ഹലാലായ രാഷ്ട്രീയ അതിക്രമങ്ങൾ: ഒരു ഇന്ത്യൻ യൂണിയൻ മുസ്​ലിം ലീഗ് രാഷ്ട്രീയഭാവന

ഇന്ത്യയിലെ വലതുപക്ഷ ഹൈന്ദവ സംഘടനകളിൽ നിന്ന്​ മുസ്​ലിംകൾ വലിയ തോതിൽ അതിക്രമങ്ങൾ നേരിട്ടു തുടങ്ങിയ കഴിഞ്ഞ മുപ്പതുവർഷത്തിനിടെ തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയൊരു മുസ്​ലിം രാഷ്ട്രീയ സംഘടനയുടെ തണലിൽ ഇത്രയും വ്യവസ്ഥാപിതമായും വിപുലമായും മുസ്​ലിംകൾക്കെതിരെ തന്നെ അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടായത് എന്നത് വലിയൊരു ധാർമിക പ്രതിസന്ധി കൂടിയാണ്. ഈ രണ്ടു അതിക്രമങ്ങളെയും പരസ്പര പൂരകമായി വേണോ നമ്മൾ മനസ്സിലാക്കാൻ? മണ്ണാർക്കാട് കല്ലാംകുഴിയിലെ സുന്നി പ്രവർത്തകരായ നൂറുദീന്റെയും ഹംസയുടെയും കൊലപാതകങ്ങളിൽ പങ്കാളികളായ 25 ലീഗ് പ്രവർത്തകരെയും ഇരട്ട ജീവപര്യന്തത്തിനുവിധിച്ച കോടതിവിധിയുടെ പശ്​ചാത്തലത്തിൽ ഒരന്വേഷണം

ന്നത്തെ പാൻ ഇന്ത്യൻ സാഹചര്യത്തിൽ രാഷ്ട്രീയം സഞ്ചരിക്കുന്ന രീതിനോക്കുമ്പോൾ ഒരു മുസ്​ലിം സമുദായ പാർട്ടിയെ വിമർശിക്കുന്നതിൽ തീർച്ചയായും ചില ധാർമിക സന്നിഗ്ധതകളുണ്ട്​. ബൂർഷ്വാ ജനാധിപത്യത്തിൽ പങ്കെടുക്കുകയും പലപ്പോഴും അധികാരത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യുന്ന വലത് രാഷ്ട്രീയമുള്ള, യഥാസ്ഥിതിക സാമൂഹിക- സാംസ്‌കാരിക നിലപാടുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്​ലിം ലീഗ്. അതിന്റെ പേരിലുള്ള ഇന്ത്യൻ എന്നതിന് ചരിത്രപരമായ പ്രാധാന്യമേ ഇന്നുള്ളൂ. അത് അതിന്റെ പാൻ ഇന്ത്യൻ സാന്നിധ്യത്തിലുപരി ഒരാഗ്രഹത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. അത്തരത്തിലുള്ള രാഷ്ട്രീയ സ്വാധീനമോ അധികാരമോ മുസ്​ലിം ലീഗിന് ലഭ്യമല്ല. അതുകൊണ്ടു തന്നെ അഖിലേന്ത്യാ തലത്തിൽ ഇന്ത്യൻ മുസ്​ലിംകൾ നേരിടുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങൾക്ക് കേരളത്തിൽ മലബാറിൽ മാത്രം വേരുകളുള്ള ഈ ചെറിയ സാമുദായിക പാർട്ടിയെ കുറ്റപ്പെടുത്തുന്നതിൽ വലിയ കാര്യമെന്നുമില്ല. പക്ഷേ, കേരളമെന്ന രാഷ്ട്രീയ യൂണിറ്റ് വിശകലനം ചെയ്യുമ്പോൾ ഈ പരിഗണനകളിൽ വലിയ മാറ്റം ആവശ്യമുണ്ട്. മുസ്​ലിംലീഗിന്റെ പ്രദേശിക തലം മുതലുള്ള നേതൃത്വത്തിന്റെ വർഗസ്വഭാവം, അതിന് കേരള രാഷ്ട്രീയത്തിൽ സാധിക്കുന്ന ഇടപെടലുകൾ, മുസ്​ലിംലീഗ് ഭാഗമായ രാഷ്ട്രീയ മുന്നണിയിൽ ഏറ്റവും ഉറച്ച ജനസ്വാധീനവും നിയമസഭാ പ്രാതിനിധ്യവും ഒക്കെ പരിഗണിക്കുമ്പോൾ ഇവിടുത്തെ മറ്റേതൊരു പ്രസ്ഥാനത്തിനെയും വിമർശിക്കുന്നതുപോലെ ലീഗിനെയും വിമർശിക്കാവുന്നതേയുള്ളൂ.

ലീഗിന്റെ ‘അദൃശ്യമാക്കപ്പെടുന്ന’ കൊലപാതകങ്ങൾ

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളിൽ / കൊലപാതകങ്ങളിൽ തീരെ പരാമർശിക്കപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യാത്ത രാഷ്ട്രീയ പാർട്ടിയാണ് മുസ്​ലിംലീഗ്. രാഷ്ട്രീയാതിക്രമങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ കേരളത്തിലെ വലതുപക്ഷത്തിന് മാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും തലോടലുകളും അതിനൊരു പ്രധാന കാരണമാണ്. രാഷ്ട്രീയ അക്രമം / കൊലപാതകം എന്നത് ഇടതുരാഷ്ട്രീയത്തെ മുൾമുനയിൽ നിർത്താൻ മാത്രം ഉദ്ദേശിച്ചു രൂപപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്ന ഒരു വ്യവഹാരമായതിനാൽ വലതുരാഷ്ട്രീയം ഉല്പാദിപ്പിക്കുന്ന അതിക്രമങ്ങൾ, അവർ നടത്തുന്ന കൊലപാതകങ്ങൾ എന്നിവയെല്ലാം കർമണിപ്രയോഗത്തിൽ മാത്രം എഴുതപ്പെടുകയും രാഷ്ട്രീയ സ്വഭാവമില്ലാത്ത, വ്യക്തിഗതമായ, ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമായി വിവരിക്കപ്പെട്ടുകയുമാണ്​ പതിവ്. കേരളത്തിൽ അക്രമത്തിലേർപ്പെടുന്ന ഇടതുപക്ഷവും ആ അക്രമത്തിന്റെ ഇരകളായ അപരരാഷ്ട്രീയവും എന്നത് സ്ഥിതിവിവരക്കണക്കുകൾ കൊണ്ടോ ദൈനംദിന ജീവിതാനുഭവങ്ങളുടെ തലത്തിലോ സ്ഥിരീകരിക്കാൻ കഴിയുന്ന കാര്യമല്ല എന്ന വസ്തുത മിക്കവാറും തമസ്‌കരിക്കപ്പെടുന്നു.

മുസ്​ലിംലീഗ് പ്രവർത്തകർ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ, അതിക്രമങ്ങൾ എന്നിവ മലയാള മനോരമക്കുപോലും പ്രധാനപ്പെട്ട ഒരു വാർത്താ വിഭവം അല്ല. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളുടെ മുസ്​ലിംവിരോധം പരിഗണിക്കുമ്പോൾ ഇത് കൗതുകം ജനിപ്പിക്കുന്ന സൗജന്യമാണ്.

കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങളുടെ ഓഡിറ്റിങ്ങിൽ നിന്ന്​ പലവിധ പഴുതുകളിലൂടെ രക്ഷപ്പെട്ടുപോകുന്ന പാർട്ടിയാണ് മുസ്​ലിംലീഗ്. കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങളെ ആർ.എസ്.എസ് - സി. പി. എം, അല്ലെങ്കിൽ ഹിന്ദു- മുസ്​ലിം എന്ന വാർപ്പു മാതൃകാ ദ്വന്ദ്വത്തിലൂടെ അവതരിപ്പിച്ചുകാണാനുള്ള ആവേശത്തിന്റെയും ധൃതിയുടെയും സ്വാഭാവികമായ ഗുണഭോക്താക്കളാണ് മുസ്​ലിംലീഗും കോൺഗ്രസും. ഈ ആവേശം കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ /അതിക്രമങ്ങളെ സൂക്ഷ്മ തലത്തിൽ മനസ്സിലാക്കുന്നതിൽ വലിയ വിട്ടുവീഴ്ചകൾ ചെയ്യുന്നുമുണ്ട്. രാഷ്ട്രീയ പാർട്ടികൾ, സാമൂഹികശാസ്ത്രജ്ഞർ എന്നവകാശപ്പെടുന്നവർ, സാംസ്‌കാരിക പ്രവർത്തകർ മുതൽ മാധ്യമങ്ങൾക്കു വരെ ഈ വാർപ്പുമാതൃകാദ്വന്ദമാണ് ഇഷ്ടമാതൃക. ആ സൗജന്യത്തിന്റെ ഓരം പറ്റിയാണ് മുസ്​ലിംലീഗിന്റെ രാഷ്ട്രീയ അതിക്രമങ്ങൾ മലയാളിയുടെ രാഷ്ട്രീയ വിശകലനങ്ങളിൽ നിന്ന്​ ഒളിഞ്ഞു നിൽക്കുന്നത്. അതുകൊണ്ടാണ് നരിക്കോട്ടിരിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട അഞ്ചു മുസ്​ലിംലീഗ് പ്രവർത്തകരുടെ ചിത്രം പൊളിറ്റിക്കൽ വയലൻസിനെ കുറിച്ചുള്ള നമ്മുടെ ഓർമകളിൽ നിലനിൽക്കാത്തത്. മുസ്​ലിംലീഗ് പ്രവർത്തകർ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ, അതിക്രമങ്ങൾ എന്നിവ മലയാള മനോരമക്കുപോലും പ്രധാനപ്പെട്ട ഒരു വാർത്താ വിഭവം അല്ല. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളുടെ മുസ്​ലിംവിരോധം പരിഗണിക്കുമ്പോൾ ഇത് കൗതുകം ജനിപ്പിക്കുന്ന സൗജന്യമാണ്.

കൊലപാതകങ്ങൾ ഉൾപ്പടെ മുസ്​ലിംലീഗ് നേതൃത്വവും പ്രവർത്തകരും പങ്കാളികളായ അതിക്രമങ്ങളുടെ ലിസ്റ്റ് നീണ്ടതാണ്. മുസ്​ലിംലീഗ് അതിക്രമങ്ങളിൽ കൊല ചെയ്യപ്പെട്ട, മുസ്​ലിംലീഗ് പ്രവർത്തകർ പ്രതികളായി വന്ന ഏതാണ്ട് നാല്പതിലധികം കൊലപാതകങ്ങളുടെ ലിസ്റ്റ് 2018 ലെ നിയമസഭാ സമ്മേളനത്തിൽ കെ. ടി. ജലീൽ വായിക്കുകയുണ്ടായി. ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ മുസ്​ലിംകൾ കൊല്ലപ്പെട്ടത് ലീഗ് അതിക്രമങ്ങളുടെ ഭാഗമായിട്ടായിരിക്കണം. മുസ്​ലിംസമൂഹത്തിലെ ഏറ്റവും ദുർബലരായ സാമൂഹിക വിഭാഗങ്ങളാണ് ഈ അതിക്രമങ്ങളുടെയെല്ലാം ഇരകൾ എന്നതാണ് മറ്റൊരു വസ്തുത. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു മണ്ണാർക്കാട് കല്ലാംകുഴിയിലെ സുന്നി പ്രവർത്തകരായ നൂറുദീന്റെയും ഹംസയുടെയും കൊലപാതകങ്ങൾ. ഈ കൊലപാതകങ്ങളിൽ പങ്കാളികളായ 25 ലീഗ് പ്രവർത്തകരെയും കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി, എല്ലാവർക്കും ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചു. മുസ്​ലിംലീഗിന്റെ ഒരു യൂണിറ്റിലെ ഏതാണ്ട് എല്ലാ ലീഗ് നേതാക്കളും പങ്കാളികളായ കൊലപാതകം. സംസ്ഥാനത്തു തന്നെ ആദ്യമായിട്ടാകണം ഇത്രയധികം ആളുകൾക്ക് ഒരു കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ചത്.

സമസ്​തയുടെ പിളർപ്പിൽ സംഭവിച്ചത്​

മുസ്​ലിംലീഗ് നടത്തിയ അതിക്രമങ്ങളിൽ ഏറെയും കൊല്ലപ്പെട്ടത് കേരളത്തിലെ സുന്നി പ്രവർത്തകരാണ്. മുസ്​ലിം സമുദായത്തിനകത്ത് ലീഗിന്റെ അപ്രമാദിത്യത്തിനെതിരെ വലിയ വെല്ലുവിളി ഉയർത്തിയ കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ അനുഭാവികളായതുകൊണ്ടാണ് ഈ കൊലപാതകങ്ങൾ അത്രയും നടന്നത് എന്നുകാണാം. സമസ്തയുടെ പിളർപ്പിലൂടെ രൂപപ്പെട്ട ഇ. കെ -എ. പി വിഭാഗങ്ങളിൽ, ഇ. കെ വിഭാഗം ലീഗിനൊപ്പം നിന്നപ്പോൾ, എ. പി വിഭാഗം ലീഗിനെതിരായി ശക്തമായി സമുദായമധ്യത്തിൽ നിലയുറപ്പിച്ചത് ലീഗിന്റെ അപ്രമാദിത്വത്തിന് വലിയ വെല്ലുവിളിയുയർത്തി. തിരഞ്ഞെടുപ്പുകളിൽ തന്നെ ഇതിന്റെ അനുരണമുണ്ടായി. കേരളത്തിലെ കീഴാള മുസ്​ലിംകളുടെ രക്ഷകർ എന്ന റോളിൽനിന്നുകൊണ്ട്​, തങ്ങൾ കുടുംബത്തെയും സമസ്തയെയും ഉപയോഗപ്പെടുത്തി, ഒരു തരം ഫിക്‌സഡ് ഡിപ്പോസിറ്റ് സാമുദായിക രാഷ്ട്രീയം കൊണ്ടുനടക്കാനായിരുന്നു ലീഗിന്റെ ശ്രമം. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മതപണ്ഡിതന്മാരുടെ നിലപാടുകൾ സമുദായത്തിനകത്ത് ലീഗിന്റെ ഈ ഹെജമണിക്ക്​ വെല്ലുവിളിയായി. അതാണ് പിന്നീട് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ എന്ന സമസ്തയുടെ പിളർപ്പിലേക്ക് നയിച്ചത്.

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

ഈ പിളർപ്പോടെ ഉണ്ടായ ശ്രദ്ധേയമായ മാറ്റം കേരളത്തിലെ പള്ളികൾ, മദ്രസകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മതാധ്യാപകർ, ഖാളിമാർ തുടങ്ങിയ വിഭാഗങ്ങൾ വലിയ തോതിൽ മുസ്​ലിംലീഗ് വിരുദ്ധ പക്ഷത്തായി എന്നതാണ്. എന്നാൽ, പ്രാദേശിക മുസ്​ലിം ഫ്യൂഡൽ ഘടനയുടെ ഉടമസ്ഥാവകാശസ്വഭാവത്തിനകത്ത് നിലനിന്നുപോന്ന പള്ളികളും മദ്രസകളുടെയും നിയന്ത്രണം മുസ്​ലിംലീഗിനും. പഴയകാല മുസ്​ലിം ഭൂവുടമകളായിരുന്ന മുതവല്ലിമാരുടെ നേതൃത്വം ഇതിൽ നിർണായകമായിരുന്നു. ഇവരാകട്ടെ ഭൂരിഭാഗവും മുസ്​ലിംലീഗുകാരും. ഒരു രാഷ്ട്രീയ സംഘടന എന്ന നിലയിൽ മുസ്​ലിംലീഗിനെ ഇപ്പോഴും സജീവമായി നിലനിർത്തുന്ന പ്രധാന ഘടകം മുസ്​ലിം ഉൾനാടുകളിൽ ആഴത്തിൽ വേരോടിയ മുസ്​ലിം ഫ്യൂഡൽ ഭൂതകാലത്തിന്റെ അവശേഷിപ്പുകളാണ്. രാഷ്ട്രീയമായി ലീഗിന് സ്വാധീനമുള്ള പ്രദേശങ്ങളുടെയും, ലീഗ് പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളുടെയും സാമൂഹിക ഘടന പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

ഈ ഫ്യൂഡൽ ഘടന തകർന്നു തുടങ്ങിയ സ്ഥലങ്ങളിളെല്ലാം ശക്തമായ മുസ്ലിം മധ്യവർഗം ഉയർന്നുവരികയും ലീഗേതര മുസ്​ലിം സാമൂഹിക ഭാവനകൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സമസ്തയിലെ പിളർപ്പ് മുസ്​ലിം ആരാധനാ കേന്ദ്രങ്ങളെയും മതപഠനകേന്ദ്രങ്ങളെയും ഒരു ഭാഗത്തും അവിടെ ജീവനക്കാരായി എത്തേണ്ടവരെ വേറൊരു ഭാഗത്തും ആക്കി. മുസ്​ലിംലീഗിന് അപ്രമാദിത്യമുള്ള സ്ഥലങ്ങളിൽ ഇതു വലിയ പ്രതിസന്ധിക്ക് വഴിവെച്ചു. സമുദായത്തിനകത്ത് വലിയ വിഭാഗം ജനങ്ങളുമായി നേരിട്ട് സ്വാധീനമുള്ളവരാണ് മതാധ്യാപകർ എന്ന നിലയിൽ ഈ പ്രതിസന്ധിയെ മറികടക്കേണ്ടത് മുസ്​ലിംലീഗിന്റെ രാഷ്ട്രീയ നിലനിൽപ്പിന് അത്യന്താപേക്ഷിതവും ആയിരുന്നു.

സൂക്ഷ്മാർഥത്തിൽ നോക്കുമ്പോൾ മതാധ്യാപകർ ഉയർത്തിയ വെല്ലുവിളിക്ക് വേറെയും മാനങ്ങളുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച മുസ്​ലിം ഫ്യുഡൽ ഘടന തന്നെയായിരുന്നു ഈ മതാധ്യാപകർക്കുള്ള പഠന അവസരങ്ങൾ നൽകിയത്. പള്ളികൾ കേന്ദ്രീകരിച്ച്​ പഠനം നടത്തുക, പള്ളിക്കു സമീപത്തെ ചെറുതും വലുതുമായ സമ്പന്ന വീടുകളിൽ നിന്ന്​ ഭക്ഷണം കഴിക്കുക എന്ന നിലയിലായിരുന്നു കേരളത്തിൽ മതപഠനം നടന്നുപോന്നത്. ആ വഴിയിലൂടെ വന്നവർ തങ്ങളെ തന്നെ വെല്ലുവിളിക്കുന്നു എന്നത് ഈ ഫ്യുഡൽ ഘടനക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറത്തുള്ള അടിയായിരുന്നു. ‘ആരാന്റെ ഉപ്പും വറ്റും തിന്നവർ' എന്ന് മതാധ്യാപകരെ കളിയാക്കിയുള്ള മുദ്രാവാക്യം അക്കാലത്തെ മുസ്​ലിംലീഗ് റാലികളിലെ പ്രധാന ഐറ്റമായിരുന്നു. 1990 കൾക്കുശേഷം മുസ്​ലിംലീഗ് നടത്തിയ അതിക്രമങ്ങളിൽ കൊല്ലപ്പെട്ടതും പരിക്കേറ്റതും ഭൂരിഭാഗവും മുസ്​ലിംമതാധ്യാപകരായിരുന്നു എന്ന വസ്തുതക്കു പിന്നിലെ ഇരുണ്ട ചരിത്രം രൂപപ്പെട്ടുവന്നതിങ്ങനെയൊക്കെയായിരുന്നു.

കല്ലാംകുഴി ഇരട്ടകെ‍ാലക്കേസിലെ പ്രതികളായ ലീഗ് പ്രവർത്തകർ

കേരളത്തിലെ സുന്നി മുസ്​ലിംകളുടെ ഇടയിൽ സംഭവിച്ച സംഘടനാപരമായ ഈ പിളർപ്പിനെ രാഷ്ട്രീയമായി തങ്ങൾക്ക് അനുകൂലമാക്കി നിർത്താൻ ലീഗ് ശ്രമിച്ചത് കേരളത്തിലെ മുസ്​ലിം ഉൾനാടുകളിൽ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ടാണ്. ആ അതിക്രമങ്ങളും അതിന്റെ അനന്തര ഫലങ്ങളും കേരളത്തിലെ മുസ്​ലിംകളുടെ സാമൂഹിക ചരിത്രത്തിന്റെ ഭാഗവുമാണ്. പലപ്പോഴും അതിഭീകരവും ബീഭത്സവുമായിരുന്നു ലീഗിന്റെ ഈ അതിക്രമങ്ങൾ. കൊടുവള്ളിക്കടുത്ത് ഒരു മദ്രസാ അധ്യാപകന്റെ തലയിൽ ലീഗിന്റെ കൊടി നാട്ടിയാണ് കൊലപ്പെടുത്തിയത്. കുണ്ടൂരിലെ കുഞ്ഞു എന്ന ചെറുപ്പക്കാരനെ റമദാൻ മാസത്തിലെ ഏറ്റവും പുണ്യമെന്ന്​ കരുതപ്പെടുന്ന ദിവസം വൈകുന്നേരമാണ്​ കൊല ചെയ്തത്. കല്ലാം കുഴിയിൽ മുസ്​ലിംലീഗ് നടത്തിയ നിഷ്ടൂര കൊലപാതകത്തിന്റെ വിവരണങ്ങൾ അറിയാൻ എഫ്. ഐ. ആറിലൂടെയും കോടതിവിധിയിലൂടെയും ഒന്നു കണ്ണോടിച്ചാൽ മതി. കൊലപാതകത്തിനിടെ, നൂറുവിന്റെയും ഹംസയുടെയും വായിൽ മൂത്രം കൂടി ഒഴിച്ചു കൊടുത്താണത്രെ ലീഗുകാർ മടങ്ങിയത്!

ഇങ്ങനെ മറ്റുള്ളവരെ പേടിപ്പിച്ചുനിർത്തുന്ന ഒരു തരാം ബീഭത്സത ഈ ലീഗ് അതിക്രമങ്ങളിലെല്ലാം കാണാം. 90 കളോടെ രൂപപ്പെട്ട ഈയൊരു പുത്തൻ രാഷ്ട്രീയ സാഹചര്യത്തെ ഈ ബീഭത്സത കൊണ്ട് ലീഗ് നേരിട്ടതിന്റെ വിവരങ്ങൾ ഒന്നും ഇപ്പോഴും നമ്മുടെ പൊതുസമൂഹത്തിന്റെ ബോധ്യങ്ങളുടെ ഭാഗമായി മാറിയിട്ടില്ല.

വഹാബി / മുജാഹിദ്​ ധാരയുടെ പിന്തുണ

മറ്റൊരു വസ്തുത, ലീഗിലെ സജീവമായ വഹാബി/മുജാഹിദ് ധാര ഇത്തരം അതിക്രമങ്ങൾക്ക് നൽകിയ പ്രോത്സാഹനമാണ്. ‘അവസാന തുള്ളി രക്തവും സുന്നികൾക്കെതിരെ ചെലവഴിക്കും’ എന്നു പ്രസംഗിച്ച സീതി ഹാജി മുതൽ, ‘നിങ്ങൾ വേണ്ടത് ചെയ്‌തോളൂ, ബാക്കി കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം’ എന്നു പ്രസംഗിച്ച പി. കെ. ബഷീർ എം. എൽ. എ തുടങ്ങി, ഏറ്റവും ഒടുവിൽ കല്ലാംകുഴിയിലെ കൊലപാതകങ്ങളെ ന്യായീകരിച്ചും പ്രതികൾക്ക് ലീഗ് നൽകിയ സാമ്പത്തിക സഹായങ്ങൾ വ്യക്തമാക്കിയും രംഗത്തു വന്ന ഇപ്പോഴത്തെ ലീഗ് സെക്രട്ടറി പി. എം. എ. സലാം വരെയുള്ളവർ ഈ വഹാബി/ മുജാഹിദ് ആവേശത്തെയാണ് ഒരർഥത്തിൽ പങ്കുവെക്കുന്നത്.

സുന്നികളോടുള്ള മുസ്​ലിംലീഗിന്റെ അതിക്രമങ്ങളെ ജമാഅത്തെ ഇസ്​ലാമിയും അവരുടെ മാധ്യമങ്ങളും എങ്ങനെ കാണുന്നു എന്നാലോചിക്കുന്നതും കൗതുകകരമാണ്. ഇരകളുടെ, കീഴാളരുടെ രാഷ്ട്രീയം എന്ന നിലയിൽ തങ്ങളുടെ റിലിജ്യോ - പൊളിറ്റിക്കൽ ഐഡിയോളജിയെ അവതരിപ്പിക്കാനാണ് ജമാഅത്തെ ഇസ്​ലാമിയും അവരുടെ പിൻതുണക്കാരും എപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നത്. തീർച്ചയായും വളരെയധികം ഏച്ചുകെട്ടലുകളും അതിന്റെ ഫലമായുള്ള മുഴച്ചുനിൽക്കലുകളും ഉണ്ടായിരുന്നെങ്കിലും ഈയൊരു നറേറ്റീവ് കൊണ്ടു നടക്കൽ അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. പക്ഷേ, അതല്ല കേരള മുസ്​ലിംകളുടെ ഇടയിലെ പ്രമാണിവർഗത്തിന് മേധാവിത്വമുള്ള മുസ്​ലിം ലീഗ് സമുദായത്തിനകത്തുള്ള ഒരു ദുർബല വിഭാഗത്തെ തല്ലിയും ആക്രമിച്ചും ഒതുക്കാൻ നോക്കുമ്പോൾ രൂപപ്പെടുത്ത സാഹചര്യം. ഇവിടെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വിക്റ്റിം ഹുഡ് നറേറ്റീവിന് പ്രസക്തിയില്ല. ഇവിടെ ഇസ്​ലാമോ ഫോബിയ ആരോപിക്കാനും സാധിക്കുകയില്ല. അതുകൊണ്ടു തന്നെ, ജമാഅത്തെ ഇസ്​ലാ​മിയുടെ പൊതുവിലുള്ള രാഷ്ട്രീയ നിലപാടുകളെ ഈ ലീഗ് അതിക്രമങ്ങൾ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനവർ തടയിടുന്നത് പലപ്പോഴും മുസ്​ലിംലീഗ് സുന്നികൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്ക് വേണ്ടത്ര ദൃശ്യത നൽകാതെയും, സുന്നികൾക്കുപകരം സി. പി. എമ്മിനെ പ്രതിഷ്ഠിച്ചുമാണ്.

ഇരകളായ സുന്നികളുടെ സ്വത്വത്തെ അദൃശ്യവത്കരിച്ചു കൊണ്ടുള്ള ഒരു നറേറ്റിവാണ് ഇത്തരം വയലൻസുകളുടെ റിപ്പോർട്ടിങ്ങിൽ ജമാഅത്തെ മാധ്യമങ്ങൾ പൊതുവെ പിന്തുടരുക. അതേസമയം, മുസ്​ലിംകൾക്കിടയിലെ ഈ വിഭാഗീയതകളെ മറ്റൊരു ഭാഗത്തു നിന്നും ഊതി വലുതാക്കുകയും ചെയ്യും. മുസ്​ലിംലീഗിലെ പിളർപ്പ്, മഅ്​ദനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഐ.എസ്.എസ്, പിന്നീട് രൂപം കൊണ്ട പി. ഡി. പി, സുന്നികൾക്കിടയിലെ പിളർപ്പ്, മുജാഹിദ് സംഘടനകൾക്കിടയിലെ പല തരാം പിളർപ്പുകൾ, ഇപ്പോൾ ഇ. കെ വിഭാഗം സുന്നികൾ ക്കിടയിൽ രൂപപ്പെട്ടുവന്ന വിവിധ ചേരികൾ, തുടങ്ങിയവയുടെ റിപ്പോർട്ടിങ്ങിൽ ജമാഅത്ത് മാധ്യമങ്ങൾ പിന്തുടരുന്ന ശൈലിയും ദൃശ്യതയും വിലയിരുത്തിയാൽ ഇക്കാര്യം കൂടുതൽ മനസ്സിലാകും.

ഇന്ത്യയിലെ വലതുപക്ഷ ഹൈന്ദവ സംഘടനകളിൽ നിന്ന്​ മുസ്​ലിംകൾ വലിയ തോതിൽ അതിക്രമങ്ങൾ നേരിട്ടു തുടങ്ങിയ കഴിഞ്ഞ മുപ്പതുവർഷത്തിനിടെ തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയൊരു മുസ്​ലിം രാഷ്ട്രീയ സംഘടനയുടെ തണലിൽ ഇത്രയും വ്യവസ്ഥാപിതമായും വിപുലമായും മുസ്​ലിംകൾക്കെതിരെ തന്നെ അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടായത് എന്നത് വലിയൊരു ധാർമിക പ്രതിസന്ധി കൂടിയാണ്. ഈ രണ്ടു അതിക്രമങ്ങളെയും പരസ്പര പൂരകമായി വേണോ നമ്മൾ മനസ്സിലാക്കാൻ? അതോ, നിരന്തരമുള്ള ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളിലൂടെയല്ലാതെ മതത്തെയും രാഷ്ട്രീയത്തെയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ ഭാവനകൾ സാധ്യമല്ല എന്നാണോ?

Comments