രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടന്ന വിഖ്യാതമായ ന്യൂറംബർഗ് വിചാരണകളുടെ തുടർച്ചയായി കാണാവുന്ന ഒന്നാണ് 1953 മാർച്ചിൽ ജർമനിയും ഇസ്രായേലും ഒപ്പുവെച്ച ലക്‌സംബർഗ് ഉടമ്പടി. നാസി ജർമനിയിലെ ഹോളോകോസ്റ്റ് അതിജീവിച്ച അഞ്ചു ലക്ഷം ജൂതരെ പുരനധിവസിപ്പിച്ചത് ഇസ്രായേലായിരുന്നു. ഒരാൾക്ക് മൂവായിരം ഡോളർവെച്ച് അവർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. നാസി ഭരണകാലത്ത് പിടിച്ചെടുക്കപ്പെട്ട സ്വത്തുവകകളുടെ മൂല്യമായി മൂന്ന് ബില്യൺ ഡോളറും കണക്കാക്കി. വർഷങ്ങൾ നീണ്ട ചർച്ചകളുടെയും തർക്കങ്ങളുടെയും അവസാനം ജർമ്മനി ഇസ്രായേലിന് മൂന്നു ബില്യൺ ജർമ്മൻമാർക്ക് പതിനാലു വർഷംകൊണ്ട് കൊടുത്തു തീർക്കാൻ ധാരണയായി. അതോടൊപ്പം അഭയാർത്ഥികളായി വിവിധ രാജ്യങ്ങളിലേക്കു പലായനം ചെയ്തവർക്കായി മറ്റൊരു 450 മില്യൺ ഡോളറും ഇസ്രായേൽ വഴി തന്നെ വിതരണം ചെയ്യാൻ തീരുമാനമായി. ഇരുപതാംനൂറ്റാണ്ടു കണ്ട കൊടിയ പീഡനപർവ്വത്തിനൊടുവിൽ ജൂതജനതയ്ക്ക് എന്തു സംഭവിച്ചു എന്ന ആലോചന ഈ വഴിക്കാണ് പോവുക.
നിലവിൽ ഇന്ത്യൻ മുസ്‌ലിംകൾക്കെതിരെ ക്രമമായി വളർത്തിക്കൊണ്ടുവരുന്ന വെറുപ്പ് എങ്ങനെയാവും പ്രവർത്തിക്കുക എന്നാലോചിക്കുന്നത് നല്ലൊരു രാഷ്ട്രീയവ്യായാമമായിരിക്കും
കേരളത്തിലും ഇന്ത്യയിലും പെരുകിവരുന്ന മുസ്‌ലിം വെറുപ്പിന്റെ അനന്തരഫലം എന്തായിരിക്കും എന്ന ചോദ്യമാണ് ഈ ആലോചനയെ പ്രസക്തമാക്കുന്നത്. നിലവിൽ ഇന്ത്യൻ മുസ്‌ലിംകൾക്കെതിരെ ക്രമമായി വളർത്തിക്കൊണ്ടുവരുന്ന വെറുപ്പ് എങ്ങനെയാവും പ്രവർത്തിക്കുക എന്നാലോചിക്കുന്നത് നല്ലൊരു രാഷ്ട്രീയവ്യായാമമായിരിക്കും. ഇത്തരമൊരു സാഹചര്യം നേരിട്ട ജനത യൂറോപ്പിലെ ജൂതന്മാരാണ് എന്നതുകൊണ്ട് അവരുമായുള്ള താരതമ്യത്തിന് പ്രസക്തിയുണ്ട്. യൂറോപ്യൻ നവോത്ഥാനത്തിന്റെ അനന്തരഫലങ്ങളിലൊന്നായിരുന്നു വിദൂരമായെങ്കിലും ജൂതപ്രശ്‌നം(The jewish question). നൂറ്റാണ്ടുകളോളം അടിച്ചമർത്തപ്പെട്ട ജൂതസമൂഹത്തിന് വിമോചനത്തിന്റെ പാത തുറന്നത് നെപ്പോളിയന്റെ പടയോട്ടവും ഫ്രഞ്ചു വിപ്ലവത്തിന്റെ ആശയലോകവുമായിരുന്നു. അതേസമയം ക്രിസ്തുവിന് ഒട്ടൊരു ഉദാരമായ മുഖമുണ്ടാക്കിക്കൊടുത്ത വിമോചദൈവശാസ്ത്രത്തിന്റെ വക്താക്കളായ വോൾട്ടയറും മാർട്ടിൻലൂഥറുമെല്ലാം ജൂതന്മാർക്കെതിരുമായി. ജൂതന്മാർ യൂറോപ്പിൽ ഒരേസമയം വലിയ മുന്നേറ്റമുണ്ടാക്കുകയും ജൂതപ്രശ്‌നം എന്ന രാഷ്ട്രീയപ്രശ്‌നത്തിന്റെ ഇരകളാവുകയും ചെയ്തു. ഹസ്‌കല എന്ന പേരിലറിയപ്പെട്ട യൂറോപ്യൻ ജൂതപ്രസ്ഥാനം ഒരു നൂറ്റാണ്ടുകൊണ്ട് ജൂതന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഉന്നതി ഉറപ്പിക്കുകയാണ് ചെയ്തത്.
ലോകമഹായുദ്ധക്കാലത്ത് യൂറോപ്യൻ സാമ്രാജ്യങ്ങൾക്ക് ജൂതപ്രമാണിമാരുടെ വമ്പിച്ച സമ്പത്ത് കടമായി വേണമായിരുന്നു. അതേസമയം അവർ വലിയ രീതിയിൽ വെറുക്കപ്പെടേണ്ടവരായി മിക്കവാറും എല്ലാ വ്യവഹാരങ്ങളിലും ആഖ്യാനം ചെയ്യപ്പെടുകയും ചെയ്തു. ഹിറ്റ്‌ലർ ലക്ഷക്കണക്കിന് ജൂതരെ കൂട്ടക്കൊല ചെയ്‌തെങ്കിലും ആത്യന്തികമായി ഇത് ജൂതസമൂഹത്തിന് ഗുണകരമായിട്ടാണ് ഭവിച്ചത്. 1920-കളോടെ പലസ്തീനിലേക്ക് സംഘടിതമായി ജൂതജനത കുടിയേറിയെങ്കിലും അതിലേറെ പേർ ചെന്നെത്തിയത് അമേരിക്കയിലേക്കായിരുന്നു. അമേരിക്കയിലെത്തിയ ജുതജനത ആ നാടിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതിയിൽ നിർണ്ണായകമായ സംഭാവന ചെയ്തു. റഷ്യൻ ചെമ്പട ഹിറ്റ്‌ലറെ മുട്ടുകുത്തിച്ച ശേഷം നടന്ന വിചാരണകൾ സാമ്പത്തികമായി എങ്ങനെയാണ് നീങ്ങിയത് എന്നു നാം കണ്ടു. ഇസ്രായേൽ രാഷ്ട്രസംസ്ഥാപനത്തിനാണ് ഇത് മുതൽക്കൂട്ടായത്. അറബ് - ഇസ്രായേൽ യുദ്ധകാലത്ത് ഇസ്രായേലിനെ സാമ്പത്തികമായി സഹായിച്ചത് അമേരിക്കയിലെ സമ്പന്ന ജൂതന്മാരായിരുന്നു എന്നതും ഓർക്കണം. ജൂതരോടുള്ള യൂറോപ്പിന്റെ വെറുപ്പാണ് ജൂതരെ ലോകത്തിലെ വലിയ ശക്തികളാക്കിയത്. ജർമ്മനിയ്ക്ക് എന്തു സംഭവിച്ചു എന്നുകൂടി പറഞ്ഞാലേ ഊ ഉപക്രമം പൂർത്തിയാകൂ. യുദ്ധാനന്തരം വിഭജിച്ച ജർമ്മനി 1990-ൽ ഒന്നായി. യുദ്ധത്തിൽ കനത്ത ആൾനാശവും സാമ്പത്തി നാശവുമുണ്ടായ ജർമ്മനി പതിയെ ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക - സാമ്പത്തിക ശക്തിയായി തിരിച്ചു വന്നു.
മുസ്‌ലിംകളെ സംബന്ധിച്ച് ആയിരത്തിലധികം വർഷങ്ങൾ അവരുടെ മതമായ ഇസ്ലാം ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രമായി നിലനിന്നിന്നിട്ടുണ്ട്.
മധ്യകാലം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ ജൂതന്മാർ നേരിട്ട ക്രൂരമായ അപമാനങ്ങൾക്ക് ഇന്നു നോക്കുമ്പോൾ എടുത്തു പറയാനൊരു കാരണവും ഇല്ല. അവരെ സംബന്ധിച്ച് യൂറോപ്യൻ എലൈറ്റ്‌സ് ഉയർത്തിയ സകല വാദങ്ങളും അന്ധവിശ്വാസമോ കേവലം വംശീയവിദ്വേഷമോ മാത്രമായിരുന്നു എന്നു ഇന്ന് മനസ്സിലാകും. ഇക്കാലത്തൊന്നും ഒരു തരത്തിലുള്ള രാഷ്ട്രീയസംരക്ഷണവും ജൂതന്മാർക്കുണ്ടായിരുന്നില്ല. ഇന്നു കാണുന്ന എല്ലാം, സ്വന്തമായി ഒരു രാഷ്ട്രം പോലും, ജൂതസമൂഹം 19-20 നൂറ്റാണ്ടുകളിൽ ഉണ്ടാക്കിയെടുത്തതാണ്. മുസ്‌ലിംകളെ സംബന്ധിച്ച് ആയിരത്തിലധികം വർഷങ്ങൾ അവരുടെ മതമായ ഇസ്ലാം ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രമായി നിലനിന്നിന്നിട്ടുണ്ട്.
പതിമൂന്നാം നൂറ്റാണ്ടിൽ മംഗോളുകളുടെ പുത്തൻ ആയുധമായ വെടിമരുന്നിനുമുന്നിൽ ബാഗ്ദാദ് എന്ന മുസ്‌ലിം സുവർണസാമ്രാജ്യം വീണെങ്കിലും ചെറിയ ഇടവേളയ്ക്കു ശേഷം ഇതേ ഗൺപൗഡർകൊണ്ട് ലോകത്തെ ദീർഘകാലത്തേക്ക് നിയന്ത്രിക്കുന്നത് മുസ്‌ലിം ലോകമാണ്. തുർക്കി കേന്ദ്രമായി രൂപപ്പെട്ട സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ വീഴ്ത്തുന്നത് കാര്യക്ഷമമായ ഇൻഫാൻട്രി ബറ്റാലിയന്റെ കരുത്തുകൊണ്ടുകൂടിയായിരുന്നു. കിഴക്കനാഫ്രിക്കൻ രാജ്യങ്ങൾ തൊട്ട് പശ്ചിമേഷ്യയും യൂറോപ്യൻ രാജ്യങ്ങളും സെൻട്രൽ ഏഷ്യയും കിഴക്കനേഷ്യൻ രാജ്യങ്ങളിൽ വലിയൊരു പങ്കും ഇസ്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ രാഷ്ട്രീയപ്രത്യയശാസ്ത്രമായ ഗൺപൗഡർ രാജ്യങ്ങളുടെ സ്വാധീനത്തിൽ വന്നു. (മൈസൂരിന്റെയും ആർക്കോടിന്റെയും സ്വാധീനങ്ങളായി ഇത് കേരളത്തോളമെത്തുന്നുണ്ട്.) ഒന്നാം ലോകമഹായുദ്ധത്തിൽ തകരുന്നതുവരെ ഓട്ടോമൻ തുർക്കി ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾക്ക് പല തരത്തിലും പ്രതീക്ഷയോടെ നോക്കാൻ കഴിയുമായിരുന്ന അധികാരകേന്ദ്രമായിരുന്നു. തുർക്കിയുടെ പതനത്തിനുശേഷവും ദമാസ്‌കസും ബാഗ്ദാദും സമർക്കണ്ടും ഇസ്താംബൂളുമൊക്കെ പല കാലങ്ങളിൽ നിയന്ത്രിച്ചിരുന്ന അറബ് - പേർഷ്യൻ-ഉത്തരാഫ്രിക്കൻ- മധ്യേഷ്യൻ രാജ്യങ്ങളിൽ മുസ്‌ലിം ജനവിഭാഗം അവഗണിക്കാനാവാത്ത വിധം ശക്തരായ ജനതയായിരുന്നു. ബ്രിട്ടീഷിന്ത്യ പിളർന്നപ്പോഴുണ്ടായ മൂന്നു രാജ്യങ്ങളിൽ രണ്ടെണ്ണം മുസ്ലീങ്ങളുടെ നിയന്ത്രണത്തിലായി. ഇന്ത്യയിൽത്തന്നെ നിർണ്ണായശക്തിയായി മുസ്‌ലിം
ജനത അവശേഷിച്ചു. സോവിയറ്റ് യൂണിയൻ പിളർന്നപ്പോഴും അംഗരാഷ്ട്രങ്ങളിൽ പലതും മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായിരുന്നു.
കുരിശുയുദ്ധകാലംതൊട്ട് യൂറോപ്പിന് മുസ്‌ലിം ജനതയോട് പെരുപ്പിച്ചുണ്ടാക്കിയ വെറുപ്പുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ ബ്രിട്ടീഷുകാരുടെ വിഭജിച്ചു ഭരിക്കുക എന്ന പരിപാടിയുടെ വക്താക്കളിൽ ഒരു വിഭാഗം പാക്കിസ്താൻ രൂപീകരണത്തോടെ അവിടെയായി. അവരുടെ എതിർപക്ഷത്തുള്ളവർ ഇന്ത്യയിൽ അവരുടെ പ്രവർത്തനം ഒരു നൂറ്റാണ്ടിലധികം കാലംകൊണ്ട് ഏതാണ്ട് നിർണ്ണായക ഘട്ടത്തിലേക്കെത്തിച്ചിരിക്കുന്നു. ലോകം കണ്ട വലിയൊരു ശ്രമമായിരുന്നു ഇന്ത്യൻ ഭരണഘടന. അതിനെ മുന്നോട്ടു നയിക്കുന്ന തരത്തിലുള്ള ആശയാടിത്തറ കെട്ടിപ്പടുത്ത് ശക്തമായതും നിലിൽക്കുന്നതുമായ രാഷ്ട്രീയസമ്മതി രൂപപ്പെടുത്തുന്നതിൽ അതു പരാജയപ്പെട്ടു. സംഘടിതവും കേന്ദ്രീകൃതവുമായ ഒരു ശ്രമം പെട്ടെന്നുണ്ടായില്ലെങ്കിൽ മതേതരഭരണഘടന എന്ന ആധുനിക ഇന്ത്യൻ ആശയം സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റ് അഫാഗാനുമൊക്കെ പോലെ ചരിത്രത്തിന്റെ ഓർമ്മകളിലേക്കു പിൻവാങ്ങും.
ഒരു നൂറ്റാണ്ടിലേറെ കാലം ആലോചിച്ചുറപ്പിച്ചുകൊണ്ടിരിക്കുകയും പ്രായോഗികമായി നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പുതിയ ഇന്ത്യ എന്ന ആലോചനയ്ക്ക് രാഷ്ട്രീയമായ കോപ്പുകൾ മാത്രം പോര. അതിന് സാമ്പത്തികാടിത്തറകൂടി വേണം. മാനവവിഭവശേഷിയും ക്രയശേഷിയുള്ള ഒരു വിപണിയും അടിമ തുല്യരായി ജോലി ചെയ്യുന്ന നൂറു കോടിക്കടുത്തുവരുന്ന ജനങ്ങളുടെ, മുകളിലേക്ക് എളുപ്പത്തിൽ വെണ്ണപ്പെടുന്ന അധ്വാനമിച്ചവുമാണ് ഇന്ത്യയുടെ സാമ്പത്തികാടിത്തറ. വളരെ പെട്ടെന്ന് ഗതിമാറിക്കൊണ്ടിരിക്കുന്ന ലോകസാമ്പത്തികക്രമത്തിൽ അടുത്ത അമ്പതുകൊല്ലത്തെ ഇന്ത്യ എന്തു നിലപാടെടുക്കും എന്നത് കണ്ടറിയേണ്ടതാണ്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ലോകസാമ്പത്തികക്രമത്തെ നിർണ്ണയിച്ചത് പശ്ചിമേഷ്യയിലെ വമ്പിച്ച എണ്ണ സമ്പത്താണ്. അത് ഏതാണ്ട് തീരുകയും ഫോസിൽ ഇന്ധനങ്ങൾക്കെതിരെ വലിയ ആലോചനകൾ രൂപപ്പെടുകയും ചെയ്യുന്ന കാലമാണ്. എണ്ണയധിഷ്ഠിത സാമ്പത്തികലോകത്തിന്റെ വക്താക്കളായ പടിഞ്ഞാറൻ യൂറോപ്പും അമേരിക്കയും മറ്റും പതിയെ പിന്നോട്ടടിക്കുകയും മധ്യേഷ്യൻ രാജ്യങ്ങളും ചൈനയും ലോകത്തിന്റെ സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. നിലനിൽക്കുന്ന ലോകരാഷ്ട്രീയക്രമത്തിൽ മുസ്‌ലിംകൾ ഒരു രാഷ്ട്രീയ ശക്തിയല്ലാതിരുന്നിട്ടും മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളിൽനിന്ന് ഒരു മുന്നേറ്റമുണ്ടാകുന്നതു തടയാനായി അമേരിക്കയും എണ്ണ ഷേക്കുമാരും കളിക്കുന്ന ഒരു കൈകൊണ്ട് ജിഹാദികളെ ഉണ്ടാക്കുകയും മറുകൈകൊണ്ട് അവരെ തകർക്കുന്നതായി അഭിനയിക്കുകയും ചെയ്യുന്ന ഗെയിം ആ അർത്ഥത്തിൽ ഇനി അധികം മുന്നോട്ടു പോകാൻ സാധ്യതയില്ല. അഫ്ഗാനിൽനിന്നുള്ള അമേരിക്കയുടെ സൈനികപിൻമാറ്റം രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള അമേരിക്കൻ ഇടപെടലുകളുടെ പ്രതീകാത്മകമായ അന്ത്യമാണ്. എടുത്തുചാടി ഇറാനെയോ മറ്റോ ആക്രമിക്കാൻ പോയാൽ സാമ്പത്തികമായി ആ രാജ്യം തകർന്നു തരിപ്പണമായിപ്പോകും. പശ്ചിമേഷ്യയിലും അഫ്ഗാനിലും പാക്കിസ്താനിലുമൊക്കെ സൗദി-അമേരിക്ക അച്ചുതണ്ട് ഉണ്ടാക്കിയെടുത്ത മുജാഹിദ്ദീനുകൾ മേലിൽ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തേണ്ടിവരും.
ഇന്ത്യയിലെ ജാതി, പരിവർത്തിത മുസ്‌ലിംകളിൽ ഭൂരിഭാഗത്തെയും ജാതീതമായ പതിതാവസ്ഥയിൽത്തന്നെ നിർത്തുന്നുണ്ടെങ്കിലും ഒരവസരം കിട്ടിയാൽ ഉയർന്നുവരാനുള്ള ആന്തരികശേഷി ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രമെന്ന നിലയിൽ മുസ്‌ലിം ജനതയ്ക്കുണ്ട്.
അടുത്ത അമ്പതു വർഷങ്ങൾ ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ഏറ്റവും നിർണ്ണായകമായിരിക്കും. ലോകത്താകെ രൂപപ്പെടാൻ പോകുന്ന സാമ്പത്തിക ചലനങ്ങൾ ഇന്ത്യയിലെ അവർക്കെതിരെ ഇപ്പോൾത്തന്നെ രൂപപ്പെട്ടുവരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഒന്നുകൂടി എണ്ണ പകരും. ഒരുതരത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക പിന്തുണയും ലഭിക്കാനിടയില്ലാത്തതിനാൽ കാര്യമായ ചെറുത്തുനിൽപോ ആഭ്യന്തരയുദ്ധമോ ഇന്ത്യയിലെ മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ സാധ്യതയില്ല. അമേരിക്കയുടെയും സൗദിയുടെയും താൽപര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തുന്ന പലവിധ മൂജാഹിദ്ദീൻ പോരാളികളിൽ ഒരു വിഭാഗത്തെ ഇന്ത്യയിലേക്കു തിരിച്ചുവിട്ടുള്ള കളി നിന്നുപോകുന്നതോടെ പാക്കിസ്താനും ഏതെങ്കിലും തരത്തിൽ ഇന്ത്യയ്‌ക്കൊരു ഭീഷണിയാകില്ല.
കേരളത്തിൽനിന്നാലോചിക്കുമ്പോൾ മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും ബൗദ്ധികവുമായ പൊട്ടൻഷ്യൽ എന്താണ്? ആധുനിക ഗദ്യസാഹിത്യം ആരംഭിച്ചതുമുതൽ രൂപപ്പെട്ട വൃത്തിയില്ലാത്ത മലയാളത്തിൽ പൊട്ടത്തരം പറയുന്ന ക്ലീഷേ കഥാപാത്രങ്ങളാണ് മുസ്‌ലിം സ്വത്വത്തിന്റെ ആർക്കിടൈപ്പ്. സാഹിത്യം അത് ഒട്ടൊക്കെ വിട്ടെങ്കിലും സിനിമയും പുതിയ കാലത്തെ വാട്‌സാപ്പ് സാഹിത്യവുമൊക്കെ അതു തുടരുന്നു. പക്ഷേ ചരിത്രപരമായി നോക്കിയാൽ എല്ലാ തരത്തിലും വലിയ പൊട്ടൻഷ്യലുള്ള ജനതയാണ് മുസ്‌ലിംകൾ. ഇന്ത്യയിലെ ജാതി, പരിവർത്തിത മുസ്‌ലിംകളിൽ ഭൂരിഭാഗത്തെയും ജാതീതമായ പതിതാവസ്ഥയിൽത്തന്നെ നിർത്തുന്നുണ്ടെങ്കിലും ഒരവസരം കിട്ടിയാൽ ഉയർന്നുവരാനുള്ള ആന്തരികശേഷി ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രമെന്ന നിലയിൽ മുസ്‌ലിം ജനതയ്ക്കുണ്ട്. ഇത് ഇന്ത്യയിലെ പിന്നാക്ക ജാതികൾക്കാകെയും ദലിതുകൾക്കും പരിമിതമായെങ്കിലും ഉള്ളതാണ്. മുസ്‌ലിംകളെ സംബന്ധിച്ച്ആധുനിക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രീയസംരക്ഷണവും അക്കാലത്തുണ്ടായ ലിഖിതപ്രമാണങ്ങളും എല്ലാ ദൗർബല്യത്തിനും ഇടയിൽ അവർക്ക് കരുത്താണ്. വ്യക്തിജീവിതത്തിലായാലും സാമൂഹ്യജീവിതത്തിലായാലും ഒരു ജനതയെ ഒന്നിച്ചു നിർത്താനുതകുന്ന തരത്തിലുള്ള വിജയിച്ച നിയമസംഹിത ഒരുപക്ഷേ എല്ലാ പരിമിതികൾക്കുമൊപ്പം ഇസ്ലാമിക നിയമസംഹിതകളാകും. ദീർഘകാലം വാണിജ്യബന്ധങ്ങൾക്കുപോലും അന്താരാഷ്ട്ര നിയമസംഹിതയായി പൊതുസമ്മതി നേടിയ അതുപോലൊന്ന് ചരിത്രത്തിൽ ഇല്ല. ഇന്ത്യൻ സാഹചര്യത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാദത്തോടെ ആരംഭിച്ച ആധുനിക പൗരത്വത്തിന്റെ വികാസം ഒരു നൂറ്റാണ്ടുകൊണ്ട് ക്രമമായ പുരോഗതി അവർക്കുണ്ടാക്കിയിട്ടുണ്ട്. വോട്ടവകാശത്തോടുകൂടിയ പൗരത്വം, വിദ്യാഭ്യാസ-തൊഴിൽ സംവരണങ്ങൾ തുടങ്ങിയ ആശയങ്ങളൊക്കെ 1920-കൾക്കു ശേഷം രൂപപ്പെടുന്നതാണ്. (കേരളം രൂപപ്പെട്ടതിനുശേഷമാണ് സംവരണം ഉണ്ടായത് എന്ന വാദം തെറ്റാണ്. 1920-കളിൽ തമിഴ്‌നാട്ടിലാണ് ഇതുസംബന്ധമായ ആദ്യ നീക്കുപോക്കുകൾ ഉണ്ടാകുന്നത്. പിന്നീടത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാകെ വ്യാപിച്ചു. കേരളസംസ്ഥാനരൂപീകരണത്തിനു മുമ്പുതന്നെ സംവരണവുമായി ബന്ധപ്പെട്ട തൊണ്ണൂറ്റിയൊൻപതു ശതമാനം സങ്കല്പനങ്ങളും രൂപപ്പെട്ടു കഴിഞ്ഞതാണ്. സ്വാതന്ത്ര്യാനന്തരം നിർണ്ണായകമായ ചില പിന്നോട്ടടികളാണ് ഇക്കാര്യത്തിൽ ഉണ്ടായത്.)
ബ്രിട്ടീഷിന്ത്യയിൽ മുസ്‌ലിം ജനത വലിയൊരു രാഷ്ട്രീയ ശക്തിയായിരുന്നു. ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ പലതും മുസ്‌ലിം രാജ്യങ്ങളായിരുന്നു. ഏറ്റവും വലിയ നാട്ടുരാജ്യമായ ഹൈദരാബാദ് തന്നെ ഉദാഹരണം. വിഭജനാനന്തരം ഇന്ത്യയിലെ ഉയർന്ന സാമ്പത്തികശേഷിയും സാമൂഹികപദവിയുമുള്ള മുസ്‌ലിംകൾ പാക്കിസ്താനിലേക്കും ബംഗ്ലാദേശിലേക്കും പോയി. മിക്കവാറും പരിവർത്തിത മുസ്‌ലിംകളായ പാവങ്ങൾ മതേതരജനാധിപത്യ ഇന്ത്യയുടെ തണലിൽ ഇവിടെ കഴിഞ്ഞു. ദക്ഷിണേന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഒഴിഞ്ഞുപോക്ക് ഉണ്ടായിട്ടില്ല. (ഭൂമിശാസ്ത്രപരമായി പാക്കിസ്താനോട് അടുത്തായിട്ടും കാശ്മീരി മുസ്ലീങ്ങളും പാക്കിസ്താനിലേക്കു പോയില്ല എന്നത് ഇന്നാലോചിക്കുമ്പോൾ അത്ഭുതമാണ്. പകരം അവർ ആയുധമെടുത്ത് പാക്ക് നുഴഞ്ഞുകയറ്റക്കാരെ പ്രതിരോധിക്കുകയാണ് ഉണ്ടായത്.) ദേശീയസ്വാതന്ത്ര്യം, പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം, നെഹ്‌റു-ഇന്ദിര മുതൽ മൻമോഹൻസിംഗ് വരെയുള്ളവരുടെ ഭരണനടപടികൾ, 90-കളോടെയുണ്ടായ ഗ്ലോബലൈസേഷൻ സാധ്യതകൾ, പുതിയ മില്ലേനിയത്തോടെ ശക്തമായ ഇന്റർനെറ്റധിഷ്ഠിത സൗകര്യങ്ങൾ, ഗൾഫ് പണം തുടങ്ങിയവ മുസ്ലീങ്ങളടക്കമുള്ള പിന്നോക്ക ജനതയെയും ചെറിയ തോതിലെങ്കിലെങ്കിലും ദലിത് ജനതയെയും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഏറ്റവും ശ്രദ്ധേയമായ ഒന്ന് ഈ വിഭാഗങ്ങളിലൊക്കെയുള്ള സ്ത്രീകളുടെ മുന്നേറ്റമാണ്. എല്ലാ രാഷ്ട്രീയപ്രവചനങ്ങളെയും തെറ്റിക്കാൻ കരുത്തുള്ളതാണ് സ്ത്രീകളുടെ വിദ്യാഭ്യാസപരമായും സാമ്പത്തികനിർവ്വാഹകത്വപരവുമായ വികാസം. സത്യത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ദൃശ്യമായിത്തുടങ്ങിയ ആധുനികീകരണത്തിന്റെ തുടർച്ചയാണ് ഇതെന്നു കാണാം. ഇനിപ്പറയാൻ പോകുന്ന കാര്യങ്ങളും ഈ തുടർച്ചയിൽ വേണം കാണാൻ.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തോടെ ഒരു ജനത എന്ന നിലയിൽ വലിയ തോതിലുള്ള പരീക്ഷണങ്ങൾക്കു വിധേയരാവാൻ സാധ്യതയുള്ള ഇന്ത്യൻ മുസ്‌ലിംകൾ നൂറ്റാണ്ടിന്റെ മൂന്നാം പാദത്തോടെ രണ്ടുതരത്തിൽ ശക്തിപ്പെടാനാണ് സാധ്യത. ആദ്യത്തേത് പലായനത്തിലൂടെ പുറത്തെത്തുന്നവരുടെ സാമ്പത്തികമായ ശക്തിപ്പെടലാണ്. ചെറുതും വലുതുമായ പലായനങ്ങളിലൂടെ ഇന്ത്യൻ മുസ്‌ലിംകളിൽ വലിയൊരു പങ്ക്, വിശേഷിച്ച് സാമ്പത്തികശേഷിയും വിദ്യാഭ്യാസവുമുള്ളവർ, യൂറോപ്പിലും അമേരിക്കയിലും മറ്റും ചെന്നെത്തും. എഴുപതുകളിൽ വിദ്യാഭ്യാസമില്ലാത്ത മലബാർ മുസ്‌ലിംകൾ അറബ് രാജ്യങ്ങളിലേക്കു കുടിയേറിയതുപോലെ മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള കഷ്ടതയേറിയ കുടിയേറ്റത്തിന് മറ്റൊരു കൂട്ടരും തയ്യാറാവും. രണ്ടാമത്തേത് ബൗദ്ധികമുന്നേറ്റമാണ്. രാജ്യത്തിനകത്തും പുറത്തും അഭയാർത്ഥികളായും പ്രവാസികളായും വലിച്ചെറിയപ്പെടുന്നവരുടെ കൂട്ടത്തിൽനിന്ന് വലിയ ചിന്തകരും ബുദ്ധിജീവികളും ഉയർന്നുവരും. ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ ഗതിവഗതികൾ നിശ്ചയിക്കുന്നത് പുതിയ സാമ്പത്തികക്രമത്തിന്റെയും ബൗദ്ധികലോകത്തിന്റെയും വക്താക്കളായ ഈ ഇന്ത്യാക്കാരാവും. ശത്രു / വെറുപ്പ് ഇരസ്ഥാനത്ത് മുസ്‌ലിംകൾ അവശേഷിപ്പിക്കുന്ന ശൂന്യതയിലേക്ക് ശക്തമായി കടന്നുവരാനിടയുള്ള ദലിത്- പിന്നാക്ക രാഷ്ട്രീയവും അവഗണിക്കാനാകാത്ത ശക്തിയായി ഇടപെടൽശേഷി ആർജ്ജിക്കും
ക്രമേണ രൂപപ്പെട്ടു വരുന്നതാണ് അതിന്റെ സ്വഭാവം എന്നതുകൊണ്ട് ആർക്കും ഒരു ഷോക്കും ഉണ്ടാക്കില്ല പെട്ടെന്നുള്ള വളരെ അഗ്രസീവായ ഇടപെടലുകൾ ആർക്കും ഗുണം ചെയ്യില്ല. അത് ഏറ്റവും നന്നായി അറിയാവുന്നത് മുന്നേറിക്കൊണ്ടിരിക്കുന്ന പുതിയ ശക്തികൾക്കു തന്നെയാവും. ആലോചനയിലും പ്രായോഗികമായി അതു നടപ്പിലാക്കുന്നതിലും ഇതുവരെ കാണിച്ചിട്ടുള്ള ചിട്ട തുടർന്നും പ്രതീക്ഷിക്കാം. അവസാന വിക്കറ്റുകൾ വീഴാൻ കുറഞ്ഞ ഓവറുകൾ മതി എന്നതു സമ്മതിച്ചാലും ഒരേറിൽ രണ്ടു വിക്കറ്റ് വീഴുക ബുദ്ധിമുട്ടാണ്. 1992-ലല്ലേ ബാബരി മസ്ജിദ് തകർത്തത്. അതു കഴിഞ്ഞുള്ള മുപ്പതു കൊല്ലം രൂപപ്പെടുത്തിയ ഇന്ത്യ അതേ വഴിയിൽ ഒരു ഇരുപതുകൊല്ലംകൂടി സഞ്ചരിച്ചാൽ സംഗതി വെടിപ്പാകും. ചരിത്രം-യുദ്ധമായാൽ പോലും - T:20 ക്രിക്കറ്റ് അല്ല. വലിയ തോതിലുള്ള വംശീയ ഉന്മൂലനമോ ലഹളയോ ഒറ്റയടിക്കുള്ള അഭയാർത്ഥിപ്രവാഹമോ ഇന്ത്യയിൽനിന്നുണ്ടാകാൻ സാധ്യതയില്ല. കഠിനമായ പാർശ്വവൽക്കരണത്തോടുള്ള പ്രതികരണം എന്ന നിലയ്ക്കുള്ള പലായനങ്ങൾ ഉണ്ടാകും.
ജൂതർ നേരിട്ട വിരോധവും ഇന്ത്യൻ മുസ്‌ലിംകൾ നേരിടുന്ന പാർശ്വവൽക്കരണവും കമ്പോടു കമ്പ് ഒന്നല്ലെങ്കിലും ഒരുപാട് സമാനതകളുണ്ട്.
അത് ക്രമേണ സംഭവിക്കാനാണ് സാധ്യത. ഇന്ത്യൻ മുസ്‌ലിംകൾ അപകടത്തിലാവാൻ പോകുന്നു എന്നല്ല ശരിക്കും ഇതിനെ വായിക്കേണ്ടത്. സെക്കുലർ ജനാധിപത്യ ഇന്ത്യ എന്ന ആശയവും അതിന്റെ പ്രയോഗവുമാണ് ഇല്ലാതാവാൻ പോകുന്നത്. അതുകൊണ്ടുള്ള നഷ്ടം ജാതിയാൽ ശ്രേണീകരിക്കപ്പെട്ട ഇന്ത്യൻ സമൂഹത്തിലെ 70-80 ശതമാനം മനുഷ്യർക്കാണ്. രാഷ്ട്രീയമാറ്റത്തിനുള്ള പ്രത്യശാസ്ത്ര ഉപകരണം എന്ന നിലയിൽ പ്രയോഗിക്കപ്പെടുന്നതുകൊണ്ട് മുസ്‌ലിംകൾ കുറച്ചധികം സഹിക്കേണ്ടിവരും എന്നു മാത്രം. ബ്രാഹ്‌മണന്റെ മഹത്വത്തെ ഘോഷിക്കുന്ന ഒരു പ്രത്യയശാസ്ത്രം ആദ്യം അതിലെ സ്ത്രീകളുടെ അവകാശങ്ങൾ എടുത്തു കളയും. പിന്നീട് ദലിതുകളുടെയും ഒ.ബി.സിക്കാരുടെയും അവകാശങ്ങൾക്കുമേൽ കുതിര കയറും. മുകളിൽ സൂചിപ്പിച്ച പോലെ അവകാശങ്ങളെക്കുറിച്ച് ഒരു ചോദ്യം പോലുമില്ലാതെ അവർ അധ്വാനിച്ചുകൊണ്ടിരിക്കുകയും ആ അധ്വാനഫലം മേൽത്തട്ടിൽ അനുഭവിക്കുകയും ചെയ്യും. അതിനെതിരെ ഒരു മൂവ്‌മെന്റ്, അക്കാദമികമായിപ്പോലും ദുർബ്ബലമായിട്ടാണ് ഉണ്ടാവുന്നത്. ഉള്ളതു തന്നെ ഒട്ടും അഗ്രസീവുമല്ല.
ഇന്ത്യയിൽ നിന്ന് മേൽസൂചിപ്പിച്ച തരം പലായനങ്ങൾക്കുമുമ്പേ, ഇവിടെത്തന്നെ വലിയ പ്രതിരോധങ്ങളുണ്ടാവുകയും അതിൽ ഇവിടുള്ള മതേതരപൊതുസമൂഹവും മുസ്‌ലിം പ്രവാസിസമൂഹമൊക്കെ കണ്ണിചേരുകയും ചെയ്യും എന്ന ആഗ്രഹം പെട്ടെന്ന് ഫലം കാണില്ല. ഉറപ്പായും അങ്ങനെയൊന്നുണ്ടാകും. അത് ഫലപ്രദമായി പ്രവർത്തിക്കണമെങ്കിൽ പക്ഷേ, ഏതാനും ദശകങ്ങൾ കഴിയേണ്ടി വരും. കുറഞ്ഞത് ഈ നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തിലൊക്കെയേ അതിനു സാധ്യത കാണുന്നുള്ളൂ. ജൂതർ നേരിട്ട വിരോധവും ഇന്ത്യൻ മുസ്‌ലിംകൾ നേരിടുന്ന പാർശ്വവൽക്കരണവും കമ്പോടു കമ്പ് ഒന്നല്ലെങ്കിലും ഒരുപാട് സമാനതകളുണ്ട്. ചരിത്രത്തിൽ ഇത്തരം സമൂഹങ്ങൾ നേരിടുന്ന സമ്മർദ്ധങ്ങളും അടിച്ചമർത്തലുകളും ശക്തമായി തിരിച്ചുവരാൻ അവരെ സഹായിക്കും എന്നതിലാണ് എന്റെ ഊന്നൽ. ചില കാര്യങ്ങൾകൂടി നോക്കാം.
1) യൂറോപ്പിൽ ജൂത സമൂഹം നേരിട്ട വംശീയ വിദ്വേഷവും ഇന്ത്യയിലെ അവസ്ഥയും വ്യത്യസ്തമാണ്. പക്ഷേ ഫാസിസത്തിന്റെ മാതൃകയിലാണ് സംഘ പരിവാർ രൂപപ്പെട്ടതും പ്രവർത്തിക്കുന്നതും. ജൂതന്മാർക്കും കമ്യൂണിസ്റ്റുകൾക്കും എതിരെ എന്നതുപോലെ അത് ഇന്ത്യയിൽ പ്രകടമായിത്തന്നെ മുസ്‌ലിം അപരത്വത്തിൽ ഊന്നി നിൽക്കുന്നു.
2) ജർമ്മനി നടത്തിയ പോലുള്ള ജൂതകൂട്ടക്കൊലകൾ യൂറോപ്പിൽ മറ്റെവിടെയുംആധുനിക കാലത്ത് നടന്നിട്ടില്ല. പക്ഷേ അതിശക്തമായ പാർശ്വവൽക്കരണ ശ്രമങ്ങൾ നടന്നു. ജൂത കൂട്ടക്കൊലയ്ക്കു മുമ്പേ തന്നെ പലായനം ശക്തമായിരുന്നു. സമാനമായ പാർശ്വവൽക്കരണവും പലായനവും ഇന്ത്യയിലും നടക്കും. സത്യത്തിൽ അത് തുടങ്ങിക്കഴിഞ്ഞു.
3) 2024 ഒരു പ്രധാന നാഴികക്കല്ലാണ്. അടുത്ത തെരഞ്ഞെടുപ്പിൽക്കൂടി ബി.ജെ.പി അധികാരത്തിൽ വന്നാൽ നമ്മുടെ ഭരണഘടനയുടെ ജനപക്ഷ പരിഗണനകളൊക്കെ എടുത്തുകളയപ്പെടും. അത് ഒരുഭാഗത്ത് വിദ്വേഷപരവും മറുവശത്ത് തൊഴിലാളി-ജനവിരുദ്ധവുമായിരിക്കും. അത് കാര്യങ്ങൾ കൂടുതൽ പ്രശ്‌നങ്ങളിലേക്കെത്തിക്കും. പള്ളിപൊളിക്കുക പോലുള്ള പ്രതീകാത്മക അതിക്രമങ്ങൾ, ക്രമേണ രണ്ടാം പൗരത്വത്തിലേക്കു തള്ളിവിടുന്ന മുത്തലാക്ക്, പൗരത്വനിയമം പോലുള്ള നിയമനടപടികൾ, തുടർത്തച്ചയായ ആൾക്കൂട്ട തള്ളിക്കയറ്റങ്ങൾ, ഉദ്യോഗസ്ഥ തലത്തിലെ പക്ഷപാതപരമായ നിലപാടുകൾ എന്നിവ ഇന്നുള്ളതിനേക്കാൾ ശക്തമാകും.
4) സെക്കുലറിസത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവരുടെ സംഘടിതമായ പ്രതിഷേധം രൂപപ്പെടാനിട കുറവാണ്. പെട്ടെന്നുള്ള കാരണങ്ങളോടേ ജനം പ്രതികരിക്കൂ 10 -20 വർഷം കൊണ്ടുള്ള മാറ്റത്തിനെതിരെ അത്തരമൊരു ഇടപെടൽ ഉണ്ടാവില്ല. കർഷകസമരത്തിനുള്ള പൊതു പിന്തുണ എത്രത്തോളമുണ്ടെന്നു നാം കാണുന്നുണ്ടല്ലോ.
5) വിദ്യാഭ്യാസ നിഷേധം, തൊഴിൽ നിഷേധം, സംരംഭകത്വ നിഷേധം എന്നിവ പരോക്ഷരീതിയിൽ ശക്തമാകും. നിലവിൽത്തന്നെ മുസ്‌ലിംകൾക്കും ദളിതർക്കും അപ്രഖ്യാപിത വിലക്കുള്ള സ്ഥാപനങ്ങളുണ്ട്.
6) പോലീസ്, കോടതി, ഉദ്യോഗസ്ഥ സ്ഥാപനങ്ങളുടെ നിസ്സംഗതയും നിഷേധാത്മകതയും മുസ്‌ലിം സമുദായത്തെ ആശയറ്റവരാക്കും. ഇതൊക്കെ സുരക്ഷിതമായ ഒരിടം തേടാനുള്ള ശ്രമം ത്വരിതപ്പെടുത്തും. 14 കോടി മുസ്‌ലിംകളിൽ 4-5 കോടി അടുത്ത മുപ്പതു വർഷത്തിനുള്ളിൽ നിശ്ശബ്ദ പലായനം നടത്തുമെന്നു തന്നെ ഞാൻ കരുതുന്നു.
ഈ എഴുത്ത് നിഷേധാത്മകമാണ് എന്നു തോന്നും. പക്ഷേ, ചരിത്രം നിസ്സഹായതകളെയാണ് മിക്കവാറും ഉൽപാദിപ്പിക്കുക. അതുണ്ടാക്കുന്ന ദീർഘമായ മൗനങ്ങളെ മാറ്റിവെച്ച് ഒറ്റപ്പെട്ട മറ്റു ചില സംഭവങ്ങളെ ഓർത്തെടുക്കുന്നതുകൊണ്ട് ചരിത്രം വിരസമാകാറില്ലെന്നു മാത്രം. എന്തായാലും ആശ്വാസകരവും ശൂഭാപ്തിവിശ്വാസത്തിൽ ഊന്നുന്നതുമായ ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. ആധുനിക സെക്യൂലർ സോഷ്യലിസ്റ്റ് ഭരണക്രമത്തിൽനിന്ന് വർഗ്ഗീയതയിലും ക്രൂരമുതലാളിത്തത്തിലും അധിഷ്ഠിതമായ ഒരു രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നതിനിടയിലും കീഴടങ്ങാതെ നിൽക്കുന്ന പ്രാദേശിക രാഷ്ട്രീയ കക്ഷികൾ വലിയ പ്രതീക്ഷയാണ്. ഒഡിഷ ഒരു പ്രതീകമാണ്. അവിടെ ഭരണസ്ഥിരതയുണ്ട്. ഭരണകക്ഷിയ്ക്ക് പ്രതിപക്ഷകക്ഷികളുമായി നിലവിൽ ഒരു ചാർച്ചയുമില്ല. എളുപ്പത്തിൽ അവർക്ക് ബി.ജെ.പി.യുടെ സഖ്യകക്ഷിയാകാവുന്നതേയുള്ളൂ. ബി.ജെ.പി.ക്ക് അലോസരമുണ്ടാക്കുന്നില്ലെങ്കിലും നിലവിൽ അവർ ബി.ജെ.പി.യുടെ സഖ്യകക്ഷിയല്ല. ബി.ജെ.പി.യേതരമായ മറ്റൊരു സാധ്യത തള്ളിക്കളയാൻ പറ്റാത്തതുകൊണ്ടാണ് അവർ ചേരിചേരാ സമീപനം കൈക്കൊള്ളുന്നത്. ബംഗാൾ, ബീഹാർ,ആന്ധ്ര, തെലുങ്കാന, കർണ്ണാടക(ബി.ജെ.പി.ഭരിക്കുമ്പോൾ പോലും), തമിഴ്‌നാട്, കേരളം, കൊങ്കൺ കടന്നു ചെന്നാൽ മഹാരാഷ്ട്ര, അപ്പുറം ഗുജറാത്ത്, മധ്യേന്ത്യയിൽ രാജസ്ഥാൻ, ദൽഹി, ഹരിയാന, പഞ്ചാബ്, കാശ്മീർ ഇവയൊക്കെയും പെട്ടെന്ന് കീഴടങ്ങാൻ പാകത്തിലല്ല ഇപ്പോൾ നിൽക്കുന്നത്. ഇപ്പറഞ്ഞ സംസ്ഥാനങ്ങളിൽ മിക്കതിനും വേണമെങ്കിൽ ബി.ജെ.പി.യിലേക്കു ചായാൻ എളുപ്പമാണ്. ഗുജറാത്തും ബീഹാറും വർഷങ്ങളായി ബി.ജെ.പി.ഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളാണ്. ഭരണപ്പിഴവുകളും ജാതിസമവാക്യങ്ങളിലെ പ്രശ്‌നങ്ങളും കേന്ദ്രീകൃതമായ ഒരു പ്രത്യയശാസ്ത്ര അജണ്ടയുടെ ജൈത്രയാത്രയ്ക്ക് തടസ്സമാകുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പൊതുവെ ഈ പ്രത്യയശാസ്ത്രത്തിന് എതിരുമാണ്. തമിഴ്‌നാട്ടിൽ സ്റ്റാലിൻ അധികാരത്തിൽ വന്നതോടെ ഒരു ബദൽ രാഷ്ട്രീയചിന്തയുടെ കേന്ദ്രസ്ഥാനത്ത് തമിഴ്‌നാട് എത്തിച്ചേർന്നിട്ടുണ്ട്. ഈ രാഷ്ട്രീയസ്ഥിതി കേന്ദ്രീകൃതമായി ഭരണമുന്നണിക്ക് എതിരായി വന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടും. അത് അവരുടെ പദ്ധതികളെ ദീർഘകാലത്തേക്ക് അവതാളത്തിലാക്കും. ചെറുതാണ് സാധ്യതയെങ്കിലും അതിലാണ് ഇന്ത്യൻ ജനത പ്രതീക്ഷയർപ്പിക്കേണ്ടത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.