1921, 2018: രണ്ടു സിനിമകൾ, രണ്ടു കാലങ്ങൾ

ഹൗസ്ഫുൾ ആയി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ ചരിത്രവിരുദ്ധത തിരിച്ചറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നത് ചരിത്ര പുനരുദ്ധാരണ കമ്മിറ്റിയിൽ ഞാനും ചേരുന്നതുപോലെയാവും. 2018-ലെ പ്രളയകാലം ഓർമ്മയില്ലാത്ത തലമുറ നാളെ ഈ സിനിമ കാണുമ്പോൾ ഉണ്ടാവുന്ന അപകടത്തെ തുറന്നു കാട്ടേണ്ടത് നമ്മുടെ ബാധ്യതയാണ്.

സിനിമയുടെ പേരു തന്നെ ഒരു വർഷമാകുന്നത് നാം കണ്ടത് 1921-ലും 2018-ലുമൊക്കെയാണ്. ഒരു കാലത്തെ അടയാളപ്പെടുത്തുന്നതിനാണ് വർഷത്തിൻ്റെ പേര് സിനിമക്ക് കൊടുക്കുന്നത്. മാപ്പിള ലഹളയെന്നും സ്വാതന്ത്ര്യസമരമായി കരുതാനാവില്ലെന്നുമുള്ള പ്രചാരണം നടക്കുന്ന മലബാർ കലാപത്തിൻ്റെ 150-ാം വർഷത്തിൽ ചരിത്ര യാഥാർത്ഥ്യം തിരിച്ചറിയാനും പഠിക്കാനും '1921' എന്ന സിനിമ സഹായിച്ചിട്ടുണ്ട്. ചരിത്രത്തെ അപനിർമ്മിക്കുന്ന കാലത്തെ അതിജീവിക്കാൻ കഴിയുന്ന സമരകഥയുടെ സിനിമയായാണ് 1921നെ ഇന്നു നാം കാണുന്നത്. സത്യവും യാഥാർത്ഥ്യവും അടയാളപ്പെടുത്താൻ കാലത്തെ സിനിമയാക്കുന്നവർക്ക് ബാധ്യതയുണ്ടെന്നാണ് പറഞ്ഞുവന്നത്.

1921-ൽ ജീവിച്ചവർ ഇന്നു കുറവാവും. പക്ഷേ 2018-ൽ ജീവിച്ചവർ മുഴുവൻ മരിച്ചു പോയിട്ടില്ലെന്നുറപ്പാണ്. കഴിഞ്ഞുപോയ കാലത്തെ അതിവേഗം മറക്കുന്ന സ്വഭാവക്കാരായി നാം മാറുന്നുണ്ടെങ്കിലും പ്രളയകാലം മറന്നു പോകാറായിട്ടില്ല. ഇനി മറന്നാലും നന്നായൊന്നോർത്താൽ നമുക്കതെല്ലാം ഓർമ വരും. 1921-ൽ ഇല്ലാത്ത ധാരാളം സെൽഫ് ഡോക്യുമെൻ്റേഷൻ സാധ്യതകൾ 2018-ൽ ഉണ്ട്. 1921-നെ അറിയാൻ ചരിത്രസ്മാരകങ്ങളും ലൈബ്രററികളും അന്വേഷിച്ചിറങ്ങണം. എന്നാൽ പ്രളയകാലത്തിൻ്റെ ദൃശ്യങ്ങൾ ധാരാളം കാണാൻ യുട്യൂബൊന്ന് തിരഞ്ഞാൽ മാത്രം മതി. എന്നിട്ടും ആരെയാണ് ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ '2018' എന്ന സിനിമ ശ്രമിക്കുന്നത്.

2021 സിനിമയിലെ ഒരു രംഗം

ഒരു സിനിമയെ കുറിച്ച് മോശം അഭിപ്രായമുണ്ടെങ്കിലും നവമാധ്യമങ്ങളിൽ പങ്കുവെക്കാറില്ല. മറ്റുള്ളവർ കാണേണ്ട സിനിമയെ കുറിച്ചു മാത്രമാണ് എഴുതാറുള്ളത്. ഹൗസ്ഫുൾ ആയി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ ചരിത്രവിരുദ്ധത തിരിച്ചറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നത് ചരിത്ര പുനരുദ്ധാരണ കമ്മിറ്റിയിൽ ഞാനും ചേരുന്നതുപോലെയാവും. 2018-ലെ പ്രളയകാലം ഓർമ്മയില്ലാത്ത തലമുറ നാളെ ഈ സിനിമ കാണുമ്പോൾ ഉണ്ടാവുന്ന അപകടത്തെ തുറന്നു കാട്ടേണ്ടത് നമ്മുടെ ബാധ്യതയാണ്.

മതനിരപേക്ഷ സ്വഭാവത്തിൻ്റെ കരുത്തിലും കെട്ടുറപ്പിലാണ് 1921-ലും 2018-ലും നാം ഈ നാടിനെ പുതുക്കി പണിയാൻ ശ്രമിച്ചത്. മതനിരപേക്ഷ ഉള്ളടക്കമില്ലാതെ 2018- നെ എങ്ങനെയാണ് ചിത്രീകരിക്കാനാവുക. പ്രളയജലത്തിൽ നിന്ന്​ കരകയറാൻ മുതുകു കുനിഞ്ഞു കൊടുത്ത യുവാവിൻ്റെ ചിത്രവും, നിറഞ്ഞൊഴുകുന്ന പാലത്തിനു മുകളിലുടെ കുട്ടിയുമായി ഓടിയ ഒരു ചിത്രവും മാനവികതയുടെ രണ്ടു നേർസാക്ഷ്യങ്ങളാണ്. ഈ ചിത്രങ്ങളില്ലാതെ ഒരു സിനിമ എങ്ങനെയാണ് വീണുടഞ്ഞു പോകാതെ പൊരുതി നിന്ന കേരളത്തിൻ്റെ കരളുപ്പറിൻ്റെ കഥ പറയുന്നത്. എല്ലാ വിഭാഗം മനുഷ്യരും സർക്കാർ സംവിധാനങ്ങളും കൈകോർത്തു പിടിച്ചു തുഴഞ്ഞു കയറിയ ചരിത്രത്തെ പാഴ് മുറം കൊണ്ടു മറക്കുന്നത് ആർക്ക് വേണ്ടിയാണ്. നന്മയുള്ള നാടിൻ്റെ നായകനായി, എല്ലാ സംവിധാനത്തേയും നയിച്ച മുഖ്യമന്ത്രിയെ നിസ്സഹായ കഥാപാത്രമായി അടയാളപ്പെടുത്താൻ പാടുപെടുന്നത് ആരു പറഞ്ഞിട്ടാണ്.

2018 ലെ മഹാപ്രളയത്തില്‍ ചെറുതോണി പാലത്തിലൂടെ കുഞ്ഞിനെ മാറോടണച്ചുപിടിച്ച് ഓടുന്ന ദുരന്തനിവാരണ സേനാംഗം

മതനിരപേക്ഷ മൂല്യവും ചരിത്രബോധവും വെല്ലുവിളിക്കപ്പെടുന്നതോടൊപ്പം തന്നെ, പ്രളയകാലത്ത് നടന്ന ഒരു അശാസ്ത്രീയ പ്രചാരണം ശരിവെച്ചുകൊടുക്കുക കൂടിയാണ് സിനിമ ചെയ്യുന്നത്. ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, രണ്ടു ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിനൊടുവിൽ ഡാം തുറന്നു വിട്ടതിലൂടെയാണ് പ്രളയമുണ്ടാവുന്നത് എന്ന സന്ദേശമാണ് സിനിമ നൽകുന്നത്. പ്രളയത്തെ മനുഷ്യനിർമ്മിതമെന്ന് അടിവരയിട്ടുറപ്പിക്കാനായി സയൻറിഫിക് ടെമ്പറിനെതിരായ ഒരു കാര്യം അവതരിപ്പിക്കപ്പെടുമ്പോൾ പ്രേക്ഷകരാണതു സെൻസർ ചെയ്യേണ്ടത്. അതുപോലെതന്നെ പല നാടുകളിൽ നിന്ന് അതിർത്തികൾ കയറി വന്ന റിലീഫ് വാഹനങ്ങളെ അപമാനിക്കും വിധമാണ് തമിഴ്നാട്ടിൽ നിന്നു ബോംബുമായി ഒരു വണ്ടി വരുന്നത്. ഈ സിനിമയിൽ ഇങ്ങനെയൊരു തിരുകി കയറ്റൽ എന്തിനാണെറിയില്ല. രണ്ടു സംസ്ഥാനങ്ങൾ ഒരുമിച്ചു നിൽക്കുകയും അതു ചിലരെയെല്ലാം വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതു കൊണ്ടുമാവുമെന്ന് കരുതാതെ വയ്യ.

ഒരു സമുദായത്തെ മാത്രം ഉയർത്തി കാണിക്കുകയും, ഒരു ഏജൻസിയെ മാത്രം അവതരിപ്പിക്കുകയും ചെയ്യുന്നത് എന്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്?. ഇതേ ലക്ഷ്യവുമായി കറങ്ങി നടക്കുന്ന കൂട്ടർക്കുവേണ്ടി കുന്തമുയർത്തി നിൽക്കുന്ന ഭടനോട് ഒന്നു മാത്രം പറയാം. മനുഷ്യരാശിക്കെതിരായ എല്ലാത്തിനേയും ഈ നാട് പ്രതിരോധിച്ചത് ഒരുമിച്ച് നിന്നാണ്. നാളെയുടെ ചരിത്രത്തിൽ വെള്ളം ചേർക്കാനുള്ള നിങ്ങളുടെ പ്രളയസിനിമ കാലത്തിനെതിരാണ്. കാലത്തിനെതിരായ ഈ സിനിമയെ കാര്യ കാരണ സഹിതം കാണാനാണ് നിർദേശിക്കുന്നത്. കാണാതിരിക്കരുത്, നമുക്ക് ഓർമ്മയുള്ള കാലത്തോട് ചെയ്യുന്ന ക്രൂരതയെ കാണുകയും കുട്ടികളോട് പറഞ്ഞു കൊടുക്കുകയും വേണം. പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്ര കാലത്തേയും, സന്ദർങ്ങളേയും വെട്ടിമാറ്റുന്നവർ ഡിജിറ്റൽ ക്ലാസ് മുറികളിൽ നാളെ പ്രളയകാലം പഠിപ്പിക്കാൻ '2018' പ്രദർശിപ്പിക്കും. ചരിത്രവിരുദ്ധതയുടെ പാഠപുസ്തകമായി മാറാൻ പോകുന്ന '2018' നിങ്ങളാരും കാണാതിരിക്കരുത്.


പി.ടി.രാഹേഷ്

പാലക്കാട്​ ജില്ല ശിശുക്ഷേമ സമിതി എക്​സിക്യൂട്ടീവ്​ അംഗം. കുട്ടികളുടെ സംഘടനാരംഗത്തും വിദ്യാഭ്യാസ- സാംസ്​കാരിക രംഗത്തും പ്രവർത്തിക്കുന്നു. ‘ബൂസ്​റ്റർ ഡോസ്​’ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments