മലബാറിലെ ചെത്തുതൊഴിലാളി വിഭാഗത്തിൽ പെട്ട സ്ത്രീയുടേയും പുരുഷന്റേയും ചിത്രം. വ്യത്യസ്ത മതങ്ങളിലും ജാതികളിലും, സാമൂഹിക വിഭാഗങ്ങളിലുള്ള, വിവിധ ജോലികൾ ചെയ്യുന്ന സ്ത്രീകളുടെയും പുരുഷൻമാരുടേയും 72 കളർചിത്രങ്ങൾ അടങ്ങിയ Seventy-two Specimens of Castes in India എന്ന ഇല്യസ്ട്രേറ്റഡ് മാനുസ്ക്രിപ്റ്റിൽ നിന്ന്. 1837ൽ മധുരയിൽ നിന്ന് കണ്ടെത്തിയതാണിത്.

‘നാർക്കോട്ടിക് ജിഹാദ്​’ എന്ന സാമൂഹിക പുറംതളളൽ ഹിംസ

ബ്രാഹ്മണ്യം ദലിതരെ സ്ഥിരമായി അസ്​പൃശ്യരാക്കി സാമൂഹ്യമായി പുറം തള്ളി നിലനിർത്തുന്നതിന് സമാനമായി മുസ്​ലിംകൾക്കുമേൽ സാമൂഹിക പഴികൾ വിധ്വംസകമായി വിന്യസിച്ചു കൊണ്ടും വിശ്വാസപരമായി ഇകഴ്​ത്തിയും പുറംതള്ളൽ സാമൂഹിക പേടിയായി നിലനിർത്തുകയും ഇസ്​ലാം പേടി പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളും സാംസ്കാരികമായ പലമകളും (cultural diversity) ഇന്ത്യയിൽ നിലനിൽക്കുന്ന സാമൂഹിക വേർതിരിവ് രൂപങ്ങളെയും മേൽ- കീഴ് വ്യവസ്ഥയെയും രൂപപ്പെടുത്തുന്നതിൽ (hierarchy) ചരിത്രപരമായി ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഈ വേർതിരിവുരൂപങ്ങൾ സാമൂഹിക പുറന്തള്ളലും സാംസ്കാരിക അപരവൽക്കരണവും സൃഷ്ടിച്ചാണ്​ വളർന്നുവന്നത്. ഇതാകട്ടെ വർണ വിഭജന ക്രമങ്ങളും ജാതി വിഭജന രൂപങ്ങളും സാമൂഹിക പുറം തള്ളൽ സൃഷ്ടിക്കുന്ന ഏറ്റിറക്ക ക്രമമായ വർണ- ജാതി- ആണധികാര വ്യവസ്ഥയായിട്ടാണ് രൂപപ്പെട്ടു വന്നത്. സാംസ്കാരിക വൈവിധ്യങ്ങളായി നിലനിൽക്കുന്ന സാമൂഹിക വേർതിരിവ് രൂപങ്ങളും ജീവിത രീതികളുടെ പലമകളും സാമൂഹിക സ്ഥാപനങ്ങളെ രൂപപ്പെടുത്തിയ പ്രക്രിയാബന്ധങ്ങളായിട്ടാണ് ചരിത്രപരമായി വികസിച്ചുവന്നത്. ലോകത്തിലെ മറ്റു നാഗരികത സമൂഹങ്ങളിൽ നിന്ന്​ വ്യത്യസ്തമായി സുദീർഘമായ ചരിത്ര ജീവിതവും ചരിത്ര തുടർച്ചയും സാമൂഹിക വിഭജന ക്രമവും സാംസ്​കാരിക വ്യവസ്ഥയുമുള്ള പ്രദേശമാണ് ഇന്ത്യ ഉൾപ്പെടുന്ന തെക്കനേഷ്യൻ ഉപഭൂഖണ്ഡ പ്രദേശം.

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങൾ സാമൂഹിക ഭേദ വ്യവസ്ഥയോടും മേൽ കീഴ് അധികാര ക്രമങ്ങളോടും ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്.

ജാതിഭേദങ്ങൾ, ലിംഗവിവേചന രൂപങ്ങൾ, സമുദായ ജീവിതങ്ങൾ, ഭാഷാ ഭേദങ്ങൾ, ജനവംശങ്ങൾ, സംസ്കാരിക പലമകൾ, പ്രദേശ വൈവിധ്യങ്ങൾ, ഉപജീവന രൂപങ്ങൾ, അതിജീവന ക്രമങ്ങൾ എന്നിങ്ങനെ സാമൂഹിക- സാംസ്കാരിക വൈവിധ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ അതിന്റെ സുദീർഘ ചരിത്ര ജീവിത പ്രക്രിയ പിന്നിട്ടത്. ഇന്ത്യൻ വർണ- ജാതി വ്യവസ്ഥയും ഏറ്റിറക്ക സാമൂഹിക ക്രമവും സുദീർഘമായ ഇത്തരം ചരിത്ര പ്രക്രിയയിലൂടെ വികസിച്ചുവന്നതാണ്. ഇതു കൊണ്ടു തന്നെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങൾ സാമൂഹിക ഭേദ വ്യവസ്ഥയോടും മേൽ കീഴ് അധികാര ക്രമങ്ങളോടും ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. ഇന്ത്യയിലെ ഓരോ സാംസ്കാരിക- ഭാഷാ- ഭൂപ്രദേശത്തിന്റെയും പ്രത്യേകതയ്ക്ക് അനുസൃതമായ രീതിയിലാണ് പ്രദേശികമായി ജാതി- ലിംഗ ഭേദങ്ങളും കോയ്മാ രൂപങ്ങളും അധികാരക്രമങ്ങളായി സ്ഥാനപ്പെട്ട് പ്രവർത്തിക്കുന്നത്.

1942ൽ നാഗ്പൂരിൽ വെച്ചു നടത്തിയ All India Untouchable Women Conference-ന്റെ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ഡോ. ബി. ആർ. അംബേദ്കർ.

എന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ചരിത്രപരമായി വികസിച്ചു വന്ന ത്രൈവർണിക അധികാര രൂപങ്ങളും ജാതി ബ്രാഹ്മണ്യ മൂല്യങ്ങളും പ്രദേശികമായി വളർന്നുവന്ന സാമൂഹിക വേർതിരിവുകൾക്കും അധികാര രൂപങ്ങൾക്കും വരേണ്യ മൂല്യബോധത്തിന്റെയും വേർതിരിവ് അസമത്തത്തിന്റെയും ചട്ടക്കൂടുകളും സാധുകരണ വ്യവസ്ഥയും പ്രത്യയ ബോധങ്ങളും (ideology) പ്രദാനം ചെയ്തു. ഇതു മൂലം സാംസ്കാരിക വൈവിധ്യങ്ങളെയും ജീവിത പലമകളെയും മേൽ- കീഴ് ബന്ധങ്ങളിൽ ഉൾവഹിക്കുകയും അതിനോട് സാധർമ്യപ്പെട്ട മനോഭാവങ്ങൾ സാമൂഹിക വിഭാഗങ്ങളിൽ നിർമിച്ചുമാണ് തരംതിരിവ് അസമത്വവും സാമൂഹിക പുറം തള്ളൽ വ്യവസ്ഥയുമായി അധികാര ബന്ധങ്ങൾ വളർന്നുവന്നത്. ഇവ ചരിത്ര പ്രക്രിയയായി, സാമൂഹിക- സാംസ്കാരിക സ്ഥാപന രൂപങ്ങളായി വികസിച്ചു വരികയും വ്യത്യസ്ത രൂപങ്ങളിൽ ഇന്നും തുടരുകയും ചെയ്യുന്നു. ഇന്ത്യയിലെ സാമൂഹിക പുറന്തള്ളൽ വ്യവസ്ഥയും (social exclusion) പ്രാന്തവൽക്കരണ (marginalisation) രീതിയും വർണ ജാതി വ്യവസ്ഥയുടെ സ്ഥാപന രൂപം നേടിയതും വേർതിരിവ് അസമത്തത്തിന്റെ അടിത്തറയിൽ ചിട്ടപ്പെട്ടതുമാണ്. ജാതി വ്യവസ്ഥയുടെ ഭാഗമായ സാമൂഹിക വിവേചനത്തിന്റെയും സാംസ്​കാരിക അധീശത്വരൂപങ്ങളിലൂടെയുമാണ് പുറം തള്ളലും പ്രാന്തവൽക്കരണവും പ്രവർത്തിച്ചത്. പുറന്തള്ളപ്പെട്ട സാമൂഹിക വിഭാഗങ്ങളെ കീഴായ്മപ്പെടുത്തി ഹീനജാതി ജീവിതങ്ങളായി നിലനിർത്തുകയും സാമൂഹികമായും ഇടപരമായും (social and spatial) ഓരപ്പെടുത്തുകയും സാമ്പത്തിക ചൂഷണവും അടിച്ചമർത്തലും നിലനിർത്തുന്ന വ്യവസ്ഥയായും ഇത് തുടരുകയും ചെയ്യുന്നു.

പണിയെടുക്കുന്ന അധ്വാനസമൂഹങ്ങളും കർഷക വിഭാഗങ്ങളും ശൂദ്രരായി പുറം തള്ളപ്പെട്ടപ്പോൾ കൈവേലക്കാരും വ്യത്യസ്ത സേവന ജീവിത പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നവരും സ്ഥിരമായി കായികാധ്വാനത്തിൽ ഏർപ്പെട്ടവരും ജാതി അടിമകളും അയിത്തക്കാരും അസ്​പൃശ്യരുമായി മാറ്റപ്പെട്ടു.

മേൽ -കീഴ് ജാതികളായി സാമൂഹിക വിഭാഗങ്ങൾ സ്ഥാനപ്പെടുകയും ഉച്ച -നീച ക്രമങ്ങൾക്കനുസൃതമായി ജാതി പദവികൾ മ്ലേച്ഛത്വവും മാന്യതയുമായി സാമൂഹിക വിഭാഗങ്ങളിൽ അത്യാരോപിക്കുകയും ചെയ്യുന്ന സാംസ്കാരിക പ്രതീകവ്യവസ്ഥയായി ഈ അസമത്വ വ്യവസ്ഥ ഇപ്പോഴും നിലനില്ക്കുന്നു. തൊടാവുന്നവരും തൊടാൻ പാടില്ലാത്തവരും, മേൽതട്ടിലും കീഴ്തട്ടിലുമായി, കീഴ്​മര്യാദകൾക്കനുസരിച്ച് തരംതിരിവ് അസമത്വ സംവിധാനമായി മനുഷ്യരെ വിന്യസിച്ച സാമൂഹിക ക്രമമാണിത്. ഈ വേർതിരിവ് സാമൂഹിക ക്രമം, മത ധാർമിക മുറകളായി മാറുകയും അതിനനുസൃതമായ മത ധാർമിക വ്യവസ്ഥ ധർമശാസ്ത്ര വിധികളും നിയമങ്ങളും ശാസനകളും ചിട്ടകളുമായി ക്രമപ്പെടുകയും ചെയ്തു. പ്രദേശികവും സാംസ്കാരികവുമായ അധികാര ബന്ധങ്ങൾക്കനുസൃതമായി ഇവ കീഴ് വഴക്കങ്ങളും കീഴ് മര്യാദകളുമായി വ്യാഖ്യാനിക്കപ്പെട്ടു. കോയ്മ സമൂഹങ്ങൾക്കും അധികാര വ്യവസ്ഥയ്ക്കും അനുസൃതമായി വ്യാഖ്യാനിക്കപ്പെട്ട ഇവ സാംസ്കാരികവും വൈജ്ഞാനികവുമായ സാധുകരണം നേടുകയും അധികാര വ്യവസ്ഥയെ സാധുകരിക്കുകയും ചെയ്തു.

Screengrab : safaikarmachariandolan.org

ത്രൈവർണികർ ഉൾപ്പെടെയുള്ള വ്യത്യസ്ത ജാതി വിഭാഗങ്ങൾ പാരമ്പര്യ അധികാര വ്യവസ്ഥയിൽ പങ്കാളികളായി സമൂഹാധിപത്യം നേടിയെടുത്ത വ്യവസ്ഥയെ ധർമവും സനാതനവുമായി കാണുന്ന സാമൂഹിക മനഃസ്ഥിതിയും സാമാന്യബോധവും ഈ ധർമസംസ്കാരം സൃഷ്ടിച്ചു. പണിയെടുക്കുന്ന അധ്വാനസമൂഹങ്ങളും കർഷക വിഭാഗങ്ങളും ശൂദ്രരായി പുറം തള്ളപ്പെട്ടപ്പോൾ കൈവേലക്കാരും വ്യത്യസ്ത സേവന ജീവിത പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നവരും സ്ഥിരമായി കായികാധ്വാനത്തിൽ ഏർപ്പെട്ടവരും ജാതി അടിമകളും അയിത്തക്കാരും അസ്​പൃശ്യരുമായി മാറ്റപ്പെട്ടു. പുറന്തള്ളപ്പെട്ട ഈ സാമൂഹിക വിഭാഗങ്ങൾ സാമൂഹിക ശ്രേണിയുടെ അടിത്തട്ടിൽ വരത്തക്കവിധം സാമൂഹിക മേൽ കീഴ് ബന്ധങ്ങൾ ഏറ്റിറക്ക വ്യവസ്ഥയായി സ്ഥാപനവൽക്കരിക്കപ്പെട്ടു. പുറം തള്ളപ്പെട്ട പ്രാന്തവൽകൃത സമൂഹങ്ങളെ കീഴോരായും അഴുക്കു ശരീരങ്ങളും തൊടാവസ്തുക്കളുമായും സ്ഥാനപ്പെടുത്തുന്ന വിധി മുറകൾ ധർമശാസ്ത്രങ്ങളിലും സ്മൃതിപാരമ്പര്യങ്ങളിലും ധർമവ്യവസ്ഥയായി വ്യവഹരിക്കപ്പെട്ടു. അയിത്തക്കാരും അസ്​പൃശ്യരും ശൂദ്രരുമായി സമൂഹത്തിന്റെ അടിത്തട്ടിൽ ഓരപ്പെട്ട സമൂഹങ്ങളെ നിലനിർത്തിയ ഏറ്റിറക്കക്രമത്തിന്റെ സാധുകരണ പ്രത്യയ ബോധത്തെ നിരന്തരം ഉൽപാദിപ്പിക്കുന്ന കീഴ്‌വഴക്കവും പാരമ്പര്യവുമായി ഇവ പ്രവർത്തിച്ചു. വിഭവങ്ങൾ ഉൽപാദിപ്പിച്ചവരും എന്നാൽ സാമൂഹികമായി ഈ വിഭവങ്ങളിൽ നിന്ന് പുറന്തള്ളപ്പെട്ടവരും സാംസ്കാരികമായി കീഴൊതുക്കപ്പെട്ട് സ്ഥലപരവും സാമൂഹികവുമായി പുറംതള്ളപ്പെട്ട അരികു വൽക്കരിക്കപ്പെട്ടവരായി തുടർന്നു. ഇതിനോടൊപ്പം ജാതി പുരുഷാധിപത്യ ക്രമങ്ങൾ ധർമമായി മാറുകയും രാഷ്ട്രീയാധികാരത്താൽ അവ സംരക്ഷിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്തു. ത്രൈവർണികരുടെ സാംസ്‌കാരിക പ്രതീക രൂപങ്ങളും ഹിംസാത്മകമായ അനുഷ്ഠാന രീതികളും സാംസ്കാരിക ഹിംസയായി മാറുകയും ബ്രാഹ്മണ്യ അറിവധികാര ബന്ധങ്ങളും സംസ്‌കൃത ഇതിഹാസ പുരാണ പാരമ്പര്യങ്ങളും ധർമശാസ്ത്ര വിധി തീർപ്പുമുറകളും പ്രാന്തവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കുമേൽ പലവിധ ഹിംസ രൂപങ്ങളിലൂടെ അടിച്ചേൽപ്പിക്കപ്പെടുകയും​ ചെയ്​തു. കർമ- പുനർജന്മ സിദ്ധാന്തങ്ങളും വർണ ധർമങ്ങളും ജാതിമര്യാദകളും വർണ- ജാതി ധർമവും ധർമശാസ്ത്ര വ്യവസ്ഥയും രാഷ്ട്രീയ സമ്പദ് ക്രമത്തിന്റെയും ഭരണകൂടാധികാരത്തിന്റെയും ചലന നിയമങ്ങളായി പ്രവർത്തിച്ചു.

Screengrab : safaikarmachariandolan.org

വേർതിരിവുസാമൂഹിക ക്രമത്തെയും ഭേദചിന്തകളെയും അധ്യാത്മികവും അതീന്ദ്രിയവുമായി വ്യാഖ്യാനിക്കുന്ന ദൈവശാസ്ത്രവും ദാർശനിക പാരമ്പര്യവും ആവിഷ്കാരങ്ങളും ഭാഷാ സാഹിത്യ വിചാരങ്ങളും അനുഭൂതി ബോധവും സംസ്കാരവും പാരമ്പര്യവുമായി പ്രചരിപ്പിക്കപ്പെട്ടു.

കോയ്മ പ്രത്യയ ബോധവും പുറം തള്ളൽ അപരത്വവും കേരളത്തിൽ സാമൂഹിക ഭേദരൂപങ്ങളും പുറം തള്ളൽ വ്യവസ്ഥയും സാംസ്കാരിക സാമൂഹിക വ്യവസ്ഥയായി ചിട്ടപ്പെടുന്നതും സ്ഥാപന രൂപം നേടുന്നതും നമ്പൂതിരി ബ്രാഹ്മണർ സാമൂഹികാധിപത്യം നേടിയെടുക്കുന്നതോടെയാണ്. ധർമശാസ്ത്ര പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ സാമൂഹികഭേദങ്ങളെ ന്യായികരിക്കുകയും മേൽ-കീഴ് ക്രമത്തിൽ വ്യവസ്ഥപ്പെടുത്തുന്നതും ക്ഷേത്ര ബ്രാഹ്മണ്യത്തിന്റെ ശുദ്ധി വരേണ്യതയും ബ്രാഹ്മണ ജന്മിത്തത്തിന്റെ അധികാരക്രമവും ക്ഷേത്ര വ്യവസ്ഥയുടെ കോയ്മയും വളർന്നു വന്നതിന്റെ ഭാഗമായിട്ടായിരുന്നു. ഇതിഹാസ- പുരാണ- സംസ്കൃത പാരമ്പര്യങ്ങളെ ക്ഷേത്ര വ്യവസ്ഥയുടെയും ആചാര ബ്രാഹ്മണ്യത്തിന്റെയും സാംസ്കാരിക കോയ്മ സ്ഥാപിച്ചെടുക്കുന്നതിനായി ഉപയോഗിച്ചു. വിവിധ നാടുകളുടെ ഉടയവരായ നാട്ടുടയവർക്കും ചേര പെരുമാക്കന്മാർക്കും രാഷ്ട്രീയാധികാരം നിലനിർത്തുന്നതിന് ബ്രാഹ്മണ്യത്തിന്റെ അനുഷ്​ഠാന പദ്ധതിയും ധർമശാസ്ത്രങ്ങളുടെ വേർതിരിവ് ക്രമങ്ങളും ആവശ്യമായി വന്നു. വിവിധ നാടുകളിലെ ആളടിയാരാക്കപ്പെട്ട ജാതി അടിമകളെയും അടിച്ചമർത്തി നിലനിർത്തുന്ന സാമൂഹിക- സാമ്പത്തിക ക്രമം വ്യവസ്ഥപ്പെട്ടു വന്നു. ഈ കാർഷിക ജനസഞ്ചയങ്ങളെ സാമൂഹികമായി പുറം തള്ളുന്നതതിന് ക്ഷേത്ര വ്യവസ്ഥയുടെയും ജാതി ബ്രാഹ്മണ്യത്തിന്റെയും കോയ്മാ സംസ്കാരവും ശുദ്ധി വരേണ്യതയെ അടിസ്ഥാനമാക്കുന്ന ലോക ബോധവും ഉപയോഗിച്ചു.

പുകാസർ, ചണ്ഡാലർ, പാണ്ടുസോപകർ, അന്ത്യജർ , അടവികർ എന്നിങ്ങനെ അപരരായി നിർവ്വചിച്ചു കൊണ്ടാണ് കാർഷിക സമൂഹത്തിന്റെമേലും വനത്തിൽ പാർത്തിരുന്നവരുടെ മേലും ഹീനത്വം ഒരു സാംസ്കാരിക ഹിംസയായി ബ്രാഹ്മണ ഗോത്രങ്ങൾ അടിച്ചേൽപ്പിച്ചത്

പുറന്തള്ളപ്പെട്ട കാർഷിക സമൂഹത്തിന്റെ മേൽ അപരത്വം അധ്യാരോപിക്കുന്ന ഹീനത സങ്കല്പങ്ങളും സാമൂഹിക ഭേദരൂപങ്ങളെ നിലനിർത്തുന്ന നീച സങ്കല്പങ്ങളും നന്മതിന്മ ഗുണദോഷ രൂപങ്ങളും സൃഷ്ടിച്ചെടുത്തു. സാമൂഹിക മര്യാദകളും കീഴോരാക്കപ്പെട്ട സമൂഹങ്ങളെ ഹീനരായി അപരാക്കുന്ന ബ്രാഹ്മണ്യ വൈജ്ഞാനികതയും അനുഷ്ഠാനങ്ങളും ചിട്ടകളും നിയമങ്ങളുമായി വളർന്നു വന്നു. ഈ ഭേദ രൂപങ്ങളെ സാധുകരിക്കുന്ന ദൈനംദിന സാമൂഹിക ഇടപാടു രൂപവും സാംസ്കാരിക വ്യവസ്ഥയുമായി ജാതി ബ്രാഹ്മണ്യം പ്രവർത്തിച്ചു. എഴുത്തു സാംസ്കാരത്തിലും പ്രതീകവ്യവസ്ഥകളിലും പ്രതിനിധാന രീതികളിലും ബ്രാഹ്മണ്യ ആവിഷ്​കാര രൂപങ്ങൾ സാമൂഹിക പുറംതള്ളലിനെ സാധുകരിക്കുന്ന സംസ്കാര ചിട്ടകൾ നിർമിച്ചു. അനുഷ്ഠാനക്രമങ്ങളിലും ദൈനംദിന ജീവിതത്തിലും ചര്യകളും മര്യാദകളും ആചാര രീതികളുമായി ഈ പുറം തള്ളൽ പ്രക്രിയ പ്രവർത്തിച്ചു. ജാതി ജന്മിത്തത്തിന്റെ സമ്പദ് ക്രമവും ഭേദ വ്യവസ്ഥയെ ഭരണക്രമമായി നിലനിർത്തിയ ഭരണകൂടാധികാര വ്യവസ്ഥയും ആചാര ബ്രാഹ്മണ്യത്തിന്റെ സാംസ്ക്കാരിക വിനിമയ പ്രക്രിയകളും ബ്രാഹ്മണ്യ അറിവധികാര ബന്ധങ്ങൾക്കനുസൃതമായി മേൽ കീഴ് ബന്ധങ്ങളുടെ വ്യവസ്ഥയായി. ഇത് സാമൂഹിക വ്യവസ്ഥയും വിവിധ സാമൂഹിക വിഭാഗങ്ങളിലെ മാനസികാവസ്ഥയുമായി മാറുകയും ദൈനംദിന പ്രവർത്തിയും പ്രത്യയ ബോധമായി മാറുകയും ചെയ്തു. നമ്പൂതിരി ബ്രാഹ്മണ്യത്തിന്റെ സംസ്കൃത- യജ്ഞ സംസ്കാരവും സ്മാർത്ത അനുഷ്​ഠാന പാരമ്പര്യവും സംസ്കൃത ജന്യമായ വൈജ്ഞാനിക രൂപങ്ങളും അടിത്തട്ട് സമൂഹങ്ങളെ സാമൂഹികമായി നിരന്തരം പുറന്തള്ളി അപരരായി നിലനിർത്തി. സാമൂഹിക ഭേദങ്ങളുടെയും വിവേചനത്തിന്റെയും അസമത്ത വ്യവസ്ഥിതിയെ സാധുകരിച്ച് നിലനിർത്തുന്ന സാംസ്കാരിക വ്യവസ്ഥ സാമൂഹിക പുറം തള്ളലിനെ അറിവ ധികാര ബന്ധത്തിന്റെ പ്രയോഗങ്ങളാൽ സാധുകരിച്ചു.

സാമൂഹിക പഴിയും ഭീതി മനഃസ്ഥിതിയും ഇന്ത്യൻ സമൂഹത്തിൽ ജനസമൂഹങ്ങളെ അപര ജനതകളായി സാമൂഹികമായി സ്ഥാനപ്പെടുത്തുന്ന പ്രക്രിയ ഗംഗാതടത്തിൽ ആധിപത്യം സ്ഥാപിച്ച ബ്രാഹ്മണ ഗോത്രങ്ങൾ തദ്ദേശിയ ജനതകളെ ഹീനരായി താഴ്മപ്പെടുത്തിയ പ്രക്രിയയുമായി ബന്ധപ്പെട്ടാണ് വികസിച്ചുവന്നത്. പുകാസർ, ചണ്ഡാലർ, പാണ്ടുസോപകർ, അന്ത്യജർ , അടവികർ എന്നിങ്ങനെ അപരരായി നിർവ്വചിച്ചു കൊണ്ടാണ് കാർഷിക സമൂഹത്തിന്റെ മേലും വനത്തിൽ പാർത്തിരുന്നവരുടെ മേലും ഹീനത്വം ഒരു സാംസ്കാരിക ഹിംസയായി ബ്രാഹ്മണ ഗോത്രങ്ങൾ അടിച്ചേൽപ്പിച്ചത്. തങ്ങളുടെ ശുദ്ധി വരേണ്യതയും ആഢ്യത്ത ബോധവും സ്ഥാപിച്ചുറപ്പിക്കുന്നതിന് നാടോടികളായി ചുറ്റി സഞ്ചരിച്ചെത്തിയ ആര്യ കുലങ്ങൾ ഹീനതയും വെറുപ്പും തദ്ദേശിയ സമൂഹങ്ങളിൽ അത്യാരോപിച്ചു കൊണ്ടാണ് സ്വയം ശുദ്ധി സ്ഥാപിച്ചുറപ്പിക്കുന്ന സാംസ്കാരിക ഉപായങ്ങൾ അധികാര വ്യവസ്ഥയായി വികസിപ്പിച്ചത്. യാഗ- യജ്ഞ സംസ്കാരവും വൈദിക -സംസ്കൃത പാരമ്പര്യവുമായി അനുഷ്ടാന ക്രമവും വിശ്വാസ വ്യവസ്ഥയും വികസിച്ചു വന്നപ്പോൾ പുരോഹിത ബ്രാഹ്മണ്യത്തിന്റെ കീഴിൽ വർണ വ്യവസ്ഥയായി സാമൂഹിക വേർതിരിവുകൾ രൂപപ്പെട്ടു. ഇതോടെ ത്രൈവർണികരും ശൂദ്രരുമായി വർണ സമൂഹം വേർതിരിഞ്ഞു. കർഷക സമൂഹങ്ങളെയും കൈവേലക്കാരെയും ലോഹ പണിക്കാരെയും ശൂദ്രരായി വർണ സമൂഹത്തിൽ കൂട്ടി നിർത്തുകയും പതിതരായി പുറം തള്ളുകയും ചെയ്യുന്ന ഒരു സാംസ്​കാരികവും സാമൂഹികമായ വർഗീകരണം രൂപപ്പെടുത്തിയത് പുരോഹിത ബ്രാഹ്മണരായിരുന്നു.

ഹീനതയും അസ്​പൃശ്യതയും സാമൂഹിക പഴിയായി പ്രക്ഷേപിക്കുന്ന പൊതുബോധം ജാതി ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക ഹിംസയും അപരവൽക്കരണ ജ്ഞാനാധികാരവുമായി പ്രവർത്തിച്ചു.

ത്രൈവർണികരും ശൂദ്രരുമായി ഈ സാമൂഹിക വേർതിരിവ് ആഢ്യത്വവും ഹീനതയുമായി സാംസ്കാരിക ദ്വന്ത ബന്ധങ്ങളിൽ സ്ഥാനപ്പെടുത്തി. ശുദ്ധിയും വരേണ്യതയും മേന്മയും കോയ്മയും സ്ഥാപിച്ചെടുക്കുന്നതിനുള്ള ഉപാധിയായപ്പോൾ ഹീനതയും അധമത്വവും അടിച്ചമർത്തുന്നതിനും പുറന്തള്ളലിനുള്ള മുള്ള രീതികളായി മാറി. വർണ്ണവ്യവസ്ഥയ്ക്ക് പുറത്ത് കാർഷിക അടിമകളെയും ജാതി അടിമകളെയും നിലനിർത്തി അവരിൽ മ്ലേച്ഛത്വവും ഹീനത്വവും കല്പിച്ചു പുറം തള്ളി. തൊടാവസ്തുക്കളായി അയിത്തക്കാരായി അവരെ ഓരപ്പെടുത്തി വിഘടിത മനുഷ്യരാക്കി (broken women) സ്ഥിരമായി അസ്പ്രശ്യത അവർക്കു മേൽ അത്യാരോപിക്കുകയും ചെയ്തു. പ്രാചീന കാലങ്ങളിൽ യവനരെയും മറ്റും മ്ലേച്ഛരായിട്ടാണ് ബ്രാഹ്മണ്യ സാഹിത്യങ്ങളിൽ സ്ഥാനപ്പെടുത്തിയത്. ബുദ്ധഭിക്ഷുക്കളെയും ശ്രമണ പാരമ്പര്യങ്ങളിൽ പെട്ടവരെയും പതിതരും മ്ലേച്ഛരുമായി ബ്രാഹ്മണ പുരോഹിതർ കണ്ടിരുന്നു. ഹീനതയും അസ്​പൃശ്യതയും സാമൂഹിക പഴിയായി പ്രക്ഷേപിക്കുന്ന പൊതുബോധം ജാതി ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക ഹിംസയും അപരവൽക്കരണ ജ്ഞാനാധികാരവുമായി പ്രവർത്തിച്ചു. പ്രതിനിധാന കോയ്മയും വൈജ്ഞാനിക ഹിംസയും ജനസമൂഹത്തിന്റെ സാമാന്യ ബോധമാക്കി മാറ്റുന്നതിന് ബ്രാഹ്മണ്യം ഇതിഹാസ പുരാണങ്ങളിലൂടെയും കഥന പാരമ്പര്യങ്ങളിലൂടെയും ധർമശാസ്ത്ര വിധി മുറകളുടെ പുറം തള്ളൽ പ്രക്രിയ ദൈനംദിന പെരുമാറ്റ വഴക്കവും ജീവിത പ്രവർത്തികളിലെ മര്യാദകളും തലമുറകളിലൂടെ പകർത്തുന്ന പാരമ്പര്യവുമാക്കി മാറ്റി തീർത്തു. സാമാന്യബോധവും പെരുമാറ്റവുമായി ജാതി ബ്രാഹ്മണ്യ ആശയങ്ങൾ, വേർതിരിവ് അസമത്വവും ഭേദ വിവേചനങ്ങളും നിലനിർത്തുന്ന ഇടപെടൽ രൂപങ്ങളും ഇടപാടു ബന്ധങ്ങളുമായി സാമൂഹിക വേർതിരിവുകളെയും പുറംതള്ളൽ പ്രക്രിയയെയും സംസ്കാര പലമകളിലും സാമൂഹിക ബന്ധങ്ങളിലും നിലനിർത്തി.

മുള കൊണ്ടുള്ള കൊട്ടകൾ നിർമ്മിക്കുന്ന ബാസർ വിഭാഗക്കാർ. ഉത്തർപ്രദേശത്തിലെ പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണ് ബാസറുകൾ.

ഇന്ത്യൻ ഭേദ വ്യവസ്ഥയുടെ സാംസ്കാരിക- ദാർശനിക സാധൂകരണം ബ്രാഹ്മണ്യ മൂല്യ മണ്ഡലത്തിലാണ് സ്ഥാനപ്പെട്ടിരിക്കുന്നത്. ആൺ -പെൺ ബന്ധങ്ങളെ കീഴ് മര്യാദകളിൽ ചിട്ടപ്പെടുത്തിയ ആണത്ത കോയ്മ സ്ഥാനപ്പെട്ടിരിക്കുന്നത്​ ബ്രാഹ്മണ്യ പുരുഷാധിപത്യത്തിലാണ്. സാമൂഹിക പുറംതള്ളലും വേർതിരിവ് അസമത്വവും നിലനിർത്തുന്ന ഭേദ വിവേചന ക്രമം സാധൂകരിക്കപ്പെടുന്നത് ജാതി ബ്രാഹ്മണ്യത്തിന്റെ വിവേചന ഹിംസാ ബോധത്തിലും ശുദ്ധി വരേണ്യതയിലുമാണ്. സ്ത്രീധർമവും കുല/സ്ത്രീ ധർമവും ജാതി ധർമങ്ങളുമായി സാമൂഹിക മര്യാദകളും പെരുമാറ്റ വഴക്കവും പാരമ്പര്യമായി സാമൂഹിക വിഭാഗങ്ങൾ പിന്തുടരുന്നു. വ്യക്തികളുടെ ബോധവും മാനസിക നിലയും മനോഭവവുമായി ഏറിയും കുറഞ്ഞും ബ്രാഹ്മണ്യ ആശയങ്ങൾ വരേണ്യ ബോധവും കോയ്മാവിചാരവും കീഴായ്മ ബോധവുമായി പ്രവർത്തിക്കുന്നു. ആണധികാരത്തിന്റെ ഹിംസയും ശുദ്ധി വരേണ്യതയുടെ ജാതി ബോധവും നിരന്തരം വ്യക്തി മനോഘടനയിൽ നിലനിർത്തുന്ന മൂല്യബോധമാണ് ജാതി ബ്രാഹ്മണ്യ ആശയങ്ങൾ ഉൽപാദിപ്പിക്കുന്നത്. സാമൂഹികമായി പുറന്തള്ളപ്പെട്ട അടിത്തട്ട് സാമൂഹിക വിഭാഗങ്ങളോട് പുച്ഛവും ബ്രാഹ്മണ്യത്തെ എതിർക്കുന്നവരോടും അപരാക്കപ്പെട്ടവരോടും വെറുംപ്പും നിലനിർത്തുന്നതാണ് ബ്രാഹ്മണ്യത്തിന്റെ ശുദ്ധിവരേണ്യ സങ്കല്പം. ശക്തരോട് ആരാധനയും കീഴോർ സമൂഹത്തോട് വെറുപ്പും ഹിംസയും പ്രയോഗിക്കുന്ന ജീവിത ബോധമാണ് വ്യക്തികളിൽ ബ്രാഹ്മണ്യ മൂല്യങ്ങൾ സൃഷ്ടിക്കുന്നത്. കീഴാളരെയും ബഹു സംസ്കാരങ്ങളെയും വിശ്വാസ പലമകളെയും അപര ജനതകളെയും വെറുക്കാനും ഹിംസിക്കാനുമുള്ള മനസ്ഥിതി വ്യക്തികളിൽ സൃഷ്ടിക്കുന്ന ജീവിതബോധ്യമാണ് ജാതി ബ്രാഹ്മണ്യത്തിന്റെ മൂല്യങ്ങൾ സംസ്കാരമായി പ്രചരിപ്പിക്കുന്നത്. ജാതി വരേണ്യതയും സവർണ ചിന്തയും ആണത്ത ഹുങ്കുമായി ഇത് സാമൂഹിക ഇടപാടുകളിൽ നിലനിൽക്കുന്നു. വരേണ്യത സ്ഥാപിച്ചുറപ്പിക്കാൻ വിവിധ ജാതി സാമൂദായിക വിഭാഗങ്ങൾ സവർണ ജാതി വിഭാഗങ്ങളിൽ നിന്നാണ് തങ്ങൾ മതം മാറി എത്തിയതെന്ന കഥകൾ സാങ്കല്പിക വംശാവലികളായി നിർമ്മിച്ചിട്ടുണ്ട്.

ദലിതർക്കു നേരുള്ള അതിക്രമങ്ങളിൽ ഇന്ത്യയിലെ ഏറ്റവും മോശം കൺവിക്ഷൻ റേറ്റുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്.

നമ്പൂതിരി ബ്രാഹ്മണരെ പരശുരാമ പാരമ്പര്യത്തോട് ബന്ധിപ്പിക്കുന്ന കേരളോല്പത്തികഥകളും തോമാശ്ശീഹ ബ്രാഹ്മണരെ മതം മാറ്റിയാണ് കേരളത്തിൽ പ്രാചീന കാലത്ത് ക്രൈസ്തവരുണ്ടായതെന്ന സവർണ ക്രിസ്​ത്യൻ വിഭാഗങ്ങൾ പ്രചരിപ്പിക്കുന്ന സ്വയം വംശാഭിമാന കഥകളും മറ്റും ജാതിബ്രാഹ്മണ്യത്തിന്റെ
മൂല്യബോധത്തെ പിൻപറ്റുന്നതാണ്. പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളെയും ദലിത് ക്രൈസ്തവരെയും ജാതി ഹീനരും സാമൂഹികമായി പുറം തള്ളപ്പെട്ട പതിതരുമായി സ്ഥാനപ്പെടുത്തുന്ന സാംസ്കാരിക വരേണ്യതയാണിതിന്റെ പിന്നിലുള്ളത്. ഈ സാംസ്കാരിക ബോധം ജാതി ബ്രാഹ്മണ്യത്തിന്റെ വിവേചന ഹിംസയും വിശ്വാസ വിവേചനവുമായി പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ജാതി ബ്രാഹ്മണ്യം സാമൂഹിക പുറം തള്ളലിന്റെ രാഷ്ട്രീയം വിന്യസിക്കുന്നത് അടിത്തട്ട് ജാതികളോട് വെറുപ്പും മുസ്​ലിംകളെ അപര ജനതയുമാക്കി നിലനിർത്തുന്ന സാംസ്കാരിക വ്യവസ്ഥയും പൊതുബോധവും നിർമിച്ചു കൊണ്ടാണ്. കീഴാളരെ സാമൂഹികമായി പുറന്തള്ളി പഴിക്കുകയും മുസ്​ലിംകളെ വെറുക്കുകയും ചെയ്യുന്നതാണ് ജാതി ബ്രാഹ്മണ്യ ശക്തികളുടെ സാമൂഹികവും രാഷ്ട്രീയവുമായ അധികാരം ദൈനം ദിന ഹിംസയായി പ്രയോഗിക്കുന്ന രീതി കൈവരിക്കുന്നത്. ബ്രാഹ്മണ്യം ദലിതരെ സ്ഥിരമായി അസ്​പൃശ്യരാക്കി സാമൂഹ്യമായി പുറം തള്ളി നിലനിർത്തുന്നതിന് സമാനമായി മുസ്​ലിംകൾക്കുമേൽ സാമൂഹിക പഴികൾ വിധ്വംസകമായി വിന്യസിച്ചു കൊണ്ടും വിശ്വാസപരമായി ഇകഴ്ത്തിയും പുറംതള്ളൽ സാമൂഹിക പേടിയായി നിലനിർത്തുകയും ഇസ്​ലാം പേടി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇകഴ്​ത്തൽ രീതികൾ സ്വാഭാവികവും പ്രകൃത്വാലുള്ളതുമായ മനോഗതിയാക്കുന്ന ഭാഷാ വ്യവഹാരങ്ങൾ സാംസ്കാരിക ചിഹ്നങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും സൃഷ്ടിക്കുന്ന എഴുത്തു സംസ്കാരവും ആവിഷ്ക്കാരങ്ങളും നിർമിക്കുന്നത് സവർണതയുടെയും വരേണ്യതയുടേയും പുറം തള്ളൽ പ്രക്രിയയുടെ ഭാഗമാണ്. ഇവ സാമൂഹിക ജീവിതത്തിന്റെ പ്രത്യയ ബോധങ്ങളായി സ്വാഭാവികവും സാമാന്യവുമായി മാറുന്നു.

ബ്രാഹ്മണ്യത്തിൽ സ്ഥാനപ്പെട്ടിരിക്കുന്ന ഹിന്ദുത്വ ബോധമാണ് ഇതിന്റെ രാഷ്ട്രീയ അവബോധം. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുൾപ്പടെയുള്ള മുസ്​ലിം വിരുദ്ധ പേടിക്കഥകളും സാമൂഹിക പഴികളും സാമൂഹിക പുറംതളളൽ ഹിംസകളായി പ്രവർത്തിക്കുന്നത് ഇതുമൂലമാണ്. സാമുദായിക വിഭാഗങ്ങൾക്കിടയിൽ കരുണാവബോധവും മൈത്രീ ഭാവവും അനുകമ്പയും നിലനിർത്തുന്ന സാഹോദര്യ ജനാധിപത്യ ജീവിതം നിർമിച്ചു കൊണ്ടേ ജാതി ബ്രാഹ്മണ്യത്തിന്റെയും സവർണതയുടെയും ഭേദചിന്തകളെയും വിവേചന ഹിംസകളെയും മറികടക്കാൻ കഴിയൂ. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. കെ.എസ്. മാധവൻ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്‌കാരിക വിമർശകൻ. കാലിക്കറ്റ് സർവകലാശാല ചരിത്രപഠന വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ.

Comments