക്ഷെ എന്റേത് ഞാൻ അഭ്യസിച്ചതു മാത്രം.''
- അപ്പോൾ പിന്നെ ഫ്യൂഷൻ ചെയ്തതോ?""എന്റെ സംഗീതത്തെ മറ്റുള്ളവയുമായി കലർത്തിയിട്ടില്ല. അങ്ങനെ കുറ്റപ്പെടുത്തിയ ധാരാളം പേരുണ്ട്. ഞാൻ ചെയ്തത്, വേദിയിൽ ഒപ്പമിരിക്കുന്നത് ആരായാലും എന്റെ സംഗീതം അവതരിപ്പിക്കുക മാത്രമാണ്. പരീക്ഷണമുണ്ടായത് കമ്പോസിംഗിലാണ്. അതും കച്ചേരിയും രണ്ടല്ലേ?''

പോപ്പും റോക്കും മദ്യവും ലഹരി ട്രിപ്പും സ്വതന്ത്രരതിയും റെബൽ ചിന്തകളും കൈകോർത്ത അരാജകത്വത്തിന്റെ മഹോത്സവം. ആ പരിവട്ടത്തിലേയ്ക്കാണ് മാമൂൽമൂശയിൽ വാർത്ത ശാസ്ത്രീയ സംഗീതത്തിന്റെ വരവ്

ബീറ്റിൽസുമായി രവിശങ്കറിനുണ്ടായിരുന്നത് അസാധാരണമായ ഹൃദയബന്ധമാണ്. അസാധാരണമാകുന്നത്, ആ ബന്ധം ഉടലെടുത്ത പശ്ചാത്തലം മൂലമാണ്. എല്ലാതലത്തിലും മാനത്തിലും മുഖ്യധാരയ്ക്ക് എതിരായ ബദൽ ജീവിതം- അതാണ് അന്നത്തെ അമേരിക്കയിലെ ഹിപ്പി സംസ്‌കാരം. പോപ്പും റോക്കും മദ്യവും ലഹരി ട്രിപ്പും സ്വതന്ത്രരതിയും റെബൽ ചിന്തകളും കൈകോർത്ത അരാജകത്വത്തിന്റെ മഹോത്സവം. ആ പരിവട്ടത്തിലേയ്ക്കാണ് മാമൂൽമൂശയിൽ വാർത്ത ശാസ്ത്രീയ സംഗീതത്തിന്റെ വരവ്, അതും ഒന്നാന്തരം പരദേശി. രണ്ടുവഴിക്കായിരുന്നു മനസ്സുലയ്ക്കുന്ന പരീക്ഷണം. ഒന്ന്, ജന്മനാട്ടിൽ നിന്നുള്ള ആക്ഷേപവർഷം. അത് മന്ദ്രസ്ഥായി പ്രാപിച്ചത് ഇന്ത്യയ്ക്കുള്ളിലാണ്. പടിഞ്ഞാറ് വേണ്ടത്ര ഏശിയില്ല. രണ്ട് ഹിപ്പി സംസ്‌കാരം പകർന്ന പൊരുത്തക്കേട്. തുടക്കത്തിൽ അതൊരു കൾച്ചർ ഷോക്കിന്റെ തലത്തോളം പോയി. ഉദാഹരണം മോണ്ടറെ പോപ് ഫെസ്റ്റിവെൽ.

അല്ലാ രാഖ, രവി ശങ്കർ, കമല ചക്രവർത്തി എന്നിവർ മോണ്ടറെ പോപ് ഫെസ്റ്റിവലിൽ (1967) / Photo: Lisa Law, National Museum of American History

""ഹിപ്പികളുടെ ലോകം എന്തെന്ന് ആദ്യമായി അടുത്തറിയുകയായിരുന്നു. നീണ്ട താടിയും മുടിയും ചരസും മദ്യവും. ആ സുന്ദരമനുഷ്യൻ ഊർജ്ജസ്വലരായിരുന്നു. മോണ്ടറയിൽ കൂടുതലും റോക്കും പോപ്പുമായിരുന്നു. പിന്നെ അന്നത്തെ ചില മികച്ച ബ്രാൻഡുകൾ- ഓട്ടിസ്, റെഡിംഗ്, പോൾ ആൻറ്​ മേരി, മമാസ് ആൻറ്​ പപ്പാസ്... എന്നെ സ്പർശിച്ച സംഗീതം അവർക്കുണ്ടായിരുന്നു. പക്ഷെ വലിയ റോക് ഗ്രൂപ്പുകളെ എനിക്കു പേടിയായിരുന്നു. സ്റ്റേജിന് തൊട്ടടുത്ത് ലൗഡ് സ്പീക്കറും വച്ച് വലിയ ശബ്ദവും മറ്റും... ഞാനാകെ അസ്വസ്ഥനായി, എന്നാലും ആസ്വദിക്കാൻ ശ്രമിച്ചു. പക്ഷെ പലരും പാടിപ്പാടി സ്വന്തം സംഗീതോപകരണങ്ങൾ ഒടിച്ചു കളയുന്നതു കണ്ടപ്പോൾ ശ്വാസംമുട്ടി. ഇറങ്ങിപ്പോരാൻ നോക്കി. എന്റെ അസ്വസ്ഥത മനസ്സിലാക്കിയ സംഘാടകർ ഒരു പോംവഴിയുണ്ടാക്കി. എന്റെ പരിപാടി ഉച്ചയ്ക്കാക്കി. അതിനു മുമ്പും പിമ്പും വേറൊരു പരിപാടിയും വേണ്ടെന്നുവെച്ചു. അങ്ങനെ സ്വസ്ഥമായ അന്തരീക്ഷത്തിൽ വാദനം തുടങ്ങി. ഇന്നുമോർക്കുന്നു, മഴയുണ്ടായിരുന്നു, പ്രശസ്ത സംഗീതജ്ഞർ ധാരാളം മുന്നിലിരിക്കുന്നു. അഞ്ചുലക്ഷത്തോളം ആസ്വാദകർ തുറന്ന സ്ഥലത്ത് വെറും നിലത്ത് ഇരിക്കുന്നു. അവർക്ക് അപരിചിതമായ എന്റെ സംഗീതം ശ്രദ്ധയോടെ കേൾക്കുന്നു. ഞാൻ ശരിക്കും ആസ്വദിച്ച ഒരു പരിപാടിയായിരുന്നു അത്. എങ്കിലും, ഇത്ര വലിയ മേളകളിൽ സംഗീതം ചെയ്യേണ്ട എന്ന് തീരുമാനിച്ചു. മയക്കുമരുന്നും മദ്യവും കഴിച്ചിട്ടാണ് ചെറുപ്പക്കാരുടെ വരവ്. അവർ നല്ലവരാണ്. പക്ഷെ അങ്ങനെയൊരു കൂട്ടത്തിലിരുന്ന് സംഗീതം ചെയ്യുക എന്നു പറഞ്ഞാൽ... ഞാൻ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. പലരും കരുതി, ഞാനും ഈ ലഹരിവസ്തുക്കളുടെ ആളാണെന്ന്. അതെന്നെ വേദനിപ്പിച്ചു. നിങ്ങൾക്ക് എന്തും കുടിക്കാം, വലിക്കാം- ലഹരിക്ക്. പക്ഷെ അത്തരം കൃത്രിമമൊന്നും ആവശ്യമില്ലാതെ ലഹരിപിടിക്കാവുന്ന പ്രതിഭാസമാണ് സംഗീതം. അതിനെ മലിനപ്പെടുത്തുന്നത് എനിക്ക് വേദനയുണ്ടായി. വുഡ്‌സ്റ്റോക്കിൽ വച്ച് ഞാനിത് പരസ്യമായി പറഞ്ഞു, സംഗീതവും ലഹരിവസ്തുക്കളുമായി ഒത്തുപോവില്ലെന്ന്. ആ ചെറുപ്പക്കാർക്ക് എന്നെ ഇഷ്ടമായിരുന്നു, എനിക്ക് അവരേയും.''

- അത് പൂക്കാല തലമുറക്കാലം. മുഖ്യധാരയുടെ കാപട്യത്തോടുള്ള എതിർപ്പായിരുന്നില്ലേ മുഖ്യം? ""ഞാൻ അവരെ കുറ്റപ്പെടുത്തുകയല്ല. അരാജകത്വത്തിന് അതിന്റേതായ ഗുണമുണ്ട്. പക്ഷെ അവരുടെ സംഭാവന എന്തായിരുന്നു? ഞാൻ ചെറുപ്പത്തിൽതന്നെ പാരീസിലെ ബൊഹീമിയന്മാരെ അടുത്തുകണ്ടിട്ടുണ്ട്. വലിയ എഴുത്തുകാർ, വലിയ കലാകാരന്മാർ. അവരൊക്കെ കുടിക്കുകയും വലിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സ്വന്തം രംഗങ്ങളിൽ ലോകത്തിന് വലിയ സംഭാവനകൾ ചെയ്തിട്ടാണ് അവരത് ചെയ്തത്. ഇവരോ? എഴുത്തും പാട്ടും ചിത്രരചനയുമൊക്കെയുണ്ട്, പക്ഷെ എല്ലാം സാധാരണം. ഒന്നിലും കാര്യമായ സംഭാവനയില്ല. ഒന്നിലും ഉറച്ചുനിന്നിട്ടുമില്ല. അതേസമയം എല്ലാം ചെയ്തുകഴിഞ്ഞു എന്ന മട്ടിലാണ് ജീവിതം.''

ബീറ്റിൽസ് ഡ്രമ്മർ റിംഗോ സ്റ്റാർ, ജോർജ് ഹാരിസൺ, രവി ശങ്കർ (1968) / Photo: Esalen, Fb

- എങ്കിലും ബംഗ്ലാദേശ് കൺസേർട്ട് ഇതിന്റെ ഒരു യുക്തിസഹമായ പരിണതിയായില്ലേ?""അങ്ങനെയാണോ നിങ്ങൾക്കു തോന്നുന്നത്? ഒരുപക്ഷേ, മുഖ്യധാരാ വിരുദ്ധതയുടെ ധാരകൾ പലതും അതിൽ കാണാൻ കഴിഞ്ഞേയ്ക്കും. പക്ഷെ എനിക്കത് സംഗീതത്തിന്റെ സാമൂഹികധർമ്മങ്ങളിലൊന്നായിട്ടാണ് തോന്നിയത്. ഞാൻ ബംഗാളിയാണ്. എന്റെ നാട്ടുകാർ അഭയാർത്ഥികളായി സ്വന്തം മണ്ണിൽ പട്ടിണി കിടക്കുന്നു, രോഗികളാവുന്നു. മരിക്കുന്നു. അവർക്കുവേണ്ടി രംഗത്തിറങ്ങാൻ യു.എന്നിനുപോലും പണമില്ല. ജോർജാണ് മുൻകൈ എടുത്തത്. എനിക്കറിയാവുന്ന പ്രവൃത്തി ഞാനെടുത്തു. മനുഷ്യർ, മറ്റുമനുഷ്യർക്കുവേണ്ടി ചെയ്യുന്ന ഒരു കാര്യം എന്നേ എനിക്കു തോന്നിയുള്ളൂ.''

- അതിനൊരു രാഷ്ട്രീയമുണ്ട്. എപ്പോഴെങ്കിലും രാഷ്ട്രീയമായി ചിന്തിച്ചിട്ടുണ്ടോ?""എന്റെ ചിന്തയിൽ സംഗീതമല്ലാതെ മറ്റധികമൊന്നുമില്ല. സംഗീതത്തിന് മനുഷ്യരുടെ രാഷ്ട്രീയമൊന്നുമില്ല. രാഷ്ട്രീയം ലക്ഷ്യമാക്കുന്ന സമൂഹനന്മയ്ക്ക് അപ്പുറമാണതിന്റെ ലക്ഷ്യം. മനുഷ്യനെ ദൈവികത്വത്തോട് അടുപ്പിക്കുക. കുറച്ചുനേരത്തേക്കെങ്കിലും ആ നിലയുമായി സമന്വയിപ്പിക്കുക. അതൊരു രാഷ്ട്രീയമാണെങ്കിൽ എനിക്കും രാഷ്ട്രീയമുണ്ടെന്നു പറയാം.''

ശാസ്ത്രീയതയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാർ നിഷ്‌കർഷിക്കുന്ന എല്ലാ അംശഛേദങ്ങളും ഈ സംഗീതജ്ഞനും സ്വായത്തമാക്കിയിരുന്നു, ഒന്നൊഴികെ- യാഥാസ്ഥിതികത്വം. ആ ഒറ്റഘടകമാണ് മഹാപ്രതിഭകളായ പല ഇന്ത്യൻ സംഗീതജ്ഞർക്കും രവിശങ്കറിനു കിട്ടിയ ആഗോളതാരപദവി അന്യമാക്കിയത്.

വിനിമയം ഏതു മാധ്യമത്തിലായാലും അതിന്റെ പ്രോജ്വലതയ്ക്കു വേണ്ട അടിസ്ഥാനഘടകമാണ് തുറന്നിട്ട മനസ്. ഇന്ത്യൻ ശാസ്ത്രീയകലാപരിവട്ടത്തിന് പണ്ടേ പിടിക്കാത്തതാണ് സംഗീതജ്ഞരുടെയും നർത്തകരുടെയും വേഗത്തിലുള്ള വളർച്ചയും ലബ്ധപ്രതിഷ്ഠയും. രവിശങ്കർ സ്വാഭാവികമായും സഹസഞ്ചാരികളുടെ രാഷ്ട്രീയത്തിന്- മിതമായി പറഞ്ഞാൽ അസൂയ എന്ന ഗുഹ്യരോഗത്തിന് - പറ്റിയ ഇരയായി. ശാസ്ത്രീയതയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാർ നിഷ്‌കർഷിക്കുന്ന എല്ലാ അംശഛേദങ്ങളും ഈ സംഗീതജ്ഞനും സ്വായത്തമാക്കിയിരുന്നു, ഒന്നൊഴികെ- യാഥാസ്ഥിതികത്വം. ആ ഒറ്റഘടകമാണ് മഹാപ്രതിഭകളായ പല ഇന്ത്യൻ സംഗീതജ്ഞർക്കും രവിശങ്കറിനു കിട്ടിയ ആഗോളതാരപദവി അന്യമാക്കിയത്.

പിന്നാലെ വന്ന തലമുറകൾക്ക് പക്ഷെ വെളിച്ചമായത് മാമൂൽക്കുടത്തിലെ വിളക്കുകളല്ല, ഈ താരപ്രകാശമാണ്. ഇന്ത്യൻ ശാസ്ത്രീയകലകൾ ആ നക്ഷത്രം വഴിയേ പുറം ലോകത്തേക്ക് നിർബാധം വരുത്തുപോക്കു തുടങ്ങി. പലരും പലതും സ്വയം താരകങ്ങളായി. അതിനൊരു അടിവരയാവുന്ന മറുപടിയുണ്ട് രവിശങ്കറിന്. ദീർഘമായ സംഗീതജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നതെന്തെന്ന ചോദ്യത്തിന് കഥാപുരുഷൻ പറഞ്ഞു: ""പടിഞ്ഞാറുള്ളവർക്ക് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെപ്പറ്റി മെച്ചപ്പെട്ട ഒരു ധാരണയുണ്ടാക്കാൻ കഴിഞ്ഞത്. ആദ്യമൊന്നും അവിടുത്തെ വലിയ കലാനിരൂപകർക്കുപോലും കാര്യം പിടികിട്ടിയിരുന്നില്ല. മാഡിസൻ സ്‌ക്വയർ ഗാർഡനിലെ ഒരു പരിപാടി. തുടങ്ങും മുമ്പ് ഞങ്ങൾ ശ്രുതി ട്യൂൺ ചെയ്തുനോക്കി. ഉടനെ സദസ് കയ്യടിച്ചു. ഞാൻ പറഞ്ഞു, ഇത് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ തീർച്ചയായും ബാക്കിയും ആസ്വദിക്കും.''

- ബീറ്റിൽസ്‌ കാലത്ത് പറഞ്ഞിരുന്നതായി വായിച്ചിട്ടുണ്ട്, അവിടുത്തെ ആസ്വാദകർ ഇന്ത്യൻ സംഗീതത്തോടു പൊരുത്തപ്പെടുമെന്ന പ്രതീക്ഷയില്ലെന്ന്...""അന്നങ്ങനെ തോന്നിയിരുന്നു. പിന്നീട് ചിത്രം മാറി. വളരെ കൗതുകമുള്ളവരാണവർ. നമ്മുടെ സംഗീതത്തെ ഇന്ന് കൂടുതലായി മനസിലാക്കുന്നു. മുമ്പ് ഡ്രഗ്‌സുമായി കൂട്ടിക്കുഴച്ചായിരുന്നു, എല്ലാതരം സംഗീതവും അവർ ആസ്വദിച്ചിരുന്നത്. അതിനെയാണ് ഞാൻ എതിർത്തത്. ഇന്നവർ എന്നെ കേൾക്കാനെത്തുന്നത് ഗൗരവബുദ്ധിയോടെയാണ്. മാത്രമല്ല, ഇന്ത്യ എന്നാൽ തന്ത്ര, മന്ത്ര, കാമസൂത്ര കോക്​ടെയ്​ലാണെന്ന പഴയ ധാരണ ഇന്നവർക്കില്ല. നമ്മുടെ രാജ്യത്തുള്ള പലരേയും കാൾ നന്നായി ഇന്ത്യൻ ദർശനങ്ങളും കലകളും അറിയുന്നവർ പല വിദേശസമൂഹങ്ങളിലുമുണ്ട്.''

തുറന്നിട്ട മനസ്, അഭ്യാസബലം, പ്രതിഭ... ഇതൊക്കെ വച്ച് ഭംഗിയായി വിനിമയം ചെയ്തതുകൊണ്ട് ഒരാൾ ജീനിയസാകുന്നില്ല. നവീകരണങ്ങളിലൂടെ നിരന്തരം സ്വയം പരീക്ഷിക്കണം. അങ്ങനെ പുതുമയുടെ സൃഷ്ടികർമിയാകണം. അക്കാര്യത്തിൽ രവിശങ്കറിന്റെ രീതി സരളമായിരുന്നു. ഭദ്രലോക് സംസ്‌കാരത്തിന്റെ പതിവുമട്ടുവിട്ട് പണ്ഡിറ്റ് വക്കീലിന്റെ മകൻ സിത്താറെടുക്കുന്നതിൽ അതിന്റെ തത്വരഹസ്യമുണ്ട്. ഒരു വ്യക്തിത്വത്തെ തഴഞ്ഞ് മറ്റൊന്നിനെ സ്വയം വരിക്കുന്ന ഒരു പകർന്നാട്ടം. സംഗീതജ്ഞൻ എന്ന നിലയ്ക്ക് രവിശങ്കർ പാടേ കാലികമായ ഒരു ടോൺ രൂപപ്പെടുത്തി, അതിനെ രാകിയൊരുക്കി. ആഴത്തിലും മധുരിമയിലും ഒഴുകുന്ന വാദനത്തിലൂടെ ആ രൂപം പുറത്തുവരിക മാത്രമായിരുന്നില്ല, വാദനം തന്നെ ആ രൂപമാവുകയായിരുന്നു.
ഓർക്കണം, ഒച്ചപ്പെടുത്തലും വാചിക സംഗീതാത്മകതയും കൂടിക്കൂടി വരുന്ന നാഗരിക കാലത്താണ് കാലികതയിൽ നിന്ന് പുറത്തായിപ്പോകാത്ത ഇത്തരമൊരു ടോൺ അദ്ദേഹം ഇന്ത്യൻ സംഗീതത്തിനു പകർന്നത്. ഒരാധുനിക മനുഷ്യൻ എന്ന നിലയിൽ തന്റെ സംഗീതത്തിന്റെയും ഉപകരണമാധ്യമത്തിന്റെയും പൈതൃകസത്ത ഖനനം ചെയ്തുതന്നതിലാണ് അദ്ദേഹത്തിന്റെ മഹത്വമിരിക്കുന്നത്. ആ സംഗീതത്തിന്റെ വേരുകൾ ധ്രുപദിലും സിത്താറിന്റേത് വീണയിലുമാണെന്ന് വിരൽതൊട്ടു കാട്ടിത്തന്നപ്പോൾ നമ്മൾ പറഞ്ഞു, ഹാ! ഘോരകാഠിന്യങ്ങൾ ആയാസരഹിതമാവുക പെരുന്തച്ചന്മാരുടെ കയ്യിലാണ്. നീരൊഴുക്കിൽ ഉടവാൾ വീഴ്​ത്തുംപോലെ ആ സിത്താർ ഉതിർക്കുന്ന നാദവീചിയിൽ മയങ്ങിയുണരുമ്പോൾ ആർക്കും തോന്നും, ഇതെത്ര എളുപ്പമെന്ന്. അങ്ങനെ ആർക്കും തോന്നിക്കുന്നിടത്താണ് നമ്മൾ നീരൊഴുക്കും അയാൾ ജീനിയസുമാവുക.

ഒരു ശാസ്ത്രീയ പൈതൃകത്തിന്റെ ധാരാവാഹിയായിരിക്കെത്തന്നെ മറ്റു സംഗീത പാരമ്പര്യങ്ങളുടെ വൈവിധ്യത്തിലേയ്ക്കും സമ്പന്നതയിലേക്കും മനസ് തുറന്നിട്ടതുകൊണ്ട് കൂടിയാണ് രവിശങ്കർ സദാ "പുതിയ' സംഗീതജ്ഞനായത്.

- എങ്ങനെയാണ് സിത്താർ ഇങ്ങനെ വഴങ്ങിയത്?""രണ്ടു കൊല്ലമെടുത്തു. ഒന്നാമത്തെ പ്രശ്‌നം സിത്താർ പിടിച്ചുള്ള ഇരിപ്പുതന്നെ. അത് നട്ടെല്ലിനുള്ളിലെ നാഡിക്ക് ചേരുന്നതല്ല. ഒരു കാൽ പിരിച്ച് മറ്റേ കാലിനു കുറുകെയുള്ള ആ ഇരിപ്പ്. പിന്നെ, സ്റ്റീൽകമ്പിയിൽ വിരലുകൾ ഉരഞ്ഞുകീറും, ചോര പൊടിയും. നല്ല വേദനയാണ്. അതു സഹിച്ചുവേണം റിയാസ്. 14 മണിക്കൂർ പഠിപ്പും റിയാസുമായി കഴിയും. അങ്ങനെ വിരലുകളിൽ തഴമ്പുവരും. അതുകഴിഞ്ഞാൽ വേദനയുണ്ടാവില്ല. റിയാസ് നിർത്തിയാൽ എല്ലാം പഴയപടിയാവും. വീണ്ടും ആദ്യം തൊട്ടുതുടങ്ങണം.''

- വായ്പ്പാട്ടുകാരന് മനസിന്റെ സ്വാതന്ത്ര്യമുണ്ട്. ഉള്ളിൽപാടിയാലും ഉപകരണത്തിൽ അത് അതേവിധം വരാൻ ആ സ്വാതന്ത്ര്യം പോര. എന്താണ് വാദകന്റെ പക്ഷം?""അധ്വാനം ഇരട്ടിയാണെന്നു തോന്നാം. മനസിലുള്ളത് ഉപകരണത്തിൽ വരണം. സത്യത്തിൽ, പാടുന്നയാൾ ശരീരത്തിലെ പല ഉപകരണങ്ങളെ ആശ്രയിക്കുന്നുണ്ട്. ശ്വാസകോശം, വോക്കൽ കോഡ്, നാവ്, നാസിക... അവയുടെ സ്ഥാനത്ത് പുറത്തുനിന്ന് ഒരുപകരണം വരുന്നേയുള്ളൂ. ശീലംകൊണ്ട് ശരീരത്തിന്റെ ഭാഗമാകും. മനസ് നിയന്ത്രിക്കുന്നിടത്ത് ശരീരം വരുന്നപോലെ ഈ ശരീരവും വന്നുകൊള്ളും. അതെനിക്ക് ശരീരം തന്നെയാണ് വിരലുകൾ ഓടുന്നത് അതിന്റെ മീതെയാണ്. എനിക്കത് ഞാൻ പാടുന്നപോലെയാണ്.''

ഒരു മനുഷ്യൻ നവോത്ഥാരകനാവുക അയാൾക്ക് പുതിയ പാരമ്പര്യങ്ങൾ സൃഷ്ടിക്കാൻ കഴിയുമ്പോഴാണ്. ഒരു ശാസ്ത്രീയ പൈതൃകത്തിന്റെ ധാരാവാഹിയായിരിക്കെത്തന്നെ മറ്റു സംഗീത പാരമ്പര്യങ്ങളുടെ വൈവിധ്യത്തിലേയ്ക്കും സമ്പന്നതയിലേക്കും മനസ് തുറന്നിട്ടതുകൊണ്ട് കൂടിയാണ് രവിശങ്കർ സദാ "പുതിയ' സംഗീതജ്ഞനായത്. രവിശങ്കർ ബാണി എന്നൊന്ന് തരപ്പെടുത്തിയില്ല. പക്ഷെ മെയ്ഹാർ ഖരാനയുടെ ലാവണ്യവും "തന്ത്രകാരി'യുടെ സ്ഫടികശുദ്ധിയും കൊണ്ട് അദ്ദേഹം ചില സ്വകീയ തച്ചുകളൊരുക്കി. ഹിന്ദുസ്ഥാനിവൃന്ദത്തെ ആലാപരാശിയിലേക്ക് അവതരിപ്പിച്ചതാണ് അദ്ദേഹം ശാസ്ത്രീയ സംഗതകലയ്ക്ക് നൽകിയ ഏറ്റവും വലിയ സംഭാവന.
നമ്മൾ വാക്കുകൊണ്ട് ​പേശും പോലെ അദ്ദേഹം രാഗത്തെ വിനിമയം ചെയ്തു. രാഗത്തോട് വിനിമയം ചെയ്തു."പണ്ഡിറ്റ്ജി രാഗം ആലപിക്കുകയല്ല, അതിനോട് കുശലം പറയുകയാണ്'; ജസ്‌രാജ് വീൺവാക്കു പറയാറില്ല.
ഖരാനദാർഢ്യങ്ങളുടെ ആഴങ്ങളിൽ ഈ പണിയൊപ്പിക്കുന്നയാൾ തന്നെയാണ് മെനൂഹിനും റാംപാലിനും പാകോ ഡി ലൂസിയക്കുമൊപ്പം, അല്ലെങ്കിൽ വേണ്ട പാശ്ചാത്യവയലിനും സ്പാനിഷ് പുല്ലാങ്കുഴലിനും ഫ്‌ളാമെംഗോ ഗിറ്റാറിനുമൊപ്പം തന്റെ കൊച്ചു തന്ത്രിപ്പെട്ടകവും വച്ച് ലോകത്തിന് സാമസംഗീതമൊരുക്കിയത്. യഥാർത്ഥത്തിൽ ഇന്ത്യൻ സംഗീതത്തെ പടിഞ്ഞാറിന് അവതരിപ്പിക്കുകയായിരുന്നില്ല, പടിഞ്ഞാറുനിന്ന് ഇന്ത്യൻ സംഗീതത്തെ ലോകത്തേയ്ക്ക് വിക്ഷേപിക്കുകയായിരുന്നു അദ്ദേഹം. ആ വഴിക്ക് ഹിന്ദുസ്ഥാനി കാലികമായി. ഇത്രയൊക്കെ ചെയ്തയാൾ തൃപ്തനാണോ?

""മനസുകൊണ്ട് ഇന്നും ഞാൻ ചെറുപ്പക്കാരനാണ്. ചെയ്യാൻ ഇനിയും പലതുമുണ്ടെന്ന തോന്നൽ. പല സംഗീതാശയങ്ങൾ മനസിലുണ്ട്. പക്ഷെ അതെല്ലാം ചെയ്യാൻ ക്ഷയിക്കുന്ന ഈ ശരീരം അനുവദിക്കുന്നില്ല.''

- അതുകൊണ്ടാണോ അടുത്തകാലത്തായി വാദനത്തിൽ ഒരു ലളിതവത്കരണം വരുത്തിയത്?""അല്ല. ഈ പ്രായത്തിൽ എനിക്ക് വളരെയൊന്നും തെളിയിക്കാനില്ല. കടുത്ത നിഷ്ഠകളുള്ള ജീവിതമായിരുന്നു. ഇപ്പോൾ സ്വതന്ത്രനാണ്. കൂടുതലായി വായിക്കുന്നതിൽ പ്രത്യേക സുഖമൊന്നും കിട്ടുന്നില്ല. സംഗീതത്തിൽ നിന്ന് എന്നെ വേർതിരിച്ചു നിർത്തിയിരുന്ന ആ നേർത്ത പാളി പോയ്ക്കഴിഞ്ഞു. ഞാൻ തന്നെ സംഗീതമാകുന്നു എന്ന തോന്നലുണ്ട്. എത്ര മനോഹരമാണീ സ്വാതന്ത്ര്യം.''

പ്രിയശിഷ്യന് മകളെ വെറും 14ാം വയസിൽ മംഗലം ചെയ്തുകൊടുക്കുമ്പോൾ ബാബ, അലാവുദ്ദീൻ ഖാൻ ഒന്നേ പറഞ്ഞുള്ളൂ- മെയ്ഹാറിന്റെ ശുദ്ധി കളങ്കപ്പെടരുത്. അന്നപൂർണ വാക്ക് പാലിച്ചു. പ്രിയതമനുവേണ്ടി മതംമാറി ഹിന്ദുവായി, മെയ്ഹാറിന്റെ ശുദ്ധിയിൽ കടുകിടെ മാറിയില്ല.

അനുപല്ലവി

സൂര്യതേജസുള്ള രവിശങ്കർ കഥയിലെ കറുത്തപാട്.
അതാണ് അന്നപൂർണ ദേവി. മുംബൈ വാർഡൻ റോഡിലെ ഒരിക്കലും "തുറക്കാത്ത' അപ്പാർട്ട്‌മെൻറിൽ മെയ്ഹാർ ഖരാനയുടെ ശാരികപ്പൈതൽ ഏതോ ഗോഥിക് നാടകത്തിലെ ദുരന്തനായികയെപ്പോലെ മാഞ്ഞുപോയി. പ്രിയശിഷ്യന് മകളെ വെറും 14ാം വയസിൽ മംഗലം ചെയ്തുകൊടുക്കുമ്പോൾ ബാബ, അലാവുദ്ദീൻ ഖാൻ ഒന്നേ പറഞ്ഞുള്ളൂ- മെയ്ഹാറിന്റെ ശുദ്ധി കളങ്കപ്പെടരുത്.
അന്നപൂർണ വാക്ക് പാലിച്ചു. പ്രിയതമനുവേണ്ടി മതംമാറി ഹിന്ദുവായി, മെയ്ഹാറിന്റെ ശുദ്ധിയിൽ കടുകിടെ മാറിയില്ല. അത് അറിയപ്പെടുന്ന വൃത്താന്തം, ശേഷിക്കുന്നത് കഥകൾ. സംഗീതത്തിൽ അന്നപൂർണ, സഹോദരൻ അലി അക്ബറിനെയും ഭർത്താവ് രവിശങ്കറിനെയുും വെല്ലുന്ന മഹാപ്രതിഭയാണെന്ന് വൈകാതെ തെളിഞ്ഞുവന്നു. രവിശങ്കറിൽ അവർക്കൊരു കുഞ്ഞുപിറന്നു- ശുഭേന്ദ്ര. രവിശങ്കർ അപ്പോഴേക്കും പടിഞ്ഞാറേയ്ക്ക് ചേക്കേറി. പൊതുപരിപാടികളിൽ നിന്നൊഴിഞ്ഞ് മകന് സംഗീതശിക്ഷണം നൽകുന്നതിൽ മാത്രം മനസർപ്പിച്ച് അന്നപൂർണ മുംബൈയിലും. വൈകാതെ രവിയുടെ മറ്റു ബന്ധങ്ങളറിയുന്നു, അവർ കൂടുതൽ ഉൾവലിയുന്നു. ഒടുവിൽ 1981ൽ ബന്ധം പിരിയുന്നു.

അന്നപൂർണ ദേവി / Photo: Sangeet Natak Akademi Archives

പിന്നീട് കൗമാരം പിന്നിട്ട മകനെ അച്ഛൻ വന്ന് അമേരിക്കയിലേക്ക് കൂട്ടുന്നു. അവന്റെ സംഗീതാഭ്യാസനം പഴയ ദമ്പതികൾക്കിടയിൽ കൂടുതൽ വിയോജിപ്പുകളുയർത്തുന്നു. അതിനിടെ ചരസിനടിപ്പെട്ട മകൻ അകാലത്തിൽ മരിക്കുന്നു- സംഗീതജ്ഞൻ എന്ന നിലയിൽ അച്ഛന്റെ അകമ്പടി സേവക്കപ്പുറം സ്വന്തമായൊന്നുമാകാതെ; ഈ രണ്ടു ദുരന്തങ്ങൾക്കും അന്നപൂർണ ഒരിക്കലും രവിക്ക് മാപ്പുകൊടുത്തിട്ടില്ലെന്ന് അവരുടെ ജീവചരിത്രം (An Unheard Melody- Swapan Kumar Bandhopadhyaya/ Rohith Books) വെളിവാക്കുന്നുണ്ട്. പിന്നീട് തന്റെ ശിഷ്യൻ കൂടിയായ മാനേജ്‌മെൻറ്​ കൺസൽട്ടൻറ്​ റൂഷികുമാർ പാണ്ഡ്യയെ വിവാഹം കഴിച്ച അവർ വീടുവിട്ടിറങ്ങിയിട്ടേയില്ല. ശിഷ്യത്വം ലഭിക്കാൻ ഭാഗ്യമുണ്ടായ അപൂർവം ചിലർക്കു മാത്രം നിയന്ത്രിത പ്രവേശനം, അതും ഒറ്റയ്‌ക്കൊറ്റയ്ക്കു മാത്രം. എന്നെങ്കിലുമൊരുനാൾ പുറത്തുവന്ന് ഒരു കച്ചേരിയെങ്കിലും ചെയ്യുമെന്ന് മോഹിച്ചവർ നിരാശരായി.

91ാം വയസിൽ (2018) ബീച്ച് കാൻഡി ആശുപത്രിയിലേയ്ക്കുള്ള ഒരേയൊരു പുറംയാത്ര അന്ത്യയാത്രയാവുകയും ചെയ്തു. ലോകത്തിന് ഏറെക്കുറെ അദൃശ്യമായിരുന്ന "ഗുരുമാ' യെപ്പറ്റി ഒരു കൊല്ലം മുമ്പ് ഒരു ഡോക്യുമെന്ററി വന്നു. അതിന്റെ സംവിധായകൻ നിർമൽ ചന്ദർ ഒരുവട്ടം പോലും കണ്ടിട്ടില്ല, അന്നപൂർണയെ. അവർ ജീവിച്ചിരിക്കെതന്നെ വാർഡൻ റോഡിലെ വീടകം ഷൂട്ട് ചെയ്യാൻ ശിഷ്യപ്രമുഖരിലൊരാളുടെ സ്‌നേഹ സമ്മർദ്ദംമൂലം "ഗുരു മാ' സമ്മതിക്കുകയായിരുന്നു. ഷൂട്ടിംഗിനിടയിൽ ഒരിക്കൽപ്പോലും അവർ മുറിവിട്ടുവന്നില്ല. ഡോക്യുമെന്ററിയിൽത്തന്നെ 13ാം മിനിറ്റിലുള്ള ഒരു ചെറുഷോട്ടിൽ മാത്രമാണ് കേന്ദ്രകഥാപാത്രത്തെ കണ്ടുകിട്ടുക- പണ്ടെങ്ങോ ബാബയെക്കുറിച്ചുള്ള ഹ്രസ്വചിത്രത്തിനു നൽകിയ ചുരുങ്ങിയ വാക്കുകൾ.

രവിശങ്കർ പോയി, ആറാണ്ടു കഴിഞ്ഞ് അന്നപൂർണയും.
രണ്ടുപേരുകൾ ബാക്കിയാവുന്നു. ഒന്ന്, മെയ്ഹാറിന്റെ ശുദ്ധി കളങ്കപ്പെടുത്താതെ സ്വയം മായ്ച്ചുകളഞ്ഞ ഒരു മഹാപ്രതിഭ. രണ്ട്, അന്നപൂർണ എന്ന പേരുച്ചരിക്കുന്ന മാത്രയിൽ മൗനിയായിപ്പോകുന്ന വിനിമയങ്ങളുടെ ഉസ്താദ്. "ബൈരാഗി'യും "നട്‌ഭൈരവി' യും സൃഷ്ടിച്ച അതേയാൾ.
അത്ഭുതംവേണ്ട, ജീനിയസ് സദാ മിശ്രഭിന്നമാണ്.

കഴിഞ്ഞ അരനൂറ്റാണ്ടിൽ സാംസ്‌കാരികമായ അതിരുകൾ ഭേദിക്കുന്ന ആസ്വാദനമുളവാക്കിയ സംഗീതസൃഷ്ടിയിൽ മിക്കതും സങ്കരവൈവിധ്യം പേറുന്ന രചനകളാണ്.

ശിഷ്ടം

ന്ന് നമ്മുടെ കാതുകൾ വെറും അരനൂറ്റാണ്ടുമുമ്പ് സങ്കല്പിക്കാനാവാത്തത്ര നാദവൈവിധ്യം അനുഭവിക്കാൻ തക്ക സ്വാതന്ത്ര്യം നേടിയിരിക്കുന്നു. ഏതു സ്വാതന്ത്ര്യവും മനുഷ്യന്റെ ശേഷിവികാസം കൂടിയാണെന്നു മറക്കരുത്. ഈ ശ്രവണവികാസത്തിൽ മിശ്രാനുഭവങ്ങൾക്കുളള്ള വയലേല വിസ്തൃതമായി, ലാവണ്യാനുഭൂതിയുടെ ചക്രവാളം വിപുലമായി. എങ്ങനെയാണീ പരിണാമം സംഭവിച്ചത്?

മുമ്പ്, എല്ലാത്തരം സംഗീതക്കാരും ഇതരസംഗീത പാരമ്പര്യങ്ങളോട് ഏറെക്കുറെ ഉദാസീനമായാണ് പെരുമാറിയിരുന്നത്. മനസുകൊട്ടിയടച്ച മാമൂൽപ്രിയരെ വിടാം, മറ്റുള്ളവരുടെ ഉദാസീനതയെപ്പറ്റിയാണ്: അതും കൊള്ളാം, ഇതും കൊള്ളാം, എല്ലാം സംഗീതമല്ലേ എന്നിങ്ങനെയുള്ള ഭംഗിവാക്ക്. അതുമല്ലെങ്കിൽ സംഗീതപര്യവേഷണത്തിന്റെ സ്ഥാനത്ത് വെറുതെ പല ജനുസുകളിലൂടെയുള്ള ഓട്ടപ്രദക്ഷിണം. എന്നിട്ടും, കഴിഞ്ഞ അരനൂറ്റാണ്ടിൽ സാംസ്‌കാരികമായ അതിരുകൾ ഭേദിക്കുന്ന ആസ്വാദനമുളവാക്കിയ സംഗീതസൃഷ്ടിയിൽ മിക്കതും സങ്കരവൈവിധ്യം പേറുന്ന രചനകളാണ്. അതിപ്പോ, ഹെൻറി ത്രെഡ്ഗിലിന്റെ ഫ്രീ- ജാസാവട്ടെ, ഓസ് മ്യൂട്ടൻസിന്റെ ബ്രസീലിയൻ റോക്കാവട്ടെ, ബ്യൂർകിന്റെ എക്ലെക്​റ്റിക്​ സൗണ്ട് സ്‌കേപ്പാവട്ടെ, അതല്ല RZAയുടെ ശിഥില താളക്രമമാവട്ടെ. വ്യത്യസ്ത സംസ്‌കാരങ്ങളിൽ അവയ്‌ക്കൊക്കെ സ്വീകാര്യതയുണ്ടാവുന്നു. വ്യത്യസ്ത സംസ്‌കാരങ്ങളുടെ പ്രകൃത സങ്കലനം എന്ന നിലയ്ക്കുതന്നെ. അങ്ങനെ സാംസ്‌കാരികതയുടെ മതിൽക്കെട്ടുകൾതന്നെ തകരുന്നു. കടപ്പാട് ആർക്കുള്ളതാണ്? രവിശങ്കർ തൊട്ട് ഫിലിപ്പ് ഗ്ലാസ് വരെയുള്ള ആ പഴയ കൂട്ടുകാർക്കു തന്നെ. ഉദാസീനതയ്ക്കും ദുശ്ശാഠ്യങ്ങൾക്കും വഴിപാടുമുറയിലെ ഒത്തുനോട്ടങ്ങൾക്കും അവധി കൊടുത്ത്, ഒന്നിച്ചിരുന്നു "മുഷിയാൻ' ആദ്യം ഒരുമ്പെട്ടത് അവരാണല്ലോ. അതുകൊണ്ട് ലോകത്തിന് ഒന്നിച്ചിരുന്നു കേൾക്കാൻ പറ്റിയ പാട്ടുകളുണ്ടായിത്തുടങ്ങി.

യെഹൂദി മെനൂഹിൻ, റാംപാൽ, ഹാരിസൺ, റോസ്ട്രോപോവിഷ്, ഫിലിപ് ഗ്ലാസ്... രവിശങ്കറിന്റെ സിത്താർ ഇണ ചേർന്ന സംഗീതജ്ഞർ ഓരോന്നും ഓരോ ജനുസ്. അങ്ങനെയുണ്ടായ നവരചനകളെപ്പറ്റി തിരക്കിയപ്പോൾ രവിശങ്കർ പറഞ്ഞു: ‘‘‘മറ്റുള്ളവരുടെ പാരമ്പര്യശൈലിയുമായി' പരീക്ഷണത്തിൽ ഏർപ്പെടുകയെന്നത് എല്ലാ സംഗീതജ്ഞരും ശ്രമിക്കേണ്ട പ്രധാനകാര്യമാണ്. സൂക്ഷിക്കണം, സ്വന്തം അടിത്തറ ഇളകരുത്. ഫിലിപ് ഗ്ലാസിനൊപ്പം ചെയ്തത് ഒരു പ്രത്യേക രീതിയിലായിരുന്നു. അദ്ദേഹത്തിന്റെ രണ്ടുവരി തരും, ഇഷ്ടമുള്ളത് ചെയ്യാൻ എന്നോടു പറയും. ഞാനും തിരിച്ചങ്ങനെ തന്നെ ചെയ്യും. അന്ന് ഞാനുപയോഗിച്ചത് മിക്കവാറും ഇന്ത്യൻ സംഗീതോപകരണങ്ങളായിരുന്നു. അദ്ദേഹം തന്നെ വ്യത്യസ്ത സംഗീതഘടനകളും നമ്മുടെ രാഗങ്ങളും ചേർത്തപ്പോൾ ആകപ്പാടെ ആനന്ദകരമായ ഒരു മാറ്റം അനുഭവപ്പെട്ടു. വാസ്തവത്തിൽ, സ്വന്തം സംഗീതത്തിന്റെ ശേഷി മനസിലാക്കാനുള്ള ശ്രമമാണ് രണ്ടുകൂട്ടരും നടത്തിയത്. ഒന്ന് മറ്റൊന്നിനോടു മത്സരിക്കുകയായിരുന്നില്ല. വ്യത്യസ്ത അർത്ഥമാനങ്ങളുള്ള വ്യത്യസ്ത സംഗീതപദ്ധതികൾ അടുത്തിരുന്ന് സ്‌നേഹം പങ്കിടുകയായിരുന്നു.''

സകല അതിരും ഭേദിച്ചുള്ള ഇമ്മാതിരി പ്രണയത്തിന് പിന്നണി പലതുണ്ടാവാം. ഓസ് മ്യൂട്ടൻസിന്റേത് ഒരുശിരൻ പ്രതിഷേധക്കാറ്റ് (ട്രോപിക്കാലിയ) ഉലയൂതിയ പ്രണയാഗ്നിയാണ്. ബ്യൂർകിന്റേത് ഭിന്നനാദസംസ്‌കൃതികളുടെ സത്തയൂറ്റിയ ആഴിമഥനമാണ്. ഫിലിപ് ഗ്ലാസിന്റെ മിനിമൽ ക്ലാസിസിസത്തോട് പണ്ഡിറ്റ്ജിയുടെ പൂർവികല്യാൺ കുശലം പറഞ്ഞപ്പോൾ "പാസേജ്' ഉണ്ടായി- മറ്റൊരു പ്രണയവിത്ത്. ചുരുക്കിയാൽ, ഈ ആദ്യകമിതാക്കളുടെ പ്രണയകവിതയാണ് ഇന്നു നാം അതിരുകൾ ഭേദിക്കുന്ന സ്വാതന്ത്ര്യമായി കാതുകൊണ്ട് കൊയ്‌തെടുക്കുന്നത്. ▮


വിജു വി. നായർ

മാധ്യമപ്രവർത്തകൻ. രതിയുടെ സൈകതഭൂവിൽ, മാറുന്ന മലയാളി യൗവനം, ഉച്ചിക്ക്​ മറുകുള്ളവന്റെ ഉപനിഷത്ത്​, ജീനിയസ്സിന്റെ തന്മാത്രകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments