365 അവനവൻ കടമ്പകൾ

‘‘ചെറിയ കാര്യങ്ങളിൽ കാര്യമായി സന്തോഷിക്കാനും വലിയ സങ്കടങ്ങളിൽ ചെറുതായി മാത്രം വിഷമിക്കാനും ട്രെയിനിങ് നൽകുന്ന ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടുണ്ടെങ്കിൽ ചേർന്നാലോ എന്ന് തോന്നാറുണ്ട്. പക്ഷേ ആ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് ഇവിടത്തെ സ്ഥാപനങ്ങളിലെ ആരുമാകരുത് എന്ന പ്രാർത്ഥനയുമുണ്ട്. കാരണം നമ്മൾ കണ്ട മുഖമായിരിക്കില്ല ചിലപ്പോൾ അവർക്കവിടെ’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. വി.എസ്​. സനോജ്​ എഴുതുന്നു.

മാധ്യമപ്രവർത്തനമെന്ന ഇഷ്ടപ്പണിയിൽ നിന്ന് അടുത്തൂൺ പറ്റി, സിനിമയെന്ന സ്വപ്നത്തിലേക്ക് സഞ്ചാരം തുടങ്ങിയ കാലങ്ങളിലാണിപ്പോ ജീവിതം. പക്ഷേ കാലത്തിന് നമ്മളോട് മാത്രമായൊരു കമ്മിറ്റ്‌മെന്റുമില്ലാത്തതുകൊണ്ട് സമയവേഗത്തിന്റെ സ്പീഡിനെ പിടിച്ചാ കിട്ടൂലല്ലോ. പക്ഷേ പ്രതിസന്ധികൾ അങ്ങനല്ല, അത് ഭയങ്കര കൺസിഡറേറ്റാണ് നമ്മളോട് മിക്കപ്പോഴും. അതങ്ങനെ കാത്തുനിൽക്കും. ഹെർക്കൂലിയൻ കടമ്പകൾ ഇട്ട് തന്ന് നമ്മളെത്തന്നെ കാലമിങ്ങനെ ടാർഗറ്റ് ചെയ്യുവാണോ തോൽപ്പിക്കാൻ എന്ന് സംശയിക്കാവുന്ന മട്ടിലാണത്. ഓരോ ജങ്ഷനിലും അനിശ്ചിതാവസ്ഥകളായി നമ്മൾക്കെതിരായ ഈ കാത്തുകെട്ടി സമരം. സ്വയം ഊതിപ്പഴുപ്പിച്ച് എടുത്തണിയുന്ന, ആത്മവിശ്വാസത്തിന്റെ പടച്ചട്ടയെ തൊട്ട് സകലമാന ആസൂത്രണങ്ങളേയും പൊളിച്ചടക്കി വെടിപ്പാക്കിത്തരും ഇത്തരം പ്രതിസന്ധികൾ. പുതുക്കിപ്പണിയുന്ന എന്തിനേയും അത്, വലിച്ച് താഴെയിട്ട് കയ്യുംകെട്ടി നിന്ന് നമ്മളെ നോക്കി ഒരു സാഡിസ്റ്റ് ചിരി വെച്ചുകാച്ചുന്ന പോലെ തോന്നും.

വി. എസ് സനോജ് അരികിന്റെ ഷൂട്ടിംഗിനിടയിൽ​​​​​

വ്യക്തിപരമായി നോക്കിയാൽ, 2022 ജനുവരിയിൽ ഏഷ്യാനെറ്റിലെ മാധ്യമപ്പണി വിട്ട് ഏതാണ്ടൊരു വർഷമായി അലച്ചിൽ തന്നെ. അരിക് എന്ന ഫീച്ചർ സിനിമ ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഓട്ടം കൂടിയാണത്. കഴിഞ്ഞ 365 ദിവസങ്ങളെന്നത് ഈയുള്ളവനെ സംബന്ധിച്ച് ഏത് പ്ലാനും തിരയെടുത്തുപോകാമെന്ന, ആരും തള്ളിപ്പറഞ്ഞേക്കാമെന്ന ബോധ്യത്തിന്റെ പാഠത്തിന്റെ വർഷാന്ത്യ ബാലൻസ് ഷീറ്റ് മിച്ചമൂല്യം മാത്രം ബാക്കി.

2022 ഇങ്ങനെയെല്ലാമുള്ള അനിശ്ചിതങ്ങൾക്കിടെയായിരുന്നു. ശമ്പളമില്ലാത്ത ജീവിതം നിലനിർത്താനുള്ള പെടാപ്പാടുകൾക്കിടെ ക്ഷമയുടെ നെല്ലിപ്പടികളെ പരിഹസിക്കുന്ന ചില മനുഷ്യരോ അനുഭവങ്ങളോ മറ്റ് പല രൂപത്തിൽ കേറി വരും. ഇതൊന്നും ബോധ്യമാകാത്ത ചിലരുണ്ടാകും പരിസരത്തോ, ജീവിതത്തിലോ, ഒപ്പമോ. പ്രതീക്ഷിതമോ അപ്രതീക്ഷിതമോ ആയി അവർ തരുന്ന മുട്ടൻ പണിയുടെ കുരുക്കഴിക്കേണ്ടത് മറ്റൊരു മുട്ടൻ പണിയാണ്. വലിയ അവനവൻ കടമ്പകൾ നേരിട്ടു. ചില പരിചയക്കാരുടെ ഭാഷ കടമെടുത്തു പറഞ്ഞാൽ, മര്യാദയ്ക്കുണ്ടായിരുന്ന പണീം പൈസേം കളഞ്ഞ്, സിനിമാന്നും പറഞ്ഞ് ഇറങ്ങിത്തിരിച്ചവന്റെ കുത്തിക്കഴപ്പിനുള്ള ശിക്ഷയാവാം ഇത്തരം അനിശ്ചിതാവസ്ഥ. ഇല്ലത്തുനിന്ന് പോരേം ചെയ്തു, അമ്മാത്തേയ്ക്ക് എത്തിയുമില്ല എന്ന അവസ്ഥ. പോസ്റ്റ് പാൻഡമിക്കിന്റെ തൊഴിൽ- ഫിനാൻഷ്യൽ ക്രൈസിസും മേജർ വില്ലനായി. അതായത് പൈസ ഇന്ന് വരും നാളെ പോകും, മറ്റന്നാൽ വരികയേ ഇല്ലെന്ന് തോന്നിപ്പിച്ച വർഷമാണ് 2022.

യുക്രെയിനോട് റഷ്യ കാണിച്ച നീതികേടിൽ നിർവ്വികാരമായി നോക്കിനിന്ന വർഷം. ഇറാൻ പെണ്ണുങ്ങളുടെ അടിസ്ഥാനാവകാശത്തെ പിന്തുണച്ച് ആ നാട്ടിലെ ആൺ ഫുട്‌ബോൾ പട ലോകം മുഴുവൻ കാൺകേ ദേശീയഗാനം പാടാതെ പ്രതികരിച്ച് വിസ്മയിപ്പിച്ച വർഷം. സ്‌കൂൾ കാലത്ത് വീരപരിവേഷത്തിൽ കേട്ട മനുഷ്യാവകാശ തടവുകാരി ആങ്‌സാൻ സൂചി രാജ്യഭരണമേറ്റെടുത്ത ശേഷം സ്വജനപക്ഷപാതത്തിനും അഴിമതി കേസുകളിലും ജയിലിൽ പോയത് തൊട്ട് ചാൾസ് ശോഭരാജിന്റെ ജയിൽമോചിതം വരെ കണ്ടു. കുറ്റങ്ങളെ പുല്ലുപോലെ കണ്ട്, സിനിമാതാരം കണക്കെ മടങ്ങിപ്പോകുന്ന ചിത്രവും. നമുക്കറിയാത്ത പല വിചിത്ര മുഖങ്ങൾ ഒരു മനുഷ്യനുണ്ടാകാം എന്ന് അറിഞ്ഞുതുടങ്ങുന്ന പ്രായമായതിനാൽ കൂടുതൽ ഞെട്ടിയില്ല.

മൊറോക്കൻ ആരാധകർ

ശ്രീലങ്കയിലെ ആഭ്യന്തര സംഘർഷവും ദാരിദ്ര്യവും കണ്ട വർഷം, സ്റ്റാലിനിലെ തമിഴ് മുഖ്യൻ ശ്രദ്ധേയനായ വർഷം, മോദിയും യോഗിയും ഈ നാടകങ്ങളിനിയും തുടരുമെന്ന് തോന്നിപ്പിച്ച വർഷം, മൊറോക്കോയുടെ കുതിപ്പും മറഡോണയെന്ന ഓർമയ്ക്കു മുന്നിൽ അർജന്റൈൻസ് ലോകകീരിടവും നേടി ആവേശപ്പെടുത്തിയ വർഷം. വനിതാ ക്രിക്കറ്റർമാർക്ക് പുരുഷതാരങ്ങൾക്ക് തുല്യമായ പ്രതിഫലത്തിന്റെ അർഹതയുണ്ടെന്ന് ബി.സി.സി.ഐ. സമ്മതിച്ച വർഷം, ബ്രസീലിൽ ലുല തിരിച്ചുവന്നു, ലോകത്താകമാനം അറുപതോളം മാധ്യമപ്രവർത്തകർ റിപ്പോർട്ടിങിനിടെ കൊല ചെയ്യപ്പെട്ടു (അത് താരതമ്യേന കുറവായിരിക്കും. രണ്ട് പതിറ്റാണ്ടിനിടെ 1668 മാധ്യമപ്രവർത്തകർ കൊല ചെയ്യപ്പെട്ടുവെന്ന റിപ്പോർട്ടേഴ്‌സ് വിത്തൗഡ് ബോർഡേഴ്‌സിന്റെ കണക്കിലേതാണ് ഈ വിവരം). അങ്ങനെ പല കഥകളുണ്ട് തിരിഞ്ഞുനോക്കുമ്പോൾ ഒരു ഗ്ലോബിലാകെ.

വ്യക്തിപരമായി രാഗദ്വേഷം നിറഞ്ഞാടിയ വർഷമാണ്. സ്വന്തം സിനിമ ഷൂട്ട് ചെയ്യാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം. ഇന്ത്യൻ യാത്രകളുടെ സമാഹാരം പുസ്തകമാക്കാൻ തയ്യാറെടുക്കുന്നതും ആഹ്ലാദഭരിതമാണ്. ചില നല്ല സുഹൃത്തുക്കളെ ഈ വർഷങ്ങളിൽ ലഭിച്ചതിന്റെ സന്തോഷവുമുണ്ട്. പലരുടേയും സഹായങ്ങൾ തേടിവന്നു. പക്ഷേ, വേദനയ്ക്കും നിരാശയ്ക്കും ലീഡ് റോളുള്ള ജീവിതമാണ് പണ്ടേ എന്നതിനാൽ 2022 ആ പതിവ് തെറ്റിച്ചില്ല. അമ്മയ്ക്ക് കാൻസർ സ്ഥിരീകരിച്ച ദിനങ്ങളായിരുന്നു കഴിഞ്ഞ മെയ്. ആകുലതയിലേക്ക് തള്ളിയ വർഷം. കുടലിൽ സർജറിയും പിന്നീട് കീമോ തെറാപ്പിയുമായി അമലയിലെ കാൻസർ വാർഡിലും ഓങ്കോളജി യൂണിറ്റിലുമായി നടന്നും ഇരുന്നും തീർത്തു. ആറുമാസത്തോളം അങ്ങനെയാണ് കടന്നുപോയത്. ഏറെ പ്രിയപ്പെട്ട സുഹൃത്തിന്റെ കുഞ്ഞിന്റെ അകാലവിയോഗമുണ്ടാക്കിയ ഞെട്ടലാണ് മറ്റൊന്ന്. ആ കുട്ടി പോയതായി വിശ്വസിക്കാൻ ഇപ്പോഴും പാടാണ്. വാഹനാപകടത്തിൽ മരിച്ചുപോയ അവളുടെ മുഖവും പഴയ സംസാരങ്ങളും സന്തോഷങ്ങളും എനർജിയും അവളുടെ വാക്കുകളായി കേട്ട സ്വപ്നങ്ങളുമെല്ലാം ഇടയ്ക്കിടെ ഓർമയിലേക്ക് കേറിവരും. ആശുപത്രിയിലെ അവളുടെ നിശ്ചലമായ കിടപ്പിന്റെ കാഴ്ച വല്ലാതെ ഉലച്ചുകളഞ്ഞു. നിരവധി അപ്രതീക്ഷിത വേദനയുടെ കൂടി കാലമായി അങ്ങനെ 2022.

ലോകത്ത് ഏറ്റവും വിലപിടിപ്പുള്ളത് രത്‌നക്കല്ലുകൾക്കല്ല, മനഃസമാധാനത്തിനാണ് എന്നത് കുറെ വർഷങ്ങളായുള്ള വ്യക്തിപരമായ അനുഭവമാണ്. വിവാഹമോചനമെന്ന സാങ്കേതിക സമാധാനത്തിനുവേണ്ടി ക്ഷമയുടെ നെല്ലിപ്പലക കണ്ട ദിനങ്ങളുടെ കൂടി കാലം. കോടതിമുറിയിലും കൗൺസിലർ-മീഡിയേഷൻ മുറികളിലുമായി കടന്നുചെന്ന് ഇരുന്ന് നരകിച്ചു. അസത്യങ്ങളുടേയും മാറ്റിപ്പറയലുകളുടേയും വൈരനിര്യാതനങ്ങളുടേയും മിന്നലാട്ടങ്ങളും വിക്ഷോഭങ്ങളും ക്ഷമയോടെ നിർവ്വികാരനായി കണ്ടും കേട്ടും ഇരിക്കേണ്ടിവന്ന വർഷങ്ങൾ. പാൻഡമിക്, കോടതി വ്യവഹാരങ്ങളെ നീട്ടിക്കൊണ്ടുപോയി. കെട്ടുകഥകൾക്കും, വ്യാജസ്തുതിക്കാരുടേയും സപ്പോർട്ട് ഗ്രൂപ്പുകൾക്കും മുന്നിലൂടെ ഓരോ സിറ്റിങിലും ഏകനായി കടന്നുപോകേണ്ടിവന്നു. സത്യാനന്തര ലോകത്തിന്റെ സത്യവാങ്മൂലങ്ങളോട്, അസത്യങ്ങളോടും തെറ്റിദ്ധാരണകളോടും മറുപടിയ്ക്ക് നിൽക്കാതെ, എന്തേലും കരുതട്ടെ അവരെന്ന്, സ്വയം സമാധാനിച്ച്, ഒരു മനോവൈകൃതത്തിനും കുട പിടിക്കാതെ നടന്നു. ഒരു തെറ്റായ തീരുമാനം കൊണ്ട് ഒരുപാട് കാലം അസ്വസ്ഥമായി ജീവിക്കേണ്ടിവരിക എന്നതൊരു പ്രത്യേക തരം അവസ്ഥയാണ്. സ്വയം കുറ്റപ്പെടുത്താൻ മാത്രമേ കഴിയൂ, ആ തീരുമാനമെടുത്തതിൽ. ക്യാറ്റ് ആൻറ്​ മൗസിലെ പോലെ എലിയെ വാലിൽ തീപിടിപ്പിച്ച് പൂച്ച നടത്തുന്ന പൊട്ടിച്ചിരിയാഹ്ലാദം ഈ കാലയളവിലെല്ലാം കണ്ടു, ഇപ്പോഴും. സത്യം എന്തെന്ന് മനഃസാക്ഷിയ്ക്ക് അറിയാവുന്നതുകൊണ്ട് ഒരു കഥയ്ക്കും മറുപടി പറയാൻ പോകില്ലെന്ന് തീരുമാനിച്ച് നടക്കുന്നു. അതറിയാവുന്നവരും കുറവ്. നിശ്ചേതനത്വം എന്ന ഭാവം ഉപാസിച്ചാണ് ഇപ്പോ നടപ്പും ഇരിപ്പും ദിനരാത്രങ്ങളും.

കടൈസി വിവസായി പോസ്റ്റർ

മലയാളസിനിമ മികച്ച തീരുമാനങ്ങളും പ്രമേയങ്ങളുമായി പുറത്തുവന്ന വർഷം. പുഴുവും ആവാസവ്യൂഹവും അടക്കം അഭിപ്രായമുണ്ടാക്കി, ഭീഷ്മപർവ്വം പോലെ കൊമേഴ്‌സ്യൽ ഹിറ്റുകൾ ഓളമുണ്ടാക്കി. ഐ.സി.സി. സിനിമയിൽ നിർബന്ധമാക്കിയ പോരാട്ട വർഷം. പക്ഷേ എം.ഡി.എം.എ. എന്നെല്ലാമുള്ള കുഴപ്പം പിടിച്ച വാക്കുകൾ പോപ്പുലറായ വർഷം. ഡ്രഗ് ഉപയോഗത്തെ നിസ്സാരവത്ക്കരിക്കുന്നവരുടെ എണ്ണം കൂടിയത് ആശങ്ക സൃഷ്ടിച്ചു. ആരുടെ നേരെയും ചോദിക്കാതെ മൊബൈലുമായി വീഡിയോ മോഡിൽ കേറിചെല്ലുന്ന അശ്ലീല ഇടപെടലുകൾ, അഭിമുഖക്കാരുടെ വക റോസ്റ്റിങ്, സിനിമാതാരങ്ങളോട് മണ്ടൻ ചോദ്യങ്ങൾ, പ്രകോപനങ്ങൾ ഇതെല്ലാം ഈ വർഷവും നമ്മൾ കാണും. കാസ്റ്റിസവും നിറത്തെ പരിഹസിക്കലുമായി ചാനൽ കോമഡി വിനോദങ്ങൾ തുടരുന്നു. പക്ഷേ നല്ല പ്രൊഡ്യൂസേഴ്‌സായി സൂപ്പർ താരങ്ങൾ തമിഴിൽ മികച്ച അഭിപ്രായമുണ്ടാക്കി, മലയാളത്തെ അപേക്ഷിച്ച്. സൂര്യയും ധനുഷും വിജയ് സേതുപതിയും നയൻതാരയും മികച്ച ചിത്രങ്ങൾക്ക് ഫണ്ട് നൽകി. പരീക്ഷണങ്ങളെ മാർക്കറ്റ് ചെയ്യാൻ അവരും കൂടെ കൂടി. കടൈസി വിവസായിയും ജയ് ഭീമും പോലെ ചിത്രങ്ങളുണ്ടായി. ബോളിവുഡിലെ രാജാപാർട്ട് കഥകൾ തകർന്നടിഞ്ഞ വർഷം കൂടിയാണിത്. രാജാവാഴ്ച കാവിപരിവേഷ കഥകൾക്കും അജണ്ടയ്ക്കും ക്ലച്ച് പിടിക്കാനായില്ല.

ഒ.ടി.ടിയുടെ പുഷ്‌കല കാലം, പാതാൾ ലോക് - പോലുള്ള മികച്ച ദൃശ്യപരിശ്രമങ്ങൾ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ കണ്ടു. അന്യഭാഷകളിലെ മറ്റ് രാജ്യങ്ങളിലെ ധാരാളം സിനിമകളും വെബ് സീരീസുകളും കാണാനായി എന്ന സാധ്യതയുടെ കൂടി കാലങ്ങളാണ് കടന്നുപോകുന്നത്. വായിച്ച പുസ്തകങ്ങളെക്കുറിച്ച്, കണ്ട ചിത്രങ്ങളെക്കുറിച്ചും പരത്തിപ്പറയുന്നില്ല. സിനിമകൾ കുറെയൊക്കെ കാണാനായി എന്നതാണ് സത്യം. പക്ഷേ മുൻ വർഷങ്ങളെ അപേക്ഷിച്ച് പുസ്തക വായന ഒതുങ്ങിപ്പോയി എന്നൊരു വിഷാദവുമുണ്ട്. ഡോ. കെ. രാജശേഖരൻ നായരുടെയും ഡോ.ബി. ഉമാദത്തന്റേയും അനുഭവലോകം കൗതുകത്തോടെ വായിച്ചു. രാജശ്രീയുടെ കത പറച്ചിലും ബെന്യാമിന്റെ കമ്യൂണിസ്റ്റ് വർഷങ്ങളും അജയ് പി. മങ്ങാട്ടിന്റെ മൂന്ന് കല്ലുകളും അടക്കം വായിക്കാനായി. ഡിസംബറിലെ അവസാനദിനങ്ങളിൽ വായിച്ചവസാനിപ്പിച്ചത് കനു സന്യാലിന്റെ ബയോഗ്രഫി, ദ ഫസ്റ്റ് നക്‌സൽ എന്ന ബപ്പാദിത്യ പോളിന്റെ പുസ്തകവും ബുക്കർ ജേതാവ് ഡേവിഡ് ദിയോപിന്റെ അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്കും. അടുത്തിടെ വായിച്ചതിൽ വിനിൽ പോളിന്റെ അടിമകേരളത്തിന്റെ അദൃശ്യചരിത്രം നല്ല വായനാനുഭവമായി.

ആദ്യമായി ഒരു ഫുൾ മോഡ് സിനിമാ ഷൂട്ടിങ് ലീഡ് ചെയ്യുകയെന്ന സ്വപ്ന സാഫല്യത്തിന്റെ കൂടി വർഷം. 50 ലധികം വരുന്ന ഫിലിം ക്രൂവിനൊപ്പം സർഗാത്മകമായി പ്രതികരിച്ചും ഡീൽ ചെയ്തും മുന്നോട്ടുപോയ നാളുകൾ സംഭവിച്ചു. ഒരു സിനിമയെങ്കിലും ചെയ്ത് അവസാനിപ്പിക്കുമെന്ന് മനസ്സുറപ്പിക്കാനായി. ചില സങ്കടങ്ങളും ലാഗും ഇടയ്ക്ക് നേരിട്ടു. പല ആസൂത്രണങ്ങളെയും അജ്ഞാതകാരണങ്ങൾ വൈകിപ്പിക്കും. ചില അടിയന്തര പെർമിഷനുകൾക്ക് ഒച്ചിന്റെ വേഗതയായി. ഡിസംബറിൽ സെൻസർ ചെയ്യാൻ പണി തീർന്നില്ല. സെൻസറിന് ഇനി ഒരു വർഷം കൂടി കാത്തിരിക്കണം. ലൈഫ് മിഷൻ പദ്ധതിയിലെ വീടുപണി കണക്കെയാണ് ഇത്തരം സിനിമാ അനുമതികൾ എന്നത് സങ്കടകരമാണ്. പക്ഷേ, കഥയും തിരക്കഥയും തെരഞ്ഞെടുക്കപ്പെട്ട്, നിർമ്മാതാവിനെ കിട്ടി, ഷൂട്ടിങ് തീർക്കാൻ യത്‌നിക്കുന്നതിൽ ഒരു പുതിയ സംവിധായകൻ അനുഭവിക്കുന്ന ത്രില്ലും സ്വപ്നസാഫല്യവും വലുതാണ്.

2022 ഓരോ വർഷത്തേയും പോലെ ചില പാഠങ്ങൾ പഠിപ്പിച്ചു. ആളുകളെ കൂടുതൽ മനസ്സിലാക്കാൻ, അമിത പ്രതീക്ഷകൾ കുറയ്ക്കാൻ, തെറ്റിദ്ധാരണകൾ തിരുത്താൻ പോയി സമയം മെനക്കെടുത്താതിരിക്കാൻ എല്ലാം പഠിപ്പിച്ചു. പക്ഷേ ഓരോ ദിനവും ഓരോ കടമ്പയാണ്. വ്യക്തിപരമായി 365 കടമ്പയാണ് ഒരു വർഷമെന്നത്. അങ്ങനെയാണ് നേരിട്ടതും. ചെറിയ കാര്യങ്ങളിൽ കാര്യമായി സന്തോഷിക്കാനും വലിയ സങ്കടങ്ങളിൽ ചെറുതായി മാത്രം വിഷമിക്കാനും ട്രെയിനിങ് നൽകുന്ന ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടുണ്ടെങ്കിൽ ചേർന്നാലോ എന്ന് തോന്നാറുണ്ട്. പക്ഷേ ആ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് ഇവിടത്തെ സ്ഥാപനങ്ങളിലെ ആരുമാകരുത് എന്ന പ്രാർത്ഥനയുമുണ്ട്. കാരണം നമ്മൾ കണ്ട മുഖമായിരിക്കില്ല ചിലപ്പോൾ അവർക്കവിടെ. വലിയ കെടുതികളിലൂടെ കടന്നുപോയ നിരവധി മനുഷ്യരെ ചുറ്റും കാണുന്നുണ്ട് എല്ലായ്‌പ്പോഴും. ആസ്പത്രി വാർഡിലോ കോടതിയിലോ റോഡിലോ ചുറ്റുവട്ടത്തു തന്നെയോ ഒക്കെ. അവരുടെ പ്രശ്‌നങ്ങളും വേദനകളും കേട്ട് നോക്കിയാൽ അത്ര കെടുതിയൊന്നും സ്വയം ഇല്ലെന്ന് ചിന്തിക്കും. അതാണ് നേരും. അവരുടെ വിഷമത്തിന് മേൽ ഒന്നുമല്ല നമ്മുടേത് എന്ന സ്വയം ബോധ്യം നല്ലൊരു ഒറ്റമൂലിയാണ്. വിഷാദങ്ങൾക്കും തനിച്ചാവലിനുമിടെ നല്ല ചില സൗഹൃദാനന്ദങ്ങളും അനുഭവിക്കാനാവുന്നുണ്ട്. ടോക്‌സിക് ആകാതെ മനുഷ്യർ മനസ്സിലാക്കുന്നത് ആഹ്ലാദകരമാണ്. അതിജീവന ട്രിപ്പീസുകളിൽ പെട്ടുഴലുന്നവരാണ് കോവിഡാനന്തരം മിക്കവരും. കഴിഞ്ഞ ഒന്നോ രണ്ടോ മൂന്നോ വർഷം ഗുണം, 365 എന്നത് മിക്കവർക്കും പ്രശ്‌നഭരിതമായിരിക്കും. അതുകൊണ്ടൊരു മൊഡ്യൂൾ ചെയ്ഞ്ചർ മോഡ് പിടിക്കേണ്ട അത്യാവശ്യമുണ്ട്, എല്ലാവരും പോലെ അതിനുള്ള റിലേ ഓട്ടത്തിലാണ്.

പുതിയ വർഷം എന്താകുമെന്നറിയില്ല, ഈ വർഷത്തോടെ ജീവിതത്തിന്റെ കട്ടേം പടോം മടങ്ങുമോ എന്നുമറിയില്ല. പക്ഷേ പ്രതീക്ഷകൾ തന്നെ. യാത്രാവിവരണ പുസ്തകവും സിനിമയും പുറത്തുവരുന്ന വർഷമാകും 2023 എന്ന ആഗ്രഹമുണ്ട്. അസുഖങ്ങൾ വീട്ടിലായാലും നമ്മളിലായാലും പ്രിയപ്പെട്ടവരിലായാലും കുറച്ചുനാളത്തേക്ക് കൂടി ക്ഷമയോടെ ഒതുങ്ങി മാറി നിന്നാൽ അത്രയും സന്തോഷം. യാത്രകൾ കുറഞ്ഞുപോയി. വിരലിലെണ്ണാവുന്ന യാത്രകളാണ് നടന്നത്. വായനയും യാത്രകളും ഇല്ലാതാകുന്നത് നല്ല കാര്യമല്ല. ബൈക്കിൽ രാത്രി മകനോടൊത്തുള്ള നാട്ടിലെ കൊച്ചു കറക്കങ്ങൾ, ഫുഡ് കഴിക്കാനുള്ള പോക്കുകൾ ഇവ വ്യക്തിപരമായി വലിയ സന്തോഷങ്ങളാണ്.
പുതുവർഷത്തിൽ കൂടുതൽ ആശ്വാസവും സന്തോഷവും ജനിപ്പിക്കുന്ന കാര്യങ്ങൾ, വല്യ ടെക്‌നിക്കൽ ലാഗ് ഇല്ലാതെ സംഭവിക്കുമെന്ന തോന്നലിന്റെ പേരാണല്ലോ പ്രതീക്ഷ. അതിനെ കൈവിടുന്നില്ല ഏതായാലും. ഈ ലോകത്തിനും പ്രിയപ്പെട്ടവർക്കും അങ്ങനെയായിരിക്കണം. അവർക്ക് കിട്ടുന്ന സമാധാനത്തിന്റെ ചെറിയ ഓഹരി മാത്രം മതി നമ്മൾക്ക്, അതിമോഹമില്ല. ചിയേഴ്‌സ്, 2023.

Comments