ഒരു വ്യക്തിയുടെ, പ്രത്യേകിച്ച് ഒരു സ്ത്രീയുടെ സിനിമാകാഴ്ചയുടെ ചരിത്രത്തിന് എന്ത് പ്രത്യേകതയാണുള്ളത്? അതും മധ്യവർഗ മൂല്യബോധ്യങ്ങളിൽ പരുവപ്പെട്ട, ഒരു കുഗ്രാമത്തിൽ നിന്ന് ലോകം കണ്ടുതുടങ്ങിയ ഒരുവളുടെ അനുഭവചരിത്രത്തിന്.
വ്യക്തിപരമായ ചില ഓർമകളും കാലത്തിന്റെ മാറ്റങ്ങളുമൊക്കെ കുഴഞ്ഞുമറിഞ്ഞ് പ്രത്യക്ഷപ്പെടാനിടയുള്ള ഈ കുറിപ്പിൽ ആ ചോദ്യത്തിന് ഉത്തരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ആദ്യം കണ്ട സിനിമ ഓർമയിൽ സൂക്ഷിക്കുന്ന ഒരുപാട് മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, അത്ര ഗൃഹാതുരതയോടെയല്ല എന്റെ ആദ്യ സിനിമാ കാഴ്ചകൾ നിലനിൽക്കുന്നത്. ഇടുക്കി ജില്ലയിലെ ചെറുതോണിയിൽ ഗ്രീൻ ലാൻഡ് എന്നു പേരുള്ള തിയറ്ററിൽ ‘അനിയത്തിപ്രാവ്' കാണാൻ പോയതാണ് സിനിമയെ സംബന്ധിച്ച ഏറ്റവും പഴക്കമുള്ള ഓർമ. സിനിമയുടെ കഥയോ അഭിനേതാക്കളോ അന്ന് ബോധത്തിലുറച്ചില്ലെങ്കിലും, ആ യാത്ര മറന്നിട്ടില്ല. അപ്പനും അമ്മയ്ക്കും പ്രീഡിഗ്രിക്ക് പഠിക്കുന്ന അപ്പന്റെ ഇളയ സഹോദരിക്കുമൊപ്പമാണ് അന്ന് സിനിമ കാണാൻ പോയത്. ഇടവേള മുതൽ അത്ര സുഖകരമല്ലാത്ത അന്തരീക്ഷത്തിലേക്ക് ആ തിയറ്ററിനുള്ളിലെ ഞങ്ങളുടെ വീട്ടന്തരീക്ഷം മാറിത്തുടങ്ങി. ചിത്രം ഒരു വിധം കണ്ട് പുറത്തിറങ്ങിയപ്പോഴാകട്ടെ അപ്പനും പെങ്ങളും ശീതസമരത്തിലുമായി. സിനിമ കാണാൻ നിർബന്ധിച്ചത് അപ്പന്റെ പെങ്ങളായിരുന്നു. വാസ്തവത്തിൽ, മൂന്ന് സഹോദരന്മാരുടെ അനിയത്തിപ്രാവായ പ്രസ്തുത പെങ്ങൾ തനിക്ക് പറയാനുള്ളത് ആങ്ങളയോട് പറയാനുള്ള മാധ്യമമായി സിനിമയെ കണ്ടു എന്ന് അപ്പൻ തെറ്റിദ്ധരിച്ചതായിരുന്നു സംഗതി.
കൊല്ലങ്ങൾക്കു ശേഷം ‘നിറം' പുറത്തിറങ്ങിയപ്പോൾ അത് കാണണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം കുഞ്ഞുപെങ്ങൾക്ക് നഷ്ടപ്പെട്ടുപോകത്തക്ക വിധത്തിൽ നീണ്ടുനിൽക്കുന്നതായിരുന്നു അന്നത്തെ പിണക്കം. അങ്ങനെ, കണ്ട സിനിമ ഓർമയിൽ നിന്നില്ലെങ്കിലും തിയറ്ററെന്നാൽ വീട്ടിൽ നിന്ന് വഴക്കുകേൾക്കാൻ സാധ്യതയുള്ള ഇടം എന്ന ബോധ്യം അന്നുറച്ചു.
സ്വന്തം വീട്ടിൽ ടെലിവിഷൻ ഇല്ലാതിരുന്നതിനാൽ അവധിക്കാലങ്ങളിലെ ബന്ധുവീട് സന്ദർശനങ്ങളിൽ നിന്നാണ് പിന്നീടുള്ള സിനിമാഓർമകൾ രൂപപ്പെടുന്നത്. തിയറ്ററിനേക്കാൾ ടെലിവിഷനാണ് തൊണ്ണൂറുകളിൽ ജനിച്ച ഞാനടക്കമുള്ള പലരിലെയും സിനിമാകാണിയെ രൂപപ്പെടുത്തിയത് എന്നത് വാസ്തവമാണ്. പരസ്യങ്ങൾ സൃഷ്ടിക്കുന്ന ഇടവേളകളിൽ കണ്ടുകൊണ്ടിരുന്ന ചിത്രം പാതിയിൽ ഉപേക്ഷിച്ചും മറ്റൊരു സിനിമയിലേക്ക് ഇടയിൽ പ്രവേശിച്ചുമൊക്കെയാണ് ഞങ്ങളുടെ തലമുറയ്ക്ക് സിനിമയെന്ന മാധ്യമം പരിചിതമാകുന്നത്.
ഒരുപാട് കാലം നീണ്ടുനിൽക്കുന്ന ഭീതിയായി മനസ്സിൽ ചേക്കേറിയത് ലാൽ എന്ന നടനായിരുന്നു. അധികം വൈകാതെ തന്നെ കാണാനിടയായ ‘ഓർമച്ചെപ്പ്' എന്ന ചിത്രത്തോടെ ആ ഭയം സിനിമയ്ക്ക് പുറത്തേക്കുകൂടി നീണ്ടു.
ഒരു മുഴുനീള ചിത്രം എന്നതിനേക്കാൾ സിനിമയെ തുടർച്ചയുള്ള പല കഷ്ണങ്ങളായാണ് അന്ന് മനസ്സിലാക്കിയിരുന്നത്. വി.സി.പി. ഉപയോഗിച്ച് സിനിമ കാണുമ്പോഴും ഇടയ്ക്കിടെ മുറിഞ്ഞുപോകുന്നതിന് വീട്ടന്തരീക്ഷവും ഭക്ഷണത്തിന്റെ ഇടവേളകളുമൊക്കെ മതിയായ കാരണങ്ങളായിരുന്നു. അക്കൂട്ടത്തിൽ കണ്ട രണ്ട് ചിത്രങ്ങൾ ഇന്നും ഓർമയിലുണ്ട്. ‘കന്മദം', ‘മയിൽപ്പീലിക്കാവ്' എന്നീ ചിത്രങ്ങൾ ഒരു പറ്റം കുട്ടികളോടൊപ്പമിരുന്ന് ഭീതിയോടെ കണ്ടു. എപ്പോൾ വേണമെങ്കിലും പൊട്ടിച്ചിതറാവുന്ന സ്വഭാവമുള്ള മനുഷ്യരും പാറക്കെട്ടുകളും ‘കന്മദ'ത്തിലും, വലിയ വീടും മാന്ത്രിക പശ്ചാത്തലവും ‘മയിൽപ്പീലിക്കാവി'ലും നിറഞ്ഞുനിന്നു. അന്ന് ആ ചിത്രങ്ങൾ കണ്ട കുട്ടികളായ ഞങ്ങൾ എല്ലാവരും കരഞ്ഞു. ബന്ധുവീടിന്റെ ഇടനാഴികളെ കാരണമില്ലാതെ പേടിച്ചു. ഒരുപാട് കാലം നീണ്ടുനിൽക്കുന്ന ഭീതിയായി മനസ്സിൽ ചേക്കേറിയത് ലാൽ എന്ന നടനായിരുന്നു. അധികം വൈകാതെ തന്നെ കാണാനിടയായ ‘ഓർമച്ചെപ്പ്' എന്ന ചിത്രത്തോടെ ആ ഭയം സിനിമയ്ക്ക് പുറത്തേക്കുകൂടി നീണ്ടു. രസിക്കാവുന്നതിനേക്കാൾ പേടിക്കേണ്ട ഒന്നായിട്ടാണ് അന്ന് ടെലിവിഷനെ ഞാൻ മനസ്സിലാക്കിയിരുന്നത്.
അക്കാലത്ത്, അനുസരണക്കേട് കാണിക്കുമ്പോഴൊക്കെ ബന്ധുവീട്ടിലെ മുതിർന്നവർ ‘നിന്റെ വീട്ടിൽ ടി.വി വാങ്ങാൻ അപ്പനോട് പറയട്ടെ' എന്ന് ചോദിച്ചാണ് എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നത്. ഒരു വശത്ത് സിനിമ കാണാനുള്ള കടുത്ത ഭയം. മറുവശത്ത് എല്ലാവരോടുമൊപ്പമിരുന്ന് ടി.വി കാണാനുള്ള എന്തോ ഒരാഗ്രഹം. ടി.വി സമം ഭയപ്പെടുത്തുന്ന സിനിമകൾ എന്നൊരു ബോധ്യം അക്കാലത്ത് ഉറച്ചുപോയിരുന്നതായി പിന്തിരിഞ്ഞുനോക്കുമ്പോൾ ഇന്ന് മനസ്സിലാക്കാനാവുന്നുണ്ട്. ക്രമേണ അത്തരം ഭയങ്ങൾ നഷ്ടപ്പെട്ടുപോയി. ആവർത്തിച്ചുള്ള കാണലിലൂടെയായിരിക്കാം അതെന്ന് ഞാൻ കരുതുന്നു.
തിയറ്ററിലേക്ക് കൗമാരപ്രായത്തിലോ യൗവ്വനാരംഭത്തിലോ പോയതായി ഓർക്കുന്നില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് തികച്ചും സാങ്കേതികമാണ്, മറ്റൊന്ന് വൈകാരികവും. കേബിൾ ചാനലുകളും സി ഡിയും വ്യാപകമായതാണ് സാങ്കേതികത. അതോടെ വീട്ടിലിരുന്ന് ആവശ്യമുള്ള ചിത്രങ്ങൾ സൗകര്യമനുസരിച്ച് കാണാമെന്നായി. സിനിമ കണ്ടുള്ള അമ്മയുടെ കണ്ണുനീർ പ്രവാഹത്തിൽ അപ്പന്റെ മനംമടുത്തതായിരുന്നു, വൈകാരിക കാരണം. കോളേജ് കുട്ടികളുടെ ചിത്രമായാലും തമാശപ്പടമായാലും അൽപം സങ്കടം എവിടെയെങ്കിലും മിന്നിമറഞ്ഞാൽ അമ്മ കരയും. അതുകൊണ്ട് തിയറ്ററിലേക്ക് ഞങ്ങളെ കൊണ്ടുപോകേണ്ടതില്ല എന്ന തീരുമാനം അപ്പനെടുത്തു. മാത്രവുമല്ല, അമ്മയുടെ കരച്ചിൽ ദൂരവ്യാപകമായ ചില ഫലങ്ങളും ഉളവാക്കി. ‘താളവട്ടം', ‘ചിത്രം', ‘ആകാശദൂത്' തുടങ്ങിയ അനേകമനേകം ചിത്രങ്ങൾ ടി.വി വഴിയോ സി ഡിയായോ വീട്ടിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞതായിരുന്നു അതിലൊന്ന്. ക്രൂരനായോ തേങ്ങ പോലെ ഉള്ളിൽ സ്‌നേഹം തുളുമ്പുന്നവനായോ അപ്പനെ വ്യാഖ്യാനിക്കാനുള്ള സാധ്യതയാണ് ഈ അനുഭവം ഞങ്ങൾ മക്കളിലുണ്ടാക്കിയത്. അപ്പന്റെ സെൻസർഷിപ്പിനു ശേഷം സി ഡിയായി ഞങ്ങളിലെത്തുന്ന സിനിമകൾ എണ്ണത്തിൽ കുറവായിരുന്നു. അതുകൊണ്ടുതന്നെ കണ്ട പടങ്ങൾ വീണ്ടും വീണ്ടും കാണുക എന്ന ശീലം അങ്ങനെ രൂപപ്പെട്ടു. കൂടുതൽ തവണ കണ്ട ചിത്രങ്ങൾ ‘തച്ചിലേടത്ത് ചുണ്ടൻ', ‘കഭി ഖുഷി കഭി ഖം’, ‘വെട്ടം' എന്നിവയായിരുന്നു (ഇവയുടെ സി ഡികൾ വീട്ടിൽ വില കൊടുത്ത് വാങ്ങി സൂക്ഷിച്ചിരുന്നു). ഇഷ്ടമുള്ള രംഗങ്ങൾ ആവർത്തിച്ചുകാണുക, വിഷമിപ്പിക്കുന്നവ ഓടിച്ചുവിടുക എന്നിങ്ങനെ പല സമ്പ്രദായങ്ങളും അക്കാലത്താണ് ആരംഭിച്ചത്. ഇതിന് സമാന്തരമായി, ദൂരദർശനിലെ ചിത്രങ്ങളിലൂടെയും ആകാശവാണിയിലെ ശബ്ദരേഖകളിലൂടെയും സിനിമയെ മറ്റൊരു തരത്തിലും സമീപിച്ചു തുടങ്ങിയിരുന്നു. പത്രങ്ങളിലും മാസികകളിലും സിനിമാ വാർത്തകൾ വായിക്കുന്ന ശീലവും ഇതിന്റെയൊക്കെ ഭാഗമായി രൂപപ്പെട്ടതാണ്.
ഒരുപറ്റം സുഹൃത്തുക്കൾ ഒരുമിച്ചു കണ്ട സിനിമ, കാഴ്ചക്കുശേഷമുള്ള വിലയിരുത്തലിൽ പല സിനിമകളായി മാറുന്നതായാണ് അക്കാലത്ത് ഞാൻ മനസ്സിലാക്കിയത്. കാണിയുടെ അനുഭവപശ്ചാത്തലവും അനുശീലനവും കാഴ്ചയെ സ്വാധീനിക്കുമെന്ന് തിരിച്ചറിഞ്ഞത് സുഹൃത്തുക്കളോടൊപ്പമുള്ള ആ സിനിമാക്കാഴ്ചകളിലൂടെയാണ്.
തിയറ്ററുകളിലേക്കുള്ള എന്റെ യാത്രകൾ ആരംഭിക്കുന്നത് യൂട്യൂബും അംഗീകാരമില്ലാത്ത ടൊറൻറ് സൈറ്റുകളും സജീവമായശേഷമാണ്. നിലപാടുകളുടെ മാത്രം ഭാഗമായി ടൊറൻറ് സൈറ്റുകളെ തൃണവത്കരിച്ച് നടത്തിയ തിരഞ്ഞെടുപ്പായിരുന്നില്ല അതൊന്നും. ഫെലോഷിപ്പും സാമ്പത്തികമായ സ്വയം പര്യാപ്തതയും സൗഹൃദങ്ങളും തിയറ്ററിനെ ഒരു തിരഞ്ഞെടുപ്പാക്കി മാറ്റിയത് അപ്പോഴാണെന്നേയുള്ളൂ. തിയറ്ററിലെത്തിയുള്ള സിനിമാകാഴ്ചകൾ പകരം വയ്ക്കാനില്ലാത്ത അനുഭവമായിരുന്നുവെങ്കിലും, തനിച്ചുപോകാവുന്ന ഇടമായി അവിടം തോന്നിയിരുന്നില്ല. കണ്ട സിനിമകളെക്കുറിച്ചുള്ള വിലയിരുത്തലുകളും പരസ്പരവിരുദ്ധമായ അഭിപ്രായപ്രകടനങ്ങളും മണിക്കൂറുകളോളം തുടരുന്ന സന്ദർഭങ്ങൾ എം.ജി. യൂണിവേഴ്‌സിറ്റി ജീവിതത്തിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയമായി സിനിമയെ സമീപിക്കേണ്ടതിന്റെ ആവശ്യകതയും സാധ്യതയും അപ്രകാരമാണ് ബോധ്യപ്പെട്ടത്. ഒരുപറ്റം സുഹൃത്തുക്കൾ ഒരുമിച്ചു കണ്ട സിനിമ, കാഴ്ചക്കുശേഷമുള്ള വിലയിരുത്തലിൽ പല സിനിമകളായി മാറുന്നതായാണ് അക്കാലത്ത് ഞാൻ മനസ്സിലാക്കിയത്. കാണിയുടെ അനുഭവപശ്ചാത്തലവും അനുശീലനവും കാഴ്ചയെ സ്വാധീനിക്കുമെന്ന് തിരിച്ചറിഞ്ഞത് സുഹൃത്തുക്കളോടൊപ്പമുള്ള ആ സിനിമാക്കാഴ്ചകളിലൂടെയാണ്. ഞാൻ കണ്ട സിനിമ തന്നെയാവണം എന്റെ സുഹൃത്തും കണ്ടിട്ടുണ്ടാവുകയെന്ന് നിർബന്ധമില്ലെന്നർത്ഥം. അഥവാ, ഞാൻ കാണാത്ത സിനിമയായിരിക്കാം അവർ കണ്ടിട്ടുണ്ടാവുക.
വേണു സംവിധാനം ചെയ്ത ‘മുന്നറിയിപ്പ്' എന്ന ചിത്രം തിയറ്ററിൽ കണ്ടതിനു ശേഷമുണ്ടായ സൗഹൃദചർച്ച സ്ത്രീയും പുരുഷനും സിനിമ കാണുന്നതിൽ അടിസ്ഥാനപരമായി വ്യത്യാസമുണ്ടെന്ന് ബോധ്യപ്പെട്ട സന്ദർഭങ്ങളിലൊന്നായിരുന്നു. ആ സിനിമ കണ്ട് അസ്വസ്ഥതയും നടുക്കവും തോന്നിയ ഞാനടക്കമുള്ള ചില പെൺകുട്ടികളോട് അതിലെ സൗന്ദര്യാത്മകതയും വിഷയസ്വീകാര്യതയിലെ മികവും മാത്രം വിലയിരുത്തി സംസാരിച്ച ആൺസുഹൃത്തുക്കളാണ് കാഴ്ചയ്ക്ക് ഇങ്ങനെ ചില വ്യത്യാസങ്ങളുണ്ടെന്ന തിരിച്ചറിവ് ഊട്ടിയുറപ്പിച്ചത്.
എന്നാൽ, ഒരു സ്ത്രീയെന്ന നിലയിൽ പഴയകാല കൊട്ടകകൾ ഗൃഹാതുരതയുണർത്തുന്ന വൈകാരികതയായല്ല എന്നിൽ നിലനിൽക്കുന്നത്. അത്തരം വൈകാരികതകളുള്ളവരെ മാത്രമായിരിക്കാം കൊട്ടകകളുടെ പട്ടണപ്രവേശങ്ങളും പുനരവതാരങ്ങളും ആകർഷിക്കുക
ഗ്രാമപശ്ചാത്തലത്തിൽ നിന്ന് നഗരത്തിലേക്ക് സ്വയംപര്യാപ്തതയോടെ ചുവടു മാറ്റിയതായിരുന്നു എന്റെ സിനിമാകാഴ്ചയെ മാറ്റിത്തീർത്ത കാര്യം. ഇന്ന് നഗരങ്ങളിൽ മൾട്ടിപ്ലക്‌സുകൾ തരുന്ന സാധ്യതകളിൽ ഒറ്റയ്ക്ക് സിനിമ കാണാൻ മടിക്കേണ്ടതില്ലെന്ന സാഹചര്യം നിലനിൽക്കുന്നു. സമാന്തരമായി, ഒ.ടി.ടി വേദികളും പുതിയ അനുഭവപരിസരങ്ങളിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്നു. രാപകൽ ഭേദമില്ലാതെ സിനിമ കാണാവുന്ന സാധ്യതകളാണ് നഗരങ്ങളിൽ ഇന്ന് ലഭ്യമായിട്ടുള്ളത്. എന്നാൽ, ഗ്രാമങ്ങൾ താരതമ്യേന മുൻകാലങ്ങളിൽ നിന്ന് വലിയ വ്യത്യാസങ്ങളില്ലാതെ തുടരുന്നു. ഗൃഹാതുരമൂല്യങ്ങൾ കച്ചവടവത്കരിക്കുന്നതിന്റെ ഭാഗമായി പഴയ റീലും പ്രൊജക്ടറുകളും നഗരങ്ങളിലെ തിയറ്ററുകളിൽപ്പോലും കൗതുകവസ്തുക്കളായി പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. കൊട്ടക എന്ന സങ്കൽപം തന്നെ പുനരാനയിക്കപ്പെടുന്ന സാഹചര്യങ്ങൾ സമീപകാലത്തുണ്ടായി (ചെങ്ങന്നൂരിൽ സർക്കാർ നേതൃത്വത്തിൽ താത്കാലികമായി പുനഃസ്ഥാപിക്കപ്പെട്ട സന്തോഷ് ടാക്കീസ് ഉദാഹരണം).
എന്നാൽ, ഒരു സ്ത്രീയെന്ന നിലയിൽ പഴയകാല കൊട്ടകകൾ ഗൃഹാതുരതയുണർത്തുന്ന വൈകാരികതയായല്ല എന്നിൽ നിലനിൽക്കുന്നത്. അത്തരം വൈകാരികതകളുള്ളവരെ മാത്രമായിരിക്കാം കൊട്ടകകളുടെ പട്ടണപ്രവേശങ്ങളും പുനരവതാരങ്ങളും ആകർഷിക്കുക. മാറുന്ന സാമൂഹിക സാഹചര്യങ്ങൾക്കും സാങ്കേതിക സാധ്യതകൾക്കുമൊപ്പം പരിഷ്‌കരിക്കപ്പെടേണ്ടവയാണ് സിനിമാകാഴ്ചയും ആസ്വാദനവും. ഭൂതകാലത്തിന്റെ ജീവനറ്റ ശരീരങ്ങളായി മോർച്ചറിയിൽ സൂക്ഷിക്കേണ്ടതാണവ എന്ന് കരുതുക വയ്യ. മാറുന്ന കാലത്തിനൊപ്പം കൂടുതൽ ജനാധിപത്യപരമായി സിനിമാ പ്രദർശനയിടങ്ങൾ നവീകരിക്കപ്പെടേണ്ടത് അനിവാര്യമാണ്. ▮