സാമൂഹിക നീതിയെ കുറിച്ചുള്ള സംവാദം മതസൗഹാർദ്ദ ചർച്ചയല്ല

സാമൂഹിക നീതിയെ കുറിച്ചുള്ള ചർച്ച ഇപ്പോൾ മത സൗഹാർദ്ദവുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായാണ് നടക്കുന്നത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംവരണവും സാമൂഹിക ക്ഷേമവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളെ അത്തരത്തിലാണ് അവതരിപ്പിച്ചത്. സാമൂഹിക നീതി ഉറപ്പുവരുത്താൻ ഇത്തരം ഫ്രയിമിങ്ങുകൾക്ക് എത്രകണ്ട് കഴിയും എന്നത് സംശയകരമാണ്, സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ പ്രത്യേകിച്ചും.

കേരളത്തിലെ മുസ്​ലിം സാമൂഹികാവസ്ഥകളെ കുറിച്ചുള്ള സവിശേഷമായ ചില നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു എന്ന നിലക്ക് സൂക്ഷമതയോടെ വായിക്കപ്പെടേണ്ടതാണ് ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ ‘തിങ്ക്​’ ലേഖനം. ആ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകിവരുന്ന മെരിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പ് മതന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ 80:20 അനുപാതത്തിൽ വിഭജിച്ചു നൽകുന്നത് റദ്ദാക്കി കൊണ്ടുള്ള ഹെക്കോടതി വിധിയെ കുറിച്ച് കേരള സർക്കാരിന്റെ തീരുമാനം വന്നിട്ടുണ്ടായിരുന്നില്ല. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പിന്നാക്ക ന്യൂനപക്ഷമായ മുസ്​ലിംകളുടെ അവസരാവകാശങ്ങൾ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നതിനെ കുറിച്ചുള്ള ഡോ. അസ്ഹരിയുടെ നിരീക്ഷണങ്ങൾ കൂടുതൽ വിപുലീകരണം ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ജൂൺ നാലിനു ചേർന്ന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. നിയമ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിർദേശങ്ങളും സമന്വയിപ്പിച്ച് അന്തിമ തീരുമാനത്തിലെത്തുമെന്നും എല്ലാ അർഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താൽപര്യമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

സ്‌കോളർഷിപ്പ് ആനുകൂല്യം കിട്ടുന്നവർക്ക് അത് നഷ്ടമാകരുതെന്നും തീരുമാനങ്ങൾ വൈകരുതെന്നും സാമുദായിക ഐക്യം ദുർബലപ്പെടുന്ന ഒരു നടപടിയും പാടില്ലെന്നുമാണ് കോൺഗ്രസും മുസ്​ലിംലീഗും ആവശ്യപ്പെട്ടത്. ഒരു തരത്തിലും സാമുദായിക സന്തുലനം നഷ്ടമാകരുതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ അഭിപ്രായപ്പെട്ടു. സമുദായ മൈത്രിക്ക് പ്രശ്നമുണ്ടാകാതെ പ്രശ്നം പരിഹരിക്കാൻ ശ്രമമുണ്ടാകണമെന്നും ആനുകൂല്യം ലഭിക്കുന്നവർക്ക് ഒരു കുറവും വരാതെ അർഹരായ സമുദായങ്ങൾക്ക് സംവരണ ആനുകൂല്യം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കി നിയമ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ ഇത്ര ചുരുക്കി പറയാവുന്ന വിഷയമല്ല ഇത്. കാരണം കോടതി വിധിയും അതിന് ആസ്പദമായ പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി റിപ്പോർട്ടും ഒക്കെ സാമൂഹിക നീതി ഉറപ്പിക്കാനുള്ള മലയാളികളുടെ ശ്രമങ്ങളുടെ രേഖകളാണ്. അതുകൊണ്ടുതന്നെ നമുക്ക് ഇക്കാര്യത്തിൽ ചരിത്രപരമായ ഒരു സമീപനത്തിന്റെ ആവശ്യമുണ്ട്.

വി. ഡി. സതീശൻ
വി. ഡി. സതീശൻ

എന്താണ് കേരള മുസ്‌ലിംകളുടെ അവസ്ഥ?

ഈ വസ്തുത വ്യക്തമാകാൻ പാലൊളി മുഹമ്മദ്കുട്ടി കമ്മറ്റി റിപ്പോർട്ട് പരിശോധിക്കാം. കേരള മുസ്​ലിംകളെ സംബന്ധിച്ച ഒട്ടനവധി സ്ഥിതി വിവരണ കണക്കുകൾ റിപ്പോർട്ടിലുണ്ട്. എന്താണ് ആ കണക്കുകൾ നൽകുന്ന മുസ്​ലിം കളുടെ ഒരു ചിത്രം? കേരള ജനസംഖ്യയുടെ 24.7% മുസ്​ലിംകളാണ്. ഇവരിൽ 18- 25 പ്രായക്കാരിൽ 8.1% മാണ് കോളേജ് വിദ്യാർഥികൾ. മുന്നാക്ക ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, പിന്നാക്ക ഹിന്ദുക്കൾ എന്നിവരിൽ ഇത് യഥാക്രമം 28.1%, 20.5%, 16.7% എന്നിങ്ങനെയാണ്. ക്രിസ്ത്യാനികളിൽ 3% പേർ ഭൂരഹിതരായിരിക്കുമ്പോൾ മുസ്​ലിംകളിലും ഹിന്ദുക്കളിലും 37% ആളുകൾ ഭൂരഹിതരാണന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മുസ്​ലിംകളുടെ തൊഴിൽ പങ്കാളിത്തം 23 ശതമാനം മാത്രമാണ്. കേരളത്തിലെ മൂന്നു മുഖ്യ സമുദായങ്ങളിൽ ഏറ്റവും ദാരിദ്ര്യം മുസ്​ലിം വിഭാഗങ്ങൾക്കിടയിലാണ്.

പൊതുവിൽ മുസ്​ലിംകൾ അനുഭവിക്കുന്ന വിഭവ ദാരിദ്ര്യത്തിന്റെ ചെറിയൊരു രൂപം ഈ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ദേശീയതലത്തിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിതി അൽപം വ്യത്യസ്തമാണ് എന്നത് ഇവിടെ പരിഗണീയമായ കാര്യമായി തോന്നുന്നില്ല. കാരണം കേരളത്തിലെ ഒരു സമുദായത്തെ താരതമ്യം ചെയ്യേണ്ടത് ഇവിടെ തന്നെയുള്ള മറ്റ് സമുദായങ്ങളുമായാണല്ലോ. ഈയൊരു സാഹചര്യത്തിൽ നിന്നുകൊണ്ടാണ് പാലൊളി കമ്മറ്റി നിർദേശങ്ങൾ വന്നിട്ടുള്ളത്.

മനസിലാക്കേണ്ട കാര്യം, പാലൊളി കമ്മറ്റിയുടെ നിർദേശങ്ങൾ കൃത്യമായും കേരളത്തിലെ മുസ്​ലിം സമുദായത്തിന്റെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ആയിരുന്നു എന്നതും അത് പിന്നാക്കാവസ്ഥ അനുഭവിക്കുന്ന മറ്റു വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്നതുമാണ്. അതുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനമായി പാലോളി കമ്മറ്റി റിപ്പോർട്ട് പൂർണമായും നടപ്പിലാക്കും എന്ന വാഗ്ദാനം ഉൾപ്പെടുത്തിയത്. ഇത്തരം വസ്തുതകൾ മറച്ചുപിടിച്ച് ഇപ്പോൾ വിവാദമായിരിക്കുന്ന ഹൈക്കോടതി വിധി ചർച്ച ചെയ്യാൻ സാധ്യമല്ല.

ചില സർക്കാർ ഉത്തരവുകൾ

ഈ വിഷയത്തിൽ പ്രസക്തമായ ചില ഗവണ്മെൻറ്​ ഉത്തരവുകൾ പരിശോധിക്കുന്നത് ഗുണകരമാകും എന്നു കരുതുന്നു:

1) പൊതു ഭരണ (ന്യൂനപക്ഷ സെൽ) വകുപ്പ് 16/08/2008 ന് പുറപ്പെടുവിച്ച ഉത്തരവ് (കെ) നമ്പർ 278/2008/പൊ.ഭ.വ. പ്രകാരം മുസ്​ലിം പെൺകുട്ടികൾക്ക് ബിരുദ- ബിരുദാനന്തര പ്രൊഫെഷണൽ കോഴ്‌സുകൾ ചെയ്യാൻ മെരിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ പ്രതിവർഷം യഥാക്രമം 3000, 4000, 5000 രൂപ നിരക്കിൽ മൊത്തം 5000 സ്‌കോളർഷിപ്പ് അനുവദിച്ചു. ഈ പരിപാടി കോളേജ് വിദ്യാഭാസ വകുപ്പ് മുഖേനയാണ് നടപ്പിലാക്കുന്നത്. മുസ്​ലിം പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതിനും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനും മെരിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ സ്‌റ്റൈപ്പെൻറ്​ നൽകും. അതുപോലെ തന്നെ പട്ടിക വിഭാഗങ്ങൾക്കായി നടത്തുന്ന പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻററുകളുടെ മാതൃകയിൽ സംസ്ഥാനത്ത് അഞ്ചു പരിശീലന കേന്ദ്രങ്ങൾ മുസ്​ലിം യുവതയ്ക്കായി ആരംഭിക്കും. ഇത്രയുമാണ് ആ ഉത്തരവിൽ നമ്മൾ ചർച്ച ചെയ്യുന്ന വിഷയവുമായി നേരിട്ട് ബന്ധമുള്ള പരാമർശങ്ങൾ.

പിണറായി വിജയൻ
പിണറായി വിജയൻ

2) പിന്നീട് പൊതു ഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പ് 31/01/2011 ന് മറ്റൊരു ഉത്തരവ് പുറത്തിറക്കി. (സ.ഉ.(കൈ)നം.34/2011/പൊ.ഭ.വ). ഈ ഉത്തരവ് പ്രകാരം പാലൊളി മുഹമ്മദ് കുട്ടി കമ്മറ്റി സർക്കാരിന് സമർപ്പിച്ച നിർദേശമനുസരിച്ച് മുസ്​ലിം യുവജനതയ്ക്ക് സിവിൽ സർവീസ്, യു.പി.എസ്.സി, പി.എസ്.സി, ബാങ്കിംഗ് സർവീസ്, എൻട്രൻസ് തുടങ്ങിയ മത്സര പരീക്ഷകൾക്കായി ഹ്രസ്വകാല പരിശീലനം നൽകുന്നതിന് തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്ഥാപിച്ച അഞ്ചു പരിശീലന കേന്ദ്രങ്ങളിലും പരിശീലന കോഴ്‌സുകളിൽ മുസ്​ലിം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അവസര നഷ്ടം ഉണ്ടാകാത്ത വിധത്തിൽ 10%- 20% വരെ സീറ്റുകളിൽ മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും മറ്റ് പിന്നോക്ക സമുദായങ്ങൾക്കും കൂടി പ്രവേശനം അനുവദിച്ചു. ജനപ്രതിനിധികളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് ഇത്തരമൊരു ഉത്തരവ് പുറപ്പിടുവിച്ചത് എന്നും പ്രസ്തുത ഉത്തരവിൽ കാണാം.

3) 2011 ഫെബ്രുവരിയിൽ വന്ന സ.ഉ. (കൈ) നം.57/2011 നോക്കുക. ഈ ഉത്തരവ് പ്രകാരം പാലൊളി മുഹമ്മദ്കുട്ടികമ്മിറ്റി ശുപാർശ പ്രകാരം മുസ്​ലിം വിദ്യാർഥിനികൾക്ക് നൽകി വരുന്ന സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്‌റ്റൈപ്പന്റ്റ് എന്നിവ ലത്തീൻ ക്രിസ്ത്യാനികൾ, പരിവർത്തിത ക്രിസ്ത്യാനികൾ എന്നിവർക്ക് കൂടി അനുവദിച്ച് ഉത്തരവായി. മുസ്​ലിം വിദ്യാർത്ഥിനികൾക്ക് നൽകി വരുന്ന സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്‌റ്റൈപ്പന്റ്റ് എന്നിവയുടെ ആകെ എണ്ണത്തിന്റെ 20% ആണ് ലത്തീൻ/പരിവർത്തിത ക്രൈസ്തവ വിദ്യാർത്ഥിനികൾക്ക് ഈ ഉത്തരവ് പ്രകാരം അനുവദിക്കപ്പെടുന്നത്.

4) ഉത്തരവ് G.O. (Rt)No.3427/2015/GAD dated 08/05/2015 നോക്കാം. ഇതിലെ രണ്ടാം ഖണ്ഡികയിൽ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർഥികൾ സ്‌കോളർഷിപ്പിന് അർഹരാണ്. ദാരിദ്ര രേഖക്ക് താഴെയുള്ള അപേക്ഷാർഥികൾക്ക് മുൻഗണന നൽകും. മുസ്​ലിംകൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ഇടയിലെ വിതരണത്തിന്റെ അനുപാതം 80:20 ആയിരിക്കും. ഇതിൽ 30 ശതമാനം സീറ്റുകൾ പെൺകുട്ടികൾക്കായി മാറ്റിവെക്കും.

സ്‌കോളർഷിപ്പ് ആനുപാതികമായി വീതിക്കുമ്പോൾ സംഭവിക്കുന്നത്

ഇതിൽ നിന്ന് ഒരു പൊതു ചിത്രം ഉരുത്തിരിഞ്ഞു വരുന്നുണ്ട്. അതിതാണ്. ഇന്ത്യയിലെ മുസ്​ലിംകളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെപ്പറ്റി പഠനം നടത്താൻ മൻമോഹൻ സിംഗ് ഗവർമെൻറ്​ ഒരു കമീഷനെ നിയമിക്കുന്നു. ഇന്ത്യയിലെ മുസ്​ലിം സമുദായത്തിന്റെ ദയനീയാവസ്ഥ സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ട് ആ കമ്മിറ്റി സമർപ്പിക്കുന്നു. ആ റിപ്പോർട്ട് പ്രകാരം കേരളീയ സാഹചര്യത്തിൽ നടപ്പിലാക്കേണ്ട നടപടികൾ നിർദേശിച്ച് പാലോളി മുഹമ്മദ്കുട്ടി കമ്മറ്റി കേരള സർക്കാരിന് മറ്റൊരു റിപ്പോർട്ട് നൽകുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായി സെക്രട്ടറിയേറ്റിൽ ഒരു ന്യൂനപക്ഷ സെൽ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. തുടർന്ന് മുസ്​ലിം പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 5000 സ്‌കോളർഷിപ്പ് അനുവദിച്ചു. പിന്നീട് വന്ന പല സർക്കാർ ഉത്തരവുകളുടെയും ഫലമായി 10 - 20 ശതമാനം സീറ്റുകൾ- ആദ്യം 100% മുസ്​ലിം ക്വാട്ടയെ ബാധിക്കാതെയും പിന്നീട് 80-20 എന്നനിലയിലും- ലത്തീൻ കത്തോലിക്ക വിഭാഗത്തിനും പരിവർത്തിത ക്രൈസ്തവ വിഭാഗത്തിനും ലഭ്യമാക്കുന്നു.

പാലോളി മുഹമ്മദ് കുട്ടി
പാലോളി മുഹമ്മദ് കുട്ടി

ഇപ്പോൾ 28 മേയ് 2021-ലെ കേരള ഹൈക്കോടതി വിധി പ്രകാരം ഈ സ്‌കോളർഷിപ്പ് കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ ജനസംഖ്യക്ക് ആനുപാതികമായി വീതിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. അങ്ങനെ മുസ്​ലിംകൾക്കു മാത്രമായി ആരംഭിച്ച ഒരു ആനുകൂല്യം ആദ്യം രണ്ട് പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ഇപ്പോൾ എല്ലാ ക്രിസ്ത്യാനികൾക്കും ലഭിക്കുന്ന അവസ്ഥ രൂപപ്പെട്ടിരിക്കുന്നു. അങ്ങനെ കേരളത്തിലെ മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്ക് ഒരേസമയം മുന്നാക്ക-പിന്നാക്ക ആനുകൂല്യങ്ങൾ കൈപ്പറ്റാൻ സാധിക്കുന്ന സവിശേഷ അവസരം കൂടി ഉണ്ടായിരിക്കുന്നു എന്നു പറയാം.

ചില വിഷമമേറിയ ചോദ്യങ്ങൾ

വിവിധ സമുദായങ്ങളുടെ ഉന്നമനത്തിന് കോർപ്പറേഷനുകൾ സ്ഥാപിച്ച സംസ്ഥാനമാണ് കേരളം. അതുവഴി പിന്നാക്ക സമുദായ വികസനം, മുന്നാക്ക സമുദായ ക്ഷേമം, പരിവർത്തിത ക്രൈസ്തവ വികസനം, ആദിവാസി-ദളിത് വികസനം, സ്ത്രീ വികസനം എന്നിങ്ങനെ വിവിധയിനം കോർപ്പറേഷനുകൾ നിലവിലുണ്ട്. മുന്നാക്ക സമുദായങ്ങൾക്ക് ക്ഷേമവും ബാക്കിയുള്ളവർക്ക് വികസനവും എന്ന രീതിയിലാണ് കോർപറേഷനുകളുടെ നാമകരണം. ഇത്തരം കോർപറേഷനുകൾ രൂപികരിക്കുന്നതിനു പിന്നിലെ യുക്തി, സവിശേഷ പരിഗണന അർഹിക്കുന്ന സമുദായങ്ങൾക്ക് അവർ അർഹിക്കുന്നത് അതേ അളവിൽ ലഭ്യമാക്കുക എന്ന ഉദ്ദേശ്യമായിരിക്കണമല്ലോ. അതായത് ചരിത്രപരമായ പിന്നാക്കാവസ്ഥയും അസമത്വങ്ങളും അനുഭവിച്ചു വന്നിരുന്ന സമൂഹങ്ങൾക്ക്, പല കാരണങ്ങളാലും മറ്റു സമുദായങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ അളവിൽ സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥ തുടർന്നും നിലനിൽക്കുന്നുണ്ടെങ്കിൽ അത് മറികടക്കാൻ നൽകുന്ന സവിശേഷ പരിഗണനകളാണ് സാമൂഹിക നീതി ഉറപ്പാക്കൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഘടനാപരമായ അസമത്വങ്ങളും സാമൂഹിക ഉച്ചനീചത്വങ്ങളും തീവ്രമായി നിലനിൽക്കുന്ന ഒരു സമൂഹം എന്ന നിലയിൽ സാമൂഹിക നീതിയെപ്പറ്റിയുള്ള വിഷമമുള്ള ചോദ്യങ്ങൾ നമുക്ക് അഭിമുഖീകരിച്ചേ പറ്റൂ. എല്ലാ പൗരന്മാർക്കും ഒരേ പോലെ ബാധകമായ രേഖയായ ഇന്ത്യൻ ഭരണഘടന നൽകിയ അവകാശമെന്ന നിലയിൽ സാമൂഹിക നീതി എന്നത് അന്തസ്സോടും തുല്യതയോടും കൂടി ജീവിക്കാൻ നമുക്കോരോരുത്തർക്കും ഒഴിവാക്കാൻ പറ്റാത്തതാണ്. അതുകൊണ്ടുതന്നെ സാമൂഹിക നീതിയിൽ ഊന്നിനിന്നുകൊണ്ടുള്ള ഏതു ചോദ്യവും അതെത്ര അസുഖകരമായാൽ പോലും പ്രസക്തമായ ഒന്നാണ്. തികച്ചും ഭൗതികമായ ഒരു വീക്ഷണത്തിൽ നോക്കിയാൽ മനുഷ്യാന്തസ്സിന് നിരക്കാത്ത ജീവിതം ജീവിതമേ അല്ല. ആയതിനാൽ ഏതെങ്കിലും അർത്ഥത്തിലുള്ള തുല്യത, സമത, വിഭവങ്ങളുടെയും അവസരങ്ങളുടെയും ലഭ്യത, പ്രാതിനിധ്യം, ദൃശ്യത, ഭൗതിക സുഖസൗകര്യങ്ങൾ എന്നിവ എല്ലാ മനുഷ്യരുടെയും മിനിമം ആവശ്യങ്ങളാണ്. അതുകൊണ്ട് അത്തരം സംഗതികൾ എത്തിപ്പിടിക്കാനുള്ള പരിശ്രമങ്ങളെപ്പറ്റി മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നതിന് പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ, ഈ വക ചോദ്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ വലിയ തോതിൽ മത സൗഹാർദ്ദവുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായാണ് നടക്കുന്നത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംവരണവും സാമൂഹിക ക്ഷേമവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളെ അത്തരത്തിലാണ് അവതരിപ്പിച്ചത്. സാമൂഹിക നീതി ഉറപ്പുവരുത്താൻ ഇത്തരം ഫ്രയിമിങ്ങുകൾക്ക് എത്രകണ്ട് കഴിയും എന്നത് സംശയകരമാണ്, സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ പ്രത്യേകിച്ചും.

എന്തായിരിക്കും ഇടതുപക്ഷ നിലപാട്?

സാമൂഹിക നീതി എന്നത് അല്ലെങ്കിൽ അതിന്റെ അനുബന്ധ സങ്കൽപ്പനങ്ങളായ സാമൂഹിക ക്ഷേമം, ക്ഷേമ നയങ്ങൾ, അതുമായി ബന്ധപ്പെട്ട ഭരണപരമായ നടപടികൾ എന്നിവയുടെ വിതരണ ഏജൻസി മുഖ്യമായും ഭരണകൂടമാണ്. ഭരണകൂടം എപ്പോഴും സമ്മർദ്ദ സംഘങ്ങങ്ങളാൽ വലയം ചെയ്യപ്പെട്ടു നിൽക്കുന്ന ഒന്നാകയാൽ ന്യായവും സുതാര്യതയും എന്നത് എപ്പോഴും എല്ലാ നടപടികളിലും നിഴലിക്കണം എന്നില്ല. ഏറ്റവും ആവശ്യക്കാരായ വിഭാഗത്തിന് നൽകുന്ന പരിമിത ആനുകൂല്യങ്ങൾക്കുപോലും പുറത്തു നിന്ന് പുതിയ പങ്കുകാരുണ്ടാകുന്നത് അങ്ങനെയാണ്. എല്ലാവർക്കും അറിയാവുന്നതുപോലെ സാമൂഹിക നീതി എന്നത് വിവിധ മാനങ്ങളുള്ള ഒരു സങ്കൽപ്പമാണ്. വളരെ പ്രാഥമികമായ അർത്ഥത്തിൽ അത് നീതി, വരുമാനം, ആരോഗ്യം, ക്ഷേമം തുടങ്ങിയവ എല്ലാവർക്കും ലഭ്യമാകുക എന്നതിനെ സൂചിപ്പിക്കുന്നു. ഈയൊരു കാര്യം സംഭവിക്കണമെങ്കിൽ അനീതിയും പിന്നാക്കാവസ്ഥയും അനുഭവിക്കുന്ന സമുദായങ്ങൾക്ക് അനുകൂലമായ വിധത്തിൽ വിഭവങ്ങൾ, സാമ്പത്തികാനുകൂല്യങ്ങൾ, വരുമാനം എന്നിവയുടെ പുനർ വിന്യാസം സംഭവിക്കണം. ഒട്ടും എളുപ്പമുള്ള കാര്യമല്ലിത്.

ചൂഷിത വിഭാഗങ്ങൾക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുന്ന ഭരണകൂടം വലിയ വില കൊടുക്കേണ്ടി വരും എന്ന് വിമോചന സമരം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ ബോധ്യപ്പെടുത്തിയ കാര്യമാണ്. അതേസമയം വിമോചന സമരത്തിൽ രൂപപ്പെടുകയും ശക്തി പ്രാപിക്കുകയും ചെയ്ത കൂട്ടായ്മകളെ ദുർബലപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ ഇടതുപക്ഷം തുടർഭരണം ഉറപ്പാക്കിയത്. മറ്റൊരു വിമോചന സമരം സാധ്യമാകാത്ത വിധത്തിലുള്ള സോഷ്യൽ എഞ്ചിനീറിങ് ആണ് ഈ ഇലക്ഷനിൽ ഇടതുപക്ഷം നടത്തിയത്. അങ്ങനെയുള്ള ഇടതുപക്ഷം മേൽ ചോദ്യങ്ങളോട് എങ്ങിനെ പ്രതികരിക്കും എന്നത് കേരളത്തിൽ രൂപപ്പെട്ടുവരുന്ന ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.

ആന്ധ്രപ്രദേശിൽ നടക്കുന്നത്

സാമൂഹിക നീതി ഉറപ്പാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിൽ മുഖ്യമായും ഊന്നൽ കൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ ഒന്നാമതായി വേണ്ടത് ലഭ്യത (Access) ഉറപ്പാക്കുക എന്നതാണ്. ആവശ്യത്തിന് വിദ്യാഭ്യാസ സൗകര്യം, ഹോസ്റ്റൽ സൗകര്യം, സ്‌കോളർഷിപ്പ്, പരിശീലന സൗകര്യങ്ങൾ, വിവര ലഭ്യത എന്നിവയൊക്കെ ഒരു സമൂഹത്തെ ശാക്തീകരിക്കാൻ സഹായിക്കും. പാലൊളി കമ്മിറ്റി നിർദ്ദേശങ്ങൾ നോക്കിയാൽ ഈ വിധത്തിലുള്ള സൗകര്യങ്ങൾ പിന്നാക്ക മുസ്​ലിം സമുദായത്തിലെ യുവജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ധാരാളം നിർദേശങ്ങൾ കാണാം. സാമൂഹിക നീതിയുമായി നേരിട്ട് ബന്ധമുള്ള മറ്റ് രണ്ടു കാര്യങ്ങളാണ് പങ്കാളിത്തവും സമതയും. യഥാർതത്തിൽ ലഭ്യത, സമത, പങ്കാളിത്തം എന്നിവയെല്ലാം പരസ്പരപൂരിതമാണ്. സമത എന്നത് ഓരോരുത്തർക്കും ആവശ്യമുള്ളത് ഉറപ്പുവരുത്തുമ്പോൾ, പങ്കാളിത്തം അതിന്റെ ജനാധിപത്യ ഉള്ളടക്കത്തെ മെച്ചപ്പെടുത്തുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുന്നു.

ഈയൊരു സന്ദർഭവുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശിൽ ജഗൻ റെഡ്ഡി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ ശ്രദ്ധേയമാണ്. 2020ൽ അവിടെയുള്ള 139 പിന്നാക്ക സമുദായങ്ങൾക്കുമായി 54 കോർപറേഷനുകൾ ആരംഭിക്കുകയാണ് ജഗൻ റെഡ്ഡി സർക്കാർ ചെയ്തത്. മുമ്പ് പിന്നാക്ക സമുദായങ്ങൾക്കായി ഒരേയൊരു കോർപറേഷൻ മാത്രമുണ്ടായിരുന്ന അവസ്ഥയിൽ നിന്നാണ് ഈ മാറ്റം. ഈ വർഷം അവിടുത്തെ മൂന്നു പ്രബല മുന്നോക്ക സമുദായങ്ങളായ കമ്മ, റെഡ്ഡി, ക്ഷത്രിയ വിഭാഗങ്ങൾക്കായും കോർപറേഷൻ ആരഭിച്ചു. ഈയൊരു നടപടിയെ കേവലമായി ശ്ലാഘിക്കുകയല്ല ലക്ഷ്യം. മറിച്ച് സാമൂഹിക നീതിയുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് വീക്ഷിക്കുമ്പോൾ ലഭ്യത, സമത, പങ്കാളിത്തം, വൈവിധ്യം എന്നിവ ഉറപ്പാക്കാൻ ശേഷിയുള്ള നടപടികളായി ഇവയെ കാണാൻ കഴിയും എന്നു സൂചിപ്പിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്.

മുസ്‌ലിം ലീഗിന് വിലപേശൽ ശേഷിയോ?

ദളിത് -പിന്നാക്ക സമുദായങ്ങൾ അനുഭവിക്കുന്ന വിഭവദാരിദ്ര്യം വലിയ പ്രശ്‌നം തന്നെയാണ്. അവയെ പ്രത്യേകമായി പരിഗണിച്ച് പരിഹരിക്കാനുള്ള ശ്രമങ്ങൾ പരിഗണനീയമായ അളവിൽ വിജയം നേടിയ സംസ്ഥാനമാണ് കേരളം. എന്നാൽ അത് ഒരു ഭാഗീക ചിത്രം മാത്രമാണ്. നിയോ ലിബറൽ നയങ്ങളുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും കെടുതികൾ നമ്മുടെ ഇടയിലെ അസമത്വങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. അതേസമയം എല്ലാ സമുദായങ്ങളും വർധിച്ച അളവിൽ രാഷ്ട്രീയവത്കരിക്കപ്പെടുകയും അതുവഴി അവർ നേരിടുന്ന നീതി നിഷേധങ്ങളെപ്പറ്റി കൃത്യമായ ബോധ്യം ഉള്ളവരും ആണ്. അതുകൊണ്ട് കൂടിയാണ് സംവരണം അടക്കമുള്ള സമുദായിക അവകാശങ്ങളെപ്പറ്റിയുള്ള ചർച്ചകൾ പലരെയും ചൊടിപ്പിക്കുന്നത്.

സംവരണ ചർച്ചകൾ അല്ലെങ്കിൽ സാമൂഹിക നീതിയെക്കുറിച്ചുള്ള ചർച്ചകൾ മതസൗഹാർദ്ദ സമ്മേളനങ്ങൾ അല്ല, അത് ഒരു ഫീൽ- ഗുഡ് ഇഫെക്ട് ഉണ്ടാക്കാനുമുള്ള ശ്രമങ്ങളും അല്ല. ഒരു നഗരത്തിൽ വർഗീയ കലാപം സൃഷ്ടിച്ച ശേഷം അതിൽ നിലംപരിശാക്കപ്പെട്ടവരെ കെട്ടിപ്പിടിച്ച് ക്യാമറയെ നോക്കി വിജയിയുടെ ചിരിച്ചിരിക്കുന്ന പൊള്ളത്തരം അല്ലത്. അത് അടുത്ത കലാപം തുടങ്ങന്നതുവരെയുള്ള ഇടവേളയെ സൂചിപ്പിക്കുന്ന ഒതുക്കിപ്പിടിച്ച കൊലചിരിയാണ്. സാമൂഹിക നീതി ചർച്ചകളിൽ നമ്മെ നയിക്കേണ്ടത് നാം ജീവിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിവരങ്ങളും കാഴ്ചപ്പാടുകളും നീതിബോധവുമാണ്. മുസ്​ലിം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഒരു യാഥാർത്ഥ്യമാണ്. അതിനെ മറികടക്കാൻ സ്വീകരിക്കുന്ന നടപടികൾ മുസ്​ലിം പ്രീണനമാണ് എന്നു ആരോപിക്കുന്നത് ഒരുതരം സംഘപരിവാർ നിലപാടാണ്. അതുപോലെ തന്നെ അരോചകമായ ഒന്നാണ് കേരള രാഷ്ട്രീയത്തിൽ മുസ്​ലിംകൾക്കും മുസ്​ലിം ലീഗിനും ഉള്ളതായി പറയപ്പെടുന്ന വിലപേശൽ ശേഷി. മുസ്​ലിം ലീഗിന് ഇതുപോലൊരു വിലപേശൽ ശേഷി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ തർക്കത്തിലായിരിക്കുന്ന 80:20 ന്റെ കഥ വേറൊന്നാകുമായിരുന്നു.

മുസ്​ലിം ലീഗ് നേതാക്കൾ
മുസ്​ലിം ലീഗ് നേതാക്കൾ

പാലൊളി കമ്മറ്റി റിപ്പോർട്ടിൽ നിർദേശിച്ച കാര്യമാണ് കേരളത്തിൽ അറബിക് സർവ്വകലാശാല സ്ഥാപിക്കുക എന്നത്. മുസ്​ലിം ലീഗ് അധികാരത്തിലിരുന്നപ്പോൾ പോലും ന്യായമായ ഈ നിർദേശം നടപ്പിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. പാലൊളി കമ്മറ്റി മുന്നോട്ടുവെച്ച നിർദേശത്തോട് പ്രതിപക്ഷത്തുള്ള ഇടതുപക്ഷം അന്ന് യാതൊരു വിധത്തിലുള്ള എതിർപ്പും ഉയർത്തുമായിരുന്നില്ല എന്ന അനുകൂല സാഹചര്യം ഉണ്ടായിട്ടു പോലും അറബി സർവ്വകലാശാലയ്ക്ക് അനുകൂലമായ തീരുമാനം എടുക്കാൻ ഭരണ പങ്കാളിത്തം ഉണ്ടായിരുന്ന, അതും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗിന് സാധിച്ചില്ല എന്നോർക്കണം. യഥാർത്ഥത്തിൽ ദുരന്തപൂരിതമായ തമാശയാണത്. അറബിക് സർവ്വകലാശാല പോലെയുള്ള, അല്ലെങ്കിൽ സമാനമായ ഏതെങ്കിലും മുസ്​ലിം സ്‌പെസിഫിക് ആയ ഒരു വിഷയത്തിൽ തീരുമാനമെടുക്കാൻ മുസ്​ലിം ലീഗിന് പേടിയാണ്. കാരണം അത് മറ്റ് മുസ്​ലിം ഇതര സമുദായങ്ങളെയും മതേതരവാദികളെയും പിണക്കും എന്നവർക്ക് ഭയമുണ്ട്. ഇതേ ഭയം മുസ്​ലിം പ്രീണനം എന്ന പേരിൽ മറ്റുള്ളവരെയും വേട്ടയാടുന്നുണ്ട്. സത്യത്തിൽ, അവഗണിക്കേണ്ട, വസ്തുതകളുടെ അടിസ്ഥാനത്തിൽ എളുപ്പത്തിൽ നിഷേധിക്കാവുന്ന ഫോബിയ ആണിത്.

അത് ഓരോ ജനാധിപത്യവാദിയുടെയും കർത്തവ്യമാണ്

ഇപ്പോഴത്തെ കോടതി വിധിയെ ഭരണകൂടവും പൊതുസമൂഹവും എങ്ങനെ നേരിടുന്നു, മുസ്​ലിംകൾക്ക് ഈ വിഷയത്തിൽ ഏതു രീതിയിലുള്ള നെഗോസിയെഷൻസ് ആണ് നിലവിലുള്ള ‘മുസ്​ലിം പ്രീണന- മതേതര ആശങ്ക' ബോധങ്ങൾക്കിടയിൽ സാധ്യമാകുക എന്നത് വളരെ പ്രധാനമാണ് എന്നു തോന്നുന്നു. ആ വിധത്തിലുള്ള ചർച്ചകൾ ഉണ്ടാകുന്നത് സാമൂഹിക നീതിയെക്കുറിച്ചുള്ള സങ്കൽപ്പനങ്ങളെ ശക്തിപ്പെടുത്തുകയേയുള്ളൂ. ന്യൂനപക്ഷ - പിന്നാക്ക സാമൂഹിക വിഭാഗങ്ങളുടെ സവിശേഷ പ്രശ്‌നങ്ങളെ എങ്ങനെ ഉന്നയിക്കണം എന്നതിനെക്കുറിച്ച് ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നു എന്ന് ഡോ. അസ്ഹരി നിരീക്ഷിക്കുന്ന രാഷ്ട്രീയ ഭാഷക്കാവശ്യമായ വിഭവങ്ങൾ ഒരുമിച്ചു കൂട്ടൽ മുസ്​ലിംകളുടെ മാത്രം ഉത്തരവാദിത്വമല്ല. മനുഷ്യ പുരോഗതിയിൽ വിശ്വസിക്കുന്ന ഓരോ ജനാധിപത്യ വാദികളുടെയും കർത്തവ്യമാണ്. മുസ്​ലിംകളോടുള്ള ആ കരുതലും കർത്തവ്യവും നിർവഹിക്കാനുള്ള അവസാനത്തെ അവസരമാണ് മലയാളികൾക്കു മുന്നിൽ വന്നിരിക്കുന്നത്. ആ അർഥത്തിൽ അങ്ങേയറ്റം ദരിദ്ര പശ്ചാത്തലത്തിൽ ജീവിക്കുന്ന ഒരു പിന്നാക്ക ന്യൂനപക്ഷത്തിന്റെ ആവശ്യങ്ങളെ എങ്ങിനെ സമീപിക്കുന്നു എന്നത് നാം നേരിടുന്ന ഒരു ലിറ്റ്മസ് ടെസ്റ്റാണ്.


Summary: സാമൂഹിക നീതിയെ കുറിച്ചുള്ള ചർച്ച ഇപ്പോൾ മത സൗഹാർദ്ദവുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായാണ് നടക്കുന്നത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംവരണവും സാമൂഹിക ക്ഷേമവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളെ അത്തരത്തിലാണ് അവതരിപ്പിച്ചത്. സാമൂഹിക നീതി ഉറപ്പുവരുത്താൻ ഇത്തരം ഫ്രയിമിങ്ങുകൾക്ക് എത്രകണ്ട് കഴിയും എന്നത് സംശയകരമാണ്, സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ പ്രത്യേകിച്ചും.


ജയറാം ജനാർദ്ദനൻ

ഹയർ സെക്കൻഡറി അധ്യാപകൻ. മതം, മതേതരത്വം, മീഡിയ, ജാതി തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments