ദലിത് ചരിത്രത്തിന് കത്രികവെക്കുന്ന CBFC; ‘ഫുലെ’ സിനിമയ്ക്ക് സംഭവിക്കുന്നത്…

മഹാരാഷ്ട്രയിലെ ചില ബ്രാഹ്മണ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ‘ഫുലെ’ സിനിമയിൽ കത്രിക വെച്ചിരിക്കുകയാണ് CBFC. രാജ്യത്ത് ദലിതർ നേരിട്ട ചൂഷണങ്ങൾക്കെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ ജ്യോതിഭാ ഫുലെയുടെയും സാവിത്രിഭായ് ഫുലെയുടെയും ജീവിതം പറയുന്ന, അനന്ത് മഹാദേവൻ സംവിധാനം ചെയ്ത സിനിമയാണ് വെട്ടിമുറിക്കപ്പെടാൻ പോവുന്നത്.

News Desk

വൻലാഭം കൊയ്യുന്ന മസാല - കൊമേഴ്സ്യൽ സിനിമകളെയാണ് എക്കാലത്തും ഇന്ത്യയിലെ ബോളിവുഡ് ഇൻഡസ്ട്രി പ്രോത്സാഹിപ്പിക്കാറുള്ളത്. സവർണപരിസരത്ത് നിന്നുള്ള പ്രമേയങ്ങൾക്ക് പഞ്ഞമില്ലാത്ത ബോളിവുഡിൽ നിന്ന് സാമൂഹ്യ പ്രസക്തിയുള്ള ചിത്രങ്ങൾ ഉണ്ടാവുന്നത് തന്നെ വല്ലപ്പോഴുമാണ്. വ്യാവസായികമായി ബോളിവുഡ് സിനിമകൾ വലിയ തിരിച്ചടി നേരിടുന്ന കാലത്ത് ഇപ്പോൾ പ്രോപ്പഗണ്ട സിനിമകൾക്കാണ്, (പ്രത്യേകിച്ച് ഹിന്ദുത്വ അജണ്ടകൾ കുത്തിനിറച്ചിട്ടുള്ള) അവിടെ പ്രാമുഖ്യം ലഭിക്കുന്നത്. ഇതിനിടയിലാണ് മഹാരാഷ്ട്രയിലെ സാമൂഹ്യപരിഷ്കർത്താക്കളായിരുന്ന ജ്യോതിഭാ ഫുലെ, സാവിത്രിഭായ് ഫുലെ എന്നിവരുടെ ജീവിതകാലം അടയാളപ്പെടുത്തുന്ന ചിത്രവുമായി സംവിധായകൻ അനന്ത് മഹാദേവൻ എത്തുന്നത്. 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജ്യോതിഭാ ഫുലെയും അദ്ദേഹത്തിൻെറ ഭാര്യ സാവിത്രിഭായ് ഫുലെയും അക്കാലത്ത് ദലിതർക്കെതിരെ നടന്ന നീതിനിഷേധങ്ങൾക്കെതിരെ ഐതിഹാസിക പോരാട്ടം നടത്തിയവരാണ്. വർത്തമാനകാലത്തും അവരുടെ ഇടപെടലുകൾക്ക് വലിയ പ്രസക്തിയുണ്ട്. അത് പുതിയ തലമുറയെയും പ്രചോദിപ്പിക്കുന്നതാണ്. അത്തരത്തിൽ സാമൂഹ്യ പ്രസക്തിയുള്ള രണ്ട് മനുഷ്യരെക്കുറിച്ചുള്ള ചിത്രത്തെ സെൻസർ കത്രിക ഉപയോഗിച്ച് വെട്ടിമുറിക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC).

മാർച്ച് 24-നാണ് ചിത്രത്തിൻെറ ട്രെയിലർ പുറത്ത് വരുന്നത്. ബ്രാഹ്മണ മേധാവിത്വത്തിനെതിരെയും ജാതിവ്യവസ്ഥയ്ക്കെതിരെയും ശബ്ദമുയർത്തുന്ന സിനിമയാണിതെന്ന് കൃത്യമായി സൂചന നൽകുന്നതായിരുന്നു ട്രെയിലർ. ജ്യോതിഭാ ഫുലെയുടെ ജൻമവാർഷിക ദിനമായ ഏപ്രിൽ 11-ന് ചിത്രം പുറത്തിറങ്ങുമെന്ന് കരുതിയിരുന്നതാണ്. എന്നാൽ അതിനിടയിലാണ് മഹാരാഷ്ട്രയിലെ ചില ബ്രാഹ്മണ ജാതിസംഘടനകൾ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഓൾ ഇന്ത്യ ബ്രാഹ്മിൻ സമാജ്, ആർതിക് വികാസ് മഹാമണ്ഡൽ എന്നീ രണ്ട് സംഘടനകളാണ് ചിത്രം ബ്രാഹ്മണ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന പരാതിയുമായി സെൻസർബോർഡിനെ സമീപിച്ചത്. പരാതി കിട്ടിയപ്പോൾ തന്നെ സി.ബി.എഫ്.സിയുടെ ഇടപെടലുണ്ടായി. ചിത്രത്തിലെ ചില സുപ്രധാനരംഗങ്ങൾ ഒഴിവാക്കി മാത്രമേ റിലീസ് ചെയ്യാനാവൂ എന്നാണ് സെൻസർ ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്.

ജ്യോതിഭാ ഫുലെയുടെ ജൻമവാർഷിക ദിനമായ ഏപ്രിൽ 11-ന് ചിത്രം പുറത്തിറങ്ങുമെന്ന് കരുതിയിരുന്നതാണ്.

മഹാരാഷ്ട്രയിൽ പേഷ്വാ രാജവംശം ഭരിച്ചിരുന്ന കാലത്ത് കടുത്ത അധിക്ഷേപങ്ങളാണ് ദലിത് വിഭാഗങ്ങൾ അനുഭവിച്ചിരുന്നത്. ശൂദ്രവിഭാഗത്തിൽ പെടുന്ന ആളുകൾ നഗരങ്ങളിലേക്കോ, ബ്രാഹ്മണർ ഉള്ള ഇടങ്ങളിലേക്കോ യാത്രചെയ്യുകയാണെങ്കിൽ അരയിൽ ചൂല് കെട്ടണമായിരുന്നു. അവർ നടന്ന വഴികൾ മുഴുവൻ ഇങ്ങനെ അടിച്ച് വാരി ‘ശുദ്ധിയാക്കി’ പോവണമെന്നായിരുന്നു ബ്രാഹ്മണർ വെച്ചിരുന്ന നിബന്ധന. പോവുന്ന വഴികളിലൊന്നും തുപ്പാതിരിക്കാൻ കയ്യിൽ ഒരു ചെറിയ മൺചട്ടിയും കരുതണമായിരുന്നു. അതിലായിരുന്നു തുപ്പേണ്ടിയിരുന്നത്. ആൾ നടന്നുപോവുന്നുണ്ടെന്ന് അറിയിക്കുന്നതിന് വേണ്ടി മണിയടിക്കുകയും ചെയ്യണമായിരുന്നു. ഇന്ത്യയിൽ പലയിടങ്ങളിലും നിലനിന്നിരുന്നതാണ് ഇത്തരം രീതികളെന്ന് ചരിത്രപുസ്തകങ്ങൾ കൃത്യമായി പറയുന്നുണ്ട്. ഫുലെ സിനിമയിൽ ഇത് വ്യക്തമാക്കുന്ന ഒരു രംഗമുണ്ട്. അക്കാലത്തെ ദലിത് വിരുദ്ധതയുടെ ആഴം വ്യക്തമാക്കുന്നതിന് വേണ്ടിയാണ് അരയിൽ ചൂല് കെട്ടിക്കൊണ്ട് നടന്നുപോവുന്ന ഒരാളെ ചിത്രീകരിച്ചത്. ഈ സീൻ കാണിക്കാൻ പാടില്ലെന്നാണ് സെൻസർബോർഡ് പറയുന്നത്. ഇന്ത്യയിലെ ദലിതർ നേരിട്ട ചൂഷണങ്ങളുടെ ചരിത്രത്തെയാണ് സിനിമയിൽ നിന്ന് വെട്ടിമാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെടുന്നത്.

സംവിധായകൻ അനന്ത് മഹാദേവൻ ഫുലെ സിനിമയുടെ ചിത്രീകരണത്തിനിടയിൽ.
സംവിധായകൻ അനന്ത് മഹാദേവൻ ഫുലെ സിനിമയുടെ ചിത്രീകരണത്തിനിടയിൽ.

ട്രെയിലറിൽ കാണിച്ചിരിക്കുന്ന ഒരു രംഗം മാറ്റണമെന്നാണ് മറ്റൊരു ആവശ്യം. പൂണൂൽ ധരിച്ച്, കുടുമ കെട്ടിയിട്ടുള്ള ബ്രാഹ്മണനായ ഒരു കുട്ടി സാവിത്രിഭായ് ഫുലെ നടന്ന് പോവുമ്പോൾ മുഖത്തേക്ക് ചാണകമെറിയുന്ന രംഗമാണ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അക്കാലത്ത് ചെറിയ കുട്ടികളിൽ പോലും കുത്തിവെച്ചിരുന്ന, അവരെക്കൊണ്ട് പോലും ചെയ്യിച്ചിരുന്ന ദലിത് വിരുദ്ധ, മനുഷ്യത്വവിരുദ്ധ പ്രവൃത്തികൾ കൃത്യമായി അവതരിപ്പിക്കുന്നതാണ് ഈ രംഗം. ഇതെല്ലാം എടുത്ത് മാറ്റുകയാണെങ്കിൽ പിന്നെ സിനിമ പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം എങ്ങനെയാണ് പ്രേക്ഷകരിലേക്ക് എത്താൻ പോവുന്നത്?

‘ഫുലെ’ എന്ന സിനിമ എന്താണോ പറയാൻ ഉദ്ദേശിക്കുന്നത് എല്ലാ അർത്ഥത്തിലും അതിൻെറ ആശയവും അന്തസത്തയും മുഴുവൻ ഊറ്റിക്കളഞ്ഞ് പുറത്തിറക്കിയാൽ മതിയെന്നാണ് CBFC പറഞ്ഞിരിക്കുന്നത്.

“ബ്രിട്ടീഷുകാർ നമ്മളെ അടിമകളാക്കാൻ തുടങ്ങിയിട്ട് 100 വർഷമേ ആയിട്ടുള്ളൂ. കഴിഞ്ഞ 3000 വർഷമായി നേരിടുന്ന അടിമത്ത വ്യവസ്ഥിതി അവസാനിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്,” ജ്യോതിഭാ ഫുലെ പറയുന്ന ഈയൊരു വാചകം ചിത്രത്തിൻെറ ട്രെയിലറിലുണ്ട്. ഇതിൽ നിന്ന് 3000 വർഷം എന്നത് എടുത്തുമാറ്റണമെന്നാണ് സി.ബി.എഫ്.സി നിർദ്ദേശം. പകരം കൃത്യമായി വർഷം പറയാതെ “എത്രയോ വർഷങ്ങളായി” എന്ന് പറഞ്ഞാൽ മതിയെന്നാണ് പറയുന്നത്. 'മാങ്', 'മഹാർ' തുടങ്ങിയ അരികുവൽക്കരിക്കപ്പെട്ടിരിക്കുന്ന ജാതിവിഭാഗങ്ങളുടെ പേരുകൾ ഒഴിവാക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. ഇതിനെല്ലാം അപ്പുറത്ത് സബ് ടൈറ്റിലിൽ നിന്ന് ‘Caste’ എന്നൊഴിവാക്കി പകരം ‘Varna’ എന്ന് ചേർത്താൽ മതിയെന്നും പറഞ്ഞിട്ടുണ്ട്. അതാവുമ്പോൾ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള നേരിട്ടുള്ള പരാമർശമായി മാറില്ല. പകരം, അക്കാലത്തെ തൊഴിൽ വിഭജനത്തിൻെറ അടിസ്ഥാനത്തിലുള്ള വർണവ്യവസ്ഥയെന്ന നിലയിലാവും പരിഗണിക്കപ്പെടുകയെന്ന് കേന്ദ്ര സർക്കാരിന് കീഴിലുള്ള സെൻസർ ബോർഡ് കരുതുന്നു. ‘മനുധർമ’ എന്ന വാക്ക് ചിത്രത്തിൽ ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഫുലെ’ എന്ന സിനിമ എന്താണോ പറയാൻ ഉദ്ദേശിക്കുന്നത് എല്ലാ അർത്ഥത്തിലും അതിൻെറ ആശയവും അന്തസത്തയും മുഴുവൻ ഊറ്റിക്കളഞ്ഞ് പുറത്തിറക്കിയാൽ മതിയെന്നാണ് CBFC പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ബ്രാഹ്മണ മേധാവിത്വത്തെക്കുറിച്ച്, ദലിത് വിരുദ്ധതയെക്കുറിച്ച് ഒന്നും പറയേണ്ടെന്ന് പറഞ്ഞ് ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുന്നു. ചരിത്രസത്യങ്ങളെ അതേപടി കാണിക്കരുതെന്ന് ചലച്ചിത്ര പ്രവർത്തകരോട് പറയുന്നു. അതേസമയം തന്നെ തങ്ങൾക്ക് പ്രിയങ്കരമായ, പ്രോപ്പഗണ്ട കുത്തിനിറച്ച ചിത്രങ്ങൾ എന്ത് വിമർശനമുണ്ടായാലും പരാതികളുണ്ടായാലും അതേപടി റിലീസ് ചെയ്യിക്കാൻ വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കുകയും ചെയ്യുന്നു.

ബി.ജെ.പിയുടെ രാഷ്ട്രീയതാൽപര്യം പ്രതിഫലിക്കുന്ന തരത്തിലുള്ള പ്രോപ്പഗണ്ട സിനിമകൾക്ക് യാതൊരുവിധ നിയന്ത്രണവും സെൻസർബോർഡ് നിർദ്ദേശിക്കുന്നില്ല എന്ന ഇരട്ടത്താപ്പ് കൂടിയുണ്ട്.

സിനിമകൾക്ക് മുകളിൽ സെൻസർബോർഡ് വരുത്തുന്ന നിയന്ത്രണങ്ങളുടെ പട്ടികയിലെ ഏറ്റവും അവസാനത്തെ ചിത്രമാണ് ‘ഫുലെ’. ബ്രിട്ടൻെറ ഒഫീഷ്യൽ ഓസ്കാർ എൻട്രിയായ, കാൻ ഫിലിം ഫെസ്റ്റിവെലിൽ നിരൂപകപ്രശംസ നേടിയ ചിത്രമായ ‘സന്തോഷി’ന് CBFC ഇന്ത്യയിൽ പ്രദർശന അനുമതി നിഷേധിച്ചത് ഈയടുത്താണ്. രാജ്യത്തെ സാമൂഹ്യ അന്തരീക്ഷത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രമേയമാണ് ചിത്രത്തിൻേറതെന്ന് പറഞ്ഞുകൊണ്ടാണ് തിയേറ്റർ റിലീസിന് തന്നെ പൂർണമായി അനുമതി നിഷേധിച്ചത്. ഇന്ത്യയിൽ നടക്കുന്ന ജാതി അധിക്ഷേപങ്ങൾ, ദലിതർക്കെതിരായ പീഡനം, പോലീസുകാർ നടത്തുന്ന ക്രൂരതകൾ, ലൈംഗിക അതിക്രമം, ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. “ഇന്ത്യൻ സിനിമയിൽ ഈ വിഷയങ്ങളൊന്നും പുതിയതാണെന്ന് ഞാൻ കരുതുന്നില്ല. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി സിനിമകൾ നേരത്തെയും പുറത്ത് വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഇന്ത്യയിൽ റിലീസ് ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സിബിഎഉ്സി നടപടി നിരാശപ്പെടുത്തുന്നതും ഹൃദയഭേദകവുമാണ്. ” സംവിധായക സന്ധ്യ സൂരി പ്രതികരിച്ചു. സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യാൻ എല്ലാവഴികളും നോക്കുമെന്ന് സന്ധ്യ സൂരി പറഞ്ഞിരുന്നുവെങ്കിലും ഇതുവരെയും ചിത്രം പുറത്ത് വന്നിട്ടില്ല.

Read More: ഇന്ത്യയിലെ ദലിത് വിരുദ്ധതയും പോലീസ് ക്രൂരതയും ആരും കാണേണ്ട; Santosh റിലീസ് ചെയ്യേണ്ടെന്ന് CBFC

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എംപുരാനും സെൻസർ ബോർഡ് ഇടപെടലുകൾക്ക് വിധേയമായിരുന്നു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട വിഷയം സിനിമ ചർച്ച ചെയ്തതാണ് സംഘപരിവാർ സംഘടനകളെ ചൊടിപ്പിച്ചത്. പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് ചിത്രത്തിൻെറ നിർമ്മാതാക്കൾ തന്നെ വിവാദഭാഗങ്ങൾ ഒഴിവാക്കി റീറിലീസിന് തയ്യാറാവുകയായിരുന്നു. ചിത്രം ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നതായി നടൻ മോഹൻലാൽ തന്നെ സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തിരുന്നു. സെൻസർ ബോർഡ് നിർദ്ദേശിച്ച കട്ടുകൾക്ക് ശേഷമാണ് പിന്നീട് എംപുരാൻ റീറിലീസ് ചെയ്തത്.

ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആശയങ്ങൾ സ്വതന്ത്രമായി അവതരിപ്പിക്കുന്നതിനും സി.ബി.എഫ്.സി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇതേ അവസരത്തിൽ ബി.ജെ.പിയുടെ രാഷ്ട്രീയതാൽപര്യം പ്രതിഫലിക്കുന്ന തരത്തിലുള്ള പ്രോപ്പഗണ്ട സിനിമകൾക്ക് യാതൊരുവിധ നിയന്ത്രണവും സെൻസർബോർഡ് നിർദ്ദേശിക്കുന്നില്ല എന്ന ഇരട്ടത്താപ്പ് കൂടിയുണ്ട്.

‘കേരള സ്റ്റോറി’, ‘കശ്മീർ ഫയൽസ്’ തുടങ്ങീ നിരവധി പ്രോപ്പഗണ്ട സിനിമകൾ യാതൊരു അടിസ്ഥാനവുമില്ലാതെ വസ്തുതകളെ വളച്ചൊടിക്കുന്നുവെന്ന് വ്യക്തമായിട്ടും വിമർശനങ്ങൾ ഉണ്ടായിട്ടും സെൻസർ ബോർഡ് ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിരുന്നില്ല. ഇത്തരം സിനിമകൾ വലിയ ചർച്ചയാക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ സംഘപരിവാർ സംഘടനകൾ നടത്തുകയും ചെയ്തിരുന്നു.

Comments