ഗുരു നിത്യയോടൊപ്പം ഫേൺഹിൽ ഗുരുകുലത്തിൽ താമസിക്കുമ്പോൾ കൗതുകത്തോടെ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഗുരു പോസ്റ്റ്മാനെ കാത്തിരിക്കുന്നതാണ്. ക്ലാസ്സെടുക്കുന്നതിനിടയിലും ഇടയ്ക്കിടെ വഴിയിലേക്ക് എത്തിനോക്കും. പോസ്റ്റ്മാൻ എത്താൻ വൈകിയാൽ ഗുരു അസ്വസ്ഥനാകും. ഗുരുവിൽ അക്ഷമ കണ്ടിട്ടുള്ളത് അപ്പോഴാണ്.
രാവിലത്തെ ക്ലാസ്സ് നടക്കുന്നതിനിടയിലാകും പോസ്റ്റ്മാൻ കയറിവരിക. ആ സമയത്ത് ഗുരുവിന്റെ മുഖത്തു വിരിയുന്ന പ്രകാശത്തിന് വല്ലാത്തൊരു വെളിച്ചമാണ്. നിറയെ കത്തുകളുണ്ടെങ്കിൽ പെരുത്ത് സന്തോഷമാകും. ക്ലാസ്സ് തല്ക്കാലത്തേക്ക് നിറുത്തിവെച്ച് കത്തുകളൊക്കെ പൊട്ടിച്ച് ഒന്ന് ഓടിച്ച് വായിക്കും. ഓരോ ഹൃദയസ്പന്ദനങ്ങളേയും തൊട്ടു തലോടുമ്പോൾ ആ കണ്ണുനിറയുന്നതും സന്തോഷം വിരിയുന്നതും ആഹ്ലാദം പ്രസരിക്കുന്നതുമൊക്കെ ഞങ്ങളങ്ങനെ നോക്കിയിക്കും. ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെയും ഉത്സാഹത്തോടെയുമാണ് ഗുരു കത്തുകൾ ഓരോന്നായി തുറക്കുക.
ക്ലാസ്സ് കഴിഞ്ഞ് മുറിയിലെത്തിയാൽ എത്രയും പെട്ടെന്ന് കത്തുകൾക്ക് മറുപടി എഴുതാനുള്ള ധൃതിയാണ്. രാത്രി പത്തുമണിക്ക് കിടക്കുന്നതിനുമുമ്പ് പല സമയങ്ങളിലായി പരമാവധി കത്തുകൾക്ക് മറുപടി എഴുതിത്തീർക്കാൻതന്നാലാവുംവിധം ശ്രമിച്ചിരിക്കും. ചില കത്തുകൾ ഗുരു തന്നെ എഴുതും. കുറെയൊക്കെ ഞങ്ങൾക്ക് പറഞ്ഞു തന്ന് എഴുതിക്കും. ചിലതിൽ ഗുരു ചിത്രങ്ങൾ വരയ്ക്കും.
ഓരോ കത്തിനും മറുപടി എഴുതുമ്പോൾ ആ മുഖത്ത് നിറയുന്ന ഭാവങ്ങൾ അദ്ദേഹം വ്യക്തിബന്ധങ്ങൾക്ക് കൊടുത്തിരുന്ന പ്രാധാന്യത്തെ വെളിപ്പെടുത്തുന്നതായിരുന്നു. തൊട്ടു മുന്നിൽ വന്നു നില്ക്കുന്നവരെ, നില്ക്കുന്നതിനെ അകമഴിഞ്ഞ് സ്നേഹിക്കുക എന്നതിനപ്പുറം മറ്റൊന്നും ഞാൻ ഒരു ഗുരുവിൽനിന്നും പഠിച്ചിട്ടില്ലെന്ന് ഗുരു പറയുമായിരുന്നത് ഏറ്റവും തെളിവോടെ പ്രസരിക്കുന്നത് ആ നിമിഷങ്ങളിൽ അനുഭവിച്ചിരുന്നു.
മഫിയെയാണ് ഓർമ്മ വന്നത്.
ഗുരുവിന്റെ ഒരു ശിഷ്യയാണ് അതെന്നോടു പറഞ്ഞത്. മഫി ഇരുപത്തഞ്ചു വയസ്സുള്ള പെൺകുട്ടിയാണ്. തിരുവനന്തപുരത്തുള്ള പാങ്ങപ്പാറയിലെ ഗുരുവിന്റെ പെങ്ങളുടെ വീട്ടിലാണ് സംഭവം. ഗുരുവും ഗുരുവിനെ കാണാൻ വന്ന സുഹൃത്തുക്കളും ഹാളിലുണ്ട്. അപ്പോഴാണ് മഫി കാലിലൂടെ ചോരയൊലിപ്പിച്ചുകൊണ്ട് കയറിവന്നതു്. മുറിവു കണ്ടതും ഗുരു അവളെ അടുത്തുപിടിച്ചിരുത്തി. ചൂടുവെള്ളംകൊണ്ടുവന്ന് ഗുരു തന്നെ മുറിവു കഴുകി മരുന്നു വെച്ചുകൊടുത്തു. ഇതു മഫിക്കു ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. തന്റെ ഉള്ളിലുള്ളതു് അവൾ നേരിട്ട് ഗുരുവിനോട് ചോദിക്കുകതന്നെ ചെയ്തു. ഇത്രയും ആളുകളുടെ മുമ്പിൽ വെച്ച് ഇങ്ങനെയൊക്കെ ചെയ്യാൻ ഗുരുവിനെങ്ങനെ കഴിയുന്നു?
ഗുരു ചിരിച്ചുകൊണ്ട് അവളോടു പറഞ്ഞത്രേ: I am shining as light towards you, when you are in that light, only you are there. I am the lighter, and you are the person seen in that light. This is the way I interact with people. At that time me and the other person exists.
ഇത്രയുമധികം കത്തുകൾ മറുപടിക്കായി കാത്തു കിടക്കുമ്പോൾ ഒരു കത്തിനു മറുപടിയെഴുതാൻ ഗുരു എത്രയധികം സമയമെടുക്കുന്നു എന്നോർത്ത് ഞാനത്ഭുതപ്പെട്ടിട്ടുണ്ട്. അന്നെനിക്ക് ഒരു കാര്യം മനസ്സിലായി. മറുപടി എഴുതാനായി കത്തെടുക്കുമ്പോൾ ഗുരുവിന്റെ മുമ്പിൽ ആ കത്തും അതെഴുതിയ ആളുടെ ഹൃദയവും മാത്രമെയുള്ളൂ. എങ്ങനെയെങ്കിലും തീർക്കുകയെന്ന വിചാരം ഗുരുവിൽ ഒരിക്കൽ പോലും കാണാൻ കഴിഞ്ഞിട്ടില്ല.
തികച്ചും വ്യക്തിപരമായ പ്രശ്നങ്ങൾ മുതൽ രാഷ്ട്രീയം, വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രം, കലാസാഹിത്യസംഗീതം എന്നുവേണ്ട ജീവിതത്തെ തൊടുന്ന എല്ലാ വിഷയങ്ങളും അദ്ദേഹത്തിന്റെ കത്തുകളിൽ വായിക്കാനാകും.
ഗുരു നിത്യചൈതന്യയതിയുടെ നൂറാം ജന്മദിനമാണ് 2024 നവംബർ 2.
നിത്യയുടെ ചില കത്തുകൾ വായിക്കാം.
▮
ഫേൺഹിൽ
പ്രിയ കവിതേ,
എപ്പോൾ നാം ആകാംക്ഷയിൽ വന്നുനിന്ന് ‘ഇനിയെന്തെന്ന്’ കണ്ണിൽ ഈറനണിയുന്നുവോ അപ്പോൾ നമ്മുടെ അന്തരംഗത്തിൽ നിന്നും ഇതുവരെയും അറിയാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു ഉൾപ്രകാശം ആയിരമായിരം കുഞ്ഞുനക്ഷത്രങ്ങളെപ്പോലെ വന്നു അറിവിന്റെ ഉന്നതങ്ങളിലേക്കു നമ്മെ ആവാഹിച്ചു കൊണ്ടുപോകും. ആ ധന്യമുഹൂർത്തം നമുക്കു നൽകുന്ന ധീരോദാത്തത പിന്നെ എന്നും നമ്മുടെ ആത്മവീര്യമായിരിക്കും.
ഒട്ടും നിനച്ചിരിയാതെ ഉള്ളിൽനിന്നും ഒരു തീമല പൊട്ടി ആകാശത്തോളം അതിന്റെ നാവുകളെ നീട്ടി ഭയവും ആകാംക്ഷയും അവിശ്വാസവും ഉണ്ടാക്കുന്നതു നാം ഇതികർത്തവ്യതാമൂഢരായി എപ്പോൾ നോക്കുന്നോ അപ്പോൾ തന്നെ പ്രകാശവത്തായിത്തീരുന്ന ആകാശം പിന്നെയങ്ങോട്ട് നമ്മുടെ ജീവിതത്തിലെ ഏറ്റവും ചിന്താമധുരമായ ആനന്ദാദ്ധ്യായമായിത്തീരുന്നു.
ആവശ്യങ്ങൾ നിറവേറപ്പെടുന്നതുവരെ മനുഷ്യൻ അസ്വസ്ഥനാണ്. വേറൊരു ജീവിക്കും ആവശ്യമെന്നു തോന്നാത്തതുപോലും മനുഷ്യനു മാത്രം അത്യാവശ്യമാണെന്നു തോന്നുന്നു. അതവനു കിട്ടിയേ മതിയാവൂ. എന്നെങ്കിലുമല്ല. ഇപ്പോൾത്തന്നെ. അതിനുവേണ്ടി അവൻ സ്വജീവിതത്തെപ്പോലും സമ്പൂർണ്ണമായി യജിക്കാൻ തയ്യാറാവുന്നു. അനുഭവം! തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ ഉള്ള് കൃതാർത്ഥതകൊണ്ട് സമ്പന്നമായിരിക്കുന്നു. ഇങ്ങനെയൊരനുഭവം ഒരിക്കലും ഒരാളിലും ഇത്രയ്ക്ക് വശ്യമായ ഒരു ജീവിതോത്സവമായിരുന്നിട്ടില്ല എന്നറിയുമ്പോഴാണ് നാം തികച്ചും അർത്ഥവത്തായി ജീവിച്ചുവെന്നു നമുക്കു ബോദ്ധ്യമാകുന്നത്.
മനുഷ്യൻ ഒരു വെല്ലുവിളിയാണ്. അവന് അവനോടു തന്നെ ഉണ്ടായിത്തീരുന്ന ഒരു വെല്ലുവിളി.
മനുഷ്യനെ വിറളി പിടിപ്പിക്കുന്ന ഒരവസരമുണ്ട്. തന്റേതാകട്ടെ അല്ലെങ്കിൽ വേറൊരുവന്റേയാകട്ടെ, മുഖംമൂടി സത്യത്തെ മറയ്ക്കുന്നു എന്നു ബോദ്ധ്യമാകുന്ന ലജ്ജാവഹമായ അവസ്ഥ. അതു കാണുമ്പോൾ അവന്റെ ആത്മാവ് ചൂളിപ്പോകും. ഉപനിഷദൃഷി പറഞ്ഞതുപോലെ, അവൻ അസഹ്യതയോടെ പറയും, ഉള്ളതു മാത്രം അറിയുവാൻ കാത്തു നിൽക്കുന്നവനുവേണ്ടി നീ നിന്റെ കാപട്യം ദൂരത്തെറിയൂ. ഭദ്രമായ നിന്റെയും എന്റെയും നിത്യ സത്യത്തെ ഏവരും എന്നും ഉള്ളതുപോലെ അറിഞ്ഞു കൊള്ളട്ടെ.
‘‘ആവശ്യങ്ങൾ നിറവേറപ്പെടുന്നതുവരെ മനുഷ്യൻ അസ്വസ്ഥനാണ്. വേറൊരു ജീവിക്കും ആവശ്യമെന്നു തോന്നാത്തതുപോലും മനുഷ്യനു മാത്രം അത്യാവശ്യമാണെന്നു തോന്നുന്നു’’.
ഈ പ്രപഞ്ചത്തിൽ കുറിപ്പിട്ടു വെയ്ക്കാവുന്നതിനെല്ലാം നാം പേരു കൊടുത്തിട്ടുണ്ട്. എല്ലാറ്റിന്റെയും ഗുണദോഷങ്ങളും വിസ്താരമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാൻ മാത്രം ഇന്നും കുറിപ്പിടാത്തവനായിരിക്കുന്നു. ഇപ്പോഴും ഏതോ ഒന്നു മാത്രമായിരിക്കുന്നു. തിങ്ങിയ വനത്തിലെ ഇലകൾ കൊണ്ടു മറഞ്ഞു നിൽക്കുന്ന ഒരു നിറവുമില്ലാത്ത പൂവു പോലെ.
ഇന്നു ആകാശം നീലിമയുള്ളതല്ല. ചാരം പൂണ്ടതാണ്. എന്നാലും എനിയ്ക്ക് എന്റെ സത്ത അനുപമേയമായി തോന്നുന്നു. അതെന്തെന്നു ആരും എന്നോടു ചോദിക്കുന്നില്ലെങ്കിലും അതു അകമേ അറിഞ്ഞു എന്നോടു തന്നെ വ്യക്തമായി പറയണമെന്നാശ. അതുപോലെ എല്ലാവരിലും കാണും അവാച്യമായ ഒരു മൗനസത്ത.
ഞാൻ പല വിഷയങ്ങളുടെയും പേരു കേട്ടിരിക്കുന്നു: ദർശനശാസ്ത്രം, തർക്കം, മതം, ശാസ്ത്രം, സാഹിത്യം, ഗൂഢാവബോധം. ഈ വിഷയങ്ങൾക്കൊന്നും എന്തുകൊണ്ടോ എന്നെ ഉൾക്കൊള്ളാനാവുന്നില്ല. ഞാനൊരു പുതിയ വർഗ്ഗീകരണത്തിനായി കാത്തുനിൽക്കുന്നു. അത് ആരും അറിയുന്നില്ലെന്നു തോന്നുന്നു. എല്ലാവരും വേറേ ഏതിനെയോ, വേറെ ആരെയോ തേടി എന്നെ കടന്നുപോകുന്നു.
എന്തുകൊണ്ടാണ് മനശ്ശാസ്ത്രത്തിനു മനുഷ്യനെ ഉൾക്കൊള്ളാൻ കഴിയാത്തത്? മനശ്ശാസ്ത്രത്തിന്റെ ഏടുകളിൽ രോഗങ്ങളുടെ നിദാനശാസ്ത്രങ്ങളും, നിർദ്ദേശങ്ങളും, ചേഷ്ടാവർണ്ണനകളുമാണുള്ളത്. ദീർഘനിദ്രയിൽ പോലും പ്രാണനം ചെയ്യാൻ സമർത്ഥനായ മനുഷ്യൻ അവരുടെ ഗണനയിൽപെടുന്നില്ല.
വേറൊരുവൻ പൊടുന്നനവേ പൊട്ടിച്ചിരിക്കുമ്പോൾ അതിന്റെ കാരണമെന്തെന്നുപോലും അന്വേഷിക്കാതെ, സ്വന്തം അകപ്പൊരുളിൽ നർമ്മം ഉണർത്തി, ഉന്മേഷത്തിന്റെ മഹാപ്രകാശം ആത്മാവിലേറ്റു വാങ്ങാൻ മനുഷ്യനേ കഴിയൂ. ഒരുവൻ വിങ്ങിപ്പൊട്ടി കരയുമ്പോൾ അതേ ചേതോവികാരത്തിൽ കുത്തനേ നിപതിച്ചു വിതുമ്പാനും മനുഷ്യനു അല്പംപോലും സമയം വേണ്ട. അനീതിയുടെ ചാട്ടവാറിന്റെ നിഷ്കരുണമായ അടി സഹജീവി ഏറ്റുവാങ്ങി പിടയുമ്പോൾ അതു കണ്ടുനില്ക്കുന്നവൻ നിസ്സഹായതയുടെ അഗാധഗർത്തത്തിൽ പൊടുന്നനേ വീണു അശരണനായി കേണു പോകുന്നതും മനുഷ്യന്റെ മാത്രം സവിശേഷതയാണ്. ഇപ്രകാരമുള്ള മനുഷ്യനെ നമുക്ക് എവിടെ കണ്ടെത്താൻ കഴിയും? നമ്മളിൽ മാത്രം. അതിനെയാണോ മനുഷ്യത്വം എന്നു വിളിക്കുന്നത്? ആവോ. എന്തുകൊണ്ടാണ് നമുക്ക് ഒന്നും വ്യക്തമായി അറിയാൻ കഴിയാത്തത്. നമുക്ക് അറിയാവുന്നത് അല്പമാത്രമല്ലേയുള്ളൂ? അതിലും എത്ര ഏറെയാണ് അറിവിൽ കടന്നു കൂടി ഇരുട്ടു വ്യാപിപ്പിക്കുന്ന അറിവില്ലായ്മ. ആ അറിവില്ലായ്മയുടെ മൗനം നമ്മിൽ മ്ലാനത പരത്തുകയും ചെയ്യുന്നു.
സൂര്യാസ്തമയത്തിന്റെ അരുണാഭയിൽ ഹിമാനി കൊണ്ട് മൂടിയിരിക്കുന്ന ഗിരിശൃംഗം മറഞ്ഞുപോകുന്നത് നോക്കികൊണ്ടു നിൽക്കുന്നവൻ, എങ്ങനെ അപ്രകാരം ഒരു ആശ്ചര്യത്തോടെ മോണാലിസയുടെ ചിത്രത്തിനു മുമ്പിൽ സ്തബ്ധനായി നിന്നുപോകുന്നു.
അതോ അവന്റെ മൗനമൂകതയിൽ അപ്പോൾ അവൻ ഓർമ്മിക്കുന്നത് ബെയ്ഥോവന്റെ പാസ്റ്റൽ സിംഫണിയാണോ? ഇതു മനുഷ്യനു മാത്രം ഉണ്ടാകുന്ന അകക്കുളിരല്ലേ?
മനുഷ്യൻ എന്തിനുവേണ്ടി അളവുകോലുണ്ടാക്കി, അളന്നെടുത്തതിനെയും എണ്ണി എടുത്തതിനെയും തൂക്കി എടുത്തതിനെയും എല്ലാം മനുഷ്യൻ അവന്റെ മസ്തിഷ്കത്തിൽ ചൊരുകിവെച്ചുകൊണ്ട് നടക്കുമ്പോൾ ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും പ്രാകൃതനായ യന്ത്രം മനുഷ്യനായിത്തീരുന്നു.
സ്നേഹപൂർവ്വം,
ഗുരു നിത്യ
▮
‘‘അദ്ധ്യാത്മവും ലൗകികവും ഒരേ മനസ്സിന്റെ രണ്ടു കല്പനകളാണ്. രണ്ടു കല്പനകളുടെയും ഊർജ്ജം വരുന്നത് പ്രാണനിൽ നിന്നാണ്. കുറച്ച് വകതിരിവുണ്ടായാൽ രണ്ടു മാർഗ്ഗവും സുഗമം, വിശിഷ്ടം’’
ഫേൺഹിൽ
25. 8. 1997.
പ്രിയ സുദീപ്,
ദൈവം ഒരാളല്ല.
വൈറസ് മുതൽ ആട്, മാട്, പുലി, ആന, സിംഹം, മനുഷ്യരുടെ വിശ്വസമൂഹം തുടങ്ങി, ഹൈഡ്രജൻ മുതൽ സർവ്വ ജൈവരാസോർജ്ജങ്ങളും ഗണിതശാസ്ത്രത്തിലെ സകല തത്ത്വങ്ങളും ചേർന്ന് ഊഷ്മഗതീയമായും വിദ്യുത്കാന്തമായും ഗുരുത്വാകർഷണമായും സ്വനവും സ്വരവും ശ്രുതിയുമായും സകല ഭാഷകളിലെയും സകല സാഹിത്യമായും വിരാജിക്കുന്ന തത്ത്വസമീക്ഷയായി സംഭവിക്കുന്ന ക്രിയയാണ് ദൈവം.
God is implied in parts of speech.
ദൈവം പ്രത്യക്ഷപ്പെടുന്നത് ആകാശമായും വിൺഗംഗയായും സുദീപിന്റെ വിരലുകളായും അതിൽ പിടിച്ചിരിക്കുന്ന പേനയായും പേനയിൽ നിന്നും ഊറി വരുന്ന വാക്കുകളായും വാക്കുകൾ വായിക്കുന്ന സുഹൃത്തായും അയാളുടെ വികാര വൈവിദ്ധ്യമായും ആണ്. ഇതിൽ കൂടുതൽ എങ്ങനെ പ്രത്യക്ഷപ്പെടാനാണ്. സുദീപിനെ ചിലപ്പോൾ വന്ന് അലോസരപ്പെടുത്തി ചോര കുടിക്കുന്ന കൊതുകും മൂക്കിന്റെ തുമ്പത്തു വന്നിരുന്ന് സഹികെടുത്തുന്ന ഈച്ചയും ഒക്കെ ഇതാണ് - ദൈവം.
എത്ര സന്ന്യസിച്ചാലും കിടന്നുറങ്ങാൻ ഒരു ഇടം വേണം. വായിലെ തുപ്പൽ മാത്രം പോരാ, ദാഹം മാറ്റാൻ ഒരു കവിള് വെള്ളമെങ്കിലും കുടിക്കണം. ഒരുപിടി വറ്റോ രണ്ട് ഇഡ്ഡലിയോ എന്തെങ്കിലും കഴിച്ചു പശിയടക്കണം. പല്ലു തേക്കണം. വെളിക്കു പോകണം. അതുകൊണ്ടു പ്രിയ പ്രദീപ്, അതിശയോക്തി ഒന്നും വേണ്ട.
അദ്ധ്യാത്മവും ലൗകികവും ഒരേ മനസ്സിന്റെ രണ്ടു കല്പനകളാണ്. രണ്ടു കല്പനകളുടെയും ഊർജ്ജം വരുന്നത് പ്രാണനിൽ നിന്നാണ്. കുറച്ച് വകതിരിവുണ്ടായാൽ രണ്ടു മാർഗ്ഗവും സുഗമം, വിശിഷ്ടം.
സ്നേഹത്തോടെ,
നിത്യ.
▮
ഫേൺഹിൽ
30. 5. 1998.
പ്രിയപ്പെട്ട ശ്രീ. അനന്താനന്ദജിക്ക്,
സസ്നേഹം അയച്ച കത്തും അന്വേഷണത്തെപ്പറ്റിയുള്ള ലഘുലേഖയും കണ്ടു. അമ്പലനടയിലും പള്ളിമുറ്റത്തും ബാങ്കു വിളിക്കുന്നിടത്തും അന്വേഷിച്ചു പോയാൽ അരവണപായസവും കുർബാനയും വീഞ്ഞും റൊട്ടിയും ബീമാപ്പള്ളിയിലെ ജീരകക്കഞ്ഞിയും ഒക്കെ കിട്ടിയെന്ന് വരും. അതാണോ തേടുന്നത്?
ഒന്നും ആയിത്തീരേണ്ടതായിട്ടില്ല. സർവ്വത്ര നിറഞ്ഞു നില്ക്കുന്ന വെളിച്ചത്തെ കാണാൻ കണ്ണു തുറക്കേണ്ടാ, തേടുകയും വേണ്ട. ഒരു സൂര്യനെ കണ്ടാൽ തിരിച്ചറിയുന്നില്ലെങ്കിൽ പതിനായിരം സൂര്യൻ വന്നാലും കണ്ണിൽ ഇരുട്ട് കൂടുകയേ ഉള്ളൂ. നമ്മൾ ആരും അകലത്തിലല്ല, ഒന്നിച്ചുമല്ല. വരുകയും പോവുകയും ഒന്നും നമ്മുടെ ജീവിതത്തിൽ ആവശ്യമുള്ളതല്ല. എന്നും എപ്പോഴും ആയിരിക്കുക. വേറൊന്നില്ല.
സ്നേഹത്തോടെ,
നിത്യ.
▮
ഫേൺഹിൽ
1. 6. 1998.
പ്രിയപ്പെട്ട സാബുവിന്,
സസ്നേഹം അയച്ച കത്തു കിട്ടി.
ഈ ലോകം ആരും സൃഷ്ടിച്ചതല്ല. ഒത്തിരിനാൾ ആളിക്കത്തുന്ന തീയായിരുന്നു. പിന്നെ തീ കെടുത്തിക്കൊണ്ട് ഹിമപാതം ഉണ്ടായി. ഐസെല്ലാം ഒഴുകിയപ്പോൾ ജലപ്രളയമായി. ജലം കെട്ടിക്കിടന്നപ്പോൾ അതിൽ ഓരുണ്ടാകാൻ തുടങ്ങി. സൂര്യപ്രകാശവും നിരന്തരമായ കാറ്റും വെള്ളത്തിലെ ഓരിനെ പശിമയുള്ളതാക്കി. പശിമയിൽ നിന്ന്, അമീബയിൽ നിന്ന് കുരുന്നു ജീവികൾ ഉണ്ടായി വന്നു. കൈയും കാലും ഒന്നുമില്ലാത്ത, വായും വയറും ഇല്ലാത്ത, നിത്യമായ ജഡചൈതന്യങ്ങൾ. അതൊക്കെ അവസാനം പരിണമിച്ച് അനേകകോടി വർഷങ്ങൾക്കുശേഷം നാമായി.
നാം എങ്ങനെ ജീവിക്കണമെന്നോ, എന്തിനു ജീവിക്കണമെന്നോ പറയാൻ ഈ യാദൃച്ഛികതയുടെ പിന്നിൽ ഒരു സൂത്രധാരനും ഇല്ല. ആരോട് പ്രാർത്ഥിച്ചാലും പ്രാർത്ഥിച്ചവൻ മാത്രമേ അതു കേൾക്കുകയുള്ളൂ. വൃക്ഷലതാദികൾക്കോ പക്ഷിമൃഗാദികൾക്കോ കീടങ്ങൾക്കോ ഒന്നും ദൈവനാമം അറിഞ്ഞു കൂടാ. അറിയേണ്ട ആവശ്യവുമില്ല. വിഡ്ഢിത്തങ്ങളിൽ വിശ്വസിക്കാതിരുന്നാൽ ദുഃഖിക്കേണ്ടി വരില്ല. അതിന്റെ ഉത്തരവാദിത്തം സാബുവിൽ തന്നെ ഇരിക്കേണ്ടതാണ്.
ചിരിച്ചും കളിച്ചും ഫലിതങ്ങൾ ഓർത്തും സന്തുഷ്ടനായി ജീവിക്കുക. സ്വന്തം ഇഷ്ടം വരുമ്പോഴാണ് സന്തുഷ്ടനാകുന്നത്.
സ്നേഹത്തോടെ,
നിത്യചൈതന്യയതി
▮
ഫേൺഹിൽ
29. 8. 1997.
പ്രിയപ്പെട്ട ശ്രീ. രമേഷ് പേരാമ്പ്ര,
സസ്നേഹം അയച്ച കത്തു കിട്ടി. സന്തോഷം.
എന്റെ കുട്ടിക്കാലത്ത് നല്ല വൈഭവമുള്ള കലാകാരന്മാരായ ചില കരുവാന്മാർ വന്ന് കളിമണ്ണുകൊണ്ട് പലമാതിരി രൂപങ്ങൾ ഉണ്ടാക്കി മൂശകളാക്കി, അതിൽ വെള്ളി, ചെമ്പ്, പഞ്ചലോഹം, ഓട് മുതലായവ ഉരുക്കി ഒഴിച്ച് രൂപങ്ങൾ ഉണ്ടാക്കി ക്ഷേത്രങ്ങളിലേക്ക് കൊടുത്തയക്കുമായിരുന്നു.
ക്ഷേത്രത്തിലെ പൂജാരിമാർ ഈ രൂപങ്ങളെല്ലാം നിരത്തി വച്ച് അതിന്റെ മുമ്പിൽ വിളക്കു കത്തിച്ച് പല മാതിരി പൂജ ചെയ്യുന്നതു കാണുമ്പോൾ, ആ രൂപങ്ങൾ ഉണ്ടാക്കിയ മൂശാരിമാരുടെ കലാബോധം പുരോഹിതന്മാർക്കില്ലെന്നു കണ്ട് ഞാൻ കുട്ടിക്കാലത്തു തന്നെ എന്റെ ബുദ്ധിക്കിണങ്ങുന്ന തെറ്റും ശരിയും സങ്കല്പിച്ചു വെക്കുവാൻ തുടങ്ങി.
‘‘വൃക്ഷലതാദികൾക്കോ പക്ഷിമൃഗാദികൾക്കോ കീടങ്ങൾക്കോ ഒന്നും ദൈവനാമം അറിഞ്ഞു കൂടാ. അറിയേണ്ട ആവശ്യവുമില്ല. വിഡ്ഢിത്തങ്ങളിൽ വിശ്വസിക്കാതിരുന്നാൽ ദുഃഖിക്കേണ്ടിവരില്ല’’.
ഒരു നാട്ടുപ്രമാണിയുടെ കുടുംബത്തിൽ വന്നു ജനിക്കാൻ ഇടയായതുകൊണ്ട് പലമാതിരി കാക്കാരിശികളും പറയൻതുള്ളലും കോലംതൂള്ളലും വലിയ പാളകൾ കൊണ്ടുണ്ടാക്കിയ ശിരോലംകാരത്തിൽ മഞ്ഞളും ചോപ്പും കലർത്തിയ വരകളിട്ട് രാത്രി മുഴുവൻ ഉറക്കമിളച്ച് പ്രകടനങ്ങൾ കാണിച്ചിരുന്നുവെങ്കിലും സൗന്ദര്യത്തിന്റെ പേലവത്വമൊന്നും അതിൽ കാണാൻ കഴിഞ്ഞില്ല. ഏതോ പ്രാകൃതന്മാരുടെ ഘോരമായ അട്ടഹാസങ്ങൾ കേട്ട്, എന്റെ മനസ്സ് കേരളത്തിലെ നാടൻ കലകളിൽ നിന്ന് എവിടേക്കോ ഓടിപ്പോയി. ഇതിൽ ഏറ്റവും അസഹനീയമായി തോന്നിയിട്ടുള്ളത് ഓണക്കാലത്തു കാണുന്ന പലമാതിരി വികൃതികളായിരുന്നു.
പിന്നെ അതേ മാതിരിയോ അതിനെക്കാൾ പ്രാകൃതമോ ആയ പല ഉത്സവങ്ങളും ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സയാം, എന്നിവിടങ്ങളിലും പിന്നീട് അമേരിക്കൻ കോപ്പി, മായൻ മുതലായവരുടെ ഉത്സവങ്ങളിലും ഓസ്ട്രേലിയയിലെ അബോർജിനികളിലെ നൃത്തങ്ങളിലും ഒക്കെ കാണാൻ കഴിഞ്ഞിരുന്നതുകൊണ്ട് ചെറുതായിരുന്നപ്പോഴും വലുതായപ്പോഴും നാട്ടുകാർ പറഞ്ഞു വലുതാക്കുന്ന സൗന്ദര്യാസ്വാദനവും കലാരൂപങ്ങളും എനിക്കു സമ്മതമാകുന്നില്ല.
അതുകൊണ്ട് മതത്തിൽ ദാർശനികത വരുമ്പോഴേ മനുഷ്യന്റെ ഉത്തമമായ സംസ്ക്കാരത്തിനിണങ്ങുന്ന ചിന്താശൈലി എവിടെയെങ്കിലും വരുന്നതായി ഞാൻ കരുതുന്നുള്ളൂ. ഹിന്ദു മതത്തിന്റെ എന്നല്ല ഒരു മതത്തിന്റെയും അപഹാസ്യമായ കാവ്യകല്പന എനിക്ക് പൊറുപ്പിക്കാൻ കഴിയുന്നില്ല. കലയിലെ പൗരാണികതയ്ക്കും മിത്തിനും പ്രതീകാത്മകമായ ആദിരൂപങ്ങൾക്കും എല്ലാം ലോകം വലിയ ആരാധ്യസ്ഥാനം കൊടുക്കുന്നു എന്ന് എനിക്കറിയാം. എന്നാൽ സംഗീതം, ചിത്രകല, അഭിനയം, നൃത്തം എന്നിവയ്ക്കെല്ലാം ഞാൻ എന്റെ ബുദ്ധിക്കും ഹൃദയത്തിനും ഇണങ്ങുന്ന ചില മാനദണ്ഡങ്ങൾ വച്ചിട്ടുണ്ട്.
മുകളിൽ പറഞ്ഞ ഓരോ കലാരൂപത്തിനും എന്തെല്ലാം അവകാശവാദങ്ങൾ ഉണ്ടെങ്കിലും, പൊതുജനം ആരാധിക്കുന്നു, പ്രശംസിക്കുന്നു എന്ന് പറയുന്നതുകൊണ്ട് ഞാൻ അതിന്റെ മുമ്പിൽ വീണു നമസ്കരിക്കുന്നില്ല.
സ്ഥിതികൾ ഇങ്ങനെ ആയിരിക്കവേ, പ്രിയ രമേശൻ എന്റെ ഓർമ്മകൾ എഴുതി ബുദ്ധിമുട്ടേണ്ട. എന്റെ അഭിപ്രായം ചോദിക്കണം എന്നു തോന്നിയത് ഏതോ തെറ്റിദ്ധാരണകൊണ്ടാണ്. അതുകൊണ്ട് ശ്രീ. രമേശന്റെ സന്നാഹത്തിൽ നിന്ന് ഈ വയസ്സനു വിടുതൽ കൊടുക്കുക.
സ്നേഹത്തോടെ,
നിത്യചൈതന്യയതി
▮
ഫേൺഹിൽ
24. 1. 1998
പ്രിയ മകൾ അബ്സീനാ,
മകൾ നല്ല ബുദ്ധിമതിയായ ഒരു പെൺകുട്ടിയായിരുന്നു. ആരോ മകളുടെ തിളക്കമുള്ള ബുദ്ധിയിൽ ചാഞ്ചല്യം ഉണ്ടാക്കിയിരിക്കുന്നു. ഒന്ന്, പലത്, എന്നെല്ലാം പറയുന്നതു അങ്കഗണിതത്തെ പ്രമാണമാക്കിക്കൊണ്ടാണ്. ഒരു വീട്ടിൽ ഒരു ആനയും ഒരു നായയും നാലു പൂച്ചകളും മൂന്നു മക്കളും ഒരു അച്ഛനും ഒരു അമ്മയും ഉണ്ടെന്നു പറയുന്നത് ഇഹലോകത്തു ജീവിക്കുന്ന ഏതൊരാൾക്കും എണ്ണി തിട്ടപ്പെടുത്താവുന്ന വസ്തുതകളാണ്.
ഒരാന, ഒരു നായ എന്നു പറയുന്നതിൽ ആനയെയും നായയെയും നാം കാണുന്നെങ്കിലും ‘ഒരു’ എന്നതു നമ്മുടെ കാഴ്ചയെ സഹായിക്കുന്നതിനുള്ള ഒരു ആശയസ്ഫുരണമാണ്. അതു വസ്തുതയല്ല. എന്നിരുന്നാലും 'ഒരു ആന' എന്നുതന്നെ പറയണം.
മൂന്നു കുട്ടികൾ ആരൊക്കെ എന്നു ചോദിച്ചാൽ രണ്ടു വയസ്സുള്ള വിനുവും നാലു വയസ്സുള്ള ഷീലയും അഞ്ചു വയസ്സുള്ള സുകുവും ആണെന്നു പറയാം. അവരെ മക്കൾ എന്നു പറയുമ്പോൾ അവരുടെ വ്യക്തിത്വമൊന്നും ഇല്ലാതായിപ്പോകുന്നില്ല. അവരിലെല്ലാവരിലും മക്കൾ എന്ന സത്യം വ്യാവഹാരികമായിരിക്കുന്നു. ഒരു അച്ഛനും ഒരു അമ്മയും എന്നു പറയുമ്പോൾ അച്ഛനും അമ്മയും വേറെ വേറെ ഇനങ്ങളിൽ പെടുന്നെങ്കിലും ആ വ്യത്യാസങ്ങളൊന്നും നാം കണക്കിലെടുക്കാറില്ല.
പല്ലു തേയ്ക്കുമ്പോഴും അവർക്ക് ആഹാരം കൊടുക്കുമ്പോഴും അങ്കഗണിതത്തിനു പ്രാധാന്യമുണ്ട്. ഓരോരുത്തർക്കും വേറേവേറെ ടൂത്ത് ബ്രഷ് വേണം. അവരവരുടെ വയസ്സിനിണങ്ങുന്ന അളവിൽ എടുത്തുകൊടുക്കുന്ന ആഹാരം വേണം.
ഇവിടെയൊന്നും അജ്ഞതയ്ക്ക് യാതൊരു പ്രാധാന്യവുമില്ല. അങ്ങനെയുള്ള ചിന്താശൈലിയാണ് ആയുർവേദത്തിന്റേത്. അതു കപിലന്റെ സാംഖ്യദർശനത്തെ സ്വീകരിക്കുന്നതു കൊണ്ടു യാതൊരു ദോഷവുമില്ല.
ഇന്നലത്തെ കുഞ്ഞ് ഇരുപതു വയസ്സാകുമ്പോൾ യുവാവോ യുവതിയോ ആയിത്തീരും. അതു വസ്തുസംബന്ധമായ പരിണാമത്തെ സാധൂകരിക്കുന്നതാണ്, തോന്നലല്ല. സാംഖ്യത്തിലെ പരിണാമവാദത്തിൽ വസ്തുവിവരണം പറയുന്നു എന്നല്ലാതെ വാദമൊന്നും ഇല്ല.
ഒരുവൻ ഒരുവളെ കണ്ട് ആരാധനാപൂർവ്വം പ്രേമിച്ച് സുന്ദരി എന്നു കരുതി വീട്ടിൽ കൊണ്ടു വന്നതിനുശേഷം അവളുടെ ശരീരത്തിൽ തീ പിടിത്തമുണ്ടായി മുഖം വികൃതമായിപ്പോയാലും അവൾ ഭാര്യ തന്നെയാണ്. എന്നാൽ സുന്ദരിയെന്നു പറയാനിടയാക്കിയ രൂപം മാറിപ്പോയിരിക്കുന്നു. അത് ഒരു പൂർവ്വകാലസ്മൃതി മാത്രമായിത്തീരുന്നു. ചിലപ്പോൾ ഈ സംഭവം കൊണ്ടുതന്നെ ഭർത്താവിനു ഭാര്യയോടു കൂടുതൽ അനുകമ്പയും സ്നേഹവും ഉളവായി എന്നു വരാം. അത് ഒരാളുടെ ഇന്ദ്രിയങ്ങളെ ഭരിക്കുന്ന വൈകാരികതയുടെ പ്രത്യേകത കൊണ്ടാണ്.
വിചാരം കാര്യകാരണ ബന്ധങ്ങളാൽ സുനിശ്ചിതമായിരിക്കുമ്പോൾ, വികാരത്തിനു പ്രിയാപ്രിയങ്ങളാണ് ഹേതുവായിരിക്കുന്നത്. പ്രിയം തോന്നുന്നതും അപ്രിയം തോന്നുന്നതും അജ്ഞതയാലല്ല. മനുഷ്യസഹജമായ പെരുമാറ്റച്ചിട്ട കൊണ്ടാണ്. ഇതെല്ലാം അറിയാവുന്ന നമ്മുടെ പൂർവ്വികന്മാർ, ശങ്കരാചാര്യർ ഉൾപ്പടെ, സ്വീകരിച്ചിരിക്കുന്നതു മൂന്നു മാതിരി സത്യങ്ങളെയാണ്.
ഒന്ന്, യാഥാതഥ്യം. ദൈനംദിന ജീവിതത്തിൽ ഒരു വസ്തുവിനെ ഏതുവിധം കാണാവുന്നതും ഏതുവിധം അതിന്റെ പ്രയോജനം നിശ്ചയിക്കാവുന്നതും ആണോ അതാണ് യാഥാർത്ഥ്യം. ഇംഗ്ലീഷിൽ പറയുന്ന Transactional truth. രണ്ടാമത്തേത്, ഒന്നിനെ വേറൊന്നെന്നു തെറ്റിദ്ധരിച്ച് പ്രതിഭാസമായി കാണുന്നത്. അതിനെയാണ് അജ്ഞത എന്നു പറയുന്നത്. പിന്നെ, ശങ്കരാചാര്യരെപ്പോലെ ഒരാൾ ആഴത്തിൽ ധ്യാനിച്ച് ഇഹലോകത്തെയും ജഗദ്വിലാസത്തെയും എല്ലാം മറന്ന് അന്തിമമായ പരമാർത്ഥം കണ്ടെത്തി അതെന്താണെന്നു പറയുന്നു.
‘ലാ ഇലാഹ് ഇല്ലല്ലാഹ്' എന്നു പറയുന്നതു പരമാർത്ഥമാണ്. 'ഏകമേവാദ്വിതീയം ബ്രഹ്മ’ എന്നു പറയുന്നതും പരമാർത്ഥമാണ്. അതിനു നമ്മുടെ ദൈനംദിന ജീവിതത്തിൽ യാതൊരു പ്രസക്തിയുമില്ല. എന്നിരുന്നാലും അതിനെ Absolute truth എന്നു പറയുവാൻ കഴിയും.
‘‘നാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തുന്നതിനു മുമ്പ് അബ്രാഹ്മണരൊന്നും എവിടേയും പ്രതിഷ്ഠകൾ നടത്തിയിട്ടില്ലേ?പലയിടത്തും നടത്തിയിട്ടുണ്ട്. പാക്കനാർ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം എനിക്കറിയാം’’.
ജർമ്മനിയിലെ പണം ഡൊയിച്ച് മാർക്കാണ്. ഒരു പത്തു ഡൊയിച്ച് മാർക്ക് നോട്ടുമായി ചായക്കടയിൽ പോയി ദോശയും ചായയും വാങ്ങാമെന്നു വിചാരിക്കരുത്. അത് പണമാണെന്നു പറഞ്ഞാലും ചായക്കടക്കാരൻ സമ്മതിക്കില്ല. നമ്മുടെ അജ്ഞതകൊണ്ട് അങ്ങനെ പറയുകയാണെന്നു കരുതും. എന്നാൽ അതേ നോട്ടുതന്നെ State Bank of India യിലോ Nedungadi Bank-ലോ കൊണ്ടുപോയി കൊടുത്താൽ അവർ ഉടൻ തന്നെ അതു മാറി പകരം അതിനു തുല്യമായ രൂപ തരും. അങ്ങനെയാണ് അജ്ഞനായിരിക്കുന്നവന്റെ സ്ഥാനത്ത് പെട്ടെന്നു വിജ്ഞനുണ്ടാകുന്നത്.
ഡോളറും രൂപയും മാർക്കും യെന്നും ദിനാറും എല്ലാം ബാങ്കിന്റെ കൗണ്ടറിൽ ഇരിക്കുന്നവന് ലോകവാണിജ്യത്തിലെ പരമമൂല്യമായ പരമാർത്ഥമാണ്. അവിടെയാണ് ശങ്കരാചാര്യരുടെ വാസം. അതുകൊണ്ട് മോള് കുഴഞ്ഞു പോകരുത്.
എന്റെ ഈദ് ആശംസകൾ. പരമകാരുണികനായ അല്ലാഹുവിനു സ്തുതി. എന്നു പറഞ്ഞാൽ സച്ചിദാനന്ദനായ ഭഗവാൻ വിജയിക്കുമാറാകട്ടെ എന്നർത്ഥം.
സ്നേഹത്തോടെ,
പ്രിയ ഗുരു.
▮
ഫേൺഹിൽ
2. 9. 1993.
പ്രിയ ആനിക്ക്,
കുഞ്ഞേ, നിനക്ക് മരിക്കാൻ കഴിയുമായിരുന്നെങ്കിൽ കെട്ടിത്തൂങ്ങിയപ്പോൾ തന്നെ ചാകുമായിരുന്നു. രണ്ടു പ്രാവശ്യവും കനിയാത്ത മരണത്തെ ഇനിയും ആശ്രയിക്കരുത്. നിന്നിൽത്തന്നെയുള്ള വെളിച്ചമാണ് ഈശ്വരൻ. നീ അതിനെ കുത്തിക്കെടുത്തിയില്ലെങ്കിൽ അതു നല്ല പ്രകാശത്തോടുകൂടി എരിയും. നിനക്കു മാത്രമല്ല, നിന്റെ ചുറ്റുമുള്ളവർക്കും വെളിച്ചം ചൊരിയും. നിന്റെ മാതിരി ദുഃഖങ്ങളുള്ളവരെല്ലാം കൂടി ഒരു ദിവസം തന്നെ തൂങ്ങിമരിച്ചിരുന്നെങ്കിൽ കേരളത്തിൽ ആ ദിവസം ഒരു ലക്ഷം പേരെങ്കിലും മരിക്കുമായിരുന്നു. അത്രയ്ക്ക് സ്നേഹവിഹീനമാണ് ലോകം. എന്നാലും ആ ലോകത്തു തന്നെ സ്നേഹസമ്പന്നരായ ആയിരമായിരം ആളുകളുണ്ട്. നീ പൊട്ടിച്ചിരിക്കുന്നവരിൽ നിന്നും അകന്നുപോകരുത്. അവരുടെ കൂടെ പൊട്ടിച്ചിരിക്കണം. നല്ല വാക്കു പറയുന്നവരുടെ കൂടെ നല്ല വാക്കു പറയണം. ഇരുട്ടിലല്ല ദൈവത്തെ തേടേണ്ടത് വെളിച്ചത്തിൽ വേണം.
നീ പഠിക്കുക. ജയിക്കുക. എല്ലാം ശരിയാകും. ആനിക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട്...
സ്നേഹപൂർവ്വം,
നിത്യ.
▮
ഫേൺഹിൽ
പ്രിയ സുനിൽ കുമാർ,
1. മരണം മോക്ഷമാണ്.
2. ഉറക്കം മോക്ഷമാണ്.
3. നിർബന്ധം ഒന്നും ഇല്ലാതിരിക്കുന്നത് മോക്ഷമാണ്.
4. സംശയരഹിതമായിരിക്കുന്ന ബോധത്തിന്റെ പ്രശാന്തി മോക്ഷമാണ്.
5. ഇന്ദ്രിയങ്ങളുടെ സഹജമായ ധർമ്മം വിളംബപ്പെടാതിരിക്കുന്നത് മോക്ഷമാണ്.
6. നിർഭയമായ അവസ്ഥ മോക്ഷമാണ്.
7. ക്രിയയിൽത്തന്നെ കർത്താവും കർമ്മഫലവും അന്യമല്ലാതെയിരിക്കുന്ന അവസ്ഥ മോക്ഷമാണ്.
8. പ്രാണനം ചെയ്യുന്നത് ആത്മാവാണ്.
9. ആഹാരം സ്വീകരിക്കുന്നത് ആത്മാവാണ്.
10. അറിവിന്റെ സ്വയംപ്രകാശകത്വം ആത്മാവാണ്.
11. ദൈവം മുതലായവ വാക്കുകളാണ്.
‘‘നിന്റെ മാതിരി ദുഃഖങ്ങളുള്ളവരെല്ലാം കൂടി ഒരു ദിവസം തന്നെ തൂങ്ങിമരിച്ചിരുന്നെങ്കിൽ കേരളത്തിൽ ആ ദിവസം ഒരു ലക്ഷം പേരെങ്കിലും മരിക്കുമായിരുന്നു. അത്രയ്ക്ക് സ്നേഹവിഹീനമാണ് ലോകം’’.
12. മനുഷ്യൻ എന്നത് ഒരു ശാരീരികതയുടെ അടയാളമാണ്. ജനനം ഒരറ്റത്തും, അടയാളം മായ്ച്ചു കളയുന്ന മരണം മറ്റേ അറ്റത്തും. അതിനിടയിൽ സാമൂഹികതയെന്ന പ്രതിഭാസം.
13. സൃഷ്ടിയുടെ ആദ്യകഥ മതത്തിന്റേതാണ്. രണ്ടാമത്തെ വിവരണം ശാസ്ത്രത്തിന്റേതും. രണ്ടും പകുതി പകുതി സത്യമാണ്. മതത്തിന്റേത് കാവ്യസത്യം. ശാസ്ത്രത്തിന്റേത് ഭൗതികതയിലെ കാര്യകാരണസത്യം.
15. തറയുടെ ചരിവും ചെറിയ കാറ്റിന്റെ തള്ളലും കൊണ്ട് ഒഴുകി നടക്കുന്ന സോപ്പുപതയിൽ തുടങ്ങുന്നു ആത്മാവെന്ന പ്രതിഭാസം.
16. മനുഷ്യൻ എഴുതി വച്ചിരിക്കുന്ന ഒരു പൂർണ്ണവാചകത്തെയും വിശ്വാസപ്രമാണമാക്കരുത്.
17. ഓർമ്മയാണ് ബന്ധനം. വർത്തമാനകാലത്തിലെ ബോധബിന്ദുക്കൾ പിന്നോക്കം തിരിഞ്ഞു നോക്കുന്നത് ബന്ധനത്തിന്റെ ലക്ഷണമാണ്.
18. വർത്തമാനത്തിലിരിക്കുമ്പോൾ ഭവിഷ്യത്ത് ആലോചനാവിഷയമാകുന്നത് ബന്ധനമാണ്.
19. ഏതെങ്കിലും തരത്തിലുള്ള വിധേയത്വം ബോധത്തിൽ സന്നിഹിതമായി വന്നാൽ നിർബോധത്തെ ആലംബമാക്കേണ്ടിവരും.
സ്നേഹത്തോടെ,
നിത്യ.
▮
ഫേൺഹിൽ
24. 4. 1993.
പ്രിയപ്പെട്ട മനു,
സസ്നേഹം അയച്ച കത്തു കിട്ടി. നാരായണഗുരു അരുവിപ്പുറത്തു ക്ഷേത്രം പ്രതിഷ്ഠിച്ചപ്പോൾ അതു നോക്കിക്കൊണ്ടുനിന്ന ഒരാൾ പോലും ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല. ജാത്യഭിമാനമുള്ള ചിലർ ഗുരുവിനെപ്പറ്റി എഴുതിയ കഥകളിൽ ഇങ്ങനെ കല്ലുവച്ച നുണകളും ചേർത്തിട്ടുണ്ട്. ഇപ്രകാരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവരോട് ഞാൻ ചോദിക്കുന്ന ചില ചോദ്യങ്ങൾ പത്രങ്ങളിൽ അച്ചടിച്ചു വന്നിട്ടുണ്ട്.
നാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തുന്നതിനു മുമ്പ് അബ്രാഹ്മണരൊന്നും എവിടേയും പ്രതിഷ്ഠകൾ നടത്തിയിട്ടില്ലേ?പലയിടത്തും നടത്തിയിട്ടുണ്ട്. പാക്കനാർ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം എനിക്കറിയാം. സി. വി. കുഞ്ഞുരാമൻ മയ്യനാട്ട് തന്നെ ബ്രാഹ്മണസഹായം ഒന്നും കൂടാതെ ഈഴവർ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തെപ്പറ്റി എഴുതിയിട്ടുള്ളത് ഞാൻ വായിച്ചിട്ടുണ്ട്. ആരേയും തോല്പിക്കാനല്ല നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയത്. ഭാരതത്തിലെ ആദ്യത്തെ പറയനായിരുന്നു പശുപതിയായ ശിവൻ. ശിവപുത്രനാണ് അഥർവ്വണൻ. അഥർവ്വണനിൽ നിന്ന് വന്ന വേദമാണ് അഥർവ്വവേദം. അതിനെ പിൽക്കാലത്ത് ത്രൈവേദികൾ ധിക്കരിച്ചതുകൊണ്ടു മാത്രമാണ് നാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയത്.
പിന്നത്തെ ചോദ്യം; നാരായണഗുരുവിന്റെ ശിവപ്രതിഷ്ഠയിൽ പ്രതിഷേധിച്ച നമ്പൂതിരിയുടെ പേര് എന്ത്? മന അല്ലെങ്കിൽ ഇല്ലമേത്? എത്രാം തീയ്യതി, എവിടെവെച്ചാണ് നാരായണഗുരുവിനെ ചോദ്യം ചെയ്തത്? അതു കേട്ടുനിന്നതാര്?
ഞാൻ കേട്ട കഥ വേറൊന്നാണ്. പ്രതിഷ്ഠാകർമ്മം കഴിഞ്ഞ് കുറേ നാൾ ചെന്നതിനുശേഷം ഒരു മന്ത്രവാദി നാരായണഗുരുവിനോട് സംസാരിക്കുമ്പോൾ ഗുരു ശിവനെ പ്രതിഷ്ഠിച്ചതിൽ നമ്പൂതിരിമാർക്ക് വെറുപ്പുണ്ടെന്നു പറഞ്ഞു. അതുകേട്ട് ചിരിച്ചുകൊണ്ട് ഗുരു പറഞ്ഞത്രേ: ‘നമ്പൂതിരിശിവനെ പ്രതിഷ്ഠിച്ചില്ലല്ലോ.’
പിൽക്കാലത്ത് ഈ കഥയെ ഈഴവാഭിമാനികൾ ഈഴവശിവനാക്കിയതാണ്. അടുത്ത കാലത്ത് ഈ വിഷയത്തെപ്പറ്റി ‘പ്രിയപ്പെട്ട ബിജുവിന്’ എന്ന പേരിൽ ഒരു ലേഖനം കേരളകൗമുദിയിൽ എഴുതിയിരുന്നു.
മാർക്സിന്റെ നൈതികത, മനുഷ്യൻ മനുഷ്യനെ ഒരിക്കലും ചൂഷണം ചെയ്യരുത്, ഇല്ലാത്തവൻ എന്നും ഉള്ളവൻ എന്നും രണ്ടു വർഗ്ഗമായി മനുഷ്യരുടെ ഇടയിൽ തരം തിരിവുണ്ടാകുന്നത് നീതിക്കിണങ്ങുന്നതല്ല, വർണ്ണവർഗ്ഗരഹിതമായിട്ടുള്ള മാനവസമുദായം ഉണ്ടാവണം എന്നതായിരുന്നു.
മഹാത്മാഗാന്ധിയുടെ നൈതികത സത്യം എന്നും വിജയിക്കും, സത്യം തന്നെയാണ് ഈശ്വരൻ, എല്ലാ മനുഷ്യരും ഈശ്വരദൃഷ്ടിയിൽ സമന്മാരാണ് എന്നൊക്കെയാണ്. അദ്ദേഹം ഈശ്വരനെ രാമൻ എന്നു വിളിക്കുന്നു. അദ്ധ്യാത്മപശ്ചാത്തലമുള്ള ആളായിരുന്നതുകൊണ്ട് അദ്ദേഹം ജനതയെപ്പറ്റി പറയുമ്പോൾ വൈഷ്ണവ ജനത എന്നെല്ലാം പറയുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യസ്നേഹം തന്നെയായിരുന്നു മാർക്സിസത്തിന്റെയും ഗാന്ധിസത്തിന്റെയും അന്തർധാര.
വിവേകാനന്ദസ്വാമികളുടെ ദീർഘദർശനത്തിൽ പറയുന്ന സന്ന്യാസി കാഷായവസ്ത്രം ഉടുത്തവനാണ് എന്നു സങ്കല്പിക്കുന്നുവെങ്കിൽ അത് തെറ്റിദ്ധരിക്കാനിടയാകും. അഹന്തയെയും അസത്യത്തെയും ത്യജിച്ചവൻ എന്നു ധരിച്ചാൽ ശരിയായും വരും. ഈയിടെ മൗലാനാ അബുൽകലാം ആസാദിന്റെ ജീവചരിത്രം വായിച്ചുനോക്കിയപ്പോൾ, കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സന്ന്യാസി അദ്ദേഹമാണെന്നു തോന്നി.
സ്നേഹപൂർവ്വം,
നിത്യചൈതന്യയതി.