കലയുടെ പെണ്ണാട്ടങ്ങൾ: ‘ആട്ടം’ എന്ന സിനിമ കലയിലും രാഷ്ട്രീയത്തിലും ചെയ്യുന്നത്

‘‘ആട്ടം എന്ന സിനിമ മലയാളിയുടെ വ്യക്തി-സാമൂഹിക ജീവിതങ്ങളിലെ ഇടപെടലുകളുടെ പൊതുബോധത്തെയും കലയുടെ പാരമ്പര്യത്തെയും പുതുക്കിയെഴുതുന്ന ‘ആട്ടപ്രകാര’മെന്നനിലയിലാണ് പ്രധാനമാവുന്നത്’’- 28-മത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച മലയാള സിനിമക്കുള്ള ‘നെറ്റ് പാക്ക്’ പുരസ്കാരം നേടിയ ‘ആട്ടം’ എന്ന സിനിമയുടെ കാഴ്ചയും നോട്ടവും.

നന്ദ് ഏകർഷി എന്ന സംവിധായകൻ തന്റെ ആദ്യ സിനിമയ്ക്ക് നൽകിയ പേര് ആട്ടം (The Play) എന്നാണ്. സ്വാഭാവികമായും കളി / നാടകം / നൃത്തം / അസ്ഥിരത / ഇളക്കം തുടങ്ങി പല അർത്ഥങ്ങളെ പേറുകയോ ഇഴപിരിക്കുകയോ ചെയ്യുന്ന വാക്കാണത്. ദൃശ്യകലാചരിത്രത്തിലൂടെ കടന്നുപോയാൽ പാരമ്പര്യ സംസ്കൃത അഭിനയ കലാരൂപങ്ങളുടെ രംഗപ്രയോഗത്തിനുള്ള അഭിനയരീതികളും മുദ്രകളും വിശദീകരിക്കുന്ന കൃതികൾ ‘ആട്ടപ്രകാരങ്ങൾ’ എന്നാണറിയപ്പെടുന്നതെന്നും നമുക്കറിയാം. നാടകാഭിനയത്തിന്റെ ആട്ടപ്രകാരങ്ങളും പദാനുപദം ചൊല്ലിയാട്ടങ്ങളും വ്യവസ്ഥയ്ക്കകത്തു സാധ്യമാകുന്ന മനോധർമ ഇളകിയാട്ടങ്ങളും മുതൽ 'ആട്ടക്കാരി', 'കൂത്താട്ടക്കാരി', 'അഴിഞ്ഞാട്ടക്കാരി' എന്നിങ്ങനെയുള്ള സദാചാര ആട്ടം വരെ ഈ വാക്കിന് അർത്ഥവ്യാപ്തിയുണ്ട്.

ആട്ടം എന്ന സിനിമ മലയാളിയുടെ വ്യക്തി-സാമൂഹിക ജീവിതങ്ങളിലെ ഇടപെടലുകളുടെ പൊതുബോധത്തെയും കലയുടെ പാരമ്പര്യത്തെയും പുതുക്കിയെഴുതുന്ന ‘ആട്ടപ്രകാര’മെന്നനിലയിലാണ് അതിനാൽത്തന്നെ പ്രധാനമാവുന്നത്. ഒരൊറ്റ സിനിമകൊണ്ട് ഇത് സാധിക്കുന്നു എന്ന നിലയിലല്ല ഇങ്ങനെ പറയുന്നത്. മറിച്ച് ലോകത്തെമ്പാടും നടക്കുന്ന കലാപരമായ മാറ്റങ്ങളോടും മലയാളത്തിലെ കലയിലും സാഹിത്യത്തിലും നടക്കുന്ന ജനാധിപത്യപരവും അവബോധപരവുമായ മാറ്റങ്ങളുടെ ഉള്ളടക്കത്തോടും സവിശേഷം പ്രതികരിക്കുന്ന സിനിമയാവുന്നു എന്ന നിലയിലാണ് ആട്ടത്തെ കാണേണ്ടത്

‘ആട്ടം’ സിനിമയില്‍ നിന്ന്
‘ആട്ടം’ സിനിമയില്‍ നിന്ന്

അതായത്, പുതിയൊരു അനുഭൂതിരാഷ്ട്രീയത്തെ- പുതിയ ലോകത്തിലെ ഏറ്റവും പുരോഗമിച്ച രാഷ്ട്രീയജീവിതത്തിന്റെ അടരിനെ- നമ്മുടെ മുന്നിൽ വെക്കാൻ ഈ സിനിമ ശ്രമിക്കുന്നു എന്ന നിലയിലാണത്. നേരിട്ട് ഉറക്കെ രാഷ്ട്രീയം പറയുന്നു എന്നതിനപ്പുറം ഒരു പ്രക്രിയയായോ അനുഭൂതിയുടെ ബഹുവിധഘടകങ്ങളെ സ്പർശിക്കുന്ന ഒരു ആഖ്യാനമായോ ഇതവതരിപ്പിക്കുന്നു എന്നതാണ് ആട്ടത്തിന്റെ പ്രത്യേകത. അങ്ങനെയാണ് നമ്മുടെ കലയിൽ ഉണ്ടായിരുന്ന ആട്ടപ്രകാരങ്ങളെ- എങ്ങനെ ആടണം എന്നതിനെ സംബന്ധിച്ചുള്ള ഒരേ സമയം പാരമ്പര്യബദ്ധവും അതേ സമയം ആധുനികവുമായ ആലോചനകളെ- ഈ സിനിമ പരിവർത്തിപ്പിക്കുകയോ പുതുക്കുകയോ ചെയ്യുന്നത്.

മറ്റൊന്ന്, നാമൊക്കെ പുരോഗാമി എന്ന് പറയുന്ന നമ്മുടെയൊക്കെ രാഷ്ട്രീയ ജീവിതത്തിൽ സൂക്ഷ്മമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പലതരം ഗ്രാന്റ് നറേറ്റീവുകളുടെ - ആട്ടപ്രകാരങ്ങളുടെ - തുടർച്ചയെക്കൂടി ഭേദിക്കാൻ ഈ സിനിമ ശ്രമിക്കുന്നു എന്നതാണ്. അതുകൊണ്ടു തന്നെ മലയാള സിനിമയുടെ മുന്നോട്ടുപോക്കിനെ കുറിക്കുന്ന ഒരു ഗ്രാഫിന്റെ മുകൾത്തലപ്പിൽ അടയാളപ്പെടുത്താൻ പാകത്തിൽ ആട്ടം എന്ന സിനിമ പ്രസക്തമാകുന്നതെങ്ങനെയെന്ന ആലോചനയാണ് ഈയെഴുത്തിലൂടെയുദ്ദേശിക്കുന്നത്.

സിനിമയെ മുൻനിർത്തിത്തന്നെ ഈയെഴുത്തിലെ ‘ആട്ടപ്രകാരം’ എന്ന പ്രയോഗത്തെ രണ്ടു തരത്തിൽ കാണാം. പരമ്പരാഗതവും തുടർച്ചകളിലൂടെ കടന്നുപോകുന്നതുമായ കലയുടെ ആട്ടപ്രകാരം എന്ന നിലയിലും പുരുഷലോകത്തിന്റെ നിർമിതിയായ പൊതുലോകത്തെയും പൊതുബോധത്തെയും സംബന്ധിക്കുന്ന ആട്ടപ്രകാരം എന്ന നിലയിലുമാണത്. ഈ രണ്ട് ആട്ടപ്രകാരങ്ങളെയും ഈ സിനിമയുടെ തുടക്കത്തിൽത്തന്നെ കാണാൻ കഴിയും. ആധുനിക ലോകജീവിതത്തെ സംബന്ധിച്ച് സാമാന്യമായും കേരളീയാധുനികതയെ സംബന്ധിച്ച് സവിശേഷമായും നിലവിലുള്ള ആട്ടപ്രകാരങ്ങളാണിവ രണ്ടും.

പരമ്പരാഗതമായ ഒരു നാടകാവബോധത്തിൽ നിന്നാണ് സിനിമയ്ക്കുള്ളിലെ നാടകവും അതുവഴി സിനിമതന്നെയും തുടങ്ങുന്നത്. സിനിമയിലെ നാടകം സംവിധാനം ചെയ്യുന്നത് ആശാൻ എന്ന പാരമ്പര്യത്തിന്റെയും സവിശേഷമായ നാടകസമകാലികതയുടെയും പ്രതിനിധിയായ നാടകപുരുഷനാണ്. പൗരാണികതയെ നവീകരണങ്ങളോടെ അവതരിപ്പിക്കുന്ന ഒരു നാടകമാണ് അരങ്ങിലുള്ളത്. ഒപ്പം, അത് ആണുങ്ങളുടെ നാടകവുമാണ്. ഒരേയൊരു പെണ്ണാണതിലുള്ളത്. അതിലെ പെൺധർമങ്ങളൊക്കെ കൃത്യമായും പരമ്പരാഗതമായ പെൺധർമങ്ങളുമാണ്.

ആട്ടം എന്ന സിനിമയുടെ സംവിധായകന്‍ ആനന്ദ് ഏകർഷി മികച്ച മലയാള ചിത്രത്തിനുള്ള ‘നെറ്റ്പാക്ക്’ പുരസ്കാരം സ്വീകരിക്കുന്നു
ആട്ടം എന്ന സിനിമയുടെ സംവിധായകന്‍ ആനന്ദ് ഏകർഷി മികച്ച മലയാള ചിത്രത്തിനുള്ള ‘നെറ്റ്പാക്ക്’ പുരസ്കാരം സ്വീകരിക്കുന്നു

സിനിമയുടെ അവസാനമെത്തുമ്പോഴേക്കും ഈ നാടകം പൊളിയുന്നു. ആധുനിക കലയുടെയും ജീവിതത്തിന്റെയും ആട്ടപ്രകാരമാണ് ഇവിടെ ഇളകിയാടുന്നത്. ആധുനികതയുടെ ആൺനോട്ടങ്ങളുടെ പുറം മാത്രമല്ല, സൂക്ഷ്മമായ അകംകൂടി പൊളിയുന്നുവെന്നതാണ് പ്രധാനം. അവിടെ പെണ്ണിന്റെ കർത്തൃത്വത്തിലുള്ള ഒരു പുതിയ നാടകം രൂപം കൊള്ളുകയും ചെയ്യുന്നു. ആ പുതിയ നാടകത്തിൽ, ആദ്യനാടകത്തിലെ മുഴുവൻ പുരുഷന്മാരും സ്വയം വെളിപ്പെട്ടുനിൽക്കുന്ന സന്ദർഭത്തിലാണ് സിനിമ അവസാനിക്കുന്നത്. ഇത്തരത്തിൽ ആധുനികത നിർമിച്ച ആട്ടപ്രകാരങ്ങളെ, അതായത് ആൺകോയ്മയുടെ ആട്ടപ്രകാരങ്ങളെയും പാരമ്പര്യത്തിൽ വേരുകളുള്ള കലയുടെ ആട്ടപ്രകാരങ്ങളെയും ഒരുപോലെ പൊളിച്ചുകളഞ്ഞ് പുതിയ പെൺകർത്തൃത്വത്തെ അരങ്ങിലെത്തിക്കുന്ന ഒരു സന്ദർഭത്തെ സംബോധന ചെയ്യുന്നു എന്നതിനാലാണ് ഈ സിനിമ മലയാള സിനിമാചരിത്രത്തിൽത്തന്നെ സവിശേഷമായിത്തീരുന്നതെന്ന് കരുതാം.

എറണാകുളത്തുള്ള ലോകധർമി എന്ന നാടകസംഘത്തിലെ കലാകാരന്മാരാണ് ഈ സിനിമയിലെ ഒമ്പത് പ്രധാന അഭിനേതാക്കളായി വരുന്നത്. സംവിധായകനായ ആനന്ദ് ഏകർഷിയും ഇതേ കൂട്ടത്തിൽനിന്ന് രൂപപ്പെട്ടു വന്നയാളാണ്. പുറത്തുനിന്നുള്ള അഭിനേതാക്കൾ നാടകസംഘത്തിലെ ഏകപെൺകുട്ടിയായ അഞ്ജലിയായി വരുന്ന സെറിൻ ഷിഹാബ്, നാടകത്തിലെ നായകവേഷം ചെയ്യുന്ന കലാഭവൻ ഷാജോൺ (ഹരി) എന്നിവരാണ്. വിനയ് ഫോർട്ട് അടക്കമുള്ള മറ്റു നാടകകലാകാരന്മാർ അവരുടെ സ്വന്തം പേരുകളിൽത്തന്നെയാണ് ഈ സിനിമയിലുള്ളത് എന്നതും ശ്രദ്ധേയമാണ്. ആ നിലയിൽ കേരളത്തിലെ പുരോഗാമിയായ നാടകചരിത്രത്തിന്റെ സിനിമയിലേക്കുള്ള പ്രവേശത്തിന്റെ തുടർച്ചയായും ഈ സിനിമയെ കാണേണ്ടതുണ്ട്.

അതുപോലെ മലയാള സിനിമാചരിത്രത്തിലും ഇത്തരം സിനിമകൾക്ക് തുടർച്ചയുണ്ടാവുന്നുണ്ട്. ‘യവനിക’ മുതൽ ‘ചവിട്ട്’ വരെയുള്ളവ ഉദാഹരണങ്ങളാണ്. അതുപോലെ ആട്ടം / കളി എന്ന ടൈറ്റിൽ സൂചിപ്പിക്കുന്ന 'ലീലാപരത'യെ ‘ഒഴിവുദിവസത്തെ കളി’ എന്ന സിനിമയും നേരത്തെ സംബോധന ചെയ്തിട്ടുള്ളതാണ്. അലസമായ ഒരു ദിവസത്തിന്റെ ബാഹ്യാനുഭവങ്ങളിൽ നിന്ന് ദലിത് രാഷ്ട്രീയത്തിന്റെ സവിശേഷമായ സൂക്ഷ്മാഖ്യാനമായി വളരുന്ന സിനിമയാണത്.

ഇത്തരത്തിൽ കേവലമായ കളിയിൽ നിന്ന് ജീവിതലീലയിലേയിലേക്ക് കടക്കുന്ന ഘടന ആട്ടത്തിനുമുണ്ട്. ചവിട്ട് എന്ന സിനിമ നാടകത്തിൽ നിന്ന് പുറത്തുകടന്ന് ആധുനികമായ ഒരു ലോകക്രമത്തിന്റെ പരിമിതികളെ രാഷ്ട്രീയമായും സൗന്ദര്യാത്മകമായും അവതരിപ്പിക്കുന്നു. ആട്ട ത്തിലാണെങ്കിൽ ഒരൊഴിവുദിവസം ഒരു പ്രത്യേക വിഷയത്തിൽ ഒത്തുചേരുന്ന നാടകപ്രവർത്തകരുടെ സാമാന്യ വ്യവഹാരങ്ങൾ ക്രമേണ ഒരു സവിശേഷ സന്ദർഭമായി വളരുകയും അത് കേവലമായ ആട്ടത്തിന്റെ ലാഘവം വിട്ട് പ്രകടനത്തിന്റെ ഗൗരവാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയുമാണ് ചെയ്യുന്നത്.

ഈ മൂന്ന് സിനിമകളും Play / Performance എന്നിവയുടെ കലാപരവും രാഷ്ട്രീയവുമായ അർത്ഥവിനിമയങ്ങൾ സാധ്യമാക്കുന്നു എന്ന നിലയിൽ ചേർത്തുവെക്കാവുന്നതാണ്. ആട്ടം ഒരു ചുവടു കടന്ന് സിനിമയെ പെൺകർത്തൃത്വത്തിന്റെ ഇളകിയാട്ട സന്ദർഭത്തെ സംബോധന ചെയ്യുന്നു. ആൺലോകം നിഗൂഢമായി ഐകകണ്ഠ്യേന പങ്കുപറ്റുന്ന പാട്രിയാർക്കൽ മനോനിലകളുടെ അനുഭവപരമായ സവിശേഷാഖ്യാനമായി ഇത് മാറിത്തീരുന്നു എന്ന നിലയിൽക്കൂടിയാണ് ഇതിന്റെ പ്രസക്തി. അതോടൊപ്പം ഇത് ആനന്ദ് ഏകർഷി എന്ന പുരുഷൻ സംവിധാനം ചെയ്ത സിനിമയെന്ന നിലയിൽ സിനിമാചരിത്രത്തിലെ ആൺ കർത്തൃപദവിയെ പുരോഗമനപരമായും സർഗ്ഗാത്മകമായും പുതുക്കുന്ന സിനിമ കൂടിയാണെന്നും പറയേണ്ടതുണ്ട്.

ആട്ടം അതിന്റെ തീമാറ്റിക് ആയ ഉള്ളടക്കത്തിൽ സ്ത്രീയുടെ നേർക്കുള്ള കുറ്റകരമായ അതിക്രമത്തെയാണ് ഉള്ളിൽ വഹിക്കുന്നത്. എന്നാൽ വ്യത്യസ്തമായ ഒരു സമീപനമാണ് ഈ ആഖ്യാനത്തിനായി സ്വീകരിച്ചിട്ടുള്ളത്. സ്ത്രീപക്ഷരാഷ്ട്രീയം പറയാൻ ശ്രമിക്കുന്ന മലയാളത്തിലെ മുൻ സിനിമകൾക്കില്ലാത്ത ഒരു ഘടനയും ക്രാഫ്റ്റുമാണ് ഇതിനുള്ളത്. പൊതുവേ ചേംബർ ഡ്രാമ എന്ന ഴാനറിൽപ്പെടുത്താവുന്ന ഈ പടം വളരെ വിദഗ്ധമായി ഒരു ക്ലോസ്ഡ് സ്പേസിന്റെ പരിമിതികളെ തികച്ചും സിനിമാറ്റിക്കായി മറികടക്കുന്നു.

അസ്ഗർ ഫർഹാദി
അസ്ഗർ ഫർഹാദി

അസ്ഗർ ഫർഹാദിയുടെ ചില സിനിമകളോർമ്മിപ്പിക്കുന്ന തരത്തിൽ വളരെപ്പതുക്കെ മാത്രം കഥയെയും കഥാപാത്രങ്ങളെയും ക്രമേണ കാണികളിലേക്കെത്തിക്കുന്ന രീതിയാണത്. മനുഷ്യർ, അവർ തമ്മിലുള്ള ബന്ധങ്ങൾ, അവർ നിർണ്ണയിക്കുന്ന കഥാഗതി എന്നിവയൊക്കെ ഉദ്വേഗഭരിതമായി അവതരിപ്പിക്കുകയും അവ പ്രേക്ഷകരുടെ ആന്തരികാവബോധത്തെ നേരിട്ടുചെന്ന് തൊടുകയും ചെയ്യുന്ന അനുഭവമാണിത് തരുന്നത്. ആനന്ദ് ഏകർഷിയുടെ ഭാഷയിൽപ്പറഞ്ഞാൽ, ‘ഒരു സ്ലോ ബേൺ സസ്പെൻസ് ചിത്രം’. 30 ദിവസം നീണ്ട റിഹേഴ്സലിന്റെയും സിനിമയെന്ന കലയെക്കുറിച്ച് നവീനബോധ്യങ്ങളുള്ള സംവിധായകന്റെയും മികവ് ആട്ടത്തെ നാടകത്തിന്റെയും സിനിമയുടെയും അപൂർവ്വസാധ്യതകളുടെ കലാപരമായ ചേർച്ചയാക്കുന്നു. ഓരോ അഭിനേതാവിനും പ്രത്യേകമായ സ്റ്റേജ് സ്പേസ് നൽകുന്ന നാടകഘടന ഉപയോഗിച്ചും സ്വാഭാവിക സംഭാഷണങ്ങളിലൂടെ ഉരുത്തിരിയുന്ന സംഭവങ്ങളുടെ അനുബന്ധദൃശ്യങ്ങൾ ചേർത്തുചേർത്തുവെച്ചുമാണ് സിനിമ ഇത് നിർവ്വഹിക്കുന്നത്.

അനീഷ് അനിരുദ്ധന്റെ ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിംഗും രംഗരാജ് രവിയുടെ ശബ്ദസംവിധാനമികവുമാണ് ഇതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത്. ജോയ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ് നിർമിച്ചിട്ടുള്ള ഈ ചിത്രം പല അന്താരാഷ്ട്രചലച്ചിത്രമേളകളിലും ഇതിനോടകം പ്രദർശിക്കപ്പെട്ടുകഴിഞ്ഞു. ജനുവരി 5 ന് തീയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ആട്ടം ഗോവ, തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും വലിയ പ്രേക്ഷകപങ്കാളിത്തത്തോടൊപ്പം നിരവധി സംവാദ സാധ്യതകളും തുറന്നിട്ടുകഴിഞ്ഞിട്ടുണ്ട്.

PHOTO: aattam.movie/Instagram page
PHOTO: aattam.movie/Instagram page

റിലീസിനൊരുങ്ങുന്ന മലയാള ചിത്രമായതുകൊണ്ടുതന്നെ സിനിമയുടെ സംഭവഘടനയുടെ ഉള്ളടക്കത്തിന്റെ സൂക്ഷ്മതയിലേക്ക് പ്രവേശിക്കാതെയാണ് തുടർന്നുള്ള എഴുത്ത് എന്നു കൂടി സാന്ദർഭികമായി സൂചിപ്പിക്കട്ടെ. നാടകസംഘത്തിലെ ഒരേയൊരു പെൺകുട്ടി ഒരു പാർട്ടി നൈറ്റിനിടയിൽ തനിക്ക് സഹപ്രവർത്തകരിലൊരാളിൽ നിന്നേല്ക്കേണ്ടി വരുന്ന കൈയേറ്റത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതോടെയാണ് സിനിമയിലെ സംഘർഷങ്ങൾക്ക് തുടക്കമാവുന്നത്.

അഞ്ജലി താൻ പ്രണയത്തിലേർപ്പെട്ടിരിക്കുന്ന വിനയിനോട് പങ്കുവെയ്ക്കുന്ന ഈ കാര്യം നാടകത്തിന്റെ കോഡിനേറ്ററായ മദൻ മുഴുവൻ നാടകക്കാരെയും വിളിച്ച് ഹരിക്കെതിരെയുള്ള പരാതി എന്ന നിലയിൽ ചർച്ചയ്ക്കിടുന്നതും അഭിപ്രായരൂപീകരണം നടത്തുന്നതുമാണ് സിനിമയുടെ ഉള്ളടക്കത്തെ രൂപപ്പെടുത്തുന്നത്. ഹരി നാടകത്തിലെ സിനിമാക്കാരനും പോപ്പുലർ കലാകാരനുമാണ്. വിനയ് പ്രധാന കഥാപാത്രത്തെയവതരിപ്പിച്ചുകൊണ്ടിരുന്ന നാടകത്തിലേക്ക് ഹരി നായകനായി വരുന്നതും വിനയ് രണ്ടാമനായി മാറ്റപ്പെടുന്നതും വിനയ് യുടെ സംവിധായകനോടുള്ള പരിഭവമായി സിനിമ അവതരിപ്പിക്കുന്നുണ്ട്. ഹരി വന്നതിനുശേഷം നാടകത്തിന് കൂട്ടിക്കിട്ടിയ വിപണിസാധ്യതയും അധികസ്വീകാര്യതയുമൊക്കെ ചൂണ്ടിക്കാട്ടിയാണ് നാടകസംവിധായകൻ അതിനെ പ്രതിരോധിക്കുന്നത്. അതായത്, ഹരി / വിനയ് മാർക്കിടയിലുള്ള മത്സരത്തിന്റെ തുടർച്ചയായി ഒരു ഘട്ടത്തിൽ സിനിമയ്ക്കകത്തുള്ളവരെയും പ്രേക്ഷകരെയും കുഴപ്പിച്ചുകൊണ്ടാണ് സിനിമയിലെ ലൈംഗികാതിക്രമ 'ആരോപണ’വും അതിനെത്തുടർന്നുള്ള ചർച്ചകളും പതുക്കെപ്പതുക്കെ മുന്നേറുന്നത്.

തുടർന്ന് നാടകക്കൂട്ടത്തിൽ ഏറെക്കുറേ പ്രിവിലേജ്ഡ് ആയ മദൻ, കോ ഓർഡിനേറ്റർ എന്ന നിലയിൽ മുൻകൈയെടുത്ത് തന്റെ വീട്ടിൽ വിളിച്ചുവരുത്തുന്ന കൂടിയിരിപ്പാണ് സിനിമയിലെ പ്രധാന സീക്വൻസുകളെയെല്ലാം നിർണയിക്കുന്നത്. തുടക്കത്തിൽ ഒൻപത് പുരുഷന്മാർ ഓരോരുത്തരായി തങ്ങളുടെ വ്യക്തി പക്ഷപാതിത്വങ്ങൾ, രാഷ്ട്രീയ / സദാചാര അവബോധങ്ങൾ തുടങ്ങി കലയും ഫിലോസഫിയുമൊക്കെ ചേർത്തിണക്കിയാണ് തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നതെങ്കിലും കൂട്ടത്തിൽ മേൽക്കൈ നേടുന്നത് വിനയ് യുടെ സ്ത്രീപക്ഷ സ്വഭാവമുള്ള വാദങ്ങളാണ്. ഒരു ഘട്ടത്തിൽ അതിനനുഗുണമായി സഹകലാകാരന്മാരെ പ്രേരിപ്പിക്കാനും നാടകസംവിധായകനു നൽകാനുള്ള പൊതുപരാതിയിൽ എല്ലാവരെയുംകൊണ്ട് ഒപ്പിടുവിക്കുവാനും അയാൾക്കുകഴിയുന്നുണ്ട്. സാഹചര്യത്തെളിവുകളിൽനിന്ന് ഹരിയാണ് കുറ്റവാളിയെന്നുള്ള അഞ്ജലിയുടെ ഊഹമാണ് വിനയ് യുടെ വാദമായും മദനന്റെയും കൂട്ടുകാരുടെയും തീരുമാനമായും മാറിത്തീരുന്നത്. ഈ പൊതുതീരുമാനത്തിന്മേലാണ് ചില അപ്രതീക്ഷിത വ്യതിയാനങ്ങളുണ്ടാവുകയും സിനിമ മറ്റൊരു ഘട്ടത്തിലേക്ക് മാറിമറിയുകയും ചെയ്യുന്നത്.

സിനിമയിലെ പ്രത്യേക വിശലനമർഹിക്കുന്ന മറ്റൊരു ഭാഗം വിനയ്- അഞ്ജലിമാരുടെ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ടതാണ്. സംഘർഷത്തിലാവുന്ന വിനയിനെ ഉമ്മ വെയ്ക്കുന്ന അഞ്ജലിയുടെ ദൃശ്യം മുതൽ ആ ബന്ധത്തിൽ അവൾ പുലർത്തുന്ന ഉറച്ച നില്പ് പ്രകടമാണെങ്കിൽ വിനയിന് അത് ഏതു​നിമിഷവും എങ്ങോട്ടും ചായാവുന്ന സ്ഥൈര്യമില്ലായ്മയുടേതാണ്. താനുന്നയിക്കുന്ന പരാതിക്ക് ബലം കിട്ടാനോ പ്രണയിക്കുന്നവന് പിന്തുണ നൽകാനോ പോലും തനിക്ക് ബോധ്യമില്ലാത്ത ഒരു കാര്യം / കള്ളം പറയില്ലെന്ന അവളുടെ തീരുമാനം, ഒറ്റയടിക്ക് അവളെ കരുത്തയായ പോരാളിയാക്കാൻ പോന്നതാണ്.

ആസന്നനേട്ടങ്ങളുടെ പ്രലോഭനങ്ങളിൽപ്പെട്ട് ‘നീയില്ലാതെ ഒരു പരിപാടിയുമില്ല അഞ്ജലീ’ എന്ന് ഉദാരനാകുന്ന കാമുകനുനേരെ അവൾ നടത്തുന്ന പൊട്ടിച്ചിരി പുതിയകാലത്തെ രാഷ്ട്രീയമൂർച്ചയുള്ള പെൺചിരിയായി തിയേറ്ററിൽ പ്രതിധ്വനിക്കുന്നത് കേൾക്കാം. ഒരുപക്ഷേ ഈ ദൃശ്യത്തിലവസാനിച്ചിരുന്നെങ്കിൽപ്പോലും മറ്റൊരു തരത്തിൽ പൂർണമാകുമായിരുന്ന സിനിമ അതിന്റെ കലാപരമായ പരിഹാരം കൂടി തേടുന്നു എന്നുള്ളിടത്താണ് കലയുടെ / സിനിമയുടെ പൂർവ്വപാരമ്പര്യത്തെ പിൻതള്ളുന്ന പുതിയ കലാവിഷ്കാരമായി സ്ക്രീനിൽ നിറയുന്നത്.

അഞ്ജലി എന്ന പെൺകുട്ടി സിനിമാന്ത്യത്തിൽ ഉയർത്തുന്ന കലാപം നാടകത്തിലെയും സിനിമയിലെയും, പൊതുവിൽ അരങ്ങിലെയും കലാപരമായ ഷിഫ്റ്റാണ്. ആധുനികതയിലെ ആണാട്ടങ്ങൾക്ക് ഇളക്കം സംഭവിക്കുകയും പെൺകർത്തൃത്വത്തിലുള്ള കലയിലൂടെ സൗന്ദര്യാത്മകമായ കലാപത്തിന് തുടക്കമിടുകയുമാണ് അവൾ ചെയ്യുന്നത്. നാടകത്തിന്റെ / സിനിമയുടെ തുടക്കത്തിൽ മുഖംമൂടി (mask) അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന നടന്മാർ ആൾമാറാട്ടം നടത്തുന്നതായി വെളിവാകുന്നുണ്ട്. എന്നാൽ അത്രയും പുരുഷന്മാരെത്തന്നെ വേദിയിലണിനിരത്തിക്കൊണ്ട് പെണ്ണ് സൃഷ്ടിക്കുന്ന നാടകത്തിൽ ആ മുഖംമൂടി, അഴിച്ചുകളയേണ്ടതില്ലാത്ത വിധത്തിലും പാകത്തിലും അവരിലുറച്ചുകഴിഞ്ഞിരിക്കുന്നു. അഥവാ മുഖംമൂടിയണിഞ്ഞാലുമില്ലെങ്കിലും ആഴത്തിൽ വേരുപടർത്തിയ ആണവബോധത്തിന്റെ ആട്ടമില്ലാത്ത മാതൃകകളായി അവരോരുത്തരും കലയിൽ / നാടകത്തിൽ / സിനിമയിൽ ‘നഗ്നരാ'യി വെളിപ്പെട്ടുനില്ക്കുന്ന ദൃശ്യത്തിൽ സിനിമയവസാനിക്കുന്നു.

ആട്ടം പല തലങ്ങളിൽ കലയെയും ക്യാപ്പിറ്റലിസ്റ്റ് ലോകവ്യവസ്ഥയെയും മുഖാമുഖം നിർത്തുന്ന സിനിമയാണ്. നാടകകലാകാരന്മാർക്ക് വിദേശദമ്പതിമാർ നൽകുന്ന അഭിനന്ദനങ്ങളും നൈറ്റ് പാർട്ടിയും പിന്നീട് വാഗ്ദാനം ചെയ്യപ്പെട്ടതായി പരാമർശിക്കപ്പെടുന്ന വിദേശപര്യടനവുമൊക്കെ ഇതിന്റെ പ്രകടസന്ദർഭങ്ങളാണ്. കലാബാഹ്യമെന്ന് തോന്നുന്ന ഈ സന്ദർഭങ്ങളോരോന്നിലും സിനിമയുടെ രാഷ്ട്രീയം ഉള്ളടങ്ങിയിട്ടുണ്ട്.

ഏറ്റവുമൊടുവിൽ, എത്ര വിയോജിപ്പുകൾക്കുമിടയിലും ഒരു പെൺകുട്ടി അപ്പുറത്തും ഒരു പുരുഷസംഘം മുഴുവൻ ഇപ്പുറത്തുമായി തിരിഞ്ഞുനിൽക്കുന്ന നടുക്കുന്ന അട്ടിമറിയാണ് സിനിമയുടെ ക്ലൈമാക്സ്. കേവലമൊരു കുറ്റവാളിയിലേക്കോ ഏകമായ ഉത്തരത്തിലേക്കോ പോകുന്നതിനുപകരം കാണിയും സിനിമയുംതമ്മിലുള്ള കലാപരമായ സംവാദത്തിനും അതുവഴി കാഴ്ചയുടെ രാഷ്ട്രീയവിച്ഛേദത്തിനുമാണ് വഴിയൊരുക്കുന്നത്. സിനിമയുടെ സൗന്ദര്യം ഇവിടെ പൂക്കാൻ തുടങ്ങുന്നു. ഒടുവിൽ, 'യാഥാർത്ഥ്യം' ഇല്ലാതാവുകയും വിപണിയെ തിരസ്കരിക്കാൻ പറ്റാത്ത വ്യവസ്ഥിതിയുടെ യാഥാർത്ഥ്യം (Systemic Reality) എല്ലാ നീതിബോധങ്ങൾക്കും മേൽ കടന്നുകയറുന്ന യാഥാർത്ഥ്യമായി മാറുന്നതും സിനിമയിൽ കാണാം.

പണം, പ്രശസ്തി, പദവി, അംഗീകാരം, ആനന്ദം എന്നിവയെക്കുറിച്ചൊക്കെയുള്ള വ്യാമോഹങ്ങൾ നിറഞ്ഞ ആൺലോകങ്ങൾ പതുക്കെപ്പതുക്കെ അഴിഞ്ഞുവരുന്നതിന്റെ ഏറ്റവും അടിത്തട്ടിലുള്ള ആഖ്യാനമായി സിനിമയിൽ ഇത് സംഭവിക്കുകയാണ്.

കേരളീയ ആധുനികീകരണം ഫ്യൂഡൽ ആൺമൂല്യങ്ങളുടെ ആധുനികീകരണമാണെന്ന അനുഭവം പ്രക്രിയയായിത്തന്നെ നമ്മുടെ മുന്നിൽ നിൽക്കുന്നു. എത്ര ഇളകിയെന്ന് തോന്നുമ്പോഴും ഇളകാത്ത 'പുരോഗാമി'യായ ആൺലോകം തറഞ്ഞുനിൽക്കുന്ന ഒന്നാണെന്നും അവിടെ പെണ്ണ് ആ ആൺലോകത്തിന്റെ അനുബന്ധം മാത്രമാണെന്നും, സിനിമയിൽ സംഭവിക്കുന്ന ആൺകൂട്ടായ്മയിലൂടെ പ്രത്യക്ഷത്തിൽ വെളിപ്പെടുന്നു. ആൺലോകത്തെയും തീരുമാനങ്ങളെയും ഉപചാരപൂർവ്വം അനുഗമിക്കുന്നതിലപ്പുറം ക്രിയാശേഷിയും കർത്തൃശേഷിയുമുള്ള പെണ്ണിനെ ഭാവന ചെയ്യാൻ പോലും അതിന് പറ്റിയിട്ടില്ലെന്നുമുള്ള യാഥാർത്ഥ്യത്തിനു മുന്നിൽ കല ആടിത്തുടങ്ങുന്നു.

കേരളീയാധുനികതയുടെ ഉറച്ച ആണവബോധത്തിന്റെ, രാഷ്ട്രീയവും സാമൂഹികവും സൗന്ദര്യപരവുമായ അവബോധങ്ങളുടെ വാർപ്പുമാതൃകകളെ ഇളക്കിത്തുടങ്ങുന്ന കലാനിർമ്മിതിയാവുന്നു എന്നിടത്താണ് ഈ സിനിമ ചലിച്ചുതുടങ്ങുന്നത്. വ്യക്തി എന്ന നിലയിൽ ഓരോ മനുഷ്യരിലുമുള്ള നൈതികതയുടെ ചാഞ്ചാട്ടങ്ങളെക്കാൾ ഈ ആട്ടമാണ് ആട്ടമെന്ന സിനിമയെ അതിന്റെ പേരിനോട് ചേർത്തുവെക്കുന്നത്. എല്ലാ ആട്ടങ്ങളും ഒരുപോലെയുള്ള ആണാട്ടങ്ങൾ മാത്രമാവുമ്പോൾ പെണ്ണ് തന്റെ തന്റേടാട്ടത്തിലൂടെ മനോധർമ്മത്തിന്റെ - സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുള്ള ഇളകിയാട്ടങ്ങളിലൂടെ- അരങ്ങിന്റെ കേന്ദ്രസ്ഥാനത്തേക്ക് വളരുന്നു. ഉപരിതലത്തിൽ സംഭവിക്കുന്ന കേവലപരിഹാരത്തിനപ്പുറം പെണ്ണ് സംവിധാനം ചെയ്യുമ്പോൾ കല ചരിച്ചുതുടങ്ങുന്നതുണ്ടെന്നും സ്റ്റാറ്റിക് ആയി നിൽക്കുന്ന ആധുനിക ആട്ടപ്രകാരങ്ങളുടെ ക്രമത്തെ അട്ടിമറിക്കുന്ന കലാപരിഹാരമെന്ന നിലയിൽ ആ ആട്ടം തുടരേണ്ടതെന്നും പറയാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്.

അതേ അട്ടിമറിയുടെ കലാവബോധവും രാഷ്ട്രീയാവബോധവുമാണ് ഒരു പുതിയ സംവിധായകന്റെ സിനിമയായ ആട്ടത്തിന്റെ അകം പുറങ്ങളെയും പരുവപ്പെടുത്തിയിട്ടുള്ളത്. ‘നാട്യ'ധർമിയിൽനിന്ന് ലോകത്തിലേക്ക് കല സഞ്ചരിക്കുന്നുവെന്നതിന്, ആധുനികാവബോധങ്ങളുടെ ആണുറപ്പിൽ നിന്ന് പെണ്ണാട്ടങ്ങളുടെ പുതിയ സൗന്ദര്യത്തിലേക്ക് ജീവിതം കലയെ മാറ്റിപ്പണിയാൻ ശ്രമിക്കുന്നു എന്നു കൂടിയാണർത്ഥം. പെൺ സംവിധായകരുടെയും പെണ്ണരങ്ങിന്റെയും ഭാവികാലം ഈ സിനിമയുടെയും ആൺ പരിമിതികളെ ഭേദിക്കുമെന്ന വലിയ പ്രതീക്ഷയാണ് ആട്ടത്തെ മുൻനിർത്തി ഇനി സ്വപ്നം കാണാനുള്ളത്.

Comments