ഏറ്റവും പ്രശസ്തനായ
ആ തടവുകാരന്റെ ജയിലറയിൽ…

റോബൻ അയലൻഡ് ഒരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നെന്ന് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. അതേക്കുറിച്ച് പല ചർച്ചകളും നടത്തി. ഒടുവിൽ മണ്ടേലയടക്കമുള്ള നിരവധി രാഷ്ട്രീയത്തടവുകാരെ തീർത്തും മനുഷ്യത്വഹീനമായ വിധത്തിൽ പാർപ്പിച്ച ആ ജയിലറകൾ രാഷ്ട്രത്തിന്റെ പൈതൃകസ്വത്തായി പ്രഖ്യാപിച്ചു. ഇന്ന് റോബൻ അയലൻഡ് ഒരു കുഞ്ഞു ടൗൺഷിപ്പ് ആണ്- യു. ജയചന്ദ്രൻെറ ‘ആഫ്രിക്കൻ വസന്തങ്ങൾ’ തുടരുന്നു

ആഫ്രിക്കൻ വസന്തങ്ങൾ - 57

കേപ്ടൗണിലെ വിഖ്യാതമായ വി ആന്റ് എ വാട്ടർഫ്രണ്ടിൽ നിന്ന് വെറും പതിനഞ്ചു മിനിട്ടേയുള്ളു കുപ്രസിദ്ധമായ ആ അപ്പർത്തൈഡ് കാല തടവറയിലേക്ക്. ഫ്രാൻസിലെ കുപ്രസിദ്ധമായ ഷാറ്റോ ഡിഫിനെ അനുസ്മരിപ്പിക്കുന്ന ഒരു കൊലയറ തന്നെയാണ് റോബൻ ദ്വീപ്. നെൽസൻ മണ്ടേല, ഒളിവർ ടാംബോ, മക് മഹരാജ്, അഹമ്മദ് കത്രാഡ, താബോ മ്ബെക്കിയുടെ പിതാവ് ഗോവൻ മ്ബെക്കി തുടങ്ങി അനേകം പ്രശസ്തർ ഇവിടെ വർഷങ്ങളോളം തടവിൽ കഴിഞ്ഞു.

യുനെസ്കോ ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ച റോബൻ ദ്വീപിലെ ജയിൽ കെട്ടിടത്തിലേക്കുള്ള കവാടം.
യുനെസ്കോ ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ച റോബൻ ദ്വീപിലെ ജയിൽ കെട്ടിടത്തിലേക്കുള്ള കവാടം.

19 നീണ്ട വർഷങ്ങൾ നെൽസൻ മണ്ടേല ആ കുടുസ്സുമുറിയിൽ ചെലവഴിച്ചു. വർഷത്തിലൊരിക്കൽ ഒരേയൊരു തവണ മാത്രം അദ്ദേഹത്തെ കാണാൻ ഒരാളെ അനുവദിച്ചിരുന്നു. 30 മിനിട്ട് നേരത്തേക്കു മാത്രം. അവിടെ കഴിഞ്ഞ വർഷങ്ങളെക്കുറിച്ച് അദ്ദേഹം ആത്മകഥയായ “സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട പദയാത്ര”യിൽ(Long Walk To Freedom) വിശദമായി പറയുന്നുണ്ട്.

അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൻ  നെൽസൻ മണ്ടേലയെ പാർപ്പിച്ചിരുന്ന സെൽ സന്ദശിച്ചപ്പോൾ.
അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൻ നെൽസൻ മണ്ടേലയെ പാർപ്പിച്ചിരുന്ന സെൽ സന്ദശിച്ചപ്പോൾ.

ഞങ്ങൾ കേപ്ടൗണിൽ ആദ്യ സന്ദർശനം നടത്തുമ്പോൾ റോബൻ അയലൻഡിലേക്കുള്ള യാത്ര സുഗമമായിരുന്നു. പക്ഷേ, അവിടെ കപ്പലും ബോട്ടും നങ്കൂരമിടാനോ ദ്വീപിലിറങ്ങാനോ അനുവാദമില്ലായിരുന്നു. ഒരു സാധാരണ പായ്ക്കപ്പലിൽ അതിനടുത്തുവരെ യാത്ര നടത്തി. മനഃപ്പൂർവമാണ് അത്തരൊരു കപ്പൽ തെരഞ്ഞെടുത്തത്. അങ്ങോട്ടു പോകുമ്പോൾ കടൽ ഒരുവിധം ശാന്തമായിരുന്നു. ആ ചെറിയ കപ്പലിന് ചെറിയ ഒരു ‘ഹോൾഡ്’ (ഡെക്കിനു താഴെ ചരക്കുകൾ കയറ്റുന്ന ഇടം) മാത്രമേ ഉണ്ടായിരുന്നുള്ളു. റോബൻ അയലൻഡിനെ വലം വച്ച് ഞങ്ങൾ വരുമ്പോഴേക്ക് കടലിന്റെ ഭാവം മാറി. മടക്കയാത്രയ്ക്ക് ഒരു മണിക്കൂറോളമെടുത്തു. ആ കൊച്ചു കപ്പലിന്റെ പ്രധാന കപ്പിത്താൻ ഹോൾഡിലേക്ക് ഇറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു. തിരകൾ ആ കുഞ്ഞു കപ്പലിനെ മൂടുകയാണ്. കുറച്ചു കഴിഞ്ഞ് അയാൾ ഹോൾഡിൽ ഇറങ്ങി വന്ന് ഞങ്ങളെ മുകൾത്തട്ടിലേക്ക് ക്ഷണിച്ചു. അപ്പേഴേയ്ക്കും കടൽ ശാന്തമായിരുന്നു. വി ആന്റ് എ വാട്ടർ ഫ്രണ്ടിന്റെ ആയിരം കണ്ണുകൾ മാസ്മരപ്രകാശം ചൊരിഞ്ഞു തുടങ്ങിയിരുന്നു.

ഇന്ന്, കേപ്ടൗൺ സന്ദർശനത്തിലെ ഒഴിവാക്കാനാവാത്ത ഒരു ഇടമാണ് റോബൻ അയലൻഡ്. 466 എന്ന നമ്പറിൽ അറിയപ്പെട്ടിരുന്ന ‘രാജ്യദ്രോഹ കുറ്റവാളി’ തന്നെയാണ് ആ തടവറയിലെ ഏറ്റവും പ്രശസ്തനായ തടവുകാരൻ. അദ്ദേഹത്തെ പാർപ്പിച്ചിരുന്ന സെൽ കാണാൻ എനിക്ക് ഒരിക്കലും സാധിച്ചിട്ടില്ല.

റോബൻ അയലൻഡ് ഒരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നെന്ന് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. ജാലിയൻ വാലാബാഗ് ഒരു വിനോദയാത്രാകേന്ദ്രമാക്കുന്നതിനു സമാനമാവുമായിരുന്നു അത്. അതേക്കുറിച്ച് പല ചർച്ചകളും നടത്തി. ഒടുവിൽ മണ്ടേലയടക്കമുള്ള നിരവധി രാഷ്ട്രീയത്തടവുകാരെ തീർത്തും മനുഷ്യത്വഹീനമായ വിധത്തിൽ പാർപ്പിച്ച ആ ജയിലറകൾ രാഷ്ട്രത്തിന്റെ പൈതൃകസ്വത്തായി പ്രഖ്യാപിച്ചു. ഇന്ന് റോബൻ അയലൻഡ് ഒരു കുഞ്ഞു ടൗൺഷിപ്പ് ആണ്. ഞങ്ങൾ പോകുന്ന സമയത്ത് അതിന്റെ രൂപമാറ്റത്തിനായുള്ള പ്രവൃത്തികൾ നടക്കുകയായിരുന്നു. അതിനാലാണ് അവിടം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാതിരുന്നത്. ഇന്ന്, കേപ്ടൗൺ സന്ദർശനത്തിലെ ഒഴിവാക്കാനാവാത്ത ഒരു ഇടമാണ് റോബൻ അയലൻഡ്. 466 എന്ന നമ്പറിൽ അറിയപ്പെട്ടിരുന്ന ‘രാജ്യദ്രോഹ കുറ്റവാളി’ തന്നെയാണ് ആ തടവറയിലെ ഏറ്റവും പ്രശസ്തനായ തടവുകാരൻ. അദ്ദേഹത്തെ പാർപ്പിച്ചിരുന്ന സെൽ കാണാൻ എനിക്ക് ഒരിക്കലും സാധിച്ചിട്ടില്ല. പല ആവർത്തി കേപ്ടൗൺ സന്ദർശിച്ചിട്ടുണ്ടെങ്കിലും. അത് ദക്ഷിണാഫ്രിക്കൻ ജീവിതത്തിലെ തീരാനഷ്ടമായാണ് ഞങ്ങളിരുവരും കരുതുന്നത്.

കേപ്ടൗണിലെ ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥലമാണ് വൈൻ റൂട്ട്. റോബർട്ട്സൺ, വുഴ്സ്റ്റർ (Worcester) തുടങ്ങി നൂറ്റാണ്ടുകളായി അവരവരുടെ സ്വന്തം ബ്രാൻഡ് വൈബുകൾ ഉത്പാദിപ്പിക്കുന്ന കുടുംബങ്ങളാണ് ഇവ. വൈൻ രുചിക്കാനും വിവിധ ഇനം വൈനുകളുടെ രുചിഭേദങ്ങളറിയാനും താത്പ്പര്യമുള്ള ആർക്കും ഒഴിച്ചുകൂടാനാവില്ല ഈ യാത്ര. വൈനിനോടൊപ്പം വിവിധ ഇനം ചീസുകളും രുചിച്ചു നോക്കാം.

വുഴ്സ്റ്റർ വൈൻ ലാൻഡ്സിൽ താമസിക്കാനുള്ള കോട്ടേജുകൾ
വുഴ്സ്റ്റർ വൈൻ ലാൻഡ്സിൽ താമസിക്കാനുള്ള കോട്ടേജുകൾ

‘ടിപ്പിക്കൽ’ വിനോദസഞ്ചാരത്തിന്റെ പട്ടികയിൽ വരുന്ന കാര്യങ്ങളാണ് വൈൻ ലാൻഡ്സും മറ്റുമെങ്കിലും ദക്ഷിണാഫ്രിക്കൻ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഏറെ അകലെയാണ് സ്വപ്നതുല്യമായ ആ യാത്രകളും അനുഭവങ്ങളും.

തിരികെ ഈസ്റ്റേൺ കേപ്പിൽ എത്തുമ്പോഴാണ് ആകാശത്തു നിന്ന് ക്രാഷ് ലാൻഡ് ചെയ്തതായി തോന്നുക. ഒന്നാം ലോകത്ത് (പടിഞ്ഞാറൻ കേപ്പ്) നിന്ന് മൂന്നാം ലോകത്തേക്ക് (കിഴക്കൻ കേപ്പ്) ഉള്ള ഒരു വീഴ്ച. അതിന്റെ ആഘാതത്തിൽ നിന്ന് സാധാരണനിലയിലേക്ക് തിരിച്ചെത്താൻ കുറച്ചു ദിവസമെടുക്കും. തിരികെ വന്ന് അംടാട്ടയിലെ ജോലിയും ജീവിതവും വല്ലപ്പോഴുമുള്ള വാരാന്ത്യ ബ്രായ് (ബാർബെക്യു) പാർട്ടികളും മറ്റുമായി ഇഴുകിച്ചേർന്നു കഴിഞ്ഞാൽ ജീവിതം വീണ്ടും കാറ്റിളക്കാത്ത തടാകം പോലെ നിശ്ചലം. എന്റെ സഖി അപ്പോഴേക്ക് സ്കൂളിലെ ഉദ്യോഗത്തിൽ നിന്ന് വിടുതൽ നേടിയിരുന്നു. അവൾ സംസ്ഥാന ഗവർമെന്റെ വിദ്യാഭ്യാസവകുപ്പിലെ ഒരു എജ്യുക്കേഷൻ സ്പെഷലിസ്റ്റ് ആയി നിയമിക്കപ്പെട്ടു. ബീന വളരെ നന്നായി ആസ്വദിച്ചു ചെയ്തുകൊണ്ടിരുന്ന ജോലിയായിരുന്നു അത്. ഉദ്യോഗസംബന്ധമായി ചെയ്യേണ്ടിയിരുന്ന ധാരാളം യാത്രകളും അവൾ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു. അവളെപ്പോലെ ജ്യോഗ്രഫി ജീവശ്വാസമായി കൊണ്ടു നടക്കുന്നൊരാൾക്ക് സ്കൂൾ ജോലി ഒരു വെല്ലുവിളിയേ ആയിരുന്നില്ല. എജ്യുക്കേഷൻ സ്പെഷലിസ്റ്റിന്റെ തസ്തികയിൽ സ്വന്തമായി പലതും ചെയ്യാൻ അവസരവും അധികാരവും ഉണ്ടായിരുന്നു. അതിനാലാണ് പുതിയ ജോലി അത്രയേറെ ഇഷ്ടപ്പെട്ടിരുന്നത്.

വുഴ്സ്റ്റർ വൈൻ ലാൻഡ്സ്
വുഴ്സ്റ്റർ വൈൻ ലാൻഡ്സ്

അംടാട്ടയിലെ ഞങ്ങളുടെ നല്ല സുഹൃത്തുക്കളായിരുന്നു. ഡോ.ജോർജ്ജ് തോമസും ഡോ.മിസിസ് ഗ്രേസ് ജോർജ്ജും. അവരുടെ രണ്ട് മക്കളും ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഞങ്ങളുടെ സ്കൂളിലാണ് പഠിച്ചത്. മിടുക്കരായ വിദ്യാർത്ഥികളായിരുന്നു ഇരുവരും. മക്ബെത്ത് നാടകത്തിലെ ഒരു സീൻ (ബാങ്ക്വോയുടെ പ്രേതം പ്രത്യക്ഷപ്പെടുന്ന സീൻ) സ്കൂളിൽ അവതരിപ്പിച്ചപ്പോൾ ഗ്രെഗ് എന്നു പേരുള്ള ഡോ. ജോർജ്ജിന്റെ മകൻ ബാങ്ക്വോ ആയി അതിഗംഭീരമായി അഭിനയിച്ചു.

ഇതൊക്കെ ഇത്ര വിശദമായി പറയാൻ കാരണം, ഡോ.ജോർജ്ജ് ഏറെക്കാലം അംടാട്ടയിലെ ഇന്ത്യൻ അസോസിയേഷന്റെ ജനറൽ സെക്രട്ടറി ആയിരുന്നു. ഈസ്റ്റേൺ കേപ്പിൽ മാത്രമേ അത്ര വലിയ ഇന്ത്യൻ കോൺസൻട്രേഷൻ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു തന്നെ ഒരു സംഘടനയുടെ പിൻബലം സാധാരണ ഇന്ത്യക്കാർക്ക് അവശ്യമായിരുന്നു. അതിനു ചുക്കാൻ പിടിക്കാൻ ഡോ. ജോർജ്ജിനെപ്പോലെ അശ്രാന്തപരിശ്രമിയായ ഒരാൾ വേണമായിരുന്നു. മിക്കവാറും എല്ലാ ഇന്ത്യൻ ഹൈ കമ്മീഷണർമാരും ഞങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ വന്നിരുന്നു. ഡോ. ഹർഷ ഭാസിൻ, ഹർഷ് വർദ്ധൻ ഷ്രിങ്ഗ്ല (ഇദ്ദേഹം ആദ്യ മോഡി മന്ത്രിസഭയിൽ അംഗമായിരുന്നു), ഗോപാലകൃഷ്ണ ഗാന്ധി (മഹാത്മജിയുടെ പേരമകൻ), ലതാ റെഡ്ഡി തുടങ്ങിയവർ അക്കൂട്ടത്തിൽ പെടുന്നു. അതെല്ലാം ജോർജ്ജിന്റെ ശ്രമഫലമായിരുന്നു.

ടേബിൾ മയുണ്ടൻ
ടേബിൾ മയുണ്ടൻ

2007-ൽ നമ്മുടെ ആദ്യ സ്വാതന്ത്ര്യസമരത്തിന്റെ 150-ാം വർഷം ആചരിച്ചു (ശിപായി ലഹള എന്ന് ബ്രിട്ടീഷ് കോളോണീയലിസ്റ്റ് ദാസന്മാരായ ഇന്ത്യൻ ചരിത്രകാരന്മാർ ആ സമരത്തെ പരിഹസിച്ചു). ആ സന്ദർഭത്തിൽ സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലിയും ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നൂറ്റമ്പതാം വർഷവും ഞങ്ങൾ ആഘോഷിച്ചു. അതിനായി ഒരു എം.പിയെക്കൂടി പങ്കെടുപ്പിക്കുവാൻ ആഗ്രഹിച്ചു. വയലാർ രവി അക്കാലത്ത് പ്രവാസികാര്യ മന്ത്രിയായിരുന്നു. അദ്ദേഹം വരും എന്ന് ജോർജ്ജ് തീർത്തും വിശ്വസിച്ചു. പക്ഷേ അത് ശരിയാവില്ലെന്ന് നേരത്തേ തന്നെ രവിയുടെ ആഫീസിൽ നിന്ന് അറിയിച്ചു. അങ്ങനെ ജോർജ്ജ് എന്നെ സമീപിച്ചു. അന്ന് ഇപ്പോഴത്തെപ്പോലെ ഇടത് എം.പിമാരെ ‘മഷിയിട്ടു നോക്കി’ കണ്ടുപിടിക്കേണ്ടായിരുന്നല്ലോ. സുരേഷ് കുറുപ്പിനോട് ചോദിച്ചപ്പോൾ അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു. പക്ഷേ ആ സമയത്തെപ്പോഴോ സുരേഷ്കുറുപ്പിന്റെ അച്ഛൻ മരിച്ചു. അങ്ങനെ അതും മുടങ്ങി. പിന്നീട് ഞാൻ തന്നെ പാലക്കാട് എം.പി എൻ.എൻ. കൃഷ്ണദാസിനെ വിളിച്ചു. അദ്ദേഹവും സന്തോഷത്തോടെ വരാം എന്നേറ്റു. കൃഷ്ണദാസ് ചിറ്റൂർ കോളേജിൽ എന്റെ സഖിയുടെ ജൂനിയറായി പഠിച്ചതാണ്. ഞങ്ങളോട് രണ്ടു പേരോടും അങ്ങേയറ്റത്തെ സ്നേഹാദരങ്ങളോടെ പെരുമാറുന്ന നല്ലൊരു സഖാവ്. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി പ്രമാണിച്ച് ജോർജ്ജ് സ്വന്തം ഉത്സാഹത്തിൽ ഒരു സുവനീർ പുറത്തിറക്കി. അത് ഞാനാണ് എഡിറ്റ് ചെയ്തത്. പ്രശസ്തരായ പല എഴുത്തുകാരുടെയും സൃഷ്ടികൾ അതിനായി ഞാൻ ശേഖരിച്ചിരുന്നു. അരുന്ധതി റോയി യുടെ ലേഖനമായിരുന്നു പ്രധാന ആകർഷണം. സി.എസ്. വെങ്കിടേശ്വരനും എഴുതിയിരുന്നു. കൃഷ്ണദാസ് ഉജ്ജ്വലമായി പ്രസംഗിച്ചു. ഹർഷ് വർദ്ധൻ ഷ്രിങ്ഗ്ല മുഖ്യാതിഥിയായി. നൂറു പേജിൽ ഏറെ വലിപ്പമുള്ള ആ സുവനീർ എന്റെ പക്കലില്ല. (നഷ്ടപ്പെട്ട പ്രസിദ്ധീകരണങ്ങളിൽ ഒന്നു കൂടി).

റോബൻ ദ്വീപിലേക്കുള്ള യാത്രയ്ക്കിടെയുള്ള കാഴ്ച
റോബൻ ദ്വീപിലേക്കുള്ള യാത്രയ്ക്കിടെയുള്ള കാഴ്ച

ജോർജ്ജ് ദക്ഷിണാഫ്രിക്ക വിട്ടു. മകളും (ഡോ. ജെം) കുടുംബവും അവിടെയുള്ളതിനാൽ ഇടയ്ക്ക് പോയിവരുന്നു. ഞങ്ങളുടെ സ്ഥിരം ‘മാവേലി’യായിരുന്നു ജോർജ്ജ്. ഓണത്തിനു മൂന്നു മാസം മുമ്പ് മുതൽ എന്നെ നിരന്തരം ഓർമ്മിപ്പിച്ച് ഓരോ ഓണത്തിനും ഞാൻ ഒരു സ്കിറ്റ് എഴുതിക്കൊടുത്തിരുന്നു. ഇപ്പോൾ അംടാട്ടയിൽ മലയാളികൾ വളരെ കുറവാണെന്ന് കേൾക്കുന്നു. സോണിയും തിരിച്ച് നാട്ടിലേക്ക് പോന്നു. അംടാട്ട ഇന്ന് വിദേശികൾക്ക് ഒരു പേടിസ്വപ്നമാണത്രെ. അത്ര വലിയ കവർച്ചകളും മറ്റുമാണ് മണ്ടേലയുടെ ജന്മദേശത്തെ ഇന്ന് കുപ്രസിദ്ധമാക്കുന്നത്.

(തുടരും)


Summary: visiting mandelas prison cell on robben island south africa u jayachandran african vasanthangal


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments