സമൂഹത്തിൽ മനുഷ്യനുള്ള മതിപ്പിനെയാണ് ഹാൽവോർ മോക്സനെസ് ‘അഭിമാനം’ (Honor) എന്ന് വിശേഷിപ്പിക്കുന്നത്. പാരമ്പര്യത്തിന്റെ ഭാഗമായി തലമുറകളിലൂടെ കൈമാറിവരുന്ന അഭിമാനത്തെ നമുക്ക് കുടുംബമഹിമ എന്ന് വിളിക്കാം. വ്യക്തിയുടെ ആന്തരിക ഗുണത്തിന് പുറത്തുനിന്നുകൊണ്ട് കുടുംബം (Honor family) എന്ന സ്ഥാപനം നിർലോഭം പകർന്നുകൊടുക്കുന്ന സാംസ്കാരിക മൂലധനം അയാളുടെ പദവി സമൂഹത്തിനുമുന്നിൽ നിരന്തരം ഉയർത്തിപ്പിടിച്ചുകൊണ്ടിരിക്കും. മതം, സാമ്പത്തിക ചുറ്റുപാടുകൾ, ജാതി, ലിംഗപദവി, രാഷ്ട്രീയ സ്വാധീനം എന്നിവയാണ് സമൂഹത്തിൽ അംഗീകാരം നേടിത്തരുന്ന ഘടകങ്ങൾ. കുടുംബം എന്ന അടഞ്ഞ മുറിയിലേക്കുള്ള താക്കോൽ വിവാഹമാണെന്നിരിക്കെ വധൂവരന്മാരെ തിരഞ്ഞെടുക്കുന്നത് അതീവശ്രദ്ധ വേണ്ടുന്ന കാര്യമായി കുടുംബം കരുതുന്നു. 'അനധികൃതമായി പ്രവേശിക്കുന്നവർ ശിക്ഷിക്കപ്പെടും ' (Trespassers will be prosecuted) എന്ന മുന്നറിയിപ്പുമായി നിലനിൽക്കുന്ന സ്ഥാപങ്ങളാണ് കുടുംബങ്ങൾ.
ജർമ്മനിയിൽ ഹിറ്റ്ലറും ഇന്ത്യയിൽ ബ്രാഹ്മണ്യവും ഭയക്കുന്നത് വ്യത്യസ്ത മനുഷ്യരുടെ ജനിതകങ്ങളുടെ സങ്കലനത്തെയാണ്.
റഷ്യയിലെ പ്രഭു കുടുംബത്തിലേക്ക് അനധികൃതമായി കടന്നുകയറുന്ന ആനി (അനോറ) എന്ന ലൈംഗികത്തൊഴിലാളിയുടെ കഥപറയുന്ന സിനിമയാണ് സെൻ ബെക്കർ (Sean Baker) സംവിധാനം ചെയ്ത അനോറ (Anora). ലോകത്തിലേക്കുള്ള പലവഴികളിൽ ഒന്നാണ് വേശ്യാലയം. ചുവപ്പ് നിഴലുകൾ വീണ ഇടവഴികളിൽ ആനിയുടെ നഗ്‌ന ശരീരം വിപണി മൂല്യത്തിന് വഴങ്ങാത്ത ആസ്തിയാണ്. വേശ്യാലയത്തിലെ സ്വകാര്യമുറിയിൽ ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരൊറ്റ ഘടകം ശരീരമാണെന്നിരിക്കെ ഇരുപത്തിമൂന്ന് വയസ് മാത്രം പഴക്കമുള്ള ആനിയുടെ ശരീരം അവളുടെ സന്തോഷവും മൂലധനവുമാണ്. മനുഷ്യൻ വസ്ത്രം അഴിച്ച് മറ്റൊരാൾക്കുമുന്നിൽ നഗ്നനാവുന്ന നിമിഷം 'അഭിമാനം' എന്ന ഭാരത്തെക്കൂടിയാണ് അഴിച്ചുവെക്കുന്നത്. ചുവന്ന തെരുവിന്റെ അതിർത്തിക്കപ്പുറം ലോകം മനുഷ്യനെ ശരീരത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചും ഓർമിപ്പിക്കുകയും കാർക്കശ്യത്തോടെ നിരന്തരം മെരുക്കിയെടുക്കുകയും ചെയ്യുന്നു. അധികാരം ലംബമായും തിരശ്ചീനമായും ശരീരത്തിൽ പ്രായോഗിക്കപ്പെടുന്നത് ഈ ലോകത്തിലാണ്. നിയന്ത്രണത്തിന്റെ അധിക ബാധ്യതകൾ ഇല്ലാത്ത ശരീരത്തിലാണ് സന്തോഷം കുടിയിരിക്കുന്നത് എന്ന് മനസിലാക്കിയ ഇരുപത്തൊന്നുകാരനായ വാന്യ സാക്കറോവ് ആനിയുടെ ലോകത്ത് എത്തിച്ചേരുന്നു. റഷ്യൻ പ്രഭുകുടുബത്തിലെ അംഗമായ വാന്യ കുടുംബത്തിന്റെ അന്തസ്സിനെ / അഭിമാനത്തെ ക്ഷണനേരം മറന്നുകൊണ്ടാണ് ആനന്ദത്തിന്റെ അന്വേഷണത്തിലേക്ക് കടന്നുവരുന്നത്.
ദുരഭിമാനക്കൊല
ജീനുകൾ ജീവവർഗ്ഗത്തിന്റെ സ്വഭാവവാഹകരാണ്. മനുഷ്യന്റെ സവിശേഷമായ രൂപം, നിറം, സ്വഭാവം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളെ നിർണയിക്കുന്ന രാസബന്ധനങ്ങളാണ് ജീനുകൾ. വംശശുദ്ധി എന്ന ആശയം നിലനിൽക്കുന്നത് ഇടകലരാത്ത ജനിതകങ്ങൾ എന്ന നിയന്ത്രണ രേഖകൾക്കുള്ളിലാണ്. ജർമ്മനിയിൽ ഹിറ്റ്ലറും ഇന്ത്യയിൽ ബ്രാഹ്മണ്യവും ഭയക്കുന്നത് വ്യത്യസ്ത മനുഷ്യരുടെ ജനിതകങ്ങളുടെ സങ്കലനത്തെയാണ്. ഉദാത്തമായ ജനിതക സവിശേഷതകൾ കൈമോശം വന്നുപോകുമെന്നും അനഭിലഷണീയമായ ജനിതകം തങ്ങളുടെ വംശാവലിയിൽ കടന്നുകയറുമെന്നും ശുദ്ധതാവാദികൾ വിശ്വസിക്കുന്നു. ജൂത /ദളിത് /മുസ്ലിം പുരുഷന്റെ പ്രത്യുൽപാദനശേഷിയെയാണ് ഇവർ ആത്യന്തികമായി ഭയന്നത്. വംശശുദ്ധി എന്നാൽ രക്തശുദ്ധിയാണെന്നും ദളിത്/മുസ്ലിം പുരുഷന്റെ പ്രത്യുൽപാദനശേഷിയുള്ള ശരീരം ആര്യൻ രക്തശുദ്ധിക്ക് ഭീഷണിയാണെന്നും അവർ വിശ്വസിക്കുന്നു. ഇന്ത്യയിലെ ദുരഭിമാന കൊലപാതകങ്ങളുടെ പുറകിലെ യുക്തി ഇതാണ്.
ആനിക്ക് ഗർഭിണിയാകാൻ കഴിയുമെന്നും അവളുടെ കുട്ടി കുടുംബ മഹിമയുടെ ജനിതക സ്വഭാവത്തെ തന്നെയും അട്ടിമറിക്കാൻ കാരണമാകും എന്ന ഭയത്തിൽ നിന്നുമാണ് അനോറ എന്ന സിനിമയിലെ പ്രതീകാത്മകമായ ദുരഭിമാനക്കൊല അരങ്ങേറുന്നത്.
ആനി എന്ന ലൈംഗികത്തൊഴിലാളി റഷ്യൻ കുടുംബത്തിലെ വാന്യ എന്ന ഇരുപത്തൊന്നുകാരനുമായി സ്വകാര്യത പങ്കിടുമ്പോൾ തൊഴിലിടത്തിലെ കൊടുക്കൽവാങ്ങലുകൾ എന്നതിനപ്പുറം ഭീതിജനകമായ ഒന്നും സമൂഹം അതിൽ കാണുന്നില്ല. ആനിയുടെ വ്യക്തിത്വത്തിലും ശരീരത്തിലും ആകൃഷ്ടനായ വാന്യ അവളെ തന്റെ ബംഗ്ലാവിലേക്ക് ക്ഷണിക്കുമ്പോഴും ആശങ്കപ്പെടാൻ സമൂഹം തയ്യാറാവുന്നില്ല. തന്നെ ആഹ്ലാദിപ്പിക്കുന്ന സ്ത്രീയെ അയാൾ വിവാഹം കഴിക്കുന്നതോടെയാണ് സമൂഹത്തിന്റെ വ്യവസ്ഥിതികൾ അസഹിഷ്ണുതയോടെ പ്രതികരിക്കാൻ തുടങ്ങുന്നത്. ആനിയുടെ പ്രത്യുൽപ്പാദനശേഷിയുള്ള ശരീരത്തെയാണ് പ്രഭുകുടുംബം ഭയക്കുന്നത്. ആനിക്ക് ഗർഭിണിയാകാൻ കഴിയുമെന്നും അവളുടെ കുട്ടി കുടുംബ മഹിമയുടെ ജനിതക സ്വഭാവത്തെ തന്നെയും അട്ടിമറിക്കാൻ കാരണമാകും എന്ന ഭയത്തിൽ നിന്നുമാണ് അനോറ എന്ന സിനിമയിലെ പ്രതീകാത്മകമായ ദുരഭിമാനക്കൊല അരങ്ങേറുന്നത്.
ശ്രേണീകൃത്യമായ ഘടനാവ്യവസ്ഥിതികളുള്ള സമൂഹത്തിൽ അദൃശ്യമായ അതിർത്തികൾ നിലനിൽക്കുന്നുണ്ട്. അതിർത്തികൾ ലംഘിക്കുന്നവർ ശിക്ഷ അനുഭവിക്കേണ്ടതുണ്ട് എന്നതാണ് ദുരഭിമാന കൊലപാതകങ്ങളുടെ കാതൽ. സാമൂഹിക മൂലധനം ഇല്ലാത്ത, ആനിയുടെ ശരീരത്തെ പുറംതള്ളാനുള്ള ശ്രമങ്ങൾ ക്രൂരമായ വംശഹത്യക്ക് സമാനമായി മാറുന്നു. വാന്യ സാക്കറോവ് ഉൾപ്പെടുന്ന പ്രഭു കുടുംബത്തിന്റെ ജനിതക ശുദ്ധിയെ സംരക്ഷിച്ചുനിർത്തുന്ന പ്രധാനപ്പെട്ട ബാഹ്യശക്തി കൃസ്തീയ സഭയാണ്. ‘സൂക്ഷ്മദർശിനി’ എന്ന മലയാള സിനിമയിലും ദുരഭിമാനക്കൊലയുടെ പുറകിലെ അദൃശ്യശക്തിയായി സഭ പ്രവർത്തിക്കുന്നതും സാന്ദർഭികമായി ചേർത്തു വായിക്കാവുന്നതാണ്. റഷ്യൻ പ്രഭുകുടുംബത്തിന്റെ സംരക്ഷണ കവചമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള സഭയും അതിലെ വൈദികനും പ്രവർത്തന സജ്ജമായ മിലിട്ടറി സംവിധാനം പോലെയാണ് പ്രവർത്തിക്കുന്നത്. മാമോദീസ എന്ന ചടങ്ങും ഉച്ചാടനം എന്ന കർമ്മവും സഭയുടെ വിരുദ്ധമായ രണ്ട് പ്രവർത്തനങ്ങളാണ്. ആദ്യത്തേത് സഭയിലേക്ക് അംഗത്തെ കൂട്ടി ചേർക്കുന്ന ചടങ്ങാണ്, രണ്ടാമത്തേത് ക്ഷണിക്കപ്പെടാതെ എത്തിയ ആത്മാവിനെ പുറത്താക്കുന്ന ചടങ്ങാണ്. പള്ളിയിൽ മാമോദീസ ചടങ്ങിന് കാർമികത്വം വഹിച്ചുകൊണ്ടിരുന്ന വൈദികൻ ചടങ്ങ് പാതിവഴിക്ക് ഉപേഷിച്ചുകൊണ്ടാണ് ആനിയെ വീട്ടിൽ നിന്നും പുറത്താക്കാനുള്ള ഉദ്യമത്തെ പ്രഥമ പരിഗണനയായി സ്വീകരിക്കുന്നത്. അശുദ്ധ രക്തത്തെ പുറംതള്ളുന്നതാണ് വംശശുദ്ധിയുടെ സമവാക്യം. സഭ അതിന്റെ കാര്യവാഹകരാണ്.
ആനി എന്ന ഹോമോസേക്കർ
അധികാരത്തെകുറിച്ചുള്ള രണ്ട് പ്രധാന നിരീക്ഷണങ്ങൾ ഫൂക്കോയുടെതായിട്ടുള്ളതാണ്. വ്യക്തിയുടെമേൽ ലംബമായും തിരശ്ചീനവുമായി പ്രയോഗിക്കപ്പെടുന്ന അധികാരം ശരീരത്തെ അച്ചടക്കത്തോടെ ജീവിക്കാൻ മെരുക്കിയെടുക്കുന്ന ശക്തികളാണ്. തിരശ്ചീനമായി പ്രയോഗിക്കുന്ന അധികാരം ശരീരത്തിനുള്ളിൽ പ്രവർത്തിക്കുകയും അച്ചടക്കം സ്വയം പരിശീലിക്കാൻ പ്രേരിപ്പിക്കയും ചെയ്യുന്നു. വിദ്യാഭ്യാസം അത്തരത്തിൽ പ്രവർത്തിക്കുന്ന അധികാരമാണ്. ലംബമായി പ്രവർത്തിക്കുന്ന അധികാരം ആൾക്കൂട്ടത്തെ/ സമൂഹത്തെ മുഴുവനായും നിയന്ത്രിക്കുന്ന ഒന്നാണ്.
നിയന്ത്രണങ്ങൾ ഇല്ലാത്ത ആനിയുടെ ശരീരം കടിഞ്ഞാണുകൾ ഇല്ലാത്തവിധം ലൈംഗിക സ്വാതന്ത്ര്യം അനുഭവിക്കുന്നു. സ്വയം പരിശീലനത്തിന് വിധേയമാകാത്ത അവളുടെ ശരീരം സാമൂഹിക ഇടങ്ങളിൽ നിന്നും അടർന്നുമാറി ചുവന്ന തെരുവിലെ ഇരുട്ടുമുറികളിലാണ് ജീവിക്കുന്നത്. അവൾ സാമൂഹിക അധികാരങ്ങൾ നിഷേധിക്കപ്പെട്ടവളാണ്. ഇത്തരത്തിൽ അദൃശ്യനായി കഴിയുന്ന മനുഷ്യരെ ഇറ്റാലിയൻ തത്വചിന്തകനായ ജോർജിയോ അഗംബെൻ വിശേഷിപ്പുക്കുന്നത് 'ഹോമോ സേക്കർ' എന്നാണ്, സാമൂഹിക/സാംസ്കാരിക/പദവി മൂല്യങ്ങൾ ഇല്ലാത്ത വിശുദ്ധമനുഷ്യർ. ഹോമോ സേക്കറുകളെ അധികാരി വർഗത്തിന് ഹിംസിക്കാനും ശിക്ഷിക്കാനും എളുപ്പമാണ്.
ശരീരത്തിനുമേൽ നിയന്ത്രങ്ങൾ കൽപ്പിക്കാത്ത പ്രഭുകുമാരൻ ഹോമോ സേക്കർ അല്ല. ചുവന്ന തെരുവിലെ ആനിയുടെ മുറി ആർക്കും എപ്പോഴും പ്രവേശിക്കുവാൻ കഴിയുന്ന ദൃഢത കുറഞ്ഞ ചട്ടക്കൂടുകൾ കൊണ്ട് നിർമിച്ചതാണ്. സന്തോഷമോ ഖേദമോ പ്രകടിപ്പിച്ചുകൊണ്ട് ഒരാൾക്ക് അവിടെനിന്നും ഇറങ്ങിപ്പോകാം. മറുപുറത്ത് പ്രഭുകുമാരന്റെ ബംഗ്ളാവ് പരിചാരകരും പരിവാരങ്ങളും സഭയും അധികാരിവർഗ്ഗവും ചേർന്ന് പൊതിഞ്ഞുസൂക്ഷിക്കുന്ന ഇടമാണ്. അതിനുള്ളിലേക്ക് അതിക്രമിച്ചുകയറുന്ന ആനിയുടെ ശരീരം അതിക്രൂരമായ വിവേചനങ്ങളും മർദ്ദനങ്ങളും പരിഹാസങ്ങളും അനുഭവിക്കേണ്ടി വരുന്നു. ശരീരത്തിനും വ്യക്തിത്വത്തിനും മേലുള്ള ഹിംസാത്മക ഇടപെടലുകൾ മുറിപ്പെടുത്തുന്ന ആനിയുടെ മനസിനെ ഗംഭീരമായി അടയാളപ്പെടുത്തുകയാണ് അനോറ എന്ന സിനിമ.
ആനി എന്ന ലൈംഗികത്തൊഴിലാളിയുടെ ജീവിതം ഒറ്റരാത്രി കൊണ്ട് മാറിമറിയുന്നത് സിൻഡ്രല്ല കഥയോട് സമാനമായ ആകാംക്ഷ പ്രേക്ഷകരിൽ ഉണ്ടാക്കുന്നു.
വ്യവസ്ഥകളിൽനിന്നും വ്യതിചലിച്ച പ്രഭുകുമാരന്റെ ജീവിതവും ശരീരവും സംരക്ഷിക്കാനായി ഓടിയെത്തുന്ന കുടുംബം, സഭ, കോടതി എന്നീ സംവിധാനങ്ങളുടെ ഇടപെടലുകളെ ഡാർക് ഹ്യൂമറിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നത്. ബോങ് ജൂൻ സിനിമയായ ‘പാരസൈറ്റ’-ന് സമാനമായി ഉപരിവർഗ മനുഷ്യരുടെ ജീവിതത്തിലെ പൊങ്ങച്ചത്തെയും ക്രൂരതയെയും അവതരിപ്പിച്ചുകൊണ്ടാണ് ആഖ്യാനം അവസാനിക്കുന്നതും. പ്രഭുകുടുംബത്തിന്റെ ജീൻ പൂളിലേക്ക് പ്രണയബന്ധത്തിലൂടെ എത്തിച്ചേരുന്ന നായികാനായകൻമാരുടെ കഥപറയുന്ന ചിത്രങ്ങൾ (കഭി ഖുശി കഭി ഘം, യാദേൻ, ധഡ്കൻ) ധനികരുടെ വിശാലമായ മനസിനെ ആവിഷ്കരിച്ചുകൊണ്ട് അവസാനിക്കുന്ന ചരിത്രമാണ് പൊതുവെ ഉള്ളതെങ്കിലും അനോറെ വ്യത്യസ്തമാകുകയാണ്.
ആനിയുടെ സിൻഡ്രെല്ല ജീവിതം
ജോർജ് സ്റ്റെയിനർ അദ്ദേഹത്തിന്റ കൃതിയായ ‘The death of tragedy’-യിൽ സാമാന്യ ജീവിതത്തിലും കലയിലും സാഹിത്യത്തിലും കണ്ടുവരുന്ന ദുരന്തങ്ങളെക്കുറിച്ച് (Tragedy) നിരീക്ഷിക്കുന്നുണ്ട്. ഒരു വ്യക്തി മരിക്കുന്നതോ അപകടത്തിൽ പെടുന്നതോ പോലുള്ള സംഭവങ്ങളാണ് സാമാന്യജീവിതത്തിലെ ദുരന്തങ്ങൾ. കലയിലും സാഹിത്യത്തിലും ദുരന്തങ്ങൾ അഗാധമായ ദുഖത്തിനപ്പുറം മനുഷ്യമനസ്സിനെ പ്രക്ഷുബ്ദമാക്കാൻ പ്രത്യേകരീതിയിൽ തയ്യാറാക്കപ്പെട്ടിട്ടുള്ളവയാണ്. മനുഷ്യത്വരഹിതമായ ശിക്ഷകൾ, ദുരഭിമാനക്കൊലകൾ എന്നിവയിലൂടെ രാഷ്ട്രീയ ശരിതെറ്റുകളുടെ അന്വേഷണമാണ് ലക്ഷ്യം വെക്കുന്നത്. കഥയിലെ ട്രാജഡികൾ നായക/നായികാ ശരീരങ്ങൾക്ക് ഉണ്ടാക്കുന്ന ഭീകരമായ ദുരന്തത്തെ ആവിഷ്ക്കരിച്ചു കൊണ്ടാണ് പ്രേക്ഷകരെ സംവാദത്തിലേക്ക് തള്ളിവിടുന്നത്.
ആനി എന്ന ലൈംഗികത്തൊഴിലാളിയുടെ ജീവിതം ഒറ്റരാത്രി കൊണ്ട് മാറിമറിയുന്നത് സിൻഡ്രല്ല കഥയോട് സമാനമായ ആകാംക്ഷ പ്രേക്ഷകരിൽ ഉണ്ടാക്കുന്നു. അതേസമയം ആനിയുടെ അപകടകരമായ ജീവിത ശൈലിയിൽ ആശങ്കപ്പെട്ടുകൊണ്ടേ ആഖ്യാനപരിസരത്ത് യാത്രചെയ്യാനും കഴിയൂ. പ്രേക്ഷകരുടെ പുരോഗമന-യാഥാസ്ഥിതിക ദ്വന്തവ്യക്തിത്വങ്ങൾ തമ്മിലുണ്ടാകുന്ന ആന്തരിക സംഘർഷങ്ങളുടെ ഉച്ചസ്ഥായിയിലാണ് ആനിയുടെ ജീവിതത്തിലെ ട്രാജഡി അരങ്ങേറുന്നത്. സിൻഡ്രല്ല കഥയിലെ പോലെ അനോറയുടെ കഥ ശുഭപര്യവസായി അല്ല. ജാലവിദ്യകൾ പിൻവാങ്ങുന്ന നിമിഷത്തിൽ സ്വന്തം ദാരിദ്ര്യം പുറത്തുവരുന്ന സിൻഡ്രല്ലയുടെ കഥയിൽ രാജകുമാരൻ സുന്ദരമായ ചെരുപ്പിനെ പിന്തുടർന്ന് അവളെ കണ്ടെത്തുകയും സ്വപ്നതുല്യമായ ജീവിതം സമ്മാനിക്കുകയും ചെയ്യുന്നു. അനോറയിലെ ആനിയുടെ സ്വപ്നജീവിതം അവസാനിക്കുന്നത് പ്രഭുകുമാരൻ അവളെ ദയാരഹിതമായി തള്ളിക്കളയുന്നതിലൂടെയാണ്. വാന്യ ഉറക്കം ഉണർന്നതുപോലെ പഴയ ജീവിതത്തിലേക്ക് തിരികെ പോകുമ്പോൾ ആത്മാവിനേറ്റ മുറിവുമായി ആനി ദുരന്ത നായികയായി അവശേഷിക്കുന്നു. രക്തം ചിന്താതെയുള്ള കൊലപാതകമാണ് ആനിയുടെ ജീവിതത്തിൽ നടന്നത്. ശരീരം, അധികാരം, പ്രതീകാത്മകഹിംസ എന്നീ ഘടകങ്ങളെ ആവിഷ്കരിച്ചുകൊണ്ട് അനോറ മനുഷ്യരുടെ ഗോത്രസ്വഭാവങ്ങളെ പ്രശ്നവത്കരിക്കുകയാണ്. ആധുനികതയുടെ മറുപുറമായ പ്രതീകാത്മക ഹിംസയെ ആവിഷ്കരിച്ചുകൊണ്ട് അനോറ മനുഷ്യത്വം എന്ന മൂല്യത്തെ അന്വേഷണ വിധേയമാക്കിക്കൊണ്ടാണ് അവസാനിക്കുന്നത്. സീൻ ബേക്കർ എഴുതി സംവിധാനം ചെയ്ത അനോറെ (2024) 77-ാമത് കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും പാം ഡി ഓർ പുരസ്കാരം നേടുകയും ചെയ്തു.