വികസനത്തിൻ്റെ ഗുണഫലമനുഭവിക്കുന്ന നഗരങ്ങളിലെ സമ്പന്ന മനുഷ്യരുടെ വീക്ഷണകോണിൽ നിന്നുള്ള പരിസ്ഥിതി ശാസ്ത്രത്തിൻ്റെ അക്കാദമിക സ്വഭാവമുള്ള ജ്ഞാന ശാഖയെ മോചിപ്പിച്ച്, വികസനത്തിൻ്റെ പാരിസ്ഥിതിക ദുരന്തം ഏറ്റുവാങ്ങുന്നതും പരിസ്ഥിതിയെ ആശ്രയിച്ച് ജീവിക്കുന്നവരുമായ ഗ്രാമീണരുടെയും പാരിസ്ഥിതിക ദുരന്തത്തിൽ അഭയാർത്ഥികളായി നഗരങ്ങളിൽ കുമിഞ്ഞ് കൂടുന്ന ജനവിഭാഗങ്ങളുടെയും കണ്ണിലൂടെ പരിസ്ഥിതി ശാസ്ത്രത്തിന് പുതിയ ജ്ഞാനോദയം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ഗാഡ്ഗിൽ.
ആധുനിക ശാസ്ത്രകണ്ടുപിടുത്തങ്ങളെ ഗ്രാമീണരുടെ നാട്ടറവിൻ്റെ അരിപ്പയിലൂടെ പരിശോധിച്ച് പരിസ്ഥിതി ശാസ്ത്രത്തിൻ്റെ ജ്ഞാനശാഖയ്ക്ക് അദ്ദേഹം പുതിയ ഭാവുകത്വം നൽകി. വികസനമാതൃക മേലെതട്ടിൽ നിന്ന് അടിച്ചേൽപ്പിക്കുന്നതിനുപകരം, താഴെ തട്ടിൽ നിന്ന് ജനങ്ങളുടെ തീരുമാനങ്ങൾക്കുകൂടി പങ്കാളിത്തം നൽകി, മേലോട്ട് ഉയരുന്ന രീതിയിലുള്ള ഹരിതസമീപനത്തിനുവേണ്ടി നിലകൊണ്ട ശാസ്ത്രജ്ഞനാണ് അദ്ദേഹം.

1942 മെയ് 24-ന് പൂണെയിലാണ് മാധവ് ധനഞ്ജയ ഗാഡ്ഗിൽ ജനിച്ചത്. അച്ഛൻ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇന്ത്യൻ പ്ലാനിംഗ് കമ്മീഷൻ ഉപാധ്യക്ഷനും വിതരണത്തിലെ ഗാഡ്ഗിൽ ഫോർമുലയുടെ ഉപജ്ഞാതാവുമായിരുന്ന ധനഞ്ജയ രാമചന്ദ്ര ഗാഡ്ഗിൽ. സഹകരണമേഖലയിൽ ഇന്ത്യയിലെ ആദ്യ പഞ്ചസാര ഫാക്ടറി ആരംഭിച്ചതും ഡോ. ബി.ആർ. അംബേദ്കറുടെ നിർദ്ദേശപ്രകാരം ബോംബെയിലെ മിൽതൊഴിലാളികളുടെ പ്രശ്നത്തെക്കുറിച്ചു പഠിക്കുകയും അവരുടെ സേവന- വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനുള്ള ശിപാർശ നൽകിയതും അംബേദ്കറുടെ സുഹൃത്തുകൂടിയായ രാമചന്ദ്ര ഗാഡ്ഗിലായിരുന്നു. അമ്മ പ്രമീള ജാതിവിരുദ്ധ ഹിന്ദു പുരോഗമന പ്രസ്ഥാനമായിരുന്ന പ്രാർത്ഥനാ സമാജിൽ പ്രവർത്തിച്ചിരുന്നു.
ഇന്ത്യയിലെ വൻകിട വ്യവസായവത്കരണത്തിൻ്റെ ഗുണഫലമനുഭവിക്കാൻ സാധിക്കാത്തതും അതിൻ്റെ ദൂഷ്യങ്ങൾ പേറുകയും ചെയ്യുന്ന ഗ്രാമീണ, അടിത്തട്ട് ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ചെറുപ്രായത്തിലെ അച്ഛനിൽ നിന്ന് മനസ്സിലാക്കാൻ മാധവ് ഗാഡ്ഗിലിന് കഴിഞ്ഞു. അംബേദ്കറുമായുള്ള അച്ഛൻ്റെ സൗഹൃദവും അമ്മയുടെ പ്രാർത്ഥനാസമാജിലെ പ്രവർത്തനവും ചെറുപ്പത്തിൽ തന്നെ ജാതിക്കെതിരായ മനോഭാവം സൃഷ്ടിക്കുന്നതിൽ പങ്കുവഹിച്ചു. അംബേദ്കറുടെ മരണശേഷം ബുദ്ധമത പ്രചാരണപ്രവർത്തനങ്ങൾ ഏറ്റെടുത്തത് അച്ഛനായിരുന്നു. കുടുംബത്തിലെ ബൗദ്ധ അന്തരീക്ഷവും മഹാത്മാ ഫുലെ, സാവിത്രി ബായ് ഫുലെ എന്നിവരുടെ സാമൂഹിക പരിഷ്കരണങ്ങളും മാധവ് ഗാഡ്ഗിലിൽ സ്വാധീനം ചെലുത്തി. മുത്തച്ഛൻ്റെ സമ്പന്നമായ സംസ്കൃത ഗ്രന്ഥശേഖരവും ഹിന്ദു ദർശനങ്ങളെ പരിചയപ്പെടാനുള്ള സാഹചര്യം ഒരുക്കിയിരുന്നു. ബുദ്ധദർശനങ്ങൾ അദ്ദേഹത്തിൽ വലിയ മതിപ്പുളവാക്കി.

ഗാന്ധിജിയുടെ അധികാര വികേന്ദ്രീകരണം, ഗ്രാമ സ്വരാജ് എന്നീ ആശയങ്ങളും ജെ.സി. കുമരപ്പയുടെ സാമ്പത്തികകാര്യ പരിപാടികളും മാധവ് ഗാഡ്ഗിലിൻ്റെ ആശയപ്രപഞ്ചത്തെ സ്വാധീനിച്ചിരുന്നു. കുടുംബ സുഹൃത്തുക്കളായ പ്രമുഖ നരവംശശാസ്ത്രജ്ഞയായിരുന്ന ഇരാവതി കാർവെയും പക്ഷി നിരീക്ഷകനായ സാലീം അലിയുമാണ് ജനകീയ ഗവേഷകനാവാൻ ഗാഡ്ഗിലിനെ പ്രചോദിപ്പിച്ചത്. അച്ഛൻ്റെയും സാലീം അലിയുടെയും കൂടെയുള്ള ബാല്യകാലത്തെ പക്ഷി നിരീക്ഷണമാണ് പരിസ്ഥിതി ശാസ്ത്രജ്ഞനാകണമെന്ന മോഹം ഉണർത്തിയത്.
പൂണെയിലെ ഫർഗൂസൻ കോളജിലെ ജീവശാസ്ത്ര ബിരുദ പഠനകാലത്തുതന്നെ മഹാരാഷ്ട്രയിലെ പശ്ചിമഘട്ട പ്രദേശങ്ങളിൽ തൻ്റെ അധ്യാപകനായ വി.ഡി. വർത്തക്കിനൊപ്പം ഫീൽഡ് പഠനങ്ങൾ നടത്തിയിരുന്നു. ബിരുദം നേടിയശേഷം മുംബെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മറെെൻബയോളജിയിൽ മാസ്റ്റർ ബിരുദത്തിനു ചേർന്നു. മത്സ്യതൊഴിലാളികളുടെ കൂടെ ജീവിച്ചു കൊണ്ടാണ് ഫീൽഡ് പഠനങ്ങൾ നടത്തിയിരുന്നത്. സാമുദ്രിക ജീവശാസ്ത്രത്തിൽ ശാസ്ത്രജ്ഞനായ ഗിൽസ് മിഡിൻ്റെ കീഴിൽ പിഎച്ച് ഡി പഠനം നടത്താൻ ഹാർവാഡ് സർവ്വകലാശാലയിൽ ചേർന്നു. പിന്നീട് വില്യം ബാെസർട്ടിൻ്റെ കീഴിൽ മാത്തമാറ്റിക്കൽ ഇക്കോളജി & ഫിഷ് ബിഹേവിയർ എന്ന വിഷയത്തിൽ പിഎച്ച് ഡി നേടി.
ബിരുദ പഠനകാലത്ത് പരിചയപ്പെട്ട സഹപാഠി സുലോചന ഫഠക്കുമായുള്ള വിവാഹത്തിനു ശേഷമാണ് രണ്ടുപേരും ഹാർവാഡിൽ ചേർന്നത്. പരേതയായ സുലോചന ഗാഡ്ഗിൽ കാലാവസ്ഥാ ശാസ്ത്രത്തിലെ ഇന്ത്യയിലെ തന്നെ പ്രഥമഗണനീയ ശാസ്ത്രജ്ഞയായിരുന്നു. പരിണാമ ജീവശാസ്ത്രം, ആനുമാനിക ജനസംഖ്യാ ജീവശാസ്ത്രം എന്നീ വിഷയങ്ങളിൽ മാധവ് ഗാഡ്ഗിൽ ഗവേഷണങ്ങൾ നടത്തി.

പരിണാമ പാരിസ്ഥിതിക ശാസ്ത്രത്തിലെ തുല്യതാ കൈമാറ്റങ്ങളെക്കുറിച്ച് ഗണിത ശാസ്ത്രമാതൃകകളെ ആധാരമാക്കിയ ഹാർവാഡിലെ ആദ്യ ഗവേഷണ പ്രബന്ധം മാധവ് ഗാഡ്ഗിലിൻ്റെതാണ്. ഗവേഷണബിരുദം നേടിയശേഷം പാരിസ്ഥിതിക വ്യവസ്ഥയിലെ ഒരു ഘടകം എന്ന നിലയിൽ മനുഷ്യരുടെ പങ്കിനെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങൾ നടത്തി. ഗ്രാമീണരും തദ്ദേശീയരുമായ ജനവിഭാഗങ്ങളുടെ പാരിസ്ഥിതിക വിവേകത്തെ പരിസ്ഥിതി ശാസ്ത്രത്തിൻ്റെ അകക്കാമ്പായി അദ്ദേഹം കണ്ടു. വിശുദ്ധ വനങ്ങൾ അല്ലെങ്കിൽ കാവുകൾ ദൈവ വിശ്വാസത്തേക്കാളേറെ ഒരു സമൂഹത്തിൻ്റെ പാരിസ്ഥിതിക വിവേകവുമായിട്ടാണ് ബന്ധപ്പെട്ടു നിൽക്കുന്നത് എന്ന് പഠനങ്ങളിലൂടെ അദ്ദേഹം പുറത്തുകൊണ്ടുവന്നു.
ഇന്ത്യയിൽ തിരിച്ചെത്തി, പൂണെയിലെ അഗാർക്കർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനായിരുന്ന കാലത്ത് പക്ഷികളിലും ആനകളിലും പ്രാണിവർഗ്ഗങ്ങളിലും അവയുടെ പെരുമാറ്റ രീതികളെക്കുറിച്ച് ഗവേഷണം തുടർന്നു. ആനകളിലെ ലിംഗദ്വൈത്വ (sexual dimorphism) ത്തെക്കുറിച്ചും പക്ഷികളുടെ സാമൂഹിക പെരുമാറ്റത്തെക്കുറിച്ചും വേട്ടാവെളിയന്മാർക്കിടയിലെ അത്ഭുത പ്രതിഭാസങ്ങളെക്കുറിച്ചുമുള്ള പ്രബന്ധങ്ങൾ വലിയ ശ്രദ്ധ പിടിച്ചുപറ്റി.
1973- ൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ സെൻ്റർ ഫോർ തിയററ്റിക്കൽ സ്റ്റഡീസിലെ അന്തർപഠന വിഭാഗത്തിൽ ശാസ്ത്രജ്ഞനായി ചേർന്നു. ബന്ദിപ്പുരിലെ ആനകളെക്കുറിച്ചുള്ള പഠനത്തിൻ്റെ ഭാഗമായി വയനാട്ടിലും മുതുമലയിലും സന്ദർശനം നടത്തി. കർണാടക സർക്കാർ മുളകളെക്കുറിച്ച് പഠിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. മുളങ്കാടുകളെ സംബന്ധിച്ച് പേപ്പർമില്ലുകളെ സഹായിക്കാൻ വനം വകുപ്പ് ഊതിപ്പെരുപ്പിച്ച കണക്കുകൾ സൃഷ്ടിക്കുന്നത് അദ്ദേഹത്തിൻ്റെ പഠനത്തിൽ കണ്ടെത്തി.

1976- 82 കാലത്ത് കർണാടക വന്യ ജീവി ബോർഡംഗമായിരുന്നു. നീലഗിരി സംരക്ഷിത ജൈവമേഖലയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ടു. 1980- ൽ കേന്ദ്ര സർക്കാർ പരിസ്ഥിതിനയം രൂപീകരിക്കുന്നതിനു വേണ്ടിയുള്ള കൂടിയാലോചനകളിൽ ഗാഡ്ഗിലിനെ ഉൾപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് താഴെ തട്ടിലുള്ള ജനങ്ങളുടെ സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളും സമൂഹങ്ങളുടെ ഘടനയും പരിഗണിക്കണമെന്ന അദ്ദേഹത്തിൻ്റെ നിർദ്ദേശം സ്വീകരിക്കപ്പെട്ടു. അതിനായി ആദിവാസികൾ, ഗ്രാമീണർ, കർഷകർ, മത്സ്യബന്ധന സമൂഹങ്ങൾ തുടങ്ങിയവരുമായി വിപുലമായ സമ്പർക്കങ്ങൾ നടത്തി.
സൈലൻ്റ് വാലി പദ്ധതിയെക്കുറിച്ച് പഠിക്കാൻ 1982- ൽ എം.ജി.കെ. മേനോൻ അധ്യക്ഷനായ സമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായിരുന്നു. അതിൻ്റെ ഭാഗമായി അദ്ദേഹം സൈലൻറ് വാലിയിലും മുല്ലപ്പെരിയാറിലും ഫീൽഡ് പഠനങ്ങൾ നടത്തി. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സൈലൻ്റ് വാലി പദ്ധതിക്ക് അനുമതി നിഷേധിക്കപ്പെടുന്നത്. 1992- ൽ കൊങ്കൺ റെയിൽവെയുടെ പരിസ്ഥിതി ആഘാത പഠനം നടത്തിയത് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലായിരുന്നു. സമിതി സമർപ്പിച്ച ബദൽ റൂട്ട് നിർദ്ദേശം അധികൃതർ തളളിക്കളഞ്ഞെതിനെതിരെ അദ്ദേഹം തുറന്നെഴുതി. ഇവരുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് റെയിൽറൂട്ട് തീരുമാനിച്ചത്.
വിവിധ ജനസമൂഹങ്ങൾ മറ്റ് ജനസമൂഹങ്ങളുടെ വിഭവാധികാരത്തിൽ കടന്നുകയറാതെ എപ്രകാരമാണ് വിഭവങ്ങൾ സന്തുലിതമായി ഉപയോഗിക്കുന്നത് എന്ന് മഹാരാഷ്ട്രയിലെ ഇടയർക്കും കർഷകർക്കും ഇടയിൽ നടത്തിയ പഠനം വളരെ ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു. പ്രകൃതിവിഭവങ്ങളുടെ അടിത്തറയിലുണ്ടായ തകർച്ച ജാതിവിഭാഗങ്ങൾക്കിടയിലെ പരസ്പര ബന്ധങ്ങൾ ഇല്ലാതാക്കുകയും ജാതിവ്യവസ്ഥ ഖനീഭവിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഈ പഠനം.

1983-ൽ ബാംഗ്ലൂർ IISc യിലെ പരിസ്ഥിതി ശാസ്ത്ര കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പശ്ചിമഘട്ടത്തെക്കുറിച്ച് പ്രത്യേക പഠനം നടത്തുന്നതിന് നിയോഗിക്കപ്പെട്ടു. 1986- 1990 കാലത്ത് പ്രധാനമന്ത്രിയുടെ ശാസ്ത്ര, സാങ്കേതിക ഉപദേശക സമിതിയിൽ അംഗമായിരുന്നു. 1986- ൽ രാജ്യത്തെ ആദ്യ ബയോസ് ഫിയർ റിസർവ് നീലഗിരിയിൽ സ്ഥാപിച്ചത് അദ്ദേഹമാണ്. കർണാടക ആസൂത്രണ ബോർഡ് അംഗമായിരിക്കെ 1990- ൽ പശ്ചിമഘട്ട വികസന പദ്ധതിയുടെ നടത്തിപ്പ് പരിശോധിക്കാൻ നിയോഗിക്കപ്പെട്ടു. ഇതിനായി അനുവദിക്കപ്പെട്ട ഫണ്ട് പഠനം നടത്താൻ പ്രൊജക്ട് അസിസ്റ്റൻ്റ്മാരെ നിയമിക്കാൻ ഉപയോഗിക്കുന്നതിനു പകരം പശ്ചിമഘട്ട മേഖലയിലെ കലാലയങ്ങളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും നിയോഗിച്ച് അവർക്കായി വിനിയോഗിച്ചു. പ്യൂ ഫൗണ്ടേഷൻ്റെ ഫണ്ട് ഉപയോഗിച്ച് നടത്തിയ പഠനത്തിലും ഇതേ വികേന്ദ്രീകൃതവും പൊതു പങ്കാളിത്തമുള്ളതുമായ മാതൃകയാണ് പിന്തുടർന്നത്.
1992-ലെ റിയോ ഡി ജനീറോ ഭൗമ സമ്മേളനത്തിൻ്റെ ലക്ഷ്യങ്ങളുടെ ചുവടുപിടിച്ച് ജനങ്ങളുടെ ജെെവ വൈവിധ്യപട്ടിക എന്ന നൂതനആശയം ആവിഷ്കരിച്ചു. ജൈവവൈവിധ്യ സംരക്ഷണത്തിന് ഗ്രാമീണ, തദ്ദേശീയ ജനവിഭാഗങ്ങൾക്ക് ഇടപെടാൻ വഴിയൊരുക്കുന്ന പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ ലോകത്തിൽ തന്നെ ആദ്യമാണ്. ഭൗമ സമ്മേളനത്തിൻ്റെ തീരുമാനമനുസരിച്ച് ഇന്ത്യക്ക് ഒരു ജൈവവൈവിധ്യ സംരക്ഷണ നിയമം ഉണ്ടാക്കുന്നതിന് 1998- ൽ എം.എസ്. സ്വാമിനാഥൻ അധ്യക്ഷനായ സമിതിയിൽ അംഗമായിരുന്നു. ഈ സമിതിയാണ് 2002- ൽ പാസ്സാക്കിയ നിയമം തയ്യാറാക്കിയത്. താൻ ചെയർമാനായിരുന്നെങ്കിലും ജൈവ വൈവിധ്യ സംരക്ഷണ നിയമം മാധവ് ഗാഡ്ഗിലിൻ്റെ സൃഷ്ടിയാണെന്ന് സ്വാമിനാഥൻ പിന്നീട് പറഞ്ഞിരുന്നു. ജൈവവൈവിധ്യ പരിപാലനം ജനങ്ങളെ ഏൽപ്പിക്കുന്നതിന് സഹായകരമായി നിയമപരമായ അധികാരമുള്ള ജനകീയ പരിപാലന സമിതികൾ രൂപീകരിക്കണം എന്ന നിർദ്ദേശം നിയമത്തിൽ ചേർത്തത് ഗാഡ്ഗിലിൻ്റെ താല്പര്യപ്രകാരമായിരുന്നു.
2006- ലെ വനാവകാശ നിയമത്തിൻ്റെ സൃഷ്ടിയിലും ഗാഡ്ഗിൽ മുഖ്യപങ്ക് വഹിച്ചു. വനപരിപാലനത്തിൽ ആദിവാസികൾക്കും വനഗോത്രങ്ങൾക്കും നിയമപരമായ അവകാശവും അധികാരവും ലഭിക്കുന്നതിന് ഇത് വഴിയൊരുക്കി. അതുപോലെ നടീൽ വസ്തുക്കളിൻമേൽ കർഷകർക്ക് അധികാരം ലഭിക്കുന്ന 2001- ലെ പ്ലാൻ്റ് വറൈറ്റീസ് നിയമം തയ്യാറാക്കിയ സമിതിയിലും അംഗമായിരുന്നു.

ഇന്ത്യൻ ഭരണഘടനയിൽ അവഗണിക്കപ്പെട്ട ഗ്രാമീണരും തദ്ദേശീയരുമായ ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തമെന്ന തത്വം പ്രാവർത്തികമാക്കുന്നതിനുള്ള പരിശ്രമം ഈ നിയമങ്ങൾ ആവിഷ്കരിക്കുന്നതിൽ മുഖ്യപങ്കാളിത്തം വഹിച്ചുകൊണ്ട് അദ്ദേഹം നടത്തി. കൊളോണിയൽ കാലത്ത് ജനങ്ങൾക്ക് നഷ്ടപ്പെട്ട വിഭവങ്ങളിൻമേലുള്ള അധികാരം തിരികെ പിടിക്കുന്നതിന് ജനങ്ങളെ പ്രാപ്തമാക്കുന്ന വിപ്ലവകരമായ നീക്കങ്ങൾ എന്ന നിലയിൽ ഇത് ശ്രദ്ധേയമാണ്. പി.ബി.ആർ തയ്യാറാക്കുന്നതിൽ ജനങ്ങൾക്കിടയിൽ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കാൻ അദ്ദേഹം വ്യക്തിപരമായി തന്നെ മുന്നിട്ടിറങ്ങി. വനാവകാശനിയമപ്രകാരം മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലെ 1000 ഏക്കറോളം വനഭൂമിയുടെ പരിപാലനത്തിനുള്ള അവകാശം നേടിയെടുക്കാൻ അദ്ദേഹം ഗോത്ര വിഭാഗങ്ങളിലെ ചെറുപ്പക്കാരെ പ്രാപ്തമാക്കി.
1998 മുതൽ 2002 വരെ ഐക്യരാഷ്ട്ര സംഘടനയുടെ ആഗോള പാരിസ്ഥിതിക ഉപദേശക സമിതിയുടെ ചെയർമാനായി നിയമിതനായി. ദേശീയ കടുവാ സംരക്ഷണസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിൽ പാരിസ്ഥിതിക വിദ്യാഭ്യാസത്തിനുള്ള പാഠ്യപദ്ധതി തയ്യാറാക്കാനുള്ള ഉപദേശക സമിതിയുടെ ചെയർമാനായിരുന്നു.
ഈ അനുഭവപരിചയവും സ്തുത്യർഹമായ സേവന പാരമ്പര്യവും കണക്കിലെടുത്താണ് 2010-ൽ പശ്ചിമഘട്ട സംരക്ഷണത്തിന് മാർഗനിർദ്ദേശം നൽകാൻ രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നിരവധി ഫീൽഡ് പഠനങ്ങൾ, ആദിവാസികളും, കർഷകരും, മത്സ്യ ബന്ധന വിഭാഗങ്ങളും ഉൾപ്പെടെയുള്ളവരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയാണ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് എന്നറിയപ്പെടുന്ന റിപ്പോർട്ട് സമർപ്പിച്ചത് (Western Ghats Ecology Panel- WGEEP- Report). ഗ്രാമസഭകൾക്ക് വികസന പ്രവർത്തനം തീരുമാനിക്കാനുള്ള അധികാരപങ്കാളിത്തം ലഭിക്കുന്ന രീതിയിലാണ് പശ്ചിമഘട്ട മേഖലയിലെ പരിപാലനം നിർദ്ദേശിക്കപ്പെട്ടത്.
2024-ൽ ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യൻ ഓഫ് എർത്ത് അവാർഡ്, 2023-ൽ പ്രഥമ പി.ടി.തോമസ് ഫൗണ്ടേഷൻ അവാർഡ്, 2015-ൽ ടൈലർ പ്രൈസ്, 2014-ൽ ജോർജസ്ക്യു - റീജൻ അവാർഡ്, 2007-ൽ എഛ്.കെ. ഫിറോഡിയ അവാർഡ്, 2006-ൽ പത്മഭൂഷൺ, 2003-ൽ വോൾവോ എൻവയോൺമെൻ്റ് പ്രൈസ്,-2002-ൽ ഹാർവാഡ് സെൻ്റിനിയൽ മെഡൽ, 1990-ൽ വിക്രം സാരാഭായി അവാർഡ്, 1986-ൽ ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ്, 1983-ൽ രാജ്യോത്സവ പ്രശസ്തി, 1981-ൽ പത്മശ്രീ, ഈശ്വര ചന്ദ്ര വിദ്യാസാഗർ അവാർഡ് എന്നീ ബഹുമതികൾ അദ്ദേഹം നേടിയിട്ടുണ്ട്.
