പലസ്തീൻ മനുഷ്യർക്കിടയിലെ ‘200 മീറ്റർ’

ലോകത്തിന്റെ കൺമുന്നിൽ ഭയങ്കരമായ ഒരു വംശഹത്യ അരങ്ങേറുമ്പോൾ, ആ മനുഷ്യരുടെ വീർപ്പുമുട്ടലുകൾ അനുഭവിപ്പിക്കുന്ന ഒരു സിനിമ വീണ്ടും കാണുന്നതിന്റെ അനുഭവം പങ്കുവെക്കുകയാണിവിടെ.

21-ാം നൂറ്റാണ്ടിന് സങ്കൽപ്പിക്കാൻ പോലുമാകാത്ത വംശഹത്യക്ക് ഒരു ജനത ഇരയാകുന്നത് ലോകത്തിന് ഇന്നൊരു കാഴ്ചാനുഭവമാണ്. ചലച്ചിത്രത്തിലെന്നപോലെ മനുഷ്യർക്കുമേൽ ബോംബുവർഷിക്കുന്ന ദൃശ്യങ്ങൾ ചാനലുകളിലും വീഡിയോ സ്ട്രീമിംഗ് സൈറ്റുകളിലും ആളുകൾ ലൈവായി കണ്ടുനിൽക്കുന്നു. ജന്മനാട്ടിൽ നിന്ന് അധിനിവേശശക്തികൾ ചൂണ്ടിക്കാട്ടുന്ന അന്യനാട്ടിലെ ഊഷരഭൂമിയിലേക്ക് ലക്ഷക്കണക്കിന് തദ്ദേശീയരെ ആട്ടിത്തെളിക്കുന്നതിനായി ബോധപൂർവ്വം അവരുടെ നാടും വീടും ജീവിതസമ്പാദ്യങ്ങളും ബോംബിട്ട് തകർത്തുകൊണ്ടിരിക്കുന്നു. ആരാധനാലയങ്ങളും ആശുപത്രികളും അഭയാർത്ഥി ക്യാമ്പുകളും മിസൈലാക്രമണത്താൽ തീഗോളങ്ങളാവുകയും മനുഷ്യർ ചുട്ടെരിക്കപ്പെടുകയും ചെയ്യുന്നു.

കൂട്ടപ്പലായനത്തിന്റെ, ബോംബാക്രമണത്താൽ വലിയ പാർപ്പിടസമുച്ചയങ്ങൾ തീപ്പിടിച്ച് തകരുന്നതിന്റെ, മിസൈലുകൾ പതിച്ച് മരിച്ചും മുറിവേറ്റും മനുഷ്യർ തെരുവുകളിൽ വീണുകിടക്കുന്നതിന്റെ, ഉറ്റവരുടെ ഹൃദയം പൊട്ടുന്ന നിലവിളികൾ ഉയരുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ലോകത്താകമാനമുള്ള മാധ്യമങ്ങളിൽ നിറയുന്നു. എന്നിട്ടും വെടിനിർത്തലിന്റെയോ സമാധാനത്തിനുവേണ്ടിയുള്ള നിശ്ചയദാർഢ്യത്തോടെയുള്ള ആഹ്വാനങ്ങളുടെയോ സമ്മർദ്ദങ്ങൾ എങ്ങുനിന്നുമുണ്ടാകുന്നില്ല. അത്യന്തം ഭയാനകവും മനുഷ്യനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾക്കുതന്നെ പൊരുത്തപ്പെടാത്തതുമായ ഒരു വംശഹത്യ ലോകത്തിന്റെ കൺമുന്നിൽ നടന്നുകൊണ്ടിരിക്കയാണ്. ഈ കാഴ്ചകൾക്കിടയിൽ ചലച്ചിത്രം എന്ന മാധ്യമത്തിൽ ആവിഷ്കരിക്കപ്പെട്ട, ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിന്റെ വീർപ്പുമുട്ടലുകൾ അനുഭവിപ്പിക്കുന്ന ഒരു സിനിമ വീണ്ടും കാണുന്നതിന്റെ അനുഭവം പങ്കുവെക്കുകയാണിവിടെ.

200 മീറ്റേഴ്സ്  സംവിധായകൻ ആമീൻ നെയ്‌ഫെ
200 മീറ്റേഴ്സ് സംവിധായകൻ ആമീൻ നെയ്‌ഫെ

ആമീൻ നെയ്‌ഫെ സംവിധാനം ചെയ്ത 200 മീറ്റേഴ്സ് പലനിലകളിൽ ഇപ്പോഴും പ്രസക്തമായ പലസ്തീനിയൻ സിനിമയാണ്. ഒരു ജനതയുടെ അതിജീവനത്തിനായുള്ള തത്രപ്പാടുകളെ ഹൃദയഭേദകമാംവിധം കാട്ടിത്തരുമ്പോഴും പലസ്തീൻ ജീവിതത്തിന്റെ ഉൾക്കരുത്തും എല്ലാ സംഘർഷങ്ങൾക്കും അപ്പുറത്തുള്ള ജീവിതത്തോടുള്ള സരളമനോഭാവവും ഈ സിനിമ കാട്ടിത്തരും. ഒപ്പം, വിഭജനത്തിന്റെ മതിലുകൾ മണ്ണിൽ മാത്രമല്ല, മനുഷ്യമനസ്സിലും എത്രമാത്രം ആഴത്തിൽ വേരോടിയിട്ടുണ്ട് എന്നതിന്റെ ഭീതിതമായ ആഖ്യാനം കൂടിയാകുന്നുണ്ട് ഈ സിനിമ.

മതിലുകൾ സ്ഥാപിക്കപ്പെട്ടപ്പോൾ നിർബന്ധിതമായി അപ്പുറവും ഇപ്പുറവുമാവേണ്ടിവന്ന ഒരു കുടുംബം ദൈനംദിനം ഈ മതിലിനാൽ അനുഭവിക്കേണ്ടിവരുന്ന ജീവിതദുരിതങ്ങളാണ് സിനിമയുടെ പ്രമേയം

പലസ്തീനിയൻ ചലച്ചിത്ര സംവിധായകർ അവരുടെ പ്രമേയങ്ങൾ കണ്ടെത്തുന്നത് സ്വന്തം ജീവിത പരിസരത്തുനിന്നുതന്നെയാണ്. വെസ്റ്റ് ബാങ്കിനെയും ഇസ്രായേൽ അധിനിവേശ പ്രദേശത്തെയും വേർതിരിച്ച് ഒരു കൂറ്റൻ മതിൽ കടന്നുപോകുന്ന തുൽക്കരം ആണ് നയ്ഫെയുടെ ജന്മനാട്. സിനിമയിലെ നായകനായ മുസ്തഫയുടെയും സ്വദേശം തുൽക്കരം തന്നെയാണ്. മതിലുകൾ സ്ഥാപിക്കപ്പെട്ടപ്പോൾ നിർബന്ധിതമായി അപ്പുറവും ഇപ്പുറവുമാവേണ്ടിവന്ന ഒരു കുടുംബം ദൈനംദിനം ഈ മതിലിനാൽ അനുഭവിക്കേണ്ടിവരുന്ന ജീവിതദുരിതങ്ങളാണ് സിനിമയുടെ പ്രമേയം. ഒരർത്ഥത്തിൽ ആമീൻ നെയ്ഫ തന്റെ ജീവിതത്തിൽ അനുഭവിച്ചതുതന്നെ. 'വേർതിരിക്കൽ മതിൽ' (separation wall) എന്നാണ് ഇസ്രായേലികൾ ഇതിനെ വിളിക്കുന്നത്. 'വർണവിവേചനത്തിന്റെ മതിൽ' (wall of apartheid) എന്ന് പലസ്തീനികൾ വിളിക്കും. ഈ മതിലിന്റെ രാഷ്ട്രീയവിവക്ഷകളിലേക്ക് ഉറ്റുനോക്കുന്നതിനുപകരം, സ്വച്ഛന്ദമായി ഒഴുകിയിരുന്ന തങ്ങളുടെ ജീവിതത്തെ പകുത്ത് കെട്ടിയുയർത്തപ്പട്ട ഒരു വലിയ അസംബന്ധമായി അതിനെ ചിത്രീകരിക്കുകയാണ് സംവിധായകൻ.

തുൽക്കരം നഗരത്തിലൂടെ കടന്നു പോകുന്ന മതില്‍
തുൽക്കരം നഗരത്തിലൂടെ കടന്നു പോകുന്ന മതില്‍

ചിത്രത്തിലെ നായകനായ മുസ്തഫയുടെ ജീവിതത്തെ മറ്റെല്ലാത്തിനുമുപരി ബാധിക്കുന്നത് ഈ മതിലാണ്. മുസ്തഫയും ഭാര്യ സൽവയും 200 മീറ്റർ മാത്രം അകലെയുള്ള രണ്ട് ഫ്ലാറ്റുകളിലാണ് താമസം. എന്നാൽ ഈ ഫ്ലാറ്റുകൾക്ക് നടുവിലാണ് ഒരു ദേശത്തെ നടുകെപ്പിളർക്കുന്ന വൻമതിൽ ഉയർന്നുനിൽക്കുന്നത്. സിനിമയിലെ ഒരു നിർണായക സന്ദർഭത്തിൽ, തന്റെ മകന് ഒരു അപകടമുണ്ടായി ആശുപത്രിയിൽ ഓപ്പറേഷന് വിധേയമാകുന്ന അവസരത്തിൽ, സ്നേഹനിധിയായ പിതാവെന്ന നിലയിൽ അവനടുത്തെത്താൻ മുസ്തഫക്ക് പലസ്തീനുചുറ്റും തീർത്ത 200 കിലോമീറ്ററുള്ള മതിൽ അപകടകരമായ രീതിയിൽ താണ്ടേണ്ടിവരുന്നു. ആ യാത്രയാണ് '200 മീറ്റേഴ്സ് ' എന്ന സിനിമയുടെ കേന്ദ്രപ്രമേയം.

മതിലുള്ളതുകൊണ്ടുതന്നെ മതിലിനകത്തും പുറത്തും എന്ന രണ്ടു ജീവിതമുണ്ടാകുന്നു. രണ്ടു നാടുകൾ, രണ്ടു സംസ്കാരങ്ങൾ, രണ്ടുതരം പൗരർ ഉണ്ടാവുകയായി.

വലിയൊരു കെട്ടിടത്തിന്റെ ഉയരമുള്ള ഈ മതിലുള്ളതുകൊണ്ടുതന്നെ മതിലിനകത്തും പുറത്തും എന്ന രണ്ടു ജീവിതമുണ്ടാകുന്നു. രണ്ടു നാടുകൾ, രണ്ടു സംസ്കാരങ്ങൾ, രണ്ടുതരം പൗരർ ഉണ്ടാവുകയായി. പരസ്പരം മനസ്സിലാവാത്ത ജീവിതങ്ങൾ. മുസ്തഫയ്ക്ക് തൊഴിലെടുക്കേണ്ടി വരുന്നത് ജറുസലേമിനടുത്ത് ഒരു ഇസ്രായേലി വീട്ടിലാണ്. പുതുതായി കെട്ടുന്ന വീടിന്റെ നിർമാണത്തൊഴിലാളിയാണയാൾ. വീട്ടുടമസ്ഥൻ അയാളുടെ കയ്യിൽ കുറേ നാണയങ്ങൾ കൊടുത്ത് വീടിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്യുമ്പോൾ അതിൽ ഇടാൻ പറയും. "അങ്ങനെ ചെയ്താൽ ആ വീട്ടിൽ വലിയ ഭാഗ്യമുണ്ടാകും", വീട്ടുടമസ്ഥൻ പറയും. നാണയങ്ങൾ അതിൽ ഇടാതെ വീട്ടിൽകൊണ്ടുപോയി ഭാര്യയെ കാണിച്ച് കാര്യങ്ങൾ പറയുമ്പോൾ അവൾ പറയും, "എനിക്കൊന്നും മനസ്സിലാകുന്നില്ല". അയാളും പറയും, "എനിക്കും മനസ്സിലാകുന്നില്ല, ഓരോരോ അന്ധവിശ്വാസങ്ങൾ".

സിനിമയിൽ ആവർത്തിച്ചുവരുന്ന ഒരു ദൃശ്യം, അതിർത്തി ചെക്ക്പോസ്റ്റുകൾ കടക്കാനുള്ള മനുഷ്യരുടെ വലിയ നിരയും അതിന്റെ നൂലാമാലകളുമാണ്.
സിനിമയിൽ ആവർത്തിച്ചുവരുന്ന ഒരു ദൃശ്യം, അതിർത്തി ചെക്ക്പോസ്റ്റുകൾ കടക്കാനുള്ള മനുഷ്യരുടെ വലിയ നിരയും അതിന്റെ നൂലാമാലകളുമാണ്.

പരസ്പരം മനസ്സിലാകാതിരിക്കാൻ ഇരുകൂട്ടർക്കും നടുവിലുള്ള മറ്റൊരു മതിൽ ഭാഷയുടേതാണ്. അറബിയും ഹീബ്രുവും ഇംഗ്ലീഷും ഈ സിനിമയിൽ ഭാഷയായി മാത്രമല്ല പ്രവർത്തിക്കുന്നത്. മുസ്തഫ ഈ മൂന്നു ഭാഷയും നന്നായി കൈകാര്യം ചെയ്യുന്ന ആളാണ്‌. എന്നാൽ അറബി മാത്രം സംസാരിക്കുന്ന പലസ്തീൻ ജനതയും ഹീബ്രു സംസാരിക്കുന്ന ജൂതന്മാരും ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ജർമൻ യുവതിയും സിനിമയിലുണ്ട്. അവൾ ഒരു ഡോക്യുമെന്ററി സിനിമാ സംവിധായികയാണെന്നത് സിനിമയുടെ അർത്ഥതലത്തെ മറ്റൊന്നാക്കുന്ന സൂചനയാവുന്നുണ്ട്. അവരെല്ലാം ഒന്നിച്ചാവുന്നത് അപകടകരമായ ഒരു യാത്രയിലാണ്. അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാനുള്ള ഒരു യാത്രയാണത്. നിർണായകമായ ഒരു ദിവസം തന്റെ ഐ.ഡി കാർഡിന്റെ കാലാവധി തീർന്നതുകൊണ്ടാണ് മുസ്തഫയ്ക്ക് ഈ അനധികൃത മനുഷ്യക്കടത്തുകാരുടെ സഹായം വലിയ പണം കൊടുത്ത് തേടേണ്ടിവന്നത്. വിവിധ ചെക്ക്പോസ്റ്റുകൾ മറികടക്കാൻ അവർക്ക് സഹായകമാവുന്നതും കുരുക്കാവുന്നതും ഭാഷ തന്നെയാണ്. മനുഷ്യരുടെ സ്വത്വത്തെ തിരിച്ചറിയാനുള്ള ഉപാധി കൂടിയായിത്തീരുന്നു ഭാഷ.

സിനിമയിൽ ആവർത്തിച്ചുവരുന്ന ഒരു ദൃശ്യം, അതിർത്തി ചെക്ക്പോസ്റ്റുകൾ കടക്കാനുള്ള മനുഷ്യരുടെ വലിയ നിരയും അതിന്റെ നൂലാമാലകളുമാണ്.

ജർമൻ യുവതിയുടെ കൂടെയുള്ളത് അവളുടെ ആൺസുഹൃത്തായ കിഫയാണ്. ഇസ്രായേലുകാരെ അങ്ങേയറ്റം വെറുക്കുന്ന പലസ്തീനിയാണയാൾ. അവർ പ്രണയത്തിൽകൂടിയാണെന്ന് സിനിമയുടെ ഒരു ഘട്ടത്തിൽ നമ്മൾ അറിയുന്നുണ്ട്. എന്നാൽ ഒരു നിർണായക സന്ദർഭത്തിൽ പോലീസ് ചെക്ക്പോസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ അവൾക്ക് ഹീബ്രു ഉപയോഗിക്കേണ്ടിവരുന്നു. അതുവരെ അവൾ ഇംഗ്ലീഷിൽ മാത്രമാണ് അറബികളോടും ജൂതരോടും സംസാരിച്ചിരുന്നത്. സിനിമയിൽ ഒരു സന്ദർഭത്തിൽ, മുന്നിൽ പോയ കാർ ഇസ്രായേലി പട്ടാളക്കാരുടെ കയ്യിൽപ്പെട്ടു എന്ന് ഡ്രൈവർ മറ്റൊരാളോട് ഹീബ്രുവിൽ സംസാരിക്കുന്നത് അവൾക്കു മനസ്സിലാകുന്നുണ്ട്. അവൾ അത് തിരിച്ചറിഞ്ഞു എന്നത് ഒരു പ്രശ്നമായി സിനിമയിൽ വികസിക്കുന്നു. ഡ്രൈവറുടെ ശരീരഭാഷയിൽ നിന്നാണ് താൻ അക്കാര്യം മനസ്സിലാക്കിയത് എന്നവൾ പലകുറി വിശദീകരിച്ചിട്ടും അത് ആർക്കും വിശ്വാസ്യയോഗ്യമായില്ല. ഭാഷ ഒരാളുടെ ഐഡന്റിറ്റിയുടെ അഭേദ്യമായ അടയാളമാണ് അവിടെ. ചെക്ക്പോസ്റ്റിൽ അവൾ ഹീബ്രു സംസാരിക്കുന്നതോടെ അവളുടെ വംശം തിരിച്ചറിയുന്ന കിഫ അവളെ ചോദ്യം ചെയ്യുകയും കലഹിക്കുകയും അയാളുടെ കൂടെ സഹായത്തോടെ അവൾ പലസ്തീൻ ജീവിതം പകർത്തിയ ക്യാമറ പിടിച്ചുവാങ്ങുകയും ചെയ്യുന്നുണ്ട്.

ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ജർമൻ യുവതിയും സിനിമയിലുണ്ട്. അവൾ ഒരു ഡോക്യുമെന്ററി സിനിമാ സംവിധായികയാണെന്നത് സിനിമയുടെ അർത്ഥതലത്തെ മറ്റൊന്നാക്കുന്ന സൂചനയാവുന്നുണ്ട്.
ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ജർമൻ യുവതിയും സിനിമയിലുണ്ട്. അവൾ ഒരു ഡോക്യുമെന്ററി സിനിമാ സംവിധായികയാണെന്നത് സിനിമയുടെ അർത്ഥതലത്തെ മറ്റൊന്നാക്കുന്ന സൂചനയാവുന്നുണ്ട്.

രണ്ടു ജനതയുടെ സംസ്കാരവും ഒരു മതിലായി വളരുന്നുണ്ട്‌. ഇസ്രായേൽ അധിനിവേശ പ്രവിശ്യയിൽ താമസിക്കുകയാണ് മുസ്തഫയുടെ ഭാര്യയായ സൽവയും മൂന്നു മക്കളും. മുസ്തഫയും ഉമ്മയും താമസിക്കുന്നത് വെസ്റ്റ് ബാങ്കിലും. ഇസ്രായേൽ കാർഡ് ലഭിക്കാനുള്ള അവസരം മുസ്തഫയ്ക്കും ഉണ്ടായിരുന്നു. എന്നാൽ അയാൾ ആ പൗരത്വം സ്വീകരിക്കാൻ തയ്യാറാകുന്നില്ല. അതയാളുടെ നിലപാടിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ തൊഴിൽ പെർമിറ്റിനായും പ്രവേശനകാർഡ് പുതുക്കാനും മറ്റും നിരന്തരം അയാൾക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നുണ്ട്.

സിനിമയിൽ ആവർത്തിച്ചുവരുന്ന ഒരു ദൃശ്യം, അതിർത്തി ചെക്ക്പോസ്റ്റുകൾ കടക്കാനുള്ള മനുഷ്യരുടെ വലിയ നിരയും അതിന്റെ നൂലാമാലകളുമാണ്. പല ഘട്ടങ്ങളിലെ പരിശോധന കഴിഞ്ഞുമാത്രമേ നേരത്തെ തങ്ങളുടെതായിരുന്ന ഒരു ദേശത്തേക്ക് ഇപ്പോൾ അവർക്ക് കടക്കാൻ കഴിയൂ. ഇസ്രായേലി സ്കൂളിൽ പഠിക്കുന്ന മകനെ അവന്റെ സഹപാഠികൾ വിളിക്കുന്നത് 'നാറുന്ന വെസ്റ്റ് ബാങ്കർ' എന്നാണ്. അവർ തമ്മിൽ അടിപിടിയാവുകയും മകന് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. താനിനി ആ സ്കൂളിൽ പഠിക്കുന്നില്ല എന്നും പഠിക്കേണ്ടിവന്നാൽ താൻ അവരെ വീണ്ടും മർദ്ദിക്കുമെന്നും കൊച്ചു മാജിദ് പറയുമ്പോൾ വംശീയതയുടെ, സാംസ്കാരിക വൈജാത്യത്തിന്റെ മതിലുകൾ എത്ര ആഴത്തിൽ വേരോടിയിട്ടുണ്ട് എന്ന് നമ്മൾ ഞെട്ടലോടെ തിരിച്ചറിയും.

ഇസ്രായേലി സ്കൂളിൽ പഠിക്കുന്ന മകനെ അവന്റെ സഹപാഠികൾ വിളിക്കുന്നത് 'നാറുന്ന വെസ്റ്റ് ബാങ്കർ' എന്നാണ്. അവർ തമ്മിൽ അടിപിടിയാവുകയും മകന് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്.
ഇസ്രായേലി സ്കൂളിൽ പഠിക്കുന്ന മകനെ അവന്റെ സഹപാഠികൾ വിളിക്കുന്നത് 'നാറുന്ന വെസ്റ്റ് ബാങ്കർ' എന്നാണ്. അവർ തമ്മിൽ അടിപിടിയാവുകയും മകന് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്.

മതിൽ അവരുടെ നിത്യജീവിത യാഥാർത്ഥ്യമാണ്. ഭൗതികമായ മതിലിനെ വൈകാരികമായ ബന്ധത്തിന്റെ ആഴം കൊണ്ടാണ് ഇതിലെ കഥാപാത്രങ്ങൾ മുറിച്ചുകടക്കുന്നത്. തങ്ങളുടെ ജീവിതത്തെ നരകസമാനമാക്കുന്നത് ഈ മതിലാണെന്ന് സൽവാ ഒരിക്കൽ പറയുന്നുണ്ട്. ജീവിക്കാൻ രണ്ടു തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന സൽവായ്ക്ക് മുസ്തഫയെയും അയാളുടെ ഉമ്മയെയും കാണുന്നതിനായി ഭീകരമായ ചെക്ക്പോസ്റ്റുകൾ കടന്ന് മിക്കപ്പോഴും അപ്പുറത്തെത്തണം.

ഒരിക്കൽ, തന്നെ കുറ്റപ്പെടുത്തിയ മുസ്തഫയോട് അവൾ പൊട്ടിത്തെറിക്കുന്നുണ്ട്; "ഞാൻ ഒരേസമയം രണ്ട് ജോലികൾ ചെയ്യുന്നു, രണ്ട് മണിക്കൂർ മാത്രമാണ് ദിവസം ഉറങ്ങുന്നത്. മാത്രമല്ല, രണ്ട് വീടുകൾ സംരക്ഷിക്കാൻ ചെക്ക്‌പോസ്റ്റുകൾക്കിടയിൽ കിടന്നോടുകയാണ്. ഒറ്റപ്പെട്ടതായി തോന്നുന്നു ഇപ്പോൾ എനിക്ക്". മുസ്തഫ ഇസ്രായേലി ഐ.ഡി എടുക്കാത്തതിന് അയാളെ അവൾ തിരിച്ച് കുറ്റപ്പെടുത്തും; "എനിക്കാ ഐ.ഡി ഒരിക്കലും വേണ്ട" എന്ന് ഒച്ചയെടുത്ത അയാളോട് അവൾ നിസ്സഹായയായി ചോദിക്കുന്നുണ്ട്, "പിന്നെ നിങ്ങൾക്ക് ഇതാണോ വേണ്ടത്? നമുക്കിടയിൽ രണ്ട് വീടുകളും ഇടയിൽ  ഈ വൃത്തികെട്ട മതിലും"

ഇരുട്ടും വെളിച്ചവും ഈ സിനിമയിലെ അർത്ഥവത്തായ ഇമേജുകളാണ്. മതിലനപ്പുറവും ഇപ്പുറവുമായി 200 മീറ്ററിനുള്ളിൽ താമസിക്കുന്ന അച്ഛനമ്മമാരും മക്കളും സ്നേഹം പങ്കിടുന്നത് രാത്രിയിൽ, ഇരുട്ടിൽ വെളിച്ചം കത്തിച്ചും അണച്ചും ആണ്.
ഇരുട്ടും വെളിച്ചവും ഈ സിനിമയിലെ അർത്ഥവത്തായ ഇമേജുകളാണ്. മതിലനപ്പുറവും ഇപ്പുറവുമായി 200 മീറ്ററിനുള്ളിൽ താമസിക്കുന്ന അച്ഛനമ്മമാരും മക്കളും സ്നേഹം പങ്കിടുന്നത് രാത്രിയിൽ, ഇരുട്ടിൽ വെളിച്ചം കത്തിച്ചും അണച്ചും ആണ്.

ഭൗതികയാഥാർത്ഥ്യമായി, അവരുടെ ജീവിതത്തെ എല്ലാതരത്തിലും അടച്ചിടുന്ന വലിയ ജയിലായി ഈ മതിൽ മാറുന്നുണ്ടെങ്കിലും പരസ്പര സ്നേഹത്തിന്റെ വെളിച്ചം കൈമാറി അവർ ആ മതിൽ മറികടക്കുന്നതിലാണ് '200 മീറ്റേഴ്സ്'  എന്ന സിനിമയുടെ ശക്തിയും സൗന്ദര്യവും കുടികൊള്ളുന്നത്. ഇരുട്ടും വെളിച്ചവും ഈ സിനിമയിലെ അർത്ഥവത്തായ ഇമേജുകളാണ്. മതിലനപ്പുറവും ഇപ്പുറവുമായി 200 മീറ്ററിനുള്ളിൽ താമസിക്കുന്ന അച്ഛനമ്മമാരും മക്കളും സ്നേഹം പങ്കിടുന്നത് രാത്രിയിൽ, ഇരുട്ടിൽ വെളിച്ചം കത്തിച്ചും അണച്ചും ആണ്. ഫോണിൽ സംസാരിച്ച് അവർ തീർക്കുന്ന മറ്റൊരു ഭാഷയായി ഈ വെളിച്ചത്തിന്റെ വിനിമയം മാറുന്നു. അത് അത്രമേൽഹൃദയസ്പർശിയാകുന്നത് അവർക്കിടയിൽ അധികാരവും ഭരണവും അധീശത്വവും അധിനിവേശവും യുദ്ധവും ആയുധങ്ങളും ചേർന്ന് തീർത്ത മനുഷ്യവിരുദ്ധമായ വൻമതിൽ ഉയർന്നുനിൽക്കുന്നത് കൊണ്ടാണ്.

ഇസ്രായേൽ ഐ.ഡി നിരസിക്കുന്ന മുസ്തഫയിൽ തന്റെ ജനതയോടും സംസ്കാരത്തോടുമുള്ള മമതയുണ്ട്. എന്നാൽ അത് ഒരിക്കലും അന്യനെ ശത്രുവായി കാണുന്ന വംശീയവെറിയാവുന്നില്ല. പലസ്തീൻ പ്രവിശ്യകളിലൂടെ സഞ്ചരിക്കുന്ന കാറിൽനിന്ന് കിഫ പലയിടത്തും വഴിയരികിൽ നാട്ടിയ ഇസ്രായേലി പതാക കാണുന്നുണ്ട്. ജീവൻ അപകടപ്പെടുത്തിപോലും അയാൾ ചിലപ്പോൾ കാർ നിർത്തി, പതാക കെട്ടിയ മരത്തിൽ വലിഞ്ഞുകയറി ഇസ്രായേലി പതാകകൾ പറിച്ചെടുക്കും. "നിനക്ക് ഭ്രാന്താണോ? എന്തിനാണ് ഈ വിഡ്ഢിത്തരം" എന്നപ്പോൾ മുസ്തഫ അയാളെ കഠിനമായി ശാസിക്കും.

 "എനിക്കാ ഐ.ഡി ഒരിക്കലും വേണ്ട" എന്ന് ഒച്ചയെടുത്ത അയാളോട് അവൾ നിസ്സഹായയായി ചോദിക്കുന്നുണ്ട്, "പിന്നെ നിങ്ങൾക്ക് ഇതാണോ വേണ്ടത്? നമുക്കിടയിൽ രണ്ട് വീടുകളും ഇടയിൽ  ഈ വൃത്തികെട്ട മതിലും"
"എനിക്കാ ഐ.ഡി ഒരിക്കലും വേണ്ട" എന്ന് ഒച്ചയെടുത്ത അയാളോട് അവൾ നിസ്സഹായയായി ചോദിക്കുന്നുണ്ട്, "പിന്നെ നിങ്ങൾക്ക് ഇതാണോ വേണ്ടത്? നമുക്കിടയിൽ രണ്ട് വീടുകളും ഇടയിൽ  ഈ വൃത്തികെട്ട മതിലും"

യാത്രയിൽ കൂടെയുള്ള ജർമൻ യുവതിയുടെ ഇസ്രായേൽ വേരുകൾ, അവർക്ക് വന്ന ഒരു ഫോൺമാറി എടുക്കുന്നതിലൂടെ മുസ്തഫ വളരെ നേരത്തെ തിരിച്ചറിയുന്നുണ്ട്. എന്നാൽ അതയാൾക്ക് കിഫയെപ്പോലെ പ്രശ്നമാകുന്നില്ല. സിനിമയ്ക്കൊടുവിൽ അവളുടെ വേരുകൾ വെളിപ്പെടുമ്പോൾ കാമുകനായ കിഫ അവളെ ശത്രുവിനെപ്പോലെ ആക്രമിക്കുകയും കയർക്കുകയും ചെയ്യും. അപ്പോൾ മുസ്തഫ അവൾക്കൊപ്പം നിൽക്കും. പലസ്തീനിയായ അയാൾ ഇസ്രായേലിയായ അവൾക്കൊപ്പം നിൽക്കുന്നത് കിഫയ്ക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യമാണ്. "നിങ്ങളും അവളുടെ പക്ഷം പിടിക്കുകയാണോ?" എന്നയാൾ അത്ഭുതത്തോടെ ചോദിക്കും. അപ്പോൾ പൊട്ടിത്തെറിച്ച് മുസ്തഫ പറയുന്നതാണ് സാധാരണ പലസ്തീൻ മനുഷ്യരുടെ ജീവിതത്തെ ആഴത്തിൽ വെളിവാക്കുന്നത്; "നീ എന്നെ രാജ്യസ്നേഹം പഠിപ്പിക്കാൻ വരേണ്ട. ഈ നാശംപിടിച്ച മതിലിന്റെ അപ്പുറത്ത് എന്നിൽ നിന്ന് വെറും 200 മീറ്റർ അകലെയാണ് എന്റെ കുടുംബം. എന്നിട്ടും എല്ലാ ദിവസവും ഞാൻ ഈ തീട്ടത്തിലാണ് ജീവിക്കുന്നത്. അത് മനസ്സിലാക്കുന്നതാണ് നിനക്ക് നല്ലത്. എന്റെ മകൻ ആശുപത്രിയിലാണ്. നിനക്കും നിന്റെ മറ്റേടത്തെ രാജ്യസ്നേഹത്തിനും കളയാൻ എനിക്ക് സമയമില്ല"
ജീവിക്കണമെങ്കിൽ രാജ്യസ്നേഹത്തിന്റെ പതാകകൾ ശരീരത്തിലാകമാനം കെട്ടിവേക്കേണ്ടി വരുന്ന എല്ലാ നാട്ടിലെയും സാധാരണ മനുഷ്യന്റെ ഉള്ളിലെ കനലുകളാണ് മുസ്തഫയിലും പൊട്ടിത്തെറിക്കുന്നത്.

'200 മീറ്റേഴ്സ്' കാണിച്ചുതരുന്ന, അതീവ ഹൃദ്യമായ ഒരു പലസ്തീൻ ജീവിതമുണ്ട്. നാളെ എന്താണ് എന്നറിയില്ലയെങ്കിലും സ്നേഹവാത്സല്യങ്ങൾ പരസ്പരം പങ്കിട്ടുജീവിക്കുന്ന നിർമലമായ ഒരു ജീവിതം. തൊഴിലാളികൾ തമ്മിലുള്ള, സുഹൃത്തുക്കൾക്കിടയിലുള്ള, ഭാര്യാഭർത്താക്കൾ തമ്മിലുള്ള, കുടുംബബന്ധത്തിലുള്ള, മനസ്സിന് കുളിരേകുന്ന ഒരു സ്നേഹസംഗീതം. ബോംബുകളുടെ മുരൾച്ചയല്ല, തങ്ങളുടെ അവസ്ഥകളോട് പൊരുത്തപ്പെടുമ്പോഴും അതിനോട് കലഹിക്കുമ്പോഴും കൈവിട്ടുകളയാത്ത നന്മയുടെ ഒരു വെളിച്ചം. ഒരു തരത്തിലുമുള്ള മതിലുകൾക്കും ചെന്നെത്താൻ കഴിയാത്തത്രയും ഉയരത്തിൽ പറക്കുന്ന, വംശീയതയുടെ നിറമോ മുദ്രകളോ ഇല്ലാത്ത സ്നേഹത്തിന്റെ മസൃണമായ പതാകകൾ. അതവരുടെ ജീവിതത്തിനു നൽകുന്ന ശോഭ വലുതാണ്‌. ആ പതാകകൾക്ക് മുകളിലാണ് വീണ്ടും വീണ്ടും വെറുപ്പിന്റെ, അധികാരഭ്രാന്തിന്റെ, വംശീയവിദ്വേഷത്തിന്റെ ബോംബുകൾ വർഷിക്കപ്പെടുന്നത് എന്നതാണ് ഏറ്റവും സങ്കടപ്പെടുത്തുന്ന വർത്തമാനകാല യാഥാർത്ഥ്യം.

Comments