കേരളത്തിന്റെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലെ (18th IDSFFK) ഷോർട്ട് ഡോക്യുമെന്ററി മത്സരവിഭാഗത്തിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ ഏറ്റവും സവിശേഷമായ ഒരു സിനിമയുണ്ട്. നൂറു വർഷത്തെ മലയാള ചലച്ചിത്രചരിത്രത്തെ തന്നെ കീഴ്മേൽ മറിച്ചിടുന്ന ഒരു നോട്ടം ആയാസമന്യേ വ്യവഹാര കേന്ദ്രത്തിൽ പ്രതിഷ്ഠിച്ച്, നോവുമ്പോൾ കരഞ്ഞും, തോന്നുമ്പോൾ ചിരിച്ചും, ആടിയും, പാടിയും കൂസലില്ലാതെ നിൽക്കുന്ന, 20 മിനിറ്റ് ദൈർഘ്യം മാത്രമുള്ള സിനിമ; ഹർഷാപ്പി സംവിധാനം ചെയ്ത ‘ബത്തക്കാ ഹൃദയം തുന്നാ പോന്ന്’ (TO STITCH TOGETHER A WATERMELON HEART). പേർസണൽ സിനിമ എന്നു പറയാവുന്ന ഈ ചിത്രം ഫിലിംമെയ്ക്കർ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയാണ് എന്നതുകൊണ്ടുമാത്രമല്ല പ്രാധാന്യം അർഹിക്കുന്നത്; മറിച്ച്, ഈ ഡയറക്ടർ പകർത്തിയത് ഇന്നേവരെ മലയാള സിനിമ നോക്കാൻ ശ്രമിച്ചിട്ടില്ലാത്ത, നോക്കണം എന്ന് ചിന്തിച്ചിട്ടുപോലും ഇല്ലാത്ത ട്രാൻസ് നോൺ ബൈനറി ജീവിത പരിസരമാണ് എന്നുള്ളതുകൊണ്ടാണ്.
ഒരു ട്രാൻസ് മാസ്ക് വ്യക്തി സ്വന്തം ജീവിതത്തെ, ശരീരത്തെ, മാനസിക സംഘർഷങ്ങളെ, സൗഹൃദങ്ങളെ, യാത്രകളെ, രാഷ്ട്രീയബോധ്യങ്ങളെ അവരവരിലേക്കും, അവരവരുടെ ഇടങ്ങളിലേക്കും, മനുഷ്യരിലേക്കും തിരിച്ചുവെച്ച ക്യാമറയിലൂടെ സാമൂഹ്യ രാഷ്ട്രീയ അർത്ഥങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ആഖ്യാനമായി രേഖപ്പെടുത്തുമ്പോൾ, അത് ഒരേ സമയം ചരിത്രത്തെ പ്രശ്നവൽക്കരിക്കുകയും, നിർമ്മിക്കുകയും ചെയ്യുന്നു. അത് സ്വത്വവും, ശരീരവും, ദൃശ്യതയുമെല്ലാം ഉൾച്ചേരുന്ന നാളിതുവരെയുള്ള നമ്മുടെ ലൈംഗികതയും, ജെൻഡറുമായും ബന്ധപ്പെട്ട മുഴുവൻ ആലോചനകളെയും, ബോധ്യങ്ങളെയും അപനിർമ്മിക്കുന്നു.

കേരളത്തിൽ ട്രാൻസ് ജീവിതങ്ങൾ ഇതിവൃത്തമായിട്ടുള്ള പല ആവിഷ്കാരങ്ങളും വിരളമായാണെങ്കിലും സിനിമയിലും, സാഹിത്യത്തിലുമെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു ട്രാൻസ് മാസ്‌കുലിൻ വ്യക്തി സ്വന്തം ജീവിതത്തെയും, അനുഭവങ്ങളെയും സ്വന്തം കാഴ്ചയിലും, ശബ്ദത്തിലും രേഖപ്പെടുത്തി അവതരിപ്പിക്കുന്നത് ആദ്യമായിട്ടാണ് സംഭവിക്കുന്നത്. ക്വീർ സമൂഹത്തെ മറ്റുള്ളവർ പകർത്തുന്നതും, ക്വീർ മനുഷ്യർ സ്വയം പകർത്തുന്നതും തമ്മിലുള്ള വീക്ഷണ വ്യതിയാനം തന്നെയാണ് ഇത്തരം ഇടപെടലുകളുടെ അവഗണിക്കാനാവാത്ത രാഷ്ട്രീയ പ്രാധാന്യം.
ഈ സിനിമയുടെ ഏറ്റവും അടുപ്പമുള്ള ഭാഗങ്ങളിൽ ചിലത് ഹർഷൻ തന്നെ ക്യാമറയ്ക്ക് മുന്നിലിരുന്ന് സംസാരിക്കുന്ന നിമിഷങ്ങളാണ്. ക്യാമറ തന്നെ ഒരു കേൾവിക്കാരിയും, സാക്ഷിയുമായി മാറുന്ന ഇടമാണത്.
2022 മെയ് മാസത്തിൽ ആദ്യമായി തന്റെ ഇഷ്ടത്തിന് മുടിവെട്ടിയ ദിവസം മുതലങ്ങോട്ട് പല സാഹചര്യങ്ങളിൽ ഹർഷൻ നടത്തിയ സെൽഫ് ഡോക്യുമെന്റേഷനാണ് ഈ സിനിമക്കാധാരമായ വീഡിയോ ഫുട്ടേജുകൾ. വന്യമായ വിഷാദവിസ്‌ഫോടനങ്ങളിൽ ഉഴറിയുലഞ്ഞ് ആശുപത്രി മുറിയിൽനിന്ന് സ്വയം പകർത്തിയ ആത്മഭാഷണങ്ങൾ മുതൽ കലാലയം, സൗഹൃദങ്ങൾ, ക്വീർ കൂട്ടായ്മകൾ, സമര സ്ഥലങ്ങൾ, പ്രണയം, യാത്ര, തണലായ ഇടങ്ങൾ, മനുഷ്യർ, രാഷ്ട്രീയബോധ്യങ്ങളിലേക്ക് ജാലകങ്ങൾ തുറന്ന വായനകൾ, അങ്ങനെ കടന്നുപോകുന്ന ജീവിതത്തിൽ നിന്നും, കാലത്തിൽ നിന്നും പലതരം ചിതറിയ തുണ്ടുകൾ. ഈ കടന്നുപോകലിലൂടെ പലതായി നുറുങ്ങിയ തുന്നിച്ചേർക്കേണ്ടിവരുന്ന ഒരു ബത്തക്ക ഹൃദയം.

എന്തിനാണ് ഹൃദയം തുന്നേണ്ടി വരുന്നത്? എന്താണ് അതിനെ തകർത്തത്? എന്തുകൊണ്ട് ബത്തക്ക? എല്ലാത്തിനും ഉത്തരങ്ങളില്ലെങ്കിലും യുദ്ധങ്ങളാലും, വംശഹത്യകളാലും, പാലായനങ്ങളാലും ഉള്ളു ചിതറിയ വർത്തമാന ലോകത്തിരുന്ന് മരിക്കാതിരിക്കാൻ സിനിമ എടുക്കുന്ന ഒരു ട്രാൻസ് മനുഷ്യന് ‘ബത്തക്ക ഹൃദയം’ എന്ന രൂപകത്തിലേക്ക് സ്വയം അടയാളപ്പെടുക ഏറ്റവും സ്വഭാവികമായ രാഷ്ട്രീയ പരിണാമമാണ്. അതിലെ മാനവികതയോടുള്ള ഐക്യദാർഢ്യം തന്നെയാണ് ഈ ചിത്രത്തിന്റെ ഉൾക്കാമ്പും. സ്നേഹത്താലും, പരസ്പരമുള്ള കരുണയാലും മാത്രം അതിജീവിക്കുന്ന ജൈവിക ഇടങ്ങളെ പരിചയപ്പെടുത്തുന്ന, ഉത്തരമായി മുന്നോട്ടുവെക്കുന്ന ഒരു നിരന്തര ആത്മീയ അന്വേഷണമാണ് ഈ ചിത്രം. അതിന് സാക്ഷിയായി ക്യാമറ എന്ന സർഗാത്മക മാധ്യമത്തെ കൂടെകൂട്ടുന്ന ഒരു സ്വയം പ്രതിനിധാന (Self-representation) വിമതവീര്യമാണ് അതിന്റെ ഊർജം.

ഈ സിനിമയുടെ ഏറ്റവും അടുപ്പമുള്ള ഭാഗങ്ങളിൽ ചിലത് ഹർഷൻ തന്നെ ക്യാമറയ്ക്ക് മുന്നിലിരുന്ന് സംസാരിക്കുന്ന നിമിഷങ്ങളാണ്. ക്യാമറ തന്നെ ഒരു കേൾവിക്കാരിയും, സാക്ഷിയുമായി മാറുന്ന ഇടമാണത്. സ്വന്തം ജീവിതത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വേദനകളെക്കുറിച്ചും മാനസികമായി കടന്നുപോയ ഇരുണ്ട ഇടങ്ങളെക്കുറിച്ചും ഹർഷൻ സംസാരിക്കുമ്പോൾ, അവർ ഒരേസമയം സിനിമയുടെ വിഷയിയും, ആഖ്യാതാവും ആണ്. ക്ഷതസാധ്യതയും (Vulnerability), കർത്തൃത്വവും ഒന്നിച്ച് നിലനിൽക്കുന്ന അത്തരം ഒരു സങ്കീർണ സ്ഥലിയിലൂടെ സഞ്ചരിച്ച് സിനിമ എത്തുന്ന സ്ഥലം പരസ്പരം തൊട്ടും, തോൾചേർന്നും പാടിയാടി ബത്തക്ക ഹൃദയങ്ങൾ തുന്നിക്കൊണ്ടിരിക്കുന്ന കൂട്ടുപാതകളിലാണ്. തന്മയെ പ്രകാശിപ്പിക്കുന്ന ആത്മഛായാചിത്രം എന്നതിൽ അവസാനിക്കാതെ അത് പുറത്തേക്ക് കടക്കുന്നു. സ്വന്തം സ്വത്വത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ സമൂഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് വികസിക്കുന്നു.

നമ്മുടെ ശരീരത്തെക്കുറിച്ചും, സ്വത്വത്തെക്കുറിച്ചും നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾ ഒടുവിൽ സമൂഹത്തെയും അധികാരത്തെയും കുറിച്ചുള്ള ചോദ്യങ്ങളായി മാറും. എന്താണ് നോർമൽ? ആരാണ് അത് തീരുമാനിക്കുന്നത്? ആരുടെ ശരീരത്തിനാണ് സമൂഹം അംഗീകാരം നൽകുന്നത്? ആർക്കാണ് സ്വന്തം ജീവിതത്തെക്കുറിച്ചും, ശരീരത്തെ കുറിച്ചും സ്വയം നിർണ്ണയാവകാശമുള്ളത്? എന്താണ് മനുഷ്യാന്തസ്സ്?ഇവയെല്ലാം വ്യക്തിപരമായ ചോദ്യങ്ങളാണെന്ന് തോന്നിച്ചാലും അവയ്ക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. അവിടെനിന്നാണ് തിരുവനന്തപുരത്തെ ആശമാരുടെ സമരപ്പന്തലിലേക്ക് ബിരുദ വിദ്യാർത്ഥിയായ ഹർഷാപ്പി എത്തിച്ചേരുന്നത്. ഈ സിനിമയിൽ അത് ഉൾചേർക്കപ്പെടുന്നത് ഈ അനുഭവങ്ങളിൽ നിന്ന് ഈ വ്യക്തിയ്ക്കുണ്ടായ രാഷ്ട്രീയ തെളിച്ചമായിരിക്കാം.
സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനിക്കാനുള്ള അവകാശമായാലും, സ്വന്തം തൊഴിലവകാശങ്ങളായാലും, സ്വന്തം ജീവിതത്തിന് മൂല്യമുണ്ടെന്ന് അംഗീകരിക്കപ്പെടാനുള്ള അവകാശമായാലും, രാഷ്ട്രീയം ഒടുവിൽ നമ്മുടെ ഏറ്റവും സ്വകാര്യമായ ഇടങ്ങളിലേക്ക് തന്നെയാണ് കടന്നുവരുന്നത്.
എന്തായാലും പുറമേ നോക്കുമ്പോൾ, ഒരു ട്രാൻസ് മാസ്കുലിൻ വ്യക്തിയുടെ ട്രാൻസിഷൻ ഡോക്യുമെന്ററിക്കും, ആശമാരുടെ തൊഴിൽസമരത്തിനും തമ്മിൽ വലിയ ബന്ധമൊന്നും തോന്നിയേക്കില്ല. പക്ഷേ ഹർഷന്റെ യാത്രയിൽ അവ രണ്ടും ഒരേ വലിയ ചോദ്യത്തിലേക്ക് എത്തുന്നു: മാന്യമായി ജീവിക്കുവാനുള്ള അവകാശം ആർക്കാണ്? സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനിക്കാനുള്ള അവകാശമായാലും, സ്വന്തം തൊഴിലവകാശങ്ങളായാലും, സ്വന്തം ജീവിതത്തിന് മൂല്യമുണ്ടെന്ന് അംഗീകരിക്കപ്പെടാനുള്ള അവകാശമായാലും, രാഷ്ട്രീയം ഒടുവിൽ നമ്മുടെ ഏറ്റവും സ്വകാര്യമായ ഇടങ്ങളിലേക്ക് തന്നെയാണ് കടന്നുവരുന്നത്. ട്രാൻസ് മനുഷ്യരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ വരെ അപഹരിച്ചു കളഞ്ഞ ട്രാൻസ് ആക്ട് രാജ്യസഭ പാസാക്കിയപ്പോൾ രാജ്യമെമ്പാടും നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഈ ചിത്രം പല തവണ പ്രദർശിപ്പിക്കുകയുണ്ടായി. പറഞ്ഞുവെക്കുന്ന രാഷ്ട്രീയത്തിലെ തെളിച്ചം തന്നെയാവണം ഭാഷാഭേദമന്യേ ഒരുപാട് ക്വീർ മനുഷ്യർക്ക് പോരാട്ട വീര്യം പകരാൻ, സംവാദങ്ങൾ സൃഷ്ടിക്കാൻ ഈ കുഞ്ഞുസിനിമക്ക് സാധിച്ചതിന് പിന്നിലെ സവിശേഷത.

ഈ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സവിശേഷതകളിലൊന്ന് അതിന്റെ നിർമ്മാണത്തിന് പിന്നിലെ കൂട്ടായ്മ തന്നെയാണ്. ചിത്രത്തിന്റെ ക്രൂവിൽ ഭൂരിഭാഗവും ക്വീർ സമൂഹത്തിൽ നിന്നുള്ളവരും, ശേഷിക്കുന്നവർ ക്വീർ രാഷ്ട്രീയത്തെ പിന്തുണക്കുന്നവരുമാണ്. ഹർഷൻ സ്വയം പകർത്തിയ ദൃശ്യങ്ങൾക്കൊപ്പം സുഹൃത്തുക്കളായ ജയലക്ഷ്മിയും, ഹസിയും പകർത്തിയ ഫുട്ടേജുകളും സിനിമയുടെ ഭാഗമായിട്ടുണ്ട്. അരുൺ കുറവനാണ് നോൺ- ലീനിയറായ ആഖ്യാനശരീരത്തെ തുന്നിയെടുത്ത ചിത്രസംയോജകൻ.
ഒരാളുടെ വ്യക്തിജീവിതത്തെയും അനുഭവങ്ങളെയും രേഖപ്പെടുത്തുന്ന ഈ സിനിമ, ആ ജീവിതത്തെ താങ്ങിനിർത്തിയ ക്വീർ സൗഹൃദങ്ങളുടെയും കൂട്ടായ്മയുടെയും പങ്കാളിത്തത്തിൽ രൂപംകൊണ്ട ഒരു സ്വതന്ത്ര സിനിമയായി മാറുന്നു.
മാറയും, നിധിയും ചേർന്നൊരുക്കിയ പശ്ചാത്തല സംഗീതത്തെ സിനിമയുടെ ജൈവികതാളത്തിലേക്ക് ചേർത്തുവെക്കുന്ന ശബ്ദസംവിധാനം നിർവഹിച്ചത് ആരോൺ പി. ജോയ് ആണ്. പോസ്റ്റർ ഡിസൈൻ, സബ് ടൈറ്റിലിങ്, മറ്റ് നിർമ്മാണ പിന്തുണകളുമായി അദ്വൈത, മൈത്രി, ഹസ്ന ഷാഹിദ, അസർമുല്ല, മാറ്റ്, ജിൻസ്, ലക്ഷ്മി പ്രിയ, നവനീത്, അപ്പുക്കിളി, അർജുൻ എന്നീ സുഹൃത്തുക്കളും ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. അങ്ങനെ, ഒരാളുടെ വ്യക്തിജീവിതത്തെയും അനുഭവങ്ങളെയും രേഖപ്പെടുത്തുന്ന ഈ സിനിമ, ആ ജീവിതത്തെ താങ്ങിനിർത്തിയ ക്വീർ സൗഹൃദങ്ങളുടെയും കൂട്ടായ്മയുടെയും പങ്കാളിത്തത്തിൽ രൂപംകൊണ്ട ഒരു സ്വതന്ത്ര സിനിമയായി മാറുന്നു. സ്വയം പ്രതിനിധാനത്തിന്റെ രാഷ്ട്രീയം സിനിമയുടെ ഉള്ളടക്കത്തിൽ മാത്രമല്ല, അതിന്റെ നിർമ്മാണ പ്രക്രിയയിലും സാക്ഷാത്കരിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ മാതൃക.

'ബത്തക്കാ ഹൃദയം തുന്നാ പോന്ന്' എന്ന ഈ സിനിമയുടെ പ്രസക്തി ഒരുപക്ഷേ അതിന്റെ ഉത്തരങ്ങളിലല്ല, അത് ബാക്കിവെക്കുന്ന അസ്വസ്ഥമായ ചോദ്യങ്ങളിലാണ്. പ്രേക്ഷകരിലേക്ക് തുറന്നുവെച്ച ഈ വൈയക്തിക, വൈകാരിക ആഖ്യാനം വെളിപ്പെടുത്തുന്നത് ആഖ്യാതാവിന്റെ ജീവിതത്തെ രൂപപ്പെടുത്തിയ സാമൂഹിക ഘടനകളെയും അതിനുള്ളിലെ അധികാരബന്ധങ്ങളെയും കൂടിയാണ്. ക്യാമറ ഇവിടെ വെറും കാഴ്ച പകർത്തുന്ന ഉപകരണമല്ല, ഇതുവരെ മറ്റുള്ളവർ നിർവ്വചിച്ചുപോന്ന ജീവിതത്തെ സ്വയം പറയാനുള്ള അവകാശത്തിന്റെ പ്രഖ്യാപനമാണ്. അതുകൊണ്ടുതന്നെ ഈ സിനിമ അവസാനിക്കുന്നത് സ്ക്രീനിലല്ല. കാണുന്നവരുടെ ചിന്തകളിലും, സംഭാഷണങ്ങളിലും, ചർച്ചകളിലും, തർക്കങ്ങളിലും അത് തുടർന്നുകൊണ്ടേയിരിക്കും.

സ്വന്തം ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ഒരാൾ ക്യാമറയ്ക്ക് മുന്നിൽ ഇരിക്കുമ്പോൾ, അത് സ്വകാര്യമായ ഒരു തുറന്നുപറച്ചിൽ മാത്രമല്ല; ആരെ കാണണം, ആരുടെ വാക്കുകൾ കേൾക്കണം, ആരുടെ ജീവിതമാണ് അംഗീകരിക്കപ്പെടേണ്ടത് എന്നതിനെ നിർണ്ണയിക്കുന്ന അധികാരത്തോടുള്ള ഒരു പ്രതിരോധം കൂടിയാണ്. അങ്ങനെ നോക്കുമ്പോൾ, ഈ 20 മിനിറ്റ് സിനിമ ഒരു വ്യക്തിയുടെ ജീവിതരേഖയിൽനിന്ന് പുറത്തേക്ക് വളർന്ന് നമ്മളോട് ചോദിക്കുന്നത് മറ്റൊന്നാണ്: സ്വന്തം ജീവിതം സ്വന്തം ഭാഷയിൽ പറയാനും, സ്വന്തം ശരീരത്തിൽ സ്വന്തം യുക്തിയിൽ ജീവിക്കുവാനും, അതിന് സമൂഹത്തിന്റെ അനുമതി കാത്തുനിൽക്കാതിരിക്കാനും എത്ര കാലം/കാതം കാലുപൊട്ടി, ബത്തക്ക ഹൃദയം നുറുങ്ങി നമ്മൾ നടക്കണം? ബത്തക്ക ഹൃദയങ്ങൾ തുന്നിക്കൊണ്ടേയിരുന്ന് നമുക്ക് സിനിമ അവസാനിച്ചാലും അവശേഷിക്കുന്ന ചോദ്യങ്ങൾ നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കാം.
