ബെത്‌ലഹേം
കുടുംബയൂണിറ്റ്:
ഒരു ജനപ്രിയ സിനിമയുടെ
ജനപ്രിയ വായന

‘ബെത്‌ലഹേം’ എന്ന പേര് കുടുംബകൂട്ടായ്മയ്ക്കു നൽകിയത് ഒരു ദേശത്തെ അടയാളപ്പെടുത്താൻ വേണ്ടിയല്ല. അത് വെറുമൊരു ബൈബിൾ പരാമർശവുമല്ല. മറിച്ച് ആ വാക്ക് സിനിമയുടെ പ്രണയഘടനയ്ക്ക് ഒരു രൂപകമായി മാറുകയാണു ചെയ്യുന്നത്- ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ എന്ന സിനിമയുടെ കാഴ്ച: പി.ആർ. രഘുനാഥ് എഴുതുന്നു.

“പഴകിയ തരുവല്ലി മാറ്റിടാം,
പുഴയൊഴുകും വഴി വേറെയാക്കിടാം,
കഴിയുമവ;മനസ്വിമാർമന-സ്സൊഴിവതശക്യമൊരാളിലൂന്നിയാൽ”.
- ‘ലീല’ / കുമാരനാശാൻ.

▮

ഒന്ന്

ബെത്‌ലഹേം ഒരു ദേശമല്ല

ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ (Gabriel García Márquez) ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ (One Hundred Years of Solitude) എന്ന നോവലിലാണ് ‘മക്കോണ്ടോ' (Macondo) എന്ന ദേശമുള്ളത്. സാങ്കൽപ്പിക ദേശമാണെങ്കിലും അവിടെ ജീവിക്കുന്ന മനുഷ്യർ യഥാർത്ഥ മനുഷ്യർ തന്നെയാണ്. അവരുടെ വികാരങ്ങളും വിചാരങ്ങളും ചിന്തകളും പ്രവൃത്തികളും ഭൂമിശാസ്ത്രപരമായ അതിർത്തികളെ, മനുഷ്യർ നിർമ്മിച്ച അതിരുകളെ റദ്ദുചെയ്യുന്നു. യഥാർത്ഥ മനുഷ്യർ ജീവിക്കുന്ന, ഭാവനയിലൂടെ പുനർസൃഷ്ടിച്ച മറ്റൊരു സാങ്കല്പിക ദേശമാണ് എസ്. കെ. പൊറ്റക്കാടിന്റെ ‘ഒരു ദേശത്തിൻ്റെ കഥ’യിലെ ‘അതിരാണിപ്പാടം’. സാഹിത്യത്തിൽ മാത്രമല്ല സിനിമയിലും ഇത്തരം ഭാവനാദേശങ്ങൾ ധാരാളമായി കടന്നുവന്നിട്ടുണ്ട്, കടന്നുവരുന്നുമുണ്ട്.

കെ. ജി. ജോർജിന്റെ പഞ്ചവടിപ്പാലത്തിലെ ‘ഐരാവതക്കുഴി’, കമലിന്റെ ‘കൃഷ്ണഗുഡി’, ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘ആമേനി’ലെ കുമരൻകരി, മജുവിന്റെ പെരുമാനി, സിബി മലയിലിന്റെ ‘മുത്താരംകുന്ന് പി.ഒ’ തുടങ്ങി സാങ്കല്പിക ദേശങ്ങളും യഥാർത്ഥ മനുഷ്യരും കടന്നുവരുന്ന സിനിമകൾ ധാരാളമുണ്ട്.

Read: പ്രേമം
പൂത്തുലയുന്ന
ബെത്‌ലഹേം

എന്നാൽ മത- ചരിത്ര- സാംസ്കാരിക മുദ്രകളും തിരുപ്പിറവിയുടെ ഓർമ്മകളും പതിഞ്ഞുകിടക്കുന്ന ബെത്‌ലഹേം എന്ന യഥാർത്ഥ ദേശനാമമുപയോഗിച്ച്, ആ പ്രദേശവുമായി, ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത മനുഷ്യരെ കാണിച്ച രണ്ടു സിനിമകൾ മലയാളത്തിലുണ്ട്. അവ രണ്ടും ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്തു. ആദ്യത്തേത് മലയാളിയുടെ ഗൃഹാതുരതയിലേക്ക് ബെത്‌ലഹേം എന്ന പേര് ആഴത്തിൽ പതിപ്പിച്ച സിബി മലയിൽ ചിത്രം- ‘സമ്മർ ഇൻ ബെത്‌ലഹേം’ (1998). രണ്ടാമത്തേത്, ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ (2026).

ആദ്യത്തേതിൽ ചന്ദ്രഗിരി എന്ന സാങ്കല്പിക ഗ്രാമത്തിലെ എസ്റ്റേറ്റിന്റെ/ ഫാമിന്റെ പേരാണ് ബെത്‌ലഹേം. ഇതിൽ, ബെത്‌ലഹേം എന്ന പേര് തിരുപ്പിറവിയുടെ വിശുദ്ധ ഇടം എന്ന സാംസ്കാരിക ഓർമ്മയും പ്രേക്ഷകർക്ക് നൽകുന്നു. പക്ഷേ ആ ഓർമയ്ക്ക് സിനിമയിൽ സാംഗത്യമില്ല.

എന്നാൽ കറുകുറ്റി എന്ന യഥാർത്ഥ ദേശത്ത് ജീവിക്കുന്ന കുറച്ചു മനുഷ്യരുടെ കൂട്ടായ്മയെ, പള്ളിയും ഇടവകയും ചേർന്ന ചെറിയൊരു കൂട്ടായ്മയെ സൂചിപ്പിക്കാനാണ് ബെത് ലഹേം കുടുംബയൂണിറ്റിലെ ബെത്‌ലഹേം എന്ന വാക്കുപയോഗിച്ചിരിക്കുന്നത്. അവിടെ ബെത്‌ലഹേം എന്ന ദേശനാമം അതിൻ്റെ സ്വത്വത്തിൽ കുടികൊള്ളുന്ന ക്രിസ്ത്യൻ മതവിശ്വാസത്തിൻ്റെ സൂചകമാണ്. അതിൽക്കൂടുതൽ പ്രസക്തി ഈ വാക്കിന് ഈ സിനിമയിലില്ലെന്ന് തോന്നിയേക്കാം.

കൃഷ്ണഗുഡി, കുമരൻകരി, ഐരാവതക്കുഴി പോലുള്ള പേരുകൾ സിനിമയ്ക്കുള്ളിൽ ഒരു സാങ്കല്പികദേശം തന്നെ സൃഷ്ടിക്കുന്നുണ്ട്. അവിടെ സംവിധായകൻ സ്വന്തമായ, സ്വതന്ത്രമായ ഒരു സാമൂഹികലോകം സൃഷ്ടിക്കുന്നു. ദേശം സാങ്കൽപ്പികമാണെങ്കിലും ജീവിതം യഥാർത്ഥമാണ്. എന്നാൽ, ഈ സിനിമയിൽ അത്തരമൊരു സാങ്കല്പികദേശം സംവിധായകൻ സൃഷ്ടിക്കുന്നില്ല.

രണ്ടു പ്രണയങ്ങളാണ് സിനിമയിൽ നാം കാണുന്നത്. ആഷ്‌ലി -ജസ്റ്റിൻ പ്രണയവും ജസ്റ്റിന്റെ അനുജൻ ജോയൽ -സായൂജ്യ പ്രണയവും. ഇതിൽ കുടുംബയൂണിറ്റിനകത്തുള്ള പ്രണയം ആദ്യം പറഞ്ഞതാണ്.
രണ്ടു പ്രണയങ്ങളാണ് സിനിമയിൽ നാം കാണുന്നത്. ആഷ്‌ലി -ജസ്റ്റിൻ പ്രണയവും ജസ്റ്റിന്റെ അനുജൻ ജോയൽ -സായൂജ്യ പ്രണയവും. ഇതിൽ കുടുംബയൂണിറ്റിനകത്തുള്ള പ്രണയം ആദ്യം പറഞ്ഞതാണ്.

‘ബെത്‌ലഹേം’ ഒരു കുടുംബകൂട്ടായ്മയുടെ കേവലമൊരു പേരാണെന്ന് ആദ്യനോട്ടത്തിൽ തോന്നിയേക്കാം. ഉപരിപ്ലവമായി അതു ശരിയാണ്. അതേ പേരുള്ള അനേകം കുടുംബകൂട്ടായ്മകൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ട്. പള്ളിയും ഇടവകയും അടങ്ങുന്ന ചെറിയ കൂട്ടായ്മകൾ. അങ്ങനെയുള്ള കുടുംബക്കൂട്ടായ്മയുടെയുള്ളിൽ നടക്കുന്ന പ്രണയത്തെ നർമ്മം കലർത്തിപ്പറയുക, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ അവതരിപ്പിക്കുക എന്നതിൽക്കൂടുതലായി മറ്റൊന്നും ഈ സിനിമ ആഗ്രഹിക്കുന്നില്ല. ബെത്‌ലഹേം എന്ന പേരിനു പകരം ക്രിസ്ത്യൻ ഐഡൻ്റിറ്റി കാണിക്കുന്ന മറ്റേതു പേരു സ്വീകരിച്ചാലും സിനിമയ്ക്ക് അപകടമൊന്നും സംഭവിക്കുമായിരുന്നില്ല. അപ്പോൾ പിന്നെ ബെത്‌ലഹേം എന്ന ദേശനാമം ഈ കൂട്ടായ്മയ്ക്കു നൽകിയതിനുപിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ? ആ ഒരു വാക്ക് വിശുദ്ധമായ ഓർമ്മയും ഗൃഹാതുരതകളുടെ സമാഹാരവുമാണ്. ചരിത്രവും സംസ്കാരവും ആ ഒരു വാക്കിൻ്റെ ഉള്ളടക്കത്തിലുണ്ട്. ഒരു ദേശത്തെ അടയാളപ്പെടുത്തുന്നതിലുപരി ആ ദേശനാമം നമ്മിലുണ്ടാക്കുന്ന ഓർമ്മയെ, തിരുപ്പിറവിയുടെ ഓർമ്മയെ, ആ കൂട്ടായ്മയ്ക്കുള്ളിൽ നടക്കുന്ന “വിശുദ്ധമായ മറ്റൊരു ജനന”ത്തിന്റെ സാക്ഷ്യപ്പെടുത്തലായിത്തീരുകയാണ് ഈ ജനപ്രിയ സിനിമ.

രണ്ട്

രണ്ടു പ്രണയങ്ങൾ

ബെത്‌ലഹേം കുടുംബയൂണിറ്റ് സ്വയം പൂർണമായ അടഞ്ഞ സമൂഹമാണ്. അതിനകത്തുള്ള മനുഷ്യർ പരസ്പരം അറിയുന്നവരും ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളുമാണ്. തീറ്റ, കുടി, പ്രണയം, ആഘോഷങ്ങൾ തുടങ്ങിയ ആനന്ദങ്ങളിലൂടെ കടന്നുപോകുന്ന ഒരു കൂട്ടം മനുഷ്യർ. അതിൻ്റെ കർതൃസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനം നടത്തുന്ന, പ്രായമേറെയായിട്ടും കല്യാണം കഴിക്കാത്ത ജസ്റ്റിനാണുള്ളത് (നിവിൻ പോളി). അവിടെയുള്ള എല്ലാവർക്കും പ്രിയപ്പെട്ട ഒരാൾ. ആ സ്ഥാപനവുമായി ബന്ധപ്പെട്ട മനുഷ്യർ, ജസ്റ്റിന്റെ കസിൻ സിസ്റ്റേഴ്സ്, ചർച്ച് തുടങ്ങിയ ഒരു വൃത്തത്തിനകത്താണ് ആ കുടുംബയൂണിറ്റ്. പുറത്തുനിന്നുള്ള ആരും ആ യൂണിറ്റില്ല. അവിടേക്കാണ് തങ്കച്ചനും കുടുംബവും മുണ്ടക്കയത്തെ വീടുവിറ്റു വരുന്നത്. തങ്കച്ചൻ, ഭാര്യ ബിജി, മക്കളായ ആഷ്‌ലി (മമിത ബൈജു), അലൻ എന്നിവരടങ്ങുന്ന ചെറിയ കുടുംബം. ക്രമേണ അവരും ആ കുടുംബയൂണിറ്റിന്റെ ഭാഗമാകുന്നു.

രണ്ടു പ്രണയങ്ങളാണ് സിനിമയിൽ നാം കാണുന്നത്. ആഷ്‌ലി -ജസ്റ്റിൻ പ്രണയവും ജസ്റ്റിന്റെ അനുജൻ ജോയൽ -സായൂജ്യ പ്രണയവും. ഇതിൽ കുടുംബയൂണിറ്റിനകത്തുള്ള പ്രണയം ആദ്യം പറഞ്ഞതാണ്. രണ്ടാമത്തേത് ആ യൂണിറ്റിനു പുറത്താണ്. ജസ്റ്റിന്റെ മുൻകാല പ്രണയം, കാമുകി ജീനയുടെ മരണം, അത് അയാളിലുണ്ടാക്കിയ വിഷാദം തുടങ്ങിയവയെക്കുറിച്ചുള്ള സൂചനകൾ സിനിമയിൽ പലഭാഗത്തും കടന്നുവരുന്നുണ്ട്. ആ മുറിവിൽനിന്ന് പുറത്തു കടക്കാൻ വയ്യാത്തതുകൊണ്ടാണ് 36 വയസ്സായിട്ടും ജസ്റ്റിൻ അവിവാഹിതനായി തുടരുന്നത്. അവിടെക്കാണ് ആഷ്‌ലി കടന്നുവരുന്നത്. ആ സൗഹൃദം ആഷ്ലിയിൽ പ്രണയമായി പരിണമിക്കുന്നു. യാതൊരു കലർപ്പുമില്ലാതെ, വളച്ചുകെട്ടലില്ലാതെ അവളത് ജസ്റ്റിനോടു പറയുന്നുണ്ട്. അവർ തമ്മിലുള്ള പ്രായവ്യത്യാസം ജസ്റ്റിനു പ്രശ്നമാണ്. ആഷ്‌ലിയുടെ കുടുംബത്തിന്, പ്രത്യേകിച്ച് അമ്മയ്ക്ക് ഈ പ്രായവ്യത്യാസത്തെ അംഗീകരിക്കാൻ കഴിയുന്നില്ല. ഈ പ്രണയനിരാസമാണ് സിനിമയുടെ ജീവൻ.

ഇതിനു സമാന്തരമായി ജോയലിന്റെ പ്രണയത്തിനും തടസ്സങ്ങളുണ്ടാകുന്നു. ഈ രണ്ടു പ്രണയങ്ങളുടെയും ശുഭപര്യവസാനമാണ് സിനിമ. ഒരുപാടു തവണ പല ഭാഷകളിലായി കണ്ടുമടുത്ത അതേ ധാരയിലൂടെ, അതേ ടെമ്പ്ലേറ്റിലൂടെ സിനിമ മുന്നോട്ടുപോകുന്നു. ആഷ്‌ലി -ജസ്റ്റിൻ പ്രണയത്തിൻ്റെ സംഘർഷങ്ങളൊന്നും പ്രേക്ഷകരെ ബാധിക്കുന്നില്ല. (ജോയൽ -സായൂജ്യ പ്രണയം അവരെ ബാധിക്കുന്നേയില്ല. കാരണം ആ പ്രണയത്തിൻ്റെ പരിചരണത്തിൽ അല്പം പോലും ഗൗരവമില്ല). ആ പ്രണയം അതിൻ്റെ പരിപൂർണ്ണതയിലെത്തുമെന്ന് അവർക്കറിയാം. അതെങ്ങനെയെന്ന് അറിയാനാണ് അവർ കാത്തിരിക്കുന്നത്. ആ കാത്തിരിപ്പിനുപോലും അധികഭാരമില്ല. അങ്ങനെ ഒരു തൂവൽ പോലെ സിനിമ പ്രേക്ഷക മനസ്സിലേക്ക് പറന്നിറങ്ങുന്നു. ആ ലഘുത്വമാണ് സിനിമയുടെ വിജയരഹസ്യം.

കാറ്ററിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ട കുറച്ച് മനുഷ്യരും ജസ്റ്റിന്റെ കസിൻ സിസ്റ്റേഴ്സ്, ചർച്ച് തുടങ്ങിയ ഒരു വൃത്തത്തിനകത്താണ് കുടുംബയൂണിറ്റ്.
കാറ്ററിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ട കുറച്ച് മനുഷ്യരും ജസ്റ്റിന്റെ കസിൻ സിസ്റ്റേഴ്സ്, ചർച്ച് തുടങ്ങിയ ഒരു വൃത്തത്തിനകത്താണ് കുടുംബയൂണിറ്റ്.

മൂന്ന്

ഷേർലി, പൂജ, ആഷ്‌ലി…

മലയാള സിനിമയിൽ ആഷ്‌ലിക്കു മുൻഗാമികളുണ്ട്. പ്രായക്കൂടുതലുള്ള പുരുഷന്മാരോട് പ്രണയം തുറന്നുപറഞ്ഞവർ. അനുരാഗപരവശരായി അവരെ പിന്തുടർന്നവർ. പുരുഷനോടു പ്രണയാഭ്യർത്ഥന നടത്തുന്ന സ്ത്രീകളെ മോശക്കാരായി കണ്ടിരുന്ന കാലത്താണ് കൗമാരക്കാരിയായ ഷേർലി (ശോഭന) തന്റെ ഇരട്ടിയിലധികം പ്രായമുള്ള റോയി (മമ്മൂട്ടി) യോട് പ്രണയാഭ്യർത്ഥന നടത്തുന്നത്.(‘കാണാമറയത്ത്’ /ഐ. വി. ശശി/1984). ആയകാലത്ത് കല്യാണം കഴിച്ചിരുന്നെങ്കിൽ ഷെർലിയുടെ പ്രായത്തിലുള്ള ഒരു മകൾ തനിക്കുണ്ടാകുമെന്ന് അയാൾ അവളോടൊരിക്കൽ പറയുന്നുണ്ട്. പ്രണയത്തിൽനിന്ന് അവളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അവൾ പിന്തിരിയുന്നില്ല. അക്കാലത്ത് (ഇക്കാലത്തും) ചിന്തിക്കാൻപോലും കഴിയുന്ന ഒന്നായിരുന്നില്ല അത്. പ്രായവ്യത്യാസം മാത്രമായിരുന്നില്ല പ്രശ്നം. ഷെർലിയുടെ ജീവിതപശ്ചാത്തലവും സാമൂഹിക ബന്ധങ്ങളും റോയിയുമായി താരതമ്യം ചെയ്യാൻ കഴിയുന്നതിനുമപ്പുറം വ്യത്യസ്തമായിരുന്നു. എന്നിട്ടും ആ ബന്ധത്തെ പ്രേക്ഷകർ അംഗീകരിച്ചു. പിന്നീട് 2014-ൽ, 40 വർഷങ്ങൾക്കുശേഷം “ഓം ശാന്തി ഓശാന”യിലെ പൂജ (നസ്രിയ നസ്രിൻ) ഗിരിയോട് (നിവിൻ പോളി) പ്രണയാഭ്യർത്ഥന നടത്തുന്നു. അവർ തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ട്. കൂടാതെ മതപരമായ വേർതിരിവും ആ പ്രണയത്തിൻ്റെ ഉള്ളടക്കത്തിലുണ്ട്. ഗിരി ഹിന്ദുവും പൂജ ക്രിസ്ത്യാനിയുമാണ് (ഓം ശാന്തി ഓശാന എന്ന ശീർഷകത്തിന്റെ ഐരണി ശ്രദ്ധിക്കുക). പക്ഷേ ഈ വ്യത്യാസം അവരുടെ പ്രണയത്തെ ബാധിക്കുന്നില്ല. പൂജയെ സംബന്ധിച്ച് ഗിരിയോടുള്ള അവളുടെ ഇഷ്ടത്തിൽ ആരാധനയ്ക്കാണ് പ്രാധാന്യം. അതാണ് പ്രണയമായിത്തീരുന്നത്. അതിന്റെ ഒരു തുടർച്ചയായിവേണം ആഷ്‌ലിയുടെ പ്രണയത്തെക്കാണാൻ. അവൾ Gen Z തലമുറയിൽപ്പെട്ടവളാണ്. സ്വന്തം ജീവിതത്തെക്കുറിച്ച് കൃത്യമായ അഭിപ്രായമുള്ളവൾ. ലക്ഷ്യമുള്ളവൾ. മറ്റുള്ളള്ളവരെന്തുപറയും, എന്തുചിന്തിക്കും എന്നത് അവളെ ബാധിക്കുന്ന കാര്യമല്ല.എന്നാൽ അതിൽ നിന്നു വിഭിന്നനാണ് തൊട്ടുമുമ്പത്തെ തലമുറയുടെ പ്രതിനിധിയായ ജസ്റ്റിൻ. മറ്റുള്ളവരെ ഭയന്നാണ് അയാളുടെ ജീവിതം. താൻതന്നെ സൃഷ്ടിച്ചെടുത്ത ഇമേജ് ആഷ്ലിമായുള്ള പ്രണയത്താൽ തകർന്നു പോകുമോയെന്ന ഭയം അയാൾക്കുണ്ട്. ആ ഭയത്തെയാണ്, ജീവിതത്തെയാണ് ആഷ്‌ലി തിരുത്തുന്നത്.

പ്രണയം കൊണ്ടുമുറിവേറ്റ ഒരാളെ പ്രണയം കൊണ്ടുതന്നെ ചികിത്സിക്കുന്ന ഇന്ദ്രജാലം കുടുംബയൂണിറ്റിൽ നമുക്ക് കാണാം. ഷേർലിയും പൂജയും ആഷ്‌ലിയും പരമ്പരാഗത നായികമാരെപ്പോലെ പുരുഷൻ്റെ പ്രണയാഭ്യർത്ഥനക്കുവേണ്ടി ആഗ്രഹങ്ങളെ അടക്കി കാത്തിരിക്കുന്നവരല്ല. പകരം സ്വന്തം ആഗ്രഹങ്ങളുടെ കർത്തൃസ്ഥാനത്ത് അവർ അവരെത്തന്നെ പ്രതിഷ്ഠിക്കുന്നു (ഇത് ‘മായാനദി’- 2017- യിലെ അപർണയിൽ കൂടുതൽ തീവ്രമാകുന്നു. രതിയുടെ കർതൃസ്ഥാനത്ത് സ്ത്രീ അവളെത്തന്നെ പ്രതിഷ്ഠിക്കുന്ന അദ്ഭുതം അതിൽ സംഭവിക്കുന്നു).

പ്രണയം കൊണ്ടുമുറിവേറ്റ ഒരാളെ പ്രണയം കൊണ്ടുതന്നെ ചികിത്സിക്കുന്ന ഇന്ദ്രജാലം കുടുംബയൂണിറ്റിൽ നമുക്ക് കാണാം.
പ്രണയം കൊണ്ടുമുറിവേറ്റ ഒരാളെ പ്രണയം കൊണ്ടുതന്നെ ചികിത്സിക്കുന്ന ഇന്ദ്രജാലം കുടുംബയൂണിറ്റിൽ നമുക്ക് കാണാം.

നാല്

യവനകഥയിലെ ആ ഇടയകന്യക

അതിദീർഘമായ ഒരു യാത്രയുടെ അവസാനത്തിലാണ് പൂർണഗർഭിണിയായ മറിയവും ജോസഫും നസ്രത്തിൽ നിന്ന് ബെത് ലഹേമിൽ എത്തിച്ചേരുന്നത്. ആ രാത്രിയിൽ ഒരു വിശ്വാസത്തിൻ്റെ, രക്ഷകന്റെ തിരുപ്പിറവി നടക്കുന്നു; കാലിത്തൊഴുത്തിൽ. അതിന് പുറത്തുനിന്നു വന്ന ഇടയന്മാരും ജ്ഞാനികളും സാക്ഷികളാകുന്നു. ഇവിടെ ഇടയന്മാർ സാക്ഷികൾ മാത്രമാണ്. അവരാണ് ആ തിരുപ്പിറവി ആദ്യമറിയുന്നതും ലോകത്തിനു മുന്നിൽ ഉദ്ഘോഷിച്ചതും. യേശു തച്ചനാണ്, ഇടയനല്ല. കന്യാമറിയം ഇടയകന്യകയുമല്ല. എന്നാൽ ഒരു വലിയ സമൂഹത്തെ മുന്നോട്ടു നയിച്ച ആൾ എന്ന നിലയിൽ യേശുവിനെ “നല്ല ഇടയൻ” എന്ന് പ്രതീകാത്മകമായി വിശേഷിപ്പിക്കുന്നു. എന്നാൽ കന്യാമറിയത്തെ “ഇടയകന്യക”യെന്നു വിശേഷിപ്പിക്കാൻ കഴിയില്ല. ബൈബിളിൽ അത്തരമൊരു സൂചനയില്ല. യവനപുരാണത്തിൽ (Greek Mythology) അങ്ങനെയൊരു ഇടയകന്യകയുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്.

തങ്കച്ചനും കുടുംബവും മുണ്ടക്കയത്തുനിന്ന് കറുകുറ്റിയിൽ എത്തുന്നത് ദീർഘമായ ഒരു യാത്രക്കൊടുവിൽ രാത്രിയിലാണ്. താൻ അത്രമേൽ സ്നേഹിച്ച വീടുവിട്ട്, വീടുവിറ്റ് മറ്റൊരു ദേശത്തേക്ക് വരുന്നത് ആഷ്‌ലിയെ സംബന്ധിച്ച് സങ്കടകരമായിരുന്നു. എന്നാൽ അവളുടെ ആ സങ്കടം മാറുന്നത് നാട്ടുകാർക്ക് പ്രിയങ്കരനായ ജസ്റ്റിനുമായി അടുക്കുമ്പോഴാണ്. അവരെ അടുപ്പിച്ചത് സംഗീതമാണ്. അവൾക്കേറ്റവും ഇഷ്ടമുള്ള സംഗീതബാൻഡായ ‘The Breeders’- നെക്കുറിച്ച് ജസ്റ്റിൻ സംസാരിക്കുന്നുണ്ട്. മുമ്പു പഠിച്ചിരുന്ന കോളേജിൽ അവൾക്കൊരു സംഗീതബാൻഡുണ്ടുണ്ടായിരുന്നു, Room17. ജസ്റ്റിനാകട്ടെ തൊണ്ണൂറുകളിലെ മലയാള ചലച്ചിത്ര കാസറ്റ് ഗാനങ്ങളെ MP3 ഫോർമാറ്റിലേക്കുമാറ്റി ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്ത ആളാണ്. ഇക്കാര്യം ആഷ്ലിയോടു സൂചിപ്പിക്കുമ്പോഴാണ് ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ’ എന്ന ഗാനം കടന്നുവരുന്നത്.

അവരുടെ ബന്ധത്തിൽ, പ്രണയത്തിൽ സംഗീതമൊരു പശ്ചാത്തലം മാത്രമല്ല, വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ്. രണ്ടു തലമുറകളെത്തമ്മിൽ കൂട്ടിയിണക്കുന്ന അഭിരുചിയായി അതുമാറുമ്പോൾ ആഷ്ലിയിൽ പ്രണയം സ്വാഭാവികമായി ജനിക്കുകയാണ്. ഈ പ്രണയാനുഭവത്തെ പൗരാണികമായ മറ്റു രണ്ടു പ്രണയാനുഭവവുമായി ഇഴ ചേർക്കാൻ വേണ്ടിയാണ്“യവനകഥയിൽനിന്നു വന്ന ഇടയകന്യകേ” എന്ന ഗാനം ഉപയോഗിച്ചിരിക്കുന്നത്. ആ ഗാനത്തിന്റെ പല്ലവിയിൽ രണ്ടു പ്രണയ /പൗരാണിക ഭാവനകൾ കടന്നുവരുന്നു.

“യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ
വയന പൂത്ത വഴിയിൽ എന്തേ വെറുതെ നിൽപ്പു നീ?’എന്ന് കാമുകൻ ചോദിക്കുന്നു.

“യമുനയൊഴുകും വനികയിലെ വേണുഗായകാ,
മുരളി പാടും പാട്ടിൽ സ്വയം മറന്നുനിന്നു ഞാൻ” എന്നാണ് മറുപടി.

പ്രത്യക്ഷത്തിൽ കാമുകന്റെ അഭിസംബോധന മാത്രം ശ്രദ്ധിക്കുന്ന ഒരാൾക്ക് ഇടയകന്യകയോടുളള കാമുകൻ്റെ ചോദ്യമായി / അന്വേഷണമായി /ആകാംക്ഷയായി ഇതിനെ കാണാം. പ്രണയാർദ്രമായ ഈ വസന്തകാലത്ത്, പ്രകൃതി അതിന്റെ സൗന്ദര്യം അത്രമേൽ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുമ്പോൾ യവനകഥയിൽ നിന്നിറങ്ങിവന്ന ഇടയകന്യകയെപ്പോലെ സുന്ദരിയായവളെ, പ്രിയമുള്ളവളെ നീ എന്തേ അവിടെ വെറുതെ/തനിച്ചു നിൽക്കുന്നു എന്നാണ് കാമുകന്റെ സംശയം. ‘യമുനാനദിക്കരയിൽ, നിൻ്റെ വേണു ഗാനത്തിൽ സ്വയം മറന്നുനിൽക്കുകയാണ് ഞാൻ’ എന്നാണ് അവളുടെ മറുപടി. കാമുകന്റെ പ്രണയമാകുന്ന വേണുഗാനത്തിൽ സ്വയം മറന്ന്, ആത്മനിർവൃതിയടഞ്ഞുനിൽക്കുന്ന കാമുകിയെ നമുക്കിവിടെ കാണാം.

ഇതിൻ്റെ ആദ്യഭാഗത്ത് പ്രണയിനിയുടെ സാന്നിധ്യം കടന്നു വരുമ്പോൾ രണ്ടാം ഭാഗത്ത് അവളുടെയുള്ളിലെ അനുരാഗത്തിന്റെ തീവ്രതക്കാണ് പ്രാധാന്യം. തീക്ഷ്ണമായ മറ്റൊരു പ്രണയത്തിന്റെ പ്രാചീന സ്മൃതിയിലേക്ക് ഈ വരികൾ നമ്മെ കൊണ്ടുപോകുന്നു. അത് രാധാ-കൃഷ്ണ പ്രണയത്തിന്റെ ശാശ്വതലോകമാണ്. എന്നാൽ ഇടയകന്യക, വേണുഗായകൻ എന്നീ വാക്കുകൾ നൽകുന്ന സൂചന ഹിന്ദു -ക്രിസ്ത്യൻ പ്രണയത്തിന്റേതാണ്. ഇനിയും പുറത്തിറങ്ങാത്ത“അന്ന”(1995) എന്ന സിനിമയുടെ പ്രമേയം ഒരു ബ്രാഹ്മണ യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയകഥയായിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ ഷിബു ചക്രവർത്തി പറയുന്നുണ്ട്. അദ്ദേഹമാണ് ‘അന്ന’യിലെ ഗാനങ്ങൾ രചിച്ചത്.

ഗ്രീക്ക് പുരാണങ്ങളിൽ ദേവതകളും ഇടയന്മാരും തമ്മിലുള്ള പ്രണയകഥകൾ ധാരാളമുണ്ട്. എന്നാൽ ഏറ്റവും രസകരമായ ഒരു കാര്യം അതിൽ അത്തരമൊരു ഇടയകന്യകയില്ലായെന്നാണ്. ഈ പാട്ടുമായി ബന്ധിപ്പിച്ച് “അപ്പോൾ ആ ഇടയകന്യക ഞാനല്ലേ” എന്ന് ആഷ്‌ലി നിഷ്കളങ്കമായി ജസ്റ്റിനോടൊരിക്കൽ ചോദിക്കുന്നുണ്ട്. ആഷ്ലിയെ സംബന്ധിച്ച് അത് അങ്ങനെത്തന്നെയിരിക്കട്ടെ എന്നു കരുതാം. കാരണം യവനകഥ, ഇടയകന്യക, പ്രണയം എന്നീ വാക്കുകൾ ബെത്‌ലഹേം എന്ന പേരിനോടു ചേർന്നുനിൽക്കുന്നു. സിനിമയിൽ ഒരു പ്രണയത്തിൻ്റെ ജനനവും ബെത്‌ലഹേമിലെ തിരുപ്പിറവിയുടെ ഓർമ്മയും തമ്മിൽ കാവ്യാത്മകമായ ഒരു സാദൃശ്യം അനുഭവപ്പെടുന്നുണ്ട് എന്നതു ശരി തന്നെ. എന്നിരുന്നാലും അതിൽ വസ്തുതാപരമായി പിഴവുണ്ട്.

യവനപുരാണത്തിൽ സുന്ദരനായ ഒരു ആട്ടിടയന്റെ കഥ കടന്നു വരുന്നുണ്ട്. എൻഡിമിയോണിന്റെ (Endymion) കഥ. കാരിയയിലെ (Caria) ലോട്മോസ് പർവ്വതനിരകളിൽ ആടുകളെ മേച്ചുനടന്നിരുന്ന അതീവ സുന്ദരനായ ഒരു ഇടയനായിരുന്നു എൻഡിമിയോൺ. ആകാശത്തിലൂടെ തന്റെ രഥത്തിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്ര ദേവതയായ സെലിൻ (Selene) അയാളിൽ അനുരക്തയാകുന്നു. ആ പ്രണയം അനശ്വരമായി നിലനിൽക്കണമെങ്കിൽ എൻഡിമിയോണിന് വാർദ്ധക്യവും മരണവുമുണ്ടാകരുത്. അതിനുവേണ്ടി സെലിൻ, ദേവരാജാവായ സ്യൂസിനെ പ്രാർത്ഥിക്കുകയും എൻഡിമിയോണിന് നിത്യയൗവനവും നിത്യനിദ്രയും വരമായി ലഭിക്കുകയും ചെയ്യുന്നു. ഉറങ്ങിക്കിടക്കുന്ന എൻഡിമിയോണിന്റെയരികിലേക്ക് എല്ലാ രാത്രികളിലും സെലിൻ വരികയും അയാളെ ചുംബിച്ച് തിരിച്ചുപോവുകയും ചെയ്യാറുണ്ടെന്നാണ് സങ്കല്പം. കാലാതിവർത്തിയായ പ്രണയത്തെ, ആത്മീയമായ പ്രണയത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന പുരാവൃത്തമാണിത്.

ആഷ്‌ലി ജസ്റ്റിനെ തേടിയെത്തുന്നവളാണ്. അനുരാഗിണിയാണ്. യാതൊരു മടിയുമില്ലാതെ ആഗ്രഹങ്ങൾ തുറന്നുപറയുന്നവളാണ്.
ആഷ്‌ലി ജസ്റ്റിനെ തേടിയെത്തുന്നവളാണ്. അനുരാഗിണിയാണ്. യാതൊരു മടിയുമില്ലാതെ ആഗ്രഹങ്ങൾ തുറന്നുപറയുന്നവളാണ്.

ഈ പുരാവൃത്തത്തെ സിനിമയ്ക്കുവേണ്ടി ചെറുതായൊന്ന് മാറ്റി നോക്കാം. കാലത്തെ അതിജീവിക്കുന്ന പ്രണയത്തിനുവേണ്ടി കാമുകന് നിത്യയൗവ്വനവും നിത്യനിദ്രയും നൽകുന്ന കാമുകിയാണ് ചന്ദ്രദേവതയായ സെലിൻ. ഇവിടെ പുരുഷനോട് പ്രണയം പറയുന്ന, പ്രകടിപ്പിക്കുന്ന സ്ത്രീയെ/ദേവതയെ കാണാം. ആഷ്‌ലി ജസ്റ്റിനെ തേടിയെത്തുന്നവളാണ്. അനുരാഗിണിയാണ്. യാതൊരു മടിയുമില്ലാതെ ആഗ്രഹങ്ങൾ തുറന്നുപറയുന്നവളാണ്. അവൾ പ്രണയത്തിന്റെ തുടക്കത്തിൽ അതിനായി മുൻകൈയെടുക്കുന്നു. മുന്നറിയിപ്പില്ലാതെ കാറിൽവച്ച് അയാളെ ചുംബിക്കുന്നു. വീട്ടിൽ തനിച്ചാകുമ്പോൾ അയാളെ അങ്ങോട്ടു ക്ഷണിക്കുന്നു. അവൾതന്നെ മുൻകൈയെടുത്ത് അയാളുമൊത്ത് കാറിൽ ചുറ്റിക്കറങ്ങുന്നു. ഇവിടെ ആഷ്ലിയുടെ പ്രണയം വർത്തമാനകാലമാകുമ്പോൾ ജീനയുടെ പ്രണയം ഭൂതകാലമാണ്. ആ ഭൂതകാലത്തിൽ ,ജീനയുടെ മരണമുണ്ടാക്കിയ വൈകാരിക നിശ്ചലാവസ്ഥയിൽ, വിഷാദത്തിൽ ഉറങ്ങിക്കിടന്ന, നിത്യനിദ്രപൂകിയ ജസ്റ്റിനെ ആഷ്‌ലി ഉണർത്തുന്നു. അയാൾക്ക് പ്രണയത്തിൻ്റെ നിത്യയൗവനം നൽകുന്നു.

അഞ്ച്

പ്രണയ യൂണിറ്റ്

ബെത്‌ലഹേം കുടുംബയൂണിറ്റിന് സിനിമയിൽ സംഭവിക്കുന്ന പരിണാമം രസകരമാണ്. ഒരു ഘട്ടം കഴിയുന്നതോടെ കുടുംബയൂണിറ്റ്, പ്രണയ യൂണിറ്റായി മാറുന്നു. സമാന്തരമായ രണ്ടു പ്രണയങ്ങൾ. മുമ്പുസൂചിപ്പിച്ചപോലെ അതിലൊന്ന് യൂണിറ്റിനകത്തും മറ്റൊന്നു പുറത്തുമാണ്. രണ്ടു പ്രണയത്തിനും പ്രതിബന്ധങ്ങളുണ്ട്. ആദ്യ പ്രണയത്തിൽ ആഷ്‌ലി, ജസ്റ്റിനുമായി പിരിഞ്ഞ് ബൈബിളിൽതൊട്ട് സത്യം ചെയ്ത് അയർലണ്ടിലേക്ക് പോകുന്നതോടെ ആ പ്രണയമവസാനിച്ചുവെന്ന് നാം കരുതുന്നു. എന്നാൽ ജോയൽ- സായൂജ്യ പ്രണയം പ്രതിബന്ധങ്ങളെ തരണം ചെയ്ത് വിവാഹത്തിലവസാനിക്കുന്നു. ആ വിവാഹദിവസമാണ് ആഷ്‌ലിയുടെ പ്രണയത്തിൻ്റെ തീവ്രത ജസ്റ്റിനും പ്രേക്ഷകരും ആത്മഹർഷത്തോടെ മനസ്സിലാക്കുന്നത്. വൃക്ഷത്തിൽ പടർന്നുകയറിയ പഴയ വള്ളികളെ നമുക്ക് പറിച്ചുമാറ്റാം. പുഴയൊഴുകുന്ന വഴിയും വേറെയാക്കാൻ കഴിയും. എന്നാൽ ഒരാളിൽ മനസ്സൂന്നിയ മനസ്വിമാരെ അതിൽ നിന്നു പിന്തിരിപ്പിക്കുക അസാധ്യമാണെന്ന് ഒരു നൂറ്റാണ്ടിനുമുമ്പേതന്നെ ആശാൻ എഴുതിവച്ചിട്ടുണ്ട്. ഈ അസാധ്യതയാണ്, സ്വപ്രത്യയസ്ഥൈര്യമാണ് ആഷ്‌ലി വിളംബരം ചെയ്യുന്നത്.

അങ്ങനെ ബെത്‌ലഹേം, പറിച്ചുമാറ്റപ്പെട്ട ഒരു പ്രണയത്തിന്റെ പുനഃസമാഗമവേദിയാകുന്നു. രണ്ടു മനസ്സുകളുടെ ഗാഢാശ്ലേഷത്തിൽ വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയ അതിഥികളെപോലെ പ്രേക്ഷകരും സ്വയം മറന്നുപോകുന്നു.

അപ്പോൾ ബെത്‌ലഹേം എന്ന പേര് കുടുംബകൂട്ടായ്മയ്ക്കു നൽകിയത് ഒരു ദേശത്തെ അടയാളപ്പെടുത്താൻ വേണ്ടിയല്ല എന്നുതീർച്ചയാണ്. അത് വെറുമൊരു ബൈബിൾ പരാമർശവുമല്ല (Biblical Allusion). മറിച്ച് ആ വാക്ക് സിനിമയുടെ പ്രണയഘടനയ്ക്ക് ഒരു രൂപകമായി (Metaphor) മാറുകയാണു ചെയ്യുന്നത്. ക്രിസ്തീയ വിശ്വാസമനുസരിച്ച് തിരുപ്പിറവിയുടെ ഇടമാണല്ലോ ബെത്‌ലഹേം. ഇവിടെ,സിനിമയിലെ ‘ബെത് ലഹേ’മിൽ ഒരു പ്രണയത്തിൻ്റെ , പുതുജീവിതത്തിന്റെ തിരുപ്പിറവി നടക്കുന്നു. ആ തിരുപ്പിറവിക്ക് അവിടെയുള്ള എല്ലാ മനുഷ്യരും, കുടുംബയൂണിറ്റിനകത്തുള്ളവരും പുറത്തുനിന്നുവന്നവരും പ്രേക്ഷകരും സാക്ഷികളാകുന്നു. അവരതു നാടുനീളേ ഉദ്ഘോഷിച്ചുകൊണ്ടേയിരിക്കുന്നുവെന്നതാണ് ഈ സിനിമയുടെ ജനപ്രിയതയ്ക്കു കാരണം.

▮

അവലംബം:

1. ഷിബു ചക്രവർത്തിയുമായി സുൽത്താന നടത്തിയ അഭിമുഖം (മീഡിയവൺ ചാനൽ, October 16, 2026).
2. എൻഡിമിയോൺ എന്ന ആട്ടിടയൻ (വിക്കിപീഡിയ).
3. ‘ലീല’ / കുമാരനാശാൻ.

Comments