2020 ബർലിൻ അന്താരാഷ്ട്ര മേളയുടെ വിന്നേഴ്‌സ് പ്രസ് കോൺഫറൻസിൽ ഇറാൻ സംവിധായകൻ മുഹമ്മദ് റസുലോഫ് വീഡിയോ ചാറ്റിലൂടെ സംസാരിക്കുന്നു. മകളും നടിയുമായ ബറാൻ റസുലോഫാണ് അദ്ദേഹത്തിനുവേണ്ടി പുരസ്‌കാരം സ്വീകരിച്ചത്. Photo: Wikimedia Commons

തൂക്കുകയറിൽനിന്ന് മുഹമ്മദ് റസുലോഫ് വീണ്ടെടുത്ത സിനിമകൾ

ലോകം മുഴുവൻ പ്രദർശിപ്പിച്ചുവരുന്ന ദേർ ഈസ് നോ ഈവിൾ ഇറാൻ സിനിമയിലെ ചെറുത്തുനിൽപ്പിന്റെ ഏറ്റവും പുതിയ കാഴ്ചയാണ്. സംവിധായകൻ മുഹമ്മദ് റസുലോഫ് ഇപ്പോൾ ജയിലിലാണ്. ഇറാനിയൻ സമൂഹത്തിന്റേയും സംസ്‌കാരത്തിന്റേയും സർക്കാർ നരേറ്റീവുകൾ പിന്തുടരാൻ വിസമ്മതിക്കുന്ന കലാകാരന് നൽകുന്ന ശിക്ഷ കൂടിയാണ് റസുലോഫ് അനുഭവിക്കുന്നത്

We have to pay a price, and every person will pay some price. മുഹമ്മദ് റസുലോഫ്

2020 ഫെബ്രുവരി 29, ബർലിൻ.
ബർലിൻ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന്റെ പുരസ്‌കാരവിതരണ ചടങ്ങ് നടക്കുന്ന പ്രൗഢമായ വേദി. മേളയിൽ മികച്ച ചിത്രത്തിന് ഗോൾഡൻ ബെയർ പുരസ്‌കാരം നേടിയ ഇറാൻ ചിത്രം ദേർ ഈസ് നോ ഈവിളിന്റെ (There is no Evil) സംവിധായകൻ മുഹമ്മദ് റസുലോഫ് (Mohammad Rasoulof) പുരസ്‌കാരം സ്വീകരിക്കാൻ വേദിയിലെത്തിയില്ല. ഇറാൻ ഭരണകൂടം അദ്ദേഹത്തിന് ഒരു വർഷം തടവുശിക്ഷ വിധിച്ച് പാസ്‌പോർട്ട് പിടിച്ചെടുക്കുകയും രാജ്യത്തുനിന്ന് പുറത്തുപോകുന്നത് വിലക്കുകയും ചെയ്തിരുന്നു. പകരം അദ്ദേഹത്തിന്റെ മകളും ചിത്രത്തിലെ നടിയുമായ ബറാൻ റസുലോഫ് മേളയിലെ ഏറ്റവും ഉന്നതമായ പുരസ്‌കാരം സ്വീകരിച്ച് ഇങ്ങനെ പറഞ്ഞു: ""പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്, എന്നാൽ ഇത് സ്വീകരിക്കാൻ സംവിധായകന് ഇവിടെ വരാൻ കഴിയാത്തതിൽ ദുഃഖവുമുണ്ട്. ഇത് അദ്ദേഹത്തിനുള്ളതാണ്.'' പുരസ്‌കാരം ഉയർത്തിപ്പിടിച്ച് അവർ സദസ്യരെ അഭിവാദ്യം ചെയ്തു. അപ്പീൽ തള്ളിയതിനെ തുടർന്ന് 2020 മാർച്ച് നാലിന് ഇറാൻ ഭരണകൂടം റസുലോഫിനെ ജയിലിലടച്ചു. ഇപ്പോൾ ലോകം മുഴുവൻ പ്രദർശിപ്പിച്ചുവരുന്ന ദേർ ഈസ് നോ ഈവിൾ കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സജീവ ചർച്ചയായിരുന്നു.

‘ദേർ ഈസ് നോ ഈവിളി’ലെ ഒരു രംഗം

"രാജ്യസുരക്ഷയ്ക്ക് ഭീഷണി'യാവുകയും "അസത്യ പ്രചാരണം നടത്തുക' യും ചെയ്തു എന്നതായിരുന്നു റസുലോഫിന്റെ പേരിലുള്ള കുറ്റം. ഈ സംഭവത്തിൽ ഇറാനിലെ സെന്റർ ഫോർ ഹ്യൂമൺ റൈറ്റ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്റ്റർ ഹാദി ഘയെമിയുടെ പ്രതികരണമിങ്ങനെയായിരുന്നു: ‘ഇറാനിയൻ സമൂഹത്തിന്റേയും സംസ്‌കാരത്തിന്റേയും സർക്കാർ നരേറ്റീവുകൾ പിന്തുടരാൻ വിസമ്മതിക്കുന്ന രീതിയിലുള്ള കലാപരമായ ഒരു ദർശനം മുന്നോട്ടുവെച്ചതായിരുന്നു മുഹമ്മദ് റസുലോഫ് ചെയ്ത തെറ്റ്. ഗവൺമെൻറ്​ നിയമങ്ങൾക്ക് വിരുദ്ധമായി, സ്വതന്ത്രമായി പ്രവർത്തിക്കുന്ന ചലച്ചിത്രപ്രവർത്തകർക്ക് കൊടുക്കേണ്ടിവരുന്ന വിലയാണ് ഈ ശിക്ഷ സൂചിപ്പിക്കുന്നത്.'

രണ്ടുവർഷത്തേക്ക് ഒരു രാഷ്​ട്രീയ പാർട്ടിയിലും സാമൂഹിക സംഘടനയിലും അംഗമാകുന്നതിൽ നിന്ന് റസുലോഫിന് രാജ്യം വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിക്ഷയിൽ പ്രതിഷേധിച്ച 2020 ബർലിൻ ചലച്ചിത്രമേള, തങ്ങളുടെ പ്രതിഷേധക്കുറിപ്പ് ഇറാൻ ഭരണകൂടത്തിന് ട്വീറ്റ് ചെയ്തു: ""2020 ബർലിൻ ചലച്ചിത്രോൽസവമായ ‘ബെർലിനാലെ'യിൽ ഗോൾഡൻ ബെയർ നേടിയ ഇറാൻ ചലച്ചിത്രകാരൻ മുഹമ്മദ് റസുലോഫിന്റെ തടവിൽ ബെർലിനാലെ ഔദ്യോഗികമായി പ്രതിഷേധിക്കുന്നു. കലയുടെയും അതിന്റെ ആവിഷ്‌ക്കാരത്തിന്റെയും സ്വാതന്ത്ര്യം നിലനിർത്തണമെന്ന കാര്യം ഞങ്ങൾ എക്കാലവും ഉയർത്തിപ്പിടിക്കുന്നു.''

മുഹമ്മദ് റസുലോഫ്

ഇതിനുപുറമെ കാൻ ചലച്ചിത്രോത്സവമടക്കം പല അന്താരാഷ്ട്ര മേളകളും റസുലോഫിന്റെ ശിക്ഷനാടപടിയിൽ തങ്ങളുടെ പ്രതിഷേധം ഇറാൻ ഭരണകൂടത്തെ അറിയിച്ചിരുന്നു. തന്റെ പേരിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റസുലോഫ് പ്രതികരിച്ചു. തന്റെ ചിത്രങ്ങളൊന്നും രാഷ്ട്രീയ പ്രമേയങ്ങളല്ല കൈകാര്യം ചെയ്യുന്നത്, മറിച്ച് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന സാമൂഹിക വിമർശനങ്ങളാണെന്നു പറഞ്ഞ അദ്ദേഹം, വിമർശനങ്ങളുടെ നേരെ അക്ഷമയും അസഹിഷ്ണുതയും കാണിക്കുന്നത് തികച്ചും പ്രതിലോമകരമാണെന്ന് ഓർമിപ്പിക്കുകയും ചെയ്തു. ഇറാനിലെ സാംസ്‌കാരിക- ഇസ്‌ലാമിക മാർഗനിർദ്ദേശക വകുപ്പ് രാജ്യത്തെ എല്ലാ കലാ- സാംസ്‌കാരിക പ്രവർത്തനങ്ങളും സെൻസർഷിപ്പിന് വിധേയമാക്കാറുണ്ട്. അതിന്റെ ഭാഗമായി നിരവധി ചിത്രങ്ങൾ നിരോധിക്കപ്പെടുകയും സംവിധായകരെ ജയിലിലടക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

സംവിധായകൻ കെയ്‌വാൻ കരീമിയെ 223 ചാട്ടവാറടിക്കും ഒരു വർഷത്തെ ജയിൽശിക്ഷയ്ക്കും ഇരുപത് ദശലക്ഷം ഇറാനിയൻ റിയാൽ പിഴയടക്കാനും ശിക്ഷിച്ചത്​, ബന്ധുവല്ലാത്ത ഒരു സ്ത്രീയെ ചുംബിക്കുകയും കൈപിടിക്കുകയും ചെയ്തു എന്നാരോപിച്ചാണ്​

ചാട്ടവാറടിയേൽക്കുന്ന ഇറാൻ സിനിമ

ഇറാൻ സിനിമയുടെ ചരിത്രം നിരോധനങ്ങളുടേതും ജയിലറകളുടേതും ചാട്ടവാറടികളുടേതും കൂടിയാണ്. 2016 ഫെബ്രുവരിയിൽ ഇറാൻ- കുർദിഷ് ഡോക്യുമെന്ററി, Writing on the City യുടെ സംവിധായകൻ കെയ്‌വാൻ കരീമിയെ, മതത്തെ അപമാനിച്ചു എന്നതിന്റെ പേരിൽ, 223 ചാട്ടവാറടിക്കും ഒരു വർഷത്തെ ജയിൽശിക്ഷയ്ക്കും ഇരുപത് ദശലക്ഷം ഇറാനിയൻ റിയാൽ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ആദ്യവിധി പ്രകാരം ആറുവർഷത്തേക്കുള്ള ജയിൽശിക്ഷ അപ്പീലിനുശേഷമാണ് ഒരു വർഷമായി കുറഞ്ഞത്. ബന്ധുവല്ലാത്ത ഒരു സ്ത്രീയെ ചുംബിക്കുകയും കൈപിടിക്കുകയും ചെയ്തതിനായിരുന്നു ശിക്ഷ. 2009ൽ ഇറാനിൽ നടന്ന തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായ നിലപാടെടുത്ത ഗ്രീൻ പ്രസ്ഥാനത്തെക്കുറിച്ചുള്ള, ഡോക്യുമെന്ററിയിലെ പരാമർശങ്ങളായിരുന്നു ശിക്ഷക്ക് കാരണം എന്ന്​ വ്യക്തമായിരുന്നു. കരീമി കുർദുവംശാജനാണെന്നത് ശിക്ഷയുടെ കാഠിന്യം വർധിക്കാൻ മറ്റൊരു നിമിത്തമായി.

കെയ്‌വാൻ കരീമി

2010 മാർച്ചിൽ മുഹമ്മദ് റസുലോഫും ഇറാൻ സംവിധായകൻ ജാഫർ പനാഹിയും ദേശീയ സുരക്ഷയ്ക്കും രാജ്യത്തിനുമെതിരെ പ്രചാരണം നടത്തി എന്ന കുറ്റം ചുമത്തി ആറു വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. അപ്പീലിൽ ശിക്ഷ ഒരു വർഷമാക്കി ചുരുക്കിയെങ്കിലും അത് നടപ്പിലാക്കപ്പെട്ടില്ല. 2017 ൽ കാൻ ചലച്ചിത്രമേളയടക്കം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പുരസ്‌കാരം നേടിയ റസുലോഫിന്റെ എ മേൻ ഓഫ് ഇന്റഗ്രിറ്റി ഇറാനിൽ നിരോധിക്കപ്പെട്ടു. ചിത്രത്തിന് കാനിൽ Un Certain Regard വിഭാഗത്തിൽ ലഭിച്ച പുരസ്‌കാരം സ്വീകരിച്ച് നാട്ടിലെത്തിയ റസുലോഫിന്റെ പാസ്‌പോർട്ട് അധികാരികൾ പിടിച്ചെടുക്കുകയും തുടർന്ന് സിനിമ നിർമിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു.

റസുലോഫ്​ സംവിധാനം​ ചെയ്​ത ‘എ മാൻ ഓഫ് ഇന്റഗ്രിറ്റി’ സിനിമയുടെ പോസ്റ്റർ

2017 മുതൽ ഇറാനിലെ Culture and Media Court ന്റെ നിരന്തര ചോദ്യം ചെയ്യലുകൾക്ക് വിധേയനായിക്കൊണ്ടിരി ക്കുകയായിരുന്നു മുഹമ്മദ് റസുലോഫ്. ""എന്റെ ചിത്രങ്ങൾ രാജ്യത്തിന്റെ ധീരതയെക്കുറിച്ചും മഹത്വത്തെക്കുറിച്ചുമല്ല എന്നതായിരുന്നു എനിക്കെതിരേയുള്ള പ്രധാന കുറ്റം. ഞാൻ വിദേശങ്ങളിൽ ഇറാനെ ഇടിച്ചുതാഴ്​ത്തുകയാണ് എന്ന് പൊതുവെ പ്രചരിപ്പിക്കപ്പെട്ടു. വിധി പ്രസ്താവിച്ച ജഡ്ജിയോട് എന്റെ സിനിമകൾ കണ്ടിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതുകൊണ്ടുതന്നെ എല്ലാം വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാണ്. നീതിയും നിയമവും നടപ്പിലാക്കുന്നതിനുമപ്പുറം, രാജ്യത്തെ സംരക്ഷിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ ഇറാനിലെ നീതിന്യായവ്യവസ്ഥയ്ക്കുള്ളൂ എന്നത് വ്യക്തമാവുകയാണ്''; അദ്ദേഹം പറയുന്നു.

പ്രസിഡൻറ്​ റൂഹാനിയുടെ ഭരണത്തിനുശേഷം ഇറാനിൽ നിരവധി ചിത്രങ്ങൾ നിരോധിക്കപ്പെട്ടിരുന്നു. ജാഫർ പനാഹിയടക്കമുള്ള പല ലോക പ്രശസ്ത സംവിധായകരും ജയിലിലും വീട്ടുതടങ്കലിലും അടയ്ക്കപ്പെട്ടു. ഏറ്റവുമൊടുവിൽ കാൻ, ബർലിൻ മേളകളിൽ പ്രശസ്ത വിജയങ്ങൾ നേടിയ മുഹമ്മദ് റസുലോഫാണ്​തടവിൽ കിടക്കുന്നത്​. സമാന അവസ്ഥ തന്നെയാണ് റസുലോഫിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ജാഫർ പനാഹിയും നേരിടുന്നത്. 20 വർഷത്തേക്ക്, ചികിൽസയ്ക്കും ഹജ്ജിനുമൊഴികെ രാജ്യത്തിന് പുറത്തുപോകാൻ പാടില്ലെന്ന് ഇറാൻ ഭരണകൂടം പനാഹിയെ വിലക്കിയത് 2010ലാണ്. അതോടൊപ്പം ചലച്ചിത്ര നിർമാണവും മാധ്യമങ്ങളുമായുള്ള അഭിമുഖങ്ങളും വിലക്കപ്പെട്ടു. എന്തിനേറെ, ഒരു തിരക്കഥ എഴുതുന്നതിൽ നിന്നുവരെ ഇറാൻ ഭരണകൂടം പനാഹിയെ വിലക്കി. അതിനെതിരെ വ്യാപക പ്രതിഷേധമുയർന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയും ഇറാനിലേയും ചലച്ചിത്രപ്രവർത്തകർ പ്രതിഷേധിച്ചു.

ഇറാൻ സംവിധായകൻ ജാഫർ പനാഹി

പനാഹിയില്ലാതെ, കാനിൽ നിറഞ്ഞ കൈയ്യടികൾക്കിടയിൽ അദ്ദേഹത്തിന്റെ ത്രീ ഫെയ്‌സസ് (Three Faces, 2018) പ്രദർശിപ്പിക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്ക് പനാഹിക്ക് ലഭിച്ച പുരസ്‌കാരം, റസുലോഫിനെപ്പോലെ, സ്വീകരിച്ചത് പനാഹിയുടെ മകൾ സോൾമാസ് പനാഹിയായിരുന്നു. അവർ പിതാവെഴുതിയ കുറിപ്പ് സദസ്സിനു മുമ്പിൽ വായിച്ചു. അതിൽ, സഹപ്രവർത്തകരോടും സുഹൃത്തുക്കളോടുമുള്ള അദ്ദേഹത്തിന്റെ നന്ദിയും കടപ്പാടും നിറഞ്ഞുനിന്നിരുന്നു.
അക്കാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ പനാഹി ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘‘സാമൂഹിക പ്രശ്‌നങ്ങൾ നമ്മെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. അവയോടുള്ള പ്രതികരണമാണ് നമ്മുടെ സിനിമകൾ. ഈ സിനിമകളിലൂടെ നാം സമൂഹത്തിലെ പ്രശ്‌നങ്ങൾ കാണുകയും കാണിക്കുകയും അവയെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നു. ഈ സിനിമകൾ നമ്മെ എവിടെ എത്തിക്കുമെന്ന് പറയാൻ കഴിയില്ല. നാം നദിയുടെ ഏറ്റവും അടിയിൽ കിടക്കുന്ന മണലാണ്, നമ്മെ പുറത്താക്കാൻ ശ്രമിക്കുന്നവർ ഒഴുകിപ്പോകുക തന്നെ ചെയ്യും. നമുക്ക് ഈ നാട്ടിലും ജനങ്ങളിലും വിശ്വാസവും സ്‌നേഹവുമുള്ളതിനാൽ നാമിവിടത്തന്നെ കാണും.''

സദാചാരവിരുദ്ധമായി സിനിമയിൽ അഭിനയിച്ചു എന്ന കുറ്റം ചുമത്തി തടവുശിക്ഷക്കും ചാട്ടവാറടിക്കും വിധിക്കപ്പെട്ട ഇറാനിയൻ നടി മർസിയെഹ് വഫ മെഹ്‌റി. ശിക്ഷക്ക്​ കാരണമായ ‘മൈ ടെഹ്‌റാൻ ഫോർ സെയ്ൽ’ എന്ന ചിത്രത്തിലെ രംഗം

തന്റെ ചലച്ചിത്രപ്രവർത്തനങ്ങൾ തുടർന്ന പനാഹി അടുത്ത ചിത്രം ദിസ് ഈസ് നോട്ട് എ ഫിലിം (This is not a Film, 2011) ഒരു ഫ്‌ളാഷ് ഡ്രൈവിലാക്കി കേക്കിൽ ഒളിപ്പിച്ചുകടത്തിയാണ് 2011 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്. പനാഹിയോടൊപ്പം ശിക്ഷിക്കപ്പെട്ട ഇറാനിലെ നടി മർസിയെഹ് വഫ മെഹ്‌റിയെ മൈ ടെഹ്റാൻ ഫോർ സെയ്ൽ (My Tehran for Sale, 2009/ Granaz Moussavi ) എന്ന സിനിമയിൽ അഭിനയിച്ച ‘കുറ്റ'ത്തിനാണ് 90 ചാട്ടവാറടിക്കും ഒരു വർഷത്തെ ജയിൽശിക്ഷയക്കും കോടതി ശിക്ഷിച്ചത്. "സദാചാരവിരുദ്ധമായ' രീതിയിൽ ചിത്രത്തിലഭിനയിച്ചു എന്നതായിരുന്നു അവർക്കെതിരെയുള്ള ആരോപണം.

ഇറാൻ പ്രസിഡന്റ് റുഹാനി തന്റെ പ്രസംഗങ്ങളിൽ, രാജ്യത്തെ സാംസ്‌കാരിക സ്വാതന്ത്ര്യത്തെക്കുറിച്ച് സൂചിപ്പിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി ചിത്രങ്ങൾ ഇറാനിൽ നിരോധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

2017 മുതൽ റസുലോഫിന്റെ ചലച്ചിത്ര നിർമാണം ഭരണകൂടം നിരോധിച്ചിരുന്നു. 2019 ജൂലൈയിലാണ് ഒരു വർഷത്തേക്ക് അദ്ദേഹത്തെ ശിക്ഷിച്ചത്. അപ്പീൽ കൊടുത്തശേഷമുള്ള ഇടവേളയിലാണ് ദേർ ഈസ് നോ ഈവിൾ അദ്ദേഹം നിർമിച്ചത്. രാജ്യത്ത് എന്തെങ്കിലും മാറ്റം സൃഷ്ടിക്കാൻ നാമെല്ലാവരും വില കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു, സ്വതന്ത്ര സിനിമകൾ സംവിധാനം ചെയ്യാൻ തനിക്കും വിലകൊടുക്കേണ്ടി വന്നിട്ടുണ്ട്, ഇനിയുമത് വേണ്ടിവരുമെന്ന് അദ്ദേഹം കരുതുന്നു.

സംവിധായകന്റെ പേരില്ലാത്ത സിനിമ

ഇറാൻ പ്രസിഡൻറ്​ റുഹാനി തന്റെ പ്രസംഗങ്ങളിൽ, രാജ്യത്തെ സാംസ്‌കാരിക സ്വാതന്ത്ര്യത്തെക്കുറിച്ച് സൂചിപ്പിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി ചിത്രങ്ങൾ ഇറാനിൽ നിരോധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാംസ്‌കാരികവകുപ്പ് അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എന്നത് ഇവിടെ പ്രസക്തമാകുന്നു. രാജ്യത്തിന്റെ ഈ അവസ്ഥയിൽ വലിയ മാറ്റം പ്രതീക്ഷിക്കാൻ കഴിയില്ലെങ്കിലും ഇറാനിൽനിന്ന് ലോകനിലവാരമുള്ള നിരവധി ചിത്രങ്ങൾ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നു, അവയിൽ മിക്കവയും അന്താരാഷ്ട്ര പുരസ്‌കാരം നേടുകയും ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ലോകത്തിൽ വധശിക്ഷ വളരെ കൂടുതലായി നടപ്പിലാക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ആംനെസ്റ്റിയുടെ കണക്കനുസരിച്ച്, 2017 ൽ ലോകത്തിൽ നടപ്പാക്കപ്പെട്ട വധശിക്ഷകളിൽ പകുതിയും ഇറാനിലായിരുന്നു. 2019ൽ 225 പേരെ ഇറാനിൽ വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അമേരിക്കയിൽ 22 പേരെ മാത്രമായിരുന്നു. ഇറാനിൽ വധശിക്ഷ നടപ്പിലാക്കുന്നത് മിക്കവാറും നിർബ്ബന്ധിത സൈനിക സേവനം ചെയ്യുന്ന സാധാരണക്കാരാണ്. തൂക്കിക്കൊല്ലുന്നവരുടെ കാലിനടിയിലെ സ്റ്റൂൾ മാറ്റിയും അല്ലെങ്കിൽ വെടിവെച്ചുമാണ് അവർ പ്രാകൃത ശിക്ഷ നടപ്പിലാക്കുന്നത്. ഇവരിലാണ് ദേർ ഈസ് നോ ഈവിൾ കേന്ദ്രീകരിക്കുന്നത്.

ദേർ ഈസ് നോ ഈവിൾ എന്ന ചിത്രത്തിൽ നിന്ന്

പരസ്പരബന്ധമുള്ള നാലു കഥകൾ ചേർത്തുവെച്ചാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം സംവിധായകൻ പ്രേക്ഷകരിലെത്തിക്കുന്നത്. ഇറാനിൽ തനിക്കുള്ള നിയന്ത്രണങ്ങളെ മറികടക്കാനായിരുന്നു ചിത്രം നാലു ഭാഗങ്ങളിലായി മാറ്റിയതെന്നും അത് ഒരു പ്രമേയത്തെ നാലു വ്യത്യസ്ത ദിശകളിലൂടെ ആവിഷ്‌ക്കരിക്കുന്നത്​ സാധ്യമാക്കിയെന്നും റസുലോഫ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ആദ്യ ഭാഗം, സിനിമയുടെ വാതിൽ തുറന്നുതരുമ്പോൾ തുടർന്നുള്ള മൂന്ന് ഭാഗങ്ങൾ വധശിക്ഷ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ടവരുടെ അവസ്ഥകളാണ് ആവിഷ്‌കരിക്കുന്നത്. ത്രില്ലർ, റൊമാൻസ്, കുടുംബകഥ എന്നിങ്ങനെ ആ ഭാഗങ്ങളെ വേർതിരിക്കുമ്പോൾ ജീവിതത്തിന്റെ വ്യത്യസ്ത പരിസരങ്ങളിലൂടെ സഞ്ചരിക്കുന്ന രചനയായി സിനിമ മാറുകയാണ്.

ഭരണകൂട ഇടപെടൽ ഒഴിവാക്കാൻ, നാലു ഷോർട്ട് ഫിലിമുകളെന്ന രൂപത്തിൽ നിർമിച്ച ചിത്രത്തിന്റെ ഔദ്യോഗിക രേഖകളിലൊരിടത്തും സംവിധായകനായ റസുലോഫിന്റെ പേര് സൂചിപ്പിച്ചിരുന്നില്ല.

വധശിക്ഷ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ടവർ അനുഭവിക്കുന്ന മാനസിക പീഡനങ്ങളുടെ കഥ പറയുന്നതിലൂടെ, വധശിക്ഷയെന്ന പ്രാകൃത ശിക്ഷാരീതിയിലേക്കും അതിന്റെ ധാർമിക പരിസരങ്ങളിലേക്കുമാണ് സംവിധായകനെത്തുന്നത്. 2017 ൽ കോടതി പ്രഖ്യാപിച്ച ശിക്ഷക്കെതിരെ അപ്പീൽ കൊടുത്ത് ഫലം കാത്തുകഴിയുന്ന റസുലോഫ്, തനിക്ക് പോകാൻ സാധ്യമല്ലാതിരുന്ന സ്ഥലങ്ങളിൽ അസിസ്റ്റന്റുമാരെ ഉപയോഗിച്ചാണ് ഷൂട്ട് പൂർത്തിയാക്കിയത്. ഭരണകൂട ഇടപെടൽ ഒഴിവാക്കാൻ, നാലു ഷോർട്ട് ഫിലിമുകളെന്ന രൂപത്തിൽ നിർമിച്ച ചിത്രത്തിന്റെ ഔദ്യോഗിക രേഖകളിലൊരിടത്തും സംവിധായകനായ റസുലോഫിന്റെ പേര് സൂചിപ്പിച്ചിരുന്നില്ല.

തൂക്കിക്കൊന്നും വെടിവെച്ചും വധശിക്ഷ നടപ്പിലാക്കുന്നവർ പ്രതികൾ ചെയ്ത കുറ്റമെന്തായിരുന്നു എന്നറിഞ്ഞ്, ഗുരുതര കുറ്റം ചെയ്തവരെയാണല്ലോ തങ്ങൾ കൊന്നതെന്നു കരുതി ആശ്വസിക്കുന്നു. തന്റെ രാജ്യത്തിനുവേണ്ടി താൻ ചെയ്തത് ശരിയായിരുന്നു എന്നവർ കരുതുന്നു. എന്നാൽ പ്രതികളുടെ യഥാർത്ഥ കുറ്റമല്ല തങ്ങൾ മനസ്സിലാക്കുന്നതെന്നും, കൊടുംകുറ്റവാളികളെന്ന് അറിയപ്പെടുന്ന പലരും നിരപരാധികളാണെന്നും അവർ അറിയുന്നില്ല. ഇത് ഭരണകൂടം സൃഷ്ടിക്കുന്ന കെണി മാത്രമാണെന്ന് വളരെ വൈകിയാണ് അവർ തിരിച്ചറിയുന്നത്. വധശിക്ഷ നടപ്പാക്കുന്ന അപൂർവം ചിലർ മാത്രം ഒന്നും സംഭവിക്കാത്തതുപോലെ പതിവു ജീവിതം തുടരുന്നു. മറ്റു ചിലർ സ്വന്തം ജീവൻ അപകടത്തിലാക്കിയും അതിൽ നിന്ന് രക്ഷപ്പെടുമ്പോൾ, വേറെ ചിലർ തങ്ങൾ നടപ്പാക്കിയ ശിക്ഷയിൽ പശ്ചാത്തപിച്ച് ജീവിതകാലം മുഴുവൻ പീഡനങ്ങളനുഭവിച്ച് കഴിയുന്നു.
വേറിട്ട അന്തരീക്ഷത്തിലൂടെയാണ് നാല് വ്യത്യസ്ത കഥകളും പറയുന്നത്.

ദേർ ഈസ് നോ ഈവിൾ

ദേർ ഈസ് നോ ഈവിൾ എന്നുപേരിട്ട ആദ്യ ഭാഗം, ടെഹ്‌റാൻ നഗരത്തിൽ സാധാരണ ജീവിതം നയിക്കുന്ന മധ്യവയസ്‌കൻ ഹെഷ്​മതിൽ കേന്ദ്രീകരിക്കുന്നു. വീട്ടിലേക്ക് റേഷൻ വാങ്ങുകയും അധ്യാപികയായ ഭാര്യയേയും മകളേയും സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയും ചെയ്യുന്നു ഹെഷ്​മത്​. ഭാര്യക്കും മകൾക്കുമൊപ്പം സൂപ്പർമാർക്കറ്റിൽ പോകുന്നതിനിടയിൽ പിസ്സ കടയിൽ പോയി അയാൾ മകളെ സന്തോഷിപ്പിക്കുന്നുമുണ്ട്. രോഗിയായ അമ്മയെ സന്ദർശിച്ച് അവർക്കാവശ്യമായ കാര്യങ്ങൾ ചെയ്ത് കൊടുക്കുന്ന അയാൾ, അടുത്ത ദിവസം നടക്കാൻ പോകുന്ന സുഹൃത്തിന്റെ വിവാഹത്തിനു കൊടുക്കാൻ ഒരു സമ്മാനം വാങ്ങുന്നു... അങ്ങനെ ഒരു പതിവു ഇറാൻ സിനിമയുടെ കാഴ്ചകളിലൂടെ നാം പോയ്‌ക്കൊണ്ടിരിക്കെയാണ്. അതിന്റെ അവസാനം നമ്മെ ഞെട്ടിക്കും.

Photo: Berlin Film Festival

ഒരു പുലർച്ചെ ഉറങ്ങിയെണീറ്റ ഹെഷ്​മത്, കാറിൽ തന്റെ ജോലിസ്ഥലത്തെത്തുന്നു. മുറിയിലെ ഭിത്തിയിലുറപ്പിച്ച ബട്ടനുകൾ ശ്രദ്ധിച്ച്​, പച്ചനിറത്തിലുള്ള ബൾബുകൾ പ്രകാശിക്കുന്ന ഘട്ടത്തിൽ അയാൾ ബട്ടൻ അമർത്തുന്നു. ഒരു കൂട്ടം ആളുകൾക്കുള്ള വധശിക്ഷ നടപ്പിലാക്കുകയായിരുന്നു അയാളെന്ന അറിവിൽ നാം സ്തബ്ദരാവുന്നു. കൂട്ടവധശിക്ഷയുടെ ഭയാനക ദൃശ്യം എക്കാലവും നമ്മെ പിന്തുടരും. ടെഹ്‌റാൻ തെരുവുകളിലെ തിരക്കാർന്ന ദൈനംദിന ജീവിതത്തിലെ ഒരു ഷോക്കായി മാറുന്നു, ഈ അന്ത്യരംഗം. സെക്കന്റുകൾ കൊണ്ട്, ഒരു കൂട്ടം ആളുകളുടെ വധശിക്ഷയുടെ കാഴ്ച അതീവ ഭീകരദൃശ്യമായി സംവിധായകൻ ആവിഷ്‌കരിക്കുന്നു. മരണവെപ്രാളത്തിൽ വിറയ്ക്കുന്ന കാൽപ്പാദങ്ങളുടെ ദൃശ്യം മനസിൽ മായാതെ ശേഷിക്കുന്നു. തികച്ചും വികാരരഹിതനായി, മറ്റേതൊരു ജോലിയും ചെയ്യുന്ന ഒരാളെപ്പോലെ ഹെഷ്​മത് തന്റെ ജോലി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്നു.
​സ്വന്തം രാജ്യം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പട്ടാളക്കാരെ സഹായിക്കാനെന്ന രൂപത്തിൽ, യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനം നടപ്പിലാക്കിയ ഇറാനിൽ അവരെ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പിലാക്കുന്നത്. ഇതിന്റെ വ്യത്യസ്തങ്ങളായ ദൃശ്യങ്ങളാണ് അടുത്ത മൂന്നു ഭാഗങ്ങളിൽ നാം കാണുന്നത്.

ഭരണകൂടത്തിന്റെ നിർബന്ധിത സൈനികസേവനമെന്ന കുരുക്കിൽ വീഴുന്നവരുടെ അവസ്ഥ ചിത്രം പ്രേക്ഷകർക്ക് നൽകുന്നുണ്ട്. രണ്ട് വർഷത്തെ ‘സേവനം' പൂർത്തിയാക്കാതെ ആർക്കും ജോലിയോ പാസ്‌പോർട്ടോ ലഭിക്കില്ല. വധശിക്ഷ നടപ്പാക്കാൻ വിസമ്മതിക്കുന്നവരെ കോർട്ട് മാർഷൽ ചെയ്ത്​ ശിക്ഷിക്കും

അവൾ പറഞ്ഞു, നിനക്കത് ചെയ്യാം (She Said, You Can Do It ) എന്ന രണ്ടാം ചിത്രം നിർബന്ധിത പട്ടാള സേവനം ചെയ്യുന്നതിനിടെ, ആദ്യമായി വധശിക്ഷ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട സാധാരണക്കാരനായ പൂയയുടെ മാനസിക സംഘർഷങ്ങളാണ് രേഖപ്പെടുത്തുന്നത്. ശിക്ഷിക്കപ്പെട്ട ആളെപ്പൊലെ തന്നെ വധശിക്ഷയുടെ തലേദിവസം രാത്രി ഉറങ്ങാൻ കഴിയാത്ത അയാൾ, തനിക്കാരേയും കൊല്ലാൻ താൽപര്യമില്ലെന്നും അങ്ങനെ ചെയ്യാൻ നിർബന്ധിക്കുന്നയാൾ ആരായാലും അയാളെ താൻ കൊല്ലുമെന്നും ഉറപ്പിക്കുന്നു. പിറ്റേന്ന് പുലർച്ചെ തനിക്ക് ചെയ്യേണ്ട കാര്യമോർത്ത് അയാൾക്ക് കരച്ചിലടക്കാൻ കഴിയുന്നില്ല.

തന്റെ സഹോദരന്റെ സഹായത്തിൽ ഇത് ഒഴിവാക്കാനാവുമെന്ന് പൂയ കരുതിയെങ്കിലും അയാൾക്കതിനു കഴിയുന്നില്ല. തൂക്കിക്കൊല താനേറ്റെടുക്കാമെന്ന് പറയുന്ന പൂയയുടെ സുഹൃത്ത് അലി, തന്റെ സഹോദരിയുടെ ചികിത്സക്കാവശ്യമായ വലിയ തുകയാണ് അയാളോട് ആവശ്യപ്പെടുന്നത്. താൻ രണ്ട് വട്ടമത് ചെയ്തിട്ടുണ്ടെന്നും ഒരു പ്രാവശ്യം കൂടെ ചെയ്യുന്നതുകൊണ്ട് ഒരു വ്യത്യാസവുമുണ്ടാവില്ലെന്നും അയാൾ കരുതുന്നു. പൂയയ്ക്ക് താൽപര്യമുണ്ടെങ്കിലും അലി ആവശ്യപ്പെട്ട സംഖ്യ അയാൾക്ക് നൽകാവുന്നതിനുമപ്പുറത്തായിരുന്നു. ഒടുവിൽ മറ്റ് വഴിയൊന്നുമില്ലാതെ, പുലർച്ചെ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കുറ്റവാളിക്കും മറ്റൊരു പട്ടാളക്കാരനുമൊപ്പം പുറപ്പെട്ട അയാൾ രണ്ടുപേരേയും പൂട്ടിയിട്ട ശേഷം അവിടെ നിന്ന് ഓടി രക്ഷപ്പെടുകയാണ്. ഭാവിജീവിതത്തെപ്പറ്റി ഒന്നും ചിന്തിക്കാതെ, പുറത്ത് കാത്തുനിന്ന കാമുകിക്കൊപ്പം അവളുടെ സംഗീതപഠനത്തിനായി ആസ്ട്രിയയിലേക്ക് രക്ഷപ്പെടുന്നു. ഭരണകൂടത്തിന്റെ നിർബന്ധിത സൈനികസേവനമെന്ന കുരുക്കിൽ വീഴുന്നവരുടെ അവസ്ഥ ചിത്രം പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

രണ്ട് വർഷത്തെ ‘സേവനം' പൂർത്തിയാക്കാതെ ആർക്കും ജോലിയോ പാസ്‌പോർട്ടോ ലഭിക്കില്ല. വധശിക്ഷ നടപ്പാക്കാൻ വിസമ്മതിക്കുന്നവരെ കോർട്ട് മാർഷൽ ചെയ്ത്​ ശിക്ഷിക്കും. ജീവിതത്തിൽ മറ്റു വഴിയില്ലാതെ, ആരേയും കൊല്ലാൻ തയ്യാറാവേണ്ടിവരുന്ന ഇവർ, യുദ്ധം പ്രോൽസാഹിപ്പിക്കുന്ന ഇറാനിലെ ഭരണവ്യവസ്ഥയുടെ ചിഹ്നങ്ങളായി മാറുകയാണ്. ഈ ചിത്രത്തിന്റെ ആദ്യഘട്ടത്തിൽ ഡോർമെറ്ററിയിൽ കഴിയുന്ന ഇത്തരം മനുഷ്യരുടെ സംഭാഷണം ഇറാനിലെ യുവാക്കളുടെ നിസ്സഹായാവസ്ഥയാണ് ദൃശ്യവൽക്കരിക്കുന്നത്. മുകളിലുള്ളവർ അനുശാസിക്കുന്ന നിയമം അനുസരിക്കാൻ ബാധ്യസ്ഥരായ തങ്ങൾ, അവർ കൊല്ലാൻ പറഞ്ഞാൽ കൊല്ലാൻ തന്നെ തയ്യാറാകണമെന്നും അല്ലെങ്കിൽ രാജ്യം വിട്ട് മറ്റെങ്ങോട്ടെങ്കിലും പോകണമെന്നും അവരിൽ മിക്കവരും അഭിപ്രായപ്പെടുന്നു. ഇത് ഇറാനാണ്, ഇവിടെ നിയമമില്ല, പണവും അഴിമതിയും മാത്രമാണുള്ളതെന്ന് മറ്റൊരാൾ പറയുന്നു. തികച്ചും വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തുന്ന പൂയ അവരിൽ നിന്ന് ഒറ്റപ്പെടുകയാണ്. തന്റെ രാജ്യത്ത് നിലനിൽക്കുന്ന അവസ്ഥയോട് ശക്തമായി പ്രതികരിക്കുന്ന കഥാപാത്രത്തേയാണ് ഇവിടെ കാണുന്നത്.

കെയ്‌വാന്റെ കാലിനടിയിലെ സ്റ്റൂൾ വലിച്ചുമാറ്റി, വധശിക്ഷ നടപ്പിലാക്കിയത് താനായിരുന്നുവെന്നും അയാൾ ഒരു ക്രിമിനലാണെന്ന വിശ്വാസത്തിലായിരുന്നു അത് ചെയ്തതെന്നും ജാവദ് നാനയോട് കുറ്റസമ്മതം നടത്തുന്നു. അതിന്റെ ഫലമായി തനിക്ക് കിട്ടിയ മൂന്നു ദിവസത്തെ അവധിയിലാണ് നാനയുടെ പിറന്നാളിന് വരാൻ കഴിഞ്ഞതെന്നും ജാവദ് പറയുന്നു.

ചിത്രത്തിന്റെ ഏറ്റവും സവിശേഷമായ മൂന്നാം ഭാഗം ‘ജന്മദിനം' തികച്ചും വൈകാരികമായ വ്യത്യസ്തതകൾ ഉൾക്കൊള്ളുന്നു. മൂന്നു ദിവസം അവധി ലഭിക്കാനായി വധശിക്ഷ നടപ്പിലാക്കാൻ കൂട്ടുനിന്ന ജാവദ്, ഒരു ക്രിമിനൽ എന്ന രീതിയിൽ വധിക്കുന്നത്, ലോകം ആവശ്യപ്പെടുന്ന ഒരു സാമൂഹികപ്രവർത്തകനെയാണ്. ഇത് ജാവദിന്റേയും കാമുകിയുടെയും ജീവിതം തകർച്ചയിലെത്തിക്കുകയാണ്. അധാർമികതക്കെതിരെ നിലകൊള്ളണമെന്ന് വിശ്വസിക്കുന്ന നാന, ചിത്രത്തിലെ ശക്തയായ സ്ത്രീ കഥാപാത്രമായി തിരിച്ചറിയപ്പെടുന്നു.

നിർബന്ധിത പട്ടാളസേവനം നടത്തുന്ന ജയിലിൽനിന്ന് മൂന്നുദിവസത്തെ അവധിയിൽ കാമുകിയെ കാണാനെത്തിയ ജാവദ്, യൂനിഫോം മാറി, പുഴയിൽ കുളിച്ച ശേഷമാണ് കാമുകി നാനയെക്കാണാൻ അവളുടെ വീട്ടിലെത്തുന്നത്. താൻ അതുവരെ ജീവിച്ചുകൊണ്ടിരുന്ന ലോകത്തിൽ നിന്നുമാറി പുതിയൊരു അന്തരീക്ഷത്തിലെത്തുന്നു ജാവദ്. ഭാവിവധുവായ അവൾക്കായി അയാൾ പിറന്നാൾ സമ്മാനവും കൊണ്ടുവന്നിരുന്നു.
നാനയുടെ പിതാവാണ് വീട്ടിൽ നടന്ന ദുരന്തത്തെക്കുറിച്ച് അയാളോട് പറയുന്നത്. അവരുടെ കുടുംബത്തിലെ ഒരു അംഗമായി കരുതിയിരുന്ന കെയ്‌വാന്റെ മരണമായിരുന്നു അത്. നാനയ്ക്ക് ഒരു സഹോദരനും അവളുടെ മാതാപിതാക്കൾക്ക് ഒരു മകനുമായിരുന്ന കെയ്‌വാൻ, നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനും. കെയ്‌വാനും നാനയും തമ്മിലുള്ള ബന്ധത്തിൽ സംശയിക്കുന്ന ജാവദ്, അവളിൽ നിന്ന് അയാളെക്കുറിച്ച് കൂടൂതൽ വിവരങ്ങൾ ശേഖരിക്കുന്നു. ഭരണകൂടത്തിനെതിരെ ശക്തമായ നിലപാടുണ്ടായിരുന്ന രാഷ്ട്രീയപ്രവർത്തകനായിരുന്ന അയാൾ ഗ്രാമത്തിലെ എല്ലാവർക്കും സഹായം ചെയ്തുകൊടുത്തിരുന്നു. അയാളുടെ ചിന്തകളും വിശ്വാസങ്ങളും കാരണമായിരുന്നു പൊലീസ് അയാളെ അന്വേഷിച്ചിരുന്നതെന്ന് നാന പറയുന്നു. രാഷ്ട്രീയക്കാരെ ഒരിക്കലും വിശ്വസിക്കരുതെന്ന് പറയുന്ന ജാവദിനെ അവൾ രൂക്ഷമായി നോക്കുന്നത് കെയ്‌വാനെ ഓർത്തുകൊണ്ടുതന്നെയാണ്.

ജാവദ് കരുതുന്ന രീതിയിലുള്ള ബന്ധമായിരുന്നില്ല അവർക്കിടയിലുണ്ടായിരുന്നതെന്ന് ഏറെക്കഴിഞ്ഞാണ് അയാൾ തിരിച്ചറിയുന്നത്. ജാവദും നാനയും കെയ്‌വാൻ താമസിച്ചിരുന്നിടത്ത് പോകുമ്പോൾ അന്തരീക്ഷത്തിൽ കെയ്‌വാന്റെ പാട്ട് കേൾക്കുന്നു നാന. തന്റെ മാത്രമല്ല, ഗ്രാമത്തിലെ മുഴുവൻ കുട്ടികളുടേയും ഗുരുനാഥനായിരുന്നു കെയ്‌വാനെന്ന് നാന പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. വിപ്ലവകാരിയെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോയ കെയ്‌വാൻ പിന്നീട് വധശിക്ഷയ്ക്ക് വിധേയനാവുകയായിരുന്നു. അയാളുടെ ശവസംസ്‌കാരചടങ്ങിൽ ബന്ധുക്കളെ മാത്രം അനുവദിക്കുന്ന അധികാരികൾ, ജീവിച്ചിരുന്ന കെയ്‌വാനെ മാത്രമല്ല, അയാളുടെ ശവശരീരത്തേയും ഭയപ്പെടുകയാണ്. നാനയുടെ ബന്ധു അറാസിനോട് ജാവദ് പറയുന്നു: ‘ഈ മോശം കാലം ഉടൻ അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം'.

അവധി കിട്ടാൻ വധശിക്ഷ ചോദിച്ചുവാങ്ങിയ ജാവദ്​

കെയ്‌വാനെ ഓർമിക്കുന്ന ചടങ്ങിനിടെ അയാളുടെ ഫോട്ടോ കാണുന്ന ജാവദ് ഞെട്ടുന്നു. അയാൾക്ക് താങ്ങാവുന്നതിനുമപ്പുറത്തായിരുന്നു ആ സത്യം. അയാൾ അവിടെ നിന്ന് ഓടിപ്പോകുന്നു. പിന്നീട്, നദിക്കരയിൽ, വളരെ മോശം അവസ്ഥയിലാണ് ജാവദിനെ നാന കണ്ടെത്തുന്നത്. കെയ്‌വാന്റെ കാലിനടിയിലെ സ്റ്റൂൾ വലിച്ചുമാറ്റി, വധശിക്ഷ നടപ്പിലാക്കിയത് താനായിരുന്നുവെന്നും അയാൾ ഒരു ക്രിമിനലാണെന്ന വിശ്വാസത്തിലായിരുന്നു അത് ചെയ്തതെന്നും ജാവദ് നാനയോട് കുറ്റസമ്മതം നടത്തുന്നു. അതിന്റെ ഫലമായി തനിക്ക് കിട്ടിയ മൂന്നു ദിവസത്തെ അവധിയിലാണ് നാനയുടെ പിറന്നാളിന് വരാൻ കഴിഞ്ഞതെന്നും ജാവദ് പറയുന്നു. തന്റെ പിറന്നാളിന് വരാനായി അയാൾ ചോദിച്ചു വാങ്ങിയ വധശിക്ഷ നടപ്പാക്കിയത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളെ കൊന്നുകൊണ്ടായിരുന്നു എന്ന അറിവിൽ നാന തകർന്നുപോകുന്നു. നദിക്കരയിൽ നിന്ന് അയാളെ നാന രക്ഷിച്ചുകൊണ്ടുവരുന്നുണ്ടെങ്കിലും അവളുടെ ജീവിതത്തിൽ നിന്ന് ജാവദ് ഏറെ അകലെയായിക്കഴിഞ്ഞിരുന്നു.

കുറ്റവാളികളെന്ന പേരിൽ ജയിലടക്കപ്പെടുന്നവരുടെ യഥാർത്ഥ അവസ്ഥ ശിക്ഷ നടപ്പാക്കുന്നവർ അറിയുന്നില്ല.

‘ആരേയും ഒരു കാരണവുമില്ലാതെ തൂക്കിക്കൊല്ലാറില്ല' എന്ന് ഒരു കഥാപാത്രം പറയുമ്പോൾ അയാൾ ഈ വ്യവസ്ഥയുടെ ഭാഗമാവുകയാണ്. മൂന്നാം ഭാഗത്തിലെ ജാവദ്, കെയ്‌വാന്റെ വധശിക്ഷ നടപ്പിലാക്കുന്നത് അയാൾ ഒരു കൊടും കുറ്റവാളിയാണെന്ന് കരുതിയാണ്. അല്ലെങ്കിൽ താൻ അയാളെ കൊല്ലാൻ തയ്യാറാകുമായിരുന്നില്ല എന്ന് അയാൾ നാനയോട് പറയുന്നു. യഥാർത്ഥ അവസ്ഥ അവസാനം മാത്രമാണ് ജാവദ് തിരിച്ചറിയുന്നത്. അവസാനഭാഗത്ത് ജാവദിന്റെ ആവർത്തിക്കുന്ന ആത്മഗതം നാം കേൾക്കുന്നു: ‘എനിക്ക് അയാളെ (കെയ്‌വാനെ) അറിയില്ല'. കുറ്റവാളികളെന്ന പേരിൽ ജയിലടക്കപ്പെടുന്നവരുടെ യഥാർത്ഥ അവസ്ഥ ശിക്ഷ നടപ്പാക്കുന്നവർ അറിയുന്നില്ല. ‘ഭരണവ്യവസ്ഥയ്ക്ക് അതിന്റെ പീഡനവും അടിച്ചമർത്തലും തുടരാൻ എല്ലാവരും കൊടിയ ക്രിമിനലുകളാണെന്ന് വരുത്തിത്തീർക്കേണ്ടത് അത്യാവശ്യമാണ്​'; റസുലോഫ് ഒരു അഭിമുഖത്തിൽ പറയുന്നു.
സമാനമായ മറ്റൊരു കഥയാണ് ദേർ ഈസ് നോ ഈവിളിന്റെ അവസാനഭാഗമായ കിസ് മിയിൽ പറയുന്നത്.

ബഹ്‌റാമും സമാനും നഗരത്തിൽ നിന്ന് വളരെ അകലെ, ആർക്കും എത്തിപ്പെടാൻ കഴിയാത്ത ഒരു പ്രദേശത്ത് താമസിക്കുന്നു. പട്ടാളക്കാരനായി സേവനമനുഷ്ഠിക്കുമ്പോൾ വധശിക്ഷ നടപ്പാക്കാൻ മനസ്സാക്ഷി സമ്മതിക്കാതെ, ഗാർഡിനുനേരെ ആയുധം ചൂണ്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ടയാളാണ് ബഹ്‌റാം. അയാളുടെ മകൾ ദാര്യ, തന്റെ പിതാവാണെന്ന് കരുതുന്ന അവളുടെ അമ്മാവൻ മൻസൂറിനൊപ്പം വിദേശത്താണ്. അവിടെ നിന്ന് ദാര്യ ഇറാനിലേക്ക് വരുന്നത് അവളുടെ യഥാർത്ഥ പിതാവ് ബഹ്‌റാമിന്റെ ആവശ്യമനുസരിച്ചാണ്. താൻ മരിക്കുന്നതിനുമുമ്പ് സത്യം മകളെ അറിയിക്കണമെന്ന് രോഗിയായ അയാൾ ആഗ്രഹിക്കുന്നു. ദാര്യ തന്റെ മകളാണെന്ന് അവളോട് വെളിപ്പെടുത്തുന്ന അയാളെ അവൾ കുറ്റപ്പെടുത്തുകയാണ്. ഇരുപത് വർഷം താൻ ജീവിച്ചത് ഒരു വൻ കളവിലായിരുന്നു എന്ന് പറയുന്ന ദാര്യ, ബഹ്‌റാമിന് മാപ്പ് കൊടുക്കുന്നില്ല. വധശിക്ഷ നടപ്പാക്കുന്നത് നിരാകരിച്ച പട്ടാളക്കാരന്റെയും അയാൾക്ക് ചുറ്റുമുള്ളവരുടെയും ജീവിതങ്ങളിൽ അതുണ്ടാക്കിയ ദുരന്തങ്ങളുടെ ആഖ്യാനമായി ഇത് മാറുന്നു. ചിത്രത്തിൽ ദാര്യയായി വേഷമിടുന്നത് റസുലോഫിന്റെ മകൾ ബറാൻ റസുലോഫ്​ ആണ്.

സ്വേഛാധിപത്യ ഭരണക്രമത്തോട് ‘നോ’

വധശിക്ഷ താരതമ്യേന കൂടുതലുള്ള ഇറാൻ കേന്ദ്രീകരിച്ച് നിർമിച്ച ദേർ ഈസ് നോ ഈവിൾ, വധശിക്ഷ നടപ്പിലാക്കുന്നവരുടേയും അതിൽനിന്ന് മാറിനിൽക്കുന്നവരുടേയും അവരുമായി ബന്ധപ്പെടുന്നവരുടേയും മാനസിക സംഘർഷങ്ങളും വ്യഥകളുമാണ് ആവിഷക്കരിക്കുന്നത്. എത്ര പേർക്ക് ഇറാൻ പോലുള്ള ഒരു രാജ്യത്തിലെ സ്വേച്ഛാധിപത്യ ഭരണക്രമത്തോട് ഇല്ല, അല്ലെങ്കിൽ അല്ല എന്ന് പറയാൻ കഴിയുന്നുണ്ടെന്ന് പരിശോധിക്കുകയായിരുന്നു ചിത്രം നിർമിക്കുമ്പോഴുണ്ടായിരുന്ന ലക്ഷ്യമെന്ന് റസുലോഫ് അഭിമുഖത്തിൽ പറയുന്നു. ജീവിതത്തിൽ ഇത്തരമൊരു ഘട്ടം അഭിമുഖീകരിക്കുമ്പോൾ നിങ്ങളെന്താണ് ചെയ്യുക? എന്ന ചോദ്യം ചിത്രം പ്രേക്ഷകരോട് ചോദിക്കുന്നു.
നോ (ഇല്ല, അല്ല) എന്ന് പറയാനുള്ള പ്രയാസവും അതിന്റെ ഭംഗിയുമാണ് സിനിമയിൽ ആവിഷ്‌ക്കരിക്കുന്നതെന്ന് സംവിധായകൻ പറയുന്നു.

അധികാരത്തിലുള്ളവരോട് ‘നോ' എന്ന് പറയാൻ ജനങ്ങൾക്കുള്ള പരമ്പരാഗതമായ പേടി, ശാന്തമായി ജീവിക്കാനുള്ള യാഥാസ്ഥിതികമായ മാനസികാവസ്ഥയുടെ ഫലമാണ്. ഇതാണ് സ്വേച്ഛാധിപത്യത്തെ സാധാരണ ഭരണരീതിയാക്കി മാറ്റുന്നത്. ആളുകൾ ഭയപ്പെടുന്നതുപോലെ ‘നോ ' എന്ന് പറയുന്നത് നാശമുണ്ടാക്കുന്ന ഒന്നല്ല, അപ്പോൾ സംഭവിക്കുന്ന നഷ്ടങ്ങൾക്കുപകരം, ആത്മാഭിമാനം പോലുള്ള പലതും തിരികെ കിട്ടുന്നുണ്ട് എന്നത് തീർച്ചയാണ്.

‘ലോകത്തിൽ പാപമില്ല' എന്ന ടൈറ്റിലോടെ ‘ദേർ ഈസ് നോ ഈവിൾ' എന്ന ചിത്രം നമ്മെ എത്തിക്കുന്നത് ഈ ലോകത്തിൽ പാപമുണ്ടെന്നും അറിഞ്ഞും അറിയാതേയും നാം അതിന്റെ ഭാഗമാവുന്നു എന്നുമുള്ള തിരിച്ചറിവിലേക്കാണ്. അതിനെ പ്രതിരോധിക്കുകയും അതിനെതിരെ ശക്തമായ അഭിപ്രായങ്ങൾ രൂപപ്പെടുത്തുകയും ചെയ്യാൻ ചിത്രം അടിവരയിടുന്നു.

സമാനമായ പ്രമേയങ്ങൾ തന്നെയായിരുന്നു റസുലോഫ് മുൻചിത്രങ്ങളിലും കൈകാര്യം ചെയ്തിരുന്നത്. Manuscripts Don't Burn, Man of Integrity എന്നിവയിൽ ബ്യൂറോക്രസി വേട്ടയാടുന്ന ജീവിതങ്ങളാണ് പ്രമേയം. There is no Evil ൽ ‘നിയമം നിയമം തന്നെയാണ്’, ‘രാഷ്ട്രീയത്തിനു ദയയില്ല’ തുടങ്ങിയവ ഇടയ്ക്കിടെ നാം കേൾക്കുന്നുണ്ട്. ഈ അവസ്ഥയിൽ ജീവിക്കേണമോ, ഒളിച്ചോടണമോ അല്ലെങ്കിൽ മരിക്കണോ എന്ന ചോദ്യമാണ് പ്രേക്ഷകർ സ്വയം ചോദിക്കുന്നത്. സംവിധായകന്റെ ജീവിതത്തിലെ സംഘർഷഭരിതമായ കാലത്ത് (ഒരു വർഷത്തെ ജയിൽശിക്ഷയിൽ കൊടുത്ത അപ്പീലിന്റെ ഫലം കാത്തിരിക്കയായിരുന്നു അദ്ദേഹം) നിർമിച്ച ദേർ ഈസ് നോ ഈവിൾ ഒരു കലാസൃഷ്ടിയെന്ന നിലയ്ക്ക് മികവ് പുലർത്തുന്നു. അഷ്‌കൻ അഷ്‌കാനിയുടെ ഛായാഗ്രഹണവും അമീർ മൊലൂക്‌പോറിന്റെ സംഗീതവും ശ്രദ്ധേയമാണ്.

1972 ൽ ഇറാനിലെ ഷിറാസ് നഗരത്തിൽ ജനിച്ച റസുലോഫ്, ടെഹ്‌റാനിൽ നിന്ന് സാമൂഹികശാസ്ത്രത്തിൽ ബിരുദം നേടി. ആദ്യഫീച്ചർ ഫിലിം ദ ട്വിലൈറ്റ് (The Twilight / 2002) ആ വർഷത്തെ ഫജർ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി. തുടർന്ന് അയേൺ ഐലൻറ്​ (Iron Island) 25 ലും ദ വൈറ്റ് മെഡോസ് (The White Meadows) 2009 ലും പുറത്തിറങ്ങി. അടുത്ത ചിത്രം ഗുഡ്‌ബൈ (Goodbye) 2011 ലെ കാൻ മേളയിൽ സംവിധാനത്തിന് പുരസ്‌കാരം നേടി. റസുലോഫിന്റെ പ്രസിദ്ധ ചിത്രമായ മാനുസ്‌ക്രിപ്റ്റ്‌സ് ഡോൺട് ബേൺ 2013 ൽ കാൻ മേളയിൽ ഫിപ്രസി പുരസ്‌കാരം നേടി. 2017 ലെ എ മേൻ ഓഫ് ഇന്റഗ്രിറ്റി കാനിൽ ഉന്നത ബഹുമതി നേടി. അതിനു ശേഷമാണ് 2020ൽ ദേർ ഈസ് നോ ഈവിൾ ബർലിൻ മേളയിൽ ഗോൾഡൻ ബെയർ നേടുന്നത്. പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുരസ്‌കാരം നേടിയിട്ടുണ്ട്.

അഭിമുഖം : മുഹമ്മദ് റസുലോഫ് / നിക്ക് വിവാറെല്ലി

സ്വതന്ത്ര സംവിധായകർക്ക് ഇറാനിൽ സിനിമയെടുക്കാം,
പട്ടാളത്തിന്റെ ഫണ്ടുപയോഗിച്ച്...

ഓൺലൈൻ പ്രസിദ്ധീകരണമായ വെറൈറ്റി മാഗസിനുവേണ്ടി ഇറ്റലി- മിഡിലീസ്റ്റ് ലേഖകൻ നിക്ക് വിവാറെല്ലി മുഹമ്മദ് റസുലോഫുമായി നടത്തിയ അഭിമുഖം.

നിക്ക് വിവാറെല്ലി: പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നാലു അധ്യായങ്ങളിലായി അവതരിപ്പിക്കുന്ന ‘ദേർ ഈസ് നോ ഈവിൾ' എന്ന സിനിമക്ക് എന്തുകൊണ്ടാണ് ഇറാനിലെ വധശിക്ഷ പ്രമേയമാക്കിയത്? മുഹമ്മദ് റസുലോഫ്: ശരിയാണ്, അതിലെ നാലു ഭാഗങ്ങളും വധശിക്ഷ തന്നെയാണ് പ്രതിപാദിക്കുന്നത്. എന്നാൽ ചിത്രം അതിനുമപ്പുറത്തേക്ക് പോകുന്നുണ്ട്. ഭരണകൂടത്തോടുള്ള ജനങ്ങളുടെ നിസ്സഹകരണവും അത് ദൃശ്യവൽക്കരിക്കുന്നു. ഒരു അധികാരവ്യവസ്ഥയെ എതിർക്കുമ്പോൾ ഏതുതരത്തിലുള്ള ഉത്തരവാദിത്വമാണ് നിങ്ങളേറ്റെടുക്കുന്നതെന്ന് ചിത്രം പറയുന്നു. ‘നോ' എന്നുപറയുന്ന പ്രതിരോധ പ്രക്രിയയുടെ ഉത്തരവാദിത്തമാണ് നിങ്ങൾ ഏറ്റെടുക്കുന്നത്. അതിനുവേണ്ടി നിങ്ങൾക്കെന്തുമാത്രം വില നൽകേണ്ടതായി വരുന്നുവെന്ന് ചിത്രം അന്വേഷിക്കുന്നു. എന്നെ ഉദാഹരണമാക്കിയാൽ, പ്രതിരോധം മൂലം എനിക്ക് ഏറെ സൗകര്യങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഞാൻ പ്രതിഷേധിക്കുന്നു എന്നതാണ് സത്യം. ഞാനുദ്ദേശിച്ചരീതിയിൽ അത് സിനിമയിൽ ചിത്രീകരിക്കാനായില്ലെങ്കിലും ഈ പ്രതിരോധം ഗുണം ചെയ്യുമെന്ന കാര്യം തീർച്ചയാണ്. ഈ രാജ്യത്ത് നിലനിൽക്കുന്ന അർത്ഥരഹിതമായ സെൻസർഷിപ്പിനിതിരെ പ്രതിഷേധിക്കാൻ ജനങ്ങളെ അത് പ്രേരിപ്പിക്കുന്നു.

‘ദേർ ഈസ് നോ ഈവിളി’ന്റെ നിർമാണം എത്രമാത്രം വിഷമകരമായിരുന്നു?.
എനിക്ക് ഈ രാജ്യത്ത് ജോലി ചെയ്യുന്നതിന് യാതൊരു വിലക്കുമില്ലെന്ന് പറയുകയും അതോടൊപ്പം കാര്യങ്ങൾക്കും അനുമതി നൽകാതിരിക്കയും ചെയ്യുക- അങ്ങനെയാണ്` ഭരണകൂടം എന്റെ ജീവിതം ദുസ്സഹമാക്കിത്തീർത്തത്. ഇറാനിലെ അവസ്ഥ സങ്കീർണമാണ്. അധികാരത്തിനും സെൻസർഷിപ്പിനുമെതിരെയുള്ള പ്രതിരോധമാണ് ഈ ചിത്രം. എന്റെ നിലപാടുമായി യോജിക്കുന്ന ഒരു സംഘം സാങ്കേതികവിദഗ്ദരും അഭിനേതാക്കളും ചുറ്റുമുണ്ടായിരുന്നത് ആശ്വാസകരമായിരുന്നു.

മുഹമ്മദ് റസുലോഫ്

ചിത്രം പൂർത്തിയാക്കാൻ ഞങ്ങൾ നേരിട്ട വിഷമതകൾ വിശദികരിക്കാൻ പ്രയാസമാണ്. ഷൂട്ടിംഗ് തുടങ്ങുന്നതിനുതൊട്ടുമുമ്പ് എന്റെ വിധി വന്നു. ഒരു വർഷത്തെ ജയിൽ ശിക്ഷ. ഷൂട്ടിംഗ് സമയത്ത് ഞാൻ ആ വിധിക്കെതിരെ കൊടുത്ത അപ്പീലിന്റെ ഫലം പ്രതീക്ഷിക്കുകയായിരുന്നു. അനുകൂലവിധിയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഓരോ ദിവസവും ഞാൻ ഫോൺ പരിശോധിച്ച് വിധി വന്നിട്ടുണ്ടോ എന്നുനോക്കും.
രണ്ടു മാസം മുമ്പ്, ഷൂട്ടിംഗ് അവസാനിക്കാൻ ഒരാഴ്ച മാത്രമുള്ളപ്പോൾ, അതിന്റെ നാലാമത്തെ അധ്യായത്തിന്റെ അവസാനഭാഗം ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എനിക്ക് മെസേജ് ലഭിച്ചത്. അത് അപ്പീൽ തള്ളിക്കൊണ്ടുള്ള വിധിയായിരുന്നു. അതോടെ ഒരു വർഷത്തെ ജയിൽവാസം ഉറപ്പായി. ശിക്ഷ ഏത് ദിവസം തുടങ്ങുമെന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. ചിത്രം പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്ക നിറഞ്ഞ ദിവസങ്ങളായിരുന്നു അവ. ഭാഗ്യവാശാൽ അത് പൂർത്തിയാക്കാൻ കഴിഞ്ഞു.

യാത്രാവിലക്ക് താങ്കളെ എങ്ങനെയാണ് ബാധിച്ചത്?
രണ്ടു വർഷത്തെ യാത്രവിലക്കാണ് വിധിച്ചത്. ആ രണ്ടു കൊല്ലം, വിധി വന്ന ജൂലൈ 2019 മുതലാണോ അതോ 2017 സപ്തംബറിൽ ഞാൻ ഇറാനിൽ വന്നതു മുതലാണോ തുടങ്ങുന്നതെന്ന് വ്യക്തമാക്കപ്പെട്ടിരുന്നില്ല. ഇപ്പോൾ രണ്ടര വർഷമായി ഞാൻ പുറത്തുപോകാതെ ഇറാനിൽ തന്നെ കഴിയുന്നു. (റസുലോഫും കുടുമ്പവും ജർമനിയിലായിരുന്നു താമസിച്ചിരുന്നത്) എന്റെ കാര്യം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ഏറ്റവും പ്രധാനം, ചിത്രം പൂർത്തിയാക്കാനായി എന്നതാണ്. അതിലെനിക്ക് ഏറെ സന്തോഷമുണ്ട്. അത് പുറത്തുകൊണ്ടുപോയി പ്രദർശിപ്പിക്കാൻ കഴിയുന്നുണ്ട്. ബർലിൻ ഫെസ്റ്റിവലിൽ പങ്കെടുത്ത്, പ്രേക്ഷകർക്കൊപ്പം ചിത്രം കാണാൻ കഴിയാത്തത്തിൽ അതിയായ വിഷമമുണ്ട്. അത് ഞാനല്ലല്ലോ തീരുമാനിക്കുന്നത്. ഇത്തരം നിയന്ത്രണങ്ങൾ ഇറാൻ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യവും അസഹിഷ്ണുതയുവുമാണ് വെളിപ്പെടുത്തുന്നത്.

‘ദേർ ഈസ് നോ ഈവിൾ' ബർലിൻ ചലച്ചിത്രമേളയിൽ തിരഞ്ഞെടുക്കപ്പെട്ട വിവരം ഇറാനിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നോ?
രണ്ട് പത്രങ്ങൾ പതിവു വാർത്ത പോലെ, ഒരു പ്രാധാന്യവും നൽകാതെ വാർത്ത കൊടുത്തിരുന്നു. മറ്റൊരു പത്രം ബർലിൻ ചലച്ചിത്രമേള ലോകത്തിലെ പ്രധാനപ്പെട്ട മേളയല്ല എന്ന് എഴുതിവിട്ടു. അധികാരികളിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല, ഞാനത് പ്രതീക്ഷിച്ചുകൊണ്ടിരിക്കയാണ്.

അന്നത്തെ യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രമ്പും ഇറാനും തമ്മിലുള്ള സംഘർഷം ചലച്ചിത്രകാരെ എങ്ങനെയാണ് ബാധിക്കുന്നത്?
രാജ്യത്തിലെ യാഥാസ്ഥിതികരുടെ ഭാഗത്തുനിന്ന് അതിനെതിരെ തിരിച്ചടിയുണ്ടായിട്ടുണ്ട്. അതിന്റെ പ്രത്യാഘാതം സിനിമയിലും കാണാം. ഈയടുത്ത കാലത്ത് ടെഹ്‌റാനിൽ നടന്ന ഫജർ ഫിലിം ഫെസ്റ്റിവലിൽ പകുതിയിലേറെ ചിത്രങ്ങളും ഗവൺമെൻറ്​ ഫണ്ടിൽ നിർമിച്ചവയായിരുന്നു. കൃത്യമായ കണക്കു കൂട്ടലുകളോടെ, പട്ടാളമാണ് ഇതിന് പണം മുടക്കിയത്.

രാജ്യത്തിൽ സ്വതന്ത്ര സിനിമാനിർമാണം നാമമാത്രമായിക്കഴിഞ്ഞു. സിനിമ നിർമിച്ച്, അവ ആയുധമാക്കി ജനങ്ങളെ സ്വാധീനിക്കാനുള്ള ശ്രമം പട്ടാളത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നതായാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഒരു ചലച്ചിത്രകാരൻ എന്ന നിലയ്ക്ക് താങ്കളുടെ ജീവിതമെങ്ങനെയാണിപ്പോൾ? ഇറാനിലെ അന്തരീക്ഷം കാര്യങ്ങൾ വിഷമകരമാക്കുന്നുണ്ടോ?
അതെന്നെ ദിനംപ്രതി ജീവിതത്തിന്റെ അരികുകളിലേക്ക് തള്ളിമാറ്റുകയാണ്. മറ്റ് വഴികളൊന്നുമില്ലാതെ, രഹസ്യമായി മാത്രം ജോലി ചെയ്യേണ്ട അവസ്ഥയിൽ ഞാനെത്തിക്കഴിഞ്ഞു. പതിവ് ഇറാൻ സിനിമയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുപോകാൻ ഇനി യാതൊരു സാധ്യതയും കാണുന്നില്ല. ഈ ഭരണവ്യവസ്ഥയിൽ ഒരു വഴിയും മുമ്പിൽ തെളിഞ്ഞുവരുന്നില്ല. എല്ലാ സ്വതന്ത്ര സംവിധായകർക്കും മിലിറ്ററിയുടേയോ ഭരണകൂടത്തിന്റേയോ ഫണ്ടുപയോഗിച്ചുള്ള പ്രൊജക്റ്റിൽ ജോലി ചെയ്യുകയേ നിവൃത്തിയുള്ളൂ. അധികാര വ്യവസ്ഥയുടെ ഭാഗമാകണമെങ്കിൽ അതിന്റെ പദ്ധതിക്കൊപ്പം ചേർന്ന് നിങ്ങൾ പ്രവർത്തിക്കുകതന്നെ വേണം. ​▮


സി.വി. രമേശൻ

ചലച്ചിത്ര നിരൂപകൻ, 1983 മുതൽ കോഴിക്കോട് ചേളന്നൂർ എസ്.എൻ. കോളേജിൽ അധ്യാപകനായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments