ഹിന്ദു ദേവതകളായി മതപരിവർത്തനം ചെയ്യപ്പെടുന്ന ഗോത്രദൈവങ്ങൾ

കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് ഗോത്രമത സ്വരൂപങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ ഹൈന്ദവവൽക്കരിക്കപ്പെട്ടിട്ടുണ്ട്​. ഇന്ന് ഹൈന്ദവതക്കകത്തുനിന്നുകൊണ്ടു തന്നെ ഗോത്രമതാചാരങ്ങൾ തുടരുകയാണ് മിക്ക ഗോത്രങ്ങളും.

ആമുഖം

കേരളത്തിലെ ഗോത്രസമുദായങ്ങളുടെ മതവിശ്വാസങ്ങളെല്ലാം വന / ഗ്രാമദേവതാ സങ്കല്‍പ്പങ്ങള്‍, അതിന്ദ്രീയ ശക്തികള്‍, പൂര്‍വ്വികാത്മാക്കള്‍, പ്രകൃതി എന്നിവയിലൂന്നിയാണ് നിലനില്‍ക്കുന്നതെന്നു കാണാം. എന്നാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് ഗോത്രമത സ്വരൂപങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ ഹൈന്ദവവൽക്കരിക്കപ്പെട്ടതായിക്കാണാം. ഇന്ന് ഹൈന്ദവതക്കകത്തുനിന്നുകൊണ്ടുതന്നെ ഗോത്രമതാചാരങ്ങൾ തുടരുകയാണ് മിക്ക ഗോത്രങ്ങളും. കേരളത്തിലെ ഗോത്രങ്ങളുടെ വിശ്വാസങ്ങളും പുരാവൃത്തങ്ങളും ആചാരങ്ങളും ശേഖരിക്കുകയും അപഗ്രഥിക്കുകയും ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ.

‘ആനിമിസ’മാണ് കേരള ഗോത്രങ്ങള്‍ക്കിടയിലെ സുപ്രധാന മതരൂപം. ഇ.ബി. ടെയ്​ലർ പ്രിമിറ്റീവ് കള്‍ച്ചര്‍ എന്ന തന്റെ പുസ്തകത്തിലൂടെ കൊണ്ടുവന്ന ‘ആനിമിസം’ എന്ന സങ്കല്‍പ്പം ഏറ്റവും കൃത്യമായി കാണാനാകുക ഗോത്രങ്ങള്‍ക്കിടയിലാണ്. മനുഷ്യരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ടതും മനുഷ്യരുടെ താൽപര്യങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിവുള്ളവരുമായ എണ്ണമറ്റ ആത്മാക്കളിലുള്ള വിശ്വാസത്തെ ‘ആനിമിസം’ എന്നു വിളിക്കാം (പാര്‍ക്ക്. ജി കെര്‍ലിന്‍, 2020). ആനിമിസത്തോടുചേര്‍ന്ന് പ്രകൃത്യാരാധനയും പ്രകൃതിപ്രതിഭാസാരാധനയും പൂര്‍വ്വീകാരാധനയും ഉണ്ട്. എന്നാല്‍, 60 വര്‍ഷമായി ഹിന്ദു സമൂഹവുമായുള്ള നിരന്തര സമ്പര്‍ക്കവും ഇടപഴകലുകളും ഇവര്‍ക്കിടയിലുള്ള വിശ്വാസങ്ങളെ സംസ്‌കൃതവത്കരിച്ചതായിക്കാണാം. ഹിന്ദു ഫാഷിസ്റ്റ് ശക്തികളുടെ നിരന്തര ഇടപെടലുകളാകട്ടെ യൂണിവേര്‍സലൈസേഷന്‍ പ്രക്രിയയെ അധികരിപ്പിച്ചിരിയ്ക്കുന്നു. കഴിഞ്ഞ അഞ്ച് സെന്‍സസുകളിലായി തങ്ങളുടെ മതം ഹിന്ദുമതമെന്നാണ് ഹിന്ദു മതത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത അതീവ ദുര്‍ബല ഗോത്രങ്ങള്‍ (Particulerly Vulnerable Tribe) പോലും രേഖപ്പെടുത്തിയിരിയ്ക്കുന്നത്. സ്‌കൂള്‍ അഡ്മിഷന്‍ സമയത്തും മതകോളത്തില്‍ ഇപ്രകാരത്തില്‍ ഹിന്ദു എന്നു പൂരിപ്പിച്ചു നല്‍കിയതായിക്കാണാം. എല്ലാ ക്ലാന്‍, ലിനിയേജ്, ഫ്രാറ്റെറി ദൈവങ്ങളും ഇപ്പോള്‍ പരിപൂർണമായി ഹൈന്ദവവത്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവയുടെ ഉത്പത്തിപുരാവൃത്തങ്ങളും വിശ്വാസങ്ങളും ഹിന്ദു മതത്തിനനുസൃതമായി പരിവര്‍ത്തനപ്പെടുത്തിയിരിയ്ക്കുന്നു. എങ്കിലും ഗോത്രത്തിനകത്ത് ഇപ്പോഴും പരമ്പരാഗതമായ ആചാരങ്ങളും ചടങ്ങുകളും തുടരുന്നുണ്ട്. ജനകീയവത്കൃത പുരാവൃത്തങ്ങളുടെ നിര്‍മിതിയിലൂടെ ഗോത്രദൈവങ്ങളെ ഹിന്ദുത്വവൽക്കരണസംഘങ്ങള്‍ മതപരിവര്‍ത്തനം ചെയ്ത്​ ഹിന്ദു ദേവതകളാക്കി മാറ്റിക്കഴിഞ്ഞിരിയ്ക്കുന്നു.

പശ്ചിമഘട്ടത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ, ഏഴ് ഗോത്ര ബെല്‍റ്റുകളിലായി, പട്ടികയില്‍ ഉള്‍പ്പെട്ടും ഉള്‍പ്പെടാതെയും 38- ഓളം വ്യത്യസ്ത ഗോത്രങ്ങളാണ് കേരളത്തിലുള്ളത്. ഈ ഗോത്രങ്ങള്‍ തങ്ങള്‍ ജീവിച്ചു വരുന്നയിടത്തെ ഹിന്ദു മതവുമായുള്ള നിരന്തരസമ്പര്‍ക്കം മൂലവും ഹിന്ദു ഫാഷിസ്റ്റ് ശക്തികളുടെ നിരന്തര പ്രവര്‍ത്തനം മൂലവും സര്‍ട്ടിഫിക്കറ്റുകളിലെങ്കിലും ഭൂരിപക്ഷ ഗോത്രഅംഗങ്ങളും ഹിന്ദുമത വിശ്വാസികള്‍ എന്ന് രേഖപ്പെടുത്തിയതായി കാണാം. മലയരയെ ഗോത്രസമുദായത്തില്‍ മാത്രമാണ് വളരെ വ്യാപകമായ രീതിയിലുള്ള ക്രിസ്തുമത പരിവര്‍ത്തനം നടന്നിട്ടുള്ളത്. '1890-കളോടെ 3000-ത്തോളം വരുന്ന മലയരയന്മാരില്‍ ഭൂരിഭാഗവും ക്രിസ്തുമതത്തിലേക്ക് മാറിയിരുന്നു.' (ജോര്‍ജ് ഉമ്മന്‍, 2000). ഹെൻറി ബെക്കര്‍ ജൂനിയറിന്റെ മിഷനറി പ്രവര്‍ത്തന ഫലമായി മലയരയ ഗോത്രത്തിന്റെ 80 ശതമാനത്തോളം ആളുകള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നു സാരം. കേരളത്തില്‍ അതുപോലെ ഗോത്രങ്ങള്‍ക്കിടയില്‍, കൃത്യമായ മിഷനറി പ്രവര്‍ത്തനങ്ങള്‍ ഏറെയൊന്നും നടന്നിട്ടില്ല. ഒറ്റയ്ക്കു തെറ്റയ്ക്കും നടന്ന മിഷണറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറിച്യര്‍, ഉള്ളാടര്‍, തച്ചനാടന്‍ മൂപ്പന്‍, കൊറഗ, മുതുവാന്‍ എന്നീ ഗോത്രങ്ങളിലും ചെറിയ വിഭാഗം ക്രിസ്തുമതം സ്വീകരിച്ചതായി കാണാം. വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ പേർ ഒഴിച്ചുനിര്‍ത്തിയാല്‍ ഇസ്​ലാം മതത്തിലേക്കുള്ള മതപരിവര്‍ത്തനം കേരളത്തിലെ ഗോത്രങ്ങള്‍ക്കിടയില്‍ ഇല്ല എന്നുതന്നെ പറയാം.

സെന്‍സസിലും സ്‌കൂള്‍ അഡ്മിഷന്‍ രേഖകളിലും തങ്ങള്‍ ഹിന്ദുക്കളാണ് എന്ന് പ്രഖ്യാപിച്ചുവെങ്കിലും മിക്ക ഗോത്രങ്ങള്‍ക്കും ആന്തരികമായി ഹിന്ദുമതവുമായി യാതൊരു ആചാരബന്ധവുമില്ല.

സെന്‍സസിലും സ്‌കൂള്‍ അഡ്മിഷന്‍ രേഖകളിലും തങ്ങള്‍ ഹിന്ദുക്കളാണ് എന്ന് പ്രഖ്യാപിച്ചുവെങ്കിലും മിക്ക ഗോത്രങ്ങള്‍ക്കും ആന്തരികമായി ഹിന്ദുമതവുമായി യാതൊരു ആചാരബന്ധവുമില്ല. ഇവര്‍ ഗോത്രമതരൂപങ്ങളായ ആനിമിസം, ആനിമാറ്റിസം, ഷാമനിസം, പ്രകൃത്യാരാധന, പൂര്‍വികാരാധന തുടങ്ങിയവയില്‍ സങ്കരമായി വിശ്വസിക്കുന്നതായി നമുക്ക് കാണാം. കൃത്യമായോ നിയതമായോ ഒരു പ്രത്യേക മതസ്വരൂപം വിശ്വസിക്കുകയോ അതില്‍ ജീവിക്കുകയോ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുകയോ ചെയ്യുന്നവരല്ല കേരളത്തിലുള്ള ഗോത്രങ്ങള്‍. അപ്രകാരത്തിലത് വിശകലനം ചെയ്യലും സാധ്യമല്ല. അവര്‍ തങ്ങളുടെ വ്യത്യസ്തങ്ങളായ ദൈവങ്ങള്‍ക്കൊപ്പം കുല ദേവത (Clan deity), താവഴി ദേവത (Lineage deity), പ്രാദേശിക ദേവത (God of territory or geographical division), മോയിറ്റി ദേവത (Moity Deity), ഫ്രാറ്റെറി ദേവത (Phratery Deity) എന്നിവയെയും മരിച്ചുപോയ പൂര്‍വികാത്മാക്കളെയും പ്രകൃതിശക്തികളെയും പ്രകൃതിപ്രതിഭാസങ്ങളെയും ആരാധിക്കുന്നതായി കാണാം. എന്നാല്‍ ഗോത്രങ്ങള്‍ക്കിടയില്‍ ഹിന്ദു സംഘശക്തികള്‍ നിരന്തരമായി നടത്തുന്ന മതപ്രചാരണ പ്രക്രിയകളിലൂടെ പല ഗോത്രദൈവങ്ങളും സംസ്‌കൃതവത്കരിക്കപ്പെടുകയോ യൂണിവേഴ്‌സനലൈസേഷനിലൂടെയും ജനകീയവത്കൃത പുരാവൃത്ത നിർമിതികളിലൂടെയും ഹിന്ദുത്വവത്ക്കരിക്കപ്പെടുകയോ ചെയ്തതായി ഈ പഠനത്തിലൂടെ വ്യക്തമായിട്ടുണ്ട്.

ആനിമിസം കേരളത്തിലെ ഗോത്രങ്ങള്‍ക്കിടയില്‍

മൃഗങ്ങള്‍, പക്ഷികള്‍, ഉരഗങ്ങള്‍, വൃക്ഷലതാദികള്‍, നദികള്‍, പാറക്കല്ലുകള്‍, കുന്നുകള്‍ മറ്റ് പ്രകൃതിരൂപങ്ങള്‍ തുടങ്ങിയ പ്രകൃതിജന്യമായസംഗതികളിലും ഇടി, മിന്നല്‍, മഴ, ഉരുള്‍പൊട്ടൽ, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങളിലും ദൈവികമായതോ ആത്മീയമായതോ ഒരു ആന്തരികശക്തിയുണ്ടെന്ന് വിശ്വസിക്കുകയോ അവ ദൈവമായി വിശ്വസിക്കുകയോ ചെയ്യുന്നതാണ് കേരളത്തിലെ മിക്ക ഗോത്രങ്ങളുടെയും പതിവ് ആരാധാനാരീതി.

Photo: Ajeeb Komachi

കേരളത്തിലെ പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാരായ കാടര്‍, കുറുമ്പര്‍, കാട്ടുനായ്ക്കര്‍ ചോല നായ്ക്കര്‍, കൊറഗര്‍ എന്നിവരെല്ലാം പ്രാഥമികമായി ഇത്തരത്തിലുള്ള അനിമിസ്റ്റിക്ക് വിശ്വാസങ്ങള്‍ പിന്തുടരുന്നവരാണ് എന്ന് കാണാം.

ആനിമിസം ചോലനായ്ക്കര്‍ക്കിടയില്‍

നിലമ്പൂര്‍ താഴ്​വരയിലെ കരുളായി, ചുങ്കത്തറ വനമേഖലയില്‍ അധിവസിയ്ക്കുന്ന അതീവ ദുര്‍ബലഗോത്രമാണ് ചോലനായ്ക്കഗോത്രം. വനവിഭവശേഖരണവും വേട്ടയും മാത്രം ജീവനോപാധിയാക്കിയ ഇവരിൽ പലരും ഇന്നും അളെ / കല്ലളൈ എന്നു വിളിയ്ക്കുന്ന കല്ലുഗുഹകളില്‍/ പാറമടകളിലാണ് താമസിയ്ക്കുന്നത്. മലനായ്ക്കന്‍ എന്നും ഷോലൈ നായ്ക്കനെന്നുമാണിവര്‍ സ്വയം വിശേഷിപ്പിക്കുന്നതെന്ന് പ്രമുഖ നരവംശശാസ്ത്രജ്ഞനായ പി.ആര്‍.ജി മാത്തൂര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (മാത്തൂര്‍, 1977) 2002-ല്‍ ഭരണഘടനാ ഭേദഗതി വരും വരെ ചോലനായ്ക്കരെ നിലമ്പൂർ താഴവരയിലെ പതിനായ്ക്കരുടെ അവാന്തര വിഭാഗമായാണ് കണ്ടിരുന്നത്. എന്നാല്‍ ഇവര്‍ തമ്മില്‍ ഗോത്രപരമായി വളരെയധികം വ്യത്യസങ്ങളുണ്ട്.

പ്രത്യേകിച്ച് ക്ലാനുകളോ ലീനേജുകളോ പോലെയുള്ള ഒരുതരത്തിലുമുള്ള സാമൂഹ്യവിഭജനങ്ങള്‍ രൂപപ്പെടാത്ത സമൂഹമാണ് ചോലനായ്ക്കരുടേത്.

ചോലനായ്ക്കരുടെ ആനിമിസ്റ്റിക് വിശ്വാസങ്ങള്‍ വളരെ കൃത്യമാണ്. ഹിന്ദുമതാരാധനാക്രമവുമായും ഹിന്ദു ദേവതകളുമായും അവര്‍ക്ക് പ്രത്യേകിച്ച് ബന്ധമോ ഇടപാടുകളോ ഒന്നും തന്നെയില്ല. വിശ്വാസവും ഇല്ല. നദികള്‍, മലകള്‍, കാട് മരങ്ങള്‍ എന്നിവയെ പോലെ തന്നെ ഉരഗജീവികളെയും പുലി, ആന, കരടി, പോത്ത്, ചില പക്ഷികളെയും ദൈവമായി കരുതുകയും പ്രാര്‍ത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ‘ദെവ്വെ’ എന്നാണിവര്‍ ദൈവങ്ങളെ വിളിക്കുന്നത്. വനവിഭവശേഖരണം മാത്രം അറിയുന്ന ഈ ഗോത്രം കാട്ടിനകത്തേക്ക് പ്രവേശിക്കുമ്പോള്‍ തങ്ങളെ കീഴ്‌പ്പെടുത്തി ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുവാന്‍ സാധ്യതയുള്ള വന്യജീവികളെ ഭയത്തോടെയും ദൈവീക വിശ്വാസത്തോടെയും കാണുന്നു. ഇത്തരം ജീവികളുടെ രൂപങ്ങളെ ഉരു അഥവാ ഉരുവെ ആയി അവര്‍ പരിഗണിക്കുന്നു.

ചോലനായ്ക്കര്‍ / Photo : Ajeeb Komachi

അളെ ദെവ്വെകള്‍

ചോല നായ്ക്കന്മാരുടെ അളെ എന്ന പാറപ്പൊത്തിനക്കത്ത് ഒരു പ്രത്യേക കോണില്‍ ഒരുക്കിയിട്ടുള്ള പരിശുദ്ധമായ ഇടത്തില്‍ ദെവ്വെ ക്വറ്റെ എന്ന ഒരു അടപ്പുള്ള ചതുരാകൃതിക്കൊട്ടയില്‍ അവര്‍ തങ്ങളുടെ ദൈവത്തിനുള്ള സ്ഥലം കണ്ടെത്തുന്നു. വൃത്തിയും ശുദ്ധിയുമായി വെള്ളം തളിച്ചും പന്തം (കുന്തിരിയ്ക്കം) പുകച്ചുമീയിടത്തെ സൂക്ഷിയ്ക്കുന്നു. മൃഗമുഖങ്ങളായും ചില പ്രത്യേക തരം രൂപങ്ങളായുമുള്ള ലോഹപ്രതിമകള്‍, രഹസ്യാകൃതി വസ്തുക്കള്‍ പോലെയെന്തൊക്കെയോ നിഗൂഢ സംഗതികള്‍ ഇവര്‍കൊട്ടയ്ക്കുള്ളില്‍ സൂക്ഷിക്കുക പതിവുണ്ട്. ദെവ്വെ ഉരുവങ്ങളായ ഇവയെ കാണാനുള്ള അനുമതി അന്യരായ ആര്‍ക്കും തന്നെയില്ല. ഗുഹയ്ക്കുള്ളില്‍ ദെവ്വെ ക്വെറ്റെ സൂക്ഷിയ്ക്കുന്ന ഈ വിശുദ്ധയിടത്തെ ഒരു കാരണവശാലും തൊട്ട് തീണ്ടി മലിനപ്പെടുത്തിക്കൂടയെന്ന് ചോലനായിക്കര്‍ വിശ്വസിക്കുന്നു. സ്ത്രീകള്‍ ആര്‍ത്തവസമയത്ത് ഈ ഇടത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരിയ്ക്കുന്നു. പൂര്‍ണമായും കല്ലള ആര്‍ത്തവകാലത്ത് നിഷിദ്ധമാണ്. എട്ടാം ദിവസം മാത്രമേ പ്രവേശിപ്പിക്കൂ. അതുപോലെ, അളൈക്കകത്ത് വെച്ച് സ്ത്രീപുരുഷന്മാര്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നത് മലീമസമായും കുറ്റകരമായും കണക്കാക്കപ്പെടുന്നു. ലൈംഗികവൃത്തിക്കായി കല്ലു അളൈകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നവര്‍ നിഷ്‌കര്‍ഷിക്കുന്നു. കാട്ടിനുള്ളിലേയ്ക്ക് ഇണകളെ പറഞ്ഞയക്കുന്ന കാടു കയറ്റുന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്. പുറത്തുനിന്നും കയറിവരുന്ന ആളുകള്‍ ഈ ഇടത്തേക്ക് പ്രവേശിക്കാനോ കൊട്ടയില്‍ സ്പര്‍ശിക്കുവാനോ എന്തിന് ദൃഷ്ടി പതിപ്പിക്കുവാനോ പോലും പാടില്ല. അപ്രകാരം ചെയ്താല്‍ ദെവ്വെകള്‍ കോപിഷ്ഠരാകുമെന്നും മൃഗരൂപത്തില്‍ വന്ന്​ ആക്രമിക്കുമെന്നും മരണംവരെ സംഭവിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഗോത്രവംശജരല്ലാത്ത അന്യരാല്‍ ഈ ദേവതകള്‍ മലിനപ്പെട്ടു കഴിഞ്ഞാല്‍ അവരുടെ കരുത്തു നഷ്ടപ്പെടുകയും അന്യദേവതകളും ദുരാത്മാക്കളും ദൈവങ്ങള്‍ക്കു മീതെ ആധിപത്യം സ്ഥാപിക്കുമെന്നുമവര്‍ വിശ്വസിയ്ക്കുന്നു.

തങ്ങളുടെ ഗോത്ര സങ്കേതത്തിനടുത്തുള്ള പ്രധാന നദികളായ പാണപ്പുഴയെയും പാണ്ടിയാറിനെയും എല്ലാം ചോലനായ്ക്കര്‍ ദൈവമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

തലമുറ തലമുറകളായി പരമ്പരാഗതമായി കൈമാറി പോരുന്ന ദെവ്വെ ഉരുവുകള്‍ (ചില പ്രത്യേക ലോഹങ്ങളില്‍ നിർമിച്ച മൃഗ/ആള്‍ രൂപത്തില്‍ എല്ലാമുള്ള ചെറിയ പ്രതിമകള്‍ അടുത്തുനിന്ന് ഒരിക്കലും കാണുവാന്‍ ഗവേഷകര്‍ക്ക് സാധ്യമല്ല. ആറാട്ട് പൂരം എന്ന ഉത്സവത്തിന്റെ സമയത്ത് നദിയില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയ ഒരു ഫോട്ടോയുടെ വലുതാക്കിയ രൂപത്തില്‍ നിന്നാണ് രൂപങ്ങളുടെ രൂപം ഗവേഷകന് മനസിലായത് ) ചില ചോലനായ്ക്ക അളകളില്‍ ഇപ്പോഴും ഉണ്ട്. ആനയുടെ ആകൃതിയിലുള്ള ഉരുവത്തെ യാനൈ ഉരുവേ എന്ന ആന ദൈവമായി വിശ്വസിച്ചാരാധിക്കുന്നു. യാനൈ ഉരുവേ ദെവ്വെ ക്വറ്റയിലുണ്ടെങ്കില്‍ പിന്നെ ആ അളയെ ആ ഉരുവം രക്ഷിച്ചുകൊള്ളും. കാട്ടനകളും ഒറ്റയാനുമെല്ലാം പിന്നീട് ഗുഹയിലെയ്ക്ക് വരില്ലയെന്നവര്‍ വിശ്വസിയ്ക്കുന്നു. യ്യാനെ ദെവ്വെയെ അവര്‍ക്ക് വലിയ ഭയമാണ്, ഒപ്പം വലിയ ആദരവും വിശ്വാസവും. ആനയാക്രമണത്താല്‍ ആളുകള്‍ കൊല്ലപ്പെടുന്നത് യേനെ ദെവ്വെയുടെ ശാപമാണെന്നാണ് വിശ്വാസം. പുലിരൂപി ദെവ്വെയുടെ ബിംബത്തെ പുലിയുരുവേയും കരടിരൂപി കൈടിയുരുവെയും കാട്ടിയുടെയും കാളയുടെയും രൂപത്തിലുള്ള ദൈവം കാളൈ ഉരുവയും ആയി കരുതിപ്പോരുന്നു. സര്‍പ്പദൈവത്തെ ഇവര്‍ ആവ് ഉരുവേ എന്നാണ് വിളിക്കുന്നത്. ഉരുവങ്ങള്‍ ഉള്ള പക്ഷം അവയൂടെ സന്തതികള്‍ അളയില്‍ വരില്ലെന്നും കാട്ടില്‍ ചോലനായ്ക്കനെ ആക്രമിക്കില്ലെന്നും വിശ്വസിക്കുന്നു. (2005 ല്‍ മയിലാട്‌പ്പൊട്ടിയില്‍ നടത്തിയ ഫീല്‍ഡ് വര്‍ക്ക്. പാണപ്പുഴ മാതന്‍, മണ്ണള ബീരന്‍ എന്നിവരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍.)

ചോലനായ്ക്ക അള / Photo: Ajeeb Komachi

ഇത്തരത്തിലുള്ള ദൈവവിശ്വാസം പൂര്‍വ്വീകാരാധനയുടെ മറ്റൊരു രീതിയാണ്. മൃഗങ്ങള്‍ക്കും പക്ഷിയുരഗങ്ങള്‍ക്കും പൂര്‍വ്വീകാതമാക്കളുണ്ടെന്ന് ചോലനായ്ക്കര്‍ വിശ്വസിക്കുന്നു. മൃഗങ്ങളെയും പക്ഷിയുരഗങ്ങളെയും സംരക്ഷിയ്ക്കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം അവരുടെ പൂര്‍വ്വികരാണ്. ആ പൂര്‍വ്വികരൂപികളെയാണ്` ഉരുവെയാക്കി ആരാധിയ്ക്കുന്നത്. മൃഗപൂര്‍വ്വീകാരാധനയാണിതെന്നു സാരം

ചോലനായ്ക്കരുടെ വൃക്ഷാരാധന;
ദെവ്വെമറെ സങ്കല്‍പ്പം

മൃഗാരാധനക്കുപുറമേ വൃക്ഷാരാധകര്‍ കൂടിയാണ് ചോലനായ്ക്കര്‍. പ്രത്യേകിച്ച് ക്ലാനുകളോ ലീനേജുകളോ പോലെയുള്ള ഒരുതരത്തിലുമുള്ള സാമൂഹ്യവിഭജനങ്ങള്‍ രൂപപ്പെടാത്ത സമൂഹമാണ് ചോലനായ്ക്കരുടേത്. പ്രാദേശികമായ ഇടങ്ങളെ നദികളാലും കുന്നുകളാലും പാറകളാലും മറ്റു ഭൂവടയാളങ്ങളാലും വേര്‍തിരിച്ച് ചെമ്മം എന്ന പേര് നല്‍കിയതു മാത്രമാണ് പറയാവുന്ന സാമൂഹികവിഭജനം. പുരുഷദായക്രമമാണ് ചെമ്മത്തിലുള്ളത്. പറ്റ്രിലീനിയലും പറ്റ്രിലോക്കലുമാണ് ചോലനായ്ക്കര്‍. ‘യാതൊരു തരത്തിലുള്ള കുലസാമൂഹ്യ വിഭജനങ്ങളില്ലെങ്കിലും പ്രാദേശികമായ സംഘവത്കരണം ചോലായ്ക്കര്‍ക്കിടയില്‍ ദൃശ്യമാണ്. 6 എണ്ണം കരുളായിയിലും 4 എണ്ണം ചുങ്കത്തറയിലുമാണുള്ളത്.' (മാധവ മേനോന്‍- 1996, 36) ചെമ്മത്തിലുള്ള എല്ലാവരെയും ചെമ്മക്കാര്‍ എന്നു തരം തിരിച്ചിട്ടുണ്ട്. തലവന്‍ ചെമ്മക്കാരന്‍ എന്നറിയപ്പെടുന്നു. ചെമ്മത്തിനകത്തുമാത്രമേ നായാടലും വനവിഭവശേഖരണവും അനുവദനീയമായിട്ടുള്ളു. ഈ പ്രാദേശിക അവകാശങ്ങളെ ഉല്ലംഘിക്കുന്നത് തെറ്റുകുറ്റമാണെന്നും ദെവ്വെകള്‍ കോപിഷ്ഠരാകുമെന്നും ശിക്ഷ കിട്ടുമെന്നും വിശ്വസിയ്ക്കുന്നു. അച്ഛനില്‍ നിന്ന്​ മക്കളിലേയ്ക്കു കിട്ടുന്ന ചെമ്മ അവകാശങ്ങള്‍ വിശുദ്ധമാണ്. അംറ്റു ചെമ്മങ്ങളിലേയ്ക്കുള്ള പ്രവേശനം പോലും വിലക്കപ്പെട്ടിരിയ്ക്കുന്നു. ചെമ്മങ്ങള്‍ പല പല ചെറിയ നാടുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ബലിക്കാര്‍എന്നും ചോലക്കാര്‍ എന്നുമുള്ള മറ്റൊരു വിഭജനവും നിലമ്പൂരില്‍ കണ്ടെത്തിയിട്ടുണ്ട്.

ചെമ്മത്തിലുള്ള വിശ്വാസം കാരണമാണ് ഇവര്‍ക്ക് ചെമ്മം വിട്ടു പോകാന്‍, സര്‍ക്കാര്‍ നിര്‍മ്മിത വീടുകളിലേയ്‌ക്കൊ അധിവാസയിടങ്ങളിലേയ്‌ക്കോ പോകാന്‍ കഴിയാത്തത്.

ഓരോ ചെമ്മത്തിലും വിശുദ്ധരായ വൃക്ഷവൃദ്ധരുണ്ട്​. ഇവര്‍ ദെവ്വെമറെ എന്ന അറിയപ്പെടുന്നു. മരങ്ങള്‍ ദൈവങ്ങളാണെന്നും വരം നല്‍കുന്നുവെന്നുമാണ് വിശ്വാസം. മിക്കവാറും എല്ലാ ദെവ്വെമറെച്ചുവടുകളിലും സര്‍പ്പശിരസുള്ള ശിലാരൂപങ്ങളുടെ വെച്ചാരാധനയുണ്ട്. ഇത്തരം സര്‍പ്പരൂപങ്ങള്‍ ആവ് ഉരു അഥവാ ആവ് ഉരുവേ എന്ന് അറിയപ്പെടുന്നു. ചില അനുഗ്രഹീത വൃക്ഷങ്ങളെ ബരെ മറെയെന്നാണ് വിളിയ്ക്കുക. ബരെമറെയുടെ പരിപൂർണ അവകാശം ഓരോരോ വ്യക്തികളില്‍ നിക്ഷിപ്തമാണ്. ആ വരമരത്തിന്റെ പൂര്‍ണ അധികാരിയും ആ വ്യക്തി തന്നെ. ആ മരത്തില്‍ നിന്ന്​ കിട്ടുന്ന ഫലങ്ങള്‍, ആ വൃക്ഷത്തിലുള്ള അറുപതോ എഴുപതോ തേങ്കൂടുകള്‍ എന്നിവയെല്ലാം അയാള്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. ദൈവിക ശക്തിയുള്ള ഈ മരം ഉടമയായ ആള്‍ക്ക് ആര്‍ക്കു വേണമെങ്കിലും നലകാം. പരമ്പരാഗതമായോ സമ്മാനമായോ സ്ത്രീധനമായോ നല്‍കാം. ഈ മരത്തിനു ദൈവികതയുണ്ടെന്നു ഗോത്രങ്ങള്‍ വിശ്വസിയ്ക്കുന്നു.

തേന്‍ശേഖരണം / Photo: Ajeeb Komachi

തേന്‍ശേഖരണം, വേട്ട എന്നീ സമയങ്ങളില്‍ വൃക്ഷദൈവത്തെ ആരാധിക്കുന്നു. കുരങ്ങു നായാട്ടിലെ സുപ്രധാന രീതി മരം വെട്ടിയിടലാണ്. അങ്ങനെ മരം വെട്ടാന്‍ മറെദെവ്വെകളോടു അനുമതി വാങ്ങുന്നു. തേന്‍ ശേഖരണത്തിനു മുമ്പും അനുമതി വാങ്ങി അനുഗ്രഹം വാങ്ങി വൃക്ഷത്തെ പ്രീതിപ്പെടുത്തുന്നു.

ഓളങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ഒളെ ദെവ്വെ

ഒളെ ദെവ്വെ എന്നാണ് നദീദൈവത്തെ ഇവര്‍ വിളിക്കുന്നത്. ഒഴുകുന്ന പുഴയോ അരുവിയോ അദിയോ അകട്ടെ അത് ജലദൈവം ആണെന്ന് ചോലനായ്​ക്കര്‍ വിശ്വസിക്കുന്നു. തങ്ങളുടെ ഗോത്ര സങ്കേതത്തിനടുത്തുള്ള പ്രധാന നദികളായ പാണപ്പുഴയെയും പാണ്ടിയാറിനെയും എല്ലാം ചോലനായ്ക്കര്‍ ദൈവമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. പൊടുന്നനെ മുകളില്‍ നിന്നും മലവെള്ളം പൊട്ടിയൊലിച്ച് ഒഴുകുന്നത്, നദി കരകവിയുന്നത്, നദിയുടെ തിട്ടകള്‍ മുറിയുന്നത്, നദിയില്‍ എക്കല്‍ അടിയുന്നത് എല്ലാം ദൈവീകമാണെന്നും ഭയത്തോടെയും വിശ്വാസത്തോടെയും ഇരുന്നിട്ടില്ലെങ്കില്‍ ഈ ദൈവം തങ്ങളെ ഇല്ലാതാക്കിക്കളയും എന്നും ചോലനായ്ക്കര്‍വിശ്വസിക്കുന്നു. നദി മുറിച്ച് കടക്കുമ്പോഴും മീന്‍ പിടിക്കുമ്പോഴുമൊക്കെ ഒളെ ദെവ്വെയോട് ശാന്തയായിരിക്കാനും തങ്ങളുടെ ജീവന്‍ രക്ഷിക്കുവാനും അവര്‍ ആവശ്യപ്പെടുന്നു. ഒഴുകുന്നതിനാല്‍ ജലം പരിശുദ്ധമാകുമെത്രെ. ഒഴുക്ക് വെള്ളത്തില്‍ അഴുക്കില്ല എന്നതാണ് ചോലനായ്ക്ക വിശ്വാസം. ഒഴുകിവരുന്ന വെള്ളം കുടിച്ച് ദാഹം തീര്‍ത്താല്‍ രോഗം വരില്ലെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. നദിയില്‍ മീന്‍ പിടിക്കാനായി പോകുമ്പോള്‍ നഞ്ച് കലക്കുന്നതിന് ഒളെ ദെവ്വയുടെ അനുമതി ആവശ്യമാണ്. പരമ്പരാഗതമായ വിഷക്കിഴങ്ങുകള്‍, കൂണുകള്‍ ഈങ്ങ വള്ളി നഞ്ചു വള്ളി തുടങ്ങിയവ മാത്രമേ വിഷമായി ഉപയോഗിക്കാവൂ. ആധുനിക വിഷങ്ങള്‍ ഒളെ ദെവ്വെയെ ക്ഷുഭിതയാക്കുമെത്രെ.

ഗര്‍ഭിണികള്‍, ആര്‍ത്തവവതികൾ, പ്രസവിച്ച പെണ്ണുങ്ങള്‍, അവരുടെ ഭര്‍ത്താക്കന്മാര്‍, ആദ്യാര്‍ത്തവവതികളായ കുട്ടികളുടെ വീട്ടിലുള്ളവര്‍ എന്നിവര്‍ ഒളെ ദെവ്വയെ സ്പര്‍ശിക്കുവാനോ മുറിച്ചു കടക്കുവാനോ പാടില്ല എന്നതാണ് ഗോത്രവിശ്വാസം.

ഗര്‍ഭിണികള്‍, ആര്‍ത്തവവതികൾ, പ്രസവിച്ച പെണ്ണുങ്ങള്‍, അവരുടെ ഭര്‍ത്താക്കന്മാര്‍, ആദ്യാര്‍ത്തവവതികളായ കുട്ടികളുടെ വീട്ടിലുള്ളവര്‍ എന്നിവര്‍ ഒളെ ദെവ്വയെ സ്പര്‍ശിക്കുവാനോ മുറിച്ചു കടക്കുവാനോ പാടില്ല എന്നതാണ് ഗോത്രവിശ്വാസം. നദിയുടെ ഏറ്റവും ആഴമേറിയ ഗര്‍ത്തത്തിലെ ഇരുട്ടിലാണ് ഒളെ ദെവ്വ ജീവിക്കുന്നതെത്രെ. ചെറിയ ഒരു തിളക്കമായോ ഒരു ഇളക്കമായോ എപ്പോള്‍ വേണമെങ്കിലും ഈ ദൈവം ഓളപ്പരപ്പിലും പ്രത്യക്ഷമാകും. ഇടുക്കുകളിലേക്കോ നദിയുടെ ആഴക്കുഴികളിലേക്ക് ആഴമേറിയ ഏതെങ്കിലും ഭാഗത്തേക്കോ കുട്ടികളെ ചോലനായ്ക്കര്‍ ഒരു കാരണവശാലും പറഞ്ഞയക്കുകയില്ല. ''ബഹുമാനപൂര്‍ണമായും യഥാര്‍ത്ഥമായും പെരുമാറിയില്ല എങ്കില്‍ ഒളെ ദെവ്വ വളരെ മാരകമായ ആക്രമണകാരിയാകുമെന്ന് അവര്‍ ഭയക്കുന്നു.'' (ശശികുമാര്‍ ,1991,40) കോപം വന്നാല്‍ നദീജലം പൊങ്ങിവന്ന് ജീവന് തന്നെ ഇത് ആപത്താകും. ചങ്ങാടം കെട്ടി നദി മുറിച്ച് കടക്കുമ്പോഴും നദിയിലൂടെ ഒഴുകിവരുന്ന മാങ്ങകളും മറ്റു വസ്തുക്കളും ശേഖരിക്കുമ്പോഴും ഒളെ ദെവ്വയെ പ്രാര്‍ത്ഥിക്കുകയും അവളോട് നന്ദി പറയുകയും ചെയ്യുക പതിവാണ്.

Photo: Wikipedia

ചോല വനത്തിന്റെയും മലകളുടെയും പരമാധികാരിയായ ദൈവമാണ് മലദെവ്വെ. ചോല നായ്ക്കര്‍ക്ക് പന്തം, തേന്‍, കാട്ടു കുരുമുളക്, കാട്ടിഞ്ചി, ജാതിക്ക, നെല്ലിക്ക, പറണ്ടയ്ക്ക മറ്റ് ഇലകള്‍ കിഴങ്ങുകള്‍ എല്ലാ വനവിഭവങ്ങളും നല്‍കുന്നത്, പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്, കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്നത് എല്ലാം കാടിന്റെയും കുന്നുകളുടെയും അധികാരിയായ ഈ ദൈവമാണ്. ''കുന്നിനധികാരിയാണ് മലദെവ്വെ. ഓരോ അളകളും അതിനാല്‍ തന്നെ മലദെവ്വെയുടെ പ്രതിമ സൂക്ഷിയ്ക്കുന്നു. അവര്‍ ജീവിയ്ക്കുന്ന ആവാസവ്യവസ്ഥയുടെ പരിപൂര്‍ണ്ണ അധികാരി മലദെവ്വെയാണ്. ആപത്തുകളില്‍ നിന്നും രക്ഷിയ്ക്കുകയും രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ഈ ദൈവത്തെ തൊട്ടാണ് പലപ്പോഴും പ്രതിജ്ഞകള്‍ ചോലനായ്ക്കര്‍ എടുക്കാറ്’’ ( ഭാനു, 1989,32)

മൃഗങ്ങളില്‍ നിന്ന്​ വനവിഭവം ശേഖരിക്കുന്നവരെയും തേനീച്ചകളില്‍ നിന്ന്​ തേനെടുക്കുന്നവരെയും രക്ഷിക്കുന്നത് മൃഗങ്ങളുടെ പരമാധികാര ദൈവമായ കൂളി കൂളി എന്ന മലദൈവമാണ്. തമ്പിരാന്‍ കല്ല്, തമ്പിരാട്ടിക്കല്ല് എന്ന ചെറിയ കുന്നിനെ ഭയവും ആദരവുമുണ്ടെങ്കിലും അവ പതിനായ്ക്കന്റെ ദൈവമാണെന്ന് അവര്‍ കണ്ടെത്തിയിരിയ്ക്കുന്നു.

''സൂര്യന്‍ ന്യാറമെന്നും ചന്ദ്രന്‍ തിങ്കയെന്നും അറിയപ്പെടുന്നു. അവയെ ഭയത്തോടും ബഹുമാനത്തോടും മാത്രമേ ചോലനായ്ക്കര്‍ കാണാറുള്ളു. ജനിച്ചാലും മരിച്ചാലും തല കിഴക്കോട്ട് വെയ്ക്കാനുള്ള കാരണവുമിതെത്രെ’’ (വഹിയ, 4)

വനവിഭവങ്ങള്‍ / Photo: Ajeeb Komachi

സീതാ കക്കോത്തിന്റെ അഭിപ്രായത്തില്‍, ''പ്രധാന ചോലനായ്ക്കന്‍ ദൈവങ്ങളും ദേവതകളും: വിളക്കുത്തമ്പുരാട്ടി(വിളക്കിന്റെ ദേവത), കൂളിത്തമ്പുരാട്ടി (പ്രഭാതത്തിന്റെയും വെളിച്ചത്തിന്റെയും ദേവത), കൂളിമലദൈവം (മൃഗങ്ങളുടെ ദൈവം), തണ്ടനാടുദൈവം (ആരോഗ്യസംരക്ഷകനായ ദൈവം ഗ്രഹണിയും മറ്റു അസുഖങ്ങള്‍ നീക്കം ചെയ്യുന്നു), ഓടക്കൊല്ലി ദൈവം (അസുഖം നീക്കുന്നയാള്‍), മഞ്ഞറനാട് ദൈവം (ആരോഗ്യത്തിന്റെ ദൈവവും ചിക്കന്‍പോക്‌സ് നീക്കം ചെയ്യുന്നവനും), ചോളസ്സന്‍ ദൈവം (പിറവിയുടെ ദൈവം), അറിഞ്ഞനാട് ദൈവം (വനത്തിന്റെ സംരക്ഷകന്‍), കരിദൈവം (ഭാഗ്യദേവത), തലൈ ദൈവം (മഴ ദേവത), ഒളെ ദേവ്വ ( നദിയുടെ ദൈവം), നാട് ദേവ്വ (സമതലത്തിന്റെ ദൈവം). ചുരുക്കത്തില്‍, ചോലനായ്ക്കര്‍ ആനിമിസം, ഷാമനിസം, ബഹുദൈവാരാധന എന്നിവയുടെ അനുയായികളും പ്രകൃതി വസ്തുക്കളുടെയും പൂര്‍വ്വികരുടെ ആത്മാക്കളെയും ആരാധിക്കുന്നവരാണ്.'' (കക്കോത്ത്, 80-81)

മുന്‍ ഗവേഷകര്‍ പറയുന്നതു പോലെ നാടു ദെവ്വെ നാടിന്റെയും സമതലത്തിന്റെയും ദേവതയല്ല. ചെമ്മത്തില്‍ ഉള്ള നാട് എന്ന പിതൃവഴിദായക വിഭജനങ്ങളുടെ ദേവതയാണത്.

ഒരു പുതിയ കുട്ടി ജനിച്ചാലും ഒരു വ്യക്തി മരണപ്പെട്ടാലും പൂര്‍വ്വികാത്മാക്കള്‍ ഭൂമിയിലേക്ക് വരുമെന്നാണ് ചോലനായ്ക്കര്‍ വിശ്വസിക്കുന്നത്.

പൂര്‍വ്വീകാരധയുടെ രഹസ്യങ്ങള്‍

പൂര്‍വിക ആത്മാവിനെ ചോലനായ്ക്കര്‍ നെള-ള് എന്ന് വിളിക്കുന്നു. നല്ല രീതിയില്‍ മരിക്കുകയും കര്‍മ്മങ്ങള്‍ ചെയ്തു പൂര്‍വിക ലോകത്ത് എത്തിപ്പെടുകയും ചെയ്ത പുരുഷ ആത്മാവിനെ ഹെത്തന്‍ എന്നും സ്ത്രീ ആത്മാവിനെ ഹെത്ത്ച്ചി എന്നും വിളിക്കുന്നു. പൂര്‍വികരുടെ ലോകം ഭരിക്കുന്നത് നെള-ള് ദെവ്വ ആണ്. നെള-ള് മറെ എന്ന് പേരുള്ള ഒരു മരത്തിലാണ് പൂര്‍വികാത്മാക്കള്‍ കുടികൊള്ളുന്നത്. അവര്‍ പൂര്‍വികലോകത്തേക്ക് പോകുന്നതും വരുന്നതുമെല്ലാം ഈ മരത്തിലൂടെയാണ് എന്ന് വിശ്വസിക്കുന്നു. ഒരു പുതിയ കുട്ടി ജനിച്ചാലും ഒരു വ്യക്തി മരണപ്പെട്ടാലും പൂര്‍വ്വികാത്മാക്കള്‍ ഭൂമിയിലേക്ക് വരുമെന്നാണ് ചോലനായ്ക്കര്‍ വിശ്വസിക്കുന്നത്.

Photo: Ajeeb Komachi

മരണാനന്തരജീവിതത്തില്‍ അത്രയേറെ ഈ ഗോത്രം വിശ്വസിയ്ക്കുന്നു. കുട്ടിയെ കാണാന്‍ ഭൂമിയിലേയ്ക്ക് ആവേശിച്ചു വന്ന പൂര്‍വ്വികര്‍ പുതിയ സന്താനത്തെ കണ്ട് ആഹ്ലാദിക്കുകയും തന്റെ വംശം അവനിലൂടെ വര്‍ദ്ധിക്കുവാനുള്ള അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്യുന്നു. മരണശേഷമാണ് എങ്കില്‍ ആ ആത്മാവിനെ ദുരാത്മാവ് ആകാന്‍ അനുമതി നല്‍കാതെ എല്ലാ ആത്മാക്കളും ചേര്‍ന്ന് മരത്തിലൂടെ പൂര്‍വികലോകത്തേക്ക് കൊണ്ടുപോകുന്നു. മരിച്ച ഇടത്തുനിന്നും ഒരു പിടിഎടുത്ത് മണ്ണ് തുണി കെട്ടി വെള്ള മല്ലു തുണി കിഴികെട്ടി നെള-ള് മരത്തിന്റെ ചുവട്ടില്‍ കൊണ്ടുവന്നു വെച്ചതിനുശേഷം ആണ് ഈ കര്‍മ്മങ്ങള്‍ ചെയ്യുക. പൂര്‍വ്വികാത്മക്കളെ ഭൂമിയിലേക്ക് ആവാഹിക്കാന്‍ വേണ്ടി ഹാഡിക്കയാടല്‍ / ഹെത്ത്ച്ചിലാട്ട എന്നിവ നടത്തുന്നു തൂളക്കാറ എന്ന് പറയുന്ന ഹെത്തന്റെ ദേഹത്ത് പൂര്‍വികാത്മാക്കള്‍ ആവാഹിക്കുന്നു. ബീഡെ എന്ന ചുരങ്ങ കൊണ്ടുണ്ടാക്കിയ മാന്ത്രിക വാദ്യോപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. രോഗശമനത്തിനായി ഉരസദ് എന്ന ഊതിയൊഴിയ്ക്കലും അതു പരാജയമായാല്‍ ദെവ്വെലാസ്തദ് എന്ന ചടങ്ങും അതും പരാജയമായാല്‍ ഹാഡിക്കെയാട്ദും നടത്തുന്നു.

ചെമ്മത്തിലുള്ള വിശ്വാസം കാരണമാണ് ഇവര്‍ക്ക് ചെമ്മം വിട്ടു പോകാന്‍, സര്‍ക്കാര്‍ നിര്‍മ്മിത വീടുകളിലേയ്‌ക്കൊ അധിവാസയിടങ്ങളിലേയ്‌ക്കോ പോകാന്‍ കഴിയാത്തത്.

കുറുംബ, ഇരുള, മുഡുഗ ഗോത്രങ്ങളുടെ ആനിമസ്റ്റിക് വിശ്വാസങ്ങള്‍

സഹ്യാര്‍ദ്രിയുടെ തന്നെ പാലക്കാട് ഗോത്രദേശത്തുള്ള മേഖലയിലാണ് ഈ മൂന്ന് ഗോത്രങ്ങളും അധിവസിക്കുന്നത്. ഇവരുടെ മതവിശ്വാസങ്ങള്‍ ഇന്ന് പൂര്‍ണ്ണമായും ഹൈന്ദവ വത്ക്കരിക്കപ്പെട്ട രൂപത്തിലുള്ള അല്ലെങ്കില്‍ സംസ്‌കൃതവല്‍ക്കരിക്കപ്പെട്ടുള്ള ആനിമസമാണ് എന്ന് കാണാന്‍ സാധിക്കും.

മല്ലീശ്വരമുടി /Photo: Wikimedia Commons

മല്ലീശ്വരന്‍ എന്നറിയപ്പെടുന്ന മല്ലീശ്വരമുടി എന്ന ഒരു കൊടുമുടിയാണ് അവരുടെ സുപ്രധാന ദൈവം. കരുവാര ഊര് എന്ന സങ്കേതം ഒഴികെ മറ്റേത് സങ്കേതങ്ങളില്‍ നിന്നും എങ്ങനെ നോക്കിയാലും മല്ലീശ്വരന്‍ മുടിയുടെ മുടി / പീക്ക് കാണാൻ സാധിക്കും. എല്ലാ ഗോത്രഗൃഹങ്ങളും മല്ലീശ്വരന് അഭിമുഖമായാണ് നിര്‍മിക്കുക. പുലര്‍ച്ചെ കണ്ണ് തുറന്ന് എഴുന്നേറ്റ് വരുമ്പോള്‍ മല്ലീശ്വരനെ കാണണം എന്നുള്ളത് ഈ ഗോത്രാംഗങ്ങള്‍ക്ക് നിര്‍ബന്ധമാണ്. ഈ പര്‍വ്വതവുമായി ബന്ധപ്പെട്ട പല പുരാവൃത്തങ്ങളും ഇപ്പോള്‍ പൂര്‍ണമായും ഹൈന്ദവവൽക്കരിക്കപ്പെടുകയും മല്ലീശ്വരനെ ശിവനായി സങ്കല്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദുമതവുമായുള്ള നിരന്തര സമ്പര്‍ക്കം മൂലം മല്ലീശ്വരപര്‍വ്വതത്തിന്റെ അടുത്തുള്ള മറ്റൊരു ചെറിയ പര്‍വ്വതത്തെ ഇരുളര്‍ മല്ലീശ്വര ദൈവത്തിന്റെ പത്‌നിയായി കണക്കാക്കുകയും അതിനെ പാര്‍വതി ദേവിയായി ആരാധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഒരു 20 കൊല്ലത്തിനിടയിലാണ് മല്ലീശ്വരമുടിക്കും തൊട്ടടുത്തുള്ള പര്‍വ്വതത്തിനും ഇത്തരത്തിലുള്ള ശിവ പാര്‍വതി സങ്കല്പം ആരോപിക്കപ്പെട്ടത്.

കൊച്ചിയിലെ കാടന്മാര്‍ എന്നറിയപ്പെടുന്ന പി.വി.ടി.ജി ഗോത്രം വേട്ടയും വനവിഭവ ശേഖരണവും മുഖ്യ ജീവനോ ബാധിയാക്കിയ വളരെ പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ഗോത്രമാണ്.

മല്ലീശ്വരി അഥവാ മല്ലിക എന്ന പേരുള്ള ഒരു കുറുമ്പ യുവതിയെ ഇരുളനായ മല്ലീശ്വരന്‍ പ്രണയിക്കുകയും ഗോത്ര എതിര്‍പ്പിനെ ഭയന്ന് അവര്‍ തൊട്ടടുത്തുള്ള ഒരു വലിയ പര്‍വതത്തിലേക്ക് ഒളിച്ചു പോയി അഭയസ്ഥാനം കണ്ടെത്തുകയും ചെയ്തു. അവിടെവച്ച് എങ്ങനെയെന്നറിയാതെ ഇരുപേരും മരണപ്പെട്ടു. ഇവര്‍ പിന്നീട് ദൈവങ്ങളായി മാറുകയും എല്ലാ സങ്കേതങ്ങള്‍ക്കും വെളിച്ചവും വെട്ടവുമായി പ്രകാശിക്കുകയും ചെയ്തു. ഇവരുടെ മരണാനന്തരം ആ വലിയകുന്ന് മല്ലീശ്വരമുടി എന്ന് അറിയപ്പെട്ടുവത്രേ. തങ്ങള്‍ ദ്രോഹിച്ച കരുവാര ഊരിന് മാത്രം അവര്‍ ഇരുട്ട് വിട്ടു പോകില്ല എന്നവര്‍ ശാപവും നല്‍കി. (കക്കിമൂപ്പന്‍, രംഗി, രേശി 2005, 2007- കളിലെ ഫീല്‍ഡ് വര്‍ക്ക്).

മല്ലീശ്വര മലയില്‍ വിളക്ക് കൊളുത്താന്‍ പോകുന്ന ആദിവാസികള്‍

മറ്റൊരു പുരാവൃത്തം ഇപ്രകാരമാണ്: ശിവന്‍ തന്റെ വനവേട്ടയുടെ സമയത്ത് മല്ലിക എന്ന അതിസുന്ദരിയായ ഒരു സ്ത്രീയില്‍ അനുരക്തയാകുകയും കാട്ടാള വേഷം ധരിച്ച് അവളെ പ്രാപിക്കുകയും ചെയ്തു. അവള്‍ ഗര്‍ഭിണിയായപ്പോള്‍ അവളെ ഉപേക്ഷിച്ച് മല്ലീശ്വര മുടിയിലേക്ക് തിരികെ പോവുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം ശിവന്‍ തിരിച്ചുവന്നപ്പോള്‍ അതിസുന്ദരിയായ മറ്റൊരു യുവതിയെ താഴ്​വാരത്തില്‍ വച്ച് കാണാന്‍ സാധിച്ചു. അത് തന്റെ മകളാണ് എന്നറിയാതെ ശിവന്‍ അവളെ പ്രേമിക്കുന്നു. ആളുമാറിയാണ് എങ്കിലും സ്വന്തം മകളെ പ്രേമിക്കുകയും കാമിക്കയും ചെയ്ത മല്ലീശ്വരനെ ഭാര്യ മല്ലിക ശപിച്ച് പാറയാക്കി മാറ്റി. പര്‍വ്വതത്തിന്റെ ഏറ്റവും മുകളിലുള്ള ആ കൊടുമുടി പാറ അന്നുമുതല്‍ മല്ലിശ്വരമുടി എന്ന് അറിയപ്പെടുവാന്‍ തുടങ്ങി.

അട്ടപ്പാടിവനത്തിന്റെ അതിസുന്ദരമായ കാട് മല്ലീശ്വരന്റെ ജടമുടിയും താടിയുമെത്രെ. മല്ലീശ്വരന്റെ കണ്ണില്‍ നിന്നും വെയിലും ശ്വാസത്തില്‍ നിന്നും കാറ്റും കണ്ണീരില്‍ നിന്നും മഴയും ലഭിയ്ക്കുമെന്ന് വിശ്വസിക്കുന്നു. ശിവരാത്രി ആഘോഷിക്കുന്നുവെങ്കിലും ചീര്, അബ്ദം എന്നിങ്ങനെ നിരവധി ഗോത്രപൂജകള്‍ ഇന്നും ഈ ഗോത്രങ്ങള്‍ അനുഷ്ഠിച്ച പോരുന്നുണ്ട്.

സെന്‍സസുകളിലും സര്‍ട്ടിഫിക്കറ്റിലും മിക്കവാറും എല്ലാ കാടര്‍ സമുദായ അംഗങ്ങളും ഹിന്ദുമത വിശ്വാസികളായി രേഖപ്പെടുത്തിയതായി കാണാം. അവര്‍ക്കും ഇതിനെക്കുറിച്ച് വലിയ ഗ്രാഹ്യമില്ല.

മരങ്ങളെയും പക്ഷികളെയും ഉരഗങ്ങളെയും കല്ലുകളെയും എല്ലാം ദൈവമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പതിവ് മുഡുഗ ഗോത്രത്തിനിടയില്‍ ഇന്നും സ്വാഭാവികമാണ്. മരങ്ങള്‍ക്ക് ശക്തിയുണ്ടെന്നവര്‍ വിശ്വസിക്കുന്നു. അത്തിമരം, അയനി, പുങ്കി തുടങ്ങിയ മരങ്ങളും ദൈവീകമാണെന്നവര്‍ അവര്‍ കരുതുന്നു. ഇത്തരം മരങ്ങള്‍ക്ക് താഴെ പൂര്‍വികാത്മക്കളെ ആവാഹിച്ച് ശിലാരൂപങ്ങള്‍ അവര്‍ കുടിവെച്ചിട്ടുണ്ട്. സൂര്യനും ചന്ദ്രനും മഴയും ഇടിയും മിന്നലും ഒക്കെ സുശക്തരായ ദൈവങ്ങളായാണ് ഇവര്‍ കണക്കാക്കുന്നത്.

കൊച്ചിയിലെ കാടന്മാരുടെ മതവിശ്വാസം

കൊച്ചിയിലെ കാടന്മാര്‍ എന്നറിയപ്പെടുന്ന പി.വി.ടി.ജി ഗോത്രം വേട്ടയും വനവിഭവ ശേഖരണവും മുഖ്യ ജീവനോ ബാധിയാക്കിയ വളരെ പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ഗോത്രമാണ്. ഉള്‍ക്കാടിനകത്ത് ഒറ്റപ്പെട്ട ജീവിതമായയതിനാല്‍ പൂര്‍ണമായും ആനിമിസ്റ്റുകളാണിവർ. ഹിന്ദുമതത്തെപ്പറ്റിയോ ഹിന്ദു ദൈവങ്ങളെ കുറിച്ചോ ഇവര്‍ക്ക് യാതൊരുവിധത്തിലുള്ള അവബോധവും ഇല്ല. എങ്കിലും സെന്‍സസുകളിലും സര്‍ട്ടിഫിക്കറ്റിലും മിക്കവാറും എല്ലാ കാടര്‍ സമുദായ അംഗങ്ങളും ഹിന്ദുമത വിശ്വാസികളായി രേഖപ്പെടുത്തിയതായി കാണാം. അവര്‍ക്കും ഇതിനെക്കുറിച്ച് വലിയ ഗ്രാഹ്യമില്ല.

പറമ്പിക്കുളം റിസര്‍വ് ഫോറസ്റ്റിലെ കന്നിമരം / Photo: Wikipedia

''പറമ്പിക്കുളം റിസര്‍വ് ഫോറസ്റ്റിലെ തെല്ലിക്കല്‍ റേഞ്ചിലുള്ള കന്നിമരത്തെ (ആദ്യത്തെ മരം) നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഭീമാകാരമായ തേക്ക് മരത്തെ-യാണ് കാടര്‍ ഗോത്രം ആരാധിക്കുന്നത്. തേനും മറ്റ് വനസാമഗ്രികളും ശേഖരിക്കുന്ന എല്ലാവര്‍ക്കും ദൈവമായ അയ്യപ്പന്‍ പാറ മലയില്‍ അവര്‍ മാലകള്‍ സൂക്ഷിക്കുന്നു.'(മാധവന്‍ നായര്‍ 1996)

ആനിമിസം മറ്റു ഗോത്രങ്ങളില്‍

വയനാട്ടിലെ ബെട്ടക്കുറുബ ഗോത്രവും മറ്റു പല മതരൂപങ്ങള്‍ക്കൊപ്പം ആനിമിസ്റ്റിക്കായ വിശ്വാസങ്ങള്‍ സൂക്ഷിക്കുന്നു. അയ്യപ്പന്‍പാറ എന്ന കുന്ന് തേനും മറ്റു വനവിഭവങ്ങളും ശേഖരിക്കുന്നവർക്ക്​ പ്രാര്‍ത്ഥിക്കാനുള്ള ദൈവമാണ്. അയ്യപ്പന്‍ എന്ന ദൈവം ആ പാറയ്ക്കകത്തുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. അതിനുള്ളില്‍ അയ്യപ്പന്റെ ഭാര്യയായ മറ്റൊരു ദൈവവും ഉണ്ടത്രേ. പാറയിലുടനീളം ദൈവം പുറത്തുവന്നപ്പോള്‍ ചവിട്ടി നടന്ന കാലടികള്‍ കാണുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു.

മറ്റൊന്ന് ഒടത്തി ബൊട്ട് എന്ന കുന്നാണ്. ഉരഗങ്ങളില്‍നിന്ന്​ ബെട്ടക്കുറുബരെ രക്ഷിക്കുന്നത് ഒടത്തിബൊട്ട് ആണ്. ആ കുന്നിന്റെ ഏറ്റവും ഉച്ചിയിലുള്ള ഒരു ഗുഹ ദൈവത്തിന്റെ വായായി കണക്കാക്കുന്നു. കാട്ടില്‍ തേനെടുക്കാനും മറ്റും പോകുമ്പോള്‍ താമസിയ്ക്കുന്നതും ഈ പാറമടയ്ക്കുള്ളില്‍ തന്നെ. തേങ്ങ, മുട്ട, പാല്‍, തുടങ്ങിയ നിവേദ്യങ്ങള്‍ ദൈവത്തിന് നല്‍കാനായി ഈ ഗുഹയ്ക്കുള്ളില്‍ കൊണ്ടുപോയി വയ്ക്കുന്നു. വിഷജീവികളായ പാമ്പുകള്‍, ഊറാംപുലി, കടന്നെല്‍, തേള്‍ എന്നിവയില്‍ നിന്നെല്ലാം ഓടത്തി ബൊട്ട് ബെട്ടക്കുറുബരെ രക്ഷിക്കുന്നു. എന്ത് തരം മാരകമായ വിഷമേറ്റാലും ഈ കുന്നിനെ പ്രാര്‍ത്ഥിച്ചാല്‍ മരിക്കുകയില്ല എന്നാണ് ബെട്ടക്കുറുബര്‍ വിശ്വസിക്കുന്നത്.

തോടര്‍ / Screengrab: TODA TRIBE - Toda's culture and marriage tradition in Udhagamandalam

നെര്‍ദ്ദി ബൊട്ട് എന്ന നീലഗിരിയും ഇവര്‍ക്ക് വിശുദ്ധമായ കുന്നാണ്. തങ്ങള്‍ ഉത്ഭവിച്ചത് അവിടെയായിരുന്നു എന്നവര്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച് ആരാധനയൊന്നും നടത്താറില്ലെങ്കിലും നീലഗിരിയെ ബഹുമാനപൂര്‍വ്വം മാത്രമേ അവര്‍ പരിഗണിക്കാറുള്ളൂ.

നീലഗിരി ഗോത്ര ബെല്‍റ്റിലെ എല്ലാ ഗോത്രങ്ങളും- കേരളത്തിലെ ഗോത്രങ്ങളാകട്ടെ, പുറത്തുള്ള തോടരും കോട്ട ഗോത്രവും ആകട്ടെ- നീലഗിരി കുന്നിനെ ദൈവസമാനരായി മാത്രമാണ് കാണുന്നത്. തോടര്‍ക്കിടയില്‍ നോര്‍ത്തേ എന്ന പേര് ധാരാളമായി കാണാം. ഇത് ദൈവികശക്തിയുള്ള നീലഗിരി കുന്നിന്റെ പേര് കുട്ടികള്‍ക്ക് ഇടുന്നതാണ്. നോര്‍ത്തേയ് കുട്ടന്‍, നോര്‍ത്തേ രാമന്‍ എന്നിങ്ങനെയുള്ള പേരുകള്‍ സാധാരണമാണ്. വയനാട്ടിലെ പണിയ ഗോത്രമാകട്ടെ തങ്ങള്‍ പിറകൊണ്ട് ഇപ്പി മലയെ ആരാധിക്കുന്നു. ദൊപ്പ് തൊരെ എന്ന് വിളിക്കുന്ന കബനി നദിയെ ബെട്ടക്കുറുബര്‍ ദൈവമായാണ് കാണുന്നത്. റാവ്‌ളാ, പണിയാ, മുള്ളുക്കുറുമ, കാട്ടുനായ്ക്ക ഗോത്രങ്ങളും കബനി നദിയെ ദൈവമായി കാണുകയും പലപേരില്‍ ആരാധിക്കുകയും ചെയ്യുന്നു. ഇടുക്കി ജില്ലയിലെ ഗോത്രങ്ങളായ ഉള്ളാടനും ഊരാളി ഗോത്രവും മീനുളിയാന്‍ പാറയെ ആരാധിക്കുന്നു: ‘‘ഉള്ളാടന്‍ തലപ്പാറമല, ഉടുമ്പറമല, ചിക്കി ബാരമുള്ള, എന്നി കുന്നുകളെ ആരാധിക്കുകയും വാര്‍ഷിക വഴിപാട് നടത്തുകയും ചെയ്യുന്നു.’’ (അയ്യര്‍ LAK 1968, 140).
ഇതെല്ലാം ഇടുക്കിയിലെ പ്രധാനപ്പെട്ട മലനിരകളാണ്. കാണിക്കാരാകട്ടെ, അഗസ്ത്യാര്‍കൂടത്തെ ആരാധിക്കാറുണ്ട്. തങ്ങളുടെ രക്ഷകനാണ് അഗസ്ത്യാര്‍കൂടം എന്നവര്‍ വിശ്വസിക്കുന്നു.

നീലഗിരി ഗോത്ര ബെല്‍റ്റിലെ എല്ലാ ഗോത്രങ്ങളും- കേരളത്തിലെ ഗോത്രങ്ങളാകട്ടെ, പുറത്തുള്ള തോടരും കോട്ട ഗോത്രവും ആകട്ടെ- നീലഗിരി കുന്നിനെ ദൈവസമാനരായി മാത്രമാണ് കാണുന്നത്.

കൂളിയന്‍ ദൈവം

കേരളത്തിലെ എല്ലാ ഗോത്രങ്ങളും കൂളിയന്‍ എന്ന ദൈവത്തില്‍ വിശ്വസിക്കുന്നു. പൊദ്ദിയെന്ന ഇരുമ്പ് ദണ്ട് ആയുധം കയ്യിലുള്ള കൂളിയന്‍ കുളവന്‍, ചോരകുളവന്‍ രക്തക്കുളവന്‍, കുല്ലിന്‍ദൈവ /കലിയന്‍ എന്നെല്ലാം അറിയപ്പെടുന്ന ഗോത്ര ദേവതയാണിത്​. ഉര്‍വ്വരതയുടെ പ്രതിബിംബമാണ് മിക്ക ഗോത്രങ്ങളിലും. അതേസമയം, മരണവുമായി ബന്ധപ്പെട്ട് കുളിയന് ചില പ്രത്യേക കഴിവുണ്ട് എന്ന് എല്ലാവരും വിശ്വസിക്കുന്നു. സെറ്റില്‍ഡ് അഗ്രികള്‍ച്ചര്‍ ലിസ്റ്റുകളായ മുള്ള കുറുമരും കുറിച്യരും കുളിയനെ ഊർവരതാ ദേവതയായി കണക്കാക്കി പുത്തരിയുടെ സമയത്തും കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പ്രത്യേകം പൂജ നല്‍കി ആരാധിക്കുന്നു. കുലിയന് കോളു കൊടുക്കുക എന്നിതറിയപ്പെടുന്നു.

അഗസ്ത്യാര്‍കൂടം / Photo: Wikimedia Commons

ആര്‍ട്ടിസാന്‍ ഗോത്രമായ ബെട്ടക്കുറുബര്‍ കുലിന്‍ തെയ്വ്വയെ കൃഷിയുടെ ദേവതയായും വിളവിന്റെ ദൈവമായും വിശ്വസിച്ചുവരുന്നു. കന്നുകാലികളുടെ കോഴികളുടെ എല്ലാം പൊലിവിന് കുലിന്‍ തെയ്വ്വയുടെ അനുഗ്രഹം ആവശ്യമെത്രേ. പുതു വിളവും പാലും നല്‍കി ആരാധിയ്ക്കുന്നു.

തച്ചനാടന്‍ മൂപ്പരും വയനാട് കാടരും കുളവനെ ഉഗ്രദേവതയായാണ് കരുതുന്നത്. മരിക്കാതെ കട്ടിലില്‍ വര്‍ഷങ്ങളോളം കിടക്കുന്ന ആളുകള്‍ക്ക് സുഖമരണം ലഭിക്കുവാന്‍ ഗുളികനോട് ആവശ്യപ്പെട്ടാല്‍ മതിയെന്നാണ് ഇവരുടെ വിശ്വാസം.

പല ഗോത്രങ്ങളിലും പല പേരുകളിലും അറിയപ്പെടുന്ന കുളവന്‍ കാണപ്പെടുന്നത് പ്രത്യേക ആകൃതിയിലുള്ള കല്ലുകളായാണ്. കുളവന്റെ ഇടം വൃത്തിയോടെയും വിശുദ്ധിയോടെയും സൂക്ഷിക്കണം എന്നുള്ളത് നിര്‍ബന്ധമാണ്. കാട്ടില്‍ നിന്നും നദിയില്‍നിന്ന്​ കിട്ടുന്ന ചില പ്രത്യേകതരം കല്ലുകളുടെ ശക്തി മനസ്സിലാക്കിയതിനുശേഷം മറ്റു പാറക്കല്ലുകൊണ്ട് തറകെട്ടിയോ മണ്ണുകൊണ്ട് തറകെട്ടിയോ പാറക്കല്ലുകള്‍ പ്രത്യേക രീതിയില്‍ അടുക്കിയോ ആണ് ഉള്ള ഇടങ്ങള്‍ തയ്യാറാക്കുന്നത്. കുലിന്‍ മണ്‍ ഗെ (ബെട്ടക്കുറുബ), കൂളവന്‍ തറ / മഡ്ഡോപം (തച്ചനാടന്‍), കൂട്ടിയന്‍ കാവ്/ തറ (കാട്ടു നായ്ക്കര്‍), എന്നു കുളിയന്റെ ഇടങ്ങളെ വിശേഷിപ്പിക്കുന്നു. കുറിച്യരാകട്ടെ തങ്ങളുടെ കൃഷിയിടത്തിലാണ് കുളിയന്റെ പ്രതിഷ്ഠ വയ്ക്കുക.

പുനം കൃഷി, വിളവ്, കൃഷിപ്പൊലിക്കല്‍, കന്നുകാലി ക്ഷേമം, എല്ലാം കുളിയന്‍ ദൈവമാണ് നിയന്ത്രിക്കുന്നത്. ആദ്യ വിളവ്, ആദ്യ കറവപ്പാൽ, ആദ്യമുട്ട തുടങ്ങിയവയൊക്കെ ഈ ദൈവത്തിനാണ് മിക്ക ഗോത്രങ്ങളും സമര്‍പ്പിക്കുന്നത്. കൃഷിയുടെയും ദേവതയാണ് കുളവന്‍ എന്ന് ഗോത്രങ്ങള്‍ വിശ്വസിക്കുന്നു.

റഫറന്‍സ്

1. ഫുക്കറലി. C. A. (2009), മലപ്പുറം ജില്ലയിലെ ഗോത്രങ്ങളുടെ വംശശാസ്ത്രം. തീസിസ്. ചരിത്രവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ്.
2. ഇന്ദു വി. മേനോന്‍ (2017), ആദിവാസി സമൂഹങ്ങളുടെ സാമൂഹിക ജീവിതത്തിലേക്കുള്ള പുരാവൃത്തങ്ങളുടെ കടന്നുകയറ്റം: വയനാട്ടിലെ വെട്ടക്കുറുമന്‍, മുള്ളുകുറുമന്‍, തച്ചനാടന്‍ മൂപ്പന്‍ എന്നിവരില്‍ നടത്തിയ ഒരു പഠനം, പ്രസിദ്ധീകരിക്കാത്ത തീസിസ്. കണ്ണൂര്‍ സര്‍വകലാശാല.
3. എഡി: ​. മാധവമേനോന്‍, ടി. (1996) മന്നന്‍ ഭാഷ. എന്‍സൈക്ലോപീഡിയ ഓഫ് ദ്രാവിഡന്‍ ട്രൈബ്‌സ്. വാല്യം. 3., ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ദ്രാവിഡന്‍ലിംഗ്വിസ്റ്റിക്‌സ്, തിരുവനന്തപുരം.
4. Park, George Kerlin. 'animism'. Encyclopedia Britannica, 29 Oct. 2020, https://www.britannica.com/topic/animism. Accessed 21 April 2023.
5. M N Vahia1, V S Ramachandran 2, Jayant Gangopadhyay2 , Justin Joseph Astronomy of Cholanaikkan tribe of Kerala.
5. Seetha Kakkoth, Three tribes of Nilambur valley a study in interrelationship between habitat economy society and culture, Unpublished PhD Thesis, Centre for Anthropological studies- 2001. ആവേദകര്‍
ചോലനായ്ക്കന്‍:
1. മണ്ണല കണ്ണന്‍
2. മണ്ണല മത്തന്‍
3. കുമ്മാടന്‍
4. പാണപ്പുഴ ബീരാന്‍
5. പാണപ്പുഴ ബാലന്‍
6. മഞ്ചീരി വിനോദ്
7. മതി
8. മധു
9. കരിമ്പുഴ ചെടയന്‍
ബെട്ടക്കുറുബ:
1. മാരന്‍ (67), കുപ്പോഷ് കീരെ, തോല്‍പ്പെട്ടി കോളനി.
2. സിന്ധു കൃഷ്ണദാസ് (43), ബേഗൂര്‍ കോളനി.
3. കൃഷ്ണദാസ് (50), ബേഗൂര്‍ കോളനി.
4. ചൊല്ലു (13), ബേഗൂര്‍ കോളനി.
5. ചിഞ്ചു (10), ബേഗൂര്‍ കോളനി.
6. സോമി (68), നാഞ്ചി കീരെ, ബേഗൂര്‍ കോളനി.
7. കാലന്‍ (70), ബേഗൂര്‍ കോളനി.
8. മോളി സി. (35), ചീങ്കീര്‍, ബേഗൂര്‍ കോളനി.
പാലക്കാട്ടെ ആവേദകര്‍:
1.1. കക്കി മൂപ്പന്‍.
2.2. രങ്കിമൂപ്പത്തി.
3.3. പളനിസ്വാമി.
4.4. മായാകൃഷ്ണന്‍.
5.5. റെസി.
6.6. കന്തസ്വാമി.


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments