പ്രയാഗ് മുകുന്ദൻ

ഭംഗിയായി
രൂപകൽപ്പന ചെയ്ത തെറ്റുകൾ;
ക്യാമറ: പ്രയാഗ് മുകുന്ദൻ

സിനിമാറ്റോഗ്രഫിയിലൂടെ നൂതന പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ച, ‘സംഘർഷഘടന’, ‘മസ്‌തിഷ്‌ക മരണം’ എന്നീ സിനിമകളിലെ സിനിമാറ്റോഗ്രഫിയിലൂടെ ശ്രദ്ധ നേടിയ പ്രയാഗ് മുകുന്ദനുമായി ഡോ. ശ്യാം സോർബ നടത്തിയ അഭിമുഖം.

ഡോ. ശ്യാം സോർബ: “Art of WarFare” / സംഘർഷഘടന എന്ന ചിത്രത്തിലെ നിങ്ങളുടെ സിനിമാറ്റോഗ്രഫി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ അനുഭവത്തിനുശേഷം, സ്വഭാവത്തിലും ദൃശ്യഭാഷയിലും വ്യത്യസ്തമായ ‘മസ്തിഷ്‌കമരണം’ പോലുള്ള ഒരു പ്രോജക്ടിലേക്ക് കടക്കുമ്പോൾ, നിങ്ങളുടെ സിനിമാറ്റോഗ്രഫിക് സമീപനത്തിലുണ്ടായ മാറ്റങ്ങൾ എന്തൊക്കെയായിരുന്നു? ഈ രണ്ട് സിനിമകളെയും ബന്ധിപ്പിക്കുന്ന തരത്തിൽ, സർഗാത്മകമായ തുടർച്ച എങ്ങനെ നിലനിർത്തി എന്നതും വിശദീകരിക്കാമോ?

പ്രയാഗ് മുകുന്ദൻ: സിനിമാറ്റോഗ്രാഫർ എന്ന നിലയിൽ, എന്റെ ആർട്ട് ഏറ്റവും കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യാൻ സാധിച്ച പ്രോജക്ടാണ് Art of WarFare. ഞാൻ പഠിച്ചതും കണ്ടതും, അതുപോലെ തന്നെ ചിന്തിച്ചിട്ടുമുള്ള സിനിമാറ്റോഗ്രഫിയുടെ കോമ്പോസിഷൻ, ലൈറ്റിംഗ് തുടങ്ങിയ ഘടകങ്ങളുടെ സാധ്യതകൾ കൂടുതൽ ആഴത്തിൽ പരീക്ഷിക്കാൻ ശ്രമിച്ചൊരു പ്രവർത്തനമായിരുന്നു അത്. പ്രത്യേകിച്ച് സിനിമാറ്റോഗ്രഫിയുടെയും ഫോട്ടോഗ്രാഫിയുടെയും -കലാപരമായ വശം ‘സംഘർഷഘടന’യിൽ കൂടുതൽ ശ്രദ്ധാപൂർവ്വം എക്‌സ്‌പ്ലോർ ചെയ്തിട്ടുണ്ട്.

മസ്തിഷ്‌കമരണം വലിയൊരു ക്യാൻവാസിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, തിയേറ്റർ റിലീസ് സിനിമയായതിനാൽ, എല്ലാവർക്കും എളുപ്പം വിനിമയം ചെയ്യാവുന്ന വിഷ്വൽ നറേറ്റീവും സ്റ്റൈലും ആവശ്യമാണ്. അതുകൊണ്ടുതന്നെ, ആർട്ടിസ്റ്റിക് എലമെന്റുകൾ നിലനിർത്തി എളുപ്പത്തിൽ വിനിമയം സാധ്യമാക്കാനുള്ള സമീപനമാണ് സ്വീകരിച്ചത്.

‘സംഘർഷഘടന’യിൽ ഡീപ് ഡാർക്ക്നസ് ഉൾപ്പെടുന്ന ദൃശ്യഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനെ യാഥാസ്ഥിതിക ദൃശ്യഭംഗിയിലേക്ക് മാറ്റാൻ ശ്രമിച്ചിട്ടില്ല. സർക്കിൾസ്, കർവുകൾ, യിൻ- യാങ് പോലെ, ചൈനീസ് എസ്തെറ്റിക്‌സിൽ നിന്നുള്ള സ്വാധീനം അതിന്റെ ദൃശ്യഭംഗിയിൽ വ്യക്തമായി കാണാം.

അതേസമയം, മസ്തിഷ്‌കമരണം വ്യത്യസ്തമായ ദൃശ്യലോകം സൃഷ്ടിക്കുന്നു. ഗ്ലിച്ചുകൾ, ഗ്ലെയറുകൾ, എററുകൾ തുടങ്ങിയ ഘടകങ്ങൾ അതിന്റെ ഭംഗിയുടെ ഭാഗമാണ്, കാരണം അത് കൂടുതൽ ഫ്യൂച്ചറിസ്റ്റിക് സ്വഭാവമുള്ളതാണ്. സ്വാഭാവികമായും, ഈ രണ്ട് സിനിമകളുടെയും പ്രേക്ഷകർ വ്യത്യസ്തരായതിനാൽ, അതനുസരിച്ചുള്ള ദൃശ്യ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

ദൃശ്യപരമായ ഒരു താരതമ്യം പറഞ്ഞാൽ, ‘സംഘർഷഘടന’ സർക്കിൾസും കർവുകളും ആധാരമാക്കിയ ദൃശ്യഭാഷയാണെങ്കിൽ, ‘മസ്തിഷ്‌കമരണം’ നേർരേഖകളും ഷാർപ്പ് എഡ്ജുകളും ഉപയോഗിക്കുന്ന ദൃശ്യസംവിധാനമാണ്.

എല്ലാ സിനിമകളിലും ഞാൻ കൃത്യമായ മുന്നൊരുക്കം നടത്താറുണ്ട്. ലൊക്കേഷൻ നോക്കി തുടങ്ങുന്ന ഘട്ടം മുതൽ തന്നെ ചിത്രങ്ങളും പെയിന്റിംഗുകളും റഫറൻസായി ഉപയോഗിച്ച് ഒരു പ്രെപ് ബുക്ക് തയ്യാറാക്കാറുണ്ട്. ഓരോ സിനിമയ്ക്കും ഈ തയ്യാറെടുപ്പ് വ്യത്യസ്തമായിരുന്നാലും, ഈ ഹോംവർക്കുകൾ ഞാൻ സ്ഥിരമായി നിർവഹിക്കുന്ന ഒരു പ്രക്രിയയാണ്.

‘മസ്തിഷ്ക്കമരണം’ എന്ന ചിത്രത്തിന്റെ ദൃശ്യഭാഷ രൂപപ്പെടുത്തുമ്പോൾ, കഥയുടെ മനഃശ്ശാസ്ത്രപരമായ ആഴം ക്യാമറയിലൂടെ എങ്ങനെ പരിവർത്തിപ്പിച്ചു?

മസ്തിഷ്‌കമരണം എന്ന സിനിമയുടെ ബേസിക് ഫിലോസഫി തന്നെ, അമിതമായി പെരുപ്പിച്ചു കാണിക്കുന്ന ടെക്നോളജിക്കൽ ലോകവും, അതിനകത്ത് താളം തെറ്റിയ മനുഷ്യരുടെ ചുറ്റുപാടുമാണ്. അതിനാൽ ദൃശ്യപരമായ സമീപനത്തിലും അത്തരം ഘടകങ്ങൾ പ്രതിഫലിപ്പിക്കാൻ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.

ഉദാഹരണത്തിന്, ബിമലിന്റെ ഫ്ലാഷ്ബാക്ക് രംഗങ്ങൾ- അവ മങ്ങിയ ഓർമ്മയായി അവതരിപ്പിക്കപ്പെടുന്നവയാണ്. അതിനാൽ, ആ ഫീൽ കൃത്യമായി എത്തിക്കാൻ വിന്റേജ് ഫോട്ടോഗ്രഫി ലെൻസുകൾ ഉപയോഗിച്ചു. സിനിമയിലെ കളർ പാറ്റേൺ ശ്രദ്ധിച്ചാൽ മനസ്സിലാകും, വളരെ ഡി- സാച്ചുറേറ്റഡ് ആയതും ഗ്ലെയറുകൾ ഉൾപ്പെടുന്നതുമായ ടോൺ ആണ് നിലനിർത്തിയിരിക്കുന്നത്.

പലപ്പോഴും സ്റ്റൈലൈസ്ഡ് ആക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, അതിനൊപ്പം സജീവത നിലനിർത്താൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അത് പ്രേക്ഷകരുടെ ആസ്വാദനത്തെ കൂടുതൽ സമ്പന്നമാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. വ്യക്തിപരമായി, ഈ സിനിമ ചെയ്യുന്നതിലെ ഏറ്റവും വലിയ ആവേശവും ഇതുതന്നെയായിരുന്നു.

കാരണം, ‘എറർസ്’ ആവശ്യമായ ഒരു സിനിമയാണിത്. അത്തരം തെറ്റുകൾ ദൃശ്യപരമായി എങ്ങനെ സൃഷ്ടിക്കാം എന്നത് വലിയൊരു ചലഞ്ച് ആയിരുന്നു. പ്രേക്ഷകർക്ക് അത് ഒരു തെറ്റായി തോന്നരുത്, എന്നാൽ ടെക്സ്റ്റ് ആവശ്യപ്പെടുന്ന ആ ‘എറർ’ ഫീൽ കൃത്യമായി എത്തണം- അതായിരുന്നു ലക്ഷ്യം.

ഒരു രീതിയിൽ പറയുകയാണെങ്കിൽ, ഈ സിനിമയിൽ ഞാൻ സൃഷ്ടിച്ചിരിക്കുന്നത് “ഭംഗിയായി രൂപകൽപ്പന ചെയ്ത തെറ്റുകൾ” ആണ്. ഒരു ഫ്യൂച്ചറിസ്റ്റിക്, തകർന്നുപോയ ലോകത്തിന്റെ പ്രതിനിധാനമായ ഈ ദൃശ്യഭാഷയെ “Beautifully Crafted Errors” എന്നൊരു ആശയമായി ഞാൻ കാണുന്നു. അതാണ് ഈ സിനിമയോട് ബന്ധപ്പെട്ട എന്റെ പ്രധാന കോൺസെപ്റ്റും ഫിലോസഫിയും.

ഈ ചിത്രത്തിൽ കാമറയും എക്വിപ്മെന്റ് ചോയ്സും നിർണായകമായിരുന്നു. ആ തെരഞ്ഞെടുപ്പുകൾ final image texture-നും mood-നും നൽകിയ സ്വാധീനം വിശദീകരിക്കാമോ?

പ്രാരംഭ ചർച്ച നടക്കുമ്പോൾ തന്നെ ദൃശ്യഭാഷ എങ്ങനെയായിരിക്കണം എന്നൊരു വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഞാൻ ഉദ്ദേശിക്കുന്ന ടെക്സ്ചറും ദൃശ്യഫീലും ലഭിക്കാൻ ഏത് ക്യാമറയും ലെൻസുകളും അനുയോജ്യമാകുമെന്ന് കണ്ടെത്താൻ ആദ്യഘട്ടത്തിൽ വിവിധ കോമ്പിനേഷനുകൾ ടെസ്റ്റ് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ കൃത്യമായ എക്വിപ്മെന്റ് സെറ്റിലേക്ക് എത്തിയത്.

ഉദാഹരണത്തിന്, വിന്റേജ് ലെൻസുകൾ ഈ സിനിമയിൽ പ്രധാന പങ്കുവഹിച്ചു- നാലഞ്ച് വിന്റേജ് ലെൻസുകൾ സ്ഥിരമായി ഉപയോഗിച്ചിട്ടുണ്ട്. അതിനൊപ്പം, Atlas Orion അനാമോർഫിക് ലെൻസും പ്രധാനമായി ഉപയോഗിച്ചു. ചില പ്രത്യേക ഷോട്ടുകൾക്കായി പ്രോബ് ലെൻസുകൾ, മാക്രോ ലെൻസുകൾ തുടങ്ങിയ സ്പെഷ്യലൈസ്ഡ് ലെൻസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ദൃശ്യ ആവശ്യകത അനുസരിച്ച് വിവിധ എക്വിപ്മെന്റുകൾ തിരഞ്ഞെടുക്കുകയും ഉപയോഗിക്കുകയും ചെയ്തു.

പ്രധാന ഷൂട്ടിംഗിന് മുൻപുതന്നെ ട്രയൽ ഷൂട്ടുകൾക്ക് ശേഷം ഫൂട്ടേജുകൾ DIയിൽ ഗ്രേഡ് ചെയ്ത് ഫൈനൽ ഔട്ട്പുട്ട് പരിശോധിച്ചു. ഞങ്ങൾ ഈ സിനിമ ഷൂട്ട് ചെയ്തത് RED Komodo ക്യാമറയിലാണ്, അതിന്റെ Super 35 സെൻസർ സൈസ് പരിഗണിക്കുമ്പോൾ, ഈ തരത്തിലുള്ള ലെൻസ് കോമ്പിനേഷനുകൾ സാധാരണയായി ഉപയോഗിക്കുന്നതല്ല. കാരണം, അതിൽ ചില റിസ്‌ക് എലമെന്റുകളുണ്ടാകും. അതേ ബജറ്റിൽ കൂടുതൽ റെസലൂഷൻ നൽകുന്ന ക്യാമറകൾ ലഭ്യമായിരുന്നെങ്കിലും, ഞാൻ മുൻപ് പറഞ്ഞ ‘ഭംഗിയുള്ള എറർ’ എന്ന ദൃശ്യഗുണം അവയിൽനിന്ന് ലഭിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ ചലഞ്ചിംഗ് കോമ്പിനേഷൻ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.

ലൈറ്റിംഗിലും അതുപോലെ പരീക്ഷണം നടത്തിയിട്ടുണ്ട്. ചില ലൈറ്റുകൾക്കായി ആവശ്യമായ ബോഡികൾ വരെ സ്വയം നിർമ്മിച്ചു. നമുക്കുവേണ്ട ലൈനുകളും റിഫ്ലക്ഷനുകളും കൃത്യമായി നേടുന്നതിനായി ചില ലൈറ്റുകൾ കസ്റ്റമൈസ് ചെയ്തിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ, പ്രത്യേക ഷോട്ടുകൾക്കായി ആവശ്യമായ ലൈറ്റ് ബോഡികൾ വരെ നിർമിച്ച് ഉപയോഗിച്ച അനുഭവവുമുണ്ട്.

Forced perspective setups, back projection techniques എന്നിവ contemporary narrative-ലേക്ക് ഉൾപ്പെടുത്തിയത് ശ്രദ്ധേയമാണ്. ഈ ഹൈബ്രിഡ് അ​പ്രോച്ച് തിരഞ്ഞെടുക്കാൻ കാരണമായത് എന്ത്?

ഫോഴ്സ് പെർസ്പെക്റ്റീവ്, ബാക്ക് പ്രൊജക്ഷൻ പോലുള്ള ടെക്നിക്കുകൾ ചാർളി ചാപ്ലിൻ, ബസ്റ്റർ കീറ്റൺ എന്നിവരുടെ കാലം മുതൽ സിനിമാട്ടോഗ്രഫിയിൽ ഉപയോഗിച്ചുവരുന്ന ക്ലാസിക് രീതികളാണ്. ഈ സിനിമയിൽ അവ എത്തുന്നത് സംവിധായകൻ കൃഷാന്തിന്റെ ചില ആശയങ്ങളോടൊപ്പം ചേർന്നാണ്.

ഉദാഹരണത്തിന്, രജീഷ വിജയൻ അവതരിപ്പിക്കുന്ന കഥാപാത്രം നന്ദു അവതരിപ്പിക്കുന്ന കഥാപാത്രത്തെ അടിച്ച് കുഴിയിലോട്ടിടുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിൽ, ഭൂമിയുടെ അടിയിൽനിന്ന് കാമറ കാണുന്നതുപോലെ, രണ്ട് സ്പേസുകൾ പോലെ തോന്നുന്ന ഒരു ഷോട്ട് ഉണ്ടാക്കിയാൽ നന്നാകുമെന്ന് കൃഷാന്ത് നിർദേശിച്ചിരുന്നു. അതിനെ പ്രായോഗികമായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ആലോചിച്ചപ്പോഴാണ് വിവിധ സാധ്യതകൾ പരിശോധിക്കാൻ തുടങ്ങിയത്.

സാധാരണയായി ഇത്തരം ഒരു ഷോട്ട് ചെയ്യാൻ കുഴി വലുതാക്കി അതിൽ കാമറ വെച്ച്, ശേഷിക്കുന്ന ഭാഗങ്ങൾ VFX ഉപയോഗിച്ച് പൂർത്തിയാക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. എന്നാൽ അതിന് അനുബന്ധമായി VFX ബജറ്റും മറ്റ് സാങ്കേതിക ആവശ്യങ്ങളും കൂടി പരിഗണിക്കേണ്ടിവരും. അത്തരമൊരു സാഹചര്യത്തിലാണ് ഫോഴ്സ് പെർസ്പെക്റ്റീവ് പോലുള്ള ഒരു പ്രായോഗിക ടെക്നിക്ക് പരീക്ഷിക്കാമെന്ന ആശയം ഉണ്ടായത്.

ഫോഴ്സ് പെർസ്പെക്റ്റീവ് ഒരു കൃത്യമായ കാൽക്കുലേഷനും പ്ലാനിംഗും ആവശ്യമായ ടെക്നിക്കാണ്. മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് VFX ന്റെ വരവോടെ കുറയുകയായിരുന്നു. എന്നാൽ നമ്മുടെ സിനിമയുടെ ബജറ്റും ആവശ്യങ്ങളും പരിഗണിച്ചപ്പോൾ, ഫോഴ്സ് പെർസ്പെക്റ്റീവ്, ബാക്ക് പ്രൊജക്ഷൻ പോലുള്ള പഴയ സാങ്കേതിക വിദ്യകൾ വീണ്ടും ഉപയോഗിക്കാൻ സാധിച്ചു.

ഇത്തരം ഷൂട്ടുകൾക്ക് വലിയ ബുദ്ധിമുട്ടുകളും ചലഞ്ചുകളും ഉണ്ടെങ്കിലും, അത് നൽകുന്ന റിസൾട്ട് വളരെ ശക്തമാണ്. ഒരു സിനിമാറ്റോഗ്രാഫർ എന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നത്, ഒരു ഷോട്ട് എങ്ങനെ എടുത്തു എന്നതല്ല പ്രാധാന്യം, മറിച്ച് അതിന്റെ ഫൈനൽ ഔട്ട്പുട്ട് എത്രമാത്രം മികച്ചതാണ് എന്നതിലാണ് .

നമ്മുടെ യാത്രയിൽ പഠിച്ചിട്ടുള്ള അറിവുകളും അനുഭവങ്ങളും ഇത്തരം അവസരങ്ങളിൽ ഉപയോഗിക്കുമ്പോഴാണ് അതിന് യഥാർത്ഥ അർത്ഥം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ, ഞാൻ പഠിച്ചതും കണ്ടതും കേട്ടതുമായ വിവിധ ടെക്നിക്കുകൾ എന്റെ സിനിമകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു.

ഇത്തരം പരീക്ഷണങ്ങൾ റിസ്‌ക് ഉള്ളവയാണ് എന്ന് എപ്പോഴും എന്റെ ടീമിനോട് വ്യക്തമാക്കാറുണ്ട്. കൃഷാന്തിന്റെ ടീമിനൊപ്പം പ്രവർത്തിക്കുമ്പോൾ വലിയൊരു ഗുണം, സംവിധായകൻ ടീമിനെ നൂറു ശതമാനം വിശ്വസിക്കുന്നതാണ്. അതിനാൽ, സിനിമ ആവശ്യപ്പെടുന്ന ദൃശ്യഭാഷ രൂപപ്പെടുത്താൻ പഴയതും പുതുതുമായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നു. അതാണ് ഒരു സിനിമാറ്റോഗ്രാഫർ എന്ന നിലയിൽ ഞാൻ സ്വീകരിക്കുന്ന സമീപനം.

Virtual production workflows, projection mapping എന്നിവ ഉപയോഗിച്ച അനുഭവം എന്തായിരുന്നു? ഈ സാ​ങ്കേതികവിദ്യ മലയാളം സിനിമയിൽ സ്റ്റോറിടെല്ലിങിനെ എങ്ങനെ പുനർനിർവചിക്കുമെന്നാണ് കരുതുന്നത്?

സിനിമാറ്റോഗ്രഫി പഠിക്കുന്നതിന് മുമ്പ്, ഞാൻ അനിമേഷൻ ഫിലിം മേക്കിംഗും VFX ഫിലിം മേക്കിംഗും പഠിച്ചിട്ടുണ്ടായിരുന്നു. കുറച്ചുകാലം മുംബൈയിൽ ബിജു ഡി. യുടെ കൂടെ VFX- ൽ അസിസ്റ്റ് ചെയ്ത അനുഭവവുമുണ്ട്. ആ സമയത്ത് പ്രൊജക്ഷൻ മാപ്പിംഗ് പോലുള്ള പ്രവർത്തനങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. കൂടാതെ, വെർച്ച്വൽ പ്രൊഡക്ഷൻ ടെക്നിക്കുകൾ ആഡ് ഫിലിം ഷൂട്ടിങ്ങുകളിൽ ഉപയോഗിച്ച അനുഭവവും ലഭിച്ചിട്ടുണ്ട്.

ഇത്തരം സാങ്കേതികവിദ്യകളുടെ കോർ ഐഡിയകളാണ് മസ്തിഷ്‌കമരണം എന്ന സിനിമയിൽ സ്വീകരിച്ചത്. കാരണം, ഒരു വെർച്ച്വൽ പ്രൊഡക്ഷൻ പൂർണ്ണമായ രീതിയിൽ നടപ്പിലാക്കുന്നത് ചെലവേറിയതാണ്. LED വാൾ, അതിന്റെ കുറഞ്ഞ പിക്സൽ പിച്ച്, കൃത്യമായ അളവുകൾ എന്നിവ ഉൾപ്പെടുന്ന വലിയ സാങ്കേതിക സംവിധാനങ്ങൾ അതിനാവശ്യമാണ്. എന്നാൽ, അതിന്റെ അടിസ്ഥാനതത്വങ്ങൾ നന്നായി മനസ്സിലാക്കിയാൽ, അതിനെ ഒരു പരിധിവരെ ‘ചീറ്റ്’ ചെയ്യാനും സാധിക്കും.

അതുകൊണ്ടുതന്നെ, ലോക്കലായി ലഭ്യമായ സംവിധാനങ്ങൾ ഉപയോഗിച്ച് വെർച്ച്വൽ പ്രൊഡക്ഷന്റെ സാധ്യതകൾ പരീക്ഷിച്ചു. ഉദാഹരണത്തിന്, നിരഞ്ജൻ അവതരിപ്പിക്കുന്ന കഥാപാത്രം ട്രെയിനിൽ പോകുന്ന രംഗം- അതിന്റെ എക്സ്റ്റീരിയർ ഷോട്ടുകൾ ഹോങ്കോംഗിൽ ചിത്രീകരിച്ചിരുന്നെങ്കിലും, ഇന്റീരിയർ ഷൂട്ടിംഗ് കൊച്ചിയിലെ ഫ്ലോറിൽ LED വാൾ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. അതിനാവശ്യമായ ഡ്രോൺ ഷോട്ടുകൾ പോലും കൊച്ചിയിൽ തന്നെ ഷൂട്ട് ചെയ്തു. ഈ എല്ലാ ഘടകങ്ങളുടെയും കൃത്യമായ കണക്കുകൂട്ടലിലാണ് ഫൈനൽ ഔട്ട്പുട്ടിന്റെ വിജയം. ചെറിയ തെറ്റുകൾ പോലും പ്രേക്ഷകർക്ക് മനസ്സിലാകാൻ സാധ്യതയുള്ളതിനാൽ, അതിൽ അതീവ ശ്രദ്ധ പുലർത്തേണ്ടിവന്നു.

പൂർണ്ണമായും ഹൈ- എൻഡ് എക്വിപ്മെന്റുകൾ ഇല്ലാത്ത സാഹചര്യത്തിലും, കോർ ഐഡിയകൾ മനസ്സിലാക്കി, അതിനെ നമ്മുടെ ബഡ്ജറ്റിനുള്ളിൽ എഫക്റ്റീവായി ഉപയോഗിക്കാനായിരുന്നു ശ്രമം. ഒരു രീതിയിൽ പറയുകയാണെങ്കിൽ, ഇത് നമ്മുടെ സ്വന്തം രീതിയിലുള്ള ‘വെർച്ച്വൽ പ്രൊഡക്ഷൻ’ ആണ്.

പ്രൊജക്ഷൻ മാപ്പിംഗിന്റെ സാധ്യതകളും ഉപയോഗിച്ചു. ഉദാഹരണത്തിന്, തീപിടിത്ത രംഗങ്ങളിൽ ഗ്രൗണ്ടിൽ റിയൽ ഫയർ ഉപയോഗിച്ചതിനൊപ്പം, ചില സെലക്ടീവ് ഏരിയകളിൽ ഫയർ പ്രൊജക്റ്റ് ചെയ്തു. അതിന് ആവശ്യമായിടത്ത് ചെറിയ തോതിൽ VFX ഉപയോഗിച്ച് ഫൈനൽ ടച്ച് നൽകി.

ഒറ്റ സാങ്കേതികവിദ്യയെ പൂർണ്ണമായി ആശ്രയിച്ചാൽ ചെലവ് വളരെ കൂടും. അതിനാൽ, വിവിധ സാങ്കേതികവിദ്യകളെ സമന്വയിപ്പിച്ച്, നമ്മുടെ ബഡ്ജറ്റിനുള്ളിൽ തന്നെ മികച്ച റിസൾട്ട് നേടാൻ ശ്രമിച്ചു. ഈ രീതിയിൽ പ്രവർത്തിക്കുമ്പോൾ, ദൃശ്യങ്ങൾ കൂടുതൽ വിശ്വാസ്യതയോടെയും ഭംഗിയോടെയും എത്തിക്കാൻ സാധിക്കുന്നു.

മലയാള സിനിമയിലെ നിലവിലുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുതന്നെ ഇത്തരം ദൃശ്യങ്ങൾ മനോഹരമായി സൃഷ്ടിക്കാൻ സാധിക്കും എന്നതാണ് എന്റെ വിശ്വാസം.

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, സാങ്കേതികപരമായി നമ്മൾ ഇനിയും മുന്നോട്ട് പോകാനുള്ള സാധ്യതകൾ ഏറെയുണ്ട്. ചില മേഖലകളിൽ നമ്മൾ ഇപ്പോഴും പിന്നിലാണെന്നത് ലോക സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ വ്യക്തമാണ്. നമുക്ക് ഇപ്പോൾ തന്നെ ഉപയോഗിക്കാൻ കഴിയുന്ന, അഫോർഡബിൾ ആയ പല സാങ്കേതിക സംവിധാനങ്ങളും ഇപ്പോഴും പര്യാപ്തമായി ഉപയോഗിക്കപ്പെടുന്നില്ല. അതിനാൽ, ഓരോ സിനിമാ പ്രവർത്തകരും പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കാൻ തയ്യാറാകുകയും, അവയെ പ്രായോഗികമായി ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യണം. എങ്കിലേ, നമുക്ക് കൂടുതൽ കലാസമ്പന്നവും അതുപോലെ ആഗോള നിലവാരത്തിലുള്ളതുമായ സിനിമകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ സാധിക്കൂ.

Custom gravity track shots, shot-specific rigs എന്നിവ ഡെവലപ്പ് ചെയ്തപ്പോൾ, ഒരേസമയം സിനിമാട്ടോഗ്രഫിയും എഞ്ചിനീയറിഗും തമ്മിലുള്ള ബന്ധം എങ്ങനെ കാണുന്നു?

ഇതൊക്കെ എഞ്ചിനീയറിംഗ് പ്രക്രിയയായി തോന്നാറില്ല; മറിച്ച് സൃഷ്ടിപരമായ പ്രവർത്തനമായി, ‘ഓർഗാനിക് ക്രിയേഷൻ’ ആയി തന്നെയാണ് കാണുന്നത്. നമുക്കാവശ്യമായ പല കണക്കുകളും ഫിസിക്സും നമ്മുടെ കോമൺസെൻസിന്റെ ഭാഗമാണ്. ഉദാഹരണത്തിന്, ഒരാൾക്ക് ദൂരത്ത് നിൽക്കുമ്പോൾ ഒരു മരക്കഷണം എറിഞ്ഞുകൊടുക്കാം, പക്ഷേ അതേ ഭാരമുള്ള ഒരു ഗ്ലാസ് എറിഞ്ഞുകൊടുക്കാറില്ല- അതുപോലെയുള്ള സ്വാഭാവിക ബോധ്യങ്ങളാണ് പല തീരുമാനങ്ങൾക്കും അടിസ്ഥാനം.

ഈ സിനിമയിൽ ചില ഷോട്ടുകൾ അതിന്റെ നല്ല ഉദാഹരണങ്ങളാണ്. ‘ഫ്രിഡ ആൻഡ് ഫ്രിഡ’ എന്ന രംഗത്തിലെ ഒരു ഇന്റിമേറ്റ് ഷോട്ട്- അത് ഡബിൾ റോളും മൂവ്മെന്റും ഉൾക്കൊള്ളുന്ന സങ്കീർണമായ ഷോട്ടായിരുന്നു. ആ സമയത്ത് VFX ടീം പറഞ്ഞത്, ഇത് പ്രിസൈസായി നേടാൻ 3D ഉപയോഗിക്കേണ്ടിവരുമെന്നാണ്. എന്നാൽ, അതിനാൽ ഒരു നല്ല ഓൺ- സ്പോട്ട് സൊല്യൂഷൻ വിട്ടുകൊടുക്കേണ്ടിവരുമെന്ന് എനിക്ക് തോന്നി.

റോബോട്ടിക് ക്യാമറ ഉപയോഗിക്കാമെന്ന ആശയവും ഉണ്ടായിരുന്നു, പക്ഷേ ബഡ്ജറ്റും ആലോചിക്കണം. അപ്പോൾ വന്ന ഒരു ഐഡിയ-ട്രാക്ക് ഒന്ന് ചരിച്ചിട്ട് ക്യാമറ വെച്ചാൽ, ഗ്രാവിറ്റിയുടെ കാരണത്താൽ അത് സ്വാഭാവികമായി ഒരേ രീതിയിൽ മൂവ് ചെയ്യും. എത്ര തവണ ആവർത്തിച്ചാലും, അതിന്റെ ഭാരം, നീളം മാറാത്തതിനാൽ മൂവ്‌മെന്റ് സ്ഥിരമായിരിക്കും. അങ്ങനെ മൾട്ടിപ്പിൾ ഷോട്ടുകൾ കൃത്യമായി ഷൂട്ട് ചെയ്താൽ, ശേഷിക്കുന്ന ചെറിയ കാര്യങ്ങൾ VFX വഴി പൂർത്തിയാക്കാം. ഇതിലൂടെ 3D ആവശ്യമില്ലാതെ തന്നെ ഷോട്ട് കൈവരിക്കാൻ സാധിച്ചു. ഇത് ഒരു കോമൺസെൻസ് ചിന്തയിൽ നിന്നുള്ള സൊല്യൂഷനാണ്.

നമ്മുടെ ഇൻഡസ്ട്രിയുടെ ബഡ്ജറ്റ് പരിധികൾ മനസ്സിലാക്കി, അതിനുള്ളിൽനിന്ന് എങ്ങനെ മികച്ച റിസൾട്ട് നേടാം എന്നതാണ് പ്രധാനം. അത്തരം പരീക്ഷണങ്ങൾ വിജയിക്കാൻ ഏറ്റവും പ്രധാനപ്പെട്ടത്, നമ്മളെ പൂർണ്ണമായി വിശ്വസിക്കുന്ന ടീമാണ്. സംവിധായകൻ കൃഷാന്ത് പോലുള്ളവർ, ഒരു ഐഡിയയ്ക്ക് സമയം അനുവദിച്ച് പരീക്ഷിക്കാൻ തയ്യാറാകുമ്പോഴാണ് ഇത്തരം ശ്രമങ്ങൾ വിജയിക്കുന്നത്. അതുപോലെ, രജീഷ വിജയൻ ഉൾപ്പെടെയുള്ള അഭിനേതാക്കൾ കൃത്യമായ മാർക്കിൽ നിന്നുകൊണ്ട് സഹകരിക്കുന്നതും അത്യാവശ്യമാണ്. അതുകൊണ്ട് ഇത്തരം ഷോട്ടുകൾ എല്ലാം ഒരു ടീം വർക്കാണ്.

റിഗുകൾ ഡിസൈൻ ചെയ്യുന്നതിലും അതേ സമീപനമാണ്. ചില POV ഷോട്ടുകൾക്കായി ഹെൽമറ്റ് റിഗ് ആവശ്യമായിരുന്നു. റെഡിമെയ്ഡ് ഉപകരണങ്ങൾ വാങ്ങാൻ വലിയ ചെലവ് വരുന്നതിനാൽ, ഞങ്ങൾ സ്വന്തം രീതിയിൽ നിർമ്മിച്ചു. കോൺക്രീറ്റ് കമ്പികളുപയോഗിച്ച് ക്യാമറയുടെ ഭാരം താങ്ങാൻ പറ്റുന്ന രീതിയിൽ ഒരു സിസ്റ്റം സജ്ജമാക്കി, കൗണ്ടർവെയിറ്റുകൾ കൂട്ടിച്ചേർത്ത് ഉപയോഗിച്ചു. ഇത്തരത്തിൽ നിർമ്മിക്കുന്ന ഉപകരണങ്ങൾ പിന്നീട് മറ്റു പ്രോജക്ടുകൾക്കും ഉപയോഗപ്രദമാകുന്നു. ‘സംഘർഷഘടന’ക്കായി തയ്യാറാക്കിയ ചില റിഗുകൾ ഈ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്.

എന്നെ സംബന്ധിച്ച്, എക്വിപ്മെന്റിന്റെ ഭംഗിയല്ല പ്രധാന്യം- ആവശ്യമായ ഷോട്ട് നമ്മുടെ ബഡ്ജറ്റിൽ നിന്ന് എങ്ങനെ കൈവരിക്കാം എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ, ഇത് എഞ്ചിനീയറിംഗ് പ്രക്രിയയെക്കാൾ സൃഷ്ടിപരമായ അന്വേഷണമാണ്.

പുതിയ ആശയങ്ങളും ഇന്നോവേഷനുകളും പരീക്ഷിക്കാൻ എനിക്ക് എപ്പോഴും താൽപര്യമുണ്ട്. സ്ക്രിപ്റ്റ് വായിക്കുന്ന സമയത്തുതന്നെ ഇത്തരം സാധ്യതകളെ കുറിച്ച് സ്വാഭാവികമായി ചിന്തിക്കാൻ തുടങ്ങും. സിനിമയുടെ ചരിത്രം നോക്കിയാലും, എല്ലാ കാലത്തും ഇത്തരം പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ചിലപ്പോൾ ബഡ്ജറ്റ് കുറവാകാം കാരണം, പക്ഷേ പലപ്പോഴും അത്തരത്തിലുള്ള പരിഹാരങ്ങൾ നൽകുന്ന ദൃശ്യഭംഗി വ്യത്യസ്തമാണ്.

ഇന്ന് AI പോലുള്ള പുതിയ സാങ്കേതിക വിദ്യകൾ വരുമ്പോഴും, നാം ഉപയോഗിക്കാത്ത നിരവധി സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നു. അതിനാൽ, റിഗുകൾ നിർമ്മിക്കുക, ചെറിയ ഉപകരണങ്ങൾ കസ്റ്റമൈസ് ചെയ്യുക, പുതിയ രീതികൾ പരീക്ഷിക്കുക- ഇങ്ങനെ നമ്മുടെ ക്രിയേറ്റിവിറ്റിയെ പരമാവധി ഉപയോഗപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു. എന്റെ കാഴ്ചപ്പാടിൽ, ഇത് ഒരു തുടർച്ചയായ പഠനപ്രക്രിയ കൂടിയാണ്.

Flexbot macro work, motion blur മാനിപുലേഷൻ, സ്പോട് ഇമ്പ്രോവൈസേഷൻ പോലുള്ള techniques ഉപയോഗിക്കുമ്പോൾ, precision-നും creative spontaneity-ക്കും ഇടയിൽ നിങ്ങൾ എങ്ങനെ balance കണ്ടെത്തുന്നു?

സിസ്റ്റത്തിൽ നമുക്കുണ്ടാകുന്ന കംഫർട്ട് സോണിൽ നിന്നുകൊണ്ടാണ് ഇത്തരം സ്പോട്ട് ഇംപ്രൊവൈസേഷനുകൾ സാധ്യമാകുന്നത്. വളരെ ക്രിയേറ്റീവായിട്ടും അപ്രതീക്ഷിതമായിട്ടും വരുന്ന ആശയങ്ങളെ “ഇങ്ങനെ ചെയ്താലോ” എന്ന ചോദ്യത്തോടെ പരീക്ഷിക്കാൻ, അതിന് നൂറു ശതമാനം പിന്തുണ നൽകുന്ന ഒരു ടീം കൂടെയുണ്ടെങ്കിൽ സ്വാഭാവികമായും മാജിക്കൽ റിസൾട്ടുണ്ടാകും.

സംവിധായകൻ കൃഷാന്തിനൊപ്പം പ്രീ- പ്രൊഡക്ഷൻ ഘട്ടം മുതൽ തന്നെ വളരെ കംഫർട്ടബിളായ വർക്ക് സ്പേസ് ഉണ്ടാകാറുണ്ട്. ആ ചർച്ചകളിൽ നിന്നുതന്നെ സിനിമയുടെ ദൃശ്യഭാഷയും സമീപനവും കൃത്യമായി പ്ലാൻ ചെയ്യപ്പെടുന്നു. അതുകൊണ്ടു തന്നെ, ഷൂട്ടിംഗ് എന്ന പ്രോസസ്സ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ഘട്ടമാണ്.

ഉദാഹരണത്തിന്, ജഗദീഷിന്റെ ഒരു ഷോട്ടിനായി ഞാൻ മാക്രോലെൻസും ഫ്ലെക്സ്‌ബോട്ടും ഉപയോഗിച്ച് ഷൂട്ട് ചെയ്തിരുന്നു. മറ്റൊരു ഇൻഡസ്ട്രിയിലായിരുന്നെങ്കിൽ അത് വലിയ ടെൻഷനുള്ള സാഹചര്യമായേനെ- കാരണം അത്രയും സീനിയറായ ഒരു അഭിനേതാവും, ടെക്നിക്കലായി അത്രയും പ്രിസൈസ് ആയ ഷോട്ടുമാണത്. ഒരാളുടെ ശ്വാസം പോലും ഫോക്കസിനെ ബാധിക്കാവുന്ന ഷോട്ടായിരുന്നു. എന്നാൽ, നമ്മളുമായി സഹകരിച്ച് നിൽക്കുന്ന ആർട്ടിസ്റ്റുകളുണ്ടാകുമ്പോൾ, ആ സമ്മർദ്ദം കുറയും, നമുക്ക് കൂടുതൽ റിലാക്സ് ആയി പ്രവർത്തിക്കാനാകും.

ഈ സിനിമയിലെ മോഷൻ ബ്ലർ മാനിപ്പുലേഷൻ പോലുള്ള ചില ഷോട്ടുകൾ പോലും, അന്നത്തെ സാഹചര്യത്തിൽ സ്പോണ്ടേയ്നിയസായി തോന്നിയ ആശയങ്ങളാണ്. നാം അവതരിപ്പിക്കുന്ന ഏത് ഐഡിയയെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്ന സംവിധായകനാണ് കൃഷാന്ത്, അതുകൊണ്ടുതന്നെ പരീക്ഷണങ്ങൾ ചെയ്യാനുള്ള ആത്മവിശ്വാസം കൂടുന്നു.

അതുപോലെ, ഷൂട്ടിംഗിനിടെ അപ്രതീക്ഷിതമായി സാങ്കേതിക പ്രശ്നങ്ങളുണ്ടാകാം- ഉദാഹരണത്തിന് ഒരു ലൈറ്റ് പ്രവർത്തിക്കാതാകുക. അത്തരം സമയങ്ങളിൽ ക്രിയേറ്റീവായ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. നമ്മുടെ നിയന്ത്രണത്തിന് പുറത്തുള്ള പ്രശ്നങ്ങളായാലും, അതിനെ എങ്ങനെ പുതിയ സാധ്യതയായി മാറ്റാം എന്ന ചിന്തയാണ് എപ്പോഴും മുന്നിൽ വയ്ക്കുന്നത്.

തീ ഉൾപ്പെടുത്തിയ യുദ്ധരംഗങ്ങൾ, തായ്‌ലൻഡിലെ real rain conditions, Hong Kong metro location എന്നിവ പോലുള്ള വെല്ലുവിളികളുള്ള സാഹചര്യങ്ങളിൽ visual ambition-നും safety protocols-നും ഇടയിൽ എങ്ങനെ equilibrium നിലനിർത്തി?

ടീമിന് നമ്മളോടുള്ള വിശ്വാസമാണ് ഇത്തരം ചലഞ്ചിംഗ് ഷോട്ടുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നത്. ഈ സിനിമയിൽ പല രംഗങ്ങളിലും യഥാർത്ഥ തീ ഉപയോഗിച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. എന്നാൽ തീ പോലുള്ള ഘടകങ്ങൾ എളുപ്പം നിയന്ത്രിക്കാനാകില്ല- അതിന്റെ വിസിബിലിറ്റിയും ചൂടും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഫൈറ്റ് മാസ്റ്റർ ഉൾപ്പെടെയുള്ള ടീം അംഗങ്ങൾ സുരക്ഷ ഉറപ്പാക്കുന്നതിന് ഒപ്പമുണ്ടായിരുന്നുവെങ്കിലും, സിനിമാറ്റോഗ്രഫിക് ആവശ്യങ്ങളും പരിഗണിക്കേണ്ടി വരും. സുരക്ഷ ഉറപ്പുള്ള സാഹചര്യത്തിലായാലും, ഇത്തരം ഷോട്ടുകൾ സ്വാഭാവികമായും വെല്ലുവിളി നിറഞ്ഞതാണ്.

ഉദാഹരണത്തിന്, തീയുടെ തീവ്രത ഷൂട്ടിനെ എങ്ങനെ ബാധിക്കും എന്ന് മനസ്സിലാക്കാൻ, ആർട്ട് ഡയറക്ടറുടെ സഹായത്തോടെ മുൻകൂട്ടി ടെസ്റ്റുകൾ നടത്തി. ഷൂട്ടിംഗിന് മുമ്പ് ട്രയൽ ഷൂട്ടുകൾ നടത്തിയത്, ഫൈനൽ ഷോട്ടുകൾ കൂടുതൽ കൃത്യതയോടെ എടുക്കാൻ സഹായിച്ചു. ഇത്തരം ശ്രമങ്ങളിൽ ടീമിലെ പരസ്പര വിശ്വാസം പ്രധാനമാണ്. അതാണ് പല ഷോട്ടുകളിലും “മാജിക്” സൃഷ്ടിക്കാൻ കാരണമായത്. ചിലപ്പോൾ അപ്രതീക്ഷിത സാഹചര്യങ്ങളും അതിന് സഹായകമാകുന്നു. ഉദാഹരണത്തിന്, തായ്‌ലൻഡിൽ ഷൂട്ട് ചെയ്യുന്നതിനിടെ ലഭിച്ച സ്വാഭാവികമായ മഴ ഒരു രംഗത്തിന് കൂടുതൽ റിയലിസ്റ്റിക് ഫീൽ നൽകി. രാഹുൽ റോഡിൽ കിടക്കുന്ന ഒരു സീനിൽ, ആ മഴ തന്നെ ഒരു വിഷ്വൽ എലമെന്റായി ഉപയോഗിക്കാൻ സാധിച്ചു.

ഹോങ്കോങ്ങിലെ ‘മോൺസ്റ്റർ ബിൽഡിംഗ്’ ലൊക്കേഷനിൽ ഷൂട്ട് ചെയ്യുമ്പോൾ, ഔദ്യോഗിക അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ചെറിയ ക്യാമറ ഉപയോഗിച്ച് വളരെ സൂക്ഷ്മമായി ഷോട്ടുകൾ പിടിക്കേണ്ടിവന്നു. ഇത്തരം സാഹചര്യങ്ങൾ മുഴുവൻ ഒരു ട്രസ്റ്റ് ഗെയിമും, അതോടൊപ്പം അപ്രതീക്ഷിതമായി ലഭിക്കുന്ന “മാജിക്” നിമിഷങ്ങളും ആണ്.

എന്നിരുന്നാലും, എല്ലാത്തിനുമുപരി സുരക്ഷയാണ് പ്രധാനം. ഓരോ പരീക്ഷണത്തിനും പിന്നിൽ ടീം വർക്ക്, കൃത്യമായ പ്ലാനിംഗ്, പരസ്പര വിശ്വാസം എന്നിവയുണ്ട്. അതാണ് ഇത്തരം ചലഞ്ചിംഗ് ഷോട്ടുകൾ വിജയകരമായി പൂർത്തിയാക്കാൻ സഹായിക്കുന്നത്.

ഈ സിനിമ വലിയ സ്കെയിലിൽ സാ​​ങ്കേതികമായ സങ്കീർണത ഉൾക്കൊണ്ടതാണ്. ഒരു strong collaborative team ഈ execution-നെ എങ്ങനെ സ്വാധീനിച്ചു? വ്യക്തിപരമായി ഈ പ്രോജക്ട് നിങ്ങളുടെ ക്രാഫ്റ്റിനെ എങ്ങനെ രൂപപ്പെടുത്തിയിട്ടുണ്ട്?

സാ​ങ്കേതിക സങ്കീർണത ഒരിക്കലും സിനിമയുടെ ഫ്രണ്ട് ലെയറിൽ കാണാൻ പാടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രേക്ഷകരെ സംബന്ധിച്ച് അത് വളരെ ലളിതമായി, സ്വാഭാവികമായി അനുഭവപ്പെടണം. പിന്നിൽ എത്ര സങ്കീർണമായ പ്രക്രിയയാണെങ്കിലും, സ്ക്രീനിൽ അത് ലളിതമായി കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുക എന്നതാണ് പ്രധാനം.

ഈ സിനിമയിൽ സിനിമാറ്റോഗ്രഫിക് തലത്തിൽ നിരവധി സാങ്കേതിക ഘടകങ്ങൾ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനം കമ്മ്യൂണിക്കേഷൻ തന്നെയാണ്. അതുകൊണ്ടു തന്നെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനുമുൻപ് എന്റെ അസോസിയേറ്റുകളും അസിസ്റ്റന്റുകളും ഒപ്പമിരുന്നു വിശദ ചർച്ച നടത്തി കൃത്യമായ പ്ലാൻ തയ്യാറാക്കാറുണ്ട്. എന്റെ പ്രെപ് ബുക്ക് തയ്യാറാകുന്നതോടെ ടീമുമായി ഷെയർ ചെയ്യും. അതിലൂടെ അവർക്ക് അതിലേക്ക് ആക്സസ് ലഭിക്കുകയും, അവരുടെ ആശയങ്ങളും നിർദേശങ്ങളും ചേർക്കാൻ അവസരം ലഭിക്കുകയും ചെയ്യും. ഈ പ്രോസസ്സ് ടീം മുഴുവൻ ഒരേദിശയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു.

അതുപോലെ, വലിയ സ്കെയിൽ പ്രോജക്ടുകൾ മാനേജ് ചെയ്യുന്നതിൽ മുൻപരിചയം വളരെ പ്രധാനമാണ്. മുൻപ് ചെയ്ത വർക്കുകളിൽ നിന്നുള്ള അനുഭവങ്ങൾ ഓരോ ഘട്ടത്തിലും സഹായകമാകുന്നു. ഓരോ പ്രോജക്ടും ഒരു പഠനമാണ്, ആ പഠനങ്ങളാണ് ഇത്തരം സങ്കീർണമായ സംവിധാനങ്ങളെ ലളിതമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നത്.

ഒരു സിനിമാറ്റോഗ്രാഫറായി, ‘മസ്തിഷ്ക്ക മരണം’ നിങ്ങളിൽ ഏത് പുതിയ ദൃശ്യവും ചിന്തയുമാണ് തുറന്നത്? ഈ അനുഭവം ഭാവി പ്രോജക്ടുകളെ എങ്ങനെ സ്വാധീനിക്കും?

ചെറിയ സ്കെയിലിൽ പ്രവർത്തിക്കുമ്പോഴുള്ള സങ്കീർണതയേക്കാൾ വലിയ സ്കെയിലിൽ പ്രവർത്തിക്കുമ്പോൾ കൂടുതൽ സാധ്യതകളാണ് ലഭിക്കുന്നത്. എന്റെ അനുഭവത്തിൽ, സ്കെയിൽ കൂടുന്തോറും കാര്യങ്ങളെ പുതിയ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. അതിലൂടെ സൃഷ്ടിപരമായ അവസരങ്ങളും വ്യാപ്തിയും വർധിക്കുന്നു.

ഓരോ സിനിമയും എനിക്ക് പുതിയൊരു അനുഭവമാണ്. ഒരു സിനിമയുടെ ഫലം പൂർണ്ണമായി മനസ്സിലാകുന്നത്, അടുത്ത പ്രോജക്ടിൽ പ്രവർത്തിക്കുമ്പോഴാണ്. മസ്തിഷ്‌കമരണം പോലൊരു സിനിമ ചെയ്തതിനുശേഷം, അടുത്ത വർക്കിൽ ചില കാര്യങ്ങൾ കൂടുതൽ എളുപ്പമായി ചെയ്യാൻ കഴിയുമ്പോഴാണ് ആ അനുഭവത്തിന്റെ യഥാർത്ഥ മൂല്യം മനസ്സിലാകുന്നത്.

ഈ സിനിമയിൽ എസ്തെറ്റിക്സിലും ക്രിയേറ്റിവിറ്റിയിലും കൂടുതൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞു. സ്കെയിലും ഇന്നോവേറ്റീവ് പരീക്ഷണങ്ങളും എപ്പോഴും എന്നെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഭാവിയിൽ, കൂടുതൽ വലിയ സിനിമകൾ ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിലും, അതോടൊപ്പം ലിമിറ്റഡ് റിസോഴ്‌സുകളുള്ള സിനിമകളും ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ രണ്ടിനും ഇടയിൽ ഒരു ബാലൻസ് നിലനിർത്തിയാണ് മുന്നോട്ട് പോകാനാണ് ആഗ്രഹം.


Summary: Sangarsha Ghadana, Masthishka Maranam movies Cinematographer Prayag Mukundan Interview by Dr Shyam Zorba.


പ്രയാഗ് മുകുന്ദൻ

സിനിമാറ്റോഗ്രാഫർ. ബോളിവുഡിലെ പ്രശസ്ത VFX Director Biju.D യുടെ കൂടെ പ്രവർത്തിച്ചു. ഛായാഗ്രാഹകരായ  സി. കെ. മുരളീധരൻ, സുധീർ പൾസാനെ എന്നിവരുടെ അസിസ്റ്റന്റായിരുന്നു. മുംബൈ IITയിൽ റിസർച്ച് അസിസ്റ്റന്റായും ഛായാഗ്രാഹകനായും ജോലി ചെയ്തിട്ടുണ്ട്. 

ഡോ. ശ്യാം സോർബ

നാടക - സിനിമ പ്രവർത്തകൻ. തിയേറ്റർ ആർട്സിൽ ഡോക്ടറേറ്റ്. Assistant Professor, Gitam University.

Comments