രതിയുടെയും പ്രണയത്തിന്റെയും വഴിയെ ഭീമനെ നടത്തിച്ച പെണ്ണുങ്ങൾ

പ്രണയം എന്ന വാക്കിനോട് തന്നെ അയാൾക്ക് ഭയം ആണെന്ന് പറയാം. എത്രയൊക്കെ ഇല്ല എന്ന് പറയുമ്പോഴും ശാരീരികമായി ഒന്നിക്കുന്ന രണ്ടു പേർക്കിടയിൽ ഉടലെടുക്കുന്ന ഒരു വൈകാരിക അനുഭവം ഉണ്ട്. അത് ഭീമൻ തിരിച്ചറിയാതെ പോകുകയാണ്. ഏറ്റവും ഒടുവിൽ പെണ്ണുടലിനോടുള്ള അയാളുടെ കാഴ്ച മറ്റൊരു തരത്തിൽ ആവുന്നുണ്ട്. രതി മാത്രമല്ല പെണ്ണുടലിലുള്ളത് എന്ന് അയാൾ തിരിച്ചറിയുന്നു. ആ നിമിഷമുണ്ടാകുന്ന അമ്പരപ്പിലാണ് അയാൾ പ്രണയം കണ്ടെത്തുന്നതും.

കുറച്ചധികം ആണുങ്ങളെ സ്‌ക്രീനിൽ കാണിച്ചു കൊണ്ട് പിന്നിലൽപ്പം പെണ്ണുങ്ങളെയും നിർത്തികൊണ്ട് സ്ഥിരം വഴികളിലുടെ പറഞ്ഞു വെക്കാമായിരുന്ന ഒരു വഴിത്തർക്ക കഥയെ അങ്ങനെയല്ലാതാക്കി മാറ്റുന്നിടത്താണ് സംവിധായകനായ അഷ്‌റഫ് ഹംസയും തിരക്കഥ ഒരുക്കിയ ചെമ്പൻ വിനോദും വിജയിക്കുന്നത്. ഏതൊരു സമൂഹവും അതിന്റെ പൂർണതയിൽ എത്തുന്നത് തുല്യത ഉണ്ടാകുമ്പോഴാണ്. പുരുഷനും സ്ത്രീയും ഒരുമിച്ച് വരുമ്പോഴാണ് അതിനൊരു ഭംഗി ഉണ്ടാകുന്നത്. ആ
രാഷ്ട്രീയം സ്‌ക്രീനിൽ പ്രതിഫലിക്കുന്നിടത്താണ് സിനിമ കൂടുതൽ മനോഹരമാകുന്നത്.

വ്യക്തിത്വമുള്ള, വിവിധ തരം പശ്ചാത്തലങ്ങളിലുള്ള, വൈവിധ്യമാർന്ന വികാരങ്ങളുള്ള സ്ത്രീ കഥാപാത്രങ്ങളെ അഷ്‌റഫ് ഹംസയുടെ ആദ്യചിത്രമായ തമാശയിലും നമ്മൾ കണ്ടിരുന്നു. വാർപ്പ് മാതൃകകളെയും പൊതുബോധ നിർമിതികളെയും മായ്ച്ചുകൊണ്ട് കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ ആ കഥാപാത്രങ്ങൾ വളരെ സ്വാഭാവികമായി മാറുന്നുമുണ്ട്. തമാശയിൽ ഉണ്ടായിരുന്ന നർമ്മവും പ്രണയവും രാഷ്ട്രീയവും ഭീമന്റെ വഴിയിലെത്തുമ്പോഴും ഉണ്ട്. തന്റെ രാഷ്ട്രീയം പറഞ്ഞ് വെക്കാൻ അഷ്‌റഫ് തിരെഞ്ഞെടുക്കുന്ന "വഴികളിൽ' അദ്ദേഹം തന്റെ കയ്യൊപ്പ് അവശേഷിപ്പിക്കുകയാണ്.
ചെമ്പൻ വിനോദ് ആകട്ടെ അങ്കമാലി ഡയറീസിൽ നിന്നും വളരെ വേറിട്ട് നിൽക്കുന്ന ഒരു തിരക്കഥയാണ് ഒരുക്കിയിരിക്കുന്നത്. അതേ സമയം അങ്കമാലിയിലേത് പോലെ ഓരോ കഥാപാത്രത്തിനും കൃത്യമായ വ്യക്തിത്വം ഒരുക്കി കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

പ്രണയവും രതിയും ധെെര്യവും ഉള്ളവരാണ് ഭീമന്റെ വഴിയിലെ പെണ്ണുങ്ങൾ. തങ്ങളുടെ വികാരങ്ങൾ മറച്ചുവെച്ച് ജീവിക്കാൻ വിധിക്കപ്പെട്ടവരല്ല അവർ. തങ്ങൾക്ക് വേണ്ടത് നേടിയെടുക്കാനും തങ്ങളെ വേണ്ടാത്തവരെ വേണ്ടെന്നു വെക്കാനും പ്രാപ്തിയുള്ളവരാണ് അവർ.

ഒരു വഴി തർക്കമാണ് സിനിമയുടെ പ്രമേയം. വഴി തർക്കങ്ങൾ എല്ലാ കാലവും നമുക്ക് ചുറ്റും കാണാൻ കഴിയുന്ന ഒന്നാണ്. എല്ലാവരെയും സമ്മതിപ്പിച്ചു കൊണ്ട് ഒരു വഴി നിർമ്മിക്കാൻ വേണ്ടിയുള്ള ഭീമന്റെ സഞ്ചാരങ്ങളാണ് സിനിമയിലുള്ളത്. കൊസ്‌തേപ്പ് എന്ന അലമ്പനായ ഒരുവനുമായാണ് അയാളുടെ യുദ്ധം. ആ യുദ്ധത്തിൽ വിജയിക്കുക എന്നത് അയാളുടെ മാത്രം ആവശ്യമല്ല. നർമ്മം ആയുധമായുള്ള ആ യുദ്ധമാണ് അഷ്‌റഫ് ഹംസ പ്രേക്ഷകന് മുന്നിലേക്ക് ഒരുക്കിയിരിക്കുന്നത്.

തങ്ങളുടെ വികാരങ്ങളെ തുറന്നുകാട്ടാൻ ആർജ്ജവമുള്ള, പ്രണയവും രതിയുമാണ് ലഹരി എന്ന് പറയാൻ മടിക്കാത്ത പെണ്ണുങ്ങളെ ആണ് സിനിമ നമുക്ക് കാണിച്ചു തരുന്നത്.

സെക്‌സിന് വേണ്ടി മാത്രം സ്ത്രീകളുമായി അടുപ്പത്തിലാവുന്ന ഒരാളാണ് ഭീമൻ. അയാൾക്ക് ഏറ്റവും ലഹരി നൽകുന്നത് സെക്‌സും മദ്യവുമാണ്. "തേപ്പുകാരി', "വേശ്യ' തുടങ്ങിയ പട്ടങ്ങൾ ഇല്ലാതെ തന്നെ, ഭീമന്റെ അതേ വഴിയിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളെയും നമുക്ക് സിനിമയിൽ കാണാം. സെക്‌സിന് വേണ്ടി മാത്രമായുള്ള, പ്രണയമില്ലാത്ത ബന്ധങ്ങൾ എന്ന ഭീമന്റെ സിദ്ധാന്തം മാത്രം അവർ പിന്തുടരുന്നില്ല. അയാളുടെ സിദ്ധാന്തം വാക്കുകളിൽ മാത്രം ഉള്ളതാണെന്നും സിനിമ നമ്മളോട് പറയുന്നുണ്ട്. എന്നാൽ മറുതലക്കൽ തങ്ങളുടെ വികാരങ്ങളെ തുറന്നുകാട്ടാൻ ആർജ്ജവമുള്ള, പ്രണയവും രതിയുമാണ് ലഹരി എന്ന് പറയാൻ മടിക്കാത്ത പെണ്ണുങ്ങളെ ആണ് സിനിമ നമുക്ക് കാണിച്ചു തരുന്നത്.

അയൽക്കാരിയായ പെൺകുട്ടിയുമായി സെക്‌സിന് വേണ്ടി മാത്രമായി അടുപ്പം സൂക്ഷിച്ചിരുന്ന ഭീമൻ അവൾ പോകുമ്പോൾ വേദനയോടെ ആണ് നോക്കി നിൽക്കുന്നത്. പക്ഷെ തന്നെ അത് ബാധിച്ചിട്ടില്ല എന്ന് പറയാനാണ് അയാൾ ശ്രമിക്കുന്നത്. പ്രണയം ഒരാൾക്ക് മാത്രം ഉണ്ടാകുമ്പോൾ അത് നൽകുന്ന വേദന വലുതാണെന്ന് അവൾ ഭീമനെ ഓർമിപ്പിക്കുന്നുണ്ട്. പിന്നീട് വന്ന റെയിൽവേ എൻജിനീയറുമായുള്ള അയാളുടെ അടുപ്പവും ഇത്തരത്തിലുള്ളതായിരുന്നു. ഈ രണ്ടു ബന്ധങ്ങളും അവസാനിക്കുമ്പോൾ അതിനെ നായികമാർ കൈകാര്യം ചെയ്ത രീതിയാണ് മനോഹരം. തന്നോട് പ്രണയമില്ലാത്ത ഭീമനെ വേണ്ടെന്നു വെച്ച് മറ്റൊരു വിവാഹത്തിലേക്ക് പോകുന്ന അയൽക്കാരിയായ നായിക അതിനു ശേഷവും അയാളോട് സൗഹൃദം നിലനിർത്തുന്നുണ്ട്. ഭീമന്റെ സിദ്ധാന്തം മനസ്സിലാക്കിയ റെയിൽവേ എൻജിനീയറായ നായിക അവസാനമായി യാത്ര പറയാൻ ചെല്ലുന്നിടത്ത് ഭീമൻ ഓടി ഒളിക്കുകയാണ് ചെയ്യുന്നത്. ആ രണ്ടു പെണ്ണുങ്ങളുടെയും പക്വതക്ക് മുന്നിലും ഭീമനാണ് പരാജയപ്പെടുന്നത്. പ്രണയവും രതിയും വേർതിരിച്ചറിയാൻ ആവാതെ ആകെ കുഴഞ്ഞ അവസ്ഥയിലാണ് ഭീമന്റെ നടപ്പ്.

പ്രണയം എന്ന വാക്കിനോട് തന്നെ അയാൾക്ക് ഭയം ആണെന്ന് പറയാം. എത്രയൊക്കെ ഇല്ല എന്ന് പറയുമ്പോഴും ശാരീരികമായി ഒന്നിക്കുന്ന രണ്ടു പേർക്കിടയിൽ ഉടലെടുക്കുന്ന ഒരു വൈകാരിക അനുഭവം ഉണ്ട്. അത് ഭീമൻ തിരിച്ചറിയാതെ പോകുകയാണ്. ഏറ്റവും ഒടുവിൽ പെണ്ണുടലിനോടുള്ള അയാളുടെ കാഴ്ച മറ്റൊരു തരത്തിൽ ആവുന്നുണ്ട്. രതി മാത്രമല്ല പെണ്ണുടലിലുള്ളത് എന്ന് അയാൾ തിരിച്ചറിയുന്നു. ആ നിമിഷമുണ്ടാകുന്ന അമ്പരപ്പിലാണ് അയാൾ പ്രണയം കണ്ടെത്തുന്നതും.

ചെമ്പൻ അവതരിപ്പിച്ച മഹർഷി എന്ന കഥാപാത്രം അപൂർണ്ണമായിട്ടാണ് അനുഭവപ്പെട്ടത്. സീത എന്ന ആരുമില്ലാത്ത സ്ത്രീയോടുള്ള അയാളുടെ പ്രണയം മാത്രമാണ് അയാൾ.. അല്ലാത്തപ്പോഴൊക്കെ അയാൾ നിശബ്ദനായി മാറി നിൽക്കുന്നു. സൂപ്പർമാൻ വേഷം ധരിച്ച പയ്യൻ, സദാസമയവും തോളിൽ കോഴിയെയും വെച്ച് സഞ്ചരിക്കുന്ന ഒരു മനുഷ്യൻ. ഇവയൊക്കെ ഒരു മാജിക് റിയലിസ്റ്റിക് ടച്ച് കൊണ്ടുവരാൻ വേണ്ടി സിനിമയിൽ ഉപയോഗിക്കുന്നുണ്ട്.

ജിനു ജോസഫ് അവതരിപ്പിച്ച കൊസ്തേപ്പ് എന്ന കഥാപാത്രം

സിനിമയിലെ മറ്റൊരു കഥാപാത്രം ഭീമന്റെ വഴിക്കരികിലൂടെ പോകുന്ന ട്രെയിനാണ്. സിനിമയിലെ ഓരോ നിർണ്ണായക രംഗങ്ങളിലും ഒരു ട്രെയിൻ അവർക്കിടയിലേക്ക് കടന്ന് വരുന്നുണ്ട്. വഴി നിർമ്മിക്കലിന്റെ പ്രാരംഭം മുതൽ ഭീമനും കോസ്‌തെപ്പും തമ്മിലുള്ള യുദ്ധം വരെയും സാക്ഷ്യം വഹിക്കുന്നത് ട്രെയിനുകളാണ്.

വൈവിധ്യമാർന്ന പ്രണയങ്ങളാണ് സിനിമയുടെ ഭംഗി കൂട്ടൂന്നത്. സീതക്ക് രാത്രിയിൽ വഴിയിലേക്ക് ടോർച്ച് വെളിച്ചം കാണിച്ചുകൊടുക്കുന്ന മഹർഷിയുടെ പ്രണയം, രതിക്ക് വേണ്ടി മാത്രമായുള്ള ഭീമന്റെ ബന്ധങ്ങൾ, അതിൽ പ്രണയമനുഭവിക്കുന്ന സ്ത്രീകൾ, കൗൺസിലറായ റീത്തയും നാട്ടിലെ ഡോക്ടറും തമ്മിലുള്ള പ്രണയം അങ്ങനെ പല തരത്തിലുള്ള പ്രണയങ്ങൾ സിനിമയിലുണ്ട്. തമാശയിലേതു പോലെ ഇവിടെയും ഭക്ഷണത്തിലൂടെ പ്രണയം പറഞ്ഞു വെക്കാൻ അഷ്റഫ് മറക്കുന്നില്ല. ഭക്ഷണം നീട്ടുന്നിടത്ത് വെളിച്ചം കാണിച്ച് വഴിയൊരുക്കുന്നിടത്ത് ഒരുമിക്കാതെ പോയ ഒരു പ്രണയത്തെ ദൂരെനിന്ന് നോക്കികാണുന്നിടത്തൊക്കെ ഒരു സൗന്ദര്യാത്മകത നിലനിൽക്കുന്നു.

അലമ്പനായ കഥാപാത്രത്തോടും ഒടുവിൽ ഒരല്പം സ്‌നേഹം തോന്നുന്ന വിധമാണ് ഓരോ കഥാപാത്രത്തെയും സിനിമയിൽ ഒരുക്കിയിരിക്കുന്നത്. സിനിമയിൽ നായകനും നായികയും അല്ല ഉള്ളത് നായകന്മാരും നായികമാരും ആണുള്ളത്. സ്ഥിരം വാർപ്പ് മാതൃകകൾ അവിടെയും ഇല്ലാതെയാവുന്നു. ജിനു ജോസഫ് അവതരിപ്പിച്ച കൊസ്‌തേപ്പ് എന്ന കഥാപാത്രമാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അത് പോലെ സുരാജ് അവതരിപ്പിച്ച ദാർസ്യൂസ് എന്ന കഥാപാത്രവും വ്യത്യസ്തമായിരുന്നു. നർമ്മത്താൽ നിറഞ്ഞ അവസാന ഭാഗം സിനിമയുടെ ഗതിയെ ആകെ മാറ്റി മറിക്കുന്നു. ഒപ്പം "കാറ്റോരുത്തീ' എന്ന പാട്ടിലൂടെ മുഹ്‌സിൻ പരാരി നല്ലൊരു ഒരു പാട്ടെഴുത്തുകാരനാണ് എന്ന് ഒരിക്കൽ കൂടി ഈ സിനിമ തെളിയിക്കുന്നു.

Comments