ജെ.എൻ.യുവിലെ പ്രകാശ് കാരാട്ടും വൃന്ദയും

സി.പി.എം ജനറൽ​ സെക്രട്ടറി സീതാറം യെച്ചൂരിയുടെ ജെ.എൻ.യു നാളുക​ൾ. സ്വതന്ത്ര ചിന്തയുടെയും ലിംഗ സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സെക്യുലറിസത്തിന്റെയും ഉന്നത മൂല്യങ്ങൾ പുലർന്ന ഒരു ജെ.എൻ.യു കാലത്തെക്കുറിച്ച്, ജെഎൻ.യുവിലെ സീതാറാം യെച്ചൂരിയുടെ സഹപാഠി കൂടിയായ ലേഖകൻ എഴുതുന്നത്​.

1970 കളുടെ ആദ്യത്തിലാണ് ജെ.എൻ.യുവിൽ കൂടുതൽ വിദ്യാർത്ഥികൾ വന്നു ചേർന്നതും പല സ്‌കൂളുകൾ നിലവിൽ വന്നതും. 1972 ൽ ആരംഭിച്ച സ്‌കൂൾ ഓഫ് ലൈഫ് സയൻസിലെ ആദ്യ എം ഫിൽ- പിഎച്ച്​ ഡി ബാച്ചിൽ ഞാനുൾപ്പെടെ 21 പേരാണുണ്ടായിരുന്നത്. ഇന്ത്യയിലെ പലയിടങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ. കുത്തബ് മിനാറിനു വടക്കുപടിഞ്ഞാറായി കിടക്കുന്ന കാട്ടുപ്രദേശത്ത് അന്ന് കെട്ടിടങ്ങൾ പണിതുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ‘ഓൾഡ് കാമ്പസ്’ എന്ന് പിന്നീടറിയപ്പെട്ട ഇടത്താണ് അന്ന് സാക്ഷാൽ ജെ.എൻ.യു. ആസ്ഥാനം. തികച്ചും ദേശീയസ്വഭാവമുള്ള കാമ്പസ്. ഹിന്ദിയേക്കാൾ ഇംഗ്‌ളീഷ് സംസാരഭാഷയായുള്ള ഇടമാണന്ന്​.

സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ ധാരാളം മലയാളി വിദ്യാർത്ഥികളുണ്ടായിരുന്നു. ആർ. രാഘവ വാര്യർ, രാജൻ ഗുരുക്കൾ, കേശവൻ വെളുത്താട്ട്, കെ. ഗോപാലൻകുട്ടി, സനൽ ഇടമറുക് ഉൾപ്പെടെ. പ്രൊഫസർമാരിൽ ഡോ ടി. കെ. ഉമ്മനും ഡോ. കെ. എൻ. പണിക്കരും ഒക്കെയുണ്ട്. ആകപ്പാടെ ഒരു ‘വലത്' ചായ്​വുള്ള കാമ്പസ്, പ്രൊഫസർമാർ പലരും ആ ഭാഗത്താണ്. 1972 ൽ ആദ്യ സ്റ്റുഡൻറ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നു. മലയാളിയായ പി. സി. ജോഷി ചെയർമാനായി. കാമ്പസ് സാവധാനം കമ്യൂണിസ്റ്റ്- ഇടത് സ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരിക്കയായിരുന്നു. ഈ സമയത്ത് കാമ്പസിലെത്തിയ പ്രകാശ് കാരാട്ട് ആയിരുന്നു ഈ മാറ്റത്തിന്​ ഒരു പ്രധാന കാരണം. മദ്രാസിൽ നിന്ന് എഡിൻബറോയിൽ ഗവേഷണ വിദ്യാർത്ഥിയായി പോയ കാരാട്ട് കമ്യൂണിസ്​റ്റ്​എന്ന പേരു കേൾപ്പിച്ചതിനാൽ സ്‌കോളർഷിപ്പ്​ നഷ്ടപ്പെട്ട് ഇവിടെ എത്തിയതാണ്. 1973-ലെത്തിയ സീതാറാം യെച്ചൂരി, എഴുതിയ പരീക്ഷകൾക്കൊക്കെ റാങ്ക് നേടി പാസായ വിദ്യാർത്ഥിയാണ്. സെൻറ്​ സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി.എ. പാസായി ഇവിടെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ എം.എയ്ക്ക് ചേർന്നിരിക്കയാണ്.

സുശീല ഗോപാലൻ, ബൃന്ദ കാരാട്ട്, എ.കെ.ജി, പ്രകാശ് കാരാട്ട്‌

കാരാട്ട് പൊക്കമുള്ള, മീശ വെച്ച, സുന്ദരനായ ചെറുപ്പക്കാരനാണ്​. കട്ടിക്കണ്ണട വെച്ചുതുടങ്ങിയിട്ടുണ്ട്. തികഞ്ഞ സ്‌കോളർ. ഉജ്ജ്വലമാണ് പ്രസംഗങ്ങൾ. യെച്ചൂരി സൗമ്യനും മിതഭാഷിയും. പക്ഷേ, ഇലക്ഷൻ സമയത്ത് ചൂടും ചൂരും കൈക്കൊള്ളുന്നവൻ. കുറേ ബംഗാളികളും മലയാളികളും പിന്നെ ആന്ധ്രയിൽ നിന്നുവന്ന പുരോഗമന ചിന്തക്കാരും കമ്യൂണിസ്റ്റ് ആശയക്കാരായിരുന്നതിനാൽ 1970 ൽ ഉദയം കൊണ്ട എസ്.എഫ്.ഐയ്ക്ക് ജെ.എൻ.യുവിൽ വേരുപിടിയ്ക്കാൻ പ്രയാസപ്പെടേണ്ടിവന്നില്ല. 1973 ൽത്തന്നെ പ്രകാശ് കാരാട്ട് എസ്.എഫ്.ഐ. സെക്രട്ടറിയുമായി. യെച്ചൂരി കാമ്പസിൽ പേരെടുത്തുതുടങ്ങി, 1974ലാണ് അദ്ദേഹം എസ്.എഫ്.ഐയിൽ ചേർന്നത്.

പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഇന്ത്യ മുഴുവൻ മുഖം പരിചയപ്പെടുത്തിയിട്ടുള്ള മോഡലുകൾ, നർത്തകികൾ, കലാകാരർ ഒക്കെ കാമ്പസിന്റെ തുറന്ന സമീപനങ്ങളാൽ ആകർഷിക്കപ്പെട്ട് വന്നുചേർന്നു. ദേവാനന്ദിന്റെ ചേട്ടന്റെ ഭാര്യ, മേനക ഗാന്ധി തുടങ്ങിയവരൊക്കെ പുതിയ കാമ്പസിന്റെ മോടിയിൽ ഭ്രമിച്ചെത്തിയ വിദ്യാർത്ഥികളിൽപ്പെടും. കാമ്പസിന്റെ പുരോഗമന ചിന്തയിലേക്ക് ഇവരെല്ലാം ആകർഷിക്കപ്പെട്ടു എന്നത് ഒരു സത്യം തന്നെ.

പാതിരാത്രി കഴിഞ്ഞാലും ‘ധാബാ' എന്ന് വിളിയ്ക്കപ്പെടുന്ന കാമ്പസ് തട്ടുകടകൾക്കു മുന്നിൽ നടന്നിരുന്ന സാമൂഹ്യവിപ്‌ളവ ചർച്ചകളിൽ പെൺ കുട്ടികളും ധാരാളം പങ്കെടുക്കുന്നു എന്നത്, കട്ടൻ ചായ/പരിപ്പുവട പരിപ്രേക്ഷ്യത്തിൽ നിന്നെത്തിയ സാദാ മലയാളികളായ ഞങ്ങളെ വിസ്മയിപ്പിച്ചു. ഡൽഹി യൂണിവേഴ്‌സിറ്റി കാമ്പസിൽ നിന്നെത്താറുള്ള വൃന്ദ ഇവരിലൊരാളായിരുന്നു. പിന്നീട് അവർ വൃന്ദ കാരാട്ട് എന്നറിയപ്പെട്ടു. പ്രകാശ് കാരാട്ട് അന്നും ലീഡർ തന്നെ. ‘കാരാട്ട്’ എന്ന വാക്ക് ഹിന്ദിക്കാർക്ക് പരിചിതമല്ലായിരുന്നതിനാൽ അതിനെ അവർ ‘കരത്' എന്നാക്കി, ‘കരത് പ്രകാശ്' എന്ന പേര്​ പോപ്പുലറായി. യെച്ചൂരി ബുദ്ധിമാനായ പ്രാസംഗികൻ എന്ന നിലയിൽ പേരെടുത്തു, കൂടുതലായും വിദ്യാർത്ഥികളോട് അടുത്തിടപഴകിയതിനാൽ എളുപ്പം സർവ്വപ്രിയനുമായി.

ആൺ- പെൺ ബന്ധങ്ങൾ എളുപ്പം സാധിച്ചെടുക്കാൻ ഏറ്റവും സ്വാതന്ത്ര്യമുള്ള കാമ്പസ് എന്ന പേരുണ്ട് ജെ.എൻ.യുവിന്​. പ്രകാശ് കാരാട്ട്- വൃന്ദ സൗഹൃദം തഴച്ചു വളർന്നിരുന്നു ഇവിടെ. യെച്ചൂരിയുടെ ഗേൾ ഫ്രണ്ട് ആര് എന്ന സന്ദേഹം ചിലർക്കെങ്കിലുമുണ്ടായി എന്നതാണ് സത്യം. യെച്ചൂരിയും ഒരു പെൺകുട്ടിയും പലപ്പോഴും സംഭാഷണങ്ങളിൽ ഏർപ്പെടുന്നതു കണ്ട് ചില വിരുതന്മാർ അത് ഒളിച്ചു നിന്ന് കേൾക്കാൻ തുടങ്ങി. പ്രേമസല്ലാപത്തിന്റേതായ ഒരു വാക്കും അവർക്ക്​ കേൾക്കാൻ കഴിഞ്ഞില്ല. സംസാരം മിക്കവാറും വിപ്‌ളവ/പുരോഗമന ചിന്തകൾ മാത്രം. അത്​, ആ വിരുതന്മാർക്ക്​ വൻ നിരാശ സമ്മാനിച്ചതും തമാശക്കഥ. യെച്ചൂരി അതിസാധാരണനായിരുന്നു പെരുമാറ്റത്തിലും ഇടപെടലുകളിലുമൊക്കെ, ഒരിക്കലും സംഘട്ടനാത്മകമായ സ്വഭാവത്തിലേക്ക് വഴിമാറുകയില്ല എന്നതും അദ്ദേഹത്തെ പൊതുസമ്മതനാക്കി. അടിയന്തരാവസ്​ഥക്കാലത്തെ ജയിൽ വാസം മൂലം പഠനം നിന്നുപോയെങ്കിലും അതിനുശേഷം പിഎച്ച്​ ഡി തുടരാൻ തിരിച്ചെത്തി. 1977ലും 78 ലും യൂണിയൻ പ്രസിഡൻറ്​ യെച്ചൂരി തന്നെയായിരുന്നു

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം:
ജെ.എൻ.യുവിലെ യെച്ചൂരി ഡെയ്​സ്​ | എതിരൻ കതിരവൻ


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments