ഒരു കൈയിൽ വയലിനും മറ്റേ കൈയിൽ കുഴഞ്ഞു വീണുകിടക്കുന്ന ഒരു പെൺകിടാവും. യുവാവിന്റെ നോട്ടം അനന്തതയിലേയ്ക്ക്. ഒരു നാടക രംഗമായിരുന്നു. അത് മുഖചിത്രമായി അച്ചടിച്ച് ഒരു മാസിക ഗ്രാമത്തിൽ എന്റെ വീട്ടിൽ എങ്ങനെയോ എത്തിപ്പെടുന്നു.
അത് പി. ജെ. ആന്റണിയായിരുന്നു.
നാല്പതുകളുടെ അവസാനത്തിലെപ്പോഴോ ആണ് ആന്റണിയെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിയ്ക്കുന്നത്. പി.ജെ. ആന്റണി കഥയും കവിതയും നാടകവും എഴുതിയിട്ടുണ്ട്. സംഗീതവും നൃത്തവും പഠിച്ചിട്ടുണ്ട്. രംഗത്ത് അസാമാന്യമായ സാന്നിധ്യം സൃഷ്ടിയ്ക്കുന്ന നടനാണെന്ന് കേട്ടിരുന്നു. പിന്നീട് എറണാകുളം ഭാഗത്ത് റെയിൽവേയിൽ ജോലി ചെയ്തിരുന്ന എന്റെ ജ്യേഷ്ഠൻ എം. ടി. എൻ. നായർ, പി. ജെ. ആന്റണിയെ പരിചയപ്പെട്ട വിവരം പറഞ്ഞു.
ആന്റണിയെ ആദ്യം കാണുന്നത് ഞാൻ വിക്ടോറിയ കോളേജിൽ പഠി യ്ക്കുമ്പോഴാണ്. തിരുനാവായിൽ വി. ടി, ഇടശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു കലാസമിതി സമ്മേളനം നടത്തുന്നു. സി. ജെ. തോമസ്, എം. ഗോവിന്ദൻ, ഉറൂബ്, എം. വി. ദേവൻ തുടങ്ങിയ പല പ്രശസ്ത നാമങ്ങളും പരിപാടിയിൽ കണ്ടു. അവരെയൊക്കെ ഒന്ന് കാണാൻ വേണ്ടിയാണ് ഞാൻ തിരുനാവായിൽ എത്തുന്നത്. ജ്യേഷ്ഠന്റെ അനുവാദത്തോടെ.
അവിടെ ഇടശ്ശേരിയുടെ 'കൂട്ടുകൃഷി' കളിയ്ക്കുന്നുണ്ട്. പിന്നെ എൻ. ഗോവിന്ദൻകുട്ടിയുടെയും പി. ജെ. ആന്റണിയുടെയും മറ്റും നേതൃത്വത്തിൽ എറണാകുളത്തു നിന്നുള്ള മറ്റൊരു നാടകവും. നാടകത്തിന്റെ പേർ എനിക്കോർമ്മയില്ല.
ഒരു പഴയ വീടിന്റെ മുകളിലാണ് എറണാകുളം സംഘം. ജ്യേഷ്ഠനോ ടൊപ്പം ഞാനവിടെ കയറിച്ചെന്നു പി. ജെ. ആന്റണിയും എൻ. ഗോവിന്ദൻ കുട്ടിയും സംഘാംഗങ്ങളോടൊപ്പം തമാശ പറഞ്ഞിരിയ്ക്കുന്നു. ഞാൻ അകത്തു കയറിയില്ല. വാതിലിന് പുറത്തു നിന്നു ശ്രദ്ധിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ അകത്തളത്തിലെ ശബ്ദം കുറഞ്ഞുവന്നു. ആന്റണി നിശ്ശബ്ദൻ. പിന്നെ ആന്റണി പാടാൻ തുടങ്ങി. ഗുസറ്ഗയാ ആ സമാനാ കൈസാ കൈസാ....
അകത്തും പുറത്തും പരിപൂർണ്ണ നിശ്ശബ്ദത. പാട്ടു തീർന്നപ്പോഴും ആ നിശ്ശബ്ദത കുറച്ചിട തങ്ങി നിന്നു. എന്റെ ജ്യേഷ്ഠൻ ആന്റണിയ്ക്ക് എന്നെ പരിചയപ്പെടുത്തി, “പഠിയ്ക്കുന്ന അനുജൻ വാസുദേവൻ...’’
നാടകവേദിയിൽ വെച്ച് പിന്നീട് ഇടയ്ക്കൊക്കെ ആന്റണിയെ കണ്ടു. അകത്ത് ചെന്നു പരിചയം പുതുക്കാൻ ശ്രമിച്ചില്ല. തന്നെ കയറിച്ചെല്ലാ നുള്ള മടിയോ ലജ്ജയോ അന്നും എന്റെ സ്വഭാവത്തിന്റെ ഭാഗമായിരുന്നു.പിന്നീട് ആന്റണിയുമായി അടുത്തിടപഴകുന്നത് “മുറപ്പെണ്ണി” ന്റെ സമയത്താണ്. ആന്റണി മദ്രാസ്സിലേയ്ക്ക് താമസം മാറ്റിയിരുന്നു. സിനിമയിൽ പേരുള്ള നടനായി മാറിക്കഴിഞ്ഞിരുന്നു. ഞങ്ങൾ പലപ്പോഴും കണ്ടു. പക്ഷേ തനിച്ചാവുമ്പോൾ സിനിമയിലെ അസംതൃപ്തികൾ ആന്റണി പ്രകടിപ്പിയ്ക്കുമായിരുന്നു.
നാടകമായിരുന്നു ആന്റണിയുടെ പ്രിയപ്പെട്ട കലാരൂപം. നാടകം കളിയ്ക്കാൻ വേണ്ടി കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച കാലത്തെ അനുഭവങ്ങൾ ആന്റണി വിവരിയ്ക്കും; ചിരിപ്പിയ്ക്കുകയും കരയിക്കുകയും ചെയ്ത അനുഭവങ്ങൾ.
സിനിമയുടെ സാധ്യതകളെപ്പറ്റി ആന്റണിയ്ക്ക് അറിയാമായിരുന്നു. ആന്റണി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങിയതും അതുകൊണ്ടാ യിരിയ്ക്കണം. പാരമ്പര്യമനുസരിച്ചുള്ള നായകരൂപമില്ലാതിരുന്ന ആന്റണി ‘രണ്ടിടങ്ങഴി' യിലും 'റോസി' യിലും അഭിനയിച്ചത് നാം വേണ്ടത്ര ശ്രദ്ധി ച്ചില്ല. എന്തുതന്നെ പരിമിതികളുണ്ടായാലും ഈ പടങ്ങൾക്ക് ചലച്ചിത്ര ചരിത്രത്തിൽ സവിശേഷ സ്ഥാനമുണ്ടെന്ന് ഞാൻ വിശ്വസിയ്ക്കുന്നു.
അജ്ഞതയെ പൊറുപ്പിയ്ക്കാൻ ആന്റണി തയ്യാറായിരുന്നു. അജ്ഞത അഹങ്കാരമാക്കി മാറ്റിയവരുമായി ചലച്ചിത്ര ലോകത്തിൽ ഇടപെടേണ്ടി വന്നപ്പോഴൊക്കെയാണ് ആന്റണി ക്ഷോഭിച്ചിരുന്നത്. സിനിമയോടെ വിടപറഞ്ഞ് ആന്റണി എറണാകുളത്ത് വീണ്ടും സ്ഥിര താമസമാക്കിയെന്നറിഞ്ഞു.
കുറച്ച് വർഷങ്ങൾക്കുശേഷം ഞാൻ 'നിർമ്മാല്യം' മനസ്സിൽ കൊണ്ടു നടക്കുന്ന കാലം. വെളിച്ചപ്പാടായി ആരഭിനയിക്കും. നാടകത്തിൽ നിന്നും സിനിമയിലേയ്ക്ക് എത്തിയ മറ്റൊരു അനുഗൃഹീത നടനുണ്ട്.-ശങ്കരാടി. ശങ്കരാടിയുമായി ചർച്ച ചെയ്തു. അടുത്ത സുഹൃത്തായ ശങ്കരാടി പറഞ്ഞു: “ചെയ്യാൻ എനിയ്ക്ക് മോഹമുണ്ട്. പക്ഷേ എന്റെ നല്ല ശരീരം ദൈന്യം പിടിച്ച ആ വെളിച്ചപ്പാടിനു ചേർന്നതല്ലല്ലോ.....
ആന്റണിക്ക് പറ്റും എന്ന് ശങ്കരാടി പറഞ്ഞു. ആന്റണി ഇനി സിനിമയേ വേണ്ട എന്ന് പറഞ്ഞ് മടങ്ങിവന്നിരിയ്ക്കയാണല്ലോ എന്ന സംശയം തോന്നാതിരുന്നില്ല. ഒരു സുഹൃത്തിനെ എറണാകുളത്തേക്കു ഒരു കത്തും കൊടുത്തയച്ചു. കാര്യം വിശദമായി എഴുതിയിരുന്നു. പ്രതിഫലക്കാര്യമടക്കം.
ദൂതൻ മടങ്ങിവന്നപ്പോൾ എഴുതിയ മറുപടിയില്ല. “ഞാൻ മതിയെങ്കിൽ എന്ന് എവിടെ എത്തണമെന്ന് അറിയിച്ചാൽ മതി” എന്നായിരുന്നു സന്ദേശം.
ഷൂട്ടിംഗിന് അഞ്ചു ദിവസം മുമ്പേ ആന്റണി ശിവപുരത്തുള്ള ഞങ്ങ ളുടെ ക്യാമ്പിലെത്തി. ആയിടയ്ക്ക് അമിതമായി കുടിയ്ക്കുന്നു എന്ന കിംവദന്തി ഉണ്ടായിരുന്നു ആന്റണിയെപ്പറ്റി. ഞാൻ ആദ്യദിവസം തന്നെ പറഞ്ഞു: “ആശാൻ ജോലിയുള്ളപ്പോൾ കുടിയ്ക്കരുത്. രാത്രി വേണമെങ്കിൽ ആവാം. എന്നെ കുഴപ്പത്തിലാക്കല്ലേ!”
ആന്റണി ചിരിച്ചു, “പേടിയ്ക്കണ്ട. കേട്ട അത് കുഴപ്പമൊന്നുമില്ല വാസു’’.
ആന്റണി ക്യാമ്പിലെ ഏറ്റവും അച്ചടക്കമുള്ള അംഗമായി മാറി. ചിറങ്കര അമ്പലത്തിലെ വെളിച്ചപ്പാട് വന്ന് പകൽ മുഴുവൻ വെളിച്ചപ്പാടാകാൻ പഠിപ്പിയ്ക്കും. ആന്റണി വെളിച്ചപ്പാടായി മാറുകയായിരുന്നു.
ഷൂട്ടിംഗ് തുടങ്ങി. കിടക്കാൻ വൈകുമെങ്കിലും ആന്റണിയായിരിയ്ക്കും പുലർച്ചെ ആദ്യമെഴുന്നേൽക്കുന്നത്. രാമചന്ദ്രബാബു. സുകുമാരൻ, ഞാൻ, ആസാദ്-ഞങ്ങളെയൊക്കെ വിളിച്ചുണർത്തുന്നത് ആന്റണിയായിരിയ്ക്കും. രണ്ടുമൂന്ന് വീടുകളിലായിട്ടാണ് താമസം. ഇടയ്ക്കിടെ ആന്റണി പറയും: “സിനിമയുടെ ദുർഗ്ഗന്ധമില്ല. എന്തൊരാശ്വാസം’’.
ആന്റണിയ്ക്ക് സീനില്ലെങ്കിലും ഷൂട്ടിംഗ് സ്ഥലത്തുണ്ടാവും. ആശാന്റെ സാന്നിദ്ധ്യം എല്ലാവർക്കും ആവേശമാണ്. അഭിനയത്തിലെ, ഭാഷയിലെ ചെറിയ തിരുത്തലുകൾ, ഇടയ്ക്ക് ഫലിതങ്ങൾ. ധൃതിയിൽ സംസാരിയ്ക്കാറുള്ള രവിമേനോനോട്, “പതുക്കെ പറഞ്ഞു ശീലിയ്ക്കൂ, അല്ലെങ്കിൽ ഡബ്ബിംഗ് തിയറ്ററിൽ വെച്ച് കഷ്ടപ്പെടും. ഇതൊന്നും പൂന ഇൻസ്റ്റിറ്റൂട്ടിൽ പഠിപ്പിയ്ക്കില്ല മോനേ’’ എന്നു പറയും.
നാടകീയത പലപ്പോഴും ആന്റണിയുടെ അഭിനയത്തിൽ കടന്നുവന്നി രുന്നു. അത് ആന്റണിയ്ക്കും അറിയാം. പൂർണ്ണമായും അതിൽ നിന്നും വിട്ടുമാറാൻ അദ്ദേഹത്തിന് പ്രയാസമായിരുന്നു.
ഡബ്ബിംഗിനോടൊപ്പമാണ് അന്നൊക്കെ ഇഫക്ടുകൾ കൊടുത്തിരുന്നത്. വെളിച്ചപ്പാടിന്റെ അരമണിയും ചിലമ്പുമൊക്കെ ഞങ്ങൾ കൊണ്ടുപോയി രുന്നു. നടന്മാരായ സുകുമാരനും രവിമേനോനും ആന്റണിയും ഒക്കെ ചേർന്നാണ് ‘ലൈവാ' യി ഇഫക്ടുകൾ നൽകിയിരുന്നത്. ശുകപുരത്ത് വന്ന ദിവസം മുതൽ ആന്റണി യൂണിറ്റിലെ ഒരംഗമായി മാറിയിരുന്നു. ആദ്യത്തെ പ്രിന്റ് കാണുംവരെ ഉത്സാഹവും ഉൽക്കണ്ഠയുമായിരുന്നു.
അഭിനയം ഒരു പെരുമാറ്റരീതിയാക്കലാണെന്ന പുതിയ (Behaving) സിദ്ധാന്തത്തോട് ആന്റണിയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. കനം കുറഞ്ഞ മണികൾ പിടിപ്പിച്ച 'ഡ്യൂപ്പ്' ചിലമ്പിടാൻ കൂടി ആന്റണിയുടെ മനസ്സ് സമ്മതിക്കില്ല. കാല് പൊട്ടിയാലും വേണ്ടില്ല കനമുള്ള യഥാർത്ഥ ചിലമ്പുകൾ തന്നെ വേണം.
തന്റെ അഭിനയത്തിലെ അപര്യാപ്തതയെപ്പറ്റി ആന്റണിയ്ക്ക് തന്നെ ബോധ്യമായിരുന്നു. റീലുകൾ ഡബ്ബിംഗിനു വേണ്ടി ഓടിക്കൊണ്ടിരിയ്ക്കു മ്പോൾ സ്വയം പരിഹസിയ്ക്കാനും ആന്റണി തയ്യാറാവും. അതായിരുന്നു ആ നടന്റെ വലിപ്പം. എങ്കിലും നിർമ്മാല്യ' ത്തിലെ തന്റെ മൊത്തം പ്രകടനത്തിൽ ആന്റണി സംതൃപ്തനായിരുന്നു.
ഭരത് അവാർഡിനുശേഷം പല സ്വീകരണത്തിലും ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തു. ബോംബെയിലെ ആർഭാടപൂർണ്ണമായ ഒരു സ്വീകരണത്തി നുശേഷം ആന്റണി ആതിഥേയരോട് അപേക്ഷിച്ചു: “ഞങ്ങളെ കുറച്ച് സമയം ഒന്നൊഴിവാക്കി തരാമോ?”
ടാക്സിയിൽ കടൽക്കരയ്ക്കടുത്ത് ഒരോവുചാലിനടുത്ത് ഞങ്ങൾ ഇരുന്നു. വർഷങ്ങൾക്കുമുമ്പ് ഭക്ഷണത്തിന് കാശില്ലാതെ ആ മഹാനഗരത്തിൽ തെണ്ടിത്തിരിഞ്ഞ കാലത്തെപ്പറ്റി ആന്റണി ഓർമ്മിച്ചു. “ഈ ആഘോഷം കാണുമ്പോൾ എനിയ്ക്ക് ആ കാലമൊക്കെയാണ് ഓർമ്മ വരുന്നത്. വല്ലാത്തൊരു നാടകം തന്നെ ജീവിതം’’.
ഞാൻ നിശ്ശബ്ദനായിരുന്നു. ദുഃഖവും ആരോടൊക്കെയോ ഉള്ള രോഷവും ആന്റണിയിൽ കത്തിജ്വലിച്ചുകൊണ്ടിരുന്നു. പിന്നെ ശാന്ത നായി. സാരമില്ലെടോ ഇടയ്ക്കൊക്കെ ഇങ്ങനെ നിന്നുകൊടുക്കേണ്ടി വരും. പിന്നെ ചിരിച്ച് ചവിട്ടുനാടകത്തിലെ ചില വരികൾ പാടി, ഞങ്ങൾ തനിച്ച്.
മനമില്ലാമനസ്സോടെ ആന്റണി താവളത്തിലേയ്ക്ക് മടങ്ങാൻ തയ്യാറായി.
വീണ്ടും ചില വർഷങ്ങൾ. ഇടപ്പള്ളിയിൽ മദ്രാസിൽ നിന്ന് മൃതദേഹം വഹിച്ചെത്തുന്ന വാഹനം കാത്തുനിൽക്കുന്നവരുടെ കൂട്ടത്തിൽ ഞാനു മുണ്ടായിരുന്നു. താരാരാധനയുടെ ഭാഗമായ കോലാഹലങ്ങളില്ല. മരിച്ച നടനെ കാണാനെത്തുന്ന മറ്റു താരങ്ങളെ ഉറ്റുനോക്കുന്ന ആൾക്കൂട്ടവു മില്ല. നെടുവീർപ്പുകൾ ഒതുങ്ങിയ നിശ്ശബ്ദത മാത്രം. ഒരു വിടവാങ്ങലിന് കൂടി ഞാൻ സാക്ഷിയാവുന്നു.
ജീവിതത്തേക്കാൾ വലുതാണ് കല എന്ന് വിശ്വസിച്ച ഒരാൾ ഭൂമിയോട് യാത്ര പറയുന്നു.
(തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച സ്നേഹാദരങ്ങളോടെ എന്ന പുസ്തകത്തിൽനിന്ന്).