ചവിട്ട് പോസ്റ്ററിൽ നിന്ന്.

മലയാള സിനിമയുടെ അരാഷ്ട്രീയ ചരിത്രത്തിനുനേർക്ക്​
ഒരു ‘ചവിട്ട്​’

ചില്ലറ സമരം എന്ന നാടകം മറ്റൊരു രൂപത്തിൽ സിനിമയിലേക്ക് വരുന്ന ചരിത്ര പശ്ചാത്തലം ശ്രദ്ധേയമാണ്. ചെറിയ മനുഷ്യർ വലിയ തന്ത്രങ്ങളെ പരാജയപ്പെടുത്തുന്ന പുതിയ പാഠം. ‘ചവിട്ട്​’ എന്ന സിനിമയുടെ കാഴ്​ച

വിട്ട് സാമൂഹികമായും സാംസ്കാരികമായും കലാപരമായും നിരവധി ആലോചനകളിലേക്ക് വഴിതുറക്കുന്ന ഊക്കുള്ള വാക്കാണ്. സംസ്കാരത്തിൽ, ചവിട്ടുക എന്നത് വലിയ അപമാനമാണ്. നിന്ദയുടെയും വെറുപ്പിന്റെയും അപമാനിക്കലിന്റെയും പരമകാഷ്ഠ. ചവിട്ടുന്നവരും ചവിട്ടപ്പെടുന്നവരും ആ പ്രക്രിയയിലുണ്ട് എന്ന് ചരിത്രവും സാമൂഹികശാസ്ത്രവും അപ്പോൾ ഓർമിപ്പിക്കും. എല്ലാ കാലത്തും ചവിട്ടുന്ന ഒരു വർഗവും ചവിട്ടുകൊള്ളുന്ന ഒരു വർഗവും ഉണ്ടായിരുന്നല്ലോ. ചവിട്ടിത്താഴ്​ത്താൻ അധികാരമുണ്ടായിരുന്ന ഒരു കാലത്തിൽ നിന്ന് ചവിട്ടിയുയരാൻ ശ്രമിക്കുന്ന കാലത്തെയാണ് ചരിത്രഗതി അടയാളപ്പെടുത്തുന്നത്. ഇന്നും ചവിട്ടേൽക്കുകയും തിരിച്ച് ചവിട്ടുകയും ചെയ്യപ്പെടുന്നുണ്ട്.

ലൈംഗിക പ്രക്രിയയെ ചവിട്ട് എന്ന് ചിലേടങ്ങളിൽ വിളിക്കാറുണ്ട്. സന്താന വർധനയ്ക്കായി അടിമകളെ പരസ്പരം ചവിട്ടിക്കുക എന്ന അർത്ഥത്തിൽ ചവിട്ട് ലൈംഗിക സൂചകവുമാണ്. കന്നുകാലികളെയും മറ്റും മനുഷ്യൻ ചവിട്ടിക്കുന്നതിൽ ആ ഓർമ്മയുണ്ട്. Fuck എന്ന അർത്ഥം അപ്പോൾ ആ വാക്കിനെ മണക്കും. ഈ അർത്ഥങ്ങളെല്ലാം ചവിട്ടെന്ന ക്രിയാനാമത്തിലുണ്ട്. ചവിട്ട് ഒരു നാടോടി കലാരൂപവും ആണ്. പാട്ടുകെട്ടി കൂട്ടംകൂടി വലുതാവുന്ന സംഘംചേർന്ന കളിയാണ് അത്. മണ്ണിൽ ആഞ്ഞു ചവിട്ടുന്ന ചുവടുകളാണ് കളിയിൽ പ്രധാനം. പാലക്കാട് പ്രദേശങ്ങളിലെ ദലിത് വിഭാഗങ്ങളാണ് ചവിട്ടുകളി വേല പൂരങ്ങത്തോടനുബന്ധിച്ച് കളിക്കാറുള്ളത്. അതിൽ ഉപയോഗിക്കുന്ന പാട്ടുകൾ തന്നെയാണ് മലപ്പുറം ലിറ്റിൽ എർത്ത് തിയേറ്റർ അവതരിപ്പിച്ച ചില്ലറ സമരം നാടകത്തിലും ഉപയോഗിച്ചത്. നാടകം കേരളത്തിനകത്തും പുറത്തും നൂറുകണക്കിന് വേദിയിൽ അവതരിപ്പിക്കുകയും ദേശീയതലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു.

ചവിട്ട് സിനിമയിൽ നിന്ന്
ചവിട്ട് സിനിമയിൽ നിന്ന്

ചില്ലറ സമരം കേവല വിനോദനാടകമായിരുന്നില്ല. അധിനിവേശം നമ്മുടെ തൊട്ടടുത്തുവരെ എത്തുന്നതും നമ്മെത്തന്നെ കൈപ്പിടിയിൽ ഒതുക്കുന്നതും എങ്ങനെയെന്ന് കാട്ടിത്തന്ന ഉജ്ജ്വലമായ രംഗാവിഷ്കാരം. ചെറിയ മനുഷ്യർ ചില്ലറകളായി നാടകത്തിൽ അവതരിപ്പിക്കപ്പെട്ടു. നാടകമാരംഭിക്കുന്ന പ്രസ്താവന ഇങ്ങനെയാണ്. "ചില്ലറകൾ.. പെട്ടിക്കടകളിൽ ചിതറിത്തെറിക്കുന്നവർ. വയലേലകളിലെ വിയർപ്പു മണത്തിൽ, ഇടവഴികളിലെ മൂളിപ്പാട്ടുകളിൽ ജീവിതത്തെ പ്രകാശിപ്പിക്കുന്ന ചെറിയ മനുഷ്യർ. അവരുടെ പാട്ടുകളും ചോടുകളും അധ്വാനത്തിൽ ലയിച്ചു കിടക്കുന്ന ആഹ്ളാദങ്ങളാണ്. മണ്ണിൽ കാതു ചേർത്തു വെയ്ക്കുക. കേൾക്കാം അവരുടെ പാട്ടുകളും ചോടുകളും.'
​ചെറിയ മനുഷ്യരുടെ പാട്ടുപാടിയുള്ള പ്രതിഷേധത്തിൽ വലിയ കോർപ്പറേറ്റ് തന്ത്രങ്ങൾ പരാജയപ്പെടുന്നതാണ് നാടകം വിഭാവനം ചെയ്യുന്നത്.

ചില്ലറ സമരം പോലെയുള്ള ഒരു രാഷ്ട്രീയ നാടകത്തിന് ഒരിക്കലും അരങ്ങൊരുക്കാൻ സാധ്യതയില്ലാത്ത ഒരു കൂട്ടമാണ് റെസിഡൻസ് അസോസിയേഷൻ എന്ന അരാഷ്ട്രീയ ഇടം. ഈ അരാഷ്ട്രീയതയുടെ രാഷ്ട്രീയവും മനുഷ്യപക്ഷത്തിനു വേണ്ടിയുള്ള ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയവും ആണ് മുഖാമുഖം നിൽക്കുന്നത്.

ചില്ലറ സമരം എന്ന നാടകം മറ്റൊരു രൂപത്തിൽ സിനിമയിലേക്ക് വരുന്ന ചരിത്ര പശ്ചാത്തലം ശ്രദ്ധേയമാണ്. ഭരണകൂടം, കോടതി. കോർപ്പറേറ്റ് അച്ചുതണ്ടുകൾ ഒന്നിച്ചാഞ്ഞു പിടിച്ചിട്ടും കാർഷിക നിയമങ്ങൾ നടപ്പിലാക്കാൻ അനുവദിക്കാതെ കർഷകർ ചരിത്രത്തിലിടം പിടിച്ച ഒരു സമര സന്ദർഭമാണത്. ചെറിയമനുഷ്യർ വലിയ തന്ത്രങ്ങളെ പരാജയപ്പെടുത്തുന്ന പുതിയ പാഠം. അതുകൊണ്ടുതന്നെ, നാടകത്തിന് ഊർജ്ജമായി നിന്ന ചവിട്ടു കളിയിലെ ചോടുകളും പാട്ടുകളും മറ്റൊരു മാധ്യമത്തിൽ കൂടി വരുമ്പോൾ ചെറിയ മനുഷ്യരുടെ കളികളുടെ പേര് തിരിച്ചു വരുന്നു. ചവിട്ട് ഒരു സിനിമയുടെ പേരാകുന്നു. ഒരു സമര വിജയത്തിന്റെയും കോർപ്പറേറ്റ് പരാജയത്തിന്റെയും കൂടി പേരാകുന്നു അത്.

സംസ്കാര റെസിഡൻസ് അസോസിയേന്റെ ഏഴാമത് വാർഷികാഘോഷ പരിപാടിയിൽ അവതരിപ്പിക്കാനായി ചില്ലറ സമരം നാടകത്തിന്റെ അണിയറ പ്രവർത്തകർ ഓഡിറ്റോറിയത്തിൽ എത്തുന്നതു മുതൽ നാടകാവതരണം തുടങ്ങുന്നതു വരെയുള്ള സംഭവങ്ങളാണ് സിനിമയിൽ ചിത്രീകരാക്കപ്പെടുന്നത്. ഹൈനസ് ഓഡിറ്റോറിയം എന്ന പേരാണ് സംസ്കാര എന്ന അസോസിയേഷന്റെ പേരിന് മുമ്പായി നാം വലുതായി കാണുക. അവ പരസ്പര ബന്ധിതമാണെന്ന് വ്യക്തമാകുന്നത് പിന്നീടാണ്. ആ അന്തരീക്ഷത്തിൽ ചേരാത്ത മനുഷ്യരാണ്, നാടകമാണ് ചില്ലറ സമരത്തിലുള്ളത്. നാടകത്തിന്റെ റിഹേഴ്സൽ ഓഡിറ്റോറിയത്തിലെ സ്റ്റേജിലല്ല അവതരിപ്പിക്കപ്പെടുന്നത്. അത് നാട്ടിലുടനീളം ആണ്. അവർ കുളിക്കുന്ന പുഴയിൽ, അലയുന്ന ഇടവഴികളിൽ, പറമ്പിൽ, വയലിൽ തുടങ്ങി നാടകം ചേരുന്നിടത്ത് മാത്രമാണ് റിഹേഴ്സൽ. നാടകം പലയിടങ്ങളിൽ പലതായി മുറിച്ചാണ് സിനിമയിൽ വരുന്നത്. നാടകത്തിന്റെ രേഖീയമായ വളർച്ച സിനിമയിലില്ല. നാടകം സിനിമയെയല്ല, സിനിമ നാടകത്തെയാണ് ഇവിടെ ഉപജീവിക്കുന്നത്. സിനിമയാക്കപ്പെട്ട നാടകങ്ങൾ സിനിമയിലേക്ക് കയറാതെ സ്റ്റേജിൽ തന്നെ നിൽക്കുന്നതാണ് മലയാള സിനിമയുടെ നാളിതുവരെയുള്ള അനുഭവം. എന്നാൽ ഒരു നാടകത്തെത്തന്നെ സിനിമയാക്കുമ്പോൾ സിനിമ ആദ്യം മുറിച്ചുമാറ്റുന്നത് അതിനാടകീയതയെയാണ്.

ചവിട്ട് സിനിമ പോസ്റ്റർ
ചവിട്ട് സിനിമ പോസ്റ്റർ

സിനിമ / നാടകം/പാട്ട് ഇവയെ മുൻനിർത്തി ചവിട്ടിനെ വിശകലനം ചെയ്യാം. സിനിമയും നാടകവും ഊർജ്ജം സംഭരിക്കുന്നത് പാട്ടിൽ നിന്നാണ്. വ്യക്തികളല്ല പാടുന്നത്, സമൂഹമാണ്. കൂട്ടുചേർന്നല്ലാത്ത പാട്ടുകൾ സിനിമയിലും നാടകത്തിലും ഇല്ല . കൂട്ടുചേരലും പ്രധാനമാണ്. നാടകത്തിനകത്തും പുറത്തും. ചെറിയ മനുഷ്യർ കൂട്ടുചേർന്നാണ് പ്രതിസന്ധിയെ മറികടക്കുന്നത്. അതിന് ഉറപ്പു നൽകുന്നത് കൂട്ടായ പാട്ടാണ്. ഈ പാട്ടിനെയാണ് അധിനിവേശം ഭയപ്പെടുന്നത്. അടിസ്ഥാന വർഗ്ഗത്തിന് കല എന്താണെന്ന് ഈ പാട്ടിലൂടെയാണ് വ്യക്തമാക്കപ്പെടുന്നത്. അത് പോരടിക്കാനും ഒരുമിച്ച് നിൽക്കാനുംവേണ്ടിയുള്ളതാണ്. പാട്ട് അവർക്ക് ചൂട്ടാണ്.

സിനിമ മുന്നാട്ടു വെക്കുന്ന സാംസ്കാരികമായ വിമർശനം അതിപ്രധാനമാണ്. ചില്ലറ സമരമെന്ന ചെറിയ മനുഷ്യരുടെ ചെറുത്തുനിൽപ്പുകളുടെ ഉശിരുള്ള നാടകം സാംസ്കാരിക ജീർണതയുടെ മധ്യവർഗ്ഗ കാപട്യത്തിന്റെ പിന്നരങ്ങിലാണ് അരങ്ങേറുന്നത്. അത് നാടകത്തിന്റെ പുതിയ കാലത്തുള്ള മറ്റൊരു ലക്ഷ്യമാവുകയാണ്.

‘പാട്ടുപാടാനറിയാത്ത വെളുമ്പൻ ചെക്കാ.. പാട്ടുകൊണ്ട് ചൂട്ടുകെട്ടി മോത്തടിക്കും ഞാൻ' എന്ന് പറയുന്നത് പണിയെടുത്ത് കറുത്ത മനുഷ്യരാണ്. അത് അവരുടെ നെഞ്ചകത്തെ പാട്ടാണ്. മനുഷ്യർ തമ്മിലുള്ള പരസ്പരബന്ധത്തിന്റെ, ഒരുമപ്പെടലിന്റെ അർത്ഥം വ്യക്തമാകുന്ന നിരവധി ദൃശ്യങ്ങൾ സിനിമയിലുണ്ട്. ഒരുമിച്ച് കുളിക്കുകയും കളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ. ബോളില്ലാതെ ആവേശത്തോടെ വോളിബോൾ കളിക്കുന്ന ദൃശ്യം മറ്റൊരുദാഹരണമാണ്. നീളമേറിയ പൈപ്പ് പൊടുന്നനെ പരസ്പരം എറിഞ്ഞു പിടിക്കുന്ന കളിയുമുണ്ട്. നാടകാവതരണത്തിന് മുമ്പായി കൈകളും ശരീരവും ദൃഢമായി കോർത്തുകെട്ടിയാണ് അവർ ഒന്നാകുന്നത്. പാട്ടിന്റെ പരിധിയെ നാടകവും നാടകത്തിന്റെ പരിമിതിയെ സിനിമയും മറികടക്കുന്നുണ്ട്. സിനിമ നാടകത്തെ നാട്ടിലേക്ക് വിടർത്തിയിടുന്നുണ്ട്.

ചവിട്ടുന്നത് മണ്ണിലാണ്. പാട്ടിലും ഈ മണ്ണുണ്ട്. "ചാവോളം കളി മണ്ണോളം... ചത്താലും കളി മണ്ണോളം.' മണ്ണിൽ ഉറച്ചു ചവുട്ടിയാണ് പ്രതിരോധം തീർക്കുന്നത്. ഈ അർത്ഥം സിനിമയിൽ പ്രധാനമാണ്. മണ്ണിൽ കാല് പുതയുന്നതിന്റെ ക്ലോസപ്പുകൾ പലകുറി വരുന്നുണ്ട്. കറുപ്പും വെളുപ്പും സിനിമയിലും പാട്ടിലും പ്രധാനം. ‘പാട്ടുപാടാനറിയാത്ത വെളുമ്പൻ ചെക്കൻ' എതിർക്കപ്പെടേണ്ടവനാണ്. ഓഡിറ്റോറിയത്തിലെ മിനുസമാർന്ന പ്രതലത്തിൽ നിന്നും മണ്ണിന്റെ പരുക്കൻ വഴികളിലേക്ക് നാടകം ഇറങ്ങുന്നു. ചവിട്ടുന്നതും റിഹേഴ്സൽ നടക്കുന്ന ഇടവും മണ്ണിന്റെ സ്വഭാവമുള്ളതാണ്.

ചവിട്ടിന്റെ സംവിധായകരായ സജാസ് റഹ്മാൻ, ഷിനോസ് റഹ്മാൻ
ചവിട്ടിന്റെ സംവിധായകരായ സജാസ് റഹ്മാൻ, ഷിനോസ് റഹ്മാൻ

സിനിമ മുന്നാട്ടു വെക്കുന്ന സാംസ്കാരികമായ വിമർശനം അതിപ്രധാനമാണ്. ചില്ലറ സമരമെന്ന ചെറിയ മനുഷ്യരുടെ ചെറുത്തുനിൽപ്പുകളുടെ ഉശിരുള്ള നാടകം സാംസ്കാരിക ജീർണതയുടെ മധ്യവർഗ്ഗ കാപട്യത്തിന്റെ പിന്നരങ്ങിലാണ് അരങ്ങേറുന്നത്. അത് നാടകത്തിന്റെ പുതിയ കാലത്തുള്ള മറ്റൊരു ലക്ഷ്യമാവുകയാണ്. ഏതൊരു കലാരൂപവും ഉയിരെടുക്കുന്ന ആത്മസമർപ്പണത്തിന്റെ, കഠിനാധ്വാനത്തിന്റെ, സത്യസന്ധതയുടെ വെളിച്ചമാണ് ആ വേദിയിൽ അവശേഷിക്കുന്നത്. ഉപരിവർഗ്ഗ പൊങ്ങച്ച പ്രകടനങ്ങൾക്ക് കല എന്തിനു വേണ്ടിയുള്ളതാണെന്ന് എളുപ്പം വ്യക്തമാക്കപ്പെടുന്നു. ചില്ലറ സമരം പോലെയുള്ള ഒരു രാഷ്ട്രീയ നാടകത്തിന് ഒരിക്കലും അരങ്ങൊരുക്കാൻ സാധ്യതയില്ലാത്ത ഒരു കൂട്ടമാണ് റെസിഡൻസ് അസോസിയേഷൻ എന്ന അരാഷ്ട്രീയ ഇടം. ഈ അരാഷ്ട്രീയതയുടെ രാഷ്ട്രീയവും മനുഷ്യപക്ഷത്തിനു വേണ്ടിയുള്ള ചെറുത്തു നിൽപ്പിന്റെ രാഷ്ട്രീയവും ആണ് മുഖാമുഖം നിൽക്കുന്നത്. കവിത, സിനിമ, നാടകം ഇവയെല്ലാം നേരമ്പോക്കിനോ തന്നെപ്പൊക്കുന്നതിനോ വേണ്ടിയുള്ള ചില അഭ്യാസങ്ങൾ മാത്രമാണ് ഈ ഉപരിവർഗ്ഗത്തിന്. സ്വയവും അന്യോന്യവും പുകഴ്തുന്നതിന്റെയും കാലഹരണപ്പെട്ടതും അറുപിന്തിരിപ്പനുമായ ആശയങ്ങൾ ആധികാരികമായി വിളമ്പുന്നതിന്റെയും ആഘോഷമാണ് അവിടെ അരങ്ങേറുന്നത്. കല, സംസ്കാരം ഇവയെല്ലാം തീറ്റക്കും കുടിക്കും മുമ്പുള്ള "അപ്പറ്റൈസർ' മാത്രമാണ് അവറ്റകൾക്ക്. വലതുപക്ഷ നിലപാടുകളുടെയും സവർണ്ണതയുടെയും കൊടിയടയാളമാണ് സ്റ്റേജിൽ ആദ്യം ഉയർത്തിക്കെട്ടുന്നത്. ഉള്ളുപൊള്ളയായ ഒരു സമൂഹമാണ് അധിനിവേശത്തിന്റെ വളക്കൂറുള്ള മണ്ണ് എന്ന് സിനിമ വ്യക്തമായിത്തന്നെ പറയുന്നുണ്ട്.

വേദിയിൽ പരസ്പരം പുകഴ്ത്തിക്കൊണ്ടും സർവ്വതിന്റെയും ആധികാരികത അവകാശപ്പെട്ടുമുള്ള പ്രസംഗങ്ങളും തിരുവതാരക്കളിപോലുള്ള വരേണ്യ കുലാംഗനമാരുടെ കലാപരിപാടികളും നടന്നുകൊണ്ടിരിക്കെയാണ് അണിയറയിൽ നാടകക്കാർ ചമയമണിയുന്നത്. പിൻപാട്ടിനനുസരിച്ചുള്ള ഒരു പുതിയ കഥകളി നടനമാണ് നിസ്സംഗമായി അരങ്ങേറുന്നത്. ആ ചമയമണിയൽ സൂക്ഷ്മവും ശ്രദ്ധേയവുമാണ്. നാടകത്തിൽ ഉൾപ്പെടാത്ത സിനിമയുടെ ശക്തിയാണത്. നാടകം കുതിരപ്പുറത്തേറി നാട്ടിൽ പുതിയ വിളംബരം നടത്തുന്ന ദൃശ്യവും അത്യന്തം സിനിമാറ്റിക് ആണ്. സജാസ് റഹ്മാൻ, ഷിനോസ് റഹ്​മാൻ എന്നിവരുടെ ഈ മൂന്നാമത്തെ സിനിമ ആത്യന്തികമായി നമ്മുടെ സമൂഹത്തെ പൊതിഞ്ഞിരിക്കുന്ന സാംസ്കാരിക ജീർണ്ണതയുടെ, മലയാളിയുടെ മധ്യവർഗ പൊള്ളത്തരത്തിന്റെ മുഖത്തേൽപ്പിക്കുന്ന ആർജ്ജവമുള്ള ചവിട്ടാവുന്നു.

ചെറിയ മനുഷ്യരുടെ പാട്ടുകളുടെ, നാടകങ്ങളുടെ ഊർജ്ജം മാത്രമല്ല "ചവിട്ട് ' ഓർമ്മിപ്പിക്കുന്നത്. അത് ചെറിയ സിനിമകളുടെ ശക്തികൂടിയാണ്. ആ അർത്ഥത്തിൽ "ചവിട്ട് ' മലയാള സിനിമയുടെ അരാഷ്ട്രീയ ചരിത്രത്തിന്‌ നേർക്കുകൂടിയുള്ള ചവിട്ടാണ്."ഞങ്ങടെ പാട്ട് പോയാ ഞങ്ങള് പാട്യെടുക്കും ഞങ്ങടെ ചോട് പോയാ ഞങ്ങള് ചവിട്ട്യെടുക്കും ഇങ്ങടെ ജീവൻ പോയാ ഇങ്ങള് എന്താ ചെയ്യാ .....' എന്ന് ഉള്ളുറപ്പുള്ള നാടകക്കാരും സിനിമാക്കാരും കൂടിയാണ്, ചെറിയ മനുഷ്യരുടെ വരിചേർന്ന്, വർത്തമാനകാല സാംസ്കാരിക കെട്ടുകാഴ്ചകളോട് ഉറക്കെ ചോദിക്കുന്നത്. ▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം

Comments