ഭ്രമയുഗം ഐതിഹ്യമല്ല, രാഷ്ട്രീയം തന്നെയാണ്

ഭ്രമയുഗം പതിനേഴാം നൂറ്റാണ്ടിലെ വെറും ഐതിഹ്യകഥ മാത്രമല്ല, ഇതിന് സ്ഥലകാല പരിധിയില്ല. വിശാലാർത്ഥത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരുടെ, അവർ ജീവിക്കുന്ന രാഷ്ട്രത്തിൻ്റെ കഥ തന്നെയാണ്.

17-ാം നൂറ്റാണ്ടിൽ തെക്കൻ കേരളത്തിലെവിടെയോ നടന്ന കഥയെന്ന വിശേഷണം സ്ക്രീനിൽ എഴുതിക്കാണിച്ച, തിയേറ്ററിൽ കണ്ട, ഭ്രമയുഗം എന്ന സിനിമ വെറും ഐതിഹ്യകഥയല്ല. ദാർശനികമായ ഫിലോസഫികൾ കൊണ്ട് സമ്പന്നമായ രാഷ്ട്രീയ സിനിമയായാണ് തോന്നിയത്.

രാത്രി കൊടും കാട്ടിൽ കൂട്ടിനുണ്ടായിരുന്ന കൂട്ടുകാരനെ യക്ഷി കൊന്നുതിന്നതറിഞ്ഞപ്പോൾ പുഴകടക്കാനാവാതെ നടന്നുനടന്ന് ഒടുവിൽ രക്ഷതേടിയ നന്തുണിയില്ലാത്ത പാണൻ തേവൻ (അർജുൻ അശോകൻ) അഭയം നേടി കാട്ടിലെ തന്നെ പഴയൊരു കോട്ടയിലെത്തപ്പെടുന്നു. കോട്ടയുടെ അധികാരിയായ കൊടുമൺപോറ്റി (മമ്മൂട്ടി) തേവനെ അകത്തേക്ക് ക്ഷണിച്ച് പകിടകളിയിലൂടെ തോൽപ്പിച്ച് നിസ്സഹായനായ അയാളുടെ ശിഷ്ടസമയത്തേയും സ്വാതന്ത്ര്യത്തേയും പണയം വെച്ച് പകരം വാങ്ങുന്ന അധികാരകേന്ദ്രമാകുകയും, ഉണ്ണാനും തങ്ങാനും ഇടം നൽകുന്നതിനാൽ, തന്നെ അനുസരിക്കേണ്ടുന്ന അടിമ മാത്രമാണെന്ന് ധാർഷ്ട്യത്തോടെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പകിടകളിയും ചതുരംഗവും യുദ്ധത്തിലെ ജയവും തോൽവിയും തീരുമാനിക്കുന്ന നിർണായക ഘടകമായി നമ്മുടെ ചരിത്രത്തിലും, ഇതിഹാസങ്ങളിലും (മഹാഭാരതം) സ്ഥിരമായി ഉള്ള ചതിപ്രയോഗങ്ങളാണ്. ഇവിടേയും തുടരുന്ന പകിടകളി ഒരു രൂപകമായിട്ടാണ് തോന്നിയത്. ഈ പകിടകളി സിനിമയിൽ കണ്ടപ്പോൾ നാൽപത് വർഷങ്ങൾക്ക് മുമ്പ് കറുപ്പിലും വെളുപ്പിലും കണ്ട യൂറോപ്യൻ ക്ലാസിക് ചിത്രമായ ബർഗ്മാൻ്റെ സെവൻത് സീലിലെ നായകകഥാപാത്രവും പേടിപ്പെടുത്തുന്ന മരണവുമായി നടത്തപ്പെടുന്ന ചതുരംഗരംഗങ്ങളുമാണ് ഓർമ വന്നത്.

പോറ്റിയുടെ കുശിനിക്കാരനും കാര്യസ്ഥനുമായ മായ (സിദ്ധാർത്ഥ് ഭരതൻ) തൻ്റെ അന്നം പങ്കിടാനെത്തിയ പാണനെ ആദ്യം തൊട്ടേ മുഖത്തെ നിഷ്കൃഷ്ടതയോടെയാണ് കാണുന്നത്, ക്രൂരതയോടെയുമാണ് പെരുമാറുന്നതും.

സിനിമ മുന്നോട്ടുപോകുമ്പോള്‍ തേവനെ പോലെത്തന്നെ കുശിനിക്കാരനും കുരുക്കിൽ പെട്ട് രക്ഷപ്പെടാനാവാത്ത ഒരു ചുരുളി പോലെയാണ് ഇവിടെയെത്തിയതെന്നും രണ്ടുപേരും തുല്യരായ അടിമകളാണെന്നന്നും തേവൻ മനസ്സിലാക്കുന്നു.

ഇവിടെ ഇപ്പോൾ അധിപനായിട്ടുള്ളത് പഴയ കുടമൺ പോറ്റിയുടെ ചാത്തൻ ആവേശിച്ച പ്രേതമാണെന്നും ഈ പ്രേതത്തെ ജീവനോടെ നിലനിർത്തുന്നത് താഴത്തെ പൂട്ടിയിട്ട നിലവറയിലെ രാപകൽ കത്തുന്ന കെടാവിളക്കാണെന്നും, ഈ വിളക്ക് കെടുത്തിയാൽ മാത്രമെ പോറ്റിയുടെ പ്രേതത്തിൻ്റെ തടവറയിൽ നിന്ന്

സിദ്ധാർത്ഥ് ഭരതൻ

അവർക്ക് രണ്ടു പേർക്കും രക്ഷപ്പെടാൻ പറ്റുകയുള്ളൂവെന്നും കുശിനിക്കാരൻ പറയുന്നുണ്ട്. നിലവറയുടെ താക്കോൽ പോറ്റിയുടെ മുണ്ടിൻ്റെ അരക്കെട്ടിലാണ് - അവർക്ക് രക്ഷപ്പെടണമെങ്കിൽ അധികാരത്തിൻ്റെ താക്കോൽ കൈയിൽ കിട്ടി വിളക്ക് കെടുത്തണം.

വിവിധ ജാതി തിരിച്ചുള്ള കഥാപാത്രങ്ങളിലൂടെ, ഇവരോട് യക്ഷിയുടെ കൊലയും രതിയുമായുള്ള വിവേചനത്തിലൂടെ, ചാതുർവർണ്ണ്യത്തിൻ്റെ പ്രേതങ്ങൾ തന്നെയാണ് ഇന്നും അധികാരം കൈയാളുന്നതെന്നും അധികാരത്തിൻ്റെ താക്കോൽ കൈയ്യിൽ കിട്ടുന്നവർ ഏതുകാലത്തായാലും തൻ്റെ ‘അമിത ശക്തി’യും ദുരയും കാട്ടി വളരുമെന്നും താക്കോൽ കൈക്കലാക്കുമെന്ന ഭയത്താൽ മറ്റുള്ളവരെ നിർമാർജനം ചെയ്യാന്‍ ശ്രമിച്ച് കൊണ്ടിരിക്കുമെന്നും പറയുന്നു. ഇങ്ങനെയുള്ളവരെ കീഴടക്കാൻ അതിലും ശകതർ കാത്ത് നിൽക്കുന്നുമുണ്ടാവാമെന്ന ചരിത്രനീതി സിനിമയിൽ അവസാനം കുതിരപ്പുറത്ത് പുഴകടന്ന് വരുന്ന വിദേശ പോർച്ചുഗീസ് പട്ടാളക്കാരുടെ വെടിയൊച്ചകൾ കാട്ടിത്തരുന്നു.

രാഷ്ട്രീയത്തിൻ്റെ കറുപ്പും വെളുപ്പും ‘വെറും പച്ചയിൽ’ കാട്ടിത്തരാനായിരിക്കും രചനയും, സംവിധാനവും നിർവ്വഹിച്ച രാഹുൽ സദാശിവൻ ബ്ലാക്ക് എൻ്റ് വൈറ്റിൽ തന്നെ സിനിമ നിർമ്മിച്ച് തൻ്റേടം കാട്ടിയതും ഈ വിഷയത്തിൽ ചരിത്ര - രാഷ്ട്രീയ ഉള്‍ക്കാഴ്ച്ചയുള്ള ടി. ഡി. രാമകൃഷ്ണനെ കൊണ്ട് സംഭാഷണം ചെയ്യിച്ചതും. ടി.ഡി. രാമകൃഷ്ണൻ്റെ സംഭാഷണം കുറുകിയതും കൃത്യതയുള്ളതും അർത്ഥഗാംഭീര്യമുള്ളതുമായി സിനിമക്ക് മാറ്റുകൂട്ടി.

അര്‍ജുന്‍ അശോക്, ഭ്രമയുഗത്തില്‍

സംവിധായകൻ്റെ മുൻ ചിത്രമായ ഭൂതകാലവും വിഷാദ മാനസിക രോഗിയുടേതായിരുന്നതിനാൽ അധികം കളർഫുൾ അല്ലാത്തതായിരുന്നു.

അടൂർ ഗോപാലകൃഷ്ണന്റെ വിധേയനിലെ ഭാസ്കരപട്ടേലരിലൂടെയും തൊമ്മിയിലൂടേയും അധികാരത്തിൻ്റെയും അടിമത്തത്തിൻ്റെയും രാഷ്ട്രീയങ്ങൾ സിനിമയിൽ മുമ്പേ വന്നിട്ടുണ്ടെങ്കിലും കുടമൺ പോറ്റിയിലൂടെ (പ്രേതം) മമ്മൂട്ടിയിലെ നടൻ ഇതുവരെയില്ലാത്ത ഉടയാടകൾ മാറ്റി പുതിയൊരു വേഷപകർച്ച തന്നെ നടത്തിയിട്ടുണ്ട്. തേവനായി അർജ്ജുന്‍ അശോകൻ നൂറു ശതമാനം കഥാപാത്രത്തെ കാണികളിലേക്ക് പകർന്നു.

മമ്മൂട്ടി

അധികം കോടികളുടെ ബിഗ് ബജറ്റ് ഇല്ലാതെ വെറും അഞ്ചു കഥാപാത്രങ്ങൾ മാത്രമായി (പ്രധാനമായി മൂന്ന് മാത്രം) ഒരു ലോക്കേഷനിൽ ചിത്രീകരിച്ച ബ്ലാക്ക് - ആൻ്റ് വൈറ്റ് സിനിമക്ക് രണ്ടര മണിക്കൂറോളം കാണികളെ നാടകീയതയിൽ നിശ്ശബ്ദരായി പിടിച്ചിരുത്താനാവുന്നത് അതിൻ്റെ മികവുകൊണ്ടുതന്നെയാണ്. ഇതിന് ഷെഹനാദ് ജലാലിൻ്റെ ക്യാമറയും വെളിച്ചവിന്യാസവും, ക്രിസ്റ്റോ സേവ്യറിൻ്റെ അതിഭൗതികമായതും വന്യത നിറഞ്ഞതുമായ ബാക്ക് ഗ്രൗണ്ട് സ്കോറുകളും, ജയദേവൻ്റെ സൗണ്ടും ഉചിതമായ ചേരുവകളായിട്ടുണ്ട്.

ഭ്രമയുഗം പതിനേഴാം നൂറ്റാണ്ടിലെ വെറും ഐതിഹ്യകഥ മാത്രമല്ല, ഇതിന് സ്ഥലകാല പരിധിയില്ല. വിശാലാർത്ഥത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരുടെ, അവരുടെ മനസ്സുകളുടെ, അവർ ജീവിക്കുന്ന രാഷ്ട്രത്തിൻ്റെ കഥതന്നെയാണ്, എന്നത്തേയും കഥ.

Comments