ഓള്,
സംസ്കാര ചരിത്രത്തിലെ
വീണ്ടെടുപ്പ്

‘‘മലയാള കുലീനത കാലടിയിലും പട്ടണത്തും കേന്ദ്ര ഹൈന്ദവ ദേശീയകക്ഷി കീഴടിയിലും കുടില ഹിംസയിലൂടെ, ചതിയിലൂടെ ചവിട്ടിയാഴ്ത്തിയിരിക്കുന്ന കേരളത്തിന്റെയും തമിഴകത്തിന്റെയും ലോകോത്തരമായ രാജ്യാന്തര പ്രബുദ്ധത വെളിപ്പെടുത്തുന്ന ചിത്രമാണ് ഓള്’’- ഷാജി എൻ. കരുണിന്റെ സിനിമകളെ വിശകലനം ചെയ്ത് ഡോ. അജയ് എസ്. ശേഖർ എഴുതിയ പഠനത്തിന്റെ അവസാന ഭാഗം.

രാഷ്ട്രീയ ജാഗ്രതയുടെ സിനിമ,
കേരളം കാണാൻ മടിച്ച ഷാജി എൻ. കരുൺ കല
ഭാഗം മൂന്ന്

കായലിനടിയിലെ കാവും
ആമ്പലുകളുടെ കാരുണ്യവും

ഷാജിയൻ സിനിമയിലെ മൈത്രീപൂർണമായ പുതിയ കണ്ണിയാണ് പുത്തപോതിയായ അഥവാ ബൗദ്ധബോധിനിയായ ജ്ഞാനേശ്വരി എന്ന ഭിക്ഷുണിയുടെ സംഘാരാമത്തിൽ ചരിത്രതടാകത്തിൽ കീഴടികളിലേക്കു മുങ്ങിപ്പോയ, അഥവാ പൗരോഹിത്യ–പടയാളി ജാതിയധികാരം ഹിംസാത്മകമായി ചവിട്ടിത്താഴ്ത്തിയ ആ പഴയ കാവിൽ ശരണം തേടുന്ന കന്യകാവ്. കന്യാമാതാവുമാണവൾ. ഉദരത്തിലവൾ ഒരു ജീവനെപ്പേറുന്നു. സൊഖുറോവിന്റെ മദർ ആൻഡ് സണ്ണും (1997) കിം കി ദുക്കിന്റെ പിയത്തയിലെ (2012) അമ്മയേയും മകനേയും നാമോർക്കും. ഓളെന്ന സിനിമ സമകാലിക കേരള സംസ്​കാര ചരിത്രത്തിലെ ഏറ്റവും വിലയേറിയ വീണ്ടെടുപ്പു കൂടിയാണ്. കൂട്ട ബലാത്സംഗത്തിനുശേഷം പാതിജീവനോടെ കിരാതമായ പടയാളി ആണത്തം കായലിന്റെ കയത്തിലേക്കു കെട്ടിയാഴ്ത്തുന്ന മായയെന്ന പെൺകുട്ടിയെ ജ്ഞാനേശ്വരിയെ പോലുള്ള ഭിക്കുനികൾ, സംഘകാലം തുടങ്ങുന്ന അശോകകാലം മുതൽ സംഘമിത്തയെ പോലെ നെഞ്ചേറ്റിവളർത്തിയ ആ കായലാഴത്തിലെ കന്യകാവിൽ, അഭയവും ശരണവും അരുളുന്നു. സംഘമിത്ത ഗയയിലെ പോതിമരത്തിന്റെ വേരുപിടിപ്പിച്ച തൈ എന്ന പോലെ അവളെ അവർ മാറോടണച്ചു പോറ്റുന്നു, ഈറ്റില്ലമൊരുക്കുന്നു. ആ ആമ്പൽവല്ലികളും തളിരുകളും ആ ചേറടിയിൽ, കാലടിയിൽ, കീഴടിയിൽ കരുണാർദ്രമായി ജീവനെ ഹിംസയിൽ നിന്നും സംരക്ഷിക്കുന്നു.

കൊല്ലുന്നവനില്ല ശരണ്യത എന്നു ഗുരു പറഞ്ഞത് ഇന്ത്യൻ പ്രത്യയശാസ്​ത്രമെന്ന ബ്രാഹ്മണിക ഹിന്ദുത്വത്തിന്റെ കനപ്പെട്ട നൈതിക വിമർശമാണ്. കൊലയെ സ്വധർമവും കുലധർമവുമാക്കുന്ന, വർണസങ്കരം തടയുന്ന ഗീതയുടേയും, രാക്ഷസീകരണവും മൃഗവൽക്കരണവും നടത്തി മനുഷ്യരെ അപരവൽക്കരിച്ചുള്ള വധത്തെ നാട്ടുനടപ്പാക്കുന്ന ഹൈന്ദവ സംസ്​കൃത പുരാണങ്ങളുടേയും കൊല്ലുന്ന ദൈവങ്ങളുടേയും ഏറ്റവും വലിയ വിമർശമാണ് ഗുരുവിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ പ്രസ്​താവം. മൃഗത്തിനു തുല്യനവൻ എന്നദ്ദേഹം 1913–14 കാലത്തെ ജാതിലഹളകളുടെ കൂട്ടക്കൊലയും മർദ്ദനവും നെറികേടും കണ്ടു ‘‘ജീവകാരുണ്യ പഞ്ചക’’ത്തിൽ എഴുതി. രാമന്റെയും കൃഷ്ണന്റെയും പ്രഹേളികകളെ കുറിച്ചു നവബുദ്ധനായ ഇന്ത്യൻ ഭരണഘടനാശില്പിയും നീതിബോധത്തോടെ നേരോടെ എഴുതി. മൃഗതുല്യരായ ഇരുകാലി ജീവികൾ കൊല ചെയ്യുമ്പോൾ പ്രകൃതി ഇരകളെ രക്ഷിക്കുന്നു. പ്രകൃതി തന്നെ മനുഷ്യരിലെ ഒരു ക്ഷുദ്ര വിഭാഗം പൗരോഹിത്യ പിതാക്കളുടെ നല്ലപിള്ള ചമയാൻ നടത്തുന്ന നിർദ്ദയമായ ചാപിള്ള ഹിംസയിൽ അഭയമില്ലാത്ത ഇരകളെ സംരക്ഷിക്കുന്ന രംഗം ലോക കലയിലെ മറക്കാനാവാത്ത അധ്യായമാണ്.

ഓളെന്ന സിനിമ സമകാലിക കേരള സംസ്​കാര ചരിത്രത്തിലെ ഏറ്റവും വിലയേറിയ വീണ്ടെടുപ്പു കൂടിയാണ്.
ഓളെന്ന സിനിമ സമകാലിക കേരള സംസ്​കാര ചരിത്രത്തിലെ ഏറ്റവും വിലയേറിയ വീണ്ടെടുപ്പു കൂടിയാണ്.

ആനിമേഷൻ ഉപയോഗിച്ച് ഇതിനെ സിനിമാറ്റിക്കായി ദൃശ്യവൽക്കരിച്ച് അനശ്വരമാക്കിയ ഷാജി എൻ. കരുണിന്റെ മനുഷ്യപ്പറ്റുള്ള സർഗാത്മകതയും നൈതിക ലാവണ്യബോധവും മാനവചരിത്രമുള്ളിടത്തോളം നിലനിൽക്കും, ചരിത്രാനുഭവങ്ങളും നീതിബോധവുമുള്ള ജനവിഭാഗങ്ങൾ ഓർമിക്കും. ചരിത്രത്തെ ഇല്ലാതാക്കിയാണല്ലോ, അഥവാ ‘‘അക്കാദമിക’’മെന്നവർ തന്നെ ലേബലിട്ട്, അനാദിയായ വ്യാജ ഹൈന്ദവ ഹാജിയോഗ്രഫികൾ പടച്ചു ന്യൂനപക്ഷ സ്​ഥാപനങ്ങളേക്കൊണ്ടു പോലും അടിച്ചു വിൽപ്പിച്ചു മൂലധനവും കീശയിലാക്കി, സമഗ്രാധിപത്യം രാമൻ ശംബൂകനെ എന്ന പോലെ ഗളച്ഛേദം ചെയ്തു വർണധർമം വീണ്ടും വീണ്ടും സനാതനമായി സ്​ഥാപിച്ചു കളം പിടിക്കുന്നത്. വംശഹത്യയിലേക്കു പിന്നെ അധികം ദൂരമില്ല. ശംബൂകൻ, ബാലി, രാവണൻ, മഹാബലി, മഹിഷാസുരൻ എന്നിങ്ങനെ രാക്ഷസീകരിച്ചു വധിച്ച ജനനായകരായ നീതിമാന്മാരായ ബൗദ്ധരുടെ നീണ്ട നിരയാണ്. ശൂർപ്പണഖ മുതൽ ഗൗരീ ലങ്കേഷ് വരെയുള്ള ബഹുജന സ്​ത്രീകളും വർണാശ്രമമെന്ന ഹൈന്ദവ സാമ്രാജ്യത്തത്തിന്റെ ഇരകളാണ്. ഇളംകുളമെന്ന നിർഭയനായ നേരും നീതിയുമെഴുതിയ കേരളചരിത്ര ഗുരുവിനെ ഗളച്ഛേദം ചെയ്താണ് പല ക്ഷുദ്രരായ ഹൈന്ദവക്ഷേത്ര ചരിത്രാധിനായകരും ഹിന്ദു ദേശീയകക്ഷി അധികാരത്തിൽ വന്നപാടേ രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ കേന്ദ്രത്തിൽ കളം പിടിച്ചതും ദില്ലിയിൽ പോയി ചരിത്രഗവേഷണ കൗൺസിൽ അധ്യക്ഷനായി ചരിത്ര പാഠപുസ്​തക കാവിവൽക്കരണത്തിനു പരമപൗരോഹിത്യം വഹിച്ചതും. ശൂദ്രനെങ്ങനെ ശംബൂകനെ പോലെ മുനിയാകുമെന്നാണ് സർവപീഠക്കാർ ഇത്തരം ക്ഷുദ്രർ കേൾക്കാതെ ചിരിച്ചുകൊണ്ടു പിന്നാമ്പുറത്തു പരസ്​പരം ചോദിക്കുന്നത്. ഹിന്ദുരാഷ്ട്രത്തിൽ ബ്രാഹ്മ ണ്യത്തിനായി കൊല്ലും കൊലയും നടത്തി നല്ലപിള്ള ചമയുന്ന ശൂദ്രനും പ്രധാന കാര്യക്കാരനാവുന്ന പഴയ ജൈനബനിയ ആയ നവവൈഷ്ണവ വൈശ്യനും രക്ഷപ്പെടില്ല എന്നകാര്യം ഓർത്താൽ കൊള്ളാം. ബ്രാഹ്മണരിലെ തന്നെ ആസ്യവിഭാഗങ്ങളുടെ നില പരുങ്ങലിലാണ് എന്നതാണു സത്യം കാരണം വംശീയ ശുദ്ധിവാദത്തിനന്ത്യമില്ല. ആത്മത്തെ തന്നെ അപരവൽക്കരിച്ചതു കൊന്നുകൊണ്ടിരിക്കും. ആദ്യം മുസ്ലീങ്ങൾക്കും ഇതര ന്യൂനപക്ഷങ്ങൾക്കും അവർണർക്കും എതിരാകും ഹിന്ദു രാഷ്ട്രം, അവരെ ഓരോരുത്തരേയായി വേർതിരിച്ചു വെട്ടിമാറ്റിക്കഴിഞ്ഞാൽ ശൂദ്രന്റെയും വൈശ്യന്റെയും വാതിൽക്കലെത്തും ബ്രാഹ്മണ്യത്തിന്റെ ക്ഷത്രിയപ്പട. അപരന്റെ നിഴലോ തുപ്പലോ വീഴാത്ത ശുദ്ധമായ ഹിന്ദുസ്വരാജ് അങ്ങനെ തനിക്കാക്കിയെടുക്കണം. താനും തന്റെ സേനാനായകനും മതി പൗരോഹിത്യ ആൺകോയ്മയ്ക്ക്. നവപൗരത്വ ഭേദഗതികളും പട്ടികയും ഈ വിഭജന വേർതിരിവു ഭരണതന്ത്രം യാഥാർഥ്യമെന്നു സാക്ഷ്യപ്പെടുത്തുന്നു.

തികച്ചും ബ്രാഹ്മണികമായ സനാതന പദാവലിയിൽ ചാതുർവർണ്യ സിദ്ധാന്തമനുസരിച്ചു വരേണ്യ സൗന്ദര്യാത്മകമായി പറഞ്ഞാൽ; ചരിത്ര യാഥാർഥ്യ ബോധമില്ലാതെ രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടുന്ന ശൂദ്രരും അവരുടെ ചവിട്ടടിയിലമർന്ന ചില ഹിന്ദുവിൽ പെടുത്തപ്പെട്ട ചണ്ടാളരും കൂടിയാണീ ഗളച്ഛേദങ്ങൾ ഇന്നു ഹിന്ദുരാഷ്ട്ര സ്​ഥാപനത്തിനായി കേരളത്തിലും ഇന്ത്യയിലും അധികവും നടത്തുന്നത്. അവർ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല. ബ്രാഹ്മ ണരേക്കാൾ വലിയ ഹിന്ദുക്കളായി അവർ ചമയുകയാണ്, അഥവാ അവരെ അങ്ങനെയൊരു ഹിന്ദുത്വ ചാട്ടിൽ കരേറ്റിയിരിക്കയാണ്. സഹോദരൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുന്നറിയിപ്പു തന്ന ബ്രാഹ്മണ്യത്തിന്റെ ഭയങ്കരമായ വർണനാബലതന്ത്രം.

ആനിമേഷൻ ഉപയോഗിച്ച് ഇതിനെ സിനിമാറ്റിക്കായി ദൃശ്യവൽക്കരിച്ച് അനശ്വരമാക്കിയ ഷാജി എൻ. കരുണിന്റെ മനുഷ്യപ്പറ്റുള്ള സർഗാത്മകതയും നൈതിക ലാവണ്യബോധവും മാനവചരിത്രമുള്ളിടത്തോളം നിലനിൽക്കും, ചരിത്രാനുഭവങ്ങളും നീതിബോധവുമുള്ള ജനവിഭാഗങ്ങൾ ഓർമിക്കും.
ആനിമേഷൻ ഉപയോഗിച്ച് ഇതിനെ സിനിമാറ്റിക്കായി ദൃശ്യവൽക്കരിച്ച് അനശ്വരമാക്കിയ ഷാജി എൻ. കരുണിന്റെ മനുഷ്യപ്പറ്റുള്ള സർഗാത്മകതയും നൈതിക ലാവണ്യബോധവും മാനവചരിത്രമുള്ളിടത്തോളം നിലനിൽക്കും, ചരിത്രാനുഭവങ്ങളും നീതിബോധവുമുള്ള ജനവിഭാഗങ്ങൾ ഓർമിക്കും.

തെന്നിന്ത്യയുടെ ലോകോത്തരമായ സംഘസംസ്​കാരവും സാഹിത്യവും പ്രബുദ്ധചരിത്രവും അവരുടെ ഓർമകളിലില്ലാതെ ജാതിഹിന്ദു വിദ്യാഭ്യാസത്തിലൂടെയും അക്കാദമിക മാധ്യമ സമവായത്തിലൂടെയും മായിച്ചു കളഞ്ഞിരിക്കുന്നു. തെന്നിന്ത്യൻ പ്രബുദ്ധതയെ കുറിച്ചുള്ള ഏതു പുതുവ്യവഹാരവും ശൂദ്ര–ബ്രാഹ്മണ–സിറിയൻ സഖ്യം ഡസ്​കിലിരുന്നു വെട്ടിനീക്കും. ചെമ്പുപട്ടയവുമായും ശിലാലിഖിതവുമായി വരാനാണ് ചരിത്രാധിനായകന്മാർ തിട്ടൂരമിടുന്നത്. സഹോദരന്റെയോ ഗുരുവിന്റെയോ ചരിത്രഭാഷണങ്ങളൊന്നും പാഠ്യപദ്ധതിയിലില്ല. അതെല്ലാം വർഗീയവും മാവാരത രാമായണ പട്ടത്താനങ്ങൾ സനാതനവും. കാല്പനിക വ്യാജ ഗൃഹാതുര പൈങ്കിളി കവിതയായും പ്രസംഗമായും വൈറസായി അക്കാദമികളിലും സർവകലാശാലകളിലും വഴിഞ്ഞൊഴുകി പടരുന്നു. കഴിഞ്ഞ പത്തു നാൽപ്പതു വർഷത്തെ സവർണ ഹൈന്ദവ സാമാന്യബോധനിർമിതിയാണിതു ചെയ്തത്. പ്രബുദ്ധമായ ബഹുജന നവോത്ഥത്ഥാനത്തെ അതിനെറ അശോകകാലം മുതലുള്ള അടിസ്​ഥാന ജനകീയ ധാരകളേയും വംശാവലി ചരിത്രങ്ങളേയും തൊട്ടുകൂടാത്തതായി അവർ എന്നും പടിക്കുപുറത്തു നിർത്തി.

കൃത്യമായി പറഞ്ഞാൽ നവോത്ഥാനത്തിലൂടെ കേരള ആധുനികതയെ നിർമിച്ച പാശ്ചാത്യ ഇടപെടലിനും ഗുരുവിനും സഹോദരനും ശേഷം, ജാതിഹിന്ദുത്വം മൃദുഹിന്ദുത്വ കർമപരിപാടികളിലൂടെ ബഹുജനമാധ്യമങ്ങളെ കോളനീകരിച്ച് സവർണ സാമാന്യബോധത്തേയും ജാതിഹിന്ദു സമവായത്തേയും സവർണസിറിയൻ അധികാര രാഷ്ട്രീയത്തേയും മധ്യകാലത്തു മരുമക്കത്തായവും സംബന്ധവുമെന്ന പോലെ നാട്ടുനടപ്പാക്കി. ചരിത്ര സത്യങ്ങൾ പറഞ്ഞ ഇളംകുളത്തിന്റെ രചനകളുടെ പ്രസിദ്ധീകരണം തന്നെ തടഞ്ഞു മലയാള കുലീനത. വാലത്തിന്റെ സ്​ഥലനാമചരിത്രങ്ങളെ എഡിറ്റിങ്ങ് എന്ന പേരിൽ ചവിട്ടിപ്പിടിച്ചു താമസിപ്പിച്ചു, ആ പ്രതിഭയുടെ അകാലമരണത്തിലേക്കു തന്നെ നയിച്ചു. പതിനാലു ജില്ലകളുടേയും അടിത്തട്ടിലാഴ്ത്തിയ പ്രബുദ്ധ ചരിത്രം അദ്ദേഹം എഴുതിയേനേ.

കേരള ചരിത്രത്തെ കുടില കൗടില്യ ഹിംസയിലൂടെ വെടക്കാക്കി തനിക്കാക്കിയ ബ്രാഹ്മണ പൗരോഹിത്യ ശൂദ്ര പടയാളി സഖ്യത്തിന്റെ കൊടിയ ഹിംസയുടെ ഇരകളാണ് പൂർവ ബൗദ്ധരായ അവർണ ബഹുജനങ്ങൾ. അവർ സഹോദരൻ പദ്യകൃതികളിൽ ഓർമിപ്പിക്കുന്ന പോലെ ജാതിവർണ ബാഹ്യരാണ്, ജാതിഹിന്ദുക്കളിൽ പെടുന്നവരല്ല. ഷാജി ഓളിൽ കാട്ടിത്തരുന്ന ചേതോഹരമായ നെയ്തലോര തണ്ണീരിടങ്ങളിലും സംഘകാലം മുതലെങ്കിലും പ്രശസ്​തമായ ചവരിമാനുകൾ മേഞ്ഞ ചവരിമലപോലുള്ള മുല്ലക്കുറിഞ്ഞി മലമടക്കുകളിലും ഒളിഞ്ഞും തെളിഞ്ഞും മധ്യകാലത്തിനന്ത്യത്തോളം വീണ്ടും മറവപ്പടവന്നു പള്ളിമാമലയെ തകർക്കുന്നവരെ അവർ ബൗദ്ധമായ സമതാ സംസ്​കാരവുമായി ചെറുസംഘങ്ങളെന്ന ഈഴങ്ങളായി ഒറ്റയ്ക്കും തെറ്റയ്ക്കും പിടിച്ചു നിന്നു. പിന്നെ ഹിന്ദുത്വത്തിന്റെ കൊടിയ പീഡനമേറ്റ ജാതി ആജന്മ ഊഴിയം അടിമകളാക്കപ്പെട്ട അവർണരായി പൗരോഹിത്യ ആൺകോയ്മയ്ക്കും ശൂദ്ര കങ്കാണി പടയാളിത്തത്തിനും മുഴുവനായി കീഴടങ്ങാതെ നിരന്തരം ചവിട്ടേറ്റു കഴുവേറികളായി ചത്തജീവിച്ചു നിലനിന്നു പോന്നു. കഴുവേറ്റിക്കല്ലുകൾ കേരളത്തിലിന്നും നിലനിൽക്കുന്നു. നങ്ങേലിയുടേയും അയ്യാ വൈകുണ്ഠരുടേയും ആറാട്ടുപുഴയുടേയും ഗുരുവിന്റെയും അയ്യങ്കാളിയുടേയും അപ്പച്ചന്റെയും കാലം വരെ ഇതായിരുന്നു അവസ്​ഥ. പാലനിലത്തും മരുതത്തിലും മറവപ്പടയുടെ കാലിക്കവർച്ചയും തീവെട്ടിക്കൊള്ളയും തുടർന്നു. നാഗരികതയ്ക്കു നിരക്കാത്ത നിഷ്ഠൂര ഹിംസയാണ് പൗരോഹിത്യ ആൺകോയ്മയും നാലാം വർണമായി ഉയർത്തപ്പെട്ട ശൂദ്ര പടയാളിത്തവും ചേരനാട്ടിൽ നടത്തിയത്. ഈഴത്തലയെന്നവർ വിളിച്ച സംഘടിതമായ സമതയുള്ള ജനതയെ ഇഞ്ചത്തല പോലെ ചതച്ചുകൊണ്ടാണ് ഈ ബ്രാഹ്മണിക–ശൂദ്ര സഖ്യം പരമാധികാരം സ്​ഥാപിച്ചു മനുസ്​മൃതിയുടെ സ്വരാജ്യങ്ങൾ കേരളത്തിൽ സ്​ഥാപിച്ചത്. ഇഞ്ചത്തലയും ഈഴത്തലയും നന്നായി ചതയ്ക്കണമെന്നാണവരുടെ ഹിംസാമൊഴി. ജാതിയും തൊട്ടുകൂടായ്മയും തലക്കരവും മുലക്കരവുമടങ്ങുന്ന നൂറിലധികം കരങ്ങളും പൂർവബൗദ്ധരായ ബ്രാഹ്മണ്യത്തിനു വഴങ്ങാത്ത അവർണരുടെ മേൽ അവർ അടിച്ചേൽപ്പിച്ചു. നങ്ങേലിയെ പോലുള്ള ധീരരായ അവർണ സ്​ത്രീകളെ കുറിച്ചുള്ള സമാനമായ പോരാട്ടത്തിന്റെ ജീവിതാഖ്യാനങ്ങൾ മുല്ലൈ കുറിഞ്ഞി നിലങ്ങളിലെ ആദിവാസികളായ മലയരയരുടെ ഇടയിൽ പോലുമുണ്ട്.

ബ്രാഹ്മണ്യത്തേയും ജാതിയേയും വെല്ലുവിളിച്ച പുത്തരുടെ ധമ്മമെന്ന നീതിചിന്തയെ സ്വന്തം ഭരണഘടനയാക്കിയ മഹാനായ മൗര്യചക്രവർത്തി അശോകന്റെ മകളായ സംഘമിത്തയേയും ചാത്തനാരുടെ നായിക മണിമേഖലയേയും പോലുള്ള ലോകാധ്യാപകരായ സ്​ത്രീകളുണ്ടായിരുന്ന പ്രുബുദ്ധതയുടെ അവസ്​ഥയിൽ നിന്നാണ് നങ്ങേലിയും ദളവാക്കുളവും ആറാട്ടുപുഴയുടെ ജാതിക്കൊലയും അയ്യാവൈകുണ്ഠരുടെ പുലിമട പീഡനവും പൊയ്കയുടെ ജീവനു പോലും ഭീഷണിനേരിട്ടതുമായ ഒരു കിരാതാവസ്​ഥ കേരളത്തിൽ ബ്രാഹ്മണ്യ- ശൂദ്ര -സിറിയൻ സഖ്യം നിർമിച്ചെടുത്തത്. ജോസഫ് കമ്മീഷനിലൂടെ യാഥാർഥ്യ ചരിത്രവിരുദ്ധമായ ഭരണഘടനാടിത്തറയായ സാമൂഹ്യ നീതിക്കു കടകവിരുദ്ധമായ സാമ്പത്തിക മാനദണ്ഡം കുത്തച്ചെലുത്തി ഇപ്പോൾ ദേവസം ഓഡിനൻസിലൂടെ 2019- ഓടെ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ചതും കേരളത്തിലേ ഇതേ ബ്രാഹ്മണിക സഖ്യമാണ്, കക്ഷിരാഷ്ട്രീയത്തിനും സ്ഥാപനങ്ങൾക്കും പ്രദേശങ്ങൾക്കും വർഗനിലയ്ക്കും മതത്തിനും പോലും അതീതമായി ഈ സഖ്യം ഒന്നാണ്. കേരളത്തെ കുറിച്ചുള്ള ആദ്യ ചരിത്ര പ്രസ്​താവം തന്നെ അശോകന്റെ രണ്ടായിരത്തിരുനൂറു കൊല്ലം മുമ്പുള്ള ശിലാശാസനങ്ങളിലാണ്. കേരപുത്തോ എന്നാണ് കേരളത്തിലെ പ്രബുദ്ധരായ മക്കളെ ധമ്മലിപി എന്ന അശോകൻ ബ്രാഹ്മിയിൽ പാലി ഭാഷയിൽ വമ്പ മോരിയൻ എഴുതിവച്ചത്. റൊമീല ഥാപറെ പോലുള്ള ചരിത്രകാരികൾ ആധുനിക കാലത്തതു പുത്തകങ്ങളിൽ എഴുതിവച്ചിരിക്കുന്നു.

ഓളിലെ ഹിംസാരംഗങ്ങൾ, കുട്ടി സ്രാങ്കിലേയും മറ്റും ബുദ്ധഭിക്ഷുക്കൾ ഏറ്റുവാങ്ങുന്ന കൊടിയ ഹിംസകൾ എല്ലാം സൂചിപ്പിക്കുന്നത് കേരള ചരിത്രത്തിലെ ഈ കൊടിയ ഹിംസകളേയും വംശഹത്യകളെയുമാണ്. ഹിംസയുടെ അന്യാപദേശം ഷാജിയുടെ ചിത്രണരീതിയാണ്. ചോരയുടെ ചരിത്രത്തെ വർത്തമാനവുമായും യോജിപ്പിക്കുന്ന പ്രതിനിധാനമാണ് ഷാജി നടത്തുന്നത്. ജി. അജയൻ എന്ന ദലിത് യുവ ചലച്ചിത്രകാരന്റെ ബോധി എന്ന സിനിമയിലെ വംശഹത്യാരംഗങ്ങളും ഇവിടെ ഓർക്കാവുന്നതാണ്. ഷാജിയിലും അജയനിലും ഈ പുതു ഭാവുകത്വവും വിമർശ ചരിത്രാഭിമുഖ്യവും ഇന്ത്യയിൽ ദേശീയവാദകക്ഷിയുടെ ആക്രാമകമായ തിരിച്ചുവരവു നടന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഉണ്ടാകുന്നത് ശ്രദ്ധേയമാണ്. ഹോളോകോസ്റ്റ് വംശഹത്യ അനുഭവിച്ച യൂറോപ്പിൽ പസോലിനിയും മറ്റും ഫാഷിസത്തെ കുറിച്ചുള്ള അന്യാപദേശങ്ങൾ നിരവധി പിടിച്ചിട്ടുണ്ട്. ഗ്രാഫിക്കൽ വിശദാംശങ്ങളോടെ അദ്ദേഹം ചരിത്രണപരമായി എടുത്ത സലോ (1975) പുറത്തു വന്ന് മാസങ്ങൾക്കുള്ളിൽ വലതുപക്ഷ ഭീകരവാദികളാൽ കൊലചെയ്യപ്പെടുകയാണുണ്ടായത്.

ജി. അജയൻ എന്ന ദലിത് യുവ ചലച്ചിത്രകാരന്റെ ബോധി എന്ന സിനിമയിലെ വംശഹത്യാരംഗങ്ങളും ഇവിടെ ഓർക്കാവുന്നതാണ്.
ജി. അജയൻ എന്ന ദലിത് യുവ ചലച്ചിത്രകാരന്റെ ബോധി എന്ന സിനിമയിലെ വംശഹത്യാരംഗങ്ങളും ഇവിടെ ഓർക്കാവുന്നതാണ്.

അശോകമകളായ സംഘമിത്തയാണ് ബി. സി. മൂന്നാം നൂറ്റാണ്ടിൽ ഗയയിലെ ബോധിവൃക്ഷത്തിന്റെ കമ്പിനെ വേരുപടർത്തി നെഞ്ചോടു ചേർത്ത് കപ്പലിൽ കലിംഗത്തു നിന്നും വംഗസാഗരത്തിലൂടെ സിന്ധുമഹാസാഗരത്തിലേക്കു കടന്നു ശ്രീലങ്കയിലെ അനുരാധപുരത്തെത്തി നട്ടുനനച്ചുവളർത്തിയത്. സംഘത്തിന്റെ അഥവാ ഈഴത്തിന്റെ ഉടപ്പിറന്നവളായ സംഘമിത്തയുടെ മൈത്രീബോധം അപ്പനായ അശോകനെ പോലെ ലോകസാഹോദര്യപരമല്ലോ. മഹിന്ദന്റെ നാമവും അതുപോലെ തന്നെ. അരുളുള്ളവനാണു ജീവി എന്ന് കേരളപുത്തരായ നാണുവാശാൻ ആഴത്തിലടുപ്പത്തിൽ ഈഴത്തിന്റെ അഥവാ സംഘത്തിന്റെ ശുഭകാരകനായ സാക്ഷാൽ വിനായകനായ പുത്തരെ പോലെ ഉള്ളുണർത്തുന്നു. ‘‘അപ്പ ദീപോ ഭവ’’ (താങ്കൾ സ്വന്തം വെളിച്ചമാവുക) എന്ന പുത്തവചനം നമുക്കോർക്കാം. കേരളത്തിൽ അപ്പൻമാരുണ്ടാകുന്നത് പൂജക ബഹുവചനത്തിലുള്ള ഈ ബുദ്ധ സംബോധനയിൽ നിന്നാണ്. 1918- ലും 1926- ലും കേരളപുത്തരായ ഗുരു ഇന്ത്യയുടെ പുതുപുത്തരായ അംബേദ്കറെ പോലെ രണ്ടുവട്ടം ഈഴത്തിന്റെ നാടായ ഇലങ്കയിൽ പോയി. അവിടെ 1918- ലാണ് അമരസിംഹനെന്ന സിംഹള ബുദ്ധ ഭിക്കു എഴുതിയ അമരകോശം ഉദ്ധരിച്ചു കൊണ്ട് ‘നമ്മുടേതും ബുദ്ധമതം തന്നെ’ എന്നു ഭൂമീസ്​പർശം ചെയ്താണയിട്ടു പറഞ്ഞത്.

മണ്ണിനേയും മനസ്സിനേയും തണ്ണീരിനേയും ജീവൽശ്വാസത്തേയും തൊടുന്നതാണ് ഗുരുവരുളുകൾ പോലുള്ള ഷാജിയുടെ ചലച്ചിത്രകാവ്യങ്ങൾ. സങ്കടക്കയങ്ങളേയും ജീവിതസത്യങ്ങളേയും നൈതികലാവണ്യ ദീപ്തിയോടെ അവ വെളിപ്പെടുത്തുന്നു. സൈനികവും സായുധവും വംശഹത്യാപരവുമാകുന്ന അപരവൽക്കരണപരമായ സംസ്​കാരദേശീയത ഇന്ത്യയെ സമഗ്രാധിപത്യപരമായ പൗരോഹിത്യ–പടയാളി ആൺകോയ്മയിലേക്കു കൂപ്പുകുത്തിക്കുമ്പോൾ പിടിവള്ളിയാകുന്നത് കേരളമണ്ണിന്റെയും മനുഷ്യരുടേയും യാഥാർഥ്യമാർന്ന സംസ്​കാരചരിത്രത്തെ തൊടുന്ന നേരും നീതിയുമാർന്ന ചലച്ചിത്രഭാഷണമാണ്. വാമനാദർശം വെടിഞ്ഞിടേണം മാബലിവാഴ്ച്ച വരുത്തിടേണമെന്ന് സഹോദരൻ ‘‘ഓണപ്പാട്ടി’’ലൂടെ ഒരു നൂറ്റാണ്ടു മുമ്പ് കേരളമക്കളെ ഓർമിപ്പിച്ചു. ചലച്ചിത്രം ചരിത്രഭാഷണവും സംസ്​കാരസഭ്യതയുമാകുന്ന ബഹുജനോന്മുഖമായ വിമോചന മുഹൂർത്തമാണിത്.

മലയാള കുലീനത കാലടിയിലും പട്ടണത്തും കേന്ദ്ര ഹൈന്ദവ ദേശീയകക്ഷി കീഴടിയിലും കുടില ഹിംസയിലൂടെ, ചതിയിലൂടെ ചവിട്ടിയാഴ്ത്തിയിരിക്കുന്ന കേരളത്തിന്റെയും തമിഴകത്തിന്റെയും ലോകോത്തരമായ രാജ്യാന്തര പ്രബുദ്ധത വെളിപ്പെടുത്തുന്ന ചിത്രമാണ് ഓള്. കായലിലേക്കു കഴുത്തിൽ കല്ലും കയറുമിട്ടു കെട്ടിയാഴ്ത്തപ്പെടുന്ന കൂട്ടബലാത്സംഗത്തിനിരയായ പകുതിജീവനുളള പെൺകുട്ടി അടിത്തട്ടിലെ തോപ്പിൽ ആ പഴയ സംഘാരാമത്തിൽ അഭയവും ശരണവും തേടുന്നു. പാണ്ഡ്യരാജധാനിയായ മദുരൈ എരിച്ചതിനു ശേഷം കണ്ണകി വൈഗാതീരത്തുകൂടി മേക്കോട്ടു അഥവാ പടിഞ്ഞാട്ടു നടന്നു മേഘമലൈ കയറി മേക്കുതുടർച്ചിമലയിലെ വണ്ണാത്തിപ്പാറയിലുള്ള മംഗളമാടൻ തായ്ക്കോട്ടത്തിൽ അഭയം തേടി ഒരു ഭിക്കുനിയാവുന്നതു പോലെ. ഇളങ്കോയും ചാത്തനാരും ഇളം, മുതുപോതിയാർമാരും മണിമേഖലയും സൂചിതമാകും ഈ കലാചാര വഴക്കങ്ങളും സാമൂഹ്യ ആഴങ്ങളും തേടുന്ന ചരിത്രണപരമായ തിരപ്പടങ്ങളിൽ. അയിംപെരുംകാപ്പിയവും അയിംതിണൈവഴക്കവും ലാവണ്യകാവ്യനീതിയാകും. എം. ജെ. ആറിന്റെ ഛായാഗ്രഹണം പ്രകൃതിയുടെ ഉണ്മയെ തിണസങ്കല്പത്തിലാവാഹിക്കുന്നു. സംഘസംസ്​കാരവും ചങ്കസാഹിത്യവും മനം കുളിർപ്പക്കുന്ന പൂമ്പിറയാവും. കലാപരമായ ആനിമേഷനിലൂടെ വെള്ളത്തിനടിയിലെ കാവും ജീവജാലങ്ങളും മൈത്രീബോധത്തോടെ പുത്തരുടെ അനിത്യവാദത്തെ പ്രതീകവൽക്കരിച്ചു കൊണ്ട് ഹൃദയഹാരിയായി അവതരിപ്പിച്ചിരിക്കുന്നു. പൗർണമികളിൽ തോണിയിലെത്തുന്ന വാസുവെന്ന കലാകാരനാണ് അവളുടെ ശബ്ദം കേൾക്കുന്നത്. കലാകാരന്റെ സംവേദനീയതയും സർഗാത്മക കർതൃത്വവും അനാവരണം ചെയ്യപ്പെടുന്നു. കലാവിപണിയുടെ മൂലധന കോയ്മയെ ചിത്രം അടരടരായി അപനിർമിക്കുന്നു. വിനോദസഞ്ചാര വിപണിയുടെ രാഷ്ട്രീയ സമ്പദ് വ്യവസ്​ഥയും ഇന്ത്യൻ സമൂഹത്തിന്റെ തന്നെ കോർപ്പറേറ്റ് ബ്രാഹ്മ ണ്യവൽക്കരണവും സമഗ്രാധിപത്യമായി പെരുകുന്ന അധീശ വരേണ്യ ആൺകോയ്മാ മൂലധന വ്യവസ്​ഥയും ബിംബാവലികളിലൂടെ വിമർശ പ്രതിനിധാനത്തിനു വിധേയമാകുന്നു. നീണ്ടുതെഴുത്തു പത്തിനീർത്തിയ പൗരോഹിത്യ ആണത്തത്തിന്റെ ക്ഷുദ്രമായ പരിശുദ്ധ പരമലിംഗം പോലെ മുംബൈ മഹാനഗരിയുടെ ചേരിയുടെ ചക്രവാളത്തിൽ എട്ടുനിലയിൽ ഹെലിപ്പാഡും നീന്തൽക്കുളവും ബാറുകളും ശയനയറകളും ഉരുക്കറകളും ഖജാനകളും കേളീരംഗങ്ങളുമായി മുറ്റിനിൽക്കുന്ന അംഭാനിയുടെ ആ വിരാട വിശ്വരൂപമാർന്ന വൈദിക പുരുഷസൂക്ത പ്രോക്തമായ വിരാടപുരുഷ ബീഭൽസ ശയ്യാഗൃഹം മൂവായിരത്തഞ്ഞൂറു കോടിയിൽ തെഴുത്തുപെരുക്കിയ പട്ടേലരുടെ ഉരുക്കുപ്രതിമയുടെ ലോഹസത്തയേയും വെല്ലുന്നതാകുന്നു. രണ്ടുനിമിഷത്തെ ആ ദൃശ്യം പോരും ഇന്ത്യൻ പ്രത്യയശാസ്​ത്രത്തെ സൂക്ഷ്മരാഷ്ട്രീയബോധത്തോടെ അടയാളപ്പെടുത്താൻ. തെരുവുകളിൽ ആഹാരത്തിന്റെയും ജാതിമതങ്ങളുടേയും പേരിൽ മനുഷ്യരെ അടിച്ചുകൊല്ലുമ്പോൾ പശുവും പ്രദേശവും ഭാഷയും മാതാവാകുന്നു. അഖണ്ഡദേശീയതയും ഏകഭാഷയുടെ ഗീർവാണവും അടിച്ചേൽപ്പിക്കപ്പെടുന്നു. അപരവൽക്കരണവും അന്യവൽക്കരണവും കൊഴുക്കുന്നു. കൊല്ലാൻ പഠിപ്പിക്കുന്ന പാഠങ്ങൾ, വർണാന്ധതയുടെ മീൻകാഫുകൾ, സ്​മൃതിശ്രുതി പുരാണപാഠങ്ങളായി മാവാരത രാമായണ പട്ടത്താനങ്ങളാടിത്തെഴുക്കുന്നു. ക്ഷുദ്രലഹളകൾ നിർമാണഘടനയെ വെല്ലുവിളിക്കുന്നു. കൊല്ലുന്നവൻ രാജാവും ദൈവവുമാകുന്നു. രാമരാജ്യത്തെ ശംബൂകന്റെ ഗതിയെ കുറിച്ച് 1914- ൽ ഉറക്കെ മുന്നറിയിപ്പു തന്നത് നാണുഗുരുവാണ്.

മണ്ണിനേയും മനസ്സിനേയും തണ്ണീരിനേയും ജീവൽശ്വാസത്തേയും തൊടുന്നതാണ് ഗുരുവരുളുകൾ പോലുള്ള ഷാജിയുടെ ചലച്ചിത്രകാവ്യങ്ങൾ. സങ്കടക്കയങ്ങളേയും ജീവിതസത്യങ്ങളേയും നൈതികലാവണ്യ ദീപ്തിയോടെ അവ വെളിപ്പെടുത്തുന്നു.
മണ്ണിനേയും മനസ്സിനേയും തണ്ണീരിനേയും ജീവൽശ്വാസത്തേയും തൊടുന്നതാണ് ഗുരുവരുളുകൾ പോലുള്ള ഷാജിയുടെ ചലച്ചിത്രകാവ്യങ്ങൾ. സങ്കടക്കയങ്ങളേയും ജീവിതസത്യങ്ങളേയും നൈതികലാവണ്യ ദീപ്തിയോടെ അവ വെളിപ്പെടുത്തുന്നു.

വർണസങ്കരത്തെ മഹാപാപമായി തടയിടുന്ന ഗീതാവൈഖരിയുതിർക്കുന്ന തൃകാലികളായ സനാതന ദൈവങ്ങൾ തുടയ്ക്കടിച്ചു താളമിട്ടു പാടി കൊലയ്ക്കു മാർഗദർശികളാവുന്നു. ഗീതാഗിരി ശിബിരങ്ങളും മാവാരതപട്ടത്താനങ്ങളും മുകിലയവന ബഹുരൂപങ്ങളിൽ പകർന്നാടുന്നു. പൂനാപ്പട്ടിണികൾ ആവർത്തിക്കുന്നു. ജനായത്തത്തിനും പ്രാതിനിധ്യത്തിനുമെതിരായ സാമ്പത്തികമൗലിക സ്വത്വവാദം സമൂഹത്തേയും സംസ്​കാരത്തേയും രാഷ്ട്രീയത്തേയും വിഴുങ്ങുന്നു. നിർമാണഘടന അനുദിനം റദ്ദുചെയ്യപ്പെടുന്നു. അമ്പതുകളിൽ തന്നെ നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും അനുഭവവും സാമൂഹ്യ പ്രയോഗവുമായ ആഭ്യന്തര ജനായത്തവും സാമൂഹ്യ പ്രാതിനിധ്യവും സേവനരംഗത്തെ കാര്യക്ഷമതയെ തകർക്കുമെന്ന് പരമപുരോഹിതന്മാർ ഭരണപരിഷ്കാര കമ്മീഷനുകളിൽ എഴുതിയാഴ്ത്തി. രാമരാജ്യമായ ഹിന്ദുഗ്രാമസ്വരാജ്യത്തേക്കിനിയധികമില്ല ദൂരം. സഹോദരൻ സഹോദരനെ കൊല്ലുമ്പോൾ പൗരോഹിത്യ–പടയാളി ആൺകോയ്മയുടെ ജാതിഹിന്ദുത്വം ചോരകുടിക്കുന്നു. അതു ചവിട്ടിയാഴ്ത്തുന്നത് സമഭാവനയുടേയും ബോധോദയത്തിന്റെയും കാരുണ്യത്തിന്റെയും മാനവിക സംസ്​കാരത്തേയാണ്. അടിത്തട്ടിലൂറിയ ആ സമഗ്രജീവിതവഴിയേയും ജീവിതസമരത്തേയും തിരിച്ചറിഞ്ഞ് ഈ വൈകിയ സമഗ്രാധിപത്യകാലത്ത് സമാധാനപരമായും കലാപരമായും ചികിൽസ പോലെ ജനങ്ങളിലേക്കു പകരുന്നു എന്നതാണ് ഓളിന്റെ പ്രസക്തി. പ്രബുദ്ധതയ്ക്കു മാത്രമേ പാഷണ്ഡതയെ ചെറുക്കാനാവൂ. ചരിത്രണത്തിലുപരി സംസ്​കാരത്തിന്റെയും നാഗരികതയുടേയും രാഷ്ട്രീയത്തിലും വർത്തമാനത്തിലും ഭാവിയിലും സിനിമ പങ്കാളിയാവുന്നു, പ്രതിനിധാനവും പ്രാതിനിധ്യവും വികസിപ്പിക്കുന്നു. സാമൂഹ്യ ശരീരത്തിനും മനസ്സിനുമുള്ള സുഖചികിൽസയും വിരേചനവുമാകുന്നു ഷാജിയുടെ സിനിമ.

കേരളീയ ദൃശ്യപ്രകൃതിയിലെ ഏറ്റവും നിർണായകമായ ഇടമാണ് കായലുകളും പുഴകളും ആറുകളും വയലുകളും ഇഴചേരുന്ന നെയ്തൽ തിണ. നെയ്തലും മരുതവും ഇവിടെ ഊഴിയിൽ ഇടകലരുന്നു. താണനിലത്തേക്കു മാത്രമേ നീരോടൂ. തെക്ക് അട്ടമുടിക്കായലിൽ തുടങ്ങുന്ന കുട്ടനാട്–കോൾ തണ്ണീർ തടങ്ങൾ പൊന്നാനി–എരമംഗലം ഭാഗത്തെ കായലാറും കടന്ന് വടക്ക് കോലത്തുനാട്ടിലെ കൈപ്പാടുകളിലേക്കും പുഴകളിലേക്കും നീളുന്നു. തുളുനാടുമുതൽ നാഞ്ചിനാടു വരെ നീളുന്ന ഉൾനാടൻ നെയ്തൽ ജലപാതകൾ അശോക കാലം മുതൽ കേരളതീരത്തുടനീളം നെൽകൃഷിയെ പടർത്തുവാനും സംസ്​കാര വാണിജ്യ വിനിമയങ്ങൾക്കും നൈതിക ബോധന സുവിശേഷവേലയ്ക്കുമായി ബുദ്ധസംഘങ്ങൾ അഥവാ ഈഴങ്ങൾ വികസിപ്പിച്ചു പോന്നു. പ്രബുദ്ധമായ സംഘകാല സംസ്​കാരവും സാഹിത്യവും ഉള്ളുണർത്തിയ പാരിസ്​ഥിതികമായ നൈതിക സൗന്ദര്യശാസ്​ത്രമായ ഐംതിണൈ വഴക്കമെന്ന മൈത്രീകാരുണ്യ ബോധമാർന്ന പഞ്ചശീലങ്ങളെ സൂചിപ്പിക്കുന്ന അഞ്ചു പാരിസ്​ഥിതിക മണ്ഡലങ്ങളെ ആധാരമാക്കുന്ന തിണസങ്കൽപ്പത്തിലാണ് കുറിഞ്ഞിയും മുല്ലയും പാലയും മരുതവും നെയ്തലുമടങ്ങുന്ന പ്രകൃതിദൃശ്യ പാരിസ്​ഥിതിക ലാവണ്യശാസ്​ത്രം ഇതൾവിരിയുന്നത്. തികച്ചും പ്രകൃതിബദ്ധവും ഭൗമീകവുമായ ജീവനേയും ജലത്തേയും ഭൂമിയുടെ ഭാവിയേയും കരുതുന്ന പ്രാപഞ്ചികമായ ജൈവരാഷ്ട്രീയമാണതിനുള്ളത്. സനാതനമോ വൈദികമോ സ്​ഥലബന്ധമില്ലാത്തതോ ആയ സത്യശിവസുന്ദര സങ്കൽപ്പവുമായി ഇതിനു ബന്ധമൊന്നുമില്ല. മറിച്ച് പ്രബുദ്ധമായ ഭൂമീസ്​പർശമുദ്ര വ്യകതമാക്കുന്ന പോലെ കാലടികൾ ചവുട്ടിനിൽക്കുന്ന മണ്ണുമായും കീഴടിയിലമരുന്ന ഭൗമീകവും ജൈവീകവുമായ ജലവും ജീവനും ചലനവുമായും ആണ് ഈ മാനവികമായ നൈതിക സൗന്ദര്യശാസ്​ത്രം ആഴത്തിലടുപ്പത്തിൽ ബന്ധുത്വമാർന്നിരിക്കുന്നത്.

ചരാചരങ്ങളുടെ മൈത്രീബന്ധത്തെയും നിരന്തര മാറ്റങ്ങളേയും സിദ്ധാന്തവൽക്കരിക്കുന്ന മഹാകാരുണികനായ പുത്തരുടെ അനിത്യവാദമെന്ന പ്രതീത്യസമുദ്പാദത്തിന്റെ അപനിർമിക്കാനാവാത്ത നൈതിക ലാവണ്യശാസ്​ത്രമാണത്. അപനിർമിക്കാനാവാത്തതായി നീതി മാത്രമേയുളളൂ. അതിനുവേണ്ടിയാണ് അപനിർമാണവും വിമർശവുമെല്ലാം. മണ്ണിന്റെയും പെണ്ണിന്റെയും ജീവന്റെയും നേർക്കു കാണിക്കുന്ന അനീതികളേയും അക്രമങ്ങളേയും വിളിച്ചുപറയുകയും ചെറുക്കുകയും ചെയ്യുന്ന അധീശവിരുദ്ധമായ അടിത്തട്ടിൽ നിന്നുള്ള നൈതിക ലാവണ്യവിചിന്തനമാണ് തെന്നിന്ത്യയുടെ പ്രുബുദ്ധമായ സംഘസംസ്​കാരം. വിശ്വസാഹോദര്യത്തിന്റെ ഇഴയടുപ്പത്തോടെ മനുഷ്യസമുദായത്തിലും പ്രപഞ്ചക്കൂട്ടായ്മയിലും പരസ്​പരാശ്രയബന്ധുത്വത്തോടെ സംഘടിതമാകുന്ന മണ്ണുമായും വിശ്വപ്രകൃതിയുമായും ഇഴുകിച്ചേരുന്ന പ്രബുദ്ധരുടെ അടിസ്​ഥാന ജനായത്തം തന്നെയാണ് സംഘക്കാരുടെ പ്രബുദ്ധസംസ്​കാരം. മണ്ണും മനുഷ്യനും ഒന്നാകുകയും മണ്ണിലേക്കുമടങ്ങുകയും ചെയ്യുന്ന പൂക്കളുടേയും ഇലകളുടേയും അനുകമ്പാദർശനം. കേരളപുത്തരായ നാണുവാശാന്റെ അറിവുമൻപുമാർന്ന മൊഴിയരുൾ പോലെ ഈഴവശിവൻ ഈഴമെന്ന ഇഴചേർന്ന, ഇഴയടുപ്പമുള്ള അഥവാ സംഘടിതമായ സംഘത്തിന്റെ നായകരായ ലോകനാഥരായ പുത്തരാണ്. ഈഴച്ചെമ്പകവും ഈഴക്കൊന്നയും ഈഴമുല്ലയും പ്രതീകവൽക്കരിക്കുന്ന പൂങ്കുലകളുടെ പഞ്ചശീലമാർന്ന സംഘാടനവും ഇഴയടുപ്പവും സംഘബോധവുമാണത്.

2018- ലെ കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രമേളയിലെ ആദ്യ ചിത്രവും ഗോവയിലെ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയുടെ ഫീച്ചർ വിഭാഗം തുടക്കചിത്രവുമായ ഷാജി കരുണിന്റെ ഓള് തുടങ്ങുന്നതും ആയിരം പൂക്കൾ വിരിയട്ടേയെന്ന ബൗദ്ധവന്ദനത്തോടെയാണ്.
2018- ലെ കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രമേളയിലെ ആദ്യ ചിത്രവും ഗോവയിലെ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയുടെ ഫീച്ചർ വിഭാഗം തുടക്കചിത്രവുമായ ഷാജി കരുണിന്റെ ഓള് തുടങ്ങുന്നതും ആയിരം പൂക്കൾ വിരിയട്ടേയെന്ന ബൗദ്ധവന്ദനത്തോടെയാണ്.

ഗുരുവിനും പോലും മാതൃകയാകുന്ന രീതിയിൽ 1852- ൽ മംഗലത്തെ ജ്ഞാനേശ്വരം പ്രതിഷ്ഠയെ തുടർന്ന് ദിവാൻ മാധവറാവുവിനു മുമ്പിൽ ഈഴവശിവൻ എന്ന പ്രബുദ്ധ രൂപകം ആദ്യം ഉപയോഗിച്ചത് ആറാട്ടുപുഴയുടെ ധാമ്മിക ധീരതയാണ്. ഇതിനെ മാവേലിയുടെ മിത്തിലെന്ന പോലെ ചതിയിലൂടെയും വംശഹത്യാപരമായ ഹിംസയിലൂടെയും കാലടികളിൽ ചവിട്ടിയമർത്തിയാണ് സനാതന സൗന്ദര്യശാസ്​ത്രവും ബ്രാഹ്മണിക മൂല്യങ്ങളും ഹൈന്ദവാഖ്യാനങ്ങളായ സ്​മൃതിശ്രുതിപുരാണങ്ങളും മധ്യകാലത്തും നവോത്ഥാന അനന്തരകാലത്തും തമിളകത്തും കേരളത്തിലും കുടിലമായ മേൽക്കൈ നേടിയത്.

കീഴടികളിലേക്കു ചവിട്ടിയാഴ്ത്തിയ പ്രബുദ്ധതയും നൈതിക ലാവണ്യവും പൗർണമികളിൽ പൊന്തിവരുന്നതാണ് നാം ഷാജി കരുണിന്റെ കരുണാർദ്രവും നൈതികവുമായ പുതിയ ചലച്ചിത്രമായ ഓളിൽ കാണുന്നതും. പിച്ചിച്ചീന്തി കായലിൽ കെട്ടിത്താഴ്ത്തിയ അവളെ അടിത്തട്ടിലുള്ള കാവ് സംരക്ഷിക്കുന്നു. ബാധോദയ ഭാഷണത്തിലേക്കവൾ ഉൾച്ചേർക്കപ്പെടുകയായി. ധമ്മബോധിനികളായ ഭിക്കുനിമാരുടെ, സംഘമിത്തയെ പോലുള്ള അശോക ബോധിനിമാരായ പോതികളുടെ ഔഷധത്തോട്ടങ്ങളും തോപ്പുകളും സംഘാരാമങ്ങളുമായ കന്യാമഠങ്ങൾ അധവാ കന്യകാവുകൾ എന്ന കാവുകളായിരുന്നു കേരളത്തിലെ എല്ലാ പഴയ അമ്പലങ്ങളും. ഇന്നും പാതിയും കാവുകളായി തുടരുന്നു. പാമ്പാട്ടിച്ചിന്തിൽ (സനാതനികൾ ‘‘കുണ്ഡലീനിപ്പാട്ടാ’’ക്കിയ യഥാർഥ പാമ്പാട്ടിച്ചിന്ത്) നാണുഗുരു പാടിയ അടിസ്​ഥാന നാഗജനതയുടെ വിമോചനാത്മീയമായ ആദി ദ്രാവിഡാരാധനാകേങ്ങ്രളും കൂടിയായിരുന്നു കാവുകളും പതികളും. ഇളങ്കോയും ചാത്തനാരും സംഘകാല പ്രബുദ്ധതയിൽ സാഹിതീയമായും സാംസ്​കാരികമായും അനശ്വരരാക്കിയ കണ്ണകിയുടേയും മാധവിയുടേയും മണിമേഖലയുടേയും കാവ്യാഖ്യാനസന്ദർഭങ്ങൾ സൂചിപ്പിക്കുന്ന പോലെ പൗരോഹിത്യ–പടയാളി സഖ്യത്തിന്റെ രാജാധികാര ആണത്ത അനീതിക്കിരയാകുന്ന സ്​ത്രീകൾ അഭയം തേടുന്നത് ശരണാഗതരെ കാത്തിരിക്കുന്ന പുത്തരുടെ കന്യാമഠങ്ങളിലാണ്. മംഗളാദേവിയും ആറ്റുകാലമ്മയും മറ്റാരുമല്ല. ലോകസങ്കടങ്ങളുടെ കാരണവും നിവാരണവും അവരവിടെ തേടുന്നു. അവിടെ മാതംഗിയേയും പ്രകൃതിയേയും സംഘമിത്തയേയും മണിമേഖലയേയും, ചണ്ഡാലരും ശൂദ്രരും തൊട്ടുകൂടാത്തവരുമായിരുന്ന മറ്റനേകം ഭിക്ഷുണിമാരേയും പോലെ അവർ ലോകസഞ്ചാരികളും ലോകാധ്യാപികമാരുമായ ലോകത്തെ മാറ്റിപ്പണിയുന്ന കാരുണ്യത്തിന്റെ, വിദ്യാഭ്യാസത്തിന്റെ, ആതുരസേവനത്തിന്റെ മിഷനറിമാരായി മാറുന്നു, വിശ്വബോധിനിമാരാകുന്നു, തികഞ്ഞ പോതിമാരായി മണ്ണിലേക്കുവേരു പടരുന്നു. പോതിമരങ്ങൾ മണ്ണിൽ വളർന്നു വായുവിൽ വിലയിച്ചു, താണനിലത്തേക്കൊഴുകുന്നു. മണിമേഖലൈ വിഹാരമെന്ന ബൗദ്ധ പള്ളി ഇന്ന് കാഞ്ചീപുരത്ത് കാമാച്ചിയമ്മൻ കോവിലായി മാറ്റിയിരിക്കയാണ്. ആദിപല്ലവരായ ബൗദ്ധരുടെ കേന്ദ്രമായിരുന്ന കാഞ്ചിപുരമെന്ന പഴയ ബുദ്ധകാഞ്ചിയിലെ പല പെരിയ കോവിലുകൾക്കകത്തും അടുത്തുമായി ഇന്നും ബുദ്ധശില്പങ്ങൾ അവശേഷിക്കയാണ്, കേരളത്തിലെ പള്ളിക്കൽ ഭരണിക്കാവും മാവേലിക്കരയും കരുമാടിയും പോലെ തന്നെ. കർണാടകത്തിലെ സന്നതിയിലെ കനഗനഹള്ളിയിലെ കാളീക്ഷേത്രം തകർന്നുവീണപ്പോഴാണ് അടിയിലുള്ള സന്നതി സ്​തൂപത്തിന്റെ ശിലകൾ വെളിപ്പെട്ടത്. അശോകന്റെ അർധ ശില്പവും ധമ്മലിപിയിൽ അടിയിൽ രായാ അസോകോ എന്ന ലിഖിതവും സന്നതിയിലെ സ്​തുപത്തിലുണ്ട്. കേരളത്തിൽ പെരിയാറോരത്ത് രായമംഗലമെന്നും (രായാ അഥവാ രാജാ അശോകെൻ്റ മംഗലം) അശമന്നൂർ എന്നും പേരായ രണ്ടു പഞ്ചായത്തുകൾ ഇന്നുമുണ്ട്. മണ്ണടിക്കാവിലും മഹാമായാരൂപവും വഞ്ചിയിൽ കല്ലടയാറിലൂടെ വരുന്ന തലപ്പാവുവച്ച രാജരൂപവും ശിലയിൽ കൊത്തിവച്ചിരിക്കുന്നത് കാണാം. അശോകന്റെ ഇരട്ടക്കെട്ടുള്ള തലപ്പാവ് വളരെ വ്യകതമാണിവിടെ. ഈ രീതിയിൽ കേരളമണ്ണിൽ പ്രബുദ്ധതയുടെ കാലടിപ്പാടുകൾ പതിഞ്ഞുകിടക്കുകയാണ്.

2018- ലെ കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രമേളയിലെ ആദ്യ ചിത്രവും ഗോവയിലെ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയുടെ ഫീച്ചർ വിഭാഗം തുടക്കചിത്രവുമായ ഷാജി കരുണിന്റെ ഓള് തുടങ്ങുന്നതും ആയിരം പൂക്കൾ വിരിയട്ടേയെന്ന ബൗദ്ധവന്ദനത്തോടെയാണ്. തെന്നിന്ത്യയെ സാക്ഷരവും നൈതികവുമാക്കി ധമ്മചിന്തയും ധമ്മലിപിയെന്ന അശോകൻ ബ്രാഹ്മിയും പ്രാചീന തമിളകത്തവതരിപ്പിച്ച് അടിത്തട്ടിലുടെ മനുഷ്യരെ ധമ്മനീതിബോധത്തിലേക്കു വഴിനടത്തിയ ഭിക്കുനിമാരിൽ ഒരാളെ പ്രതിനിധീകരിച്ച് ജ്ഞാനേശ്വരി എന്ന ഭിക്കുനിയെ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജ്ഞാനേശ്വരി എന്ന മധ്യകാല മറാഠി ഗീതാവ്യാഖ്യാന ഗ്രത്തിലേക്ക് ഈ പേരു പ്രകടമായി നയിച്ചാലും കേരള ചരിത്രത്തിൽ 1850- കളുടെ തുടക്കത്തിൽ നവോത്ഥാനത്തിനു തുടക്കമിട്ടുകൊണ്ട് ആറാട്ടുപുഴ മംഗലത്തു നടത്തിയ പ്രതിഷ്ഠയുടെ പേരും ജ്ഞാനേശ്വരമൂർത്തിയെന്നായിരുന്നു. കരുണാമയവും പ്രബുദ്ധവുമായ ജ്ഞാനത്തിന്റെ ഈശ്വരൻ അശോകന്റെ ഈശ്വരനായ പുത്തരല്ലാതാകുമോ. ഞാനോതയമേ... ഞാതുരുവേ... ഞാനോ നീയോ ആദിപരം... എന്ന് തേവാരപ്പതികങ്ങളിൽ തമിഴ് ചിത്തനാകുന്ന നാണുഗുരു തെന്നിന്ത്യൻ തായ്മൊഴിയിൽ അരുളുന്നു. അയ്യാ വൈകുണ്ഠരുടെ അഖിലത്തിരട്ടും അരുൾനൂലും മുഴങ്ങുന്നു. ഗുരു തമിഴിൽ നിന്നു നേരിട്ടു മൊഴിമാറ്റിയ തിരുവള്ളുവരുടെ തിരുക്കുറൽ നമ്മെ ബോധിപ്പിക്കുന്നതും അകാരമാമെഴുത്താദിയായെല്ലായെഴുത്തിനും കാരണം ആദിഭഗവാനായ പുത്തരുടെ വഴി തന്നെ.

കുട്ടിസ്രാങ്കു മുതലുള്ള ചിത്രങ്ങളിൽ ഷാജി കരുൺ സിന്ധുമഹാസാഗര വാണിജ്യ പാതകളിലൂടെ മരക്കലങ്ങളെന്ന കപ്പലുകളിൽ കേരളതീരത്തെത്തുന്ന ബുദ്ധബോധകരെ ചിത്രീകരിച്ച് കേരളത്തിന്റെ പ്രബുദ്ധമായ ലോകബന്ധങ്ങളേയും സംസ്​കാര ചരിത്രത്തേയും സ്​പർശിച്ചിട്ടുണ്ട്.
കുട്ടിസ്രാങ്കു മുതലുള്ള ചിത്രങ്ങളിൽ ഷാജി കരുൺ സിന്ധുമഹാസാഗര വാണിജ്യ പാതകളിലൂടെ മരക്കലങ്ങളെന്ന കപ്പലുകളിൽ കേരളതീരത്തെത്തുന്ന ബുദ്ധബോധകരെ ചിത്രീകരിച്ച് കേരളത്തിന്റെ പ്രബുദ്ധമായ ലോകബന്ധങ്ങളേയും സംസ്​കാര ചരിത്രത്തേയും സ്​പർശിച്ചിട്ടുണ്ട്.

യഥാർഥത്തിൽ പുത്തർക്കു മുന്നൂറുവർഷങ്ങൾക്കു ശേഷം ബി. സി. മൂന്നാം നൂറ്റാണ്ടിലെത്തിയ അശോകബോധകരായിരുന്നു തെന്നിന്ത്യയേയും സിലോണിനേയും സാക്ഷരസഭ്യതയിലേക്കു നയിച്ചത്. ഇന്നത്തെ ഒഡീഷയായ കലിംഗത്തു നിന്നും കപ്പൽമാർഗം സിലോണിലൂടെയാണവർ കേരളത്തിലെത്തിയത്. നാം കണ്ടതു പോലെ ഗയയിലെ ബോധിവൃക്ഷത്തിന്റെ ശാഖയെ ശ്രീലങ്കയിലെ അനുരാധപുരത്തു കൊണ്ടുവന്നു നട്ടുനനച്ചു വളർത്തിയത് അശോകന്റെ മകളും ഭിക്കുനിയുമായ സംഘമിത്തയാണ്.

സിനിമയിലെ ഭിക്കുനിയായ ജ്ഞാനേശ്വരി അതിനും ആയിരം കൊല്ലങ്ങൾക്കു ശേഷം ഏതാണ്ട് പത്താം നൂറ്റാണ്ടോടെ മലബാർ തീരത്ത് പുത്തരുടെ കരുണാമയമായ സുവിശേഷം തുടർന്ന തിബത്തിൽ നിന്നുള്ള വജ്രയാന സംഘക്കാരിയാണ്. ആദിബുദ്ധമതമായ തേരവാദം അശോകനു ശേഷം ബ്രാഹ്മണിക ശക്തികളുടെ കടന്നുകയറ്റത്തിലൂടെ മഹായാനമായും പിന്നീട് എട്ടാം നൂറ്റാണ്ടോടെ താന്ത്രികമായ വജ്രയാനമായും മാറ്റപ്പെട്ടിരുന്നു. കുട്ടിസ്രാങ്കു മുതലുള്ള ചിത്രങ്ങളിൽ ഷാജി കരുൺ സിന്ധുമഹാസാഗര വാണിജ്യ പാതകളിലൂടെ മരക്കലങ്ങളെന്ന കപ്പലുകളിൽ കേരളതീരത്തെത്തുന്ന ബുദ്ധബോധകരെ ചിത്രീകരിച്ച് കേരളത്തിന്റെ പ്രബുദ്ധമായ ലോകബന്ധങ്ങളേയും സംസ്​കാര ചരിത്രത്തേയും സ്​പർശിച്ചിട്ടുണ്ട്. ചരിത്രവുമായും സാംസ്​കാരിക ഭൂമിശാസ്​ത്രവുമായും ഇടപെടുന്നതിലൂടെയാണ് ചലച്ചിത്രം ഗാഢവും വിപുലവുമായ മാനുഷികനിർമിതിയായി മാറുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഘട്ടത്തെ ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിൽ പോലും പഴയ നാവിക മാർഗങ്ങളും വാണിജ്യ പാതകളും കപ്പലോട്ടവും ദൃശ്യവൽക്കരിച്ചിരിക്കുന്നത് അഗാധമായ സംസ്​കാര അവബോധത്തിലൂടെയും ഉൾക്കാഴ്ച്ചയിലൂടെയുമാണെന്നു കാണേണ്ടതുണ്ട്.

മലബാർ തീരത്തെ കായൽ തുരുത്തിൽ ഇന്നും അവശേഷിക്കുകയാണ് പത്താം നൂറ്റാണ്ടിലെ ആ പഗോഡയും വലിയ മണിയും അതിലെ ലിഖിതങ്ങളും. തർക്കോവ്സ്​കിയുടെ ആന്ദ്രേ റൂബ്ലേവിലെ (1966) ആ പെരിയ പളളിമണിയും ചുമർചിത്രങ്ങളും നാം ഓർക്കും ഈ കേരള പളളിമണി കാണുമ്പോൾ. ഛായാഗ്രഹണിയുടെ ചലനത്തിലും തർക്കോവ്സ്​കിയുടെ ഒഴുക്കും തഴക്കവും താളവും ഷാജിയിൽ അനുരണനം ചെയ്യുന്നുണ്ട്. മലബാർ തീരത്തെ ധർമടമടക്കമുള്ള തുരുത്തുകളും അണ്ടല്ലൂർകാവും നാമോർക്കും. കോലോത്തു പഴമ എന്ന പുത്തകത്തിൽ കുമാരൻ മാസ്റ്റർ രേഖപ്പെടുത്തിയ പോലെ തികച്ചും ബൗദ്ധമായിരുന്നു പതിനഞ്ചാം നൂറ്റാണ്ടുവരെ ധർമടം എന്ന ധമ്മപട്ടണം. അവർണരായ ഊരാച്ചേരി ഭാഷാ സാഹിത്യ പണ്ടിതന്മാരും വൈദ്യന്മാരും മാഹി മ്യൂസിയത്തിലിരിക്കുന്ന ബോധിസത്വ ശില്പവും ഇതിനു തെളിവാണ്. ഷാജിയൻ സിനിമിയിൽ ഇന്നതിന്റെ കാര്യക്കാരായിരിക്കുന്ന കുടുംബത്തിലെ ഇളമുറക്കാരനാണ് നായകനായ വാസുപ്പണിക്കർ. ഷെയ്ൻ നിഗത്തെ കൊണ്ട് വളരെ സമർഥമായി അവതരിപ്പിച്ചിരിക്കുന്ന ഈ കഥാപാത്രം ഒരു ചിത്രകാരനാണ്. കായലിലെ രാത്രികളിൽ തോണിയാത്ര നടത്തുന്ന ഈ കലാകാരനാണ് അടിത്തട്ടിലുള്ള മായയെന്ന പെണ്ണിന്റെ ശബ്ദവും സ്​നേഹവും അനുഭവിക്കുന്നത്. സർഗമനസിന്റെ ഗാഢസംവേദനങ്ങളിലൂടെയും ഭാവനാവിനിമയങ്ങളിലൂടെയുമാണ് ആമ്പൽമൊട്ടുകൾ ചന്ദ്രനാലെന്ന പോലെ ഓളപ്പരപ്പിൽ മായികമായി വിരിയുന്നത്. മായയുടെ സ്​നേഹാർദ്രമായ പ്രചോദനത്തോടെ അയാൾ ചിത്രങ്ങൾ രചിക്കുകയും മുംബൈ കലാലോകത്തെത്തിപ്പെടുകയും ചെയ്യുന്നു. എന്നാൽ മൂലധനകേന്ദ്രിതവും കുടിലവും യാന്ത്രികവുമായ കലാവിപണിയുടെ ചതികളിലും മൽസരങ്ങളിലും അയാൾ പുറന്തള്ളപ്പെടുകയും വീണ്ടും തുരുത്തിലെത്തപ്പെടുകയും ചെയ്യുന്നു. മായയുമായുള്ള ബന്ധം ഇതിനിടെ ഇല്ലാതാവുകയും മായ തന്റെ കുഞ്ഞിനു ജന്മം നൽകി കർമബന്ധങ്ങളിൽ നിന്നു മുക്തയാവുകയും ചെയ്യുന്നു. പരിനിബാണത്തെ ദൃശ്യവൽക്കരിക്കുന്ന നിലാപ്പറവയുടെ ചന്ദ്രനിലേക്കുള്ള വിമോചനയാനവും ചലച്ചിത്രകാരന്റെ ഭാവസമ്പന്നമായ കലാനൈപുണ്യത്തിനു നിദർശനമാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഘട്ടത്തെ ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിൽ പോലും പഴയ നാവിക മാർഗങ്ങളും വാണിജ്യ പാതകളും കപ്പലോട്ടവും ദൃശ്യവൽക്കരിച്ചിരിക്കുന്നത് അഗാധമായ സംസ്​കാര അവബോധത്തിലൂടെയും ഉൾക്കാഴ്ച്ചയിലൂടെയുമാണെന്നു കാണേണ്ടതുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഘട്ടത്തെ ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിൽ പോലും പഴയ നാവിക മാർഗങ്ങളും വാണിജ്യ പാതകളും കപ്പലോട്ടവും ദൃശ്യവൽക്കരിച്ചിരിക്കുന്നത് അഗാധമായ സംസ്​കാര അവബോധത്തിലൂടെയും ഉൾക്കാഴ്ച്ചയിലൂടെയുമാണെന്നു കാണേണ്ടതുണ്ട്.

ഭിക്കുനി ജ്ഞാനേശ്വരി വളർത്തിയ വെള്ളത്തിലാണ്ടു പോയ കന്യകാവിന്റെ പേര് അനുകമ്പ എന്നാണ്. അവിടെയാണ് ആമ്പലുകൾ പൂത്തുലയുന്ന നെയ്തൽ നിലമുള്ളത്. സി. ജി. ഐ. സാങ്കേതിക കലാ മികവോടെ ആമ്പലുകളുടേയും മൽസ്യങ്ങളുടേയും ആനിമേഷൻ ഗ്രാഫിക് ദൃശ്യങ്ങൾ അതിമനോഹരമായും സൂക്ഷ്മമായും ചെയ്തിരിക്കുന്നു. നിതാന്തചലനത്തേയും മാറ്റത്തേയും പ്രതീകവൽക്കരിക്കുന്ന കായലിലെ കരിമീനുകളുടെ ദൃശ്യവൽക്കരണം ഹൃദയഹാരിയെങ്കിലും അവയുടെ കരിമുത്തുകൾ (പേൾ സ്​പോട്ട്) വ്യക്തമായിട്ടില്ല. ഛായാഗ്രഹണിയുടെ ദൃശ്യങ്ങളും ഗ്രാഫിക്കുകളും തമ്മിൽ ഇഴയടുപ്പത്തിൽ തന്മയത്വത്തോടെ സംയോജിപ്പിച്ചു ചേർത്തിരിക്കുന്നു. കൊട്ടക നിറയുന്ന കൊട്ടകപ്പള്ളിയുടെ പശ്ചാത്തലസംഗീതം പ്രത്യേകം പ്രസ്​താവ്യമാണ്. കായലിന്റെയും ചന്ദ്രന്റെയും ആകാശദൃശ്യങ്ങളാണ് ചിത്രത്തെ ചേതോഹരമാക്കുന്നത്. ഡ്രോണുകൾ ഉപയോഗിച്ച് എം. ജെ. രാധാകൃഷ്ണൻ സാധ്യമാക്കിയ ഈ വിസ്​മയദൃശ്യങ്ങൾ നിലാവിലൊഴുകുന്ന പൗർണമിയിലെ കായലിന്റെ അപൂർവ ദൃശ്യസഞ്ചയങ്ങളാകുന്നു. എം. ജെ. യ്ക്കുള്ള ആദരാഞ്ജലിയും കൂടിയാകുന്നു ഓള്. നിലാനദിയുടെ സർഗഭാവനയ്ക്കു വണക്കം.

ജ്ഞാനോദയവും ജനിമൃതികളും ഒന്നാകുന്ന വൈശാഖപൗർണമിയിലെന്ന പോലെ പ്രേക്ഷകഹൃദയങ്ങളിൽ സാമോദം കുടിയിരുത്തപ്പെടുന്നു ഈ നെയ്തൽ തിണയുടെ നിലാവിൽ നെയ്ത ചലച്ചിത്രകാവ്യം. കണ്ടലും തെങ്ങും തിങ്ങുന്ന കായൽത്തുരുത്തുകളുടെ ആകാശദൃശ്യം വെളിവാക്കുന്ന ആനയുടേയും മൽസ്യരൂപങ്ങളുടേയും ദൃശ്യങ്ങൾ തികച്ചും പ്രബുദ്ധമായ മുദ്രകളും അടയാളങ്ങളുമാണ്. ഗജോത്തമനായ വിനായകനായാണ് അശോകൻ ആദിയിൽ ദയാനദിക്കരയിൽ ധൗലിഗിരിയിൽ പുത്തരെ പ്രതിനിധാനം ചെയ്തത്. ലോകനാഥനായ ഗണനാഥെൻ്റ പ്രതീകാത്മക ഉദയമാണത്. സ്വപാനത്തിലും ആനയുടെ ബിംബത്തെ ഇരുട്ടിൽ അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ ഇങ്ങനെ അർഥഗഹനവും സംസ്​കാരചരിത്രസാന്ദ്രവുമായിരുന്നു. ഇന്ത്യനും ഏഷ്യനുമായ ശില്പചിത്രവാസ്​തുശില്പ വ്യവഹാരങ്ങളുടെ അടിത്തറയായ ഗജോത്തമരൂപങ്ങളും മുക്കാൽവട്ടങ്ങളെന്ന ഗജപൃഷ്ഠ ശ്രീകോവിലുകളും ആനപ്പള്ളമതിലുകളുമെല്ലാം നിറഞ്ഞ ചിസഞ്ചയങ്ങളിലേക്ക് പാഠാന്തരതയോടെ സൂക്ഷ്മമായി ആഴ്ന്നിറങ്ങുക കൂടിയാണ് ഈ നെയ്തൽ ആകാശദൃശ്യങ്ങളിലൂടെ സംവിധായകൻ. ആയിരമാമ്പലുകൾ നിലാവിൽ പൂത്തുലയുകയും സുവർണമൽസ്യങ്ങളും മിന്നാമിന്നികളും ഓളപ്പരപ്പിലലയടിക്കുകയും ചെയ്യുന്ന ഭൗമലാവണ്യദൃശ്യങ്ങൾ പ്രബുദ്ധനായ അംബേദ്കറും മുൽക്ക് രാജും തമ്മിൽ നടന്ന കൂടിക്കാഴ്ചയെയും ഓർമിപ്പിക്കുന്നതാണ്. നമസ്​കാരം പറഞ്ഞ മുൽക്ക് രാജ് ആനന്ദിനോട് ആയിരം പൂക്കൾ വിടരട്ടേയെന്ന ബുദ്ധവന്ദനമാണ് നവബുദ്ധനോതിയത്.

സങ്കീർണമാണ് ചിത്രത്തിന്റെ ആഖ്യാനഘടന. ചിത്രകാരന്റെ കഥയും ജീവിതസമരവും ഒരുവശത്ത്, കായലിനടിയിലെ തോപ്പിൽ വളരുന്ന മായയും കുഞ്ഞും മറുവശത്ത്, മായയുടെ തന്നെ നാടോടി ജീവചരിത്രവുമായി ബന്ധപ്പെട്ട പാലൈനിലമായ മരുപ്രദേശത്തെ ചില ഭ്രമാത്മക ദൃശ്യങ്ങളും സൂചനകളും മറ്റൊരു പുത്തൻ തലത്തിൽ, നഗരകേന്ദ്രിതമായ മുംബൈയിലെ കലാവിപണിയുടെ ദന്തഗോപുരവാസികൾ മറ്റൊരു തലത്തിൽ – എന്നിങ്ങനെ വളരെ വികേന്ദ്രിതവും ഉപാഖ്യാനങ്ങളെ സംവാദാത്മകമായി കലർത്തുന്നതുമായ ബഹുസ്വര ആഖ്യാനമാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. നെയ്തലിലെ കായലോളങ്ങളിൽ നിന്നും പാലൈനിലത്തെ മണലാഴിയിലേക്കുള്ള നോട്ടത്തിന്റെ ചാട്ടങ്ങളും മാറ്റങ്ങളും ശ്രദ്ധേയവും സംവാദാത്മകവുമാണ്. കേരള പ്രകൃതിയും രാജസ്​ഥാൻ മരുഭൂവും തമ്മിലുള്ള ഒരു ഭൗമപാരിസ്​ഥിതിക താരതമ്യമായും പുത്തൻ വിവക്ഷകളെ ഉയർത്തുന്നു ഈ ചലച്ചിത്രസഞ്ചാരം പ്രളയാനന്തരം. തുടർച്ചയായ രണ്ടു വെള്ളപ്പൊക്കങ്ങൾ കഴിയുമ്പോഴെങ്കിലും കാലാവസ്​ഥാമാറ്റത്തിന്റെ യാഥാർഥ്യം നമുക്കു മാർഗദർശകമായെങ്കിൽ.

വിശ്രുത ജാപ്പനീസ്​ പാരിസ്​ഥിതിക ചലച്ചിത്രകാരിയായ നവോമി കവാസേയുടെ പുതിയ ചിത്രമായ വിഷനിലും കാടുകളും മരങ്ങളും മനുഷ്യരും ഇടകലരുന്ന ഗാഢമായ പ്രകൃതിചിത്രണം ദൃശ്യമാണ്.
വിശ്രുത ജാപ്പനീസ്​ പാരിസ്​ഥിതിക ചലച്ചിത്രകാരിയായ നവോമി കവാസേയുടെ പുതിയ ചിത്രമായ വിഷനിലും കാടുകളും മരങ്ങളും മനുഷ്യരും ഇടകലരുന്ന ഗാഢമായ പ്രകൃതിചിത്രണം ദൃശ്യമാണ്.

കപാലമായൊരു ഭീകരലിംഗം പോലെ നഗരഭൂമികയിലെഴുന്നു നിൽക്കുന്ന ഏഴുനിലമാളികയായി കുതിച്ചുകയറിമുറ്റിനിൽക്കുന്ന അംബാനീഭവനം കലയേയും കാമനയേയും അടക്കിവാഴുന്ന കോർപ്പറേറ്റ് ബ്രാഹ്മണ്യത്തിന്റെ അനിഷേധ്യ അടയാളമായി മാറുന്നു. ടിബറ്റൻ ഭിക്കുവും ഗവേഷകനുമായ ഹാരിക്കെതിരേ വെറുപ്പും തുപ്പി തുരുത്തിൽ വരുന്ന ബ്രാഹ്മണനും ഗ്രാമതലത്തിൽ അപ്രമാദിത്തമാർജിച്ചു നിൽക്കുന്ന ബ്രാഹ്മണിക ആൺകോയ്മയുടെ മകുടോദാഹരണവും നിർണായക പാത്രചിത്രണവുമാകുന്നു. വിനോദസഞ്ചാര വ്യവസായത്തിന്റെ ദൈന്യങ്ങളും അരക്ഷിതത്വവും വെളിവാക്കുന്നു തുരുത്തിലെ സഹയാത്രികരായ സ്​ത്രീപുരുഷന്മാരും അവരുടെ വിദേശികളെ ആകർഷിക്കാനുള്ള പരിമിത വിപണന തന്ത്രങ്ങളും. മുംബൈ കലാവിപണിയുടേയും ക്യൂറേറ്റർമാരും പ്രമോട്ടർമാരുമാകുന്ന സ്​ത്രീജനങ്ങളുടേയും മൂലധനാശ്രിത വിപണി സംവിധാനത്തിന്റെയും വിമർശം ഏറെ പ്രസക്തമെങ്കിലും പലപ്പോഴും ചലച്ചിത്രം ഇത്തരം സാഹചര്യങ്ങളിൽ ഇഴയുന്നതായും മടുപ്പിക്കുന്നതായും അനുഭവപ്പെടുന്നു. അൽപ്പം കൂടി ഒതുക്കത്തിലും ചുരുക്കത്തിലും ഈ ഉപാഖ്യാനങ്ങളെ സംവിധാനം ചെയ്യാമായിരുന്നു. ഒരുപക്ഷേ തിരക്കഥാപരമായ പ്രശ്നങ്ങളാലാവാം സംഘസംസ്​കാരത്തിന്റെ മർമമായ സൂക്ഷ്മമായ ഇഴയടുപ്പവും ഇഴുകിച്ചേരലും ധ്യാനാത്മകതയും ആത്മവിചിന്തനവും സങ്കീർണതയും ഇത്തരം നീണ്ട രേഖീയ ആഖ്യാനസന്ദർഭങ്ങളിൽ കൈമോശം വരുന്നു.

സമാനമായ പ്രമേയ ആഖ്യാന പരിസരങ്ങളുള്ള കൊറിയൻ ചലച്ചിത്രകാരൻ കിം കി ദുക്കിന്റെ പുതിയ ചിത്രമായ ഹ്യൂമൻ, സ്​പെയിസ്​, ടൈം ആൻഡ് ഹ്യൂമൻ കാഴ്ച്ചപ്പെടുത്തുന്ന പോലെ മനുഷ്യന്റെ അടിസ്​ഥാന ചോദനകളും നൈതിക ലാവണ്യചിന്തകളും തമ്മിലുള്ള സംഘർഷം ചിത്രത്തിന്റെ ഒരടിയടരായി വർത്തിക്കുന്നു. വാസുവിലെ മനുഷ്യനും സംവേദനീയമായ കലാകാരകർതൃത്വവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും വിടവുകളും മനുഷ്യവിഷയിയിലെ ഭ്രമാത്മകമായ ആന്തര വൈരുദ്ധ്യങ്ങളും ബഹുരൂപങ്ങളുമാണ് വെളിപ്പെടുത്തുന്നത്.

വിശ്രുത ജാപ്പനീസ്​ പാരിസ്​ഥിതിക ചലച്ചിത്രകാരിയായ നവോമി കവാസേയുടെ പുതിയ ചിത്രമായ വിഷനിലും കാടുകളും മരങ്ങളും മനുഷ്യരും ഇടകലരുന്ന ഗാഢമായ പ്രകൃതിചിത്രണം ദൃശ്യമാണ്. മലങ്കാട്ടിലെ മരക്കമ്പുകളിൽ പിടിച്ചുകൊണ്ട് സാലഭഞ്ജികയായ മഹാമായയെ പോലെ സൂര്യനെറ പൊൻവെളിച്ചത്തിൽ ഈറ്റില്ലമൊരുക്കുന്ന പെണ്ണിന്റെ ദൃശ്യം ഈ ജാപ്പനീസ്​ ചലച്ചിത്രകാരിയുടെ രചനയെ അവിസ്​മരണീയമാക്കുന്നു. ദർശനമെന്ന ഓഷധി തേടുകയാണവിടെ മനുഷ്യർ പ്രകൃതിയുടെ മടിത്തട്ടിൽ. ഓളിലാകട്ടെ പെൺമയിലും പ്രകൃതിയിലും നാഗരികതയിലും യാഥാർഥ്യത്തെ തിരയുന്ന കലാകാരനെന്ന മനുഷ്യകർതൃത്വത്തെ പെൺമയുടെ പ്രബുദ്ധമായ പ്രതിരോധത്തിനും ഭാഷണത്തിനും സമാന്തരമായി കാഴ്ച്ചപ്പെടുത്തിയിരിക്കുന്നു. കുട്ടിസ്രാങ്കിൽ വികസിപ്പിച്ച പെൺമയുടെ ഭാഷണത്തേയും നിർവാഹകത്വത്തേയുമാണ് ഇവിടെ വ്യതിരികതമായി വീണ്ടെടുക്കുന്നത്. കേരളത്തിന്റെ അടിത്തട്ടിലെ മണ്ണിലും തണ്ണീരിലും മനസ്സിലുമാണ്ടുകിടക്കുന്ന പ്രബുദ്ധതയുടേയും കാരുണ്യത്തിന്റെയും ഭവിഷ്യോന്മുഖമായ നൈതിക സംസ്​കാരത്തെ വീണ്ടെടുക്കുന്നതും ഗാഢമായി ഉള്ളുണർത്തുന്നതുമായ ഈ ചിത്രം വിമോചനാത്മകമായ സാംസ്​കാരിക ധമ്മം (പാലി മൂലം) ഹൈന്ദവ സമഗ്രാധിപത്യ വർത്തമാനത്തിൽ നൈതികലാവണ്യസാന്ദ്രമായി നിർവഹിക്കുന്നു.

പിറവിയിലെ മഴയത്തു നിൽക്കുന്ന വയോധികനായ ആ പിതാവു മുതൽ ഓളിലെ ജ്ഞാനേശ്വരിയെന്ന ഭിക്കുനി വരെ അഥവാ മായയെന്ന ആ കന്യാമാതാവു വരെ കേരളത്തിന്റെ പ്രബുദ്ധമായ അശോകകാലം മുതലിങ്ങോട്ടുള്ള സംസ്​കാര ചരിത്രത്തിന്റെ ബഹുലമായ അടരുകളെ ഷാജി കരുൺ അടുപ്പത്തിൽ ഉള്ളുണർത്തി അടയാളപ്പെടുത്തുന്നു.
പിറവിയിലെ മഴയത്തു നിൽക്കുന്ന വയോധികനായ ആ പിതാവു മുതൽ ഓളിലെ ജ്ഞാനേശ്വരിയെന്ന ഭിക്കുനി വരെ അഥവാ മായയെന്ന ആ കന്യാമാതാവു വരെ കേരളത്തിന്റെ പ്രബുദ്ധമായ അശോകകാലം മുതലിങ്ങോട്ടുള്ള സംസ്​കാര ചരിത്രത്തിന്റെ ബഹുലമായ അടരുകളെ ഷാജി കരുൺ അടുപ്പത്തിൽ ഉള്ളുണർത്തി അടയാളപ്പെടുത്തുന്നു.

മലയാള സിനിമയിൽ അംബേദ്കറുടേയും ആശാന്റെയും ടാഗോറിന്റെയും പാഠങ്ങളെ ആധാരമാക്കി ദലിത് കലാകാരനായ ജി. അജയന്റെ ബോധി സമാന്തരമായി വിനിമയം ചെയ്ത വർത്തമാന പ്രബുദ്ധതയുടെ സാംസ്​കാരിക പ്രയോഗമായി ഷാജി കരുണിന്റെ ഓള് മാറുകയാണ്. ചിത്രം ജനങ്ങൾക്കായി പ്രദർശനത്തിനെത്തിയ 2019 അവസാനത്തിൽ ഗോവയിലേയും കൊൽക്കൊത്തയിലേയും പോലെ നിറഞ്ഞ സദസ്സുകളിൽ പ്രബുദ്ധരായ ബഹുജനങ്ങൾ പടത്തെ കണ്ടു ചർച്ചചെയ്യട്ടെ എന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കാരണം സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉണ്ടായ പ്രതിലോമ പ്രചാരണങ്ങളാണ്. അപരവൽക്കരണവും മൃഗവൽക്കരണവും അധീശത്വത്തെ ചവിട്ടിയുറപ്പിക്കുന്ന സംഘട്ടനങ്ങളും ക്രൂരമായ കൊലപാതകങ്ങളും വടിവാളാണത്തങ്ങളും ആഘോഷിക്കുകയും കേരളത്തിന്റെ ലോകോത്തരമായ പ്രബുദ്ധതയുടെ വ്യവഹാരത്തെ ഇകഴ്ത്തുകയും മായിക്കുകയും ചെയ്യുന്ന ബ്രാഹ്മണിക നിലയിൽ തന്നെയാണ് ഇപ്പോളും ക്ഷുദ്രമായ അധീശ പൊതുബോധവും സാമാന്യബോധവും സാംസ്​കാരിക സമവായവും എന്നാണീ വസ്​തുത തെളിയിക്കുന്നത്. സത്യത്തിനും നീതിക്കുമെതിരായ അധീശ മനോഘടനയും ചാണക്യ–നാരദ വ്യവഹാരങ്ങളും കൃത്യമായി കേരളത്തിൽ ഇടതു- വലതു- മധ്യ ഭേദമില്ലാതെ വൈറസു പോലെ വ്യാപിക്കുകയാണ്. ഇടതിലൂടെ പോലും സ്വയംസേവക അജണ്ട നടപ്പാക്കി ഇന്ത്യൻ ഭരണഘടന അട്ടിമിറിക്കുന്ന കാലമാണിത്. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട പൗരോഹിത്യ–പടയാളി ഗൂഢാലോചനയുടെ സൈനിക സംസ്​കാര ദേശീയവാദകാലം. പഴയ അടിയന്തരാവസ്​ഥ ഈ ഭരണഘടനാ പ്രതിസന്ധിയുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല.

കാലം അതിക്രമിച്ചിരിക്കുന്നു. മാറ്റം അനിവാര്യമാണ്, 2600 വർഷങ്ങൾക്കു മുമ്പ് പുത്തർ ബഹുജന ഹിതത്തിലേക്കും സുഖത്തിലേക്കുമായി പറഞ്ഞ പോലെ, അശോകനും അംബേദ്കറും ഗുരുവും സഹോദരനും കേരളത്തിൽ സാധ്യമാക്കിയ പോലെ, അതാണ് ലോകത്തിന്റെ കാതൽ. മാറാത്തതായി അതേയുള്ളു. പ്രബുദ്ധമായ ആധുനിക ജനായത്തമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന കേരളസമൂഹം ഈ കാരുണ്യത്തിന്റെ ചലച്ചിത്രഭാഷ്യത്തെ ആദരത്തോടെ കാണട്ടെ, കാലടിയിലും കീഴടിയിലും പട്ടണത്തും ചവിട്ടിയാഴ്ത്തിയ സ്വന്തം സംസ്​കാരത്തെ തിരിച്ചറിയട്ടെ. വിശ്വോത്തരമായ അശോകൻ പ്രബുദ്ധതയുടെ കാരുണിക കേരളീയ സംസ്​കാര നിർമിതികളായി ലോകം ഷാജി കരുണിന്റെ ചലച്ചിത്രങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ്. വൈകിയെങ്കിലും സത്യത്തേയും നീതിയേയും അംഗീകരിക്കുകയാണ് ഏവർക്കും അഭികാമ്യം. ലോകത്തിന്റെ ആധാരമാണാ നേരാർന്ന നൈതിക സംതുലനം.

കേരള സിനിമയുടെ ഭാവിയിലേക്കുള്ള
നൈതിക ലാവണ്യ ലോകസഞ്ചാരങ്ങൾ

ഷാജി കരുണിന്റെ സിനിമകൾ വർത്തമാന സമൂഹവും കേരളത്തിന്റെ സാംസ്​കാരിക ചരിത്രവുമായി ആഴത്തിൽ ഇഴചേരുന്നവയാണ്. അടിസ്​ഥാന ജനതയുടെ ജീവിതേച്ഛകളും സമസമൂഹഭാവനയും അടിത്തട്ടിലൂറിയ നേരും നീതിയുമാർന്ന ബഹുജന സംസ്​കാരവും തമ്മിലുള്ള അലിവും കലർപ്പുമാർന്ന ഇഴയടുപ്പമാണ് അവയുടെ അൻപാർന്ന അറിവ്. അലിവാണവയുടെ ലയാനുഭവം. ഓർക്കും തോറും നിറയുന്ന സൗന്ദര്യമായ പരമമായ നീതിയാണവയുടെ ആത്യന്തിക തലം. ഷാജിയൻ സിനിമ ലോകത്തേയും കേരളത്തേയും ജനതയേയും കാണുന്നത് നൈതികമായ ഒരു സമഗ്ര വീക്ഷണതലത്തിലാണ്. വിമർശ ചരിത്രബോധം അവയുടെ കാതലാണ്. കലാപരമായ ഇമ്പവും ലയവും ബഹുസ്വര തത്വദർശനവും അവയെ കടാക്ഷിക്കുന്നു, കാണികളേയും. പലതരം കാഴ്ച്ചകളും വായനകളും അവ സാധ്യമാക്കുന്നു. ഗുരുവിന്റെ കാവ്യരചനയിലുള്ള, ഈ മണ്ണിൽ വേരോടിയ നൈതികമായ ഒരു ലാവണ്യശാസ്​ത്രം അഥവാ സുന്ദരവും സൗമ്യവും യാഥാർഥ്യബോധം തുളുമ്പുന്നതുമായ ഒരു നീതിശാസ്​ത്രം ഷാജിയൻ സിനിമയെ തികച്ചും കേരളീയമാക്കുന്നു. അതിന്റെ വംശാവലികൾ കേരളപുത്തരെന്നു കവിശിഷ്യർ ആദരപരാമർശം ചെയ്ത ഗുരുവിനുമപ്പുറത്തേക്ക് കോതയെന്നു പ്രാചീന ചേരമക്കൾ വിളിച്ച ഗോതമനിലേക്കു പോകുന്നതാണ്. അനുകമ്പയാർന്ന അറിവിന്റെ നൈതികദീപ്തമായ സമഗ്രാനുഭവമാണവ തരുന്നത്. ജീവിതത്തിന്റെ സമഗ്രാനുഭവവും ജീവിത സത്യങ്ങളേയും നീതിയേക്കുറിച്ചുമുളള തിരച്ചറിവുമാണവ പകരുന്നത്. പിറവിയിലെ മഴയത്തു നിൽക്കുന്ന വയോധികനായ ആ പിതാവു മുതൽ ഓളിലെ ജ്ഞാനേശ്വരിയെന്ന ഭിക്കുനി വരെ അഥവാ മായയെന്ന ആ കന്യാമാതാവു വരെ കേരളത്തിന്റെ പ്രബുദ്ധമായ അശോകകാലം മുതലിങ്ങോട്ടുള്ള സംസ്​കാര ചരിത്രത്തിന്റെ ബഹുലമായ അടരുകളെ ഷാജി കരുൺ അടുപ്പത്തിൽ ഉള്ളുണർത്തി അടയാളപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഓരോ ഫ്രെയിമും ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു. ഛായാഗ്രഹണിയുടെ ഓരോ ചലനവും നമ്മുടെ ജീവതാളവും പ്രപഞ്ചതാളവുമായി ഒത്തുചേരുന്നു.

മലയാള സിനിമയിൽ അംബേദ്കറുടേയും ആശാന്റെയും ടാഗോറിന്റെയും പാഠങ്ങളെ ആധാരമാക്കി ദലിത് കലാകാരനായ ജി. അജയന്റെ ബോധി സമാന്തരമായി വിനിമയം ചെയ്ത വർത്തമാന പ്രബുദ്ധതയുടെ സാംസ്​കാരിക പ്രയോഗമായി ഷാജി കരുണിന്റെ ഓള് മാറുകയാണ്.
മലയാള സിനിമയിൽ അംബേദ്കറുടേയും ആശാന്റെയും ടാഗോറിന്റെയും പാഠങ്ങളെ ആധാരമാക്കി ദലിത് കലാകാരനായ ജി. അജയന്റെ ബോധി സമാന്തരമായി വിനിമയം ചെയ്ത വർത്തമാന പ്രബുദ്ധതയുടെ സാംസ്​കാരിക പ്രയോഗമായി ഷാജി കരുണിന്റെ ഓള് മാറുകയാണ്.

സിനിമയുടെ വിമർശാത്മകമായ ഉൾനോട്ടമായ പ്രബുദ്ധമായ വിപസ്സന ധ്യാനത്തേയും ആന്തരിക നവീകരണത്തേയും ശ്രദ്ധയേയും ലോകബന്ധങ്ങളേയും അക്ഷോഭ്യമായ ജീവൽ പ്രതിരോധത്തേയും തിരിച്ചറിയുന്ന ചലച്ചിത്ര ആസ്വാദകർക്കും സംസ്​കാര പ്രവർത്തകർക്കും അവ ഏറെ വിലപ്പെട്ടതാണ്. ചരിത്ര, സാഹിത്യ, സാമൂഹ്യ പഠിതാക്കൾക്കും കുതുകികൾക്കും പൊതു സമൂഹത്തിനും അവ ബോധോദയപരവും വിദ്യാഭ്യാസപരവുമാകുന്നു. കാളപ്പോരും കൊലയും കുരുതിയും കാറോട്ടവും കാവുതീണ്ടലും മാത്രം തിരയുന്നവരെ അവ തീർത്തും നിരാശപ്പെടുത്തും. അതിമാനുഷരും നൂറാം തമ്പുരാക്കളും ആണത്താഘോഷങ്ങളും ഈ സിനിമകളിൽ കുറവായേക്കാം, കീഴാള കോമാളികളും കൂത്താടികളും കാണാതെ പലരും നിരാശരായേക്കാം. എന്നാൽ നമ്മിൽ പലരും ഈ സിനിമകളിൽ പ്രതിനിധാനത്തിലുണ്ട്. ഷാജിയുടെ സാധാരണക്കാരായ ഈ ജീവനുള്ള കഥാപാത്രങ്ങളാരും ചരിത്രത്തിനും സമൂഹത്തിനും രാഷ്ട്രീയത്തിനും പുറത്തല്ല. സിനിമയെ ലോകപരവും ഭൗമീകവും ജൈവീകവുമാക്കുന്ന സമതയുടെ നൈതിക കലാചാരമാണിത്. ചലച്ചിത്രത്തെ സമ്യക് ദർശനത്തോടടുപ്പിക്കുന്ന അഖിലവും തിരളുന്ന ഉച്ചിപ്പഠിപ്പായ സമഗ്രമായ ഉൾക്കൊള്ളലാണിവിടെ സൂചിതം. അമരകോശമുദ്ധരിച്ചുള്ള ‘‘അദ്വയവാദീ വിനായക...’’ എന്ന ഗുരുവിന്റെ 1918- ലെ ഈഴം പ്രഖ്യാപനം മാറ്റൊലിക്കൊള്ളുകയായി. ആത്മവിചിന്തനത്തിെൻ്റ അപരോന്മുഖമായ നൈതിക ലാവണ്യ ദർശനവും ഉൾക്കാഴ്ച്ചയും വൈശാഖത്തിലെ പൂമ്പിറ പോലെ ലോകത്തിനു ശാന്തിയും സമാധാനവും സൗഖ്യവുമേകുന്നു.

അലിവേറിയ കാഴ്ച്ചയുടെ അറിവും അൻപും അനുകമ്പയുമാണ് ഷാജിയുടെ ചലച്ചിത്രണമെന്ന മഹാകരുണയും ദൃശ്യസംസ്​കാരബോധവും തികഞ്ഞ അമൂല്യമായ സംസ്​കാര ചരിത്രണം. ചലച്ചിത്രരചന എന്ന ഫിലിംമേക്കിങ്ങാണ് ആധുനിക കാലത്തെ ഏറ്റവും വിലപ്പെട്ട ചരിത്രരചനയും സാംസ്​കാരിക നിർമിതിയും കാരുണ്യത്തിന്റെ പ്രകാശനവും. സാഹിത്യവും സംഗീതവും ചിത്രകലയും വാസ്​തുശില്പവും പോലെ തന്നെ കാലത്തിന്റെ കാതലിനെ അതു കരുതിവയ്ക്കുന്നു. പുതുകാലത്തേക്കാണതിനെറ കരുതൽ. പലപ്പോഴും കലർത്തിവയ്ക്കുകയും പാഠാന്തരമായി പകർത്തുകയും ചെയ്യുന്നു. പ്രബുദ്ധതയെ കുറിച്ചുള്ള മർമം തൊടുന്ന, അകവും പുറവും തൊട്ടുണർത്തുന്ന ദൃശ്യബിംബ സൂചനകളിലൂടെ കേരളത്തിന്റെ അശോകകാലം മുതലുള്ള എഴുത്തിന്റെയും നീതിചിന്തയുടേയും പ്രബുദ്ധമായ സംസ്​കാര ചരിത്രത്തെ ഒരു ലോകോത്തര ചലച്ചിത്രകാരനു മാത്രം കഴിയുന്ന വഴികളിൽ അദ്ദേഹം ഉള്ളുണർത്തുന്നു. ചലച്ചിത്രം പോലെ സാങ്കേതികവും സങ്കലിതവും ബഹുസ്വരവുമായ അതേ സമയം തന്നെ സമഗ്രാധിപത്യ ആഖ്യാനമാകാവുന്നതുമായ ഒരു സങ്കീർണ കലാമാധ്യമത്തേയും മനുഷ്യവിഷയിയേയും കാലികമായി പുതുക്കുന്ന പണിപ്പെട്ട വേലയുമാണിത്.

ഇന്ത്യനധീശ പ്രത്യയശാസ്​ത്രവും ഹിംസാവ്യവഹാരവുമായ സനാതനമായ വൈദിക വർണാശ്രമധർമത്തിന്റെ ജാതിയിരുട്ടിനെ നീക്കുന്ന നീതിയേയും നേരിനേയും സമതയേയും പ്രകാശിപ്പിക്കുന്ന ദീപത്തിന്റെ ചരിത്രണവും ചിത്രണവും ചലച്ചിത്രണവും മുന്നേറുകയാണ് വെളിച്ചത്തെ കൊണ്ടുള്ള ഈ നൈതികമായ പുതു എഴുത്തിൽ. വെളിച്ചത്തിലും കാലത്തിലുമുള്ള എഴുതിയാഴ്ത്തലും ശില്പവേലയുമാണ് സിനിമ. അശോകന്റെ ധമ്മലിപികൾ പോലെ അതനശ്വരമാകുന്നു. ചലനമില്ലാതാക്കാനാവാത്തതാണു ചലച്ചിത്രം. ചലനവും മാറ്റവും ജീവനും അതിന്റെ അടിസ്​ഥാന സ്വഭാവങ്ങളാകുന്നു. അതു കൊണ്ടാണത് മനുഷ്യചേതനയും കാമനയുമായി അത്ര അടുത്തു നിലകൊളളുന്നത്. ശബ്ദവും ചിത്രവും ഭൂമിയും പ്രകൃതിയും മനുഷ്യരും ലോകക്രമവുമെല്ലാം ഇഴപ്പെരുക്കത്തോടെ ഈടും പാവും ചേർന്നു പൊലിക്കുകയാണ് സൂക്ഷ്മ സംഘടിതമായ ഈ കലാചാര സംഘാതത്തിൽ അഥവാ പ്രാചീന തെന്നിന്ത്യൻ തമിഴ് തായ് മൊഴിവഴക്കത്തിൽ എഴുതിയാൽ അൻപാർന്ന ഈ ഈഴത്തിൽ. താണനിലത്തേക്കോടുന്ന തണ്ണീരും ഒഴുക്കും ഈഴിയും തന്നെയാണത്. ഈഴച്ചെമ്പകവും ഈഴമുല്ലയും ഈഴക്കൊന്നയും പോലെ ഇഴയടുപ്പത്തിൽ സംഘടിതമായതാണീഴം. ഈഴമെന്ന സംഘത്തിലേക്കിഴചേർന്നവരാണ് ഈഴവർ, ചങ്കത്തിലേക്കു ചേർച്ചയും ചാർച്ചയുമുള്ളവരാണ് ചേരജനത. ജനായത്തപരമായ സമതയും മാനവികമായ കരുണയുമാണ് തെന്നിന്ത്യയുടേയും തെക്കനേഷ്യയുടേയും സംഘസംസ്​കാരം. തെന്നിന്ത്യയുടെ സംസ്​കാര ചരിത്രമാണു നമ്മുടെ കുട്ടികൾ പഠിക്കേണ്ടത്, ബഹുജനങ്ങൾ കാണേണ്ടത്. ആ പെരിയ സ്​ഥലകാലങ്ങളാണ് ഷാജി കരുണിന്റെ തിരപ്പടങ്ങളിൽ ഈഴക്കൊന്നയിലെന്ന പോലെ ഒന്നൊന്നായി ഇതൾ വിരിയുന്നത്. കേരളത്തിന്റെ ആധുനികതയെ കുറിച്ചും നവോത്ഥാനമെന്ന സാമൂഹ്യ സാംസ്​കാരിക വിപ്ലവപരമ്പരകളെ കുറിച്ചും സവിശേഷ ചരിത്ര കർതൃത്വങ്ങളേ കുറിച്ചുമെല്ലാമുള്ള പുതു സിനിമകൾ സാധ്യമാക്കി വീണ്ടും വീണ്ടും കേരളത്തെ ലോകോത്തരമാക്കാൻ ഇടയാകട്ടെ. അത്തരം ചരിത്രപരമായ കലാപരിശ്രമങ്ങളായിരിക്കാം ഈ വമ്പിച്ച സംസ്​കാര രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നും നമ്മെ വിമോചിപ്പിക്കുക.

നാമിന്നുകാണുന്നത് ജാതിവർണാശ്രമധർമങ്ങളുടെ ഇരുട്ട് ജനതയെ വീണ്ടും വിഴുങ്ങുന്നതാണ്. പ്രതിവിപ്ലവങ്ങളും പിന്നോട്ടടികളും വിശ്വാസി തീണ്ടാരിലഹളകളും കേരളത്തെ കീഴ്പ്പെടുത്തുന്നു. ഭരണഘടനയേയും സുപ്രീംകോടതി വിധിയേയും കാറ്റിൽപ്പറത്തി ശബരിമലയിലടക്കം ശൂദ്രലഹളകൾ അരങ്ങേറുന്നു. മുഖ്യമന്ത്രിമാരും ദേവസം മന്ത്രിമാരും ജനപ്രതിനിധികളും മാത്രമല്ല കലാപ്രവർത്തകരും സാധാരണക്കാരും ഭരണഘടന നിയമാൽ നിരോധിച്ച ജാതിത്തെറിയും ജാത്യാധിക്ഷേപങ്ങളും അനുദിനം നേരിടുന്നു. മണിപ്പിള്ളയുടെ മണിപ്രവാളം തോൽക്കുന്ന ജാതിത്തെറി മാത്രമല്ല ഹൈമപ്പിള്ളമാരുടെ പളുങ്കുപോലത്തെ മലയാളി കുലീന വായ്ത്താരികളും സനാതന പൂരപ്പാട്ടുകളും ദലിത വനിതകളടക്കം നിത്യേന കേൾക്കേണ്ടിവരുന്നു. മലയാളിബ്രാഹ്മണനായി പൂജപ്പണിക്കും പാചകപ്പണിക്കുമെല്ലാം സർക്കാർ സ്ഥാപനങ്ങൾ പത്രപ്പരസ്യം നൽകുന്നു. അവർണർക്കു പുജയും കഴകവും പാചകവും അടിച്ചുതളിയും നിഷിദ്ധമാക്കുന്നു. ഭരണഘടനയ്ക്കെതിരായ ജാതിക്കുറ്റകൃത്യങ്ങൾ നിയമരീതിയിൽ ശിക്ഷിക്കപ്പെടാതെ പോയാൽ ഇതും ഇതിലപ്പുറവും നടക്കും. ഭരണഘടനയെ നോക്കുകുത്തിയാക്കി മന്ത്രി ചാത്തൻ മാസ്റ്ററേയും മുഖ്യമന്ത്രി ശങ്കറിനേയും പത്രാധിപർ സുകുമാരനേയും ഗുരുശിഷ്യനായ സഹോദരനേയും പോലും ജാത്യാധിക്ഷേപം ചെയ്തു കൊലവിളിച്ച വിമോചനസമരനായകനെ നവോത്ഥാന നായകനാക്കി പൊതുവവധിയും ക്ഷേത്രപ്രതിഷ്ഠയും വരെ കേരളത്തിൽ നടന്നു കഴിഞ്ഞു. സവർക്കറേയും ഗോൾവാൾക്കറേയും സ്വയംസേവകസംഘികളേയും കേരളത്തിൽ ക്ഷണിച്ചുകൊണ്ടുവന്നു സ്ഥാപിച്ച ഈ നവോത്ഥാനനായകനെ കുറിച്ചുള്ള പഴവങ്ങാടി, ശാസ്തമംഗലം, മുതുകുളം പ്രസംഗങ്ങളടങ്ങുന്ന ചലച്ചിത്രങ്ങളും സാക്ഷാത്ക്കരിക്കപ്പെടാൻ താമസമില്ല.

ആനക്കൊമ്പൻമാർ മേയവേ പുലിനഖമാലക്കാരായ ജാതിവിരുദ്ധകലാപ്രവർത്തകരെ ജാമ്യമില്ലാവകുപ്പിലകത്താക്കുന്ന നായിലും നാണംകെട്ട ചവിട്ടുന്ന ബ്രാഹ്മണപാദം നക്കുന്ന ഒളിഗാർക്കിയുടെ സ്വന്തം നാടായി കേരളത്തെ മാറ്റുകയാണ് മലയാളി കുലീനത. സത്യനീതിബദ്ധമായ പുത്തൻ ചലച്ചിത്രണവും ചരിത്രണവും സംസ്കാരരാഷ്ട്രീയവും കേരളത്തിനരിവാര്യമാകുന്നു. ബഹുജനജനായത്ത പ്രാതിനിധ്യപ്രതിനിധാനങ്ങളിലൂടെ മാത്രമേയതു സാധ്യമാകൂ. ആ സാധ്യതയുടെ കലയാണ് ജനായത്തപരവും ബഹുസ്വരവും കരുണാർദ്രവുമായി ഷാജി കരുൺ കാട്ടിത്തരുന്നത്. അടുത്ത ജന്മത്തിലെങ്കിലും ബ്രാഹ്മണനാകാൻ കൊതിക്കുന്ന ശൂദ്രനായ ഉന്നതകുലജാതന്മാരേയും തന്നെപ്പോലെ കുലീന കുടുംബത്തിൽ പിറന്ന തൻ അസ്മാദിയായ ഡയറക്ടരന്മാരെയും ജാതിവെറിക്കുറ്റത്തിൽ നിന്നും സംരക്ഷിക്കുന്ന ചവർമാൻമാരും ഭരണഘടനാ സ്ഥാപനങ്ങൾക്കു പുറത്തുപോയാലേ സത്യവും നീതിയും ന്യായവും പുലരൂ. അവരെല്ലാം നിയമാനുസരണം ശിക്ഷിക്കപ്പെടണം. പുതുസിനിമയുടെ പിറവി സത്യനീതികളുടെ പ്രതിനിധാനസാധ്യതയാണ്. ഷാജി കരുൺ നടത്തിയ നൈതികവും ജനായത്തപരവും അനുകമ്പാപൂർണവുമായ ചലിച്ചിത്രണം കേരളസമൂഹത്തിനും സംസ്കാരത്തിനും വെളിച്ചമേകട്ടെ.

(അവസാനിച്ചു)

filmography, ഷാജി എൻ കരുൺ:
പിറവി (1988), സ്വം (1994), വാനപ്രസ്ഥം (1999), നിഷാദ് (2002), കുട്ടിസ്രാങ്ക്  (2010), സ്വപാനം (2014), ഓള് (2018).
(പഠനത്തിൻ മുൻചെറുരൂപം ചലച്ചിത്രസമീക്ഷ 2020ൽ വന്നിട്ടുണ്ട്).


Summary: Olu a political movie, detailed study on Malayalam director Shaji N Karun movies by Dr Ajay S Sekhar


ഡോ. അജയ് എസ്. ശേഖർ

കാലടി സർവകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനും ഗവേഷണ മാർഗദർശിയും സെൻറർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് സ്ഥാപക കോഡിനേറ്ററുമാണ്. കേരളസംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം. റെപ്രസൻറിങ്ങ് ദ മാർജിൻ, സംസ്കാരരാഷ്ട്രീയത്തിലേക്കുള്ള കുറിപ്പുകൾ, ഡോ. ബി. ആർ. അംബേദ്കർ, സഹോദരനയ്യപ്പൻ, നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വര ദർശനവും, കേരളനവോത്ഥാനം പുതുവായനകൾ, പുത്തൻകേരളം, ബുദ്ധിസം ആൻഡ് കേരള എന്നിവയാണ് പുതിയ പുസ്തകങ്ങൾ.

Comments