ആവേശം = ഫഹദിന്റെ ആഘോഷം

ഒറ്റവാക്കിൽ ആവേശം ഒരു കംപ്ലീറ്റ് എൻ്റർടൈനറാണ്. ഒരു പാക്ക്ഡ് രസികൻ സിനിമ. പാട്ടും അടിയും പുട്ടിന് തേങ്ങപോലെ യഥാവിധി നിക്ഷേപിച്ച് അടിമുടി ചിരിയിൽ പൊതിഞ്ഞെടുത്ത ഐറ്റം. ‘എട മോനേ’ എന്ന ഫഹദിൻ്റെ മാസ് എൻട്രിയിൽ സിനിമ അതിൻ്റെ നയം വ്യക്തമാക്കുന്നു.

കൊറോണയെ പഴിക്കാമോ എന്ന് തിട്ടമില്ലെങ്കിലും നമ്മുടെയെല്ലാം ജീവിതത്തിന് കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. മരണം രംഗബോധമില്ലാത്ത കോമാളി മാത്രമല്ല അത് സ്വന്തം കൈകളിൽതന്നെയുണ്ട് എന്ന തിരിച്ചറിവ് കൊറോണയുടെ സംഭാവനയാവാം. എത്ര കൈകഴുകിയാലും പൊട്ടാത്ത ഒരു ചങ്ങല ജീവിതത്തിന് മരണത്തോടുണ്ട്. ജീവിതത്തിൻ്റെ കൊടിപ്പടം താഴ്ത്താൻ ശേഷിക്കുറവുണ്ടായിരുന്ന ഒരു മരണമായിരുന്നു താത്വികമോ സർഗ്ഗാത്മകമോ ആയെങ്കിലും കൊറോണവരേയും നമുക്കുണ്ടായിരുന്നത്.

എന്നാൽ സത്യം ധ്വനിമര്യാദകൾ കുറഞ്ഞ ചിത്രകാവ്യംപോലെ മറ്റൊരു പ്രഹേളികയായി കൊറോണാനന്തരം അവതരിച്ചുകഴിഞ്ഞിരിക്കുന്നു. വാക്കുകളിൽനിന്ന് കവിതയോ ദർശനമോ മാത്രമല്ല അർഥം തന്നെയും ചോർന്നുപോയിരിക്കുന്നു. അഥവാ അർഥം ഓന്തുകളേയും മനുഷ്യരെയും പോലും ലജ്ജിപ്പിക്കുംവിധം മറുകണ്ടം ചാടിയിരിക്കുന്നു. സാമൂഹിക അകലം മുതൽ രക്ഷാപ്രവർത്തനം വരെ നൂറുകണക്കിന് പ്രത്യക്ഷമായ അട്ടിമറികൾ നമ്മൾ അറിഞ്ഞിലെങ്കിലും കണ്ടു; കൊണ്ടു.

വാക്കിൻ്റെ പിന്നാലെ വാഴ്‌വും വിരുദ്ധചേരിയിലേക്ക് കാലുമാറാമെന്ന് അതിജീവിതർക്ക് തോന്നിയിരിക്കാം. ജീവിതം വളരെ ചെറുതാണെന്നും എത്രയുംവേഗം അതിൻ്റെ ലഹരിയപ്പാടെ മോന്തണമെന്നും കൗമാരയുവത്വങ്ങളെങ്കിലും കൊറോണയ്ക്ക് ഉടന്തടി ചാടാനൊരുങ്ങുന്നതിന് മറ്റെന്താവാം കാരണം ?

പറഞ്ഞുവരുന്നത് ഉടന്തടിയുടെ പുനരുദ്ധാരണത്തെക്കുറിച്ചല്ല. യുവതയുടെ സാഹസികമായ ആഘോഷങ്ങളെക്കുറിച്ചാണ്. ലഹരിയും ചോരയും ഇൻസ്റ്റയും എന്ന കാവ്യനീതിപോലുമില്ലാത്ത ആവേശത്തിലേക്ക് ഭയാശങ്കകളില്ലാതെ കനംകുറഞ്ഞ ജീവിതവുമായി അവർ കാലെടുത്തു വെയ്ക്കുകയല്ല ചാടുകതന്നെയാണ്.

ഈ കോമ്പോയുടെ ആഘോഷമായാണ് രോമാഞ്ചത്തിൻ്റെ സംവിധായകൻ (ജിത്തു മാധവൻ) മാറ്റമൊട്ടുമില്ലാത്ത തൻ്റെ രണ്ടാം സിനിമയുമായി വരുന്നത്. ഒറ്റവാക്കിൽ ആവേശം ഒരു കംപ്ലീറ്റ് എൻ്റർടൈനറാണ്. ആദ്യപകുതിയിലെ അല്പം ഇഴച്ചിൽ മാറ്റിനിർത്തിയാൽ ഒരു പാക്ക്ഡ് രസികൻ സിനിമ. പാട്ടും അടിയും പുട്ടിന് തേങ്ങപോലെ യഥാവിധി നിക്ഷേപിച്ച് അടിമുടി ചിരിയിൽ പൊതിഞ്ഞെടുത്ത ഐറ്റം. ‘എട മോനേ’ എന്ന ഫഹദിൻ്റെ മാസ് എൻട്രിയിൽ സിനിമ അതിൻ്റെ നയം വ്യക്തമാക്കുന്നു.

തുടർന്നങ്ങോട്ട് എല്ലാ ചേരുവകളും ചേർത്ത മാസ്മസാല രസം നിറയ്ക്കുന്നു. തീർച്ചയായും രോമാഞ്ചത്തേയും വെല്ലാൻ ശേഷിയുള്ള സാമ്പത്തികവിജയം ആവേശം നേടുമെന്ന് കരുതാം. ആൺകൗമാരയുവത്വം പടം ഏറ്റെടുത്തേയ്ക്കുമെന്ന വൈബാണ് ടാക്കീസ് തരുന്നത്. തൻ്റെ ശോഷിച്ച ശരീരം കൊണ്ട് ആറ്റിറ്റ്യൂഡിലും ആക്ടിങ്ങിലും ടാക്കീസിനെ ഇളക്കിമറിക്കാൻ ഫഹദിന് കഴിയുന്നു എന്നത് വസ്തുതയാണ്. ഫഹദിപ്പോലെ ഒരു മികച്ച നടനെ ഇങ്ങനെമാത്രം കണ്ടാൽമതിയോ എന്ന ചോദ്യത്തിന് ഈ പടത്തിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.

ഷമ്മിയിൽനിന്ന് ചില മാനറിസങ്ങൾ സ്വീകരിച്ചതൊഴിച്ചാൽ ഫഹദിൻ്റെ പവർപാക്ക്ഡ് ആക്ടിങ്ങാണ് ആവേശത്തെ ലൈവാക്കുന്നത്. മറ്റെന്തെങ്കിലും ആ സിനിമയിലുണ്ടോ എന്ന ചോദ്യം അസ്ഥാനത്താണ്. മറ്റൊന്നുംതന്നെ പ്രതീക്ഷിച്ച് ആരും ആവേശത്തിന് കയറേണ്ടതില്ല. രംഗനായി അടിമുടി ആറാടുകയാണ് ഫഹദ് ഫാസിൽ എന്ന നടൻ ആവേശത്തിൽ. ആവേശം = ഫഹദിൻ്റെ ആഘോഷം എന്ന് പറഞ്ഞാൽ പൂർണ്ണമാവുമെന്ന് കരുതുന്നു. എങ്കിലും ഒരു സിനിമയെന്ന നിലയിൽ ആവേശം വ്യക്തിപരമായി എന്നെ നിരാശപ്പെടുത്തിയെന്ന് പറയട്ടെ. അതിൻ്റെ കാരണങ്ങൾ വേറെയാണ്.

ആവേശം ടൈറ്റിൽകാർഡിൽ പറഞ്ഞതുപോലെ ഹഹദിൻ്റെ റീ ഇൻഡ്രൊഡ്യൂസ് മാത്രമല്ല, പലതിൻ്റെയും ആവർത്തനമാണ്. യുക്തിരാഹിത്യത്തിൻ്റെയും അരാഷ്ട്രീയതയുടേയും കഥയില്ലായ്മയുടേയും ആണാഘോഷങ്ങളുടേയും ലഹരിയുടേയും വയലൻസിൻ്റേയുമെല്ലാം ആവർത്തനം. രോമാഞ്ചത്തിൻ്റെ രോമാഞ്ചത്തിൽതന്നെയാണ് ആവേശം പ്രാഥമികമായെങ്കിലും നിലയുറപ്പിക്കുന്നത്.

രോമാഞ്ചം അതിലെ ഒരു കഥാപാത്രത്തെപ്പോലെ റിലേ പോയ (കിളിപോയ എന്നും) യുവത്വത്തെ ചിത്രീകരിച്ചപ്പോൾ ആവേശം വയലൻസുകൂടി ചേർത്ത് പ്രമേയത്തെ കൂടുതൽ കാലികമാക്കുന്നു. റാഗിങ്ങും ക്രൈമും കൊലയും ചോരയുമൊക്കെ സ്ക്രീനിൽ നിറഞ്ഞാടുന്നു. വയലൻസിൻ്റെ ആദിമധ്യാന്ത ചിത്രണം അഥവാ ആഘോഷം ആവേശത്തിൽ അധികമായുണ്ട് എന്ന് സാരം. ആ അതിപ്രസരമാവട്ടെ പൂർണമായും കണ്ടില്ലെന്ന് നടിക്കാനാവില്ല. അതും നമുക്കുചുറ്റും സിദ്ധാർഥൻമാരുടെ നിലവിളികളുയരുമ്പോൾ. സിനിമയിലെ വയലൻസ് കാലം ആവശ്യപ്പെടുന്നതാണെന്നോ, നാടോടുമ്പോൾ നടുവേ എന്നോ, സമൂഹത്തിൻ്റെ പ്രതിഫലനം എന്നോ ന്യായീകരിച്ചാൽ തീരുന്നതല്ല.

കുമാരനാശാന്‍
കുമാരനാശാന്‍

കൊലയും കൊള്ളയുംകൂടിക്കുലപരമ്പരയായാൽ
നലമെന്ന് ചൊല്ലുംനീതി നുണതാൻ നൂനം
എന്ന് കുമാരനാശാൻ നൂറ്റാണ്ടുമുമ്പ് പറഞ്ഞിട്ടുണ്ട്.
കുലപരമ്പരയായി വരുന്ന കൊലയും കൊള്ളയും നല്ലതാണെന്ന നീതിക്ക്യാപ്സൂളിനെ മലയാളത്തിൻ്റെ മഹാകവി 1923- ൽ തന്നെ അർഥശങ്കയില്ലാത്തവിധം തള്ളിക്കളഞ്ഞിട്ടുണ്ട് എന്ന്. അതിനാൽ സിനിമയിലും അതൊരു ന്യായമാവില്ല.

വയലൻസ് ധാരാളമുണ്ടെങ്കിലും ഹാസ്യമാണ് സിനിമയുടെ അംഗിരസം. ഹാസ്യത്തിൻ്റെ അംഗരസങ്ങളായിമാത്രം ബാക്കിയുള്ളവ കണ്ടാൽ മതിയെന്നാവാം ട്രീറ്റ്മെൻ്റ് സൂചിപ്പിക്കുന്നത്. കൊലപാതകവും ചിരിപടക്കമായി ടാക്കീസിൽ പൊട്ടി നിറയുന്നു. കുമ്പളങ്ങിയിൽനിന്നിറങ്ങിയ ഫഹദാകട്ടെ മറ്റൊരു സൈക്കോവേഷം ചിരിച്ചും കളിച്ചും ആടി അടിച്ചുത്തീർക്കുന്നു.

കഥയില്ലായ്മയുടെ ആഘോഷമാണിവിടെ. ബാംഗ്ലൂരിലെ ഒരു (മാനംനോക്കി?) എഞ്ചിനിയറിങ്ങ് കോളേജിലെ റാഗിങ്ങിലാണ് സിനിമ തുടങ്ങുന്നത്. റാഗിങ്ങിൻ്റെ ദൃശ്യങ്ങൾ ഭീതിദമായി ചിത്രീകരിക്കപ്പെടുന്നു.

സിദ്ധാർഥൻ്റെ ഓർമയിൽ ഒട്ടൊന്ന് നീറാനെങ്കിലും അനുവദിക്കാതെ അപ്പോഴും ടാക്കീസ് ചിരിയിലാണ്. തല്ലിയവരെ തിരിച്ചടിക്കാൻ ലോക്കൽ സപ്പോർട്ടുതേടിയിറങ്ങുന്ന മൂന്ന് വിദ്യാർഥികളും അവരുടെ ഹീറോ ആയെത്തുന്ന രംഗനും കൂട്ടാളികളുമാണ് സിനിമയുടെ പ്ലോട്ട് (അങ്ങനെയൊന്ന് ഉണ്ടെങ്കിൽ) സാധ്യമാക്കുന്നത്.

രംഗനും സംഘവും ഗുണ്ടകളാണെന്ന് പറയുമെങ്കിലും ഒരു കോമഡി ബാലെസംഘമാണെന്നേ തോന്നൂ. (ഈ അർഥത്തിൽ പോക്കിരിരാജയുടെ കൃത്യമായ റഫറൻസ് ആവേശത്തിനുണ്ട്.) ഒരു സിനിമയിലെ മുഴുവൻ കഥാപാത്രങ്ങളും ഫലിതം കൈകാര്യം ചെയ്യുന്നു എന്ന കൗതുകം ഒരുപക്ഷെ മലയാളത്തിലെങ്കിലും ആദ്യമായാവാം. ആട്ടും പാട്ടും അടിയും കൊലയുമായി ആവേശം 158 മിനിറ്റെടുത്ത് കൊട്ടിക്കലാശിക്കുന്നു. പേരിനുമാത്രം പെണ്ണുങ്ങളുള്ള സിനിമ പൂർണ്ണമായും ആണാഘോഷങ്ങളുടെ ആവേശക്കൂത്താണ് എന്നും പറയാം.

സമകാല ഇന്ത്യൻ സിനിമ കൂടുതലും വയലൻസിൻ്റെ ആവിഷ്കാരങ്ങളായാണ് മാറുന്നത് എന്നത് വസ്തുതയാണ്. അത് പഴയകാല രാജാപദാനങ്ങളും യുദ്ധവും ഗ്യാങ്സ്റ്ററും ഹിംസയുമായി കോടികൾ വാരി നിറഞ്ഞാടുകയാണ്. അത്തരം ചിത്രങ്ങൾ വാണിജ്യപരമായി വിജയിക്കുന്നതാവാം തുടർച്ചകളുടെ ന്യായം.

മലൈക്കോട്ടൈ വാലിബന്‍
മലൈക്കോട്ടൈ വാലിബന്‍

സമകാല ഇന്ത്യൻ സാമൂഹികജീവിതവും വയലൻസിലാണ് കേന്ദ്രീകരിക്കുന്നതെന്ന മറ്റൊരു ന്യായവും തീർച്ചയായും ഉണ്ടാവാം. കൊന്നും കൊലവിളിച്ചും സംഘബലം കൊണ്ട് അധികാരം പിടിച്ചടക്കിയും രാജ്യംതന്നെ മാതൃകയാവുന്നതാവാം സിനിമകൾക്കെന്ന് വാദിച്ചാൽ മറുവാദങ്ങൾക്ക് കലയുടെ ധർമ്മ പാരമ്പര്യം മുഴുവൻ നിരത്തി തോല്ക്കേണ്ടി വന്നേക്കും. എങ്കിലും ഇത്ര ആവേശം വേണോ എന്ന ചോദ്യം ചോദിക്കാതെയും വയ്യ. യുവതയെയെങ്കിലും സിനിമകൾ സാരമായി സ്വാധീനിച്ചേക്കുമെന്നത് തർക്കിച്ച് ജയിക്കേണ്ട വിഷയമല്ലല്ലോ.

അപ്പോൾ നമുക്ക് തല്ലി ജയിക്കുന്ന മല്ലന്മാരുടെ സിനിമ മാത്രം മതിയോ? മലയാളസിനിമ ഒട്ടൊരു വ്യത്യസ്തമായ വഴിയും ആശാവഹമായി വെട്ടുന്നുണ്ട് എന്നത് വസ്തുതയാണ്. എങ്കിലും ഒരു ഭ്രമയുഗമോ അതിൻ്റെ അപഭ്രംശമോ ആവാൻ മലയാളവും കൊതിക്കുന്നുവെന്നതിൻ്റെ സൂചനകൾ കാണാതിരുന്നുകൂടാ. നമുക്ക് സിനിമയിൽ തല്ലുകയും ചിരിക്കുകയുമൊക്കെയാവാം. എന്നാൽ ലഹരിയും കൊലയുമൊക്കെ ഇത്രമേൽ സ്വഭാവികമാക്കുന്നത് അവ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമായേക്കുമെന്നും ഓർക്കണം.

നമ്മുടെ വലിയ വാണിജ്യവിജയങ്ങളിലൊക്കെയും ലഹരിയും ക്രൈമും അവിഭാജ്യമാകുന്നത് എന്തുകൊണ്ടാവാം? ആവേശം ചിരിയിൽ പൊതിഞ്ഞാണെങ്കിലും രാഷ്ട്രീയ അകൃത്യതയുടെ ആവിഷ്കാരമാകുന്നുവെന്ന് പറയാതെ വയ്യ. വില്ലന്മാരെല്ലാം കുട്ടികളോട് പഠിക്കാൻ പറയുന്നിടത്ത് സിനിമ ഗുണാത്മകമായിത്തീരുന്നു എന്ന് സമാധാനിക്കാൻ ഒരു നിവൃത്തിയുമില്ല. അത്രയ്ക്കായിരുന്നു അതിനുമുമ്പുള്ള 155 മിനിറ്റു നേരത്തെ അടിലഹരിക്കൂത്ത്.

രോമാഞ്ചം
രോമാഞ്ചം

നടൻ ജയൻ്റെ ആവേശം എന്ന സിനിമയുടെ പേരുതന്നെ സ്വീകരിക്കുന്നിടത്തു തുടങ്ങുന്ന ആശയദാരിദ്ര്യം രോമാഞ്ചക്കാരനിൽ ഉണ്ട്. എന്നാൽ രോമാഞ്ചം എടുത്തയാൾക്ക് പിന്നീട് എടുക്കാവുന്നത് ആവേശമാണെന്നും അംഗീകരിക്കേണ്ടി വരും.

ഇനി അയാൾക്ക് ആഘോഷവും പോരാട്ടവും എടുക്കാവുന്നതാണ്. 50- ഉം നൂറും കോടി അടിച്ചെടുക്കാനും ആവേശത്തിനുപോലും കഴിഞ്ഞേക്കും എന്നത് വിസ്മരിക്കുന്നില്ല. പക്ഷെ സിനിമകൾ ഈ വഴിയ്ക്ക് മാത്രമാകുന്നത് എക്സൈസ് ഡ്യൂട്ടിയാൽ പുലരുന്ന ഒരു നാടിന് സാമ്പത്തികഗുണം ചെയ്തേക്കുമെങ്കിലും സാമൂഹിക /സാംസ്കാരികദുരന്തം വിതയ്ക്കുമെന്നതിൽ തർക്കമില്ല.

1979-ല്‍ പുറത്തിറങ്ങിയ ആവേശം സിനിമയില്‍ ജയന്‍
1979-ല്‍ പുറത്തിറങ്ങിയ ആവേശം സിനിമയില്‍ ജയന്‍

ഇത്രയും എഴുതിയത് ആവേശത്തെമാത്രം മുൻനിർത്തിയല്ല. അനവധി ആവേശങ്ങൾ ഈവിധം നമ്മുടെ സിനിമകളിലും കലകളിലും നിറയുന്നതുകൊണ്ടാണ്. ഇക്കിളിയും മോട്ടിവേഷനും കുത്തിനിറച്ച സാഹിത്യം കൊണ്ടാടപ്പെടുന്ന കാലം കൂടിയാണിത്. സെക്കൻ്റുകളിലൊതുങ്ങുന്ന ഇൻസ്റ്റഗ്രാം ആനന്ദങ്ങളിലാണ് ലോകം. ആഴമില്ലാത്ത ഒഴുകലിലാണ് യുവത്വം. സ്വന്തം ജീവിതമാണെങ്കിലും ഇങ്ങനെ കൊന്നുതീർക്കണമെന്ന് വാശിപിടിക്കരുതല്ലോ. സിനിമയിൽ ഒരു പാട്ടിൽ പറയുന്നതുപോലെ നശിക്കാനുള്ള സ്വാതന്ത്ര്യവും ഒരാൾക്കുണ്ട് എന്നത് താത്വികമായി സമ്മതിക്കാമെങ്കിലും സാമൂഹികമായി അംഗീകരിക്കാനാവില്ലതന്നെ.

പറയാതെ വയ്യ, ഇത്ര ആവേശം നല്ലതല്ല.

Comments