ഐഷ സുൽത്താന

എന്റെ നാടിനെ
​ആക്രമിച്ചവർക്കെതിരെയാണ്
എന്റെ സിനിമ

ഞാനെന്റെ കലയിലൂടെ ലക്ഷദ്വീപിന്റെ പ്രശ്നങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുകയായിരുന്നു. ലക്ഷദ്വീപിലെ ആളുകളുടെ ജീവിതരീതി, കാഴ്ചപ്പാടുകൾ എല്ലാം സിനിമയിൽ കാണിച്ചിട്ടുണ്ട്.

നാടകം, സാഹിത്യം, സംഗീതം എന്നിവയെക്കാൾ കുറച്ചുകൂടി വൈഡ് ആണ് സിനിമ. ഈ മൂന്ന് ഘടകങ്ങളും ഉൾപ്പെട്ടു തന്നെയാണ് സിനിമ വൈഡ് ആകുന്നത്. ഒരു ഡയറക്ടറുടെ കാഴ്ചപ്പാടിലൂടെ പറയുകയാണെങ്കിൽ, ഒരു സിനിമയെടുക്കുമ്പോൾ, മറ്റുള്ളവരിലേക്ക് ഞാൻ എന്താണ് എത്തിക്കാൻ ആഗ്രഹിക്കുന്നത് അത്​ എനിക്ക്​ എന്റെ സിനിമയിലൂടെ പറയാൻ കഴിയും എന്നാണ്​ ഞാൻ വിശ്വസിക്കുന്നത്. അത് ചിലപ്പോൾ, നമ്മൾ സമൂഹത്തിൽ കാണുന്ന കാര്യങ്ങളാവാം. നമ്മൾ സമൂഹത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ചാവാം. അങ്ങനെ പലപല കാര്യങ്ങളാവാം.

ഞാനൊരു പ്രാവശ്യം ആശുപത്രിയിൽ പോയപ്പോൾ അവിടുത്തെ ഡോക്ടർ ഞാൻ എന്താണ്​ചെയ്യുന്നത്​ എന്നുചോദിച്ചു. ഡയറക്ടറാണെന്നറിഞ്ഞപ്പോൾ അടുത്ത സിനിമയിൽ ഒരു ചാൻസ് തരുമോ എന്നാണ്​ അദ്ദേഹം ചോദിച്ചത്.

ചിലർ പൊളിറ്റിക്കലായി സിനിമയെടുക്കും, ചിലർ സിനിമയെ മതവത്ക്കരിക്കാൻ ശ്രമിക്കും. ഉദാഹരണത്തിന് ഇന്ത്യയിൽ നിരവധി പ്രശ്നങ്ങളുണ്ടാക്കിയ കശ്മീർ ഫയൽസ് പോലുള്ള സിനിമയെടുക്കാം. മതത്തെ ചൂണ്ടിക്കാണിച്ചുള്ള മതവത്കരണ സിനിമയായിരുന്നു അത്​. ഓരോ ഡയറക്ടർമാരൈയും ആശ്രയിച്ചാണ് ഈ മാറ്റങ്ങളുണ്ടാവുന്നത്. അവർ സമൂഹത്തിന് എന്താണോ കൊടുക്കാൻ ശ്രമിക്കുന്നത് അതാണ് സിനിമയിലൂടെ വിനിമയം ചെയ്യപ്പെടുന്നത്. ഞാൻ മനസ്സിലാക്കിയ ഒരു കാര്യം, ഞാൻ ഒരു സ്റ്റേജിൽ പോയി നിന്ന്​ ചില കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അതിന്റെ മുമ്പിലുണ്ടാകുന്ന ആയിരത്തിൽ താഴെയുള്ള ഒരു ആൾക്കൂട്ടത്തോട് മാത്രമേ എനിക്ക് കാര്യങ്ങൾ സംവദിക്കാൻ കഴിയുകയുള്ളൂ. അതേസമയം, സിനിമയിലൂടെയാണ് കാര്യങ്ങൾ പറയുന്നതെങ്കിൽ ഒരു വലിയ ആൾക്കൂട്ടത്തോട് എനിക്ക് സംവദിക്കാൻ കഴിയും. ഇതുപോലെ സിനിമയിലൂടെ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ട്.

മാറുന്ന വിഷ്വൽ കൾചർ

ഉള്ളിൽ കല ഇല്ലാത്ത ഒരു മനുഷ്യനുമുണ്ടാവില്ല. സാധാരണ തൊഴിൽ മേഖലയിലുള്ളവർ മുതൽ ഉയർന്ന പദവിയിലിരിക്കുന്നവർ വരെ ആഗ്രഹിക്കുന്ന കാര്യമാണ് സിനിമ. എനിക്ക് അത്തരം ഒരനുഭവമുണ്ട്. ഞാനൊരു പ്രാവശ്യം ആശുപത്രിയിൽ പോയപ്പോൾ അവിടുത്തെ ഡോക്ടർ ഞാൻ എന്താണ്​ചെയ്യുന്നത്​ എന്നുചോദിച്ചു. ഡയറക്ടറാണെന്നറിഞ്ഞപ്പോൾ അടുത്ത സിനിമയിൽ ഒരു ചാൻസ് തരുമോ എന്നാണ്​ അദ്ദേഹം ചോദിച്ചത്. അതുപോലെ, രാജ്യദ്രോഹക്കുറ്റം ചുമത്തി എന്നെ ചോദ്യംചെയ്യാൻ കൊണ്ടു പോയപ്പോഴും എന്റെ അടുത്ത സിനിമയായ 124എ യിൽ ചാൻസ് ഉണ്ടാവുമല്ലോ എന്നാണ് അവിടുത്തെ പൊലീസുകാർ പറഞ്ഞത്. ദിവസക്കൂലിക്കും മാസശമ്പളത്തിനുമൊക്കെ പണിയെടുത്തുകൊണ്ടിരിക്കുന്ന ഒരുപാട് പേരുടെയുള്ളിൽ ഇപ്പോഴും സിനിമയുണ്ട്. പക്ഷേ പലർക്കും അതിലേക്കെത്താൻ പറ്റുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അതേസമയം, സിനിമയിൽ പുതുതായി നിരവധി ആളുകൾ വരുന്നുണ്ടെന്നത് വലിയ കാര്യം തന്നെയാണ്. ഇത്തരത്തിൽ പുതിയ ആളുകൾക്ക് ചാൻസ് നൽകി സിനിമാമേഖല വളരുന്നതിനെ പോസീറ്റിവായി കാണണം.

ഐഷ സുൽത്താന തിരക്കഥ എഴുതി സംവിധാനം ചെയ്ത ഫ്‌ളഷ് സിനിമയിൽ നിന്ന്

പണ്ടുതൊട്ട് നിലനിന്നിരുന്ന സിനിമയുടെ വിഷ്യൽ കൾച്ചർ മാറേണ്ട ഒന്നായിരുന്നു. പഴയ സിനിമ കാണുകയാണെങ്കിൽ, കൂടുതലായും ക്ലോസ്​ ഷോട്ടുകളാണ്. മറ്റു രാജ്യങ്ങളിലെ പഴയ സിനിമകൾ എടുത്തുനോക്കുമ്പോൾ ഇത്രതന്നെ ക്ലോസ്​ ഷോട്ടുകൾ കാണാൻ സാധിക്കില്ല. പക്ഷേ ഇന്നത്തെ സംവിധായകർ അധികവും അത്തരം ഷോട്ടുകൾ ഒഴിവാക്കുന്നു. സിനിമയെ ടെലിവിഷനിലേക്ക് ഒതുക്കികൊണ്ടുള്ള ഒരു പാറ്റേണാക്കി അവതരിപ്പിക്കുന്നതാണ്​ ഇതിന് കാരണം. ഇന്ന് ഒരു ഫിലിംമേക്കറെ സംബന്ധിച്ച് വിഷ്യൽ ബ്യൂട്ടിയും സീനിന്റെ ഒഴുക്കും വേണമെങ്കിൽ ക്ലോസ് ഷോട്ട്​ നിർബന്ധമില്ല. പണ്ട് കട്ട് ഷോട്ടുകളാണ് കൂടുതലെങ്കിൽ ഇന്ന് സിനിമയിലധികവും സിംഗിൾ ഷോട്ടുകളാണ് എടുക്കുന്നത്. പലരും സിനിമ ലാഗടിപ്പിക്കുന്നതിനെക്കുറിച്ച് പറയാറുണ്ട്. പ്രേക്ഷകരെ ലാഗടിപ്പിക്കാതെ സിനിമയെടുക്കുകയെന്നതാണ് ഡയറക്ടർക്കുമുന്നിലെ വലിയ ടാസ്‌ക്. സംവിധായകരുടെ കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണത്.

ഇന്നത്തെ സംവിധായകരെല്ലാം മാറിചിന്തിക്കുന്നവരാണ്. കുറച്ചുകൂടി വൈഡ് ആംഗിളിലാണ് സീനുകളെ കാണുന്നത്. ടെലിവിഷനിലേക്ക് ഒതുങ്ങിപ്പോകുന്ന മുമ്പത്തെ പ്രവണത ഇപ്പോഴില്ല.

മാറ്റം അനിവാര്യമാണ്. സിനിമകൾ എത്ര മാറ്റാൻ പറ്റുമോ അത്ര നല്ലതാണ്. സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട്. ലാൻഡ് ഫോണിനു പകരം മൊബൈൽ ഫോൺ വന്നപ്പോഴുണ്ടായ മാറ്റത്തിന് തുല്യമാണ് ഇപ്പോഴത്തെ സാഹചര്യം. ലാൻഡ് ഫോണായിരുന്നപ്പോൾ ചുറ്റിലുമുള്ള എല്ലാവരുടെയും നമ്പർ കാണാതെ അറിയാമായിരുന്നു. എന്നാൽ, മൊബൈൽ വന്നതോടെ ഒരാളുടെയും നമ്പർ കാണാതെ അറിയില്ലെന്ന സ്ഥിതി വന്നു. ഈ മാറ്റമാണ് സിനിമയിലും പ്രകടമാകുന്നത്. ഒ.ടി.ടി വന്നപ്പോൾ ആളുകൾക്കെല്ലാം തിയേറ്ററിൽ പോകാൻ മടിയായി. വീട്ടിലിരുന്ന് സിനിമ കാണുന്നതാണ് നല്ലതെന്ന തീരുമാനത്തിലേക്ക് നമ്മളെത്തി. എന്നാൽ, തിയേറ്ററിൽ കാണുമ്പോൾ സിനിമയുടെ എല്ലാതലവും ആസ്വദിച്ച് കാണാൻപറ്റും. ഏതൊരു കാര്യത്തിനും പോസീറ്റിവും നെഗറ്റീവുമുണ്ടെന്ന് പറയുന്നപോലെ ഈ കാര്യത്തിനും പോസിറ്റീവും നെഗറ്റീവുമുണ്ട്. കൊറോണ സമയത്ത്​ സിനിമകൾ റിലീസ് ചെയ്യാൻ ഫിലിം മേക്കേഴ്​സിനെ സഹായിച്ചത് ഒ.ടി.ടിയാണ് എന്നത്​ ഒരു പൊസീറ്റീവ്​ തലം.

ഇന്നത്തെ സംവിധായകരെല്ലാം മാറിചിന്തിക്കുന്നവരാണ്. കുറച്ചുകൂടി വൈഡ് ആംഗിളിലാണ് സീനുകളെ കാണുന്നത്. ടെലിവിഷനിലേക്ക് ഒതുങ്ങിപ്പോകുന്ന മുമ്പത്തെ പ്രവണത ഇപ്പോഴില്ല. അതായത്, ടെക്​നോളജി വളരുമ്പോൾ നമ്മളും സിനിമയും മാറുന്നു. പഴയ സിനിമയും പുതിയ സിനിമയും എടുത്തുനോക്കുമ്പോൾ ലൈറ്റിംങ്ങിൽ പോലും ഈ വ്യത്യാസം കാണാം. കുറച്ചുകഴിയുമ്പോൾ ഇതിനെക്കാൾ വലിയ മാറ്റങ്ങളാവും സിനിമാമേഖലയിൽ കാണാനാവുക.

സിനിമയുടെ ആഫ്​റ്റർ ഇഫക്​റ്റ്​

സിനിമ ഇന്ന് ഡ്രമാറ്റിക് ശൈലിയിലല്ല നിർമിക്കുന്നത്, പകരം കൂടുതൽ റിയലിസ്റ്റിക് രീതിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ഈ മാറ്റം സിനിമയുടെ പൊളിറ്റിക്കൽ കറക്​റ്റ്​നസിനെയും സ്വാധീനിച്ചിട്ടുണ്ട്. നാലുപേരിരുന്ന്​ സംസാരിക്കുമ്പോൾ, സംഭാഷണങ്ങളിൽ പഴയ സിനിമയുടെ ഡയലോഗുകളൊക്കെ കടന്നുവരാം. സ്വാഭാവികമായി സിനിമയിൽ ഇത്തരം സംഭാഷണങ്ങൾ ഉൾപ്പെടുത്താറുണ്ട്. ലിജോ ജോസ് പെല്ലിശേരിയെ പോലെ റിയലിസ്റ്റിക്കായി സിനിമ സംവിധാനം ചെയ്യുന്നവർ സംഭാഷണങ്ങളെല്ലാം പച്ചക്കാണ് പറയുന്നത്. ആ ഒരു പാറ്റേൺ പിൻതുടരുന്നവർ അതിന് കൂടുതൽ പ്രാധാന്യം നൽകുന്നു.

നമ്മൾ ഒരു സിനിമയെടുക്കുമ്പോൾ സീനുകൾ ആളുകൾക്ക് എത്ര മനസ്സിലാകുന്നുണ്ടെന്നും ഇതിന്റെ ആഫ്റ്റർ ഇഫക്ട് എന്താണെന്നും ചിന്തിക്കേണ്ടതുണ്ട്. ആളുകൾക്ക് തീരെ മനസ്സിലാകാത്ത രീതിയൊന്നും ഇന്ന് സംവിധായകർ വല്ലാതെ പ്രയോഗിക്കില്ല. ഞാൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളെ അംഗീകരിക്കുന്ന വ്യക്തിയാണ്. ഒരു സംവിധായകന്റെ വ്യത്യസ്ത ആംഗിളിലുള്ള സിനിമയായാണ് ഞാനതിനെ കാണുന്നത്.

സിനിമ എങ്ങനെ എടുക്കുന്നുവെന്നതും അത് മറ്റുള്ളവരിൽ എങ്ങനെ എത്തുന്നുവെന്നതും മനസ്സിലാക്കി പ്ലേസ്​ ചെയ്യുകയാണെങ്കിൽ അത് ചില സമയത്ത് പോസിറ്റീവായിട്ടുതന്നെ വരും. സംവിധായകർ എങ്ങനെ അതു ചെയ്യുന്നുവെന്നത് അവരുടെ കഴിവനുസരിച്ചിരിക്കും. നമ്മൾ സിനിമയെ എങ്ങനെ പ്ലേസ് ചെയ്യുന്നുവെന്നതനുസരിച്ചാണ് നമുക്ക്​ ഔട്ട് പുട്ടുണ്ടാവുക.

മണിചിത്രത്താഴാണ് മലയാളത്തിൽ ഞാൻ കണ്ട ആദ്യസിനിമ. ലക്ഷദ്വീപുകാരിയായതുകൊണ്ട് മലയാളം സിനിമകൾ കുറച്ചുമാത്രമേ കാണാൻ പറ്റിയിട്ടുള്ളൂ. മണിചിത്രത്താഴ് കണ്ട് മലയാള സിനിമയോട് ഇഷ്ടം തോന്നി, മാസ്​- ക്ലാസ്​- എലമെൻറ്​സ്​ ഒക്കെ ചേർത്ത സിനിമകൾ കണ്ടുതുടങ്ങി. എനിക്ക് ചിരിപ്പിക്കുന്ന സിനിമകളും ത്രില്ലടിപ്പിക്കുന്ന സിനിമകളും ഒരുപോലെ ഇഷ്ടമാണ്. നമുക്കിഷ്​ടപ്പെടുന്ന എല്ലാ എലമെൻറുകളുമുള്ള സിനിമകൾ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് എല്ലാ സിനിമകളും എനിക്കിഷ്ടമാണ്. മണിചിത്രത്താഴും കിലുക്കവുമൊക്കെ ഇപ്പോഴും ഞാൻ രസിച്ച് കണ്ടുകൊണ്ടിരിക്കും. പെർഫ്യും എന്ന ഇംഗ്ലീഷ് സിനിമ എനിക്ക് വളരെ ഇഷ്ടമാണ്​. ഞാൻ എന്റെ സിനിമയിലെ ആർട്ടിസിറ്റുകളോടെല്ലാം ആ സിനിമയിലെ അഭിനേതാക്കളെ പോലെയാകാൻ നിർദ്ദേശിക്കാറുണ്ട്, ആ സിനിമ ഒന്ന് കാണാൻ പറയാറുണ്ട്.

മണിചിത്രത്താഴിലെ ശോഭന

മറ്റ് ഭാഷകളിലെ നല്ല സിനിമകളൊക്കെ ഞാൻ കാണാറുണ്ട്. സൂര്യയുടെ ജയ് ഭീമൊക്കെ ഒരു നാട് അനുഭവിച്ച് പ്രശ്നങ്ങളെക്കുറിച്ച പറയുന്ന മികച്ച സിനിമയാണ്. അതേപോലെ ഹിന്ദിയിലും മറ്റും നിർമ്മിക്കുന്ന സിനിമകളും കൊമേഴ്സ്യൽ സിനിമകളും ഞാൻ കാണാറുണ്ട്. എല്ലാതരം സിനിമകളും കണ്ടാൽ മാത്രമേ നമുക്ക് നമ്മെ വിലയിരുത്താൻ കഴിയുകയുള്ളു.

എന്റെ ‘ഫ്ലഷ്​’ സിനിമയിൽ സ്ത്രീയെ കാണിച്ചിരിക്കുന്നത് പകുതി കടലും പകുതി കരയുമായി ഉപമിച്ചാണ്. പ്രകൃതിയെയും കടലിനെയും താരതമ്യം ചെയ്താണ് ഞാൻ അങ്ങനെയൊരു സ്ത്രീരൂപം സൃഷ്ടിച്ചത്.

സിനിമയിലെ ആണും പെണ്ണും

ഞാൻ സിനിമാമേഖലയിൽ വന്നിട്ട് പത്ത് വർഷമായി. എനിക്കിതുവരെ സ്ത്രീ- പുരുഷൻ എന്ന വേർതിരിവ് ഈ പ്ലാറ്റ്ഫോമിൽനിന്ന് നേരിടേണ്ടിവന്നിട്ടില്ല. ഇത് പുരുഷൻമാർക്ക് മാത്രം എടുക്കാൻ പറ്റുന്ന ജോലിയാണെന്നും സ്ത്രീകൾക്ക് പറ്റില്ലെന്നും സിനിമാമേലയിൽ ഒരാളും എന്നോട് പറഞ്ഞിട്ടില്ല. അത്തരത്തിലുള്ള ഒരു കാര്യം ഞാൻ മലയാളം സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. അസിസ്റ്റൻറ്​ തൊട്ട് അസോസിയേറ്റ് വരെ രാപകൽ പുരുഷൻമാർക്കൊപ്പം തന്നെയാണ് ഞാൻ പണിയെടുത്തിരുന്നത്. എന്നിട്ടാണ് ഞാൻ ഡയറക്ടറായത്. എന്റെ സിനിമാജീവിതത്തിൽ ഇതുവരെ സ്ത്രീയെന്ന രീതിയിലുള്ള മാറ്റിനിർത്തലുണ്ടായിട്ടില്ല. എന്റെ ഗുരുനാഥൻ ലാൽജോസ് ആണ്. അദ്ദേഹത്തിന്റെ പടത്തിലൂടെയാണ് ഞാൻ അസിസ്റ്റിലേക്ക് എത്തുന്നത്. ‘അതെന്താ നിനക്കത് ചെയ്താൽ’ എന്ന് എപ്പോഴും എന്നോട് ചോദിക്കുന്ന ആളായിരുന്നു അദ്ദേഹം.

എന്റെ ‘ഫ്ലഷ്​’ സിനിമയിൽ സ്ത്രീയെ കാണിച്ചിരിക്കുന്നത് പകുതി കടലും പകുതി കരയുമായി ഉപമിച്ചാണ്. പ്രകൃതിയെയും കടലിനെയും താരതമ്യം ചെയ്താണ് ഞാൻ അങ്ങനെയൊരു സ്ത്രീരൂപം സൃഷ്ടിച്ചത്. സ്ത്രീകൾ അത്രയും കരുത്തയാണെന്ന് ഞാൻ എന്നിലൂടെ വിശ്വസിക്കുന്നതുകൊണ്ടാണത്. ആ വിശ്വാസം ഓരോ സ്ത്രീകളിലുമുണ്ടെങ്കിൽ ഇങ്ങനെയൊരു ബുദ്ധിമുട്ടുണ്ടാവില്ല. നമ്മളെ ഒരിക്കലും ഒരാൾക്ക് തരംതാഴ്ത്തി കാണാനാവില്ല.

ലാൽജോസ്

കഴിഞ്ഞ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ എനിക്ക് സെലക്ഷൻ കിട്ടിയിരുന്നു. സിനിമ കാണിച്ചതിനുശേഷം ഒരു പയ്യൻ എന്നോട് ചോദിച്ചത്, സ്ത്രീയെ ഇങ്ങനെ കടലമ്മയോടും പ്രകൃതിയോടും ഉപമിച്ചതിനെക്കുറിച്ചാണ്. കടലിനെയും പ്രകൃതിയെയും കാണിക്കുന്നതിലൂടെ എന്തും സഹിക്കണമെന്നല്ലേ നിങ്ങൾ ഉദ്ദേശിച്ചതെന്നും മലയുടെ പേര്​ പുരുഷൻമാർക്ക് ഇടുന്നതിലൂടെ ലിംഗപരമായ വേർതിരിവല്ലേ കാണിച്ചതെന്നും അവൻ എന്നോട് ചോദിച്ചു.
ഈ ലോകത്ത് ഏറ്റവും കൂടുതലുള്ളത് കടലാണ്, ലക്ഷദ്വീപുകാരിയായതുകൊണ്ടുതന്നെ കടലിന്റെ ആഴം എനിക്ക് മനസ്സിലാവും, അതിലെ ഒറ്റ തിരമാല മതി ഈ പറയുന്ന മലകളൊക്കെ ഇല്ലാതാക്കാൻ എന്നാണ് ഞാൻ അന്ന് പറഞ്ഞ മറുപടി. അത്രയും വലിയൊരു കാര്യത്തോടാണ് ഞാൻ സ്ത്രീയെ ഉപമിച്ചത്. ഇതെല്ലാം മനസ്സിലാക്കാനുള്ള ഒരു ഓഡിയൻസും വേണം. പക്ഷേ പുരുഷൻമാർക്ക് കരുത്തരായ മലകളുടെ പേരിടുന്നതും ശാന്തമായ കടലിനും പ്രകൃതിക്കും സ്ത്രീയുടെ പേരിടുന്നതുമാണ് ഇവർ കാണുന്നത്. പക്ഷേ എല്ലാ ക്ഷമിച്ച്, ശാന്തമായി, പ്രതികരിക്കാതെയിരിക്കുന്ന ഏത് സ്ത്രീ​കളാണുള്ളത്?

ലക്ഷദ്വീപിനെ സംബന്ധിച്ച് അത്യാവശ്യമായി വേണ്ടത് ഒരു ആശുപത്രിയാണ്. അതല്ല ദ്വീപിന് ആവശ്യം, ലഗൂൺ വില്ലയാണെന്നുപറഞ്ഞ് ഒരു കൂട്ടം ആളുകൾ വരുമ്പോൾ അതിനെ എതിർക്കേണ്ടത് ഞങ്ങളാണ്. അവർക്ക് ഈ കാര്യങ്ങൾ മനസ്സിലാക്കികൊടുക്കാൻ ഒരു സിനിമ വേണ്ടിവന്നു.

ലക്ഷദ്വീപ്​ എന്റെ പ്രമേയം

ഒരു നാടിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഞാൻ സിനിമയെടുക്കുന്നത്. നാടിനെ ആക്രമിച്ചവർക്കെതിരെയാണ് എന്റെ സിനിമ. എന്റെ നാടിനെക്കുറിച്ചുള്ള പശ്ചാത്തലങ്ങളെക്കുറിച്ച് നന്നായി അറിയുന്നതും എന്റെ നാടിന് എന്തു വേണം, വേണ്ട എന്നതിനെക്കുറിച്ച് നന്നായി അറിയുന്നതും ദ്വീപ് നിവാസികളായ ഞങ്ങൾക്കാണ്. ലക്ഷദ്വീപിനെ സംബന്ധിച്ച് അത്യാവശ്യമായി വേണ്ടത് ഒരു ആശുപത്രിയാണ്. അതല്ല ദ്വീപിന് ആവശ്യം, ലഗൂൺ വില്ലയാണെന്നുപറഞ്ഞ് ഒരു കൂട്ടം ആളുകൾ വരുമ്പോൾ അതിനെ എതിർക്കേണ്ടത് ഞങ്ങളാണ്. അവർക്ക് ഈ കാര്യങ്ങൾ മനസ്സിലാക്കികൊടുക്കാൻ ഒരു സിനിമ വേണ്ടിവന്നു. എല്ലാവർക്കും മനസ്സിലാകുന്നരീതിയിലാണ് ഞാൻ സിനിമയെടുത്തത്​. ലഗൂൺ വില്ലകളല്ല, ആശുപത്രികളാണ് വേണ്ടതെന്ന് എന്റെ സിനിമ പറയുന്നുണ്ട്. ലഗൂൺ വില്ലകൾ കൊണ്ടുവന്നാൽ അത് ലക്ഷദ്വീപിനെ ബാധിക്കുമെന്ന വസ്തുത പ്രകൃതിയിൽ നിന്നുതന്നെ കാണിച്ചുകൊടുക്കുന്ന സിനിമയാണ് എന്റേത്. ആ സിനിമ എനിക്ക് ചെയ്തേ പറ്റൂ, അതെന്റെ ഉത്തരവാദിത്തമാണ്. ഞങ്ങൾ എന്തിനാണ് ഈ നടപടിയെ എതിർക്കുന്നതെന്ന് ഈ സിനിമ കണ്ടുകഴിഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും. ലക്ഷദ്വീപ് മൊത്തമായി ഇതിനെ എതിർക്കുന്നതിന് ഒരു കാരണമില്ലാതിരിക്കിലല്ലോ,

ഞാനെന്റെ കലയിലൂടെ ലക്ഷദ്വീപിന്റെ പ്രശ്നങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുകയായിരുന്നു. ലക്ഷദ്വീപിലെ ആളുകളുടെ ജീവിതരീതി, കാഴ്ചപ്പാടുകൾ എല്ലാം സിനിമയിൽ കാണിച്ചിട്ടുണ്ട്. ഇതോടെ ദ്വീപ് നിവാസികൾ തീവ്രവാദികളാണ്, മയക്കുമരുന്ന് അടിമകളാണ് തുടങ്ങിയ വാദങ്ങളെല്ലാം പൊളിയും. ദ്വീപ് നിവാസികളുടെ ജീവിതശൈലിയെ അതേപോലെ ഒപ്പിയെടുക്കാൻ സിനിമയിൽ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സിനിമകൾ എല്ലാവരും ചെയ്യണമെന്ന് നിർബന്ധം പിടിക്കാൻ പറ്റില്ല. എന്നാൽ, നിർമ്മാതാവിന് നഷ്ടമുണ്ടാകാത്ത രീതിയിൽ കൊമേഴ്സ്യൽ വശം കൂടി കണ്ട് സിനിമ സൃഷ്ടിക്കാനും സംവിധായകർക്ക്​ കഴിയേണ്ടതുണ്ട്.

നമ്മൾ മര്യാദക്ക് ചെയ്തില്ലെങ്കിൽ ഇന്നത്തെ കൂട്ടികൾ, ‘എന്റെ കൈയ്യിൽ ക്യാമറ തന്നിരുന്നെങ്കിൽ ഞാൻ ഇതിനെക്കാൾ നന്നായി ചെയ്യുമായിരുന്നു’ എന്ന്​ പറയും.

ഇന്ത്യ ഒരു ജനാധിപത്യരാജ്യമായതിനാൽ സിനിമ എന്നെങ്കിലും നിരോധിക്കപ്പെടുന്ന ഭീഷണി നമ്മുടെ രാജ്യത്തെ സിനിമാമേഖല അഭിമുഖീകരിക്കുന്നില്ല. ചിത്രങ്ങളിലും കഥകളിലും സിനിമയിലുമൊക്കെ കലാകാരൻമാരുടെ വികാരങ്ങളാണ് പ്രതിഫലിക്കുന്നത്. അത് ഏതുരീതിയിൽ ആവിഷ്‌കരിക്കുന്നുവെന്നത് ആളുകൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു.

എന്റെ സിനിമയുടെ ഇടം

ഇന്ന് കൊച്ചുകുട്ടികൾ വരെ ക്യാമറ ഉപയോഗിക്കുന്നുണ്ട്. അവർക്കും നമുക്കും വിഷ്യൽ ബ്യൂട്ടീസ് കിട്ടുന്നുണ്ട്. ഇതിനെക്കുറിച്ച് ചിന്തിച്ച് അതിന്റെ മേലെ നമുക്ക് എന്ത് നൽകാൻ പറ്റുമെന്നാണ് സിനിമാട്ടോഗ്രാഫറും ഫിലിം മേക്കേഴ്​സും ചിന്തിക്കേണ്ടത്. ഞാനും സഞ്ചരിക്കുന്ന വഴികളിലൊക്കെ വിഷ്യൽസ് പകർത്താറുള്ള ആളാണ്. എവിടെ പോയാലും അവിടുത്തെ ദൃശ്യങ്ങളൊക്കെ വീഡിയോ എടുത്ത് സ്റ്റാറ്റസ് ഇടാറുണ്ട്. ഒരുപാട് ആളുകൾ ഇതുപോലെ ചെയ്യുന്നുണ്ട്. അതുകൊണ്ട് സിനിമ നിർമിക്കുന്നവരും സംവിധായകരും ക്യാമറാമാന്മാരും ഇത് ചിന്തിച്ചുകൊണ്ടുവേണം വിഷ്യൽസ് പ്ലാൻ ചെയ്യേണ്ടത്. ഇത് നമ്മൾ മര്യാദക്ക് ചെയ്തില്ലെങ്കിൽ ഇന്നത്തെ കൂട്ടികൾ, ‘എന്റെ കൈയ്യിൽ ക്യാമറ തന്നിരുന്നെങ്കിൽ ഞാൻ ഇതിനെക്കാൾ നന്നായി ചെയ്യുമായിരുന്നു’ എന്ന്​ പറയും.

കഥകളെക്കാൾ എന്റെ സിനിമയിൽ ഇൻസിഡൻറുകൾക്കാണ് പ്രാധാന്യം നൽകാറ്​. ഞാൻ ചെയ്ത സിനിമകളെല്ലാം ഇൻസിഡന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്റെ മൂന്ന് സിനിമകളും ഇതുപോലെയാണുണ്ടാവുന്നത്. രാജദ്രോഹം എന്ന വകുപ്പിനെപ്പറ്റി അറിയാത്ത ഞാൻ ജീവിതത്തിൽ അത്തരം ഒരു അനുഭവം വന്നതിനുശേഷം അതിനെക്കുറിച്ച് പഠിക്കുകയും സിനിമയുണ്ടാക്കുകയും ചെയ്തതിന്റെ തെളിവാണ് 124(a) എന്ന സിനിമ. എന്നാൽ കഥകൾ കേട്ട്​, കഥകൾക്ക് കൂടുതൽ പ്രാധാന്യം നൽകി സിനിമ ചെയ്യുന്ന ഒരുപാട് ആളുകളുകളുണ്ട്.

എന്റെ സിനിമയിലൂടെ ഞാൻ പറഞ്ഞ കാര്യങ്ങൾ എത്തേണ്ട സ്ഥലത്ത് എത്തി റിസൾട്ട് ഉണ്ടാക്കുമ്പോഴാണ് സിനിമ വിജയിച്ചതായി ഞാൻ കണക്കാക്കുന്നത്. ഞാൻ എന്റെ സിനിമയുടെ സാമ്പത്തിക വിജയങ്ങളെക്കുറിച്ചല്ല ചിന്തിക്കുന്നത്. പകരം എന്റെ സിനിമക്ക് സമൂഹത്തിൽ പോസിറ്റിവ് ഇംപാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഞാൻ എന്റെ സിനിമയുടെ വിജയമായി കാണുന്നത്. ഓരോ ഡയറക്​ടർക്കും കിട്ടുന്ന നിർമാതാവിനനുസരിച്ച് ഇത് വ്യത്യാസപ്പെടും. എന്നെപ്പോലെ ചിന്തിക്കുന്ന നിർമാതാവാണെങ്കിൽ എനിക്ക് കൊമേഴ്സ്യൽ വിജയത്തെ കുറിച്ച് മാത്രം ചിന്തിക്കേണ്ടതില്ല. ഞാൻ ആ രീതിയിൽ നിർമാതാക്കളെ തിരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട്. ▮


ഐഷ സുൽത്താന

സംവിധായിക, അഭിനേത്രി. 124 (A), ഫ്ലഷ് എന്നീ സിനിമകൾ സംവിധാനം ചെയ്തു.

Comments