ചിദംബരം & ടീമിന്റെ 'ബാലൻ ദി ബോയ്' എന്ന സിനിമയുടെ കാഴ്ചാ അനുഭവം എഴുതുമ്പോൾ, അതിനും ‘ബാലൻ ദി ബോയ്’ എന്നു തന്നെ ടൈറ്റിൽ കൊടുക്കാം. കാരണം, ഈ സിനിമയിൽനിന്ന് എന്തെങ്കിലും ഒന്നിനെ പിരിച്ചുമാറ്റി ശേഷിക്കുന്നതിന് മാർക്കിടൽ സാധ്യമല്ല. സിനിമയുടെ മേൽവിലാസം, അത് ഈ സിനിമ മൊത്തത്തിൽ തന്നെയാണ്.
കഥാപാത്രങ്ങളുടെ കാമ്പിൽ തൊട്ടുള്ള ഗണപതിയുടെ കാസ്റ്റിംഗ്, ഷൈജു ഖാലിദിന്റെ കവിത പോലുള്ള ഫ്രയിമുകൾ, സ്‌ക്രീനിൽ വന്നവരുടെയും പോയവരുടെയും ഗംഭീര പ്രകടനം, സുഷിന്റെ കഥയ്ക്കൊത്ത പശ്ചാത്തലസംഗീതം, ജിത്തു മാധവന്റെ കഥ, ഒപ്പം മർമ്മം അറിഞ്ഞുള്ള ചിദംബരത്തിന്റെ മേക്കിങ്. ബാലൻ ഒരു സമ്പൂർണ സിനിമാ അനുഭവമാണ്.

പടം തുടങ്ങി ആദ്യ മിനിറ്റ് മുതൽ, അവസാന മിനിറ്റ് വരെ സ്വയം നിശ്ശബ്ദരാകാൻ കാണികളെ പ്രേരിപ്പിക്കുന്ന അപൂർവ മാജിക്ക്.
മലയാളത്തിൽ പുറത്തിറങ്ങിയ ആദ്യ ശബ്ദചലച്ചിത്രമാണ് ബാലൻ. 1938- ൽ മുതുകുളം രാഘവൻപിള്ളയുടെ തിരക്കഥയിൽ, എസ്. നൊട്ടാണി സംവിധാനം ചെയ്ത്, മോഡേൺ പിക്ചേഴ്സ് നിർമ്മിച്ച സിനിമ. 'മലയാളത്തിലെ ആദ്യ ടോക്കി' എന്ന ലെഗസി പേറുന്ന ആ പേരു തന്നെ, തന്റെ പുതിയ സിനിമയുടെ മേൽവിലാസമായി എന്തുകൊണ്ട് ചിദംബരം പരിഗണിച്ചു എന്നു തോന്നിയിരുന്നു സിനിമ കാണുന്നതുവരെ. സിനിമ കണ്ടിറങ്ങിയപ്പോൾ പക്ഷെ ആദ്യം ഓർമവന്നത് സ്‌കൂൾ കാലഘട്ടത്തിലെ വ്യാകരണ ക്‌ളാസുകളാണ്.
ശൈശവം പിന്നിട്ട, എന്നാൽ കൗമാരത്തിലേക്ക് ഇനിയും കയറിയിട്ടില്ലാത്ത ആൺകുട്ടികളെയാണല്ലോ ‘ബാലൻ’ എന്ന വിശേഷണത്തിനുചുറ്റും കെട്ടിയിടുക. ആ പ്രായക്കാരുടെ പേര് എന്തുമാകട്ടെ, മതം ഏതുമാകട്ടെ, അവരെയെല്ലാവരെയും ‘ബാലൻ’ എന്ന പൊതുസംബോധനയിൽ പ്രതിനിധാനം ചെയ്യാം.
ഇനി ആലോചിച്ചു നോക്കൂ, ഈ സിനിമയ്ക്ക് ഇതിലും മികച്ച മറ്റൊരു പേരിടാനുണ്ടോ?
കഥ നടക്കുന്ന കാലം ഏതെന്നു കൃത്യമായി പറഞ്ഞിട്ടില്ല. എന്നാൽ അവർക്കുമുന്നിൽ വച്ച് നീട്ടപ്പെടുന്ന കറൻസികൾ, ആധാറിലെ ജനന തീയതി എന്നിവയിൽ നിന്ന് രണ്ടായിരത്തിന്റെ ആദ്യ ദശാബ്ദപരിസരങ്ങളാണ് അക്കാലമെന്നു അനുമാനിക്കാം.
താൻ ജന്മം കൊടുത്ത മകൻ ‘അസുരൻ’ ആകണോ അതോ അടിമയാകണോ എന്ന ചോദ്യം കൺമുന്നിൽ ഉയർന്നപ്പോഴൊക്കെ ഒരമ്മ നടത്തുന്ന തിരഞ്ഞെടുപ്പുകളാണ് ഈ സിനിമ. അവനെ വലതുകൈയിൽ കൊരുത്ത് അവൾ പിന്നിടുന്ന ഭൂമികകളും, ചവിട്ടിപ്പിന്തള്ളുന്ന മനുഷ്യജന്മങ്ങളും എല്ലാം ആ തെരഞ്ഞെടുപ്പ് ശരിവയ്ക്കാൻ നടത്തുന്ന പോരാട്ടങ്ങളാണ്.

‘രക്ഷകൻ’ എന്ന വാക്കിനിപ്പുറം എന്നും ഒരു പുരുഷരൂപം സങ്കല്പിച്ചുകൊണ്ടുളള കഥപറച്ചിൽ സജീവമായ ഇൻഡസ്ട്രിയാണ് സിനിമ. സ്വന്തം കുടുംബത്തെ എന്തുവിലകൊടുത്തും രക്ഷിക്കുന്ന, കുഞ്ഞുങ്ങളെ തന്നോട് ചേർത്തുപിടിക്കുന്ന അച്ഛന്റെ കഥയ്ക്ക് മൂന്നു പതിപ്പ് പിന്നിട്ടിട്ടും മാർക്കറ്റ് വാല്യൂ അവശേഷിപ്പിക്കുന്ന ഈ കാലത്ത്, അതേ ഇൻഡസ്ട്രിയിൽ നിന്നുതന്നെ രക്ഷകരൂപത്തിൽ ഒരു സ്ത്രീ വരുന്നത് കാണാൻ കൗതുകമുണ്ട്.
പക്ഷേ പുരുഷന് മേൽക്കൈ അവകാശപ്പെടാൻ കഴിയുന്ന കായിക കരുത്തിലേക്ക് തന്നെ സമപ്പെടുത്താൻ പരിശീലനം തേടുന്നവളല്ല ‘ബാലന്റെ’ അമ്മ. മറിച്ച് പേശീബലത്തേക്കാൾ തലച്ചോറിന്റെ സാധ്യതകളെ, കഥപറയാൻ ആദിപുരാതനകാലം മുതൽ നമ്മുടെ സ്പീഷിസിനുള്ള കഴിവുകളെയാണ് അവൾ കൂട്ടുപിടിക്കുന്നത്.
ബന്ധങ്ങൾ ബന്ധനങ്ങളാകുമെന്ന തിരിച്ചറിവിൽ അവർ ഇരുവരും നടത്തുള്ള പലായനങ്ങൾ.
‘ഞാൻ വരും’ എന്ന അവളുടെ ഉറപ്പ്.
സിനിമയിലെ രണ്ടു കഥപറച്ചിലുകൾ കൊണ്ടു തന്നെ, ആ അമ്മയും മകനും എന്താണ് ഇങ്ങനെ എന്ന ചോദ്യത്തിനുത്തരമാകുന്നുണ്ട്. കനപ്പെട്ട ചങ്ങലയിൽ കുരുങ്ങിക്കിടന്ന, ബന്ധം ബന്ധനമായി മാറിയ ഒരു ഇരുണ്ട ഭൂതകാലമുള്ളതുകൊണ്ടാവാം, തന്റെ മുന്നിലേയ്ക്ക് വച്ചു നീട്ടപ്പെടുന്ന ഏതുതരം ബന്ധുത്വത്തേയും സംശയത്തോടെ ബാലന്റെ അമ്മ നോക്കിക്കാണുന്നത്. സ്നേഹത്തോടെ വച്ചുനീട്ടപ്പെടുന്ന ബന്ധുത്വം പോലും നിരാകരിക്കുന്ന അവർ, ആകെ ആ നയം മാറ്റുന്നത് ഒരിക്കൽ മാത്രമാണ്. അതും, ആ വാഗ്ദാനം നൽകിയ വ്യക്തിയുടെ അസാന്നിധ്യത്തിൽ മാത്രം.
Read: ജോർജ്ജുകുട്ടി എന്ന കുടുംബരക്ഷകൻ ഒളിച്ചുകടത്തുന്ന
അധികാര ‘ദൃശ്യ’ങ്ങൾ
‘നമുക്ക് നമ്മളേയുള്ളൂ' എന്നതാണ് അവർ ഇരുവരുടെയും ഉറച്ച പ്രമാണം. ന്യായ- അന്യായങ്ങളുടെ കണക്കെടുപ്പൊക്കെ അതിനു പുറത്ത് വച്ചു മാത്രമേ അവർ നടത്തുകയുള്ളൂ. ആ കണക്കെടുപ്പിൽ പലപ്പോഴും തന്റെ മകന്റെ അവകാശങ്ങൾ, സ്വന്തമായി അവന് ലഭിക്കേണ്ട നല്ലൊരു ബാല്യം, താൻ ആരെന്നറിഞ്ഞു ജീവിക്കാനുള്ള അവകാശം എന്നിവയൊക്കെ അവന്റെ അമ്മ കൂട്ടിക്കിഴിക്കുന്നുണ്ടോ എന്നത് മറ്റൊരു ചോദ്യം. താൻ വരച്ച കളങ്ങൾക്കുള്ളിൽ ബാലന്റെ ജീവിതം പരിമിതപ്പെടുത്തുന്നത് ആ അമ്മ തന്നെയല്ലേ? അതും അറിഞ്ഞുകൊണ്ടുതന്നെ? അപ്പോൾപ്പിന്നെ പങ്കാളിയെപ്പോലെതന്നെ മറ്റൊരു നാർസിസ്റ്റിക് പേരന്റ് തന്നെയായിരുന്നു അവരും എന്നല്ലേ നാം അനുമാനിക്കേണ്ടത്?

വ്യക്തിപരമായി സിനിമ തന്ന മറ്റു രണ്ടു സന്തോഷങ്ങൾ, കുറേക്കാലം കൂടി ശക്തമായ ഒരു 'വൃദ്ധകഥാപാത്ര'ത്തെയും, ഒപ്പം തന്റെ താരപ്രഭാവത്തെ ആകെപ്പാടെ കുടഞ്ഞെറിഞ്ഞ ടോവിനോയെയും കാണാൻകഴിഞ്ഞു എന്നതാണ്. സ്ലോപേസിൽ പോകുന്ന സിനിമയിലെ ചടുലതയാർന്ന ഒരു വൗ മൊമെന്റ് സമ്മാനിക്കുന്നത് ഡോളി ജൂൺ എന്ന സീനിയർ സിറ്റിസൺ ആണ്. അമ്മയും അമ്മൂമ്മയും ഇല്ലാതാകുന്ന മലയാളം സിനിമകളിൽ ആ പ്രായക്കാർ വീണ്ടും അടയാളപ്പെടുന്നു, സന്തോഷം.
ടോവിനോയുടെ അബ്ബാസ് അയാളുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ്. നഗരങ്ങളുടെ അരികുപറ്റി വളരുന്ന, അഴുക്കും ചൂരും വമിക്കുന്ന പ്രദേശങ്ങളിൽ മോഷണവും, അല്ലറ ചില്ലറ തല്ലുംപിടിയുമായി നിന്നു പിഴയ്ക്കുന്ന, കിട്ടുന്ന കാശ് അപ്പോൾ തന്നെ ആഘോഷിച്ചു തീർക്കുന്ന അബ്ബാസ്. ടോവിനോയിൽനിന്ന് ഇനിയും ഇതുപോലുള്ള 'കാടുകയറലുകൾ' പ്രതീക്ഷിക്കട്ടെ.
'അമ്മ സമം ഉറപ്പ് ' എന്ന ഒരു ചെറുവാചകത്തിൽ ഉറ കൂട്ടാം ഈ സിനിമയെ മൊത്തത്തിൽ. അമ്മയുടെ വാക്കിന് മറ്റെന്തിനെക്കാളും വില നൽകുന്ന ബാലനും ആ വാക്കിനായി ഏതറ്റം വരേയും പോകുന്ന ഒരു അമ്മയും: ‘ബാലൻ- ദി ബോയ്’.
