“എല്ലാ കഥകളും നീണ്ടുപോകുമ്പോൾ മരണത്തിലവസാനിയ്ക്കുന്നു. അത് മാറ്റി നിർത്തി കഥപറയുന്ന ആളാകട്ടെ നല്ല കാഥികനുമല്ല’’
- ഹെമിംഗ് വേ.
നാലു ദിവസം മുമ്പ് സത്യന്റെ ഒരു കത്തു വന്നു.
“ഞാൻ പറഞ്ഞതനുസരിച്ചാണെന്ന് കാണിച്ച് എം. ടിക്ക് ഒരാൾ ഒരു കഥ അയയ്ക്കും. കഥ നന്നെങ്കിൽ എം. ടി പ്രസിദ്ധീകരിയ്ക്കും എന്നു മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു. ഈ കാര്യത്തിൽ ശുപാർശയുടെ പ്രശ്ന മില്ലെന്ന് ഞാനവരെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. ഭാവിയുണ്ടെന്ന് തോന്നിയാൽ ചില നിർദ്ദേശങ്ങൾ കൊടുക്കുമല്ലോ’’.
‘‘...സ്ക്രിപ്റ്റ് തിരിച്ചുവാങ്ങാൻ വഴിയില്ലേ? എനിക്കത് അത്രക്ക് ഇഷ്ടമായി. ഞാൻ ചെയ്താലേ അത് നന്നാവൂ എന്ന് അഹങ്കാരത്തോടു കൂടി ത്തന്നെ പറയുന്നു. ആരോഗ്യം ആ, ഇടയ്ക്കിടെ ശല്യപ്പെടുത്താൻ അതുമുണ്ട്’’.
സത്യൻ അഹങ്കാരിയായിരുന്നു, ധിക്കാരിയായിരുന്നു. ആരോടും എന്തും മുഖത്തടിച്ച പോലെ പറയാൻ നെഞ്ഞൂക്കുള്ള ആളായിരുന്നു. പക്ഷേ ഇതൊക്കെ സത്യനും സമ്മതിച്ചിരുന്ന, ഏറ്റുപറഞ്ഞിരുന്ന കാര്യങ്ങളാണ്. സെറ്റിൽ പരിചയമില്ലാത്ത ഒരു കൊച്ചു പയ്യനാണ് സംവിധായകനെങ്കിൽ കൂടി വിനയപൂർവ്വം എന്തു നിർദ്ദേശവും, വിഡ്ഢിത്തമായാൽ കൂടി അനുസരിയ്ക്കും. പുറത്തുകടന്നാൽ വിളിച്ചു നിർത്തി തെറി പറയും; “അറിയാൻ പാടില്ലെങ്കിൽ താൻ വേറെ വല്ല പണിക്കും പോടോ…’’
ലഘുവായ അസുഖം
സത്യനെ ബാധിച്ച മാരകമായ രോഗത്തെപ്പറ്റി ചലച്ചിത്ര ലോകം രഹസ്യ മായി പിറുപിറുക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി. ലുക്കേമിയ ആണ് രോഗമെന്നും പലപ്പോഴും ഹോസ്പിറ്റലിൽ ചെന്ന് ബ്ലഡ് ട്രാൻസഷൻ നടത്തുന്നുവെന്നും കിംവദന്തികളുണ്ടായിരുന്നു. ആരും സത്യനോട് ചോദിക്കാൻ ധൈര്യപ്പെട്ടില്ല.
ഒരിയ്ക്കൽ മദ്രാസ്സിൽ വെച്ച് ആരോ പറഞ്ഞു, സത്യൻ കെ. ജെ. ഹോസ്പിറ്റലിലുണ്ട്. കാണാൻ ചെന്നപ്പോൾ ആൾ സ്ഥലം വിട്ടിരിയ്ക്കുന്നു. എ. വി. എം. സ്റ്റുഡിയോവിൽ, ത്രിവേണിയുടെ സെറ്റിലാണെന്നു തോന്നുന്നു, കണ്ടപ്പോൾ രോഗത്തെപ്പറ്റി ചോദിച്ചില്ല. “ഞാൻ ഹോസ്പിറ്റലിൽ വന്നിരുന്നു’’.
“ആ എനിക്കേയ് വയറ്റിന്നൊരസുഖം’’, എന്നിട്ട് ലഘുവായി ചിരിച്ച് ചുറ്റും നിൽക്കുന്നവർ കേൾക്കേ പറഞ്ഞു, ‘‘എന്റെ ശത്രുക്കൾ പറഞ്ഞു നടക്കുന്നത് എന്താണെന്നോ, നിയ്ക്ക് ബ്ലഡ് ക്യാൻസറാണെന്നാണ് ബ്ലഡ് ക്യാൻസർ”.
രോഗത്തെപ്പറ്റി അദ്ദേഹത്തിന് തികഞ്ഞ ബോധമുണ്ടായിരുന്നു എന്ന് പലരും പറഞ്ഞു: ചോദിക്കാൻ ഞാനൊരിക്കലും ധൈര്യപ്പെട്ടില്ല. കുട്ടേടത്തിയുടെ ഷൂട്ടിംഗ് സമയത്ത് കാളകളിയ്ക്ക് ഡ്യൂപ്പിനെ ഒരുക്കി ഞാൻ പറഞ്ഞു: “ആ തണ്ടെടുത്ത് കളിയ്ക്കാൻ പ്രയാസമാവും. സത്യൻ മാസ്റ്റർ തൊട്ടു നിന്നാൽ മതി’’.
സത്യൻ പറഞ്ഞു: “വേണ്ട, ഇതിനൊക്കെയുള്ള ആരോഗ്യം എം. ടീ, ഇപ്പോഴും നമ്മൾക്കുണ്ട്. നോക്കിക്കോ’’.

ക്ഷീണിതനായി സ്റ്റുഡിയോകളിലെത്തുമ്പോൾ കാഴ്ചയ്ക്ക് അദ്ദേഹം അവശനായിരുന്നു. പലരും പറഞ്ഞു: രാത്രി ഹോസ്പിറ്റലിൽ കിടന്ന് ബ്ലഡ് ട്രാൻസഷൻ നടത്തി വരികയാണ്. പക്ഷെ മെയ്ക്കപ്പിട്ട് സെറ്റിൽ കയറിയാൽ മുടിയനായ പുത്രന്റെ ധിക്കാരവും തലയെടുപ്പും കുത്തുവാക്കുകളും എല്ലാം ഞൊടിയിടകൊണ്ട് തിരിച്ചെത്തുന്നു. അപ്പോൾ സംശയിക്കുന്നവർ സ്വയം ചോദിച്ചുപോകുന്നു, “ലുക്കേമിയ പിടിപെട്ടാൽ അനങ്ങാൻ കഴിയുമോ?”
സത്യനെ അടുത്തറിയുന്ന ഒരു നിമിഷത്തിൽ അദ്ദേഹം പറഞ്ഞുവത്രെ. “എനിക്ക് സെറ്റിൽ അഭിനയിച്ചു കൊണ്ടിരിക്കേ മരിക്കണം”. അതു കേട്ട പ്പോൾ എന്റെ ഹൃദയം കരഞ്ഞു, എന്റെ കാലഘട്ടം കണ്ട കലാകാരനിതാ!
താരമല്ല, നടൻ
കാതലുള്ള മറ്റൊരു ധിക്കാരിയായിരുന്നു ഈ നടൻ. സത്യനെ താരമായി ഞാൻ കണ്ടിട്ടില്ല. താരത്തിന്റെ മാറ്റിനി ഐഡലിന്റെ ചിത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശരീരപ്രകൃതി. കരിവീട്ടിയുടെ നിറം, ഉയരം കുറഞ്ഞ ദേഹം, പൊരുത്തമില്ലാത്ത കൈകാലുകൾ, കുറുകിയ വിരലു കൾ- ഒരു നായകന് വേണമെന്ന ഇന്ത്യൻ സിനിമ ധരിച്ചുവെച്ച യാതൊന്നും അദ്ദേഹത്തിനില്ല, പക്ഷേ ഒരു യഥാർത്ഥ നടനുവേണ്ട അഭിനയ നൈപുണി വേണ്ടുവോളമുണ്ടായിരുന്നു. അതുകൊണ്ടദ്ദേഹം ചലച്ചിത്രത്തിൽ വന്നു, അഭിനയിച്ചു, കാഴ്ചക്കാരെ കീഴടക്കി; ഒരു കാലഘട്ടത്തേയും. പ്രായവും അദ്ദേഹത്തിനെതിരായിരുന്നു. തിക്കുറിശ്ശിയെക്കാൾ പ്രായമുണ്ട് സത്യനെന്ന് അടുത്തറിയുന്നവരെല്ലാം കണക്കുകളുദ്ധരിച്ച് സമർത്ഥിച്ചിരുന്നു. വയസ്സ് ചോദിച്ചാൽ എന്നും കളിയായി പറയും: “മുപ്പത്തേഴ്’’, എന്നിട്ട് കൂട്ടിച്ചേർക്കും, “ബാക്കി എന്റെ ശത്രുക്കൾ കൂട്ടിച്ചേർത്തതാണ്’’.

നടനും നടനും
പ്രായവും ഈ ശരീരപ്രകൃതിയും വെച്ചുകൊണ്ടുതന്നെ അദ്ദേഹം റൊമാന്റിക് കാമുകന്റെയും പോക്കിരിയുടേയും കടൽത്തൊഴിലാളിയുടെയും മകന്റെയും ഭർത്താവിന്റെയും അച്ഛന്റെയും എല്ലാം ഭാഗങ്ങൾ വിദഗ്ധമായി അവതരിപ്പിച്ചു. പ്രത്യക്ഷപ്പെടുന്ന ഓരോ രംഗത്തിലും തന്റെ സഹപ്രവർത്തകരേക്കാൾ എത്രയോ മീതേ തലയുയർത്തിപ്പിടിച്ചുനിന്നു. ഒരതികായനെപ്പോലെ തൊട്ടടുത്തുള്ളവരെ പിൻഗാമികളാക്കി മാറ്റി ജീവിതത്തിന്റെ നിരവധി വൈവിധ്യമേറിയ സങ്കീർണ്ണ ഭാവങ്ങളെ വിദഗ്ധമായി അവതരിപ്പിച്ച ഈ നടനെ ലോകത്തിലെ ഏത് മികച്ച നടനോടും താരതമ്യപ്പെടുത്താൻ ഭയപ്പെടേണ്ടതില്ല. അദ്ദേഹം പരാജയപ്പെടുകയുമില്ല. തന്റെ ‘ഹീറോ ഇമേജി' ന്ന് കളങ്കം വരുന്ന ഒരു കാര്യം കഥാപാത്രം ചെയ്യുന്നുവെങ്കിൽ അതഭിനയിക്കാൻ ഇഷ്ടപ്പെടാത്തവരാണ് ഇന്ത്യയിലെ- മലയാളത്തെ പ്രത്യേകം പറയേണ്ടതില്ല- നായകന്മാർ. അവർ തെറ്റു ചെയ്യാത്തവരാവണം. ഏത് യുദ്ധത്തിലും തോൽക്കാത്തവരാവണം. (ചെമ്മീൻ കണ്ട് തമിഴർ പറഞ്ഞു: സാവുമായുള്ള യുദ്ധം നടത്തുന്നത് വാധ്യാരായി രുന്നെങ്കിൽ -വാധ്യാർ എം. ജി. ആർ- സ്രാവിനേയും കൊന്ന് കരയിൽ നീന്തിയെത്തി പോകുമായിരുന്നു). സത്യന് കഥാപാത്രത്തിന്റെ ആഴമായിരുന്നു പ്രശ്നം. ഹീറോ ഇമേജായിരുന്നില്ല. ഒരു പടത്തിൽ വൃദ്ധന്റെ ഭാഗത്തു വന്നതുകൊണ്ട് തന്റെ നായകസ്ഥാനം നഷ്ടപ്പെടുമെന്ന യാതൊരു ഭീതിയും അദ്ദേഹത്തിന്നുണ്ടായിരുന്നില്ല. തന്റെ കഴിവുകളെപ്പറ്റി വിനയത്തിന്റെ കൃത്രിമ മൂടുപടമില്ലാതെ സംസാരിച്ചിരുന്ന ആ നടൻ പരുക്കനായിരുന്നു. ആരേയും കൂട്ടാക്കാത്ത തന്റെടക്കാരനായിരുന്നു. ധീര നായിരുന്നു. അതായിരുന്നു സത്യന്റെ സൗന്ദര്യം.
കഥാകാരൻ സങ്കല്പിച്ച കഥാപാത്രത്തെ സംവിധായകൻ സ്വന്തം ധാരണക്കൊത്ത് ആവിഷ്കരിയ്ക്കുന്നു, നടനിലൂടെ അവരുടെ വാക്കുകൾ അതേപടി ആവർത്തിക്കുകയും ചലനങ്ങൾ പകർത്തുകയും ചെയ്ത് അവതരിപ്പിയ്ക്കാൻ ശ്രമിക്കുന്ന അഭിനയരീതിയുണ്ട്. അതേ ചലനങ്ങളും പ്രവൃത്തികളും വാക്കുകളും എല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ ഒട്ടും മാറാതെ, കഥാപാത്രത്തിനു സ്വന്തമായ ഒരു വ്യാഖ്യാനം, മറ്റൊരു മാനം (Dimension) നൽകാൻ കഴിവുള്ള നടന്മാരുണ്ട്. മാർലൺ ബ്രാൻഡോവിനെയും മോൺട് ഗോമറി ക്ലിഫ്ടിനെയും പറ്റി എഴുതിയവരെല്ലാം ഇത് സൂചിപ്പിക്കുകയുണ്ടായി. സത്യൻ സ്വന്തം വ്യാഖ്യാനത്തിലൂടെ തന്റെ കഥാപാത്രങ്ങൾക്ക് തന്റേതായ മറ്റെന്തോ ചിലതുകൂടി സംഭാവന ചെയ്തു. അതാണ് മികച്ച നടന്റെ മുഖമുദ്ര. അതിന് കഥാപാത്രങ്ങളുടെ ആന്തരലോകത്തിലെ സൂക്ഷ്മചലനങ്ങൾ കാണാനുള്ള സംവേദനക്ഷമത കൈമുതലായി വേണം. ആത്മാവിഷ്കരണത്തിനുള്ള വൈദഗ്ധ്യം വേണം.

അദ്ദേഹത്തിന്റെ ഏറ്റവും മികച്ച അഭിനയമേതായിരുന്നു? മത്സരിച്ചു കൊണ്ട് നിൽക്കുന്ന കഥാപാത്രങ്ങളുടെ ഒരു നീണ്ട പരമ്പരയുണ്ട്. നീലക്കുയിലിലെ ശ്രീധരൻ മാസ്റ്ററോ? മുടിയനായ പുത്രനോ? ചെമ്മീനിലെ പളനിയോ? പക്ഷേ അവിസ്മരണീയമായി എന്റെ കൺമുന്നിൽ നിൽക്കുന്നത് മരണത്തെ അകലെ കണ്ടിട്ടും അഭിനയിച്ചും ചിരിച്ചും കളിച്ചും ശകാരിച്ചും തെറിപറഞ്ഞും നടന്നു നീങ്ങിയ അവസാനനാളുകളിലെ സത്യൻ എന്ന മനുഷ്യൻ തന്നെ.
“ഒരു മരണത്തിന് ദൈവത്തോട് നാമെന്നും കടപ്പെട്ടിരിക്കുന്നു” എന്ന് വിശ്വസിച്ച് മറ്റൊരു ധീരനായ മനുഷ്യൻ മരിച്ചു- മലയാളത്തിന്റെ നടൻ മരിച്ചു.
(നടൻ സത്യന്റെ മരണത്തെതുടർന്ന്, അദ്ദേഹത്തെ അനുസ്മരിച്ച് എം.ടി മാതൃഭൂമി ദിനപത്രത്തിനുവേണ്ടി എഴുതിയ ലേഖനം).
(തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച സ്നേഹാദരങ്ങളോടെ എന്ന പുസ്തകത്തിൽനിന്ന്).