ധന്യ പി.എസ്​.

സിനിമയിലെ പുതിയ സൈബറിടങ്ങളും
​വിമതപാത്ര നിർമിതിയും

സാങ്കേതികവിദ്യ സിനിമയുടെ ഉള്ളടക്കത്തെയും ആഖ്യാനത്തെയും മാറ്റിത്തീർക്കുകയാണ്​. നായക- പ്രതിനായകനിർമിതിയിൽ പോലും സ്വാധീനം ചെലുത്തുന്ന ഘടകമായുള്ള സൈബർ ഇടത്തിന്റെ പരിണാമത്തെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ചതുർമുഖം, ഓപ്പറേഷൻ ജാവ എന്നീ സിനിമകളെ അടിസ്ഥാനമാക്കി വിശലകനം ചെയ്യുന്നു.

ന്ത്രവൽകൃതകാലം സാഹിത്യത്തിലും കലയിലും ഗൗരവകരമായ ചർച്ചകൾക്ക് വിധേയമായിരുന്നു. മാനുഷികം എന്ന പരികല്പന ഉടച്ചുവാർക്കപ്പെടുകയോ തുടച്ചു മാറ്റപ്പെടുകയോ ചെയ്‌തേക്കാം എന്ന ഭീതിയുടെ സന്തതികളായിരുന്നു ഇതേ സംബന്ധിച്ച് വന്ന മിക്ക രചനകളും. സിനിമ എന്ന മാധ്യമവും ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. മൊബൈൽ/ഇന്റർനെറ്റ് ഉപയോഗം കൊണ്ട് നശിച്ചു പോകാൻ സാധ്യതയുള്ള പുതിയ തലമുറയ്ക്കുള്ള സന്മാർഗപാഠം ക്ലാസുകൾ സുലഭമായിരുന്നു സിനിമയിൽ. മൊബൈൽ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിച്ചതുകൊണ്ടുമാത്രം വഴിതെറ്റിപ്പോയതും അപകടത്തിലായതുമായ പെൺകുട്ടികളെ ചൂണ്ടിക്കാണിച്ചാണ് മിക്കപ്പോഴും സിനിമ ഇക്കാര്യം സംവേദനം ചെയ്തത്.

അകറ്റി നിർത്തേണ്ട വലിയൊരു വിപത്തെന്ന നിലക്കുമാത്രം ടെക്‌നോളജിയെ അഭിസംബോധന ചെയ്യുന്ന പഴയ നയത്തിൽ നിന്ന്​ കാതലായ മാറ്റം പ്രമേയ- ആവിഷ്‌കരണ തലത്തിൽ സിനിമ കൊണ്ടുവന്നിട്ടുണ്ട്.

പ്രജിത്ത് കാരണവർ സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി (2015) നല്ലൊരു ഉദാഹരണമാണ്. ഇന്റർനെറ്റ് ചാറ്റ് വഴി പരിചയപ്പെട്ട ഒരാളുടെ തട്ടിപ്പിനിരയായ പെൺകുട്ടിയുടെ കഥയാണ് ഒരു വടക്കൻ സെൽഫി. (പെൺകുട്ടികൾ)സൂക്ഷിച്ചാൽ ദുഃഖിക്കണ്ട എന്നതാണ് സിനിമയുടെ സന്ദേശം. ചിരപുരാതനമായ ഭാരതീയ/കേരള സംസ്‌കാരത്തെ സംരക്ഷിക്കാനും പൈതൃകത്തിൽ അഭിമാനം സാധ്യമാക്കാനും സാങ്കേതികവിദ്യയിൽ നിന്ന്​ സ്വയം അകന്നുനിൽക്കണമെന്ന ഓർമപ്പെടുത്തലുകളുടെ ആവർത്തനങ്ങൾ ധാരാളമുണ്ട് മലയാള സിനിമയിൽ. എന്നാൽ, ഇന്ന് ടെക്‌നോളജിയുടെ ഇടപെടലുകളെ മറ്റൊരു തരത്തിൽ അടയാളപ്പെടുത്താതെ പോകാൻ സാധ്യമല്ലാതായിരിക്കുന്നു, ഇതര മാധ്യമങ്ങളെ പോലെ സിനിമയ്ക്കും. അകറ്റി നിർത്തേണ്ടതും സൂക്ഷിക്കേണ്ടതുമായ വലിയൊരു വിപത്തെന്ന നിലക്കുമാത്രം ടെക്‌നോളജിയെ അഭിസംബോധന ചെയ്യുന്ന പഴയ നയത്തിൽ നിന്ന്​ കാതലായ മാറ്റം പ്രമേയ- ആവിഷ്‌കരണ തലത്തിൽ സിനിമ കൊണ്ടുവന്നിട്ടുണ്ട്. നായക- പ്രതിനായക ദ്വന്ദ്വകല്പനകളെ നിർണയിക്കുന്ന ഘടകം എന്ന നിലക്കുപോലും ടെക്‌നോളജി സിനിമയിൽ ഇടപ്പെട്ടു കഴിഞ്ഞു.

ഒരു വടക്കൻ സെൽഫി എന്ന സിനിമയിൽ നിന്ന്

2019 ൽ റിലീസ് ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ Version 5.25 മാനവാനന്തര* ലോകത്തിന്റെ പ്രത്യക്ഷമായ സ്വാധീനത അവകാശപ്പെടാവുന്ന സിനിമയാണ്. പോസ്റ്റ് ഹ്യൂമൻ മലയാള സിനിമാസന്ദർഭത്തിലെ പ്രധാന വഴിത്തിരിവായി ഈ സിനിമയെ കണക്കാക്കാം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ Version 5.25 എന്ന സിനിമക്കുശേഷം റിലീസായ ഓപ്പറേഷൻ ജാവ (2021), ചതുർമുഖം (2021) എന്നീ സിനിമകളിലും പുതിയ സൈബർലോകത്തെ വ്യത്യസ്തമായി ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളുണ്ട്. സിനിമയിൽ വിമത കഥാപാത്രമായി ടെക്‌നോളജിയെങ്ങനെ വേറിട്ട രീതിയിൽ ദൃശ്യവൽക്കരിക്കപ്പെടുന്നു എന്ന് മൂന്നുസിനിമകളെയും മുൻനിർത്തി അന്വേഷിക്കാനാണ് പ്രബന്ധം ശ്രമിക്കുന്നത്.

സൈബർ സ്‌പേസിലെ അന്വേഷണവഴികൾ

സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വികാസം മനുഷ്യപരിണാമത്തിലെ തന്നെ ഏറ്റവും സമ്മർദ്ദമേറിയ യുഗസൃഷ്ടിക്ക് കാരണമായേക്കുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. ‘മനുഷ്യർ എന്ന വാക്കിനുപോലും മാറ്റമുണ്ടാകും' എന്ന് യുവാൽ നോവാൽ ഹരാരി സാപിയൻസ് മനുഷ്യരാശിയുടെ ഹ്രസ്വചരിത്രം എന്ന പുസ്തകത്തിൽ കുറിക്കുന്നു (2021; 540). ജീവനുള്ളതും ഇല്ലാത്തതുമായ ഭാഗങ്ങൾ കൂടിച്ചേരുന്ന സൈബോർഗുകളായി* മാറിക്കൊണ്ടിരിക്കുകയാണ് മനുഷ്യൻ എന്നും ഹരാരി നിരീക്ഷിക്കുന്നു. ഹോമോസാപ്പിയൻസ് എന്ന സ്പീഷീസിന്റെ അന്ത്യത്തിനോ വലിയ തോതിലുള്ള പരിണാമത്തിനോ ഈ നൂറ്റാണ്ട് സാക്ഷ്യം വഹിച്ചേക്കാം. ഇതിന് കാരണമായിത്തീരുക മനുഷ്യന്റെ തന്നെ സൃഷ്ടിയായ ശാസ്ത്രവും സാങ്കേതികവിദ്യയുമായിരിക്കും.

ഓപ്പറേഷൻ ജാവ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ സിനിമകളിൽ നിന്ന്

‘മറ്റു ജന്തുക്കൾക്കില്ലാത്ത വിധത്തിൽ സ്വയം നിർമിച്ചെടുത്ത ദൈന്യതകളാണ് സാധാരണയായി മനുഷ്യനെ കഷ്ടപ്പെടുത്താറ്' (എതിരൻ കതിരവൻ, 2021;120).

സൈബർ ക്രൈം ഓഫീസുമായി ബന്ധപ്പെട്ടു കിടക്കുന്ന കഥാതന്തുവാണ് ഓപ്പറേഷൻ ജാവയുടേത്. സിനിമയിൽ നായക, പ്രതിനായകസ്ഥാനങ്ങൾ കയ്യാളുന്നത് ടെക്‌നോളജിയാണ്. സൈബർമേഖലയിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാനും പരാതികൾ പരിഹരിക്കാനും പുതിയ സാങ്കേതികവിദ്യയെ തന്നെ കൂട്ടുപിടിക്കുന്ന രീതിയാണ് ഓപ്പറേഷൻ ജാവയിൽ അവലംബിക്കുന്നത്. ബി ടെക് കംപ്യൂട്ടർ സയൻസ് കഴിഞ്ഞ രണ്ട് ചെറുപ്പക്കാരിലൂടെയാണ് സിനിമ ഇക്കാര്യം സാധ്യമാക്കുന്നത്. പുതിയ സാങ്കേതികവിദ്യയെ സംബന്ധിച്ച ജ്ഞാനമാണ് കേസുകൾ തെളിയിക്കുന്നതിൽ ഇവരുടെ കൈമുതൽ. ശാരീരികബലത്തിന് അപ്പുറത്തായി സാങ്കേതിക വിദ്യാപരിജ്ഞാനമാണ് പ്രാഥമിക ഉപാധിയും ഉപകരണവുമായി വർത്തിക്കുന്നത്. ഇവിടെ നായകവേഷവും പ്രതിനായകവേഷവും സാങ്കേതികവിദ്യക്കുതന്നെയാണെന്ന് പറയാം. ഒരു നാണയത്തിന്റെ ഇരു പുറങ്ങൾ എന്ന പോലെ പ്രവർത്തിക്കുന്ന ഈ നായക/പ്രതിനായകദ്വന്ദ്വങ്ങളുടെ സംഘട്ടനമാണ് സിനിമയെ മുൻപോട്ട് നയിക്കുന്നത്.

സിനിമയിലെ ആദ്യ ദൃശ്യം കാണുന്നതിനുമുമ്പുതന്നെ മൊബൈൽ റിങ് ചെയ്യുന്നതും നിങ്ങൾ വിളിച്ച ആൾ തിരക്കിൽ ആണെന്ന അറിയിപ്പും പ്രേക്ഷകൻ കേൾക്കുന്നുണ്ട്. കേൾവിയിൽ തുടങ്ങി കാഴ്ചയെയും മറ്റു ഇന്ദ്രിയാനുഭവങ്ങളെയും വരെ നിയന്ത്രിക്കുന്ന പുതിയ സാങ്കേതികവിദ്യയുടെ ദൈനംദിന ഇടപെടലുകളെ സിനിമ ആവിഷ്‌കരിക്കുന്നു. സൈബർ സ്‌പേസിൽ ശരീരവും മനസ്സും ഉൽപ്പന്നങ്ങൾ മാത്രമാണ്; സമ്മതം കൂടാതെ തന്നെ അവ വിൽക്കപ്പെടുന്നു. ഉപഭോക്താവിന്റെ ആഗ്രഹങ്ങളെയും ഭാവനകളെയും വരെ പുനർനിർണയിക്കാവുന്ന നിർവ്വാഹകശേഷിയുള്ള സോഷ്യൽ മീഡിയ അടങ്ങുന്ന നവമാധ്യമശൃംഖല ഇത്തരം വില്പനയുടെ സൈബർ ഇടങ്ങളാണ്. ജൈവികം എന്ന ലേബലിൽ പറയാവുന്നതും രണ്ടു വ്യക്തികളുടെ സ്വകാര്യമായതുമായ ലൈംഗികതയെ വരെ സൈബർ ഇടങ്ങൾ അപനിർമിച്ചിട്ടുണ്ട്. ഇവിടെ ജൈവികം/അജൈവികം എന്നീ തരം തിരിവുകൾ അപ്രസക്തമാകുകയും മനുഷ്യന്റെ സ്വകാര്യ ഇടങ്ങൾ വരെ അവരറിയാതെ കയ്യേറപ്പെടുകയും ചെയ്യുന്നു.

പ്രതിനായകപാത്രങ്ങളായി പ്രേതം, ഭൂതം എന്നീ അമാനുഷികശക്തികളെ സ്ഥാനപ്പെടുത്തി പ്രേക്ഷകരിൽ ഭയം ജനിപ്പിക്കാനുതകുന്ന തരത്തിൽ സംവിധാനം ചെയ്ത ധാരാളം സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ട്, ഇനി ഉണ്ടാകുകയും ചെയ്യും.

ഭാര്യയുടെ കിടപ്പറദൃശ്യങ്ങൾ എന്ന് മറ്റുള്ളവർ വിശ്വസിക്കുന്ന ക്ലിപ്പുകളുടെ സത്യം പുറത്തുകൊണ്ടുവരാൻ വേണ്ടി സൈബർ സെല്ലിൽ കയറിയിറങ്ങുന്ന രാമനാഥനും ഭാര്യയും മാനവാനന്തര കാലത്തെ സൈബർ സെക്‌സ് വില്പനയുടെ ഇരകളാണ്. സത്യം എന്താണെന്നറിഞ്ഞിട്ടും ഫോറൻസിക് റിപ്പോർട്ടിന്റെ പിൻബലം അവർക്ക് അനിവാര്യമാകുന്നുണ്ട്. ടെക്‌നോളജി ചതിച്ചവർ ടെക്‌നോളജിയെ തന്നെ വിശ്വസിക്കാവുന്ന തെളിവായി സ്വീകരിക്കേണ്ടി വരുന്ന വൈരുദ്ധ്യം ഇതിലുണ്ട്. പൈറസിയും ഡാറ്റാ ചോരണവും മറ്റു സൈബർ കുറ്റകൃത്യങ്ങളും ഓപ്പറേഷൻ ജാവയിൽ ആവിഷ്‌കരിക്കുന്നു. ബി ടെക് ബിരുദധാരി ഐ ഫോൺ 5000 രൂപയ്ക്ക് ലഭിക്കും എന്ന പരസ്യത്തിൽ വിശ്വസിക്കുന്നിടത്തും ബാങ്ക് മാനേജരായ ആൾ അപരിചിതർക്ക് ഒ.ടി.പി പറഞ്ഞു കൊടുക്കുന്നിടത്തും സൈബറിടത്തിന്റെ ബോധ്യപ്പെടുത്തലുകളുടെ ശക്തി സ്ഥാപിക്കപ്പെടുന്നുണ്ട്. ‘കുറെ കൂടി സെൻസിബിൾ ആയി തീരുമാനമെടുക്കുന്ന ആളാണെന്ന്' അടുത്തറിയുന്നവർ വിചാരിക്കുന്നവർക്കുപോലും സത്യവും അസത്യവും തിരിച്ചറിയാൻ ആകാത്ത മട്ടിൽ ഇഴ പിരിഞ്ഞുപോകുന്നത് സിനിമ സ്വാഭാവികമായി അവതരിപ്പിക്കുന്നു. അപകടകരമായ ഈ സ്വാഭാവികത ഉത്തരമാനവികതയുടെ പ്രത്യേകതയാണ്.

‘ഓപ്പറേഷൻ ജാവ’ എന്ന സിനിമയിൽ ധന്യ അനന്യ, വിനായകൻ

ഭയത്തിന്റെ ‘ടെക് 'മുഖം

ചതുർമുഖം ഒരു ഹൊറർ ത്രില്ലറാണ്. പ്രതിനായകപാത്രങ്ങളായി പ്രേതം, ഭൂതം എന്നീ അമാനുഷികശക്തികളെ സ്ഥാനപ്പെടുത്തി പ്രേക്ഷകരിൽ ഭയം ജനിപ്പിക്കാനുതകുന്ന തരത്തിൽ സംവിധാനം ചെയ്ത ധാരാളം സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ട്, ഇനി ഉണ്ടാകുകയും ചെയ്യും. മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ ഭാർഗ്ഗവീനിലയവും ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ബറോസുമൊക്കെ ഉദാഹരണങ്ങളാണ്. എന്നാൽ ടെക്‌നോളജിയെ പ്രതിനായകപദവിയിൽ നിർത്തി ‘ഹൊറർ മൂഡ്' സൃഷ്ടിക്കാൻ ശ്രമിക്കുന്ന തരം സിനിമകൾ മലയാളത്തിൽ അത്ര സാധാരണമല്ല. സോഷ്യൽ മീഡിയയിൽ ജീവിതം മുഴുവൻ തുറന്നുവെച്ചിരിക്കുന്ന തേജസ്വിനി എന്ന കഥാപാത്രത്തിന് അസാധാരണമായ നിലയിൽ പ്രവർത്തിക്കുന്ന ഒരു ഫോൺ ലഭിക്കുന്നതിനെ തുടർന്നുള്ള സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

‘ചതുർമുഖം’ എന്ന സിനിമയിൽ മഞ്ജു വാര്യർ

സിനിമയിൽ പലയിടത്തും സ്റ്റീവ് ജോബ്സിനെ കാണുകയോ കേൾക്കുകയോ ചെയ്യാം. തേജസ്വിനിയുടെ ഓഫീസിലെ സീനുകളിലും ലിസ എന്ന പ്രേതബാധിതമായ ഫോണിന്റെ പേരിലും വരെ സ്റ്റീവ് ജോബ്സിന്റെ സാന്നിധ്യമുണ്ട്. ‘ആൻഡ്രോയിഡിനും മനുഷ്യനും ഇടയിലെ ഏറ്റവും മികച്ച അംബാസഡർ' ആയ സ്റ്റീവ് ജോബ്സിനെ പുതിയ കാലത്തിന്റെയും സാങ്കേതികമായ കുതിപ്പിന്റെയും ചിഹ്നമായാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. നമുക്ക് ചുറ്റുമുള്ള പല തരം ഊർജങ്ങളെ കുറിച്ച് സംസാരിക്കുന്ന അധ്യാപകന്റെ വാക്കുകളിലൂടെയാണ് സിനിമയുടെ ആരംഭം. വിശദീകരിക്കാനും മനസ്സിലാക്കാനും സാധ്യമല്ലാത്ത അമാനുഷിക/അസാധാരണ പ്രതിഭാസങ്ങൾ ഭൂമിയിലുണ്ട് എന്ന ഹൊറർ സിനിമകളിലെ സ്ഥിരം പല്ലവികൾ ചതുർമുഖത്തിലും ആവർത്തിച്ചുവരുന്നുണ്ട്. ശാസ്ത്രവും അന്ധവിശ്വാസവും തമ്മിൽ ഉള്ള പരസ്പരവിരുദ്ധമായ കൂട്ടിക്കെട്ടലുകൾ സിനിമയിലുണ്ട്. എന്നാൽ ഭീതിജനകമായ അന്തരീക്ഷ സൃഷ്ടിക്കായി വ്യത്യസ്ത മാർഗ്ഗങ്ങൾ അവലംബിക്കാൻ സിനിമ ശ്രമിക്കുന്നു.

സ്റ്റീവ് ജോബ്സ് / Photo : Wikimedia Commons

തനിയെ അയയ്ക്കപ്പെടുന്ന മെസ്സേജും സിം മാറ്റിയിട്ടും റിംഗ് ചെയ്യുന്ന മൊബൈൽ ഫോണുമാണ് കാര്യങ്ങൾ പന്തിയല്ലെന്ന് തോന്നിപ്പിക്കുന്ന ഘടകങ്ങൾ. നിശ്ശബ്ദമായ അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടാകുന്ന ശബ്ദങ്ങളാണ് ഭയം സന്നിവേശിപ്പിക്കാൻ പ്രേതസിനിമകൾ സ്വീകരിക്കുന്ന മാർഗം (Non-linear sounds). പലപ്പോഴും ഇത് ഒരു അട്ടഹാസമോ ജന്തുജീവജാലങ്ങളുടെ ഓരിയിടലുകളോ ആയിരിക്കും. എന്നാൽ ചതുർമുഖത്തിൽ ഫോണിന്റെ പൊടുന്നനെയുള്ള വൈബ്രേഷനും വെളിച്ചങ്ങളും ആണ് ഇത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നത്. നിരവധി ഫോണുകൾ ഒരുമിച്ച് റിങ് ചെയ്യുന്ന ശബ്ദം പെട്ടെന്ന് കേൾക്കുന്നത് അലോസരവും ഞെട്ടലും ഉളവാക്കും. മറ്റൊരു സീനിൽ തേജസ്വനിയുടെ പിന്നാലെയുള്ള അമാനുഷിക ശക്തിയെ കുറിക്കാൻ സിസി ടിവി ക്യാമറകൾ ഒരുമിച്ച് നീങ്ങുന്നതായി കാണിക്കുന്നു. മറ്റു ഇലക്​ട്രോണിക്​ ഉപകരണങ്ങളുടെ സാന്നിധ്യത്തിൽ ചാർജ് ആവുന്ന ഫോണിലെ നെഗറ്റീവ് എനർജിയെ ശാസ്ത്രം കൊണ്ടുതന്നെ നേരിടുന്ന രീതിയാണ് സിനിമയിലുള്ളത്.

‘ചതുർമുഖം’ എന്ന സിനിമയിൽ നിന്ന്

ഫാരഡേ ഗേജിന്റെ തത്വം ഉപയോഗിച്ച് ഫോണിന്റെ മറ്റ് ഉപകരണങ്ങളുമായി കണക്ട് ചെയ്ത് ഊർജ്ജം ഉൽപാദിപ്പിക്കുന്ന പ്രക്രിയയെ തടഞ്ഞ് തേജസ്വിനിയുടെ ജീവൻ രക്ഷിക്കുന്നു. സാങ്കേതികവിദ്യയെ ശാസ്ത്രം കൊണ്ടുതന്നെ നേരിടുന്ന രീതിയാണിത്. ‘ചുറ്റുമുള്ള സിഗ്‌നലുകൾ, റേഡിയേഷൻ... There is no escape from that' എന്ന വാക്കുകളോട് കൂടിയാണ് സിനിമ അവസാനിക്കുന്നത്. തെരഞ്ഞെടുപ്പുകൾ പോലും അസാധ്യമായ മാനവാനന്തരതയോടുള്ള ഭയം കലർന്ന നോട്ടമാണിത്.

നിർമിത ബുദ്ധി കേന്ദ്രമാക്കി മലയാളത്തിൽ ആദ്യമായി പുറത്തിറങ്ങിയ സയൻസ് ഫിക്ഷനാണ് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.

നിർമിതബുദ്ധിയും പ്രതിനായകത്വനിർമിതിയും

മനുഷ്യൻ അഥവാ ഹോമോസാപിയൻസ് മറ്റു മൃഗങ്ങളിൽ നിന്ന്​ ഔന്നത്യം അവകാശപ്പെടാവുന്ന ഒന്നാണെന്ന വാദത്തെ പോസ്റ്റ് ഹ്യൂമനിസം ചോദ്യം ചെയ്യുന്നുണ്ട്. ‘മനുഷ്യൻ ഒരു സ്പീഷീസ് മാത്രം' എന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കാനാണ് മാനവാനന്തരവാദം ശ്രമിക്കുന്നത്. അതോടൊപ്പം ഈ നൂറ്റാണ്ടിൽ മനുഷ്യൻ നേരിടേണ്ടി വന്നേക്കാവുന്ന പല പ്രശ്‌നങ്ങളെ കുറിച്ചും തുറന്ന ചർച്ച നടത്തുന്നുണ്ട് മാനവാനന്തരവാദം. യന്ത്രലോകത്ത് മനുഷ്യകർതൃത്വം കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുകയും ജൈവം/അജൈവം, മനുഷ്യൻ/യന്ത്രം എന്ന തരംതിരിവുകൾക്ക് പ്രസക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ മാനവാനന്തര സവിശേഷതയെ കൈകാര്യം ചെയ്യുന്ന സിനിമയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. നിർമിത ബുദ്ധി കേന്ദ്രമാക്കി മലയാളത്തിൽ ആദ്യമായി പുറത്തിറങ്ങിയ സയൻസ് ഫിക്ഷനാണ് രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.

‘ഓപ്പറേഷൻ ജാവ’ എന്ന സിനിമ സൈബർ സ്‌പേസിലെ നുഴഞ്ഞു കയറ്റങ്ങളുടെയും സത്യാസത്യങ്ങളുടെയും അന്വേഷണവഴികളാണ്

The development of full artificial intelligence could spell the end of the human race - Stephen Hawking

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തുടങ്ങുന്നത് തന്നെ സ്റ്റീഫൻ ഹോക്കിങിന്റെ ഈ വാക്കുകൾക്ക് ഫോക്കസ് നൽകി കൊണ്ടാണ്. യാഥാസ്ഥിതികതയെയും നാട്ടിൻപുറത്തെ നന്മകളെയും മുറുകെപ്പിടിച്ച് ജീവിക്കുന്ന ഭാസ്‌കര പൊതുവാളിന്റെ ജീവിതം പയ്യന്നൂരിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. ആഗോളവത്കരണവും മുതലാളിത്തവും നിർമിച്ച ‘ലോകം ഒരൊറ്റ കുടക്കീഴിൽ' എന്ന സങ്കൽപം അയാൾക്ക് പരിചിതമല്ല. പുറംനാടുകളെ കുറിച്ച് വളരെ പരിമിതമായ അറിവുകളേ അയാൾക്ക് ഉള്ളൂ. മിക്‌സിയും ഗ്രൈൻഡറും ഉപയോഗിക്കാത്ത, അമ്പലക്കുളത്തിൽ മാത്രം കുളിക്കുന്ന പൊതുവാളിന്റെ വാശിക്കും കാർക്കശ്യത്തിനും മുൻപിൽ ബാക്കി എല്ലാവരും തോറ്റുപോകുന്നിടത്ത് ഒരു മനുഷ്യ റോബോട്ട് വിജയിക്കുന്നു. ഒടുവിൽ, ജപ്പാനിൽ എങ്ങാനും ജനിച്ചാൽ മതിയായിരുന്നു എന്ന് ആത്മഗതം നടത്തുന്നതിലേക്ക് ഭാസ്‌കര പൊതുവാളിന്റെ ചിന്താഗതി മാറുന്നുണ്ട്. കീഴ്ജാതിയെന്ന് വ്യവഹരിക്കപ്പെടുന്ന ബാബുവിനെ കണ്ടാൽ തന്നെ ശുണ്ഠി പിടിച്ചിരുന്ന പൊതുവാൾ ബാബുവിന് പുഞ്ചിരി കൈ മാറുന്നതും ജപ്പാൻകാരിയായ ഹിറ്റോമിയെ സ്വീകരിക്കുന്നതും സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു.

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ, അച്ഛനെ ശുശ്രൂഷിക്കാനും ശ്രദ്ധിക്കാനുമായി കൊണ്ടുവന്ന ആൻഡ്രോയ്ഡ് 5.25 എന്ന റോബോട്ടിനെ സുഹൃത്തായും, മകനായും പൊതുവാൾ അംഗീകരിക്കുന്നതുതൊട്ട് റോബോട്ടിന് പ്രതിനായകപദവി കൈവരുന്നു.

അച്ഛൻ - മകൻ ബന്ധത്തിന്റെ ഇഴയടുപ്പങ്ങളും അകൽച്ചകളും ആണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ ആവിഷ്‌കരിക്കുന്നത്. മകൻ തന്നിൽ നിന്നകന്നുപോകുമെന്ന ഭയം അച്ഛനായ ഭാസ്‌കര പൊതുവാളിനുണ്ട്. അച്ഛനെ ശുശ്രൂഷിക്കാനും ശ്രദ്ധിക്കാനുമായി കൊണ്ടുവന്ന ആൻഡ്രോയ്ഡ് 5.25 എന്ന റോബോട്ടിനെ സുഹൃത്തായും, മകനായും പൊതുവാൾ അംഗീകരിക്കുന്നതുതൊട്ട് റോബോട്ടിന് പ്രതിനായകപദവി കൈവരുന്നു. മടുപ്പും നാണവും ക്ഷീണവും മനുഷ്യസഹജമായ ദുർബലവികാരങ്ങളുമില്ലാത്ത മനുഷ്യറോബോട്ട് പൊതുവാളിന്റെ പൊതു, സ്വകാര്യജീവിതങ്ങളുടെ ഭാഗമായി അംഗീകരിക്കപ്പെട്ടു. സാങ്കേതികജ്ഞാനമോ താൽപര്യങ്ങളോ ഒന്നുമില്ലാതിരുന്ന പൊതുവാളിന്റെ ജീവിതത്തിലിടപെട്ട് അയാളുടെ ചിന്തകളും പ്രവൃത്തികളും വരെ കുഞ്ഞപ്പനെന്ന റോബോട്ട് നിയന്ത്രിച്ചു കഴിഞ്ഞിരുന്നു. എത്ര അകലം പാലിച്ചാലും യന്ത്രലോകത്തിന്റെ ഇടപെടലുകൾ മനുഷ്യജീവിതത്തിൽ സ്വാഭാവികമോ അസ്വാഭാവികമോ ആയി സംഭവിക്കുക തന്നെ ചെയ്യും. മനുഷ്യൻ/ യന്ത്രം എന്ന ദ്വന്ദ്വത്തിന്റെ അതിരുകൾ പൂർണമായും ലംഘിക്കപ്പെടുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

മിക്‌സിയും ഗ്രൈൻഡറും ഉപയോഗിക്കാത്ത, അമ്പലക്കുളത്തിൽ മാത്രം കുളിക്കുന്ന പൊതുവാളിന്റെ വാശിക്കും കാർക്കശ്യത്തിനും മുൻപിൽ ബാക്കി എല്ലാവരും തോറ്റുപോകുന്നിടത്ത് ഒരു മനുഷ്യ റോബോട്ട് വിജയിക്കുന്നു. ‘ആൻഡ്രോയ്​ഡ്​ കുഞ്ഞപ്പൻ’ എന്ന സിനിമയിൽ സുരാജ്​ വെഞ്ഞാറമ്മൂട്​

നിർമിതബുദ്ധി*യും പുതിയ സൈബർ ലോകവും സൃഷ്ടിക്കുന്ന അതിയാഥാർത്ഥ്യത്തിന്റെ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ പാകപ്പെട്ടിട്ടില്ലെങ്കിലും അഭിസംബോധന ചെയ്യാതിരിക്കാൻ മലയാള സിനിമക്കാവില്ല എന്നതിന്റെ തെളിവാണ് ചർച്ച ചെയ്ത സിനിമകൾ. ഒരേ സമയം നായകപ്രതിനായകബിംബങ്ങളാകാൻ സാധിക്കുന്ന നിലയ്ക്ക് സൈബർ സ്‌പേസിനും ടെക്‌നോളജിക്കും വളർച്ചയും പ്രാധാന്യവും കൈ വന്നിരിക്കുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പനും, ചതുർമുഖവും കൽപിതകഥകളാണ്. നിർമിതബുദ്ധി മനുഷ്യന്റെ തന്മയെ തന്നെ ചോദ്യം ചെയ്‌തേക്കാവുന്ന രീതിയിൽ വളർച്ച നേടാം എന്ന് ഓർമിപ്പിക്കുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ. സിനിമയുടെ ടൈറ്റിലിൽ തന്നെ സ്ഥാനം പിടിക്കാവുന്ന പ്രാധാന്യമുള്ള കഥാപാത്രമായി ഒരു മനുഷ്യറോബോട്ട് മലയാളസിനിമയിൽ ആദ്യമാണ്. ചതുർമുഖത്തിൽ മൊബൈൽ ഫോൺ അതിമാനുഷികവും അസാധാരണവുമായ കർതൃത്വം അവകാശപ്പെടാവുന്ന ഹൊറർ കഥാപാത്രമാണ്. ഓപ്പറേഷൻ ജാവ സൈബർ സ്‌പേസിലെ നുഴഞ്ഞു കയറ്റങ്ങളുടെയും സത്യാസത്യങ്ങളുടെയും അന്വേഷണവഴികളാണ്. ഓപ്പറേഷൻ ജാവയിൽ ശരിത്തെറ്റുകൾ ഏറ്റുമുട്ടുന്നത് സൈബർ ഇടങ്ങളിലാണ്. ഒടുവിൽ ധർമ്മസംസ്ഥാപനം നടത്തുന്നതും പുതിയ സാങ്കേതികവിദ്യയെ സംബന്ധിച്ച അറിവാണ്. ഇങ്ങനെ മലയാള സിനിമ മാനവാനന്തര കാലത്തെ സൈബർ ലോകത്തെ അഭിസംബോധന ചെയ്യുന്ന നിലയിലേക്ക് പാകപ്പെടാനുള്ള തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞു. ▮

കുറിപ്പുകൾ:

* സൈബോർഗ്: രണ്ടാം ലോകമഹായുദ്ധത്തിന്റെ സങ്കീർണസന്തതി എന്നാണ് ഡോണ ഹാരവെ സൈബോർഗിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യന്റെയും യന്ത്രത്തിന്റെയും സവിശേഷതകൾ ഉള്ള 'സൂപ്പർ ഹ്യൂമൻ' ആണിത്. മനുഷ്യ കേന്ദ്രീകൃതമായ മിക്ക പ്രത്യയശാസ്ത്രങ്ങളും ഇത് കൊണ്ട് തന്നെ തിരുത്തിയെഴുതേണ്ടി വരുമെന്ന് ഹാരവെ സൂചിപ്പിക്കുന്നുണ്ട്. മാൻഫ്രെഡ് ക്ലയിൻസും നാഥൻ എസ് ക്ലെയിനും ചേർന്ന് രൂപം നൽകിയ പദമാണ് സൈബോർഗ്. 1960 കൾ തൊട്ട് സയൻസ് ഫിക്ഷനുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന സൈബോർഗ് എന്ന ആശയം ഇന്ന് യഥാർത്ഥമായിരിക്കുന്നു.
* മാനവാനന്തരത മനുഷ്യകർതൃത്വത്തിനും കേന്ദ്രീകൃതവാദത്തിനും എതിരായ പദ്ധതിയാണ് മാനവാനന്തരത (Posthumanism).
* നിർമിതബുദ്ധി: Artificial Intelligence - മെഷീനുകൾ മനുഷ്യനെ പോലെ വിവേകം കൈ വരിക്കുന്ന അവസ്ഥ.

ഗ്രന്ഥസൂചി:
1. അനിൽ കെ എം, യന്ത്രക്കിടാങ്ങളും എണ്ണപ്പുഴുക്കളും: നവമാനവികതയുടെ നക്ഷത്രകാന്തി, പ്രസാദ് പന്ന്യൻ (എഡി.), 2021, ആർ യൂ ഹ്യൂമൻ? മനുഷ്യേതര മാനവികതയ്ക്ക് ഒരാമുഖം, , ഡി.സി ബുക്‌സ്, കോട്ടയം.
2. കതിരവൻ എതിരൻ, മനുഷ്യൻ ഒരു സ്പീഷീസ് മാത്രം, പ്രസാദ് പന്ന്യൻ (എഡി.), 2021, ആർ യൂ ഹ്യൂമൻ? മനുഷ്യേതര മാനവികതയ്ക്ക് ഒരാമുഖം, , ഡി.സി ബുക്‌സ്, കോട്ടയം.
3. ശ്രീകുമാർ ടി.ടി, പോസ്റ്റ്ഹ്യൂമൻ രാഷ്ട്രീയം: സൈബോർഗിന്റെ അവതാരനിയോഗങ്ങൾ, പ്രസാദ് പന്ന്യൻ (എഡി.), 2021, ആർ യൂ ഹ്യൂമൻ? മനുഷ്യേതര മാനവികതയ്ക്ക് ഒരാമുഖം, ഡി.സി ബുക്‌സ്, കോട്ടയം.
4. ഷിജു സാം വറുഗീസ്, പോസ്റ്റ്ഹ്യൂമനിസം മലയാളസിനിമയിൽ: ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 നെ മുൻനിർത്തി ചില ആലോചനകൾ, പ്രസാദ് പന്ന്യൻ (എഡി.), 2021, ആർ യൂ ഹ്യൂമൻ? മനുഷ്യേതര മാനവികതയ്ക്ക് ഒരാമുഖം, ഡി.സി ബുക്‌സ്, കോട്ടയം.
5. യുവാൽ നോവാ ഹരാരി (പരി: സെനു കുര്യൻ ജോർജ്ജ്), 2021, സാപിയൻസ് മനുഷ്യരാശിയുടെ ഹ്രസ്വചരിത്രം, മഞ്ജുൾ പബ്ലിഷിങ് ഹൗസ്, ഭോപ്പാൽ
6. ശ്രീകുമാർ ടി.ടി, 2021, പോസ്റ്റ്ഹ്യൂമൻ വിചാരലോകങ്ങൾ, പുസ്തക പ്രസാധകസംഘം, കോഴിക്കോട്
7. Michael Hauskeller, Thomas D. Philbeck, Curtis D. Carbonell, 2015, The Palgrave Handbook of Posthumanism in Film and Television, Palgrave Macmillan, UK8. http://pr.org/2011/10/06/141101703/steve-jobs-the-link-between-androids-and-humans.


ധന്യ പി.എസ്​.

എഴുത്തുകാരി, ഗവേഷക. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ മലയാള സിനിമയെക്കുറിച്ച് ഗവേഷണം നടത്തുന്നു.

Comments