ബേസിൽ ജോസഫ്

സിനിമ എനിക്ക്​
മിന്നൽ എൻറർടെയ്​ൻമെൻറ്

സിനിമ എൻർടൈമെൻറ്​ ആകുമ്പോഴേ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ രാഷ്ട്രീയം പറയാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ എന്റെ ഐഡിയോളജി സമ്മതിക്കില്ല.

ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?

ബേസിൽ ജോസഫ്​: നാടകം, സാഹിത്യം, തുടങ്ങിയ കലാരൂപങ്ങളെക്കാൾ സിനിമ കൂടുതൽ ജനകീയമായ കലാരൂപമാണ്. പ്രേക്ഷകരെ സ്വാധീനിക്കുന്ന മാധ്യമമായതുകൊണ്ടുതന്നെ സിനിമയുടെ സാമൂഹിക ദൗത്യം വളരെ പ്രധാനമാണ്. ഇതുകൊണ്ടു തന്നെ ഫിലിം മെക്കേഴ്സ് വളരെ ബോധ്യത്തോടുകൂടി സിനിമയെ ഇന്ന് സമീപിക്കുന്നുണ്ട്. കേരളത്തിലുള്ളവരുടെ ഹ്യൂമർസെൻസുകളിൽ വരെ സിനിമ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും രഘുനാഥ് പലേരിയുടേയുമൊക്കെ സിനിമകളുടെ സ്വാധീനം നമ്മുടെ ഹ്യൂമർസെൻസുകളിലും പ്രകടമാണ്. ഇന്ത്യയിലെ മറ്റ് ഇൻഡസ്ട്രികളുമായി താരതമ്യം ചെയ്യുമ്പോൾ നല്ല ഹ്യൂമർ സിനിമകൾ ഇറങ്ങിയതും ഇറങ്ങിക്കൊണ്ടിരിക്കുന്നതുമായ ഒരു ഇൻഡസ്ട്രിയാണ് മലയാള സിനിമ. ഇവിടുത്തെ ജനങ്ങളുടെ ലെവൽ ഓഫ് തിങ്കിങ്ങിലും അവരുടെ ഫിലോസഫിയിലുമൊക്കെ സിനിമയുടെ സ്വാധീനമുണ്ട്.

സത്യൻ അന്തിക്കാട്, ശ്രീനിവാസൻ

2000ത്തിനുശേഷമുള്ള സിനിമയുടെ പൊളിറ്റിക്‌സും സിനിമക്ക്​ സ്ത്രീകളോടുള്ള സമീപനവും ആളുകളെ ജഡ്ജ് ചെയ്യുന്ന രീതിയും എന്റർടൈൻമെൻറ്​തലവുമെല്ലാം പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 2010 നുശേഷം, ന്യൂ വേവ് കാലഘട്ടത്തിൽ ഇറങ്ങിയിട്ടുള്ള സിനിമകൾ വളരെ സ്വാധീനം ചെലുത്തിയവയാണ്. ജനകീയ കലാരൂപമായതിനാൽ സിനിമയുടെ സാമൂഹിക ദൗത്യം ഏറെ പ്രധാനപ്പെട്ടതാണ്. നാടകവും സാഹിത്യവുമൊക്കെ വായിക്കുന്ന കുട്ടികൾ കുറവാണിന്ന്. എന്നാലവർ ചെറുപ്പം മുതലേ സിനിമകൾ കാണുന്നുണ്ട്. സിനിമയാൽ ഇൻഫളുവൻസ്ഡ് ചെയ്യപ്പെടുന്ന വലിയൊരു കമ്മ്യൂണിറ്റി തന്നെ നമുക്കുചുറ്റിലുമുണ്ട്. അതുകൊണ്ട് ഫിലിം മേക്കേഴ്സിന്റെ ദൗത്യം വളരെ പ്രധാനമാണ്.

ആദ്യം ഷോർട്ട് ഫിലിമെടുത്ത് യു ട്യൂബിൽ അപ്​ലോഡ്​ ചെയ്ത് അതിന്റെ ലിങ്ക് വിനീത് ശ്രീനിവാസന് അയക്കുകയും യാദൃച്ഛികമായി അദ്ദേഹമത് കാണുകയും എന്നെ സഹസംവിധായനായി വിളിക്കുകയും ചെയ്യുന്നതിലൂടെയാണ്, ഞാൻ സിനിമയിലെത്തുന്നത്.

മലയാള സിനിമ ജീവിതനിറവിലാണിപ്പോൾ. നിറയെ സിനിമകൾ, നിറയെ ഫിലിം മേക്കേഴ്സ്. നിറയെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാവുന്നു. അതിനകത്തെ ആക്ടീവായ ഒരാൾ എന്ന നിലയിൽ ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

മലയാള സിനിമയിൽ ഒരുപാട് ടെക്‌നീഷ്യൻസ് വരുന്നുണ്ട്. മലയാള സിനിമ ഒരു ഗോൾഡൻ പീരിയഡിൽ തന്നെയാണുള്ളത്. അത്രമാത്രം കണ്ടൻറ്​ എക്‌സ്‌പ്ലോഷൻ നമ്മുടെ ചുറ്റും നടക്കുന്നുണ്ട്. അത്തരമൊരു കാലഘട്ടത്തിൽ ആളുകൾക്ക് തങ്ങളുടെ കഴിവ്​ സമൂഹമാധ്യമങ്ങളിലൂടെ തെളിയിക്കാൻ അവസരങ്ങളുണ്ട്. ഞാൻ ആദ്യം ഷോർട്ട് ഫിലിമെടുത്ത് യു ട്യൂബിൽ അപ്​ലോഡ്​ ചെയ്ത് അതിന്റെ ലിങ്ക് വിനീത് ശ്രീനിവാസന് അയക്കുകയും യാദൃച്ഛികമായി അദ്ദേഹമത് കാണുകയും എന്നെ സഹസംവിധായനായി വിളിക്കുകയും ചെയ്യുന്നതിലൂടെയാണ്, ഞാൻ സിനിമയിലെത്തുന്നത്. സമൂഹമാധ്യമം എന്നെ വളരെ സഹായിച്ചിട്ടുണ്ട്. സിനിമയുമായി യാതൊരു കണക്ഷനുമില്ലാത്ത എന്നെ പോലെയാരാൾക്ക് സിനിമയിലെത്തുകയെന്നത്​ മുമ്പ് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. സംവിധായകരുടെ പുറകെ നടക്കണം, അവരുടെ സെറ്റുകളിൽ പോയി കാത്തിരിക്കണം. ഇന്നത്തെ പോലെ നമ്മുടെ കഴിവുകൾ ഷോക്കേസ് ചെയ്യാനുള്ള പ്ലാറ്റ്‌ഫോമുകളില്ലായിരുന്നു. വാക്ചാതുര്യം കൊണ്ട് സംവിധായകരെ വീഴ്ത്താനുള്ള അവസരം മാത്രമേ ഉണ്ടായിരുന്നുള്ളു. ചുരുക്കം ചിലർക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന സിനിമയെന്ന മാധ്യമം ഇന്ന്​ പോപ്പുലറാവുകയും ആർക്കും എങ്ങനെ വേണമെങ്കിലും സ്റ്റാർ ആകാമെന്ന തലത്തിലുമെത്തി. സിനിമയിലുള്ളവർ മാത്രമല്ലല്ലോ ഇപ്പോൾ സെലിബ്രിറ്റീസ് എന്ന ടാഗിൽ നമുക്കുമുന്നിലുള്ളത്. ​വ്‌ളോഗേർസും ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസേഴ്‌സും യു ട്യൂബ് കണ്ടന്റുകൊണ്ട് ഫേമസ് ആയവരും ടിക് ടോക്കേഴ്‌സും ഉൾപ്പടെ നിരവധി പേരുണ്ട്. അവർ അതിലൂടെ സിനിമയിലേക്കെത്തുന്നുണ്ട്.

കോവിഡിനുശേഷം സിനിമകളുടെ എണ്ണവും ക്രിയേറ്റീവ് കൊളാബേറേഷനുകളും ആളുകളുടെ എക്‌സ്‌പോർഷറും കൂടിയതോടെ സിനിമകളുടെ ക്വാളിറ്റിയും മാറുന്നുണ്ട്. ആ ക്വാളിറ്റിയിലുള്ള സിനിമ ഇറക്കാൻ ഫിലിംമേക്കേഴ്സിനുമേൽ സമ്മർദമുണ്ടാവുകയും കൂടുതൽ നല്ല സിനിമകൾ ചെയ്യാൻ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു. മിഡിയോക്കർ കണ്ടന്റുകളോ ശരാശരിക്കോ ശരാശരിക്കുമുകളിലോ ഉള്ള കണ്ടന്റുകൾ ഒ.ടി.ടിയിലും തിയേറ്ററിലുമൊക്കെ പരാജയമായി മാറുന്ന സാഹചര്യമാണുള്ളത്. കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ പോലും എല്ലാവർക്കും വേണ്ടിയിരുന്നത് കണ്ടന്റാണ്. എന്തു സംഭവിച്ചാലും എല്ലാകാലത്തും കണ്ടൻറ്​ നിലനിൽക്കും. എന്റർടൈമെൻറ്​ എന്ന സാധ്യതയിൽ ആളുകൾക്കുമുന്നിലുള്ളത് സിനിമയൊക്കെയാണ്.

തല്ലുമാല സിനിമയുടെ പ്രൊമോഷനിടെ ടോവിനോ തോമസ്

സിനിമയെന്ന മാധ്യമം ഇവിടെ നിലനിൽക്കുന്ന കാലത്തോളം പല തരം കണ്ടന്റിന് ആവശ്യക്കാർ വരും. അതുകൊണ്ട് ഏത് രീതിയിലാണെങ്കിലും ടെക്‌നീഷ്യൻസിനൊക്കെ നിരവധി സാധ്യതകളാണ് ഇനി വരാനിരിക്കുന്നത്. മലയാള സിനിമയുടെ നല്ലൊരു കാലമാണിത്. ട്രെയ്​ലർ കാണുമ്പോൾ തന്നെ നല്ല സിനിമയാണോ അല്ലയോ, ഒ.ടി.ടിയിൽ കാണണോ തിയേറ്ററിൽ കാണണോ എന്നൊക്കെ പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്. അതുകൊണ്ടാണ് തല്ലുമാല, ന്നാ താൻ കേസ് കൊട് എന്നീ സിനിമകളൊക്കെ റീലീസ് ചെയ്യുന്നതിനുമുമ്പുതന്നെ തിയേറ്ററിൽ തന്നെ പോയി കാണേണ്ടവയാണെന്ന് പ്രേക്ഷകർ തീരുമാനിച്ചത്. രണ്ട് സിനിമക്കും നല്ല ഇനീഷ്യൽ കളക്ഷൻ ലഭിക്കുകയും ചെയ്തു. പുറത്തുവരുന്ന കണ്ടന്റുകളെയൊക്കെ ജഡ്ജ് ചെയ്ത് ആളുകൾ സിനിമയെ ഇന്ന് വിലയിരുത്തുന്നുണ്ട്. പ്രേക്ഷകർവളരെ ബുദ്ധിപൂർവ്വമാണ് സിനിമകളെ തിരഞ്ഞെടുക്കുന്നത്. അതിന് മുന്നേ ഇറങ്ങിയ പല സിനിമകളും മോശമായതുകൊണ്ടാണ് അത് സ്വീകരിക്കപ്പെടാതെ പോയത്.

ഗ്ലോബൽ ഓഡിയൻസിനെകൂടി പരിഗണിച്ചാണ് നമ്മൾ കണ്ടൻറ്​ ആലോചിക്കുന്നത്. അപ്പോൾ കുറച്ചുകൂടി പെർഫെക്ഷനിസം നമ്മളിലേക്ക് വരും. വെറുതെ സിനിമയെടുക്കാൻ ആരും മുതിരില്ല. നാളെ ഇത് ഒ.ടി.ടിയൽ വരുമ്പോൾ മലയാളി ഓഡിയൻസ് മാത്രമല്ല സിനിമ കാണുകയെന്ന് നമ്മൾ ഓർക്കും

തിയറ്ററിലായിരുന്നു സിനിമ. ഓപ്പൺ എയറിൽ പ്രദർശിപ്പിച്ചപ്പോഴൊക്കെയും ഇരുട്ടും ആൾക്കൂട്ടവും സിനിമയുടെ ചുറ്റും ഉണ്ടായിരുന്നു, വേണ്ടിയിരുന്നു. പക്ഷേ സിനിമയ്ക്കിപ്പോൾ അതൊന്നും വേണ്ട. ഒറ്റയ്ക്കൊരാൾ തന്റെ കുഞ്ഞു സ്‌ക്രീനിൽ കാണുകയാണ് സിനിമ. അത് ഒറ്റയിരിപ്പിന് കാണണമെന്ന് പോലുമില്ല. മീഡിയത്തിന് സംഭവിച്ച മാറ്റം മേയ്ക്കിങ്ങിനെ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

ഒ.ടി.ടി വന്നതുകൊണ്ട് സിനിമയ്ക്ക് ഗുണവും ദോഷവുമുണ്ടായിട്ടുണ്ട്​. രണ്ടും രണ്ട് രീതിയിലാണ് ബാധിച്ചത്. ആവാസവ്യൂഹം, പക തുടങ്ങിയ കുഞ്ഞു സിനിമകളൊക്കെ ഒ.ടി.ടിയിൽ വന്നപ്പോഴാണ് കണ്ടന്റും മേക്കിങ്ങും കൊണ്ട് ഇത്ര ശ്രദ്ധിക്കപ്പെട്ടത്. നമ്മുടെ സിനിമകൾ പലപ്പോഴും വലിയ ഇന്റർനാഷനൽ സിനിമകളുമായിട്ടാണ് താരതമ്യം ചെയ്യപ്പെടുന്നത്. ഇതെല്ലാം മുൻകൂട്ടി കണ്ട് ഗ്ലോബൽ ഓഡിയൻസിനെകൂടി പരിഗണിച്ചാണ് നമ്മൾ കണ്ടൻറ്​ ആലോചിക്കുന്നത്. അപ്പോൾ കുറച്ചുകൂടി പെർഫെക്ഷനിസം നമ്മളിലേക്ക് വരും. വെറുതെ സിനിമയെടുക്കാൻ ആരും മുതിരില്ല. നാളെ ഇത് ഒ.ടി.ടിയൽ വരുമ്പോൾ മലയാളി ഓഡിയൻസ് മാത്രമല്ല സിനിമ കാണുകയെന്ന് നമ്മൾ ഓർക്കും. നമ്മുടെ ഭാഷ അറിയാത്ത ഒരുപാട് പേർ ഈ സിനിമ കാണാൻ സാധ്യതയുണ്ടെന്നും നല്ല ക്വാളിറ്റിയിൽ തന്നെ ചെയ്യണമെന്നുമുള്ള അവബോധം നമ്മുടെ മനസ്സിൽ അറിയാതെ ഉണ്ടാവാറുണ്ട്. ഫിലിം മെക്കേഴ്​സിനെ സംബന്ധിച്ച്​ ഇതൊക്കെ മേക്കിങ്ങിനെ വേറൊരു രീതിയിൽ സ്വാധീനിക്കാറുണ്ട്. ക്രിയേറ്റീവായി ഇത് ഗുണപരമാണ്. അതേസമയം ചില ദോഷങ്ങളുണ്ട്.

ആവാസവ്യൂഹത്തിൽ നിന്ന്

ഒ.ടി.ടിയിൽ ആളുകൾ പൂർണമായും ആസ്വദിച്ചായിരിക്കില്ല സിനിമ കാണുക. സിനിമ കാണുന്നതിനിടെ ഫോൺകോൾ വരാം, വീട്ടിൽ അതിഥികൾ വരാം തുടങ്ങിയ പല ഡിസ്‌റാക്ഷനുകളുമുണ്ടാകാം. ഇതിലൂടെ ഫിലിംമേക്കർ ഉദ്ദേശിക്കുന്ന ഇമോഷൺസ് കറക്ടായി കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടാതെയിരിക്കാം. തിയേറ്ററിലെ ഇരുട്ടുമുറിയിലിരുന്ന് പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കുന്നതിന്റെ രസവും സുഖവുമൊന്നും ഒ.ടി.ടിയിലൂടെ കിട്ടിയെന്നു വരില്ല. എന്നാൽ ഒ.ടി.ടിക്ക് വേണ്ടി എടുത്ത സിനിമകളിൽ അത് പ്രവർത്തിക്കുകയും ചെയ്യും.

ഒ.ടി.ടിയുടെ കടന്നുവരവോടെ സിനിമക്ക് പോസീറ്റിവായ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. നിർമാതാവിനെ സംബന്ധിച്ച്​ റവന്യൂവിന് തിയേറ്ററിനെ മാത്രം ആശ്രയിക്കേണ്ട കാര്യമില്ല. അതുകൊണ്ട് നല്ല സിനിമയാണെങ്കിൽ ലാഭമുണ്ടാക്കാൻ കഴിയുന്നുണ്ട്.

ഫിലിം മേക്കേഴ്സിന്റെ സ്വാതന്ത്ര്യത്തെ ഖണ്ഡിക്കുന്ന തരത്തിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ നിബന്ധനകളൊക്കെ വെയ്ക്കാറുണ്ട്. ഈ ആസ്‌പെക്ട് മാത്രമേ പറ്റൂ, ഈ ഷോട്ട് ഉപയോഗിക്കണം, ഇത്ര ഡി.ബിയിൽ ശബ്ദം കൂടരുത് തുടങ്ങിയ ഗൈഡ്‌ലൈൻസൊക്കെ ഇതിലുൾപ്പെടും. ക്രിയേറ്റവിലി ആദ്യം തൊട്ടേ ഇവർ ഇൻവോൾവ് ആകുമ്പോൾ അത് വലിയ രീതിയിൽ തന്നെ സംവിധായകരുടെ സ്വാതന്ത്രത്തെ ബാധിക്കും. ഇത് ഒടിടിയുടെ ഒരു നെഗറ്റീവ് വശമാണ്. എന്നാലും ഒ.ടി.ടിയുടെ കടന്നുവരവോടെ സിനിമക്ക് പോസീറ്റിവായ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. നിർമാതാവിനെ സംബന്ധിച്ച്​ റവന്യൂവിന് തിയേറ്ററിനെ മാത്രം ആശ്രയിക്കേണ്ട കാര്യമില്ല. അതുകൊണ്ട് നല്ല സിനിമയാണെങ്കിൽ ലാഭമുണ്ടാക്കാൻ കഴിയുന്നുണ്ട്. ബിസിനസ്​ പെർസ്‌പെക്ടീവിൽ, സിനിമ സേഫ് ആകുന്നുമുണ്ട്. ഓഡിയൻസും സെലക്ടീവായി. പോസ്റ്റർ ഇറങ്ങുമ്പോൾ സിനിമ ഒ.ടി.ടിയിൽ കണ്ടാൽമതിയെന്ന് അവർ തീരുമാനിക്കുന്നുണ്ട്. പണ്ട് ഒരു ആവറേജ് സിനിമ പോലും തിയേറ്ററിൽ ഹിറ്റ് ആകുമായിരുന്നു. ഇന്ന് എത്ര വലിയ നടന്റെ ആണെങ്കിലും ഒരു ആവറേജ് സിനിമ ഒരാഴ്ചക്കുള്ളിലോ രണ്ട്, മൂന്ന് ദിവസത്തിനുള്ളിലോ തിയേറ്ററിൽ നിന്ന് മാറ്റപ്പെട്ടേക്കാം. അതുകൊണ്ട് ആവറേജും അതിന് താഴെയുമുള്ള കണ്ടന്റും ആർക്കും വേണ്ട എന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. ഈ പ്രഷർ കൊണ്ട് എല്ലാ ടെക്‌നീഷ്യൻസും അവരുടെ ക്രിയേറ്റിവിറ്റിയെ നന്നായി സിനിമയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

മിന്നൽ മുരളി സിനിമയിൽ നിന്ന്

ഹ്യൂമറും രഷ്ട്രീയശരിയും പരസ്പരവിരുദ്ധമാണ് എന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നുപോവും എന്ന് കരുതുന്നുണ്ടോ?

സിനിമയിലെ പൊളിറ്റിക്കൽ കറക്ടനസ് ഹ്യൂമറുമായി കണക്​റ്റ്​ ചെയ്യുമ്പോൾ നമ്മുടെ ശരികൾ കറക്ടാണെങ്കിൽ പൊളിറ്റിക്കലി കറക്ടാവുമെന്നാണ്​ എനിക്ക് തോന്നുന്നത്. സംവിധായകന്, നേരത്തെ പറഞ്ഞ സാമൂഹികദൗത്യമുണ്ട്. മുമ്പായിരുന്നെങ്കിൽ ഡബിൾ മീനിങ്ങ് കോമഡികളും കളിയാക്കുന്ന തരത്തിലുള്ള തമാശകളുമൊന്നും പ്രശ്‌നമല്ലായിരുന്നു. ഇന്ന് ആളുകൾ കുറെക്കൂടി ബോധമുള്ളവരായതിനാൽ, ചർച്ച ചെയ്യപ്പെടുന്നതിനാൽ, സംവിധായകരും ഇന്ന് സിനിമ സമൂഹത്തിലുണ്ടാകുന്ന സ്വാധീനങ്ങളെക്കുറിച്ച് കൂടുതൽ ബോധമുള്ളവരാകുന്നുണ്ട്. ആ രീതിയിലാണ് ഇന്ന് നമ്മൾ സിനിമയെ സമീപിക്കുന്നത്. പൂർണമായും പെർഫക്ടായ ആളുകളൊന്നും ലോകത്തില്ല. നമ്മളും പണ്ട് കോളേജിൽ കൂട്ടുകാരെയൊക്കെ ബോഡി ഷേമിങ്​ നടത്തിയിട്ടുണ്ടാകാം. സിനിമയിൽ ഒരു ക്യാരക്ടറിന് അത്​ യോജിക്കുന്നുണ്ടെങ്കിൽ, അയാൾ അങ്ങനെ പറയുന്ന ഒരാളാണെങ്കിൽ അവിടെയത് ശരിയായിരിക്കും. ഇതിനെ ഗ്ലോറിഫൈ ചെയ്യുമ്പോഴാണ് ശരിയോ തെറ്റോ എന്ന കാറ്റഗറിയിലേക്ക് ആലോചിക്കേണ്ടി വരിക. ക്യാരക്ടേസും സിനിമയും അനുസരിച്ചാണ് ഹ്യൂമറും പൊളിറ്റിക്കൽ കറക്ടനസുമൊക്കെ ഉണ്ടാവുക.

റത്തീനയെന്ന സംവിധായികയുടെ സിനിമയിൽ മമ്മൂട്ടിയെ പോലൊരു സൂപ്പർസ്റ്റാർ അഭിനയിക്കുന്നു. അഞ്ജലി മേനോന്റെ സിനിമയിൽ പൃഥ്വിരാജും ഫഹദ് ഫാസിലും നിവിൻപോളിയുമൊക്കെ അഭിനയിക്കുന്നു.

സ്ത്രീകളെ സിനിമ ഏത് രീതിയിലാണ് ഉൾക്കൊണ്ടിരുന്നത്? സിനിമയുടെ ആശയത്തിൽ / തീമിൽ /മേക്കിംങ്ങിൽ / അഭിനേതാക്കൾ എന്ന നിലയിൽ / പ്രേക്ഷകർ എന്ന നിലയിൽ? ഈ ചോദ്യം പാസ്റ്റ് ടെൻസിലാണ്. പ്രസൻറ്​ ടെൻസിലും ഇതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണ്?

രണ്ടു തരം സിനിമകളും മുമ്പുണ്ടായിരുന്നു. പാട്രിയാർക്കൽ മെയിൽ ഷോവനിസ്റ്റ് തരത്തിലുള്ള അപ്രോച്ചുകൾ ഫിലിം മേക്കേഴ്​സിനുണ്ടായിരുന്നു. അന്നതിനെ എതിർത്ത് ആരും ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അന്ന് സമൂഹമാധ്യമങ്ങൾ ഇല്ലാത്തതിനാൽ അതിനെക്കുറിച്ചൊന്നും ചർച്ചയുണ്ടായിട്ടില്ല. അതിനെ ചോദ്യം ചെയ്യാൻ പോലും ആരുമില്ലാത്തിനാൽ അതിനെ നിസ്സാരവതിക്കരിച്ച് വിടുകയാണുണ്ടായത്. അതേസമയം, പുരോഗമനചിന്താഗതിയുള്ള സിനിമകളും അന്നുണ്ടായിട്ടണ്ട്. ആദാമിന്റെ വാരിയെല്ല്, യവനിക, പഞ്ചാഗ്നി, ഓപ്പോൾ, തുവാനത്തുമ്പികൾ, ദേശാടനക്കിളി കരയാറില്ല എന്നീ സിനിമകളിലൊക്കെ സ്ത്രീകളെ സംബന്ധിച്ച പുരോഗമന ചിന്തകളുണ്ട്. ഇന്നുള്ളതിനെക്കാളും കൂടുതൽ അഡ്വാൻസ്ഡ് ആയി ചിന്തിച്ച ഫിലിം മേ​ക്കേഴ്​സ്​ അന്നുണ്ടായിരുന്നു എന്നാണ് ഇവർ തെളിയിച്ചത്. സിനിമ മേക്കിങ്ങിൽ പുരുഷാധിപത്യം തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഫീമെയിൽ ഫിലിം മേ​ക്കേഴ്​സിനെനെയും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന സ്​ത്രീകളെയും പല തരത്തിലും ആംഗിളിലുമാണ് സമൂഹം കണ്ടത്. അതുകൊണ്ട് പല സ്ത്രീകളും സിനിമാ നിർമാണത്തിലേക്ക് വരാൻ മടിച്ചു. ഇപ്പോൾ അത് കുറെ ലിബറലാണ്, ഓപ്പൺ ആണ്, വെൽകംമിങ്​ ആണ്. ഉദാഹരണത്തിന്, റത്തീനയെന്ന സംവിധായികയുടെ സിനിമയിൽ മമ്മൂട്ടിയെ പോലൊരു സൂപ്പർസ്റ്റാർ അഭിനയിക്കുന്നു. അഞ്ജലി മേനോന്റെ സിനിമയിൽ പൃഥ്വിരാജും ഫഹദ് ഫാസിലും നിവിൻപോളിയുമൊക്കെ അഭിനയിക്കുന്നു. അത്തരത്തിൽ എല്ലാ താരങ്ങളും സംവിധായകർ മെയിൽ ആണോ ഫീമെയിൽ ആണോ എന്ന വ്യത്യാസമില്ലാതെയാണ് അഭിനയിക്കുന്നത്.

അഞ്ജലി മേനോൻ, റത്തീന

സംവിധായകരെ കൂടാതെ എഡിറ്റിങ്ങിലും ക്യാമറയിലും അഭിനയത്തിലുമൊക്കെ നിരവധി സ്ത്രീകൾ കടന്നുവരുന്നുണ്ട്. പണ്ട് നമുക്ക് ഇത്ര തന്നെ പ്രാതിനിധ്യം കാണാൻ പറ്റില്ല. എന്നാൽ ശോഭന, ഉർവ്വശി, സുകുമാരി, ഫിലോമിന, തുടങ്ങിയ നിരവധി ശക്തരായ അഭിനേത്രികളുണ്ടായിരുന്നു. ഇപ്പോൾ പ്രേക്ഷകർ എന്ന നിലയിലും സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഒ.ടി.ടിയൊക്കെ കടന്നുവന്നതോടെ സ്ത്രീകൾക്ക് സിനിമയുടെ ആക്‌സസ്ബിലിറ്റി കൂടുന്നു. ഒ.ടി.ടിയിലൊക്കെ വരുന്ന സിനിമകൾ പുരുഷൻമാരെക്കാൾ സ്ത്രീകളാണ് ആദ്യം കാണുന്നതെന്ന് തോന്നുന്നു. ആദ്യം തിയേറ്ററിൽ സിനിമ റിലീസ് ചെയ്യുമ്പോൾ ആണുങ്ങളാണ് ഇടിച്ചുകയറി കണ്ടിരുന്നത്. ഇന്ന് ഓൺലൈനിൽ ബുക്ക്‌ ചെയ്യാൻ സംവിധാനമുള്ളതിനാൽ സ്ത്രീകളും സിനിമയിറങ്ങുന്ന ആദ്യദിവസം തന്നെ തിയേറ്ററിൽ പോയി കാണുന്നുണ്ട്. പിന്നീട് അവർ സിനിമകളക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കുകയും സമൂഹമാധ്യമങ്ങളിലും മറ്റും റിവ്യൂസിടുകയും ചെയ്യുന്നു. ഇന്ന് ഒറ്റയ്ക്കുതന്നെ ബുക്ക് ചെയ്ത് സിനിമ കാണാൻ പോകുന്ന സ്ത്രീകളുണ്ട്. സിനിമ കാണുന്നതിലും നിർമിക്കുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം വളരെ കൂടിയിട്ടുണ്ട്.

സിനിമ പ്രേക്ഷകരെ എൻഗേജ് ചെയ്യിച്ച്, എന്റർടൈമെൻറ്​ ചെയ്യിച്ച് അതിനുശേഷം എൻലൈറ്റ്‌മെൻറ്​ തലത്തിലേക്ക് എത്തിക്കും. പക്ഷേ എൻലൈറ്റ്‌മെൻറിനല്ല, പകരം എൻർടൈമെന്റിനാണ് ഞാൻ ആദ്യ പരിഗണന നൽകുന്നത്.

എല്ലാ കലാരൂപങ്ങളും ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം മുന്നോട്ടുവെയ്ക്കും. ആ രാഷ്ട്രീയം എന്താണ് എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയിൽ ഫിലിം മേക്കർ സ്ഥാനപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതല്ല കെ.ജി.ജോർജിന്റെ സിനിമ. പത്മരാജന്റെ സിനിമയല്ല ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമ. സിനിമയ്ക്ക് മുഖ്യധാരയെന്നും സമാന്തര ധാരയെന്നും വേർതിരിവുണ്ടായിരുന്നു. പക്ഷേ ഈ തലമുറ ആ വേർതിരിവിനെ മനോഹരമായി ബ്രേക്ക് ചെയ്തു. ഈ ചരിത്രത്തെ മുൻനിർത്തി നിങ്ങളുടെ സ്വന്തം സിനിമ എവിടെയാണ് സ്വയം പ്ലേസ് ചെയ്യാൻ ആഗ്രഹിക്കുന്നത്?

എന്നെ സംബന്ധിച്ച്​ സിനിമയെന്നത് എന്റർടെമന്റാണ്. എനിക്ക് ഇഷ്ട​മുള്ള കഥകൾ പ്രേക്ഷകരുമായി സംവദിക്കാൻ ശ്രമിക്കുന്ന മാധ്യമമായാണ് ഞാൻ സിനിമയെ കാണുന്നത്. പ്രേക്ഷകർക്കിടയിൽ റീച്ച് ആകുന്ന രീതിയിലുള്ള ഒരു പാക്കേജിങ്ങിലാണ് നമ്മൾ സിനിമയെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. സിനിമ പ്രേക്ഷകരെ എൻഗേജ് ചെയ്യിച്ച്, എന്റർടൈമെൻറ്​ ചെയ്യിച്ച് അതിനുശേഷം എൻലൈറ്റ്‌മെൻറ്​ തലത്തിലേക്ക് എത്തിക്കും. പക്ഷേ എൻലൈറ്റ്‌മെൻറിനല്ല, പകരം എൻർടൈമെന്റിനാണ് ഞാൻ ആദ്യ പരിഗണന നൽകുന്നത്. സിനിമ എൻർടൈമെൻറ്​ ആകുമ്പോഴേ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ രാഷ്ട്രീയം പറയാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ എന്റെ ഐഡിയോളജി സമ്മതിക്കില്ല.

മിന്നൽ മുരളി ടീമിനോടൊപ്പം ബേസിൽ ജോസഫ്

എന്നാൽ, ഫിലിം മേക്കറിന് സാമൂഹിക പ്രതിബദ്ധതയുള്ളതുകൊണ്ട് പ്രേക്ഷകരിൽ പോസീറ്റീവ് എൻലൈറ്റ്‌മെൻറ്​ സൃഷ്ടിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ എൻലൈറ്റ്‌മെന്റിനും രാഷ്ട്രീയം പറയാൻ വേണ്ടിയും സിനിമ നിർമിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. മിന്നൽ മുരളിയിലാണെങ്കിലും എന്റർടൈമെന്റിന് തന്നെയാണ് പരിഗണന നൽകിയത്. എന്നാൽ സിനിമ മൊത്തത്തിൽ പറഞ്ഞുവരുമ്പോഴൊക്കെ തമാശയിൽ കൂടിയോ മറ്റോ കുറച്ച് എൻലൈറ്റ്‌മെന്റൊക്കെ കടന്നുവരുന്നുണ്ട്. കുഞ്ഞിരാമായണം പോലുള്ള സിനിമകളൊക്കെ ഒരു തലത്തിലും രാഷ്ട്രീയം പറയുന്ന സിനിമകളല്ല. അത് എൻർടൈമെന്റിനുവേണ്ടി നിർമിച്ച സിനിമയാണ്. ഒരു പെൺകുട്ടിയുടെ കഥ പറയുന്നതുകൊണ്ടുതന്നെ ഗോദയിൽ കുറച്ചുകൂടി സീരിയസായ കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു. കുറെ പ്രേക്ഷകരെ ആ സിനിമ സ്വാധീനിച്ചു. പക്ഷേ ആത്യന്തികമായി പ്രേക്ഷകരുടെ എന്റർടൈമെന്റിനുതന്നെയാണ് ഞാൻ പ്രാധാന്യം നൽകുന്നത്.

കൊമേഴ്‌സ്യൽ- എന്റർടൈമെൻറ്​ എന്ന തരത്തിലുള്ള സിനിമകൾക്കാണ് ഞാൻ പരിഗണന നൽകുന്നത്. അതിന്റെ അകത്ത് കുറച്ച് ക്വാളിറ്റിയും അണ്ടർലൈൻഡ് പൊളിറ്റിക്‌സും എൻലൈറ്റ്‌മെന്റൊക്കെ ഉണ്ടെങ്കിൽ അത്രയും സന്തോഷം.

ഇന്ന് സമാന്തര സിനിമയുടെയും കൊമേഴ്‌സ്യൽ സിനിമയുടെയും വേർതിരിവുകൾ വളരെ മൈനൂട്ട് ആണ്. ദീലിഷ് പോത്തന്റെ സിനിമകളൊക്കെ സമാന്തര സിനിമയുടെ ക്യാറ്റഗറിയിലേക്ക് ഉൾപ്പെടുത്താമെങ്കിലും അതെല്ലാം കൊമേഴ്‌സ്യൽ സിനിമകൾ കൂടിയാണ്. രണ്ടിന്റെയും മിക്‌സ് ആയിട്ടാണ് അദ്ദേഹത്തിന്റെ സിനിമകളുള്ളത്. ഓഡിയൻസിനോട് സിനിമ എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യുന്നു, പോപ് കൾച്ചറുമായി എത്ര കണക്ടാകുന്നു എന്നീ കാര്യങ്ങൾ വച്ചാണ്​ ഇതിനെ കൊമേഴ്‌സ്യലൈസ് ചെയ്യുന്നത്. സമാന്തര സിനിമയുടെ സ്വഭാവം ആ സിനിമക്ക് വന്നിട്ടുണ്ടെങ്കിൽ പോലും ആ രണ്ടിന്റെയും മിക്‌സ് കറക്ട് ആണെങ്കിൽ കൊമേഴ്‌സ്യൽ സിനിമയെന്ന നിലയിലും ഓഫ്ബീറ്റ് സിനിമയെന്ന നിലയിലും അത് വിജയമാകും. പക്ഷേ, കൊമേഴ്‌സ്യൽ- എന്റർടൈമെൻറ്​ എന്ന തരത്തിലുള്ള സിനിമകൾക്കാണ് ഞാൻ പരിഗണന നൽകുന്നത്. അതിന്റെ അകത്ത് കുറച്ച് ക്വാളിറ്റിയും അണ്ടർലൈൻഡ് പൊളിറ്റിക്‌സും എൻലൈറ്റ്‌മെന്റൊക്കെ ഉണ്ടെങ്കിൽ അത്രയും സന്തോഷം. ഇതിനെക്കുറിച്ച് ശ്രദ്ധിക്കാറുണ്ട്. പക്ഷേ അതിന് വേണ്ടിയല്ല സിനിമയെടുക്കുന്നത്.

ഗോദയിലെ നായിക വമിഖ ഗബ്ബി

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ശക്തവും വലുതുമായ സിനിമയുണ്ടാവുന്നുണ്ട്. മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ എന്താണ് തോന്നുന്നത്?

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രേക്ഷകരെ അപേക്ഷിച്ച്, കേരളത്തിലെ പ്രേക്ഷകരുടെ ഓഡിയൻസ് ക്വാളിറ്റിയും ഹ്യൂമർസെൻസും സിനിമാ കൾച്ചറും വ്യതസ്തവും ഉയർന്നതുമാണ്. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ സിനിമകളുടെ ക്വാളിറ്റി വേറിട്ടുനിൽക്കുന്നത്. അതേസമയം, അന്യഭാഷകളിലെ കൊമേഴ്‌സ്യൽ അടക്കമുള്ള എല്ലാം സിനിമകളും കേരളത്തിലെത്തുമ്പോൾ നമ്മൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. കേരളത്തിലെ ഓഡിയൻസ് എല്ലാ ഭാഷകളിലുമുള്ള സിനിമകൾ കാണുന്നവരാണ്. ബാക്കി സംസ്ഥാനങ്ങളിൽ വളരെ ചെറിയ ശതമാനം പ്രേക്ഷകർ മാത്രമേ അവരുടെ ഭാഷയിലല്ലാത്ത സിനിമകൾ കാണൂ. കേരളത്തിൽ ഭാഷയുടെ പ്രശ്‌നം കാണാനാവില്ല. നമ്മൾ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യയിലെയും കൊറിയ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, തുടങ്ങി വിദേശങ്ങളിലെയും നല്ല സിനിമകളൊക്കെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഫിലിം ഫെസ്റ്റിവലിലൊക്കെ ഇത്ര ആളുകൾ പങ്കെടുക്കുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിലുണ്ടാവില്ല. അതുകൊണ്ട് ഇവിടുത്തെ ക്വാളിറ്റി ഓഫ് സിനിമയും ടെക്‌നിക്‌സുമൊക്കെ വളരെ ഉയർന്നതാണ്. ഇൻർനാഷനൽ തലത്തിൽ ചർച്ച ചെയ്യപ്പേടേണ്ട തരത്തിലുള്ള സിനിമകളാണ് മലയാളം ഇൻഡസ്ട്രിയിൽ നിന്ന് നിർമിക്കപ്പെടുന്നത്.

മുമ്പത്തെ അപേക്ഷിച്ച് സാ​ങ്കേതികമായി കുറെക്കൂടി ആക്‌സസിബിലിറ്റിയുള്ളതുകൊണ്ട് എല്ലാവരും വളരെ സാ​ങ്കേതികബോധമുള്ളവരാണ്.

ക്യാമറയുള്ള മൊബൈൽ ഫോണിന്റെ വരവിനുമുൻപ് വിഷ്വൽ ലാങ്ങ്ഗ്വേജിൽ നടന്നിട്ടുള്ള ആവിഷ്‌കാരം സിനിമകളും ഡോക്യുമെന്ററികളും ആണ്. ടെലിവിഷനും ഫോട്ടോഗ്രാഫിയും ആ ഭാഷയിലെ മറ്റ് ധാരകളാണ്. വിഷ്വൽ ഭാഷയിൽ ഇപ്പോൾ ഇതൊന്നുമല്ലാത്ത ധാരാളം ആവിഷ്‌കാരങ്ങൾ നടക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെ സീരീസുകൾ, സോഷ്യൽ മീഡിയയിലെ റീലുകളും ഷോട്ട്സുകളും ഒക്കെ. ക്യാമറയോടുള്ള, പ്രൊഡക്ഷൻ രീതികളോടുള്ള മനുഷ്യരുടെ കൗതുകം ഇപ്പോൾ മറ്റൊരു തരത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ സിനിമാ ചിന്തകളെ എങ്ങനെയാണ് ബാധിക്കുന്നത്?

മുമ്പത്തെ അപേക്ഷിച്ച് സാ​ങ്കേതികമായി കുറെക്കൂടി ആക്‌സസിബിലിറ്റിയുള്ളതുകൊണ്ട് എല്ലാവരും വളരെ സാ​ങ്കേതികബോധമുള്ളവരാണ്. ഷോർട്ട്‌സാണെങ്കിലും ഇൻസ്റ്റഗ്രാം റീൽസാണെങ്കിലും സോഷ്യൽ മീഡിയ സങ്കേതമാണെങ്കിലും അവർ തന്നെ എഡിറ്റ് ചെയ്യുകയും മ്യൂസിക് ഇടുകയും അഭിനയിക്കുകയും ഷൂട്ട് ചെയ്യുകയുമാണ്. ഇങ്ങനെ ഓഡിയൻസിനുമുന്നിൽ ഒരുപാട് കണ്ടന്റാണുള്ളത്. അവരുടെ അറ്റൻക്ഷൻ സ്പാൻ വളരെ ലിമിറ്റഡായി മാറി. നമുക്ക് എൻഗേജിങ്ങല്ലാത്ത ഒരു റീൽസ് വന്നാൽ അത് ​സ്വൈപ്​ അപ്പ് ചെയ്താൽ അടുത്ത കണ്ടൻറ്​ മുന്നിൽ വരും. സ്‌ക്രീനിൽ അവരെ എൻഗേജ് ചെയ്യിപ്പിക്കുന്ന, എന്റർടൈമെൻറ്​ ചെയ്യിക്കുന്ന, കാര്യങ്ങൾ സംഭവിച്ചിട്ടില്ലായെങ്കിൽ അവർ തിയേറ്ററിൽ നിന്നുതന്നെ മൊബൈലെടുത്ത് റീൽസ് കാണാനും ചാറ്റ് ചെയ്യാനുമൊക്കെ പോവും. പ്രേക്ഷകർ പെട്ടെന്ന് ഡിസ്‌റാക്റ്റഡ് ആകും. സിനിമ ലാഗാണ്, സെക്കൻഡ് ഹാഫ് കൊള്ളില്ല എന്നൊക്കെ പറയുന്നത് സാമൂഹ്യമാധ്യമങ്ങളുടെ ഇത്തരം സ്വാധീനം മൂലമാണ്.

ബേസിൽ ജോസഫ്

ക്യാമറ ഷോട്ടുകളെക്കുറിച്ചും ആംഗിളുകളെക്കുറിച്ചും പ്രേക്ഷകർക്ക്​ വലിയ അവബോധം വന്നതുകൊണ്ടുതന്നെ ആ രീതിയിൽ കഥ പറയുന്ന ശൈലിയിലേക്കും ഷോട്ടുകളിലേക്കും സിനിമയെ മാറ്റി അവതരിപ്പിക്കാൻ നിർബന്ധിതരാകുന്നു. മുമ്പ് ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തിരുന്നത്. പരാമവധി ഷോട്ടുകളെടുക്കുക, ആശയങ്ങൾ കമ്യൂണിക്കേറ്റ് ചെയ്യുക, തിരക്കഥ വ്യത്തിയായി ഓഡിയൻസിലെത്തിക്കുക, പെർഫോമൻസ് മോണിറ്റർ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് ഫിലിം മേക്കേഴ്​സ്​ ഫോക്കസ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് കുറെകൂടി ഗിമ്മിക്കുകളും മേക്കിങ്ങിൽ പലതരം ക്രിയേഷൻസും ഇന്നോവേഷൻസുമൊക്കെ സ്റ്റോറിടെല്ലിങ്ങിൽ ഉപയോഗിക്കേണ്ടതായി വന്നിട്ടുണ്ട്. അതിനെ പോസീറ്റിവായും നെഗറ്റീവായും പറയാവുന്നതാണ്. സിനിമ ഇന്നോവേറ്റീവ് ആകുന്നുവെന്നത് പോസിറ്റീവായ മാറ്റമാണ്. അതേസമയം കൂടുതൽ ക്രിട്ടിക്കലാകുന്നത് ഫിലിമേക്കറിന്റെ സ്വാതന്ത്രത്തെ ബാധിക്കുന്നുണ്ട്. ഓഡിയൻസ് പെട്ടെന്ന് ഡിസ്‌റാക്​ടഡ്​ ആകുന്നതും അറ്റൻഷൻ സ്പാൻ കുറയുന്നതും ഇനിയുള്ള തലമുറയിൽ കൂടികൊണ്ടേയിരിക്കും. ജനിച്ചുവീഴുമ്പോൾ തന്നെ മൊബൈൽ ഫോണും ലാപ്‌ടോപ്പുമാണ് കുട്ടികളുടെ കൈയ്യിൽ കൊടുക്കുന്നത്. അങ്ങനെയുള്ള കൂട്ടികൾക്കുമുന്നിൽ സിനിമ കാണിക്കുമ്പോൾ നിരവധി മാറ്റങ്ങളുണ്ടാകേണ്ടതുണ്ട്. ഒരു അഞ്ചോ പത്തോ വർഷത്തിൽ സംഭവിക്കേണ്ട മാറ്റങ്ങളൊക്കെ ഇപ്പോൾ ഒരു വർഷംകൊണ്ടോ ആറുമാസംകൊണ്ടോ ആണ് സംഭവിക്കുന്നത്. പെട്ടെന്നാണ് കാര്യങ്ങൾ മാറികൊണ്ടിരിക്കുന്നത്. അത് സംവിധായകരെ കൂടുതൽ ക്രിയേറ്റീവാക്കുകയും അതേസമയം സമ്മർദ്ദത്തിലാഴ്​ത്തുകയും ചെയ്യുന്നുണ്ട്.

ഭാഗം രണ്ട്​

സാഹിത്യരൂപങ്ങളുടെ സിനിമാ ആവിഷ്‌കാരം എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. വായനയുടെ സ്വഭാവം എന്താണ്? കഥകളാണോ സംഭവങ്ങളാണോ തിരയുന്നതും പ്രചോദിപ്പിക്കുന്നതും?

ഒരു കഥ കണ്ടുപിടിക്കണം എന്ന ഉദ്ദേശ്യത്തോടെയല്ല ഞാൻ പുസ്തകങ്ങളും പത്രങ്ങളും വായിക്കാറ്​. ഞാൻ ഇഷ്ടത്തോടെ വായിക്കാൻ ശ്രമിക്കുന്ന ആളാണ്. ചിലപ്പോൾ ആ വായന എന്നെ ഒരു വിഷയത്തിലേക്കോ കഥാപാത്രത്തിലേക്കോ എത്തിക്കാറുണ്ട്. തുറന്ന കണ്ണുകളോടെ ആസ്വദിച്ചാണ് ഞാൻ വായിക്കാറ്​. ചില സിനിമകളുടെ വിഷയങ്ങളൊക്കെ ചുറ്റുവട്ടത്തുനിന്നുതന്നെയാവും കിട്ടുന്നത്. ഇത് വളരെ ജൈവികമായി സംഭവിക്കുന്ന കാര്യമാണ്. ബോധപൂർവം ഒരു സിനിമ ചെയ്യുമ്പോൾ ഒരു പ്രിട്ടൻഷ്യസ് സ്വാഭാവം അതിനുണ്ടാവും. അത് ആ സിനിമയിൽ മുഴച്ചുനിൽക്കുമെന്നതിൽ സംശയമില്ല. എപ്പോഴും നമുക്കിഷ്​ടമുള്ള സിനിമകൾ കാണാനും പുസ്തകങ്ങൾ വായിക്കാനും ശ്രമിക്കുക. നമ്മുടെ റൂട്ടീനൊക്കെ അങ്ങനെ പിൻതുടരാൻ ശ്രമിക്കുമ്പോൾ നമ്മൾ ചെയ്യേണ്ട സിനിമകൾ നമ്മളെ തന്നെ തേടിയെത്തും. നമ്മൾ അതിനുവേണ്ടി ക്ഷമയോടെ കാത്തിരുന്നാൽ മാത്രം മതി.

​മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ / സിനിമകൾ ഏതാണ്? ഫിലിം മേക്കറും? സ്വന്തം സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?

മണിചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, തുടങ്ങിയ മലയാള സിനിമകളൊക്കെ ഇഷ്ടമാണ്. കെ.ജി ജോർജ്, പ്രിയദർശൻ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ എന്നിവരൊക്കെ മലയാളത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച സംവിധായകരാണ്. ഭരതൻ, ലോഹിത ദാസ്, പത്മരാജൻ തുടങ്ങിയവരുടെ സിനിമകളും എനിക്കിഷ്ടമാണ്. പക്ഷേ എന്റെ ഉള്ളിലെ ഫിലിംമേക്കറെ, കഥ പറച്ചിലുകാരനെ, കുട്ടിക്കാലം തൊട്ടേ സ്വാധീനിച്ചത് ആദ്യം പറഞ്ഞ സംവിധായകരാണ്. കെ.ജി. ജോർജിന്റെ സിനിമകളൊക്കെ സിനിമയെ സീരിയസായി കാണാൻ തുടങ്ങിയ സമയത്താണ് കാണുന്നത്. പ്രിയദർശൻ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ സിനിമകളിലൊക്കെയുള്ള തമാശകളും കോമഡി സീനുകളുമൊക്കെയാണ് എന്റെ സിനിമയെ രൂപപ്പെടുത്തിയെടുത്തത്.

'കുഞ്ഞിരാമായണ'ത്തിൽ ധ്യാൻ ശ്രീനിവാസനും അജു വർഗീസും

ഞാൻ ചെയ്ത സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് മിന്നൽ മുരളിയാണ്. മറ്റ് സിനിമകളേക്കാൾ കൂടുതൽ എഫർട്ടും ടെക്‌നിക്‌സുമൊക്കെ മിന്നൽ മുരളിക്കുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ എന്റെ ആദ്യ സിനിമയെന്ന നിലയിൽ കുഞ്ഞിരാമായണത്തോടും എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്.

സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?

സിനിമ എന്നെങ്കിലും നിരോധിക്കപ്പെടുമെന്നതിനെക്കുറിച്ച് ഞാൻ ഇതുവരെ ചിന്തിച്ചുനോക്കിയിട്ടില്ല.

താങ്കൾക്ക് എന്താണ് സിനിമ എന്ന മാധ്യമം? ഒരു വലിയ വ്യവസായം കൂടിയായ സിനിമയിൽ താങ്കളുടെ സിനിമയുടെ വിജയത്തിന്റെ മാനദണ്ഡം എന്താണ്?

എന്നെ സംബന്ധിച്ച്​ സിനിമയെന്ന മാധ്യമം പ്രേക്ഷകരെ എന്റർടൈമെൻറ്​ ചെയ്യാനുള്ളതാണ്. അതിനാൽ ഞാൻ കോമഡി സിനിമയെന്ന ജോണർ മാത്രമേ ചെയ്യുവെന്നർത്ഥമില്ല. ഏതു ജോണറാണെങ്കിലും ഏതു കാലഘട്ടമാണെങ്കിലും ഏതു ഭാഷയാണെങ്കിലും കാണുന്നവരെയും സിനിമക്ക്​ പണം മുടക്കുന്നവരെയും നിരാശപ്പെടുത്താത്ത രീതിയിലുള്ള സിനിമ ചെയ്യുന്നതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. എന്റെ ഉള്ളിലെ പ്രേക്ഷകൻ കൊമേഴ്‌സ്യൽ സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണ്. അതുകൊണ്ടുതന്നെ ആ പ്രേക്ഷകനെ പ്രീതിപ്പെടുത്തുന്ന സിനിമകളാണ് എന്റെയുള്ളിലെ ഫിലിം മേക്കറും ചെയ്യാൻ ശ്രമിക്കുക. എന്റെ ആശയങ്ങളും ചിന്തകളുമൊക്കെ വെച്ച് പാരലൽ സിനിമ സംവിധാനം ചെയ്യാൻ ശ്രമിച്ചാലും എന്നെക്കൊണ്ട് അത് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. പകരം, അതിനെ ഒരു എന്റർടൈമെൻറ്​ സിനിമയായി എനിക്ക് നിർമിക്കാൻ കഴിയും. പാരലൽ സിനിമ കാണാറില്ലെന്നും ഇഷ്ടമില്ലെന്നും അതിനർത്ഥമില്ല. പക്ഷേ ഞാൻ സിനിമയിൽ കൂടുതൽ പ്രിഫർ ചെയ്യുക എന്റർടൈമെൻറിനു തന്നെയാണ്. പക്ഷേ പൂർണമായി സിനിമയെ മസാലവത്കരിച്ച് അവതരിപ്പിക്കുന്നതിനോട് താൽപര്യമില്ല. അങ്ങനത്തെ സിനിമകളോട് പ്രേക്ഷകൻ എന്ന നിലയിലും വ്യക്തിപരമായ നിലയിലും എനിക്ക് താൽപര്യമില്ല. അതുപോലെ സിനിമ കൂടുതൽ ഓഫ്ബീറ്റ് ആകുന്നതിനോടും താൽപര്യമില്ല. ക്വാളിറ്റിയാണെങ്കിലും ക്രിട്ടിക്കലിയാണെങ്കിലും രണ്ടിന്റെയും ഇടയിൽ നിൽക്കുന്ന സിനിമകളാണ് എനിക്കിഷ്ടം. സിനിമയുടെ ഐഡിയോളജി കൊണ്ടോ, പൊളിറ്റിക്‌സോ കൊണ്ടോ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കാനും അതേസമയം വിനോദിപ്പിക്കാനും കഴിയുന്നാതാകണം സിനിമയെന്നതാണ് എന്റെ കാഴ്ചപ്പാട്. അത്തരത്തിലുള്ള സിനിമകൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ▮


ബേസിൽ ജോസഫ്

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്, കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ സിനിമകൾ സംവിധാനം ചെയ്തു

Comments